അതിനിടയ്ക്ക് എനിക്ക് ഒരു കവർ വന്നു. കൈലാസ് മാനസ സരോവർ യാത്രയുടെ 2011-ലെ ഹാൻഡ് ബുക്കായിരുന്നു അത്. മനോഹരമായ ചെറിയ ഒരു പുസ്തകം... ഹിമാലയത്തിന്റെ വർണ്ണ ചിത്രങ്ങളോടെ. ... അതോടു കൂടി കൈലാസയാത്രയെക്കുറിച്ച് ഞാൻ സ്വപ്നം കാണാനും തുടങ്ങി.
ഒരു KUMAON MANDAL VIKAS NIGAM എന്ന സ്ഥാപനത്തിൽ നിന്നായിരുന്നു അത് വന്നത്. KMVN എന്ന് ചുരുക്കം. അവരാണ് ഈ യാത്രയുടെ ചുക്കാൻ പിടിക്കുന്നത്. പണം അടച്ച എല്ലാവർക്കും ഈ ബുക്ക് അയച്ചിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ അറിഞ്ഞത്.
ഈ KUMAON എന്നത് ഉത്തർഖണ്ഡിലെ ഒരു ഭൂപ്രദേശമാണ്. ഞാനതിനെ 'കുമാവോൺ' എന്നാണ് വായിച്ചിരുന്നത്. എന്നാൽ അതിന്റെ ശരിയായ ഉച്ചാരണം കുമാവോം എന്നാണ്. അഥവാ അങ്ങനെയാണ് ഹിന്ദിക്കാർ അതിനെ വായിക്കുക. അല്ലെങ്കിലും ഈ ഹിന്ദിക്കാരുടെ എഴുത്തും വായനയും അങ്ങനെയാണ്. 'കുവാൻ' (KUAN) എന്നെഴുതി 'കുവാം' എന്ന് വായിക്കും. നമ്മൾ 'ആകാംക്ഷ' എന്ന വാക്ക് ഇംഗ്ലീഷിൽ Akamksha എന്നെഴുതുമ്പോൾ അവർ AkaNksha എന്നെഴുതും, എന്നിട്ട് ആകാംക്ഷ എന്നു വായിക്കും. പക്ഷേ, എനിക്കതിനെ 'ആകാൻക്‍ഷാ' എന്നേ വായിക്കാനാകൂ. ഈ 'ആകാൻക്‍ഷാ'എന്നത് ഈ ഹിന്ദിക്കാർ അവരുടെ പെൺകുട്ടികൾക്കിടുന്ന പേരാണ്. കൂടെ ജോലി ചെയ്ത ആ പേരുള്ള ഒരു കുട്ടിയാണ് അതിനെ 'ആകാൻക്‍ഷാ' എന്നല്ല 'ആകാംക്ഷ' എന്നാണ് ഉച്ചരിക്കേണ്ടതെന്ന് പറഞ്ഞു തന്നത്. ഇതു പോലെ തന്നെയാണ് അവർ 'സംസാരം' എന്നതിന് 'സൻസാർ' എന്നെഴുതുന്നത്.
അവസാനം ഒരു ഓം ഉണ്ടെന്നതല്ലാതെ കേൾക്കാൻ ഒട്ടും സുഖമുള്ളതല്ല കുമാവോം എന്ന ഈ സ്ഥലപ്പേര്. എന്താണാവോ അതിനർത്ഥം? അല്ലെങ്കിലും പല സ്ഥലപ്പേരുകളും അങ്ങനെയാണ്. ദൽഹിയിലെ ഒരു സ്ഥലമാണ് 'പഞ്ച്കുയീയാം' എന്നത്. അതിന്റെ അർത്ഥം അവർക്കറിയാമോ എന്തോ? ഇന്ദ്രപ്രസ്ഥം, യമുന എന്നിങ്ങനെ കേൾക്കാൻ ഇമ്പവും അർത്ഥവും ഉള്ള പേരുകൾക്കൊപ്പം തന്നെ കേൾക്കാനും പറയാനും സുഖമില്ലത്ത ഇത്തരം സ്ഥലപ്പേരുകളും നമ്മൾ കാണുന്നു. ഉത്തരേന്ത്യയിൽ മാത്രമല്ല, കേരളത്തിലും കാണാം ഇത്തരം പേരുകൾ . 'കാട്ടകാമ്പാൽ' എന്നത് കേരളത്തിലെ ഒരു സ്ഥലമാണ്. അതിന്റെ അർത്ഥം കാട്ടകാമ്പാലുകാർക്കുപോലും അറിയില്ലായിരിക്കും... ഇന്ത്യയിലെ സ്ഥലപ്പേരുകളിൽ ഇത്തരം വൈജാത്യം നില നിൽക്കുമ്പോഴും കേരളത്തിൽ 'പൂജപ്പുര'യും ഡൽഹിയിൽ 'ഭജനപ്പുര'യും സ്ഥലപ്പേരുകളായിട്ടുള്ളത് നമ്മുടെ 'നാനാത്വത്തിലെ ഏകത്വ'ത്തിന് തെളിവുകളാണ്.
ഒരു യാത്രികന് വേണ്ട സകല നിർദ്ദേശങ്ങളും അടങ്ങുന്നതായിരുന്നു KMVN അയച്ചു തന്ന ആ പുസ്തകം. ഒരു ചെറിയ യാത്രാവിവരണം എന്ന് വേണമെങ്കിൽ പറയാവുന്ന വിധം ഓരോ ദിവസവും ചെയ്യുന്ന യാത്രയുടേയും എത്തുന്ന സ്ഥലത്തിന്റേയും വിവരങ്ങൾ അതിൽ കൊടുത്തിട്ടുണ്ട്. പുസ്തകത്തിന്റെ ഒടുവിൽ ഡൽഹി മുതൽ ഉള്ള യാത്രയുടെ റൂട്ട്മാപ്പും കൊടുത്തിട്ടുണ്ട്. ഞാൻ അതിലൂടെ കണ്ണോടിച്ചു. വാഹനത്തിൽ പോകാവുന്ന സ്ഥലങ്ങൾ, നടന്നു പോകേണ്ട വഴികൾ, യാത്രയിലെ പ്രധാന കേന്ദ്രങ്ങൾ എന്നിങ്ങനെയുള്ള വിവരങ്ങളെല്ലാം അതിലുണ്ട്.
ഞാൻ അതിലെ സ്ഥലങ്ങൾ ഒരോന്നായി നോക്കി. ഡൽഹി കഴിഞ്ഞാലുള്ള അടുത്ത സ്ഥലം കാത്ഗോഡം ആണ്. ഇവിടെ നിന്നാണ് ഹിമാലയ മലനിരകൾ തുടങ്ങുന്നത്. തീർത്ഥയാത്രയുടെ മല കയറ്റം തുടങ്ങുന്നത് ഇവിടെനിന്നാണ് എന്ന് വേണമെങ്കിൽ പറയാം. ശബരിമലയാത്രയിൽ പമ്പയിൽ നിന്ന് മല കയറ്റം തുടങ്ങുന്നതുപോലെ. ഈ കാത്ഗോഡം എന്ന സ്ഥലപ്പേര് എനിക്ക് ഒട്ടും പിടിച്ചില്ല. ഒട്ടും ഭാരതീയമല്ലാത്ത പേർ. ഹരിദ്വാർ, ഋഷികേശ് എന്നിങ്ങനെ ഉള്ള ഭാരതീയമായ സ്ഥലപ്പേരുകൾ കേട്ടിട്ടുള്ള എനിക്ക് ഈ സ്ഥലപ്പേർ അരോചകമായി തോന്നി. യാത്ര തുടങ്ങുന്ന സ്ഥലമായതുകൊണ്ട് അവിടെ ഒരു ഗണപതിക്ഷേത്രം വേണ്ടതാണെന്നെനിക്ക് തോന്നി. എന്നിട്ട് ആ സ്ഥലത്തിന് ഗണേശമണ്ഡപം എന്ന് പേർ കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നൂ എന്നും. അപ്പോൾ ഈ കാത്ഗോഡം എന്ന പേരും ഒഴിവായിക്കിട്ടുമായിരുന്നു. എന്നിട്ട് വേണം അവിടെ ഗണപതിക്ക് തേങ്ങ ഉടച്ചിട്ട് മല കയറ്റം തുടങ്ങാൻ. ഗണപതിക്ക് തേങ്ങ ഉടക്കാതെ എന്ത് യാത്ര? എന്ത് തീർത്ഥാടനം? പക്ഷേ, ഡൽഹിയിലെ നാളികേരത്തിന്റെ വില മനസ്സിലോർത്തപ്പോൾ ഞാൻ അറിയാതെ ഈശ്വരാ എന്നു പറഞ്ഞു പോയി.
യാത്രയിലെ അടുത്ത സ്ഥലം 'ഭീംതാൾ' ആണ്. -- ഭീമതളം. ഈ പേര് കൊള്ളാം; തികച്ചും ഭാരതീയം തന്നെ. ദ്രൗപദിയുടെ മനോകാമന നിറവേറ്റാൻ സൗഗന്ധിക പുഷ്പം തേടി ഹിമാലയത്തിലേക്ക് പോകുമ്പോൾ പണ്ട് ഭീമനെങ്ങാൻ ഇവിടെ താമസിച്ചുകാണും. അങ്ങനെയായിരിക്കാം ഈ പേർ വന്നത്. പൂവും തേടി നടക്കുമ്പോൾ എന്തൊക്കെയായിരുന്നുവോ ആവോ ഭീമന്റെ മനസ്സിൽ ഉണ്ടായിരുന്നത്? വില്ലാളി വീരനായ അർജുനൻ ഭർത്താവായി ഉണ്ടായിട്ടും ദ്രൗപദി ഭീമനെയാണ് കൽഹാരപുഷ്പം പറിക്കാൻ ഹിമാലയത്തിലേക്കയച്ചത്. എന്തായിരുന്നുവോ ആവോ അതിനു കാരണം? ഭീമനു മാത്രമേ ഇത്രയും ശ്രമകരമയ കാര്യം ഉദ്യമിക്കാൻ പറ്റൂ എന്നവൾ കരുതിക്കാണണം. അതോ, കുറേ ദിവസത്തേക്ക് ഭീമനെ ഇന്ദ്രപ്രസ്ഥത്തിൽ നിന്ന് മാറ്റി നിറുത്തുക എന്ന വല്ല ദുരുദ്ദേശവും അവൾക്കുണ്ടായിരുന്നുവോ ആവോ? അഞ്ചല്ലായിരുന്നുവോ പാഞ്ചാലിക്കാണുങ്ങൾ?
ഇനി ഭീമൻ ഹിഡിംബിയെ കണ്ടതും അവർക്ക് ഘടോല്‍ക്കചൻ ജനിച്ചതും ഇവിടെ വച്ചായിരുന്നുവോ ആവോ? ഒരു പക്ഷേ അങ്ങനെയും ആകാം. അതൊന്നും അന്നൊരു പ്രശ്നവും സമൂഹത്തിൽ ഉണ്ടാക്കിയിരുന്നില്ല. രാജഭരണത്തിന്റെ 'ടെൻഷൻ' കുറക്കാൻ ഇമ്മാതിരി കാര്യങ്ങൾ രാജാക്കന്മാരെ ഒട്ടൊന്നുമല്ല അന്ന് സഹായിച്ചിരുന്നത്. പക്ഷേ ഇന്നോ? നമ്മുടെ ഇന്നത്തെ രാജാക്കന്മാരുടെ അവസ്ഥ നോക്കൂ, അവരെങ്ങാൻ ഇമ്മാതിരി വല്ലതും ഒപ്പിച്ചാൽ പിന്നെ സ്ത്രീപീഡനമായി, കോടതിയായി, മന്ത്രിസ്ഥാനത്തു നിന്നുള്ള രാജിക്ക് മുറവിളിയായി.. ചുരുക്കത്തിൽ ഈ ഭരണം കൊണ്ടുള്ള 'ടെൻഷൻ' ഒന്നു കുറക്കാൻ ജനങ്ങൾ സമ്മതിക്കില്ല എന്നു പറഞ്ഞാൽ മതിയല്ലോ. വന്ന് വന്ന് ഏറ്റവും കൂടുതൽ അരക്ഷിതരായ ഒരു കൂട്ടരായി മാറിയിരിക്കുന്നു പാവം ഈ രാഷ്ട്രീയക്കാർ. ആർക്കും കേറി കൊട്ടാവുന്ന ഒരു ചെണ്ടയാകുക എന്നൊക്കെ ആയാലുള്ള സ്ഥിതിയെന്താ?
ഉണ്ട്, ഇനിയും ധാരാളം സ്ഥലപ്പേരുകൾ... മിർത്തി, മങ്ങ്തി, ധാർചുല, സിർഖ, ഗാല, ഗുഞ്ചി എന്നിങ്ങനെ. ഈ പേരുകൾ നമുക്ക് ചേരുന്നതായി എനിക്കൊട്ടും തോന്നിയില്ല. വേണം, ഇതിനൊക്കെ ഭാരതീയമായ പേരുകൾ..... വേണം, ഇതിന്റെയൊക്കെ പേരിനൊക്കെ ദൈവങ്ങളുമായോ പുരാണങ്ങളുമായോ ഒരു ബന്ധം... എന്നാലേ ഈ കൈലാസതീർഥാടന ത്തിനൊരർത്ഥമുണ്ടാകൂ. . . മിർത്തി എന്നത് മൈത്രി എന്നാക്കിയാൽ കൊള്ളാമെന്നെനിക്ക് തോന്നി. നേപ്പാൾ വഴി കൈലാസത്തിൽ പോകുമ്പോൾ അവിടെ ഒരു 'ഫ്രന്റ്ഷിപ്' പാലം ഉണ്ടത്രെ. മിർത്തി എന്നത് മൈത്രി ആകുമ്പോൾ നമുക്കും കിട്ടുമായിരുന്നു അത്തരം ഒരു പേര്. തിബത്തുമായുള്ള മൈത്രിയുടെ പ്രതീകമായി ഈ സ്ഥലത്തിനെ നമുക്ക് കണക്കാക്കുകയുമാകാം..
ഈ സ്ഥലങ്ങൾക്ക് പുരാണത്തിന്റെ ടച്ചുള്ള പേരുകൾ തീർച്ചയായും ഉണ്ടായിരുന്നിരിക്കണം... പിന്നീട് പല കാരണങ്ങളാൽ ഈ പേരുകൾ മാറിപ്പോയതായിരിക്കണം... അവയുടെ പഴയ പേരുകൾ കണ്ടു പിടിക്കാൻ ഞാനൊരു ശ്രമം നടത്തി. സ്ഥലനാമകഥകളും സ്ഥലനാമചരിതങ്ങളുമടങ്ങിയ പല പുസ്തകങ്ങളും ഞാൻ പരതി. പക്ഷേ അതിലൊന്നും ഞാനീ സ്ഥലങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ കണ്ടില്ല. ഒടുവിൽ എന്തെങ്കിലും ക്ലൂ കിട്ടുമായിരിക്കും എന്നു കരുതി ഞാൻ പുരാണങ്ങളും ചരിത്രങ്ങളും ശ്രദ്ധാപൂർവ്വം വായിച്ചു. ഇല്ല, അതിലൊന്നും എനിക്കു വേണ്ട വിവരങ്ങൾ ഇല്ലായിരുന്നു. പ്രസിദ്ധീകൃതമായ പുസ്തകങ്ങളൊന്നും എനിക്ക് വേണ്ട വിവരങ്ങൾ തരാതിരുന്നപ്പോൾ ഞാൻ അപ്രകാശിതങ്ങളായ ഗ്രന്ഥങ്ങൾ തിരയാൻ തുടങ്ങി. ഒടുവിൽ പ്രൊഫ. വിക്റ്റർ ഷെപ്പേർഡിന്റെ അപ്രകാശിതമായ 'മഹാഭാരതചരിതം' ഈ സ്ഥലനാമങ്ങളുടെ വിവരങ്ങൾ എനിക്കു തന്നു.
പണ്ട് രാവണൻ തപസ്സു ചെയ്ത സ്ഥലമത്രെ ഇന്നത്തെ ധാർച്ചുല. മഹാകാളീനദിയിൽ നിന്നും ഒരു കൃഷ്ണശിലയെടുത്ത് നദിക്കരയിൽ വച്ച് ശിവലിംഗമെന്ന് സങ്കൽപ്പിച്ച് 1008 ദിവസം തുടർച്ചയായി ശിവന് ധാര ചെയ്തിട്ടുണ്ടത്രെ രാവണൻ. അങ്ങനെ രാവണൻ ധാര ചെയ്യാൻ ശില സ്ഥാപിച്ച സ്ഥലം ധാരശില എന്നറിയപ്പെട്ടു. ഈ ധാരശില പിന്നീട് പറഞ്ഞു പറഞ്ഞ് ധാർച്ചുലയായത്രെ.
റൂട്ട് മാപ്പിൽ ചൈനയുമായുള്ള അതിർത്തിയും അതിനപ്പുറം കൈലാസത്തി ലേക്കുള്ള വഴികളും കാണിച്ചിട്ടുണ്ട്. മാനസസരോവരത്തിനടുത്തായി 'രാക്ഷസതാൾ' എന്നൊരു തടാകം കൂടി കാണിച്ചിട്ടുണ്ട്. സ്ഥലപ്പേരുകളെല്ലാം വെറും ചൈനീസ്.. അല്ലെങ്കിൽ തിബറ്റൻ... ഇതെല്ലാം ഒരു കാലത്ത് ഭാരതീയമായ പേരുകളായിരുന്നിരിക്കണം...
യാത്രക്ക് വേണ്ടുന്ന പണത്തിന്റെ വിവരങ്ങൾ ... അതും ബുക്കിൽ വിശദമായി കൊടുത്തിട്ടുണ്ട്. ഈ യാത്ര അൽപ്പം ചെലവുള്ളതാണ്. 750 അമേരിക്കൻ ഡോളർ ചൈനക്ക് കൊടുത്താലേ ഈ യാത്ര തരമാകൂ. 750 ഡോളർ എന്നു പറഞ്ഞാൽ 35000 രൂപയോളമാകും. . . കൈലാസം ഇന്ത്യയിലായിരുന്നെങ്കിൽ ചെലവ് പകുതിയായി കുറഞ്ഞേനെ. അല്ലെങ്കിലും ഹിന്ദുക്കൾ ആരാധിക്കുന്ന ഒരു സ്ഥലം കമ്യൂണിസ്റ്റ് ചൈന കൈവശം വയ്ക്കേണ്ട കാര്യമൊന്നുമില്ല. അത് വല്ല വിധേനയും ഇന്ത്യയിലായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. പക്ഷേ അതിനുള്ള കോപ്പൊന്നും നമ്മുടെ രാഷ്ട്രീയ ചുറ്റുപാടുകൾ നോക്കുമ്പോൾ കാണാനില്ല. ഉള്ള മണ്ണ് ചൈന കൊണ്ടുപോകരുതേ എന്ന് പ്രാർത്ഥിക്കുന്നതാവും കുറച്ചു കൂടി നല്ലത് എന്നാണ് എനിക്ക് തോന്നുന്നത്.
യാത്രയ്ക്ക് ഇനിയും വേണം പണം.... ആദ്യം അടച്ച 5000 രൂപക്ക് പുറമേ 22000 രൂപ കൂടി ഭാരതസർക്കാറിനും കൊടുക്കണം. വിശദമായ മെഡിക്കൽ ചെക്കപ്പ് കഴിഞ്ഞേ യാത്രാനുമതി ലഭിക്കൂ; അതിനും വേണം മുവ്വായിരത്തിൽ ചില്വാനം രൂപ... എല്ലാം കൂടി 65000 രൂപയോളമാകും.
യാത്രയ്ക്ക് കൊണ്ടു പോകാനുള്ള സാധനങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട് ബുക്കിൽ... എന്തെല്ലം സാധനങ്ങളാണ് വാങ്ങാൻ കിടക്കുന്നത്!!! റെയ്ൻകോട്ട് മുതൽ കാറ്റു കടക്കാത്ത മേൽവസ്ത്രം വരേയും, തണുപ്പകറ്റാൻ സ്വെറ്റർ മുതൽ പറ്റിക്കിടക്കുന്ന ഇന്നർവെയർ വരെയും വാങ്ങേണ്ടതുണ്ട്. പിന്നെ കൈകളുടെ തണുപ്പകറ്റാൻ തുകലിന്റേയും തുണിയുടേയും കയ്യുറകൾ വേണം,,,, തലയും മുഖവും മൂടാൻ മങ്കീ കാപ് വേണം... ശിവ..ശിവ.. ഇതെല്ലം ഉണ്ടായിട്ടാണോ മായാദേവി പണ്ട് കൈലാസത്തിൽ പോയത്? ഇതൊക്കെ ഇട്ടിട്ടാണോ നമ്മുടെ ശങ്കരാചര്യർ തപസ്സിനു പോയത്? കാലിൽ ഷൂസും തലയിൽ മങ്കീ കാപ്പും ദേഹത്ത് തണുപ്പിനുള്ള വസ്ത്രങ്ങളും ധരിച്ച മായാദേവിയെ ഞാൻ മനസ്സിൽ സങ്കല്പിക്കാൻ ശ്രമിച്ചു. എം.എഫ്. ഹുസൈനെങ്കിലും വരക്കാമായിരുന്നൂ അത്തരം ചിത്രങ്ങൾ. .. അതിനെങ്ങനെ, അങ്ങോർക്ക് ദൈവങ്ങളുടെ തുണി ഇല്ലാതാക്കലല്ലായിരുന്നോ പണി?
മങ്കീ കേപ്പ്!!! കൊള്ളാം.. ആരു കൊടുത്തൂ ആവോ ഈ പേര്? ശരിക്കും ഒരു കുരങ്ങനെപ്പൊലെ തന്നെ തോന്നും ഈ മങ്കീ കാപ് ധരിച്ചാൽ... എന്നലെന്താ?.. തലക്കും മുഖത്തിനും തണുപ്പൽപ്പം പോലും തട്ടില്ല...
സാധനങ്ങളുടെ ലിസ്റ്റ് അവസനിക്കുന്നില്ല... കത്തി മുതൽ ടോർച്ച് വരെയും . . . ട്രക്കിങ്ങ് ഷൂസ് മുതൽ സൺ ഹാറ്റ് വരെയും... വെയിൽ കൊള്ളാത്ത സൺഗ്ലാസ് മുതൽ മഞ്ഞിനെ തടുക്കുന്ന സ്നോഗ്ലാസ് വരെയും... തീപ്പെട്ടി മുതൽ മെഴുകുതിരി വരെയും, സൺസ്ക്രീൻ ലോഷൻ മുതൽ ടോയ്ലറ്റ് പേപ്പർ വരെയും, കുത്താനുള്ള വടി, പ്ലേറ്റ്, കപ്പ്, മഗ്ഗ്, സ്പൂൺ . . . . . . എന്ന് ലിസ്റ്റ് നീണ്ട് പോകുകയാണ്...
കയ്യിൽ കരുതേണ്ട മരുന്നുകളുടേയും തയ്യാറാക്കേണ്ട രേഖകളുടേയും മറ്റും വിവരങ്ങളും അതിലുണ്ട്. പഞ്ഞി, ബാൻഡേജ്, ടിങ്ചർ, വിറ്റാമിൻ ഗുളികകൾ, പനി, തലവേദന, വയറിളക്കം തുടങ്ങിയവയ്ക്ക് വേണ്ട മരുന്നുകൾ തുടങ്ങി ഒരു നല്ല ഫസ്റ്റ് എയ്ഡ് കിറ്റ് തന്നെ റെഡിയാക്കേണ്ടതുണ്ട്.
എന്തായാലും ഈ യാത്ര സാധാരണ യാത്രകളിൽ നിന്നും വ്യത്യസ്തമാകാൻ പോകുകയാണ്. യാത്രയുടെ ലക്ഷ്യം കൊണ്ടോ തീർത്ഥസ്നാനത്തിന്റെ പുണ്യം കൊണ്ടോ അല്ല ഈ വ്യത്യാസം.. മറിച്ച്, യാത്രയിൽ കൊണ്ടുപോകുന്ന സാധനങ്ങളാണീ യാത്രയെ വ്യത്യസ്തമാക്കാൻ പോകുന്നത്. ആദ്യത്തെ സാധനം മൊബൈൽ ഫോൺ തന്നെ. അതാരും ചുമക്കാൻ സാദ്ധ്യതയില്ല. മനുഷ്യന്റെ ക്ഷമയും സ്വസ്ഥതയും നശിപ്പിക്കാൻ ഇതിനേക്കാൾ മെച്ചമായ സാധനം മറ്റൊന്നുണ്ടോ? മൊബൈൽ ഫോൺ എന്ന ഐഡിയയാണോ ഐഡിയയെന്ന മൊബൈൽ ഫോണാണോ മനുഷ്യന് കൂടുതൽ ദോഷം എന്ന് വേർതിരിച്ചറിയാനും കൂടി ആവുന്നില്ല. ഹാവൂ, യാത്രയുടെ ഒരു മാസം എന്തൊരു സ്വസ്ഥതയായിരിക്കും... ആരും വിളിക്കില്ല.. വിളിച്ചാലും കിട്ടില്ല... ഹിമാലയത്തിലൊന്നും മൊബൈൽ ഫോൺ പ്രവർത്തിക്കില്ല. അതുകൊണ്ട് ആണ് അതാരും എടുക്കില്ലെന്ന് പറഞ്ഞത്. . ഞാനെന്തായാലും അതെടുക്കാനുദ്ദേശിക്കുന്നില്ല.. . . .
വന്ന് വന്ന് ഹിമാലയം മാത്രമേ ഇപ്പോൾ മൊബൈൽ സിഗ്നലുകളില്ലാത്ത സ്ഥലമായുള്ളൂ. അത് എത്ര കാലത്തേക്കാണാവോ എന്തോ? അധികം വൈകാതെ അവിടേയും വലിയ മൊബൈൽ ടവറുകൾ സ്ഥാപിതമായേക്കാം... പ്രകൃതിയോടോ ജീവജാലങ്ങളോടോ ഒരു പ്രതിബദ്ധതയും ഇല്ലാത്ത ഗവണ്മെന്റും സേവനദാതാക്കളുമുള്ളപ്പോൾ, രാജയെപ്പോലുള്ള രാജാക്കന്മാരുള്ളപ്പോൾ, ഹിമാലയത്തിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ വൈകുന്നതെന്തേ എന്ന അത്ഭുതമേ എനിക്കുള്ളു. ആരാണിവർക്ക് സേവനദാതാക്കൾ എന്ന പേർ നൽകിയതാവോ? ഉപഭോക്താവിന്റെ കയ്യിലെ പണം തങ്ങളുടെ പക്കലെത്തിക്കാൻ വേണ്ട എല്ലാ അടവുകളും അറിയുന്ന ഇവരെ 'ഉപഭോക്‍തൃചൂഷകർ' എന്നു വിളിക്കുന്നതിനോടാണെനിക്ക് താല്പര്യം... എങ്ങനെയും പണമുണ്ടാക്കുക എന്നായിരിക്കുന്നു ഇപ്പോഴത്തെ കോർപ്പറേറ്റ് മുദ്രാവാക്യം... വെറുതെയല്ല നീരാ റാഡിയമാരും 'സുരേഷ് കലാമിറ്റി'മാരും ഇന്ത്യൻ രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രങ്ങളായത്! അണ്ണാ ഹസാരെയും സംഘവും വിചാരിച്ചാൽ നേരേയാക്കാവുന്നതാണോ ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയം??
അടുത്തതായി ഒഴിവാക്കപ്പെടുന്ന സാധനം ലാപ്ടോപ്പാണ്. കഴിഞ്ഞ 3 വർഷമായി സ്ഥലകാല വ്യത്യാസമില്ലാതെ ഊണിലും ഉറക്കത്തിലും കൂടെയുള്ളതാണീ വസ്തു. അതാണിനി ഒരു മാസം ഉപയോഗിക്കാതെ പോകുന്നത്. തിരിച്ചു വരുമ്പോഴേക്കും മെയിൽ ബോക്സ് നിറഞ്ഞിരിക്കും എന്നാലും സാരമില്ല, ലാപ്ടോപ്പിന്റെ ബാറ്ററിക്കൊന്നും പറ്റാതിരുന്നാൽ മതിയായിരുന്നു.
യാത്രയിൽ ഇല്ലാതെ പോകുന്ന അടുത്ത സാധനം ലഗേജ് കൊണ്ടു പോകുന്ന പെട്ടിയാണ്. ആരും വി.ഐ. പി, സാംസണൈറ്റ്, അരിസ്റ്റോക്രാറ്റ് എന്നിങ്ങനെയുള്ള സ്യൂട്ട്കെയ്സും വലിച്ച് ഈ യാത്രക്ക് വരില്ല. അത്തരം പെട്ടികളൊന്നും യാത്രക്ക് പറ്റില്ലെന്ന് പുസ്തകത്തിലുണ്ട്. റോഡുണ്ടായിട്ട് വേണ്ടേ റോഡിലൂടെ വലിക്കാൻ? ഇത് അത്തരം യാത്രയല്ല. നടന്നാണ് യാത്രയുടെ പ്രധാനഭാഗവും താണ്ടുന്നത്. അതിന്, പുറത്ത് തൂക്കുന്ന തരം ബാഗുകളേ ഉപകരിക്കൂ. ബാഗെന്നു കേൾക്കുമ്പോഴേ എന്താശ്വാസം!!! അത് ശരീരത്തിന്റെ പുറത്ത് കിടന്നുകൊള്ളും... എങ്ങനെയാണാവോ ഈ ചെറുപ്പക്കാരൊക്കെ റയിൽവേ സ്റ്റേഷനിലും നാറുന്ന ബസ്‍സ്റ്റാന്റുകളിലും ഉള്ള ചളിയിലും തുപ്പലിലും തീട്ടത്തിലും കൂടി ഈ സ്യൂട്ട്കെയ്സും വലിച്ച് നടക്കുന്നത്? കാണുമ്പോൾ അറപ്പ് തോന്നും... ഇത് വീട്ടിനകത്ത് കേറ്റി വയ്ക്കേണ്ട ഒരു സാധനമാണെന്ന് അവർക്കിങ്ങനെ കുപ്പയിലിട്ട് വലിക്കുമ്പോൾ തോന്നാത്തതെന്താണാവോ? എന്തയാലും ഈ യാത്രയിൽ അത്തരം ഒരു കാഴ്ച കാണേണ്ടി വരികില്ല. മഹാദേവന് സ്തുതി!
യാത്രയ്ക്ക് ആരും ഒഴിവാക്കാത്തതും എന്നാൽ ഞാൻ വേണ്ടെന്നു വച്ചതുമായ ഒന്ന് കാമറയാണ്. ഫോട്ടോകളെടുക്കാൻ യാത്രികർ മൽസരിക്കുകയായിരിക്കും... ഫോട്ടോ എടുക്കുക, നെറ്റിൽ ആൽബം ഉണ്ടാക്കുക, ഫെയ്സ്ബുക്ക് പോലുള്ള സോഷ്യൽ നെറ്റ്വർക്കുകളിൽ പോസ്റ്റ് ചെയ്യുക. . . . ഇതൊക്കെയല്ലേ ഇപ്പോഴത്തെ ആളുകളുടെ ഹോബിയും ശീലവും? എന്തായാലും ഞാനതിനില്ല.. തീർത്ഥസ്നാനവും മോക്ഷപ്രാപ്തിയുമാണ് കൈലാസയാത്രയുടെ ലക്ഷ്യമെങ്കിൽ അരുത് ... ഇതൊന്നും ചെയ്യരുത്... കൈലാസനാഥനെ കാമറയിൽ തളക്കുമ്പോഴുള്ള പാപം ഏത് തീർത്ഥാടനം കൊണ്ട് തീർക്കാനൊക്കും? മാത്രമോ? പോകുന്ന വഴികളിൽ വൈദ്യുതി ഉണ്ടോ എന്നൊന്നും ഉറപ്പില്ല. കാമറയുടെ ബാറ്ററി ചാർജ് ചെയ്യാനുള്ള സൗകര്യമൊക്കെ കിട്ടുമോ ആവോ? ഇനി ഉണ്ടെങ്കിൽ തന്നെ അമ്പതും അറുപതും പേർ ഒന്നോ രണ്ടോ ചാർജിങ്ങ് സോക്കറ്റിനു ചുറ്റും ബാറ്ററി ചാർജ് ചെയ്യാൻ നിന്നാലുള്ള അവസ്ഥ എന്തായിരിക്കും? തീവണ്ടിയിലെ സ്ലീപ്പർ ക്ലാസിൽ ഒരു മൊബൈൽ ഫോൺ ചാർജ് ചെയ്യാനുള്ള തിരക്കും തത്രപ്പാടും അറിയാതെ ഞാനോർത്തുപോയി. . . .
ഞാനൊഴിവാക്കുന്ന അടുത്ത ഐറ്റം ഷേവിങ്ങ് സെറ്റാണ്. വർഷങ്ങളായി മുടങ്ങാതെ ദിനം പ്രതി ചെയ്യുന്ന ഒന്നാണ് ഷേവിങ്ങ്; മാത്രമല്ല, യാത്ര എന്നു കേൾക്കുമ്പോൾ ആദ്യം പെട്ടിയിൽ എടുത്തു വയ്ക്കുന്ന സാധനവുമാണത്. അതിന് ഞാൻ ഒരു മാസത്തെ അവധി കൊടുക്കുകയാണ്. ഓഫീസിലൊന്നുമല്ലല്ലോ പോകുന്നത്... തീർത്ഥാടനമല്ലേ? യാത്രയിൽ സ്ത്രീകൾ കാണുമെങ്കിലും ചെറുപ്പക്കാരികളുണ്ടാകാൻ സാധ്യത കുറവാണ്... യാത്ര ഒരു മാസമാണെന്നറിയുമ്പോൾ . . . ഇല്ല, അവരൊന്നു മടിക്കും... അവരൊന്നും യാത്രയ്ക്കില്ലെങ്കിൽ മുളയ്ക്കാൻ പോകുന്ന നരച്ച താടിയൊന്നും ഒരു പ്രശ്നമല്ല. ഇന്നസെന്റിന്റെ ഭഷയിൽ പറഞ്ഞാൽ ഈ എക്സ്പയറി ഡെയ്റ്റൊക്കെ കഴിഞ്ഞ കിഴവികളും തൊണ്ടികളും എന്റെ നരച്ച താടി കണ്ടെന്നു വച്ച് കുഴപ്പമൊന്നുമില്ല.
യാത്രയ്ക്ക് എടുത്തു വയ്ക്കേണ്ടതായി ഒന്നുണ്ട്. കണ്ണാടി.... യാത്രയിൽ സുഹൃത്തുക്കളാരും ഉണ്ടാവില്ല... മലയാളികൾ കാണും... പക്ഷേ അവരൊക്കെ എത്ര സൗഹൃദം കാട്ടും എന്നറിയില്ലല്ലോ. "കണ്ണാടിയുണ്ടെങ്കിൽ ചങ്ങാതി വേണ്ട" എന്നല്ലേ പുതുചൊല്ല്? നരച്ച താടി മുളച്ചു വരുമ്പോൾ മുഖം എങ്ങനെയുണ്ടാകും എന്ന് വല്ലപ്പോഴും നോക്കുകയുമാവാമല്ലോ!! അതുകൊണ്ട് ഇരിക്കട്ടെ, ഒരു കണ്ണാടി.
കൈലാസയാത്രയെക്കുറിച്ച് ചിന്തിച്ചും മനസ്സിലാക്കിയും ദിവസങ്ങൾ പോക്കവേ വിദേശമന്ത്രാലയത്തിൽ നിന്ന് വീണ്ടും ഒരു കവർ എന്നെത്തേടി എത്തി. ഇത്തവണ അതെന്നെ അമ്പരിപ്പിക്കുക മാത്രമല്ല അത്യധികം സന്തോഷിപ്പിക്കുകയും ചെയ്തു. ഞാൻ അഗ്രഹിച്ചതുപോലെ കൈലാസയാത്രയ്ക്ക് എന്റെ പേര് സ്ഥിരപ്പെടുത്തിയിരിക്കുന്നു. ഇനി യാത്രയ്ക്ക് തയ്യാറായി ഡൽഹിയിലെത്തുകയേ വേണ്ടൂ. ശങ്കരാചാര്യ സ്വാമികളുടെ അനുഗ്രഹം...
യാത്രയ്ക്ക് സാധനങ്ങൾ പലതും വാങ്ങാനുണ്ടെങ്കിലും യാത്രയ്ക്ക് ഇനിയുമുണ്ട് മാസങ്ങൾ . . . അതിനകത്ത് യാത്രയ്ക്ക് വിഘാതമാകുന്ന യാതൊന്നും ഉണ്ടാകാതിരുന്നാൽ മതിയായിരുന്നു. നാട്ടിൽ അമ്മ പ്രായമായി ഇരിപ്പുണ്ട്. ആരോഗ്യം തീരെ പോരാ... എന്തും എപ്പോഴും സംഭവിക്കാം. . . . ഈശ്വരാ, അടുത്ത രണ്ടു മാസത്തേയ്ക്കൊന്നും സംഭവിക്കരുതേ.
യാത്രയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഞാൻ നെറ്റിൽ തിരയാൻ തുടങ്ങി. ഞാൻ നേരത്തെ കണ്ട സുരേഷിനു പുറമേ മറ്റു പലരേയും അവിടെ കണ്ടു. അവരെയെല്ലാം ഞാനും യാത്രയ്ക്കുണ്ടെ ന്നറിയിക്കുകയും ചെയ്തു.
അവർ എല്ലാവരും തന്നെ യാത്രക്ക് വേണ്ട സാധനങ്ങൾ വാങ്ങുന്ന തെരക്കിലാണ്. വില കൂടിയ ഷൂസുകൾ, വില കൂടിയ വാക്കിങ്ങ് സ്റ്റിക്കുകൾ, മഴ നനയാതിരിക്കാനുള്ള സൗകര്യപ്രദമായ വസ്തുക്കൾ... എന്തൊക്കെയാണിവർ വാങ്ങുന്നത്.... കൈലാസത്തിൽ പോയ നമ്മുടെ പൂർവ്വീകരാണ് അപ്പോഴും എന്റെ മനസ്സിൽ വന്നത്. അവരൊക്കെ ഇതൊക്കെ ഉണ്ടായിട്ടായിരുന്നുവോ യാത്ര നടത്തിയിരുന്നത്? അല്ല തന്നെ.
അങ്ങനെയിരിക്കേ ഞനൊരു ക്ലിനിക്കിൽ കയറി... ആരോഗ്യമൊക്കെ ഒന്നു നോക്കാമല്ലോ. ബി. പി., ഷുഗർ, ഹാർട്ട്, ലങ്ങ്സ് എന്നു തുടങ്ങി ഒരു പറ്റം ചെക്കപ്പുകൾ യാത്രയ്ക്ക് മുമ്പ് നടത്തേണ്ടതു കൊണ്ടാണ് ഞാനത് ചെയ്തത്. ഞാൻ ഡോക്റ്ററോട് എന്റെ ആവശ്യം പറഞ്ഞു..... ഡോക്റ്റർ എന്റെ ബി. പി. നോക്കി... എന്നിട്ടെന്റെ മുഖത്തേക്കും... ആ മുഖം പറയുന്നുണ്ടായിരുന്നു എന്റെ പ്രഷർ വളരെ കൂടുതലാണ് എന്ന്. ഞാൻ നോക്കി. 160/100... ബി. പി. ചില്ലറയൊന്നുമല്ല.. നല്ല ബ്രിട്ടീഷ് ഹോഴ്സ് പവറിലല്ലേ എന്റെ ഹൃദയം രക്തം പമ്പ് ചെയ്യുന്നത്? ഡോക്റ്റർമാരുടെ ഭാഷയിൽ പറഞ്ഞാൽ നല്ല ഹൈപ്പർ ടെൻഷൻ!!!! ഒരാഴ്ച തുടർച്ചയായി ബി.പി. നോക്കാനും അതിനുശേഷം മരുന്നു കഴിക്കാനും ഡോക്റ്റർ എന്നെ ഉപദേശിച്ചു.
എന്റെ കൈലാസയാത്ര വെള്ളത്തിലായതു തന്നെ എന്നു ഞാൻ കരുതി. . . ഞാനാകെ വിഷണ്ണനായി.
........................................................................................................ തുടരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ