2015 സെപ്റ്റംബർ 1, ചൊവ്വാഴ്ച

കുറ്റിച്ചൂൽ

പണ്ടൊക്കെ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സിനെ പ്രതിനിധീകരിച്ച് മത്സരിച്ചിരുന്നത് കുറ്റിച്ചൂലുകളായിരുന്നുവെന്നാണ്‌ ചരിത്രം പറയുന്നത്. പ്രതിപക്ഷങ്ങൾ നിറുത്തുന്ന നല്ല എണ്ണം പറഞ്ഞ സ്ഥാനാർത്ഥികളെ ആയിരുന്നു ഈ കുറ്റിച്ചൂലുകൾ തോൽപ്പിച്ചിരുന്നത്. കാലം പിന്നിട്ടതോടെ കോൺഗ്രസ്സിന്‌ അനായാസം സാധിച്ചിരുന്ന ഈ കഴിവ് പരിപൂർണ്ണമായി ഇല്ലാതാവുകയും കുറ്റിച്ചൂലുകളെല്ലാം തന്നെ ബി. ജെ. പി. യുടെ മുന്നിൽ തോറ്റു തുന്നം പാടുകയും ചെയ്തു. ഇതെന്താണ്‌ ഇങ്ങനെ സംഭവിക്കുന്നത് എന്ന ന്യായമായ ഒരു ഉത്ക്കണ്ഠ എന്നെ ഗ്രസിക്കുകയും ഞാനതിനെക്കുറിച്ച്‌ ഒരന്വേഷണം നടത്തുകയും ചെയ്തു. അപ്പോഴാണ്‌ ചൂലുകൾക്കും കുറ്റിച്ചൂലുകൾക്കും വന്നുപെട്ട അതിഗഹനമായ മൂല്യശോഷണം എന്റെ ശ്രദ്ധയിൽ പെട്ടത്.

കേരളീയരെ എ.പി. എൽ., ബി. പി.എൽ. എന്നിങ്ങനെ രണ്ടായിത്തിരിച്ച അടുത്ത കാലം വരെ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഉള്ള വ്യത്യാസം കൂടാതെ സകല മതസ്ഥരും ഒരുപോലെ ഉപയോഗിച്ചിരുന്നത് തെങ്ങിന്റെ ഈർക്കിൽ കൊണ്ടുണ്ടാക്കുന്ന ചൂലുകളായിരുന്നു. അന്നൊക്കെ 3 തരം ചൂലുകളാണ്‌ ഉണ്ടായിരുന്നത്. തെങ്ങിൽ നിന്ന് വെട്ടിയെടുത്ത നല്ല മൂത്ത ഓലയുടെ ഈർക്കിൽ കൊണ്ടുണ്ടാക്കുന്ന നല്ല നീളമുള്ള ചൂലുകളാണ്‌ ഇവയിൽ ആദ്യത്തെ ഇനം. ഇത് വീടിന്റെ അകം അടിച്ചുവാരി വൃത്തിയാക്കുന്നതിനാണ്‌ ഉപയോഗിച്ചിരുന്നത്. നല്ല നീളമുള്ളതുകാരണം ശരീരം കുനിയാതെ തന്നെ നിലം അടിച്ചുവാരാൻ ഇവ ഉപകരിക്കുമായിരുന്നു. അത്തരം ചൂലിന്റെ ചിത്രമാണ്‌ താഴെ കൊടുത്തിരിക്കുന്നത്.

വീടിന്റെ സീലിങ്ങും ചുമരുകളും മുക്കും മൂലയും എല്ലാം അടിച്ചുവാരാൻ ഇത് ഉപയോഗിച്ചു വന്നു.  ഏതു വിഭാഗത്തിലുമുണ്ടല്ലോ ആഢ്യന്മാരും അധ:കൃതരും. ചൂലുകളിലെ ആഢ്യന്മാരാണിവ. വീടിന്റെ പൂമുഖത്ത് മാത്രമല്ല, വേണ്ടിവന്നാൽ പൂജാമുറിയിലും ഈ ചൂലുകൾക്ക് പ്രവേശനം സാധ്യമാണ്‌.  എങ്കിലും അടുക്കളയോട് ചേർന്നാണ് ഇവയുടെ പൊതുവായ വിശ്രമസ്ഥലം. അതുകൊണ്ടു തന്നെ അടുക്കളയിലെ ഒരുപാടു രഹസ്യങ്ങൾക്ക് ഈ ചൂലുകൾ സാക്ഷിയാണ്‌.  രഹസ്യങ്ങൾ മാത്രമല്ല സ്ത്രീകളുടെ ഒരുപാടു കണ്ണീരും മൂക്കീരും കൂടി ഈ ചൂലുകൾ കണ്ടുകാണും. പെണ്ണുങ്ങൾ അടുക്കളയിലിരുന്നാണല്ലോ കരയുക. ഈ ചൂൽ പക്ഷേ പുരപ്പുറം തൂക്കാനൊന്നും ഉപയോഗിച്ചിരുന്നില്ല. അന്നൊക്കെ പുത്തനച്ചിയായിരുന്നു പുരപ്പുറം തൂത്തുകൊണ്ടിരുന്നത്. “പുത്തനച്ചി പുരപ്പുറം തൂക്കും” എന്നൊരു പഴഞ്ചൊല്ലു തന്നെ അന്നുണ്ടായിരുന്നു.

ഉപയോഗിക്കും തോറും നീളം കുറയുക എന്നത് ചൂലുകളുടെ ഒരു ജനിതകസ്വഭാവമാണ്‌. അങ്ങനെ, കുറേ കാലം അടിച്ചുവാരാൻ ഉപയോഗിച്ചു കഴിയുമ്പോഴാണ്‌ ഒരു സാധാരണ ചൂൽ നീളം കുറഞ്ഞ് കുറ്റിച്ചൂലാകുന്നത്.  അത്തരം ഒരു കുറ്റിച്ചൂലാണ്‌ താഴെ ചിത്രത്തിലുള്ളത്. ചൂലുകളിലെ മദ്ധ്യവർഗ്ഗമാണിവ. ഇതാണ് രണ്ടാമത്തെ ചൂല്. ഇവരുടെ സ്ഥാനം വീടിനു പുറത്താണ്‌. മുറ്റം വൃത്തിയാക്കലാണ്‌ ഇവയുടെ പ്രധാന ജോലി. പറമ്പുകൾ അടിച്ചുവാരാനും ഈ കുറ്റിച്ചൂലുകളാണ് നിയോഗിക്കപ്പെട്ടിരുന്നത്. നല്ല ശക്തിയും ധാരാളം അനുഭവജ്ഞാനവും ഈ കുറ്റിച്ചൂലുകൾക്ക് കൈമുതലാണ്‌. ഉമ്മറം മുതൽ അടുക്കളവരെയുള്ള സ്ഥലങ്ങളിൽ പ്രവർത്തിച്ചതിന്റെ ഗുണമാണത്.












മുറ്റത്തെ മണ്ണും പൊടിയും മാത്രമല്ല കല്ലും കട്ടയും വരെ തൂത്തുമാറ്റാൻ ഈ കുറ്റിച്ചൂലുകൾക്കാവും. അതുപോലെ മനുഷ്യസമൂഹത്തിലെ വേണ്ടാത്തരങ്ങളൊക്കെ പാടെ ഉന്മൂലനം ചെയ്യാനായിരിക്കും കോൺഗ്രസ്സുകാർ കുറ്റിച്ചൂലുകളെ രാഷ്ട്രീയത്തിലേക്കിറക്കി വിട്ടിട്ടുണ്ടാകുക.

കുറ്റിച്ചൂലുകൾ കുറേ ഉപയോഗിച്ചുകഴിയുമ്പോൾ അവയുടെ നീളം വളരെ കുറഞ്ഞ് വീണ്ടും കുറ്റിയാകും. അവയ്ക്ക് പിന്നെ മുറ്റമടിച്ചു വാരാനുള്ള കെൽപ്പില്ലാതാകും. എങ്കിലും അവയുടെ ശക്തിക്ക് ഒരു കുറവും സംഭവിച്ചിട്ടുണ്ടാകില്ല. കക്കൂസുകളിലായിരുന്നു പിന്നീടവയുടെ സ്ഥാനം. ൿളോസറ്റ് അടിച്ചു വൃത്തിയാക്കുക എന്നതാണ്‌ പിന്നീടവയുടെ ജോലി. ചൂലുകളിൽ അധ:കൃതസ്ഥാനമാണ്‌ ഇവയ്ക്കുള്ളത്. ഇതാണ് മൂന്നാമത്തെ തരം ചൂല്.  അധ:കൃതരാണെങ്കിലും ഇവയ്ക്ക് എവിടേയും സംവരണം ഏർപ്പെടുത്തപ്പെട്ടിട്ടില്ല.  ക്ഷേത്രങ്ങളും പൂജാമുറികളും, എന്തിന് വീടിന്റെ വരാന്ത പോലും ഇവയ്ക്ക് വർജ്ജ്യമാണ്. കക്കൂസിൽ കുറേ നാൾ ഉപയോഗിച്ചു കഴിയുമ്പോൾ ഇവയുടെ ജീവിതോദ്ദേശം പരിപൂർണ്ണമാകുകയും ആരെങ്കിലും അതിനെ വല്ല തെങ്ങിൻകുഴിയിലോ വാഴക്കുഴിയിലോ വലിച്ചെറിയുകയും ചെയ്യും.

കക്കൂസിലെ ക്‌ളോസറ്റ് കഴുകുന്ന കാര്യം പറഞ്ഞപ്പോൾ ഓർമ്മ വന്നത് ഗാന്ധിജിയെയാണ്. അദ്ദേഹം സ്വയം കക്കൂസ് കഴുകിയിരുന്നുവത്രെ. അദ്ദേഹത്തിനതാകാം. ലോകപ്രശസ്തർക്ക് എന്താ ചെയ്തു കൂടാത്തത്? നമ്മൾക്ക് പറ്റിയ പണിയല്ല അത്.  രാഷ്ട്രപിതാവാക്കുമെങ്കിൽ നമ്മളും, ഒരുപക്ഷേ, അത് ഒരു കൈ നോക്കുമായിരുന്നു.  കയ്യിൽ ധാരാളം പണവും ജോലി ചെയ്യാൻ അന്യസംസ്ഥാന തൊഴിലാളികളും ഉള്ളപ്പോൾ നമ്മൾ ഇത്തരം പണികൾ പയറ്റുന്നത് ശരിയല്ല തന്നെ.

വീട്ടിലും പരിസരത്തുമായി ഈർക്കിൽചൂലുകൾ സ്തുത്യർഹമായ സേവനം കാഴ്ച വയ്ക്കുമ്പോഴായിരുന്നു പ്ളാസ്റ്റിക്കിന്റെ രംഗപ്രവേശം.  സമൂഹത്തിലും ജനമദ്ധ്യത്തിലും സമൂലമായ മാറ്റം വരുത്താൻ ഈ പ്‌ളാറ്റിക്കുകൾക്കായി.  സാധാരണ ഗതിയിൽ സമൂഹത്തിൽ ഒരു മാറ്റത്തിനു വേണ്ടി ശ്രമിക്കുമ്പോൾ ജനങ്ങളിൽ നിന്നും ശക്തമായ എതിർപ്പ് ഉണ്ടാകുക എന്നത് സ്വാഭാവികമാണ്. എന്നാൽ പ്‌ളാസ്റ്റിക്കിന്റെ കാര്യത്തിൽ ഇതുണ്ടായില്ല. ജാതിമതഭേദമെന്യേ, ആബാലവൃദ്ധം ജനങ്ങൾ പ്ളാസ്റ്റിക്കിനെ ഹൃദയത്തിലും കൈകളിലും ഏറ്റുവാങ്ങി. രാവിലെ എഴുന്നേറ്റാൽ പല്ലു തേക്കാനുപയോഗിക്കുന്ന ടൂത്ബ്രഷ് മുതൽ രാത്രിയിൽ കിടക്കാനുള്ള പായ വരെ പ്ളാസ്റ്റിക്കിനു വഴി മാറി. ഭൂമിയും പരിസരവും മലീമസമായെങ്കിലും ജീവിതം സൗകര്യപ്രദവും ആഹ്‌ളാദപൂർണ്ണവും ആയിത്തീർന്നു. ആനന്ദലബ്ദിക്കിനിയെന്തു വേണം?

തെങ്ങുകൾക്കെല്ലാം മണ്ഡരിരോഗം ഉണ്ടാകുകയും നാട്ടുകാർ തെങ്ങെല്ലാം വെട്ടിക്കളയുകയും ചെയ്യുമെന്ന സത്യം മുൻകൂട്ടിക്കാണാന്മാത്രം ദീർഘദൃഷ്ടി ഉള്ളവരായിരുന്നു പ്ളാസ്റ്റിക്ക് ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഇന്ത്യയിലെ കമ്പനികൾ.  അവർ പ്‌ളാസ്റ്റിക്ക് കൊണ്ട് വിവിധങ്ങളായ ചൂലുകൾ ഉണ്ടാക്കി വിറ്റു. ചൂലുകൾക്ക് ഒത്തുചേർന്നു പ്രവർത്തിക്കാനുള്ള മുറം എന്ന ഉപകരണവും പ്‌ളാസ്റ്റിക്കിനാൽ നിർമ്മിതമായി. കേരളത്തിൽ തെങ്ങുകൾ ധാരാളമുണ്ടെന്നോ തങ്ങളുടെ പൂർവ്വീകർ ഈർക്കിൽചൂലുകളാണ് ഉപയോഗിച്ചിരുന്നതെന്നോ ഉള്ള തിരിച്ചറിവില്ലാതെ എല്ലാവരും പ്‌ളാസ്റ്റിക് ചൂലുപയോഗിക്കാൻ തുടങ്ങി.  ഇന്ന് വിവിധ തരത്തിലുള്ള പ്‌ളാസ്റ്റിക് ചൂലുകൾ പ്രചാരത്തിലുണ്ട്. പ്രചുരപ്രചാരം നേടിയ രണ്ടിനങ്ങളാണ് താഴെ ചിത്രത്തിൽ ഉള്ളത്. ഇവയെ ബ്രഷുകൾ എന്നു വിളിക്കാനാണ് എനിക്കിഷ്ടം. എന്നാൽ ഇന്ന് വീട് ഭരിക്കുന്ന കുടുംബിനികൾ ചൂൽ എന്ന പേർ നൽകി അവയെ ചൂലായി ഉപയോഗിക്കുന്നു. ചൂലിന്റെ ഒരു ഗുണവും ഇല്ലാത്ത ഇത്തരം ബ്രഷുകളെ ചൂൽ എന്നു വിളിക്കുന്നവരെ ചൂലേ എന്നു വിളിക്കാൻ എനിയ്ക്കു മടിയില്ലെങ്കിലും ആരും വിളി കേൾക്കില്ല എന്നാണെന്റെ അനുമാനം.

ഈയിടെ എന്റെ ഭാര്യയും ഒരു പ്ളാസ്റ്റിക് ചൂൽ വാങ്ങി. അതാണ് ഈ കുത്തിക്കുറിപ്പിനാധാരം. അതു വാങ്ങാതിരിക്കാൻ ഞാൻ ഒരു വിഫലശ്രമം നടത്താതിരുന്നില്ല. വീടിന്റെ മുറ്റത്ത് കിടക്കുന്ന നല്ല തെങ്ങോലകളായിരുന്നു അപ്പോൾ എന്റെ മനസ്സിൽ.  നല്ല ഈർക്കിൽ ചൂൽ ഒന്ന് ലീവ് കഴിഞ്ഞു പോകുന്നതിനു മുമ്പ് ഞാനുണ്ടാക്കിത്തരാം എന്നു ഞാനെന്റെ ഭാര്യയോട് പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല. ടൈൽ ഇട്ട നിലം അടിച്ചുവാരാൻ പ്ളാസ്റ്റിക് ചൂൽ തന്നെ വേണമത്രെ. അതു കേട്ടപ്പോൾ പണ്ടു കുറവൻ പറഞ്ഞതാണ്‌ എന്റെ ഓർമ്മയിൽ വന്നത്. വീട്ടുകാരിക്ക് ഒരു സ്റ്റാറ്റസ് ഒക്കെ വേണമെങ്കിൽ വീട്ടിൽ പ്ളാസ്റ്റിക് ചൂൽ തന്നെ വേണമെന്നാണ്‌ ഭാര്യ പറഞ്ഞതിന്റെ അർത്ഥം. വിവാഹജീവിതം എന്ന സംയുക്തപദത്തിന്‌ ഒത്തുതീർപ്പ് എന്നാണല്ലോ എന്റെ നിഖണ്ഡുവിലെ അർത്ഥം. അതുകൊണ്ട്, മറുത്തൊന്നും പറയാതെ പ്ളാസ്റ്റിക് ചൂൽ വാങ്ങാനുള്ള സമ്മതം ഞാൻ അറിയിച്ചു. ജീവിതത്തിൽ ഒരു ഭാര്യ മാത്രം ഉള്ളവർ ഇതുപോലെ എന്തെല്ലാം ഒത്തുതീർപ്പുകൾക്ക് തയ്യാറാകുന്നുണ്ടാകും!

ഡിക്ഷനറിയുടെ കാര്യം പറഞ്ഞപ്പോഴാണ് ദാമ്പത്യം എന്ന വാക്കും അതിലുണ്ടല്ലോ എന്നു ഞാൻ ഓർത്തത്. അതിന്റെ അർത്ഥം കൊടുത്തിരിക്കുന്നത് 'വിട്ടുവീഴ്ച' എന്നാണ്. മറ്റുള്ളവർക്കുവേണ്ടി സ്വന്തം നിലപാടിൽ വെള്ളം ചേർക്കുന്നത് വലിയൊരു വീഴ്ചയായതു കൊണ്ടായിരിക്കും ഇത്തരം നിലപാടുകളെ വിട്ടുവീഴ്ച എന്നു പറയുന്നത്. 

പ്‌ളാസ്റ്റിക് ബ്രഷുകൾ ഉൾപ്പെടുന്ന പ്‌ളാസ്റ്റിക് ഉത്പന്നങ്ങൾ ഉണ്ടാക്കി വിറ്റത് പ്രധാനമായും ബിജെപിയുടെ ശക്തിശ്രോതസ്സായ വ്യവസായികളായിരുന്നു.  അപ്പോൾ തെരഞ്ഞെടുപ്പുകളിലും ബിജെപി സ്ഥാനാർത്ഥികൾക്ക് പ്രാമുഖ്യം ലഭിക്കുക എന്നത് സ്വാഭാവികമാണല്ലോ.  അങ്ങനെയാണ് കുറ്റിച്ചൂലുകൾ തോൽക്കുകയും ബിജെപിക്കാർ തെരഞ്ഞെടുപ്പുകളിൽ ജയിച്ചു കയറുകയും ചെയ്തത്.

അരവിന്ദ് കെജ്രിവാളിനു മാത്രമാണ് പിന്നീട് ഈർക്കിൽ ചൂലുകൾക്ക് ഒരു ശാപമോക്ഷം നൽകാൻ കഴിഞ്ഞത്.പക്ഷേ അതദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നത്തിൽ ഒതുങ്ങി നിന്നു. പ്‌ളാസ്റ്റിക്കിനെ തൊടാൻ അദ്ദേഹത്തിന്റെ ഗവണ്മെന്റിനു കഴിഞ്ഞില്ല. പ്‌ളാസ്റ്റിക് നിരോധനത്തിനെതിരേ ഡൽഹിയിൽ മുൻ ഗവണ്മെന്റ് കൊണ്ടുവന്ന നിയമങ്ങൾക്ക് കോടതിയുടെ വിലക്കുണ്ട് എന്നതു തന്നെ കാരണം. പ്‌ളാസ്റ്റിക്കിനെ വെല്ലാൻ ആർക്കും സാധ്യമല്ലെന്നു മാത്രമല്ല ജനങ്ങൾ അതിന്റെ അടിമകളായി മാറുകയും ചെയ്തിരിക്കുന്നു. ജീവിതവും ഭൂമിയും ഇപ്പോൾ പ്‌ളാസ്റ്റിക് മയമായിരിക്കുന്നു. 

2015 ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

സുഖജീവിതം

ഭൂലോകവാസികളെ രണ്ടായിത്തിരിക്കാം എന്നു ആദ്യമായിപ്പറഞ്ഞത് മോണിക്ക ലെവിൻസ്കി ഫെയിം ബിൽ ക്ളിന്റനാണ്‌. അദ്ദേഹം ഇന്ത്യയിൽ വരികയും താജ് മഹൽ കാണുകയും ചെയ്തപ്പോഴാണ്‌ ഇങ്ങനെ ഒരു വിഭജനം നടത്തിയത്. താജ് മഹൽ കണ്ടവരും താജ്മഹൽ കാണാത്തവരും എന്നതായിരുന്നു ആ വേർതിരിവ്.

അതിൽ പിന്നെ കാലം എത്ര കഴിഞ്ഞു. ഇവിടെ ഈ കേരളത്തിൽ എത്രയെത്ര സരിതാഫെയിമുമാർ ഉണ്ടായി. എന്നിട്ടും ഇതുവരെ അവർക്കാർക്കും ജനങ്ങളെ രണ്ടായി വേർതിരിക്കാൻ പറ്റാത്തത് അവർ അമേരിക്കൻ പ്രസിഡന്റാകാത്തതു കൊണ്ടോ ജനങ്ങളെ ഒന്നായിക്കാണുന്ന മഹാബലിയുടേ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതുകൊണ്ടോ ആയിരിക്കും. വെറുതേ ഫെയിം ആയാൽ പോരല്ലോ; ഇത്തിരി അഥോറിറ്റി കൂടി കയ്യിൽ വേണ്ടേ?

അവരുടെ ഒന്നും നിലവാരത്തിലെത്താൻ എനിക്കാവില്ലെങ്കിലും ഭാരതീയരെ രണ്ടായിത്തിരിക്കാൻ എനിയ്ക്ക് സാധിച്ചിട്ടുണ്ട്. സീരിയൽ കാണുന്നവരും സീരിയൽ കാണാത്തവരും എന്നതാണ്‌ എന്റെ വകയായുള്ള ആ വേർതിരിവ്. ഈ രണ്ടു കൂട്ടർക്കും ഒരു ദിവസം എന്നാൽ 24 മണിക്കൂറാണ്‌ എന്നതാണ്‌ ഈ വേർതിരിവിനു കാരണം. ഒരു ദിവസം എന്നത് സീരിയൽ കാണുന്നവർക്ക് ഒരു 30 മണിക്കൂറും സീരിയൽ കാണാത്തവർക്ക് ഒരു 20 മണിക്കൂറും ആയിരുന്നെങ്കിൽ ഇങ്ങനെ ഒരു വേർതിരിവിന്റെ ആവശ്യം വരികില്ലായിരുന്നു. സീരിയൽ കാണുന്ന ശീലമില്ലാത്തവന്റെ ജീവിതം തുലോം മന്ദഗതിയിലുള്ളതാണ്‌. സമയം ഇഴഞ്ഞു നീങ്ങുന്ന ജീവിതം. എന്നാൽ സീരിയൽ കാണുന്നവരുടെ ജീവിതം അങ്ങനെയല്ല. എന്തിനും ഏതിനും സമയമില്ലാത്തതുപോലെയാണവരുടെ ദിവസങ്ങൾ.....

സീരിയൽ കാണുന്നവരുടെ ജീവിതം ഒന്നോർത്തു നോക്കൂ... ടിവിയുടെ മുന്നിൽ നിന്നു മാറാൻ അവർക്ക് സമയമെവിടെ.... കാര്യങ്ങളെല്ലാം എളുപ്പത്തിലും വേഗത്തിലും ചെയ്യാൻ തക്കവിധത്തിലാകണം അവരുടെ ജീവിതചുറ്റുപാടുകൾ.  അതുകൊണ്ടു തന്നെ, മഹാഭൂരിപക്ഷം വരുന്ന അവർക്ക് വേണ്ടി ചുറ്റുപാടുകൾ പാകപ്പെടുത്തുക എന്നതാണ്‌ സമൂഹത്തിന്റെ പ്രധാന കർത്തവ്യം.... അവർക്കു വേണ്ടിയാണ്‌ നാട്ടിലെ യന്ത്രങ്ങൾ കറങ്ങുന്നതും തൊഴിലാളികൾ പണിയെടുക്കുന്നതും...

സീരിയൽ കാണുന്നവർക്കുവേണ്ടിയാണ്‌ two minute noodles പോലുള്ള ഭക്ഷണപദാർത്ഥങ്ങൾ എന്നാണ്‌ എന്റെ വിശ്വാസം. അതാകുമ്പോൾ 2 മിനിറ്റു കൊണ്ട് ഭക്ഷണം ഉണ്ടാക്കി ബാക്കി സമയം മുഴുവൻ ടിവിയുടെ മുന്നിൽ ഇരിക്കാമല്ലോ. ഫ്രിഡ്ജ്, വാഷിങ്ങ് മഷീൻ, പലതരം ബ്രഡ്ഡുകൾ, ജാമുകൾ, കറിപൗഡറുകൾ എന്നിവയൊക്കെ ഇവരെ ഉദ്ദേശിച്ചുണ്ടാക്കുന്നതാണ്‌ എന്നും ഞാൻ വിശ്വസിക്കുന്നു. ബ്രഡ്ഡും ജാമും വാങ്ങി ഫ്രിഡ്ജിൽ വച്ചാൽ സമയാസമയങ്ങളിൽ എടുത്തു തിന്നാൽ മതിയല്ലോ. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്നതും packed food വീട്ടിലേക്ക് വരുത്താനുള്ള സൗകര്യമുള്ളതും ഇവർക്കൊരനുഗ്രഹമാണ്‌. അതാകുമ്പോൾ എന്തെല്ലാം സൗകര്യം... അടുക്കളയിൽ കയറണ്ട. ഭക്ഷണം കഴിച്ചാൽ പാത്രം കഴുകണ്ട. ബാക്കിയാകുന്നതെല്ലാം ചുരുട്ടിക്കൂട്ടി ഒരു പ്‌ളാസ്റ്റിക് കവറിലിട്ട് ദൂരേക്ക് വലിച്ചെറിഞ്ഞാൽ മതി. ഭൂമിയും പരിസരവും കേടുവരുന്നെങ്കിൽ ആവശ്യക്കാർ വൃത്തിയാക്കിക്കോട്ടെ.

സീരിയൽ കാണാത്തവന്റെ കാര്യമാണ്‌ കഷ്ടം. അവനു നേരം പോകില്ല. അതുകൊണ്ട് അവൻ വീട്ടിൽ ചോറും കൂട്ടാനും ഉണ്ടാക്കും. മുളകും മല്ലിയും നാളികേരവും അമ്മിമേൽ അരയ്ക്കാൻ അവനു നേരം കിട്ടും. അങ്ങനെയാണല്ലോ നമ്മുടെ പൂർവ്വീകർ ജീവിച്ചിരുന്നത്. അന്നൊന്നും ഇല്ലാതിരുന്നതും ഈ സീരിയലാണല്ലോ? സീരിയൽ കാണാത്തവന്‌ കിണറ്റിൽ നിന്ന് വെള്ളം കോരി കുളിക്കാനാകും; എന്നുവച്ച് സീരിയൽ കാണുന്നവന്‌ അതിനുണ്ടോ നേരം? അവൻ കിണറിൽ ഒരു മോട്ടോർ പിടിപ്പിച്ച് കാര്യം സാധിക്കും. ജീവിതനിലവാരത്തിനുമുണ്ടല്ലോ അപ്പോൾ ഒരു ഉയർച്ച. സീരിയൽ കാണുന്നവന് സ്റ്റാറ്റസ് സിംബളും ഉണ്ട്.

സ്റ്റാറ്റസ് സിംബളിന്റെ കാര്യം പറഞ്ഞപ്പോഴാണ്‌ കാറിനെക്കുറിച്ചോർത്തത്.  വീട്ടിൽ ഒരു ഓട്ടോ വാങ്ങിയിട്ടാലൊന്നും സ്റ്റാറ്റസ് സിംബളാവില്ല. അതിന്റെ കൂടെ ഒരു മൊബൈൽ വാങ്ങിയാലും സ്റ്റാറ്റസ് സിംബളാവില്ല. സ്റ്റാറ്റസ് സിംബൾ വേണമെങ്കിൽ ഒരു ഓട്ടോമൊബൈൽ തന്നെ വാങ്ങണം. അതു മാത്രം മതിയോ? പോരാ... ദൂരെ എവിടെയെങ്കിലും ഉള്ള ക്ഷേത്രത്തിലോ പള്ളിയിലോ ഈ കാറിൽ ദർശനത്തിനുപോകുകയും യാത്രയിൽ ലോറിയുമായി കൂട്ടി മുട്ടി കഴുത്തും നട്ടെല്ലും ഒടിഞ്ഞു മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ കിടക്കുകയോ ജീവൻ നഷ്ടപ്പെട്ട് പത്രത്തിൽ പേരു വരികയോ ചെയ്യുമ്പോഴേ ആ സ്റ്റാറ്റസ് സിംബൾ സഫലമാകൂ...  സ്റ്റാറ്റസ് സിംബളിനു ഓട്ടോമൊബൈൽ മാത്രം പോരാ. വലിയൊരും ബംഗ്ളാവും വേണം... എന്നിട്ട് മാർബിൾ പതിച്ച കുളിമുറിയിൽ തെന്നിവീണ്‌ കഴുത്തും നട്ടെല്ലും ഒടിഞ്ഞു ഐസിയൂവിലങ്ങനെ കിടക്കുക... അതൊക്കെയാണല്ലോ ഇന്നെല്ലായിടത്തും നടക്കുന്നത്‌. ഹായ് എന്തൊരു സ്റ്റാറ്റസ്!

ജീവിതമാകുമ്പോൾ സ്റ്റാറ്റസ് മാത്രം പോരാ.. സൗകര്യവും കൂടി വേണം... അതാണെങ്കിൽ രാവിലെ ഉണരുമ്പോൾ തന്നെ തുടങ്ങുകയും വേണം.  രാവിലെ എഴുന്നേറ്റാൽ കാപ്പിയും ബിസ്കറ്റും... അല്ലെങ്കിൽ ചായയും റസ്ക്കും... സുന്ദരമായ ജീവിതം... കഞ്ഞിയും പുഴുക്കും കഴിക്കുന്നത് പഴഞ്ചൻ.... റസ്ക്കും ബിസ്ക്കറ്റും കഴിച്ച് കുറേ കഴിയുമ്പോൾ ഡയബറ്റിസും കൊളസ്‌ട്രോളുമൊക്കെ വന്നാലെന്താ? മരുന്നു കഴിച്ചാൽ പോരേ? കഴിക്കാൻ മരുന്നില്ലെങ്കിൽ ജീവിതത്തിനു വല്ല സ്റ്റാൻഡേർഡും ഉണ്ടാകുമോ?

ഞാനിന്നലെ ഒരു ദിവസത്തേക്ക്  ഒരു ബന്ധുവീട്ടിൽ താമസിച്ചു. നല്ല നാട്ടിൻപുറം... വീട്ടിൽ കിണറുണ്ട്. തെളിഞ്ഞ വെള്ളം. കിണറിനോട് ചേർന്ന് കുളിമുറിയുണ്ട്. സന്ധ്യക്ക് ഞാൻ കിണറിൽ നിന്ന് വെള്ളം കോരി സുഖമായി കുളിച്ചു. വേറെ പണിയൊന്നും ഇല്ലാത്തതിനാൽ വീടിന്റെ ഉമ്മറത്ത് വന്നിരുന്നു. മുന്നിൽ മരങ്ങളും ചെടികളും നിറഞ്ഞ പറമ്പ്. കാണാൻ നല്ല രസം.  ആ സമയത്ത് ആതിഥേയൻ പൈപ്പ് വെള്ളത്തിൽ കുളിച്ച് സീരിയൽ കണ്ടു കൊണ്ടിരുന്നു.  സ്ഥിരമായി ചെയ്യുന്ന കാര്യം മാറ്റിവയ്ക്കാനാകുമോ?

അവിടെ ഇരുന്നുകൊണ്ട്, നമ്മളെ മറ്റൊരു തരത്തിലും രണ്ടായിത്തിരിക്കാമെന്ന് ഞാൻ കണക്ക് കൂട്ടി. ഭൂമിയെ അമ്മയായിക്കാണുന്നവരും ഭൂമിയെ ഭാര്യയായിക്കാണുന്നവരും എന്നതാണത്. അമ്മയോടെന്നപോലെ ഭൂമിയോട് പെരുമാറുന്നവരാണ്‌ ഒരു കൂട്ടർ. തനിക്ക് ജീവൻ തന്നതും തന്നെ വളർത്തിയതും അമ്മയാണെന്ന അറിവോടെയാണവർ പെരുമാറുക. പ്രകൃതിക്ക് ഇണങ്ങാത്തതൊന്നും അവർ ചെയ്യില്ല. അമ്മ ഒന്നേ ഉള്ളുവെന്നും ഈ ഭൂമി നിലനില്ക്കണമെന്നും കരുതുന്നവരാണവർ.... ഇനിവരുന്ന തലമുറകൾക്കും ഈ ഭൂമിയാണ്‌ ശരണം എന്നും അവർ ചിന്തിക്കുന്നു. എന്നാൽ മറുകൂട്ടർക്കാകട്ടെ ഭൂമിയോടുള്ള പെരുമാറ്റം ഭാര്യയോടെന്നപോലെയാണ്‌. ഭാര്യയില്ലെങ്കിൽ കാമുകി, അല്ലെങ്കിൽ മറ്റൊരു കല്യാണം എന്ന ലാഘവബുദ്ധിയാണവർക്ക്. ഭാര്യയുടേയോ ഭൂമിയുടേയോ ആരോഗ്യത്തിൽ അവർക്കത്ര ശുഷ്ക്കാന്തി പോരാ... ഇതല്ലെങ്കിൽ മറ്റേത് എന്നു കരുതുന്നവർക്ക് എന്തു ശുഷ്ക്കാന്തി? അവരാണീ ഭൂമിയുടെ കൊലയാളികൾ.

കാൽമുട്ടിനു തേയ്മാനം വരുന്നത് ഇപ്പോഴൊരു അസുഖമാണ്‌. മുട്ടിന്റെ തേയ്മാനം  കാരണം മര്യാദക്ക് നടക്കാൻ പറ്റാത്തവർ നിരവധിയാണിപ്പോൾ. കൂടുതൽ നടന്നിട്ടാകുമോ ഇങ്ങനെ തേയ്മാനം പറ്റുന്നത്? ആവോ? എന്തായാലും ഉപയോഗിക്കാത്തകാരണം വല്ല അവയവവും ഇല്ലാതാകുന്നെങ്കിൽ അത് നമ്മുടെ തലച്ചോറു തന്നെ ആയിരിക്കും. എല്ലാ കാര്യങ്ങളിലും മറ്റുള്ളവരെ അനുകരിക്കുന്നവർക്ക് എന്തിനു തലച്ചോറ്‌? എന്ത് ചിന്ത? ഇനി അവയവത്തിനു തേയ്മാനം വരുന്നത് കൂടുതൽ ഉപയോഗിച്ചിട്ടാണെങ്കിൽ കാൽമുട്ടല്ല തേയേണ്ടത്; മറിച്ച് നമ്മുടെ ‘കല്യാണയന്ത്രങ്ങൾ’ ആണ്‌. അതുകൊണ്ടുള്ള പ്രയോഗമാണല്ലോ ഇപ്പോൾ എല്ലാ മാധ്യമങ്ങളിലും കൂടുതൽ വാർത്തയാകുന്നത്. ഡൽഹി ബസ്സുകളിലെ അവസാനിക്കാത്ത ബലാൽസംഗങ്ങൾ ഇതിലേക്കല്ലേ വിരൽ ചൂണ്ടുന്നത്?

ഞാൻ പണ്ടത്തെ ഓരോരോ കാര്യങ്ങൾ ആലോചിച്ചു പോയി. വീട്ടിന്റെ ഉമ്മറത്ത് കൂട്ടം കൂടി ഇരുന്ന് സൊറ പറയുന്നത് പണ്ടൊക്കെ വീടുകളിൽ പതിവായിരുന്നു. അതിലിടക്ക് ആരെങ്കിലും വീടിന് പുറത്തേക്കിറങ്ങിപ്പോകുകയും അല്പം കഴിഞ്ഞ് തിരിച്ച് വരികയും ചെയ്യും. മൂത്രമൊഴിക്കാനാണ്‌ ഇങ്ങനെ പോകുന്നത്. ഇക്കാലത്ത് മൂത്രമൊഴിക്കണമെങ്കിൽ വീട്ടിന്റെ ഉള്ളിലേക്കാണ്‌ പോകുക. കാലം മാറിയതാണ്‌ കാരണം. എല്ലാം തല തിരിഞ്ഞു. അതും സുഖം, സൗകര്യം എന്നിവയുടെ അടിസ്ഥാനത്തിൽ.... വീട്ടിലെ കിണറിൽ നിന്ന് ഒരു ബക്കറ്റ് വെള്ളം കോരി എടുക്കുന്നതിനു പകരം വെള്ളം മോട്ടോർ വച്ച് പമ്പ് ചെയ്ത് ഓവർഹെഡ് ടാങ്കിൽ നിറച്ചിട്ട് പൈപ്പ് വഴി താഴെ കൊണ്ടുവന്ന് ടാപ്പ് തുറന്ന് വെള്ളം എടുക്കുന്നതായിരിക്കുന്നു ഇപ്പോഴത്തെ സമ്പ്രദായം. എല്ലാം സുഖത്തിനും സൗകര്യത്തിനും വേണ്ടി. അതിനുവേണ്ടി വരുന്ന സാമ്പത്തികവും അല്ലാത്തതുമായ ചെലവുകളോ? സൗകര്യം എന്ന ആശയ്ക്കു (ആശയത്തിനു) മുന്നിൽ അതെല്ലാം ആരു ശ്രദ്ധിക്കാൻ?

കൈക്ക് (കയ്യിനു) അഭ്യാസം കിട്ടാൻ 5 കിലോ വെയ്റ്റ് കയറിൽ കെട്ടി പല തവണ കപ്പിയിലൂടെ വലിച്ചു കയറ്റിയാലും ഒരു ബക്കറ്റ് വെള്ളം കോരാൻ നമ്മുടെ ഇന്നത്തെ ജീവിതരീതിയിൽ ആളുകൾ തയ്യാറാവുന്നില്ല. എക്സർസൈസിനു വേണ്ടി 5 കിലോമീറ്റർ വെറുതെ നടന്നാലും ഓഫീസിലേക്ക് 3 കിലോമീറ്റർ നടക്കാൻ ആളുകൾക്ക് കാറോ സ്കൂട്ടറോ തന്നെ വേണം.. നോക്കണേ കാലം പോയ പോക്ക്... ഓഫീസിലേക്ക് നടന്നു പോകുന്നത് ഒരു തരം കുറച്ചിലല്ലേ? വീട്ടിൽ എന്തെല്ലാം ജോലികൾ ചെയ്യാനുണ്ട്. അതെല്ലാം സ്വയം ചെയ്താൽ ശരീരത്തിനു വേണ്ട വ്യായാമവും അഭ്യാസവും ആകും. പക്ഷേ അതെല്ലാം ജോലിക്കാരിയെക്കൊണ്ട് ചെയ്യിച്ച് വ്യായാമത്തിനു വേണ്ടി ജിമ്മിൽ പോകുന്നതായിരിക്കുന്നു നമ്മുടെ സംസ്ക്കാരം. ഇതെല്ലാം സായിപ്പിനെ കണ്ടാണ്‌ നമ്മൾ പഠിച്ചത്. നമ്മുടെ പൂർവ്വീകരുടെ ജീവിതചര്യകൾ പാടേ മറക്കുകയും സായിപ്പിന്റെ രീതി സ്വാംശീകരിക്കുകയും ചെയ്തിട്ട് വലിയ വായിൽ നമ്മൾ ഭാരതസംസ്ക്കാരത്തെക്കുറിച്ച് പ്രസംഗിക്കുന്നു. കഷ്ടം!  ഹൂണന്മാർ, മുഗളന്മാർ, യൂറോപ്യന്മാർ എന്നിവർ ശതാബ്ദങ്ങൾ മഹാഭാരതത്തെ ചവിട്ടി മെതിക്കുകയും ഭാരതാംബയെ കൂട്ടബലാൽസംഗത്തിനിരയാക്കുകയും ചെയ്തിട്ടേച്ചുപോയതിന്റെ ബാക്കിപത്രമായ ജാരസന്തതികളാണ്‌ നമ്മൾ. നമ്മൾ പാലിക്കുന്നതും ശീലിക്കുന്നതും അവരുടെ ജീവിതരീതികളാണ്‌. അല്ലാതെ ആർഷഭാരതത്തിന്റേതെന്നു പറയാൻ എന്തുണ്ട് നമ്മൾക്ക് കൈമുതലായിട്ട്? വിദേശിയുടെ വൃത്തികെട്ട ജീവിതരീതികൾ കൈവെടിയാൻ ഒട്ടും ശ്രമിക്കാതെ നാഴികക്ക് നാല്പ്പതു വട്ടം ആർഷഭാരതസംസ്ക്കാരം പ്രസംഗിക്കുന്ന നമ്മൾ വെറും പൊണ്ണന്മാരാണെന്ന് നാം എന്നെങ്കിലും തിരിച്ചറിയുമോ? 

2015 ഓഗസ്റ്റ് 22, ശനിയാഴ്‌ച

ജനസാഗർ എക്സ്പ്രസ് എന്ന ജനശതാബ്ധി

അബദ്ധവശാൽ ആരെങ്കിലും എന്റെ ഈ കുത്തിക്കുറിപ്പിന്റെ തലക്കെട്ട് കണ്ടാൽ ശതാബ്ദി എന്നെഴുതാൻ അറിയാത്ത ഇവനൊക്കെ എഴുതാൻ തുടങ്ങിയപ്പോളാണ്‌ ഭൂമിമലയാളം നശിക്കാൻ തുടങ്ങിയത് എന്നു ചിന്തിച്ചേക്കാം. ശരിയായിരിക്കാം..  അതവിടെ നില്ക്കട്ടെ.

മരുസാഗർ എക്സ്പ്രസ്, റാപ്തിസാഗർ എക്സ്സ്പ്രസ്, ഹുസൈൻ സാഗർ എക്സ്പ്രസ്, ഗംഗാ സാഗർ എക്സ്പ്രസ്, സുഖസാഗർ എക്സ്പ്രസ് എന്നിങ്ങനെ സമാനമായ പേരുകളുള്ള വണ്ടികൾ ഇന്ത്യൻ റയിൽവേയിലുണ്ടെങ്കിലും ജനസാഗർ എക്സ്പ്രസ് എന്ന് വിളിക്കാവുന്ന വണ്ടികൾ ഉള്ളതായി റയിൽവേക്കാർക്കുപോലും അറിയണമെന്നില്ല. അതും അവിടെ നില്ക്കട്ടെ.

കണ്ണൂരിലേക്ക് പോകാൻ 12617, എറണാകുളം - ഹസ്രത് നിസാമുദ്ദീൻ മംഗള എക്സ്പ്രസ്സും കാത്ത് കുറ്റിപ്പുറം റയിൽവേ സ്റ്റേഷനിൽ ഇരിക്കുകയാണ്‌ ഞാൻ. ഒന്നരക്കെത്തേണ്ട വണ്ടി ഒന്ന്- അമ്പതിനേ വരൂ എന്ന് അറിയിപ്പുണ്ട്. അങ്ങനെ ഇരിക്കുമ്പോഴുണ്ട് +91139 എന്ന നമ്പറിൽ നിന്ന് എന്റെ മൊബൈലിൽ ഒരു  unsolicited call.

അപ്പോൾ റയിൽവേയും തുടങ്ങിയോ ഈ സ്വൈരം കെടുത്തുന്ന കോളുകൾ?

ഞാൻ കോളെടുത്തു.

“ഇന്ത്യൻ റയിൽവേ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഹിന്ദി മേം ജാൻകാരി കേലിയേ ഏക് ദബായേം... റ്റു ക്നോ ഇൻ ഇംഗ്ളീഷ് പ്രസ് റ്റു.”

ഞാൻ രണ്ടമർത്തി.

“സ്റ്റേഷൻ പരിസരത്തിന്റെ വൃത്തിയിൽ താങ്കൾ സംതൃപ്തനാണോ? സംതൃപ്തനല്ലെങ്കിൽ 0 അമർത്തുക, കൊള്ളാമെങ്കിൽ 1 അമർത്തുക, സംതൃപ്തനാണെങ്കിൽ 2 അമർത്തുക.”

ഞാൻ 0 അമർത്തി.

തീവണ്ടിയുടെ കൃത്യനിഷ്ടയിൽ താങ്കൾ സംതൃപ്തനാണോ? സംതൃപ്തനല്ലെങ്കിൽ 0 അമർത്തുക, കൊള്ളാമെങ്കിൽ 1 അമർത്തുക, സംതൃപ്തനാണെങ്കിൽ 2 അമർത്തുക.“

ഞാൻ വീണ്ടും 0 അമർത്തി.

ഇവനോട് ഇനി ചോദിച്ചിട്ട് കാര്യമില്ലെന്ന് റയിൽവേയുടെ കമ്പ്യൂട്ടറിന്‌ തോന്നിക്കാണും. കോൾ ഉടനെ കട്ടായി.

ഒന്നരക്ക് വരേണ്ട വണ്ടി രണ്ടേകാലിന്‌ സ്റ്റേഷനിലെത്തുമ്പോൾ അതിൽ കയറാൻ പരശുറാം എക്സ്പ്രസ് പ്രതീക്ഷിച്ചു വന്ന യാത്രക്കാരും ഉണ്ടായിരുന്നു. അസാമാന്യമായ തിരക്കു കാരണം ജനറൽ കമ്പാർട്ട്മെന്റിൽ കയറിപ്പറ്റാൻ നന്നേ പാടു പെട്ടു.

പ്രവർത്തി ദിനമാണ്‌, നട്ടുച്ചയാണ്‌.. എന്നിട്ടും വണ്ടിയിൽ എന്താ തിരക്ക്? മുന്നോട്ട് നീങ്ങാനോ നിവർന്നു നില്ക്കാനോ പറ്റാതെ ഞാൻ കുഴങ്ങി. സൂര്യപ്രകാശത്തിനു നേരേ വളയുന്ന ചെടി പോലെ തിരക്കിനൊത്ത് എന്റെ ശരീരം വളഞ്ഞു.

വണ്ടി തിരൂരിലെത്തിയപ്പോൾ തിരക്ക് വീണ്ടും കൂടി. ഇപ്പോൾ ശ്വാസം വിടാൻ പറ്റാത്ത അവസ്ഥ... ഈ തിരക്കിൽ ആബാലവൃദ്ധം ജനങ്ങൾ മാത്രമല്ല ഉള്ളത്, മറിച്ച് സർവ്വമതസ്ഥരും കൂടിയാണ്‌... പരാതികളോ പരിഭവങ്ങളോ മതവിദ്വേഷമോ മതപ്രശ്നങ്ങളോ ഇല്ലാതെ യഥാർത്ഥ ഭാരതപൗരന്മാരായി എല്ലാവരും അച്ചടക്കത്തോടെ ആ തിരക്കിൽ നിന്നു. ഇപ്പോൾ കുറേ പൂഴി വാരിയിട്ടാൽ ഒരു തരി പോലും താഴെ എത്തില്ല; ഉറപ്പ്.

വണ്ടി പരപ്പനങ്ങാടിയിൽ എത്തിയപ്പോൾ ഒരുപറ്റം യുവതികൾ തിരക്കുള്ള ഈ കമ്പാർട്ട്മെന്റിൽ കയറി. ചിലർ തലയിൽ തട്ടമിട്ടിട്ടുണ്ട്; മറ്റു ചിലർ പർദ്ദയാൽ ആച്ഛാദിതരാണ്‌. വണ്ടി മെല്ലെ നിരങ്ങി നീങ്ങുമ്പോൾ അവരും ഈ ജനസഞ്ചയത്തിൽ അലിഞ്ഞു ചേർന്നു. ഇപ്പോൾ അവരിൽ ചിലർ എന്റെ അടുത്ത് നില്ക്കുകയാണ്‌. സ്ത്രീശരീരത്തിലെ ഉയർന്നുനില്ക്കുന്ന ഭാഗങ്ങൾ ആ തിരക്കിൽ എന്റെ ശരീരത്തെ മർദ്ദിച്ചുകൊണ്ടിരുന്നു. പക്ഷേ ജരാനിരകൾ ബാധിച്ച എന്റെ ശരീരത്തിന്‌ അത് ഒരു അലോസരമായി തോന്നിയില്ല; ഞാനത് അവഗണിച്ചു. എന്റെ ചുറ്റും ചെറുപ്പക്കാരുമുണ്ട്. പാവങ്ങൾ; അവരും ഈ മർദ്ദനത്തിന്‌ ഇരയാവുന്നുണ്ടാവില്ലേ?

തങ്ങളുടെ ശരീരം പരപുരുഷന്മാർ കാണാതിരിക്കാനാണല്ലോ ഈ സ്ത്രീകൾ പർദ്ദ ധരിക്കുന്നത്. അപ്പോൾ ഈ തിരക്കിൽ പരപുരുഷന്റെ ശരീരം അവരുടെ ശരീരത്തിൽ തൊടുന്നതിൽ അപാകതയൊന്നുമില്ലേ?

അപ്പോഴാണ്‌ 60 വർഷത്തെ സ്വതന്ത്രഭരണത്തിന്റെ പോരായ്മ എന്റെ മനസ്സിൽ ഒരു ചോദ്യമായി ഉയർന്നത്. 60 വർഷത്തെ അവസരം കിട്ടിയിട്ടും ന്യൂനപക്ഷങ്ങൾക്ക് സ്വൈര്യമായി യാത്ര ചെയ്യാൻ വേണ്ടി തീവണ്ടിയിൽ സീറ്റ് സംവരണം ചെയ്യാത്തതുകൊണ്ടായിരിക്കും ന്യൂനപക്ഷങ്ങൾ ഇത്തവണ കോൺഗ്രസ്സിന്‌ വോട്ട് ചെയ്യാഞ്ഞത് എന്നു ഞാൻ ഊഹിച്ചു. ന്യൂനപക്ഷങ്ങൾക്ക് തീവണ്ടിയിൽ സീറ്റ് സംവരണം ചെയ്യണമെന്ന് മാർക്സിസ്റ്റ് പാർട്ടി ഇതുവരെ ആവശ്യപ്പെടാത്തതും എന്നെ ചിന്താകുലനാക്കി. തീവണ്ടിയിലെ അഭൂതപൂർവ്വമായ ഈ തിരക്കിനു പിന്നിൽ സംഘികളുടെ ദുഷ്ടലാക്കുണ്ടോ എന്നും ഞാൻ സംശയിച്ചു.

ഭാരതത്തിൽ തീവണ്ടിയിലും മറ്റും ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന വിഷമങ്ങൾ ഞാൻ ഓർത്തു. അപ്പോൾ എന്റെ മനസ്സിൽ നിലവിളക്കിലെ തിരി തെളിഞ്ഞു. ഹിന്ദുക്കൾ പരമ്പരാഗതമായി ഉപയോഗിക്കുന്നതായതുകൊണ്ട് നിലവിളക്ക് കത്തിക്കില്ലെന്ന ചില രാഷ്ട്രീയനേതാക്കളുടെ നിലപാട് ആ തെളിഞ്ഞ തിരിയിൽ ഞാൻ കണ്ടു. മലയാളഭാഷ ഹിന്ദുക്കൾ പരമ്പരാഗതമായി ഉപയോഗിക്കുന്നതാണെന്ന് അവർക്ക് മനസ്സിലാകുമോ? ഹിന്ദുക്കൾ പരമ്പരാഗതമായി കാണം വിറ്റും ഓണം ഉണ്ണുന്ന മണ്ണാണിതെന്ന് അവർ എപ്പോഴെങ്കിലും ഓർക്കുമോ? ഏതോ ഹിന്ദു മഹർഷി മഴുവെറിഞ്ഞാണ്‌ കേരളം ഉണ്ടായതെന്ന കഥ ഇവരറിയുമോ? ആയുർവ്വേദമരുന്നുകൾ ഋഷിപ്രോക്തങ്ങളായ മാർഗ്ഗമുപയോഗിച്ചുണ്ടാക്കുന്നവയാണെന്ന് അവർ എന്നാണ്‌ മനസ്സിലാക്കുക? ആ, വേണമെങ്കിൽ മനസ്സിലാകട്ടെ; എനിയ്ക്ക് ധൃതിയൊന്നുമില്ല. നിലവിളക്കെന്നതുപോലെ ഭാഷയും മണ്ണും മരുന്നുമെല്ലാം ബഹിഷ്കരിക്കണമോ എന്നു തീരുമാനിക്കേണ്ടത് ഞാനല്ലല്ലോ. നാടോ ഭാഷയോ മരുന്നോ വേറെ ഇല്ല എന്ന ബുദ്ധിമുട്ടും ഇല്ല.

ആ തിരക്കിൽ നിന്നു കൊണ്ട് ഞാൻ ചിന്തിച്ചു. 90 പേർക്ക് ഇരിക്കാവുന്നതാണ്‌ ഈ ജനറൽ കമ്പാർട്ട്മെന്റ്. 4 പേർക്കിരിക്കാവുന്ന ഓരോ ബഞ്ചിലും ചുരുങ്ങിയത് 6 പേർ ഇരിപ്പുണ്ട്. മടിയിലിരിക്കുന്ന കുട്ടികൾ ഈ എണ്ണത്തിൽ പെടില്ല. ഒറ്റയ്ക്കുള്ള സീറ്റിൽ 2 പേർ ഉണ്ട്. ലഗേജ് വയ്ക്കാനുള്ള മുകളിലെ പലകയിൽ 2ഉം 3ഉം പേർ തിരക്കിൽ നിന്നൊഴിഞ്ഞു് ഒതുങ്ങി ഇരിപ്പുണ്ട്. നില്ക്കാവുന്നിടത്തൊക്കെ ആളുകൾ നില്ക്കുകയാണ്‌. കക്കൂസിന്റെ ഇടയ്ക്കുള്ള സ്ഥലത്തും വാതിലിന്റെ അടുത്തും വഴിയിലും എല്ലാം ആളുകൾ തിക്കിത്തിരക്കി നില്പ്പാണ്‌. എന്റെ കണക്കിൽ ഈ കമ്പാർട്ട്മെന്റിൽ ചുരുങ്ങിയത് ഒരു 450 പേർ കാണും. കൃത്യമായ കണക്ക് അറിയാവുന്നത് റയിൽവേക്ക് മാത്രം. അവരാണല്ലോ ടിക്കറ്റ് വില്പ്പനക്കാർ.

 ചിത്രം: 90 സീറ്റുള്ള ഒരു ജനറൽ കമ്പാർട്ട്മെന്റിന്റെ ലേ ഔട്ട്. ഇതിലാണ്‌ 500ഓളം യാത്രക്കാർ  ഞെങ്ങിഞെരുങ്ങുന്നത്.

ഞാൻ മുകളിലെ പലകയിൽ ഇരിക്കുന്ന ചെറുപ്പക്കാരനോട് ഈ തിരക്കിന്റെ കുറച്ച് ഫോട്ടോ എടുത്തു തരാൻ പറഞ്ഞു. അപ്പോൾ സ്ത്രീകൾ ഇടപെട്ടു. ഫോട്ടോ എന്തിനാണ്‌ എന്നായി അവർ. ഞാൻ അവരെ സോഷ്യൽമീഡിയയെക്കുറിച്ചോർമ്മിപ്പിച്ചു; വണ്ടിയിലെ തിരക്കിനെക്കുറിച്ചും. അവർ മറുത്തൊന്നും പറഞ്ഞില്ല. ചെറുപ്പക്കാരൻ കുറച്ച് ഫോട്ടോ എടുത്ത് തന്നു. അതിവിടെ കൊടുക്കുന്നു. വല്ലവർക്കും വേണമെങ്കിൽ കാണാലോ. ഫോട്ടോയിൽ കണ്ണട വച്ചു നില്ക്കുന്നത് ഈ യാത്രക്കാരനാണ്‌. 



ഹൗ, വണ്ടിയിലെ ഒരു തിരക്ക്!








തീവണ്ടിയിലെ തിരക്കിന്റെ ദൃശ്യങ്ങളാണ്‌ മുകളിലെ ചിത്രങ്ങളിൽ കൊടുത്തിരിക്കുന്നത്.

വണ്ടി കോഴിക്കോട്ടെത്തുമ്പോൾ സ്ഥിതി നിയന്ത്രണാതീതമായിരുന്നു. ബഹുഭൂരിപക്ഷത്തിനും ഇറങ്ങണം. അതിൽ ഇരിക്കുന്നവരാണ്‌ കൂടുതൽ. അവർ എഴുന്നേല്ക്കുന്ന ഒഴിവിൽ ഇരിക്കാൻ വേണ്ടി നില്ക്കുന്നവരുടെ തള്ളൽ... ചുരുക്കത്തിൽ ഒന്നും സാധിക്കുന്നില്ല.അതിനിടക്കാണ്‌ വണ്ടിയിൽ കയറുന്നവരുടെ തിരക്ക്. എന്തായാലും കുറച്ചു കഴിഞ്ഞപ്പോൾ സ്ഥിതി ശാന്തമായി. എനിയ്ക്ക് ഇരിക്കാൻ സീറ്റു കിട്ടി.

വണ്ടി കോഴിക്കോട്ടു നിന്നു പുറപ്പെടുമ്പോൾ ഞാൻ ഇതുവരെ കുത്തിക്കുറിച്ച സംഭവങ്ങൾ ആവർത്തിക്കുകയായിരുന്നു. അപ്പോൾ ഞാനോർത്തത് ആദ്യം പറഞ്ഞ പലതരം സാഗർ എക്സ്പ്രസ്സുകളെക്കുറിച്ചായിരുന്നില്ല; മറിച്ച്  “ജനസാഗരം” യാത്ര ചെയ്യുന്ന ഇത്തരം വണ്ടികളെ ജനസാഗർ എക്സ്പ്രസ് എന്നു നാമകരണം ചെയ്യേണ്ട ആവശ്യകതയെക്കുറിച്ചായിരുന്നു.

ജനശതാബ്ദി എക്സ്പ്രസ്സുകളും എന്റെ മനസ്സിൽ കേറി വന്നു. ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ വണ്ടി ഭോപ്പാൽ ശതാബ്ദി ആണെന്നും അതിൽ ഞാൻ യാത്ര ചെയ്തിട്ടുണ്ടല്ലോ എന്നും ഞാൻ ചിന്തയിൽ അയവിറക്കി. യാത്രനിരക്ക് കുറഞ്ഞ ശതാബ്ദി വണ്ടികളാണ്‌ ജനശതാബ്ദി എക്സ്പ്രസ്സുകളെന്നും എന്നാൽ സാഗരം എന്ന വാക്കിന്‌ അബ്ധി എന്നും അർത്ഥമുള്ളതുകൊണ്ട് ജനങ്ങൾ തിക്കിത്തിരക്കുന്ന ജനസാഗർ എക്സ്പ്രസ്സുകളെ ജനശതാബ്ധി എക്സ്പ്രസ്സുകൾ എന്നും നാമകരണം ചെയ്യാമെന്ന് എന്റെ മനസ്സപ്പോൾ കണക്ക് കൂട്ടി.

യാത്രകൾ അവസാനിക്കുന്നില്ല. ഇനിയും കാണാം.

2015 ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

വീണ്ടും ഒരു തീവണ്ടിയാത്ര - 3

ഞാൻ നെറ്റിൽ, ബറോഡയിലെ വണ്ടിസമയം നോക്കി. ബറോഡയിൽ നിന്ന് 16.35ന് യാത്ര തുടരേണ്ട വണ്ടി 15.40നാണ് അവിടെ എത്തിയിട്ടുള്ളത്. അതായത് വണ്ടി അവിടെ ഒരു മണിക്കൂറോളം നിശ്ചലമായിരിക്കും എന്നർത്ഥം. ഒരു സൂപ്പർഫാസ്റ്റ് ട്രെയിൻ ഒരുമണിക്കൂർ വെറുതെ കിടക്കേണ്ട അവസ്ഥ അലോചിച്ചപ്പോൾ എനിയ്ക്ക് വല്ലാതെ തോന്നി. 

3150 കിലോമീറ്റർ ദൂരം 54 മണിക്കൂർ കൊണ്ട് ഓടിയെത്തുന്ന ഈ തീവണ്ടിയെ 'സൂപ്പർഫാസ്റ്റ്' എന്നു വിശേഷിപ്പിക്കുന്നതിലെ അപാകത എന്റെ മനസ്സിൽ ഒരു ചോദ്യചിഹ്നമായി. അപ്പോൾ, കേവലമായ 60 kmph എന്ന ശരാശരി സ്പീഡുപോലുമില്ലാത്ത ഈ വണ്ടിയിൽ 3 രാത്രിയും 2 പകലും ചടഞ്ഞിരുന്ന് നാട്ടിലെത്തുന്ന എന്നെപ്പോലുള്ള ഉപ്രവാസികളെക്കുറിച്ച് എനിയ്ക്ക് അവജ്ഞയും അവമതിയും തോന്നി. 60 kmph ശരാശരി സ്പീഡില്ലാത്ത വണ്ടിക്ക് സൂപ്പർഫാസ്റ്റ് എന്ന പേരിട്ട്, യാത്രക്കാരിൽ നിന്ന് അധികക്കൂലി വാങ്ങുന്ന റയിൽവേയെക്കുറിച്ച് ഞാൻ എന്തു ചിന്തിക്കാൻ?

പകൽ പോയി രാത്രി വരികയും രാത്രി പോയി പകൽ വരികയും ചെയ്തപ്പോൾ തീവണ്ടി മഹാരാഷ്ട്രയിലെ രത്നഗിരി വിട്ടിരുന്നു. മദാമ്മയുടേയും ഭർത്താവിന്റേയും ഫോട്ടോ എന്ന എന്റെ നടക്കാത്ത പൂതി അപ്പോഴും എന്റെ മനസ്സിൽ കത്തി നിന്നു.  മണിക്കൂറുകൾ പിന്നിട്ടാൽ വണ്ടി ഗോവയിലെത്തുമെന്നും അവർ ഇറങ്ങിപ്പോകുമെന്നും ഞാൻ അറിഞ്ഞു. ഫ്ളാസ്കിൽ ബാക്കി വന്ന കാപ്പി ഞാൻ കുടിച്ചു തീർത്തു. പിന്നീട് 2-3 'നാഷ്പതി' കൂടി ഞാൻ അകത്താക്കി. ചെറുപ്പക്കാരൻ എഴുന്നേറ്റപ്പോൾ ഞാൻ അയാൾക്ക് നേരേ ഒരു കോളിനോസ് പുഞ്ചിരി പാസാക്കി. "നമ്മൾ തമ്മിൽ ഒരു ഉടമ്പടി ഇല്ലേ?" എന്നായിരുന്നു ആ ചിരിയുടെ അർത്ഥം. ഒരു ദിവസത്തെ പരിചയം പ്രകടിപ്പിച്ചുകൊണ്ട് അയാൾ ചിരി മടക്കി. 

എന്റെ സമീപത്ത് ഇരിക്കുന്നവരെ നോക്കി സമയം കളയുമ്പോഴുണ്ട് എന്റെ മുന്നിൽ മനീഷ് നിൽക്കുന്നു. തിരുവനന്തപുരത്തെ എന്റെ അയൽവാസിയാണ് CPWD-യിൽ എൻജിനീയറായി സൂററ്റിൽ ജോലി നോക്കുന്ന ഈ ചെറുപ്പക്കാരൻ. എന്റെ അടുത്ത കമ്പാർട്ട്മെന്റിൽ സീറ്റുള്ള അയാൾ അങ്ങുമിങ്ങും നടക്കുമ്പോൾ ആകസ്മികമായാണ് എന്നെ കണ്ടത്. 2-3 വർഷങ്ങളായി ഞങ്ങൾ തമ്മിൽ കണ്ടിട്ട്. ഞങ്ങൾ അറിയാവുന്ന നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും പങ്കു വച്ചു.  സ്വന്തം ലഗേജിന്റെ സുരക്ഷ ഓർത്ത് തീവണ്ടിയിൽ നിന്ന് പുറത്തിറങ്ങി നടക്കാത്ത എനിയ്ക്ക് ബ്രെയ്ക്ക്ഫാസ്റ്റിന് ഒരു ഡസൻ പഴങ്ങളും ലഞ്ചിന് ഉഡുപ്പി സ്റ്റേഷനിൽ ആകപ്പാടെ കിട്ടാനുണ്ടായിരുന്ന സ്നാക്സും സ്വന്തം ചെലവിൽ വാങ്ങി തന്നതും കണ്ണൂരിൽ ലഗേജ് ഇറക്കാൻ സഹായിച്ചതും നല്ലവനായ ഈ ചെറുപ്പക്കാരനാണ്.

കുറേ കഴിഞ്ഞപ്പോൾ മദാമ്മയുടെ ഭർത്താവ് എനിയ്ക്ക് അയാളുടെ ഫോൺ നമ്പർ തന്നു. നമുക്ക് പരിചയം തുടരാമെന്നും ഫോട്ടോ അയച്ചുതരാമെന്നും അയാൾ പറഞ്ഞപ്പോൾ എനിയ്ക്ക് സന്തോഷമായി. ഞാൻ അയാളുടെ നമ്പർ എന്റെ ഫോണിൽ ഫീഡു ചെയ്യുകയും അയാളെ കാണിക്കുകയും ചെയ്തപ്പോൾ ശരിയാണെന്ന് അയാൾ തല കുലുക്കി. അയാളുടെ നമ്പറിൽ വിളിച്ചപ്പോൾ ബെല്ലടിക്കുന്ന ശബ്ദമൊന്നും കേട്ടില്ല; തന്റെ ഫോണിൽ ചർജില്ലെന്നും ഓഫാണെന്നും അയാളപ്പോൾ പറഞ്ഞു. 

ഞാനയാൾക്ക് വാട്ട്സ്ആപ്പിൽ ഒരു 'ഹായ്' പറയാൻ ശ്രമിച്ചു. പക്ഷേ അയാളുടെ നമ്പർ വാട്ട്സ്ആപ്പിൽ ഇല്ലെന്നും അയാളെ ഇൻവൈറ്റ് ചെയ്യണമോ എന്നുമായി വാട്ട്സ്ആപ്പ്. ഞാൻ പിന്മാറി.  സന്ദർഭം നോക്കാത്തവനും വിവേകം തൊട്ടുതീണ്ടാത്തവനും എന്താണ് ചെയ്യാൻ പാടില്ലാത്തത്? വരും വരായ്കകൾക്ക് ഞാൻ കൂടുതൽ സമയമോ ചിന്തയോ മെനക്കെടുത്താതെ, അവരറിയാതെ അവരുടെ അവ്യക്തമായ രണ്ടു ഫോട്ടോകൾ ഞാൻ പകർത്തി.


മദാമ്മയും ഭർത്താവും - രണ്ടു ഭാവങ്ങൾ!

അജ്ഞാതനായ ചെറുപ്പക്കാരാ, നിങ്ങളുടെ ഫോട്ടോ ഞാനിവിടെ പകർത്തുകയാണ്. ക്ഷമിക്കുക.  തെറ്റാണെന്നറിയാം; പക്ഷേ എനിയ്ക്കെന്തെങ്കിലും ദുരുദ്ദേശമോ ദുഷ്ടലാക്കോ ഇല്ല. ഇത്രയുമൊക്കെ നിങ്ങളെ നിരീക്ഷിക്കുകയും നിങ്ങളെക്കുറിച്ച് പറയുകയും ചെയ്ത സ്ഥിതിക്ക് ഈ ഫോട്ടോ ഇവിടെ ചേർത്തില്ലെങ്കിൽ ഭംഗിയാവില്ല.  അത്രമാത്രം.

വണ്ടി മഡ്ഗാവിലെത്തുമ്പോൾ മദാമ്മയും ചെറുപ്പക്കാരനും ഇറങ്ങി. ഇറങ്ങുമ്പോൾ ഞങ്ങൾ ഔപചാരികമായി കുശലം പറയുകയും പരസ്പരം വിടവാങ്ങുകയും ചെയ്തു. ഇനി ഞാൻ ഇവരേയോ അവർ എന്നേയോ കാണാൻ പോകുന്നില്ല. ഇങ്ങനെ എത്രയെത്ര ആളുകളെ കാണുകയും സംസാരിക്കയും ചെയ്തിരിക്കുന്നു.

മഡ്ഗാവിൽ വച്ച്, ഞാൻ വൃത്തികേടായി കിടന്ന ടോയ്‌ലെറ്റ് തുറന്നു നോക്കി. അതിപ്പോഴും അങ്ങനെ വൃത്തികേടായിത്തന്നെ കിടക്കുന്നു. റയിൽവേയുടെ അനാസ്ഥക്കും വേണം ഒരതിര്. ഇങ്ങനെയുണ്ടോ ഒരു സ്ഥാപനം? ഒരു ദിവസത്തിലധികമായി കക്കൂസ് വൃത്തികേടായി ദുർഗ്ഗന്ധം പരത്തിക്കൊണ്ട് കിടക്കുന്നു. ആരുണ്ടിവിടെ റെയിൽവേയെ നന്നാക്കാൻ?  സുരേഷ് പ്രഭു റയിൽവേയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണത്രെ. മന്ത്രിക്കുമാത്രം അറിയാം അയാൾ എന്താണ് ചെയ്യുന്നതെന്ന്. പൊട്ടിപ്പൊളിഞ്ഞ കമ്പാർട്ട്മെന്റ്, നാറുന്ന കക്കൂസ്... ശരിയാണ്.... ഈ 21-ആം നൂറ്റാണ്ടിൽ ഇതൊക്കെ ഒരു അത്ഭുതം തന്നെയാണ്.

വണ്ടി ഗോവയിലെത്തുമ്പോൾ കശുവണ്ടിക്കച്ചവടക്കാർ വണ്ടിയിലൂടെ തലങ്ങും വിലങ്ങും നടന്നു. ഗോവയിൽ 600 രൂപയിൽ താഴെ വിലയ്ക്ക് ഒരുകിലോ അണ്ടിപ്പരിപ്പ് കിട്ടും. ഡൽഹിയിൽ ഒരു കിലോ അണ്ടിപ്പരിപ്പിന് 1200 രൂപ കൊടുക്കണം. ഞാൻ ഒരു കിലോ അണ്ടിപ്പരിപ്പ് വാങ്ങി ബാഗിൽ വച്ചു.

അതിനിടക്ക് ഒഴിഞ്ഞ സീറ്റിൽ ഒരു ചെറുപ്പക്കാരനും പെൺകുട്ടിയും സ്ഥലം പിടിച്ചു. അവർ ഭാര്യാഭർത്താക്കന്മാരാണ്. ഭാര്യക്ക് പ്രായം നന്നേ കുറവായതുകൊണ്ടാണ് ഞാൻ പെൺകുട്ടി എന്നു വിവക്ഷിച്ചത്. അവൾ എന്നെ നോക്കി ചിരിച്ചു.  തല നരച്ച ഒരു മനുഷ്യനോട് പരിചയം വയ്ക്കുന്നത് യാത്രയിൽ നല്ലതാണെന്ന് അവൾക്ക് തോന്നിക്കാണും...  ഞാനും ചിരിച്ചു.... ഞാനവളോട് സംസാരിച്ചു. അവർ ബറോഡയിൽ നിന്നു കയറിയവരാണ്;  കോഴിക്കോട്ടേക്കാണ്. ഇപ്പോഴാണ് സീറ്റ് ഉറപ്പായത്. പാവങ്ങൾ.

വള, കമ്മൽ, മാല, പൊട്ട് തുടങ്ങി പെണ്ണുങ്ങളെ ആകർഷിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കളുമായി ഒരാൾ വണ്ടിയിൽ പ്രത്യക്ഷപ്പെട്ടു. പെൺകുട്ടിക്ക് അതിൽ താൽപ്പര്യമുള്ളതായി അവളുടെ മുഖഭാവം വിളിച്ചു പറഞ്ഞു. അപ്പോൾ അവളുടെ ഭർത്താവിനെ അവിടെയെങ്ങും കണ്ടില്ല.  കച്ചവടക്കാരൻ ഹിന്ദിയിലാണ് സംസാരം. പെൺകുട്ടിക്ക് കച്ചവടക്കാരനോട് എന്തോ പറയണമെന്ന് ഉള്ള പോലെ തോന്നി. ഒടുവിൽ 'ചില്ലറയുണ്ടോ' എന്നു ചോദിക്കാൻ അവളെന്നോട് പറഞ്ഞു.

അപ്പോൾ അതാണ് കാര്യം... അവൾക്ക് ഹിന്ദി അറിഞ്ഞു കൂട.  ഞാൻ അറിയാതെ "ഈശ്വരാ" എന്ന് മനസ്സിൽ പറഞ്ഞുപോയി.... മാനം പോയതു തന്നെ... ഹിന്ദി അറിയാത്ത എന്നോടാണ് ഹിന്ദി സംസാരിക്കാൻ അവൾ പറയുന്നത്.... ഞാൻ തൊണ്ടയിൽ ശബ്ദം ശരിയാക്കി അവനോട്ചോദിച്ചു.

 "ഛുട്ടാ ഹെ?"

ഭാഗ്യം!   അവനു കാര്യം പിടി കിട്ടിയിരിക്കുന്നു. ചില്ലറയുണ്ടെന്നും മടക്കത്തിൽ തരാമെന്നും പറഞ്ഞ് അവൻ അടുത്ത കമ്പാർട്ട്മെന്റിലേക്ക് പോയി. എനിയ്ക്ക് ഹിന്ദി അറിയാമെന്ന ഭാവത്തിൽ "ഹിന്ദി അറിയില്ലേ?" എന്ന് ഞാൻ പെൺകുട്ടിയോട് ചോദിച്ചു. ആറു മാസമായിട്ടേ ഗുജറത്തിൽ പോയിട്ടായിട്ടുള്ളൂ എന്നും ഹിന്ദി കേട്ടാൽ മനസ്സിലാകുമെന്നും, പറയാൻ ആകുന്നതേ ഉള്ളൂ എന്നും അവളെന്നോട് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ തിരിച്ചു വരികയും പെൺകുട്ടി, മുടിയിലിടുന്ന രണ്ട് ക്ളിപ്പ് വാങ്ങുകയും 500 രൂപകൊടുത്ത് ബാക്കി വാങ്ങുകയും ചെയ്തു.

ഉച്ചക്ക് മൂന്നര മണിയോടെ വണ്ടി ഉഡുപ്പിയിലെത്തി. നാലരക്ക് എത്തേണ്ട വണ്ടി മൂന്നരക്കേ എത്തിയതുകാരണം ഉഡുപ്പിയിലും വണ്ടി ഒരു മണിക്കൂർ കിടന്നു. കർണ്ണാടകത്തിലെ കാർവാർ മുതൽ ഉഡുപ്പി വരെ ഒരു ചായ പോലും വണ്ടിക്കകത്ത് വരികയുണ്ടായില്ല. 3000 കിലോമീറ്ററിൽ പരം ദൂരം താണ്ടേണ്ട വണ്ടിക്ക് പാൻട്രി കാർ വേണ്ടെന്നു തീരുമാനിച്ച റയിൽവേ ഉദ്യോഗസ്ഥരുടെ അറിവിനെ ഞാൻ മനസാ ശ്ളാഘിച്ചു. യാത്രക്കാരുടെ പോക്കറ്റ് ചോരുന്നത് തടയാനായിരിക്കും റയിൽവേ ഇങ്ങനെ ചെയ്തതെന്ന് ഞാൻ ഊഹിച്ചു.  ഉഡുപ്പിയിൽ ഭക്ഷണമൊന്നും ഇല്ലായിരുന്നു. മനീഷ് വാങ്ങിത്തന്ന അരിമുറുക്ക് കഴിച്ച് ഞാൻ വിശപ്പടക്കി. കയ്യിൽ കരുതിയിരുന്ന പഴങ്ങളൊക്കെ എപ്പോഴേ തീർന്നിരുന്നുവല്ലോ.

പ്രഖ്യാപിത സമയത്തിനേക്കാൾ നേരത്തെയായിരുന്നു വണ്ടി മംഗലാപുരത്തും എത്തിയത്. വണ്ടി അവിടെ എത്തുമ്പോൾ നാട്ടിലെത്തിയ പ്രതീതിയായിരുന്നു. ഇനി ഒരു രണ്ടു മണിക്കൂർ കൂടി കഴിഞ്ഞാൽ യാത്ര അവസാനിപ്പിക്കാം. ഞാൻ അക്ഷമനായി.    തിരുവനന്തപുരത്തുകാർക്ക് ഇനി ഒരു രാത്രി കൂടി ഇതിലിരുന്നേ പറ്റൂ.

വണ്ടി മംഗലാപുരത്ത് എത്തുമ്പോൾ കയ്യിൽ ശുചീകരണയന്ത്രവുമായി ഒരു സ്ത്രീ വണ്ടിയിൽ കയറി. റയിൽവേയിലെ തൂപ്പുകാരിയാണവൾ. ചെറുപ്പക്കാരി.............

ദക്ഷിണേന്ത്യയിലേ വൃത്തിക്ക് വിലയുള്ളു. അവൾ കക്കൂസ് തുറന്നു. പാവം.............  മനുഷ്യമലം നിരന്നു കിടക്കുന്ന കക്കൂസ് വൃത്തിയാക്കാനുള്ള ദുർഗ്ഗതി അവൾക്കാണ്. നിർവ്വികാരതയോടെ അവൾ ഒരു ഫെയ്സ്മാസ്ക് എടുത്തു ധരിച്ചു. ഇത്തരം സന്ദർഭങ്ങളിൽ ശരിക്കും മൂടേണ്ടത് കണ്ണാണ്. അല്ലാതെ മൂക്കും വായുമല്ല. പക്ഷേ കണ്ണു മൂടിയാൽ പണി നടക്കില്ലല്ലോ എന്ന് ഞാൻ ചിന്തിച്ചു. കയ്യുറ ധരിച്ച് അവൾ പ്രവർത്യുന്മുഖമാകുമ്പോഴേക്കും വണ്ടി ചൂളം വിളിച്ചു. അവൾ ഇറങ്ങി. ഭാഗ്യം. ഈ നാറിയ പണി ചെയ്യുന്നതിൽ നിന്നും ഇന്നവൾ രക്ഷപ്പെട്ടിരിക്കുന്നു. തിരുവനന്തപുരത്തുള്ള ഏതോ മലയാളി സ്ത്രീക്കാണ് ഇനി അതിനുള്ള ദുര്യോഗം....

നാറിയ ഈ രംഗം റയിൽവേക്കാരും നാട്ടുകാരും കാണട്ടെ എന്നു ഞാൻ തീരുമാനിച്ചു. ആരും കാണാനിഷ്ടപ്പെടാത്ത ആ പരിസരം ഞാൻ എന്റെ മൊബൈലിൽ പകർത്തി. തീവണ്ടിയിലെ അനുഭവങ്ങൾ കുത്തിക്കുറിക്കുമ്പോൾ അതിന്റെ കൂടെ ചേർക്കാനായി ഞാനതു മാറ്റി വച്ചു. വൃത്തികേട് കാട്ടിയതുകൊണ്ടാണോ എന്തോ എന്റെ മൊബൈലും എന്നെയും നാറുന്നതായി എനിയ്ക്കു തോന്നി. വേഗം ഞാൻ ഡൽഹിയിൽ നിന്നു കയ്യിൽ കരുതിയ  വെള്ളമെടുത്ത് കയ്യും മുഖവും കഴുകി.
മനുഷ്യൻ മലിനമാക്കിയ, വണ്ടിയിലെ കക്കൂസ്

കൃത്യസമയത്തു തന്നെ വണ്ടി മംഗലാപുരം വിട്ടു. എന്നാൽ ഇതുവരെ നേരത്തെ ഓടിക്കൊണ്ടിരുന്ന വണ്ടി കേരളത്തിലെത്തിയപ്പോൾ വൈകാൻ തുടങ്ങി. 45മിനിറ്റ് വൈകിയാണ് വണ്ടി കാസർകോട്ടെത്തിയത്. ഒരു ട്രാക്ക് മാത്രമുള്ള കൊങ്കൺ റയിൽവേയിൽ നേരത്തേ ഓടുകയും രണ്ടു ട്രാക്കുള്ള കേരളത്തിൽ വൈകിയോടുകയും ചെയ്യുന്ന റയിൽവേയുടെ ഗുട്ടൻസ് എനിയ്ക്ക് പിടി കിട്ടിയില്ല. പക്ഷേ, എനിയ്ക്ക് പിടി കിട്ടാനല്ലല്ലോ നാട്ടിൽ വണ്ടി ഓടുന്നത്.

രാത്രി എട്ടരയോടെ വണ്ടി കണ്ണൂരിലെത്തിയപ്പോൾ പെട്ടികളും തൂക്കി ഞാൻ ഇറങ്ങുകയും മൂന്നാഴ്ച കഴിഞ്ഞാലുള്ള മടക്കയാത്ര ഓർത്തുകൊണ്ട് ഭാര്യവീട്ടിലേക്ക് വച്ചു പിടിക്കുകയും ചെയ്തു. അപ്പോൾ മറ്റൊരു തീവണ്ടിയാത്രക്ക് തിരശ്ശീല വീഴുകയായിരുന്നു............