2012, ജനുവരി 26, വ്യാഴാഴ്‌ച

മനുഷ്യരായാൽ ഇങ്ങനെത്തന്നെ വേണം!!!!!!!!

ഹിന്ദി ഭാഷയിൽ ചിഡിയാ എന്ന വാക്കിന് പക്ഷി എന്നാണല്ലോ അർത്ഥം. അപ്പോൾ ചിഡിയാഘർ എന്ന വാക്കിന് പക്ഷിക്കൂട്, പക്ഷി സങ്കേതം എന്നൊക്കെ ആയിരിക്കും അർത്ഥം എന്നാണ് ഞാൻ കരുതിയത്. പക്ഷേ അതിന്റെ അർത്ഥം മൃഗശാല എന്നാണ്. മൃഗശാലയിൽ പക്ഷികളും മൃഗങ്ങളും മാത്രമല്ല പാമ്പ്, ആമ തുടങ്ങിയ ഉരഗജീവികളും ജലജന്യജീവികളും ഒക്കെ കാണും. എന്തിന്? ചിലപ്പോൾ മൃഗശാലയിലെ മരങ്ങളിൽ വരെ അവയുടെ പേരും ചരിതങ്ങളും എഴുതി വച്ചിരിക്കും. മരങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർ വായിച്ചോട്ടെ എന്നായിരിക്കും അധികൃതർ കരുതുന്നത്. ആകപ്പാടെ നോക്കിയാൽ മനുഷ്യനൊഴികെയുള്ള സകല ജീവജാലങ്ങൾക്കും മൃഗശാലയിൽ സ്ഥാനമുണ്ടെന്നു ചുരുക്കം. പക്ഷികളെ മാത്രമല്ലാതെ മനുഷ്യനൊഴികെയുള്ള സകല ജീവജാലങ്ങളെയും ഉൾക്കൊള്ളുന്നതു കൊണ്ടാകും മൃഗശാലയെ സൂചിപ്പിക്കാൻ ഹിന്ദിക്കാർ ചിഡിയാഘർ എന്ന വാക്ക് ഉപയോഗിച്ചത്. ഇതു തന്നെയാണ് മലയാളത്തിന്റേയും കാര്യം. നമ്മൾ മൃഗശാല എന്നാണ് പറയുന്നതെങ്കിലും അതിനകത്ത് മയിലും വേഴാമ്പലും നീർക്കുതിരയും മലമ്പാമ്പും ആമയും ഒക്കെ ഉണ്ട്. അപ്പോൾ നമ്മൾ മലയാളികൾ മൃഗം എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നതും മനുഷ്യനൊഴികെയുള്ള സകലമാന ജീവജാലങ്ങളെയും ആണ്.

പക്ഷേ, ഒന്ന് നമുക്കറിയാം; ശാസ്ത്രവും ശാസ്ത്രകാരന്മാരും മനുഷ്യരെ മൃഗങ്ങളിൽ നിന്നും വേറിട്ട് കാണുന്നില്ല. ഭാഷാപണ്ഡിതർക്കുള്ള അറിവും കഴിവുമൊന്നും ശാസ്ത്രകാരന്മാർക്കില്ലല്ലോ. ശാസ്ത്രകാരന്മാർക്ക് എന്തെങ്കിലും മനസ്സിലാക്കണമെങ്കിലും വിശ്വസിക്കണമെങ്കിലും നേരിട്ടു കാണുകയോ തെളിവു കിട്ടുകയോ ഒക്കെ വേണം. കിട്ടിയ തെളിവു വച്ചു നോക്കുമ്പോൾ അവർക്ക് മനുഷ്യർ മൃഗങ്ങളെപ്പോലെയാണ്. അവർ കാണുന്നത് മൃഗവും മനുഷ്യനും തീറ്റ തിന്നുന്നതും ഇണ ചേരുന്നതും ഉറങ്ങുന്നതുമാണ്. അതുകൊണ്ടാണല്ലോ പശുവിനേയും പൂച്ചയേയും മനുഷ്യനേയും അവർ സസ്തനിയായി കണ്ട് ഒരേ വർഗ്ഗത്തിൽ പെടുത്തിയത്! ദൈവത്തെ നേരിട്ടു കാണാത്തതുകൊണ്ടും ദൈവം ഉള്ളതിനു തെളിവു കിട്ടാത്തതുകൊണ്ടും ആണല്ലോ അവർ ദൈവത്തിൽ വിശ്വസിക്കാത്തത്. എന്നു വച്ച് എല്ലാ ശാസ്ത്രജ്ഞന്മാരും നിരീശ്വരവാദികളാണെന്നു പറയാനുള്ള വിവരമൊന്നും എനിക്കില്ല. അങ്ങനെ വരുമ്പോൾ ശാസ്ത്രജ്ഞന്മാരിലും രണ്ടു തരക്കാരുണ്ടെന്നു വരുന്നു. പക്ഷേ അതു സാരമില്ല, അഴിമതിക്കാരിൽ വരെ രണ്ടു തരമില്ലേ? ആണ്ടിമുത്തു രാജമാരെപ്പോലെ ശരിക്കും അഴിമതി ചെയ്യുന്നവരും ചിദംബരത്തെപ്പോലെ അഴിമതി ഉദ്ദേശിക്കാത്തവരും!

പക്ഷേ ഭാഷാപണ്ഡിതർ ശാസ്ത്രജ്ഞന്മാരെപ്പോലെയല്ല! അവർക്ക് ഭാവനയുണ്ട്. കല്പനയ്ക്കുള്ള ശേഷിയുണ്ട്. സ്വപ്നം കാണാനുള്ള കഴിവുണ്ട്. നേരിട്ടു കാണാതേയും തെളിവില്ലാതെയും കാര്യങ്ങളെ കാര്യങ്ങളായിക്കാണാനുള്ള കഴിവുണ്ട്. അതുകൊണ്ടൊക്കെയാണല്ലോ അവർ മനുഷ്യരെ ഈ പക്ഷി, മൃഗം എന്നൊക്കെയുള്ള കൂട്ടത്തിൽ പെടുത്താതിരുന്നത്. അല്ലായിരുന്നെങ്കിൽ അവർ മൃഗശാലക്ക് ജീവശാല എന്നോ മനുഷ്യ-ജന്തുഘർ എന്നോ പേരു നൽകിയേനെ.

എന്തായിരിക്കാം ഭാഷാപണ്ഡിതർ മനുഷ്യരെ ഈ പക്ഷിമൃഗാദികളിൽ നിന്ന് വേർതിരിച്ച് കാണാൻ കാരണം? ശാസ്ത്രജ്ഞന്മാർക്കില്ലാത്ത കഴിവുകൾ അവർക്കുണ്ടെന്നതു തന്നെ. മനുഷ്യന്റെ സവിശേഷമായ കഴിവുകൾ ശാസ്ത്രജ്ഞന്മാർക്കിപ്പോഴും തെളിയിക്കാനായിട്ടില്ല. അസൂയ, കുശുമ്പ്, ആർത്തി തുടങ്ങി മനുഷ്യനു മാത്രമായി അവകാശപ്പെടാവുന്ന കഴിവുകൾ തെളിയിക്കാൻ ശാസ്ത്രജ്ഞന്മാർക്കിപ്പോഴും കഴിഞ്ഞിട്ടില്ല. പക്ഷേ അസൂയ, കുശുമ്പ് എന്നിവ തങ്ങൾക്ക് അനുഭവവേദ്യമായതുകൊണ്ടാണല്ലോ ഭാഷാപണ്ഡിതർ ഈ മാതിരി വാക്കുകൾക്ക് ജന്മം നൽകിയത്. ഇതൊക്കെയാണ് വിശേഷബുദ്ധി എന്നറിയാവുന്ന ഭാഷാപണ്ഡിതൻ മനുഷ്യരെ എത്ര എളുപ്പത്തിലാണ് ഉരഗപക്ഷിമൃഗങ്ങളിൽ നിന്നും വേർതിരിച്ചത്. അതുകൊണ്ടല്ലേ മൃഗങ്ങൾക്ക് ബുദ്ധിയില്ലെന്നും മനുഷ്യന് വിശേഷബുദ്ധിയുണ്ടെന്നും നമ്മൾ പ്രഖ്യാപിച്ചു കളഞ്ഞത്. അസൂയ, കുശുമ്പ്, ആർത്തി, കുത്തിത്തിരിപ്പ്, ധനസമ്പാദനം, പരിസരമലിനീകരണം തുടങ്ങിയവ മനുഷ്യനു മാത്രമുള്ളതുകൊണ്ടാകാം മനുഷ്യനെ വിശേഷബുദ്ധിയുള്ളജീവിയായി പരിഗണിച്ചത് എന്ന് ഞാൻ ശരിക്കും മനസ്സിലാക്കുന്നു.

മനുഷ്യൻ വിശേഷബുദ്ധിയുള്ള ജീവിയാണെന്നു വച്ച് എല്ലാ മനുഷ്യർക്കും അസൂയ, കുശുമ്പ്, കുത്തിത്തിരിപ്പ് തുടങ്ങിയ സവിശേഷതകൾ ഉണ്ടെന്ന് അർഥമാക്കിക്കളയരുത്. അവിടേയും ശാസ്ത്രജ്ഞന്മാരിലും അഴിമതിക്കാരിലും ഉള്ളതുപോലെ രണ്ടു തരമുണ്ട്. ഇമ്മാതിരി സ്വഭാവമുള്ള എന്നെപ്പോലെയുള്ളവരാണ് ഒരു കൂട്ടർ. കഴിവുള്ളവരെ കുറിച്ച് അസൂയപ്പെട്ടും മറ്റുള്ളവരിൽ കുത്തിത്തിരിപ്പു നടത്തിയും കുശുമ്പ് കാട്ടിയും ഞങ്ങൾ അങ്ങനെ ജീവിക്കുന്നു. ഇനി വേറൊരു കൂട്ടരുണ്ട്. സുകുമാർ അഴീക്കോട്, ജി. മാധവൻ നായർ, എം. പി. വീരേന്ദ്രകുമാർ തുടങ്ങി സമൂഹത്തെ സ്വാധീനിക്കാൻ കഴിവുള്ള ബുദ്ധിജീവികളും ധിഷണാശാലികളും ദാർശനികരും ചിന്തകന്മാരുമായ മാതൃകാവ്യക്തിത്വങ്ങളാണ് അവർ. അവരുടേയൊക്കെ ബുദ്ധിപരമായ വ്യാപാരങ്ങൾ എന്റേതിൽ നിന്നും എത്രയോ ഉന്നതമാണ്. അതുകൊണ്ട് അവരെയൊക്കെ മഹത്‌വ്യക്തിയായി ഞാൻ പരിഗണിച്ചു.

പിന്നീടാണറിയുന്നത് സുകുമാർ അഴീക്കോട് ഒരു സ്ത്രീയെ പ്രേമിച്ചിരുന്നുവെന്നും അവരുടെ വീട്ടിൽ പോയി പെണ്ണു കണ്ടുവെന്നും കല്യാണം കഴിക്കാൻ വാക്കു കൊടുത്തുവെന്നും പിന്നീടതിൽ നിന്ന് മാറിയെന്നും പിന്നീട് അവിവാഹിതനായാണ് ജീവിച്ചതെന്നും മറ്റും. അപ്പോഴാണ് ഇതും മാതൃകാവ്യക്തികളുടെ വ്യാപാരങ്ങളിൽ പെടുമെന്ന് എനിയ്ക്ക് മനസ്സിലായത്. ശരിയാണ്, ഞാനിതൊന്നും എന്റെ ജീവിതത്തിൽ ചെയ്തിട്ടില്ല. ഏഴാം ക്ലാസു മുതൽ ജോലിസ്ഥലം വരെ എത്രയോ പെൺകുട്ടികളെ മനസ്സിൽ കൊണ്ടു നടന്നിട്ടുണ്ടെങ്കിലും 'ഞാൻ നിന്നെ പ്രേമിക്കുന്നു മാൻ‌കിടാവേ' എന്നു പെൺകുട്ടിയുടെ മുഖത്തു നോക്കി പറയാനുള്ള ധൈര്യം ഇല്ലാത്തതുകൊണ്ട് അത്തരം മോഹങ്ങളെല്ലാം മെയിൻറോഡിലെ വൺവേ ട്രാഫിക്ക് പോലെ ആയിത്തീരുകയായിരുന്നു. കൊടുത്ത വാക്ക് തിരിച്ചെടുക്കാനാകാത്തതുകൊണ്ട് ഒന്നിലധികം പെണ്ണുകാണലുകളും ജീവിതത്തിലുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ അവിവാഹിതനായി ജീവിച്ച് ജീവിതം രാഷ്ട്രത്തിനായി സമർപ്പിക്കാനും ആയിട്ടില്ല.

ഇനിയും പിന്നീടാണറിയുന്നത് സുകുമാർ അഴീക്കോടും വീരേന്ദ്രകുമാറും വലിയ കൂട്ടായിരുന്നുവെന്നും അവർ പിന്നീട് തെറ്റിയെന്നും പിന്നീട് സുഹൃത്തുക്കളാരൊക്കെയോ കൂടി അവരുടെ സൗഹൃദം വിളക്കിച്ചേർത്തൂ എന്നും മറ്റും. ഞാനാണെങ്കിൽ ആരോടും കൂട്ടു കൂടാനും പോയിട്ടില്ല അഥവാ തെറ്റിപ്പിരിഞ്ഞാൽ പിന്നെ വിളക്കിച്ചേർക്കാനും പോയിട്ടില്ല. അപ്പോൾ ഇമ്മാതിരി കൂട്ടം കൂടലുകളും പിന്നീടുള്ള തെറ്റിപ്പിരിയലുകളും മാതൃകാ വ്യക്തിത്വങ്ങളുടെ ഭാഗമാകാനേ തരമുള്ളു. മാത്രമോ സുകുമാർ അഴീക്കോട് മോഹൻ ലാലിനെതിരെ കേസു കൊടുത്തെന്നും പിന്നീട് അത് പിൻവലിച്ചെന്നും പത്രത്തിൽ കണ്ടു. ഇതൊക്കെയായപ്പോൾ മഹാത്മാക്കൾ എങ്ങനെയിരിക്കും എന്നൊരു ധാരണ എന്നിലുണ്ടായിക്കഴിഞ്ഞിരുന്നു.

പിന്നീടാണ് ജി. മാധവൻ നായർക്കെതിരെ ഗവണ്മെന്റ് നടപടിയെടുത്ത വാർത്ത പത്രത്തിൽ വന്നത്. കെ. ജി. ബാലകൃഷ്ണനെപ്പോലെയുള്ളവർക്കെതിരെ ഒരു നടപടിയും എടുക്കാത്ത ഗവണ്മെന്റ് മാധവൻ നായർക്കെതിരെ നടപടി എടുത്തത് തികച്ചു ഔചിത്യം തന്നെ. അതെന്തായാലും അപ്പോൾ അദ്ദേഹത്തിന്റെ രോഷം മുഴുവൻ രാധാകൃഷ്ണനോടായിരുന്നു. രാധാകൃഷ്ണന്റെ രഹസ്യ അജണ്ടയാണ് ഈ നടപടിയെന്നും രാധാകൃഷ്ണന് സാറ്റലൈറ്റും ട്രാൻസ്പോണ്ടറും തമ്മിലുള്ള വ്യത്യാസം പോലും അറിയില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു കളഞ്ഞു. ഇതേ മാധവൻ നായരാണ് രാധാകൃഷ്ണന് തന്റെ ചെങ്കോലും കിരീടവും കൈമാറിയത് എന്നതും നമുക്കറിയാം. അപ്പോൾ അദ്ദേഹത്തിനും ഉണ്ടായിരുന്നുവോ രഹസ്യ അജണ്ട? തന്റെ പിൻഗാമിക്ക് സാറ്റലൈറ്റും ട്രാൻസ്പോണ്ടറും അറിയില്ലെന്നും ഐ എസ് ആർ ഓ കുളം തോണ്ടാൻ അങ്ങനത്തെ ആളെ ഏൽപ്പിക്കുന്നത് ആണ് തന്റെ മഹത്വം നില നിർത്താൻ നല്ലത് എന്നും അദ്ദേഹം വിശ്വസിച്ചിരിക്കാം എന്ന് ഞാൻ കരുതിയാൽ അതെന്റെ കുശുമ്പും കുത്തിത്തിരിപ്പും ആയേ സമൂഹം കണക്കാക്കൂ എന്നെനിക്കറിയാം. പക്ഷേ പാവം രാധാകൃഷ്ണൻ, സമൂഹത്തിന്റെ മുന്നിൽ അദ്ദേഹത്തിന്റെ ഇമേജാണ് പോയത്. ടെക്‌നോളജി അറിയാത്ത ചെയർമാൻ. ചിന്തകന്മാരും ബുദ്ധിശാലികളും എങ്ങനെയിരിക്കും എന്ന് അങ്ങനെ മാധവൻ നായർ നമുക്കു കാട്ടിത്തന്നു. പത്മഭൂഷണും പത്മവിഭൂഷണും കിട്ടിയ, ഇന്ത്യക്ക് വേണ്ടി സ്വന്തമായി വിമാനം ഡിസൈൻ ചെയ്ത് ഭാരതരത്നം വരെ വാങ്ങാമായിരുന്ന മാധവൻ നായരെപ്പോലെ ഉള്ളവർ ഇങ്ങനെയൊക്കെ പറയുമ്പോൾ തീർച്ചയായും അവർ സമൂഹത്തിന് അനുകരണീയര് തന്നെ. വെറുതെയല്ല ഈ കാലത്തിനെ കലികാലം എന്നു പറയുന്നത്.

മനുഷ്യന്മാരായാൽ ഇങ്ങനെയൊക്കെത്തന്നെ വേണം. വിശേഷബുദ്ധി എന്നു പറഞ്ഞ് മനുഷ്യനെ പക്ഷിമൃഗാദികളിൽ നിന്ന് വേർതിരിച്ചവർക്ക് നമോവാകം.

അഭിപ്രായങ്ങളൊന്നുമില്ല: