2011, ജൂൺ 23, വ്യാഴാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 3

കൈലാസയാത്രയെക്കുറിച്ച് ഗൗരവമായി ചിന്തിയ്ക്കുന്നതുവരെ എന്റെ മനസ്സിൽ മാനസ സരോവരമേ ഉണ്ടായിരുന്നുള്ളു. 'മാനസസരസ്' എന്നേ ഞാൻ അതുവരെ കേട്ടിരുന്നുള്ളു. പക്ഷേ, കൈലാസ യാത്രയെപ്പറ്റി വന്ന പരസ്യത്തിലും തുടർന്നും പകരം കണ്ടു തുടങ്ങിയത് മാന സരോവരമെന്നാണ്‌. മാന സരസ്സെന്നും മാനസ സരസ്സെന്നുമുള്ള രണ്ടു പേരുകൾ കണ്ടപ്പോൾ എനിയ്ക്ക് കണ്ണൂർ, കണ്ണനൂർ എന്നീ രണ്ടു പ്രയോഗങ്ങളാണ്‌ ഓർമ്മയിൽ വന്നത്. ശരിയ്ക്കുള്ള സ്ഥലപ്പേർ കണ്ണൂർ എന്നാണ്‌. പക്ഷേ, സായിപ്പാണോ എന്തോ, പറഞ്ഞപ്പോഴത് കണ്ണനൂർ ആയി. പിന്നെ ഇംഗ്ലീഷിൽ കാനനൂർ ആയി പ്രയോഗം. എന്നു വച്ച് അത് തെറ്റി എന്നു പറയാനാവില്ല. കാരണം കണ്ണൂർ എന്നതിനേക്കാൾ ശരി കണ്ണനൂർ എന്നു തന്നെയാണ്‌. കണ്ണന്റെ ഊരാണ്‌; അല്ലാതെ കണ്ണിന്റെ ഊരല്ല; അതു കണ്ണനൂരേ ആവുള്ളു. അപ്പോൾ കണ്ണനൂർ എന്നു തന്നെയാണ്‌ ശരി. കണ്ണപുരം എന്നത് ഫുൾ ശരി. പക്ഷേ കണ്ണപുരം എന്ന സ്ഥലം തൊട്ടപ്പുറത്തുള്ളതുകൊണ്ട് കണ്ണനൂർ മതി. എന്തായാലും, വന്ന് വന്ന്, ഇംഗ്ലീഷിലും മലയാളത്തിലും ഇപ്പോൾ കണ്ണൂരേ ഉള്ളൂ.

അതു പോട്ടെ. പക്ഷേ മാനസരസ്സെന്നത് സായിപ്പിന്റെ പ്രയോഗമാണെങ്കിലും അല്ലെങ്കിലും അത് തെറ്റു തന്നെ. കണ്ണനൂരിലെന്ന പോലെ ഒരു പാസ്മാർക്ക് അതിനു കൊടുക്കാൻ പറ്റില്ല. സരോവരം എന്നാല്‍ തടാകം. സരസ്സെന്നും പറയും. മാനസരോവരം എന്നാല്‍ മാനത്തെ തടാകം. പക്ഷെ, മാനസസരോവരം എന്നാകുമ്പോള്‍ മനസ്സിലെ തടാകം എന്നേ അർത്ഥം വരൂ. 'മനസ്സിൽ തടാകമോ?' എന്നാരെങ്കിലും എന്നോട് ചോദിച്ചാൽ 'പിന്നെ മാനത്താണോ തടാകം?' എന്നു തിരിച്ചു ചോദിയ്ക്കാനും ഇപ്പോഴെനിയ്ക്കറിയാം.

കൈലാസനാഥന്‍ നിത്യേന നീരാടുന്ന ജലാശയം ലോകത്തിന്റെ നിറുകയില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ടായിരിക്കുമോ ഇതിനെ മാനസരോവരം എന്ന് വിളിക്കുന്നത്? സമുദ്രനിരപ്പില്‍ നിന്നും ഇരുപതിനായിരത്തോളം അടി ദുരം മേലോട്ട് കയറിയാലേ ഈ തടാകത്തിലെത്തൂ എന്നത് കൊണ്ട്, വേണമെങ്കില്‍, ഇതിനെ മാനത്തെ തടാകം എന്ന് വിളിക്കാം. മണ്ണിൽ നിന്നുകൊണ്ട് ഇരുപതിനായിരം അടി മേലോട്ട് നോക്കിയാല്‍ മാനമല്ലാതെ മറ്റെന്താണ് കാണുക? ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം എന്ന നിലയില്‍ തിബറ്റിനെ 'ലോകത്തിന്റെ മേല്‍ക്കൂര'എന്ന് വിളിക്കാറുണ്ടല്ലോ! 'ലോകത്തിന്റെ മേൽക്കൂര' മാനത്തോടടുത്താകും എന്ന ഒരു ധാരണയിലായിരിയ്ക്കും ആരെങ്കിലും ഈ തടാകത്തിനെ 'മാനസരോവരം' എന്നു വിളിച്ചത്. പക്ഷെ .... ഈ തടാകത്തിലെത്തുമ്പോള്‍ നമുക്ക് മനസ്സിലാകും മാനം ശരിക്കും, എത്താന്‍ പറ്റാത്ത അത്രയും ദിഗന്തങ്ങള്‍ അകലെയാണെന്ന്. അപ്പോള്‍ പിന്നെ, ലോകത്തിലെ ഏറ്റവും കൂടുതല്‍ ഉയരെയുള്ളതാണെങ്കിലും ഈ തടാകമെങ്ങനെ മാനസരോവരം ആകും?

അതേ സമയം, ഈ തടാകം ആരുടെ മനസ്സിലാണില്ലാത്തത്? ഹിന്ദുവാകട്ടെ, ബൗദ്ധനാകട്ടെ, ജൈനമതക്കാരനാകട്ടെ ...മനുഷ്യൻ കൊതിയ്ക്കുന്നത് മരിയ്ക്കുന്നതിനു മുമ്പ് ഒരിയ്ക്കൽ.... ഒരിയ്ക്കലെങ്കിലും ....ഇവിടെ ഒന്ന് കാലു കുത്താൻ പറ്റണേ എന്നാണ്‌; ഈ ജലാശയത്തിൽ ഒന്ന് മുങ്ങി നിവരാൻ സാധിയ്ക്കണേ എന്നാണ്‌. സ്ഥലത്തിന്റെ ഭംഗിയും ഗാംഭീര്യവും അതിശയവും കാരണം മറ്റു മതക്കാരും അവിടെയൊന്നെത്തി നോക്കണമെന്ന് കരുതുന്നുണ്ടാകും. പക്ഷേ, അതവർക്കങ്ങോട്ട് പറയാനും ചെയ്യാനും ഇത്തിരി ബുദ്ധിമുട്ടാണെന്നു മാത്രം. അവരെല്ലാം ഏകദൈവ വിശ്വാസികളാണല്ലോ! പോരാത്തതിന്‌ മതത്തിന്റെ കർശനമായ നിയന്ത്രണങ്ങളുമുണ്ട്. കൈലാസത്തിൽ പോയതിന്‌ എന്തു ന്യായം പറയും? കൈലാസത്തിൽ പോകാനാഗ്രഹിയ്ക്കുന്ന എത്രയോ അന്യ മതസ്ഥരെ എനിയ്ക്കറിയാം. പോയവരും കാണും. ഈ തടാകവും അത്ഭുതാവഹമായ കൈലാസവും മനസ്സിൽ പേറിയാണ്‌ മനുഷ്യനെന്നും നടക്കുന്നത്. അപ്പോൾ പിന്നെ, ഈ തടാകത്തെ മാനസ സരോവരം എന്നു പറയുന്നതല്ലേ ശരി? മനസ്സിലെ തടാകം മാനസ സരോവരമേ ആകൂ, മാന സരോവരം ആകില്ല തന്നെ. അതുകൊണ്ട് ആരെന്തു വിളിച്ചാലും എനിയ്ക്കിത് മാനസ സരസ്സാണ്‌. പറയാൻ തന്നെ എന്തു രസം! ഡൽഹിയിൽ നിന്നും അഞ്ഞൂറോളം നാഴിക അകലെയുള്ള ഈ സ്നാനതീർത്ഥം ഓരോ ഭക്തന്റേയും മനസ്സിലാണ്‌ സ്ഥിതി ചെയ്യുന്നത് എന്നു പറയുമ്പോഴുള്ള വിരോധാഭാസം ഒന്നു നോക്കണേ!

പക്ഷേ, ഒന്നോർത്താൽ ഈ മനസ്സും മാനവും ഒന്നാണെന്നും എനിയ്ക്ക് തോന്നാറുണ്ട്. മനസ്സ്, ഈ ശരീരത്തിനകത്ത് ആണെന്നു പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ? അതു മാനം പോലെ തന്നെ മനുഷ്യന്‌ അപ്രാപ്യമല്ലേ? മാനത്ത് മേഘമാലകളാണെങ്കിൽ മനസ്സിൽ ചിന്താധാരകളാണെന്ന വ്യത്യാസം മാത്രം. മാനത്ത് കാറും കോളും ഉണ്ടാകുന്നത് പോലെ മനസ്സിലും ഉണ്ടാകാറില്ലേ കാറും കോളും? എന്തായാലും ആ വിഷയം അവിടെ നിൽക്കട്ടെ; മാനസമല്ല മാനസസരസ്സാണ്‌ ഇവിടത്തെ ഇപ്പോഴത്തെ വിഷയം.

ആരാണാവോ ആദ്യം ഈ മാനസസരസ്സിൽ എത്തിയത്? പർവതാരോഹണമൊക്കെ തുടങ്ങുന്നത് വളരെ പിന്നീട്. അതിനൊക്കെ എത്രയോ മുമ്പ് തന്നെ നമ്മുടെ ഋഷിമാരും ആചാര്യന്മാരും ഇവിടെ എത്തിയിട്ടുണ്ട്. ആരായിരിയ്ക്കും ഇങ്ങോട്ടുള്ള വഴി കണ്ടു പിടിച്ചതാവോ? നമ്മുടെ പ്രധാന നദികളെല്ലാം മാനസസരോവരത്തിൽ നിന്നാണ്‌ ഉത്ഭവിയ്ക്കുന്നത് എന്നല്ലേ പറയുന്നത്? എങ്കിൽ, നദിയുടെ ഉത്ഭവം കാണാനാഗ്രഹിച്ച ആരെങ്കിലുമായിരിയ്ക്കും ഈ പ്രദേശം കണ്ടെത്തിയത്? അപ്പോൾ ഇവരൊക്കെ ഏതെങ്കിലും നദിയുടെ കരയിലൂടെ, കാട്ടിലൂടേയും മലയിലൂടേയും നടന്ന് അവസാനം നദിയുടെ ഉത്ഭവസ്ഥാനമായ മനോഹരവും ആശ്ചര്യകരവുമായ ഈ സ്ഥലത്തെത്തിക്കാണണം. നടക്കുമ്പോൾ അവർ അറിഞ്ഞു കാണണമെന്നില്ല, തങ്ങൾ എത്താൻ പോകുന്നത് തീർത്ഥാടനത്തിന്റെ കുലസ്ഥാനത്തേയ്ക്കാണെന്ന്‌. ദുർഘടമായ പാതകൾ താണ്ടി അവിടെയെത്തിയ അവർക്ക് അവാച്യവും ദിവ്യവുമായ ആ സ്ഥലം എന്തെന്നില്ലാത്ത കുളിർമ്മയും സന്തോഷവും നൽകിയിട്ടുണ്ടാകാം. മടക്കയാത്രയിലയിരിയ്ക്കാം ഇപ്പോഴുള്ളതുപോലുള്ള വഴികൾ കണ്ടു പിടിച്ചത്. ബുദ്ധഭഗവാനെ പ്രസവിക്കുന്നതിനു മുമ്പായി മായാദേവി ഈ സരസ്സിൽ കുളിച്ചിട്ടുണ്ടത്രെ. അവർ പിന്നീട് ലുംബിനിയിലെത്താൻ എത്ര ദൂരം താണ്ടിയിരിയ്ക്കുന്നു. ഗർഭിണികൾക്കു പോലും പ്രാപ്യമായിരുന്നു ഈ പ്രദേശം എന്നല്ലേ അതിൽ നിന്നു നാം മനസ്സിലാക്കേണ്ടത്? ഇന്നിപ്പോൾ എന്തെല്ലാം മെഡിക്കൽ ടെസ്റ്റുകൾ കഴിയണം അങ്ങോട്ട് പോകാനൊരു അനുവാദം കിട്ടുന്നതിന്‌? ഭക്തന്റെ കയ്യിലെ പണം ഖജനാവിലെത്തിയ്ക്കാനും ഈ മെഡിക്കൽ ടെസ്റ്റ് ഉപയോഗിയ്ക്കുന്നുണ്ടാകണം. കഷ്ടം, പണം വാരാനും അനന്തമായ വഴികൾ!

മറ്റാരെയും പോലെ ഞാനും കൊതിച്ചു... ഈശ്വരാ... എനിയ്ക്കൊരിയ്ക്കൽ കൈലാസദർശനം സാധിയ്ക്കണേ എന്ന്‌. അതിപ്പോൾ സാധിതമാകാൻ പോകുകയാണോ എന്തോ? ഞാൻ കൊല്ലൂരിൽ മൂകാംബികാദേവീ ദർശനവും കുടജാദ്രിയിൽ ശങ്കരപീഠ ദർശനവും ജമ്മുവിൽ വൈഷ്ണോദേവീ ദർശനവും നടത്തിയത് ഒന്നിനു പുറകെ മറ്റൊന്ന് എന്ന ക്രമത്തിലായിരുന്നു. വൈഷ്ണോദേവീദർശനമാകട്ടെ, തികച്ചും അപ്രതീക്ഷിതവും ആയിരുന്നു. അപ്പോൾ ഞാൻ കരുതിയത്, അത് സാക്ഷാൽ ശങ്കരാചാര്യസ്വാമികളുടെ ഒരനുഗ്രഹം കൊണ്ടാണെന്നായിരുന്നു. വൈഷ്ണോദേവീ ദർശനം കഴിയുമ്പോഴാണ്‌ വിദേശമന്ത്രാലയത്തിന്റെ വക കൈലാസദർശനത്തിന്റെ പരസ്യം കണ്ണിൽ പെട്ടത്. പിന്നെ മറ്റൊന്നാലോചിക്കാതെ ഞാൻ ആദ്യം ചെയ്തത് അതിനായി അപേക്ഷ അയയ്ക്കുക എന്നതായിരുന്നു. അപ്പോഴും ഞാൻ കരുതി, ശങ്കരപാദരുടെ ഒരു ദൃഷ്ടി എന്റെ മേലുണ്ടാകുമെന്നും മാനസസരസ്സിലെ തീർത്ഥത്തിൽ മുങ്ങി നീരാടാൻ എനിയ്ക്ക് ഒരു അവസരം കിട്ടിയേക്കുമെന്നും.

ദേവന്മാർ ദിവസവും ബ്രാഹ്മമുഹൂർത്തത്തിൽ കുളിച്ചു കയറുന്നത് ഈ പവിത്രമായ മാനസസരോവരത്തിലാണെന്നല്ലേ നാം വിശ്വസിക്കുന്നത്. മനസ്സു കൊണ്ടും വാക്കുകൊണ്ടും പ്രവർത്തി കൊണ്ടും ആഭാസനായ എനിയ്ക്ക് ആ തീർത്ഥത്തിൽ ശിരസ്സൂ താഴ്ത്താൻ പറ്റുക എന്നത് ചില്ലറ കാര്യമാണോ? ഈ പുണ്യതീർത്ഥത്തിൽ മുങ്ങി എന്റെ പാപഭാരങ്ങളെല്ലാം കഴുകിക്കളയാം എന്നത് എന്റെ ഒരു ലക്ഷ്യമേയല്ല. ആ പുണ്യതീർത്ഥം കുടിച്ച് പുതിയ ഒരാളാകാം എന്ന മിഥ്യാബോധവും എനിയ്ക്കില്ല. അത്രയ്ക്കങ്ങോട്ട് ഒരു വിശ്വാസിയോ ഭക്തനോ അല്ല ഞാൻ. എല്ലാവരും ദൈവീകമായി കരുതുന്നതും ഭൂരിപക്ഷത്തിനും അപ്രാപ്യമായതുമായ ഒരു കാര്യം സാധിയ്ക്കുമ്പോഴുള്ള ഒരു സന്തോഷം... അത്രയേ ഞാൻ ഉദ്ദേശിക്കുന്നുള്ളു. നടന്നാൽ നടന്നു; അത്ര തന്നെ, ഞാനർഹിക്കുന്നത് എനിയ്ക്ക് കിട്ടട്ടെ.

മാനസസരോവരം പോലെ തന്നെ പ്രധാനമാണ്‌ കൈലാസപർവ്വതവും. 'മഹാമേരു'വായ ആ പർവ്വതശ്രേഷ്ഠനെ സ്വന്തം കണ്ണുകളാൽ കൺകുളുർക്കെ കണ്മുന്നിൽ കാണാൻ കഴിഞ്ഞാൽ കരുണകരനെപ്പോലെ കണ്ണിറുക്കി കാണുന്നവരോടൊക്കെ പറയാമല്ലോ ഞാൻ ചരിതാർത്ഥനാണേന്ന്! എന്തെല്ലാം നിഗൂഢതകളാണ്‌ ഈ പർവ്വതം ഉൾക്കൊള്ളുന്നതെന്ന് കൈലാസത്തിന്റെ ചിത്രം കാണുമ്പോൾ ഞാൻ അന്തിച്ചു പോയിട്ടുണ്ട്. നിഗൂഢതകളുറങ്ങുന്ന ആ ദിവ്യഭൂമിയിൽ, കൈലാസത്തെ ചുറ്റി, കൈലാസനാഥനെ ചുറ്റിവലം വച്ച്, മനസ്സിനും ശരീരത്തിനും പുതിയൊരു ഉണർവ്വും ഊർജ്ജവും നൽകുക... അത് എല്ലാവർക്കും പറ്റുന്ന കാര്യമല്ല തന്നെ. ഇല്ല, എനിയ്ക്കിതിനപ്പുറം ഇഹലോകത്തിൽ ലക്ഷ്യങ്ങൾ ഇല്ല; ആഗ്രഹങ്ങളും. അതോടെ ഞാൻ ഇപ്പുറം നിൽക്കുന്ന ലോകരിൽ നിന്നും അപ്പുറത്തേക്ക് കടക്കുകയാണ്‌; കൈലാസം ദർശിക്കാൻ കൊതിയ്ക്കുന്നവരിൽ നിന്നും കൈലാസം ദർശിച്ചവരിലേയ്ക്ക്. ലോകരെ രണ്ടായി തിരിക്കാമെന്ന് ബിൽ ക്ലിന്റൺ പണ്ട് പറഞ്ഞു; താജ് മഹൽ കണ്ടു കഴിഞ്ഞപ്പോൾ. താജ് മഹൽ കണ്ടവരും താജ് മഹൽ കാണാത്തവരും അത്രെ ആ രണ്ട് തരം ലോകർ. പക്ഷേ ഞാൻ പറയുന്നൂ, കൈലാസം കണ്ടവരും കൈലാസം കാണാത്തവരുമാണ്‌ ആ രണ്ടു തരമെന്ന്‌. മാനസസരസ്സിൽ മുങ്ങിക്കുളിച്ച് കൈലാസത്തെ പ്രദക്ഷിണം ചെയ്ത് കൈലാസനാഥനെ മനസാ വണങ്ങി ഇങ്ങു തിരിച്ചെത്താനായാൽ .... തീർച്ച... എന്റെ ഇഹലോകവാസത്തിൽ പിന്നെ എനിയ്ക്കാഗ്രഹങ്ങളില്ല.

കൈലാസം കണ്ടതുകൊണ്ടോ മാനസതീർത്ഥത്തിൽ മുങ്ങിയതുകൊണ്ടോ ഞാൻ നന്നാവുമെന്ന് ഞാൻ കരുതുന്നില്ല. ഇതു രണ്ടും മനുഷ്യന്‌ നന്മ വരുത്തുമായിരുന്നുവെങ്കിൽ കൈലാസത്തിനു ചുറ്റും താമസിക്കുന്നവരാണല്ലോ ഏറ്റവും വലിയ ഭാഗ്യവാന്മാർ. ഇതു രണ്ടും മനുഷ്യന്റെ മോക്ഷത്തിന്‌ ഉതകുന്നതായിരുന്നുവെങ്കിൽ ഏറ്റവും ചുരുങ്ങിയത് തിബറ്റുകാരെങ്കിലും കൈലാസത്തിനടുത്തേയ്ക്ക് മാറിത്താമസിക്കുമായിരുന്നു. പക്ഷേ, കൈലാസത്തിനു ചുറ്റുമുള്ള സ്ഥലങ്ങൾ ഇപ്പോഴും ജനവാസം കുറഞ്ഞതു തന്നെയല്ലേ? അപ്പോൾ കൈലാസത്തിന്റെ സമീപ്യവും ദർശനവും മനുഷ്യന്‌ മോക്ഷദായകമാണെന്നൊന്നും എനിയ്ക്ക് തോന്നുന്നില്ല.

കൈലാസത്തിന്‌ ജനമനസ്സിൽ ഇത്രയും സ്ഥാനം ലഭിയ്ക്കാൻ എന്തായിരിയ്ക്കാം കാരണം? തീർച്ചയായും അത് ഏറ്റവും വലിയ പർവതമല്ല; ഏറ്റവും ഉയരമുള്ളതുമല്ല. ഉയരമാണ്‌ മാനദണ്ഡമെങ്കിൽ, 'സാഗരമാതാ'എന്നുകൂടി വിളിയ്ക്കപ്പെടുന്ന എവറസ്റ്റ് കൊടുമുടി ഒമ്പതോളം കിലോമീറ്ററിന്റെ ഉയരം കാണിച്ചുകൊണ്ട് വളരെ അകലത്തല്ലാതെ തല ഉയർത്തി നിൽക്കുന്നുണ്ട്. പക്ഷേ, എവറസ്റ്റിന്‌ പർവതാരോഹകരേയും സാഹസിക സഞ്ചാരികളേയുമേ ആകർഷിയ്ക്കാൻ കഴിയുന്നുള്ളു. ഭക്തന്മാരോ വിശ്വാസികളോ എവറസ്റ്റ് കയറിയതായി എവിടെയും വായിച്ചു കണ്ടിട്ടില്ല. ഏതെങ്കിലും ദൈവം എവറസ്റ്റിനെ തന്റെ ധാമമാക്കി അവിടെ ഇരിപ്പുറപ്പിച്ചതായും വിശ്വാസങ്ങളില്ല. 'സാഗരമാത'എന്ന പേരു കാണിയ്ക്കുന്നതു തന്നെ നമ്മുടെ ഗുരുപരമ്പരകൾക്ക് എവറസ്റ്റിനെ കുറിച്ച് പണ്ടേ അറിയാമായിരുന്നുവെന്നല്ലേ? എവറസ്റ്റ് മാത്രമല്ല മറ്റു ധാരാളം പർവ്വതങ്ങൾ അവർക്ക് അറിയാമായിരുന്നു. എന്നിട്ടും കൈലാസത്തിന്റെ പ്രാമുഖ്യം അവർ മറ്റൊരു ഹിമശിഖരത്തിനും കൊടുത്തില്ല. ഏതാണ്ട് അഞ്ചു കിലോമീറ്ററോളം മാത്രം ഉയരമുള്ള കൈലാസമാകട്ടെ ഉയരത്തിലോ വലിപ്പത്തിലോ പത്താം സ്ഥാനം പോലുമില്ലെങ്കിലും ഹിന്ദുവിനെ മാത്രമല്ല അങ്ങോട്ടാകർഷിക്കുന്നത്. ബൗദ്ധനും ജൈനനും അതിന്‌ ഇത്രമാത്രം പ്രാധാന്യം കൽപ്പിയ്ക്കുമ്പോൾ അതിന്റെ പുറകിൽ എന്തെങ്കിലും ഇല്ലാതിരിയ്ക്കുമോ? എങ്കിൽ എന്തായിരിയ്ക്കും 'ആ എന്തെങ്കിലും'? സാക്ഷാൽ പരമേശ്വരൻ പാർവതീസമേതനായി കൈലാസത്തിൽ വസിക്കുന്നു എന്നല്ലേ ഹിന്ദു വിശ്വസിയ്ക്കുന്നത്? വർഷത്തിൽ 6 മാസവും മഞ്ഞുറഞ്ഞു കിടക്കുന്ന ഈ കൈലാസമേ അവർക്ക് താമസിയ്ക്കാൻ കിട്ടിയുള്ളുവോ? എന്തായിരിയ്ക്കും അവിടെ മാത്രം കുടി കൊള്ളാൻ പരമേശ്വരനെ പ്രേരിപ്പിച്ചിരിയ്ക്കുക?

കൈലാസം നേരിട്ടു കണ്ടിട്ടല്ല ഞാനിതെഴുതുന്നത്! അതിനുള്ള ഭാഗ്യം എനിയ്ക്കുണ്ടോ ആവോ? അത്ഭുതാവഹമായ കൈലാസത്തിന്റെ വിവിധങ്ങളായ ചിത്രങ്ങൾ കമ്പ്യൂട്ടർ സ്ക്രീനിൽ ഞാൻ വാ പൊളിച്ച് നോക്കിയിരുന്നിട്ടുണ്ട്. എന്തെല്ലമോ ഉള്ളിലൊതുക്കി വെള്ള പുതച്ചുള്ള കൈലാസത്തിന്റെ ആ നിൽപ്പ് ആരിലാണ്‌ അവാച്യമായ ഭാവങ്ങൾ ഉണ്ടാക്കാത്തത്? സഹിയ്ക്കാവുന്നതാണോ മഞ്ഞുറഞ്ഞ കൈലാസത്തിലെ തണുപ്പ്? ജന്തുജാലങ്ങൾ പോകട്ടെ, എന്തെങ്കിലും സസ്യജാലം അവിടെയുണ്ടോ? മരങ്ങളും ചെടികളും പോകട്ടെ, ഒരു പുൽക്കൊടി പോലും അവിടെ ഉള്ളതിന്റെ ലക്ഷണമില്ല. കാണാനാകെയുള്ളത് പാലുപോലെ വെളുത്തു കാണുന്ന ഉറഞ്ഞ മഞ്ഞു മാത്രം. ജീവന്റെ സാന്നിദ്ധ്യമുള്ളത് രണ്ടേ രണ്ട് (അതോ ഒന്നോ?) ചൈതന്യങ്ങളിൽ .... സാക്ഷാൽ പരമേശ്വരനിലും പരമേശ്വരപത്നിയായ പാർവതീദേവിയിലും മാത്രം. അപ്പോൾ അവരെങ്ങനെ ഈ കൊടും തണുപ്പ് സഹിയ്ക്കും. ഏത് ദേവനായാലും ശരീരം മനുഷ്യന്റേതല്ലേ? തണുപ്പിൽ മരവിയ്ക്കാത്ത മനുഷ്യദേഹമുണ്ടോ? എന്നിട്ടും പാർവ്വതീ പരമേശ്വരന്മാർ അവിടെ കഴിയുന്നത് തികച്ചും ആശ്ചര്യകരമല്ലേ? കമ്പിളി പുതച്ചിരിയ്ക്കുന്ന പരമാത്മാവിന്റേയോ ശ്രീദേവിയുടേയോ ചിത്രമൊന്നും രാജാ രവി വർമ്മ വരച്ചതായി എവിടേയും കണ്ടിട്ടില്ല. ദൈവങ്ങളെ നഗ്നരാക്കി വരച്ചതല്ലാതെ ആരും തന്നെ അവർക്ക് തണുപ്പകറ്റാൻ ഒരു പുതപ്പോ സ്വെറ്ററോ സമ്മാനിച്ചതായി ഞാനെവിടേയും കണ്ടിട്ടില്ല. അതെല്ലാം ആലോചിച്ചപ്പോഴാണ്‌ എനിയ്ക്ക് അർദ്ധനാരീശ്വരസങ്കല്പത്തിന്റെ പൊരുൾ മനസ്സിലായത്! പാർവതീ പരമേശ്വരന്മാരുടെ രണ്ട് ശരീരങ്ങളല്ലാതെ മറ്റെന്തുണ്ട് കൈലാസത്തിൽ ചൂടുള്ളതായിട്ട്? അപ്പോൾ പാർവതീദേവിയ്ക്ക് തണുപ്പകറ്റാൻ ഒന്നേയുള്ളു മാർഗ്ഗം. സാക്ഷാൽ പരമേശ്വർജിയ്ക്കും. തന്റെ പങ്കാളിയുടെ ശരീരത്തിന്റെ ചൂട് നുകരുക. ദേവിയുടെ തണുപ്പകറ്റാൻ തീർച്ചയായും ദേവൻ അവരെ ദീർഘമായ തന്റെ കൈ കൊണ്ട് ചുറ്റിപ്പിടിച്ചിരിയ്ക്കും. മെയ് കൊണ്ട് മെയ്യിലമർത്തിയിരിയ്ക്കും. പക്ഷേ അതുകൊണ്ടൊക്കെ തടുക്കാവുന്നതാണോ ഹിമാലയത്തിന്റെ തണുപ്പ്? തന്റെ മെയ്യും കയ്യും പ്രയോഗിച്ചിട്ടും തണുപ്പു മാറാതെ ദേഹം വിറയ്ക്കുന്ന ദേവിയുടെ ദൈന്യത പരമേശ്വരനെ നിസ്സഹായനാക്കിക്കാണില്ലേ? അപ്പോൾ ഭഗവാൻ തന്റെ ദേഹം കൂടുതൽ കൂടുതൽ ദേവിയുടെ ദേഹത്തോട് ചേർത്തു കാണും. മാംസളവും സ്ത്രൈണവുമായ ദേവിയുടെ ദേഹത്തിലേയ്ക്ക് ചടുലവും ബലിഷ്ഠവുമായ ദേവന്റെ ദേഹം ആഴ്ന്നിറങ്ങിയിരിയ്ക്കാം. ദേവന്റെ ദേഹം പകുതിയും ദേവിയുടെ ദേഹത്തിൽ ചേർന്നു പോയിരിയ്ക്കാം. അവാച്യമായ അനുഭൂതിയിൽ പരസ്പരമുള്ള ചൂടു പറ്റി അവരങ്ങനെ നിമിഷങ്ങൾ ചെലവിട്ടിരിയ്ക്കും. ആ അനുഭൂതിയുടെ പാരമ്യത്തിൽ അവരറിഞ്ഞിരിയ്ക്കാം നാമിപ്പോൾ രണ്ടല്ല, വെറും ഒന്നാണെന്ന്‌; പകുതി മാത്രമുള്ള തങ്ങളുടെ ദേഹങ്ങൾ ഒന്നിച്ചു ചേർന്ന ആ വിചിത്ര രൂപം അവർ കൈലാസത്തിലെ മഞ്ഞുകട്ടകളിൽ കണ്ണാടിയിലെന്ന പോലെ കണ്ടിരിയ്ക്കാം. അപ്പോൾ ദേവി പറഞ്ഞിരിയ്ക്കാം, ദേവാ, നമ്മുടെ ഈ സംയുക്തരൂപം ജനഹൃദയങ്ങളിൽ അർദ്ധനാരീശ്വര സങ്കൽപ്പമായി നില നിൽക്കാൻ അനുഗ്രഹിയ്ക്കൂ എന്ന്‌. അന്നു മുതലത്രേ ഹിന്ദു ശിവപാർവതിമാരെ അർദ്ധനാരീശ്വരനായി ആരാധിയ്ക്കാൻ തുടങ്ങിയത്.

ഒരു ഭക്തൻ ഇങ്ങനെയൊക്കെ ദൈവത്തെക്കുറിച്ചു പറയാമോ എന്നായിരിയ്ക്കും. ഭക്തിയുടേയും വിശ്വാസത്തിന്റേയും കാര്യം പറയുമ്പോൾ എനിയ്ക്ക് ഗാന്ധിജിയെയാണോർമ്മ വരുക. അദ്ദേഹം പറഞ്ഞിട്ടുണ്ട് സത്യം ദൈവമാണെന്ന്. അപ്പോൾ സത്യം പറയുന്ന ശീലമുണ്ടെങ്കിൽ തന്നെ ദൈവവിശ്വാസമായി. അത്തരം ഒരു ദൈവവിശ്വാസമേ ഒരർത്ഥത്തിൽ എനിയ്ക്കുള്ളു. 'സത്യത്തിൽ' ഞാൻ നുണ പറയാറില്ല. നുണ പറയാൻ കുറച്ച് കഴിവും സാമർത്ഥ്യവുമൊക്കെ വേണം. തന്ത്രപൂർവ്വം സംസാരിക്കുന്നവർക്കേ നുണ പറയാനും മാറ്റിപ്പറയാനുമൊക്കെ പറ്റൂ. ആ കഴിവും സാമർത്ഥ്യവും ആണ്‌ എനിയ്ക്കില്ലാതെ പോയത്. സത്യം പറയുന്നവൻ എന്തിന്‌ ദൈവത്തെ പേടിയ്ക്കണം? (അവൻ പേടിക്കേണ്ടത് മനുഷ്യനെയാണ്‌.) ദൈവം സത്യമാണെന്ന് തിരിച്ചും ഗാന്ധിജി പറഞ്ഞുകാണണം. കാരണം അദ്ദേഹം തികഞ്ഞ ഒരു ഈശ്വരവിശ്വാസിയായതു തന്നെ. പക്ഷേ, ദൈവം സത്യമാണോ എന്നു ചോദിച്ചാൽ എന്താ പറയുക? ദൈവം ഇല്ല എന്നു തോന്നിയ ഒരു സന്ദർഭമെങ്കിലും എല്ലാവരുടേയും മനസ്സിൽ കാണില്ലേ? അപ്പോൾ പിന്നെ എങ്ങനെ ദൈവം സത്യമാണെന്ന്‌ ഉറപ്പിച്ച് പറയും? പിന്നെ സത്യം പറയുന്നവൻ ദൈവവിശ്വാസിയാണെന്നു പറയുന്നതിലും ഉണ്ട് അപാകത. സത്യം നിലനിർത്താൻ നുണ പറയേണ്ടി വന്നാൽ അതിനെന്തു ന്യായീകരണം പറയും? എല്ലാം കുഴങ്ങിയതു തന്നെ.

കൈലാസദർശനത്തിനായി ഭക്തന്മാരിൽ നിന്ന് അപേക്ഷ ക്ഷണിയ്ക്കുന്ന പരസ്യം കണ്ടപ്പോൾ ഞാൻ എന്റെ പണി ചെയ്തു. അപേക്ഷ തയ്യാറാക്കി വേഗം അയച്ചു. അപേക്ഷ അയച്ച് അധികം വൈകാതെ തന്നെ മറുപടി വന്നു. ഇ-മെയിലായി....... എന്റെ അപേക്ഷ സ്വീകരിച്ചിരിക്കുന്നു. അപേക്ഷയുടെ റജിസ്റ്റ്റേഷൻ നമ്പരും അതിൽ കാണിച്ചിരുന്നു. മെയിൽ കിട്ടിയപ്പോൾ വളരെ സന്തോഷം തോന്നി. ആദ്യത്തെ കടമ്പ കടന്നു കിട്ടിയല്ലോ! അപ്പോൾ മുതൽ യാത്രയുടെ സാദ്ധ്യതയെപ്പറ്റി മനസ്സിലൊരു പ്രതീക്ഷ വളരാൻ തുടങ്ങി. പിന്നീടങ്ങോട്ട് വിദേശമന്ത്രാലയത്തിന്റെ ബന്ധപ്പെട്ട വെബ് പേജിൽ യാത്രയുടെ കൂടുതൽ വിവരങ്ങളറിയാൻ ഇടയ്ക്കിടയ്ക്ക് പരതുന്നത് ഞാനൊരു പതിവാക്കി.

അങ്ങനെയിരിക്കെയാണ്‌ നാട്ടിൽ പോയ ഭാര്യ ടെറസ്സിൽ നിന്നു വീണ്‌ കയ്യും കാലും ഒടിഞ്ഞ് കട്ടിലിൽ നീണ്ടു നിവർന്ന് കിടപ്പായത്. കയ്യിലും കാലിലും പ്ലാസ്റ്ററിട്ടാൽ പിന്നെ അവ മടക്കുന്ന പ്രശ്നമില്ലല്ലോ? ഒരേ കിടപ്പ്; 1, 2, 3 .. എല്ലാം കിടപ്പിൽ തന്നെ...

തീർത്ഥാടനങ്ങളുടെ അർത്ഥശൂന്യത വെളിപ്പെടുത്തുന്നതായിരുന്നു പത്തടി താഴ്ചയിലേയ്ക്കുള്ള ഭാര്യയുടെ ഈ വീഴ്ച. വൈഷ്ണവിയെ ദർശിച്ച് തിരിച്ചെത്തിയപ്പോൾ രാഹുൽ ശർമ്മ എന്നോട് പറഞ്ഞത് ദേവി എന്നെ അനുഗ്രഹിച്ചിരിയ്ക്കുന്നു എന്നാണ്‌. എന്റെ എല്ലാ ആഗ്രഹങ്ങളും സാധിയ്ക്കാൻ പോകുന്നു എന്നും ശർമ്മ കൂട്ടിച്ചേർത്തിരുന്നു. ഇതായിരുന്നോ ദേവിയുടെ അനുഗ്രഹം? അതല്ലെങ്കിൽ ഭാര്യ കയ്യും കാലും ഒടിഞ്ഞു കിടക്കണം എന്ന് ഞാൻ ആഗ്രഹിച്ചുവോ? ഇല്ല. പക്ഷേ ഒന്നാലോചിച്ചാൽ ദേവീകടാക്ഷം ഉണ്ടായില്ല എന്നു പറയാനും പറ്റില്ല. കാരണം ടെറസ്സിൽ നിന്നു പത്തടി താഴോട്ടു വീണാൽ മരണമാണ്‌ അനുഭവം എന്നിരിയ്ക്കേ കയ്യും കാലും ഒടിഞ്ഞാണെങ്കിലും ഭാര്യ രക്ഷപ്പെട്ടത് ദേവിയുടെ അനുഗ്രഹം തന്നെ എന്ന് ഭാര്യ വിശ്വസിയ്ക്കുമ്പോൾ ഞാൻ കൂടുതലെന്തു പറയാൻ?

എത്ര കാലമാണ്‌ ബന്ധുക്കളുടെ സഹായത്തിൽ ഭാര്യ കഴിയുക? അതും ഒരാൾക്കും ഒന്നിനും സമയമില്ലാത്ത ഈ കാലത്ത്? ഞാൻ അനിശ്ചിതകാലത്തെ അവധിയെടുത്ത് നാട്ടിലേയ്ക്കു മടങ്ങി. ഭാര്യയെ പരിചരിക്കലും ഭക്ഷണം പാകം ചെയ്യലും മരുന്നു വാങ്ങലുമൊക്കെയായി പിന്നെ എന്റെ ദിനചര്യകൾ. എങ്കിലും ഒഴിഞ്ഞു കിട്ടുന്ന സമയങ്ങളിൽ ഞാൻ വിദേശമന്ത്രാലയത്തിന്റെ വെബ് പേജിൽ വല്ലപ്പോഴും കയറി നോക്കാതിരുന്നില്ല. ഒരു ദിവസം നോക്കുമ്പോഴതാ കിടക്കുന്നു കൈലാസയാത്രയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകൾ. ഞാൻ ഉദ്വേഗത്തോടെ എന്റെ പേരുണ്ടോ നോക്കി. സന്തോഷിയ്ക്കാൻ വകയൊന്നും ഇല്ലായിരുന്നു. അല്ലെങ്കിലും ലിസ്റ്റിൽ പേരുണ്ടാകുമെന്നോ അതു വഴി കൈലാസത്തിൽ പോകാൻ പറ്റുമെന്നോ ഞാൻ പ്രതീക്ഷിക്കുന്നില്ലായിരുന്നു; ആഗ്രഹിയ്ക്കുന്നുണ്ടായിരുന്നെങ്കിലും. ലോട്ടറി നറുക്കെടുപ്പിലൂടെയാണ്‌ യാത്രക്കരെ തെരഞ്ഞെടുക്കുന്നത് എന്നതു തന്നെ എനിയ്ക്ക് ചാൻസ് കിട്ടില്ല എന്നതിന്റെ തെളിവായിരുന്നു. ജീവിതത്തിലിന്നോളം പത്ത് രൂപയുടെ ഒരു ലോട്ടറി പോലും അടിയ്ക്കാൻ ഭാഗ്യം(?) കിട്ടാത്ത എനിയ്ക്കെങ്ങനെ അമൂല്യമായ തീർത്ഥാടനത്തിന്‌ ലോട്ടറി അടിയ്ക്കും?

സന്തോഷിയ്ക്കാൻ വകയില്ലെങ്കിലും ആശയ്ക്കപ്പോഴും വകയുണ്ടായിരുന്നു. എന്തെന്നാൽ അവർ എന്റെ പേര്‌ വെ‍യ്റ്റിങ്ങ് ലിസ്റ്റിൽ ചേർത്തിരുന്നു. ആറാമത്തെ ബാച്ചിൽ 24-)മനായി. പക്ഷേ 59 പേരുള്ള ലിസ്റ്റിൽ ഇരുപത്തിനാലാം വെയ്‍റ്റിംഗ് ലിസ്റ്റുകാരന്‌ ചാൻസൊന്നുമുണ്ടാകില്ലെന്നറിയാവുന്ന ഞാൻ വേഗം വെബ്‍സൈറ്റ് വിട്ടു; കൂടുതലൊന്നും വായിക്കാൻ നിൽക്കാതെ. പിന്നീട് ദിവസങ്ങളോളം അങ്ങോട്ടു തിരിഞ്ഞു നോക്കിയതേയില്ല.

ഭാര്യയുടെ പരിചരണം മുറയ്ക്ക് നടക്കുന്നുണ്ടായിരുന്നു. ദിവസങ്ങൾ ആഴ്ചകളും ആഴ്ചകൾ മാസവുമായപ്പോൾ ബന്ധുക്കൾ ഇടപെട്ടു.അവർ ചോദിച്ചു. "നീ എത്ര കാലം ഇങ്ങനെ ലീവും എടുത്ത് ഭാര്യയെ നോക്കും?" എന്റെ മനസ്സിൽ തിളച്ചു കൊണ്ടിരുന്ന സംശയം വാക്കുകളായി അവരിൽ നിന്ന് പുറത്തു വരികയായിരുന്നു. അവസാനം 45 ദിവസത്തിനു ശേഷം ഞാൻ ഭാര്യയെ വീട്ടുകാരെ തിരിച്ചേൽപ്പിച്ച് ഡൽഹിയ്ക്ക് വണ്ടി കയറി.

ഓഫീസിലെ മേശപ്പുറത്ത് മറ്റു പലതിനുമൊപ്പം എന്നെ സ്വീകരിച്ചത് വിദേശ മന്ത്രാലയത്തിലെ ഒരു കവറായിരുന്നു. വെയ്‍റ്റിംഗ് ലിസ്റ്റിന്റെ അറിയിപ്പായിരിയ്ക്കും ഇത്.... ഞാനൂഹിച്ചു.

കവർ പൊളിച്ചു. ഊഹം ശരിയാണ്‌; ഞാനിപ്പോഴും അതേ വെയ്റ്റിങ്ങിൽ തന്നെ. പക്ഷേ, മറ്റൊരു കാര്യം കൂടി അവർ എഴുതിയിട്ടുണ്ട്. "ആരുടേയെങ്കിലും വേക്കൻസിയിൽ നിങ്ങളെ പരിഗണിയ്ക്കണമെങ്കിൽ മെയ് ഒമ്പതിനോടകം 5000 രൂപ അടച്ച് നിങ്ങളുടെ സമ്മതം ഉറപ്പാക്കിയിരിക്കണം." ഞാൻ കലണ്ടറിൽ തീയതി നോക്കി. 5000 രൂപയുടെ ഡ്രാഫ്റ്റ് വിദേശമന്ത്രാലയത്തിലെത്താനുള്ള ആ അവസാന ദിവസം ഇന്നാണ്‌. ഈശ്വരാ..... ഇതടയ്ക്കാനായിരിയ്ക്കുമോ വിധി ഇന്നെന്നെ ഇവിടെ എത്തിച്ചത്? ഞാൻ ഉദ്വേഗം പൂണ്ടു.

'എറൗണ്ട് ദ് വേൾഡ് ഇൻ 80 ഡെയ്സ്' എന്ന ഇംഗ്ളീഷ് കഥയിലെ ഫിലിയാസ് ഫോഗിനെയാണ്‌ ഞാനപ്പോൾ ഓർത്തത്. ഒരു ഫിലിയാസ് ഫോഗ് ആകാൻ എനിയ്ക്ക് പിന്നെ സമയം വേണ്ടി വന്നില്ല. ബാങ്കിൽ പോകുന്നു..... പൈസ എടുക്കുന്നു.... പൈസ അടയ്ക്കുന്നു.... ഡ്രാഫ്റ്റ് എടുക്കുന്നു.... ന്യൂഡൽഹിയിലേക്ക് കുതിയ്ക്കുന്നു.... വിദേശ മന്ത്രാലയത്തിലെ നിയുക്ത ഓഫീസിലെത്തുന്നു..... എല്ലാം മുടക്കമില്ലതെ നടന്നു. പോസ്റ്റൽ ആയി അയയ്ക്കേണ്ട ഡ്രാഫ്റ്റ് കയ്യിൽ വാങ്ങാൻ അവർ വിസമ്മതിച്ചെങ്കിലും സാക്ഷാൽ ശങ്കരാചര്യസ്വാമികളുടെ കടാക്ഷം ഒടുവിലെന്നെ കാത്തു. അവർ ഡ്രാഫ്റ്റ് വാങ്ങി. വാങ്ങിയതിന്‌ രസീതൊന്നും തന്നില്ലെങ്കിലും. അങ്ങനെ ഞാൻ രണ്ടാമത്തെ കടമ്പയും കടന്നു എന്ന് പറഞ്ഞാൽ മതിയല്ലോ!

അയ്യായിരം രൂപ അടച്ചു കഴിഞ്ഞപ്പോൾ മനസ്സിനൊരു ഇരിയ്ക്കപ്പൊറുതി ഇല്ലാത്ത പോലെയായി. പോക്ക് തരപ്പെടുമോ ഇല്ലയോ എന്ന ചിന്ത മനസ്സിൽ രൂപപ്പെട്ടു. വെയ്റ്റിങ്ങ് ലിസ്റ്റ് സ്ഥിരപ്പെടാനുള്ള സാദ്ധ്യതകളായി പിന്നത്തെ അന്വേഷണം. വെയ്റ്റിങ്ങ് ലിസ്റ്റിൽ എത്ര പേരുണ്ടെന്നും അവരെ സ്ഥിരപ്പെടുത്താനുള്ള മാനദണ്ഡമെന്തെന്നും അറിയാനായി പിന്നെ ആകാംക്ഷ. എവിടെ അന്വേഷിയ്ക്കും? ആരോടന്വേഷിയ്ക്കും? വിദേശമന്ത്രാലയത്തിൽ വിളിയ്ക്കനൊരു മടി. എന്തായിരിക്കും അവരുടെ പ്രതികരണം ആവോ? തനി ഹിന്ദിക്കാരന്റെ രീതിയിലുള്ളതാണ്‌ മറുപടിയെങ്കിൽ അന്വേഷണം വെറുതെയാകും. ഒന്നുകിൽ അവർ വിട്ടൊന്നും പറയില്ല; അല്ലെങ്കിൽ ഒന്നും മനസ്സിലാവാത്ത ഹിന്ദിയിൽ എന്തെങ്കിലും പറഞ്ഞുവെന്നും വരും. ഏതായാലും എങ്ങും വിളിയ്ക്കേണ്ട എന്നു ഞാൻ തീർച്ചയാക്കി. ഇപ്പോൾ എന്തിനും ഏതിനും ഉള്ള പരിഹാരമാണല്ലോ ഇന്റർനെറ്റ്. ഞാൻ ഇന്റർനെറ്റിലേക്ക് കണക്റ്റ് ചെയ്ത് ഗൂഗിളിലൊരു തെരച്ചിലങ്ങോട്ടു നടത്തി. അന്വേഷണം മോശമില്ലായിരുന്നു. കൈലാസ് - മാനസസരോവര തീർത്ഥയാത്രയെ കുറിച്ച് ധാരാളം ബ്ളോഗുകൾ. പുതിയതും പഴയതും എല്ലാം. എന്നെപ്പോലെയുള്ള ധാരാളം വെയ്റ്റിങ്ങ് ലിസ്റ്റുകാരുടെ അന്വേഷണങ്ങൾ ഞാൻ കണ്ടു; എല്ലാവർക്കും അറിയേണ്ടത് തങ്ങൾക്ക് ചാൻസ് കിട്ടുമോ എന്നാണ്‌. ചാൻസ് ഉറപ്പായവരാകട്ടെ, പോകാൻ കൂട്ടുകാരെ തിരയുന്ന തെരക്കിലും സംശയങ്ങൾ തീർക്കുന്ന തിരക്കിലുമാണ്‌. കൂട്ടത്തിൽ ഞാൻ രണ്ട് മലയാളികളെ കണ്ടു. ഒരാൾ, സുരേഷ്, തന്റെ ബാച്ചിൽ വേറെ മലയാളികൾ ഉണ്ടോ എന്നാണ്‌ തെരക്കുന്നത്. മറ്റൊരാൾ ഒരു ഡോക്റ്ററാണ്‌. ഡോ. മനോജ്. കഴിഞ്ഞ തവണ തീർത്ഥയാത്ര പോയ അദ്ദേഹം ആർക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കിൽ തന്നോടു ചോദിച്ചോളിൻ എന്നാണെഴുതിയിരിയ്ക്കുന്നത്. രണ്ടു പേർക്കും ഞാൻ മെയിൽ ചെയ്തു; ഒരാളോട് ഞാൻ സാധ്യതാപട്ടികയിലാണെന്നെഴുതിയപ്പോൾ മറ്റേയാളോട് വെയ്റ്റിങ്ങ് ലിസ്റ്റ് സ്ഥിരപ്പെടാനുള്ള സാദ്ധ്യതകളാണ്‌ ഞാൻ എഴുതി ചോദിച്ചത്. രണ്ടു പേരും യുക്തമായ മറുപടിയും എഴുതി. അതുകൊണ്ടൊന്നും എന്റെ ആകാംക്ഷയ്ക്ക്... അതോ ഉത്ക്കണ്ഠയോ? ..... ഒരു അറുതിയായില്ല. ഒടുവിൽ ഞാൻ വിളിച്ചു.... മന്ത്രാലയത്തിലേക്ക്.... ഒന്നുകിൽ ഫോൺ എന്‍ഗേജ്ഡ് ആയിരിയ്ക്കും അല്ലെങ്കിൽ എടുക്കാൻ ആളുണ്ടാവില്ല.... പല ദിനങ്ങൾ ഇതാവർത്തിച്ചു. മുട്ടുവിൻ, തുറക്കപ്പെടും എന്നാണല്ലോ! ഒടുവിൽ വേണ്ടപ്പെട്ട ആളെത്തന്നെ കിട്ടി. അയാൾ വ്യക്തമായി ഒന്നും പറഞ്ഞില്ലെങ്കിലും ഞാൻ സെലക്റ്റഡ് ആണെന്ന ഒരു ധ്വനി അയാളുടെ വാക്കുകളിൽ ഉള്ളതായി എനിയ്ക്കു തോന്നി. ആകാംക്ഷ അപ്പോഴും ബാക്കി....

ഇന്റർനെറ്റിന്റെ സൗകര്യം ഓർത്തപ്പോഴാണ്‌ ഈയിടെ കൃഷ്ണചന്ദ്രൻ നടത്തിയ ഒരു അഭിമുഖം ഓർമ്മ വന്നത്. പഴയ രതിനിർവ്വേദം സിനിമയിൽ ജയഭാരതിയ്ക്കൊപ്പം അഭിനയിച്ച കൃഷ്ണചന്ദ്രൻ കോഹിനൂർ ഫെയ്‍ം ശ്വേതാമേനോന്റെ പുതിയ രതിനിർവേദത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു. അന്ന് പുള്ളിക്കാരൻ അഭിനയിക്കുമ്പോൾ സ്ത്രീശരീരത്തെക്കുറിച്ചൊന്നും അറിയില്ലായിരുന്നുവെന്നും ഇന്ന് ഇന്റർനെറ്റുള്ളതുകൊണ്ട് കൊച്ചുകുട്ടികൾക്ക് വരെ സ്ത്രീശരീരത്തിന്റെ വിശദാംശങ്ങൾ നല്ലപോലെ അറിയാമെന്നുമാണ്‌ കൃഷ്ണചന്ദ്രൻ പറഞ്ഞത്..... സ്ത്രീശരീരത്തെക്കുറിച്ച് കൂടുതലന്നറിഞ്ഞിരുന്നെങ്കിൽ അഭിനയം കൂടുതൽ മെച്ചപ്പെട്ടതാകുമായിരുന്നുവെന്നാണ്‌ നായകൻ പറഞ്ഞൊപ്പിക്കുന്നത്. ഇന്റർനെറ്റിന്റെ ഗുണത്തെക്കുറിച്ചും. ഏതായാലും സ്ത്രീശരീരത്തിന്റെ വലിയൊരു എൻസൈക്ലോപീഡിയ തന്നെയാണീ ഇന്റർനെറ്റ് എന്നതിനു സംശയമൊന്നുമില്ല. തലമുടി മുതൽ കാലിലെ നഖം വരെ സ്ത്രീയുടെ ശരീരം വിശദമായി കാണാൻ ഇതിലപ്പുറം സൗകര്യം വേറെയില്ല. അതെന്തായാലും ശ്വേതയുടെ രതിനിർവേദം ഹിറ്റാവുമെന്നതിന്‌ സംശയമൊന്നുമില്ല. മാത്രവുമല്ല ഏറ്റവും പ്രധാനപ്പെട്ട വേദം ഏതെന്ന ചോദ്യത്തിനിനി മുതൽ രതിനിർവേദം എന്ന ഉത്തരം കിട്ടാനും മതി. അത്രയ്ക്കുണ്ട് രതിനിർവേദത്തിന്റെ പെനട്രേഷൻ.... അതിനുള്ള ക്രഡിറ്റും ശ്വേതയ്ക്ക് കൊടുത്തേ പറ്റൂ. ഇന്റർനെറ്റിനും. രതിനിർവേദത്തിന്റെ പുതിയ എഡിഷനിൽ പ്രസ്തുത റോളിലേയ്ക്ക് മിസ് മേനോനേക്കാൾ നല്ലൊരു കാൻഡിഡേറ്റ് ഇല്ല തന്നെ! എങ്ങനെയാണ്‌ സംവിധായകൻ ഇത്ര കണിശമായി നായികയെ കണ്ടെത്തിയത്‌ ആവോ?

അപ്പോൾ പറഞ്ഞു വന്നത് തീർത്ഥയാത്രയെക്കുറിച്ചല്ലേ? ഇതിനിടയ്ക്ക് ഞാനും സുരേഷും സംസാരിച്ചിരുന്നു. സുരേഷ് ഒറ്റപ്പാലത്തുകാരനാണ്‌. തിരുവനന്തപുരത്ത് ജോലി നോക്കുന്നു. ഞാൻ എന്റെ വിവരങ്ങൾ പറഞ്ഞു. യാത്രയ്ക്ക് ചാൻസ് കിട്ടുകയാണെങ്കിൽ വീണ്ടും വിളിയ്ക്കാമെന്നും.
........................................................................................................ തുടരും

അഭിപ്രായങ്ങളൊന്നുമില്ല: