ഞാൻ സോങ്സെർബുവിൽ എത്തുമ്പോൾ എന്റെ ഡ്രസ്സൊക്കെ വിയർത്തു നനഞ്ഞിരുന്നു. നേരം പുലരുന്നതിനു മുമ്പ് തുടങ്ങിയ നടത്തമല്ലായിരുന്നോ? കാലിലെ സോക്സും തഥൈവ. ഞാൻ അതെല്ലാം വെയിലത്തിട്ടുണക്കി. കുളിക്കാനൊന്നും പോയില്ല. കുളിച്ചാൽ ക്ഷീണമൊക്കെ പോയി ഒരു ഉന്മേഷമൊക്കെ വരുമായിരുന്നു. പക്ഷേ, അവിടെ കുളിമുറിയും കക്കൂസുമൊന്നും ഇല്ലായിരുന്നു. അതുകൊണ്ട് പരിസരമാകെ മലിനമായിരിക്കും എന്ന് ഞാനൂഹിച്ചു. അകലെയല്ലാതെ പുഴ ഒഴുകുന്നുണ്ട്. പറഞ്ഞിട്ടെന്താ കാര്യം, അതിന്റെ തീരമൊക്കെ വൃത്തികേടായിരിക്കും. കൃഷ്ണേട്ടൻ എണ്ണ തേച്ച് പുഴയിൽ പോയി തുണി കഴുകുകയും കുളിക്കുകയും ചെയ്തതാണ്. പക്ഷേ അതു പറഞ്ഞിട്ടു കാര്യമില്ല; അവരൊക്കെ പുഴക്കരയിൽ തന്നെ ഒന്നും രണ്ടും മറ്റും കഴിഞ്ഞായിരിക്കും കുളിക്കുന്നത്. എനിക്കതൊന്നും വയ്യ.
ഡ്രസ്സൊക്കെ ഒന്നു മാറ്റണമെന്നുണ്ട്. പക്ഷേ പറഞ്ഞിട്ടെന്താ? മുഷിഞ്ഞ ഡ്രസ്സേ കയ്യിലുള്ളു. എപ്പോഴും തണുപ്പായതിനാൽ അലക്കും കുളിയും ഒരു പതിവല്ലാത്തതുകൊണ്ട് ഇതൊക്കെ മതി. കേരളത്തിലായിരുന്നെങ്കിൽ ദിവസം രണ്ടു തവണ കുളിക്കിന്നിടത്താണ് എന്നെങ്കിലുമുള്ള ഇപ്പോഴത്തെ കുളി. നോയ്ഡയിലാവുമ്പോൾ അവധി ദിവസം നാലു തവണയെങ്കിലും കുളിയ്ക്കും. എന്നിട്ടും ശരീരം വിയർത്തൊലിച്ചു കൊണ്ടിരിക്കും. അത്രയ്ക്കാണ് അവിടത്തെ ചൂട്. ഇവിടെ ഈ ഹിമാലയത്തിലാണെങ്കിൽ ഇപ്പോൾ വേനൽക്കാലമാണ്. അപ്പോഴാണീ സഹിയ്ക്കാനാവാത്ത കുളിര്. അപ്പോൾ ഇവിടുത്തെ ശീതകാലം എങ്ങനെയിരിയ്ക്കും?
ഞാൻ കുറേ നേരം റ്റെന്റിലിരുന്നു ക്ഷീണം തീർത്തു. ചായയും ഭക്ഷണവും സമയാസമയങ്ങളിൽ കിട്ടുന്നുണ്ടായിരുന്നു. എന്താണ് കിട്ടിയത്, എന്താണ് കഴിച്ചത് എന്നൊന്നും ഓർമ്മയിലില്ല. ഞങ്ങളുടെ ടെന്റിന്റെ പുറകിൽ കുറേ ഉയരത്തിലായി ഒരു ബുദ്ധിസ്റ്റ് മൊണാസ്റ്ററി ഉണ്ട്. ഞാൻ അങ്ങോട്ട് നടന്നു. പക്ഷേ അവിടെ എത്ത്യപ്പോൾ അതടച്ചിരുന്നു. എല്ലാവരും അത് നേരത്തെ പോയി കാണുകയും ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. പക്ഷേ ഞാനതറിഞ്ഞില്ല. സോങ്സെർബുവിലെ പ്രകൃതിയെക്കുറിച്ചോ അവിടത്തെ രാത്രിയെ കുറിച്ചോ പ്രത്യേകിച്ച് ഒന്നും ഓർമ്മയില്ല. ചുറ്റുപാടുകളും അവിടത്തെ സൂര്യാസ്തമനവും സൂര്യോദയവും എല്ലാം മറ്റു സ്ഥലങ്ങളിലെപ്പോലെ ഭംഗിയുള്ളതാണ്.
രാവിലെ പതിവു പോലെ ഭക്ഷണം കഴിച്ച് ഞങ്ങൾ അടുത്ത ക്യാമ്പിലേക്ക് നടക്കാൻ തുടങ്ങി. വഴി മനോഹരമാണ്. പൂക്കളും പുഴയും മലകളും മറ്റും എവിടേയും കാണാം. പലപ്പോഴും നായ്ക്കൾ ഞങ്ങളെ അകമ്പടി സേവിക്കുന്നതു കാണാം. തദ്ദേശീയർ വരുന്നതും പോകുന്നതും കാണാം. ഞങ്ങൾ "തഷിദലൈ" എന്ന് പരസ്പരം അഭിവാദ്യം ചെയ്തു. നടപ്പാതയിൽ പലയിടത്തും തൊഴിലാളികൾ പണിയെടുക്കുന്നത് കണ്ടു. ഞങ്ങൾക്ക് കുറുകേ കടക്കേണ്ട ചെറിയ അരുവികൾക്ക് മുകളിൽ കമ്പികളും കല്ലുകളും ഉപയോഗിച്ച് പാലങ്ങൾ കെട്ടുന്നതാണ് പ്രധാന പണി. വഴിയിൽ കല്ലുകൾ മേലേക്കു മേലെ കൂട്ടി വച്ചതു കാണാം. കല്ലിന്റെ കൂട്ടത്തിൽ യാക്കിന്റെ തലയോട് കാണാം. "ഓം മണിപദ്മേ ഹും" എന്നെഴുതിയ വലിയ കല്ലുകളും കൂട്ടത്തിൽ കാണാം. എല്ലാം പതിവുള്ളതു തന്നെ. ഇതെല്ലാം തിബത്തുകാരുടെ പ്രാർത്ഥനാരീതികളുമായി അഭേദ്യബന്ധമുള്ളവയാണ്. ഈ വഴിയിൽ കയറ്റമോ ഇറക്കമോ ഇല്ല. പുഴയുടെ കരയിലൂടെയാണ് യാത്ര. മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ പലയിടത്തും കാണാം. യാത്ര അവസാനിക്കാറാകുമ്പോൾ ഇലക്ട്രിക് പോസ്റ്റ് പോലെയുള്ള എന്തൊക്കെയോ കാണുന്നുണ്ടായിരുന്നു.
നടത്തം അവസാനിക്കാറായി എന്ന സൂചന തന്നു കൊണ്ട് ഞങ്ങളുടെ ബസ്സും ഒന്നു രണ്ടു ജീപ്പുകളും വളരെ അകലെ ഞങ്ങൾക്ക് കാണായി. ഇനി ആ ബസ്സു വരെ നടന്നാൽ മതി. നടക്കുമ്പോൾ മുന്നിൽ വളരെ വളരെ അകലെയായി മനോഹരമായ പ്രകൃതി ഞങ്ങൾക്ക് കാണായി. ജലാശയമാണോ, പരന്നു കിടക്കുന്ന വയലുകളാണോ ദൂരെ കാണുന്നതെന്ന് മനസ്സിലായില്ലെങ്കിലും ഭംഗിയുള്ള കാഴ്ചയായിരുന്നു അത്. ഭംഗിയുള്ള ആ പ്രദേശത്തേക്കാണ് ഞങ്ങൾ നടന്നടുത്തത്. കുറേക്കൂടി നടന്നപ്പോൾ ദൂരെ കാണുന്നത് രാക്ഷസതടാകം ആണെന്ന് ആരോ പറയുന്നുണ്ടായിരുന്നു. ഞങ്ങളുടെ നടത്തം ബസ്സിന്റെ അടുത്ത് അവസാനിച്ചു. ഇവിടെ നിന്ന് ദൂരേക്ക് നോക്കിയാലും പരന്നു കിടക്കുന്ന അതിമനോഹരമായ ഭൂവിഭാഗം കാണാം. ഞങ്ങളുടെ ഒരു മാസത്തെ കൈലാസയാത്രയിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചതും ഏറ്റവും കൂടുതൽ മനോഹരമായി എനിക്ക് തോന്നിയതും ഈ സ്ഥലമായിരുന്നു. ഇത്രയും ഭംഗിയുള്ള ഭൂവിഭാഗം ഞാൻ വേറെ എവിടേയും കണ്ടിട്ടില്ല.
ഞങ്ങളുടെ ഒരു മാസത്തെ കൈലാസയാത്രയിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചതും ഏറ്റവും കൂടുതൽ മനോഹരമായി എനിക്ക് തോന്നിയതും ഈ സ്ഥലമായിരുന്നു. ഇത്രയും ഭംഗിയുള്ള ഭൂവിഭാഗം ഞാൻ വേറെ എവിടേയും കണ്ടിട്ടില്ല.
ഞങ്ങളുടെ നടത്തം അവസാനിച്ചിടത്ത് അധികാരികൾ സ്ഥാപിച്ച ഒരു ബോർഡുണ്ട്. ആ ഗ്രാമത്തിന്റെ പേര് ആ ബോർഡിൽ ഉണ്ടായിരുന്നു. ഗാങ്സാ ഗ്രാമം.. ബോർഡിൽ പോർട്ടർമാരുടേയും പോണിയുടേയും മറ്റും കൂലിയാണെഴുതിയിട്ടുള്ളത്, ഇംഗ്ലീഷിൽ. പോർട്ടർക്ക് 120 യുവാൻ, കുതിരക്ക് 150 യുവാൻ, പിന്നെ കുതിരക്കാരന് 100 യുവാൻ... എല്ലം പ്രതിദിനം.. കൂടെയുള്ളവർ ഇവിടെ വച്ച് പോർട്ടർമാർക്കും കുതിരക്കാർക്കും അവരുടെ കൂലി കൊടുത്ത് വിട്ടയച്ചു. ഇനി ആരുടേയും സഹായം ആവശ്യമില്ല. പോർട്ടർമാർക്ക് 360 യുവാനും കുതിരക്കാർക്ക് 1110 യുവാനും കൊടുത്തതായിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്. യഥാക്രമം ഏതാണ്ട് 2500 രൂപയും 7500 രൂപയും. പലരും അവർക്ക് കൂടുതൽ പണം കൊടുത്തു. പാവങ്ങളായതുകൊണ്ടല്ലേ ചുമടെടുക്കാൻ അവർ തയ്യാറാവുന്നത്. അരവിന്ദിന്റെ വനിതാ പോർട്ടർക്ക് ഞാൻ 20 യുവാൻ കൊടുത്തു. അവളത് വിനയത്തോടെ, സന്തോഷത്തോടെ വാങ്ങി. അവളെന്റെ പോർട്ടറൊന്നുമല്ലെങ്കിലും 3 പകലുകൾ ഞങ്ങൾക്ക് അകമ്പടി സേവിച്ചതല്ലേ!
സോങ്സെർബുവിൽ നിന്ന് ബസ് നിൽക്കുന്നിടത്തേക്ക് അധികം ദൂരമില്ല. ഇന്നാണ് ഒരു പക്ഷേ ഏറ്റവും കുറച്ച് നടന്നിട്ടുള്ളത്. നാലഞ്ച് കിലോമീറ്ററേ ഇന്നു നടന്നു കാണൂ. വഴിയിൽ APPLE Foundation-ന്റെ ഒരു ബോർഡ് കണ്ടിരുന്നു. പക്ഷേ അതിന്റെ വിശദംശങ്ങൾ നോക്കാൻ വിട്ടുപോയി.
ഇനി എല്ലാവരും എത്തിയാലേ ബസ്സ് പുറപ്പെടൂ. അതിന് ധാരാളം സമയമുണ്ട്. ഞാനും മറ്റൊരാളും നദിയിൽ കുളിച്ചു. നല്ല സുഖമുള്ള തണുപ്പ്. മറ്റാരും കുളിച്ചില്ല. അവർക്കത്ഭുതമായിരുന്നു... ഞങ്ങളെങ്ങനെ ഈ തണുത്ത വെള്ളത്തിൽ കുളിക്കുന്നെന്ന്!! യാത്രികൾ ദൂരേയുള്ള പ്രകൃതിഭംഗികാമറയിലാക്കാൻ മത്സരിച്ചു കൊണ്ടിരുന്നു. എല്ലാവരും എത്തിയപ്പോൾ ബസ് നേരെ ദർശൻ-ലേക്ക് വിട്ടു. ഞങ്ങളുടെ പഴയ കാമ്പിലേക്ക്. ചുറ്റുമുള്ള പ്രകൃതിഭംഗി ആസ്വദിച്ച് ഞങ്ങൾ ബസ്സിൽ ഇരുന്നു. ടാറിടാത്ത, ഉറപ്പില്ലാത്ത മണ്ണിലൂടെ ബസ്സ് മുന്നോട്ട് പോയി. അധികം വൈകാതെ ഞങ്ങൾ 3 ദിവസം മുമ്പ് താമസിച്ച ദർശനിലെ (ദർച്ചൻ) ഹോട്ടലിലെത്തിച്ചേർന്നു.
ഗാങ്സാ ഗ്രാമത്തിൽ നിന്ന് ബസ്സ് പുറപ്പെടുമ്പോൾ ഞങ്ങളുടെ വനിതാ പോർട്ടർ ബസ്സും നോക്കി നിൽപ്പുണ്ടായിരുന്നു. ഇതു പോലെ എത്ര പേരെ അവൾ യാത്രയാക്കിയിരിക്കുന്നു. ഇനിയെത്ര പേരെ യാത്രയാക്കാൻ കിടക്കുന്നു. അവളെ കാത്തിരിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ കൂലി കിട്ടിയ പാടേ അവൾ പോകുമായിരുന്നു എന്നു ഞാൻ ചിന്തിച്ചു. പിന്നെ എന്തേ അവളവിടെ തങ്ങി നിൽക്കാൻ? ഒരു പക്ഷേ, അവൾ അവിവാഹിതയോ അനാഥയോ ആയിരിക്കാം. ഞങ്ങളുടെ ഗ്രൂപ്പിൽ കല്യാണപ്രായം വൈകിയ അവിവാഹിതരായ പുരുഷന്മാർ ഉണ്ടായിരുന്നു. അവർക്കാർക്കെങ്കിലും അവളെ തന്റെ ഭാര്യയാക്കി നാട്ടിലേക്ക് കൊണ്ടുവരാൻ നോക്കാമായിരുന്നു എന്ന് എന്റെ മനസ്സ് പറഞ്ഞു. പക്ഷേ ഒരു പോർട്ടറെ കല്യാണം കഴിക്കാൻ ആരു തയ്യാറാകും? പക്ഷേ അങ്ങനെയൊക്കെ ചെയ്തിരുന്നെങ്കിൽ നാലുപേർ ശ്രദ്ധിച്ചേനേ!! നാടുകൾ തമ്മിലുള്ള നല്ല ബന്ധങ്ങൾക്ക് ഇത്തരം ഉദ്യമങ്ങൾ നന്നായിരിക്കുമെന്ന് എനിയ്ക്ക് തോന്നി. പക്ഷേ, അപ്പോഴും കടത്തനാട്ട് മാധവി അമ്മ പറഞ്ഞ പോലെ മറ്റൊരു സ്ത്രീ കൂടി ഏതോ കാമത്തിന്നടിമയാവുകയായിരിക്കുമോ ചെയ്യുക?
ഞങ്ങളുടെ കൈലാസപ്രദക്ഷിണം അവസാനിച്ചിരിക്കുന്നു. യാത്രയുടെ പ്രധാന ഉദ്ദേശ്യത്തിന്റെ പകുതിയും തീർന്നിരിക്കുന്നു. ഇനി മാനസസരോവരം ഒരു വട്ടം ചുറ്റുക കൂടി ചെയ്താൽ തിബറ്റിലെ ഞങ്ങളുടെ യാത്രയും യാത്ര പുറപ്പെട്ടപ്പോഴുള്ള യാത്രോദ്ദേശ്യവും ലക്ഷ്യം കാണും. എല്ലാവരും എന്തോ വലിയ കാര്യം സാധിച്ച മട്ടിൽ നടന്നു. ഹോട്ടലിന്റെ മുന്നിൽ തന്നെ ടെലിഫോൺ ബൂത്തുണ്ട്. എല്ലാവരും നാട്ടിലേക്കും വീട്ടിലേക്കും വിളിച്ച് കൈലാസപ്രദക്ഷിണം ബുദ്ധിമുട്ടില്ലാതെ ചെയ്തു തീർത്തതായി ബന്ധുമിത്രാദികളെ അറിയിച്ചു കൊണ്ടിരുന്നു. ഞാനും അങ്ങനെ ചെയ്തു.
ഹോട്ടലിൽ ഞങ്ങളെ വരവേറ്റത് മുത്തുമാലകളുടെ വിൽപ്പനക്കാരായ തിബറ്റൻ സ്ത്രീകളായിരുന്നു. അവർ മുമ്പത്തേതു പോലെ ഇത്തവണയും ഞങ്ങളുടെ റൂമിൽ കേറി വന്നു. ഞാനോ എന്റെ കൂടെയുള്ളവരോ അവരോടൊന്നും വാങ്ങിയില്ല. ഞങ്ങളവരോട് പുറത്ത് പോകാൻ പറഞ്ഞു. ഒരുത്തി മുറിയിൽ നിന്നു പുറത്തു പോകുമ്പോൾ എന്റെ ഭാഗത്തേക്ക് അപ്രതീക്ഷിതമായി മുന്നോട്ടാഞ്ഞു. ഞാൻ പെട്ടെന്ന് എന്റെ മുഖം വെട്ടിച്ചു. അല്ലെങ്കിൽ അവളുടെ മുഖം എന്റെ മുഖത്ത് മുട്ടിയേനെ. അവരൊന്നും സാന്മാർഗ്ഗികമായി അത്ര ശരിയല്ല എന്ന് അവളുടെ ഭാവത്തിൽ നിന്ന് എനിയ്ക്ക് തോന്നി.
ഹോട്ടലിൽ നിന്ന് നോക്കിയാൽ കൈലാസം കാണും. നിശ്ശബ്ദശാന്തമായുള്ള കൈലാസത്തിന്റെ ആ നിൽപ്പ് ആരിലും കൗതുകമുണർത്തും. ഞാൻ കുറേ നേരം കൈലാസത്തെ നോക്കി സമയം ചെലവിട്ടു. ഇനി ഈ കാഴ്ച ഈ ജീവിതത്തിലുണ്ടാവാനിടയില്ല. കാരണം ഇനിയൊരു കൈലാസയാത്ര എന്റെ മനസ്സിലില്ല.
ഇന്നത്തെ ഉറക്കം ഇവിടെയാണ്. ഇനി നാളെ രാവിലെയേ യാത്രയുള്ളു. അത് ബസ്സിലാണ്. ചൈനയിൽ ഇനി ബാക്കിയുള്ള യാത്രയെല്ലാം ബസ്സിലാണ്. മാനസസരോവരം ചുറ്റുന്നതും ബസ്സിലാണ്. ഇനി രാത്രി വരെ സമയമുണ്ട്. അത് പ്രയോജനപ്രദമായ വിധത്തിൽ ഉപയോഗിക്കാൻ എല്ലാവരും തീരുമാനിച്ചു. ഊണു കഴിഞ്ഞ് ജീപ്പിൽ 'അഷ്ടപദ്' എന്നു പറയുന്ന സ്ഥലത്തേയ്ക്ക് എല്ലാവരും യാത്രയായി. കൈലാസത്തിലെ കോണിപ്പടികളായി നമ്മൾ കണക്കാക്കുന്ന ഭാഗം അടുത്തു കാണുന്നതിവിടെ നിന്നാണ്. ജീപ്പ് കുന്നും മലയും താണ്ടി, വെള്ളം കുറവുള്ള ഒരു പുഴയിലെ വെള്ളത്തിലൂടെ കുറേ ഓടി, പുഴ താണ്ടി മറുകര കടന്ന്, വീണ്ടും കുറേ ഓടി, ഒരു സ്ഥലത്ത് പാർക്ക് ചെയ്തു. പിന്നീട് ഞങ്ങൾ നടന്ന് അഷ്ടപദ് എന്ന സ്ഥലത്തെത്തി. പക്ഷേ ആകാശം മേഘാവൃതമായിരുന്നതിനാൽ തൃപ്തികരമായ ഒന്നും എനിയ്ക്ക് കാണാനായില്ല. മഴ പെയ്തതിനാൽ അവിടെ നിൽക്കാനുമായില്ല. അതിനാൽ അവിടെ നിന്ന് ഉടനെ മടങ്ങി. അഷ്ടപദ് എന്ന സ്ഥലത്ത് ധാരാളം മലകളുണ്ട്. അവയിലെല്ലാം ധാരാളം ഗുഹകളുള്ളതായി കാണാം. വളരെ അകലെ നിന്നുള്ള കാഴ്ചയാണേ. ഈ ഗുഹകളിലൊക്കെയാണ് മുനിമാരും തീർത്ഥങ്കരന്മാരും മറ്റും തപസ്സിരുന്നത്. ഈ സ്ഥലത്തെ പറ്റിയും ധാരാളം ഐതീഹ്യങ്ങൾ ഉണ്ട്. നല്ല കാലാവസ്ഥയുള്ള ഒരു പകൽ മുഴുവൻ കിട്ടിയിരുന്നെങ്കിൽ അവിടെ ചുറ്റി നടന്നു കാണാൻ ധാരാളം കാഴ്ചകളുണ്ടായിരുന്നു. അവിടെ ഒരു കല്ലിൽ 'ഹനുമാൻ ഗുഹ - ഒന്നര കി.മി.’ എന്ന് ഹിന്ദിയിൽ എഴുതി ഒരു arrow കാണിച്ചിട്ടുണ്ട്. അവിടെയൊക്കെ ഒന്നു പോയി നോക്കേണ്ടതായിരുന്നു. പക്ഷേ വിദേശരാജ്യമായതിനാൽ തോന്നുന്നിടത്തൊകെ പോകാൻ ബുദ്ധിമുട്ടാണ്. സമയവും കുറവ്.
കൈലാസത്തിന്റെ കോണിപ്പടികളുള്ള ഭാഗത്തിനു മുന്നിൽ ഒരു ചെറിയ കരിങ്കൽമലയുണ്ട്. അതിനെ നന്ദിമല എന്നു പറയുന്നു. ശിവക്ഷേത്രത്തിൽ ശ്രീകോവിലിനു മുന്നിൽ കിടക്കുന്ന നന്ദിയുടെ ഓർമ്മ ആയിരിക്കും ഈ മല നമ്മുടെ മനസ്സിൽ ഉണർത്തുന്നത്. നന്ദിമല ഭക്തിനിർഭരമായ ഒരു കാഴ്ച തന്നെയാണ്. നന്ദിമല കാണേണ്ടതു തന്നെയാണ്. അതിന്റെ ചിത്രം ഞാനിവിടെ കൊടുക്കുന്നുണ്ട്.
കൈലാസവും അതിന്റെ മുന്നിലുള്ള നന്ദി മലയും (ഫോട്ടോയ്ക്ക് കടപ്പാട്: ഇന്റർനെറ്റ്)
മഴ പെയ്തപ്പോൾ ഞങ്ങൾ മലയിൽ നിന്നും ഓടി ഇറങ്ങി. മഴ നനയാതെ കയറി നിൽക്കാൻ ഒരിടവും ഇല്ല. കയ്യിൽ കുട ഇല്ല. പിന്നെ എന്തു ചെയ്യും? ഇറക്കം പകുതിയായപ്പോൾ ദൂരെ ഒരു മൊണാസ്ട്രി കണ്ടു. ഞങ്ങൾ ഓടി അവിടെ കേറി. പക്ഷേ ആ മൊണാസ്ട്രി എന്തോ കാരണവശാൽ വിജനമായിരുന്നു. അത് പൊളിച്ചു കൊണ്ടിരിക്കയായിരുന്നു. അതിനുള്ളിൽ ചുറ്റി നടന്ന് മഴ കുറഞ്ഞപ്പോൾ തിരിച്ച് ജീപ്പിനടുത്തെത്തി. അപ്പോൾ പഞ്ചറായ ടയർ മാറ്റുകയായിരുന്നു തിബറ്റുകാരനായ ഡ്രൈവർ. എന്റെ കൂടെയുള്ളവരുടെ സഹായത്തോടെ അയാളതു മാറ്റി. ഒടുവിൽ ഞങ്ങൾ ജീപ്പിൽ ഹോട്ടലിൽ തിരിച്ചെത്തുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. ജീപ്പിന് 100 യുവാൻ വാടക ഓരോരുത്തരും കൊടുത്തു.
പിറ്റേ ദിവസം രാവിലെ ഞങ്ങൾ മാനസസരോവരം ലക്ഷ്യമാക്കി ബസ്സിൽ യാത്ര തിരിച്ചു. മനോഹരമായ സമതലങ്ങളിലൂടെയാണ് യാത്ര എന്നൊക്കെ എഴുതിയാൽ അത് വെറും ആവർത്തന വിരസതയേ നൽകൂ. ബസ്സ് കുറേ ഓടിയപ്പോൾ അതിനെ ഒരു മാർക്കറ്റിലേക്ക് തിരിച്ചു വിട്ടു. ഇനിയുള്ള ദിവസങ്ങളിലേക്ക് വേണ്ട ഭക്ഷണസാധനങ്ങൾ വാങ്ങാനായിരുന്നു അത്. ഗോതമ്പ് മാവും പച്ചക്കറികളും മറ്റും ഭക്ഷണകമ്മിറ്റിക്കാർ വാങ്ങി ജീപ്പിലിട്ടിരിക്കണം. കുറേ കഴിഞ്ഞ് ബസ്സ് വീണ്ടും പ്രയാണം ആരംഭിച്ചു.
ഇപ്പോൾ ബസ്സ് മാനസസരോവരത്തിന്റെ തീരത്തു കൂടിയാണ് യാത്ര. ബസ്സിന്റെ വലതു വശത്ത് മാനസസരോവരം ഒരു ഭംഗിയുള്ള കാഴ്ചയായി ഞങ്ങൾക്കനുഭവപ്പെട്ടു. മാനസസരോവരം കടൽ പോലെ കിടക്കുന്ന ഒരു ജലശേഖരമാണ്. കടലിന്റെ അപ്പുറത്ത് കാണുന്നത് ചക്രവാളമാണെങ്കിൽ മാനസസരോവരത്തിന്റെ അപ്പുറത്ത് കാണുന്നത് ഹിമാലയമലനിരകളാണ് എന്ന വ്യത്യാസമേ ഉള്ളു. ബസ്സിലിരിക്കുമ്പോൾ കാണപ്പെട്ട മാനസസരോവരത്തിന്റെ ദൃശ്യങ്ങൾ തീർച്ചയായും സുന്ദരമായ ഒരനുഭവം തന്നെയായിരുന്നു.
പല തരത്തിലുള്ള പക്ഷികൾ തടാകത്തിലെ ജലത്തിൽ പല സ്ഥലത്തും കണ്ടു. തടാകത്തിലേക്ക് നീരുറവകളും നീർച്ചാലുകളും ഒഴുകിയെത്തുന്നത് പലയിടത്തും കാണപ്പെട്ടു. വിശാലമായ തടാകം നിശ്ചലമായി കിടക്കുന്നത് കാഴ്ചക്കാരിൽ അത്യധികം കൗതുകമുണർത്തി. എല്ലാവരുടേയും കണ്ണുകൾ തടാകത്തിൽ മാത്രമായിരുന്നു. തടാകത്തിനു ചുറ്റും ജനവാസമൊന്നും ഇല്ല. ഇടയ്ക്ക് ആളുകൾക്ക് തങ്ങാനുള്ള ഒരു ക്യാമ്പ് കണ്ടു. ഒരു പക്ഷേ ലാമമാർ ഇവിടെ താമസിക്കുന്നുണ്ടാകും. അവർ മാത്രമേ ഈ പ്രദേശങ്ങളിലുള്ളു എന്നാണെനിയ്ക്ക് മനസ്സിലായത്. തടാകത്തിന്റെ തീരത്തു കൂടെ ബസ് മണിക്കൂറുകളോളം സഞ്ചരിച്ചു. ഇത് വെറും സഞ്ചാരമല്ല. മാനസസരോവരത്തെ പ്രദക്ഷിണം വയ്ക്കലാണ്.
കുറേ ഓടിയപ്പോൾ ബസ്സ് നിന്നു. ആളുകൾക്ക് മൂത്രമൊഴിക്കാനാണ് നിന്നത്. പരന്ന സ്ഥലം. ഒരു മരമോ മറവോ ഇല്ല. പെണ്ണുങ്ങളൊക്കെ എവിടെ പോയി മൂത്രം ഒഴിച്ചുവോ ആവോ? മൂത്രമൊഴിക്കാനല്ലേ എന്നു കരുതി ഞാൻ ബസ്സിൽ നിന്നിറങ്ങിയില്ല. പക്ഷേ പലരും തടാകത്തിനെ അടുത്തേക്ക് പോയി. അതു കാരണം ബസ്സ് അര മണിക്കൂറെങ്കിലും കഴിഞ്ഞാണ് പിന്നീട് പുറപ്പെട്ടത്. അതിലിടക്ക് ബാംഗ്ലൂരിലെ യാത്രക്കാർ അവിടത്തെ മണ്ണ് കുത്തിയിളക്കി എന്തോ ചെടി പറിച്ചെടുക്കുന്നുണ്ടായിരുന്നു. ഇതെന്താണെന്നും എന്തിനാണെന്നും ഞാൻ അതിശയിച്ചു. ഒടുവിൽ കൈലാസയാത്രയൊക്കെ കഴിഞ്ഞ് എല്ലാവരും വീട്ടിലെത്തി കുറേ ദിവസങ്ങൾ കഴിഞ്ഞപ്പോൾ കേട്ടു അവർ പറിച്ചെടുത്തത് ഒരു തരം ഉള്ളിച്ചെടിയാണെന്നും അത് ബാംഗ്ലൂരിലെ കാലാവസ്ഥയിൽ വളർന്നു വലുതായി എന്നും.
ആരാണാവോ അവിടെ ഇത്തരം ഒരു ചെടി ഇവിടെ ഉണ്ടെന്നു അവരോട് പറഞ്ഞത്? ഒരു പക്ഷേ, കഴിഞ്ഞ കൊല്ലങ്ങളിൽ പോയവരിൽ നിന്നു കിട്ടിയ വിവരമായിരിക്കാം അത്. അങ്ങനെയാണെങ്കിൽ ഇനി അതൊരു ചടങ്ങാകാനും അധികം പ്രയാസമില്ല. മാനസസരോവരത്തെ പ്രദക്ഷിണം വയ്ക്കുമ്പോൾ ഉള്ളിച്ചെടി പറിച്ചെടുക്കണമെന്നും അത് നാട്ടിൽ കൊണ്ടുവന്ന് വളർത്തണമെന്നും ഏറ്റവും ചുരുങ്ങിയത് ബാംഗ്ലൂരുകാരെങ്കിലും വിശ്വാസത്തിന്റെ ഒരു ഭാഗമാക്കും. ഒടുവിൽ ഉള്ളിച്ചെടി കിട്ടാത്തവന് കൈലാസയാത്രയുടെ പുണ്യം കിട്ടിയില്ല എന്നും ഭക്തന്മാർ കരുതും. ഇങ്ങനെയൊക്കെ അല്ലേ ഓരോ വിശ്വാസങ്ങളും ആചാരങ്ങളും ഉടലെടുക്കുന്നത്? ഈശ്വരോ രക്ഷ!! മാനസതടാകത്തിന്റെ തീരത്തു കൂടി ഓടി ഓടി, ഉച്ചയോടടുപ്പിച്ച് ബസ്സ് ഞങ്ങളുടെ അടുത്ത ക്യാമ്പിനു മുന്നിൽ പാർക്ക് ചെയ്തു.
* * * * * * * * * * * * * * തുടരും
3 അഭിപ്രായങ്ങൾ:
താഴെ പറയുന്ന വരികള്‍ രണ്ടു പ്രാവശ്യം ആവര്‍ത്തിച്ചിട്ടുണ്ട് . ഇനി ശ്രദ്ധിക്കുമല്ലോ ;
"ഞങ്ങളുടെ ഒരു മാസത്തെ കൈലാസയാത്രയിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചതും ഏറ്റവും കൂടുതൽ മനോഹരമായി എനിക്ക് തോന്നിയതും ഈ സ്ഥലമായിരുന്നു. ഇത്രയും ഭംഗിയുള്ള ഭൂവിഭാഗം ഞാൻ വേറെ എവിടേയും കണ്ടിട്ടില്ല."
good..!
എന്തേ ജാമ്ബിയാങ്ങ് പര്‍വ്വതത്തില്‍ കയറി കൈലാസത്തെ അടുത്തുനിന്നു കാണാന്‍ ശ്രമിച്ചില്ല?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ