2015, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

സുഖജീവിതം

ഭൂലോകവാസികളെ രണ്ടായിത്തിരിക്കാം എന്നു ആദ്യമായിപ്പറഞ്ഞത് മോണിക്ക ലെവിൻസ്കി ഫെയിം ബിൽ ക്ളിന്റനാണ്‌. അദ്ദേഹം ഇന്ത്യയിൽ വരികയും താജ് മഹൽ കാണുകയും ചെയ്തപ്പോഴാണ്‌ ഇങ്ങനെ ഒരു വിഭജനം നടത്തിയത്. താജ് മഹൽ കണ്ടവരും താജ്മഹൽ കാണാത്തവരും എന്നതായിരുന്നു ആ വേർതിരിവ്.

അതിൽ പിന്നെ കാലം എത്ര കഴിഞ്ഞു. ഇവിടെ ഈ കേരളത്തിൽ എത്രയെത്ര സരിതാഫെയിമുമാർ ഉണ്ടായി. എന്നിട്ടും ഇതുവരെ അവർക്കാർക്കും ജനങ്ങളെ രണ്ടായി വേർതിരിക്കാൻ പറ്റാത്തത് അവർ അമേരിക്കൻ പ്രസിഡന്റാകാത്തതു കൊണ്ടോ ജനങ്ങളെ ഒന്നായിക്കാണുന്ന മഹാബലിയുടേ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതുകൊണ്ടോ ആയിരിക്കും. വെറുതേ ഫെയിം ആയാൽ പോരല്ലോ; ഇത്തിരി അഥോറിറ്റി കൂടി കയ്യിൽ വേണ്ടേ?

അവരുടെ ഒന്നും നിലവാരത്തിലെത്താൻ എനിക്കാവില്ലെങ്കിലും ഭാരതീയരെ രണ്ടായിത്തിരിക്കാൻ എനിയ്ക്ക് സാധിച്ചിട്ടുണ്ട്. സീരിയൽ കാണുന്നവരും സീരിയൽ കാണാത്തവരും എന്നതാണ്‌ എന്റെ വകയായുള്ള ആ വേർതിരിവ്. ഈ രണ്ടു കൂട്ടർക്കും ഒരു ദിവസം എന്നാൽ 24 മണിക്കൂറാണ്‌ എന്നതാണ്‌ ഈ വേർതിരിവിനു കാരണം. ഒരു ദിവസം എന്നത് സീരിയൽ കാണുന്നവർക്ക് ഒരു 30 മണിക്കൂറും സീരിയൽ കാണാത്തവർക്ക് ഒരു 20 മണിക്കൂറും ആയിരുന്നെങ്കിൽ ഇങ്ങനെ ഒരു വേർതിരിവിന്റെ ആവശ്യം വരികില്ലായിരുന്നു. സീരിയൽ കാണുന്ന ശീലമില്ലാത്തവന്റെ ജീവിതം തുലോം മന്ദഗതിയിലുള്ളതാണ്‌. സമയം ഇഴഞ്ഞു നീങ്ങുന്ന ജീവിതം. എന്നാൽ സീരിയൽ കാണുന്നവരുടെ ജീവിതം അങ്ങനെയല്ല. എന്തിനും ഏതിനും സമയമില്ലാത്തതുപോലെയാണവരുടെ ദിവസങ്ങൾ.....

സീരിയൽ കാണുന്നവരുടെ ജീവിതം ഒന്നോർത്തു നോക്കൂ... ടിവിയുടെ മുന്നിൽ നിന്നു മാറാൻ അവർക്ക് സമയമെവിടെ.... കാര്യങ്ങളെല്ലാം എളുപ്പത്തിലും വേഗത്തിലും ചെയ്യാൻ തക്കവിധത്തിലാകണം അവരുടെ ജീവിതചുറ്റുപാടുകൾ.  അതുകൊണ്ടു തന്നെ, മഹാഭൂരിപക്ഷം വരുന്ന അവർക്ക് വേണ്ടി ചുറ്റുപാടുകൾ പാകപ്പെടുത്തുക എന്നതാണ്‌ സമൂഹത്തിന്റെ പ്രധാന കർത്തവ്യം.... അവർക്കു വേണ്ടിയാണ്‌ നാട്ടിലെ യന്ത്രങ്ങൾ കറങ്ങുന്നതും തൊഴിലാളികൾ പണിയെടുക്കുന്നതും...

സീരിയൽ കാണുന്നവർക്കുവേണ്ടിയാണ്‌ two minute noodles പോലുള്ള ഭക്ഷണപദാർത്ഥങ്ങൾ എന്നാണ്‌ എന്റെ വിശ്വാസം. അതാകുമ്പോൾ 2 മിനിറ്റു കൊണ്ട് ഭക്ഷണം ഉണ്ടാക്കി ബാക്കി സമയം മുഴുവൻ ടിവിയുടെ മുന്നിൽ ഇരിക്കാമല്ലോ. ഫ്രിഡ്ജ്, വാഷിങ്ങ് മഷീൻ, പലതരം ബ്രഡ്ഡുകൾ, ജാമുകൾ, കറിപൗഡറുകൾ എന്നിവയൊക്കെ ഇവരെ ഉദ്ദേശിച്ചുണ്ടാക്കുന്നതാണ്‌ എന്നും ഞാൻ വിശ്വസിക്കുന്നു. ബ്രഡ്ഡും ജാമും വാങ്ങി ഫ്രിഡ്ജിൽ വച്ചാൽ സമയാസമയങ്ങളിൽ എടുത്തു തിന്നാൽ മതിയല്ലോ. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്നതും packed food വീട്ടിലേക്ക് വരുത്താനുള്ള സൗകര്യമുള്ളതും ഇവർക്കൊരനുഗ്രഹമാണ്‌. അതാകുമ്പോൾ എന്തെല്ലാം സൗകര്യം... അടുക്കളയിൽ കയറണ്ട. ഭക്ഷണം കഴിച്ചാൽ പാത്രം കഴുകണ്ട. ബാക്കിയാകുന്നതെല്ലാം ചുരുട്ടിക്കൂട്ടി ഒരു പ്‌ളാസ്റ്റിക് കവറിലിട്ട് ദൂരേക്ക് വലിച്ചെറിഞ്ഞാൽ മതി. ഭൂമിയും പരിസരവും കേടുവരുന്നെങ്കിൽ ആവശ്യക്കാർ വൃത്തിയാക്കിക്കോട്ടെ.

സീരിയൽ കാണാത്തവന്റെ കാര്യമാണ്‌ കഷ്ടം. അവനു നേരം പോകില്ല. അതുകൊണ്ട് അവൻ വീട്ടിൽ ചോറും കൂട്ടാനും ഉണ്ടാക്കും. മുളകും മല്ലിയും നാളികേരവും അമ്മിമേൽ അരയ്ക്കാൻ അവനു നേരം കിട്ടും. അങ്ങനെയാണല്ലോ നമ്മുടെ പൂർവ്വീകർ ജീവിച്ചിരുന്നത്. അന്നൊന്നും ഇല്ലാതിരുന്നതും ഈ സീരിയലാണല്ലോ? സീരിയൽ കാണാത്തവന്‌ കിണറ്റിൽ നിന്ന് വെള്ളം കോരി കുളിക്കാനാകും; എന്നുവച്ച് സീരിയൽ കാണുന്നവന്‌ അതിനുണ്ടോ നേരം? അവൻ കിണറിൽ ഒരു മോട്ടോർ പിടിപ്പിച്ച് കാര്യം സാധിക്കും. ജീവിതനിലവാരത്തിനുമുണ്ടല്ലോ അപ്പോൾ ഒരു ഉയർച്ച. സീരിയൽ കാണുന്നവന് സ്റ്റാറ്റസ് സിംബളും ഉണ്ട്.

സ്റ്റാറ്റസ് സിംബളിന്റെ കാര്യം പറഞ്ഞപ്പോഴാണ്‌ കാറിനെക്കുറിച്ചോർത്തത്.  വീട്ടിൽ ഒരു ഓട്ടോ വാങ്ങിയിട്ടാലൊന്നും സ്റ്റാറ്റസ് സിംബളാവില്ല. അതിന്റെ കൂടെ ഒരു മൊബൈൽ വാങ്ങിയാലും സ്റ്റാറ്റസ് സിംബളാവില്ല. സ്റ്റാറ്റസ് സിംബൾ വേണമെങ്കിൽ ഒരു ഓട്ടോമൊബൈൽ തന്നെ വാങ്ങണം. അതു മാത്രം മതിയോ? പോരാ... ദൂരെ എവിടെയെങ്കിലും ഉള്ള ക്ഷേത്രത്തിലോ പള്ളിയിലോ ഈ കാറിൽ ദർശനത്തിനുപോകുകയും യാത്രയിൽ ലോറിയുമായി കൂട്ടി മുട്ടി കഴുത്തും നട്ടെല്ലും ഒടിഞ്ഞു മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ കിടക്കുകയോ ജീവൻ നഷ്ടപ്പെട്ട് പത്രത്തിൽ പേരു വരികയോ ചെയ്യുമ്പോഴേ ആ സ്റ്റാറ്റസ് സിംബൾ സഫലമാകൂ...  സ്റ്റാറ്റസ് സിംബളിനു ഓട്ടോമൊബൈൽ മാത്രം പോരാ. വലിയൊരും ബംഗ്ളാവും വേണം... എന്നിട്ട് മാർബിൾ പതിച്ച കുളിമുറിയിൽ തെന്നിവീണ്‌ കഴുത്തും നട്ടെല്ലും ഒടിഞ്ഞു ഐസിയൂവിലങ്ങനെ കിടക്കുക... അതൊക്കെയാണല്ലോ ഇന്നെല്ലായിടത്തും നടക്കുന്നത്‌. ഹായ് എന്തൊരു സ്റ്റാറ്റസ്!

ജീവിതമാകുമ്പോൾ സ്റ്റാറ്റസ് മാത്രം പോരാ.. സൗകര്യവും കൂടി വേണം... അതാണെങ്കിൽ രാവിലെ ഉണരുമ്പോൾ തന്നെ തുടങ്ങുകയും വേണം.  രാവിലെ എഴുന്നേറ്റാൽ കാപ്പിയും ബിസ്കറ്റും... അല്ലെങ്കിൽ ചായയും റസ്ക്കും... സുന്ദരമായ ജീവിതം... കഞ്ഞിയും പുഴുക്കും കഴിക്കുന്നത് പഴഞ്ചൻ.... റസ്ക്കും ബിസ്ക്കറ്റും കഴിച്ച് കുറേ കഴിയുമ്പോൾ ഡയബറ്റിസും കൊളസ്‌ട്രോളുമൊക്കെ വന്നാലെന്താ? മരുന്നു കഴിച്ചാൽ പോരേ? കഴിക്കാൻ മരുന്നില്ലെങ്കിൽ ജീവിതത്തിനു വല്ല സ്റ്റാൻഡേർഡും ഉണ്ടാകുമോ?

ഞാനിന്നലെ ഒരു ദിവസത്തേക്ക്  ഒരു ബന്ധുവീട്ടിൽ താമസിച്ചു. നല്ല നാട്ടിൻപുറം... വീട്ടിൽ കിണറുണ്ട്. തെളിഞ്ഞ വെള്ളം. കിണറിനോട് ചേർന്ന് കുളിമുറിയുണ്ട്. സന്ധ്യക്ക് ഞാൻ കിണറിൽ നിന്ന് വെള്ളം കോരി സുഖമായി കുളിച്ചു. വേറെ പണിയൊന്നും ഇല്ലാത്തതിനാൽ വീടിന്റെ ഉമ്മറത്ത് വന്നിരുന്നു. മുന്നിൽ മരങ്ങളും ചെടികളും നിറഞ്ഞ പറമ്പ്. കാണാൻ നല്ല രസം.  ആ സമയത്ത് ആതിഥേയൻ പൈപ്പ് വെള്ളത്തിൽ കുളിച്ച് സീരിയൽ കണ്ടു കൊണ്ടിരുന്നു.  സ്ഥിരമായി ചെയ്യുന്ന കാര്യം മാറ്റിവയ്ക്കാനാകുമോ?

അവിടെ ഇരുന്നുകൊണ്ട്, നമ്മളെ മറ്റൊരു തരത്തിലും രണ്ടായിത്തിരിക്കാമെന്ന് ഞാൻ കണക്ക് കൂട്ടി. ഭൂമിയെ അമ്മയായിക്കാണുന്നവരും ഭൂമിയെ ഭാര്യയായിക്കാണുന്നവരും എന്നതാണത്. അമ്മയോടെന്നപോലെ ഭൂമിയോട് പെരുമാറുന്നവരാണ്‌ ഒരു കൂട്ടർ. തനിക്ക് ജീവൻ തന്നതും തന്നെ വളർത്തിയതും അമ്മയാണെന്ന അറിവോടെയാണവർ പെരുമാറുക. പ്രകൃതിക്ക് ഇണങ്ങാത്തതൊന്നും അവർ ചെയ്യില്ല. അമ്മ ഒന്നേ ഉള്ളുവെന്നും ഈ ഭൂമി നിലനില്ക്കണമെന്നും കരുതുന്നവരാണവർ.... ഇനിവരുന്ന തലമുറകൾക്കും ഈ ഭൂമിയാണ്‌ ശരണം എന്നും അവർ ചിന്തിക്കുന്നു. എന്നാൽ മറുകൂട്ടർക്കാകട്ടെ ഭൂമിയോടുള്ള പെരുമാറ്റം ഭാര്യയോടെന്നപോലെയാണ്‌. ഭാര്യയില്ലെങ്കിൽ കാമുകി, അല്ലെങ്കിൽ മറ്റൊരു കല്യാണം എന്ന ലാഘവബുദ്ധിയാണവർക്ക്. ഭാര്യയുടേയോ ഭൂമിയുടേയോ ആരോഗ്യത്തിൽ അവർക്കത്ര ശുഷ്ക്കാന്തി പോരാ... ഇതല്ലെങ്കിൽ മറ്റേത് എന്നു കരുതുന്നവർക്ക് എന്തു ശുഷ്ക്കാന്തി? അവരാണീ ഭൂമിയുടെ കൊലയാളികൾ.

കാൽമുട്ടിനു തേയ്മാനം വരുന്നത് ഇപ്പോഴൊരു അസുഖമാണ്‌. മുട്ടിന്റെ തേയ്മാനം  കാരണം മര്യാദക്ക് നടക്കാൻ പറ്റാത്തവർ നിരവധിയാണിപ്പോൾ. കൂടുതൽ നടന്നിട്ടാകുമോ ഇങ്ങനെ തേയ്മാനം പറ്റുന്നത്? ആവോ? എന്തായാലും ഉപയോഗിക്കാത്തകാരണം വല്ല അവയവവും ഇല്ലാതാകുന്നെങ്കിൽ അത് നമ്മുടെ തലച്ചോറു തന്നെ ആയിരിക്കും. എല്ലാ കാര്യങ്ങളിലും മറ്റുള്ളവരെ അനുകരിക്കുന്നവർക്ക് എന്തിനു തലച്ചോറ്‌? എന്ത് ചിന്ത? ഇനി അവയവത്തിനു തേയ്മാനം വരുന്നത് കൂടുതൽ ഉപയോഗിച്ചിട്ടാണെങ്കിൽ കാൽമുട്ടല്ല തേയേണ്ടത്; മറിച്ച് നമ്മുടെ ‘കല്യാണയന്ത്രങ്ങൾ’ ആണ്‌. അതുകൊണ്ടുള്ള പ്രയോഗമാണല്ലോ ഇപ്പോൾ എല്ലാ മാധ്യമങ്ങളിലും കൂടുതൽ വാർത്തയാകുന്നത്. ഡൽഹി ബസ്സുകളിലെ അവസാനിക്കാത്ത ബലാൽസംഗങ്ങൾ ഇതിലേക്കല്ലേ വിരൽ ചൂണ്ടുന്നത്?

ഞാൻ പണ്ടത്തെ ഓരോരോ കാര്യങ്ങൾ ആലോചിച്ചു പോയി. വീട്ടിന്റെ ഉമ്മറത്ത് കൂട്ടം കൂടി ഇരുന്ന് സൊറ പറയുന്നത് പണ്ടൊക്കെ വീടുകളിൽ പതിവായിരുന്നു. അതിലിടക്ക് ആരെങ്കിലും വീടിന് പുറത്തേക്കിറങ്ങിപ്പോകുകയും അല്പം കഴിഞ്ഞ് തിരിച്ച് വരികയും ചെയ്യും. മൂത്രമൊഴിക്കാനാണ്‌ ഇങ്ങനെ പോകുന്നത്. ഇക്കാലത്ത് മൂത്രമൊഴിക്കണമെങ്കിൽ വീട്ടിന്റെ ഉള്ളിലേക്കാണ്‌ പോകുക. കാലം മാറിയതാണ്‌ കാരണം. എല്ലാം തല തിരിഞ്ഞു. അതും സുഖം, സൗകര്യം എന്നിവയുടെ അടിസ്ഥാനത്തിൽ.... വീട്ടിലെ കിണറിൽ നിന്ന് ഒരു ബക്കറ്റ് വെള്ളം കോരി എടുക്കുന്നതിനു പകരം വെള്ളം മോട്ടോർ വച്ച് പമ്പ് ചെയ്ത് ഓവർഹെഡ് ടാങ്കിൽ നിറച്ചിട്ട് പൈപ്പ് വഴി താഴെ കൊണ്ടുവന്ന് ടാപ്പ് തുറന്ന് വെള്ളം എടുക്കുന്നതായിരിക്കുന്നു ഇപ്പോഴത്തെ സമ്പ്രദായം. എല്ലാം സുഖത്തിനും സൗകര്യത്തിനും വേണ്ടി. അതിനുവേണ്ടി വരുന്ന സാമ്പത്തികവും അല്ലാത്തതുമായ ചെലവുകളോ? സൗകര്യം എന്ന ആശയ്ക്കു (ആശയത്തിനു) മുന്നിൽ അതെല്ലാം ആരു ശ്രദ്ധിക്കാൻ?

കൈക്ക് (കയ്യിനു) അഭ്യാസം കിട്ടാൻ 5 കിലോ വെയ്റ്റ് കയറിൽ കെട്ടി പല തവണ കപ്പിയിലൂടെ വലിച്ചു കയറ്റിയാലും ഒരു ബക്കറ്റ് വെള്ളം കോരാൻ നമ്മുടെ ഇന്നത്തെ ജീവിതരീതിയിൽ ആളുകൾ തയ്യാറാവുന്നില്ല. എക്സർസൈസിനു വേണ്ടി 5 കിലോമീറ്റർ വെറുതെ നടന്നാലും ഓഫീസിലേക്ക് 3 കിലോമീറ്റർ നടക്കാൻ ആളുകൾക്ക് കാറോ സ്കൂട്ടറോ തന്നെ വേണം.. നോക്കണേ കാലം പോയ പോക്ക്... ഓഫീസിലേക്ക് നടന്നു പോകുന്നത് ഒരു തരം കുറച്ചിലല്ലേ? വീട്ടിൽ എന്തെല്ലാം ജോലികൾ ചെയ്യാനുണ്ട്. അതെല്ലാം സ്വയം ചെയ്താൽ ശരീരത്തിനു വേണ്ട വ്യായാമവും അഭ്യാസവും ആകും. പക്ഷേ അതെല്ലാം ജോലിക്കാരിയെക്കൊണ്ട് ചെയ്യിച്ച് വ്യായാമത്തിനു വേണ്ടി ജിമ്മിൽ പോകുന്നതായിരിക്കുന്നു നമ്മുടെ സംസ്ക്കാരം. ഇതെല്ലാം സായിപ്പിനെ കണ്ടാണ്‌ നമ്മൾ പഠിച്ചത്. നമ്മുടെ പൂർവ്വീകരുടെ ജീവിതചര്യകൾ പാടേ മറക്കുകയും സായിപ്പിന്റെ രീതി സ്വാംശീകരിക്കുകയും ചെയ്തിട്ട് വലിയ വായിൽ നമ്മൾ ഭാരതസംസ്ക്കാരത്തെക്കുറിച്ച് പ്രസംഗിക്കുന്നു. കഷ്ടം!  ഹൂണന്മാർ, മുഗളന്മാർ, യൂറോപ്യന്മാർ എന്നിവർ ശതാബ്ദങ്ങൾ മഹാഭാരതത്തെ ചവിട്ടി മെതിക്കുകയും ഭാരതാംബയെ കൂട്ടബലാൽസംഗത്തിനിരയാക്കുകയും ചെയ്തിട്ടേച്ചുപോയതിന്റെ ബാക്കിപത്രമായ ജാരസന്തതികളാണ്‌ നമ്മൾ. നമ്മൾ പാലിക്കുന്നതും ശീലിക്കുന്നതും അവരുടെ ജീവിതരീതികളാണ്‌. അല്ലാതെ ആർഷഭാരതത്തിന്റേതെന്നു പറയാൻ എന്തുണ്ട് നമ്മൾക്ക് കൈമുതലായിട്ട്? വിദേശിയുടെ വൃത്തികെട്ട ജീവിതരീതികൾ കൈവെടിയാൻ ഒട്ടും ശ്രമിക്കാതെ നാഴികക്ക് നാല്പ്പതു വട്ടം ആർഷഭാരതസംസ്ക്കാരം പ്രസംഗിക്കുന്ന നമ്മൾ വെറും പൊണ്ണന്മാരാണെന്ന് നാം എന്നെങ്കിലും തിരിച്ചറിയുമോ? 

5 അഭിപ്രായങ്ങൾ:

സുധി അറയ്ക്കൽ പറഞ്ഞു...

നിവൃത്തികെട്ട ചിന്തകൾ!!!

ആൾരൂപൻ പറഞ്ഞു...

അല്ല സുധീ, വൃത്തി കെട്ട ചിന്തകൾ.

സജീവ്‌ മായൻ പറഞ്ഞു...

ചിന്തകളില്‍ സത്യമുണ്ട്. എന്നാല്‍ ഇന്ന് ഇത് സമാന്തര ചിന്തകളാണ്.
സീരിയല്‍ കാണുന്നവര്‍ വളരെ ആക്ടീവാണ്.ഒന്നിനും സമയമില്ല. അഭിനയമാണ്‌!!! കാണാത്തവര്‍ മടിയന്‍മാരും പഴഞ്ചന്‍മാരും.
സ്വന്തം വീട്ടില്‍ ഒന്നും ചെയ്യാതെ നടക്കാനും ഓടാനും കിലോമീറ്ററുകള്‍
വണ്ടിയോടിച്ച് നഗരത്തില്‍ വരുന്ന പൊങ്ങച്ചക്കാരായ വിദ്വാന്‍മാരെ കണ്ടിട്ടില്ലേ
വ്യായാമം ചെയ്യണമെങ്കില്‍ അത് VIPകള്‍ക്കൊപ്പം നടന്നും ഓടിയും തന്നെ
ചെയ്യണം...മലയാളിയുടെ പൊങ്ങച്ചം ഇനിയെങ്ങോട്ടാണാവോ!!!

Bipin പറഞ്ഞു...

ഇങ്ങിനെ ചിന്തിച്ച് വെറുതെ തലച്ചോർ പാഴിക്കളയണ്ട. സത്യമായ ചിന്തകൾ. നമ്മൾ ഇങ്ങിനെ ആയിപ്പോയി. വീട്ടു മുറ്റത്ത്‌ രണ്ടു ചെടി വച്ചിട്ട് അതിന്റെ പൂവ് പറിച്ച് പൂക്കളം ഇടാത്തവർ. എല്ലാവരും കൂടി ഉപ്പേരിയും വറുത്തു സദ്യ തയ്യാറാക്കാതെ ഹോട്ടലിൽ പോയി ഓണ സദ്യ ഉണ്ണുന്നവർ. പറഞ്ഞിട്ടെന്തു കാര്യം. ആ വിഭജനം നന്നായി. സീരിയൽ കാണുന്നവർക്ക് മറ്റു ആധി ഒന്നും ഇല്ല " മന്ദാകിനി രാജുവിനെ കല്യാണം കഴിക്കുമോ? അമ്മായിഅമ്മ അവൾക്കു വിഷം കൊടുക്കുമോ" എന്നൊക്കെ ചാനലുകാർ ചോദിക്കുന്ന ഉത്തരവും ആലോചിച്ചു സമയം കലഴിച്ചു കൂട്ടാം. ഞങ്ങടെ അയൽക്കാരന് കാറ് രണ്ട്. ഞായറാഴ്ചകളിൽ പള്ളിയിൽ പോകുമ്പോൾ വലിയ ഹോണ്ട സിറ്റി എടുക്കും. പിന്നെ കല്യാണമോ അത് പോലെ മറ്റു വിശേഷങ്ങൾക്കോ. ആൾ രൂപൻ പറഞ്ഞതെല്ലാം ശരി.

seto പറഞ്ഞു...

ek854 arc'teryx beanie,hoodrich trenirka,puma future,passenger clothing australia,norrona olx,arcteryxgiacca,fila colombia,jack wolfskin jakas,outdoorresearchhandschoenen tk312