2011, ജൂൺ 1, ബുധനാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 2

കൈലാസമൊക്കെ കണ്ടു വന്ന സ്ഥിതിക്ക് വല്ലവരും എന്നോട് ചോദിച്ചേക്കാം...യാത്രയിൽ നിങ്ങളുടെ അനന്യമായ, അദ്വിതീയമായ, അതുമല്ലെങ്കിൽ ശ്രദ്ധേയമായ അനുഭവമെന്തെന്ന്.

വിദ്യാസമ്പന്നനായ ഒരാൾ ആകാംക്ഷാഭരിതനായി എന്നോട് ചോദിച്ചു .... കൈലാസത്തിൽ ശിവനെ കണ്ടോ എന്ന്!

ഇതിനൊക്കെ യുക്തമായ ഒരുത്തരം വേണ്ടേ?

ശിവനെ അർദ്ധനാരീശ്വരനായോ തനിയെയെങ്കിലുമോ കണ്ടിരുന്നെങ്കിൽ ഉറപ്പിച്ചു പറയാമായിരുന്നു, അതാണെന്റെ അനന്യമായ അനുഭവമെന്ന്. പക്ഷേ എന്റെ സംഘത്തിലെ ഏറ്റവും കൂടിയ ഭക്തന് പോലും അവിടെ ദിവ്യമായ ഒരനുഭൂതിയും ഉണ്ടായില്ലെന്ന് എനിക്കുറപ്പിച്ചു പറയാൻ പറ്റും.

എന്തൊക്കെ കഥകളായിരുന്നു യാത്രക്ക് മുമ്പ് കേട്ടിരുന്നത്? ബ്രാഹ്മ മുഹൂർത്തത്തിൽ ദേവകൾ മാനസസരോവരത്തിൽ കുളിക്കാനെത്തുമെന്ന്, . . . . അപ്പോൾ ദിവ്യമായ എന്തൊക്കെയോ ആകാശത്ത് നിന്നും തടാകത്തിലേക്ക് വീഴുന്നതായി തോന്നുമെന്ന്... പർണ്ണമിനാളിൽ ശ്രീപാർവ്വതി തോഴിമാരോടൊത്ത് സരോവരത്തിൽ നീരാട്ടിനെത്തുമെന്ന്. . . . . മാനസ സരോവരത്തിൽ ദിവ്യജ്യോതി കാണുമെന്ന് . . ഇല്ല കഥകൾ അവസാനിക്കുന്നില്ല; അവ മുഴുവൻ ഇപ്പോൾ ഓർമ്മയിൽ വരുന്നില്ലെന്നേയുള്ളു.... എന്നിട്ടോ?

ഗുരുപൂർണ്ണിമയുടെ പൗർണ്ണമിനാളിൽ ഞാൻ ഒരു മുഴുവൻ രാത്രിയും എല്ലിൽ കുത്തുന്ന തണുപ്പിനെ വെല്ലുവിളിച്ച് മാനസസരോവരത്തിന്റെ തീരത്ത് ഉറക്കം തൂങ്ങിയിരുന്നതാണ് . എന്തെങ്കിലും ഒരു ദിവ്യദർശനത്തിനായി എന്നിട്ടെന്ത്? തടാകത്തിലേക്ക് ഒരു ഉൽക്ക വീഴുന്നത് കാണാനുള്ള ഭാഗ്യം പോലും എനിക്കുണ്ടായില്ല. എന്നു വച്ച് ഞാൻ ഭാഗ്യമില്ലാത്തവനാണെന്ന് നിങ്ങൾ പ്രഖ്യാപിച്ചു കളയരുത്. ആകാശത്ത് പൂർണ്ണചന്ദ്രൻ വിരാജിക്കുന്ന പൗർണ്ണമിനാളിൽ, അതും അതിവിശിഷ്ടമായ ഗുരുപൂർണ്ണിമയുടെ നാളിൽ, മാനസസരോവരത്തിന്റെ തീരത്ത് അസുലഭമായ ഒരു രാത്രി ആസ്വദിക്കാനുള്ള ഭാഗ്യം എത്ര കൈലാസയാത്രികർക്ക് കിട്ടിയിട്ടുണ്ട്? ചീനക്കാരന്റെ ചെങ്കൊടിയാലും മലകൾ ഇടിച്ചു തള്ളുന്ന അവന്റെ 'ജെസിബി’യാലും 'അസ്വാസ്ഥിത'മായ കൈലാസാന്തരീക്ഷത്തിൽ എന്തെങ്കിലും ദിവ്യാനുഭവം തികച്ചും ശ്രമകരം തന്നെ...

എനിക്ക് ഈ യാത്രയിൽ അനന്യമായ അനുഭവങ്ങളില്ല... അനന്യമായ കാഴ്ചകളേയുള്ളു. പൂക്കൾ.... ഹിമാലയമെന്ന പുഷ്പാലയം... അതാണ്, അത് മാത്രമാണ് എന്റെ മനസ്സിൽ തങ്ങിനിൽക്കുന്നത്!!! മഞ്ഞപ്പൂക്കൾ, വയലറ്റ് പൂക്കൾ, നീലപ്പൂക്കൾ, ചുവന്ന (ചൊമല!!) പൂക്കൾ, വെള്ളപ്പൂക്കൾ ....... ഇല്ല, ഹിമാലയത്തിലെ പൂക്കളുടെ നിറങ്ങൾ അവസാനിക്കുന്നില്ല..... എന്റെ വൊക്കാബുലരിയിൽ മാത്രമേ നിറങ്ങൾ അവസാനിക്കുന്നുള്ളു. . . ഒരു പക്ഷേ, അവിടെ ഇല്ലാത്തത് പച്ചപ്പൂക്കളും കറുത്ത പൂക്കളും മാത്രം . . . പക്ഷേ പച്ചപ്പൂക്കളാണോ എന്ന് തോന്നുന്ന തരത്തിൽ മനോഹരമായ പച്ചിലകളോടുകൂടിയ ചെറിയ ചെടികളും അവിടെയുണ്ട്; പൂവിനാണോ ഇലയ്ക്കാണോ ഭംഗി എന്നറിയാതെ നമ്മൾ ശങ്കിച്ചു പോകുന്ന അത്തരം സ്ഥിതിയും ഹിമാലയത്തിൽ പ്രതീക്ഷിക്കാം . . . ആരും വളർത്താതെ തന്നത്താനെ വളരുന്ന ഈ പൂക്കളെ നോക്കി 'Valley of flowers' എന്ന് വിളിക്കണമെങ്കിൽ ആ പൂങ്കാവനത്തിന്റേയും ഹിമാലയമെന്ന പുഷ്പാലയത്തിന്റേയും മനോഹാരിതയൊന്ന് ആലോചിച്ചുനോക്കൂ!!

പൂക്കൾക്ക് വർണ്ണവൈവിധ്യം മാത്രമല്ല ഉള്ളത്.. വർണ്ണവൈവിധ്യത്തെ തോൽപ്പിക്കുന്നതത്രെ അവയുടെ രൂപവൈവിധ്യം. നാലിതൾ പൂക്കൾ മുതൽ അനേകം ഇതളുള്ള പൂക്കൾ വരെയുണ്ടവിടെ. ഉരുണ്ട് കായ്കൾ പോലെയുള്ള പൂക്കളും കോളാമ്പി പോലെയുള്ള പലതരം പൂക്കളും അവിടെ കാണാം ... ഇതളുകളുടെ രൂപത്തിനും വലുപ്പത്തിനും എല്ലാം എന്തെന്തു വൈവിധ്യം. . . അതൊന്നും വാക്കുകൾ കൊണ്ടറിയിക്കാൻ എനിക്കാവില്ല. എന്തെല്ലാം തരം പൂങ്കുലകൾ.. ഹിമാലയത്തിലെ പൂക്കളെക്കുറിച്ച് പ്രബന്ധമവതരിപ്പിച്ചാൽ ഡോക്റ്ററേറ്റ് കിട്ടാനൊന്നും ഒരു ബുദ്ധിമുട്ടും കാണില്ല. അത്രക്കുണ്ട് പൂക്കളെക്കുറിച്ചറിയാൻ.... ഈ പൂക്കളുടെ ഫോട്ടോയെടുത്ത് ജോസ്കോ ജുവലേഴ്സിനോ ആലുക്കാസ് ജുവലറിക്കോ കൊടുത്താൽ ആ പൂക്കളുടെ രൂപത്തിൽ പുതിയ കമ്മലുകളും ചങ്കേലസ്സുകളും ഉണ്ടാക്കി അവർ സ്ത്രീജനങ്ങളുടെ മനം കവരും എന്നെനിക്കുറപ്പുണ്ട്. അത്രക്ക് നയന മനോഹരമാണീ ഹിമാലയത്തിലെ പൂക്കൾ. ഹിമാലയത്തിലെ കുറ്റിച്ചെടികൾക്കു പോലും ആകർഷകമായ പൂക്കളുണ്ട്..

ഹിമാലയത്തിലെ പൂക്കളെല്ലാം കണ്ടു കഴിയുമ്പോൾ അവിടെ മഞ്ഞപ്പൂക്കളാണോ വയലറ്റ് പൂക്കളാണോ അധികം എന്ന ഒരു സംശയം മനസ്സിലുയർന്നേക്കാം... ജനസംഖ്യയിൽ ഇന്ത്യയും ചൈനയും ഒന്നാം സ്ഥാനത്തിനു വേണ്ടി മത്സരിക്കുന്നതു പോലെയാണ് പൂസംഖ്യയിൽ ഒന്നാം സ്ഥാനത്തിനു വേണ്ടി അവിടെ മഞ്ഞപ്പൂക്കളും വയലറ്റ് പൂക്കളും മത്സരിക്കുന്നത്. ഈ മത്സരത്തിനിടയിൽ, ഒരു പക്ഷേ, വെള്ളപ്പൂക്കൾ ഒന്നാം സ്ഥാനത്തിന്റെ കിരീടം നേടിയെടുത്തെന്നും വരാം. മുയലിനെ തോൽപ്പിച്ച് ഒന്നാം സ്ഥാനം നേടിയ ആമയുടെ ലോകമല്ലേ ഇത്?

പക്ഷേ പൂക്കളെക്കുറിച്ചോർക്കുമ്പോൾ എനിക്ക് മനസ്സിൽ ഖേദമേയുള്ളു. പാവം, ഈ പൂക്കൾ അനാഥമാണ്, പൂജക്കെടുക്കാത്ത ഈ പൂക്കൾ, പെൺകൊടിമാരുടെ മുടിയഴകാകാനാകാത്ത ഈ പൂക്കൾ, എന്തിന് ഒരു റീത്താകാൻ പോലും അവസരമില്ലാത്ത ഈ പൂക്കൾ, മൊട്ടായി,വിരിഞ്ഞ് പൂവായി, കൊഴിഞ്ഞു പോകാൻ വിധിക്കപ്പെട്ട ഈ പൂക്കൾ.... അവ തങ്ങളുടെ ഇഷ്ടദേവനായ മലർശരനെ സ്വപ്നം കാണുന്നുണ്ടാകുമോ???

വേണം, ഈ പൂക്കൾക്കൊരു ശാപമോക്ഷം... അവയെ ഇങ്ങനെ അനാഥമാക്കരുത്. . . ഏതായാലും കാമദേവൻ രംഗമൊഴിഞ്ഞ സ്ഥിതിക്ക് ഞാൻ തന്നെ വേണം ഇതിനൊരു പരിഹാരം കാണാൻ... വേണം ഉടനെ ഒരു കൈലാസ യാത്ര... ഒരു നൂറു തരുണീമണികളുമൊത്ത് . . . അനുപമമായ ഈ പൂക്കളറുത്ത് വനിതകളുടെ മുടിയഴകിന്നഴകായി ചാർത്തേണം... ഓരോ ശിരസ്സിലും... ഓരോ കാർകൂന്തളത്തിലും.... വനിതകൾക്കഴക്, പൂക്കൾക്കോ ദിവ്യമോക്ഷം... ആരാണീ പുതിയ കാമദേവൻ എന്നറിയാൻ പൂക്കൾ എന്നെ ഇതൾ വിരിച്ച് നോക്കും!! ഇനി എന്റെ അവസ്ഥയൊന്നാലോചിച്ചു നോക്കൂ ... വേണ്ട, അതിപ്പോൾ പറയേണ്ട..... പിന്നെ ഒന്നേ ഇപ്പോഴറിയേണ്ടതുള്ളു... ഒരു നൂറു വനിതകളെ എവിടെ നിന്നൊപ്പിക്കുമെന്ന് ... ആ... കാത്തിരുന്ന് കാണാം ... പോകാനുള്ള ദിനമൊന്നും തീർച്ചയായിട്ടില്ലല്ലോ.

ബ്രഹ്മകമലം, വിഷ്ണുകമലം, കസ്തൂരീകമലം എന്നിങ്ങനെ വിചിത്രങ്ങളായ താമരപ്പൂക്കൾ ഇവിടങ്ങളിൽ കാണുമത്രെ. ആർക്കറിയാം? എല്ലാം കൈലാസയാത്രികരിലൂടെ പറഞ്ഞു കേട്ടതാണ്. ഏത് സീസണിലാണാവോ ഇതെല്ലാം വിടരുന്നത്? എന്തായാലും ഒരു കമലം ഞാൻ കണ്ടു.. യാത്രയിലുടനീളം... യാത്രാസംഘത്തിലുണ്ടായിരുന്ന ഒരു കമലം. ഈ കമലമ്മയെ അല്ലാതെ മേൽപ്പറഞ്ഞ വേറൊരു കമലവും എനിക്ക് എങ്ങും തന്നെ കാണാൻ കഴിഞ്ഞില്ല... റിട്ടയർ ചെയ്യാൻ കമലമ്മയ്ക്കിനി മാസങ്ങളേ ഉള്ളൂ എന്നു കൂടി എഴുതിയില്ലെങ്കിൽ ആരെങ്കിലും എന്തെങ്കിലുമൊക്കെ എന്നെക്കുറിച്ച് തെറ്റിദ്ധരിക്കാനും മതി.

യാത്രയിൽ ഉടനീളം എന്തു ചെയ്തു എന്നൊരാൾ എന്നോട് ചോദിച്ചാൽ ഞാൻ എന്തു പറയും?

വയലാറിന്റെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ ഞാൻ ചെയ്തത് ഇത്രമാത്രം....

ഒരു മാസക്കാലം ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങൾ കണ്ടും നോക്കിയും അതിശയിച്ചും പ്രശംസിച്ചും സമയം ചെലവിട്ടു. അരഞ്ഞാണങ്ങൾ, ചങ്കേലസ്സുകൾ, ശിരോഭൂഷണങ്ങൾ, ശിരസ്സിൽ ചാർത്തിയ പൂക്കൾ എന്നിങ്ങനെ ഭൂമി തന്റെ ശരീരത്തിലണിഞ്ഞതും സ്ത്രീധനമായിക്കിട്ടിയതുമായ ഓരോന്നും നോക്കിയും ആസ്വദിച്ചും അസൂയപ്പെട്ടും ഞാൻ യാത്രയിൽ സമയം പോക്കി.

ഭൂമിയുടെ ഈ സ്ത്രീധനങ്ങൾ എതെന്ന് മനസ്സിലായില്ലേ? വയലാർ പാടിയത് ഓർക്കൂ,

"പുഴകൾ, മലകൾ, പൂവനങ്ങൾ,
ഭൂമിക്ക് കിട്ടിയ സ്ത്രീധനങ്ങൾ"

ഭൂമിയുടെ ഈ സ്ത്രീധനങ്ങളൊക്കെ ഹിമാലയമെന്ന 'ലോക്കറിൽ" ആണ് പ്രകൃതി സൂക്ഷിച്ചു വച്ചിരിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കിൽ ഇത്രയധികം പുഴകളും മലകളും മരങ്ങളും പൂങ്കാവനങ്ങളും ഹിമാലയത്തിൽ ഉണ്ടാകുമായിരുന്നില്ല. മഹാഭാരതത്തെ പറ്റി ഒരു ചൊല്ലുണ്ടല്ലോ? "മഹാഭാരതത്തിലുള്ളത് മറ്റു ഗ്രന്ഥങ്ങളിൽ കണ്ടേക്കാം, പക്ഷേ അതിലില്ലാത്തത് മറ്റെവിടേയും കാണില്ല" എന്ന്... ഈ ചൊല്ല് മലകൾ, പുഴകൾ, പൂവനികൾ എന്നിങ്ങനെയുള്ള പ്രാകൃതികപ്രതിഭാസങ്ങളെ സംബന്ധിച്ചിടത്തോളം ഹിമലയത്തിനും ബാധകമായേക്കാം.. ഹിമാലയത്തിലെ പൂങ്കാവനങ്ങളും മരങ്ങളും മറ്റു മലകളിലും കണ്ടേക്കാം, പക്ഷേ ഇവിടെ കാണാത്ത പൂക്കളും മരങ്ങളും മറ്റിടങ്ങളിൽ കാണണമെന്നില്ല... അത്രയ്ക്ക് വൈവിധ്യത്തോടെയാണ് പുഴകളും മലകളും മരങ്ങളും പൂക്കളുംപൂങ്കാവനങ്ങളും ഹിമാലയത്തെ അലങ്കരിക്കുന്നത്.

കൈലാസയാത്രയെക്കുറിച്ച് നാട്ടുകാരിൽ പലർക്കും എന്തെല്ലാം തെറ്റിദ്ധാരണകളാണ്. ഒന്നും അവർ നേരേ ചൊവ്വേ മനസ്സിലാക്കുന്നില്ല. അത്തരം ആളുകൾക്കിപ്പോൾ പണി എന്റെ കയ്യും കാലും തൊട്ടു വന്ദിക്കലാണ്. അവരെല്ലാം കരുതുന്നത് കൈലാസയാത്ര മൂലം എന്റെ പാപങ്ങളെല്ലാം തീർന്നിരിക്കുന്നൂ എന്നും ഞാൻ ദേവകളോളം വിശുദ്ധനായിരിക്കുന്നൂ എന്നുമാണ്. എന്താണെന്നോ ഈ വിശ്വാസത്തിനു കാരണം? ശ്രദ്ധിക്കൂ!!

സ്കന്ദപുരാണത്തിൽ കൈലാസത്തെക്കുറിച്ചൊരു പരാമർശമുണ്ടത്രെ. സഹയാത്രികനായ അരവിന്ദിൽ നിന്നു കിട്ടിയ അറിവാണിത്. "ബാലസൂര്യന്റെ വെയിലേറ്റ് മഞ്ഞുകണങ്ങൾ വരണ്ടുണങ്ങി ഇല്ലാതാകുന്നതു പോലെ ഹിമാലയ കൈലാസ ദർശനത്താൽ ഭക്തന്റെ പാപങ്ങളും നശിച്ചില്ലാതാകുന്നു" എന്നതാണാ പരാമർശം.

ആഹാ! എന്തൊരുപമ! കൈലാസത്തെ ബാലസൂര്യനോടും നമ്മുടെ പാപങ്ങളെ മഞ്ഞുകണങ്ങളോടും അല്ലേ ഉപമിച്ചിരിക്കുന്നത്. എന്തൊരു കല്പന.

പക്ഷേ, പാവം മനുഷ്യൻ, അവന് ആ ഉപമയിലടങ്ങിയ വാച്യാർത്ഥമേ മനസ്സിലായുള്ളൂ. ആ ഉപമയുടെ ആശയം ഒട്ടുമേ മനസ്സിലാകാതെ പോയി.

ഞാൻ പറഞ്ഞു വരുന്നത് മഞ്ഞു കണങ്ങളെക്കുറിച്ചാണെന്ന് മനസ്സിലാകുന്നുണ്ടോ? ഈ മഞ്ഞുകണങ്ങളെ ഇല്ലാതാക്കുന്ന ബാലസൂര്യൻ തന്റെ ബാല്യാവസ്ഥ പിന്നിട്ട് യൗവ്വനവും ഗാർഹസ്ഥ്യവും വാർദ്ധക്യവുമൊക്കെക്കഴിഞ്ഞ് സന്ധ്യക്ക് കടലിൽ ഒസാമാ ബിൻ ലാദനെപ്പോലെ ജലസമാധിയാകുമ്പോൾ ചിരിക്കുന്നതാരെന്നറിയുമോ? സാക്ഷാൽ മഞ്ഞുകണങ്ങൾ തന്നെ. സംശയമുണ്ടെങ്കിൽ അടുത്ത ദിവസം ബാലസൂര്യൻ ഉണരുന്നതിനു മുമ്പ് ഒന്നു പോയി നോക്കൂ. ആ മഞ്ഞുകണങ്ങൾ അവിടെത്തന്നെ കാണും.

ഇപ്പോൾ മനസ്സിലായില്ലേ സ്കന്ദപുരാണം പറഞ്ഞതെന്തെന്ന്? കൈലാസം ദർശിച്ചുകൊണ്ടിരിക്കുമ്പോൾ മാത്രമേ പാപം ഇല്ലാതാകുന്നുള്ളൂ. ആ ദർശനം എപ്പോൾ അവസാനിക്കുന്നുവോ അപ്പോൾ പാപങ്ങൾ തിരിച്ചു വരും... മഞ്ഞുകണങ്ങൾ വീണ്ടും വരുന്നതുപോലെ..

ഞാൻ കൈലാസദർശനം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ എന്റെ പഴയ പാപങ്ങൾക്ക് കൂട്ടിനായി എന്റെ സഹയാത്രികരോടുള്ള പെരുമാറ്റത്തിൽ നിന്നെനിക്ക് കിട്ടിയ പാപങ്ങളും ഇപ്പോഴുണ്ട്. എന്നിട്ടും നാട്ടുകാരെന്റെ കാൽ തൊട്ടു വന്ദിക്കുന്നു. ഈശ്വരാ, അതും എന്റെ പാപങ്ങൾ വർദ്ധിപ്പിക്കുകയല്ലേ?

പിന്നെ കൈലാസയാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ പ്രധാനമായി പറയാനുള്ളത് കൈലാസദർശന ത്തിനെത്തുന്ന സ്ത്രീകളെ കുറിച്ചാണ്.

കൈലാസയാത്രക്ക് ഇറങ്ങിപ്പുറപ്പെടുന്ന സ്ത്രീകളോട് എനിക്ക് അനുകമ്പയാണോ അവജ്ഞയാണോ തോന്നുന്നത് എന്നു പറയുക പ്രയാസം. യാത്രയിലെ അവരുടെ ബുദ്ധിമുട്ടുകൾ കാണുമ്പോൾ ശരിക്കും അനുകമ്പ തന്നെയാണ് തോന്നുന്നത്. യാത്രയിൽ അവർക്ക് മൂത്രമൊഴിക്കണമെന്ന് തോന്നിയാലുള്ള അവസ്ഥ ഒന്നു നോക്കൂ. അതിനവർക്ക് അൽപ്പം പ്രൈവസിയൊക്കെ വേണ്ടേ? അവരെവിടെ മൂത്രമൊഴിക്കും? ഒറ്റയടിപ്പാതകളും കാട്ടുവഴികളും ദുർഘടമായ പാതകളും മാത്രമുള്ള വഴിയിൽ, ആധുനികമായതോ പ്രാകൃതമെങ്കിലുമായതോ ആയ ഒരു ശൗചാലയ സൗകര്യവും ഇല്ലാത്ത വഴിയിൽ, അവരെന്തു ചെയ്യും? വഴിയിൽ സംഘാംഗങ്ങൾ മാത്രമല്ല ഉണ്ടാകുക, മറ്റു വഴിപോക്കരും കാണും.. പിന്നെ പോർട്ടർമാർ, കുതിരക്കാർ എന്നിവരും അടുത്ത് കാണും... ഒരു പക്ഷേ മൂത്രമൊഴിക്കാൻ തോന്നുമ്പോൾ അവർ സഹായത്തിനു വിളിച്ചിട്ടുള്ള അപരിചിതനായ കുതിരക്കാരനോ പോർട്ടറോ അവരുടെ കൂടെ കണ്ടെന്നിരിക്കും... അയാളോടെന്തു പറഞ്ഞായിരിക്കും അവർ മൂത്രമൊഴിക്കാൻ പോകുക? എങ്ങോട്ടായിരിക്കും പോകുക? ഒരു വശത്ത് അഗാധമായ പുഴ, മറുവശത്ത് ഉയർന്നു നിൽക്കുന്ന പാറകൾ,... അവർ എവിടെ പോകും? അതല്ലാ ഇനി ചുറ്റും ഇടതൂർന്ന കാടെണെന്നു കരുതൂ, എന്തു ധൈര്യത്തിലാണ് അവർ കാട്ടിലേക്ക് പോകുക? അവിടെ അവരെ കാത്തിരിക്കുന്നത് വന്യമൃഗമോ ആധുനികമനുഷ്യനോ എന്ന് എങ്ങനെ അറിയും? എന്നിട്ടും യുവതികൾ ഈ യാത്രയിൽ ധാരാളമയി പങ്കെടുക്കുന്നു... അവർക്കു തന്നെ അറിയാം ഈ സന്ദർഭങ്ങളിൽ അവരെന്തു ചെയ്യുന്നു എന്ന്!!! വെറുതെയല്ല, സംഘത്തിൽ മലയാളിസ്ത്രീകൾ ഇല്ലാത്തത്, ഇത് തന്നെയയിരിക്കാം പ്രധാന കാരണം.

ചെറുപ്പക്കാരായ സ്ത്രീകൾ ഈ യാത്രക്ക് ഇറങ്ങിപ്പുറപ്പെടുന്നത് കാണുമ്പോൾ അവരോട് വരുന്ന വിരോധത്തിനും എന്നിൽ അളവില്ല തന്നെ. ഹിന്ദുക്കൾ പവിത്രവും ദിവ്യവുമായി കരുതുന്നതാണ് കൈലാസവും മാനസസരോവരവും.. ഒരു മാസത്തെ യാത്രാ സമയം വേണ്ടി വരുന്ന ആ സ്ഥലത്തേക്കാണ് യൗവ്വനയുക്തകളായ സ്ത്രീകൾ തീർത്ഥാടനം എന്ന പേരും പറഞ്ഞ് പോകുന്നത്. ശബരിമലയിൽ ഈ സ്ത്രീകൾക്ക് ദർശനാനുമതിയും സന്ദർശനാനുമതിയും നിഷേധിച്ചിരിക്കുന്നത് അവർക്ക് ഒരു മാസത്തെ വ്രതം എടുക്കൻ പറ്റാത്തതുകൊണ്ടാണെങ്കിൽ അതേ കാരണം ഈ കൈലാസയാത്രക്കും ബാധകമല്ലേ? യാത്രാമദ്ധ്യേ എത്ര എത്ര ക്ഷേത്രങ്ങളിലും പവിത്രമായ മറ്റു സ്ഥലങ്ങളിലും ഈ യാത്രാസംഘം കയറുന്നുണ്ട്. അപ്പോഴെല്ലാം അത്തരം വേളകളിൽ കാത്തു സൂക്ഷിക്കേണ്ട വിശുദ്ധി ഉറപ്പാക്കാൻ ഇവർക്കാകുന്നുണ്ടോ? 'പീര്യേഡ്സ്'-നെ കുറിച്ച് ഭക്തസംഘത്തോട് തുറന്ന് സംസാരിക്കാൻ തുനിഞ്ഞ സ്ത്രിയും കൂട്ടത്തിലുണ്ടായിരുന്നു എന്നു പറഞ്ഞാൽ ഈ നോർത്തിന്ത്യൻ പെണ്ണുങ്ങളുടെ താൻപോരിമ മനസ്സിലാകുമല്ലോ? യൗവ്വനയുക്തകളായ സ്ത്രീകൾ കൈലാസത്തിലെത്തുന്നതിന്റെ കാരണം കൈലാസം ഇപ്പോൾ കമ്യൂണിസ്റ്റ് ചൈനയിലാണെന്നതും അവർക്കിതിലൊന്നും മതപരമായ താല്പര്യങ്ങളില്ലെന്നതും മാത്രമല്ല മറിച്ച് ഈ പ്രോഗ്രാം ഏർപ്പാടാക്കിയിരിക്കുന്നത് ഭാരതസർക്കാർ ആണെന്നതു കൂടിയാണ്. അതോ ഇനി സ്വാമിമാർ കൊണ്ടുപോകുന്ന സംഘത്തിലും ഈ ചെറുപ്പക്കാരികളുണ്ടോ ആവോ? യാത്രയിലുടനീളം സസ്യാഹാരമേ തരൂ എന്ന് സംഘാടകർ പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്. അതെന്തിനാണാവോ? യാത്ര തീർത്ഥാടനത്തിനായതു കൊണ്ടും അത് പവിത്രമായതു കൊണ്ടും ആണ് സസ്യാഹാര വിതരണമെങ്കിൽ മേലെഴുതിയ കാര്യവും സർക്കാർ ഗൗരവമായി പരിഗണിക്കേണ്ടത് ഈ പവിത്രതയ്ക്കാവാശ്യമാണ്. ശബരിമലയിൽ 50 വയസ്സിനു താഴെയുള്ള സ്ത്രീകൾ ചെല്ലുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നത് സർക്കാറും പോലീസും തന്നെയാണല്ലോ?

യാത്രയിലങ്ങോളം നായകൾക്ക് യാത്രികരോടുള്ള സാമീപ്യം പറയത്തക്കതാണ്. നടക്കുമ്പോൾ ഒറ്റക്കാണെങ്കിൽ ഞാനെപ്പോഴും ഒരു നായയെ അടുത്ത് കാണാറുണ്ട്; അതിന്റെ നടത്തം കണ്ടാൽ അതെന്നെ എനിക്കുവേണ്ടി അനുഗമിക്കുകയാണെന്നു തോന്നും. മിക്കവാറും കാമ്പുകളിലും നായ്ക്കളുടെ സാന്നിദ്ധ്യമുണ്ട്. അവയാണ് ഞങ്ങളെ അനുഗമിക്കുന്നത്.

ഏതായാലും ഈ കൈലാസ പരിക്രമണം കഴിഞ്ഞ സ്ഥിതിക്ക് ഒരു സ്ഥാനപ്പേരില്ലാതെ നാട്ടിലേക്ക് തിരിച്ചുപോകുന്നത് മോശമാണ്. മക്കയിലൊക്കെ പോയാലങ്ങനെയല്ലേ? പോകുന്നത് സാദാ ആൾക്കാരാണ്, പക്ഷേ മടങ്ങുന്നതോ? ഹാജിമാർ, ഹജ്ജുമ്മമാർ... നമുക്കും വേണ്ടേ അത്തരമൊരു പേരൊക്കെ.. ഇതൊക്കെ യാത്രികളിൽ ചർച്ചക്ക് വന്നതാണ്. കൈലാസത്തിൽ പോയവനെ കൈലാസി എന്നു വിളിച്ചാൽ മതിയത്രെ, ഛായ്, എന്തൊരു കഷ്ടം.. എങ്കിൽ പിന്നെ മക്കയിൽ പോയവനെ മക്കിയെന്നു വിളിച്ചാൽ പോരെ? കൈലാസത്തിൽ പരിക്രമണം ചെയ്ത സ്ഥിതിക്ക് 'പരിക്രമി' എന്നു പറയുന്നതായിരിക്കും ശരി.. പക്ഷേ അതിനൊരു ബലം പോരാ.. അതുകൊണ്ട് പരാക്രമി എന്നു പറയാം.. 'പരാക്രമി ആൾരൂപൻ' - യെസ്, കേൾക്കുമ്പോൾ തരക്കേടില്ല. ഒന്നുമില്ലെങ്കിലും പരാക്രമികൾക്കേ ഈ ഹിമാലയം ചവിട്ടിക്കടന്ന് കൈലാസത്തിലെ ത്താൻ പറ്റൂ.

***************************************************************തുടരും

അഭിപ്രായങ്ങളൊന്നുമില്ല: