2015, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

വീണ്ടും ഒരു തീവണ്ടിയാത്ര - 3

ഞാൻ നെറ്റിൽ, ബറോഡയിലെ വണ്ടിസമയം നോക്കി. ബറോഡയിൽ നിന്ന് 16.35ന് യാത്ര തുടരേണ്ട വണ്ടി 15.40നാണ് അവിടെ എത്തിയിട്ടുള്ളത്. അതായത് വണ്ടി അവിടെ ഒരു മണിക്കൂറോളം നിശ്ചലമായിരിക്കും എന്നർത്ഥം. ഒരു സൂപ്പർഫാസ്റ്റ് ട്രെയിൻ ഒരുമണിക്കൂർ വെറുതെ കിടക്കേണ്ട അവസ്ഥ അലോചിച്ചപ്പോൾ എനിയ്ക്ക് വല്ലാതെ തോന്നി. 

3150 കിലോമീറ്റർ ദൂരം 54 മണിക്കൂർ കൊണ്ട് ഓടിയെത്തുന്ന ഈ തീവണ്ടിയെ 'സൂപ്പർഫാസ്റ്റ്' എന്നു വിശേഷിപ്പിക്കുന്നതിലെ അപാകത എന്റെ മനസ്സിൽ ഒരു ചോദ്യചിഹ്നമായി. അപ്പോൾ, കേവലമായ 60 kmph എന്ന ശരാശരി സ്പീഡുപോലുമില്ലാത്ത ഈ വണ്ടിയിൽ 3 രാത്രിയും 2 പകലും ചടഞ്ഞിരുന്ന് നാട്ടിലെത്തുന്ന എന്നെപ്പോലുള്ള ഉപ്രവാസികളെക്കുറിച്ച് എനിയ്ക്ക് അവജ്ഞയും അവമതിയും തോന്നി. 60 kmph ശരാശരി സ്പീഡില്ലാത്ത വണ്ടിക്ക് സൂപ്പർഫാസ്റ്റ് എന്ന പേരിട്ട്, യാത്രക്കാരിൽ നിന്ന് അധികക്കൂലി വാങ്ങുന്ന റയിൽവേയെക്കുറിച്ച് ഞാൻ എന്തു ചിന്തിക്കാൻ?

പകൽ പോയി രാത്രി വരികയും രാത്രി പോയി പകൽ വരികയും ചെയ്തപ്പോൾ തീവണ്ടി മഹാരാഷ്ട്രയിലെ രത്നഗിരി വിട്ടിരുന്നു. മദാമ്മയുടേയും ഭർത്താവിന്റേയും ഫോട്ടോ എന്ന എന്റെ നടക്കാത്ത പൂതി അപ്പോഴും എന്റെ മനസ്സിൽ കത്തി നിന്നു.  മണിക്കൂറുകൾ പിന്നിട്ടാൽ വണ്ടി ഗോവയിലെത്തുമെന്നും അവർ ഇറങ്ങിപ്പോകുമെന്നും ഞാൻ അറിഞ്ഞു. ഫ്ളാസ്കിൽ ബാക്കി വന്ന കാപ്പി ഞാൻ കുടിച്ചു തീർത്തു. പിന്നീട് 2-3 'നാഷ്പതി' കൂടി ഞാൻ അകത്താക്കി. ചെറുപ്പക്കാരൻ എഴുന്നേറ്റപ്പോൾ ഞാൻ അയാൾക്ക് നേരേ ഒരു കോളിനോസ് പുഞ്ചിരി പാസാക്കി. "നമ്മൾ തമ്മിൽ ഒരു ഉടമ്പടി ഇല്ലേ?" എന്നായിരുന്നു ആ ചിരിയുടെ അർത്ഥം. ഒരു ദിവസത്തെ പരിചയം പ്രകടിപ്പിച്ചുകൊണ്ട് അയാൾ ചിരി മടക്കി. 

എന്റെ സമീപത്ത് ഇരിക്കുന്നവരെ നോക്കി സമയം കളയുമ്പോഴുണ്ട് എന്റെ മുന്നിൽ മനീഷ് നിൽക്കുന്നു. തിരുവനന്തപുരത്തെ എന്റെ അയൽവാസിയാണ് CPWD-യിൽ എൻജിനീയറായി സൂററ്റിൽ ജോലി നോക്കുന്ന ഈ ചെറുപ്പക്കാരൻ. എന്റെ അടുത്ത കമ്പാർട്ട്മെന്റിൽ സീറ്റുള്ള അയാൾ അങ്ങുമിങ്ങും നടക്കുമ്പോൾ ആകസ്മികമായാണ് എന്നെ കണ്ടത്. 2-3 വർഷങ്ങളായി ഞങ്ങൾ തമ്മിൽ കണ്ടിട്ട്. ഞങ്ങൾ അറിയാവുന്ന നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും പങ്കു വച്ചു.  സ്വന്തം ലഗേജിന്റെ സുരക്ഷ ഓർത്ത് തീവണ്ടിയിൽ നിന്ന് പുറത്തിറങ്ങി നടക്കാത്ത എനിയ്ക്ക് ബ്രെയ്ക്ക്ഫാസ്റ്റിന് ഒരു ഡസൻ പഴങ്ങളും ലഞ്ചിന് ഉഡുപ്പി സ്റ്റേഷനിൽ ആകപ്പാടെ കിട്ടാനുണ്ടായിരുന്ന സ്നാക്സും സ്വന്തം ചെലവിൽ വാങ്ങി തന്നതും കണ്ണൂരിൽ ലഗേജ് ഇറക്കാൻ സഹായിച്ചതും നല്ലവനായ ഈ ചെറുപ്പക്കാരനാണ്.

കുറേ കഴിഞ്ഞപ്പോൾ മദാമ്മയുടെ ഭർത്താവ് എനിയ്ക്ക് അയാളുടെ ഫോൺ നമ്പർ തന്നു. നമുക്ക് പരിചയം തുടരാമെന്നും ഫോട്ടോ അയച്ചുതരാമെന്നും അയാൾ പറഞ്ഞപ്പോൾ എനിയ്ക്ക് സന്തോഷമായി. ഞാൻ അയാളുടെ നമ്പർ എന്റെ ഫോണിൽ ഫീഡു ചെയ്യുകയും അയാളെ കാണിക്കുകയും ചെയ്തപ്പോൾ ശരിയാണെന്ന് അയാൾ തല കുലുക്കി. അയാളുടെ നമ്പറിൽ വിളിച്ചപ്പോൾ ബെല്ലടിക്കുന്ന ശബ്ദമൊന്നും കേട്ടില്ല; തന്റെ ഫോണിൽ ചർജില്ലെന്നും ഓഫാണെന്നും അയാളപ്പോൾ പറഞ്ഞു. 

ഞാനയാൾക്ക് വാട്ട്സ്ആപ്പിൽ ഒരു 'ഹായ്' പറയാൻ ശ്രമിച്ചു. പക്ഷേ അയാളുടെ നമ്പർ വാട്ട്സ്ആപ്പിൽ ഇല്ലെന്നും അയാളെ ഇൻവൈറ്റ് ചെയ്യണമോ എന്നുമായി വാട്ട്സ്ആപ്പ്. ഞാൻ പിന്മാറി.  സന്ദർഭം നോക്കാത്തവനും വിവേകം തൊട്ടുതീണ്ടാത്തവനും എന്താണ് ചെയ്യാൻ പാടില്ലാത്തത്? വരും വരായ്കകൾക്ക് ഞാൻ കൂടുതൽ സമയമോ ചിന്തയോ മെനക്കെടുത്താതെ, അവരറിയാതെ അവരുടെ അവ്യക്തമായ രണ്ടു ഫോട്ടോകൾ ഞാൻ പകർത്തി.


മദാമ്മയും ഭർത്താവും - രണ്ടു ഭാവങ്ങൾ!

അജ്ഞാതനായ ചെറുപ്പക്കാരാ, നിങ്ങളുടെ ഫോട്ടോ ഞാനിവിടെ പകർത്തുകയാണ്. ക്ഷമിക്കുക.  തെറ്റാണെന്നറിയാം; പക്ഷേ എനിയ്ക്കെന്തെങ്കിലും ദുരുദ്ദേശമോ ദുഷ്ടലാക്കോ ഇല്ല. ഇത്രയുമൊക്കെ നിങ്ങളെ നിരീക്ഷിക്കുകയും നിങ്ങളെക്കുറിച്ച് പറയുകയും ചെയ്ത സ്ഥിതിക്ക് ഈ ഫോട്ടോ ഇവിടെ ചേർത്തില്ലെങ്കിൽ ഭംഗിയാവില്ല.  അത്രമാത്രം.

വണ്ടി മഡ്ഗാവിലെത്തുമ്പോൾ മദാമ്മയും ചെറുപ്പക്കാരനും ഇറങ്ങി. ഇറങ്ങുമ്പോൾ ഞങ്ങൾ ഔപചാരികമായി കുശലം പറയുകയും പരസ്പരം വിടവാങ്ങുകയും ചെയ്തു. ഇനി ഞാൻ ഇവരേയോ അവർ എന്നേയോ കാണാൻ പോകുന്നില്ല. ഇങ്ങനെ എത്രയെത്ര ആളുകളെ കാണുകയും സംസാരിക്കയും ചെയ്തിരിക്കുന്നു.

മഡ്ഗാവിൽ വച്ച്, ഞാൻ വൃത്തികേടായി കിടന്ന ടോയ്‌ലെറ്റ് തുറന്നു നോക്കി. അതിപ്പോഴും അങ്ങനെ വൃത്തികേടായിത്തന്നെ കിടക്കുന്നു. റയിൽവേയുടെ അനാസ്ഥക്കും വേണം ഒരതിര്. ഇങ്ങനെയുണ്ടോ ഒരു സ്ഥാപനം? ഒരു ദിവസത്തിലധികമായി കക്കൂസ് വൃത്തികേടായി ദുർഗ്ഗന്ധം പരത്തിക്കൊണ്ട് കിടക്കുന്നു. ആരുണ്ടിവിടെ റെയിൽവേയെ നന്നാക്കാൻ?  സുരേഷ് പ്രഭു റയിൽവേയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണത്രെ. മന്ത്രിക്കുമാത്രം അറിയാം അയാൾ എന്താണ് ചെയ്യുന്നതെന്ന്. പൊട്ടിപ്പൊളിഞ്ഞ കമ്പാർട്ട്മെന്റ്, നാറുന്ന കക്കൂസ്... ശരിയാണ്.... ഈ 21-ആം നൂറ്റാണ്ടിൽ ഇതൊക്കെ ഒരു അത്ഭുതം തന്നെയാണ്.

വണ്ടി ഗോവയിലെത്തുമ്പോൾ കശുവണ്ടിക്കച്ചവടക്കാർ വണ്ടിയിലൂടെ തലങ്ങും വിലങ്ങും നടന്നു. ഗോവയിൽ 600 രൂപയിൽ താഴെ വിലയ്ക്ക് ഒരുകിലോ അണ്ടിപ്പരിപ്പ് കിട്ടും. ഡൽഹിയിൽ ഒരു കിലോ അണ്ടിപ്പരിപ്പിന് 1200 രൂപ കൊടുക്കണം. ഞാൻ ഒരു കിലോ അണ്ടിപ്പരിപ്പ് വാങ്ങി ബാഗിൽ വച്ചു.

അതിനിടക്ക് ഒഴിഞ്ഞ സീറ്റിൽ ഒരു ചെറുപ്പക്കാരനും പെൺകുട്ടിയും സ്ഥലം പിടിച്ചു. അവർ ഭാര്യാഭർത്താക്കന്മാരാണ്. ഭാര്യക്ക് പ്രായം നന്നേ കുറവായതുകൊണ്ടാണ് ഞാൻ പെൺകുട്ടി എന്നു വിവക്ഷിച്ചത്. അവൾ എന്നെ നോക്കി ചിരിച്ചു.  തല നരച്ച ഒരു മനുഷ്യനോട് പരിചയം വയ്ക്കുന്നത് യാത്രയിൽ നല്ലതാണെന്ന് അവൾക്ക് തോന്നിക്കാണും...  ഞാനും ചിരിച്ചു.... ഞാനവളോട് സംസാരിച്ചു. അവർ ബറോഡയിൽ നിന്നു കയറിയവരാണ്;  കോഴിക്കോട്ടേക്കാണ്. ഇപ്പോഴാണ് സീറ്റ് ഉറപ്പായത്. പാവങ്ങൾ.

വള, കമ്മൽ, മാല, പൊട്ട് തുടങ്ങി പെണ്ണുങ്ങളെ ആകർഷിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കളുമായി ഒരാൾ വണ്ടിയിൽ പ്രത്യക്ഷപ്പെട്ടു. പെൺകുട്ടിക്ക് അതിൽ താൽപ്പര്യമുള്ളതായി അവളുടെ മുഖഭാവം വിളിച്ചു പറഞ്ഞു. അപ്പോൾ അവളുടെ ഭർത്താവിനെ അവിടെയെങ്ങും കണ്ടില്ല.  കച്ചവടക്കാരൻ ഹിന്ദിയിലാണ് സംസാരം. പെൺകുട്ടിക്ക് കച്ചവടക്കാരനോട് എന്തോ പറയണമെന്ന് ഉള്ള പോലെ തോന്നി. ഒടുവിൽ 'ചില്ലറയുണ്ടോ' എന്നു ചോദിക്കാൻ അവളെന്നോട് പറഞ്ഞു.

അപ്പോൾ അതാണ് കാര്യം... അവൾക്ക് ഹിന്ദി അറിഞ്ഞു കൂട.  ഞാൻ അറിയാതെ "ഈശ്വരാ" എന്ന് മനസ്സിൽ പറഞ്ഞുപോയി.... മാനം പോയതു തന്നെ... ഹിന്ദി അറിയാത്ത എന്നോടാണ് ഹിന്ദി സംസാരിക്കാൻ അവൾ പറയുന്നത്.... ഞാൻ തൊണ്ടയിൽ ശബ്ദം ശരിയാക്കി അവനോട്ചോദിച്ചു.

 "ഛുട്ടാ ഹെ?"

ഭാഗ്യം!   അവനു കാര്യം പിടി കിട്ടിയിരിക്കുന്നു. ചില്ലറയുണ്ടെന്നും മടക്കത്തിൽ തരാമെന്നും പറഞ്ഞ് അവൻ അടുത്ത കമ്പാർട്ട്മെന്റിലേക്ക് പോയി. എനിയ്ക്ക് ഹിന്ദി അറിയാമെന്ന ഭാവത്തിൽ "ഹിന്ദി അറിയില്ലേ?" എന്ന് ഞാൻ പെൺകുട്ടിയോട് ചോദിച്ചു. ആറു മാസമായിട്ടേ ഗുജറത്തിൽ പോയിട്ടായിട്ടുള്ളൂ എന്നും ഹിന്ദി കേട്ടാൽ മനസ്സിലാകുമെന്നും, പറയാൻ ആകുന്നതേ ഉള്ളൂ എന്നും അവളെന്നോട് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ തിരിച്ചു വരികയും പെൺകുട്ടി, മുടിയിലിടുന്ന രണ്ട് ക്ളിപ്പ് വാങ്ങുകയും 500 രൂപകൊടുത്ത് ബാക്കി വാങ്ങുകയും ചെയ്തു.

ഉച്ചക്ക് മൂന്നര മണിയോടെ വണ്ടി ഉഡുപ്പിയിലെത്തി. നാലരക്ക് എത്തേണ്ട വണ്ടി മൂന്നരക്കേ എത്തിയതുകാരണം ഉഡുപ്പിയിലും വണ്ടി ഒരു മണിക്കൂർ കിടന്നു. കർണ്ണാടകത്തിലെ കാർവാർ മുതൽ ഉഡുപ്പി വരെ ഒരു ചായ പോലും വണ്ടിക്കകത്ത് വരികയുണ്ടായില്ല. 3000 കിലോമീറ്ററിൽ പരം ദൂരം താണ്ടേണ്ട വണ്ടിക്ക് പാൻട്രി കാർ വേണ്ടെന്നു തീരുമാനിച്ച റയിൽവേ ഉദ്യോഗസ്ഥരുടെ അറിവിനെ ഞാൻ മനസാ ശ്ളാഘിച്ചു. യാത്രക്കാരുടെ പോക്കറ്റ് ചോരുന്നത് തടയാനായിരിക്കും റയിൽവേ ഇങ്ങനെ ചെയ്തതെന്ന് ഞാൻ ഊഹിച്ചു.  ഉഡുപ്പിയിൽ ഭക്ഷണമൊന്നും ഇല്ലായിരുന്നു. മനീഷ് വാങ്ങിത്തന്ന അരിമുറുക്ക് കഴിച്ച് ഞാൻ വിശപ്പടക്കി. കയ്യിൽ കരുതിയിരുന്ന പഴങ്ങളൊക്കെ എപ്പോഴേ തീർന്നിരുന്നുവല്ലോ.

പ്രഖ്യാപിത സമയത്തിനേക്കാൾ നേരത്തെയായിരുന്നു വണ്ടി മംഗലാപുരത്തും എത്തിയത്. വണ്ടി അവിടെ എത്തുമ്പോൾ നാട്ടിലെത്തിയ പ്രതീതിയായിരുന്നു. ഇനി ഒരു രണ്ടു മണിക്കൂർ കൂടി കഴിഞ്ഞാൽ യാത്ര അവസാനിപ്പിക്കാം. ഞാൻ അക്ഷമനായി.    തിരുവനന്തപുരത്തുകാർക്ക് ഇനി ഒരു രാത്രി കൂടി ഇതിലിരുന്നേ പറ്റൂ.

വണ്ടി മംഗലാപുരത്ത് എത്തുമ്പോൾ കയ്യിൽ ശുചീകരണയന്ത്രവുമായി ഒരു സ്ത്രീ വണ്ടിയിൽ കയറി. റയിൽവേയിലെ തൂപ്പുകാരിയാണവൾ. ചെറുപ്പക്കാരി.............

ദക്ഷിണേന്ത്യയിലേ വൃത്തിക്ക് വിലയുള്ളു. അവൾ കക്കൂസ് തുറന്നു. പാവം.............  മനുഷ്യമലം നിരന്നു കിടക്കുന്ന കക്കൂസ് വൃത്തിയാക്കാനുള്ള ദുർഗ്ഗതി അവൾക്കാണ്. നിർവ്വികാരതയോടെ അവൾ ഒരു ഫെയ്സ്മാസ്ക് എടുത്തു ധരിച്ചു. ഇത്തരം സന്ദർഭങ്ങളിൽ ശരിക്കും മൂടേണ്ടത് കണ്ണാണ്. അല്ലാതെ മൂക്കും വായുമല്ല. പക്ഷേ കണ്ണു മൂടിയാൽ പണി നടക്കില്ലല്ലോ എന്ന് ഞാൻ ചിന്തിച്ചു. കയ്യുറ ധരിച്ച് അവൾ പ്രവർത്യുന്മുഖമാകുമ്പോഴേക്കും വണ്ടി ചൂളം വിളിച്ചു. അവൾ ഇറങ്ങി. ഭാഗ്യം. ഈ നാറിയ പണി ചെയ്യുന്നതിൽ നിന്നും ഇന്നവൾ രക്ഷപ്പെട്ടിരിക്കുന്നു. തിരുവനന്തപുരത്തുള്ള ഏതോ മലയാളി സ്ത്രീക്കാണ് ഇനി അതിനുള്ള ദുര്യോഗം....

നാറിയ ഈ രംഗം റയിൽവേക്കാരും നാട്ടുകാരും കാണട്ടെ എന്നു ഞാൻ തീരുമാനിച്ചു. ആരും കാണാനിഷ്ടപ്പെടാത്ത ആ പരിസരം ഞാൻ എന്റെ മൊബൈലിൽ പകർത്തി. തീവണ്ടിയിലെ അനുഭവങ്ങൾ കുത്തിക്കുറിക്കുമ്പോൾ അതിന്റെ കൂടെ ചേർക്കാനായി ഞാനതു മാറ്റി വച്ചു. വൃത്തികേട് കാട്ടിയതുകൊണ്ടാണോ എന്തോ എന്റെ മൊബൈലും എന്നെയും നാറുന്നതായി എനിയ്ക്കു തോന്നി. വേഗം ഞാൻ ഡൽഹിയിൽ നിന്നു കയ്യിൽ കരുതിയ  വെള്ളമെടുത്ത് കയ്യും മുഖവും കഴുകി.
മനുഷ്യൻ മലിനമാക്കിയ, വണ്ടിയിലെ കക്കൂസ്

കൃത്യസമയത്തു തന്നെ വണ്ടി മംഗലാപുരം വിട്ടു. എന്നാൽ ഇതുവരെ നേരത്തെ ഓടിക്കൊണ്ടിരുന്ന വണ്ടി കേരളത്തിലെത്തിയപ്പോൾ വൈകാൻ തുടങ്ങി. 45മിനിറ്റ് വൈകിയാണ് വണ്ടി കാസർകോട്ടെത്തിയത്. ഒരു ട്രാക്ക് മാത്രമുള്ള കൊങ്കൺ റയിൽവേയിൽ നേരത്തേ ഓടുകയും രണ്ടു ട്രാക്കുള്ള കേരളത്തിൽ വൈകിയോടുകയും ചെയ്യുന്ന റയിൽവേയുടെ ഗുട്ടൻസ് എനിയ്ക്ക് പിടി കിട്ടിയില്ല. പക്ഷേ, എനിയ്ക്ക് പിടി കിട്ടാനല്ലല്ലോ നാട്ടിൽ വണ്ടി ഓടുന്നത്.

രാത്രി എട്ടരയോടെ വണ്ടി കണ്ണൂരിലെത്തിയപ്പോൾ പെട്ടികളും തൂക്കി ഞാൻ ഇറങ്ങുകയും മൂന്നാഴ്ച കഴിഞ്ഞാലുള്ള മടക്കയാത്ര ഓർത്തുകൊണ്ട് ഭാര്യവീട്ടിലേക്ക് വച്ചു പിടിക്കുകയും ചെയ്തു. അപ്പോൾ മറ്റൊരു തീവണ്ടിയാത്രക്ക് തിരശ്ശീല വീഴുകയായിരുന്നു............






3 അഭിപ്രായങ്ങൾ:

സജീവ്‌ മായൻ പറഞ്ഞു...

മൂന്നു ഭാഗങ്ങളും വായിച്ചാണ് എഴുതുന്നത്‌.
മനോഹരമായ ആഖ്യാനം.
സ്വന്തം ചിന്തകളെപ്പോലും തമാശയോടെ നോക്കിക്കണ്ടിരിക്കുന്നു!!!
ഒരു കാര്യത്തിലേ അഭിപ്രായവ്യത്യാസമുള്ളൂ. ടോയ്ലെറ്റിലെ പടം കാണിച്ചതില്‍.
പിന്നെ അതില്‍ തെറ്റു പറയാനുമാവില്ല.ഇതിലൊക്കെ ശ്രദ്ധയുണ്ടാകണം.
ഒരു കഥയൊക്കെ എഴുതിക്കൂടെ ?
നല്ല ഭാഷയുണ്ട്!!!


ആൾരൂപൻ പറഞ്ഞു...

സാധിക്കാത്തത് ആഗ്രഹിക്കരുത് എന്ന പക്ഷക്കാരനാണ് സജീവേ ഞാൻ. കഥയെഴുതാൻ വേണ്ടത് ഭാവനയാണ്. അതെനിയ്ക്കില്ല. അല്ലെങ്കിൽ അനുഭവങ്ങൾ കഥയാക്കി എഴുതണം. അതാണെങ്കിൽ കയ്യിലിശ്ശി ഉണ്ടു താനും. പക്ഷേ അനുഭവങ്ങൾ കഥയാക്കി എഴുതാൻ ഉള്ള കഥയില്ലായ്മ എനിയ്ക്കു കിട്ടുന്നില്ല. ആ, വിട്ടേയ്ക്കൂ.

anushka പറഞ്ഞു...

a nice read ....