2008, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

കണ്ണു കാണിക്കല്‍

ഞാന്‍ ഈയിടെ ഹരിദ്വാര്‍, ഹൃഷികേശ്‌ എന്നിവിടങ്ങളിലൊക്കെ ഒന്നു കറങ്ങി...
ഒറ്റയ്ക്കല്ല... കുടുംബസമേതം തന്നെ. ....
എന്നു വച്ച്‌ പേടിയ്ക്കേണ്ട കെട്ടോ. ഇതതിന്റെ യാത്രാവിവരണം ഒന്നുമല്ല...
അതൊന്നും എന്റെ കീബോര്‍ഡിന്റെയോ മൗസിന്റെയോ ജോലിയല്ല.
മാത്രമല്ല, കയ്യിലൊരു നല്ല ഡിജിറ്റല്‍ കാമറയില്ലാതെ എന്തു യാത്രാ വിവരണം?
(ഒരു വരി, രണ്ടു ചിത്രം എന്നതല്ലേ പ്രമാണം...) അതുകൊണ്ട്‌ അതങ്ങു വിട്ടു....

ഇത്‌ യാത്രയില്‍ പറ്റിയ ഒരബദ്ധത്തിന്റെ വെളിപ്പെടുത്തലും തുടര്‍സംഭവങ്ങളും മാത്രം....

ഞാന്‍ ഹൃഷികേശില്‍ ഗംഗാനദിക്കരയില്‍ നില്‍ക്കുകയാണ്‌. കൂടെ ഭാര്യയുണ്ട്‌, മകനുണ്ട്‌.........
ഇവിടം വരെ വന്നതല്ലേ. ജീവിതത്തിലെ ഇതുവരെയുള്ള പാപക്കറകളൊക്കെ കഴുകിക്കളയാനുള്ള സുവര്‍ണ്ണാവസരം ഇതാ മുന്നില്‍....
ഗംഗയില്‍ മുങ്ങി പാപത്തെ മുക്കുവാന്‍ എന്റെ മനസ്സ്‌ വെമ്പി.

ഞാന്‍ ഷര്‍ട്ടൂരി....കരയില്‍ വച്ചു. വാച്ച്‌, ബനിയന്‍, മുണ്ട്‌... എല്ലാം ഓരോന്നായി ഊരി അവിടെ വച്ചു. കാവലിനു മകനുണ്ടല്ലൊ.
തോര്‍ത്തെടുത്തു ചുറ്റി.... പുറകെ സഹധര്‍മ്മിണി.

അലൗകികമായ ഒരു സുഖം എനിയ്ക്കു തോന്നി. ഞങ്ങള്‍ കുറച്ചുനേരം വെള്ളത്തില്‍ വെറുതെ നിന്നു.

സൂര്യന്‍ കത്തിജ്വലിക്കുന്നുണ്ടായിരുന്നു. എന്നാലും ഗംഗാജലത്തിന്റെ തണുപ്പ്‌ പറയത്തക്കതു തന്നെയായിരുന്നു. ഗംഗയെ ശിവമൗലിയില്‍ നിന്നും ഇങ്ങു താഴെ ഭാരതത്തിലെ ഈ പവിത്രഭൂമിയിലെത്തിച്ച ഭഗീരഥന്‌ ഞങ്ങള്‍ മനസാ നന്ദി പറഞ്ഞു...

ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കേ ഞാന്‍ പുഴയില്‍ മുങ്ങി.
ഞാന്‍ മുങ്ങിയതും ഭാര്യ എന്നെ പിടിച്ചു വലിച്ചതും ഒരുമിച്ചായിരുന്നു. എന്നാലും ഞാന്‍ വെള്ളത്തില്‍ പൂര്‍ണ്ണമായും മുങ്ങിയ ശേഷമാണ്‌ നിവര്‍ന്നത്‌.
അപ്പോഴാണ്‌ അവള്‍ കണ്ണട, കണ്ണട എന്നു പറയുന്നത്‌ ഞാന്‍ ശ്രദ്ധിച്ചത്‌........
എനിക്കെല്ലാം മനസ്സിലായി........ എന്റെ മുഖത്ത്‌ കണ്ണടയുണ്ടായിരുന്നു. അത്‌ ഊരി വയ്ക്കാന്‍ ഞാന്‍ മറക്കുകയും..............
മുങ്ങിയ സ്ഥലത്ത്‌ കുറച്ച്‌ തിരഞ്ഞെങ്കിലും കണ്ണട കിട്ടിയില്ല. ഗംഗാമാതാവ്‌ എന്റെ പാപത്തോടൊപ്പം അതും ഏറ്റുവാങ്ങിക്കഴിഞ്ഞിരുന്നു.........

പിന്നീട്‌ നാട്ടിലെത്തുവോളം വായന വായനോട്ടത്തിനു വഴി മാറിക്കൊടുത്തു എന്നു പറഞ്ഞാല്‍ മതിയല്ലൊ.
നാട്ടിലെത്തി അധികം വൈകാതെ ഞങ്ങള്‍ കണ്ണാശുപത്രിയില്‍ പോയി.........
ഡോക്റ്ററെ കണ്ണു കാണിക്കണം......അതില്‍ക്കവിഞ്ഞ ഒരു ലക്ഷ്യവും എനിക്കില്ലായിരുന്നു.
ടോക്കണ്‍ എടുത്ത പാടേ ഒരു സിസ്റ്റര്‍ എന്റെ കണ്ണൊക്കെ ഒന്നു ടോര്‍ച്ചടിച്ചു പരിശോധിച്ചു.
50 കഴിഞ്ഞവരെ വിശദമായി നോക്കണമത്രെ. അവര്‍ കണ്ണിലെന്തോ ഒഴിച്ചു. എന്നിട്ട്‌ ഇരിക്കാന്‍ പറഞ്ഞു. പിന്നീട്‌ അവര്‍ വിളിച്ചപ്പോള്‍ ഞാന്‍ ഒരു സിസ്റ്ററെ കണ്ണു കാണിച്ചു. അവര്‍ പല ലെന്‍സുകള്‍ വച്ച്‌ വച്ച്‌ എന്റെ കാഴ്ചയൊക്കെ നോക്കി. അവിടെ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.ഓരോ തവണ ലെന്‍സ്‌ മാറ്റുമ്പോഴും അവരെന്നെക്കൊണ്ട്‌ വായിപ്പിയ്ക്കും. ഞാന്‍ അനുസരണയുള്ള സ്ക്കൂള്‍ കുട്ടിയെപ്പോലെ അതു വായിക്കും.
...ക...ച....ട....ത....പ.....ങ...
ഞ....ണ....ന....മ...
1....2....3....6....9...
പിന്നീട്‌ ഞാന്‍ ഡോക്റ്ററെ കണ്ണു കാണിച്ചു. അവിടെയും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. ഡോക്റ്റര്‍ വിളിച്ചപ്പോള്‍ ഞാന്‍ അവരുടെ അടുത്തു പോയിരുന്നു. പേരു പോലെ അവരുടെ മുഖവും സുന്ദരമാണ്‌. പോരാത്തതിനു ചെറുപ്പവും.
ഫയലിലും സിസ്റ്റര്‍ എഴുതിയ കണ്ണടക്കുറിപ്പിലും അവര്‍ നോക്കുന്നതിനിടയില്‍ ഞാനവരെ വിശദമായൊന്നു നോക്കുകയും ചെയ്തു.
"കുക്കാണല്ലേ?" ഫയലില്‍ നിന്നു കണ്ണെടുക്കാതെ ഡോക്റ്റര്‍ എന്നോട്‌ ചോദിച്ചു.
ഞാന്‍ അത്ഭുതപ്പെട്ടു പോയി..
ഇതെങ്ങനെ അവര്‍ കണ്ടുപിടിച്ചു....
"അതെ.." ഞാന്‍ പറഞ്ഞു.. "ആട്ടെ, ഡോക്റ്റര്‍ക്കിതെങ്ങനെ മനസ്സിലായി?" ഞാന്‍ ആരാഞ്ഞു...

"ആള്‍രൂപന്‍, ഫയലില്‍ ആള്‍രൂപനെന്ന പേരു കണ്ടപ്പോഴേ ഞാന്‍ താങ്കളെ ശ്രദ്ധിച്ചു...ഞാന്‍ താങ്കളുടെ പാചകക്കുറിപ്പ്‌ ബ്ലോഗില്‍ വായിച്ചിരുന്നു... അത്‌ വായിച്ചാല്‍ താങ്കളൊരു കുക്കാണെന്നു മനസ്സിലാക്കാന്‍ അത്ര ബുദ്ധിമുട്ടൊന്നും വരില്ല..." അവര്‍ പറഞ്ഞു...

എന്റെ ആശ്ചര്യത്തിന്‌ അതിരില്ലായിരുന്നു.
"അപ്പോള്‍ മേഡം ഏത്‌ പാചകക്കുറിപ്പാണ്‌ വായിച്ചത്‌?" എന്റെ കൗതുകം അണ പൊട്ടി...
"അതോ, റംസാന്‍ പ്രമാണിച്ച്‌ താങ്കള്‍ ഒരു കുറിപ്പെഴുതിയിരുന്നില്ലേ?, അതു തന്നെ" അവര്‍ പറഞ്ഞു...
"ഞാന്‍ ഓണത്തിനും ഒരു പാചകവിധി എഴുതിയിരുന്നു...ഡോക്റ്റര്‍ അതു വായിച്ചുവോ?" ഞാന്‍
ചോദിച്ചു
'ഇല്ല, ഓണത്തിന്‌ മാവേലി വരാത്തതു കാരണം ഞാനതു വായിച്ചില്ല" അവര്‍ വിശദമാക്കി.

"അപ്പോള്‍ മേഡം ബ്ലോഗൊക്കെ വായിക്കാറുണ്ടല്ലേ?" ഞാന്‍ പതുക്കെ ചോദിച്ചു.
"പിന്നെന്താ, വായിക്കുക മാത്രമല്ലാ, എഴുതുകയും ചെയ്യാറുണ്ട്‌.." അവര്‍ പറഞ്ഞു...

എന്റെ ഉന്മേഷത്തിനതിരില്ലായിരുന്നു.. ആദ്യമായാണ്‌ ഒരു ബ്ലോഗറെ നേരിട്ടു കാണുന്നത്‌...

"അപ്പോള്‍ ഡോക്റ്ററുടെ ബ്ലോഗിലെ പേരും പോസ്റ്റിന്റെ പേരും ഒന്നു പറയുമോ?, ഞാന്‍ ഒരു പക്ഷേ വായിച്ചിരിക്കും..." ഞാന്‍ അവരുടെ മുഖത്തേയ്ക്ക്‌ ഉറ്റുനോക്കി.

പക്ഷെ അപ്പോഴേയ്ക്കും അവറെ ഒരു നേഴ്‌സ്‌ എങ്ങോട്ടോ വിളിച്ചു കൊണ്ടു പോയി. പിന്നീട്‌ ഒരു വയസ്സിയാണ്‌ എന്റെ കണ്ണു നോക്കിയത്‌. അവരെയും ഞാന്‍ കണ്ണു കാണിച്ചു. അവര്‍ എനിക്ക്‌ കണ്ണടയ്ക്ക്‌ കുറിച്ചു തരികയും ചെയ്തു.

ഭാര്യക്കും കണ്ണട മാറ്റാനുണ്ടായിരുന്നു. അവളും കണ്ണു കാണിക്കുകയും കണ്ണടയ്ക്ക്‌ എഴുതി വാങ്ങുകയും ചെയ്തു.

ഞങ്ങള്‍ അവിടെയുള്ളപ്പോള്‍ ഇതു പോലെ പലരും നേഴ്‌സിനേയും ഡോക്റ്ററേയും കണ്ണു കാണിക്കുകയും കണ്ണടയ്ക്ക്‌ എഴുതിവാങ്ങുകയും ചെയ്യുന്നത്‌ ഞാന്‍ കണ്ടു.

കാര്യങ്ങളെല്ലാം ഭംഗിയായി നടന്നെങ്കിലും വീട്ടിലെത്തുമ്പോഴേയ്ക്കും ഞാന്‍ ആകെ ചിന്താക്കുഴപ്പത്തിലായിരുന്നു....

എന്താണെന്നോ കാര്യം? ആ ഡോക്റ്ററും നേഴ്‌സുമെല്ലാം എല്ലാരോടും എത്ര സൗമ്യമായിട്ടാണെന്നോ പെരുമാറുന്നത്‌?

ഇതോര്‍ത്തപ്പോള്‍ ഞാന്‍ പണ്ടുണ്ടായ ഒരു സംഭവം ഓര്‍ത്തുപോയി, അതാണ്‌ ചിന്താക്കുഴപ്പത്തിനു കാരണം......
പണ്ടൊരിക്കല്‍ ഞാന്‍ ഒരു പെണ്‍കുട്ടിയെ കണ്ണുകാണിച്ചപ്പോള്‍ നാട്ടുകാര്‍ കൂട്ടത്തോടെ അടിയ്ക്കാനോങ്ങിയ സംഭവം............ അന്ന് ദൈവാധീനം കൊണ്ടാണ്‌ അടി വീഴാതെ ഞാന്‍ രക്ഷപ്പെട്ടത്‌....

കാര്യം പറയണമല്ലൊ... കാലം മാറുകയാണ്‌. ഇന്നിപ്പൊ കണ്ണു കാണിക്കല്‍ ഒരു സംഭവമേയല്ല...അല്ലേ?....

5 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

കണ്ണിന്‍റെ പ്രായമാണു് കണ്ണു കാണിപ്പിന്‍റെ മതിപ്പ്.
കാണിക്കുന്ന കണ്ണില്‍ കാലം നിഴലിക്കുമായിരിക്കാം.
എഴുത്തിഷ്ടമായി.കണ്ണു കാണിപ്പിലെ ശാസ്ത്രവും.:)

നിരക്ഷരൻ പറഞ്ഞു...

"ആള്‍രൂപന്‍, ഫയലില്‍ ആള്‍രൂപനെന്ന പേരു കണ്ടപ്പോഴേ ഞാന്‍ താങ്കളെ ശ്രദ്ധിച്ചു..."

ആള്‍‌പനെന്നുള്ളത് താങ്കളുടെ ശരിക്കുള്ള പേരാണോ ? ഞാന്‍ കരുതിയത് ഇത് ഒരു ബ്ലോഗിങ്ങ് പേര് മാത്രമാണെന്നാണ്.

എന്തായാലും ആ ഡോക്ടറുടെ ബ്ലോഗ് ഏതാണെന്ന് അറിയാന്‍ പറ്റാഞ്ഞത് കഷ്ടായിപ്പോയി.

കണ്ണൂകാണിക്കലും കമന്റടിക്കലും ഇന്നത്തെ കാലത്ത് ഒരു വലിയ സംഭവമല്ല മാഷേ .... :)

നിരക്ഷരൻ പറഞ്ഞു...

ഈ എംബെഡഡ് കമന്റ് പാത്രത്തിന് ഒരു കുഴപ്പമുണ്ട് കേട്ടോ ? കമന്റ് ഫോളോ അപ്പ് ചെയ്യാന്‍ പറ്റില്ല. ഞാന്‍ അതുകൊണ്ട് എന്റെ കമന്റ് പാത്രം പഴയതുപോലാക്കി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

"അപ്പോഴാണ്‌ അവള്‍ കണ്ണട, കണ്ണട എന്നു പറയുന്നത്‌ ഞാന്‍ ശ്രദ്ധിച്ചത്‌........"
വെള്ളത്തില്‍ മുങ്ങുമ്പോള്‍ കണ്ണടച്ചു പിടിക്കാന്‍ പറഞ്ഞതായിരിക്കും എന്നാ ഞാന്‍ വിചാരിച്ചത്‌. അപ്പൊ കണ്ണട പോയിക്കിട്ടി

ശ്രീ ഇടശ്ശേരി. പറഞ്ഞു...

ഗംഗയില്‍ മുങ്ങാന്‍ ഇറങ്ങുബോള്‍ മനപ്പൂര്‍വ്വം കണ്ണട ഊരാതിരുന്നതല്ലേ?? അതു നന്നയറിയുന്ന ഭാര്യ് ഓര്‍മ്മിപ്പിച്ചു, പക്ഷേ ,എല്ലാം അറിയുന്ന ഗംഗാ ദേവി ,ഭക്തന്റെ ഉള്ളറിഞ്ഞ് ഊരി മാറ്റി..
:)