2014, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

പാവം ഡയർ!


ഈയിടെ പഞ്ചാബിലൂടെ ജമ്മുവിലേക്കൊരു കാർ യാത്ര വേണ്ടി വന്നു.
കാർ അമൃത്സറിലൂടെ പോകുമ്പോൾ സുവർണ്ണക്ഷേത്രത്തിലേക്കും ജാലിയൻവാലാബാഗിലേക്കുമുള്ള വഴി കാട്ടിക്കൊണ്ട് റോഡരികിൽ അങ്ങിങ്ങ് ചൂണ്ടുപലകകൾ കണ്ടിട്ടും ഞാനവ ഗൗനിച്ചില്ലെങ്കിലും, കാർ നഗരത്തിന്റെ ഹൃദയഭാഗത്തുകൂടെ പോകുകയും "ജാലിയൻവാലാ ബാഗ് മെമോറിയൽ" എന്ന ബോർഡ് അരികിലായി കാണുകയും ചെയ്തപ്പോൾ പണ്ട് സ്കൂളിൽ പഠിച്ച കാര്യങ്ങളൊക്കെ ഒന്നു നേരിട്ട് കണ്ടേക്കാം എന്ന് ഞാൻ തീർച്ചയാക്കി.

സുവർണ്ണക്ഷേത്രത്തിന്റെ ഏതാണ്ട് അടുത്തായി തിരക്കുപിടിച്ച ഇടറോഡിനോട് വളരെ ചേർന്നാണ് മെമോറിയൽ. ആകർഷകമോ വിശാലമോ ആയ പ്രവേശനകവാടമൊന്നും അവിടെയില്ല. ഇടുങ്ങിയ ഒരു ഗെയ്റ്റ്. മറ്റുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളെപ്പോലെ പ്രവേശനടിക്കറ്റൊന്നുമില്ല. ആർക്കും വെറുതെയങ്ങോട്ട്  നടന്നു കയറാം. ഇടുങ്ങിയ ഒരു ഇടനാഴിയിലൂടേ നടന്നാൽ വിശാലമായ മൈതാനമായി.

മൈതാനമെന്ന് ഇപ്പോൾ പറയാൻ പറ്റില്ല; കാരണം സ്മാരകങ്ങളും മറ്റുമായി പല നിർമ്മിതികളും ഇപ്പോഴവിടെയുണ്ട്. ഡൽഹിയിൽ ഗാന്ധിസമാധിയിലെന്ന പോലെ ഇവിടേയും ഒരു കെടാത്ത ദീപശിഖ കത്തിക്കൊണ്ടിരിക്കുന്നുണ്ട്. ചരിത്രസംഭവങ്ങളെല്ലാം വളരെ വിശദമായിത്തന്നെ കല്ലിലും ചുമരിലും മറ്റുമായി എഴുതി വച്ചിട്ടുണ്ട്. വെടി വച്ച സ്ഥലവും വെടി കൊണ്ട പാടുകളും ആളുകൾ മരിച്ചുവീണ സ്ഥലത്തെ സ്മാരകവും ഓടി രക്ഷപ്പെടുന്നതിനിടെ ആളുകൾ കൂട്ടത്തോടെ വീണു മരിച്ച കിണറും എല്ലാം ഭംഗിയായി സൂക്ഷിച്ചിട്ടുണ്ട്.   പൂജയുമായി ബന്ധപ്പെട്ട അവധി ദിവസങ്ങളായതിനാലാകും, അവിടെ വല്ലാത്ത ജനത്തിരക്കായിരുന്നു.

എന്റെ ഈ ഈ കുറിപ്പുകളൊക്കെ ആളുകൾ നോക്കുകപോലും ചെയ്യാത്തതിനാലും  ഈ സ്മാരകങ്ങളുടെ ഒക്കെ മനോഹരമായ ഫോട്ടോകൾ ഇന്റർനെറ്റിൽ ലഭ്യമാണെന്നതിനാലും അവയുടെ ചിത്രങ്ങളൊന്നും ഇവിടെ കൊടുത്ത് സ്ഥലം മിനക്കെടുത്തേണ്ട കാര്യമില്ല.  

ഓർമ്മയില്ലേ, ജാലിയൻവാലാബാഗ് കൂട്ടക്കൊല? ആയിരത്തോളം നിരപരാധികളാണ് അന്നാ വെടിവെപ്പിൽ ജീവൻ വെടിഞ്ഞത്.  പരിക്ക് പറ്റിയവർ വേറേയും.  തോക്കിലെ ഉണ്ടകൾ തീരും വരെയായിരുന്നുവത്രെ വെടിവെപ്പ്. ' ങും, വയ്ക്കെടാ വെടി' എന്നത്രേ സായ്പ് സിപ്പായിമാരോട് ആക്രോശിച്ചത്.  ബ്രിട്ടീഷ് ഭരണചരിത്രത്തിൽ ഇതുപോലെ മറ്റൊരു കൂട്ടക്കൊല രേഖപ്പെടുത്തിയിട്ടില്ല.

വെടിവയ്പ്പ് തീരുകയും കാര്യങ്ങൾ നാട്ടുകാരറിയുകയും ചെയ്തപ്പോൾ ബ്രിട്ടീഷ് ഭരണാധികാരികൾ ധീരകൃത്യം ചെയ്തതിന് ജനറൽ ഡയറിനെ പ്രശംസിച്ചത്രെ. പക്ഷേ, പറഞ്ഞിട്ടെന്താ കാര്യം?  ഇന്ത്യക്കാർ  പാവം ഡയറിന് അർഹിക്കുന്ന അംഗീകാരം കൊടുത്തില്ല. സ്വാതന്ത്ര്യത്തിനു മുമ്പ് മാത്രമല്ല അതിനു ശേഷവും നമ്മൾ അദ്ദേഹത്തെ തീരെ മറന്നു. ഇന്നേ വരെ നമ്മൾ അദ്ദേഹത്തിനു ഒരു സ്മാരകവും പണിഞ്ഞില്ല.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * 

ക്ഷേത്രം പൊളിച്ച് പള്ളി പണിത ബാബറിനെ നമ്മൾ ബഹുമാനിച്ചത് ഡൽഹിയിലെ ഒരു റോഡിന് 'ബാബർ റോഡ്' എന്ന് നാമകരണം ചെയ്തു കൊണ്ടാണ്.

മഹാനായ ഔറംഗസേബിനും ഡൽഹിയിൽ സ്മാരകമുണ്ട് - 'ഔറംഗസേബ് റോഡ്'. 

ഷാജഹാൻ റോഡ്, അക്ബർ റോഡ്, ഹുമയൂൺ റോഡ്, ഫിറോസ് ഷാ റോഡ് എന്നിങ്ങനെ സ്മരണാർത്ഥമുള്ള റോഡുകൾ വേറേയും ധാരാളമുണ്ട്.

മുഗളന്മാരെ മാത്രമല്ല, നമ്മളെ ചൊല്പടിക്ക് നിർത്തിയ സായിപ്പന്മാരെയും നമ്മൾ കൃതജ്ഞതാപൂർവ്വം സ്മരിക്കുന്നു. ഹെയ്ലി റോഡ്, ചെംസ്ഫോർഡ് റോഡ്, മിന്റൊ റോഡ്  എന്നിവയൊക്കെ അതാണ് കാണിക്കുന്നത്.

റോഡുകൾക്ക് മാത്രമല്ല ഇമ്മാതിരി പേരുകൾ. ലേഡി ഹാർഡിങ്ങ് ഹോസ്പിറ്റൽ, റൈസിന ഹിൽസ് എന്നതൊന്നും സ്വാതന്ത്ര്യത്തിന് ജീവൻ വെടിഞ്ഞ ഭാരതീയന്റെ സ്മരണാർത്ഥമുള്ള പേരുകളല്ല. പലപ്പോഴും നമ്മൾ കേന്ദ്രഗവണ്മെന്റിനെ സൂചിപ്പിക്കാനുപയോഗിക്കുന്ന റൈസിന ഹിൽസിലെ 'റെസീന' ആരാണെന്നാർക്കറിയാം? 

എന്നാൽ 1000 ഇന്ത്യക്കാരെ ഒറ്റയടിക്ക് വെടിവച്ചു കൊന്ന ജനറൽ ഡയറിനെ നാം മറന്നു. ഡൽഹിയിലെ ഒരു റോഡിനു പോലും 'ജനറൽ ഡയർ മാർഗ്' എന്ന് നാമകരണം ചെയ്തില്ല. എന്തൊരു നന്ദികേട്!  ഇന്ത്യക്കാരനെ നമ്പാൻ കൊള്ളുകയില്ലെന്ന് എന്റെ സുഹൃത്ത് എപ്പോഴും പറയുമായിരുന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

യു. പി. എ ഭരണത്തിൽ, അഴിമതികൾ ഓരോന്നോരോന്നായി അരങ്ങേറുമ്പോൾ, മുന്നണിഭരണത്തിന്റെ അനിവാര്യതകളിലേക്ക് മൗന്മോഹൻജി വിരൽ ചൂണ്ടുമായിരുന്നു. ഇന്നിപ്പോൾ ഏകകക്ഷി ഭരണമല്ലേ? അതും ശക്തവും വ്യക്തവുമായ കാഴ്ചപ്പാടുള്ള മോദിയുടെ? ജാലിയൻ വാലാബാഗിലും മറ്റു സമരങ്ങളിലും ജീവൻ വെടിഞ്ഞ നിരപരാധികളുടെ പേരുകൾ ഈ റോഡുകൾക്ക് കൊടുത്തെങ്കിൽ എത്ര നന്നായിരുന്നു! റൈസിന കുന്നുകൾക്ക് ഒരു സ്ത്രീയുടെ പേരു തന്നെ വേണമെങ്കിൽ, കുന്നുകൾക്ക് മറ്റൊരു സ്ത്രീയുടെ പേരു കൊടുക്കാൻ ഭാരതത്തിൽ യോഗ്യരായ സ്ത്രീകൾ മറ്റാരുമില്ലേ, ഇപ്പോഴും?

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

ഡൽഹിയിൽ മുഗളന്മാരുടെ എത്രയെത്ര ശവകുടീരങ്ങളാണ് കേന്ദ്രഗവണ്മെന്റ് പണം കൊടുത്ത് ഇപ്പോഴും സംരക്ഷിക്കുന്നത്? സംരക്ഷിത സ്മാരകങ്ങളെന്ന പേരിൽ! അവിടങ്ങളിലെ ശവക്കല്ലറകൾ നീക്കം ചെയ്ത് പരിസരം ശുദ്ധമാക്കി കെട്ടിടങ്ങളെ പല പല മുറികളായി തിരിച്ച് വാടകയ്ക്ക് കൊടുത്തിരുന്നെങ്കിൽ ഡൽഹിയിലെ അവിവാഹിതർക്കും ഒറ്റയാന്മാർക്കും താമസിക്കാൻ ഒരു ഇടമായേനെഗവണ്മെന്റിനൊരു വരുമാനവും.





2014, സെപ്റ്റംബർ 12, വെള്ളിയാഴ്‌ച

പരാഗണം


ഒരു കർഷകൻ കൃഷി ചെയ്ത് ഗംഭീരമായ വിളവെടുപ്പ് നടത്തിക്കൊണ്ടിരുന്നു. എല്ലാ വർഷവും അയാൾ തന്റെ ധാന്യം വിപണനമേളകളിൽ പ്രദർശിപ്പിക്കുകയും സമ്മാനം നേടുകയും ചെയ്തു.

ഒരു തവണ, അയാൾ മേളയിൽ സമ്മാനിതനായപ്പോൾ ഒരു പത്രക്കാരൻ അയാളുമായി ഒരു കൂടിക്കാഴ്ച തരപ്പെടുത്തി. എങ്ങനെയാണ് അയാൾ ഇങ്ങനെ നിരന്തരം സമ്മാനം വാങ്ങുന്നതെന്നായിരുന്നു പത്രക്കാരനറിയേണ്ടിയിരുന്നത്.

നമ്മുടെ കർഷകശ്രീ അയാളുടെ ധാന്യമണികൾ തന്റെ അയൽക്കാർക്ക് സൗജന്യമായി നൽകുന്നുണ്ടെന്ന് സംഭാഷണമധ്യേ റിപ്പോർട്ടർക്ക് മനസ്സിലായി.

"നിങ്ങളുടെ അയൽക്കാർ അപ്പോൾ ഈ വിപണനമേളകളിൽ അവരുടെ ധാന്യങ്ങൾ മത്സരത്തിനു വയ്ക്കാറില്ലേ?" പത്രക്കാരൻ ചോദിച്ചു.

"ഉണ്ട്!" കർഷകശ്രീയുടെ മറുപടി.

'അവർ നിങ്ങളോട് മത്സരിക്കുമ്പോൾ നിങ്ങൾക്കെങ്ങനെ നിങ്ങളുടെ മെച്ചപ്പെട്ട വിത്തുകൾ അവർക്ക് കൊടുക്കാനാകും?" റിപ്പോർട്ടർക്ക് ആകാംക്ഷയായി.

"എന്തുകൊണ്ട് പാടില്ല? നിങ്ങൾ സസ്യങ്ങളിലെ പൂമ്പൊടിയെക്കുറിച്ചും പരാഗണത്തെക്കുറിച്ചും കാറ്റിനെക്കുറിച്ചും ഒന്നും പഠിച്ചിട്ടില്ലെന്നോ?" കർഷകശ്രീ വാചാലനായി. അയാൾ തുടർന്നു.

"പൂവിട്ട സസ്യങ്ങളിലെ പൂമ്പൊടി മറ്റു സസ്യങ്ങളിലേക്കും വയലുകളിൽ നിന്നു വയലുകളിലേക്കും എത്തിക്കുന്നത് കാറ്റല്ലേ? എന്റെ അയൽക്കാരന്റെ ധാന്യം ഗുണനിലവാരം കുറഞ്ഞതും മോശവുമാണെങ്കിൽ തുടർച്ചയായുണ്ടാകുന്ന പരസ്പര പരാഗണം വഴി എന്റെ ധാന്യത്തിന്റെ ഗുണനിലവാരവും മോശപ്പെട്ടുപോകില്ലേ? അപ്പോൾ, എനിയ്ക്ക് നല്ല ധാന്യം ഉത്പാദിപ്പിക്കണമെങ്കിൽ നല്ല ധാന്യം ഉത്പാദിപ്പിക്കാൻ ഞാൻ എന്റെ അയൽക്കാരനെ സഹായിക്കണ്ടേ?"

സസ്യങ്ങളുടെ ബന്ധങ്ങളെക്കുറിച്ച് നമ്മുടെ കർഷകശ്രീ തികച്ചും ബോധവാനാണ്. തന്റെ അയൽക്കാരന്റെ സസ്യങ്ങൾ മെച്ചപ്പെടാതെ തന്റെ സസ്യങ്ങൾ മെച്ചപ്പെടില്ലെന്ന് അയാൾ വിശ്വസിച്ചു.

നമ്മൾ നല്ല ധാന്യം ഉത്പാദിപ്പിക്കണമെങ്കിൽ നമ്മൾ നമ്മുടെ അയൽക്കാരേയും അതിനു സഹായിക്കണം. നമുക്കതിനെ പാരസ്പരികത എന്നു പറയാം. നമുക്കതിനെ വിജയിക്കാനുള്ള തത്വം എന്നു പറയാം. നമുക്കതിനെ ജീവിതനിയമം എന്നു പറയാം.

അതു തന്നെയല്ലേ മനുഷ്യന്റേയും അവസ്ഥ. തന്റെ ജീവിതം വിജയിക്കണമെന്ന്  കരുതുന്നവൻ തന്റെ അയൽക്കാരനേയും വിജയിക്കാൻ സഹായിക്കണ്ടേ?  നമ്മുടെ ജീവിതം അർത്ഥപൂർണമാകണമെങ്കിൽ നമ്മൾ മറ്റുള്ളവരുടെ ജീവിതവും അർത്ഥപൂർണ്ണമാക്കാൻ സഹായിക്കണ്ടേ?  നമ്മുടെ ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ നമ്മൾ പ്രയത്നിക്കുമ്പോൾ മറ്റുള്ളവരുടെ ജീവിതത്തിലും സന്തോഷം ഉണ്ടാകാൻ നമ്മൾ പരിശ്രമിക്കണ്ടേ? 
എല്ലാവരും വിജയിക്കുന്നതുവരെ, സത്യത്തിൽ, നമ്മളിലൊരാളും വിജയിക്കുന്നില്ല.

അവലംബം: സന്ജീവ് ഖന്ന (എക്സ്പ്രസ് ഗാർഡൻ, ഇന്ദിരാപുരം) യുടെ ഇ-മെയിൽ.  അയാൾക്ക് ഇത് എവിടന്ന് കിട്ടിയോ ആവോ?

2014, ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

ഉള്ളതു പറഞ്ഞാൽ . . . . .


ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും എന്നാണ് പഴഞ്ചൊല്ല്.

പഴഞ്ചൊല്ലിൽ പതിരില്ല എന്നും ഒരു പഴഞ്ചൊല്ലുണ്ട്.

അതൊക്കെ പണ്ട്. ……………..

പഴയതൊക്കെ തിരസ്കരിക്കുക എന്നതാണല്ലൊ നമ്മുടെ പുതുപുത്തൻ ശീലം.

പഴയതെന്തെല്ലാം നമ്മൾ വേണ്ടെന്നു വച്ചിട്ടുണ്ട്. പഴയ ഓടിട്ട വീടുകൾ പൊളിച്ചു മാറ്റി ടെറസ്സ് വീടുകൾ ഉണ്ടാക്കി. പഴയ നാലുകെട്ടും എട്ടുകെട്ടും ഒക്കെ നമ്മൾ പൊളിച്ചടുക്കി.  പണ്ടത്തെ ഭക്ഷണമായ കഞ്ഞിയും പുഴുക്കും മാറ്റി പുതുപുത്തൻ മസാലകൾ കൊണ്ടു വന്നു. കഞ്ഞി മാത്രമല്ല പഴങ്കഞ്ഞിയും വേണ്ടെന്നു വച്ചു. പണ്ടത്തെ തവിടപ്പം വേണ്ടെന്ന് വച്ചു. പ്രായം ചെന്ന് പഴയതായ അച്ഛനമ്മമാരെ വേണ്ടെന്നു വച്ചു. പെണ്ണുങ്ങളെ അമ്മമാരും സഹോദരിമാരുമായി കരുതുന്ന പഴഞ്ചൻ മനോഭാവം വേണ്ടെന്നു വച്ചു.  അങ്ങനെ എന്തെല്ലാം നമ്മൾ വേണ്ടെന്നു വച്ചു. അതിന്റെ കൂട്ടത്തിലായിരിക്കണം പഴഞ്ചൊല്ലുകളും നമ്മൾ അറിയാതെയോ അറിഞ്ഞോ വേണ്ടെന്നു വച്ചത്.

അങ്ങനെ പഴഞ്ചൊല്ലുകൾ കൈവിട്ടതുകൊണ്ടാകണം നമ്മൾ ഇപ്പോൾ 'ഉള്ളത് പറഞ്ഞാൽ' ചിരിക്കാൻ നിൽക്കാതെ പറഞ്ഞവന്റെ മേക്കട്ട് കയറുന്നത്.  

അല്ലെങ്കിൽ തൃണമൂൽ കോൺഗ്രസ്സിന്റെ എം. എൽ. ദീപക് ഹൽദാറിന്റെ നേരേ ആളുകൾ ഇങ്ങനെ തട്ടിക്കയറുമായിരുന്നോ?

പാവം ദീപക്! ശുദ്ധഗതിക്കാരനായ അയാൾ എത്ര സത്യസന്ധമായാണാ തത്വം പറഞ്ഞറിയിച്ചത്.

“ഭൂമിയുള്ള  കാലത്തോളം ബലാത്സംഗങ്ങളും ഉണ്ടാകും.”

പറഞ്ഞത് 100% ശരി. എന്നിട്ടും ആളുകൾ അയാളെ വെറുതെ വിടുന്ന ലക്ഷണമില്ല.

ഭൂമിയുള്ള  കാലത്തോളം ബലാത്സംഗങ്ങളും ഉണ്ടാകും എന്നേ അദ്ദേഹം പറഞ്ഞുള്ളു. അങ്ങനെ പറയുമ്പോൾ മനുഷ്യരേയോ പുരുഷന്മാരേയോ സ്ത്രീകളെ പ്രത്യേകമായോ ഒന്നും അദ്ദേഹം കുറ്റപ്പെടുത്തുകയോ മോശമായി ചിത്രീകരിക്കുകയോ ചെയ്തിട്ടില്ല. എന്നിട്ടും അദ്ദേഹം എന്താണ് പറഞ്ഞതെന്ന് ശ്രദ്ധിച്ചു മനസ്സിലാക്കാതെയാണ് എതിരാളികൾ അയാൾക്ക് നേരേ ആക്രോശം മുഴക്കുന്നത്.

മനുഷ്യനും  മൃഗവർഗ്ഗത്തിൽ പെട്ട ഒരു ജീവി ആണെന്നു മാത്രമേ അദ്ദേഹം പ്രസ്താവനയിലൂടെ ഉദ്ദേശിച്ചു കാണുകയുള്ളൂ. അതിലെന്താണ് തെറ്റ്. അതു തന്നെ യല്ലേ നമ്മൾ സ്കൂളിലൊക്കെ പഠിച്ചതും പഠിപ്പിക്കുന്നതും? മുല കുടിച്ച് വളരുന്ന മനുഷ്യനെ സസ്തനികളുടെ കൂട്ടത്തിലല്ലേ നമ്മൾ പെടുത്തിയിരിക്കുന്നത്?

'സ്ത്രീകൾ ഉള്ള കാലത്തോളം ബലാത്സംഗങ്ങളും ഉണ്ടാകും' എന്നദ്ദേഹം പറഞ്ഞോ? ഇല്ല!

'പുരുഷന്മാർ ഉള്ള കാലത്തോളം ബലാത്സംഗങ്ങളും ഉണ്ടാകും' എന്നദ്ദേഹം പറഞ്ഞോ? ഇല്ല!

'മനുഷ്യന്മാർ ഉള്ള കാലത്തോളം ബലാത്സംഗങ്ങളും ഉണ്ടാകും' എന്നദ്ദേഹം പറഞ്ഞോ? ഇല്ല!

പിന്നെ പറഞ്ഞതെന്താ?

'ഭൂമിയുള്ള  കാലത്തോളം ബലാത്സംഗങ്ങളും ഉണ്ടാകും' എന്ന്.

അത് സത്യമല്ലേ? അതിൽ മനുഷ്യനേയോ പുരുഷനേയോ സ്ത്രീയേയോ മോശമാക്കുന്ന എന്തെങ്കിലും ഉണ്ടോ? ഇല്ല!

മനുഷ്യനു മുമ്പും ഭൂമി ഉണ്ടായിരുന്നില്ലേ? (മനുഷ്യനു ശേഷവും ഭൂമി കാണുമെന്നുറപ്പ്.) ദിനോസാറും മറ്റും ഉണ്ടായിരുന്ന പഴയ കാലം നമ്മൾ മറന്നോ? 

അന്നൊക്കെ എങ്ങനെയായിരുന്നു എന്ന് ചിന്തിച്ചാൽ ദീപക് ഹൽദാർ പറഞ്ഞ പ്രസ്താവനയോടുള്ള എതിർപ്പെല്ലാം താനേ കെട്ടടങ്ങും.

അന്നൊക്കെ എങ്ങനെയായിരുന്നു എന്നാണോ?

അന്നൊക്കെ മൃഗങ്ങൾ തമ്മിൽ വിവാഹമാണോ നടന്നിരുന്നത്? ഏതെങ്കിലും പശുവോ കാളയോ പ്രേമിച്ചു നടക്കുന്നത് നമ്മൾ കണ്ടിട്ടുണ്ടോ? ഇല്ല. അല്ലെങ്കിൽ മൃഗങ്ങളൊക്കെ ഏകപത്നീ വ്രതക്കാരോ ഏകപതീ വ്രതക്കാരോ ആണോ? വിവാഹം, കുടുംബജീവിതം എന്നൊക്കെ പറയുന്നത് മൃഗങ്ങൾക്ക് ബാധകമാണോ?

അല്ലേ അല്ല! എന്നിട്ടും ഭൂമിയിൽ മൃഗങ്ങളുടെ സന്താന പരമ്പരകൾ നില നിന്നില്ലേ?   നില നിൽക്കുന്നില്ലേ?  അപ്പോൾ അതിന്റെ ഒക്കെ പുറകിലെന്താ? എം. എൽ. . പറഞ്ഞതു തന്നെയല്ലേ - ബലാൽസംഗം?  കാള ബലം പ്രയോഗിച്ച് പശുവുമായി സന്ധിക്കുന്നതു മാത്രമേ ഞാൻ കണ്ടിട്ടുള്ളു. നായയും പൂവൻ കോഴിയും ഒക്കെ അങ്ങനെ തന്നെ.... പോരാത്തതിന് സ്ഥലകാല ബോധം പോലും അവ അപ്പോൾ കാണിക്കാറില്ല. നടുറോട്ടിലും വീട്ടുമുറ്റത്തും... ഛെ, ഛെ, ഞാനൊന്നും പറയുന്നില്ലേ!  ആൺകോഴി പെൺകോഴിയെ ബലാൽസംഗം ചെയ്യുന്നത് കണ്ടാണ് നാട്ടിൻപുറത്തെ കുട്ടികൾ പോലും വളരുന്നത്. ബലമില്ലാതെ സംഗം ചെയ്യാൻ പറ്റുമെന്നു കരുതുന്നതിലെ വിഡ്ഡിത്തം ഒന്നാലോചിച്ചു നോക്കൂ. 

മൃഗങ്ങൾ തമ്മിൽ ബലം പ്രയോഗിക്കാതെ ചെയ്യുന്ന ഒരു കാര്യം ഞാനീയിടെ അയോദ്ധ്യയിൽ പോയപ്പോൾ കണ്ടു. അതിന്റെ ചിത്രം ഞാനിവിടെ കൊടുക്കുന്നുണ്ട്.
 



അവിടെയൊക്കെ നടുറോഡിൽ വരെ പശുക്കളും കാളകളും കാണും. ക്ഷേത്രത്തിനകത്ത് വിഗ്രഹത്തിൽ കിടക്കുന്ന പൂവും ഇലയും പഴങ്ങളും തിന്നുന്ന പശുക്കൾ കാരണം മര്യാദയ്ക്കൊന്ന് തൊഴാൻ പോലും ഞങ്ങൾക്ക് അന്ന് പറ്റിയില്ല. ക്ഷേത്രത്തിനകത്ത് കാമറ അനുവദിച്ചിരുന്നുവെങ്കിൽ നല്ലൊരു ഫോട്ടോ അന്ന് ഞാൻ തരമാക്കിയേനേ! വിഗ്രഹത്തിനു പകരം പശുവിനെ തൊട്ട് തലയിൽ വച്ചാണ് ഞങ്ങൾ ക്ഷേത്രത്തിൽ നിന്നിറങ്ങിയത്.  ക്ഷേത്രത്തിലേക്കുള്ള വഴി മുടക്കി നിൽക്കുന്ന ഒരു പശുവിനേയും ചിത്രത്തിൽ കാണാം.



അപ്പോൾ പറഞ്ഞു വന്നതെന്താണ്? ങാ.. ബലാൽസംഗം! പശുക്കൾക്ക് നേരേ കാളകൾ നടത്തുന്ന അതിക്രമം തടയാൻ മൃഗസ്നേഹികളോ മേനകാഗാന്ധി പോലുമോ ഒരു പ്രസ്താവന നടത്തിയതായി നമുക്കറിയില്ല.  അതെല്ലാം അനുസ്യൂതം നടന്നോട്ടെ എന്നായിരിക്കും.

അപ്പോൾഭൂമി ഉള്ള കാലത്തോളം ബലാത്സംഗങ്ങളും ഉണ്ടാകും'  എന്ന് എം. എൽ. . പറയുമ്പോൾ നമ്മൾ അതിനെ ശരി വയ്ക്കുകയല്ലേ വേണ്ടത്?

പാവം എം. എൽ. !

(നേരമ്പോക്ക് എഴുതിയതാണേ? വിട്ടേയ്ക്കൂ.)

2014, ഓഗസ്റ്റ് 10, ഞായറാഴ്‌ച

എബോള


മൃഗങ്ങളില്‍ നിന്നും മനുഷ്യനിലേയ്ക്ക് പകരുന്ന രോഗമാണ് എബോള. എബോള രോഗത്തിന് മരുന്ന് കണ്ടെത്തിയിട്ടില്ല. രോഗ ലക്ഷണങ്ങള്‍ക്ക് മാത്രമാണ് ചികിത്സ നല്‍കാറ്. (എന്നാല്‍ അമേരിയ്ക്കയില്‍ രോഗത്തിന് മരുന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.) എബോള പിടിപെട്ടാൽ മരണം. മൃതദേഹത്തില്‍ നിന്ന് പോലും രോഗം പകരാനിടയുണ്ട്. അതിനാല്‍ തന്നെ ആഫ്രിയ്ക്കന്‍ രാജ്യങ്ങളില്‍ രോഗബാധിതരെ വീട്ടില്‍ നിന്ന് പുറത്താക്കുന്നതും മൃതദേഹം വഴിയില്‍ ഉപേക്ഷിയ്ക്കുന്നതും പതിവാണ്. എബോള ബാധിത രാജ്യങ്ങളിൽ ലോകത്തെമ്പാടുമുള്ള ആളുകൾ ജോലി ചെയ്യുന്നതുകൊണ്ട്, മാരകമായ ഈ രോഗം ലോകം മുഴുവൻ വ്യാപിക്കാൻ വലിയ സാദ്ധ്യതയാണുള്ളത്. എബോള ബാധിത രാജ്യങ്ങളില്‍  ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നതിനാല്‍ അവരിലൂടെ രോഗം ഇന്ത്യയിലേയ്ക്ക് എത്താനുള്ള സാധ്യതയും വളരെ കൂടുതലാണ്.  പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന രാജ്യാന്തര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എബോള വൈറസ് ബാധിച്ചെന്ന് സംശയിക്കുന്ന ഒരാള്‍ സൗദിയില്‍ മരിക്കാനിടയായ   സാഹചര്യത്തില്‍ വൈറസ് പടരാതിരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളും നടപടികള്‍ ശക്തമാക്കി. ചുരുക്കത്തിൽ ആഗോള (global) തലത്തിലാണ് രോഗപ്രതിരോധത്തിനുള്ള തയ്യാറെടുപ്പ്. ഈ ചുറ്റുപാടിൽ എബോളയുടെ ആഗോളബന്ധം വരച്ചുകാട്ടുന്നതാണ് ചുവടെ കൊടുത്ത ചിത്രം.


(ചിത്രത്തിലെ വാക്ക് തിരിച്ചു വായിക്കുക.)ചിത്രത്തിനു കടപ്പാട്: ശ്രീ. കെ. എൻ. സാബു.

2014, ഏപ്രിൽ 11, വെള്ളിയാഴ്‌ച

കേരളത്തിന് 39 എം. പി. മാർ

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ, കേരളത്തിൽ 1977 ആവർത്തിക്കുമെന്നാണ് വി. എം. സുധീരൻ പറഞ്ഞത്.  കേരളത്തിലെ 20 സീറ്റും യൂ. ഡി. എഫിനാണെന്നാണ് ആന്റണിയും പറയുന്നത്. എന്നാൽ അങ്ങനെയൊരു അവകാശവാദമൊന്നും എൽ.ഡി.എഫിന്റെ ഭാഗത്തു നിന്നും കണ്ടില്ല. 17 സീറ്റ് തങ്ങൾക്കാണെന്നേ അവർ പറഞ്ഞിട്ടുള്ളു. 2 സീറ്റ് ബീ.ജെ.പി.യ്ക്ക് കിട്ടുമെന്നാണ് പൊതുവായൊരു ജനസംസാരം. എല്ലാം കൂടി കൂട്ടുമ്പോൾ ജയിക്കുന്ന എം.പി.മാരുടെ എണ്ണം 39 ആവും. ഇത്രയും അധികം പ്രതിനിധികളെ പാർലമെന്റിലയക്കാൻ കേരളത്തിനു കഴിയുന്നത് എന്തുകൊണ്ടും നല്ല കാര്യമാണ്.  ഇത്രയും പേർക്ക് കിട്ടുന്ന ശമ്പളവും അലവൻസുകളും കേരളത്തിന്റെ വരുമാനമായി കൂട്ടാവുന്നതേ ഉള്ളൂ. അങ്ങനെ വരുമ്പോൾ, കേരളത്തിന്റെ വാർഷിക വരുമാനം കൂടാൻ ഇത് സഹായകമാവും എന്നതിന് സംശയമില്ല.  ഇടതു പക്ഷത്തിനു നഷ്ടപ്പെടുന്ന 3 സീറ്റുകൾ ഏതെന്നേ എനിയ്ക്ക് സംശയമുള്ളൂ. തോൽക്കുന്ന ഈ 3 പേർ ആരാണെന്ന് ഇപ്പോഴേ പറഞ്ഞിരുന്നെങ്കിൽ ഉദ്വേഗവും ഉത്ക്കണ്ഠയും ഇല്ലാതെ ആ 3 സ്ഥാനാർത്ഥികൾക്കും മറ്റു കാര്യങ്ങൾ നോക്കാമായിരുന്നു എന്നാണ് എനിയ്ക്ക് തോന്നുന്നത്.  ഒന്നുമില്ലെങ്കിൽ നമുക്കവരെ മുൻകൂറായി ആശ്വസിപ്പിക്കുകയെങ്കിലും ചെയ്യാമായിരുന്നു.

എലക്ഷനു മുമ്പ് നേതാക്കൾ പല അവകാശവാദങ്ങളും ഇറക്കി വിടുന്നുണ്ടായിരുന്നു. അച്യുതാനന്ദന്റെ ഭാഷയിൽ പറഞ്ഞാൽ അവർ പലതും കാച്ചി വിടുകയായിരുന്നു. ജനങ്ങളെ പറ്റിക്കാൻ അതൊക്കെ ആവശ്യമാണ്.  അതൊക്കെ കേട്ടപ്പോൾ ഞാൻ കരുതിയത് എലക്ഷൻ കഴിഞ്ഞാൽ അവർ സത്യം പറയുമെന്നായിരുന്നു. ഇലക്ഷൻ കഴിഞ്ഞ സ്ഥിതിയ്ക്ക് സത്യം പറയാനുള്ള ആർജ്ജവം നേതാക്കൾ കാണിക്കേണ്ടതായിരുന്നു. പക്ഷേ അതുണ്ടായില്ല. അല്ലെങ്കിൽ 39 എം. പി. മാർ ഉണ്ടാകുന്ന അവസ്ഥ ഉണ്ടാകില്ലായിരുന്നു. ഇനി ഇപ്പോൾ റിസൾട്ട് വന്നാലും അവർ ഇങ്ങനെയൊക്കെയേ പറയൂ. 20 സീറ്റിലും തോറ്റാലും ആന്റണി പറയും കണക്കുകളുടെ കാര്യത്തിലേ തങ്ങൾ തോറ്റിട്ടുള്ളൂ, ജനാധിപത്യപരമായി നോക്കുമ്പോൾ വിജയം തങ്ങൾക്കാണ് എന്ന്. പിണറായിക്കും കാണും നിരത്താൻ ന്യായങ്ങൾ ഏറെ.

ഓ രാജഗോപാലും കെ സുരേന്ദ്രനും ഇത്തവണയും ജയിച്ചില്ലെങ്കിൽ കഷ്ടം എന്നേ എനിയ്ക്ക് പറയാനുള്ളൂ. കേരളീയർക്ക് അഴിമതിയൊന്നും ഒരു പ്രശ്നമല്ലെന്നും അവർ നന്ദി ഇല്ലാത്തവരാണ് എന്നും വിളിച്ചോതുന്നതായിരിക്കും അവരുടെ തോൽവി. എന്തായാലും അവരുടെ വിധിയെന്ത് എന്നറിയാൻ മെയ് 16 വരെ കാത്തിരിക്കുകയേ മാർഗ്ഗമുള്ളൂ.   കേരളത്തിൽ എന്തിനെക്കുറിച്ചും ആധികാരികമായി പറയാൻ കെൽപ്പുള്ള ആളാണ് ചീഫ് വിപ്പ് പി.സി. ജോർജ്. അദ്ദേഹത്തിന് കേരളത്തിലെ 19 മണ്ഡലത്തിലേയും റിസൾട്ട് അറിയാം. അപ്പോൾ അദ്ദേത്തിനെങ്കിലും പറയാമായിരുന്നു കേരളത്തിൽ ആരൊക്കെ ജയിക്കുമെന്നും ആരൊക്കെ തോൽക്കുമെന്നും. പക്ഷേ, അതും ഉണ്ടായില്ല.  പി.സി. ജോർജിന് അറിയാത്തത് പത്തനംതിട്ടയിലെ റിസൾട്ട് മാത്രമാണ്. അവിടെ ആരു ജയിക്കുമെന്ന് വോട്ടെണ്ണിക്കഴിഞ്ഞാൽ മാത്രമേ അറിയാൻ പറ്റൂ എന്നാണ് ജോർജദ്ദേഹം പറയുന്നത്.

എന്തായാലും എൽ ഡി എഫും യൂ ഡി എഫും ഇവിടെ ഗുസ്തി പിടിച്ച് ഡൽഹിയിലെത്തുമ്പോൾ ദോസ്താകുമെന്ന കാര്യത്തിൽ സംശയമില്ല. മതാധിപത്യവും ബൂർഷ്വാഭരണവും ഒഴിവാക്കാൻ ഇതല്ലാതെ അവർക്ക് മറ്റ് മാർഗ്ഗമില്ലല്ലൊ. മതാധിപത്യമൊഴിവാക്കാൻ എല്ലാ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങൾക്ക് മാത്രമേ വോട്ടു ചെയ്യാവൂ എന്ന് മതപുരോഹിതന്മാരെക്കണ്ട് വോട്ടുറപ്പിക്കുന്നവർക്ക് എലക്ഷൻ കഴിയുമ്പോൾ വേണ്ട മുൻകരുതലുകൾ എടുക്കേണ്ടതുണ്ടല്ലോ?!! പര(മ)നാറികൾ എലക്ഷനു നിൽക്കാത്തത് നമ്മുടെയൊക്കെ ഒരു ഭാഗ്യം!!!!


2014, ഏപ്രിൽ 5, ശനിയാഴ്‌ച

കോൺഗ്രസ്സും മാർക്സിസ്റ്റ് പാർട്ടിയും

മാർക്സിസ്റ്റ് പാർട്ടി കോൺഗ്രസ്സിനെ സഹായിക്കണമെന്ന് എ കെ ആന്റണി കാരാട്ടിനോട്.

100 സീറ്റ് തികച്ച് കിട്ടാൻ സാദ്ധ്യതയില്ലാത്ത കോൺഗ്രസ്സിന് മാർക്സിസ്റ്റ് പാർട്ടിയുടെ പിന്തുണ എന്തിനാണെന്ന് എ കെ ആന്റണിയോട് കാരാട്ട്.

കാരാട്ടേ, നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം ആ ചോദ്യത്തിൽ തന്നെ ഉണ്ടല്ലോ!!

സീറ്റുകളുടെ എണ്ണം മൂന്നക്കം (100) തികക്കാൻ മാർക്സിസ്റ്റ് പാർട്ടി കോൺഗ്രസ്സിനെ സഹായിക്കണമെന്നാണ് ആന്റണി ഉദ്ദേശിച്ചത്. അതിന് ഒരുപാട് സീറ്റ് കിട്ടുന്നവരോട് സഹായം ചോദിക്കണ്ടല്ലോ. ഇന്ത്യയിലാകപ്പാടെ വല്ല പത്തോ പതിനഞ്ചോ സീറ്റ് കിട്ടുന്നവരോടല്ലേ അത്തരം സഹായം ചോദിക്കേണ്ടത്? അപ്പോൾ എന്താ, സമ്മതമല്ലേ?

(രണ്ടു കൂട്ടരുടേയും ശക്തി ഇപ്പോൾ രണ്ടു കൂട്ടർക്കും മനസ്സിലായിക്കാണുമല്ലോ!!!!!)

2014, മാർച്ച് 29, ശനിയാഴ്‌ച

The gigantic National Flag at Connaught Place, Delhi


ഡൽഹിയിലെ കൊണാട്ട് പ്ളെയ്സിൽ ഈയിടെ അനാച്ഛാദിതമായ ഭീമാകാരമായ ദേശീയപതാകയാണ് ചിത്രത്തിൽ.

ഇതിന് 27 മീറ്റർ നീളവും 18 മീറ്റർ വീതിയും 35കിലോഗ്രാം ഭാരവുമുണ്ട്. കൊടിമരത്തിന് ഭൂതലത്തിൽ നിന്നും 63 മീറ്ററോളം ഉയരമുണ്ട്. രാവെന്നോ പകലെന്നോ ഉള്ള വ്യത്യാസമില്ലാതെ വായുവിൽ പാറുന്ന ഈ ത്രിവർണ്ണ പതാക നയനാനന്ദകരം മാത്രമല്ല, കാണുന്നവരിൽ ദേശാഭിമാനവും ദേശസ്നേഹവും വളർത്താനും പര്യാപ്തമാണ്.

ഹമാരാ ഭാരത് മഹാൻ!!!!!!!!!!!