2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

കടിക്കുന്ന പട്ടികളും കേരളവും...


മാസം കർക്കടകമല്ലേ! കേരളത്തിലല്ലെങ്കിലും കയ്യിൽ രാമായണമുണ്ടല്ലോ! ഒറ്റയ്ക്ക് താമസമായതുകൊണ്ട് സമയത്തിനും പഞ്ഞമില്ലല്ലോ! അങ്ങനെയാണ് കർക്കടകം ഒന്നാം തീയതി രാമായണം വായിക്കാൻ തുടങ്ങിയത്. കയ്യിലുള്ള 'വിദ്യാരംഭം' പ്രസിദ്ധീകരണമായ രാമായണത്തിനു 584 പേജുണ്ട്. ഒരു ദിവസം 20 പേജ് വച്ച് വായിച്ചാൽ തീരാവുന്നതേയുള്ളു.

വായന തുടങ്ങി. വായിച്ചു വായിച്ച് എത്തിയത് 'നരകവർണ്ണന'യിലാണ്. രാവണൻ നരകം (ഒന്നിലധികം) കാണുന്നതാണ് രംഗം. എഴുത്തച്ഛൻ എഴുതുന്നു.....

ക്രൂരങ്ങളായ മഹാ നരകങ്ങളി-
ലോരോ ദുരിതങ്ങൾ ചെയ്തു ജനങ്ങളെ
ദു:ഖിപ്പിക്കുന്നതും കണ്ടു ദശാനനൻ...

അപ്പോൾ ഞാനാലോചിച്ചു... ഇതല്ലേ കേരളത്തിലിപ്പോൾ നടക്കുന്നതെന്ന്........ പക്ഷേ, ഇതു കേരളവർണ്ണനയല്ലെന്നും നരകവർണ്ണനയാണെന്നും അറിയാനുള്ള അറിവ് എനിയ്ക്കുണ്ടായിരുന്നു. അതുകൊണ്ട് അധികം ചിന്തിച്ചിരിക്കാതെ ഞാൻ വായന തുടർന്നു.

ഉത്ക്കടരോഷേണ നായും നരികളും
ചെന്നു കടിച്ചുടൽ കീറുന്ന നേരത്തു
ഖിന്നതയോടെ മുറയിടുന്നൂ ചിലർ....
നായ്ക്കളെഴുനൂറ്റിരുപതുണ്ടുഗ്രമായ്
രൂക്ഷതയോടെ കടിച്ചു വലിക്കയും........

അപ്പോഴും എന്റെ ചിന്ത കേരളത്തിലെത്തി. ഇതല്ലേ ഇപ്പോഴവിടെ നടക്കുന്നത്? കുട്ടികളേയും വലിയവരേയും എന്നില്ലാതെ, കാണുന്ന ആളുകളെയൊക്കെ കേരളത്തിലെ നായ്ക്കൾ കടിക്കുന്നു എന്നല്ലേ പത്രത്തിൽ കാണുന്നത്. നായ്ക്കൾക്കനുകൂലമായും പ്രതികൂലമായും മനോരഞ്ജിനിമാർ പ്രത്യക്ഷപ്പെട്ടതും ഞാനോർത്തു. അപ്പോൾ എഴുത്തച്ഛൻ എഴുതുന്നത് നരകത്തെക്കുറിച്ചോ കേരളത്തെക്കുറിച്ചോ എന്നൊരു സംശയം എന്നിൽ ബാക്കിയായി....

സംശയം അവഗണിച്ചുകൊണ്ട് ഞാൻ വായന തുടർന്നു.

ചുട്ട മണലാം മരുഭൂമി തന്നിലേ
മുട്ടേൽ നടന്നു മുറയിടുന്നൂ ചിലർ....

ഇതും കൂടി വായിച്ചപ്പോൾ "ആടുജീവിതം" ആണ് എന്റെ ഓർമ്മയിലെത്തിയത്. അതു കേരളത്തേയും മലയാളിയേയും കുറിച്ചു തന്നെ... അപ്പോൾ എഴുത്തച്ഛൻ വർണ്ണിക്കുന്നത് കേരളത്തെക്കുറിച്ചോ നരകത്തെക്കുറിച്ചോ എന്ന് ഞാൻ കൂടുതൽ ചിന്തിക്കാൻ തുടങ്ങി...

ബാക്ക്ഗ്രൗണ്ടിൽ ചിന്ത നടന്നുകൊണ്ടിരിക്കേ എന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റം വായന വീണ്ടും തുടങ്ങി....

രാക്ഷസർ വാൾ കൊണ്ടു വെട്ടിപ്പൊളിക്കയും....

അതു വായിച്ചപ്പോൾ വടകരയിൽ നടന്ന 51 വെട്ടാണ് എന്റെ മനസ്സിൽ വന്നത്. അപ്പോൾ ഈ വർണ്ണന കേരളത്തെക്കുറിച്ചു തന്നെ എന്ന് എന്റെ മനസ്സ് എന്നെ ഉപദേശിച്ചു. ഞാൻ വായന തുടർന്നു....

മൂത്രമലജലചോരചലങ്ങളാൽ
പൂർത്തിയായുള്ള പുഴയിൽ കിടന്നുടൻ
നീന്തിക്കുഴഞ്ഞതു തന്നെ കുടിക്കയും .....

ഞാൻ വായന നിർത്തി... ഈ പുഴ കേരളത്തിലുള്ളതല്ലേ എന്നായി എന്റെ മനസ്സ്! ശബരിമല സീസണിൽ മലമൂത്രങ്ങൾ നിറയുന്ന പമ്പാനദിയാണോ കോഴിയിറച്ചിയും പോത്തിറച്ചിയും മറ്റും കൊണ്ടിട്ട് വൃത്തികേടാക്കുന്ന മറ്റു നദികളാണോ കവി ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.....

എന്തായാലും ഈ വർണ്ണന നരകത്തെക്കുറിച്ചല്ലെന്നും ഈ പുസ്തകം രാമായണമല്ലെന്നും ഇതേതോ മലയാളി ബ്ലോഗർ എഴുതി പ്രസിദ്ധീകരിച്ച പുസ്തകമാകാനേ തരമുള്ളു എന്നും ഞാൻ തീർച്ചയാക്കി.

വല്ല ബ്ലോഗറും എഴുതിയത് വായിക്കാനൊന്നും എന്നെ കിട്ടുകയില്ല. ഞാൻ വേഗം പുസ്തകം മടക്കി വച്ച് ഓണത്തിന് നാട്ടിൽ പോകാനുള്ള ഒരുക്കം തുടങ്ങി.....

6 അഭിപ്രായങ്ങൾ:

അന്നൂസ് പറഞ്ഞു...

ഒരല്‍പം കഷ്ടപ്പെട്ടിരിക്കുന്നു...സംഗതി നന്നേ രസിച്ചു. ഈ മട്ടില്‍ 584 പേജും വായിച്ചാല്‍ അന്തരംഗം അഭിമാന പൂരിതമാകുമായിരിക്കും അല്ലെ? ഹാഹ്ഹ ആശംസകള്‍ -

കൊച്ചു ഗോവിന്ദൻ പറഞ്ഞു...

ശ്രദ്ധേയമായ നിരീക്ഷണങ്ങൾ തന്നെ. "ആൾരൂപരാമായണം (വ്യാഖ്യാന സഹിതം)" എന്നൊരു പുസ്തകത്തെ കുറിച്ച് പോലും ചിന്തിക്കാവുന്നതേയുള്ളൂ. എഴുത്തച്ഛൻ എന്ന ബ്ലോഗറുടെ സ്മരണാർത്ഥമാണോ തിരൂരിൽ വെച്ച് ബ്ലോഗ്‌ മീറ്റ്‌ സംഘടിപ്പിക്കുന്നത് എന്നൊരു സംശയം ബാക്കി!
(ഓണത്തിന് മുമ്പ് അടുത്ത പോസ്റ്റ്‌ വന്നാലും ഇല്ലെങ്കിലും അഡ്വാൻസ് ആയിട്ട് ഇപ്പൊ തന്നെ പറഞ്ഞേക്കാം : ഓണാശംസകൾ!")

ആൾരൂപൻ പറഞ്ഞു...

വാസ്തവം! 584 പേജും ഇന്നത്തെ കാലഘട്ടത്തിനനുസരിച്ച് വ്യാഖ്യാനിക്കാം. അത്തരം വ്യാഖ്യാനത്തോടെ ഏതെങ്കിലും രസികൻ വൈകാതെ എഴുതാനും തരമുണ്ട്.

വായനക്ക് രണ്ടു പേർക്കും നന്ദി.

പിന്നെ ബ്ലോഗ് മീറ്റ് തിരൂരിൽ വച്ചു നടത്തുന്നത് ആൾരൂപൻ എന്ന ബ്ലോഗർ അവിടത്തുകാരനായതുകൊണ്ടാണ്.

രണ്ടു പേർക്കും ഊഷ്മളമായ ഓണാശംസകൾ!!!!!!!

സജീവ്‌ മായൻ പറഞ്ഞു...

സന്ദര്‍ഭവും വിവേകവും തൊട്ടുതീണ്ടാത്ത പോസ്റ്റ്‌.

കേരളത്തിന്‌ പുറത്തിരുന്ന് സ്വന്തം നാട്ടിനെ വിമര്‍ശിക്കാന്‍ എഴുത്തച്ഛന്‍റെ
അദ്ധ്യാത്മരാമായണത്തെ കരുവാക്കിയത് ശരിയായില്ല.
അതും ഈ കര്‍ക്കിടകമാസത്തില്‍!!!

ഈ പ്രശ്നങ്ങളൊക്കെ കേരളത്തെക്കാളും കൂടുതലായി മറ്റു നാടുകളിലുമുണ്ട്.

തിരൂറുകാറനായതുകൊണ്ട് എഴുത്തച്ഛന്‍ പോലും ഇത് ക്ഷമിക്കുമെന്ന്
തോന്നുന്നില്ല!!!

ഏതായാലും രാമായണം വായന മുടക്കേണ്ട.
"'രാ" മായട്ടെ!!!!!

ആൾരൂപൻ പറഞ്ഞു...

തത്വദീക്ഷയില്ലാതെ ഓരോന്നു വാരിവലിച്ചെഴുതുന്നവനെ ചമ്മട്ടി കൊണ്ടടിക്കണമെന്ന എന്റെ നിരീക്ഷണം സാധൂകരിക്കുന്നതാണ് സജീവ്ജി, താങ്കളുടെ വിലയേറിയ ഈ അഭിപ്രായം.

സുധി അറയ്ക്കൽ പറഞ്ഞു...

രാമായണത്തെ കൂട്ട പിടിച്ചത് സരിയായില്ല എന്ന അഭിപ്രായം എനിക്കുണ്ട്.നന്നായി മെനക്കെട്ടത് കൊണ്ട് ഒന്നും പറയാന്‍ തോന്നുന്നുമില്ല.

പക്ഷെ നല്ല നിരീക്ഷണം ആണ്.സാരമില്ല.