2011, സെപ്റ്റംബർ 24, ശനിയാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 21

ജനലിനഭിമുഖമായി കിടന്നതിനാൽ ദിവസം വെള്ള കീറുന്നതു കണ്ടുകൊണ്ട് ആണ് ഉണർന്നത്. മങ്ങിയിട്ടാണെങ്കിലും മുറിയിലാകെ പ്രഭാതസൂര്യന്റെ പ്രകാശം പരന്നിരുന്നു. വലുതും വിശാലവുമായ ജനൽപ്പാളികളിലാകെ ജലകണങ്ങൾ. രാത്രിയിൽ ഒരു പക്ഷേ മഴ പെയ്തിട്ടുണ്ടാകാം. അല്ലെങ്കിൽ തണുത്തുറഞ്ഞ അന്തരീക്ഷത്തിൽ വായു ഘനീഭവിച്ചതാകാം അവ. ജനലിനപ്പുറം അകലെയായി നീണ്ട മലനിരകൾ. ആകാശമാകെ മേഘാവൃതമാണ്. ... കറുത്ത മേഘങ്ങൾ. മഴ എപ്പോൾ വേണമെങ്കിലും പെയ്യാം. അതോ ചന്നം പിന്നം പെയ്യുന്നുണ്ടോ? മലനിരകളിൽ തവളപ്പതപോലെ അങ്ങിങ്ങായി മഞ്ഞുകട്ടകൾ.

ഞാൻ കയ്യെടുത്ത് വാച്ച് പതുക്കെ കണ്ണിലേക്കടുപ്പിച്ചു. മണി അഞ്ചര. നാട്ടിലിപ്പോൾ എന്തായിരിക്കും സ്ഥിതി? ഭാര്യ എഴുന്നേറ്റു കാണുമോ? അവളിപ്പോൾ ഒറ്റയ്ക്ക് നടക്കുന്നുണ്ടാകുമോ? അതോ ഒറ്റക്കാലിൽ ചാടുകയായിരിക്കുമോ? ഞാനുണ്ടായിരുന്നെങ്കിൽ അവൾക്കൊരു താങ്ങായേനെ.

കട്ടിലിൽ കിടന്നു കൊണ്ട് ഞാൻ ചുറ്റും വീക്ഷിച്ചു. മൂന്നാലു കട്ടിലുകളിൽ ചുരുണ്ടുയർന്ന കമ്പിളികൾ. സഹയാത്രികർ ചുരുണ്ടുകൂടി ഉറങ്ങുകയാണ്. വൈകി ഉറങ്ങി വൈകി എഴുന്നേൽക്കുന്നവരാണ് ചെറുപ്പക്കാരായ അവർ. ഏതോ കട്ടിലിൽ നിന്ന് കൂർക്കം വലിയുടെ നേരിയ ശബ്ദം വരുന്നുണ്ട്. ഒരു കട്ടിലിലെ കമ്പിളി മാത്രം കാറ്റു പോയ ബലൂൺ പോലെ കിടക്കുകയാണ്. കൃഷ്ണേട്ടന്റെ കട്ടിലാണത്. കൃഷ്ണേട്ടന് നേരം പുലർന്നാലുടനെ കക്കൂസിൽ പോകണം. വർഷങ്ങളായുള്ള ശീലമാണത്. മൂപ്പരിപ്പോൾ അകലെ മലമടക്കുകളിൽ എവിടേയെങ്കിലും ഇരിക്കുകയായിരിക്കും. കയ്യിൽ ഒരു കുപ്പി വെള്ളവുമായി. ഉണർന്നെഴുന്നേറ്റാൽ ഉടനേയുള്ള ആദ്യത്തെ ഈ ഊഴത്തിൽ കുറേ ഗാസ് മാത്രമേ പോകൂ എന്നാണ് കൃഷ്ണേട്ടൻ പറഞ്ഞിട്ടുള്ളത്. വൻകുടലിൽ നിന്നും വർദ്ധിതവീര്യത്തോടെ കീഴ്വായു പുറത്തു പോകുമ്പോൾ സ്ഫിങ്ക്റ്റർ പേശിയിലുണ്ടാകുന്ന പ്രകമ്പനങ്ങൾ മനുഷ്യശരീരത്തിൽ സുഖദമായ അനുഭവങ്ങൾ ഉണ്ടാക്കാൻ പോന്നതാണ്. കൃഷ്ണേട്ടനിപ്പോൾ ആ സുഖം ആസ്വദിക്കുകയാകാം. പ്രാതൽ കഴിഞ്ഞുള്ള രണ്ടാമത്തെ ഊഴത്തിലേ മൂപ്പർക്ക് വയറ്റിൽ നിന്ന് ശരിക്കെന്തെങ്കിലും പോകൂ. മൂപ്പർ തന്നെ പലപ്പോഴായി പറഞ്ഞിട്ടുള്ളതാണീ കാര്യങ്ങൾ.

അടഞ്ഞു കിടന്ന വാതിൽ കരഞ്ഞു ശബ്ദമുണ്ടാക്കി. കൃഷ്ണേട്ടൻ വരികയാണ്. വന്ന പാടേ മൂപ്പർ ബ്രഷും പേസ്റ്റുമെടുത്ത് പുറത്തേക്ക് പോയി. എഴുന്നേറ്റാൽ വല്ലതും കഴിക്കുന്നതിനു മുമ്പ് പല്ലുതേപ്പ് മൂപ്പർക്ക് നിർബന്ധമാണ്. പല്ലുതേച്ചേ മൂപ്പർ എന്തെങ്കിലും കഴിയ്ക്കൂ.

ഞാൻ തവളപ്പത നോക്കി തിരിഞ്ഞു കിടന്നു. ഇന്നാണാ ദിവസം. മാനസസരോവരത്തോട് ജീവിതത്തിൽ എന്നെന്നേയ്ക്കുമായി വിട പറയുന്ന ദിവസം. കഴിഞ്ഞ 3 ദിവസങ്ങളായി മാനസസരോവരത്തിന്റെ തീരത്താണ് വാസം. ഇങ്ങനെയൊരു വാസം കഴിഞ്ഞ വർഷം പ്രതീക്ഷിച്ചതല്ല. പ്രതീക്ഷിക്കാത്ത എന്തെല്ലാം നടക്കുന്നു ഈ ജീവിതത്തിൽ. എന്തായാലും മാനസസരോവരത്തിന്റെ തീരത്തെ വാസത്തിന് അറുതി ആവുകയാണ്. രാവിലെ 8 മണിയോടെ ബസ്സ് പുറപ്പെടും എന്നാണ് കിട്ടിയിട്ടുള്ള വിവരം.

കൃഷ്ണേട്ടൻ ധൃതിയിൽ അകത്തേക്ക് വന്നു. ഉദയസൂര്യന്റെ പ്രഭാതകിരണങ്ങൾ ചക്രവാളത്തിൽ ശ്രദ്ധേയമായ കാഴ്ചകൾ രചിയ്ക്കുന്നുണ്ടെന്ന് തന്റെ അപ്പുറത്തും ഇപ്പുറത്തുമായി കിടക്കുന്ന കാമറാമാൻമാരായ സഹയാത്രികരെ മൂപ്പർ അറിയിച്ചു. മുമ്പും പിമ്പും നോക്കാതെ രണ്ടു പേരും ഉടനെ കാമറയും തൂക്കി പുറത്തേക്ക് പുറപ്പെട്ടു.

ഡും ..ഡും.... വാതിലിൽ മുട്ടിക്കൊണ്ട് ചായക്കാരൻ അകത്തേയ്ക്ക് വന്നു. ഞാൻ ചായ വാങ്ങി കുറേശ്ശെ കുടിച്ചു. കൃഷ്ണേട്ടന്റെ ശീലമൊന്നും എനിക്കിപ്പോഴില്ല. പണ്ട് പല്ലു തേച്ചേ ഞാനും വല്ലതും കുടിക്കുമായിരുന്നുള്ളു. പിന്നിടാണ് മനസ്സിലായത്, വ്യർത്ഥമായ ഈ ജീവിതത്തിൽ പല്ലു തേക്കാതെ ചായ കുടിച്ചാൽ ഒന്നും നഷ്ടപ്പെടില്ലെന്ന്.

ഞാൻ ബ്രഷും പേസ്റ്റുമെടുത്ത് പുറത്തേക്കിറങ്ങി. ചിലർ പല്ലു തേക്കുകയാണ്. ചിലർ കയ്യിലുള്ള കാമറ ആകാശത്തേക്ക് ഫോക്കസ് ചെയ്യുകയാണ്. ഇനിയും ചിലർ കയ്യിൽ ഒരു കുപ്പി വെള്ളവുമായി മലമടക്കുകളിലേക്ക് നീങ്ങുകയാണ്. ഞാൻ അടുക്കളയ്ക്കടുത്തുള്ള വാട്ടർ ടാങ്കിൽ നിന്ന് വെള്ളമെടുത്ത് പല്ലു തേച്ചു. തണുത്തുറഞ്ഞ വെള്ളം തട്ടിയപ്പോൾ പല്ലുകൾ കോച്ചിപ്പോയി. മുഖം കഴുകുമ്പോൾ താടിയിൽ വളർന്നു നിൽക്കുന്ന വെളുത്ത രോമങ്ങൾ എന്തോ ഒരു അസ്വസ്ഥത സൃഷ്ടിച്ചു. ബ്രഷും പേസ്റ്റും ബാഗിൽ വച്ച് ഞാൻ നേരേ മാനസസരോവരത്തിന്റെ തീരത്തേയ്ക്ക് വച്ചു പിടിച്ചു. പ്രാതലിനും യാത്ര പുറപ്പെടാനും ഇനിയും സമയം ധാരാളം ഉണ്ട്. അതിനിടക്ക് ആകെ ഒന്നു ചുറ്റിനടക്കാം.

തടാകതീരത്ത് ഞാനെത്തുമ്പോൾ ഒരു മാതിരി യാത്രികരൊക്കെ അവിടെ ഉണ്ട്. തടാകത്തിന്റെ മറുകരയിൽ ഏവരേയും അത്ഭുതസ്തബ്ധരും സന്തുഷ്ടരും ആക്കിക്കൊണ്ട് കൈലാസ പർവ്വതം അതാ ഉയർന്നു നിൽക്കുന്നു. കഴിഞ്ഞ 3 ദിവസമായി മഷിയിട്ടു നോക്കിയിട്ടു പോലും കാണാതിരുന്ന പ്രസ്തുത പർവ്വതം ഇന്നിപ്പോൾ ചക്രവാളത്തിൽ അനാച്ഛാദിതമായത് തീർച്ചയായും ഞങ്ങൾക്കുള്ള അനുഗ്രഹം തന്നെയാണ്. കാമറയുള്ളവരെല്ലാം കൈലാസത്തിന്റെ വിവിധങ്ങളായ ദൃശ്യങ്ങൾ തേടുകയാണ്. ആകാശത്തിൽ സൂര്യൻ ഇപ്പോഴും പ്രത്യക്ഷപ്പെട്ടിട്ടില്ല. മേഘങ്ങളുടെ ഇടയിൽ മറഞ്ഞു നിൽക്കുകയാണ് മൂപ്പർ. പ്രഭാതത്തിൽ മാനസസരസ്സിലെ ചക്രവാളം ഒട്ടും ആകർഷകമായി എനിയ്ക്കു തോന്നിയില്ല. നോയ്ഡയിലെ സൂര്യോദയം ഇതിലും മനോഹരമാണെന്ന് എനിയ്ക്ക് തോന്നി.

പലരും മാനസസരോവരത്തിൽ നിന്ന് വെള്ളം ശേഖരിക്കാൻ തിടുക്കം കൂട്ടുന്നുണ്ടായിരുന്നു. പക്ഷേ ശക്തമായ കാറ്റുള്ളതുകൊണ്ടോ എന്തോ വെള്ളം കലങ്ങിയാണിരുന്നത്. മറ്റു മാർഗ്ഗങ്ങളില്ലാതിരുന്നതിനാൽ അവർക്ക് കലക്കുവെള്ളം ശേഖരിക്കേണ്ടി വന്നു. വെള്ളം കലങ്ങിയതൊന്നും അവർക്ക് ഒരു പ്രശ്നമായി എനിയ്ക്ക് തോന്നിയില്ല. കലക്കമല്ല മറിച്ച് വിശ്വാസമാണ് പ്രധാനം. കലങ്ങിയതായാലും മാനസസരോവരത്തിലെ വെള്ളം ഭക്തർക്ക് പുണ്യദായകമത്രെ. നട്ടുച്ചയ്ക്കായിരുന്നെങ്കിൽ നല്ല പനിനീർ പോലെ തെളിഞ്ഞ വെള്ളം കിട്ടുമായിരുന്നു. പക്ഷേ അതിനിനി നട്ടുച്ചവരെ കാത്തു നിൽക്കാനാവില്ലല്ലോ. അവർക്കിത് ഇന്നലെയോ മിനിഞ്ഞാന്നോ ശേഖരിക്കാമായിരുന്നു. പക്ഷേ, തൂറാൻ നേരത്ത് ആസനം തപ്പുന്നവരും നമ്മുടെ ഇടയിൽ ഉണ്ടല്ലോ.

ഞാൻ തിരിച്ച് ഹോട്ടലിലെത്തുമ്പോൾ ചെറുതായി മഴ പെയ്യുന്നുണ്ടായിരുന്നു. ഹോട്ടലിലുള്ളവർ ചൂടുള്ള സൂപ്പ് അകത്താക്കുകയായിരുന്നു. ഞാനും അതിൽ ചേർന്നു. എല്ലാവരും കെട്ടും ഭാണ്ഡവും മുറുക്കുകയാണ്. ഞാനത് നേരത്തേ ചെയ്തു വച്ചിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ പ്രാതലും ലഞ്ചും ചേർന്ന ബ്രഞ്ച്. ചപ്പാത്തി, ദാൽ, സബ്ജി, തലേ ദിവസം ബാക്കിയായ കിച്ഡി എന്നിവയായിരുന്നു ബ്രഞ്ചിന്റെ വിഭവങ്ങൾ. എട്ടേകാലോടെ ബസ്സ് പുറപ്പെട്ടു. പുറകിൽ ഞങ്ങളുടെ ലഗേജ് കയറ്റിയ വാനും ഉണ്ടായിരുന്നു.

ബസ് മാനസതടാകത്തിന്റെ തീരത്തൂടെയാണ് നീങ്ങിയത്. റോഡിന്റെ ഒരു വശത്ത് തടാകം, മറുവശത്ത് മലകൾ. മലകളിൽ അപൂർവ്വമായി മനുഷ്യവാസമുള്ള ചെറിയ ബിൽഡിങ്ങുകൾ. അവ പട്ടാളക്കാരുടെ അധിവാസകേന്ദ്രങ്ങളാണെന്നു തോന്നുന്നു. മാനിനെപ്പോലെ തോന്നിപ്പിക്കുന്ന ചെറിയ മൃഗങ്ങൾ അപൂർവ്വമായി കാണപ്പെട്ടു. ടാറിടാത്ത മണ്ണുറോഡിലൂടെ കിതച്ചു കിതച്ചാണ് ബസ്സിന്റെ പോക്ക്. റോഡിലെ കല്ലും കട്ടയും ബസ്സിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വിഘ്നം സൃഷ്ടിച്ചു കൊണ്ടിരുന്നു. കുറേ കഴിഞ്ഞപ്പോൾ ബസ് നിർത്തി. ആവശ്യക്കാർക്ക് കല്ലുകൾ പെറുക്കാമെന്ന അറിയിപ്പ് വന്നു. എല്ലാവരും ബസ്സിൽ നിന്നും ഇറങ്ങിയെങ്കിലും കഴിഞ്ഞ രണ്ടു ദിവസം കല്ലു പെറുക്കി നടന്ന ഞങ്ങൾക്ക് ഇനി വീണ്ടും അതിൽ വലിയ താല്പര്യമില്ലായിരുന്നു. അതുകൊണ്ടാണോ എന്തോ, അധികം വൈകാതെ ബസ്സിന്റെ ഹോൺ നീളത്തിൽ മുഴങ്ങിക്കേട്ടു. ബസ്സു പുറപ്പെടാനുള്ള സിഗ്നൽ ആണത്. ബസ്സ് മുന്നോട്ട് പോകവേ തടാകം കണ്ണിൽ നിന്ന് മറഞ്ഞു.

കുറെ കഴിഞ്ഞപ്പോൾ ബസ് ഒരു പരന്ന കുന്നിൻ മുകളിൽ നിന്നു. അതീവ ഹൃദ്യമായ ചുറ്റുപാടായിരുന്നു അവിടെ. മുന്നിലായി രണ്ട് വലിയ ജലാശയങ്ങൾ. ഇടത് വശത്ത് രാക്ഷസതടാകവും വലതു വശത്ത് മാനസതടാകവും ആണെന്ന് ഗൈഡ് ടെമ്പ വിളിച്ചു പറയുന്നുണ്ടായിരുന്നു. മുന്നിലായി ദൂരെ കൈലാസവും പിന്നിലായി വളരെ ദൂരെ 'ഗുർല മന്ദാത' മലയും ആണെന്നും അറിയിപ്പുണ്ടായി. കുറേ മേഘശകലങ്ങളല്ലാതെ ഒരു പർവ്വതവും ഞങ്ങൾക്ക് കാണാനായില്ല. ആളുകൾ ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു. ഞാൻ ചുറ്റുമുള്ള അനന്തതയിലേക്ക് നോക്കി. രാക്ഷസതടാകം കൂടുതൽ ഭംഗിയുള്ളതായി എനിയ്ക്ക് തോന്നി. അത് രാക്ഷസന്മാർക്ക് മാത്രം തോന്നുന്ന തോന്നലാണോ എന്തോ?

രാക്ഷസതളത്തിന് പൊതുവേ ഒരു രൂപമുള്ളതായി എനിയ്ക്ക് തോന്നിയില്ല. വളഞ്ഞു പുളഞ്ഞു കിടക്കുന്നതു പോലെയാണ് അതിന്റെ അതിരുകൾ എനിയ്ക്ക് കാണായത്. രണ്ടു തടാകങ്ങളും മുഴുവനായി നമ്മുടെ കണ്ണുകൾക്ക് വശംവദമാകില്ല. അത്രയ്ക്കാണ് അവയുടെ വലിപ്പം. ഈ രണ്ടു തടാകങ്ങളുടേയും ആകാശത്തിൽ നിന്നുള്ള ദൃശ്യം ഇന്റർനെറ്റിലുണ്ട്. ആ ദൃശ്യത്തിലെ രാക്ഷസതടാകം, വിചിത്രമായ തലയുള്ള ഒരു മൃഗം കൈകളിൽ ഇരയെ പിടിച്ചു കൊണ്ട് ഇരിക്കുന്ന രൂപമാണ് എന്റെ മനസ്സിൽ രൂപപ്പെടുത്തുന്നത്. ആ ചിത്രം ഞാനിവിടെ കൊടുക്കുന്നുണ്ട്.


രാക്ഷസതടാകവും മാനസസരോവരവും - ഒരു ആകാശക്കാഴ്ച (അവലംബം: ഇന്റെർനെറ്റ്)

രാക്ഷസതളത്തിൽ അങ്ങിങ്ങായി ചെറിയ ദ്വീപുകൾ കണ്ടു. ചെറിയ ചെറിയ കുന്നുകൾ. അങ്ങോട്ട് ഒരു തോണി തുഴഞ്ഞ് പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാനാശിച്ചു. അപ്പോൾ രണ്ടുമൂന്നു വ്യാഴവട്ടങ്ങൾക്ക് മുമ്പ് നെയ്യാർ ഡാമിൽ തോണി തുഴഞ്ഞ് യാത്ര ചെയ്തത് എന്റെ മനസ്സിലൂടെ പാഞ്ഞുപോയി. അതിനു മുമ്പോ പിന്നീടോ ഞാൻ തോണി തുഴഞ്ഞിട്ടില്ല. ഹൗ, ആ പങ്കായത്തിന്റെ ഭാരം ഇപ്പോഴും കയ്യിലനുഭവപ്പെടുന്നുണ്ട്. അന്ന് തോണിയിലുണ്ടായിരുന്ന കൂട്ടരൊക്കെ ഇപ്പോഴെവിടെ ആയിരിക്കുമോ എന്തോ? ഈയിടെ ഒരാൾ റിട്ടയർ ചെയ്യുകയുണ്ടായി. മറ്റൊരാൾ വളരെ പണ്ടേ അമേരിക്കയിലേക്ക് കുടിയേറിയിരുന്നു. അയാളിപ്പോഴെവിടെ ഉണ്ടോ ആവോ? അവരൊക്കെ എന്നെ ഓർക്കുന്നുണ്ടാകുമോ?

പഴയ കഥകളോരോന്നോർത്തു നിൽക്കേ ബസ്സിന്റെ ഹോൺ മുഴങ്ങി. യാത്ര പുനരാരംഭിക്കാൻ സമയമായിരിക്കുന്നു. ഞാൻ വേഗം ബസ്സിൽ കയറി ഇരുന്നു. മറ്റുള്ളവരും. ബസ്സ് രണ്ടു തടാകങ്ങളുടേയും ഇടയിലുള്ള മലമുകളിലൂടെ മുന്നോട്ട് നീങ്ങി. ഈ ചെറിയ, വലിയ വീതിയില്ലാത്ത, മല ഇടിച്ചു നിരത്തിയാൽ പിന്നെ രണ്ടു തടാകങ്ങളില്ല. ഒന്നേയുള്ളു. പക്ഷേ, അങ്ങനെ സംഭവിക്കാനിടയില്ല. ജനങ്ങളുടെ വിശ്വാസവും ഭക്തിയും നിലനിൽക്കുന്നിടത്തോളം കാലം ഒരു ഗവണ്മെന്റിനും അങ്ങനെ ചെയ്യാനാവില്ല. പക്ഷേ, എന്റെ ചിന്ത അതല്ലായിരുന്നു, മറിച്ച്, ഈ രണ്ടു തടാകങ്ങളും ഒരുമിച്ചാൽ ഏത് തടാകത്തിന്റെ ഗുണമായിരിക്കും നിലനിൽക്കുക എന്നതായിരുന്നു. പുതുതായുണ്ടാകുന്ന തടാകം രാക്ഷസതളം പോലെ അസ്വീകാര്യമാകുമോ അതോ മാനസതടാകം പോലെ സ്വീകാര്യമാകുമോ? രാക്ഷസതടാകത്തിന്റെ കളങ്കം മാറ്റാൻ മാനസതടാകത്തിനാകുമോ?

ബസ്സ് മുന്നോട്ട് നീങ്ങവേ, ദൂരെ മെറ്റൽ ചെയ്ത റോഡ് ദൃശ്യമായി. ഇതിലൂടെയായിരുന്നു കഴിഞ്ഞ ആഴ്ച കൈലാസത്തിലേക്ക് പോയത്. ഇപ്പോൾ ഒരാവൃത്തി പൂർത്തിയാക്കി വീണ്ടും ആ റോഡിൽ തന്നെ വന്നു ചേരുകയാണ്. ബസ്സ് ഓടിയോടി മെറ്റൽ ചെയ്ത റോഡിലെത്തുമ്പോൾ മാനസസരോവരം എന്നെന്നേക്കുമായി കണ്ണിൽ നിന്നും മറഞ്ഞിരുന്നു. ഇപ്പോഴും രാക്ഷസതടാകം കാണുന്നുണ്ട്.

ബസ്സ് ടാറിട്ട റോഡിൽ നിന്നു. ബസ്സിൽ നിന്ന് കുറച്ച് പേർ എഴുന്നേറ്റ് കുപ്പിയുമായി ഓടി. അവർ പോയത് രാക്ഷസതടാകത്തിലെ വെള്ളമെടുക്കാനായിരുന്നു. ഞാൻ തിരുവനന്തപുരത്തായിരുന്നെങ്കിൽ ഞാനും ഒരു കുപ്പി വെള്ളമെടുത്തേനേ. എന്നിട്ട് പബ്ലിക്ക് ഹെൽത്ത് ലബോറട്ടറിയിൽ കൊടുത്ത് അതിന്റെ ഗുണമേന്മ പരിശോധിപ്പിക്കുമായിരുന്നു. അപ്പോഴറിയാമായിരുന്നു ഈ വെള്ളത്തിന് വല്ല കുഴപ്പവും ഉണ്ടോ എന്നും എന്തുകൊണ്ടാണ് ഈ വെള്ളത്തിൽ ജീവജാലങ്ങൾ ഇല്ലാത്തത് എന്നും. പക്ഷേ ഞാൻ പോകുന്നത് നോയ്ഡയിലേക്കായതിനാൽ ഈ ചോദ്യങ്ങൾക്കൊന്നും എനിയ്ക്ക് ഉത്തരം കിട്ടുകയില്ല തന്നെ.

ഞങ്ങളുടെ കൈലാസയാത്ര അവസാനിച്ചിരിക്കുന്നു. ഇനി മടങ്ങിയാൽ മതി. ഇനിയുള്ള ലക്ഷ്യം സ്വന്തം വീടും കുടുംബവും ഓഫീസും ഒക്കെ ആണ്. ഞാൻ നാട്ടിലെ കാര്യങ്ങൾ ആലോച്ചിച്ചു കൊണ്ട് ബസ്സിലിരുന്നു.

കൈലാസ-മാനസസരോവര തീർത്ഥാടനം കഴിഞ്ഞു മടങ്ങുന്നവരുമായി ബസ്സ് ഓടിക്കോണ്ടേ ഇരുന്നു. ആ ഓട്ടത്തിനിടയിൽ ഞങ്ങൾ ഒരു സമാധിസ്മാരകത്തിലും കയറി. സമാധിസ്മാരകം എന്നു പറയുമ്പോൾ താജ് മഹലോ അതു പോലെയുള്ള മുകിലരാജ സൗധങ്ങളോ മനസ്സിൽ കരുതേണ്ട. കുറെ (എന്നു പറഞ്ഞാൽ വളരെയധികം) ചുവന്നുരുണ്ട മിനുസമുള്ള കല്ലുകൾ കൂട്ടിവച്ച് പൊക്കിപ്പൊക്കി അതിനു മുകളിൽ കുറെ 'പ്രെയർ ഫ്ലാഗ്സ്' നാട്ടിയ അനാഥമായ ഒരു നാടൻ സ്മാരകം. ചുറ്റു മതിലോ കാവൽക്കാരോ ഒന്നുമില്ല.. ചുറ്റും ഉരുളക്കിഴങ്ങിന്റേയും കടുകിന്റേയും കൃഷിസ്ഥലങ്ങൾ.. ജൊരാവർ സിങിന്റെ സ്മാരകമാണത്. അതിപ്പോഴും നില നിൽക്കുന്നെന്നത് അത്ഭുതം തന്നെ. തങ്ങളുടെ നാടിനെ കീഴടക്കിയ മനുഷ്യന്റെ സ്മാരകം എന്താണാവോ അവർ ഇങ്ങനെ വെറുതെ വിടുന്നത്? ഒരു പക്ഷേ ടിബറ്റുകാരുടെ മഹാമനസ്ക്കതയുടെ പ്രതീകമാകം ഈ സ്മാരകം. ഒരു പക്ഷേ കൈലാസനാഥൻ അദ്ദേഹത്തിനു വല്ല വരവും കൊടുത്തിരിക്കാം, നീ അമരനാകട്ടെ എന്ന്. ഞാൻ ആ സ്മാരകത്തെ ഒരു വട്ടം വലം വച്ചു.

ജൊരാവർ സിങ്ങ് നമ്മുടെ ബഹുമാന്യനായ ഡോ. കരൺ സിംഹിന്റെ അച്ഛൻ ഹരി സിംഹിന്റെ അച്ഛൻ ഗുലാബ് സിങ്ങിന്റെ സേനാനായകനും പിന്നീട് പ്രധാനമന്ത്രിയുമൊക്കെ ആയിരുന്നെന്നാണ് യു. പി.ക്കാരനായ ഒരു യാത്രി എന്നോട് പറഞ്ഞത്. അദ്ദേഹം തിബറ്റുകാരോട് യുദ്ധം ചെയ്ത് കൈലാസവും മാനസസരോവരവും ഉൾപ്പെടെയുള്ള സ്ഥലങ്ങൾ കാശ്മീരിനോട് ചേർത്തത്രെ. പക്ഷേ, പിന്നീട്, കൈലാസദർശനവും മാനസതീർത്ഥസ്നാനവും ഒക്കെ കഴിഞ്ഞു വരുമ്പോൾ ടിബറ്റിൽ വച്ച് തന്നെ കൊല്ലപ്പെട്ടുവത്രെ. കൈലാസം പിടിച്ചടക്കിയത് കൈലാസനാഥൻ പൊറുത്തുകാണില്ല. പക്ഷേ, അദ്ദേഹം ചില്ലറക്കാരനല്ല, കാരണം അദ്ദേഹത്തിനവിടെ ഇപ്പോഴും എല്ലാവരും സന്ദർശിക്കുന്ന സ്മാരകമുണ്ട്. ശത്രുരാജ്യത്ത് വേറെ ഏത് വ്യക്തിക്കാണ് ഇതുപോലെ സ്മാരകമുള്ളത്?

ജൊരാവർ സിങ്ങിനെക്കുറിച്ചോർത്തുകൊണ്ട് ബസ്സിലേക്ക് നടക്കുമ്പോൾ കൈലാസം വരെയുള്ള സ്ഥലങ്ങൾ ഇന്ത്യയോട് ചേർക്കേണ്ടതുണ്ടെന്ന് എന്റെ മനസ്സ് എന്നോട് മന്ത്രിച്ചു. പക്ഷേ, കാശ്മീർ പ്രശ്നം പോലും എങ്ങുമെത്തിയ്ക്കാൻ കഴിയാത്ത നമുക്കതാവുമോ?

ബസ്സ് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ അകലെ കൃഷിസ്ഥലങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ബസ്സ് തക്ലക്കോട്ടെത്തുന്നതിന്റെ ലക്ഷണമാണത്. വയൽ നിറയെ മഞ്ഞ നിറത്തിലുള്ള പൂക്കളോടു കൂടിയ ചെടികളാണ്. കടുകാണത്രെ അത്. ബസ്സ് കുന്നുകളിറങ്ങി സമതലത്തിലെത്തിച്ചേർന്നു. ഈ ഇറക്കം ഇറങ്ങുമ്പോൾ മനസ്സിലാകും ഇത്രയും ദിവസം വളരെ ഉയരത്തിലായിരുന്നെന്ന്. ഇപ്പോൾ റോഡിനിരുവശത്തും ടിബറ്റൻ മാതൃകയിലുള്ള കെട്ടിടങ്ങളും വീടുകളും കാണാം. അങ്ങിങ്ങായി അപൂർവ്വം ഒറ്റത്തടിവൃക്ഷങ്ങളും കണ്ടു. തക്ക്ലക്കോട്ടല്ലാതെ തിബറ്റിൽ മറ്റൊരിടത്തും ഞാൻ മരങ്ങൾ കണ്ടില്ല. ബസ്സ് ഉരുണ്ടു നീങ്ങിയത് ഞങ്ങൾ നേരത്തേ താമസിച്ച പുരങ് ഹോട്ടലിന്റെ സമീപത്തേക്കായിരുന്നു. ഇന്നത്തെ യാത്ര ഇവിടെ അവസ്സനിക്കുമെന്നും ഉച്ചക്ക് ശേഷം ഹോട്ടലിൽ ചടഞ്ഞിരിക്കേണ്ടി വരുമെന്നും ഞാൻ കരുതി. ബസ് ഹോട്ടലിലേക്കാണെന്നറിഞ്ഞ് സന്തോഷിച്ചവരും കാണും. "2ജിബി ഡാറ്റ ഓഫ്ലോഡ്" ചെയ്യാൻ വെമ്പിനിന്നവരും അവരുടെ ഇടയിൽ കാണും. എന്നാൽ ബസ്സ് ഹോട്ടലിനെ മറി കടന്ന് മുന്നോട്ട് പോകുകയാണ് ചെയ്തത്.

ബസ്സ് വീണ്ടും മുന്നോട്ട് പോകുമ്പോൾ റോഡിന്റെ ഇരുവശത്തും വലിയ മണ്ണു മലകളാണ് ഞാൻ കണ്ടത്. കാണാൻ ഭംഗിയുള്ള ആ മലകൾ എങ്ങനെ അവിടെ നിൽക്കുന്നു എന്ന് ഞാൻ അതിശയിച്ചു. എപ്പോൾ വേണമെങ്കിലും അടർന്നു വീഴാമെന്ന നിലയിലായിരുന്നു അവ. ഭംഗിയുള്ള ആ മലകളെ താണ്ടി ഞങ്ങൾ ഒരു മൊണാസ്ട്രിയിലെത്തി. കോജാർനാഥ് ടെമ്പിൾ (?) ആണത്രേ അത്.

ഞങ്ങൾ കോജാർനാഥ് മന്ദിരത്തിനു മുന്നിൽ ബസ്സിറങ്ങുമ്പോൾ പാവങ്ങളായ കുട്ടികൾ ഞങ്ങളെ വളഞ്ഞു. എന്റെ കയ്യിൽ അവർക്ക് കൊടുക്കാൻ ഒരു മിഠായി പോലും ഇല്ലായിരുന്നു. ചിലരെല്ലാം അവർക്ക് മിഠായിയും മറ്റും കൊടുത്തു. പാവങ്ങളാണെങ്കിലും അവരെല്ലാം ധരിച്ചിരുന്നത് ഷൂസും കമ്പിളിക്കുപ്പായങ്ങളും ഓവർകോട്ടും മറ്റുമാണ്. അതവർ പണക്കാരായ പാവങ്ങളായതുകൊണ്ടല്ല; മറിച്ച് അവിടെ ജീവിയ്ക്കാൻ അത്തരം വസ്ത്രങ്ങൾ വേണം എന്നുള്ളതു കൊണ്ടാണ്. കടുത്ത തണുപ്പല്ലേ അവിടെ?

കോജാർനാഥിലെ ഈ കെട്ടിടത്തെ മന്ദിർ എന്നു വിളിക്കണോ മൊണാസ്ട്രി എന്നു വിളിക്കണോ എന്ന് എനിക്ക് സംശയം. സംഗതി എന്തെന്നാൽ അവിടുത്തെ പ്രതിഷ്ഠകൾ സീതാരാമലക്ഷ്മണന്മാരാണ്. പക്ഷേ അവരുടെ എല്ലാം മുഖം ടിബറ്റൻ ബുദ്ധന്റേതാണ്. മാത്രമല്ല അത് നോക്കി നടത്തുന്നത് ബുദ്ധഭിക്ഷുക്കളും. അവർക്കെങ്ങനെയാണാവോ സീതാരാമലക്ഷ്മണന്മാർ ആരാദ്ധ്യരായത്? അവിടെയുള്ള ബുദ്ധഭിക്ഷുക്കൾ ക്ഷേത്രത്തിന്റെ (മന്ദിരത്തിന്റെ) കഥ പറയുന്നുണ്ട്. പക്ഷേ എനിയ്ക്ക് ഒന്നും മനസ്സിലാവുന്നില്ല എന്നു മാത്രം. ഭാഷയറിഞ്ഞാലല്ലേ മനസ്സിലാവൂ?

ഞങ്ങൾ ഷൂസഴിച്ചു വച്ച് ക്ഷേത്രത്തിനകത്ത് കയറി. അതിന്റെ കെട്ടും മട്ടും ഒരു മൊണാസ്ട്രിയുടേത് തന്നെ. സീതയ്ക്കും രാമനും ലക്ഷ്മണനും ടിബറ്റൻ ബുദ്ധന്റെ മുഖച്ഛായ. രാമന്റെ അരുമശിഷ്യൻ ഹനുമനെ അവിടെ ഒരിടത്തും കണ്ടില്ല. ഒരു പക്ഷേ ബുദ്ധഭിക്ഷുക്കൾക്ക് കുരങ്ങന്മാരോട് അലർജി ആയിരിക്കും. ഫോട്ടോഗ്രാഫി പാടില്ല എന്നവർ പ്രത്യേകം ഓർമ്മിപ്പിച്ചിരുന്നെങ്കിലും ഒരാൾ വിഗ്രഹങ്ങളുടെ ഫോട്ടോ എടുത്തു. നമ്മൾ ഇന്ത്യക്കാരല്ലേ? നമ്മൾ അങ്ങനെയേ ചെയ്യൂ. പാവം ലാമമാർ, അവർ കൈ കൊണ്ടരുതെന്നാംഗ്യം കാട്ടിയതല്ലാതെ ഒന്നും പറഞ്ഞില്ല. സീതാരാമലക്ഷ്മണന്മാർ ലാമമാർക്ക് എങ്ങനെയാണ് ആരാദ്ധ്യരായത് എന്നതിന് എനിയ്ക്കുത്തരമില്ല.

സീതാരാമലക്ഷ്മണന്മാരെ പ്രദക്ഷിണം ചെയ്തു കഴിഞ്ഞപ്പോൾ അവർ ഞങ്ങളെ വിഗ്രഹങ്ങൾക്ക് പുറകിൽ ഉള്ള കൊടും കൂരിരുട്ടുള്ള ഒരു ഇടുങ്ങിയ വഴിയിലൂടെ പ്രദക്ഷിണം ചെയ്യിച്ചു. ഇരുട്ടിൽ ചിലരുടെ തല എവിടെയൊക്കയോ തട്ടി. ചിലർ മൊബൈൽ ഫോൺ ഓൺ ചെയ്ത് ഇരുട്ടിനെ തോൽപ്പിച്ചു.

ക്ഷേത്രത്തെക്കുറിച്ചുള്ള കാര്യമൊക്കെ അവിടെ ചുമരിൽ എഴുതി വച്ചിട്ടുണ്ടത്രെ. ഏതു ഭാഷയിലാണാവോ? തിരക്കിൽ ഞാൻ അതൊന്നും കണ്ടില്ല. ക്ഷേത്രത്തോട് ചേർന്നുള്ള മറ്റൊരു ഭാഗത്ത് ഇനി ജനിയ്ക്കാൻ പോകുന്ന ബുദ്ധന്റെ വിഗ്രഹം സ്ഥാപിച്ച് ആരാധിക്കുന്നുണ്ട്. ഈ ബുദ്ധന്റെ പേരും വിശേഷങ്ങളും ഒരു യാത്രി ചോദിച്ചപ്പോൾ അവിടെ നിന്നിരുന്ന ചെറുപ്പക്കാരനായ ലാമയ്ക്ക് ഉത്തരമില്ലായിരുന്നു. അവിടെ അതിനകത്ത് ഒരു കാളീക്ഷേത്രവും ഉണ്ടെന്നാണ് എനിയ്ക്ക് മനസ്സിലായത്. ശരിയാണോ എന്തോ?

ക്ഷേത്രത്തിനു പുറത്തിറങ്ങി ഷൂസിട്ട ഞാൻ ചുറ്റും നോക്കി. എങ്ങും മണ്ണുമലകളാണ്. വളരെ ഭംഗിയുള്ളവ. കാമറയുള്ളവരെല്ലാം അത് പകർത്തുന്നുണ്ടായിരുന്നു. മുറ്റത്ത് ധാരാളം പൂച്ചെടികളും കുറച്ച് മരങ്ങളും ഭംഗിയായി വച്ചു പിടിപ്പിച്ചിരിക്കുന്നു. മുറ്റത്ത് വച്ച് അവർ ഞങ്ങൾക്ക് ചായ തന്നു. അത് തീരുമ്പോഴേക്കും ക്ഷേത്രത്തിലെ പ്രസാദം വന്നു. വർണ്ണരാജികൾ വിലസുന്ന മനോഹരമായ നൂൽമാലകൾ. അത് എല്ലാവർക്കും ഒരെണ്ണം കിട്ടി. എല്ലാവരും അത് കഴുത്തിൽ കെട്ടി. ഈയിടെയാണ് ഞാനത് അഴിച്ചു മാറ്റിയത്.

അവരുടെ മുറ്റത്ത് അവരുടെ ഒരു വില്പനശാലയുണ്ട്. ഫോട്ടോകൾ, കലണ്ടറുകൾ, വാൾപേപ്പറുകൾ അവിടെ ഉണ്ട്. ചുളിയാതേയും ഒടിയാതേയും കൊണ്ടുവരാനാകില്ല എന്നതിനാൽ ഞാനൊന്നും വാങ്ങിയില്ല. പലരും അവിടെ അവയ്ക്ക് വേണ്ടി വില പേശുന്നുണ്ടായിരുന്നു. ശുംഭന്മാർ. നമ്മൾ കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തിൽ പോയി അവരുടെ വില്പനശാലയിലെ സാധനങ്ങൾക്ക് വില പേശിയാൽ എങ്ങനെ ഇരിക്കും? മൊണാസ്ട്രിയ്ക്കാണെങ്കിൽ പ്രധാനപ്പെട്ട വരുമാന മാർഗ്ഗമാണ് ഈ വില്പന.

ക്ഷേത്രത്തിൽ നിന്നിറങ്ങിയ ഞങ്ങൾ ബസ്സിൽ തിരികെ നേരത്തേ താമസിച്ച പുരങ് ഹോട്ടലിലെത്തി. ഇതോടെ ചൈനയിലെ ഞങ്ങളുടെ ഔദ്യോഗികമായ എല്ലാ പരിപാടികളും അവസാനിച്ചു. ഇനിയുള്ള രണ്ട് ദിവസങ്ങൾ ഇവിടെയാണ്. വിശ്രമത്തിനും വിനോദത്തിനും ചൈനീസ് സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിനുമായി ഈ ദിവസങ്ങൾ ഉപയോഗപ്പെടുത്താം.

യാത്രയുടെ പതിനെട്ടാമത്തെ ദിവസമായിരുന്നു ഇന്ന്. ഇനി 9 ദിവസം കൂടി കഴിയുമ്പോൾ ഈ തീർത്ഥയാത്ര അവസാനിക്കും. ഇനിയുള്ള ഈ 9 ദിവസങ്ങൾ തിരിച്ചു പോക്കിനുള്ളതാണ്. ഇനിയൊരു കൈലാസയാത്ര എന്റെ ചിന്തയിൽ ഇല്ല തന്നെ.

* * * * * * * * * * തുടരും * * * * * * *

1 അഭിപ്രായം:

Sankar പറഞ്ഞു...

വിശ്വസിയോ അവിശ്വാസിയോ ആകട്ടെ കൈലാസ പര്‍വ്വതവും മാനസസരോവരവും ഭാരതീയര്‍ കണ്ടിരിക്കെണ്ടാതാണ്; അതിന് അവസരം ലഭിച്ച ചേട്ടന്‍ ഭാഗ്യവാനാണ്.

ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു