2015, ജൂലൈ 18, ശനിയാഴ്‌ച

സർക്കാർ അവധികൾ

ശനിയാഴ്ച വരുന്ന പെരുന്നാളാഘോഷിക്കാൻ വെള്ളിയാഴ്ചയും അവധി കൊടുക്കുന്ന കേരളാ ഗവണ്മെന്റിന്റെ തീരുമാനം കണ്ടപ്പോഴാണ്‌ ഞാൻ സർക്കാർ അവധികളെക്കുറിച്ച് ചിന്തിച്ചത്. വേഗം ഞാൻ കലണ്ടറെടുത്ത് മറിച്ചു നോക്കി. കേരളത്തിലിപ്പോൾ നായർക്കും (മന്നം ജയന്തി) ഈഴവനും (നാണു ഗുരു സമാധി) അവഗണിക്കപ്പെട്ടവർക്കും (അയ്യങ്കാളി ജയന്തി, അംബേദ്ക്കർ ജയന്തി) എല്ലാം അവധിയാണ്‌. എന്നാലും അതൊക്കെ മഹാന്മാരെ സ്മരിക്കാനാണെന്ന് സമാധാനിക്കാം. മതപരമായ അവധികളാണ്‌ കൂടുതലും.

ഞാൻ പതുക്കെ 2016-ലെ കേന്ദ്രസർക്കാർ അവധികൾ പരിശോധിച്ചു. ഡൽഹിയിലെ ഓഫീസുകൾക്ക് 17 അവധി ദിവസങ്ങളാണ് ലിസ്റ്റിൽ ഉള്ളത്. ഈ അവധി ദിവസങ്ങളെ 'രാഷ്ട്രസംബന്ധവും മതപരവും' എന്നിങ്ങനെ രണ്ടു തരത്തിൽ വിഭജിക്കാമെന്ന് എനിക്ക് ആ ലിസ്റ്റ് കണ്ടപ്പോൾ ഒരിക്കൽ കൂടി മനസ്സിലായി. റിപ്പബ്ലിക്ക് ദിനം, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി എന്നിങ്ങനെ 3 ദിവസങ്ങളാണ് രാഷ്ട്രസംബന്ധിയായ അവധികൾ. ഇതിൽ ഗാന്ധിജയന്തി (October 2) ഞായറാഴചയാണ്. അപ്പോൾ ഈ വകുപ്പിൽ പെട്ട അവധികൾ രണ്ടായി ചുരുങ്ങുന്നു.

ബാക്കിയുള്ളത് 14 ദിവസങ്ങളാണ്. അവ  മതപരമായ അവധിദിനങ്ങൾ ആണ്. അവ ഹിന്ദുമതം, ഇസ്ലാം മതം, ക്രിസ്തുമതം, ബുദ്ധമതം, സിക്കുമതം, ജൈനമതം എന്നിങ്ങനെ ആറു മതങ്ങൾക്കായി വീതിച്ചു നൽകിയിരിക്കയാണ്.

അവധികൾ എല്ലാ ജീവനക്കാർക്കും ബാധകമാണെങ്കിലും ആചരിക്കുന്ന കാര്യം നോക്കുമ്പോൾ സിക്കുമതക്കാർക്ക് ഒരവധിയേയുള്ളു. ഗുരുനാനാക്ക് ജയന്തിയാണത്. ഒരവധി മാത്രമാകുമ്പോൾ ഇതുതന്നെയല്ലേ അവധിക്കു പറ്റിയ ദിവസം?

അടുത്തത് ജൈനമതക്കാർക്കാണ്. അവർക്കും ഒരവധിയേയുള്ളു. മഹാവീര ജയന്തിയാണത്. ഒരവധി മാത്രമാകുമ്പോൾ ഇതുതന്നെയല്ലേ അവർക്കും അവധിക്കു പറ്റിയ ദിവസം?

അടുത്തത് ബുദ്ധമതക്കാർക്കുള്ളതാണ്. അവർക്കും അവധി ഒന്നേ ഉള്ളു. ബുദ്ധജയന്തിയാണത്. ഒരവധി മാത്രമാകുമ്പോൾ ഇതുതന്നെയല്ലേ അവർക്കും അവധിക്കു പറ്റിയ ദിവസം? പക്ഷേ അത് ഒരു ശനിയാഴ്ചയാണ്. (May 21) അപ്പോൾ അവർ അത് അവധിയായി കൂട്ടുമോ ആവോ?  അവധി ദിവസങ്ങളിൽ കിട്ടുന്ന അവധിക്ക് അവധി എന്നു പറയാമോ?

ക്രിസ്ത്യാനികൾക്ക് അവധിദിനങ്ങൾ രണ്ടാണ്. ദു:ഖവെള്ളിയാഴ്ചയും ക്രിസ്തുമസ്സും. പക്ഷേ ക്രിസ്തുമസ് (December 25) ഇത്തവണ ഒരു ഞായറാഴ്ചയാണ്. അപ്പോൾ ക്രിസ്ത്യാനികളുടെ അവധി ദിനങ്ങൾ ഒന്നായി ചുരുങ്ങുന്നു.

ഹിന്ദുക്കൾക്ക് ഹോളി, രാമനവമി, ജന്മാഷ്ടമി, വിജയദശമി, ദീപാവലി എന്നിങ്ങനെ അവധികൾ അഞ്ചാണ്. അതിൽ ദീപാവലി ഒരു ഞായറാഴ്ചയാണ് (October 30). അപ്പോൾ അവരുടെ ആകെ അവധികൾ നാലായി ചുരുങ്ങുന്നു.

മുസ്ലിങ്ങൾക്കും അവധി നാലാണ്...... ഈദുൽ ഫിത്ർ, ബക്രീദ്, മുഹറം, ഈദ്-ഇ-മിലാദ് എന്നിങ്ങനെ. എല്ലാം അവധികളായി മാറുന്ന പ്രവർത്തി ദിനങ്ങളിൽ തന്നെ...

ഹിന്ദുവിനു 4 അവധി ദിവസം കിട്ടുമ്പോൾ മുസല്മാനും 4 അവധി ദിവസം കൊടുക്കുന്നത് നല്ലതു തന്നെ. ഹിന്ദുവിനു മുസ്ലിമിനേക്കാൾ കൂടി എന്ന കാരണത്താൽ ആരും ഹിന്ദു വർഗ്ഗീയത, ഹിന്ദു ഫാസിസം എന്നൊന്നും പറയില്ലല്ലൊ! ന്യൂനപക്ഷങ്ങളെ പരിഗണിച്ചില്ല എന്നും മാർക്സിസ്റ്റുകാരും മുലായം ലാലുമാരും പറയില്ല. മതേതരത്വം, മതതുല്യത എന്നൊക്കെ അവധി കൊടുത്തവർക്ക് അവകാശപ്പെടുകയും ചെയ്യാം.

എന്നാലും എന്റെ സംശയം പാവം ക്രിസ്ത്യാനികൾക്ക് എന്തേ അവധി ഒന്നായി കുറഞ്ഞത് എന്നാണ്.  ദു:ഖവെള്ളി ഒരു ഞായറാഴ്ച വരാത്തത് അവരുടെ ഭാഗ്യം! അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ അവർക്ക് ഒരൊറ്റ അവധി പോലും കിട്ടില്ലായിരുന്നു.

എന്നാലും ക്രിസ്ത്യാനികൾക്ക് കൊടുത്ത അവധി കുറഞ്ഞു എന്നാണെന്റെ പക്ഷം.  വേണമെങ്കിൽ, യേശു അവസാനത്തെ അത്താഴം കഴിച്ച വ്യാഴാഴ്ച അവധി ആക്കാമായിരുന്നു.  കന്യാമറിയം ഉണ്ണിയേശുവിനെ ഗർഭധാരണം ചെയ്ത ദിവസം അവധി കൊടുക്കാമായിരുന്നു.  മാർപാപ്പയുടെ ജന്മദിനം അവധി ആക്കാമായിരുന്നു. അങ്ങനെയൊക്കെ ചെയ്തിരുന്നെങ്കിൽ ഭാരതത്തിലെ ന്യൂനപക്ഷങ്ങളെ അവഗണിച്ചു എന്ന് എന്നെപ്പോലെ ഉള്ളവർക്ക് ഇങ്ങനെ കുത്തിക്കുറിക്കാൻ അവസരം കിട്ടില്ലായിരുന്നു.

പക്ഷേ, അതെങ്ങനെ? ശതമാനക്കണക്കിൽ നോക്കിയാൽ ജനസംഖ്യയുടെ രണ്ടക്കം വരാത്ത അവർക്കെങ്ങനെ 4 അവധി ദിവസം നൽകാനാകും? അപ്പോൾ അവർക്ക് പറഞ്ഞത് ഒന്നോ രണ്ടോ അവധി തന്നെ. ഗവണ്മെന്റിന്റെ കണക്കാണ് ശരി. അതേ കാരണത്താലാണല്ലോ ബുദ്ധന്മാർക്കും ജൈനന്മാർക്കും സിക്കുകാർക്കും അവധി വെറും ഒന്നായത്!

അതാലോചിച്ചപ്പോഴാണ് കേരളത്തിലെ യൂ ഡി എഫ് മന്ത്രിസഭയിലും ഇങ്ങനെയാണല്ലോ എന്ന് ഞാൻ ശ്രദ്ധിച്ചത്. അംഗസംഖ്യയിൽ രണ്ടക്കം തികയാത്ത കേരള കോൺഗ്രസ്സിന് രണ്ടല്ലേ ഉള്ളു മന്ത്രിമാർ? ബാക്കി ജൈനമതം, ബുദ്ധമതം പോലെ ദുർല്ലഭമായ ആർ. എസ്. പി., ജെ. ഡി. യു., ജേക്കബ് ഗ്രൂപ്പ് എന്നീ പാർട്ടികൾക്ക് ഒരു മന്ത്രിസ്ഥാനവും. രണ്ടക്കം അംഗസംഖ്യയുള്ള കോൺഗ്രസ്സിനും മുസ്ലിം ലീഗിനുമാണല്ലോ ബാക്കി എല്ലാ മന്ത്രിസ്ഥാനങ്ങളും. അപ്പോൾ ഇമ്മാതിരി കാര്യങ്ങൾക്കൊക്കെ ഒരു പൊതു സ്വഭാവമുണ്ടെന്ന് എനിയ്ക്ക് മനസ്സിലായി.

എന്നാലും നിരീശ്വരവാദികളുടെ കാര്യമാണു കഷ്ടം. അവർക്ക് ആഘോഷിക്കാൻ ഒരവധി ദിവസം പോലും സർക്കാർ കൊടുത്തില്ല; പാവം. ഈ മാർക്സിസ്റ്റുകാരൊക്കെ എന്താഘോഷിക്കും?

അപ്പോഴാണ് ദളിതർക്കും അവശർക്കും വേണ്ടി അംബേദ്ക്കർ ജയന്തി എന്ന ഒരവധി ദിവസം കൂടി ഗവണ്മെന്റ് പ്രഖ്യാപിക്കാറുണ്ടല്ലോ എന്ന് ഞാൻ ഓർത്തത്.  അതും കൂടി കൂട്ടുമ്പോൾ അവധികളുടെ എണ്ണം 18 ആകുന്നു. അതൊരു കുറഞ്ഞ സംഖ്യയായി അപ്പോൾ എനിയ്ക്ക് തോന്നി. ഇനി നിരീശ്വരവാദികൾക്കും ബഹായി മതക്കാർക്കും ഓരോ അവധി കൊടുത്തിരുന്നെങ്കിൽ അവധിദിനങ്ങളുടെ എണ്ണം 20 ആക്കാമായിരുന്നു എന്ന് ഞാൻ ഓർത്തു.

"ഈശ്വരാ, 20 അവധിയോ!" എന്ന് ഞാൻ അപ്പോൾ അറിയാതെ പറഞ്ഞു പോയി. എന്താ, പണിയെടുക്കാതെയാണല്ലോ ഈ 20 ദിവസവും ജോലിക്കാർ ശമ്പളം പറ്റുന്നത്? എന്തായാലും ഗവണ്മെന്റ് ജോലിയില്ലാത്തവന്റെ കാര്യം കട്ടപ്പൊക.  വെറുതേയല്ല, ജോലി കിട്ടിയിട്ടു വേണം ലീവെടുക്കാനെന്ന് ആളുകൾ പറയുന്നത്.


മുസ്ലിങ്ങൾക്ക് 4 അവധിദിവസങ്ങളും സർക്കാർ ജീവനക്കാർക്ക് 20 അവധി ദിവസങ്ങളും എന്ന കണക്ക് കണ്ടപ്പോൾ ബാക്കി രാജ്യങ്ങളിലെ കണക്കൊന്നു നോക്കിയാലോ എന്നായി എന്റെ മനസ്സ്. അങ്ങനെയാണ് ഞാൻ പാക്കിസ്ഥാനിലെ അവധിദിവസങ്ങൾ നോക്കിയത്.

മതങ്ങളുടെ എണ്ണവും വണ്ണവും നോക്കിയാണ് അവധി എണ്ണുന്നതെങ്കിൽ അവിടെ അവധികളുടെ എണ്ണം കുറയാനേ സാധ്യതയുള്ളു എന്നും ഞാൻ മനസ്സിൽ കരുതി.

പാക്കിസ്ഥാനിൽ 13 ദേശീയ അവധിദിനങ്ങളേ ഉള്ളൂ.  ഇതിൽ ആറെണ്ണം പാക്കിസ്ഥാൻ ഡേ, ലേബർ ഡേ, സ്വാതന്ത്ര്യദിനം, കാശ്മീർദിനം, മുഹമ്മദലി ജിന്നയുടെ ജന്മദിനം, കവി മുഹമ്മദ് ഇക്ബാലിന്റെ ജന്മദിനം എന്നീ ദേശീയദിനങ്ങളാണ്‌.

സിക്കുകാർക്ക് പാക്കിസ്ഥാനിലും ഒരു അവധിദിനമുണ്ട്. അത് ഗുരുനാനാക്ക് ജയന്തി തന്നെയാണ്‌. സിക്കുകാർക്ക് ഒരു ദിവസം അവധി ഉണ്ടെങ്കിലും ഹിന്ദുക്കൾക്ക് ഒരവധിദിനവും പാക്കിസ്ഥാനിലില്ല.

ബാക്കി വരുന്ന 6 ദിവസവും ഇസ്ലാം മതവുമായി ബന്ധപ്പെട്ട അവധി ദിനങ്ങളാണ്‌. പക്ഷേ, ശനിയും ഞായറും കുറച്ചാൽ അവർക്ക് കിട്ടുന്നത് വെറും 4 അവധി ദിനങ്ങൾ മാത്രം. ഇന്ത്യയിലെ മുസ്ലിങ്ങളേക്കാൾ വെറും ഒന്നുപോലും കൂടുതലില്ല!

അവധിയുടെ കാര്യത്തിൽ ക്രിസ്ത്യാനിക്ക് പ്രാദേശിക അവധിയേ ഉള്ളൂ പാക്കിസ്ഥാനിൽ. എങ്കിലും ഡിസംബർ 25ന്‌ മുഹമ്മദലി ജിന്നയുടെ ജന്മദിനം പ്രമാണിച്ച് ദേശീയ അവധിയായതിനാൽ അവർക്ക് ലീവെടുക്കാതെ ക്രിസ്തുമസ് ആഘോഷിക്കാം എന്നൊരു സൗകര്യമുണ്ട്. പക്ഷേ, ഹിന്ദുവിന്‌ ദീപാവലി ആഘോഷിക്കണമെങ്കിൽ ലീവെടുക്കാതെ തരമില്ല. പക്ഷേ അതിനെവിടെ അവിടെ ഹിന്ദു? എല്ലാത്തിനേയും കൊല്ലുകയോ മതം മാറ്റുകയോ തല്ലി ഓടിക്കുകയോ ചെയ്തില്ലേ?

എന്തായാലും ഇന്ത്യയിലുള്ളതിന്റെ പകുതിയോളം അവധിയേ പാക്കിസ്ഥാനിലുള്ളു. മതങ്ങൾ കുറഞ്ഞാലുള്ള വ്യത്യാസമാണത്. മതങ്ങളെ നിരാകരിക്കുന്ന 'secular' എന്ന വാക്കാണ്‌ ഇന്ത്യ ഉപയോഗിക്കുന്നതെങ്കിലും മതങ്ങൾക്ക് നല്ല പിന്തുണയാണ്‌ ഇവിടെ കിട്ടുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
പാക്കിസ്ഥാനിൽ ഇന്ത്യയിലുള്ളതിന്റെ പകുതി അവധിയേ ഉള്ളൂ എന്നു കണ്ടപ്പോൾ ഞാൻ ബംഗ്ലാദേശിന്റെ കാര്യം തിരക്കി. ഇന്ത്യക്കകത്ത് കിടക്കുന്നതു കൊണ്ടാകണം, അവിടെയും ഇവിടത്തെപ്പോലെ ധാരാളം അവധിദിനങ്ങളാണ്‌ - 20 എണ്ണം. അവിടെ ബുദ്ധപൂർണ്ണിമയും ജന്മാഷ്ടമിയും ക്രിസ്തുമസ്സും അവധി ദിനമാണ്‌; ആകെ 3 ദിവസം - അന്യമതസ്ഥരെ മുഷിപ്പിക്കണ്ട എന്ന് കരുതിക്കാണും. 7 ദിനങ്ങൾ ദേശീയ അവധിദിനങ്ങളാകുമ്പോൾ ബാക്കി 10-ഉം ഇസ്ലാം മതാടിസ്ഥാനത്തിലുള്ള അവധികളാണ്‌.

ശ്രീലങ്കയിൽ 24 ദിനങ്ങളാണ്‌ അവധിയായിട്ടുള്ളത്. ക്രിക്കറ്റിലെന്ന പോലെ അവധിയുടെ കാര്യത്തിലും അവർ ഇന്ത്യയേയും ബംഗ്ലാദേശിനേയും തോല്പിച്ചു കളഞ്ഞു. അവിടെ ദു:ഖവെള്ളിയും ക്രിസ്തുമസ്സും അവധിയാണ്‌. മുസ്ലീങ്ങൾക്ക് 3 അവധികളുണ്ട്. ദീപാവലിയും ശിവരാത്രിയും തൈപ്പൊങ്ങലും അവധിയാണ്‌. സ്വാതന്ത്ര്യദിനവും മെയ്ദിനവും ഓരോ അവധിയാണ്‌. തമിഴരുടേയും സിംഹളരുടേയും പുതുവർഷദിനം അവധിയാണ്‌. ഇത്രയും ആകുമ്പോൾ അവധികളുടെ എണ്ണം പകുതി (12) ആയി. ഇനിയുള്ള 12 എന്തെന്നല്ലേ? ഓരോ മാസത്തിലേയും പൗർണ്ണമിദിനങ്ങൾ. ബുദ്ധമതവിശ്വാസികളായ ശ്രീലങ്കക്കാർക്ക് പൗർണ്ണമിയുടെ വിശേഷം പറയേണ്ടതില്ലല്ലോ! ബുദ്ധൻ ജനിച്ചതും ജ്ഞാനോദയം ആർജ്ജിച്ചതും കാലത്യാഗം ചെയ്തതും പൗർണ്ണമി നാളിലായിരുന്നുവല്ലോ. ശ്രീലങ്ക ബുദ്ധമതത്തിൽ ആമഗ്നമായതും ഒരു പൗർണ്ണമിനാളിലായിരുന്നു. എന്തായാലും എല്ലാ പൗർണമിയും ശ്രീലങ്കൻ ഉദ്യോഗസ്ഥർക്ക് അവധി തന്നെ.

ശ്രീലങ്കൻ സർക്കാർ 24 ദിവസം അവധി കൊടുക്കുന്നതു കണ്ടപ്പോൾ അതിത്തിരി കുറഞ്ഞ് പോയി എന്നു നേപ്പാൾ സർക്കാറിനു തോന്നിക്കാണണം. അല്ലെങ്കിൽ അവർ ഒരു വർഷത്തിൽ 30 അവധി ദിനങ്ങൾ പ്രഖ്യാപിക്കുകയില്ലല്ലോ. അവിടെ ക്രിസ്ത്യാനികൾക്ക് ക്രിസ്തുമസ് അവധിയാകുമ്പോൾ മുസ്ലിങ്ങൾക്ക് ഈദുൽ ഫിത്രും ഈദുൽ സുഹയും അവധിയാണ്‌. അവിടേയും റിപ്പബ്ലിക് ദിനവും രക്തസാക്ഷിദിനവും അവധിയായുണ്ട്‌. പോരാത്തതിന്‌ ജനാധിപത്യദിനം, ദേശീയ ജനാധിപത്യദിനം എന്നീ ദേശീയ അവധികൾ വേറേയും. വനിതാദിനത്തിനും മെയ്ദിനത്തിനും അവധി ഉണ്ട്. നേപ്പാളികളുടേയും തമാങ്ങുകളുടേയും പുതുവർഷാരംഭവും, ടിബറ്റൻ ന്യൂ ഇയറും (ലോസർ) അവധി ആണ്‌. പക്ഷേ, ശ്രീബുദ്ധൻ ലുംബിനിയിൽ ജനിച്ചിട്ടും ബുദ്ധന്റെ നാമത്തിലുള്ള അവധി അവിടെ ഒന്നു മാത്രമേ ഉള്ളു.

15 ദിവസം നീണ്ടു നില്ക്കുന്ന വിജയദശമി ആഘോഷം അടിച്ചുപൊളിക്കാൻ നേപ്പാൾ സർക്കാർ ജീവനക്കാർക്ക് കിട്ടുന്നത് 5 ദിവസത്തെ അവധിയാണ്‌. ഇനിയെന്തു വേണം? നമ്മുടെ ദീപാവലിക്ക് സമാനമായ അവരുടെ ‘തിഹാർ’ ഉത്സവം ആഘോഷിക്കാനും നേപ്പാൾ സർക്കാർ അവരുടെ ജീവനക്കാർക്ക് 3 ദിവസത്തെ അവധി കൊടുക്കുന്നുണ്ട്. ഇതിനൊക്കെ പുറമേയാണ്‌ സംക്രാന്തി, ശിവരാത്രി, രാമനവമി, രക്ഷാബന്ധൻ, ജന്മാഷ്ടമി, ഘടസ്ഥാപന തുടങ്ങിയ 9 അവധി ദിനങ്ങൾ. ഗവണ്മെന്റ് ജോലി കിട്ടുന്നെങ്കിൽ നേപ്പാളിൽ തന്നെ കിട്ടണമെന്നാണ്‌ ഇതൊക്കെക്കാണുമ്പോൾ തോന്നുന്നത്. പക്ഷേ, ഇനി ഇപ്പോൾ അത് തോന്നിയിട്ട് കാര്യമില്ലല്ലോ. ഇനി ആകപ്പാടെ ചെയ്യാനുള്ളത് മോഡി സർക്കാറും ഇതു പോലെ അവധി കൊടുക്കണേ എന്നു പ്രാർത്ഥിക്കുകയാണ്‌.

7 അഭിപ്രായങ്ങൾ:

സുധി അറയ്ക്കൽ പറഞ്ഞു...

ചിരിയുണർത്തിയ നല്ല ചിന്തകൾ.

.  (ദു:ഖവെള്ളി ഒരു ഞായറാഴ്ച വരാത്തത് അവരുടെ ഭാഗ്യം! അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ അവർക്ക് ഒരൊറ്റ അവധി പോലും കിട്ടില്ലായിരുന്നു) ഹാ ഹാ ഹാ.!!!!!

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

സര്‍ക്കാരില്‍ നിന്നും വിരമിച്ച എനിയ്ക്ക് എന്നും അവധിയാണ്. നല്ല ലേഖനം. ഇതു മുന്‍ നിര്‍ത്തി ഞാനൊരു കഥതന്നെ എഴുതിയിട്ടുണ്ട്. കലണ്ടര്‍ താളുകള്‍. അത് ആകാശവാണിയില്‍ അവതരിപ്പിക്കുകയും ചെയ്തു.

Bipin പറഞ്ഞു...

And including the Sundays and Saturdays holidays goes to gigantic proportion. We should be happy that at least we get some days to work.
Alroopan, try to find out about China and Europe.

ആൾരൂപൻ പറഞ്ഞു...

ആധികാരികമല്ലെങ്കിലും, ലോകരാജ്യങ്ങളിലെ അവധികളുടെ ഒരേകദേശരൂപം കിട്ടാൻ ഇവിടെ നോക്കിയാൽ മതി.
http://www.officeholidays.com/

അന്നൂസ് പറഞ്ഞു...

ഹോ സമ്മതിച്ചു ഇഷ്ട്ടാ....സമ്മതിച്ചു. "അവധി ദിവസങ്ങളിൽ കിട്ടുന്ന അവധിക്ക് അവധി എന്നു പറയാമോ?" പറയാമോ..? ഉവ്വോ...? ആവോ..... എന്തായാലും കലക്കി. ആശംസകള്‍

കൊച്ചു ഗോവിന്ദൻ പറഞ്ഞു...

അവധികളുടെ കൂട്ടത്തിൽ ഹർത്താലിനെ തഴഞ്ഞതിൽ ശക്തമായി പ്രതിഷേധിക്കുന്നു.

Admin പറഞ്ഞു...

കുഴപ്പംണ്ടാക്കല്ല ബ്രോ..
അവധിക്കാര്യം കുത്തിപ്പൊക്കി ള്ളതും ല്ലാണ്ടാക്കല്ലേ..
ഹ..ഹ.. റബ്ബായ നമഃ