2015, ഓഗസ്റ്റ് 22, ശനിയാഴ്‌ച

ജനസാഗർ എക്സ്പ്രസ് എന്ന ജനശതാബ്ധി

അബദ്ധവശാൽ ആരെങ്കിലും എന്റെ ഈ കുത്തിക്കുറിപ്പിന്റെ തലക്കെട്ട് കണ്ടാൽ ശതാബ്ദി എന്നെഴുതാൻ അറിയാത്ത ഇവനൊക്കെ എഴുതാൻ തുടങ്ങിയപ്പോളാണ്‌ ഭൂമിമലയാളം നശിക്കാൻ തുടങ്ങിയത് എന്നു ചിന്തിച്ചേക്കാം. ശരിയായിരിക്കാം..  അതവിടെ നില്ക്കട്ടെ.

മരുസാഗർ എക്സ്പ്രസ്, റാപ്തിസാഗർ എക്സ്സ്പ്രസ്, ഹുസൈൻ സാഗർ എക്സ്പ്രസ്, ഗംഗാ സാഗർ എക്സ്പ്രസ്, സുഖസാഗർ എക്സ്പ്രസ് എന്നിങ്ങനെ സമാനമായ പേരുകളുള്ള വണ്ടികൾ ഇന്ത്യൻ റയിൽവേയിലുണ്ടെങ്കിലും ജനസാഗർ എക്സ്പ്രസ് എന്ന് വിളിക്കാവുന്ന വണ്ടികൾ ഉള്ളതായി റയിൽവേക്കാർക്കുപോലും അറിയണമെന്നില്ല. അതും അവിടെ നില്ക്കട്ടെ.

കണ്ണൂരിലേക്ക് പോകാൻ 12617, എറണാകുളം - ഹസ്രത് നിസാമുദ്ദീൻ മംഗള എക്സ്പ്രസ്സും കാത്ത് കുറ്റിപ്പുറം റയിൽവേ സ്റ്റേഷനിൽ ഇരിക്കുകയാണ്‌ ഞാൻ. ഒന്നരക്കെത്തേണ്ട വണ്ടി ഒന്ന്- അമ്പതിനേ വരൂ എന്ന് അറിയിപ്പുണ്ട്. അങ്ങനെ ഇരിക്കുമ്പോഴുണ്ട് +91139 എന്ന നമ്പറിൽ നിന്ന് എന്റെ മൊബൈലിൽ ഒരു  unsolicited call.

അപ്പോൾ റയിൽവേയും തുടങ്ങിയോ ഈ സ്വൈരം കെടുത്തുന്ന കോളുകൾ?

ഞാൻ കോളെടുത്തു.

“ഇന്ത്യൻ റയിൽവേ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഹിന്ദി മേം ജാൻകാരി കേലിയേ ഏക് ദബായേം... റ്റു ക്നോ ഇൻ ഇംഗ്ളീഷ് പ്രസ് റ്റു.”

ഞാൻ രണ്ടമർത്തി.

“സ്റ്റേഷൻ പരിസരത്തിന്റെ വൃത്തിയിൽ താങ്കൾ സംതൃപ്തനാണോ? സംതൃപ്തനല്ലെങ്കിൽ 0 അമർത്തുക, കൊള്ളാമെങ്കിൽ 1 അമർത്തുക, സംതൃപ്തനാണെങ്കിൽ 2 അമർത്തുക.”

ഞാൻ 0 അമർത്തി.

തീവണ്ടിയുടെ കൃത്യനിഷ്ടയിൽ താങ്കൾ സംതൃപ്തനാണോ? സംതൃപ്തനല്ലെങ്കിൽ 0 അമർത്തുക, കൊള്ളാമെങ്കിൽ 1 അമർത്തുക, സംതൃപ്തനാണെങ്കിൽ 2 അമർത്തുക.“

ഞാൻ വീണ്ടും 0 അമർത്തി.

ഇവനോട് ഇനി ചോദിച്ചിട്ട് കാര്യമില്ലെന്ന് റയിൽവേയുടെ കമ്പ്യൂട്ടറിന്‌ തോന്നിക്കാണും. കോൾ ഉടനെ കട്ടായി.

ഒന്നരക്ക് വരേണ്ട വണ്ടി രണ്ടേകാലിന്‌ സ്റ്റേഷനിലെത്തുമ്പോൾ അതിൽ കയറാൻ പരശുറാം എക്സ്പ്രസ് പ്രതീക്ഷിച്ചു വന്ന യാത്രക്കാരും ഉണ്ടായിരുന്നു. അസാമാന്യമായ തിരക്കു കാരണം ജനറൽ കമ്പാർട്ട്മെന്റിൽ കയറിപ്പറ്റാൻ നന്നേ പാടു പെട്ടു.

പ്രവർത്തി ദിനമാണ്‌, നട്ടുച്ചയാണ്‌.. എന്നിട്ടും വണ്ടിയിൽ എന്താ തിരക്ക്? മുന്നോട്ട് നീങ്ങാനോ നിവർന്നു നില്ക്കാനോ പറ്റാതെ ഞാൻ കുഴങ്ങി. സൂര്യപ്രകാശത്തിനു നേരേ വളയുന്ന ചെടി പോലെ തിരക്കിനൊത്ത് എന്റെ ശരീരം വളഞ്ഞു.

വണ്ടി തിരൂരിലെത്തിയപ്പോൾ തിരക്ക് വീണ്ടും കൂടി. ഇപ്പോൾ ശ്വാസം വിടാൻ പറ്റാത്ത അവസ്ഥ... ഈ തിരക്കിൽ ആബാലവൃദ്ധം ജനങ്ങൾ മാത്രമല്ല ഉള്ളത്, മറിച്ച് സർവ്വമതസ്ഥരും കൂടിയാണ്‌... പരാതികളോ പരിഭവങ്ങളോ മതവിദ്വേഷമോ മതപ്രശ്നങ്ങളോ ഇല്ലാതെ യഥാർത്ഥ ഭാരതപൗരന്മാരായി എല്ലാവരും അച്ചടക്കത്തോടെ ആ തിരക്കിൽ നിന്നു. ഇപ്പോൾ കുറേ പൂഴി വാരിയിട്ടാൽ ഒരു തരി പോലും താഴെ എത്തില്ല; ഉറപ്പ്.

വണ്ടി പരപ്പനങ്ങാടിയിൽ എത്തിയപ്പോൾ ഒരുപറ്റം യുവതികൾ തിരക്കുള്ള ഈ കമ്പാർട്ട്മെന്റിൽ കയറി. ചിലർ തലയിൽ തട്ടമിട്ടിട്ടുണ്ട്; മറ്റു ചിലർ പർദ്ദയാൽ ആച്ഛാദിതരാണ്‌. വണ്ടി മെല്ലെ നിരങ്ങി നീങ്ങുമ്പോൾ അവരും ഈ ജനസഞ്ചയത്തിൽ അലിഞ്ഞു ചേർന്നു. ഇപ്പോൾ അവരിൽ ചിലർ എന്റെ അടുത്ത് നില്ക്കുകയാണ്‌. സ്ത്രീശരീരത്തിലെ ഉയർന്നുനില്ക്കുന്ന ഭാഗങ്ങൾ ആ തിരക്കിൽ എന്റെ ശരീരത്തെ മർദ്ദിച്ചുകൊണ്ടിരുന്നു. പക്ഷേ ജരാനിരകൾ ബാധിച്ച എന്റെ ശരീരത്തിന്‌ അത് ഒരു അലോസരമായി തോന്നിയില്ല; ഞാനത് അവഗണിച്ചു. എന്റെ ചുറ്റും ചെറുപ്പക്കാരുമുണ്ട്. പാവങ്ങൾ; അവരും ഈ മർദ്ദനത്തിന്‌ ഇരയാവുന്നുണ്ടാവില്ലേ?

തങ്ങളുടെ ശരീരം പരപുരുഷന്മാർ കാണാതിരിക്കാനാണല്ലോ ഈ സ്ത്രീകൾ പർദ്ദ ധരിക്കുന്നത്. അപ്പോൾ ഈ തിരക്കിൽ പരപുരുഷന്റെ ശരീരം അവരുടെ ശരീരത്തിൽ തൊടുന്നതിൽ അപാകതയൊന്നുമില്ലേ?

അപ്പോഴാണ്‌ 60 വർഷത്തെ സ്വതന്ത്രഭരണത്തിന്റെ പോരായ്മ എന്റെ മനസ്സിൽ ഒരു ചോദ്യമായി ഉയർന്നത്. 60 വർഷത്തെ അവസരം കിട്ടിയിട്ടും ന്യൂനപക്ഷങ്ങൾക്ക് സ്വൈര്യമായി യാത്ര ചെയ്യാൻ വേണ്ടി തീവണ്ടിയിൽ സീറ്റ് സംവരണം ചെയ്യാത്തതുകൊണ്ടായിരിക്കും ന്യൂനപക്ഷങ്ങൾ ഇത്തവണ കോൺഗ്രസ്സിന്‌ വോട്ട് ചെയ്യാഞ്ഞത് എന്നു ഞാൻ ഊഹിച്ചു. ന്യൂനപക്ഷങ്ങൾക്ക് തീവണ്ടിയിൽ സീറ്റ് സംവരണം ചെയ്യണമെന്ന് മാർക്സിസ്റ്റ് പാർട്ടി ഇതുവരെ ആവശ്യപ്പെടാത്തതും എന്നെ ചിന്താകുലനാക്കി. തീവണ്ടിയിലെ അഭൂതപൂർവ്വമായ ഈ തിരക്കിനു പിന്നിൽ സംഘികളുടെ ദുഷ്ടലാക്കുണ്ടോ എന്നും ഞാൻ സംശയിച്ചു.

ഭാരതത്തിൽ തീവണ്ടിയിലും മറ്റും ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന വിഷമങ്ങൾ ഞാൻ ഓർത്തു. അപ്പോൾ എന്റെ മനസ്സിൽ നിലവിളക്കിലെ തിരി തെളിഞ്ഞു. ഹിന്ദുക്കൾ പരമ്പരാഗതമായി ഉപയോഗിക്കുന്നതായതുകൊണ്ട് നിലവിളക്ക് കത്തിക്കില്ലെന്ന ചില രാഷ്ട്രീയനേതാക്കളുടെ നിലപാട് ആ തെളിഞ്ഞ തിരിയിൽ ഞാൻ കണ്ടു. മലയാളഭാഷ ഹിന്ദുക്കൾ പരമ്പരാഗതമായി ഉപയോഗിക്കുന്നതാണെന്ന് അവർക്ക് മനസ്സിലാകുമോ? ഹിന്ദുക്കൾ പരമ്പരാഗതമായി കാണം വിറ്റും ഓണം ഉണ്ണുന്ന മണ്ണാണിതെന്ന് അവർ എപ്പോഴെങ്കിലും ഓർക്കുമോ? ഏതോ ഹിന്ദു മഹർഷി മഴുവെറിഞ്ഞാണ്‌ കേരളം ഉണ്ടായതെന്ന കഥ ഇവരറിയുമോ? ആയുർവ്വേദമരുന്നുകൾ ഋഷിപ്രോക്തങ്ങളായ മാർഗ്ഗമുപയോഗിച്ചുണ്ടാക്കുന്നവയാണെന്ന് അവർ എന്നാണ്‌ മനസ്സിലാക്കുക? ആ, വേണമെങ്കിൽ മനസ്സിലാകട്ടെ; എനിയ്ക്ക് ധൃതിയൊന്നുമില്ല. നിലവിളക്കെന്നതുപോലെ ഭാഷയും മണ്ണും മരുന്നുമെല്ലാം ബഹിഷ്കരിക്കണമോ എന്നു തീരുമാനിക്കേണ്ടത് ഞാനല്ലല്ലോ. നാടോ ഭാഷയോ മരുന്നോ വേറെ ഇല്ല എന്ന ബുദ്ധിമുട്ടും ഇല്ല.

ആ തിരക്കിൽ നിന്നു കൊണ്ട് ഞാൻ ചിന്തിച്ചു. 90 പേർക്ക് ഇരിക്കാവുന്നതാണ്‌ ഈ ജനറൽ കമ്പാർട്ട്മെന്റ്. 4 പേർക്കിരിക്കാവുന്ന ഓരോ ബഞ്ചിലും ചുരുങ്ങിയത് 6 പേർ ഇരിപ്പുണ്ട്. മടിയിലിരിക്കുന്ന കുട്ടികൾ ഈ എണ്ണത്തിൽ പെടില്ല. ഒറ്റയ്ക്കുള്ള സീറ്റിൽ 2 പേർ ഉണ്ട്. ലഗേജ് വയ്ക്കാനുള്ള മുകളിലെ പലകയിൽ 2ഉം 3ഉം പേർ തിരക്കിൽ നിന്നൊഴിഞ്ഞു് ഒതുങ്ങി ഇരിപ്പുണ്ട്. നില്ക്കാവുന്നിടത്തൊക്കെ ആളുകൾ നില്ക്കുകയാണ്‌. കക്കൂസിന്റെ ഇടയ്ക്കുള്ള സ്ഥലത്തും വാതിലിന്റെ അടുത്തും വഴിയിലും എല്ലാം ആളുകൾ തിക്കിത്തിരക്കി നില്പ്പാണ്‌. എന്റെ കണക്കിൽ ഈ കമ്പാർട്ട്മെന്റിൽ ചുരുങ്ങിയത് ഒരു 450 പേർ കാണും. കൃത്യമായ കണക്ക് അറിയാവുന്നത് റയിൽവേക്ക് മാത്രം. അവരാണല്ലോ ടിക്കറ്റ് വില്പ്പനക്കാർ.

 ചിത്രം: 90 സീറ്റുള്ള ഒരു ജനറൽ കമ്പാർട്ട്മെന്റിന്റെ ലേ ഔട്ട്. ഇതിലാണ്‌ 500ഓളം യാത്രക്കാർ  ഞെങ്ങിഞെരുങ്ങുന്നത്.

ഞാൻ മുകളിലെ പലകയിൽ ഇരിക്കുന്ന ചെറുപ്പക്കാരനോട് ഈ തിരക്കിന്റെ കുറച്ച് ഫോട്ടോ എടുത്തു തരാൻ പറഞ്ഞു. അപ്പോൾ സ്ത്രീകൾ ഇടപെട്ടു. ഫോട്ടോ എന്തിനാണ്‌ എന്നായി അവർ. ഞാൻ അവരെ സോഷ്യൽമീഡിയയെക്കുറിച്ചോർമ്മിപ്പിച്ചു; വണ്ടിയിലെ തിരക്കിനെക്കുറിച്ചും. അവർ മറുത്തൊന്നും പറഞ്ഞില്ല. ചെറുപ്പക്കാരൻ കുറച്ച് ഫോട്ടോ എടുത്ത് തന്നു. അതിവിടെ കൊടുക്കുന്നു. വല്ലവർക്കും വേണമെങ്കിൽ കാണാലോ. ഫോട്ടോയിൽ കണ്ണട വച്ചു നില്ക്കുന്നത് ഈ യാത്രക്കാരനാണ്‌. 



ഹൗ, വണ്ടിയിലെ ഒരു തിരക്ക്!








തീവണ്ടിയിലെ തിരക്കിന്റെ ദൃശ്യങ്ങളാണ്‌ മുകളിലെ ചിത്രങ്ങളിൽ കൊടുത്തിരിക്കുന്നത്.

വണ്ടി കോഴിക്കോട്ടെത്തുമ്പോൾ സ്ഥിതി നിയന്ത്രണാതീതമായിരുന്നു. ബഹുഭൂരിപക്ഷത്തിനും ഇറങ്ങണം. അതിൽ ഇരിക്കുന്നവരാണ്‌ കൂടുതൽ. അവർ എഴുന്നേല്ക്കുന്ന ഒഴിവിൽ ഇരിക്കാൻ വേണ്ടി നില്ക്കുന്നവരുടെ തള്ളൽ... ചുരുക്കത്തിൽ ഒന്നും സാധിക്കുന്നില്ല.അതിനിടക്കാണ്‌ വണ്ടിയിൽ കയറുന്നവരുടെ തിരക്ക്. എന്തായാലും കുറച്ചു കഴിഞ്ഞപ്പോൾ സ്ഥിതി ശാന്തമായി. എനിയ്ക്ക് ഇരിക്കാൻ സീറ്റു കിട്ടി.

വണ്ടി കോഴിക്കോട്ടു നിന്നു പുറപ്പെടുമ്പോൾ ഞാൻ ഇതുവരെ കുത്തിക്കുറിച്ച സംഭവങ്ങൾ ആവർത്തിക്കുകയായിരുന്നു. അപ്പോൾ ഞാനോർത്തത് ആദ്യം പറഞ്ഞ പലതരം സാഗർ എക്സ്പ്രസ്സുകളെക്കുറിച്ചായിരുന്നില്ല; മറിച്ച്  “ജനസാഗരം” യാത്ര ചെയ്യുന്ന ഇത്തരം വണ്ടികളെ ജനസാഗർ എക്സ്പ്രസ് എന്നു നാമകരണം ചെയ്യേണ്ട ആവശ്യകതയെക്കുറിച്ചായിരുന്നു.

ജനശതാബ്ദി എക്സ്പ്രസ്സുകളും എന്റെ മനസ്സിൽ കേറി വന്നു. ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ വണ്ടി ഭോപ്പാൽ ശതാബ്ദി ആണെന്നും അതിൽ ഞാൻ യാത്ര ചെയ്തിട്ടുണ്ടല്ലോ എന്നും ഞാൻ ചിന്തയിൽ അയവിറക്കി. യാത്രനിരക്ക് കുറഞ്ഞ ശതാബ്ദി വണ്ടികളാണ്‌ ജനശതാബ്ദി എക്സ്പ്രസ്സുകളെന്നും എന്നാൽ സാഗരം എന്ന വാക്കിന്‌ അബ്ധി എന്നും അർത്ഥമുള്ളതുകൊണ്ട് ജനങ്ങൾ തിക്കിത്തിരക്കുന്ന ജനസാഗർ എക്സ്പ്രസ്സുകളെ ജനശതാബ്ധി എക്സ്പ്രസ്സുകൾ എന്നും നാമകരണം ചെയ്യാമെന്ന് എന്റെ മനസ്സപ്പോൾ കണക്ക് കൂട്ടി.

യാത്രകൾ അവസാനിക്കുന്നില്ല. ഇനിയും കാണാം.

6 അഭിപ്രായങ്ങൾ:

കൊച്ചു ഗോവിന്ദൻ പറഞ്ഞു...

ശാന്താറാം എന്ന നോവലിൽ കഥാനായകനായ ലിൻഡ്സെ ബോംബെയിലെ ട്രെയിനിൽ യാത്ര ചെയ്യുന്നതിന്റെ ഒരു വിവരണം ഉണ്ട്. സഹിഷ്ണുത എന്തുകൊണ്ട് ഇന്ത്യയുടെ മതമാകുന്നു എന്ന് ലിൻ തിരിച്ചറിയുന്ന നിമിഷങ്ങൾ... ഈ പോസ്റ്റ്‌ വായിച്ചപ്പോൾ അതോർമ വന്നു.
ഞാൻ ഇനിയും വരും, വായിക്കും, കമന്റും. ചമ്മട്ടി കൊണ്ടടിക്കുന്ന കാര്യം ഒക്കെ മനസ്സിൽ വെച്ചാ മതി. ഹും!

സുധി അറയ്ക്കൽ പറഞ്ഞു...

ആാഹാ..യാത്രകൾ ഹരമായ ഒരാളുടെ ദീർഘ്ശ്വാസത്തോടുള്ള എഴുത്ത്‌..

പുറകിലെ കുറച്ചൊക്കെ വായിക്കാനുണ്ട്‌.അതൂടെ നോക്കട്ടെ.!!!

ആൾരൂപൻ പറഞ്ഞു...

ആരെങ്കിലും വായിക്കണമെന്ന് ആഗ്രഹിച്ചോ വായിക്കുമെന്ന് പ്രതീക്ഷിച്ചോ അല്ല ഞാനിതെല്ലാം ഇവിടെ കുറിച്ചിടുന്നത്..
മനസ്സിൽ കൂടി മിന്നിമായുന്ന ചിന്തകളാണ് എന്നെ ബ്ലോഗിൽ നില നിറുത്തുന്നത്.
"വായിച്ചതിന് നന്ദി, നമസ്ക്കാരം" എന്നൊക്കെയുള്ള മറുകമന്റ് പ്രതീക്ഷിക്കുന്നില്ലെങ്കിൽ ആരെങ്കിലും വായിക്കുന്നതിൽ
എനിയ്ക്ക് ഒരു പരാതിയുമൊട്ടില്ല താനും.

സജീവ്‌ മായൻ പറഞ്ഞു...

ധീരമായ എഴുത്തും ചിത്രങ്ങളും.
വളരെ ക്രിയാത്മകമായി പ്രതികരിക്കുമ്പോഴും ഒരുതരം നിസ്സംഗത പാലിക്കുന്നതായി തോന്നുന്നു. എന്താണ് കാരണം?
ഇടക്കുള്ള ചിന്തകളും പ്രധാനപ്പെട്ടതുതന്നെ...
അനുഭവത്തിന്‍റെ ഇത്തരം എഴുത്തുകളില്‍ സത്യങ്ങളുണ്ടെന്നാണ് എന്‍റെ അഭിപ്രായം.

ആൾരൂപൻ പറഞ്ഞു...

സുഖസൗകര്യങ്ങൾക്കു പുറകെ പോകുന്ന, വിദ്യാഭ്യാസം പണം സമ്പാദിക്കാനാണെന്നു കരുതുന്ന ഇന്നത്തെ ഭാരതീയജനത
നമ്മുടെ മഹത്തായ പാരമ്പര്യത്തെ നിരാകരിക്കുകയും, പ്രകൃതിയെ നശിപ്പിക്കാൻ അറിഞ്ഞോ അറിയാതെയോ കൂട്ടുനിൽക്കുകയും
അത് ചൂണ്ടിക്കാണിക്കുന്നവരെ അവജ്ഞയോടെ നോക്കുകയും ചെയ്യുമ്പോൾ നിസ്സംഗനായി നിൽക്കാനേ പറ്റുന്നുള്ളൂ.

സജീവ്‌ മായൻ പറഞ്ഞു...

സത്യമാണ് സര്‍.