2013 ഒക്‌ടോബർ 8, ചൊവ്വാഴ്ച

ആനയുടെ സംഭാവന (ഇന്റർനെറ്റിൽ കണ്ടത്)

ആനയും ഉറുമ്പും റയിൽവേ സ്റ്റേഷനിൽ:

ആന ഉറുമ്പിനോട്: "കേരള എക്സ്പ്രസ്സ്‌ പണ്ട് ഞാൻ സംഭാവന ചെയ്തതാണ് കേട്ടോ... "

ഉറുമ്പ് ആനയോട്: "പോടാ നുണയാ .. "

ആ സമയത്താണ് മൈക്കിൽ കൂടി അനൗണ്‍സുമെന്റ് വന്നത്: "കേരള എക്സ്പ്രസ്സ്‌ ആനേ കി
സംഭാവന
ഹേ"

അത് കേട്ട് ഉറുമ്പ് ചമ്മി പൊയ്.......

-------------------------------------------------------------ഒരു യാഹൂ മെയിൽ ഗ്രൂപ്പിൽ കണ്ടതാണി തമാശ.

2013 സെപ്റ്റംബർ 14, ശനിയാഴ്‌ച

അവയവദാനം

ടീവി തുറന്നപ്പോൾ സ്ക്രീനിൽ കണ്ടത് ചിറ്റിലപ്പള്ളി കൊച്ചൗസേപ്പിനെയാണ്. നരച്ച കുറ്റിത്താടിയും കറുത്ത തലമുടിയും വീതിയുള്ള കരമുണ്ടുടുത്ത് നല്ല മലയാളിയായി മൃദുമന്ദഹാസത്തോടെ അങ്ങനെ നിൽക്കുകയാണ് അദ്ദേഹം. അദ്ദേഹം ഇപ്പോൾ കൊച്ചൊന്നുമല്ലല്ലോ; അതുകൊണ്ട് ഔസേപ്പച്ചനെന്നു പറയുന്നതായിരിക്കും കൂടുതൽ ശരി എന്നെനിയ്ക്ക് തോന്നി. ഒരു ബഹുമാനമൊക്കെ കൊടുക്കണ്ടേ? തന്റെ പഴയ ഒരു സ്പെയർപാർട്ട് ഒരു സഹജീവിക്ക് വെറുതെ കൊടുത്ത കാര്യമാണ് അദ്ദേഹം പറയുന്നത്. വല്ല വീ-ഗാർഡ് സ്റ്റെബിലൈസറുമായിരിക്കും അദ്ദേഹം കൊടുത്തതെന്ന് ഞാനൂഹിച്ചു. തരപ്പെടുമെങ്കിൽ എനിയ്ക്കും ഫ്രീയായിട്ട് ഒന്നൊപ്പിക്കണമെന്ന് എനിക്ക് തോന്നി.  അതുകൊണ്ടു തന്നെ ഞാൻ ചെവി വട്ടം പിടിച്ചു; എന്താണ് അദ്ദേഹം പറയുന്നതെന്നറിയാൻ.   

നിരാശയായിരുന്നു ഫലം. സ്റ്റെബിലൈസറോ മോട്ടോറോ ഫാനോ ഒന്നും അല്ല അദ്ദേഹത്തിന്റെ നാവിൽ നിന്ന് വരുന്നത്. ഒരു കിഡ്നി കൊടുത്ത കാര്യമാണ് അദ്ദേഹം പറയുന്നത്. അതാണദ്ദേഹം പറയുന്ന സ്പെയർപാർട്ട്. അദ്ദേഹത്തിന് വയസ്സ് 60 കഴിഞ്ഞതിനാലും ജീവിക്കാൻ ഒരു കിഡ്നി മതിയായതിനാലും മറ്റേ കിഡ്നി അദ്ദേഹം ദാനം ചെയ്യുകയായിരുന്നുവത്രേ. സംഗതി എല്ലാം വളരെ ലളിതമെന്നാണ് അദ്ദേഹം പറഞ്ഞത്. കീഹോൾ സർജറി വഴി ഒരു കിഡ്നി എടുത്ത് ഡോക്റ്റർമാർ ആവശ്യക്കാരന് കൊടുക്കുകയായിരുന്നുവത്രെ. അതു കാരണം വലിയ വേദനയോ വലിയ വിശ്രമമോ ഒന്നും ഉണ്ടായതുമില്ലത്രെ.  അതുകേട്ടപ്പോൾ അദ്ദേഹത്തിന്റെ ആ വലിയ മനസ്സിനെക്കുറിച്ച് എനിയ്ക്ക് വലിയ മതിപ്പ് തോന്നി. എന്തൊരു വലിയ ത്യാഗമാണദ്ദേഹം അനുഷ്ടിച്ചത്! മനുഷ്യരായാൽ ഇങ്ങനെ വേണം.

എന്നാലും അദ്ദേഹത്തിനിപ്പോൾ ഒരു കിഡ്നിയല്ലേ ഉള്ളൂ എന്ന് ഞാൻ ചിന്തിച്ചു. ഒരു കിഡ്നി മാത്രമുള്ള മനുഷ്യൻ! അതോർത്തപ്പോൾ പണ്ട് കുട്ടിക്കാലത്ത് കിഡ്നി എന്ന് കേട്ടാൽ ഞാൻ തെറ്റിദ്ധരിച്ചിരുന്ന അവയവത്തെക്കുറിച്ച് ഞാൻ ഓർത്തു. എന്തെല്ലാം തെറ്റിദ്ധാരണകൾ!!

അവയവദാനം വഴി അദ്ദേഹം തന്റെ നാമം, സമൂഹത്തിന്റെ മനസ്സിൽ, തങ്കലിപികളിൽ കുറിച്ചു കഴിഞ്ഞു. അങ്ങനെ അദ്ദേഹം സമൂഹത്തിൽ അമരത്വം വരിച്ചു കഴിഞ്ഞു. എല്ലാവർക്കും പറ്റിയതല്ല ഇമ്മാതിരി സേവനങ്ങൾ. ഒരു പള്ളീലച്ചനും ഇതുപോലെ അവയവദാനം ചെയ്തതായി വായിച്ചിട്ടുണ്ട്. ഇനി അവയവദാനം വഴി മരിച്ച് കഴിഞ്ഞ് അമരത്വം വരിക്കുന്നവരുമുണ്ട്. അവരുടെ അവയവങ്ങൾ അവരുടെ മരണശേഷവും ജീവിച്ചിരിക്കും. നോക്കണേ, മരിച്ചുകഴിഞ്ഞ് അമരനാകുന്നതിലെ ഒരു വിരോധാഭാസം. ആ, . . . . . .  ഓരോരുത്തർക്ക് ഓരോന്ന് പറഞ്ഞിട്ടുണ്ടാകും......

ലോകത്താദ്യമായി നടന്ന അവയവദാനമെന്ന മഹാദാനത്തെക്കുറിച്ച് ഞാനോർത്തു. സ്ത്രീയുടെ നിർമ്മാണത്തിനായി തന്റെ വാരിയെല്ല് ദാനം ചെയ്ത മഹാനായ മനുഷ്യപുത്രനെ ഞാൻ മനസാ സ്മരിച്ചു. 

എന്തായാലും ഔസേപ്പച്ചൻ ചെയ്തതു പോലുള്ള ഇമ്മാതിരി ദാനമൊന്നും ചോര കണ്ടാൽ തല ചുറ്റുന്ന എനിയ്ക്ക് പറ്റിയതല്ലല്ലോ എന്ന് ഞാൻ ഖേദിച്ചു. എന്തെല്ലാം തരം അവയവദാനങ്ങളുണ്ട്. അവയിൽ ഏതെങ്കിലും തരത്തിലുള്ള അവയവദാനം എനിയ്ക്ക് പറ്റുമോ എന്ന് ഞാൻ ഗാഡമായി ചിന്തിച്ചു. കണ്ണു ദാനം ചെയ്യുന്നത് മരിച്ചിട്ടാണ്. അതൊന്നും ആലോചിച്ചിട്ട് കാര്യമില്ല. എവിടെയാണ്, എപ്പോഴാണ്, എങ്ങനെയാണ് ഈ മരണം എന്നൊക്കെ അറിയാതെ കണ്ണെങ്ങനെയാ ദാനം ചെയ്യുക. ഹൃദയം മാറ്റിവയ്ക്കണമെങ്കിലും മരിക്കണം. ഇപ്പോൾ തലച്ചോറും മാറ്റിവയ്ക്കാൻ തുടങ്ങിയിട്ടുണ്ടത്രെ. എന്റെ തലച്ചോറെങ്ങാനും ആർക്കെങ്കിലും വച്ചു പിടിപ്പിച്ചാൽ, ഈശ്വരാ, അവന്റെ തല തിരിഞ്ഞതുതന്നെ. ദൈവമേ, അങ്ങനെയൊന്നും നടക്കാതിരിക്കട്ടെ. പിന്നെയുള്ളത് കരൾ ദാനമാണ്. അതിത്തിരി കടുപ്പമാണ്. ഓപ്പൻ സർജറിയാണ്. വേദന കുറേ തിന്നണം, വിശ്രമം കുറേ വേണം; വയ്യ, അതൊന്നും വയ്യ. വേണമെങ്കിൽ വേദനിക്കാത്ത തരത്തിൽ വല്ല അവയവദാനവും ആകാം എന്ന് ഞാൻ കരുതി.  അതിനുള്ള സാദ്ധ്യതകൾ ഞാൻ ചിന്തിച്ചു.

ചിന്തിച്ചാൽ കിട്ടാത്ത ഉത്തരങ്ങളുണ്ടോ? ജനിത് കാച്ചപ്പിള്ളിയുടെ  e കാലത്ത് എന്ന കൊച്ചുസിനിമയുടെ രൂപത്തിലാണ് എനിയ്ക്ക് ഉത്തരം കിട്ടിയത്. ഈ സിനിമയിൽ ഒരു യുവതി ഒരു ചെറുപ്പക്കാരനെ സന്ദർശിക്കുന്നുണ്ട്. അവൾ അമ്മയോട് പറഞ്ഞത് പ്രോജെക്റ്റ് ചെയ്യാൻ മൃദുലയുടെ വീട്ടിൽ പോകുന്നു എന്നാണ്. പക്ഷേ ചെറുപ്പക്കാരന്റെ സാന്നിദ്ധ്യത്തിൽ അവിടെ നടന്നത് പണത്തിനു വേണ്ടിയുള്ള  ഒരു ലൈംഗികപ്രക്രിയയായിരുന്നു. തന്റെ അവയവം മറ്റൊരാൾക്ക് കൊടുക്കുന്നതാണല്ലോ അവയവദാനം. അപ്പോൾ ഇതും ഒരു അവയവദാനം തന്നെ.

സിനിമ സൂചിപ്പിക്കുന്ന രംഗങ്ങൾ ഞാൻ ഓർത്തു.  കിഡ്നി കൊടുക്കുന്നതു പോലെയുള്ള സ്ഥിരമായ അവയവദാനമല്ല ഇത്. താൽക്കാലികമായ ഒരു അവയവദാനം. എത്ര തവണ വേണമെങ്കിലും ആകാവുന്ന ഒരു അവയവദാനം. വേദനയൊന്നുമില്ലാത്ത, സുഖമുള്ള ഒരു കീഹോൾ ഓപ്പറേഷൻ. ഇത്തരം അവയവദാനം എനിയ്ക്കും ആകാമല്ലോ എന്ന് ഞാൻ ചിന്തിച്ചു.  അതാലോചിച്ചപ്പോഴാണ് ബസ്സിലും വണ്ടിയിലും മറ്റും നടക്കുന്ന അവയവദാനങ്ങൾ എന്റെ ഓർമ്മയിൽ ഓടിയെത്തിയത്. ഈ അവയവദാനത്തെ കുറിച്ചുള്ള വാർത്തകൾ ഇല്ലാതെ പത്രങ്ങൾ പ്രസിദ്ധീകൃതമാകുന്നില്ല എന്നു വരെ വേണമെങ്കിൽ പറയാം.

ആദാമിന്റെ എല്ലെടുത്ത് സ്ത്രീയെ നിർമ്മിച്ച ദൈവത്തെ ഞാൻ ഓർത്തു.  അന്ന് സ്ത്രീയെ സൃഷ്ടിച്ചില്ലായിരുന്നുവെങ്കിൽ ഇന്നിപ്പോൾ ഡൽഹി ബസ്സുകളിലും മറ്റും നടക്കുന്ന അവയവദാനത്തിനൊന്നും ഒരു അവസരവും ഉണ്ടാകുമായിരുന്നില്ലല്ലോ എന്നും ഞാൻ ഓർത്തു.  ഈയിടെ ഒരു സാമി തന്റെ ആശ്രമത്തിൽ വന്ന ഒരു ചെറുപ്പക്കാരിക്ക് അവയവദാനം നടത്തി പോലും. ഒടുവിൽ കേസായി, കൂട്ടമായി, എന്തിനധികം?  ആളിപ്പോൾ ജയിലിലാണ്.  എന്നാലെന്താ, ആളുകൾ ഇനി അദ്ദേഹത്തെ മറക്കുമോ? ഇല്ല. അങ്ങനെ അദ്ദേഹവും അവയവദാനം വഴി അമരനായി കഴിഞ്ഞു. അപ്പോൾ അമരനാകാനുള്ള കുറുക്കുവഴിയായിരിക്കും ഈ അവയവദാനം. അതല്ലാതെ സമൂഹത്തിൽ ഇതിത്ര വർദ്ധിക്കാൻ ഞാൻ മറ്റൊരു കാരണവും കാണുന്നില്ല.

അവയവങ്ങള്‍  പ്രവര്‍ത്തനരഹിതമായതിനാല്‍  നമ്മുടെ രാജ്യത്ത് ലക്ഷക്കണക്കിന് ആളുകള്‍ മരണസമാനരാണ്. അവയവങ്ങള്‍ ദാനം ചെയ്യാമെന്ന് നമ്മള്‍ തീരുമാനിച്ചാല്‍ അത്തരക്കാരായ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് കഴിയും.  അങ്ങനെ മറ്റൊരു ജീവന്റെ തുടിപ്പിന് നിമിത്തമാകാൻ നമുക്കാകും. അപ്പോൾ "മറ്റൊരു ജീവന്റെ തുടിപ്പിന് സഹായകമാകും" എന്ന ഈ ചിന്തയായിരിക്കുമോ ഈ സാമിമാരൊക്കെ ഇങ്ങനെ പെരുമാറാൻ കാരണം.???

2013 ഓഗസ്റ്റ് 31, ശനിയാഴ്‌ച

അംഗീകാരം

"പ്രായപൂർത്തിയായവർ തമ്മിൽ ഉഭയസമ്മതപ്രകാരം രഹസ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ല എന്ന പൗരന്റെ അവകാശം ഇന്നും സമൂഹമോ സ്ഥാപിതമതാധികാരികളോ അംഗീകരിക്കുന്നില്ലെന്നത് ഖേദകരമാണ്" 
                                                        - 2013 ആഗസ്റ്റ് 31-ലെ മാതൃഭൂമിയിൽ സിസ്റ്റർ ജസ്മി.


ഒരു സംശയം സിസ്റ്ററേ. രണ്ടു പേർ മാത്രം ചേർന്ന് അതീവ രഹസ്യമായി ചെയ്യുന്ന കാര്യത്തിന് സമൂഹത്തിന്റെ അംഗീകാരം എന്തിനാണ്? അറിയാത്ത കാര്യം എങ്ങനെയാണ് സമൂഹം അംഗീകരിക്കുക? അറിഞ്ഞാലല്ലേ അത് അംഗീകരിക്കാനാവൂ? അറിയുമ്പോൾ പിന്നെ അത് രഹസ്യമല്ലല്ലോ? പരസ്യമായി ചെയ്യുന്നതിന് അംഗീകാരം വേണ്ടെന്ന് സിസ്റ്ററുടെ പ്രസ്താവനയിൽ തന്നെ ഒളിഞ്ഞു കിടപ്പും ഉണ്ടല്ലോ! അപ്പോൾ അംഗീകാരം ആവശ്യപ്പെടുന്നത് ലൈംഗീകബന്ധത്തിൽ ഏർപ്പെടുന്നതിനു തന്നെയല്ലേ? നശിച്ചുനാറിയ ഈ സമൂഹത്തിൽ ഇനി അതും കൂടിയേ വേണ്ടൂ സിസ്റ്ററേ!!!!!!!!!!!!!

ദൈവത്തിന്റെ മണവാട്ടിയായിരുന്നവരുടെയൊക്കെ മനോഗതം മനസ്സിലിങ്ങനെ തത്തിക്കളിക്കുമ്പൊഴതാ കിടക്കുന്നു, ദീപിക പത്രത്തിൽ, ദൈവത്തിനു ഇമ്മാതിരി കാര്യങ്ങളിലുള്ള അംഗീകാരം.

അംഗീകാരം സാക്ഷാൽ ദൈവത്തിനല്ല, ജീവിക്കുന്ന ആൾദൈവത്തിനാണെന്ന ഒരു വ്യത്യാസം മാത്രമേയുള്ളൂ. ലൈംഗികശേഷി പരിശോധനയിൽ ഈ ആൾദൈവം ഫിറ്റാണെന്നാണ് ദീപിക റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ട് ഇവിടെ കൊടുക്കുന്നുണ്ട്; വെറുതെ പറയരുതല്ലോ!



ആൾദൈവത്തിന്റെ ലൈംഗികശേഷിയ്ക്ക് ഡോക്റ്റർമാർ അംഗീകാരം കൊടുത്തിരിക്കുന്നു. ആശാറാമിനെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കിയെന്നും സാമിയുടെ ലൈംഗികതൃഷ്ണ സജീവമാണെന്ന് ഡോക്റ്റർമാർ നടത്തിയ പരിശോധനയിൽ തെളിഞ്ഞെന്നും അല്ലെ റിപ്പോർട്ട്. ശിവ,ശിവ! ഡോക്റ്റർമാർ നടത്തിയ പരിശോധനകൾ എന്തൊക്കെ ആയിരുന്നുവോ ആവോ? അതെന്തായാലും സാമി അതിനൊക്കെ സഹകരിച്ചിരിക്കണം. അടി കൊള്ളുന്നതിനേക്കാൾ ഭേദം പോലീസുകാർ പറയുന്നത് അനുസരിക്കുന്നതല്ലേ? ലൈംഗികശേഷി പരിശോധനയ്ക്ക് ഇനി വല്ല പെണ്ണുങ്ങളുടേയും സഹകരണം അവർ ഉപയോഗപ്പെടുത്തിക്കാണുമോ ആവോ? പാൽ കറക്കുമ്പോൾ പശുവിന്റെ അടുത്ത് പശുക്കുട്ടിയെ നിറുത്തുന്ന കാര്യമാണ് എന്റെ മനസ്സിലപ്പോൾ തോന്നിയത്. കോടതിയിൽ സമർപ്പിക്കാനായി, ഒരു പക്ഷേ, ഈ പരിശോധനയുടെ വീഡിയോയും ചെലപ്പോൾ റെക്കോർഡ് ചെയ്തെന്നിരിക്കും. ആകപ്പാടെ ആലോചിക്കുമ്പോൾ നല്ല രസം തന്നെ. ഇതൊക്കെ അക്കമിട്ട് അറിയണമെങ്കിൽ RTI-യുടെ അടിസ്ഥാനത്തിൽ പോലീസ് സ്റ്റേഷനിൽ ഒരു അപേക്ഷ കൊടുക്കേണ്ടതായി വരും.

അമ്മമാരും പെങ്ങമ്മാരുമൊക്കെയുള്ള വീടുകളിലിരുന്ന് ഇമ്മാതിരി വാർത്ത വായിക്കുമ്പോഴത്തെ ഒരു ബുദ്ധിമുട്ടാണ് അപ്പോഴെന്റെ മനസ്സിൽ ഓടിയെത്തിയത്. ഇതൊക്കെ വായിച്ചിട്ട് എങ്ങനെ അവരുടെ മുഖത്ത് നോക്കും. ഒരു കണക്കിന് ഇപ്പോൾ അണുകുടുംബങ്ങളായത് നന്നായി. അധികം ആളെയൊന്നും നോക്കണ്ടല്ലോ. അതാലോചിച്ചപ്പോൾ ഒറ്റയ്ക്ക് താമസിക്കുന്ന എനിയ്ക്ക് ഇമ്മാതിരി ബുദ്ധിമുട്ടൊന്നുമില്ലല്ലോ എന്ന ആശ്വാസം എനിയ്ക്കുണ്ടായി. 

നാട്ടിൽ നടക്കുന്ന കാര്യങ്ങൾ ആലോചിച്ചപ്പോൾ എനിയ്ക്ക് വല്ലതെ വിഷമം തോന്നി. വെറുതെയല്ല ഇത്തവണ ഓണം കന്നിമാസത്തിൽ വന്നത്! ഭൂമി പോലും മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ഈശ്വരോ രക്ഷതു!!!!!!!!!!!!

2013 ജൂൺ 30, ഞായറാഴ്‌ച

ദാമ്പത്യം


ഒരു സ്ത്രീ രാത്രിയിൽ ഉറക്കമുണർന്നപ്പോൾ തന്റെ കൂടെ ഉറങ്ങാൻ കിടന്ന ഭർത്താവിനെ കിടക്കയിൽ കണ്ടില്ല. പരിഭ്രാന്തയായ അവൾ വേഗം നൈറ്റ്ഗൗൺ എടുത്തണിഞ്ഞ് ബെഡ്രൂമിൽ നിന്ന് പുറത്തേയ്ക്ക് കടന്നു. തന്റെ പ്രിയതമന് ഇതെന്തുപറ്റിയെന്ന് അവൾ ഉദ്വേഗം പൂണ്ടു. ഉത്ക്കണ്ഠയോടെ അവൾ ഹാളിലെ നൈറ്റ്ലാമ്പ് ഓൺ ചെയ്യുകയും വീട്ടിലാകെ നേരിയ പ്രകാശം പരക്കുകയും ചെയ്തു. അടുക്കളയിൽ തീന്മേശക്കടുത്ത് മുന്നിലൊരു കപ്പ് കാപ്പിയുമായി വിഷാദമഗ്നനായിരിക്കുന്ന അയാളെ അവൾ ആ മങ്ങിയ വെളിച്ചത്തിൽ കണ്ടു. ചുമരിലേയ്ക്ക് നോക്കിക്കൊണ്ടിരുന്ന അയാൾ അഗാധമായ ചിന്തയിലായിരുന്നു; പരിസരം പോലും അയാൾ മറക്കുന്നതു പോലെ. അവളുടെ കാൽപ്പെരുമാറ്റം ചിന്തയിൽനിന്നയാളെ ഉണർത്തിയില്ല. മറ്റേതോ ലോകത്തിലാണെന്നതു പോലെ ചുമരിലേക്കുള്ള നോട്ടം അയാൾ തുടർന്നു. 

അവളയാളെ വീക്ഷിച്ചു.......... അയാൾ ഇടതുകൈ കൊണ്ട് പതുക്കെ കാപ്പിക്കപ്പ് എടുക്കുന്നതും വലതുകൈ കൊണ്ട് കൺകോണുകളിൽ ഘനീഭവിച്ച കണ്ണുനീർ തുടയ്ക്കുന്നതും അവൾക്ക് ദൃശ്യമായി. അവളാകെ അങ്കലാപ്പിലായി.

'പ്രിയനേ, എന്താണ് കാര്യം?' അയാളുടെ കവിളിൽ മന്ദമായി തലോടിക്കൊണ്ടവൾ അയാളെ ഈ ലോകത്തേയ്ക്ക് തിരിച്ചു കൊണ്ടു വന്നു.

'രാത്രിയുടെ അന്തസ്സാരശൂന്യമായ ഈ വേളയിൽ എന്തിനാണിവിടെ ഇങ്ങനെ സ്വയം നഷ്ടപ്പെട്ടിരിക്കുന്നത്?' അവൾ പതുക്കെ ചോദിച്ചു.

ചുമരിൽ നിന്നുള്ള നോട്ടം പിൻവലിച്ചുകൊണ്ടയാൾ ഇങ്ങനെ മൊഴിഞ്ഞു.

'20 വർഷം മുമ്പ് നമ്മളാദ്യമായി കണ്ടതും ശംഖുമുഖം കടപ്പുറത്ത് ഒന്നിച്ചിരുന്ന് തിരമാലകളെണ്ണിയതും ഞാനോർക്കുകയായിരുന്നു. അന്ന് നിനക്ക് വെറും പതിനേഴേ പ്രായമുണ്ടയിരുന്നുള്ളു.'

'നീ അതൊക്കെ ഇപ്പോഴും ഓർക്കുന്നുണ്ടോ?' അയാൾ അലസമായി, ഒച്ച പൊങ്ങാത്ത വിധം അവളോടായി ചോദിച്ചു.

രാത്രിയുടെ വൈകിയ ഈ വേളയിലും ഭർത്താവ് തന്നെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നറിഞ്ഞ അവളുടെ മനസ്സ് ആർദ്രമായി. കൺകോണുകളിൽ നീർക്കണങ്ങൾ പ്രത്യക്ഷപ്പെട്ടു. തന്നെക്കുറിച്ചുള്ള ജാഗരൂകതയും ഉത്ക്കണ്ഠയുമാണ് ആ ലോലമനസ്സിൽ തിരയടിക്കുന്നതെന്നവൾക്ക് ബോദ്ധ്യമായി. അവൾക്ക് വല്ലാത്ത വിങ്ങലനുഭവപ്പെട്ടു.

'ഉണ്ട്, അതൊക്കെ ഇപ്പോഴും എന്റെ മനസ്സിലുണ്ട്; ആ ഓർമ്മകളില്ലാതെ ഞാനുണ്ടോ?' അയാളോട് ചേർന്നിരുന്നു കൊണ്ട് അവൾ മറുപടി പറഞ്ഞു.

ഭർത്താവിന് വാക്കുകൾ തൊണ്ടയിൽ കുടുങ്ങി; പറയാൻ ബുദ്ധിമുട്ടുന്നത്പോലെ......

എങ്കിലും അയാൾ പറഞ്ഞൊപ്പിച്ചു. "നിന്റെ അച്ഛൻ, നമ്മളെ രണ്ടു പേരേയും എന്റെ കാറിൽ വച്ച് പിടികൂടിയത് നിനക്ക് ഓർമ്മ വരുന്നുണ്ടോ?"

അവൾ അയാളുടെ ചുമലിൽ കൈ വച്ചു; അവൾ പറഞ്ഞു: 'ഉണ്ട്, അതെല്ലാം, ഇന്നലെയെന്ന പോലെ ഞാൻ ഓർക്കുന്നുണ്ട്"

അയാൾ തുടർന്നു.... "നിന്റെ അച്ഛൻ എന്റെ നെറ്റിയിലേക്ക് പിസ്റ്റൾ ചൂണ്ടിക്കൊണ്ട് 'നീ ഇവളെ വിവാഹം കഴിക്കാത്ത പക്ഷം നിന്നെ ഞാൻ 20 വർഷത്തേക്ക് ജയിലിലേക്കയക്കും' എന്ന് എന്നെ ഭീഷണിപ്പെടുത്തിയത് നീ ഓർക്കുന്നുണ്ടോ?"

'ഉണ്ട്, അതും എന്റെ ഓർമ്മയിലുണ്ട്', അവൾ മന്ദമായി അയാൾക്ക് മറുപടി കൊടുത്തു.

അയാൾ വീണ്ടും കണ്ണുനീർ തുടച്ചു. "ഇന്നായിരുന്നു ആ 20 വർഷം കഴിയേണ്ടിയിരുന്നത്, എങ്കിൽ ഞാനിപ്പോൾ സ്വതന്ത്രനായേനേ", അയാൾ ഇരുളിലേക്ക് നോക്കിക്കൊണ്ട് ആത്മഗതമെന്നോണം പറഞ്ഞു.
 * * * * *  * * * * *  * * * * *  * * * * *  * * * * *  * * * * *  * * * * *  * * * * *  * * * * *
ഒരു യാഹൂ ഗ്രൂപ്പ് മെയിലിൽ വന്ന ഒരു മെയിലിന്റെ ഉള്ളടക്കം ആണിത്. ഇംഗ്ലീഷിലുള്ള വിവരണം മലയാളത്തിലാക്കി എന്നതു മാത്രമാണെന്റെ കുറ്റം? (ഇതിന്റെ കോപ്പിറൈറ്റ് ആർക്കുള്ളതാണാവോ?)