2015, ജൂൺ 18, വ്യാഴാഴ്‌ച

ഘർ വാപസി

കേരളത്തിലിപ്പോൾ എല്ലാവരും തിരിച്ചു പോകുന്ന തിരക്കിലാണ്. വൃക്ഷലതാതികൾ വെട്ടിക്കളഞ്ഞും വയലുകൾ നികത്തി പറമ്പാക്കിയും നമ്മൾ ആധുനികന്മാരാകുകയായിരുന്നു ഇതുവരെ. അതൊക്കെ നിൽക്കുന്ന ലക്ഷണമാണിപ്പോൾ കാണുന്നത്.

ആറന്മുളക്കാർ ഇപ്പോൾ വിമാനത്താവളത്തിനു വേണ്ടി തൂർത്തു കളഞ്ഞ തോടും വയലുമൊക്കെ പുന:സൃഷ്ടിക്കുകയാണ്. പഴമ നില നിർത്തുകയാണവരുടെ ലക്ഷ്യം. അവർക്ക് വിമാനത്താവളമുള്ള ഭാവിയിലേക്കല്ല പോകേണ്ടത്; മറിച്ച് സ്വച്ഛരമണിയമായ പുരാതനതയിലാണ് താല്പര്യം.

സിനിമക്കാരൊക്കെ വയലുകൾ വാങ്ങി കൃഷി തുടങ്ങിയിരിക്കുന്നു. പലരും വിത്തിടുന്നതിന്റേയും കൊയ്യുന്നതിന്റേയും മറ്റും തിരക്കിലാണ്. ഇതെല്ലാം ഒരു തരം തിരിച്ചു പോക്കല്ലാതെ മറ്റെന്താണ്? കൃഷിയൊക്കെ നമ്മൾ കെട്ടിപ്പൂട്ടിയതല്ലായിരുന്നോ?

വിഷമില്ലാത്ത പച്ചക്കറി എന്നു പറഞ്ഞ് ഗവണ്മെന്റും രാഷ്ട്രീയ പാർട്ടിക്കാരും ഒക്കെ വീണ്ടും കൃഷി തുടങ്ങുന്ന ലക്ഷണമാണ്. ഇങ്ങനെയാണെങ്കിൽ മാർക്സിസ്റ്റ് പാർട്ടിയുടെ കൊടിയിലും പാർട്ടി ആഫീസിനു മുന്നിലും മാത്രം ഇപ്പോൾ കാണുന്ന അരിവാൾ കൊല്ലന്റെ ആലയിൽ പുനർജ്ജനിച്ചെന്നും വരാം. അരിവാളില്ലാതെ കൊയ്തു നടക്കില്ലല്ലോ? അപ്പോൾ അതും ഒരു തിരിച്ചു പോക്കാണ്. ഒരു പക്ഷേ, വയലേലകൾ മാത്രമല്ല അന്യം നിന്നു പോകുന്ന ആലകളും തിരിച്ചു വന്നേക്കാം.

മാഗി നിരോധിച്ചതോടെ അത്തരത്തിലുള്ള ഒരു കൂട്ടം ആധുനിക വിഭവങ്ങൾ വംശനാശ ഭീഷണി നേരിടുകയാണ്. പകരം വല്ല ഇലയടയോ തവിടപ്പമോ ഒക്കെ പുർജ്ജനിച്ചെന്നു വരാം. അതും ഒരു തിരിച്ചു പോകല്ലേ? ഇനി പെപ്സിക്കും കൊക്കക്കോളക്കും വല്ല നിരോധനവും വരികയാണെങ്കിൽ നമ്മുടെ മോരിൻ വെള്ളവും നാരങ്ങാവെള്ളവുമൊക്കെ വീണ്ടും പ്രത്യക്ഷപ്പെട്ടുവെന്നു വരാം.

എന്നാലും എനിക്കൊന്നുറപ്പുണ്ട്. ഗവണ്മെന്റ് പ്ലാസ്റ്റിക്ക് നിരോധിക്കില്ലെന്നും നമ്മുടെ പഴയ തേക്കിലയും ഉണങ്ങിയ വാഴയിലയും മറ്റിലകളും പീടികകളിൽ മീൻ പൊതിയാനും മറ്റുമായി വീണ്ടും തിരിച്ചു വരില്ലെന്നും. പ്ലാസ്റ്റിക്കിനോളം സൗകര്യമുള്ളത് മറ്റെന്തുണ്ടീ പുരാതനഭൂമിയിൽ? (ഭൂമി വൃത്തി കേടായാലെന്താ? ജിവജാലങ്ങൾ ചത്താലെന്താ?)

ഇപ്പോൾ കല്ലുപ്പ് കിട്ടാനില്ല. എല്ലാം അയൊഡൈസ്ഡ് ഉപ്പല്ലേ? അതിന്റെ ദോഷം ജനങ്ങൾക്ക് മനസ്സിലാകുമ്പോൾ, പണ്ട് പീടികയുടെ മൂലയിൽ വെള്ളമൊലിച്ച് കിടന്നിരുന്ന കല്ലുപ്പ് മരികകൾ വീണ്ടും തിരിച്ചു വരാതിരിക്കില്ല.

ഞാൻ ജോലി ചെയ്യുന്ന ജോലിയല്ല എന്റെ പിള്ളേരൊന്നും ചെയ്യുക. അവരൊക്കെ പഠിച്ചത് വേറെയാ. ഈയിടെ എന്റെ ജോലിയിൽ ഒരു സഹായം വേണ്ടി വന്നപ്പോൾ തോന്നിയത്, പിള്ളേരും ഞാൻ ചെയ്യുന്ന ജോലി ചെയ്തിരുന്നെങ്കിൽ അവരുടെ സഹായം ചോദിക്കാമായിരുന്നൂ എന്നാണ്. അതോർത്തപ്പോൾ തോന്നുന്നത് കുലത്തൊഴിലും തിരിച്ചു വരുമെന്നാണ്. 

ഈയിടെ കണ്ണുരിൽ ബോംബു പൊട്ടി മരിച്ച രണ്ടു പേരുടെ ഫോട്ടോ കണ്ടപ്പോൾ ഞാൻ ആദ്യം കരുതിയത് അവർ ബി. ജെ.പി. ക്കാരാണെന്നാണ്. അവരുടെ നെറ്റിയിലെ വലിയ ചന്ദനക്കുറിയും പൊട്ടും മറ്റും കണ്ടാൽ ഞാൻ മറ്റെന്താണ് കരുതേണ്ടത്? പിന്നീട് വാർത്ത വായിച്ചപ്പോഴാണ് അവർ മാർക്സിസ്റ്റുകാരാണെന്ന് ബോദ്ധ്യമായത്. അപ്പോൾ മാർക്സിസ്റ്റുകാരും തിരിച്ചുപോക്കിന്റെ പാതയിലാണെന്നു വേണം കരുതാൻ.  കുറി തൊടലും അമ്പലത്തിൽ പോക്കും ഒരു തുടക്കം മാത്രം. ഒടുവിൽ അഭയം ഭാരതത്തിന്റെ ദേശീയ പാർട്ടിയിൽ തന്നെ. തിരിച്ചു പോക്കിന്റെ സ്പീഡ് അരുവിക്കര റിസൾട്ട് വരുമ്പോൾ അറിയാം.

ഇതെല്ലാം മുൻ കൂട്ടി കണ്ടു കൊണ്ടായിരിക്കുമോ ആർ. എസ്. എസ്സുകാർ 'ഘർ വാപസി' എന്ന പരിപാടി തുടങ്ങിയത്? അതോ ഘർ വാപസിയുടെ ഒരു പ്രതിദ്ധ്വനിയും പ്രഭാവവുമാണോ ഇതിനൊക്കെ കാരണം?  ഘർ വാപസി എന്നാൽ ഒരു തിരിച്ചു പോക്കാണല്ലോ, അല്ലേ?

ഇനി ഇതിനൊക്കെ പുറമേ, സാക്ഷാൽ ഘർ വാപസി കൂടെ ആയാലോ? എങ്കിലത്തെ കഥ പിന്നെ പറയേണ്ടതില്ല. 

9 അഭിപ്രായങ്ങൾ:

കൊച്ചു ഗോവിന്ദൻ പറഞ്ഞു...

സ്വപ്നജീവികളും തിരിച്ചു വരവിന്റെ പാതയിലാണെന്ന് ഈ പോസ്റ്റ്‌ വായിച്ചപ്പോൾ മനസ്സിലായി. ഇപ്പോൾ നടക്കുന്നതൊക്കെ ഇനിയും ആധുനികരായി മാറാനുള്ള കുതിപ്പിനായി രണ്ടു ചുവട് പിന്നോട്ട് വെച്ചു എന്ന് മാത്രം കരുതിയാൽ മതി. മാഗി പോയി പോലും! നോക്കിക്കോ, ഏതാനും ആഴ്ചകൾക്കുള്ളിൽ വീണ്ടും തീന്മേശകളിൽ മാഗി മടങ്ങിയെത്തും. നെസ്‌ലെ പോലൊരു കോർപറേറ്റ് വിചാരിച്ചാൽ എന്താണ് നടക്കാത്തത്?
#പ്രവചനം

ആൾരൂപൻ പറഞ്ഞു...

കൊച്ചേ, ഈ വൃദ്ധൻ സ്വപ്നം കാണാറില്ല.... ആ പ്രായം കഴിഞ്ഞു പോയി. അന്യനാട്ടിൽ, അടുത്താരുമില്ലാതെ വെറുതെ ഇരിക്കുമ്പോൾ ചെയ്യുന്ന ഓരോ വേലത്തരങ്ങൾ മാത്രമാണിവ. തൊഴിലില്ലാത്തവന്റെ മനസ്സിൽ ചെകുത്താന്റെ പണിശാല എന്നല്ലേ പൊതുചൊല്ല്?

ശരിയാണ്, മാഗി എന്നല്ല ആരും ഇവിടെ നിന്നു പോകുന്നില്ല. നമ്മളല്ലേ ആളുകൾ. മാഗി വെറുതെ ഒന്നു ലീവിൽ പോയതാണെന്നു കൂട്ടിയാൽ മതി.

ജ്യുവൽ പറഞ്ഞു...

തിരിച്ചുപോക്കുകൾ ഉണ്ടാവുമോ? ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു.

ആൾരൂപൻ പറഞ്ഞു...

ഡോക്റ്റർ, ഇതിനുള്ള മറുപടി കാണാൻ http://allroopan.blogspot.com/2015/06/blog-post_21.html എന്ന പോസ്റ്റിന്റെ കമന്റിനുള്ള മറുപടി നോക്കുക.

വിനോദ് കുട്ടത്ത് പറഞ്ഞു...

ചില തിരിച്ചു പോകലുകള്‍ കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്..... ചിലത് നിലനിര്‍ത്താനും.... ചിലത് തിരിച്ചു പിടിക്കാനും......ആള്‍രൂപനും ചില ഇടങ്ങളില്‍ തിരിച്ചെത്താന്‍ ആഗ്രഹമില്ലേ......

ആൾരൂപൻ പറഞ്ഞു...

അപ്പോൾ മക്കളേ, നിങ്ങളൊരു ബ്ലോഗ് കൂട്ടായ്മയാണല്ലേ? കൊള്ളാം!

പക്ഷേ ഈ കമന്റുകൾക്ക് മറുപടി എഴുതണമെങ്കിൽ എനിയ്ക്ക് ലീവ് എടുത്ത് വീട്ടിലിരിക്കേണ്ടി വരും. അതു പറ്റില്ല. അതുകൊണ്ട് ഞാൻ എന്റെ കമന്റ് ബോക്സ് അടച്ചു പൂട്ടണോ അതോ ഈ പൊട്ടത്തരങ്ങൾ കുത്തിക്കുറിക്കുന്നത് നിർത്തണോ? രണ്ടിലൊന്ന് ഉടനെ നടക്കും.

വിനോദേ, വായിച്ചതിനു നന്ദി... ( ഇതാണ് ബൂലോഗമര്യാദ എന്ന് ഇപ്പോഴാണ് വ്യക്തമായത്!)

തിരിച്ചു പോക്കിനെക്കുറിച്ചു പറഞ്ഞപ്പോഴാണ് ഒരു ഇ-മെയിൽ സന്ദേശം ഓർമ്മ വന്നത്.

ഒരാൾ ഒരു ഹെലികോപ്റ്റർ പറത്തുകയായിരുന്നു. കുന്നിൻപുറത്ത് കളിച്ചു കൊണ്ടിരുന്ന ഒരു കുട്ടി അതു കണ്ടു. കുട്ടിയെ പൈലറ്റും കണ്ടു. പ്ലെയിൻ പറത്തുന്ന ഒരു പൈലറ്റ് ആവണേ എന്ന് ആ കുട്ടി അപ്പോൾ ആഗ്രഹിച്ചു. കുന്നിൻ പുറത്ത് കളിക്കുന്ന ഒരു കുട്ടി ആകണേ എന്നായിരുന്നു പൈലറ്റ് അപ്പോൾ ആഗ്രഹിച്ചത്. (എല്ലാവർക്കും തിരിച്ചുപോക്കിലാണ് താല്പര്യം, അല്ലേ?)

വിനോദ് കുട്ടത്ത് പറഞ്ഞു...

ഈ ഹെലികോപ്റ്റർ ഉദാഹരണം ഞാൻ മനസ്സില്‍ സൂക്ഷിക്കും ...... പക്ഷേ ഞാനുദ്ദേശിച്ചത് ഇതല്ല......

ആൾരൂപൻ പറഞ്ഞു...

മാർക്സ്റ്റിസ്റ്റനുഭാവികൾ ഘർ വാപ്പസി അനുഷ്ഠിക്കാൻ തുടങ്ങി എന്നാണ് അരുവിക്കര തെരഞ്ഞെടുപ്പു ഫലം കാണിക്കുന്നത്.

അഷ്ക്കർഅലി കരിമ്പ പറഞ്ഞു...

ഘർ വാപ്പസി നടക്കട്ടെ....
അച്ചേ ദിൻ വരട്ടെ...