2015, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

വീണ്ടും ഒരു തീവണ്ടിയാത്ര - 1

2015 ആഗസ്റ്റ് 14 വെള്ളിയാഴ്ച.  

നാട്ടിൽ നിന്ന് ഡൽഹിയിൽ മടങ്ങിയെത്തിയിട്ട് മാസം മൂന്നാവുന്നതേയുള്ളൂ; പക്ഷേ ഓണമല്ലേ വരുന്നത്; വീണ്ടും ഞാൻ കണ്ണൂർക്ക് പുറപ്പെടുകയായി. ഓഫീസിൽ നിന്ന് വീട്ടിലെത്തിയ പാടേ ഞാൻ കാർകവറെടുത്ത് കാർ മൂടി വച്ചു. ഇല്ലെങ്കിൽ 3 ആഴ്ച കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ മണ്ണും പൊടിയും പിടിച്ച് കാറിന്റെ അവസ്ഥ വളരെ ദയനീയമായിരിക്കും. എൻ.സി.ആറിലെ അന്തരീക്ഷത്തിലേയും പരിസരങ്ങളിലേയും മലിനത അറിയുന്നവർക്കേ ആ അവസ്ഥയുടെ നേർച്ചിത്രം ഊഹിക്കാൻ പറ്റൂ.

നെറ്റ് ഓൺ ചെയ്ത് 22363 നമ്പർ വണ്ടിയുടെ സ്ഥിതിവിവരക്കണക്കുകൾ ഒരിക്കൽ കൂടി നോക്കി. ഭാഗ്യം! അത് സമയത്തു തന്നെ നിസാമുദ്ദീനിലെത്തിയിട്ടുണ്ട്. അപ്പോൾ തിരുവനന്തപുരത്തേക്കുള്ള 22364 നമ്പർ വണ്ടി സമയത്തു തന്നെ പോകുമെന്നുറപ്പിക്കാം.  പെട്ടിയും ഭാണ്ഡങ്ങളും ഞാൻ നേരത്തേ പാക്ക് ചെയ്ത് വച്ചിട്ടുണ്ട്. അടുത്തുള്ള മാർക്കറ്റിൽ പോയി യാത്രയിൽ കഴിക്കൻ വേണ്ടി 2-3 കിലോ പഴങ്ങൾ വാങ്ങി വച്ചു.

സമയം വൈകുന്നേരം 7 മണി. കുളിച്ചു. പോകുന്നതിനു മുമ്പായി ചെയ്തു തീർക്കാനുള്ളത് രാമായണം വായനയാണ്. ഒരു 30 പേജ് കൂടി ബാക്കിയുണ്ട്. ഞാൻ വായന തുടങ്ങി. ലക്ഷ്മപരിത്യാഗം കഴിഞ്ഞ് സ്വർഗ്ഗാരോഹത്തിനായി ശ്രീരാമൻ സരയൂ നദിയിലേക്ക് നീങ്ങുകയാണ്. നാരദന്റെ (അതോ ബ്രഹ്മാവിന്റേയൊ? മറന്നുപോയി!) ശ്രീരാമസ്തുതി തുടങ്ങുകയായി. അപ്പോഴാണ് ഇന്ന് വെള്ളിയാഴ്ചയാണല്ലോ, വീക്കെൻഡാണല്ലോ എന്നൊക്കെയുള്ള ഓർമ്മ പൊടുന്നനേ തലയിൽ കേറി വന്നത്. വാരാന്ത്യങ്ങളിലെ അഭൂതപൂർവ്വമായ ട്രാഫിക്ക്ജാമുകൾ മനസ്സിൽ കേറി വന്ന ഞാൻ പൊടുന്നനേ രാമായണം അടച്ചു. ട്രാഫിക്ക് ജാമിൽ കുടുങ്ങിയാലുള്ള അവസ്ഥ പറയാവതല്ല. പിന്നീടെപ്പോഴാണ് അതിൽ നിന്ന് രക്ഷപ്പെടുക എന്ന് പറയുക പ്രയസം. 

ഞാൻ വേഗം യാത്രക്കിറങ്ങാനുള്ള ഒരുക്കം തുടങ്ങി. അപ്പോൾ എന്റെ മനസ്സിലുള്ള ചിന്ത രാമായണത്തിൽ ഇനി ബാക്കിയുള്ളത് 6 പേജ് മാത്രമാണല്ലോ എന്നതായിരുന്നു. അതും കൂടി വായിച്ചിരുന്നുവെങ്കിൽ രാമായണം മുഴുവനായി വായിച്ചു എന്നു വരുമായിരുന്നു. അല്ലെങ്കിലും ഇതങ്ങനെയേ വരൂ; വൈകുവോളവും വെള്ളം കോരി വൈകീട്ട് കലമിട്ടുടക്കുന്നത് ജീവിതത്തിലുടനീളം എന്റെപതിവായിരുന്നുവല്ലോ എന്നു ഞാൻ സമാധാനിച്ചു.

8 മണിയോടെ ഞാൻ വാതിൽ പൂട്ടി ഫ്ളാറ്റിൽ നിന്നിറങ്ങി. ഫ്ളാറ്റിനു മുന്നിൽ ഓട്ടോറിക്ഷകളുടേ നീണ്ട നിര പതിവാണ്‌. പക്ഷേ ഇന്ന് ഓട്ടോസ്റ്റാന്റ് ശൂന്യമായിരുന്നു. അല്ലെങ്കിലും ഒരാവശ്യം വരുമ്പോൾ ഒന്നിനേയും കാണില്ല. ഞാൻ അക്ഷമനായി, കാണുന്ന ഓട്ടോറിക്ഷകൾക്കെല്ലാം കൈ കാണിച്ചു. വാരാന്ത്യത്തിൽ നാടെത്താനുള്ള ആളുകളുടെ ധൃതിയിൽ ഓട്ടോകൾക്ക് നില്ക്കാൻ നേരം കിട്ടുന്നില്ല. കുറേ നേരം കൈ കാട്ടിയപ്പോൾ എനിയ്ക്കും കിട്ടി ഒരെണ്ണം. ഞാൻ വേഗം പെട്ടികളും തൂക്കി ഓട്ടോയിൽ കയറി ഇരുന്നു.

“വൈശാലി മെട്രോ”, ഞാൻ പറഞ്ഞു.

 റോഡിലെ ആൾത്തിരക്കും ട്രാഫിക്ജാമും അതിജീവിച്ച് ഓട്ടോക്കാരൻ എന്നെ മെട്രോസ്റ്റേഷന്റെ മുന്നിൽ കൊണ്ടു വന്നു വിട്ടു. ഞാൻ പച്ചാസിന്റെ ഒരു നോട്ടെടുത്ത് ഓട്ടോക്കാരനു നേരേ നീട്ടി.

ഉടനെ വന്നു പ്രതികരണം.... “സാഠ്”.

യാത്ര എന്ന വാക്കിന്‌ എന്റെ നിഖണ്ഡുവിലെ അർത്ഥം അധികച്ചെലവ്‌ എന്നാണ്‌. അതുകൊണ്ട്, മറുത്തൊന്നും പറയാതെ ഒരു പത്തുരൂപ നോട്ടുകൂടി ഞാൻ അയാൾക്കു കൊടുത്തു.

ലഗേജ് സ്കാനിങ്ങും ബോഡി ഫ്രിസ്ക്കിങ്ങും കഴിഞ്ഞ് ഞാൻ പ്ളാറ്റ്ഫോമിന്റെ ഒരറ്റത്ത് സ്ഥലം പിടിച്ചു. “ട്രെയ്ൻ കോച്ചസ് - 6” എന്നും “വൈശാലി - ട്രെയ്ൻ ടെർമിനെയ്റ്റ്സ് ഹിയർ” എന്നും മറ്റും ആംബർ നിറമുള്ള ഡിസ്പ്ളേ ബോർഡിൽ അറിയിപ്പുകൾ വരുന്നുണ്ട്.

ഇതാണ്‌ വൈശാലി മെട്രോ സ്റ്റേഷൻ.... ഡൽഹി മെട്രോയുടെ ഒരു ബ്ളൂ ലൈൻ തുടങ്ങുന്നത് ഇവിടെ നിന്നാണ്‌. മറ്റേത് നോയ്ഡയിൽ നിന്നും.

എങ്ങനെയാണാവോ ഈ സ്ഥലത്തിനു വൈശാലി എന്ന പേർ വന്നത്‌? ശ്രീബുദ്ധൻ പല തവണ വൈശാലി സന്ദർശിച്ചിട്ടുണ്ടെങ്കിലും അത് ഈ സ്ഥലമല്ല. മഹഭാരതത്തിലെ വൈശാലിയുമായും ഈ വൈശാലിക്ക് ബന്ധമില്ല. എങ്കിലും വൈശാലി എന്ന പേര്‌ ഒരിക്കൽ കൂടി അറ്റ്ലസ് രാമചന്ദ്രനേയും ബാബു ആന്റണിയേയും ഗീതയേയും സർവ്വോപരി എം. ടിയേയും ഞാൻ ഓർക്കാൻ ഇടയാക്കി. “വൈശാലി”യിലെ ആ മഴ കാണേണ്ടതു തന്നെയാണ്‌.

ദ്വാരകയിലേക്കുള്ള മെട്രോ ട്രെയ്ൻ പ്ളാറ്റ്ഫോമിൽ വന്നു നിന്നു. പ്ളാറ്റ്ഫോമിൽ വലിയ തിരക്കില്ല. അങ്ങനെ സംഭവിക്കാൻ പാടില്ലാത്തതാണ്‌ - വാരാന്ത്യമല്ലേ? രണ്ടുപേർക്ക് ചേർന്നിരിക്കാവുന്ന ഒരു സീറ്റിൽ ഞാൻ വേഗം സ്ഥലം പിടിച്ചു. വണ്ടി പുറപ്പെടുന്നതിനിടയിൽ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും ഓടി വന്ന് ട്രെയിനിൽ കയറി. യുവതി ഓടി വന്നിരുന്നത് എന്റെ അടുത്താണ്‌. മിനിസ്കർട്ട് ധരിച്ച അവളുടെ വെളുത്ത തുടകൾ എന്നിൽ ഒരു തരം അസ്വസ്ഥത ഉണ്ടാക്കി. എന്റെ കണ്ണുകൾ എന്നെ അനുസരിക്കാൻ മടിക്കുന്നതു പോലെ...

കൗശാംബി സ്റ്റേഷനിലെത്തിയപ്പോൾ വണ്ടിയിൽ ആളുകൾ നിറഞ്ഞിരുന്നു. എങ്ങനെയാണാവോ ഈ സ്ഥലത്തിന്‌ ഈ പേർ ലഭിച്ചത്? മഹാഭാരതത്തിലെ കൗശാംബിയുമായോ ബുദ്ധകാലത്തെ കൗശാംബിയുമായോ ഈ കൗശാംബിക്ക് ബന്ധമൊന്നുമില്ല.

ആനന്ദ് വിഹാർ പിന്നിട്ട വണ്ടി കഡ്കഡ്ദൂമ സ്റ്റേഷനിലൂടെ പോകുന്നത് കുറച്ചകലെയുള്ള “കോട്ടക്കൽ ആര്യവൈദ്യശാല” എന്ന ബോർഡ് മലയാളികളും അല്ലാത്തതുമായ യാത്രക്കാർക്ക് കാണിച്ചുകൊടുത്തുകൊണ്ടായിരുന്നു. ഇവിടെയാണ്‌ ആര്യവൈദ്യശാലയുടെ ഡൽഹി ബ്രാഞ്ച് പ്രവർത്തിക്കുന്നത്. 

സ്റ്റേഷനുകൾ ചിലത് പിന്നിട്ട് വണ്ടി യമുനാനദിയുടെ മുകളിലൂടെ പോകുമ്പോൾ യമുന എന്ന അത്ഭുതം എന്നെ ഒരിക്കൽ കൂടി ചിന്താവിഷ്ടനാക്കി. ശ്രീകൃഷ്ണനും ഗോപസ്ത്രീകളും കാലയവനികക്കുള്ളിൽ മറഞ്ഞ് സഹസ്രാബ്ദങ്ങൾ കഴിഞ്ഞിട്ടും യമുന നില്ക്കാതെ ഒഴുകുകയാണ്‌ - മലിനയായിട്ടാണെങ്കിലും. യമുനയെ ശുദ്ധീകരിക്കാൻ എടുത്ത പുതിയ അവതാരമായിരിക്കുമോ അരവിന്ദ് കെജ്രിവാൾ?

വണ്ടി ഇന്ദ്രപ്രസ്ഥ സ്റ്റേഷനിലെത്തിയപ്പോൾ ഞാൻ ഇറങ്ങി. ലഗേജുകളുടെ ഭാരം കൈകളെ അലോസരപ്പെടുത്താൻ തുടങ്ങിയിരുന്നു. അതുകൊണ്ട് ഞാൻ കുറച്ചുനേരം പ്ളാറ്റ്ഫോമിൽ തന്നെ നിന്നു. അപ്പോൾ ഇതാണല്ലോ ചിരപുരാതനമായ ഇന്ദ്രപ്രസ്ഥം എന്ന് ഞാൻ ഓർത്തു. ഒ. വി. വിജയൻ താമസിച്ചത് ഡൽഹിയിലായിരുന്നുവെങ്കിലും അദ്ദേഹം അതിനെ ഇന്ദ്രപ്രസ്ഥം എന്നേ പറഞ്ഞിരുന്നുള്ളു. വിജയൻ അർജുനനാണല്ലോ? അർജുനന്‌ ഇന്ദ്രപ്രസ്ഥവുമായി ബന്ധമുള്ളതുകൊണ്ടായിരിക്കും തന്നേയും ഇന്ദ്രപ്രസ്ഥവുമായി ബന്ധിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചത്. അപ്പോൾ എന്റെ പേരിലും വിജയൻ ഉണ്ടല്ലോ എന്നു ഞാനോർത്തു. അർജുനന്റെ പര്യായമായ വിജയൻ മാത്രമല്ല ശ്രീകൃഷ്ണന്റെ പര്യായമായ ഗോപാലനും എന്റെ പേരിലുണ്ടല്ലോ എന്നും ഞാനപ്പോൾ ഓർത്തു. മാത്രമല്ല അർജുനനും ശ്രീകൃഷ്ണനും കൂടിച്ചേർന്നാൽ വിജയം സുനിശ്ചിതമാണെന്ന ഗീതയിലെ
"യത്ര യോഗേശ്വര : കൃഷ്ണോ യത്ര പാ൪ത്ഥോ ധനുർധര :
തത്ര ശ്രീർവിജയോ ഭൂതിർ ധ്രുവാ നീതിർമതിർമമ." എന്ന
 അവസാനത്തെ ശ്ളോകവും എന്റെ മനസ്സിൽ ഓടിയെത്തി. അപ്പോൾ എന്റെ ചിന്തകൾ നാലു ദശാബ്ദത്തോളം പുറകോട്ടു പോയി. 1974-ൽ ജില്ലയിൽ SSLC-ക്ക് ഒന്നാമനായതിന്റെ പേരിലുള്ള കേഷ് അവാർഡ് ഏറ്റുവാങ്ങുമ്പോൾ “ ഈ കുട്ടി അവന്റെ പേര്‌ അന്വർത്ഥമാക്കിയിരിക്കുന്നു” എന്നു എന്റെ സ്കൂൾ ഹെഡ്മാസ്റ്റർ പറഞ്ഞതാണ്‌ എന്റെ ചിന്തകൾ പുറകോട്ടു പോകാൻ കാരണമായത്.  പിന്നീട് ജീവിതത്തിൽ അനർത്ഥങ്ങൾ മാത്രം ഉണ്ടാക്കുവാനല്ലേ തനിക്കു കഴിഞ്ഞിട്ടുള്ളൂ എന്ന് ഇന്ദ്രപ്രസ്ഥത്തിന്റെ ആ പ്ളാറ്റ്ഫോമിൽ നിന്ന് ഞാൻ എന്നോടു തന്നെ ചോദിച്ചു. പരീക്ഷക്ക് മാർക്കു വാങ്ങുന്നത് പോലെ എളുപ്പമല്ല ജോലിയിൽ നല്ല പേരെടുക്കുന്നത് എന്ന് ഞാൻ അനുഭവത്തിലൂടെ മനസ്സിലാക്കിയിട്ടുണ്ട്. കാര്യക്ഷമമായി ജോലി ചെയ്യുകയല്ല മറിച്ച് മേലുദ്യോഗസ്ഥന്റെ പ്രീതി പിടിച്ചു പറ്റുകയണ്‌ ജോലിയിൽ ശോഭിക്കാൻ വേണ്ടത് എന്ന് ഞാൻ അനുഭവത്തിലൂടെ അറിഞ്ഞിരുന്നു. ആത്മാർത്ഥതക്ക്‌ ഔദ്യോഗികരംഗത്തെ വില ആലോചിച്ചപ്പോൾ “കപടലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം” എന്ന രമണനിലെ വരികളാണ്‌ എന്റെ മനസ്സിൽ തികട്ടി വന്നത്. ജീവിതത്തിൽ അനർത്ഥങ്ങൾ മാത്രം ഉണ്ടാക്കുവാനല്ലേ തനിക്കു കഴിഞ്ഞിട്ടുള്ളൂ എന്ന ചോദ്യത്തിനു ഉത്തരം കൊടുക്കാതെ ഞാൻ വേഗം ലഗേജും തൂക്കി പ്ളാറ്റ്ഫോമിന്റെ പടികൾ ഇറങ്ങി.

താഴെ റോഡിൽ ഓട്ടോറിക്ഷകളുടെ നീണ്ട നിര കാണാമായിരുന്നു. സ്റ്റേഷനിൽ നിന്നു വരുന്ന ആളുകളെ വിളിക്കാൻ ഞാനാദ്യം, ഞാനാദ്യം എന്ന ഭാവത്തിൽ ഓട്ടോക്കാർ തയ്യാറായി നിന്നു. ഞാൻ താഴെയെത്തിയതും വൃദ്ധനായ ഒരു മുസ്ലിം എന്റെ കയ്യിൽ നിന്ന് പെട്ടിക്കായി കൈ നീട്ടി. ഞാൻ വേഗം കൊടുത്തു. കയ്യിലെ ഭാരം കുറഞ്ഞതിന്റെ സന്തോഷമായിരുന്നു എനിയ്ക്ക്. അയാൾക്കും സന്തോഷം; തനിക്ക് ഒരു യാത്രക്കാരനെ കിട്ടിയല്ലോ എന്നതായിരുന്നു അയാളുടെ സന്തോഷത്തിനു കാരണം...

ഓട്ടോ, നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷന്റെ മുന്നിലെത്തിയപ്പോൾ ഓട്ടോക്കൂലി കൊടുത്ത് ഞാനിറങ്ങി.     വണ്ടി പുറപ്പെടാൻ ഇനിയും രണ്ടു മണിക്കൂറുണ്ട്. ലഗേജും തൂക്കി നടന്ന ഞാൻ സ്റ്റേഷനിലെ വെയ്റ്റിങ്ങ് റൂമിൽ സ്ഥലം പിടിച്ചു. ഇരുന്ന ഇരുപ്പിന്‌ കയ്യിലിരുന്ന പഴങ്ങൾ 2-3 എണ്ണം എടുത്ത് അകത്താക്കി. ഇതാണ്‌ ഇന്നത്തെ അത്താഴം. ശരീരം വിയർക്കാൻ തുടങ്ങിയിരുന്നു. ലഗേജുകൾ തൂക്കിയതിന്‌ ശരീരം പ്രതിഷേധിക്കുകയാണ്‌. ഞാൻ ഒരു സീലിങ്ങ് ഫാനിന്റെ കീഴിലേക്ക് നീങ്ങിയിരുന്നു. പക്ഷേ വിയർക്കുന്ന ദേഹത്തിന്‌ തുണയാകാൻ അതിന്റെ കാറ്റിനായില്ല. നെറ്റിയിൽ നിന്ന്‌ ഇറ്റിറ്റു വീണ വിയർപ്പുകണങ്ങൾ ഞാൻ കൈ കൊണ്ടു തുടച്ചു.

എന്റെ വണ്ടിയുടെ സ്ഥിതിയെന്താണ്‌? അതറിയാൻ ഞാൻ മുന്നിലുള്ള ഡിസ്പ്ളേ ബോർഡിൽ നോക്കി. അതിൽ വണ്ടി സമയങ്ങൾ മാറിമറിയുകയാണ്‌. 20.55ന്‌ പുറപ്പെട്ട ഭോപ്പാൽ എക്സ്പ്രസ്സിന്റെയും 23.45ന്‌ പുറപ്പെടുന്ന തൂഫാൻ എക്സ്പ്രസ്സിന്റെയും സമയം വരെ അതിൽ കണ്ടെങ്കിലും അതിനിടക്ക് പുറപ്പെടുന്ന നിസാമുദ്ദീൻ - തിരുവനന്തപുരം എക്സ്പ്രസ്സിന്റെ സമയം ഞാനതിൽ കണ്ടില്ല.   എനിയ്ക്ക് ബേജാറായി. ഞാൻ ലഗേജും തൂക്കി അന്വേഷണ കൗണ്ടറിലേക്ക് നടന്നു. തിക്കിത്തിരക്കി കാര്യങ്ങൾ അന്വേഷിച്ചു. സമാധാനം. വണ്ടി സമയത്തു തന്നെയാണ്‌. നാലാമത്തെ പ്ളാറ്റ്ഫോമിൽ നിന്നാണ്‌ പുറപ്പെടുന്നത്.  പ്ളാറ്റ്ഫോമിലേക്കുള്ള കോണിപ്പടിയിൽ പെട്ടി വച്ച് ഞാൻ അതിന്മേൽ ഇരിപ്പായി. സ്റ്റേഷനിൽ വണ്ടികൾ വരുന്നതും പോകുന്നതും നോക്കി ഉറക്കം തൂങ്ങിക്കൊണ്ട് ഞാൻ എന്റെ വണ്ടി കാത്തിരുന്നു. ഝാൻസിയിൽ നിന്നുള്ള വണ്ടി പ്ളാറ്റ്ഫോം 4-ൽ വന്നു നിന്നപ്പോൾ അവിടം ആബാലവൃദ്ധം ജനങ്ങളെക്കൊണ്ട് നിബിഡമായി. അരമണിക്കൂർ കഴിഞ്ഞപ്പോൾ പ്ളാറ്റ്ഫോം വിജനമാകുകയും ചെയ്തു. ഇൻഡോറിലേക്കുള്ള ഇന്റർസിറ്റി എക്സ്സ്പ്രസ് പുറപ്പെട്ടത് ഞാൻ നോക്കി. അതിലെ ജനറൽ കമ്പാർട്ട്മെന്റ് യാത്രക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു. പൂഴി വാരിയിട്ടാൽ താഴെ വീഴാത്ത തിരക്ക്. ഈ തോതിലുള്ള തിരക്ക് ഒരു പ്രൈവറ്റ് ബസ്സിലോ സ്വകാര്യ വാഹനത്തിലോ ആണെങ്കിൽ അതിന്റെ ഉടമസ്ഥൻ ജയിലിൽ കിടന്ന് അഴിയെണ്ണും. എന്നാൽ തീവണ്ടിയുടെ ഉടമസ്ഥൻ സർക്കാറായതുകൊണ്ട് കേസുമില്ല, വഴക്കുമില്ല, ഒന്നുമില്ല; ഇങ്ങനെയുണ്ടോ ഒരു നിയമം? മാത്രമല്ല തീവണ്ടികൾ മറിയുന്നതും സർക്കാറിനേയോ ഉദ്യോഗസ്ഥരേയോ പ്രതിക്കൂട്ടിലാക്കുന്നുമില്ല; കഷ്ടം!

തിരുവനന്തപുരം വണ്ടി പ്ളാറ്റ്ഫോമിൽ വന്നു നിന്നപ്പോൾ ഞാൻ വേഗം അതിൽ കയറി ലഗേജ് ഒരിടത്ത് ഭദ്രമായി വച്ച് കിടന്നു. ക്ഷീണവും ഉറക്കച്ചടവും കാരണം ഞാൻ വേഗം ഉറങ്ങിപ്പോയി. രാവിലെ ഉണരുമ്പോൾ വണ്ടി കോട്ട ജങ്ക്ഷനിലെത്തിയിരുന്നു. പതിവുപോലെ ഞാൻ അടുത്തേക്കും അകലേക്കും നോക്കി. അവിടെ കോട്ടയുടേയോ കോട്ട നിന്നതിന്റേയോ ഒരു ലക്ഷണവും ഇല്ലായിരുന്നു. എന്നിട്ടും ആ സ്റ്റേഷന്‌ കോട്ട എന്ന പേരുള്ളപ്പോൾ എങ്ങും കോട്ടകൾ മാത്രം കാണുന്ന സ്റ്റേഷനുകൾക്ക് കോട്ട എന്നു പേരിടാത്തത് എന്തെന്ന് ഞാൻ ചിന്തിച്ചു. പക്ഷേ, എന്റെ ചിന്തയനുസരിച്ചല്ലല്ലോ സ്റ്റേഷനുകൾക്ക് റെയിൽവേ പേരിടുക.

ഞാൻ പതുക്കെ മൊബൈൽ കയ്യിലെടുത്തു. അതിൽ നിറയെ സ്വാതന്ത്ര്യദിനാശംസകളാണ്‌. ശരിയാണ്‌. ഇന്ന് ആഗസ്റ്റ് 15 ആണല്ലോ! ആഫീസിൽ ഇപ്പോൾ പതാക ഉയർത്തുന്നതിന്റെ തിരക്കായിരിക്കും. മഴയുണ്ടാകുമോ എന്തോ? കഴിഞ്ഞ വർഷം ഈ ദിവസം ഞാൻ ഓഫീസിലായിരുന്നു എന്ന കാര്യം ഞാൻ ഓർത്തു. കഴിഞ്ഞ ആഗസ്റ്റ് 15 എനിയ്ക്ക് മധുരതരമായ ഒരു ദിവസമായിരുന്നു എന്നും ഞാൻ ഓർത്തു. അന്നാണ്‌ എന്റെ സഹപ്രവർത്തകർ എന്നെ ഓഫീസിലെ ഏറ്റവും കൂടുതൽ ജനകീയനായ ഉദ്യോഗസ്ഥനായി തെരഞ്ഞെടുത്തത്. അതിന്റെ അടിസ്ഥാനത്തിൽ ഡയറക്റ്റർ ജനറലിന്റെ വകയായി താഴെ ചേർത്ത ഒരു സർട്ടിഫിക്കറ്റും കിട്ടി. അപ്പോൾ സഹ ഉദ്യോഗസ്ഥരും മേലുദ്യോഗസ്ഥരും തങ്ങളുടെ സഹപ്രവർത്തകരെ വിലയിരുത്തുന്നതിലെ വൈജാത്യം ഞാൻ ഒരിക്കൽ കൂടി ഓർത്തു.


ദീർഘദൂരതീവണ്ടിയിലെ യാത്രക്കാർക്ക് ദിവസത്തിനും സമയത്തിനും വലിയ വിലയില്ല. മിക്കവരും അതുകൊണ്ടു കിടന്നുറങ്ങുകയാണ്‌ ചെയ്യുക. എന്റെ അടുത്തുള്ള ആരും എണീറ്റിട്ടില്ല. ഞാൻ എന്റെ ചുറ്റുമുള്ളവരെ നോക്കി. അപ്പോൾ എന്റെ കണ്ണുകൾക്ക് ഉത്സവം ഏകിക്കൊണ്ടു വെളുത്ത് കൊലുന്ന്‌ ചെറുപ്പക്കാരിയായ ഒരു സുന്ദരി മദാമ്മ എന്റെ അടുത്ത ബർത്തിൽ കിടന്നുറങ്ങുന്നത് എനിയ്ക്ക് കാണായി.                                            .............................. തുടരും



3 അഭിപ്രായങ്ങൾ:

കൊച്ചു ഗോവിന്ദൻ പറഞ്ഞു...

നമ്മുടെ മനസ്സ് ചിന്തകൾ ഉൽപ്പാദിപ്പിക്കുന്ന ഒരു യന്ത്രമാണ്. ഒന്നിന് പിറകേ ഒന്നായി പുതിയ ചിന്തകൾ വന്നുകൊണ്ടേയിരിക്കും. ആ ചിന്തകളെ മനോഹരമായി കോർത്തിണക്കി അവതരിപ്പിക്കാൻ ശ്രീ. ആൾരൂപന് (സാർ എന്ന് വിളിക്കുന്ന പ്രശ്നമില്ല!) ഒരു പ്രത്യേക സിദ്ധി തന്നെയുണ്ട്. ഒരു തീവണ്ടി യാത്രക്കിടയിൽ മനസ്സിലെത്തുന്ന ചിന്തകളെ, യുക്തിയോ അയുക്തിയോ പരസ്പരബന്ധമോ നോക്കാതെ എത്ര രസകരമായി അവതരിപ്പിച്ചിരിക്കുന്നു.

എന്നാലും വെറും ആറ് പേജ് ബാക്കിയുള്ളപ്പോൾ രാമായണം വായന അവസാനിപ്പിച്ചത് കഷ്ടമായിപ്പോയി. ചുരുങ്ങിയത്, ഫോണിൽ ഫോട്ടോ എടുത്ത് യാത്രക്കിടയിൽ എങ്കിലും വായിച്ച് തീർക്കാമായിരുന്നു. (വാട്ടേ ബുദ്ധി!)

ആൾരൂപൻ പറഞ്ഞു...

കൊച്ചേ, ഇതൊക്കെ ഇനിയും വായിച്ചാൽ ഞാൻ ചമ്മട്ടിയെടുക്കും; പറഞ്ഞില്ലെന്നു വേണ്ട....

കർക്കടകം ഇനിയും വരുമല്ലോ... രാമായണം ബാക്കി അപ്പോൾ വായിക്കാം. പോരേ?

സുധി അറയ്ക്കൽ പറഞ്ഞു...

നല്ല രസമുണ്ട്‌ വായിയ്ക്കാൻ.

വെറുതേയിരിക്കുമ്പോൾ അല്ലെങ്കിൽ യാത്രയിലായിരിക്കുമ്പോൾ അല്ലെങ്കിൽ ഒരു സിനിമ കാണാൻ തീയേറ്ററിൽ ആയിരിക്കുമ്പോൾ ഞാൻ എന്തെല്ലാം ചിന്തിച്ച്‌ കൂട്ടാറുണ്ട്‌.അതൊന്നും ഇങ്ങനെ വായിയ്ക്കുന്നവരുടെ മനസ്സിലേക്കിടിച്ച്‌ കയറ്റുന്ന രീതിയിൽ എഴുതാനുള്ള കഴിവൊട്ടില്ല താനും.താങ്കൾ എത്ര മനോഹരമായി എഴുതുന്നു.

ഉം.ഉം.ഉം.മദാമ്മ വന്നല്ലോ.
ബാക്കി വായിയ്ക്കട്ടെ