2015, ജൂൺ 26, വെള്ളിയാഴ്‌ച

ബാല്യം

എല്ലാരും എഴുതുന്നത് ബാല്യത്തെക്കുറിച്ചാണ്. എങ്കിൽ ഇരിക്കട്ടെ എന്റെ വകയായും നാലു വരികൾ.

എങ്ങിപ്പോൾ നീ, എന്റെ ബാല്യത്തിൻ നൽസഖീ
ഒന്നിങ്ങു പോരു നീ മാത്ര നേരം.
ഞാനിതാ മത്സഖീ പോയൊരാ ബാല്യത്തിൻ
ഓർമ്മയിൽ നിന്നെയും കാത്തു നിൽപ്പൂ.

പണ്ടു നാം കൈ കൂപ്പി നിന്നൊരാ ക്ഷേത്രത്തിൻ
മുറ്റത്തൊരു വട്ടം കൂടി നിൽക്കാം.
സ്കൂൾ പറമ്പിലെ മാവിന്റെ ചോട്ടിൽ
നമുക്കൊത്തൊരല്പം കളിച്ചിരിക്കാം.

അണ്ണാറക്കണ്ണൻ കടിക്കുന്നതിൻ മുമ്പു
മാമ്പഴം കേറിപ്പറിച്ചു നൽകാം.
നീ കാത്തു നിൽക്കുകിൽ ആരാരും കാണാത്ത
ഞാവൽപ്പഴങ്ങൾ പറിച്ചു നൽകാം.

പാളയാം വണ്ടിയിൽ നീയിരുന്നീടുകിൽ
മുറ്റത്തു നീളേ വലിച്ചിടാം ഞാൻ.
സൈക്കിൾ ടയറൊന്നുരുട്ടി ഞാൻ നിന്നുടെ
ചുറ്റും വലം വച്ചു കൊണ്ടിരിക്കാം.

തുമ്പിയെക്കൊണ്ടു നീ കല്ലെടുപ്പിക്കുമ്പോൾ
ഞാൻ ചെറു കല്ലുകൾ തേടി വയ്ക്കാം.
പാവാടയിൽ മുള്ളു പറ്റിപ്പിടിക്കുമ്പോൾ
ഞാൻ വന്നു വേഗം പറിച്ചു നീക്കാം.

കാട്ടിലും മേട്ടിലും പോയിട്ടു നമ്മൾക്കു
പൂവട്ടിയിൽ പൂക്കൾ ശേഖരിക്കാം.
ഓണമല്ലെങ്കിലും മുറ്റത്തു പൂക്കള-
മുണ്ടാക്കി നമ്മൾക്കു നോക്കി നിൽക്കാം.

മഴ പെയ്തു കുണ്ടനിടവഴി മഴവെള്ളം
ഒഴുകുമ്പോൾ തട കെട്ടാൻ കൂട്ടു പോരാം.
വഴത്തട കൊണ്ടു ചങ്ങാടമുണ്ടാക്കി
പാടത്തു വെള്ളത്തിൽ കൊണ്ടുപോകാം .

പാടത്തിനപ്പുറം കൂ കൂ കൂ കൂകിക്കൊ-
ണ്ടോടുന്ന തീവണ്ടി നോക്കി നിൽക്കാം.
എങ്ങാണു നീയിപ്പോൾ, ബാല്യത്തിൻ മത്സഖീ
കേൾക്കുന്നോ നീയെന്റെ വാഗ്ദാനങ്ങൾ?

എങ്കിലും പെണ്ണേ, എൻ ബാല്യത്തിൻ നൽസഖീ
ഓർമ്മയിൽ നിന്മുഖം വ്യക്തമല്ല
എന്നെ നീ ഓർക്കുന്നുവെങ്കിലൊരു വട്ടം
പോരുമോ ബാല്യം തിരിച്ചു നൽകാൻ.

10 അഭിപ്രായങ്ങൾ:

സുധി അറയ്ക്കൽ പറഞ്ഞു...

നന്നായിട്ടുണ്ട്‌...

ബാല്യത്തിന്റെ ഓർമ്മകൾ ശരിയ്ക്കും പങ്ക്‌ വെക്കാനായില്ല എന്നൊരു തോന്നൽ....

'എങ്കിലും കുഞ്ഞേ ' എന്ന ഭാഗം കവിതയിൽ വെറും വെറുതേ മുഴച്ച്‌ നിൽക്കുന്നു.

വിനോദ് കുട്ടത്ത് പറഞ്ഞു...

ആള്‍രൂപന് അഹങ്കരിക്കാം...... കവിതയുടെ അസുഖവും ഉണ്ട് ..... നന്നായി കവിത..... ലളിതമായ വാക്കുകളിലൂടെ ചൊല്ലാനിമ്പമുള്ള കവിത...... മനോഹരമായ ഓര്‍മ്മകള്‍ ....വാഗ്ദാനങ്ങള്‍..... നന്നായി മാഷേ ബാല്യത്തിന്‍റെ ഓര്‍മ്മകള്‍..... മാമ്പഴം പോലെ മധുരമുള്ളണ്ട് ....ആശംസകൾ.....

സ്വപ്നസഖി പറഞ്ഞു...

ആഹാ...ഇതാണോ കവിതയെഴുതാനറിയില്ലെന്നു പറഞ്ഞത് ആള്‍ രൂപന്‍ ചേട്ടാ...

ആദ്യമായി പിച്ചവെക്കുന്ന കുഞ്ഞിന്റെ കാലിടര്‍ച്ച അവിടവിടെയായി കാണാനുണ്ടെങ്കിലും സുന്ദരമായ ബാല്യകാലസ്മരണകള്‍ കളിക്കൂട്ടുകാരിയോടൊപ്പം, ലളിതമായ വരികളില്‍ പങ്കുവെച്ചു. കവിതയ്ക്ക് 100 ല്‍ 99 മാര്‍ക്ക്. ഒരു മാര്‍ക്ക് കുറച്ചത്, എന്നെപ്പോല ധൃതികൂടിപ്പോയതിനാണ്.

സ്വപ്നസഖി പറഞ്ഞു...

ഇനിയും കവിതകള്‍ പ്രതീക്ഷിക്കുന്നു. എഴുത്തിന് ആശംസകള്‍ .

കൊച്ചു ഗോവിന്ദൻ പറഞ്ഞു...

ഇന്നാ പിടിച്ചോ എന്റെ വഹ!

ഒരു മഴത്തുള്ളി പേറും കുളിരും പ്രതീക്ഷയും,
തൊടിയിലെപ്പൈക്കിടാവിൻ കരച്ചിലും,
നനവാർന്ന പുതുമണ്ണിൻ ഗന്ധവു-
മൊരു മയിൽപ്പീലിതൻ നിറമാർന്ന തുണ്ടും
തെളിനീരോർമ പേറും സ്ഫടിക-
പ്പാത്രത്തിൽ നിറയവേ,
ഓർമപ്പുഴയിലോളങ്ങൾ തീർക്കുവാൻ
ഇനിയുമെത്രയോ ബാല്യത്തുടിപ്പുകൾ...

ആൾരൂപൻ പറഞ്ഞു...

കൊച്ചുഗോവിന്ദൻ, ഇതു തന്നെയാണു ഞാനും ചെയ്യാനുദ്ദേശിച്ചത്.

മനോജ് ഹരിഗീതപുരത്തിന്റെ ബാല്യത്തെക്കുറിച്ചുള്ള പോസ്റ്റിൽ താങ്കളുടെ വകയായി ബാല്യത്തെക്കുറിച്ചുള്ള നാലുവരി പ്രതികരണം ഞാൻ കണ്ടിരുന്നു. അല്പം കഴിഞ്ഞാണ് 'സ്വപ്നസഖി' ബ്ലോഗിൽ വീണ്ടും ബാല്യത്തെക്കുറിച്ചുള്ള പോസ്റ്റ് കാണുന്നത്. അപ്പോൾ താങ്കളെ ഒന്നനുകരിച്ചാലോ എന്നുതോന്നി. അങ്ങനെയാണ് ഞാനിത് കുത്തിക്കുറിച്ചത്. പക്ഷേ വരികൾ അല്പം നീണ്ടുപോയതിനാലും അതവിടെ കമന്റായി പോസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്ന് തോന്നിയതിനാലും ഇവിടെ പോസ്റ്റ് ചെയ്യുകയാണുണ്ടായത്.

പിന്നെ സുധീ, ഇതൊക്കെ 'വെറും വെറുതെ' മുഴച്ചുനിന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ? അതിനു കാരണം ഞാൻ പറയേണ്ടതില്ലല്ലോ.
വിനോദ്, സ്വപ്നസഖി, നിങ്ങളുടെ പ്രതികരണങ്ങളും വരവു വച്ചിരിക്കുന്നു.

അല്ലാ, ഇതിപ്പോൾ ബ്ലോഗാണോ അതോ ഒരു പരസ്പരാഭിപ്രായപ്രകടനസംഘമണോ? ഒരു സംശയം.

വിനോദ് കുട്ടത്ത് പറഞ്ഞു...

പരസ്പര അഭിപ്രായ പ്രകടനസംഘം... അതാവും നന്നാവുക....കാരണം ആരും മഹാകവികളും മഹാകഥാകൃത്തുകളും മുടിഞ്ഞ നിരൂപകൻമാരും അല്ലല്ലോ..... സ്വന്തം ജീവിതത്തിന്‍റെ നെട്ടോട്ട പാച്ചിലിനിടയില്‍ മനസ്സിലുള്ളത് ചിലത് കോറിയിടുന്നവര്‍..... അല്ലാത്തവരുണ്ടാകും അവരേയും മാനിക്കുന്നു..... അവരുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു..... അപ്പോള്‍ പിന്നെ നമുക്ക് ചെറിയ രീതിയിൽ മുന്നോട്ട് പോകാം .... പക്ഷം ചേരാതെ പരസ്പരം ചെളി വാരി എറിയാതെ .... ജനുവിനായി...... അതല്ലേ നല്ലത്...

ജ്യുവൽ പറഞ്ഞു...

ബ്ലോഗാണെങ്കിലും, പരസ്പരാഭിപ്രായപ്രകടനസംഘമാണെങ്കിലും, ഞാൻ എന്റെ വായനയും,ആശംസകളും ഇവിടെ കുറിക്കുന്നു.

Bipin പറഞ്ഞു...

കവിത വായിക്കുമ്പോൾ ഒരു ഭംഗി വേണം. ഒരു ഒഴുക്ക്. അതിനു കുറെ പദ സമ്പത്ത് വേണം. അതിവിടെ അത്ര നന്നായി ഉപയോഗിച്ചോ എന്ന് സംശയം. (സ്കൂൾ പ്രയോഗം ഒക്കെ അത്ര ശരിയായി തോന്നിയില്ല) മൽസഖീ എന്ന് വായിച്ചപ്പോൾ ചങ്ങമ്പുഴയെ ഓർമ വന്നു. ( അടുത്ത കാലത്ത് ചങ്ങപുഴയുടെ രമണൻ ഉൾപ്പടെ മൂന്നു കാവ്യങ്ങൾ വീണ്ടും വായിച്ചിരുന്നു) ആൾ വളർന്നപ്പോൾ സഖിയും വളർന്ന കാര്യം അവസാനത്തെ സംബോധനയിൽ മറന്നു പോയത് പോലെ തോന്നി.

എല്ലാരും ഇറങ്ങി മേയുന്ന പാടത്ത് ആൾരൂപനും ഇറങ്ങി. കുഴപ്പമില്ല. കവിത വഴങ്ങും.

ഒരു അപേക്ഷ. ആൾ രൂപനും കൊച്ചു ഗോവിന്ദനും ഒക്കെ ക്കൂടി എന്നെ ഇങ്ങിനെ പ്രകോപ്പിക്കരുത്. പ്രലോഭിപ്പിക്കരുത്. ഞാനും കടും കൈ ചെയ്തെന്നിരിക്കും.

ആൾരൂപൻ പറഞ്ഞു...

അതിനെന്താ ബിപിൻജി, ഒരു കൈ നോക്കിക്കോളൂ; അതെങ്ങനെ കടുംകൈ ആകും... ഇതൊക്കെ ഒരു 'വെറും വെറുതെ'യുള്ള നേരമ്പോക്കല്ലേ?

അപ്പോൾ ബിപിൻജിയുടെ അത്തരം പോസ്റ്റിനു കാത്തിരിക്കാമോ?