2012 മേയ് 1, ചൊവ്വാഴ്ച

ശിക്ഷ

പ്രാചീനസമൂഹത്തിൽ ശിക്ഷിക്കാനുള്ള അവകാശം കുറ്റത്തിനിരയായ വ്യക്തിക്കോ അയാളുടെ കുടുംബത്തിനോ ആയിരുന്നു എന്നാണ് വിക്കിപ്പീഡിയ പറയുന്നത്.  കാലം ചെന്നതോടെ കുറ്റത്തിന്‌ ആനുപാതികമായിരിക്കണം ശിക്ഷ എന്ന സ്ഥിതി വന്നു എന്നും കണ്ണിന്‌ കണ്ണ് എന്നതരത്തിലുള്ള ശിക്ഷ ഇതിനുദാഹരണമാണ്‌ എന്നും വിക്കിപ്പീഡിയ തുടർന്ന് പറയുന്നു.


രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ മേൽനോട്ടത്തിൽ വ്യക്തികൾ ശിക്ഷ നടപ്പാക്കുന്നതായിരുന്നു അടുത്ത ഘട്ടം. അങ്ങനെയാണ് നീതി നടപ്പാക്കുന്നതിനുള്ള കടമ രാജ്യത്തെ നിയമ വ്യവസ്ഥയ്ക്കാണെന്നു വന്നത്.  ശിക്ഷ സമൂഹത്തിന്റെ ഭാഗമായതു കൊണ്ടായിരിക്കാം കുറ്റങ്ങളും സമൂഹത്തിൽ കൂടിക്കൂടി വന്നത്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇപ്പോൾ ജനസംഖ്യയേക്കാൾ കൂടുതൽ ശിക്ഷാർഹമായ കുറ്റങ്ങളായിരിക്കും നാട്ടിലെന്നാണ് എന്റെ വിശ്വാസം.


എന്തെല്ലാം തരം കുറ്റങ്ങളും ശിക്ഷകളുമാണ് ഓരോ ദിവസവും പത്രത്തിൽ വരുന്നത്! വെടി വെച്ചു കൊന്നാൽ ഒരു കോടി രൂപ വാങ്ങി വെറുതെ വിടുന്ന ശിക്ഷയും ഞാൻ ഈയിടെ കണ്ടു. ശിവ, ശിവ!!!!


ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാകുന്ന ഒരു കാര്യം കള്ളന്മാരും കൊലപാതകികളും മാത്രമല്ല ശിക്ഷിക്കപ്പെടുന്നത് എന്നാണ്. ഒരു പക്ഷേ ഇവരൊക്കെ രക്ഷപ്പെടുന്നും ഉണ്ടാകാം. ആയിരം നിരപരാധികൾ ശിക്ഷിക്കപ്പെട്ടാലും ഒരു അപരാധിയെ ശിക്ഷിക്കാനിടവരരുത് എന്നല്ലേ തല്പരകക്ഷികളുടെ കാഴ്ചപ്പാട്?

കള്ളന്മാരും കൊള്ളക്കാരുമൊക്കെ ശിക്ഷിക്കപ്പെടുന്നത് ഒരു വാർത്തയല്ല. പക്ഷേ പിഞ്ചു കുഞ്ഞുങ്ങൾ മുതൽ അശരണരായ വൃദ്ധജനങ്ങൾ വരെ പ്രബുദ്ധമെന്നു പറയുന്ന ഈ ദക്ഷിണേന്ത്യയിൽ ശിക്ഷിക്കപ്പെടുന്നതു കാണുമ്പോൾ രോഷം മാത്രമല്ല പേടിയും എന്നെ ഗ്രസിക്കുന്നുണ്ട്. "ഇന്നു ഞാൻ, നാളെ നീ" എന്നാണല്ലോ പ്രണാമം. നിരപരാധിയായിട്ടും ശിക്ഷിക്കപ്പെടുന്ന ഓരോരുത്തനും "നാളെ ഇത് നിനക്കും വരും" എന്ന് നമ്മെ നോക്കി പറയുന്നുണ്ടാകും. പെണ്ണായി പിറന്നതിനു പിതാവിന്റെ വക ശിക്ഷ കിട്ടിയ കാര്യം ഞാനീയിടെ വായിച്ചു. (അച്ഛൻ അടിച്ച് തല പൊട്ടിച്ചതു കാരണം മൂന്നുമാസം മാത്രം പ്രായമുള്ള അഫ്രീൻ മരിച്ച വാർത്ത ഈയിടെ ബാംഗ്ലൂരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവല്ലോ? കഷ്ടം!) ഫീസടച്ചില്ല എന്ന് പറഞ്ഞ് 9 വയസ്സുകാരനെ മുറിയിലടച്ച് ശിക്ഷിച്ചതും ഞാൻ വായിച്ചിരുന്നു. സ്ത്രീധനം കൊടുക്കാത്തതിന് എത്രയെത്ര പെൺകുട്ടികൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നു.  ഇതെല്ലാം സമൂഹം നടപ്പാക്കുന്ന ശിക്ഷകൾക്കു പുറമേയാണ്. കിളിരൂർ പോലെയുള്ള കേസുകളിൽ രാഷ്ട്രീയം ഉൾപ്പെടെ ആരെല്ലാം എന്തെല്ലാം തരത്തിൽ ശിക്ഷിക്കുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിരിക്കുന്നു. എന്നിട്ടും യഥാർത്ഥ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടോ എന്തോ?


കുറച്ചുകാലമായി ഞാൻ മനസ്സിലാക്കിയ ഒരു കാര്യമുണ്ട്. അത് മന്ത്രിയും ശിക്ഷിക്കപ്പെടാം എന്നാണ്‌.  ബാലകൃഷണപ്പിള്ള പൂജപ്പുരയിലല്ലേ കിടന്നത്? മുമ്പൊരു ചീഫ് സെക്രട്ടറിയേയും ശിക്ഷിച്ചിരുന്നു.  ഇതിലൊന്ന് രാഷ്ട്രീയക്കാരനാണെങ്കിൽ മറ്റേയാൾ ഉദ്യോഗസ്ഥവൃന്ദത്തിൽ പെടുന്നു. നമ്മുടെ സാക്ഷാൽ കാഞ്ചികാമകോടിസ്വാമികളും കുറച്ച് കാലം ജയിലിൽ കിടന്നു എന്നാണ് എന്റെ ഓർമ്മ. അദ്ദേഹം അസ്സൽ സ്വാമിയാണെങ്കിൽ തോക്ക് സ്വാമി, സന്തോഷ് മാധവൻ എന്നീ ആസാമിമാരും ജയിലിൽ കിടന്നു. ആൺപെൺ വ്യത്യാസമില്ലതെയും ശിക്ഷ നടപ്പാക്കപ്പെടുന്നു. എന്തിന്, മഹാനീതിമാനായ കെജീബി വരെ ശിക്ഷിക്കപ്പെടാനുള്ള വക വളരെ സജീവമായിരുന്നില്ലേ? ശിക്ഷയിൽ നിന്ന് ആർക്കും മോചനമില്ലെന്ന് സാരം!!!!


ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്തപ്പോൾ നാളെ ഞാനും ഒരു പക്ഷേ ശിക്ഷിക്കപ്പെട്ടേക്കാമെന്ന ഒരു  ഉൾഭയം എന്നിൽ ഉണ്ടായെങ്കിൽ അതിലെന്നെ ആരും കുറ്റം പറയുകയില്ല. ജയിലിൽ കിടക്കുന്ന കാര്യമാലോചിച്ചപ്പോൾ ഞാൻ ശരിക്കും ഞെട്ടി. ജട്ടിയുമിട്ട് കൊതുകായ കൊതുകിന്റെയെല്ലാം കടിയും സഹിച്ചുള്ള ദിനങ്ങളുടെ ചിന്ത എന്റെ ഉറക്കം കെടുത്തി. അഥവാ ഉറങ്ങിയാലോ, ജയിലിലേക്ക് പോകുന്നതായി സ്വപ്നം കാണുകയും ചെയ്തു. നിലത്തു കിടക്കുമ്പോൾ പാറ്റയും കൂറയും ചെവിയിൽ കയറിപ്പോകുന്നതും മറ്റും എന്നെ അലോസരപ്പെടുത്തി. രാത്രിയിൽ എലി വന്ന് ചെവിയും മൂക്കും കടിച്ചാലോ എന്ന് ഞാൻ ഭയപ്പെട്ടു. അങ്ങനെ എലിപ്പനിയും പാറ്റപ്പനിയും വന്നാലോ എന്ന ആധി എന്നിൽ വളർന്നു. കട്ടിലും ഏസിയും ഒക്കെയായി ഒരു സുഖവാസത്തിന് പറ്റിയ രാഷ്ട്രീയ ബന്ധുബലം എനിക്ക് ഇല്ലല്ലോ എന്നും ഞാൻ ഇറ്റലിക്കാരനല്ലല്ലോ എന്നുമൊക്കെ ഞാൻ ചിന്തിച്ചു. ഞാൻ തപസ്സ് ചെയ്യുന്ന മുനിയൊന്നുമല്ലല്ലോ? ജോലി ചെയ്യുമ്പോൾ എവിടെയെങ്കിലും എന്തെങ്കിലും കുറ്റം സംഭവിച്ചേക്കാമെന്നും അതെന്നെ ജയിലിലെത്തിച്ചേക്കാമെന്നും ഞാൻ ഭയന്നു. കോടതിക്കെതിരേ എന്തോ പറഞ്ഞതിനല്ലേ ഒരു നേതാവ് അകത്ത് കിടന്നത്? എല്ലില്ലാത്ത നാവാണ്, എന്തെങ്കിലും ഞാനും പറഞ്ഞുപോയിക്കൂടായ്കയില്ല. ഇനിയും കേരളത്തിൽ നിന്നാൽ അതത്ര പന്തിയല്ലെന്ന് കണ്ട ഞാൻ ഇവിടെ നിന്ന് രക്ഷപ്പെടാൻ തന്നെ തീരുമാനിച്ചു. അങ്ങനെയാണ് ഞാൻ കേരളത്തിൽ നിന്ന് മുങ്ങിയതും ഉത്തരപ്രദേശത്ത് പൊങ്ങിയതും. ഒന്നുമില്ലെങ്കിലും ഋഷിമാരും താപസന്മാരുമൊക്കെയുള്ള, ഭാരതത്തിന്റെ ഹൃദയഭൂമിയല്ലേ ഇത് എന്ന് ഞാൻ ആശ്വസിച്ചു.


ഉത്തരപ്രദേശത്തിന്റെ നിരത്തുകളിലൂടെ നടക്കുമ്പോൾ ഞാൻ അവിടെയൊക്കെ ധാരാളം ആളുകളെ കണ്ടു. അന്വേഷിച്ചപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പ്രദേശമാണിതെന്ന വിവരവും എനിയ്ക്ക് കിട്ടി. ശിക്ഷയില്ലാത്തതു കൊണ്ടു ജനങ്ങളെല്ലാം സ്വതന്ത്രരായിരിക്കുമെന്നും സ്വതന്ത്രരായ ഈ ജനങ്ങൾ വീടുകളിൽ സകുടുംബം താമസിക്കുന്നതുകൊണ്ടാകും ഈ ജനസംഖ്യാ വർദ്ധനവെന്നും ഞാൻ ഊഹിച്ചു. അപ്പോൾ കേരളത്തിൽ ജനങ്ങൾ കുറയാനുള്ള കാരണം എനിയ്ക്ക് മനസ്സിലായി. കേരളത്തിലെ ആളുകൾ ഓരോ കുറ്റം ചെയ്ത് ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കുമ്പോൾ എങ്ങനെ ജനസംഖ്യ വർദ്ധിക്കും? അല്ലെങ്കിൽ ഇനി ഇപ്പോൾ കുറ്റവാളികളായ സ്ത്രീ പുരുഷന്മാർക്ക് ഒരുമിച്ച് ജയിലിൽ ഒരേ മുറിയിൽ ശിക്ഷ അനുഭവിക്കാനുള്ള അവസരം നൽകേണ്ടി വരുമെന്ന് ഞാനൂഹിച്ചു. പക്ഷേ അതു നടക്കുമോ? എനിയ്ക്കുറപ്പില്ല. ജയിലിൽ കിടക്കുന്നവർക്ക് അത് സ്വീകാര്യമായിരിക്കുമെങ്കിലും ജയിലിനു പുറത്തുള്ള അവരുടെ ജീവിതപങ്കാളി അത് സമ്മതിച്ചു കൊടുക്കാനിടയില്ല.
നിരത്തുകളിലൂടെ നടക്കുമ്പോൾ എനിയ്ക്ക് അതിയായ ചൂടനുഭവപ്പെട്ടു.  കത്തുന്ന സൂര്യന്റെ പൊള്ളുന്ന കിരണങ്ങൾ എന്റെ ശരീരത്തിൽ പതിക്കുമ്പോൾ ചാട്ടവാറടി കൊള്ളുന്ന പോലെ ഉണ്ടായിരുന്നു. ദൈവത്തിന്റെ സ്വന്തം നാടിനെ തള്ളിപ്പറഞ്ഞ് ഉത്തരേന്ത്യയിലേക്ക് ചേക്കേറിയ എന്നോട് ദൈവത്തിന്‌ കടുത്ത വിദ്വേഷം കാണുമെന്നറിയാവുന്ന ഞാൻ ആ ചാട്ടവാറടി അത്ര കാര്യമാക്കിയില്ല. മനുഷ്യനായാലും ദൈവമായാലും എളുപ്പമുള്ളതാണല്ലോ ചെയ്യുക. എന്തിന്‌ ബുദ്ധിമുട്ടുള്ള പണിയൊക്കെ ചെയ്യണം? അടിക്കാനെളുപ്പമാണ്‌. അടിയ്ക്കട്ടെ.

നടക്കുമ്പൊൾ ഒരു പറമ്പിൽ കുറേ ചെറിയ കുട്ടികൾ നിരനിരയായി നിൽക്കുന്നത് കണ്ടു. ആൺകുട്ടികളും പെൺകുട്ടികളും അതിലുണ്ട്. പിഞ്ചുകുഞ്ഞുങ്ങളെ ഇങ്ങനെ വെയിലു കൊള്ളിക്കുന്നതൊരു തരം ശിക്ഷയല്ലേ എന്നു ചിന്തിച്ചുകൊണ്ട്  ഞാനാ സ്ഥലത്തേക്ക് നോക്കി. അപ്പോൾ അതിനടുത്ത കെട്ടിടത്തിൽ “ പ്രാഥമിക ശിക്ഷാ കേന്ദ്ര് ” എന്നെഴുതി വച്ചത് ഞാൻ കണ്ടു. പ്രാഥമിക ശിക്ഷ നടപ്പാക്കാനുള്ള മാതൃകാ സ്ഥാപനം എന്നും അതിന്റെ അടിയിൽ എഴുതി വച്ചിരുന്നു. മനുഷ്യവിഭവ വികസനമന്ത്രാലയം പ്രാഥമിക ശിക്ഷ നടപ്പാക്കാൻ നിയമിച്ചിട്ടുള്ള കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ് അവിടെ കുട്ടികളെ കൈകാര്യം ചെയ്യുന്നതെന്ന് അവിടെ തൂക്കിയ ഒരു ബോർഡിൽ ഞാൻ കണ്ടു. “ പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തിപ്പട ” എന്ന പഴംചൊല്ലാണ്‌ അപ്പോൾ എന്റെ മനസ്സിൽ നുഴഞ്ഞു കേറി വന്നത്. അടിസ്ഥാന ശിക്ഷ നടപ്പാക്കാൻ കേന്ദ്രങ്ങളും കമ്മിറ്റികളുമോ എന്ന് ഞാൻ ഭയപ്പെട്ടു. ഈ കുട്ടികളുടെ ദുരവസ്ഥയോർത്ത് ഞാൻ ആ വെയിലത്ത് മോഹാലസ്യപ്പെട്ടു വീണു. എനിയ്ക്ക് ബോധം വരുമ്പോൾ എന്റെ ചുറ്റും കുറേ ഹിന്ദിക്കാർ നില്പുണ്ടായിരുന്നു. അവർ ഹിന്ദിയിൽ സർവ്വ ശിക്ഷാ അഭിയാൻ എന്നൊക്കെ പറയുന്നത് കേട്ടു. ഗ്രാമതലം തൊട്ട് ബ്ലോക്ക്, താലൂക്ക് തുടങ്ങി സംസ്ഥാനത്തൊട്ടുക്കും പ്രാഥമിക ശിക്ഷ നടപ്പാക്കണമെന്ന് അദ്ധ്യാപകനെപ്പോലെ തോന്നിപ്പിക്കുന്ന ഒരാൾ ശക്തിയുക്തം വാദിച്ചുകൊണ്ടിരുന്നു. ഔപചാരികശിക്ഷയ്ക്കു പുറമേ അനൗപചാരികശിക്ഷ കൂടി വേണമത്രെ! അതു കേട്ടപ്പോൾ ആ അദ്ധ്യാപകന്റെ കയ്യല്ല കഴുത്തു തന്നെ വെട്ടണമെന്നെനിയ്ക്ക് തോന്നി. പക്ഷേ ശിക്ഷ പേടിച്ച് നാടു വിട്ട ഞാൻ അതിന്റെ പേരിൽ ഒരു ശിക്ഷ വാങ്ങാൻ ധൈര്യപ്പെടുമോ?


ഉച്ചശിക്ഷ എന്നും അവർ പറയുന്നതു കേട്ടു. ഉച്ചയ്ക്ക് കുട്ടികളെ പൊരിയുന്ന വെയിലത്ത്  നിറുത്തുന്ന പരിപാടിയായിരിക്കും അതെന്ന് ഞാനൂഹിച്ചു. അതാണല്ലോ ഇവിടെ ഞാൻ കണ്ടത്. പ്രാഥമിക ശിക്ഷ എന്നാൽ കയ്യും കാലും വെട്ടുന്നതായിരിക്കുമോ എന്നു ഞാൻ ഭയന്നു. അതു പോലെ മാദ്ധ്യമിക ശിക്ഷ എന്നത് നെഞ്ചത്തോ ഉദരത്തിലോ വെടി വച്ച് കൊല്ലുന്നതായിരിക്കുമെന്നും ഞാൻ ഭയന്നു. നാവ് മുറിച്ചു കളയുക, കണ്ണു കുത്തിപ്പൊട്ടിക്കുക, കഴുത്തു വെട്ടുക എന്നിങ്ങനെയുള്ള ശിക്ഷകൾക്ക് ഇവരെന്താണാവോ പറയുക! എല്ലാവരേയും ശിക്ഷിക്കാൻ വന്നവരായിരിക്കും മല്ലന്മാരെപ്പോലെയുള്ള ഇവർ എന്നു ധരിച്ച ഞാൻ അവിടെ “ഒന്നുമേ അറിയാത്ത പാവത്തിനെപ്പോലെ” ഇരുന്നു.  അവരുടെ കയ്യിൽ നിന്ന് ശിക്ഷ വാങ്ങുന്ന കാര്യം എനിയ്ക്കാലോചിക്കാനേ വയ്യായിരുന്നു.


സംസ്ഥാനമൊട്ടുക്കും ശിക്ഷ നടപ്പാകുമ്പോൾ ഞാനും ശിക്ഷിക്കപ്പെട്ടാലോ എന്നു പേടിച്ച ഞാൻ പിന്നെ അവിടെ നിന്നില്ല. നേരേ മീററ്റ് റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു. ഇനി ഇപ്പോൾ രക്ഷ ഡൽഹിയിലാണ്‌. അവിടെ ഇമ്മാതിരി ശിക്ഷയൊന്നും ഉണ്ടാകാൻ തരമില്ല. ഒന്നുമില്ലെങ്കിലും ഒരു സ്ത്രീ അല്ലേ അവിടെ ഭരിക്കുന്നത്. വർഷങ്ങളായി അവരവിടെ ഭരണം തുടങ്ങിയിട്ട്. നല്ല ഭരണമല്ലെങ്കിൽ എങ്ങനെ ഇങ്ങനെ തുടർച്ചയായി ഭരിക്കാൻ പറ്റും? ഷീലാ ദീക്ഷിത് മാത്രമല്ല അവിടെ ഉള്ളത്. സർവ്വ സൈന്യാധിപയായ പ്രതിഭാ പട്ടേലരും അവിടെയല്ലേ ഇരുന്നരുളുന്നത്? അപ്പോൾ തീർച്ചയായും ഈ മഹിളാമണികളുടെ സ്നേഹവാത്സല്യങ്ങൾ നുകർന്നായിരിക്കും ഡൽഹിനിവാസികൾ കഴിയുന്നതെന്ന് ഞാൻ സ്റ്റേഷനിലേക്ക് നടക്കുമ്പോൾ തീർച്ചയാക്കി.


സ്റ്റേഷനിലെത്തിയ ഞാൻ നേരേ ജനറൽ ടിക്കറ്റ് കൗണ്ടറിലേക്ക് നടന്നു. ഇന്ത്യയിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് ‘ജനറൽ ഇലൿഷൻ’ ആണെന്നും ഏറ്റവും വലിയ പോസ്റ്റ് ഓഫീസ് ‘ജനറൽ പോസ്റ്റ് ഓഫീസ്’ ആണെന്നും അറിയുന്ന ഞാൻ തീവണ്ടിയിലെ ഏറ്റവും നല്ല കമ്പാർട്ട്മെന്റിൽ തന്നെ യാത്ര ചെയ്യാമെന്ന് കരുതി. ജനറൽ കൗണ്ടറിൽ വലിയ തിരക്കാണ് ഞാൻ കണ്ടത്. അല്ലെങ്കിലും അതങ്ങനെയേ വരൂ. ഏറ്റവും നല്ലതിന് ക്യൂ നിൽക്കുകയും തള്ളുകയും ഒക്കെ ചെയ്യുന്നത് നമുക്കൊരു ശീലമല്ലേ? ഫസ്റ്റ് ക്ലാസ്, ഏസി തുടങ്ങിയ ടിക്കറ്റുകൾക്ക് ആരും ക്യൂ നിൽക്കുന്നത് ഞാൻ കണ്ടില്ല.  അതിന് ഡിമാന്റ് കുറവായിരിക്കും. ഡൽഹിയ്ക്ക് ഒരു ജനറൽ ടിക്കറ്റ് വാങ്ങിയ എനിയ്ക്ക് സന്തോഷത്തിന്‌ അതിരില്ലായിരുന്നു. എന്തെന്നാൽ ടിക്കറ്റ്, ജനറലാണെങ്കിലും അതിന്റെ പൈസ വളരെ കുറവായിരുന്നു. അത് ഒരു പക്ഷേ ക്ലർക്കിന് തെറ്റിയതായിരിക്കുമെന്ന് കരുതി ഞാൻ നേരേ ജനറൽ കമ്പാർട്ട്മെന്റിലേക്ക് നടന്നു. അപ്പോഴേയ്ക്കും വണ്ടി പുറപ്പെടാൻ തുടങ്ങിയിരുന്നു. കഷ്ടകാലമെന്നു പറയട്ടെ ജനറൽ കമ്പാർട്ട്മെന്റ് അന്വേഷിച്ചു നടന്ന എനിയ്ക്ക് ആളുകൾ തിക്കിത്തിരക്കുന്ന, കയറാൻ സ്ഥലമില്ലാത്ത പൊട്ടിപ്പൊളിഞ്ഞ ഒരു കമ്പാർട്ട്മെന്റ് ആണ്‌ കാണാൻ കഴിഞ്ഞത്. തിരക്കില്ലാത്ത കമ്പാർട്ട്മെന്റിലൊന്നും കയറാൻ ടി. ടി.ഇ. ഒട്ടനുവദിച്ചതുമില്ല. കാര്യങ്ങളുടെ കിടപ്പ് എനിയ്ക്ക് മനസ്സിലായില്ലെങ്കിലും ഞാൻ എങ്ങനെയൊക്കെയോ ഈ ‘ജനറൽ കമ്പാർട്ട്മെന്റ്’ എന്ന സാധാ കമ്പാർട്ട്മെന്റിൽ കയറി തൂങ്ങിപ്പിടിച്ച് നിന്നു. അപ്പോഴും വലിയ ജനറൽ പോസ്റ്റ് ഓഫീസായിരുന്നു എന്റെ മനസ്സിൽ.


വണ്ടി ഡൽഹിയിലെത്തുമ്പോൾ നേരം പുലർന്നതേ ഉണ്ടായിരുന്നുള്ളു. പ്ലാറ്റ്ഫോമിന്റെ താഴേയുള്ള പാളത്തിലാകെ മനുഷ്യമലം കുമിഞ്ഞു കൂടിക്കിടന്ന് നാറുന്നുണ്ടായിരുന്നു. ഇതെല്ലാം ആൾക്കാർ വണ്ടിയിലിരുന്ന് സാധിക്കുന്നതാണ്‌. ഇങ്ങനെ ഉള്ളിൽ ഇരുന്ന് “വെളിക്ക് ഇറങ്ങുന്ന” വിദ്യ മനുഷ്യനു മാത്രം സ്വന്തം.  നാറുന്ന സാധനങ്ങൾ തന്റെ സമീപത്തു നിന്നും പോകണമെന്നും അത് കുറച്ചപ്പുറത്തോ അയൽവാസിയുടെ പറമ്പിലോ കിടന്നു നാറിയാൽ കുഴപ്പമില്ലെന്നും ഉള്ള ചിന്തയും മനുജനു മാത്രം സ്വന്തം! അതോ ഭാരതീയനു മാത്രമോ? കേരളീയൻ അക്കാര്യത്തിൽ ഒരു മാതൃകാമനുഷ്യനാകാനാണ് സാധ്യത.


ഡൽഹിയിലെത്തിയ ഞാൻ ഡൽഹി കാണാനിറങ്ങി. ഡൽഹി ആദ്യമായി കാണുകയാണ്‌. മോഹിപ്പിക്കുന്ന കാഴ്ചകളുടെ നഗരമാണ്‌ ഡൽഹി എന്ന് ഇടയ്ക്കൊക്കെ ‘മാതൃഭൂമി’യിൽ കാണാം. ആ കാഴ്ചകൾ കാണാനുള്ള സമയം സമാഗതമായല്ലോ എന്ന് ഞാൻ സന്തോഷിച്ചു. ഇന്ത്യാ ഗെയ്റ്റും കുത്തബ്മീനാറും മറ്റും കണ്ടു നടന്ന ഞാൻ ഒടുവിൽ സർദാർജിയുടെ ഭരണകേന്ദ്രം ലക്ഷ്യമാക്കി നടന്നു. വെയിലത്ത് നടന്ന് തളർന്ന ഞാൻ ഒരു വലിയ കെട്ടിടം കണ്ട് ഞെട്ടിപ്പോയി. ‘ശിക്ഷാ മന്ത്രാലയ്’ എന്നായിരുന്നു അതിന്റെ മുന്നിൽ എഴുതി വച്ചിരുന്നത്. ഡൽഹിയിൽ ശിക്ഷിക്കുവാൻ മന്ത്രാലയം വരെ ഉണ്ട് എന്നറിയാത്ത ഞാൻ ഈശ്വരാ, എന്ന് വിളിച്ചു കൊണ്ട്  അന്തം വിട്ടു നിന്നു. ഒരു ശിക്ഷാ ഡയറക്റ്ററേറ്റും ഞാൻ അതിനടുത്തായി കണ്ടു. റോഡിലൂടെ നടന്നാൽ പിടിക്കപ്പെട്ടേക്കാമെന്ന് ഞാൻ ഭയന്നു. ശിക്ഷ ഉറച്ചതു തന്നെ എന്നു മനസ്സിലാക്കിയ ഞാൻ നടപ്പാതയുടെ ഓരം ചേർന്ന് നടന്നു. ഇടി വെട്ടിയവനെ നീർക്കോലി കടിച്ചപ്പോഴത്തെ അവസ്ഥയായിരുന്നു എനിയ്ക്കപ്പോൾ!

ഭയമോ സങ്കടമോ എന്താണ്‌ എനിയ്ക്കപ്പോൾ തോന്നിയത് എന്ന് എനിയ്ക്ക് ഇപ്പോൾ  പറയാനാകുന്നില്ല. വീണ്ടും മുന്നോട്ട് നടന്ന എനിയ്ക്ക് ദൈവദൂതനെപ്പൊലെ ഒരു കെട്ടിടം മുന്നിൽ കാണായി. “രക്ഷാ മന്ത്രാലയ്” എന്നതിൽ എഴുതി വച്ചിട്ടുണ്ടായിരുന്നു. അതെനിയ്ക്ക് വലിയ ആശ്വാസം നല്കി.ഒരു ശിക്ഷാ മന്ത്രാലയമുണ്ടെങ്കിൽ ജനങ്ങളെ രക്ഷിക്കാൻ ഒരു രക്ഷാമന്ത്രാലയം വേണമെന്ന സർദാർജിയുടെ നീതിബോധത്തെ ഞാൻ സർവ്വത്മനാ ശ്ലാഘിച്ചു. സന്തോഷത്തോടെ ഞാൻ അവിടെ കണ്ട ഒരു ഹിന്ദിക്കാരനോട് ഈ രക്ഷാമന്ത്രാലയത്തെക്കുറിച്ച് ചോദിച്ചു. അയാൾ പലതും പറഞ്ഞ കൂട്ടത്തിൽ കേട്ട ഒരു കാര്യം എന്റെ മനസ്സിൽ ആശ്വാസത്തിന്റെ കുളിരു കോരിയിട്ടു. രക്ഷാമന്ത്രാലയത്തിന്റെ അധിപൻ നമ്മുടെ സാക്ഷാൽ എ.കെ. ആന്റണി ആണെന്ന കാര്യമായിരുന്നു അത്.
കൂട്ടുകക്ഷി ഭരണത്തിന്റെ കുഴപ്പം എനിക്കപ്പോൾ മനസ്സിലായി. കേരളത്തിൽ കേകോയും മുലീയും ഭരിക്കുന്ന പോലെയല്ലേ കേന്ദ്രത്തിൽ മമതയും പവാറുമൊക്കെ ഭരിക്കുന്നത്. അപ്പോൾ ഒരു കൂട്ടർ ശിക്ഷിക്കാനിറങ്ങുന്നതും മറ്റൊരു കൂട്ടർ ഭക്ഷിക്കാനിറങ്ങുന്നതും തികച്ചും സ്വാഭാവികം; അതിനിടയിൽ ആന്റണിയെപ്പോലെയുള്ള പുണ്യവാളന്മാർ രക്ഷിക്കാനും മറ്റും തുനിഞ്ഞിറങ്ങുന്നത് ജനങ്ങൾക്കെന്ത് ആശ്വാസമാണെന്നോ!

അപ്പോൾ രക്ഷിക്കലാണല്ലേ ഇദ്ദേഹത്തിന്‌ ഡൽഹിയിൽ പണി? പാവം........... എല്ലാവരേയും ശിക്ഷിക്കുന്ന നാട്ടിൽ ആളുകളെ രക്ഷിക്കുക എന്നു പറയുന്നത് ചില്ലറ കാര്യമല്ല; എളുപ്പവുമല്ല. അതുകൊണ്ടൊക്കെയായിരിക്കും അദ്ദേഹത്തെ ഇപ്പോൾ കേരളത്തിൽ കാണാത്തത് എന്നു ഞാൻ സമാധാനിച്ചു. വെറുതെയല്ല ആളുകൾ അദ്ദേഹത്തെ തങ്കപ്പെട്ട മനുഷ്യനായി കണക്കാക്കുന്നത് എന്ന് ഞാൻ മനസ്സിലാക്കി. ആളുകളെ രക്ഷിക്കാൻ അദ്ദേഹത്തോടൊപ്പം ഞാനും ചേർന്നാലോ എന്ന് ഒരു വേള ഞാൻ ചിന്തിച്ചു. (എനിയ്ക്ക് ഒറ്റയ്ക്കുണ്ടോ ആളുകളെ രക്ഷിക്കാനാകുന്നൂ?) പക്ഷേ അദ്ദേഹം അടുത്ത രാഷ്ട്രപതിയാകുകയാണെങ്കിൽ രക്ഷിക്കുന്ന ഈ പണി നിറുത്തുമെന്നും അദ്ദേഹത്തിന്റെ കൂടെ കൂടിയാൽ അപ്പോൾ എന്റെ കഞ്ഞിയിൽ പാറ്റ വീഴുമെന്നും ഞാൻ എന്നെ ഓർമ്മപ്പെടുത്തി.

പിന്നെ ഞാനവിടെ നിന്നില്ല; ശിക്ഷാമന്ത്രാലയമുള്ള നാട്ടിൽ നിന്നാൽ കഴുത്തിൽ തല കാണില്ലെന്ന ഭയം മൂലം ഞാൻ വേഗം അവിടെ നിന്നും ഓടുന്ന ഒരു തീവണ്ടിയിൽ കയറി രക്ഷപ്പെട്ടു.
                      xxxxxxxxxxxxxxxxxxxxxxxxxxxx

(
അമ്പത് വർഷം മലയാളം മാത്രം സംസാരിച്ച ഞാൻ പെട്ടെന്നൊരു ദിനം ഹിന്ദി പറയാൻ തുടങ്ങിയപ്പോഴുള്ള പ്രകമ്പനങ്ങളാണ് പർദ്ദയായും  പ്രതീക്ഷയായും ശിക്ഷയായും മറ്റും ഇവിടെ ബഹിർഗ്ഗമിക്കുന്നത്. )





2012 ഏപ്രിൽ 22, ഞായറാഴ്‌ച

പ്രതീക്ഷ

ജീവിതത്തെക്കുറിച്ചു പറയുമ്പോൾ മൂന്നു കാര്യങ്ങളാണ് എന്റെ മനസ്സിൽ ഓടിയെത്തുക. ജീവിയ്ക്കാനാവശ്യമായ ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നിങ്ങനെയുള്ള മൂന്നെണ്ണമാണ് അതെന്ന് അബദ്ധവശാൽ ഇതാരെങ്കിലും വായിക്കാനിടയായാൽ ധരിച്ചേക്കും. അതല്ല, ജീവിച്ചിരിക്കാനാവശ്യമായ 3 കാര്യങ്ങളാണ് ഞാൻ ഓർക്കുക. അത് ഇത് മൂന്നുമല്ല. ചെയ്യാനെന്തെങ്കിലും, സ്നേഹിയ്ക്കാനെന്തെങ്കിലും, പ്രതീക്ഷിക്കാനെന്തെങ്കിലും എന്നിവയാണെന്റെ മനസ്സിൽ ഓടിയെത്തുന്ന  ആ 3 കാര്യങ്ങൾ. ഇവയിൽ ആദ്യം പറഞ്ഞ രണ്ടും ഇല്ലെങ്കിലും എങ്ങനെയെങ്കിലും ജീവിക്കാം. ചെയ്യാൻ ജോലിയൊന്നുമില്ലാത്ത എത്രപേർ ജീവിച്ചിരിപ്പുണ്ട്? നിരവധി!!!!!!! സ്നേഹിക്കാനാരുമില്ലാതെ എത്ര പേർ ജീവിച്ചിരിപ്പുണ്ട്? നിരവധി!!!!!!! പക്ഷേ................. പ്രതീക്ഷിക്കാനൊന്നുമില്ലെങ്കിൽ ജീവിച്ചിരിക്കുക അസാദ്ധ്യം. ജീവിതത്തിൽ പ്രതീക്ഷ അറ്റവർ എന്തു ചെയ്യുന്നു എന്നൊന്നും ഞാനിവിടെ എഴുതേണ്ടതില്ല!

"പ്രതീക്ഷ" എന്നു പറയുമ്പോൾ എന്തൊക്കെയാണ് മനസ്സിലോടി എത്തുന്നത്!?

 നെയ്യാറ്റിൻകരയിൽ ഇരുമുന്നണിയ്ക്കും വിജയപ്രതീക്ഷ..................

പഴയ ആ കാലം ഇനി വരില്ലെങ്കിലും "പ്രതീക്ഷ" കൈവിടാതെ ഉള്ള മുന്നോട്ടുള്ള പ്രയാണം............

കർഷകർക്ക് പ്രതീക്ഷ നൽകാത്ത ബജറ്റ് .........

വിപണിയുടെ പ്രതീക്ഷ...........

മാതാപിതാക്കളുടെ പ്രതീക്ഷ സഫലമാക്കാത്ത മക്കൾ..........

അമിത പ്രതീക്ഷ, ഏക പ്രതീക്ഷ, ഒരു ചെറിയ പ്രതീക്ഷ, വലിയ പ്രതീക്ഷ, അവസാന പ്രതീക്ഷ, . . . . . . . . . . . . . . . . . . . . . . . .

പ്രതീക്ഷകൾ പല വിധത്തിലാണ്, അവ അവസാനിക്കുന്നില്ലേയില്ല.

ചെറുപ്പത്തിൽ എനിയ്ക്കും ഉണ്ടായിരുന്നിരിക്കാം പ്രതീക്ഷകൾ. അല്ലെങ്കിൽ ഇത്രയും കാലം ജീവിച്ചിരിക്കുമായിരുന്നില്ലല്ലോ! പക്ഷേ പണ്ടത്തെ ആ പ്രതീക്ഷകളൊന്നും ഇപ്പോൾ മനസ്സിലില്ല. വലിയ ജോലി........ സുന്ദരിയായ ഭാര്യ....... എയർ കണ്ടീഷൻ ചെയ്ത വലിയ ബംഗ്ലാവ്,........  ചലിക്കുന്ന കൊട്ടാരം പോലത്തെ കാറ്........... ഇതൊക്കെ, ഒരു പക്ഷേ, ഞാനും അന്ന് പ്രതീക്ഷിച്ചിരിക്കാം. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വ്യത്യാസം കൂടാതെ പ്രതീക്ഷിക്കാമെന്നതുകൊണ്ടും പ്രതീക്ഷിക്കാൻ വാറ്റും നികുതിയും ഒന്നും വേണ്ടാത്തതുകൊണ്ടും പ്രതീക്ഷകളുടെ ലിസ്റ്റ് അവസാനിക്കാത്തതാണ്.  പകൽക്കിനാവുകളിൽ പ്രതീക്ഷകളെയും പ്രതീക്ഷിച്ചിരിക്കുന്നത് സുഖമുള്ള കാര്യമാണെങ്കിലും പ്രതീക്ഷ ഫലവത്താകുക എന്നത് എളുപ്പമല്ല എന്നാണ് പക്ഷേ ജീവിതം പഠിപ്പിച്ചത്.  പ്രതീക്ഷിച്ചത് ഓരോന്നും ഫലവത്താകാതെ പോകുന്നത് അറിയുമ്പോഴും പുതിയ പുതിയ പ്രതീക്ഷകൾ മനസ്സിൽ ചേക്കേറുന്നത് കാരണം ജീവിച്ചിരിക്കാനുള്ള ചോദന മനസ്സിലും ജീവിതത്തിലും അനുസ്യൂതം നിലനിന്നു. ഒടുവിൽ ജീവിതം വർഷങ്ങളുടെ അർദ്ധസെഞ്ച്വറി പിന്നിട്ടപ്പോഴാണ് പ്രതീക്ഷകൾ എല്ലാം ചാപിള്ളകൾ ആയിരുന്നെന്നും പ്രതീക്ഷിക്കുന്നതിൽ ഇനി അർത്ഥമില്ലെന്നും പ്രതീക്ഷിക്കാനിനി ഒന്നുമില്ലെന്നും ഉള്ള വലിയ സത്യം മനസ്സിനെ ഗ്രഹിച്ചത്.  ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നിട്ടും ഇതായിപ്പോയല്ലോ എന്റെ ഗതി എന്ന് ഞാൻ വ്യാകുലപ്പെട്ടു. 

അങ്ങനെയിരിക്കുമ്പോഴാണ് ഒരു മകളുണ്ടായിരുന്നെങ്കിൽ അവൾക്ക് പ്രതീക്ഷ എന്ന് പേരിടാമായിരുന്നെന്നും എങ്കിൽ എപ്പോഴും മനസ്സിലും ജീവിതത്തിലും പ്രതീക്ഷ ഉണ്ടാകുമായിരുന്നെന്നും ഉള്ള ഒരു ആശയം എന്റെ മനസ്സിലുദിച്ചത്. അപ്പോൾ ഇനി ഒരു മകൾക്കുള്ള ബാല്യം എനിക്കില്ലല്ലോ എന്ന് ഞാൻ വ്യാകുലപ്പെട്ടു. ആൺകുട്ടികൾക്ക് പ്രതീക്ഷ എന്നു പേരിടാൻ പറ്റാത്തതിലെ അനൗചിത്യം അന്നെന്നെ വല്ലാതെ ചിന്തിപ്പിച്ചു. അപ്പോഴാണ് ഭാര്യയുടെ പേര് പ്രതീക്ഷ എന്നാക്കിയാലോ എന്ന് ഞാൻ ഗൗരവമായി ചിന്തിച്ചത്. പക്ഷേ മദ്ധ്യവയസ്സ് കഴിഞ്ഞ, ഇനി വലുതായൊന്നും പ്രതീക്ഷിക്കാനില്ലാത്ത ഒരു സ്ത്രീയുടെ പേര് പ്രതീക്ഷ എന്നാക്കുന്നതിലെ അപാകത ഞാൻ തിരിച്ചറിഞ്ഞു. പ്രതീക്ഷിക്കാൻ ഇനിയെന്ത് എന്ന ചിന്ത എന്റെ മനസ്സിനെ മഥിച്ചു.

അങ്ങനെയിരിക്കുമ്പോഴായിരുന്നു മലയാളത്തിൽ ബ്ലോഗുകൾ പ്രചുരപ്രചാരം നേടിയതും മലയാളികളെല്ലാം ബ്ലോഗർമാരായതും. കൊടകരപുരാണങ്ങളെല്ലാം ബൂലോകത്ത് കത്തി നിൽക്കുന്ന കാലം........... ബ്ലോഗിന്റെ രൂപത്തിലാണ് അപ്പോൾ പ്രതീക്ഷ എന്നെ ചുറ്റിപ്പിടിച്ചത്. **ചുള്ളന്മാരെയൊക്കെ നിഷ്പ്രയാസം നിഷ്പ്രഭരാക്കാമെന്ന നിർദ്ദോഷമായ നിർദ്ദേശം മനസ്സിൽ സ്വയം പൊന്തി വന്നപ്പോൾ അതിലടങ്ങിയ വങ്കത്തം മനസ്സിലാകാതെ ആൾരൂപത്തിന്റെ വേഷം കെട്ടി, അടങ്ങാത്ത പ്രതീക്ഷയോടെ, ബ്ലോഗ് തുടങ്ങിയതും ബൂലോകത്ത് **പട്ടിണി കൂടാതെ കഴിയാനുള്ള ഒരു ദിവസം ഒന്നെന്ന കമന്റ് പോലും കിട്ടാതെ പ്രതീക്ഷ എന്നോട് വിട പറഞ്ഞപ്പോൾ ഞാൻ ബ്ലോഗിനോടും വിട പറഞ്ഞതും ഞാൻ ഇന്നലെയെന്നപോലെ ഓർക്കുന്നു.

ഇനിയെന്ത് എന്ന ചോദ്യത്തിനൊരു ഉത്തരവും കിട്ടാത്തവണ്ണം പ്രതീക്ഷകൾ എന്നെ കൈവിട്ടപ്പോഴാണ് ഒടുവിൽ ഞാൻ കേരളം വിടാനായി ഡൽഹിക്കുള്ള വിമാനവും പ്രതീക്ഷിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലിരുന്നത്. പണം കൊടുത്ത് ടിക്കറ്റ് വാങ്ങിയതിനാലാവാം ആ പ്രതീക്ഷ എന്തായാലും സഫലമാവുകയും ഞാൻ ഉത്തരേന്ത്യയിൽ കാലു കുത്തുകയും ചെയ്തു. ഡൽഹിയിലെ പാലം വിമാനത്താവളത്തിൽ നിന്ന് ഉത്തരപ്രദേശിലെ നോയ്ഡയിലേക്ക് കാറിൽ പോകുമ്പോൾ ഞാനറിഞ്ഞിരുന്നില്ല മരണമില്ലാത്ത പ്രതീക്ഷകളുടെ പറുദീസയിലേക്കാണ് ഞാൻ പോകുന്നതെന്ന്.

അടുത്ത ദിവസം ബസ്സ് കാത്തു നിൽക്കുമ്പോൾ എനിയ്ക്ക് വലിയൊരു കാര്യം മനസ്സിലായി... ഇവിടെ, ഭാരതത്തിന്റെ ഈ ഹൃദയഭൂമിയിൽ, ബസ്സ് കാത്തു നിൽക്കുന്നതു പോലും  പ്രതീക്ഷയ്ക്ക് വക നൽകുന്നതാണെന്നത് ആയിരുന്നു അത്. നോയ്ഡയിലെ പൊള്ളുന്ന വെയിലിൽ ബസ്സ് കാത്ത് മണിക്കൂറുകൾ നിന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു.  "യാത്രിയോം, ധ്യാൻ ദേ, ബസ് ഏക് ഖണ്ടേ കീ ദേരീ സെ ചൽ രഹീ ഹെ, കൃപയാ ബസ് കേ ലിയേ പ്രതീക്ഷാ കീജീയേ; ആപ്കീ അസുവിധാ കേലിയേ ഹമേം ഖേദ് ഹെ!" എന്ന അറിയിപ്പ് ഉച്ചഭാഷിണിയിലൂടെ ഒഴുകി വരുന്നത് ഞാൻ അവിടെ നിന്നുകൊണ്ട് പ്രതീക്ഷാപൂർവ്വം കേട്ടു. എന്റെ പുതിയ ജീവിതത്തെപ്പറ്റി വീട്ടിലേക്കൊരു എഴുത്ത് സ്പീഡ്പോസ്റ്റ് ആയി അയക്കാൻ നോയ്ഡയിലെ പോസ്റ്റ് ഓഫീസിൽ ക്യൂ നിൽക്കുമ്പോൾ, ക്യൂ നിൽക്കുന്നതും പ്രതീക്ഷയ്ക്ക് വക നൽകുന്നതായി എനിയ്ക്ക് സ്വയം ബോദ്ധ്യമാവുകയുണ്ടായി. ഏത് കൗണ്ടറിലാണ് സ്പീഡ്പോസ്റ്റ് എടുക്കുക എന്ന് അവിടത്തെ എൻക്വയറിയിൽ ചോദിച്ചപ്പോൾ 'വോ ലംബീ ലയിൻ കേ പീച്ചേ പ്രതീക്ഷാ കരോ' എന്നാണൊരാൾ എന്നെ ഉപദേശിച്ചത്. പോസ്റ്റൽ ക്ലാർക്ക് വളരെ പതുക്കെ ജോലി ചെയ്തതിനാൽ ക്യൂവിൽ എനിയ്ക്ക് ധാരാളം നേരം പ്രതീക്ഷ കൈ വിടാതെ നിൽക്കാനായി. എന്തിനധികം പറയുന്നു, ക്യൂവിൽ നിൽക്കുമ്പോൾ ഞാൻ ഒരു സുഹൃത്തിനെ മൊബൈൽ ഫോണിൽ വിളിച്ചതു പോലും പ്രതീക്ഷ കൈ വിട്ടില്ല. "ആപ് കീ കോൾ പ്രതീക്ഷാ മേം രഖാ ഹെ' എന്നാണ് ഒരു കിളിമൊഴി എന്റെ ഫോണിലൂടെ മൊഴിഞ്ഞത്. ഫോൺ വിളിയ്ക്ക് പോലും പ്രതീക്ഷയായാലുള്ള സ്ഥിതിയൊന്നാലോചിച്ചു നോക്കൂ!!

പ്രതീക്ഷകൾക്ക് വളക്കൂറുള്ള മണ്ണാണ് ഉത്തരേന്ത്യ എന്ന് പിന്നീടുള്ള ആഴ്ചകളും മാസങ്ങളും എന്നെ ബോദ്ധ്യപ്പെടുത്തി.  ചുവപ്പുനാടയിൽ കുടുങ്ങി മലയാളിയെ നിരാശനാക്കുന്ന കാര്യങ്ങൾക്ക് വരെ ഇവിടെ പ്രതീക്ഷ ബാധകമാണെന്ന് ഞാൻ ഓഫീസുകളിൽ നിന്ന് മനസ്സിലാക്കി.  നാട്ടിലേക്ക് പോകാനായി ഒരു റെയിൽവേ ടിക്കറ്റെടുക്കാമെന്ന് കരുതി സ്റ്റേഷനിൽ പോയപ്പോഴല്ലേ അറിയുന്നത് അവിടെ പ്രതീക്ഷിക്കാൻ മാത്രമായി ഒരു ആലയമുണ്ടെന്ന്. അതിന്റെ പേരത്രേ പ്രതീക്ഷാലയം എന്ന്.... എത്ര നേരം വേണമെങ്കിലും അവിടെ പ്രതീക്ഷിച്ചിരിക്കാം എന്നതത്രേ ഈ പ്രതീക്ഷാലയങ്ങളുടെ പ്രത്യേകത. നമ്മുടെ നാട്ടിലൊക്കെ അനാഥാലയം, വൃദ്ധസദനം എന്നൊക്കെയേ ഞാൻ കേട്ടിട്ടുള്ളു. പ്രതീക്ഷാലയങ്ങളിൽ എത്ര നേരം വേണമെങ്കിലും പ്രതീക്ഷിച്ചിരിക്കാം എന്ന അറിവ് എന്നിൽ മറ്റൊരു പ്രതീക്ഷയും ഉണർത്തി. നാട്ടിലെ മക്കൾ നോക്കാത്ത വൃദ്ധനും വൃദ്ധയും വൃദ്ധാലയങ്ങളിൽ പോയി നരകിക്കുന്നതിലും നല്ലതല്ലേ ഉത്തരേന്ത്യയിലെ ഈ പ്രതീക്ഷാലയങ്ങളിൽ വന്ന് പ്രതീക്ഷിച്ചിരിക്കുന്നത് എന്നതായിരുന്നു ആ പ്രതീക്ഷ. ഇവിടത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പ്രധാനപ്പെട്ട ബസ്‌സ്റ്റാൻഡുകളിലും പ്രതീക്ഷാലയമുണ്ടെന്നത് പ്രതീക്ഷയ്ക്ക് തികച്ചും വക നൽകുന്ന ഒന്നാണ്.  ഞാൻ ഈയിടെ നടത്തിയ കാശിയാത്രക്കിടെ വഴിയിൽ കണ്ട ഒരു പ്രതീക്ഷാലയത്തിന്റെ ചിത്രം ഞാനിവിടെ കൊടുത്തിട്ടുണ്ട്.  അതിൽ സൂക്ഷിച്ചു നോക്കിയാൽ പ്രതീക്ഷാലയ് എന്നെഴുതി വച്ചിരിക്കുന്നത് കാണാം.

  ആളും അർത്ഥവും ഇല്ലാതെ അടഞ്ഞു കിടക്കുന്ന ഇതു പോലുള്ള പ്രതീക്ഷാലയങ്ങൾക്ക് ഇത്തിരി ആളും അനക്കവും വേണമെങ്കിൽ ഞാൻ തന്നെ ശ്രമിക്കണമെന്ന് എനിയ്ക്ക് തോന്നി. സമൂഹത്തിനായി എനിയ്ക്കും നല്ലതെന്തെങ്കിലും ചെയ്യാവുന്നതല്ലേ? അതുകൊണ്ട് കാലനുപോലും വേണ്ടാത്ത വൃദ്ധജനങ്ങളെയെല്ലാം ഇങ്ങോട്ടേയ്ക്ക്, ഇവിടത്തെ പ്രതീക്ഷാലയങ്ങളിലേയ്ക്ക്,  ക്ഷണിച്ചാലോ എന്നാണിപ്പോഴെന്റെ ചിന്ത മുഴുവനും............

                                                            x x x x x x x x x x

** ബൂലോഗത്തു നിന്നും കടമെടുത്ത വാക്കുകളും പ്രയോഗങ്ങളും