2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 22

ബസ്സ് പുരങ് ഹോട്ടലിലെത്തുമ്പോൾ ഉച്ച തിരിഞ്ഞിരുന്നു. പുരങ് ഹോട്ടലിലെ ജീവനക്കാർ പെണ്ണുങ്ങളാണ്. ചെറുപ്പക്കാരികളാണ്. ചിലരുടെയൊക്കെ കൂടെ കുട്ടികളും ഉണ്ട്. അവരൊക്കെ ഹോട്ടലിന്റെ തൊട്ടടുത്ത് തന്നെയാണ് താമസിക്കുന്നത്. ഞങ്ങൾ അവിടെ കയറിച്ചെല്ലുമ്പോൾ അവർ കയ്യിൽ താക്കോലുകളും പിടിച്ച് വരാന്തയിൽ തന്നെ നില്പുണ്ടായിരുന്നു. ഞങ്ങൾ മുമ്പ് താമസിച്ച മുറി ഏതെന്നു ചോദിച്ച് അതേ മുറിയുടെ താക്കോലാണ് ഓരോരുത്തർക്കും കൊടുക്കുന്നത്. ഹോട്ടലിൽ ഞാൻ മുമ്പ് താമസിച്ച റൂം തന്നെയാണവർ എനിയ്ക്കും തന്നത്.

ബാഗ് മുറിയിൽ വച്ച് സ്ഫിങ്റ്റർ പേശിയ്ക്ക് ആശ്വാസമേകിയ ഞാൻ കുളി കഴിഞ്ഞ് പുറത്ത് നേപ്പാളീ ഹോട്ടലിൽ പോയി ഊണു കഴിച്ചു. ഊണിന് 10 യുവാൻ. ഒരു ചായയും കുടിച്ചു. 2 യുവാൻ. അതൊന്നും വലിയ വിലയല്ല. ഇന്ത്യൻ കറൻസിയിലേക്ക് മാറ്റരുതെന്നു മാത്രം. മാറ്റിയാലോ? അപ്പോൾ രൂപ 84 ആയി.

കയ്യിലുള്ള വസ്ത്രങ്ങളെല്ലാം മുഷിഞ്ഞു നാറിയതാണ്. ഇന്നും നാളെയുമായി അതൊക്കെ കഴുകിയിട്ടാൽ നന്നായി ഉണങ്ങിക്കിട്ടും. അത്രയ്ക്ക് വെയിലാണ് പകൽ സമയങ്ങളിൽ. അതുകൊണ്ട് ഭക്ഷണം കഴിഞ്ഞ് ഞാൻ നേരേ ഹോട്ടലിലേക്ക് തന്നെ പോന്നു.

ഹോട്ടലിൽ മുറിയൊന്നും വൃത്തിയായി സൂക്ഷിച്ചിട്ടില്ല. ഞാൻ കൈലാസത്തിലേക്ക് പോകുന്ന സമയത്തും ഇതേ മുറിയിലാണ് കഴിഞ്ഞത് എന്നു പറഞ്ഞല്ലോ. അപ്പോൾ മുറിയിൽ ഞാനുപയോഗിച്ച ബെഡ്ഷീറ്റിൽ എന്തോ കറയുടെ വലിയ ഒരു പാട് ഉണ്ടായിരുന്നു. അത് കഴുകിയാൽ പോകുന്നതാണോ എന്തോ? കാണുമ്പോൾ ബെഡ്ഷീറ്റ് കഴുകിയ മട്ടൊന്നും ഇല്ലായിരുന്നു. ഇത്തവണ റൂമിൽ ചെന്നപ്പോഴും അതേ ബെഡ്ഷീറ്റും അതേ കറയും അവിടെ തന്നെ ഉണ്ടായിരുന്നു. ഷീറ്റ് മാറ്റിയിട്ടില്ലെന്ന് ചുരുക്കം. ഞാൻ ഈ ഹോട്ടലിൽ നിന്ന് പോയ ശേഷം ഇന്നിപ്പോൾ കയറി വരുന്നതിനിടയ്ക്ക് ഉള്ള 10 ദിവസങ്ങളിൽ ചുരുങ്ങിയത് രണ്ടു പേരെങ്കിലും മൂന്നോ നാലോ ദിവസം ഈ ബെഡും ബെഡ്ഷീറ്റും ഉപയോഗിച്ചുകാണും. എന്നിട്ടിപ്പോഴും ഈ ബെഡ്ഷീറ്റിനൊരു സ്ഥാനചലനം സംഭവിച്ചിട്ടില്ല. ബെഡ് ഷീറ്റ് മാത്രമല്ല, പുതയ്ക്കാനുള്ള കമ്പിളിയ്ക്കും ഒരു മാറ്റവുമില്ല.

ബെഡ് ഷീറ്റിന്റേയും കമ്പിളിയുടേയും കാര്യം ഇവിടെ മാത്രമല്ല ഇങ്ങനെ. ഞങ്ങൾ ഇതിനു മുമ്പ് താമസിച്ച ക്യാമ്പുകളിലും യാത്രികർ കിടക്കാനും പുതയ്ക്കാനും ഉപയോഗിച്ചിരുന്നത് മറ്റു പലരും ഉപയോഗിച്ച് മുഷിച്ചിട്ടു പോയ ഷീറ്റുകളും കമ്പിളിയും രജായിയും മറ്റുമായിരുന്നു. മുഷിഞ്ഞു കിടക്കുന്ന ഈ രജായി ഒക്കെ എടുത്ത് പുതയ്ക്കുമ്പോൾ ആളുകൾക്കൊന്നും ഒരു അറപ്പും തോന്നിയില്ല എന്നാണ് എനിയ്ക്ക് മനസ്സിലായത്. വ്യക്തി ശുചിത്വം എന്നത് കിടക്കുന്നിടത്തൊക്കെ തീരെ കുറവാണ് എന്നാണ് ഈ യാത്ര എനിയ്ക്ക് മനസ്സിലാക്കി തന്നത്. ഒരു പക്ഷേ, മുഷിഞ്ഞ ബെഡ് ഷീറ്റിനേക്കാൾ, ആളുകൾ പ്രാധാന്യം കൊടുത്തത് സഹിക്കാനാവാത്ത തണുപ്പിനായിരുന്നിരിക്കണം.

മുഷിഞ്ഞ ബെഡ് ഷീറ്റും തലയിണയും മറ്റും എനിയ്ക്കത്ര സ്വീകാര്യമായിരുന്നില്ല. അതിനാൽ ഞാൻ റെയിൻ കോട്ടും സോക്സും ഗ്ലൗസും മറ്റും രാത്രിയിലും ഉപയോഗിച്ചു. ഉറങ്ങുമ്പോൾ മുഖം മുഷിഞ്ഞ തലയിണയിൽ ഉരസാതിരിക്കാൻ ഞാൻ മങ്കീ ക്യാപ്പ് ധരിച്ച് കണ്ണും മൂക്കും ഒഴികെ ബാക്കിയെല്ലാ ഭാഗവും മൂടി വച്ചു. രജായിയും കമ്പിളിയും ഒരു മൂലയിൽ മാറ്റി വച്ചു. ഇത്രയൊക്കെ ചെയ്തിട്ടും എനിയ്ക്ക് തൃപ്തികരമായി ഉറങ്ങാൻ പറ്റിയിരുന്നില്ല.

ഹോട്ടലിനു വെളിയിൽ തിളയ്ക്കുന്ന വെയിലാണ്. ഞാൻ കുറച്ച് തുണി കഴുകി വെയിലത്തിട്ടു. അഴുക്ക് പിടിച്ച ഷൂസെല്ലാം കഴുകി വെയിലത്തു വച്ചു.

മൂന്നാഴ്ചയോളമായി ഇന്റെർനെറ്റുമായുള്ള ബന്ധം നിന്നു പോയിട്ട്. മെയിൽ ബോക്സുകൾ ഒരു പക്ഷേ നിറഞ്ഞു കവിഞ്ഞിട്ടുണ്ടാകും. മെയിൻ റോഡിലേക്കിറങ്ങിയാൽ ഇന്റെർനെറ്റ് കഫേകളുണ്ട്. മെയിലൊക്കെ ഒന്നു ചെക്ക് ചെയ്താലോ എന്നു കരുതി ഞാൻ പുറത്തു പോകാൻ തയ്യാറായി. അപ്പോൾ ആരോ പറയുന്നത് കേട്ടു, അവിടത്തെ ഇന്റർനെറ്റ് കഫേകളിൽ പോയാൽ പിന്നെ നമ്മുടെ അക്കൗണ്ടുകളൊന്നും ഉപയോഗിക്കാൻ പറ്റില്ലെന്ന്. നമ്മുടെ പാസ്വേഡ് അവിടങ്ങളിൽ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുമത്രെ. അതു കേട്ട ഞാൻ പിന്നെ പുറത്തു പോയില്ല. ചൈനക്കാർ ഹാക്ക് ചെയ്യാൻ വിദഗ്ദ്ധരാണെന്ന് പൊതുവേ കേൾക്കുന്നതാണല്ലോ. അതവിടേയും കേട്ടു എന്ന് ചുരുക്കം.

ഈ മടക്കയാത്രയിൽ ഞങ്ങൾ 3 രാത്രിയും 3 പകലുകളും തക്ലക്കോട്ടെ ഈ ഹോട്ടലിൽ താമസിച്ചു. ചെയ്യാൻ യാതൊരു കർമ്മപരിപാടിയും ഇല്ലാതെ തന്നെ. ഇത്രയും ദിവസം ഇവിടെ താമസിക്കുന്നതിനു പകരം ഒരു ദിവസം കൂടി ദർശനിൽ താമസിച്ചിരുന്നെങ്കിൽ അഷ്ടപദ് എന്ന സ്ഥലത്തുള്ള ഗുഹകളും മലകളും നന്ദി മലയും മറ്റും നന്നായി കാണാൻ കഴിയുമായിരുന്നു. അതിനൊക്കെ ഇനി വിദേശമന്ത്രാലയം യാത്രാപരിപാടിയിൽ കാര്യമായ മാറ്റം വരുത്തേണ്ടതുണ്ട്. ഒരു പക്ഷേ, ഭാവിയിൽ അതൊക്കെ സംഭവിക്കുമായിരിക്കും. അതല്ലെങ്കിൽ ചൈനയിലെ ഇപ്പോഴുള്ള യാത്ര 12 ദിവസത്തിൽ നിന്ന് 10 ആയി ചുരുക്കാവുന്നതേ ഉള്ളു. എന്തായാലും 3 ദിവസത്തെ തക്ലക്കോട്ടുള്ള താമസം വല്ലാത്ത മുഷിച്ചിലാണ് എന്നിൽ ഉണ്ടാക്കിയത്. പക്ഷേ പലർക്കും അതൊരനുഗ്രഹവും ആയി അനുഭവപ്പെട്ടിട്ടുണ്ട്. എന്തൊക്കെ സാധനങ്ങളാണ് ആളുകൾ വാങ്ങി കൂട്ടിയത്. ചൈനീസ് സാധനങ്ങൾ എത്ര വാങ്ങിയാലാണാവോ ഇവർക്കൊക്കെ മതിയാകുക? ഷൂസ്, ഡ്രസ്സുകൾ തുടങ്ങി പലതും ആളുകൾ വാങ്ങിവച്ചു. എനിക്കൊന്നിലും താല്പര്യമില്ലാതിരുന്നതിനാൽ ഞാൻ സാധനങ്ങൾ വാങ്ങാൻ തുനിഞ്ഞതേ ഇല്ല.

തക്ലക്കോട്ട് ഒരു നേപ്പാളി മാർക്കറ്റുണ്ട്. നേപ്പാളികളാണ് ഈ ചന്ത നടത്തുന്നത്. ഈ ചന്ത വെറും 4 മാസമേ കാണുകയുള്ളത്രെ. കൈലാസ മാനസ സരോവര തീർത്ഥാടന കാലത്ത് യാത്രികരെ മുന്നിൽ കണ്ടാണ് നേപ്പാളിൽ നിന്നു വരുന്ന കച്ചവടക്കാർ ഈ ചന്ത പ്രവർത്തിപ്പിക്കുന്നത്. തീർത്ഥാടനം കഴിഞ്ഞാൽ ഈ ചന്ത അടയ്ക്കുമത്രെ. നേപ്പാളികൾ തിരിച്ചു പോകുകയും ചെയ്യും. നേപ്പാളികൾക്ക് ഹിന്ദി അറിയാവുന്നത് കൊണ്ട് ഹിന്ദിക്കാർക്കൊക്കെ ആശയവിനിമയം എളുപ്പമാണ്. പക്ഷേ, തിബത്തുകാരുമായുള്ള സംസാരമാണ് ഒട്ടും ശരിയാകാത്തത്.

ഞാൻ സാധനങ്ങളൊന്നും വാങ്ങിയില്ലെങ്കിലും വാങ്ങുന്നവരുടെ കൂടെ നടന്നു. ഒരാൾ ഒരു തിബത്തൻ കടയിൽ നിന്ന് ഷൂസ് വാങ്ങാൻ നേരത്ത് അത് ആണുങ്ങളുടെ ഷൂസാണോ പെണ്ണുങ്ങളുടെ ഷൂസാണോ എന്നൊരു സംശയം ഞങ്ങൾക്കുണ്ടായി. ആണുങ്ങളുടേതാണോ എന്നറിയാൻ ഒരാൾ മീശ തൊട്ടുകൊണ്ടും ഷൂസിനെ ചൂണ്ടിക്കൊണ്ടും ആംഗ്യം കാണിച്ചു. ആണുങ്ങളുടേതാണോ ഈ ഷൂ എന്നാണയാൾ ഉദ്ദേശിച്ചത്. കടയിലെ വില്പനക്കാരിയായ തിബത്തൻ സ്ത്രീ അവളുടെ തലയിൽ കൈകൾ വച്ച് രണ്ട് വിരലുകൾ പൊക്കി മൃഗങ്ങളുടെ കൊമ്പ് പോലെ കാണിച്ച് ഉത്തരം നൽകി. യാക്കിന്റെ തോലു കൊണ്ടാണ് ഷൂസുണ്ടാക്കിയിരിക്കുന്നത് എന്നോ മറ്റോ ആണ് അവൾ മറുപടി തന്നത്. ഇങ്ങനെയൊക്കെ ആയിരുന്നു അവിടെ ഞങ്ങളുടെ ആശയ വിനിമയം.

തിബത്തുകാർക്ക് ശരീരത്തിൽ വലുതായി രോമങ്ങളില്ല. മുഖത്തൊക്കെ ഊശാൻ താടിയേ ഉള്ളു. ഞങ്ങൾ മാർക്കറ്റിലൂടെ നടക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരു യാത്രക്കാരന്റെ കയ്യിൽ വന്നു പിടിച്ചു. ഈ യാത്രക്കാരന്റെ കയ്യിൽ ധാരാളം കറുത്ത രോമങ്ങളുണ്ട്. ചെറുപ്പക്കാരൻ ആ രോമങ്ങളിൽ കുറച്ചു നേരം തടവി. അവർക്കതൊക്കെ ഒരാകർഷണമായിട്ടാണ് എനിയ്ക്ക് തോന്നിയത്. മറ്റൊരിക്കൽ ഒരു ചെറുപ്പക്കാരി ഈ യാത്രക്കാരന്റെ താടിയിൽ തടവി. യാത്രക്കാരൻ ഒടുവിൽ അവളുടെ കവിളിൽ തൊട്ടപ്പോഴേ അവൾ അയാളുടെ താടിയിലെ തടവൽ നിർത്തിയുള്ളു.

തക്ലക്കോട്ടിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കൂട്ടിയ പലർക്കും അവിടത്തെ കറൻസിയായ യുവാൻ തികയാതെ വന്നു. അടുത്തു തന്നെയുള്ള Agricultural Bank of Chinaയോട് ചേർന്ന് അവിടെ ഒരു ATM യന്ത്രം ഉണ്ടായിരുന്നു. അവിടെ നിന്ന് യുവാൻ കിട്ടുമോ എന്ന് ചിലരൊക്കെ നോക്കുന്നുണ്ടായിരുന്നു. പക്ഷേ ആ യന്ത്രത്തിൽ മുഴുവൻ ചൈനീസ് അക്ഷരങ്ങളും അക്കങ്ങളുമായിരുന്നു. അതിനാൽ ആർക്കും അത് ഉപയോഗിക്കാനായില്ല.

തിബത്തുകാർക്ക് നമ്മൾ ഇന്ത്യക്കാരോട് നല്ല സ്നേഹവും ബഹുമാനവുമാണ്. അതവരുടെ ഭാവത്തിലും പെരുമാറ്റത്തിലും കാണാം. വെറുതെയല്ല, നമ്മളല്ലേ അവരുടെ ദലൈലാമയെ കൊണ്ടു നടക്കുന്നത്. എന്നിട്ടും നമുക്ക് കൈലാസത്തിൽ പോകാൻ സമ്മതം തരുന്നതിനാണ് നമ്മൾ ചൈനക്കാർക്ക് മാർക്ക് കൊടുക്കേണ്ടത്. ഞാനാണ് ചൈന ഭരിക്കുന്നതെങ്കിൽ എന്റെ ശത്രുവിനെ പോറ്റുന്നവർക്ക് ഞാൻ വിസ കൊടുക്കുകയില്ല തന്നെ. അതെന്തായാലും, ദശാബ്ദങ്ങളായി മുടങ്ങിക്കിടന്ന ഈ കൈലാസയാത്ര വീണ്ടും തുടങ്ങാൻ അശ്രാന്തപരിശ്രമം നടത്തുകയും ചുക്കാൻ പിടിക്കുകയും ചെയ്ത മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്ക് ഓരോ ഹിന്ദുവിനും ഉള്ള നന്ദിയും കടപ്പാടും പ്രകടിപ്പിക്കൻ കൂടി ഞാൻ ഈ അവസരം ഉപയോഗിക്കുകയാണ്.

തിബത്തിൽ കാൽക്കുലേറ്റർ ഇല്ലാത്ത കടകൾ കാണുകയേ ഇല്ല. ശാസ്ത്രപുരോഗതിയോ സമൂഹത്തിന്റെ അഭിവൃദ്ധിയോ ഒന്നും അല്ല അതിനു കാരണം. ഭാഷയുടെ പ്രശ്നം തന്നെ. സാധനങ്ങളുടെ വില കാൽക്കുലേറ്ററിൽ എഴുതിക്കാണിക്കുകയാണ് അവിടത്തെ പതിവ്. അല്ലാതെ അവരുടെ സംഖ്യകളൊന്നും നമുക്കറിയില്ലല്ലോ. ഷൂസെടുത്ത് വിലയെന്തെന്ന് ആംഗ്യം കാണിച്ചു ചോദിച്ചാൽ ഉടനെ അവർ കാൽക്കുലേറ്ററിൽ അതിന്റെ വില എഴുതിക്കാണിക്കും. എങ്ങനെയുണ്ട് അവരുടെ മിടുക്ക്?

അവിടെ വെള്ളത്തിനും മദ്യത്തിനും ഒരേ വിലയത്രെ. തിബറ്റുകാരൻ മദ്യം കുടിച്ച് നശിക്കട്ടെ എന്നോ മറ്റോ ആയിരിക്കും ചൈനക്കാരൻ കരുതുന്നത്. തിബറ്റുകാരൻ കുടിച്ച് ലക്കുകെട്ട് നടക്കുമ്പോൾ അവർക്കവിടെ എന്തുമാകമല്ലോ.

Ren Min Lu, Shanxi Lu, Gongga Lu, Deji Jie എന്നൊക്കെ അവിടത്തെ ഓരോ ഉപറോഡുകൾക്കും പേരെഴുതി വച്ചിട്ടുണ്ട്. F.A3131, F.A6113, A.B2148, F.0028, F.L0005 എന്നൊക്കെയാണ് അവിടത്തെ വാഹനങ്ങളുടെ റജിസ്റ്റ്റേഷൻ നമ്പരുകൾ. ഞങ്ങൾ യാത്ര ചെയ്ത ബസ്സിന്റെ വശങ്ങളിൽ Tibet Ngari Tours എന്ന് വലുതായി എഴുതി വച്ചിട്ടുണ്ട്.

ഹോട്ടലിലെ റിസപ്ഷനിൽ ടൂറിസ്റ്റുകൾക്കുള്ള ധാരാളം നോട്ടീസുകൾ കിടക്കുന്നുണ്ട്. അതെല്ലാം അവിടത്തെ ഗവണ്മെന്റിന്റെ വകയാണ്. അതിൽ തിബറ്റിലെ മോശമായ കാലാവസ്ഥയെക്കുറിച്ചും ആ സ്ഥലത്തിന്റെ ഉന്നതിയെക്കുറിച്ചും അവിടത്തെ ഓക്സിജന്റെ കമ്മിയെ കുറിച്ചും ഇതൊക്കെ കാരണം ഉണ്ടായേക്കാവുന്ന അസുഖങ്ങളെക്കുറിച്ചും എല്ലാം വിശദമായി എഴുതിയിട്ടുണ്ട്. പക്ഷേ ഇതൊന്നും അസുഖത്തിനു കാരണമാകുമെന്നെനിയ്ക്ക് തോന്നിയില്ല. അവരുടെ വൃത്തിക്കുറവും വ്യക്തിശുചിത്വത്തിന്റെ ഇല്ലായ്മയും മറ്റുമായിരിക്കും അസുഖത്തിനു കാരണം എന്നാണ് എനിയ്ക്ക് തോന്നിയത്. അവിടെ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ ഒരിക്കൽ പോലും വൃത്തിയുള്ള ഒരു പ്ലെയ്റ്റ് എനിയ്ക്ക് കിട്ടിയിട്ടില്ല. പാത്രം കഴുകുന്നതൊക്കെ പേരിനു മാത്രം. പിന്നെ അസുഖം പിടിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.

കേടു വരാതെ സൂക്ഷിച്ചു വയ്ക്കാവുന്ന ഭക്ഷണസാധനങ്ങൾ കയ്യിൽ കരുതണമെന്ന് യാത്ര തുടങ്ങുന്നതിനു മുമ്പു തന്നെ ഞങ്ങൾക്ക് നിർദ്ദേശം കിട്ടിയിരുന്നു. അതു പ്രകാരം ഉണങ്ങിയ ബദാം, കടല, ഈത്തപ്പഴം, അണ്ടിപ്പരിപ്പ് എന്നിങ്ങനെ പലതും പലരും ബാഗിൽ കരുതിയിരുന്നു. പലരുടേയും കയ്യിൽ നിന്ന് ഞാൻ അതൊക്കെ വാങ്ങി തിന്നുകയും ചെയ്തിരുന്നു. ഞാൻ കുറച്ച് ബിസ്ക്കറ്റ് മാത്രമേ കരുതിയിരുന്നുള്ളു. അതൊക്കെ എന്നേ തീരുകയും ചെയ്തിരുന്നു.

ഞങ്ങൾ ഈ ഹോട്ടലിലെത്തുമ്പോൾ യാത്രയുടെ മൂന്നാം വാരം അവസാനിക്കുകയായിരുന്നു. അപ്പോഴാണ് പലരും അവരുടെ ഭാണ്ഡങ്ങളിൽ നിന്ന് പലതരം മധുര പലഹാരങ്ങളും എണ്ണപ്പലഹാരങ്ങളും മറ്റും എടുത്ത് എല്ലാവർക്കും വിതരണം ചെയ്യാൻ തുടങ്ങിയത്. അത് വായിൽ വച്ചപ്പോൾ എനിയ്ക്ക് കാര്യം പിടി കിട്ടി. 3 ആഴ്ച കൊണ്ട് അതൊക്കെ കാറി കേടുവരാൻ തുടങ്ങിയിരുന്നു. ഇനിയും അത് തീർത്തില്ലെങ്കിൽ വലിച്ചെറിയേണ്ടി വരും. അതിനാലാണ് ഇപ്പോഴവർക്കൊക്കെ അത് വിതരണം ചെയ്യാനുള്ള വിശാലമനസ്ക്കത ഉണ്ടായത്. നാട്ടിലെ സാധനങ്ങളോടുള്ള പ്രതിപത്തികൊണ്ടായിരിക്കാം, പലരും അത് തിന്നുകയും ചെയ്യുന്നുണ്ടായിരുന്നു.

രണ്ടു പകലുകൾ എങ്ങനെയാണ് ഇവിടെ ചെലവാക്കിയത് എന്നൊന്നും ഇപ്പോൾ ഓർമ്മയിൽ വരുന്നില്ല. അടുത്ത മുറികളിൽ പോയി ആളുകളുമായി വർത്തമാനം പറഞ്ഞിരുന്നും റോഡിലൂടെ തെക്കുവടക്ക് നടന്നും തുണി കഴുകിയും മറ്റും തന്നെയായിരിക്കണം സമയം പോയത്. ഹോട്ടലിന്റെ ഒന്നാം നിലയിൽ ഒരു വലിയ ഹാളുണ്ട്. രാത്രിയിൽ അവിടെ ആളുകൾ ഭജന നടത്താറുണ്ടായിരുന്നു. ഒരു രാത്രിയിൽ അവിടെ വച്ച് എല്ലാവർക്കും ചൈനീസ് ഗവണ്മെന്റിന്റെ ഒരു സർട്ടിഫിക്കറ്റ് കിട്ടി. കൈലാസയാത്ര പൂർത്തീകരിച്ചിരിക്കുന്നു എന്നു പറഞ്ഞു കൊണ്ട്. ഇംഗ്ലീഷിൽ തയ്യാറാക്കിയ അതിലും ആവശ്യത്തിന് സ്പെല്ലിങ്ങ് തെറ്റുകളുണ്ടായിരുന്നു. രാത്രിയിൽ ഭക്ഷണത്തിന്റെ കൂടെ പഴുത്ത തണ്ണിമത്തൻ ഉണ്ടായിരുന്നതായി ഇപ്പോഴും ഓർമ്മയിലുണ്ട്.

തിബറ്റിലെത്തിയപ്പോൾ ഞാൻ 100 ഡോളർ യുവാനാക്കി മാറ്റിയിരുന്നു. എത്ര യുവാനാണ് കിട്ടിയത് എന്നൊന്നും ഇപ്പോൾ ഓർമ്മയില്ല. ഞാൻ കാര്യമായൊന്നും ചെലവാക്കാതിരുന്നതിനാൽ എന്റെ കയ്യിൽ കുറേ യുവാൻ ബാക്കി വന്നിരുന്നു. ഞാൻ അത് ആവശ്യമുള്ള പലർക്കും കൊടുത്ത് രൂപയാക്കി മാറ്റി. ബാക്കി വന്ന 330 യുവാൻ അവിടത്തെ ഒരു കടയിൽ കൊടുത്ത് 2310 രൂപവാങ്ങി. ഒരു യുവാന് 7 രൂപ വച്ചാണ് അവർ തന്നത്. യുവാൻ മാറ്റാൻ പല്ലവ് പാൽ ചൗധരിയാണ് എന്നെ സഹായിച്ചത്. പണം മാറ്റി വാങ്ങുമ്പോൾ ഞങ്ങളുടെ കൂടെ ഡോൾമ എന്നു പേരുള്ള തിബത്തൻ യുവതിയും ഉണ്ടായിരുന്നു. തിബത്തിലെ യാത്രയിൽ അങ്ങോളമിങ്ങോളം ഈ ഡോൾമ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ചൈനീസ് ഗവണ്മെന്റിന്റെ പ്രതിനിധിയാണ് ഡോൾമ.

എന്റെ കയ്യിൽ വീണ്ടും കുറച്ച് യുവാൻ ഉണ്ടായിരുന്നു. അത് ഡൽഹിയിലെത്തിയപ്പോൾ എക്സ്ചെയ്ഞ്ച് ബ്യൂറോയിൽ കൊടുത്ത് മാറ്റുകയാണുണ്ടായത്. അവർ വെറും അഞ്ചിൽ ചില്വാനം രൂപയേ ഒരു യുവാനു തന്നുള്ളു. ഡൽഹിയിലെത്തുമ്പോൾ എന്റെ കയ്യിൽ 150ഡോളറും ബാക്കി ഉണ്ടായിരുന്നു. അതും ഞാൻ എക്സ്ചെയ്ഞ്ച് ബ്യൂറോയിൽ കൊടുത്ത് പണമാക്കി.

തക്ലക്കോട് നിന്നും ഇന്ത്യയിലേക്ക് മടങ്ങുന്നതിന്റെ തലേ ദിവസം.. ……
രാവിലെ ഞാൻ കെട്ടും ഭാണ്ഡവും മുറുക്കുകയാണ്. മുറിയിൽ ഉപയോഗിക്കുന്ന ചെരിപ്പ് പൊതിയാനുള്ള പ്ലാസ്റ്റിക് കവർ കാണുന്നില്ല. എവിടെയെങ്കിലും പാറിപ്പോയിട്ടുണ്ടാകും. ഞാൻ കട്ടിലിന്റെ അടിയിൽ നോക്കി. അതാ, അവിടെ ഒരു ചെറിയ കടലാസ് കിടക്കുന്നു. ഞാനതെടുത്തു വായിച്ചു.

Maha Chips, Padmavilasam Road,
Pazhavangadi, Trivandrum-23

Banana chips Date of Mfg -13/6/11

തിരുവനന്തപുരത്തെ വലിയ ഡിമാന്റുള്ള ബേക്കറിയുടെ സ്ലിപ്പ് ആണ് അത്.

"പ്രശസ്തി കടൽ കടന്നു" എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ ഇവിടെ പ്രശസ്തി മാമലകൾ കടന്നിട്ടാണുള്ളത്. തിരുവനന്തപുരത്തു നിന്നു വന്ന ഏതോ യാത്രക്കാരൻ ഇട്ടിട്ടു പോയതാണ് ഈ സ്ലിപ്. അതെന്തായാലും, മഹാചിപ്സിന്റെ പേർ മാമല കടന്നു കഴിഞ്ഞിട്ടാണുള്ളത്. ഞാനാ സ്ലിപ് എടുത്ത് മേശയുടെ വലിപ്പിൽ വച്ചു. ഇനിയും വല്ല മലയാളിയും അത് കാണട്ടെ.

ഞാൻ അന്വേഷിച്ച കവർ ബാഗിൽ തന്നെ ഉണ്ടായിരുന്നു. സാധനങ്ങളൊക്കെ പാക്ക് ചെയ്ത് ബാഗും പാസ്പോർട്ടും ഞാൻ ബന്ധപ്പെട്ട കമ്മിറ്റിയെ ഏൽപ്പിച്ചു.
ജൂലൈ 21ന് രാവിലെ ഞങ്ങൾ വീണ്ടും ബസ്സിൽ യാത്ര ആരംഭിച്ചു. നേരേ കസ്റ്റംസ് ഓഫീസിലേക്കാണ് ബസ്സ് പോയത്. അവിടെ ഞങ്ങൾ അവർ നിർദ്ദേശിച്ച വഴികളിലൂടെ കയറിയിറങ്ങുകയും ബാഗുകൾ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്ത ശേഷം വീണ്ടും ബസ്സിൽ തന്നെ തിരിച്ചെത്തി. ബസ്സിൽ വച്ച് ചൈനീസ് പട്ടാളക്കാർ ഓരോരുത്തരേയായി മുഖം നോക്കി പരിശോധിച്ച് പാസ്പോർട്ട് തിരിച്ചു തന്നു.

ബസ്സ് ഒരു മണിക്കൂറെങ്കിലും ആടിയും കുലുങ്ങിയും മലമടക്കുകളിലൂടെ ഞങ്ങളേയും കൊണ്ട് യാത്ര ചെയ്തു. ഒടുവിൽ ഞങ്ങൾ കുറേ ദൂരം ജീപ്പിലും യാത്ര ചെയ്തു. അതിഗംഭീരമാണ് അവിടങ്ങളിലെ പർവ്വതക്കാഴ്ചകൾ. ജീപ്പുകൾ ഒടുവിൽ ഞങ്ങളെ ലിപുലേഖ് പാസിന്റെ വളരെ താഴെ ഇറക്കി വിട്ടു.

കയറ്റം, കയറ്റം, കയറ്റം, പോരാത്തതിന് കനത്ത മഞ്ഞു മഴയും. എങ്ങും മഞ്ഞു പെയ്തു കൊണ്ടിരുന്നു. വഴിയിലും വഴിയുടെ വശങ്ങളിലും മഞ്ഞുറഞ്ഞു കിടന്നിരുന്നു. അതിഗംഭീരമായിരുന്നൂ ആ നടത്തം, അല്ല ആ കയറ്റം. കുറേ നടന്നപ്പോൾ ശ്വാസം മുട്ടാൻ തുടങ്ങിയിരുന്നു. എന്നാലും ഒരു സുഖദമായ ഓർമയായി ആ കയറ്റം ഇപ്പോഴും എന്റെ മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്. ഒടുവിൽ ഞങ്ങൾ ലിപുലേഖ് പാസിലെത്തുകയും എല്ലാവർക്കുമായി കാത്തു നിൽക്കുകയും ചെയ്തു. അപ്പോൾ അവിടെ തിബത്തിലേക്കു കടക്കാനായി എട്ടാമത്തെ ബാച്ചുകാർ നിൽപ്പുണ്ടയിരുന്നു. അതിൽ രണ്ടു മലയാളികളും ഉണ്ടായിരുന്നു. യാത്രക്കാർ മാത്രമല്ല ഞങ്ങളുടെ ഇന്ത്യയിലെ പോർട്ടർമാരും കുതിരക്കാരും കൂടി അവിടെ നിൽപ്പുണ്ടായിരുന്നു.

എന്റെ പോർട്ടറും അവിടെ ഉണ്ടായിരുന്നു. അവൻ പകരക്കാരനായി വന്ന ഒരാളായിരുന്നു. എനിയ്ക്കൊരു പോർട്ടറുടെ ആവശ്യം ഇല്ലാത്തതുകൊണ്ട് ഞാനവനെ ഒഴിവാക്കാൻ പരമാവധി ശ്രമിച്ചു. പരാജയമായിരുന്നു ഫലം. നാലു ദിവസം കൂടെ നടന്നാൽ 4000 രൂപയിൽ കൂടുതൽ കിട്ടും. പിന്നെ ആരെങ്കിലും ഒഴിവായി പോകുമോ? ഒടുവിൽ ഞാൻ എന്റെ ബാഗ് അവനെ ഏൽപ്പിച്ച് ശരം വിട്ട പോലെ നടക്കാൻ തുടങ്ങി. മുന്നോട്ടുള്ള വഴി ഇറക്കമാണ്. പിന്നെ ശരം വിട്ട കണക്കെ നടക്കാൻ വിഷമം എന്തുള്ളൂ?

അല്പം നടന്നപ്പോൾ അല്പം പ്രായമുള്ള ഒരാൾ എനിയ്ക്ക് സ്വാഗതം പറഞ്ഞു. അയാൾ ഞങ്ങളെ കാത്തു നിൽക്കുകയായിരുന്നു. അദ്ദേഹം കെ. എം. വി. എൻ-ന്റെ ഒരു മാനേജരാണ്. വിപിൻ ചന്ദ്ര പാണ്ഡേ. ഞങ്ങളുടെ ഇനിയുള്ള യാത്രയിൽ ഞങ്ങളെ അകമ്പടി സേവിക്കാനാണ് അയാൾ എത്തിയിരിക്കുന്നത്. നല്ല പക്വതയും വിവരവുമുള്ള ഒരു മനുഷ്യനാണ് അദ്ദേഹം. ഓരോ ദിവസവും രാവിലെ അദ്ദേഹം ഞങ്ങൾക്ക് അന്നന്നത്തെ യാത്രയെക്കുറിച്ച് ഒരു വിവരണം തരും. ഓം നമ:ശിവായ എന്ന് ജപിക്കണമെന്നുപദേശിക്കും. യാത്രയിലുള്ള ചീത്തയായ അനുഭവങ്ങളെല്ലാം മലയിലുപേക്ഷിച്ച് നല്ല ഓർമ്മകൾ മാത്രം മനസ്സിലേറ്റി നാടെത്തണമെന്ന് എല്ലാ ദിവസവും ഉപദേശിക്കും.

ഇപ്പോൾ നടക്കുന്നത് ഇന്ത്യൻ മണ്ണിലൂടേയാണ്. കൈലാസത്തിലേക്ക് പോകുമ്പോൾ നേരം പുലരുന്നതിനു മുമ്പാണ് ഇതു വഴി കടന്നു പോയത്. ടോർച്ചും കത്തിച്ചു പിടിച്ചു കൊണ്ടായിരുന്നു അന്ന് യാത്ര. അതു കൊണ്ടു തന്നെ ഈ ഭൂപ്രകൃതിയും അന്തരീക്ഷവുമൊന്നും അന്ന് കാണാൻ കഴിഞ്ഞിരുന്നില്ല. ഇന്നിപ്പോൾ യാത്ര പകൽ വെളിച്ചത്തിലായതിനാൽ ചുറ്റുപാടെല്ലാം നല്ല പോലെ കാണാൻ കഴിഞ്ഞു. നല്ല സുന്ദരമായ മാമലകളാണ് വഴിയുടെ ഇരു വശവും. മണ്ണിൽ നിറയെ പൂക്കളും പൂവനികളും. സ്വപ്നം കാണുന്ന സൂര്യകാന്തികളെ കണ്ടില്ലെങ്കിലും അവിടെയുള്ള എല്ലാ പൂക്കളും പൂവമ്പനെ സ്വപ്നം കണ്ടു നിൽക്കുകയാണെന്ന് ഞാൻ കണക്കു കൂട്ടി.

കുറേ നടന്നപ്പോൾ ഒരു തണ്ണീർപ്പന്തൽ കണ്ടു. അവിടെ വച്ച് ഐടിബിപിക്കാർ ഞങ്ങൾക്ക് ചായയും സ്നാക്സും തന്നു. മണിക്കൂറുകളോളം നടന്ന് നടന്ന് അഥവാ ഇറങ്ങി ഇറങ്ങി ഒടുവിൽ ഞങ്ങൾ പഴയ നഭിദാങ് (നവിദാങ് എന്നും പറയും) ക്യാമ്പിൽ എത്തിച്ചേർന്നു. അവിടെ വിശദമായ പ്രാതൽ കിട്ടി. ഓം പർവ്വതം കാണാനുള്ള ഈ യാത്രയിലെ അവസാനത്തെ അവസരമാണിന്ന്. ഇവിടന്നേ ഓം പർവ്വതം കാണാനൊക്കൂ. അതിൽ പ്രതീക്ഷ അർപ്പിച്ച് ഓം പർവ്വതത്തിന്റെ ദിശയിലേക്ക് നോക്കി മണിക്കൂറുകളോളം ഞങ്ങൾ അവിടെ ഇരുന്നു. പക്ഷേ ഓം പർവ്വതമോ അതിന്റെ എന്തെങ്കിലും ഒരു ലഞ്ചനയോ ഞങ്ങൾക്ക് കാണാനായില്ല. എങ്ങും മഞ്ഞും മേഘങ്ങളും ആയിരുന്നു എന്നതു തന്നെ കാരണം.

നഭിദാങ് എന്ന സ്ഥലത്തിന് നാഭി (പുക്കിൾ) യുമായി എന്തോ ബന്ധമുണ്ടന്ന് അങ്ങോട്ട് പോകുമ്പോൾ ആളുകളിൽ നിന്ന് മനസ്സിലായിരുന്നു. പുക്കിളിനെ പോലെ തോന്നിപ്പിക്കുന്ന (എന്നു വേണമെങ്കിൽ പറയാം, അത്ര തന്നെ) ഒരു ഭൂഭാഗം പുഴയ്ക്കപ്പുറം കാണാം. ഈ സ്ഥലപ്പേരിന്നാസ്പദമായ നാഭി ശിവന്റെ നാഭിയായിരിക്കും എന്നാണ് ഞാൻ കരുതിയത്. എന്നാൽ മടക്കത്തിലാണതിന്റെ ശരിയായ കഥ മനസ്സിലായത്.

പണ്ട് ദക്ഷയാഗത്തിന്റെ സമയത്തോ മറ്റോ ദാക്ഷായണി യാഗാഗ്നിയിൽ ആത്മാഹൂതി ചെയ്തത്രെ. ദാക്ഷായണി ശിവനെ കല്യാണം കഴിക്കാൻ ആഗ്രഹിച്ചിരുന്നും പോലും. ശിവൻ അതിനനുകൂലവും. പക്ഷേ ദക്ഷൻ അതിനെതിരായിരുന്നെന്നും ഒടുവിൽ ദാക്ഷായണി ആത്മഹത്യ ചെയ്തപ്പോൾ ശിവൻ അവളുടെ ചിതാഭസ്മം എടുത്ത് ഭാരതവർഷം മുഴുവൻ ചിതറിയെന്നും അപ്പോൾ നാഭി വന്നു വീണത് ഇവിടെയായതു കൊണ്ട് ഈ സ്ഥലത്തിന് നാഭിദാങ് എന്ന പേരു കിട്ടിയെന്നും ഒക്കെയാണ് ആളുകൾ പറയുന്നത്. ഒടുവിൽ പാർവ്വതിയായി പുനർജ്ജനിച്ചത് ദാക്ഷായണിയാണത്രെ. കഥ ഇങ്ങനെയൊന്നും അല്ലെങ്കിൽ എന്നോട് ക്ഷമിക്കുക.

ദാക്ഷായണിയുടേതാണ് നാഭി എന്നറിഞ്ഞപ്പോൾ ഒരു പക്ഷേ ആളുകൾ അവിടെ വിശദമായി നോക്കിയിട്ടുണ്ടാകും. എല്ലവരും എങ്ങോട്ടാണ് നോക്കുന്നത് എന്നൊക്കെ നോക്കുവാൻ എനിയ്ക്കാവില്ലല്ലോ. ഇനി ദാക്ഷായണിയുടെ മറ്റെന്തെങ്കിലും അടുത്തെങ്ങാൻ വീണിട്ടുണ്ടോ എന്നും ആളുകൾ നോക്കുന്നുണ്ടാകാം. എന്തായാലും ഒരു കാര്യം നല്ല ഉറപ്പാണ്. അകലേക്ക് ദൃഷ്ടികൾ പായിച്ച് എല്ലാവരും അവിടെ മണിക്കൂറുകളോളം ഇരുന്നു. നോക്കിയത് ഓം പർവ്വതം കാണാനാണോ അതോ ദാക്ഷായണിയുടെ പുക്കിൾ കാണാനാണോ എന്നതേ എനിയ്ക്കുറപ്പില്ലതേയുള്ളു.

ആഗ്രഹിച്ചതൊന്നും കാണുന്നില്ലെന്ന് വന്നപ്പോൾ എല്ലാവരും വീണ്ടും നടത്തം തുടങ്ങി. മലകളും അരുവികളും മേഞ്ഞുനടക്കുന്ന കന്നുകാലിക്കൂട്ടങ്ങളും പിന്നിട്ട് ഉച്ചയോടു കൂടി ഞങ്ങൾ കാലാപാനിയിൽ എത്തിച്ചേർന്നു. ഉച്ച ഭക്ഷണം അവിടെയായിരുന്നു. അവിടെ ഇന്ത്യൻ കസ്റ്റംസിന്റെ ഒരു ഓഫീസുണ്ടെന്ന് മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. ഞങ്ങൾ അവിടെ പാസ്പോർട്ട് സമർപ്പിക്കുകയും തിരിച്ചു പോരുന്നതുമായി ബന്ധപ്പെട്ട എന്തൊക്കെയോ പൂരിപ്പിച്ചു കൊടുക്കുകയും ചെയ്തു. ഒടുവിൽ യാത്ര പുനരാരംഭിക്കുന്നതിനു തൊട്ടു മുമ്പായി പാസ്പോർട്ട് ഞങ്ങൾക്ക് തിരിച്ചു കിട്ടി. ജൂലൈ 21ന് ഞങ്ങൾ ചൈനയിൽ നിന്ന് തിരിച്ചെത്തിയതായി അപ്പോൾ അതിൽ സീൽ ചെയ്തിരുന്നു.

കെ.എം.വി.എൻ-ന്റെ കോട്ടേജുകളും കസ്റ്റംസ് ഓഫീസുമുള്ള ഈ സ്ഥലത്തു നിന്നും ഏതാണ്ട് ഒരു കിലോമീറ്ററോളം താഴെയാണ് കാലാപാനിയിലെ കാളീക്ഷേത്രം. ഞങ്ങൾ അവിടെ എത്തിയപ്പോൾ ക്ഷേത്ര ദർശനവും പട്ടാളക്കാരുടെ വക പ്രസാദവിതരണവും അതു കൂടാതെ ചായ, സ്നാക്സ് എന്നിവയുടെ വിതരണവും ഉണ്ടായിരുന്നു. ഹൃദ്യമായിരുന്നു അവർ ഞങ്ങൾക്ക് തന്ന സ്വീകരണം. അപ്പോഴാണ് ഞങ്ങൾ വ്യാസഗുഹ കണ്ടതും.

കാലാപാനിയിലായിരിക്കും ഇന്നത്തെ രാത്രിയിലെ ഉറക്കം എന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ കാലാപാനിയിൽ നിന്ന് ഊണു കഴിഞ്ഞ് ഞങ്ങൾ യാത്ര തുടരുകയായിരുന്നു. എന്നിട്ട് ഗുൻജിലെത്തിയിട്ടാണ് ഞങ്ങൾ അന്നത്തെ യാത്ര അവസാനിപ്പിച്ചത്. ഗുൻജിയിലെ കോട്ടേജുകളിൽ എത്തുമ്പോൾ അവിടെ നട്ടു വളർത്തിയിരുന്ന പല ചെടികളും പുഷ്പിച്ചു നിൽക്കുന്നുണ്ടായിരുന്നു. അവയൊന്നും ഞങ്ങൾ നേരത്തെ ഇവിടെ എത്തിയപ്പോൾ പൂവിട്ടിട്ടില്ലയിരുന്നു.

ഞങ്ങൾ ഗുൻജിയിലെ ക്യാമ്പിലെത്തിയപ്പോൾ അവിടെ മൂന്നാലു പേർ ഇരിപ്പുണ്ടായിരുന്നു. തൊട്ടു മുമ്പ് കൈലാസത്തിലേക്കു പോയ ഗ്രൂപ്പിൽ ഉണ്ടായിരുന്ന ഇവർ ഗുൻജിയിലെ മെഡിക്കൽ ടെസ്റ്റിൽ പരാജയപ്പെട്ട് യാത്ര മുടങ്ങി ഇനി എന്ത് എന്ന് സ്വയം ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ. ഞങ്ങൾ അവരോട് സംസാരിച്ചു. കൂടിയ ബ്ലഡ് പ്രഷർ കാരണം യാത്ര നിഷേധിക്കപ്പെട്ടവരായിരുന്നൂ ഈ ഹതഭാഗ്യർ. പക്ഷേ പ്രഷർ കുറയുകയാണെങ്കിൽ അടുത്ത ബാച്ചിന്റെ കൂടെ കൈലാസത്തിലേക്ക് വിടാമെന്ന ഒരു ഉറപ്പ് ഡോക്റ്റർമാർ അവർക്ക് കൊടുത്തിട്ടുണ്ട്. അത്രയും നല്ലത്. അല്ലാതെന്തു പറയാനാ?

* * * * * * * * * * * * * ** * * * * * ** * * * * * * തുടരും

അഭിപ്രായങ്ങളൊന്നുമില്ല: