2008, സെപ്റ്റംബർ 28, ഞായറാഴ്‌ച

ഒരു ഭ്രൂണഹത്യയുടെ ചുരുളഴിയുന്നു....

ഓണത്തോടനുബന്ധിച്ചാണ്‌ ഈ ഭ്രൂണഹത്യയുടെ തുടക്കം.
സാധനങ്ങളുടെ വിലക്കയറ്റം ഇങ്ങനെയൊരു പാതകത്തിന്‌ കാരണമാകുമെന്ന് അന്നു ഞാന്‍ കരുതിയതല്ല.
അതെന്തായാലും അതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്തം എനിയ്ക്കു തന്നെയാണ്‌.
സംഗതികള്‍ ഇങ്ങനെയൊക്കെയാണ്‌....
പച്ചക്കറികള്‍ക്കും സാധനങ്ങള്‍ക്കും തീ പിടിച്ച വില. പലതിന്റേയും വില രണ്ടും മൂന്നും ഒക്കെ ഇരട്ടിയായിക്കഴിഞ്ഞിരുന്നു. കോഴിമുട്ടയുടെ വലിപ്പമുള്ള ഒരു നാളികേരത്തിനു കൊടുക്കണമായിരുന്നൂ പത്തും പന്ത്രണ്ടും ഉറുപ്പിക. എന്നാലോ അതിനകത്ത്‌ ഒരു മൂന്നു ദോശ തിന്നാനുള്ള സമ്മന്തിയ്ക്ക്‌ വേണ്ട തേങ്ങ കിട്ടുമായിരുന്നില്ല. അത്രയ്ക്കു ചെറുതായിരുന്നൂ ഒരോ നാളികേരവും.
12 രൂപ കൊടുത്ത്‌ ഇത്രയും ചെറിയ നാളികേരം വാങ്ങാനുള്ള എന്റെ വിമുഖതയാണ്‌ സത്യത്തില്‍ പ്രശ്നങ്ങളുടെ തുടക്കം.
എന്റെ അയല്‍വാസി എന്നെപ്പോലെയൊന്നുമല്ല. അദ്ദേഹത്തിന്‌ ധാരാളം തെങ്ങിന്‍തോപ്പുകളും റബ്ബര്‍ എസ്റ്റേറ്റുകളും മറ്റുമുണ്ട്‌. ധാരാളം നാളികേരം കിട്ടും. മൊത്തക്കച്ചവടക്കാരനു വിറ്റുകഴിഞ്ഞാലും വെളിച്ചെണ്ണയ്ക്കു വേണ്ടി മാറ്റി വച്ചാലും അടുക്കളയില്‍ കറിയ്ക്കരയ്ക്കാന്‍ നീക്കിവച്ചാലും അദ്ദേഹത്തിന്‌ പിന്നേയും നാളികേരം മിച്ചം വരും. അതവിടെ അവരുടെ വീട്ടുമുറ്റത്ത്‌ വെയിലും മഴയും കൊണ്ടങ്ങനെ കിടക്കും.
അതു നോക്കി എപ്പോഴും എന്റെ ഭാര്യ പറയും... എത്ര നാളികേരമാ വേണ്ടാതെ കിടക്കുന്നത്‌ എന്ന്...
ആ നാളികേരങ്ങളാണ്‌ എന്നിലെ ചിന്തയെ മാറ്റിമറിച്ചത്‌ എന്നു പറഞ്ഞാല്‍ മതിയല്ലോ.
ഞാനിങ്ങനെ ചിന്തിച്ചു. നാളികേരത്തിനു പൊള്ളുന്ന വില കൊടുക്കേണ്ടി വരുമ്പോള്‍ എത്രയെണ്ണമാണ്‌ വെറുതെ കിടക്കുന്നത്‌. അയല്‍വാസിയോട്‌ കുറച്ചെണ്ണം ചോദിച്ചാലോ. എന്തായാലും കുറച്ച്‌ പൈസ ലാഭിയ്ക്കാം.
അങ്ങനെ ഞാന്‍ അയാളോട്‌ ചോദിക്കുക തന്നെ ചെയ്തു. അയാള്‍ ഉടനെ പെറുക്കിയെടുത്തോളാന്‍ പറയുകയും ചെയ്തു.

ഞാന്‍ പിറ്റേ ദിവസം രാവിലെ നാളികേരം എടുക്കാന്‍ ചാക്കുമായി അയല്‍വാസിയുടെ മുറ്റത്തെത്തുമ്പോള്‍ അയാള്‍ ഓഫീസിലേയ്ക്ക്‌ പോയിക്കഴിഞ്ഞിരുന്നു. കുട്ടികള്‍ സ്കൂളിലും. സുന്ദരിയും ചെറുപ്പക്കാരിയും ആയ അയാളുടെ ഭാര്യ മാത്രമേ അവിടുണ്ടായിരുന്നുള്ളൂ എന്നു ചുരുക്കം. അവളോട്‌ കാര്യങ്ങള്‍ പറഞ്ഞ്‌ പതിനാല്‌ നാളികേരവും ചാക്കിലാക്കി പോരുമ്പോള്‍ ആശ്ചര്യമെന്നു പറയട്ടെ, ഒരു കൊഡാക്ക്‌ കാമറയുമെടുത്ത്‌ അവളും എന്റെ പുറകെ എന്റെ വീട്ടിലേയ്ക്ക്‌ പോന്നു.

മുറ്റത്തെത്തിയപ്പോള്‍ ഞാന്‍ മുഖമുയര്‍ത്തി അവളെ അര്‍ത്ഥഗര്‍ഭമായി ഒന്നു നോക്കി. അതിനു മറുപടിയെന്നോണം 'അപൂര്‍വ്വമായ കുറച്ചു ചിത്രങ്ങള്‍ എടുക്കാനുണ്ടെന്നു' മാത്രം അവള്‍ പറഞ്ഞു. ഞാന്‍ ചാക്ക്‌ മുറ്റത്ത്‌ കൊട്ടി നാളികേരം ഒന്നൊന്നായി പൊളിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ എന്തിന്റെയൊക്കെയോ ഫോട്ടോ എടുത്തുകൊണ്ടിരുന്നു. (നാളികേരം പൊളിക്കുന്നതിലാണല്ലോ എന്റെ ശ്രദ്ധ!) വീട്ടിലാണെങ്കില്‍ എന്റെ ഭാര്യ ഉണ്ടായിരുന്നതുമില്ല. അവള്‍ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തു പോയതായിരുന്നു. (ഇനി ഉച്ചയാവാതെ അവളെത്തില്ല.. അത്രയ്ക്കാണ്‌ ചന്തയിലെ തിരക്ക്‌.) അതുകൊണ്ട്‌ ഞാന്‍ അയല്‍ക്കാരിയോട്‌ സംസാരിക്കാനൊന്നും പോയില്ല. ഞാന്‍ നാളികേരം പൊളിച്ചുകൊണ്ടിരുന്നു. അവള്‍ ഫോട്ടോ എടുത്തുകൊണ്ടും. ഓരോ നാളികേരം പൊളിച്ചു തീരുമ്പോഴും ഞാനവളെ ഒന്നു നോക്കും. അവള്‍ എന്നെയും. ഓരോ നാളികേരവും എന്റെ ഹൃദയമിടിപ്പ്‌ വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. എന്റെ മുഖത്തെ ഭാവവ്യത്യാസങ്ങള്‍ അവള്‍ക്ക്‌ മനസ്സിലാകുന്നുണ്ടായിരുന്നൂ എന്നു തോന്നുന്നു. അതിനനുസരിച്ച്‌ അവളുടെ മുഖത്തും ഭാവങ്ങള്‍ മാറിക്കൊണ്ടിരുന്നു.

14 നാളികേരവും പൊളിച്ചു തീര്‍ന്നപ്പോള്‍ ഞാനതെല്ലാം പെറുക്കിയെടുത്ത്‌ വീട്ടിനകത്തേയ്ക്ക്‌ കയറി.ഭാര്യ വീട്ടിലുണ്ടെന്ന പ്രതീക്ഷ കൊണ്ടാണോ അതോ ഞാന്‍ അത്തരക്കാരനൊന്നുമല്ലെന്ന വിശ്വാസം കൊണ്ടാണോ എന്നറിയില്ല, അവളും ഒപ്പം കയറി, ഞാനൊന്നും പറഞ്ഞതുമില്ല. വീട്ടിനകത്തു കയറിയ പാടേ ഞാന്‍ കതകടച്ചു. മറ്റൊന്നും കൊണ്ടല്ല കെട്ടോ, അലഞ്ഞു നടക്കുന്ന പട്ടിയും പൂച്ചയും അകത്തു കയറരുതെന്നേ എനിയ്ക്കുണ്ടായിരുന്നുള്ളൂ. ഞാനാണെങ്കില്‍ അപ്പോഴേയ്ക്കും ആകെ വിയര്‍ത്തിരുന്നു, അതുകൊണ്ട്‌ ഞാന്‍ ഷര്‍ട്ടൂരി ഒരു ഹാങ്ങറിലിട്ടു. ജോലി ഇനിയും കിടക്കുന്നതേയുള്ളു. നാളികേരം എല്ലാം വെട്ടണം. അതിന്റെ വെള്ളം ശേഖരിക്കണം.പിന്നീട്‌ അതുകൊണ്ട്‌ ഓണത്തിന്‌ പുതിയ തരം പാനീയം വല്ലതും ഉണ്ടാക്കണം എന്നൊക്കെയായിരുന്നു എന്റെ മനസ്സില്‍. അകത്തുകയറിയ അയല്‍ക്കാരിയാണെങ്കില്‍, ഭാര്യയെക്കാണഞ്ഞിട്ടോ എന്തോ, നിലാവ്‌ കണ്ട കോഴിയെപ്പൊലെ നില്‍ക്കുകയാണ്‌.

ഞാന്‍ ഒരു വെട്ടുകത്തിയും ഒരു പാത്രവും കൊണ്ടുവന്നു വച്ചു. അതിലിടയ്ക്ക്‌ അവളൊന്ന് തല ചൊറിഞ്ഞു. അപ്പോള്‍ ഞാനറിഞ്ഞു അവളും നല്ലപോലെ വിയര്‍ത്തിരിയ്ക്കുന്നു എന്ന്. അവളുടെ ബ്ലൗസിന്റെ കക്ഷം ആകെ നനഞ്ഞിരുന്നു.
ഞാന്‍ നാളികേരവും വെട്ടുകത്തിയും കയ്യിലെടുത്തു. അവളുടെ കയ്യില്‍ അപ്പോഴും കാമറ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഞാന്‍ നാളികേരം ഓരോന്നായി വെട്ടി.. വെള്ളം പാത്രത്തില്‍ പിടിച്ചു.

ഒന്ന്.. രണ്ട്‌... മൂന്ന്...... ആറ്‌........... പതിനൊന്ന്...... പതിനാല്‌.

അപ്പോഴേയ്ക്കും സംഭവിക്കാനുള്ളത്‌ സംഭവിച്ച്‌ കഴിഞ്ഞിരുന്നു.... എന്നിട്ടോ? ... ഒന്നും സംഭവിക്കാത്ത മട്ടില്‍ അവള്‍ വാതില്‍ തുറന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.

പിന്നീടാണ്‌ എനിയ്ക്കല്‍പ്പം വെളിവുണ്ടായത്‌. ഈശ്വരാ, അത്‌ വെറുമൊരു സ്റ്റില്‍ കാമറയല്ല വീഡിയോ കാമറ കൂടിയാണ്‌. എന്തൊക്കെയാണാവോ ഈ നേരം കൊണ്ട്‌ അതില്‍ പകര്‍ന്നത്‌?

ഞാനാകെ തളര്‍ന്നു പോയി... ഞാന്‍ പതുക്കെ അവിടെ ഇരുന്നു... അല്‌പനേരം കൊണ്ട്‌ അറിയാതെ ഞാന്‍ ഉറങ്ങിപ്പോവുകയും ചെയ്തു. പിന്നീട്‌ ഭാര്യ വന്നു വിളിക്കുമ്പോഴാണ്‌ ഞാന്‍ ഉണരുന്നത്‌....

***************
ഇനി ചെറിയൊരു മുഖവുര.... ഞാന്‍ ഈയിടെ മോഡേണ്‍ ആര്‍ട്ടിനെക്കുറിച്ച്‌ ഒരു ലേഖനം വായിക്കുകയുണ്ടായി. മോഡേണ്‍ ആര്‍ട്ട്‌ എന്താണ്‌ എന്നു പറഞ്ഞു കൊണ്ടാണ്‌ ആ ലേഖനം തുടങ്ങുന്നത്‌. അതുപോലെ കൊലപാതകം എന്താണ്‌, ഭ്രൂണഹത്യ എന്താണ്‌ എന്നൊക്കെ പറഞ്ഞുകൊണ്ട്‌ ഞാന്‍ തുടങ്ങട്ടെ. അപ്പോള്‍ കാര്യങ്ങള്‍ക്ക്‌ ഒരു വ്യക്തതയുണ്ടാകും.

ജീവനുള്ള ഒരു വസ്തുവിനെ അതിന്റെ മൂര്‍ത്തമായ അവസ്ഥയില്‍ ജീവന്‍ നഷ്ടപ്പെടത്തക്കവിധം നശിപ്പിക്കുന്നതിനെയാണ്‌ ഞാന്‍ കൊലപാതകം എന്നു വിവക്ഷിക്കുന്നത്‌. ജീവനുള്ള ഒരു വസ്തു അതിന്റെ വളര്‍ച്ചയിലെ ഏറ്റവും പ്രാഥമികമായ ഘട്ടത്തില്‍, ആദ്യരൂപം പോലും എടുക്കുന്നതിനു മുമ്പ്‌, സൂര്യപ്രകാശം കാണുന്നതിനു മുമ്പ്‌, അതെവിടെയാണോ ജന്മ മെടുത്തത്‌ അവിടെ വച്ചു തന്നെ നശിപ്പിക്കപ്പെടുന്നതാണ്‌ സാമാന്യമായി പറഞ്ഞാല്‍ ഭ്രൂണഹത്യ. (അങ്ങനെയല്ലേ?)

*******************
ഇനി നമുക്കു കഥയിലേയ്ക്ക്‌ കടക്കാം

ഓണം കഴിഞ്ഞു.......... ദിവസങ്ങള്‍ ഓരോന്നായി കൊഴിഞ്ഞുവീണു............. വാരാന്ത്യം മറ്റൊരു വാരത്തിനു വഴിമാറി.......... സ്കൂളുകള്‍ തുറന്നു.....
ഒരു നട്ടുച്ച......... ഞാന്‍ ഊണു കഴിഞ്ഞു മയങ്ങാന്‍ കിടക്കുകയാണ്‌.
കുറച്ചു ദിവസങ്ങളായി രാത്രിയില്‍ ഉറക്കം ശരിയാവാറില്ല... എപ്പോഴാണ്‌, എങ്ങനെയാണ്‌ 'ബോംബ്‌" പൊട്ടുക എന്നറിയില്ലല്ലൊ. ഞാന്‍ കിടന്ന തക്കം നോക്കി ഭാര്യ അയല്‍ക്കാരിയുടെ വീട്ടിലേയ്ക്ക്‌ പോയി.. അവര്‍ക്കും വേണമല്ലോ സമയം പോകാനൊരു മാര്‍ഗ്ഗം. പക്ഷേ അന്നെന്തോ, പതിവിനു വിപരീതമായി അവള്‍ ഉടനെ തിരിച്ചു പോന്നു. അവളുടെ കയ്യില്‍ അയല്‍ക്കാരിയുടെ കാമറയും ഉണ്ടായിരുന്നു. വന്ന പാടെ അവള്‍ കാമറ എന്നെ ഏല്‍പ്പിക്കുകയും ഓണത്തോടനുബന്ധിച്ച്‌ നടന്ന ഭ്രൂണഹത്യയുടെ കാര്യവും അതില്‍ എന്റെ പങ്കും വളരെ ഗദ്ഗദത്തോടേ അവതരിപ്പിക്കുകയും ചെയ്തു. സത്യത്തില്‍ ഞങ്ങള്‍ തമ്മില്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ എഴുതാനാവില്ല. (ഒരു ഭാര്യയും ഭര്‍ത്താവും തമ്മില്‍ എന്തൊക്കെ പറയും!) എനിയ്ക്കിപ്പോള്‍ ചെയ്യാവുന്നത്‌ ഇത്ര മാത്രം.

ആ കാമറയില്‍ നിന്നും സഭ്യമായ ചില ചിത്രങ്ങള്‍ കാണിക്കുക .... ഇതൊക്കെ നോക്കുന്നത്‌ അത്ര മോശമല്ല എന്ന് നിങ്ങള്‍ക്ക്‌ തോന്നുന്നെങ്കില്‍ നോക്കാം. അല്ലെങ്കില്‍ വിടാം. വേണമെന്നുള്ളവര്‍ ഇവിടെ കിക്കിളിയാക്കിയാല്‍ മതി. അപ്പോഴേ ഭ്രൂണഹത്യയുടെ ഒരു രൂപം പിടി കിട്ടൂ.... പിന്നെ ഒരു കാര്യം. ഞാനീ കൊലപാതകവും ഭ്രൂണഹത്യയുമൊക്കെ ഇവിടെ ഇങ്ങനെ പരസ്യമായി പറയുന്നത്‌ ഇത്‌ ഭൂലോകമല്ല, ബൂലോകമാണ്‌ എന്ന തിരിച്ചറിവുകൊണ്ടും പാപികളെ സഹിക്കാനും പൊറുക്കാനും ഉള്ള ഹൃദയവിശാലത അവര്‍ക്കുണ്ടെന്ന അറിവ്‌ എനിക്കുള്ളതുകൊണ്ടും ആണ്‌. എല്ലാം മാപ്പാക്കാനും തീര്‍പ്പാക്കാനും അഭ്യര്‍ത്ഥിച്ചു കൊണ്ട്‌ നിര്‍ത്തട്ടെ.

2 അഭിപ്രായങ്ങൾ:

ഗീത പറഞ്ഞു...

കിക്കിടികിടിലന്‍ പോസ്റ്റ്. അല്ലാതെന്താ പറയുക? ഇതു വായിച്ച് ഒത്തിരിചിരിച്ചു.....
ആ അയല്‍ക്കാരി മിടുക്കി.

ente gandarvan പറഞ്ഞു...

kollatto...