2011, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

ഗവണ്മെന്റായാൽ ഇങ്ങനെത്തന്നെ വേണം!!!!!!!!

മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവരെ കർശനമായി ശിക്ഷിക്കാൻ നിയമം കൊണ്ടുവരുമെന്ന മന്ത്രിയുടെ പ്രസ്താവന ദീപിക ഡോട്ട് കോമിൽ വായിച്ചപ്പോൾ പത്രക്കാർക്ക് തെറ്റിയതാകും എന്നാണ് ഞാൻ കരുതിയത്. സംശയ നിവാരണത്തിനായി ഞാൻ ഉടൻ തന്നെ മനോരമ ഓൺലൈനിൽ പ്രസ്തുത വാർത്തയ്ക്കായി പരതി. എനിയ്ക്ക് തെറ്റിയില്ല; പ്രസ്തുതവാർത്ത അവിടേയും ഉണ്ടായിരുന്നു. എനിയ്ക്കു മാത്രമല്ല, ദീപിക ഡോട്ട് കോമിനും തെറ്റിയില്ല; അവരും വാർത്ത ശരിയായിത്തന്നെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവരെ കർശനമായി ശിക്ഷിക്കാൻ തന്നെയാണ് ഗവണ്മെന്റിന്റെ പുറപ്പാട്. രണ്ട് വാർത്തകളും ഞാനിവിടെ കൊടുക്കുന്നുണ്ട്. മാതൃഭൂമിയിലും കണ്ടു ഈ വാർത്ത പിന്നീട്.


ശിക്ഷിക്കാനുദ്ദേശിക്കുന്നത് എന്നെപ്പോലെയുള്ള ചുരുക്കം ചിലരെ ആയിരിക്കും എന്ന് വാർത്ത കണ്ടപ്പഴേ എനിയ്ക്ക് മനസ്സിലായി. കാരണം എന്തെന്നല്ലേ? പറയാം.

ഞാൻ മിക്കവാറും നടക്കുകയാണ് പതിവ്. ബസ്സിന് പൈസ കൊടുക്കാനില്ലാഞ്ഞിട്ടല്ല; നടന്നാണ് ചെറുപ്പത്തിൽ ശീലിച്ചിട്ടുള്ളത്; അതു തന്നെ കാരണം. മുമ്പ് കുറേ കാലം ഒരു സ്കൂട്ടറുണ്ടായിരുന്നു; ഇപ്പോൾ കാറാണ്; എന്നാലും യാത്ര ഒറ്റയ്ക്കാണെങ്കിൽ, ദൂരം കുറച്ച് കിലോമീറ്ററേ ഉള്ളുവെങ്കിൽ കാൽനട തന്നെയാണ് ഇപ്പോഴും പത്ഥ്യം; ശീലിച്ചതല്ലേ പാലിക്കാൻ പറ്റൂ? അങ്ങനെ കാൽനടയായി പോകുമ്പോൾ ഭൂമിയ്ക്ക് ഹിതമായാണ്, പ്രകൃതിക്ക് അനുസൃതമായാണ് ഞാൻ ജീവിക്കുന്നത് എന്ന ഒരു ധാരണ എനിയ്ക്ക് ഉണ്ടാകും. ആ ധാരണ എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു ധാരണയാണ്. വളരെയധികം തൃപ്തി തരുന്ന ഒരു ധാരണ. ആളുകൾ എന്നെ പിശുക്കൻ, ദരിദ്രവാസി എന്നൊക്കെ വിളിക്കുന്നുണ്ടാകാം. വിളിക്കട്ടെ, ഭാര്യയ്ക്കും വീട്ടുകാർക്കുമൊക്കെ അതൊരു കുറച്ചിലാണെങ്കിലും ഞാനതൊന്നും അത്ര കാര്യമാക്കാറില്ല. പൊള്ളുന്ന വെയിലിൽ വിയർത്തൊലിച്ച് അങ്ങനെ നടക്കുമ്പോൾ ചിലപ്പോൾ തോന്നും വഴിയിലെ പീടികയിൽ നിന്ന് കുറച്ച് വെള്ളം വാങ്ങി കുടിച്ചാലോ എന്ന്. കൊക്കോകോള, പാക്കേജ്‌ഡ് ഡ്രിങ്കിങ്ങ് വാട്ടർ എന്നൊക്കെയുള്ള ആധുനികന്മാരോട് വലിയ പ്രതിപത്തി ഇല്ലാത്തതുകൊണ്ട് പിന്നെത്തോന്നും വെള്ളം വേണ്ട, രണ്ട് പഴമാകട്ടെ എന്ന്. അങ്ങനെ അടുത്ത് കണ്ട കടയിൽ നിന്ന് ഒരു നേന്ത്രപ്പഴമോ രണ്ട് പച്ചപ്പഴമോ വാങ്ങിത്തിന്നു കഴിയുമ്പോൾ തീർച്ചയായും എന്റെ കയ്യിൽ അതിന്റെ തൊലി ബാക്കിയാകും.

നോക്കൂ, ഞാൻ പീടികയിൽ കയറിയത് പഴം തിന്നാനല്ലേ? വിശപ്പ് അല്ലെങ്കിൽ ദാഹം എങ്ങനെ കൈകാര്യം ചെയ്യണം എന്ന ലക്ഷ്യമേ എനിക്കപ്പോഴുള്ളു. അല്ലാതെ പഴത്തൊലി എന്തു ചെയ്യണം എന്നത് എന്റെ ലക്ഷ്യമേ അല്ലായിരിക്കും. അപ്പോൾ ഞാൻ എന്തു ചെയ്യും? പഴത്തൊലി ലക്ഷ്യമില്ലാതെ, മന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ അലക്ഷ്യമായി, അവിടെ റോഡിനടുത്തെവിടെയെങ്കിലും ഇടും. കൂടുതൽ പറയണോ, പഴത്തൊലി മാലിന്യമാണ്, റോഡ് പൊതുസ്ഥലമാണ്, ഞാൻ ചെയ്തത് മാലിന്യം അലക്ഷ്യമായി പൊതുസ്ഥലത്ത് നിക്ഷേപിക്കലുമാണ്. ഇനി കൂടുതലെന്തു വേണം? നിയമം നടപ്പാക്കുകയേ വേണ്ടൂ. അടുത്ത ദിവസം പത്രത്തിൽ വാർത്ത വരും; മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞതിന് ആൾരൂപനെതിരെ നടപടി എടുത്തിരിക്കുന്നു എന്ന്. എങ്ങനെയുണ്ട്? ഇതുപോലെയുള്ള സദാചാരവിരുദ്ധന്മാർ വേറേയും കാണാതിരിക്കില്ലല്ലോ? അവരുടെയും ഗതി എന്റേതു തന്നെ!

ഇനി വേറേ ചില കൂട്ടരുണ്ട്. അവർ കോഴിയെ കൊന്ന് അതിന്റെ തൂവലും പൂടയും കാലും മറ്റും മറ്റും ഒരു ചാക്കിൽ കെട്ടും. പലപ്പോഴും പ്ലാസ്റ്റിക് കവറാകാനും മതി. പ്ലാസ്റ്റിക് കവറല്ലേ ഇപ്പോൾ എല്ലാവർക്കും പത്ഥ്യം? ഇനി ഇപ്പോൾ ചാക്കിനകത്ത് കോഴിയുടെ അവശിഷ്ടങ്ങൾ തന്നെ ആവണമെന്നില്ല. ചിലപ്പോൾ വീട്ടിലെ അടുക്കളയിൽ ബാക്കി വന്ന ഭക്ഷണത്തിന്റെ നാറുന്ന അവശിഷ്ടങ്ങളാകാം, സൗകര്യം പ്രദാനം ചെയ്ത ശേഷം ഉപയോഗശൂന്യമായിത്തീർന്ന സാനിറ്ററി നാപ്കിനാകാം, വീട്ടിൽ അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് കവറുകളും കുപ്പികളുമാകാം, മാടുകളെ അറുത്ത കടയിലെ അവശിഷ്ടങ്ങളാകാം, അല്ലെങ്കിൽ അതുപോലെ മറ്റെന്തെങ്കിലുമാകാം. ഈ വിദ്വാന്മാർ എന്തു ചെയ്യുമെന്നോ? അവർ ഈ അവശിഷ്ടങ്ങളെല്ലാം പൊതിഞ്ഞു കെട്ടി കയ്യിൽ വച്ച് സ്കൂട്ടറിലോ കാറിലോ മറ്റോ പുറപ്പെടും. പുറപ്പെടുമ്പോൾ അവർക്ക് വ്യക്തമായ ലക്ഷ്യമുണ്ട്; എവിടേയ്ക്കാണ് പോകുന്നതെന്ന്! എന്തിനാണ് പോകുന്നതെന്ന്! ആർക്കും പറയാനാകില്ല അവർ ലക്ഷ്യമില്ലാത്തവരാണെന്നോ അലക്ഷ്യമായി പോകുകയാണെന്നോ.

ഊഹിക്കാവുന്നതേയുള്ളു അവർ എവിടേക്കാണ് പോകുന്നതെന്ന്. ഭാരതപ്പുഴ ആയിരിക്കും അവരുടെ ലക്ഷ്യം. ഭംഗിയുള്ള കുറ്റിപ്പുറം പാലം, അതല്ലെങ്കിൽ തിരൂരിലെ താഴേപ്പാലം, ഇനി അതുമല്ലെങ്കിൽ അതുപോലെ മറ്റൊരു പാലം.... പാലത്തിനാണോ നാട്ടിൽ പഞ്ഞം? പാലത്തിനടിയിൽ ഒരു പുഴയും പുഴയിൽ അല്പം വെള്ളവും ഉണ്ടാകണമെന്നേ ഇവർക്കൊക്കെ ഒരു ശാഠ്യം ഉണ്ടാവുള്ളു. അതിനവരെ കുറ്റം പറയണ്ട കാര്യമൊട്ടില്ല താനും. എന്നിട്ടോ? പാലത്തിന്റെ ഒത്ത നടുക്കെത്തുമ്പോൾ ഈ ചാക്കെടുത്ത് ഒരൊറ്റ ഏറാണ്; പുഴയിലേയ്ക്ക്. സ്വസ്തം; സുഖം... നമ്മുടെ വീടും പരിസരവും അതല്ലെങ്കിൽ കടയും പരിസരവും തികച്ചും ശുചികരം.. പുഴയിലെ ചാക്കിനെ കുറിച്ച് വേവലാതിപ്പെടാനൊന്നുമില്ല. അതങ്ങ് ഒലിച്ചു പോയിക്കോളും. അല്ലെങ്കിലും എത്ര ശവങ്ങളാ ഈ പുഴയിലൊക്കെ പൊന്തുന്നത്. അതാലോചിക്കുമ്പോൾ ഈ ചാക്കൊന്നും അത്ര സാരമുള്ളതല്ല. ഇതിന് മന്ത്രിയെയോ പോലീസിനേയോ നിയമത്തേയോ ഒട്ടു പേടിക്കുകയും വേണ്ട. കാരണം അലക്ഷ്യമായിട്ടല്ലല്ലോ ഈ മാലിന്യക്കൂമ്പാരം പുഴയിലേക്കെറിഞ്ഞത്. ലക്ഷ്യം തെറ്റാതെയാണ്, തികഞ്ഞ ബോദ്ധ്യത്തോടെയാണ് അത് പുഴയിലേക്കിട്ടിട്ടുള്ളത്. പിന്നെ ആരെ എന്തിന് പേടിക്കണം. അലക്ഷ്യമായി ഇടുമ്പോഴല്ലേ നിയമത്തേയും മന്ത്രിയേയും പേടിക്കേണ്ടതുള്ളൂ? മന്ത്രിക്കും അറിയാം ഇതൊക്കെ നമ്മുടെ വോട്ടർമാരാണെന്നും അവർ ഇതൊക്കെ പുഴയിലേക്കിടുന്നത് അലക്ഷ്യമായിട്ടല്ലെന്നും. നമ്മുടെ നാട്ടുകാരെ നോക്കേണ്ടത് മന്ത്രിയുടേ കൂടി ഉത്തരവാദിത്തമല്ലേ? അപ്പോൾ നമുക്ക് പേടിക്കാനൊന്നുമില്ല. ഇനി അഥവാ പോലീസിനും മന്ത്രിക്കും വല്ലവരേയും പിടിക്കണമെന്നുണ്ടെങ്കിൽ അവർ അവിടെ പുഴക്കരയിൽ നിൽക്കട്ടെ; പാലത്തിന്മേലൂടെ പഴം തിന്ന് നടന്ന് അലക്ഷ്യവും അശ്രദ്ധവുമായി തൊലി താഴേക്കിടുമ്പോൾ പുഴയിൽ വീഴുന്ന നേരത്ത് അവർക്ക് നിയമം പ്രയോഗിക്കാൻ കുറച്ച് ആൾരൂപന്മാരെ കിട്ടാതിരിക്കില്ല, തീർച്ച.

ഗവണ്മെന്റായാൽ ഇങ്ങനെത്തന്നെ വേണം. മാലിന്യങ്ങൾ മന:പൂർവ്വം വലിച്ചെറിയുന്നതൊന്നും ഒരു പ്രശ്നമല്ല. അലക്ഷ്യമായി വലിച്ചെറിയുമ്പോഴേ അതൊരു സാമൂഹികപ്രശ്നം ആകുന്നുള്ളു. അത്തരക്കാരെ നമ്മൾ കൈകാര്യം ചെയ്യുക തന്നെ ചെയ്യും. എന്തൊരാശ്വാസം!

1 അഭിപ്രായം:

Sankar പറഞ്ഞു...

രണ്ടാഴ്ചയായി അനക്കമൊന്നും ഇല്ലല്ലോ എന്ന്കരുതിയിരിക്കുകയായിരുന്നു.


സ്വന്തം വീട്ടിലെ മാലിന്യം അന്യന്റെ പറമ്പിലേക്ക്‌ വലിച്ചെറിയുന്ന ശീലം മലയാളികള്‍ അത്രപെട്ടെന്ന് ഉപേക്ഷിക്കുമോ.
നിയമങ്ങള്‍ ഇല്ലാത്തതാണോ നമ്മുടെ നാട്ടിലെ പ്രശ്നം.
നിയമനിര്‍മ്മാണം നടതിക്കഴിഞ്ഞാല്‍ പിന്നെ എല്ലാം ശരിയായി എന്ന് കരുതുന്ന ആത്മാര്‍ഥതയില്ലാത്ത രാഷ്ട്രീയക്കാരാണ് നമ്മുടെ പ്രശ്നം.