2008, ഏപ്രിൽ 2, ബുധനാഴ്‌ച

കുണ്ടില്‍ ചാടിയ ചുണ്ടെലി

ഞാന്‍ രണ്ടാം ക്ലാസ്സിലോ മൂന്നാം ക്ലാസ്സിലോ പഠിച്ചതാണ്‌ ഈ കഥ.
പക്ഷേ ഈ കഥ ഞാന്‍ വേറെ എവിടെയും വായിച്ചിട്ടോ കണ്ടിട്ടോ ഇല്ല.
അതുകൊണ്ട്‌ ഞാന്‍ അതൊന്ന് എന്റേതായ ഭാഷയില്‍ എന്റെ ഓര്‍മ്മയില്‍ നിന്നും ഇവിടെ കുറിക്കുകയാണ്‌.
കഥയില്‍ തെറ്റുണ്ടെങ്കില്‍ അത്‌ ഓര്‍മ്മക്കുറവു കൊണ്ടു മാത്രമാണെന്നറിയുക.
നിങ്ങള്‍ ഈ കഥ കേട്ടിട്ടില്ലെങ്കില്‍ നിങ്ങളുടെ കുട്ടികള്‍ക്ക്‌ പറഞ്ഞുകൊടുക്കാം.
അവര്‍ക്ക്‌ ഇഷ്ടപ്പെടാതിരിക്കില്ല.

കഥ നടക്കുന്നത്‌ ഒരു വനപ്രദേശത്തിനടുത്താണെന്നു വേണം അനുമാനിക്കാന്‍. അല്ലെങ്കില്‍ വന്യമൃഗങ്ങളും മനുഷ്യവാസമുള്ള വീടുകളും കഥയില്‍ കാണുമായിരുന്നില്ല.

കുഞ്ഞുങ്ങള്‍ക്ക്‌ തീറ്റയും തേടി നടക്കുകയായിരുന്നു ചുണ്ടെലി. നടന്നു നടന്ന് അവന്‍ ഒരു വീടിന്റെ അടുക്കളയിലാണെത്തിയത്‌. വലിയ ബുദ്ധിമുട്ടു കൂടാതെ തന്നെ, കടലാസില്‍ പൊതിഞ്ഞ ഒരു അപ്പപ്പൊതി കണ്ടെത്താന്‍ അവനു കഴിഞ്ഞു.
നല്ല നെയ്യപ്പത്തിന്റെ മണം. അവന്റെ നാവില്‍ വെള്ളമൂറി.
പക്ഷേ പൊതി കടിച്ചു മുറിക്കാനോ അപ്പമൊന്നു രുചിച്ചു നോക്കാനോ അവന്‍ മിനക്കെട്ടില്ല.
"എല്ലാം വീട്ടിലെത്തിലെത്തിയിട്ടാകട്ടെ, കുഞ്ഞുങ്ങളുടെ കൂടെയാകട്ടെ ഇന്നത്തെ തീറ്റ." അവന്‍ കരുതി.

പൊതി അല്‌പം വലിയതായിരുന്നു. അത്‌ എങ്ങനേയും വീട്ടിലെത്തിക്കണം. അതായിരുന്നു എലിയുടെ മുന്നിലുള്ള അടുത്ത ജോലി.
എലി പൊതി കടിച്ചെടുത്ത്‌ മുന്നോട്ട്‌ നടന്നു. പക്ഷേ തന്നേക്കാള്‍ വലിയ പൊതി അവന്റെ മുന്നോട്ടുള്ള കാഴ്ച തടസ്സപ്പെടുത്തി, അവന്റെ യാത്ര ബുദ്ധിമുട്ടുള്ളതായി.
എന്നാല്‍ തന്റെ ലക്ഷ്യത്തില്‍ നിന്നു പിന്മാറാന്‍ അവന്‍ തയ്യാറായിരുന്നില്ല.
വേച്ച്‌ വേച്ച്‌ എലി മുന്നോട്ട്‌ നീങ്ങി.
പക്ഷേ അവന്‌ അധികദൂരം പോകാനതിനായില്ല.

"ബ്‌ധിം........." കണ്ണു കാണാതെയുള്ള യാത്രയല്ലേ! ഒരു വലിയ കുണ്ടിലേക്ക്‌ അവന്‍ അടി തെറ്റി മറിഞ്ഞു വീണു.
അപ്പപ്പൊതി ചിന്നിച്ചിതറി.
രണ്ട്‌ നെയ്യപ്പത്തിന്റെ മുകളിലാണ്‌ എലി വീണത്‌.
അതുകൊണ്ട്‌ അതിനു പരിക്കൊന്നും പറ്റിയില്ല. ഭാഗ്യം!

വീഴ്ചയുടെ ആഘാതത്തില്‍ നിന്നും ഉണര്‍ന്ന എലി ചുറ്റും നോക്കി.
വലിയൊരു കുണ്ടിലാണ്‌ താന്‍ അകപ്പെട്ടിരിക്കുന്നത്‌!
ആരെ കണി കണ്ടാണാവോ താന്‍ ഇന്നു പുറത്തിറങ്ങിയത്‌? അവന്‍ മനസ്സില്‍ കരുതി.
എലി കുണ്ടില്‍ എല്ലായിടത്തും നടന്നു നോക്കി.
ഇല്ല, കയറി രക്ഷപ്പെടാന്‍ ഒരു പഴുതുമില്ല.
എങ്ങനേയും ഈ കുണ്ടില്‍ നിന്നു പുറത്തു കടക്കണം, അതു മാത്രമായി അവന്റെ ചിന്ത.
അവന്‍ കണ്ണടച്ച്‌ മനസ്സില്‍ ധ്യാനിച്ചു.
"പരദൈവങ്ങളേ, രക്ഷപ്പെടാന്‍ എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ."
കണ്ണു തുറന്നപ്പോള്‍ എലികണ്ടത്‌ അപ്പം പൊതിഞ്ഞ കടലാസ്‌ കാറ്റില്‍ പറക്കുന്നതാണ്‌.
അത്‌ അകലേക്ക്‌ പാറിപ്പോയിരിക്കുന്നു. അവന്‍ ഓടിച്ചെന്നു ആ കടലാസ്‌ കയ്ക്കലാക്കി.
അത്‌ നിവര്‍ത്തി അതിലൂടെ കണ്ണോടിച്ചു. പിന്നീട്‌ കുണ്ടിനു പുറത്തേക്കും.
അവന്‍ ദീര്‍ഘമായ ഒരു നിശ്വാസം പുറത്തു വിട്ടു.

കുണ്ടിനു സമീപം ഒരു വഴിയുള്ളതായും അതിലേ മൃഗങ്ങള്‍ നടന്നുപോകുന്നതായും അവനു മനസ്സിലായി.
അവന്‍ കടലാസില്‍ നോക്കി ഉറക്കെ വായിച്ചു.
" മാനം ഇടിഞ്ഞു വീഴാന്‍ പോകുന്നു, ജീവനില്‍ കൊതിയുള്ളവര്‍ വല്ല കുണ്ടിലും ഒളിച്ചു കൊള്ളുക."

ഇത്‌ ഒരു പുലി കേട്ടു. അവന്‌ വലിയ പേടി തോന്നി.
അവന്‍ വേഗം അടുത്തു കണ്ട ഈ കുണ്ടില്‍ ഇറങ്ങി നിന്നു.
തന്റെ ജീവന്‍ രക്ഷിച്ച എലിയെ അവന്‍ നന്ദിപൂര്‍വ്വം നോക്കി.
എലി പത്രം വായിക്കുന്നത്‌ കണ്ടപ്പോള്‍ അവന്‌ ലജ്ജയും വിഷമവും തോന്നി. എന്നാലും താന്‍ എഴുത്തും വായനയും പഠിച്ചില്ലല്ലോ എന്നോര്‍ത്ത്‌.

സമയം അധികം കഴിഞ്ഞില്ല. എലി നില്‍ക്കുന്ന കുണ്ടില്‍ ധാരാളം മൃഗങ്ങള്‍ ഒത്തു ചേര്‍ന്നു.
ആന, മുയല്‍, പശു, പന്നി, മാന്‍ തുടങ്ങിയവര്‍.
ശത്രുതയൊന്നുമില്ലാതെ തികഞ്ഞ അച്ചടക്കത്തൊടെ അവര്‍ അവിടെ നിന്നു.
എല്ലാവരും ജീവനില്‍ കൊതിയുള്ളവര്‍.
മാനം ഇടിഞ്ഞു വീണു മരിക്കാന്‍ അവരാരും തയ്യാറായിരുന്നില്ല.

മൃഗങ്ങളെല്ലാം കുണ്ടില്‍ ഒത്തുചേര്‍ന്നിരിക്കുന്നത്‌ അതുവഴി പോയ ഒരു കുരങ്ങന്‍ കണ്ടു. ആകാംക്ഷയോടെ അവന്‍ കുണ്ടിലേക്കിറങ്ങാന്‍ നോക്കവെ എലി എതിര്‍ത്തു.

എലി പറഞ്ഞു. "ഇല്ല, താങ്കളെ ഇവിടെ പ്രവേശിപ്പിക്കാന്‍ പറ്റില്ല. താങ്കള്‍ കൂടെക്കൂടെ തുമ്മുന്നവനാണ്‌. തുമ്മുന്നവരെ ദൈവം ഇഷ്ടപ്പെടുന്നില്ല. താങ്കളെ ഇവിടെ കയറ്റി ദൈവകോപം വാങ്ങാനൊന്നും എനിക്കാവില്ല."
പാവം കുരങ്ങന്‍, അവന്‍ എന്തു ചെയ്യണമെന്നറിയാതെ നിന്നു. അവസാനം മറ്റു മൃഗങ്ങള്‍ ഇടപെട്ടു. അവര്‍ പറഞ്ഞു, "ആപത്തില്‍ സഹായിക്കുന്നവനാണ്‌ ബന്ധു, നമ്മള്‍ മൃഗങ്ങള്‍ പരസ്പരം സഹായിച്ചേ പറ്റൂ. കുരങ്ങനും കുണ്ടില്‍ ഒരു സ്ഥലം കൊടുക്കണം."

എലി അവസാനം വഴങ്ങി, ഒരു ഉപാധിയോടെ. അവന്‍ പറഞ്ഞു. "ഈ കുണ്ടില്‍ കൂടിയിരിക്കുന്നവരില്‍ ആരെങ്കിലും തുമ്മിയാല്‍ മറ്റുള്ളവര്‍ ചേര്‍ന്ന് അവനെ പുറത്തു കളയണം."
എലിയുടെ ഈ നിര്‍ദ്ദേശം എല്ലാവര്‍ക്കും ഇഷ്ടമായി. അവര്‍ കുരങ്ങനും കുണ്ടില്‍ സ്ഥലം അനുവദിച്ചു.

ഒന്ന്.........രണ്ട്‌.........മൂന്ന്..... സമയം മുന്നോട്ടു പോയി. ആകാശം ഇടിഞ്ഞു വീഴുന്നതും നോക്കി മൃഗങ്ങളെല്ലാം അക്ഷമയോടെ നില്‍ക്കുകയാണ്‌.

"ഹാശ്‌ശ്‌ച്‌ച്ഛീ.......... മൂന്നു നാലു നെയ്യപ്പം നെഞ്ചോടു ചേര്‍ത്തുപിടിച്ച്‌ ചുണ്ടെലി ശക്തിയായി ഒന്നു തുമ്മി.
ഇതു കണ്ട്‌ മറ്റുള്ളവര്‍ ആശ്ചര്യപ്പെട്ടു.
കൂടുതല്‍ ആലോചിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. ദൈവകോപം ഏറ്റുവാങ്ങാനും.
അവര്‍ എലിയെ പിടിച്ചു കുണ്ടിനു പുറത്തേക്കിട്ടു.

കുരങ്ങന്‍ കാര്യങ്ങളെല്ലാം അന്വേഷിച്ചപ്പോഴാണ്‌ മൃഗങ്ങള്‍ക്കെല്ലാം തങ്ങള്‍ക്ക്‌ പറ്റിയ അമളി മനസ്സിലായത്‌. അപ്പോഴേയ്ക്കും ചുണ്ടെലി കിട്ടിയ അപ്പവുമായി വീട്ടിലെത്തുകയും കുഞ്ഞുങ്ങളോടൊത്ത്‌ അത്‌ ശാപ്പിടുകയും ചെയ്തിരുന്നു.

1 അഭിപ്രായം:

Unknown പറഞ്ഞു...

രണ്ടാം ക്ലാസ്സിലായിരുന്നു ഈ പാഠമുണ്ടായിരുന്നത്. ജീവനിൽ കൊതിയുള്ളവർ ഏതെങ്കിലും കുണ്ടിലും കുഴിയിലും ഒളിച്ചു കൊള്ളുക - ഒരു കുഴിയും കൂടിയുണ്ട്. ഒരാൾ പറഞ്ഞതനുസരിച്ച് ഈ കഥ മുഴുവനായി അന്വേഷിച്ചപ്പോഴാണ് കാണാനിടയായത്
നന്ദി