ബസ്സിറങ്ങിയ ഞാൻ പുറകിൽ ബാഗും തൂക്കി മറ്റുള്ളവരുടെ കൂടെ, ഞങ്ങളെ കാത്തിരിക്കുന്ന ക്യാമ്പിലേക്ക് നടന്നു. ഈ ക്യാമ്പ് ഒരു ഒറ്റനില കെട്ടിടമാണ്. TRUS GHO Monastery Hotel എന്ന് അതിന്റെ മുന്നിൽ ഇംഗ്ലീഷിൽ എഴുതി വച്ചിട്ടുണ്ട്. അഞ്ചാറു മുറികളുണ്ടെന്ന് തോന്നുന്നു. കട്ടിലും ബെഡ്ഡുമൊക്കെ ഉണ്ട്. ഓരോന്നിലും അഞ്ചാറു പേർക്ക് സുഖമായി കിടന്നുറങ്ങാം. പുറത്ത് ഷെഡ്ഡുകൾ കെട്ടിയാണ് അടുക്കളയും മറ്റും ഉള്ളത്.
കിടക്കാമെന്നല്ലാതെ അതിനകത്ത് നിന്നു തിരിയാൻ സ്ഥലമില്ല. ഒരു തരം ഡോർമിറ്ററി. പൈപ്പും വെള്ളവും ഒന്നും ഇല്ല. എല്ലാത്തിനും ശരണം മാനസതടാകവും അതിലേക്കൊഴുകിയെത്തുന്ന വെള്ളച്ചാലുകളും തന്നെ. ഈ സ്ഥലത്തും കുളിമുറിയും കക്കൂസും ഒന്നും ഇല്ല. പക്ഷേ പുതിയ കെട്ടിടങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ട്. അതിനോടൊപ്പം ധാരാളം കക്കൂസുകളും ഉണ്ടാക്കുന്നുണ്ട്. ഇപ്പോൾ സപ്തംബർ മാസമായില്ലേ? അതിന്റെ ഒക്കെ പണി തീർന്നിട്ടുണ്ടാകും. ഇനി പോകുന്നവർക്ക് നമ്മൾ ശീലിച്ചതു പോലെ കക്കൂസിലോ മലയിടുക്കിലോ കാര്യങ്ങൾ സൗകര്യം പോലെ സാധിക്കാവുന്നതേയുള്ളു.
അവിടത്തെ വാതിലിൽ പതിച്ച ഒരു സ്റ്റിക്കറിൽ China India Pilgrim Service Centre of TAR (CIPSC) എന്നെഴുതിയിട്ടുണ്ട്. TAR എന്നാൽ Tibetan Autonomous Region. ഈ CIPSC ആണ് കൈലാസദർശനത്തിന് ടിബറ്റിൽ ചുക്കാൻ പിടിക്കുന്നത്. അവരുടെ ഓഫീസ് ഏതെന്നോ എവിടെയെന്നോ ഒരറിവും എനിക്ക് കിട്ടിയില്ല. ഞങ്ങളുടെ ക്യാമ്പിന്റെ തൊട്ടടുത്തു തന്നെ തടാകത്തിന്റെ തീരത്തായി നല്ലൊരു ബുദ്ധവിഹാരമുണ്ട്. TRUS GHO Monastery Democratic management Committee എന്ന് മൊണാസ്ട്രിയുടെ മുന്നിൽ ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ട്. ഞങ്ങൾ താമസിക്കുന്ന കെട്ടിടം ഈ മൊണാസ്ട്രിയുടെ വകയാണ് എന്നു തോന്നുന്നു.
ഊണെല്ലാം കഴിഞ്ഞ് ഞങ്ങൾ മാനസസരോവരം കാണാനിറങ്ങി. അടുത്തുള്ള മൊണാസ്ട്രിയിലും കൂട്ടത്തിൽ കയറി. മൊണാസ്റ്ററിയിൽ നെയ് നിറച്ച് കത്തിച്ചു വച്ചിട്ടുള്ള ഒറ്റത്തിരി വിളക്കുകൾ കാണാൻ നല്ല ഭംഗിയാണ്. ബുദ്ധന്റേയും മറ്റും ധാരാളം വിഗ്രഹങ്ങളും ചുമർചിത്രങ്ങളും അവിടെയുണ്ട്. സിലിണ്ടർ ആകൃതിയിലുള്ള ഒരുപാട് പ്രാർത്ഥനാ ചക്രങ്ങൾ അവിടെ ഉണ്ട്. ഞങ്ങളതെല്ലാം ഭയഭക്തിബഹുമാനങ്ങളോടെ കറക്കി വിട്ടു. ഭക്തന്മാരും സന്ദർശകരും ധാരാളം നോട്ടുകൾ അവിടെ സംഭാവന ഇട്ടിട്ടുണ്ട്. മാവോയുടെ (അതോ ചൗ എൻ ലായിയോ?) തലയുള്ള ധാരാളം യുവാൻ അവിടെ വിഗ്രഹങ്ങൾക്കടുത്ത് കണ്ടു. ഞാൻ ഒരു 20 യുവാൻ അവിടെ ഇട്ടു.
മാനസസരോവരത്തിന്റെ ഈ തീരത്ത് 3 രാത്രിയും നാലു പകലുകളും ചെലവഴിക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു. മാനസസരോവരത്തിന്റെ തീരത്തുള്ള ബലിതർപ്പണം തലമുറകൾക്ക് മോക്ഷം നൽകുമെന്ന ഒരു വിശ്വാസം നിലവിലുണ്ടെങ്കിലും ബലിതർപ്പണം ചെയ്യാനറിയാത്തതുകൊണ്ട് ഞാനത്തരം കാട്ടിക്കൂട്ടലുകൾക്കൊന്നും മിനക്കെട്ടില്ല. മോക്ഷപ്രാപ്തിക്കായി മുങ്ങിനിവരാനാഗ്രഹിച്ചുകൊണ്ട്, ഈ മാനസസരോവരത്തെ ഭാരതീയർ മനസ്സിൽ കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകളാണോ സഹസ്രാബ്ദങ്ങളാണോ മന്വന്തരങ്ങളാണോ കഴിഞ്ഞത് എന്നെനിക്കറിയില്ല. ഈ ജന്മത്തിലും പൂർവ്വജന്മങ്ങളിലും ചെയ്ത പാപങ്ങൾക്ക് പരിഹാരമത്രേ മാനസസരോവരത്തിലെ സ്നാനം. ആവോ, ആർക്കറിയാം ഈ വിശ്വാസത്തിന്റെ പുറകിലുള്ള യാഥാർത്ഥ്യങ്ങൾ? മാനസസരോവരത്തിൽ 3 ദിവസം കുളിച്ചെങ്കിലും ഏതെങ്കിലും തരത്തിലുള്ള ഒരു മാറ്റം എന്റെ ചിന്തയിലോ പ്രവർത്തിയിലോ അനുഭവങ്ങളിലോ ഉണ്ടായതായി ഞാൻ അറിയുന്നില്ല.
പരിശുദ്ധിയുടേയും പവിത്രതയുടേയും മൂർത്തരൂപമായിട്ടാണ് ഈ മാനസസരോവരം കണക്കാക്കപ്പെടുന്നത്. അത്രയും പരിശുദ്ധമാണ് മാനസസരോവരമെങ്കിൽ തീർച്ചയായും പാപങ്ങളകറ്റാൻ അതിനു കഴിഞ്ഞേക്കും. "ചാരിയാൽ ചാരിയത് നാറുക" എന്നൊരു ചൊല്ലില്ലേ? അതുപോലെ നല്ലതിനോടൊത്തുനിന്നാൽ ഏതും നല്ലതാവും, തീർച്ച. അപ്പോൾ പരിശുദ്ധിയുടേ മൂർത്തിമത്‌രൂപമായ മാനസസരോവരത്തിന് ആളുകളുടെ പാപങ്ങളകറ്റാൻ കഴിയും. പക്ഷേ മാനസസരോവരത്തിന് അതിനു മാത്രം പരിശുദ്ധി ഇപ്പോഴുണ്ടോ എന്നേ സംശയമുള്ളു. താഴെ കൊടുക്കുന്ന രണ്ടു ഫോട്ടോകൾ മാനസസരോവരത്തിന്റെ ഇന്നത്തെ അവസ്ഥ മനസ്സിലാക്കാൻ സഹായിക്കും.
തീർത്ഥാടകൻ സരോവരത്തിലെ മാലിന്യങ്ങൾ ശേഖരിക്കുന്നു (അവലംബം: ഇന്റർനെറ്റ്)
ശേഖരിച്ച മാലിന്യങ്ങൾ കരയിലേക്ക് കൊണ്ടുപോകുന്നു(അവലംബം: ഇന്റർനെറ്റ്)
ഈ രണ്ടു ഫോട്ടോകളും ഔദ്യോഗിക വെബ്സൈറ്റിൽ നിന്നെടുത്തതാണ്. കൈലാസയാത്രികർ തടാകം വൃത്തിയാക്കുന്നതാണ് ചിത്രത്തിൽ. അതെല്ലാം കാണുമ്പോൾ ഓക്കാനം വരുന്നുണ്ടെങ്കിൽ എന്നോട് ക്ഷമിക്കുക. ഫോട്ടോയിലുള്ളതുപോലെ തടാകതീരത്ത് പലയിടത്തും കുപ്പിച്ചില്ലുകളും പ്ലാസ്റ്റിക്ക് കവറുകളും മറ്റു വൃത്തികേടുകളും കാണപ്പെട്ടു. ഈ സ്ഥലമെല്ലാം വൃത്തികേടാക്കുന്നത് സന്ദർശകരാണ് എന്ന് ഒരിക്കൽ കൂടി പറയേണ്ടതില്ലല്ലോ. ഇത്തരം ചിത്രങ്ങൾ കൂടുതൽ കാണണമെന്നുണ്ടെങ്കിൽ ഈ ലിങ്കിൽ നോക്കിയാൽ മതി. http://www.kumaonaurkailash.com/Kailash_mansarovar_Yatra_2011/1st_batch_at_Mansarovar.html
യാത്രയെക്കുറിച്ചും മറ്റും അറിയാൻ ഇനി കാണുന്ന ലിങ്കും സഹായിക്കും.
http://kailashmansarovaryatra.net.in/index_HOME.html
ഈ വർഷം യാത്ര ചെയ്തവരുടെ പേരുകൾ വേണമെങ്കിൽ താഴെ കാണുന്ന ലിങ്കിൽ നോക്കിയാൽ മതി. http://www.kmyatra.org/batch1.htm
ഇതു പോലെ 16 പേജുകളുണ്ട്. അവയെല്ലാം നോക്കിയാൽ മാത്രമേ മുഴുവൻ യാത്രക്കാരുടേയും പേരുകൾ കിട്ടൂ.
അപ്പോൾ മാനസസരോവരത്തിലെ അഴുക്കിനെ കുറിച്ച് അല്ലേ പറഞ്ഞു വന്നത്? മാനസസരോവരത്തിനു ചുറ്റും മലകളാണ്. ആ മലകളിലൊന്നും ആൾപാർപ്പില്ല. മനുഷ്യന്റെ സാമീപ്യമുള്ളത് മാനസസരോവരത്തിന്റെ തീരത്തു മാത്രമാണ്. അതും കാലാവസ്ഥ നല്ലതായിരിക്കുന്ന ജൂൺ മുതൽ സപ്തംബർ വരെ. ആ മനുഷ്യരാകട്ടെ ഭക്തന്മാരുടേയും സന്ദർശകരുടേയും രൂപത്തിൽ അന്യനാടുകളിൽ നിന്നെത്തുന്നവർ ആണ്. അവർക്ക് അവരുടെ കാര്യത്തിൽ മാത്രമാണ് താത്പര്യം. അവർ ആ തടാകതീരത്ത് 2-3 ദിവസം താമസിക്കുന്നു. ഉറങ്ങിയെഴുന്നേറ്റാലുള്ള ഒന്നും രണ്ടും തുടങ്ങി ഉറങ്ങുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും അവർ സാധിക്കുന്നത് ഈ തീരത്താണ്. എന്നിട്ട് എല്ലാ തരത്തിലും ആ തീരം വൃത്തികേടാക്കിയിട്ടാണ് അവൻ അവിടെ നിന്ന് മടങ്ങുന്നത്. ഈ വൃത്തികേടുകളെല്ലാം ഒഴുകിയെത്തുന്നത് ഈ തടാകത്തിലാണ്. ആത്യന്തികമായി അവൻ വൃത്തികേടാക്കുന്നത് തടാകത്തിലെ ജലം തന്നെയാണ്. ഇനി പറയൂ, തടാകം വിശുദ്ധിയുടെ മൂർത്തരൂപമാണോ എന്ന്. ഇനി പറയൂ, തടാകത്തിലെ കുളി പാപപരിഹാരാർത്ഥമാണോ എന്ന്.
വൈരുദ്ധ്യങ്ങളുടേയും വിരോധാഭാസങ്ങളുടേയും കഥയേ മാനസസരോവരത്തിനു പറയാനുള്ളു. ഹിന്ദുക്കളും ബൗദ്ധന്മാരും അതിനെ പവിത്രമായി കാണുന്നു. അതിന്റെ പരിശുദ്ധി നഷ്ടപ്പെടുമെന്നും അത് മലിനമാകുമെന്നും കരുതി തദ്ദേശീയർ അതിൽ കുളിക്കുക പോലും ചെയ്യുന്നില്ല. അതവർ ചീത്ത പ്രവർത്തിയായി കാണുന്നു. തടാകത്തിൽ നിന്ന് വെള്ളമെടുത്ത് ദൂരെ കൊണ്ടുപോയാണ് അവർ കുളിക്കുന്നത്. കുളിച്ച വെള്ളം തടാകത്തിൽ വീഴാതെ അവർ ശ്രദ്ധിക്കുന്നു. പക്ഷേ ഹിന്ദുവാകട്ടെ, അതിൽ കുളിക്കുക മാത്രമല്ല ആർത്തവരക്തം വരെ കഴുകിക്കളയാൻ ഈ തടാകത്തെ ഉപയോഗിക്കുന്നു. (അതല്ലെങ്കിൽ 20 മുതൽ 50 വരെ വയസ്സുള്ള സ്ത്രീകൾ കൈലാസം കാണാൻ പോകുമ്പോൾ തടാകതീരത്ത് മറ്റെവിടേയാണ് ഇമ്മാതിരി കാര്യങ്ങൾ സാധിക്കുന്നത്? ഒരു മാസമാണ് കൈലാസയാത്രയുടെ കാലാവധി എന്ന്, ഇതു പറയുമ്പോൾ ആരും മറന്നു കൂടാത്തതാണ്.) അതിൽ കുളിക്കുന്നത് പാപമായി തിബത്തുകാരൻ കരുതുമ്പോൾ തന്നെ ഇന്ത്യക്കാരനെ അതിലേക്ക് കുളിക്കാൻ കൂട്ടിക്കൊണ്ടു പോകുന്നത് അതേ തിബത്തുകാരൻ തന്നെയാണ്. നോക്കണേ ഓരോ വിരോധാഭാസം.
ഞങ്ങൾ വളരെ ദൂരം തടാകത്തിന്റെ കരയിലൂടെ നടന്നു. അങ്ങിങ്ങ് മത്സ്യങ്ങൾ തലയില്ലാതെ ചത്തു പൊങ്ങിക്കിടക്കുന്നത് കണ്ടു. അത് നല്ലൊരു കാഴ്ചയായി എനിക്ക് തോന്നിയില്ല. പക്ഷേ യാത്രയെല്ലാം കഴിഞ്ഞ് ചൈനയിൽ നിന്ന് മടങ്ങാൻ നേരത്താണ് ഗൈഡിൽ നിന്ന് അത് നല്ലൊരു കാഴ്ചയായിരുന്നു എന്ന് മനസ്സിലായത്. അയാളെന്താണ് പറഞ്ഞത് എന്ന് ഞാനൊരു സഹയാത്രികനോട് ചോദിക്കുകയായിരുന്നു. ചത്തു കിടക്കുന്ന ഈ മത്സ്യങ്ങൾ ഒരു നല്ല ശകുനമത്രെ. ഈ മത്സ്യങ്ങളെ എടുത്ത് ഉണക്കി വീട്ടിൽ കൊണ്ടു വന്ന് ഉമ്മറത്തെ വാതിലിന്റെ മുകളിൽ ആരും കാണാതെ സൂക്ഷിച്ചു വയ്ക്കണമത്രെ. അങ്ങനെ ചെയ്താൽ ജീവിതത്തിൽ ശത്രുക്കളുണ്ടാകുകയില്ലത്രെ. ഇത് തിബത്തന്മാരുടെ വിശ്വാസം. ഇന്ത്യക്കാരാരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടോ ആവോ?
ഗൈഡിൽ നിന്ന് മറ്റൊരു കാര്യം കൂടി കേട്ടു. അതിതാണ്. ശൈത്യകാലത്ത് തടാകത്തിലെ വെള്ളം തണുത്തുറഞ്ഞ് കട്ടയാകുമത്രേ. ആളുകൾക്ക് അപ്പോൾ ആ മഞ്ഞുകട്ടകളുടെ മുകളിലൂടെ നടന്ന് മറുകരയിലെത്താമത്രേ. ഈ ശൈത്യകാലത്ത് തടാകത്തിന്റെ മദ്ധ്യഭാഗത്ത് വളരെ ഉയരത്തിൽ മഞ്ഞു കൊണ്ടുള്ള വലിയ ശിവലിംഗം രൂപപ്പെടുമത്രെ. അപ്പോൾ ആളുകൾ അതിന്നടുക്കൽ പൂജയ്ക്കും പ്രാർത്ഥനക്കുമായി എത്തുമത്രെ. (പറഞ്ഞു കേട്ടതാണേ!!!)
നല്ല കാലാവസ്ഥയായിരുന്നു. നല്ല വെയിലുണ്ട്. എന്നിട്ടും തടാകത്തിലെ വെള്ളത്തിന് നല്ല തണുപ്പ്. നല്ല വെള്ളം. ഞാൻ ഏതാണ്ട് ഒരു 50 അടി വെള്ളത്തിലൂടെ ഉള്ളിലേക്ക് നടന്നു കാണും. അതിനപ്പുറം പോയില്ല. അപ്പോൾ മുട്ടിനു മേലെ വെള്ളമുണ്ടായിരുന്നു. നന്നായി മുങ്ങാൻ പറ്റും. ഞാൻ മൂന്നു തവണ മുങ്ങി, നല്ലപോലെ തോർത്തി കരയ്ക്കു കയറി. മുഷിഞ്ഞ വസ്ത്രങ്ങൾ വീണ്ടും വാരിക്കേറ്റി പിന്നെ മുഖത്തും കയ്യിലും സൺ സ്ക്രീൻ ലോഷൻ പുരട്ടി; എന്നിട്ട് സമയം വൈകുന്നേരമാകുന്നതു വരെ ഞാൻ തടാകതീരത്തിരുന്നു. ദിവ്യമായ കല്ലുകൾക്ക് വേണ്ടി ഞാൻ ഇരുന്നിടത്തൊക്കെ തിരഞ്ഞെങ്കിലും പ്രത്യേകതയുള്ള കല്ലുകളൊന്നും എനിയ്ക്ക് കാണാൻ കഴിഞ്ഞില്ല. ചായക്ക് സമയമായപ്പോൾ ഞങ്ങൾ ക്യാമ്പിലേക്ക് മടങ്ങി.
സന്ധ്യക്ക് മാനസസരോവരം പൂജയുടെ രംഗവേദിയായിരുന്നു. കയ്യിലുള്ള പൂജാദ്രവ്യങ്ങളുമായി എല്ലാവരും തടാകതീരത്തുള്ള ഒരു പ്ലാറ്റ്ഫോമിൽ ഒത്തുകൂടി. പ്ലാറ്റ്ഫോമിന്റെ നടുവിൽ ഒരു ചെറിയ അഗ്നികുണ്ഡത്തിനുള്ള സൗകര്യമുണ്ട്. പൂജയും അർച്ചനയും അറിയുന്നവർ ആരെങ്കിലും ഞങ്ങളുടെ ഗ്രൂപ്പിൽ ഉള്ളതായി എനിയ്ക്ക് തോന്നിയില്ല. മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ രാജാവ് എന്നു പറഞ്ഞ പോലെ ആരൊക്കെയോ പൂജയ്ക്ക് ചുക്കാൻ പിടിച്ചു. അഗ്നികുണ്ഡത്തിൽ വിറക് വച്ചു. നെയ്യൊഴിച്ചു. തീപ്പെട്ടി ഉരച്ച് കത്തിച്ചു. തീ കത്താൻ തുടങ്ങി. എല്ലാവരും അതിനു ചുറ്റും ഇരുന്ന് ഹോമവും കീർത്തനവും ഒക്കെ ചെയ്തു കൊണ്ടിരുന്നു. പൂജ നടന്ന പ്ലാറ്റ്ഫോമിന്റെ ചുറ്റും താഴെ മണ്ണിൽ മനുഷ്യമലം കാണം. പ്ലാറ്റ്ഫോമിന്റെ മറവിൽ ആളുകൾ ചെയ്യുന്നതാണിത്. മഴ പെയ്യുമ്പോൾ തടാകം വൃത്തികേടാകാൻ ഇതു മതി. പൂജ നടന്ന അസ്തമനസമയത്ത് ആകാശം വർണ്ണമയമായിരുന്നു. മേഘങ്ങൾ പല നിറത്തിൽ കാണപ്പെട്ടു. പൂജയും ഹോമവും മറ്റും എന്നിൽ ഭക്തിയുടെ വികാരമൊന്നും ഉണ്ടാക്കിയില്ല. അതുകൊണ്ട് ഇടയ്ക്കെപ്പോഴോ ഞാൻ അവിടെ നിന്നെഴുന്നേറ്റ് മുറിയിലേക്ക് മടങ്ങി.
ഞങ്ങളുടെ ബസ്സ് തടാകതീരത്താണ് പാർക്ക് ചെയ്തിരുന്നത്. അതിലിരുന്നാൽ തടാകം നല്ലപോലെ കാണാം. രാത്രിയിൽ അത്താഴം കഴിഞ്ഞ ഉടനേ ഞാൻ ബസ്സിൽ കയറി നല്ലൊരു സീറ്റിൽ ഇരുന്നു. അപ്പോൾ ബസ്സിൽ അങ്ങിങ്ങായി ചില യാത്രക്കാർ ഇരിപ്പുണ്ട്. ഇരുട്ടായതിനാൽ എല്ലാവരേയും മനസ്സിലായില്ലെന്നു മാത്രം. നല്ല തണുപ്പുണ്ട്. കാറ്റും. പക്ഷേ, ബസ്സിന്റെ ജനൽ അടച്ചതിനാലും കമ്പിളി വസ്ത്രങ്ങൾ ധരിച്ചതിനാലും തണുപ്പ് വലുതായി അനുഭവപ്പെട്ടില്ല. ഞാൻ അകലെ ആകാശത്തേക്കും അടുത്തുള്ള തടാകത്തിലേക്കും നോക്കി ബസ്സിൽ ചുരുണ്ടു കൂടി ഇരുന്നു.
ആളുകൾ ബസ്സിൽ വന്നും പോയും ഇരുന്നു. മണിക്കൂറുകൾ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. സമയം രാത്രിയും അർദ്ധരാത്രിയും കഴിഞ്ഞ് ബ്രാഹ്മമുഹൂർത്തം വരെ ഉറക്കം തൂങ്ങിയും ഉറങ്ങിയും ഇടയ്ക്ക് ഞെട്ടിയുണർന്നും ഉണരുമ്പോൾ ആകാശത്തേക്കും തടാകത്തിലേക്കും നോക്കിയും ഞാൻ ബസ്സിൽ ഇരുന്നു. മേഘാവൃതമായ ആകാശമോ ശാന്തമായി കിടക്കുന്ന തടാകമോ എനിയ്ക്ക് ഭംഗിയായതോ ദിവ്യമായതോ ആയ ഒരു കാഴ്ചയും സമ്മാനിച്ചില്ല. ആകാശത്തിൽ ഒരു ഉൽക്ക പായുന്നതു പോലും എനിയ്ക്ക് കാണാനായില്ല. സമയം പുലർച്ചെ മൂന്നാലു മണിയായപ്പോൾ ഞാനെഴുന്നേറ്റ് മുറിയിൽ വന്നു കിടന്നുറങ്ങി.
ഉണരുമ്പോൾ സമയം പകലായിരുന്നു. മാനസസരോവരത്തിലെ സൂര്യോദയക്കാഴ്ച ഞാൻ നഷ്ടപ്പെടുത്തിയിരുന്നു. ബ്രഷും പേസ്റ്റുമെടുത്ത് ഞാൻ പുറത്തേക്കിറങ്ങി. ധൃതി വയ്ക്കാനൊന്നുമില്ല. ഇന്ന് പരിപാടികളൊന്നുമില്ല. നാളെയോ മറ്റെന്നാളോ മാത്രമേ ഇവിടുന്ന് പുറപ്പാടുള്ളു. ഞാൻ ബ്രഷും കയ്യിൽ വച്ച് അടുത്തുള്ള നീരുറവയിലേക്ക് നടന്നു. അവിടെ നിന്നാണ് മൊണാസ്ട്രിയിലെ ആളുകൾ പല്ലു തേക്കുന്നതും കുളിക്കുന്നതും മറ്റും. തണുത്ത ജലത്തിൽ വായും മുഖവും കഴുകി മുറിയിൽ തന്നെ തിരിച്ചെത്തി. ഭക്ഷണം കഴിച്ചു. നല്ല കാലാവസ്ഥയല്ല; ചെറുതായി മഴ പെയ്യുന്നുണ്ട്; നല്ല തണുപ്പും. അതുകൊണ്ട് ക്യാംമ്പിൽ തന്നെ ഇരുന്നു.
ഉച്ചക്ക് ഭക്ഷണം കഴിച്ച് വീണ്ടും തടാകതീരത്തെത്തി. നല്ല കല്ലുകൾ പെറുക്കുകയായിരുന്നു ഉദ്ദേശ്യം. കൂടെ പലരും ഉണ്ടായിരുന്നു. ഇവിടെ ക്ഷേത്രങ്ങളൊന്നുമില്ലാത്തതിനാൽ പ്രസാദമൊന്നും കൊണ്ടുവരാൻ പറ്റില്ലല്ലോ. തടാകതീരത്തെ കല്ലും തടാകത്തിലെ വെള്ളവുമാണ് പ്രസാദമായി കണക്കാക്കുന്നത്. ഇവയാണ് നാട്ടിലെത്തുമ്പോൾ അടുപ്പമുള്ളവരുമായി പങ്കു വയ്ക്കുന്നത്. ദൈവങ്ങളുടെ രൂപമുള്ള കല്ലുകൾക്കായി എല്ലാവരും കരയിലെ മണ്ണിൽ തപ്പുകയാണ്. എനിക്കൊന്നും കിട്ടിയില്ല. എന്നാലും ആകൃതിയിലോ മിനുസത്തിലോ തരക്കേടില്ലാത്ത കല്ലുകൾ ഞാൻ പോക്കറ്റിലിട്ടു കൊണ്ടിരുന്നു. കൂടെയുള്ള ഒരാൾക്ക് കിട്ടിയ ഒരു കല്ലിൽ ഓം എന്ന അക്ഷരം അവ്യക്തമായി കാണപ്പെട്ടു. അയാളത് പോക്കറ്റിലിട്ട് സ്വന്തമാക്കി. വൈകുന്നേരം വരെ തടാകതീരത്തു തന്നെ ആയിരുന്നു എല്ലാവരും. പലരും കുളിച്ചു. പക്ഷേ ഞാൻ കുളിച്ചില്ല. എന്തോ, അപ്പോൾ അങ്ങനെയാണ് തോന്നിയത്. ഇപ്പോൾ തോന്നുന്നു, അന്ന് കുളിക്കേണ്ടതായിരുന്നു എന്ന്.
ഞങ്ങളുടെ ഹോട്ടലിൽ നിന്നു നോക്കിയാൽ ദൂരെ മഞ്ഞുമലകൾ കാണാം. അതിന്റെ അടുത്തൊക്കെ ഒന്നു പോയാലോ എന്നൊരു തോന്നൽ അവിടത്തെ താമസത്തിനിടയ്ക്ക് ഞങ്ങൾക്കുണ്ടായി. 'അരുത്, അകലെ പട്ടാളക്കാരുണ്ട്' എന്നായിരുന്നു മലയിൽ പോകാമോ എന്ന് അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി. മുന്നിൽ കാണുന്ന വഴിയിലൂടെ നടക്കുകയല്ലാതെ പുതിയ മാർഗ്ഗം നോക്കി നടന്നാൽ നെഞ്ചിൽ ചീനപ്പട്ടാളത്തിന്റെ വെടിയായിരിക്കും ഫലം എന്ന് അപ്പോൾ എനിയ്ക്ക് മനസ്സിലായി.
സന്ധ്യയ്ക്ക് വീണ്ടും പൂജയും അർച്ചനയും മറ്റും ഉണ്ടായിരുന്നു. ഇന്ന് അതിന് ഹാജർ തികച്ചും കുറവായിരുന്നു. രാത്രി ഭക്ഷണം കഴിച്ച് കിടക്കുമ്പോൾ അറിഞ്ഞു അടുത്ത ദിവസവും ഇവിടെത്തന്നെയാണ് താമസമെന്ന്. തടാകതീരത്ത് ഒരു ദിവസം കൂടി താമസിക്കണമെന്ന ആഗ്രഹം അപ്പോൾ മനസ്സിൽ ഒട്ടുമില്ലായിരുന്നു. അതിനു തക്ക ഒരാകർഷണവും തടാകം എന്നിൽ ചെലുത്തിയില്ല. ഈ തടാകമായിരുന്നു ഇത്രയും കാലം മനസ്സിലുണ്ടായിരുന്നത് എന്ന ചിന്തയും അപ്പോൾ മനസ്സിൽ ഉണ്ടായില്ല. മുറിയിൽ കിടക്കുമ്പോൾ തടാകം കാണാൻ ഒരു സൗകര്യവുമില്ല. ജനലുണ്ടേങ്കിലും അത് തടാകത്തിന്റെ ഭാഗത്തല്ല. അകലെ ഉള്ള മലകളേ ജനലിലൂടെ കാണാനാകൂ. തടാകതീരത്ത് ദിവ്യമായ കാഴ്ചകളൊന്നും ഉണ്ടാകില്ലെന്ന വിശ്വാസം എന്നിൽ ഉടലെടുത്തിരുന്നതു കാരണം തടാകതീരത്ത് അന്തിയുറങ്ങുന്ന കാര്യമൊന്നും ചിന്തിക്കാതെ ഞാൻ കട്ടിലിൽ ചുരുണ്ടു കൂടി കിടന്നുറങ്ങി.
മാനസസരോവര തീരത്ത് മറ്റൊരു സൂര്യോദയം കൂടി. തടാകതീരത്തെ മൂന്നാമത്തെ പകലാണിത്. പ്രത്യേകിച്ചൊന്നും ചെയ്യാൻ തോന്നിയില്ല. തടാകത്തിന്റെ അരികിൽ പോയിരുന്ന് ഓം നമ: ശിവായ എന്ന് 100 തവണയോ 1000 തവണയോ അതുമല്ലെങ്കിൽ രാവിലെ മുതൽ രാത്രി വരെയോ ജപിക്കാമായിരുന്നു. പക്ഷേ അതൊന്നും അപ്പോൾ തോന്നിയില്ല. ഞാൻ ഒറ്റക്ക് തീരത്തു കൂടെ ആളുകൾ അധികം പോകാത്ത ഭാഗത്തേക്ക് നടന്നു. പോകുന്ന വഴിയിലാണ് ഒരു നീർച്ചാലുള്ളത്. അതിന്റെ വക്കത്തിരുന്ന് സഹയാത്രികരായ പെണ്ണുങ്ങൾ ഒന്നും രണ്ടും നിർവഹിക്കുന്നത് കാണാമായിരുന്നു. ഇതെല്ലാം ഒലിച്ചെത്തുന്നത് തടാകത്തിലാണ്. ആണുങ്ങൾ വളരെ ദൂരെ പോയിട്ടേ ഇതൊക്കെ ചെയ്യാറുള്ളു. എന്നു വച്ച് അപരിചിതമായ സ്ഥലത്ത് പെണ്ണുങ്ങൾ എത്ര ദൂരം പോകും? കഷ്ടം! പവിത്രമെന്നു കരുതുന്ന തടാകത്തിന്റെ ഒരു ദുരവസ്ഥ.
ഞാൻ ലക്ഷ്യമില്ലാതെ നടന്നു. നടക്കുമ്പോൾ നല്ല കല്ലുകളുണ്ടോ എന്ന് ഞാൻ ഇടക്കിടക്ക് മണ്ണിൽ നോക്കിക്കൊണ്ടിരുന്നു. പക്ഷേ എനിക്കൊന്നും കിട്ടിയില്ല. കുറേ നടന്നപ്പോൾ മണ്ണിൽ നൂറു കണക്കിന് ചെറിയ മാളങ്ങൾ കണ്ടു. ഞാൻ അതെല്ലാം നോക്കി നിന്നപ്പോൾ ആ മാളങ്ങളിലും അവയ്ക്കു പുറത്തും എലിയെപ്പോലെയോ ചെറിയ മുയലിനെപ്പോലെയോ ഉള്ള ജീവികൾ ഉള്ളതായി ഞാൻ കണ്ടു. എന്നെ കണ്ട അവ മാളങ്ങളിൽ ഒളിച്ചു. അവയ്ക്ക് മുയലിനെപ്പോലെയുള്ള വാലും കാലുകളുമാണ്. പക്ഷേ എലിയുടെ വലിപ്പമേ ഉള്ളു. നിറവും ഏതാണ് മുയലിനെപ്പോലെയാണ്. ഇത്തരം ധാരാളം മുയലെലികളെ ഞാനവിടെ കണ്ടു.
മണിക്കൂറുകളോളം വിജനമായ ആ പ്രദേശങ്ങളിൽ ചുറ്റിത്തിരിഞ്ഞ് ഞാൻ ഹോട്ടലിലേക്ക് തന്നെ വന്നു. അവിടെ പുതിയ ഹോട്ടലിന്റെ പണി നടക്കുന്നുണ്ട്. പണി ഏതാണ്ട് പൂർത്തിയാകാറായിരിക്കുന്നു. മേസണും കയ്യാളും ഒക്കെ അവിടെ പണിയിൽ ഏർപ്പെട്ടിരിക്കുന്നു. പവിത്രമായ കൈലാസവും വിശുദ്ധമായ തടാകവും എന്നൊക്കെ പറയാമെങ്കിലും അവർക്കൊന്നും ആ സാമീപ്യം ഒരു ഗുണവും ചെയ്തതായി എനിയ്ക്ക് തോന്നിയില്ല. വീട്ടിൽ അടുപ്പെരിയണമെങ്കിൽ അവർ ഈ പണിയെടുത്തേ തീരൂ.
ഉച്ച തിരിഞ്ഞ് തടാകത്തിൽ പോയി കുളിച്ചു. കുറേ നേരം കല്ലുകൾ പെറുക്കി പോക്കറ്റിലിട്ടു. വൈകുന്നേരം പൂജയിൽ പങ്കു കൊണ്ടു. അസ്തമനസമയത്ത് അന്തരീക്ഷത്തിൽ രണ്ട് വലിയ മഴവില്ലുകൾ പ്രത്യക്ഷപ്പെട്ടത് അതിവ ഹൃദ്യമായിരുന്നു. ആ സമയത്ത് സൂര്യപ്രകാശത്തിന് സ്വർണ്ണശോഭ ഉള്ളതുപോലെ തോന്നി. ആകാശത്തിലും ആ ഭംഗി അലയടിച്ചു. രാത്രിയിൽ സൂപ്പ്, അത്താഴം, ഉറക്കം എന്നിവ പതിവു പോലെ നടന്നു.
മുറിയിൽ കുടിക്കാനുള്ള വെള്ളം ഒരു വലിയ ഫ്ലാസ്കിലാക്കി കൊണ്ടു വന്നു വയ്ക്കാറുണ്ട്. ഹോട്ടലിലെ ഒരു ജീവനക്കാരനാണ് അത് ചെയ്യുന്നത്. ഇത്രയും വിനയവും സേവനസന്നദ്ധതയുമുള്ള ഒരാളെ ഞാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. അയാൾ ഒരു ലാമയാണെന്നു തോന്നുന്നു. വെള്ളം തീരുന്നുണ്ടോ എന്ന് അയാൾ നോക്കിക്കൊണ്ടേ ഇരിക്കും; അത് നിറച്ചു വയ്ക്കുന്നതിനായി. ഒരു ദിവസം ഞാനും കൃഷ്ണേട്ടനും തമ്മിലുള്ള ചെറിയൊരു തർക്കം ഒരു ഫ്ലാസ്ക്കിന്റെ നാശത്തിലാണ് കലാശിച്ചത്. കൃഷ്ണേട്ടന്റെ കയ്യിൽ നിന്നും ഫ്ലാസ്ക്ക് വാങ്ങുമ്പോൾ എന്റെ കയ്യിൽ നിന്ന് അത് വീഴുകയായിരുന്നു. ചെയ്തത് തെറ്റായെന്നറിയുന്ന ഞാൻ ഫ്ലാസ്ക്കിന്റെ വില കൊടുക്കാൻ തയ്യാറായി നിന്നു. എന്നാൽ ആ ലാമ "ഫ്ലാസ്ക്ക് കേടു വരുത്തി അല്ലേ?" എന്നോ മറ്റോ ചോദിച്ചതല്ലാതെ നഷ്ടപരിഹാരത്തിനൊന്നും മുതിർന്നില്ല. അയാൾ ചോദിച്ചത് തിബത്തൻ ഭാഷയിലായതിനാൽ ചോദ്യത്തിന്റെ അർത്ഥം ഞാനൂഹിക്കുകയായിരുന്നു.
* * * * * * * * * * * * * * * * * * * * * * * * * * * തുടരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ