2008, സെപ്റ്റംബർ 17, ബുധനാഴ്‌ച

റംസാന്‍ ചിക്കന്‍ പീരാസ്‌

ഞാന്‍ ഓണത്തോടനുബന്ധിച്ച്‌ തയ്യാറാക്കിയ ഒരു പാചകക്കുറിപ്പിന്‌ വന്‍ പിച്ച സ്വീകരണമാണ്‌ ബൂലോകത്തുനിന്നുണ്ടായത്‌. ഗൂഗിള്‍ബോട്ടിനപ്രാപ്യമായ പ്രസ്തുത പോസ്റ്റിന്‌ "ശതാംശക്കണക്കില്‍" പറഞ്ഞാല്‍ നൂറുകണക്കിന്‌ പ്രതികരണങ്ങളാണ്‌ പിറന്നത്‌.

പക്ഷേ പിന്നീടാണ്‌ ഞാനക്കാര്യം അറിഞ്ഞത്‌. എന്താണെന്നോ? ഈ പാചകവിധി ബൂലോകസൃഷ്ടിക്കു വളരെ മുമ്പു തന്നെ നമ്മുടെ ഗീതടീച്ചര്‍ പരീക്ഷിച്ചതായിരുന്നുവെന്ന്‌. എന്തായാലും ഞാന്‍ അവരുടെ പാചകവിധി മോഷ്ടിച്ചു എന്ന് ഇതുവരെ ബൂലോകത്തില്‍ ആരും ആരോപണമുന്നയിക്കാത്തത്‌ എന്റെ ദൈവാധീനം എന്നു പറഞ്ഞാല്‍ മതിയല്ലോ. ഇക്കാര്യത്തില്‍ ടീച്ചറോടുള്ള എന്റെ കടപ്പാട്‌ പ്രകടമാക്കിക്കൊണ്ട്‌ ഞാന്‍ എന്റെ റംസാന്‍ പാചകത്തിലേക്ക്‌ കടക്കട്ടെ.

എന്റെ ഓണം പാചകം കാണാനിടയായ പലരും SMS വഴിയും e-mail വഴിയും അതുപോലൊരു പാചകവിധി റംസാന്‍ പ്രമാണിച്ചും അവതരിപ്പിക്കണമെന്നാവശ്യപ്പെട്ടിരുന്നു. റംസാന്‍ ആയതുകൊണ്ട്‌ അതൊരു non-vegetarian ഐറ്റം ആയിരിക്കണമെന്നും അവര്‍ നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ പരിപൂര്‍ണ്ണ സസ്യാഹാരിയാണെങ്കിലും സസ്യേതരവും ഈ കൈകളില്‍ ഭദ്രമാണെന്ന് എല്ലാവര്‍ക്കും മനസ്സിലാകത്തക്കവിധത്തില്‍ ബൂലോകര്‍ക്കായി ഞാനൊരു മാംസാഹാരം പാകം ചെയ്യുന്ന വിധം ഇവിടെ അവതരിപ്പിക്കുകയാണ്‌.

ഭക്ഷണത്തിന്റെ പേര്‌ .......... റംസാന്‍ ചിക്കന്‍ പീരാസ്‌..........

തെക്കെ മലബാറിലെ പരമ്പരാഗത ഗ്രാമീണ ശൈലിയില്‍ പാകം ചെയ്ത ഈ വിഭവം ഗൃഹാതുരത്വത്തിന്റെ സ്മരണകളുണര്‍ത്താനും മുഴുവന്‍ കേരളീയരേയും സംതൃപ്തരാക്കാനും സഹധര്‍മ്മിണിമാരെ പാചകം ചെയ്തു തോല്‍പ്പിക്കാനും പോന്നതണെന്നാണ്‌ ഇത്‌ രുചിച്ചുനോക്കിയ ആള്‍രൂപിയുടെ അഭിപ്രായം. എന്താ നിങ്ങളും ഒന്നു രുചിച്ചു നോക്കുന്നോ?

വേണ്ട സാധനങ്ങള്‍:
--------------------
1. ഹലാല്‍ ചിക്കന്‍ -1 എണ്ണം.
കോഴിവസന്ത വന്നു ചത്തതോ പാമ്പു കടിച്ചതോ പരുന്ത്‌ അമുക്കിക്കൊന്നതോ ആയ കോഴി ഈ പാചകത്തിനു യോജിച്ചതല്ല. അതുകൊണ്ട്‌ ജീവനുള്ള കോഴിയെത്തന്നെ വാങ്ങുക. അതിനെ പിന്നീട്‌ കൊല്ലാം. (അതത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല, മനുഷ്യനെ കൊല്ലാന്‍ വരെ ഇപ്പോള്‍ വലിയ ബുദ്ധിമുട്ടില്ല, പിന്ന്യാ ഒരു കോഴി?) ഒന്ന്-ഒന്നര മാസം പ്രായമുള്ള നാടന്‍ പൂവന്‍ കോഴിയായാല്‍ മാത്രമേ ഉദ്ദേശിച്ച ഫലം കിട്ടൂ. പാചകത്തിനു തലേ ദിവസം കോഴിയെ വാങ്ങി ഒരു ദിവസം ഭക്ഷണം കൊടുക്കാതെ സൂക്ഷിക്കുന്നത്‌ കോഴിയുടെ ആന്തരികാവയവങ്ങള്‍ ശുദ്ധമായിരിക്കാന്‍ നല്ലതാണ്‌. (കോഴിയും എടുക്കട്ടെ, റംസാന്‍ പ്രമാണിച്ച്‌ ഒരു ദിവസത്തെ നൊയമ്പ്‌.)

2. സവാള - മൂന്നെണ്ണം, ചെറുതാക്കി നീളത്തില്‍ മുറിച്ചത്‌.
3. ഉരുളക്കിഴങ്ങ്‌ - സാമാന്യം വലുത്‌ രണ്ടെണ്ണം, കഷണങ്ങളാക്കിയത്‌. (രണ്ട്‌ കഷണമല്ല)
4. നല്ല പച്ച നാളികേരം - രണ്ടെണ്ണം. (കൊട്ടത്തേങ്ങ പാടില്ലെന്നര്‍ത്ഥം)
5. മല്ലി, മുളക്‌(പൊടി), ഗരം മസാല, ഇഞ്ചി, ഉപ്പ്‌, വെളുത്തുള്ളി, മഞ്ഞള്‍ (അതും പൊടി തന്നെ), കടുക്‌, കറിവേപ്പില ചെറിയ ഉള്ളി, പോസ്റ്റ്‌മാന്‍ എണ്ണ എന്നിവ ആവശ്യത്തിന്‌.

പാകം ചെയ്യുന്ന വിധം:
----------------------
പാചകം തുടങ്ങുന്നതിനു മുമ്പായി കോഴിയെ നന്നായി കഴുകുക. (നന്നായി കുളിപ്പിക്കുക എന്നു വേണമെങ്കില്‍ പറയാം. കൊല്ലാന്‍ വരട്ടെ, അതിനിനിയും സമയമുണ്ട്‌.) കഴുകിക്കഴിയുമ്പോള്‍ നല്ലൊരു തോര്‍ത്തുകൊണ്ട്‌ അതിനെ നന്നായി തുടയ്ക്കുക. പിന്നീട്‌ അതിനെ കാര്‍ഷെഡ്ഡിലോ സ്കൂട്ടര്‍ സ്റ്റാന്റിലോ ഒരു കയര്‍ കൊണ്ട്‌ കെട്ടിയിടുക. (അത്‌ വീട്ടിനകത്തുകയറി സ്വീകരണമുറിയിലും മറ്റും തൂറി വയ്ക്കുന്നത്‌ ഒഴിവാക്കാനാണ്‌ ഇങ്ങനെ കെട്ടിയിടുന്നത്‌. സങ്കോചിക്കേണ്ട, വലുതായിട്ടൊന്നും ഉണ്ടാവില്ല, ഒരു ദിവസം പട്ടിണി കിടന്നതല്ലേ?)

നാളികേരം ചിരകുക. (തിരുവനന്തപുരത്താണെങ്കില്‍ തിരുകുകയോ മറ്റോ ആണ്‌ ചെയ്യുക.). എന്നിട്ട്‌ ഒന്നാം പാല്‍ എടുക്കുക. ഒന്നാം പാല്‍ എടുത്ത നാളികേരം ഒരു പാത്രത്തിലാക്കി സൂക്ഷിച്ചു വയ്ക്കുക. രണ്ടാം പാല്‍ ഇപ്പോള്‍ എടുക്കരുത്‌.

ഒരു ചീനച്ചട്ടി അടുപ്പത്തു വച്ച്‌ സ്റ്റൗ കത്തിയ്ക്കുക. ചട്ടി ചൂടാകുമ്പോള്‍ എണ്ണ ഒഴിയ്ക്കുക. എണ്ണ ചൂടാകുമ്പോള്‍ മല്ലി, ഗരം മസാല, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചട്ടിയിലിട്ട്‌ നല്ലപോലെ ഇളക്കി വറുത്തെടുക്കുക. എന്നിട്ട്‌ ഒരു mixiയിലിട്ട്‌ വെള്ളമൊഴിച്ച്‌ നല്ലപോലെ അരച്ച്‌ കുഴമ്പു രൂപത്തിലാക്കി എടുക്കുക. അതവിടെ ഇരിക്കട്ടെ.

വീണ്ടും ചീനച്ചട്ടിയെടുക്കുക. എണ്ണ ഒഴിച്ച്‌ നല്ലപോലെ ചൂടാക്കുക. അതിലേയ്ക്ക്‌ ഉ.കിഴങ്ങ്‌, സവാള, ഇഞ്ചി (ചെറുതാക്കി മുറിച്ചത്‌), എന്നിവ ഇടുക. ആവശ്യത്തിന്‌ വെള്ളം ഒഴിക്കുക. ആവശ്യത്തിന്‌ ഉപ്പിടുക. നല്ലപോലെ തീ കത്തിക്കുക. കിഴങ്ങും സവാളയും നല്ലപോലെ വേവട്ടെ. അവ വെന്തു കഴിയുമ്പോള്‍ നേരത്തെ അരച്ചു വച്ചത്‌ ചേര്‍ത്തിളക്കുക. വീണ്ടും കുറച്ചു നേരം കൂടി അത്‌ വേവട്ടെ. ഇപ്പോള്‍ നേരത്തെ കരുതിവച്ച ഒന്നാം പാല്‍ ഒഴിയ്ക്കുക. നല്ല പോലെ വെന്തു കുറുകിയതിനു ശേഷം അത്‌ താഴെ ഇറക്കി വച്ച്‌ കടുക്‌, വെളുത്തുള്ളി, കറിവേപ്പില, ചെറിയ ഉള്ളി മുറിച്ചത്‌ എന്നിവ അതിലേയ്ക്ക്‌ എണ്ണയില്‍ വറുത്തിടുക.

എന്നിട്ട്‌ രണ്ടാം പാല്‍ എടുക്കാതെ സൂക്ഷിച്ചു വച്ച നാളികേരം കയറില്‍ കെട്ടിയിട്ട കോഴിക്കിട്ടുകൊടുക്കുക. റംസാന്‍ പ്രമാണിച്ച്‌ ചിക്കന്‍ പീര തിന്നട്ടെ.

വറുത്തിട്ട കൂട്ടാന്‍ മോന്തിയ്ക്ക്‌ നോമ്പ്‌ മുറിയ്ക്കുമ്പോള്‍ പത്തിരി ചേര്‍ത്തു ബയിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല: