2011, ഒക്‌ടോബർ 5, ബുധനാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 23

ഗുൻജിയിലെ ടെന്റിൽ വച്ച് ഒരാൾ തന്റെ കയ്യിലുള്ള ഭാണ്ഡം തുറന്ന് സാധനങ്ങളെല്ലാം നിരത്തിവയ്ക്കുന്നുണ്ടായിരുന്നു. അതിൽ നിന്ന് രണ്ടു മൂന്നു റോൾ ടോയ്‌ലെറ്റ് പേപ്പർ എടുത്ത് അതിന് ആവശ്യക്കാരുണ്ടോ എന്ന് അയാൾ അന്വേഷിച്ചു. തന്റെ കയ്യിലുള്ള ഭാണ്ഡത്തിന്റെ ഭാരം കുറയ്ക്കാനുള്ള പുറപ്പാടിലാണ് അയാൾ. കൈലാസയാത്രയിൽ കയ്യിൽ കരുതാൻ ഞങ്ങൾക്ക് തന്ന ലിസ്റ്റിലെ ഒരു ഐറ്റമായിരുന്നു ഈ ടോയ്‌ലെറ്റ് പേപ്പർ. ചൈനയിൽ (തിബത്തിൽ) ആധുനികരീതിയിലുള്ള കക്കൂസുകളൊന്നും ഇല്ലെന്നും പറമ്പിലോ വഴിലിലോ കാര്യങ്ങൾ സാധിക്കേണ്ടി വരുമെന്നും ഒക്കെ ഞങ്ങൾക്ക് മുന്നറിയിപ്പും തന്നിരുന്നു. അതുകൊണ്ടാണ് ആളുകൾ ഈ ടോയ്‌ലെറ്റ് പേപ്പർ കയ്യിൽ കരുതിയത്. എന്നു വച്ച് എന്തിനാണാവോ അയാൾ അത് ഇത്രമാത്രം വാങ്ങിക്കൂട്ടിയത്? എന്തായാലും അയാളുടെ ടോയ്‌ലെറ്റ് പേപ്പറിന് ആവശ്യക്കാരൊന്നും ഉണ്ടായില്ല. നാലോ അഞ്ചോ ദിവസത്തെ കാര്യസാധ്യത്തിന് ഇത്രയും ടോയ്‌ലെറ്റ് പേപ്പർ വാങ്ങിയ അയാൾ ഒരു മണ്ടൻ തന്നെ. ടോയ്‌ലെറ്റ് പേപ്പർ മാത്രമല്ല എന്തും വാങ്ങിക്കൂട്ടുന്ന ഒരു പ്രകൃതക്കാരനാണയാൾ. തക്ലക്കോട്ടു നിന്ന് ഏറ്റവും കൂടുതൽ ചൈനീസ് നിർമ്മിത സാധനങ്ങൾ വാങ്ങിയത് ഒരുപക്ഷേ ഇദ്ദേഹമായിരുന്നിരിക്കും. അതുകൊണ്ടാണ് ഇപ്പോഴയാൾക്ക് ഭാണ്ഡത്തിന്റെ ഭാരം കുറയ്ക്കാനുള്ള പ്രയത്നത്തിലേർപ്പെടേണ്ടി വന്നതും.

ഇയാളുടെ കയ്യിൽ മാത്രമല്ല, പലരുടേയും പക്കൽ ടോയ്‌ലെറ്റ് പേപ്പർ ഉണ്ടായിരുന്നു. എന്നെപ്പോലെ ചുരുക്കം ചിലർ അത് വാങ്ങാതെയും ഉണ്ടായിരുന്നു. ഇമ്മാതിരി കാര്യങ്ങൾക്കൊന്നും പേപ്പർ ഉപയോഗിക്കാൻ എനിയ്ക്ക് മനസ്സ് വരില്ല. ഞാൻ ചെറുപ്പത്തിൽ പഠിച്ചത് പേപ്പർ സരസ്വതിയാണെന്നായിരുന്നു. വായിക്കാനും എഴുതാനുമേ അന്നൊക്കെ ആളുകൾ പേപ്പർ ഉപയോഗിച്ചിരുന്നുള്ളു. ഇന്നിപ്പോൾ ഇരിക്കാനും കിടക്കാനും മാത്രമല്ല മുകളിൽ പറഞ്ഞ കാര്യത്തിനു വരെ ഈ സരസ്വതിയെ ആണ് ഉപയോഗിക്കുന്നത്, കഷ്ടം. കാണുന്നവർ പറയും ഞാൻ പിശുക്കനാണെന്ന്. എന്നാലും ഞാൻ ടോയ്‌ലെറ്റ് പേപ്പർ ഉപയോഗിക്കില്ല.

ടോയ്‌ലെറ്റ് പേപ്പർ കണ്ടു പിടിക്കുന്നതിനു മുമ്പും ആളുകൾ ഈ കാര്യം ചെയ്തിരുന്നല്ലോ? അന്നൊക്കെ അവർ പുല്ല്, ഇല, കല്ല്, പാറക്കഷ്ണങ്ങൾ എന്നിങ്ങനെ പലതും ആണല്ലോ ഉപയോഗിച്ചിരുന്നതും. ഇടതു കൈ ഉപയോഗിച്ച് വൃത്തിയാക്കുന്നതും പതിവായിരുന്നു. എന്റെ ചെറുപ്പത്തിലൊന്നും നാട്ടിൻപുറത്ത് കക്കൂസുകളില്ലായിരുന്നു. അന്നൊക്കെ ഞങ്ങൾ കല്ലും കയ്യുമൊക്കെത്തന്നെയാണ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ടാണല്ലോ ഇടതു കയ്യിന് ഇപ്പോഴും ഒരു 'രണ്ടാം തരം പൗരത്വം' നാം കൽപ്പിച്ചു കൊടുത്തിട്ടുള്ളത്. ഇടതു കൈ കൊണ്ട് ഷെയ്ക്ഹാൻഡ് കൊടുക്കുകയോ മറ്റൊരാളിൽ നിന്ന് എന്തെങ്കിലും വാങ്ങുകയോ ഒക്കെ ചെയ്യുന്നത് ആരും അത്രയ്ക്കങ്ങോട്ട് ഇഷ്ടപ്പെടാത്തത് ഇടതു കയ്യിന്റെ ഈ മോശം പ്രവർത്തി കൊണ്ടല്ലേ? എന്തായാലും ഇപ്പോൾ കക്കൂസുകളിൽ ഒഴിവാക്കാനാകാത്ത ഒരു വസ്തുവായിരിക്കുന്നൂ ഈ ടോയ്‌ലെറ്റ് പേപ്പർ.

ഇന്നിപ്പോൾ പേപ്പറിന് എന്തെല്ലം ഉപയോഗങ്ങളാണ്. ഒന്നാലോചിച്ചാൽ അത് നല്ലതാണു താനും. പ്ലെയിനിലൊക്കെ മുഖം തുടയ്ക്കാൻ കിട്ടുന്ന നനവും നല്ല മണവും ഉള്ള മിനുമിനുത്ത പേപ്പർ ആർക്കും ഇഷ്ടപ്പെടുന്നതാണ്. ഡൽഹിയിലെ ചുട്ടുപൊള്ളുന്ന വെയിലിൽ നിന്നും പ്ലെയിനിൽ കയറി ഇരിക്കുമ്പോൾ തണുത്ത ഈ വാസനപ്പേപ്പർ മുഖത്തു വയ്ക്കുമ്പോൾ ഉള്ള ആശ്വാസം ഒന്നു വേറെ തന്നെയാണ്. അത് അനുഭവിച്ചിട്ടുള്ളവർക്കേ അതിന്റെ സുഖം അറിയൂ. നല്ല മിനുസവും മൃദുത്വവും ഉള്ളതുകൊണ്ടായിരിക്കും ഇതിന് ടിഷ്യൂ പേപ്പർ എന്നും പറയുന്നത്. ഹോട്ടലുകളിലും കിട്ടും കയ്യും മുഖവും തുടയ്ക്കാൻ ഇമ്മാതിരി പേപ്പർ. നനവും മണവും ഒന്നും കാണില്ലെന്നു മാത്രം. വന്നു വന്ന് ഇപ്പോൾ ചോറുണ്ടു കഴിഞ്ഞാൽ കയ്യ് കഴുകാതെ പേപ്പറിൽ കൈ തുടയ്ക്കുന്നതായിരിക്കുന്നു നമ്മുടെ സംസ്ക്കാരം. എന്തു ചെയ്യാം, കഷ്ടം. എങ്ങനെയാണാവോ ആളുകൾ എച്ചിൽ കയ്യുമായി നടക്കുന്നത്?

സത്യത്തിൽ ടോയ്‌ലെറ്റ് പേപ്പറുകളും പ്രകൃതിക്ക് ഒരു ശാപമാണ്. അത് എളുപ്പത്തിൽ അഴുകി നശിക്കുമെങ്കിലും ഇവ ഉണ്ടാക്കാൻ എത്ര എത്ര മരങ്ങളായിരിക്കും വെട്ടി വീഴ്ത്തപ്പെടുന്നത്? അല്ലെങ്കിൽ ആർക്കാണ് ഇമ്മാതിരി കാര്യങ്ങളിലൊക്കെ ശ്രദ്ധ? എന്റെ കാര്യം നടക്കണം, എനിയ്ക്ക് സുഖവും സൗകര്യവും വേണം, അതിന് എന്തും ആകാം എന്നല്ലേ നമ്മുടെയൊക്കെ ചിന്ത?

ഇയാൾ ടോയ്‌ലെറ്റ് പേപ്പർ വിതരണം ചെയ്യാൻ ശ്രമിക്കുമ്പോൾ മറ്റൊരാൾ വിക്സ് ഗുളികകളുടെ രണ്ട് വലിയ പേക്കറ്റ് എടുത്ത് വിതരണം ചെയ്യാൻ തുടങ്ങിയിരുന്നു. അയാളും കയ്യിലെ സാധനങ്ങൾ ഒഴിവാക്കുകയാണ്. ഇതൊന്നും ഇനി നാട്ടിലെത്തിയാൽ വേണ്ടാത്തതാണ്. അവയെല്ലാം മുടക്കാച്ചരക്കായി വീട്ടിൽ കിടക്കുകയേ ഉള്ളു. എന്റെ കാര്യം നോക്കൂ, ഇപ്പോൾ എന്റെ വീട്ടിൽ പത്തഞ്ഞൂറു രൂപയുടെ ഗുളികകളും മറ്റും ഒരു പ്രയോജനവുമില്ലാതെ കിടക്കുകയാണ് ഇതെല്ലാം കൈലാസയാത്രയ്ക്ക് വാങ്ങിയതാണ്. അവയുടെ കാലാവധി കാത്തിരിക്കുകയാണിപ്പോൾ ഞാൻ; അവയെല്ലാം എടുത്ത് വലിച്ചെറിയാൻ. ഇമ്മാതിരി സാധനങ്ങളെല്ലാം ഈ യാത്രയുടെ അമരക്കാർ തന്നെ വാങ്ങി സൂക്ഷിച്ചിരുന്നെങ്കിൽ ഒരു പാടു പണവും മറ്റും ആളുകൾക്ക് ലാഭിക്കാമായിരുന്നു. ഇതൊക്കെ ആരോട് പറയാൻ?

എന്തായാലും ഞാൻ എട്ട് പത്ത് വിക്സ് ഗുളികകൾ അയാളിൽ നിന്ന് തരപ്പെടുത്തി. പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ അത് തിന്നു തീർത്തു.

ആവശ്യമില്ലാതെ സാധനങ്ങൾ വാങ്ങിയ കാര്യം പറഞ്ഞപ്പോഴാണ് ഈ യാത്രയ്ക്ക് വേണ്ടി ആളുകൾ ഭീമമായ പണം മുടക്കിയ കാര്യം എന്റെ മനസ്സിൽ ഓർമ്മയായി കയറി വന്നത്. എന്തെല്ലാം വില കൂടിയ സാധനങ്ങളാണ് ഇവർ വാങ്ങിയിട്ടുള്ളത്! 1800 രൂപയുടെ മങ്കീ കാപ്, 2000 രൂപയുടെ കണ്ണട, 400 രൂപയുടെ ഗ്ലൗസ് എന്നിങ്ങനെ ആ സാധനങ്ങളുടെ ലിസ്റ്റ് നീളുകയാണ്. QUECHUA എന്ന കമ്പനിയുടെ ഷൂസ്, ബാഗ്, വാട്ടർ ബോട്ടിൽ, കുത്തി നടക്കാനുള്ള വടി എന്നിങ്ങനെ ട്രെക്കിങ്ങിനായുള്ള സാധനങ്ങളുടെ ഒരു വലിയ നിര തന്നെ എനിക്ക് യാത്രികളുടെ കയ്യിൽ കാണാനായി. റെയിൻ കോട്ട്, ഓവർ കോട്ട് എന്നിങ്ങനെ ഒരു കൂട്ടം സാധനങ്ങൾ The North Face-ന്റേതായും കണ്ടു. ഇമ്മാതിരി സാധനങ്ങൾക്കെല്ലാം കൂടി ഇവർ ചുരുങ്ങിയത് ഒരു അര ലക്ഷം രൂപ മുടക്കിക്കാണും. എനിയ്ക്കതെല്ലം ഒരു അത്ഭുതമായാണ് തോന്നിയത്. കാരണം എന്നെ സംബന്ധിച്ചിടത്തോളം അവയെല്ലാം ഒഴിവാക്കാവുന്ന വെറും ആഡംബരവസ്തുക്കളായിരുന്നു. ഞാൻ യാത്രയിലുടനീളം കുത്തി നടക്കാൻ ഉപയോഗിച്ചത് കെ.എം.വി.എൻ.കാർ തന്ന നല്ല ചൂരലിന്റെ വളഞ്ഞ പിടിയുള്ള ഊന്നുവടിയായിരുന്നു. ഇന്നിപ്പോൾ അതെന്റെ വീട്ടിൽ എന്റെ കൈലാസയാത്രയുടെ പ്രതീകമായി വിരാജിക്കുകയാണ്. അതിനൊന്നും ഞാൻ ഒരു പൈസ പോലും ചെലവാക്കിയിട്ടില്ല. അത്രയൊക്കെയേ ഈ യാത്രയ്ക്ക് വേണ്ടൂ. പക്ഷേ നഗരത്തിലും മഹാനഗരത്തിലും ജീവിക്കുന്ന പരിഷ്ക്കാരിയായ ഇന്ത്യക്കാരന് അതെല്ലം ഒരു കുറച്ചിലായേ തോന്നൂ.

നഗരത്തിലും മഹാനഗരത്തിലും ഞാൻ ജീവിച്ചിട്ടുണ്ടെങ്കിലും എണ്ണ തേച്ച് കുളിക്കുകയും കഞ്ഞി കുടിച്ച് വിശപ്പകറ്റുകയും ചെയ്തതല്ലതെ ഒരു തരത്തിലുള്ള പരിഷ്കാരങ്ങളിലും ഞാൻ ജീവിതത്തിൽ ഒരിക്കലും ശ്രദ്ധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഈ യാത്ര ഞാൻ വെറുമൊരു പഴഞ്ചനായ ഗ്രാമീണനാണെന്നെന്നെ ബോദ്ധ്യപ്പെടുത്തി. പരിഷ്ക്കാരത്തിനും സൗകര്യത്തിനും പറ്റിയ കുറെ സാധനങ്ങൾ ഞാനീ യാത്രയിൽ കണ്ടു. അതിലൊന്നാണ് സോപ്പ് സ്റ്റ്റിപ്പ്. അടുക്കിവച്ച ചെറിയ ചെറിയ പേപ്പർ കഷ്ണങ്ങളാണിത്. ഈ പേപ്പർ കഷ്ണങ്ങളിൽ കൈ കഴുകാനുള്ള സോപ്പ് ഉണ്ട്. മെഴുകിൽ മുക്കിയെടുക്കുന്ന മെഴുകുപേപ്പർ പോലെ സോപ്പുവെള്ളത്തിൽ മുക്കി ഉണക്കിയെടുക്കുന്നതാകാം ഇവ. 5, 10 എന്ന ക്രമത്തിൽ അടുക്കി സ്റ്റാപ്പിൾ ചെയ്ത് ഒരു കവറിലിട്ട് വിപണനം ചെയ്യപ്പെടുന്ന ഇത് കടകളിൽ വാങ്ങാൻ കിട്ടും. ഇതുണ്ടെങ്കിൽ പിന്നെ സോപ്പ് കൊണ്ട് നടക്കുകയേ വേണ്ട. ആവശ്യമുള്ളപ്പോൾ ഒരു സ്റ്റ്റിപ്പ് കീറിയെടുത്ത് കയ്യിൽ വച്ച് വെള്ളമൊഴിച്ച് നല്ല പോലെ ഉരസിയാൽ കയ്യിൽ ആവശ്യത്തിന് സോപ്പ് പതയായി. കൈ കഴുകാൻ എന്തെളുപ്പം!!! ചന്ദനം, മുല്ല എന്നീ പല മണത്തിലും ഉള്ള സോപ്പ് സ്റ്റ്റിപ്പുകൾ വാങ്ങാൻ കിട്ടും.. ഇതൊക്കെ ഉണ്ടാക്കുന്നവർക്ക് വെബ്സൈറ്റ് വരെ ഉണ്ട്. (www.toileteries.net). ഇങ്ങനെ ഒരു കൂട്ടം സാധനങ്ങൾ ഞാൻ ആളുകളുടെ കയ്യിൽ കണ്ടു. എല്ലാം ഇപ്പോൾ ഓർമ്മയിൽ വരുന്നില്ലെന്നു മാത്രം.

ഗുൻജിയിലെ ഒരു ദിവസത്തെ താമസത്തിനുശേഷം അടുത്തദിവസം രാവിലെ ഞങ്ങൾ അടുത്ത ലക്ഷ്യമായ ബുധിയിലേക്ക് തിരിച്ചു. മടക്കയാത്രയാണ്. മുമ്പേ സഞ്ചരിച്ച വഴിയാണ്. അതുകൊണ്ട് ഓർമ്മിക്കത്തക്കതായ ഒന്നും മനസ്സിലില്ല. യാത്ര ചെയ്യവേ, ഒരിടത്ത് നടപ്പാതക്കടുത്തായി ഒരു ആപ്പിൾ മരത്തിൽ പച്ചയായ ആപ്പിളുകൾ തൂങ്ങിക്കിടക്കുന്നത് കണ്ടപ്പോൾ അതിലൊന്ന് അറുത്തെടുക്കാനായി കയ്യിലുള്ള ഊന്നു വടി പൊക്കിയത് ഞാനിപ്പോഴും ഓർക്കുന്നുണ്ട്. എവിടെ നിന്നാണാവോ ഒരു സ്ത്രീ അപ്പോൾ അവിടെ ചാടി വീണു. എന്നിട്ട് ഹിന്ദിയിൽ എന്നെ നോക്കി പറഞ്ഞ ചീത്തയ്ക്ക് ഒരളവില്ലായിരുന്നു. എനിക്കൊന്നും മനസ്സിലായില്ലെന്നതു മാത്രമാണ് അതിന്റെ നല്ല വശം. ഞാൻ ആപ്പിൾ അറുത്തെടുത്തിരുന്നെങ്കിൽ ഉള്ള അവസ്ഥയായിരുന്നു അന്നു മുഴുവൻ എന്റെ മനസ്സിലുണ്ടായിരുന്നത്. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഞങ്ങളുടെ ബാച്ചിനു മുഴുവൻ ഞാൻ ചീത്തപ്പേരുണ്ടാക്കി വച്ചേനെ. ഭാഗ്യം, കൈലാസനാഥന്റെ തുണ കാരണം അബദ്ധമൊന്നും പറ്റാതെ ഞാൻ രക്ഷപ്പെട്ടു.

ആ ഭാഗത്തൊക്കെ വഴിയുടെ ഇരുവശങ്ങളിലും ആളുകൾ താമസിക്കുന്നുണ്ട്. വഴിയിൽ ഹോട്ടലുകളുണ്ട്. മോടി റസ്റ്റോറന്റ് ആപ്കാ ഹാർദ്ദിക് അഭിനന്ദൻ കർത്താ ഹൈ... എന്നും മറ്റും അവയുടെ മുന്നിൽ എഴുതി വയ്ക്കുകയും ചെയ്തിട്ടുണ്ട്. മടങ്ങി വരുമ്പോൾ, വീണ്ടും ഞങ്ങൾ ചിയാലേഖിലെത്തി. പൂക്കളുടെ താഴ്വരയിൽ. നിരവധി പൂക്കൾ അപ്പോഴും അവിടെ കാമദേവനെ കാത്ത് വിടർന്നു നിൽപ്പുണ്ടായിരുന്നു. അകലെയായി നേരത്തെ കണ്ണിൽ പെടാത്ത ഒരു ക്ഷേത്രം മടക്കയാത്രയിൽ ദൃശ്യമായി. ചിയാലേഖിൽ ഹാൾട്ടൊന്നുമില്ലാത്തതിനാൽ അങ്ങോട്ടെത്തിനോക്കാൻ എനിയ്ക്കായില്ല. ചിയാലേഖിൽ നിന്ന് താഴേക്കിറങ്ങുമ്പോൾ മുന്നിൽ മൂടൽ മഞ്ഞല്ലാതെ ഒന്നും കാണുന്നില്ലായിരുന്നു. മുന്നിൽ മാത്രമല്ല. എങ്ങും അനന്തമായ മൂടൽ മഞ്ഞ് ആയിരുന്നു... എന്നാൽ കാതിൽ കാളിയുടെ ഗർജ്ജനം ഇരമ്പിക്കൊണ്ടിരുന്നു.

കയറ്റവും ഇറക്കവും കഴിഞ്ഞ് ബുധിയിലെത്തുമ്പോൾ 'ബുരാംശ്' പാനീയവുമായി കെ.എം.വി.എൻ.കാർ ഞങ്ങളെ കാത്തു നിൽപ്പുണ്ടായിരുന്നു. ആദ്യമായെത്തിയത് ഞങ്ങൾ കുറച്ചു പേർ ആയതിനാൽ അവർ പഴുത്ത കുറേ പ്ലം ഞങ്ങൾക്ക് തന്നു. നല്ല ആരോഗ്യകരമായ ചുറ്റുപാടിൽ വളർന്നതിനാൽ അവയ്ക്ക് നല്ല രുചി ഉണ്ടായിരുന്നു. നേരത്തെ ഉണരുന്ന കിളികൾക്കാണ് പുഴുക്കളെ കിട്ടുക എന്ന ഇംഗ്ലീഷ് പഴമൊഴി പ്ലം തിന്നുമ്പോൾ എന്റെ മനസ്സിലൂടെ കടന്നുപോയി. പിറ്റേ ദിവസം അവിടെ നിന്ന് പോരുമ്പോൾ അവയുടെ വിലയായി 60 രൂപ അവർ എന്നോട് ചോദിച്ചു വാങ്ങി. അത് തികച്ചും അപ്രതീക്ഷിതമായിരുന്നതിനാൽ കിളികൾ നേരത്തേ ഉണരുന്നത് ശരിയല്ലെന്ന് എനിയ്ക്ക് തോന്നിയെങ്കിലും ഞാൻ മടിയൊന്നും കൂടാതെ അവർക്ക് പണം കൊടുത്തു.

രാത്രിയിൽ ഐ.ടി.ബി.പി.യിൽ പോയി, കൈലാസത്തിലെ കല്ലുകൾ ചോദിച്ച മലയാളിക്ക് കുറച്ചു കല്ലുകൾ കൊടുത്ത് യാത്ര പറഞ്ഞു. മിനിറ്റിന് ഒരു രൂപയെന്ന സൗജന്യനിരക്കിൽ നാട്ടിലേക്ക് ഫോൺ ചെയ്യാൻ പ്രസ്തുത വ്യക്തി ഞങ്ങൾക്ക് സൗകര്യം ചെയ്തു തരികയും ചെയ്തു. ഞങ്ങളെല്ലാം ആ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തു. അല്ലെങ്കിൽ മിനിറ്റിന് 6രൂപയോ മറ്റോ ആണ് ഫോൺ ചാർജ്.

ആ രാത്രി ബുധിയിൽ തങ്ങിയ ഞങ്ങൾ പിന്നീട് അടുത്ത രാത്രി ഗാലയിലും അതിനടുത്ത രാത്രി ശിർഖയിലും താമസിച്ചു. ശിർഖയിൽ നിന്ന് വീണ്ടും നടത്തം തുടങ്ങിയ ഞങ്ങൾ പഴയ വഴിയേ അല്ല സഞ്ചരിച്ചത്. നേരത്തേ നാരായണാശ്രമത്തിൽ നിന്ന് ശിർഖയിലേക്ക് നടക്കുകയായിരുന്നെങ്കിൽ ഇപ്പോൾ ശിർഖയിൽ നിന്ന് മറ്റൊരിടത്തേക്കാണ് നടന്നത്. അവിടെ നിന്ന് ധാർച്ചുലയിലേക്ക് പതിവു പോലെ ജീപ്പിൽ യാത്ര ചെയ്യുകയും ചെയ്തു. ജീപ്പ് നിന്ന സ്ഥലത്ത് എത്തുന്നതിനു മുമ്പ് പോർട്ടറെ ഞാൻ പറഞ്ഞു വിട്ടു. 4000രൂപ കൊടുത്തിട്ടും അവന് തൃപ്തിയായിട്ടില്ലായിരുന്നു.

മലയോരത്തു കൂടെ നടക്കുമ്പോൾ കാളിയുടെ മറുകരയിൽ മനോഹരമായ നേപ്പാളീ ഗ്രാമങ്ങൾ കാണാം. ഹൃദ്യമാണീ കാഴ്ച. അത്തരം ഒരു കാഴ്ച ഞാനിവിടെ കൊടുക്കുന്നുണ്ട്. പല്ലവ് പാൽ ചൗധരിയാണ് അതിന്റെ ഫോട്ടോഗ്രാഫർ. നല്ല ഭാവനയുള്ള ഒരു ചെറുപ്പക്കരനാണയാൾ എന്ന് അയാളുടെ ഫോട്ടോകൾ കണ്ടപ്പോൾ എനിയ്ക്ക് തോന്നി.


ഒരു നേപ്പാളീ ഗ്രാമം (ഫോട്ടോയ്ക്ക് കടപ്പാട്: ശ്രീ പല്ലബ് പാൽ ചൗധരി, കൊൽക്കത്ത)

ധാർച്ചുലയിൽ ഞങ്ങൾ ഉച്ചയോടെയാണെത്തിയത്. ഊണ് കെ.എം.വി.എൻ ഗസ്റ്റ് ഹൗസിലായിരുന്നു. എത്തിയ പാടേ ഞാൻ ചെയ്തത് ഒരു ബാർബർ ഷാപ്പിൽ പോയി താടിയും മുടിയും മുറിക്കുക എന്നതായിരുന്നു. താടിയുള്ള എന്റെ ഒരു ഫോട്ടോ ഒരെണ്ണം എടുത്തു വയ്ക്കണം എന്നുണ്ടായിരുന്നെങ്കിലും കയ്യിൽ ക്യാമറയൊന്നും ഇല്ലാതിരുന്നതിനാൽ കാര്യം നടന്നില്ല. കുളിയും ഊണും കഴിഞ്ഞ് പുഴയ്ക്കക്കരെയുള്ള നേപ്പാൾ കാണാൻ ഞാൻ മറ്റുള്ളവരോടൊത്ത് പുറപ്പെട്ടു. അവിടെയുള്ള പ്രശസ്തമായ ഒരു ക്ഷേത്രമായിരുന്നു എല്ലാവരുടേയും ലക്ഷ്യം. പക്ഷേ നേപ്പാളിലേക്ക് കടക്കുന്നതിനു മുമ്പു തന്നെ ക്ഷേത്രദർശനമെന്ന ലക്ഷ്യം ആളുകൾ വേണ്ടെന്നു വച്ചിരുന്നു. അവിടെ പോയി തിരിച്ചെത്താൻ രാത്രിയ്ക്ക് മുമ്പ് പറ്റില്ല എന്ന വിവരം എങ്ങനെയോ എല്ലാവരും മനസ്സിലാക്കി എന്നതു തന്നെ അതിന്റെ കാരണം.

പാലം കടന്നു വേണം നേപ്പാളിലെത്താൻ. പാസ്പോർട്ടോ വിസയോ ഒന്നുമില്ലാതെ നേപ്പാൾ സന്ദർശിക്കാനുള്ള അവസരം. രാത്രി പത്തു മണിയ്ക്ക് മുമ്പ് തിരിച്ചെത്തണമെന്നത് മാത്രമാണ് ആകെയുള്ള നിബന്ധന. പാലത്തിനിപ്പുറം ഇന്ത്യൻ പട്ടാളക്കാർ (പോലീസുകാർ?) കാവലുണ്ട്. പാലത്തിനപ്പുറം എത്തിയപ്പോൾ കണ്ടത് നേപ്പാളീ പോലീസിനെയാണ്. അവരും പാലത്തിനു കാവലിരിക്കയാണ്. അതിൽ പെണ്ണുങ്ങളും ഉണ്ട്.

പാലത്തിനപ്പുറം, ദാർച്ചുലയിൽ (അങ്ങനെയാണ് നേപ്പാളിലെ ആ സ്ഥലത്തിന്റെ പേര്; ഇന്ത്യയിലേത് ധാർച്ചുല.) ചുറ്റി നടക്കുമ്പോൾ എവിടേയും ഹിന്ദിയിലെഴുതിയ എഴുത്തുകളേ കാണാനുണ്ടായിരുന്നുള്ളു. എന്താണ് അവർ നേപ്പാളീ ഭാഷയിൽ ഒന്നും എഴുതാത്തത് എന്ന് ഞാൻ അതിശയിച്ചു. ഒടുവിൽ ഞാൻ ഒരാളോട് കാര്യം തിരക്കി. അപ്പോഴല്ലേ അറിയുന്നത് നേപ്പാളിയുടെ ലിപി ഹിന്ദിയുടേതു തന്നെ എന്ന്. അവർ എഴുതി വച്ചിട്ടുള്ളതെല്ലാം നേപ്പാളിയിലാണ്. പക്ഷേ ഹിന്ദിയിൽ നിന്ന് ഒരു വ്യത്യാസവും ഇല്ലെന്നു മാത്രം.

ദാർച്ചുലയിൽ നിറയെ കടകളാണ്. എല്ല കടകളിലും ഞങ്ങൾ കയറി ഇറങ്ങി. പലരും പലതും വാങ്ങി. ഒന്നും വാങ്ങാതെ നാട്ടിൽ പോകുന്നത് മോശമല്ലേ എന്നു കരുതി, പല്ലവൻ ഒരു കുട വാങ്ങുമ്പോൾ, ഞാനും ഒന്ന് വാങ്ങി. വലിയൊരു കുട. ഭാര്യയ്ക്കും ഭർത്താവിനും ഒരുമിച്ചു യാത്ര ചെയ്യൻ ഈ ഒരു കുട മതി. 130 രൂപ ചോദിച്ചു എന്നാണോർമ്മ. 130 ഇന്ത്യൻ രൂപകൊടുത്തപ്പോൾ അവർക്ക് പെരുത്ത് സന്തോഷം. കാരണം ഇന്ത്യൻ കറൻസിയ്ക്ക് മൂല്യം കൂടുതലുണ്ടെന്നതു തന്നെ. ഞങ്ങൾക്കും സന്തോഷം. കാരണം ഇന്ത്യൻ രൂപ നേപ്പാളീ കറൻസിയിലേക്ക് മാറ്റേണ്ടി വന്നില്ലല്ലോ എന്നതു തന്നെ. പക്ഷെ ഈ ഇടപാടിലെ നഷ്ടം കഴിഞ്ഞ ആഴ്ച വീണ്ടും നേപ്പാളിൽ പോയപ്പോഴേ മനസ്സിലായുള്ളു.

കഴിഞ്ഞ ആഴ്ച ഞാൻ കാഠ്മാണ്ടുവിൽ പോയിരുന്നു. പക്ഷേ ആ യാത്ര പാസ്പോർട്ടോടു കൂടിയായിരുന്നു. കാഠ്മാണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളം വഴി നേപ്പാളിലെത്താൻ പാസ്പോർട്ട് നിർബ്ബന്ധം. ഇമിഗ്രേഷൻ ചട്ടങ്ങളും പാലിക്കേണ്ടതുണ്ട്. അവിടത്തെ ഒരു ചായപ്പീടികയിൽ നിന്ന് 40 രൂപയുടെ രണ്ടു ചായയും 80 രൂപയുടെ വടയും കഴിച്ച ശേഷം 120 രൂപ ആവശ്യപ്പെട്ട കടക്കാരന് ഞാൻ 100 രൂപയുടെ ഇന്ത്യൻ കറൻസി കൊടുത്തപ്പോൾ 40 നേപ്പാളി രൂപ അയാൾ എനിയ്ക്ക് തിരിച്ചു തന്നു. നോക്കണേ ദാർച്ചുലയിലെ സാമ്പത്തിക നഷ്ടം. കുട മാത്രമല്ല കുറച്ച് മധുരപലഹാരങ്ങളും ഞാൻ ഇതേ വിധത്തിൽ അവിടെ നിന്ന് വാങ്ങിയിരുന്നു. 160 നേപ്പാളീ രൂപയാണ് 100 ഇന്ത്യൻ രൂപയുടെ മൂല്യം. പറഞ്ഞിട്ടെന്താ, കാഠ്മാണ്ടുവിൽ ഇന്ത്യയിലെ 500 രൂപയ്ക്കും 1000 രൂപയ്ക്കും ഒരു മൂല്യവുമില്ല. ഒരു സ്ഥലത്തും അവ സ്വീകാര്യമല്ല. വലിയ വലിയ ഹോട്ടലുകളിൽ പോലും ഈ നോട്ടുകൾ എടുക്കില്ല എന്ന് വലിയ അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ട്. ഇന്ത്യയിലെ ഈ നോട്ടുകൾ മിക്കതും കള്ളനോട്ടുകളാണ് എന്ന അറിവാണ് നേപ്പാളികളെ ഇവ ഒഴിവാക്കാൻ പ്രേരിപ്പിക്കുന്നത്. എന്തായാലും ഹോട്ടലിലെ താമസവും ഭക്ഷണവും ADB-യുടെ വകയായിരുന്നതിനാൽ ഇന്ത്യൻ കറൻസിയുടെ ഈ പ്രശ്നങ്ങളൊന്നും ഞങ്ങൾക്കനുഭവപ്പെട്ടില്ല.

ദാർച്ചുലയിലെ നേപ്പാളീ ക്ഷേത്രം സന്ദർശിക്കാൻ കഴിയാത്തതിൽ എനിയ്ക്ക് പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ല. പക്ഷേ സാക്ഷാൽ പരമേശ്വരൻ അതിൽ ദുഖിതനായിരുന്നിരിക്കണം. ഞാനൊരു നേപ്പാളീ ക്ഷേത്രം ദർശിക്കണം എന്നു തന്നെ അദ്ദേഹം തീരുമാനിച്ചിരിക്കണം. അതല്ലായിരുന്നെങ്കിൽ അപ്രതീക്ഷിതമായി നേപ്പാൾ സന്ദർശിക്കാനുള്ള ഒരവസരം എനിയ്ക്കിപ്പോൾ വന്നു ചേരുകയില്ലായിരുന്നു. അതല്ലായിരുന്നെങ്കിൽ ബംഗ്ലാദേശിലെ ഡാക്കയിൽ നടക്കേണ്ട യോഗം നേപ്പാളിലേക്ക് മാറുകയില്ലായിരുന്നു. വെറും രണ്ടു ദിവസത്തെ തിരക്കേറിയ ഔദ്യോഗിക യാത്രക്കിടയിൽ കാഠ്മാണ്ഡുവിലെ പ്രശസ്തമായ പശുപതിനാഥക്ഷേത്രം ദർശിക്കാൻ എനിയ്ക്ക് സമയം കിട്ടിയതോർക്കുമ്പോൾ കൈലാസനാഥൻ മറ്റു തരത്തിൽ ചിന്തിച്ചിരിയ്ക്കും എന്ന് ചിന്തിയ്ക്കാൻ എനിയ്ക്ക് പറ്റുന്നില്ല. പശുപതിനാഥക്ഷേത്രം കണ്ടു പശുപതിനാഥസന്നിധിയിലുള്ള ബാഗ്മതി നദിയുടെ തീരത്ത് ശവശരീരങ്ങൾ കത്തിയമരുന്നത് നോക്കി തിരിച്ചു നടക്കുമ്പോൾ ഞാൻ ചിന്തിച്ചത് എന്റെ കഴിഞ്ഞ ഒരു വർഷത്തെ തീർത്ഥയാത്രകളാണ്. കൊല്ലൂരിലെ മൂകാംബികയിൽ നിന്ന് തുടങ്ങിയ ആ തീർത്ഥയാത്ര ഇനി ഒരു പക്ഷേ തീരുന്നത് ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമായ കംബോഡിയയിലെ ആങ്കോർവാട്ട് ക്ഷേത്രദർശനത്തോടെയായിരിക്കുമോ? സാക്ഷാൽ കൈലാസനാഥനും ശങ്കരാചാര്യർക്കും മാത്രം അറിയാം എന്റെ നാളെകൾ എവിടെയൊക്കെയാണെന്ന്! അല്ലെങ്കിൽ ഞാൻ കരുതിയതാണോ 50 വയസ്സിനു ശേഷമുള്ള നോയ്ഡയിലെ എന്റെ ഈ ഊഴം?

നാളെകളെക്കുറിച്ച് പക്ഷേ ഞാനിപ്പോൾ ഓർമ്മിക്കുന്നില്ല. ധാർച്ചുലയിലെ രാത്രിയെപ്പറ്റി ഓർമ്മിക്കത്തക്കതായി ഒന്നും കാണുന്നുമില്ല. യാത്രയുടെ ഓർമ്മയ്ക്കായി ധാർച്ചുലയിലെ ക്യാമ്പിൽ നിന്നും യാത്രക്കാർ ധാരാളം വാൾപോസ്റ്ററുകൾ വാങ്ങിയത് ഞാനോർക്കുന്നു.. പർവ്വതങ്ങളുടേയും പ്രകൃതിയുടേയും ചിത്രങ്ങൾ. അവിടെയും ഞാൻ പിശുക്കു കാണിച്ചു. ഒന്നും വാങ്ങിയില്ല. പിറ്റേ ദിവസം ഞങ്ങൾ മൈത്രിയിലെ ഐ.ടി.ബി.പി.ക്യാമ്പിൽ എത്തിയപ്പോൾ അവർ ഞങ്ങൾക്ക് തന്ന സ്മരണികകളിൽ ഈ വാൾപോസ്റ്ററുകളും ഉണ്ടായിരുന്നു. യാത്രക്കാർ വാൾപോസ്റ്ററുകൾക്ക് പണം ചെലവാക്കിയത് വെറുതെയായോ എന്തോ? കയ്യിലുള്ള ചിത്രങ്ങൾ തന്നെ വീണ്ടും കിട്ടുമ്പോൾ അവർക്കൊക്കെ എന്തു തോന്നിയോ ആവോ?

ധാർച്ചുലയിലെ രാത്രിവാസത്തിനുശേഷം അടുത്ത ദിവസം രാവിലെ ഞങ്ങൾ വീണ്ടും മടക്കയാത്ര തുടങ്ങി. ബസ്സിലാണ് യാത്ര. ഡ്രൈവർമാർ പഴയതു തന്നെ. ബസ്സിൽ കിട്ടിയ സ്ഥലത്ത് ഞാൻ ഒതുങ്ങി ഇരുന്നു. ദുർഗ്ഗമവും ദുർഘടവുമായ റോഡിലൂടെയുള്ള ബസ് യാത്ര ആലോചിച്ചപ്പോൾ വയറ്റിലൊരു കാളൽ. യാത്രക്കാരുടെ ആയുസ്സിനു ബലമുണ്ടെങ്കിൽ, തീർച്ച, ബസ്സിനൊരപകടവും സംഭവിക്കില്ല. മൈത്രിയിലെ ഐ.ടി.ബി.പി ക്യാമ്പ് കഴിഞ്ഞാലുള്ള യാത്ര പഴയ വഴി മാറിയാണ്. ഇങ്ങോട്ട് വന്ന വഴിയല്ല ഐ.ടി.ബി.പി ക്യാമ്പ് കഴിഞ്ഞാലുള്ള മടക്കയാത്ര. ജാഗേശ്വറിലെ ക്ഷേത്രസമുച്ചയങ്ങളും പാതാളഭുവനേശ്വരം എന്ന ഗുഹാക്ഷേത്രവും ആണ് ഇനിയുള്ള ആകർഷണങ്ങൾ. നാളെ സൂര്യനസ്തമിച്ചു കഴിയുമ്പോൾ ഈ യാത്ര ഡൽഹിയിൽ അവസാനിക്കും. അതോടെ കൈലാസയാത്രയ്ക്ക് പരിസമാപ്തി ആവുകയാണ്. ഓടിക്കൊണ്ടിരുന്ന ബസ്സിൽ അകലെയുള്ള ഗിരിനിരകൾ നോക്കി ഞാൻ നിർവ്വികാരനായി ഇരുന്നു.


* * * * * * * * * * * * * ** * * * * * ** * * * * * * തുടരും

2 അഭിപ്രായങ്ങൾ:

santhosh balakrishnan പറഞ്ഞു...

സത്യസന്ധമായ എഴുത്ത്.
അഭിനന്ദനങ്ങള്‍.
അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു

Typist | എഴുത്തുകാരി പറഞ്ഞു...

ഇന്നാണിവിടെ എത്തിപ്പെട്ടതു്. ഇഷ്ടപ്പെട്ടു. ലളിതമായ വിവരണം.