2015, ജനുവരി 14, ബുധനാഴ്‌ച

ബുദ്ധന്റെ മണ്ണിൽ - ആറ്

തിലൗരക്കോട്ടേക്ക് നടക്കുമ്പോൾ ബുദ്ധനെക്കുറിച്ചുള്ള ചിന്തയായിരുന്നു എന്റെ മനസ്സിൽ. മുവ്വായിരത്തോളം കൊല്ലം മുമ്പത്തെ കാര്യങ്ങളാണ് ഈ ശ്രീബുദ്ധചരിതങ്ങൾ. ശ്രീബുദ്ധന്റെ ജീവിതകാലം ചരിത്രകാരന്മാർ ഒന്നിലധികം തവണ മാറ്റിപ്പറഞ്ഞതാണ്. ആദ്യം BC560 എന്നു പറഞ്ഞു; പിന്നീട് BC623 എന്നും പറഞ്ഞിട്ടുണ്ട്. യാഥാർത്ഥ്യം ആർക്കറിയാം? സോക്രട്ടീസിനും അലക്സാണ്ഡർക്കും മറ്റും എത്രയോ മുമ്പുള്ളതാണ് ഈ സംഭവങ്ങൾ. ഈ കേട്ടതും അറിഞ്ഞതും ഒക്കെ എത്രത്തോളം ശരിയാണോ ആവോ? ശ്രീബുദ്ധനു മുമ്പു തന്നെ ബുദ്ധന്മാരുണ്ടായിട്ടുണ്ടത്രെ! കനകമുനി ബുദ്ധൻ, ക്രകുചന്ദ്ര ബുദ്ധൻ, ഗൗതമബുദ്ധൻ, മൈത്രേയ ബുദ്ധൻ എന്നിങ്ങനെ ബുദ്ധന്‌ ഏഴോളം അവതാരങ്ങളുണ്ടത്രെ. ബുദ്ധന്റെ തന്നെ അനുയായികൾ വിശ്വസിക്കുന്നതാണിത്. ബുദ്ധന്റെ അനുയായികൾ തന്നെ ഇമ്മാതിരി നോൺസെൻസ് വിശ്വസിക്കുന്നതിനോടാണ്‌ എനിക്കെതിർപ്പ്. സാക്ഷാൽ സിദ്ധാർത്ഥഗൗതമബുദ്ധന്റെ ത്യാഗജീവിതത്തെ കുറച്ച് കാണിക്കാനേ ഇമ്മാതിരി വിശ്വാസം സഹായിക്കൂ. ഒരുപോലെയുള്ള കുറേ പേർ ഉണ്ടെങ്കിൽ അതിൽ ഒരാൾക്ക് മാത്രം എന്താണിത്ര പ്രത്യേകത? എനിയ്ക്കെന്തായാലും ഒരു ബുദ്ധനേയുള്ളൂ. അത് തഥാഗതനായ (ഇവിടെ വന്നു പോയ) സിദ്ധാർത്ഥഗൗതമബുദ്ധനാണ്‌. 3000 കൊല്ലത്തെ ചരിത്രത്തിൽ ബുദ്ധനോളം മഹാനായ ഒരാളും ഈ ഭൂമിൽ ജനനം ചെയ്തിട്ടില്ല. ബുദ്ധനെയല്ലാതെ ഏതു മതസ്ഥാപകനെയാണ്‌ ജനങ്ങളും ഭരണകൂടങ്ങളും താലപ്പൊലിയോടെ സ്വീകരിച്ചിട്ടുള്ളത്?

ബുദ്ധനെ വിഷ്ണുവിന്റെ അവതാരമായി കരുതുന്നവരുണ്ടത്രെ. എങ്ങനെ നോക്കിയാലും ഇത് ശരിയല്ല. ബുദ്ധൻ വിഷ്ണുവിന്റെ അവതാരമല്ല എന്നു മാത്രമല്ല ഹിന്ദുക്കൾ ബുദ്ധനെ ഹിന്ദുമതത്തിന്റെ ഘാതകനായിട്ടു വരെ പരിഗണിക്കുന്നുണ്ട്. ഒരു കണക്കിനത് ശരിയാണു താനും. ഉത്തർപ്രദേശിലെ സങ്കാസ്യ (സാങ്കിസ) എന്ന സ്ഥലം ബുദ്ധമതസ്ഥർക്ക് വളരെ പ്രാധാന്യമുള്ളതാണ്‌. പക്ഷേ അവിടെ പാവങ്ങളായ ബുദ്ധമതക്കാരോട് ഹിന്ദുക്കൾ ഏറ്റുമുട്ടലിലാണ്‌. ബുദ്ധൻ വിഷ്ണുവിന്റെ അവതാരമാണെങ്കിൽ ഹിന്ദുക്കൾ അങ്ങനെ ചെയ്യുമോ?

വിഷ്ണുവിന്റെ അവതാരത്തെകുറിച്ച് പറഞ്ഞപ്പോഴാണ്‌ ‘ദശാവതാരം’ മനസ്സിൽ കേറി വന്നത്. 9 അവതാരങ്ങളെടുത്ത മഹാവിഷ്ണു കലിയുഗത്തിൽ പത്താമത്തെ അവതാരമെടുക്കേണ്ടതാണ്‌. മനുഷ്യൻ മുച്ചൂടും നശിക്കുമ്പോളാണ്‌ ആ അവതാരം എന്നാണ്‌ കേട്ടിരുന്നത്. സ്വന്തം മകളെ ബലാത്സംഗം ചെയ്യുന്ന മനുഷ്യൻ ഇനിയെങ്ങോട്ട് നശിക്കാനാണ്‌? എന്നിട്ടും എന്തേ വിഷ്ണു ഇതൊന്നും കാണാതിരുന്നത്? അദ്ദേഹത്തിനും കാണുമല്ലോ ജീവനിൽ കൊതി? ദൈവമാണെങ്കിലും മനുഷ്യനായിട്ടു വേണ്ടേ ജീവിക്കാൻ? ഇമ്മാതിരി ആളുകളുടെ ഇടയിൽ വേണ്ടേ ജനിക്കാൻ? അങ്ങനെ നോക്കുമ്പോൾ, എല്ലാത്തരത്തിലും മലിനമായ ഈ ഭൂമിയിൽ അവതരിക്കുന്നത് കുറച്ചധികം ‘റിസ്ക്ക്’ ആണ്‌. എന്തിന്‌ വെറുതെ പൊല്ലാപ്പ് പിടിക്കണം? ഒരു പക്ഷേ അദ്ദേഹം പത്താമത്തെ അവതാരം വേണ്ടെന്നു വച്ചിട്ടുണ്ടാകും. മോഡിക്ക് ലുംബിനി യാത്ര റദ്ദാക്കാമെങ്കിൽ, യു. എന്നിന്‌ സിറിയൻ ചർച്ചകൾ കാൻസൽ ചെയ്യാമെങ്കിൽ, ബാൻ കി മൂണിന്‌ ഇറാനിയൻ യാത്ര വേണ്ടെന്നു വയ്ക്കാമെങ്കിൽ, എങ്കിൽ . . . . . . . . . . . പത്താമത്തെ അവതാരം വേണ്ടെന്നു വയ്ക്കുന്നതിന്‌ വിഷ്ണുവിനെ നമുക്ക് കുറ്റം പറയാൻ പറ്റില്ല. ഒന്നുമില്ലെങ്കിലും പത്താമത്തേതല്ലേ കാൻസൽ ചെയ്യുന്നത്? ഒന്നാമത്തേതും രണ്ടാമത്തേതും ഒന്നും അല്ലല്ലോ! ....................... ഇനിയിപ്പോൾ വിഷ്ണുവിന്‌ 9 അവതാരങ്ങളേ ഉള്ളൂ എന്ന് ഈ പുരാണങ്ങളായ പുരാണങ്ങളിലൊക്കെ തിരുത്തി എഴുതുന്നത് എളുപ്പമാണോ? ആര്‌ അതൊക്കെ എഡിറ്റ് ചെയ്യും? അതിനേക്കാൾ ബുദ്ധിമുട്ടാണ്‌ വിഷ്ണുവിന്‌ 9 അവതാരങ്ങളേ ഉള്ളൂ എന്ന് ആളുകളെ ബോദ്ധ്യപ്പെടുത്തുന്നത്! അതിനൊക്കെ, ഇനി ഒരു പക്ഷേ, വിഷ്ണുവൊന്ന് പുനരവതരിക്കേണ്ടി വരും.

സത്യത്തിൽ പുതുതായൊന്നും ബുദ്ധൻ കണ്ടുപിടിച്ചിട്ടില്ല; സ്ഥാപിച്ചിട്ടില്ല. മനുഷ്യജീവിതം ദു:ഖവും ബുദ്ധിമുട്ടും നിറഞ്ഞതാണെന്ന് ഏതൊരു മനുഷ്യനും സ്വയം അറിയാവുന്നതേയുള്ളു. മനുഷ്യന്റെ അത്യാർത്തിയാണ്‌ അതിനുള്ള കാരണം എന്നേ അദ്ദേഹം കണ്ടുപിടിച്ചുള്ളു. അതിനു പരിഹാരവും അദ്ദേഹം നിർദ്ദേശിച്ചു. 6 കൊല്ലം കൊണ്ട് സിദ്ധാർത്ഥന്‌ ഒരു ബുദ്ധനാകാൻ പറ്റിയെങ്കിൽ ശരാശരി 60 കൊല്ലം ജീവിക്കുന്ന ഓരോ മനുഷ്യനും എന്തെന്തെല്ലാം ആയിക്കൂടാ? പക്ഷേ കിട്ടിയതെന്തും വെട്ടിപ്പിടിച്ച് സ്വന്തമാക്കാനുള്ള ത്വരയിൽ മനുഷ്യൻ എന്താകാൻ? ഇന്നത്തെ മനുഷ്യന്റെ ജീവിതം എങ്ങാനും ശ്രീബുദ്ധൻ കാണാനിടവന്നിരുന്നെങ്കിൽ അദ്ദേഹം ഹൃദയം പൊട്ടി മരിച്ചേനേ!

ജനനസമയത്ത് കാട്ടിക്കൂട്ടിയത് എന്ത് അത്യത്ഭുതമായിരുന്നാലും അതിൽ പിന്നെ ഒരച്ഛനാകുന്നതു വരെ സിദ്ധാർത്ഥൻ ലൗകികസുഖങ്ങളിൽ മുഴുകുക തന്നെ ചെയ്തിരുന്നു. അതിന്റെ ഉത്തമമായ തെളിവണല്ലോ യശോധര എന്ന സുന്ദരിയായ ഭാര്യയും രാഹുലനെന്ന മകനും. മറ്റുവരെപ്പോലെ രോഗങ്ങളും വാർദ്ധക്യവും തന്നെയും ബാധിക്കുമെന്നും താനും മരിച്ചുപോകും എന്നുള്ള അറിവാണ്‌ സിദ്ധാർത്ഥനിൽ പ്രകടമായ ഒരു മാറ്റം ഉണ്ടാക്കിയത്. അവിടെയാണ്‌ സിദ്ധാർത്ഥൻ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തനാകുന്നത്. താനും ഒരു കാൻസർ രോഗിയാകുമെന്നോ താനും കുറച്ചു കഴിഞ്ഞാൽ മരിക്കുമെന്നോ അറിയുന്ന മനുഷ്യന്‌ അതൊരറിവേ ആകുന്നില്ല. ആ അറിവ്‌ സൗകര്യപൂർവ്വം മാറ്റിവച്ച് അവൻ ഭൗതികവസ്തുക്കൾ വാരിക്കൂട്ടുന്നു. അതൊന്നും കൂടെക്കൊണ്ടുപോകാനാവാതെ വെറും കയ്യോടെ മരിക്കാൻ. താൻ കൂട്ടിവച്ച സ്വത്തുക്കൾക്ക് പിന്നീടെന്തു സംഭവിക്കും എന്നുപോലും അറിയാൻ പിന്നെ അവനാകുകില്ല. ഒരുപക്ഷേ അവകാശികൾ ധൂർത്തടിക്കുകയോ നശിപ്പിക്കുകയോ ആയിരിക്കും ഒടുവിൽ ഉണ്ടാകുക. അതാലോചിച്ചപ്പോൾ ഒരു പാറ്റ(കൂറ)ച്ചിറകുമായി പോയ ഒരു നെയ്യുറുമ്പിനെയാണ്‌ ഓർമ്മയിൽ വരുന്നത്. ഒരു യാഹൂ മെയിലിൽ വായിച്ചതായിരുന്നു ഈ ഉറുമ്പുകഥ.

ഉറുമ്പിനേക്കാൾ പതിന്മടങ്ങ് വലിപ്പമുണ്ടായിരുന്നു ആ പാറ്റച്ചിറകിന്. പക്ഷേ ഭാരമില്ലാത്തതിനാൽ ഉറുമ്പ് അതും കടിച്ച് പിടിച്ച് മുന്നോട്ട് പോയി. നടന്നുപോകാനുള്ള ദൂരം അതിനൊരു പ്രശ്നമേ അല്ലായിരുന്നു. ഇടയ്ക്കെവിടെയോ വഴിയിൽ, മണ്ണിൽ ഒരു വിള്ളൽ ഉണ്ടായിരുന്നു. അപ്പോൾ മുന്നോട്ട് പോകാനാകാത്ത ഉറുമ്പ് ചിറക് അവിടെ ഇട്ട് അവിടമാകെ ഒന്നു ചുറ്റിക്കറങ്ങി. ഉറുമ്പിനുമുണ്ടല്ലോ അതിന്റേതായ ഒരു സാമാന്യബോധം! ഉറുമ്പ് പിന്നെ ചിറകെടുത്ത് വിള്ളലിന്‌ കുറുകേ ഇട്ട് ചിറകിന്റെ മുകളിലൂടേ അപ്പുറം കടന്നു. നോക്കണേ അതിന്റെ ഒരു ബുദ്ധി! വെറുതേയല്ല ജന്തുക്കളിൽ നിന്ന്‌ മനുഷ്യന്‌ പഠിക്കാൻ പലതുമുണ്ടെന്ന് പറയുന്നത്. പാലം കടന്ന സന്തോഷത്തോടെയായിരിക്കണം ഉറുമ്പ് വീണ്ടും ചിറകും കടിച്ച് പിടിച്ച് യാത്ര തുടർന്നു. ആ യാത്ര അധികം നീണ്ടു നിന്നില്ല. വൈകാതെ അത് അതിന്റെ മാളത്തിനടുത്തെത്തി. ഒരു സൂചിമുനയുടെ അത്രയേ ആ ഉറുമ്പിൻ ദ്വാരത്തിനുണ്ടായിരുന്നുള്ളു. ഉറുമ്പ് ചിറക് അവിടെ ഇട്ട് ദ്വാരത്തിനുള്ളിലേക്ക് പോയി. വീണ്ടും തിരിച്ചു വന്ന് ചിറകും കടിച്ചെടുത്ത് ദ്വാരത്തിനുള്ളിലേക്ക് പോകാൻ ശ്രമിച്ചു. പക്ഷേ ചിറകുണ്ടോ അതിനകത്തു കയറുന്നു. ഉറുമ്പ് വീണ്ടും ചിറക് അവിടെ ഇട്ട് ദ്വാരത്തിനുള്ളിലേക്ക് പോയി. അല്പം കഴിഞ്ഞ് വീണ്ടും തിരിച്ചു വന്ന ഉറുമ്പ് ചിറകുമായി ഉള്ളിലേക്ക് പോകാൻ വീണ്ടും ഒരു വൃഥാ ശ്രമം നടത്തി. ഇത് പല തവണ ആവർത്തിച്ചു. ഒടുവിൽ ചിറക് അകത്തേക്കെടുക്കാനാവില്ല എന്ന അറിവായിരിക്കണം അതവിടെ കളഞ്ഞ് അകത്തേക്ക് പോകാൻ ഉറുമ്പിനെ പ്രേരിപ്പിച്ചത്. അകത്തേക്ക് പോയ ഉറുമ്പ് പിന്നെ തിരിച്ചു വന്നതേ ഇല്ല. ഇതു തന്നെയല്ലേ മരണസമയത്ത് മനുഷ്യന്റേയും അവസ്ഥ.

താൻ മരിച്ചാൽ ശൂന്യമായ തന്റെ രണ്ടു കയ്യും എല്ലാവരും കാണത്തക്കവിധം ശവപ്പെട്ടിക്ക് പുറത്ത് വയ്ക്കണം എന്ന് മഹാനായ അലക്സാണ്ഡർ തന്റെ അനുചരരോട് പറഞ്ഞിരുന്നുവത്രേ. വിശ്വവിജേതാവും മരിച്ച് പോകുന്നത് വെറുംകയ്യോടെ ആണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താനായിരിക്കും അദ്ദേഹം അങ്ങനെ പറഞ്ഞിരിക്കുക.

ജന്തുക്കളിൽ നിന്ന് മാത്രമല്ല സസ്യങ്ങളിൽ നിന്നും വളരെ കാര്യങ്ങൾ മനുഷ്യനു പഠിക്കാനുണ്ട്. ഒരുപക്ഷേ, ബുദ്ധമതത്തിൽ ബുദ്ധനേക്കാൾ പ്രാധാന്യം മരങ്ങൾക്കായിരിക്കും. ബുദ്ധന്റെ ജനനം മുതൽ മരണം വരെയുള്ള എല്ലാ സംഭവങ്ങളും നടക്കുന്നത് മരച്ചുവട്ടിലാണ്‌. ഒരു പക്ഷേ രാജഗേഹം വിട്ട സിദ്ധാർത്ഥനെ ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ളത് മരങ്ങളായിരിക്കും.

കൊടുങ്കാറ്റടിക്കുമ്പോൾ ആടിയുലയാൻ പറ്റുന്ന മരങ്ങൾ ആ കാറ്റിനെ അതിജീവിക്കും. എന്നാൽ അനങ്ങാതെ നില്ക്കുന്ന മരങ്ങളെ ആ കാറ്റ് കട പുഴക്കി താഴേ വീഴ്ത്തും. “സാഹചര്യങ്ങൾക്ക് അനുസരിച്ച് നിന്നാലേ നിലനില്പ്പുള്ളൂ” എന്ന എത്ര വലിയ സന്ദേശമാണിത് മനുഷ്യന്‌ നല്കുന്നത്. ആ സന്ദേശത്തിന്റെ നല്ല വശം എടുക്കുന്നതിനു പകരം മനുഷ്യൻ ചെയ്യുന്നതെന്താ? വെറും അവസരവാദിയാകുക... ചുറ്റുമുള്ളവരെ മറന്ന് അങ്ങനെ അവസരവാദികൾ ആകുന്നവരെക്കുറിച്ച് എന്തു പറയാനാണ്‌? കഷ്ടം.

മരത്തെപ്പോലെയായ മനുഷ്യൻ മാത്രമേ ബോധവാനായിട്ടുള്ളു. മരത്തെപ്പോലെയാകുക എന്നാൽ ഒരു ഭാഗത്ത് അനങ്ങാതെ സ്ഥിരമായി ഏകാഗ്രതയോടെ  ഇരിക്കുക എന്നർത്ഥം. താപസന്മാരങ്ങനെയല്ലേ? അവർക്കല്ലേ ബോധോധയം ഉണ്ടായിട്ടുള്ളത്? എത്ര വർഷം തപം ചെയ്താണ്‌ പലരും ലക്ഷ്യം കണ്ടിട്ടുള്ളത്! തന്നെ ചിതൽപ്പുറ്റ് മൂടിയതുപോലും അറിയാതെ പോയ മഹർഷിയല്ലേ പിന്നീട് മഹാരാമായണം രചിച്ചത്? ഇന്നത്തെ മനുഷ്യനും ചെയ്യേണ്ടതതാണ്‌. സുഖസൗകര്യങ്ങൾക്ക് പിന്നാലെ പാഞ്ഞുപോകാതെ സ്വസ്ഥനാകുക. മനുഷ്യന്‌ ജീവിക്കാൻ എത്ര കുറച്ച് സാധനം മതി. പക്ഷേ എന്തൊക്കെയാണവൻ വാരിവലിച്ചുണ്ടാക്കുന്നത്? ഇതൊക്കെ പറയാനെളുപ്പമാണ്‌? പക്ഷേ, കൂടും കുടുംബവും അയൽപക്കവുമൊക്കെയാകുമ്പോൾ......

ബുദ്ധമതത്തിൽ മരങ്ങൾക്കുള്ള പ്രാധാന്യവും ദിവ്യത്വവും അവിശ്വസനീയമാം വണ്ണം  അതിശയകരമാണ്.  തന്റെ വലതു കൈ കൊണ്ട് ഒരു സാലവൃക്ഷത്തിന്റെ കൊമ്പിൽ ബലമായി പിടിച്ചു നിന്നുകൊണ്ടായിരുന്നുവല്ലോ മായാദേവി സിദ്ധാർത്ഥരാജകുമാരന് ജന്മം നൽകിയത്.   തന്റെ ജനനം ഒരു വൃക്ഷച്ചുവട്ടിൽ തന്നെ വേണമെന്ന് സിദ്ധാർത്ഥൻ ആഗ്രഹിച്ചിരിക്കണം. അതോ, അതൊരു തീരുമാനമായിരുന്നുവോ? സ്വന്തം ജനനം സ്വയം തീരുമാനിക്കത്തക്ക  ദൈവീകത അദ്ദേഹത്തിലുണ്ടായിരുന്നെങ്കിൽ അതൊരു തീരുമാനം തന്നെ ആയിരുന്നിരിക്കണം. ഉറക്കത്തിൽ മായാദേവിക്ക് സ്വപ്നത്തിലായിരുന്നുവല്ലോ സിദ്ധാർത്ഥന്റെ ഗർഭാധാനം. അപ്പോൾ എല്ലാം നേരത്തേ തീരുമാനിച്ചുറപ്പിച്ചതു തന്നെയായിരിക്കണം!

പിന്നീട് സിദ്ധാർത്ഥഗൗതമൻ തപസ്സു ചെയ്തതും ഒടുവിൽ നിർവ്വാണം പ്രാപിക്കുന്നതുമെല്ലാം വൃക്ഷച്ചുവടുകളിലാണ്. ബോധിവൃക്ഷച്ചുവട്ടിലായിരുന്നുവല്ലോ അദ്ദേഹത്തിന്റെ ജ്ഞാനോദയം അഥവാ ബോധോദയം. അന്നത്തെ ആ ബോധിവൃക്ഷത്തിന്റെ സ്വന്തം സന്തതിപരമ്പരയിൽ പെട്ടതാണ് ഇപ്പോൾ ഉത്തരപ്രദേശിലെ ശ്രാവസ്തിയിലും ശ്രീലങ്കയിലെ അനുരാധപുരത്തും ഉള്ളതെന്നാണ് പൊതുവായ വിശ്വാസം. ജ്ഞാനോദയത്തിനുശേഷം ശ്രീബുദ്ധൻ മഹാബോധി വൃക്ഷത്തെ നീണ്ട ഒരാഴ്ചക്കാലം കണ്ണിമ വെട്ടാതെ നിർന്നിമേഷനായി നന്ദിപൂർവ്വം നോക്കിനിന്നു എന്നാണ് ശ്രീബുദ്ധചരിതങ്ങൾ പ്രകീർത്തിക്കുന്നത്. അപ്പോൾ ബോധിവൃക്ഷത്തിന്റെ ബോധമായിരിക്കുമോ ഒടുവിൽ രാജകുമാരനെ ബുദ്ധനാക്കിയിട്ടുണ്ടാകുക? മരങ്ങളില്ലെങ്കിൽ മനുഷ്യനില്ല എന്ന വലിയ ആ അറിവ് കുറഞ്ഞു വരുന്നവരല്ലേ ഇന്നത്തെ മനുഷ്യർ? മരങ്ങളില്ലെങ്കിൽ മനുഷ്യനില്ലെങ്കിൽ മരങ്ങൾ തീർച്ചയായും ബോധികൾ തന്നെ. അതെല്ലാമോർക്കുമ്പോൾ ഞാൻ ചിന്തിക്കുന്നത് ഇന്നത്തെ ഏതെങ്കിലും ഒരു ആധുനിക മനുഷ്യന് ഏതെങ്കിലും ഒരു മരച്ചുവട്ടിൽ ഒരു നേരം കിടന്നുറങ്ങാനാകുമോ എന്നാണ്! മരത്തണലിലെ ഉറക്കം; ഹാ, എത്ര സുഖദായകമാണത്. മരത്തണലിലുറങ്ങിയവർക്കേ മരത്തണലിൽ ഉറങ്ങുന്നതിന്റെ സുഖം അറിയൂ.  മഴ പെയ്യിക്കുവാനും അസുഖങ്ങൾ ഭേദമാക്കാനും വൃക്ഷങ്ങൾക്ക് കഴിയുമെന്ന് വിശ്വസിക്കുന്നവരുണ്ട്. വൃക്ഷങ്ങൾക്ക് ജലസേചനം ചെയ്യുന്നത് പുണ്യകർമ്മമായി കരുതുന്നുണ്ടെങ്കിൽ ആർക്കും അവരെ കുറ്റപ്പെടുത്താനാകില്ല.

റോഡുകളുടെ ഇരുവശവും മരങ്ങൾ നട്ടുവളർത്തുകയാണെങ്കിൽ എത്ര നന്നായിരിക്കും! റോഡിനും യാത്രയ്ക്കും എത്ര ഭംഗിയായിരിക്കും. എന്നിട്ടെന്താ, നമുക്കു പറ്റുന്നുണ്ടോ?  വനങ്ങളിൽ യാത്ര ചെയ്യുന്നതും കാടുകളിൽ ഒരാഴ്ച താമസിക്കുന്നതും വനാന്തരങ്ങളിൽ ഇരുന്ന് ധ്യാനിക്കുന്നതും മനസ്സിനും ശരീരത്തിനും എത്ര പ്രയോജനപ്രദമാണെന്നോ?  "മരങ്ങൾ മനുഷ്യകഥാനുഗായികൾ" എന്നാണോ കവി പാടിയത്? എന്തോ എനിക്കോർമ്മയില്ല. അതിന്റെ അർത്ഥവും എനിക്കറിയില്ല.  മരങ്ങളുടെ നിഷ്പക്ഷത ശ്ലാഘനീയമാണ്. ബാലനെന്നോ വൃദ്ധനെന്നോ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ നോക്കാതെ അത് അതിന്റെ തണലും ഫലങ്ങളും മനുഷ്യനു നൽകുന്നു. എന്നിട്ടും എന്തേ മനുഷ്യൻ ഈ തത്വങ്ങളൊന്നും പഠിക്കാത്തത്?  സ്വാർത്ഥത മാത്രമെന്തേ മനുഷ്യന്റെ തലയിൽ കുടി കൊള്ളാൻ കാരണം? സ്വാർത്ഥതയും അത്യാഗ്രഹങ്ങളും വെടിഞ്ഞാൽ ഈ ലോകം ഹാ, എത്ര സുന്ദരം, മനോഹരം? അതാണ് ബുദ്ധഭഗവാൻ പഠിപ്പിച്ചതും. പക്ഷേ സഹസ്രാബ്ദങ്ങൾ കഴിഞ്ഞിട്ടും നമ്മൾ ഒന്നും പഠിച്ചില്ല. കഷ്ടം. മരങ്ങളെ വെട്ടിവീഴ്ത്തുന്ന മനുഷ്യൻ എത്ര അധമനാണ്! കഷ്ടം... മരങ്ങൾ മാത്രമോ? ഞങ്ങളുടെ ഏകമതമാണ് വലിയത് എന്ന് പറഞ്ഞ് കാപാലികർ ലോകസംസ്കാരികപൈതൃകത്തെ വെട്ടിനുറുക്കുന്നില്ലേ?

ജനിച്ച ഉടനെ കുഞ്ഞുസിദ്ധാർത്ഥൻ ചില മായാജാലങ്ങൾ കാട്ടുകയുണ്ടായി എന്നാണ് ചരിത്രം (അതോ വിശ്വാസമോ?)പറയുന്നത്. പത്തുമാസം മഹാമായയിൽ കഴിഞ്ഞുകൂടിയവൻ മായാജാലം കാട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. അതോ ജഠരാഗ്നി സഹിച്ചുള്ള 10 മാസത്തെ കാരാഗ്രഹവാസത്തിൽ നിന്നുള്ള മോചനത്തിന്റെ സന്തോഷമായിരുന്നോ ആ മായാജാലപ്രകടനം? അങ്ങനെയാകാൻ തരമില്ല. കാരണം നമ്മളും അതുപോലെ 10 മാസം അവിടെ കിടന്നതല്ലേ? കരഞ്ഞു കൊണ്ട് നമ്മൾ ജനിച്ചത് അവിടെത്തന്നെ കിടന്നാൽ മതിയായിരുന്നൂ എന്നതിനാലാകാനേ തരമുള്ളു. അതെന്തായാലും കുഞ്ഞുസിദ്ധാർത്ഥൻ കരഞ്ഞില്ല; പകരം പിറന്ന പാടേ 7 അടി നടന്നുവത്രെ. കാല്പാദം വച്ചിടത്തൊക്കെ ഓരോ താമരപ്പൂ വിടർന്നത്രെ. ഏഴാമത്തെ അടി വച്ചശേഷം ആകാശത്തിലേക്ക് കയ്യുയർത്തി എന്തോ പ്രഖ്യാപനങ്ങളും നടത്തിയത്രെ. ഇതെല്ലാം ശ്രീബുദ്ധന്റെ ജനനത്തിന്‌ നാടകീയത സൃഷ്ടിക്കാൻ ചരിത്രമെഴുതിയവർ എഴുതിച്ചേർത്തതായിരിക്കാം. പക്ഷേ പ്രഖ്യാപനങ്ങൾക്ക് ശേഷം എന്തുണ്ടായി എന്നെവിടേയും എഴുതിക്കണ്ടിട്ടില്ല. ഒരു പക്ഷേ, മറ്റു കുഞ്ഞുങ്ങളെപ്പോലെ നിലത്തു കിടന്ന് ങേ, ങേ എന്നു കരഞ്ഞിട്ടുണ്ടാകണം. അതെന്തായാലും ലുംബിനിയിലും പരിസരങ്ങളിലും സ്ഥാപിച്ചിട്ടുള്ള കുഞ്ഞുബുദ്ധന്റെ പ്രതിമകൾ മേലോട്ട് വിരലും ചൂണ്ടിനില്ക്കുന്നത് കാണാൻ നല്ല കൗതുകമാണ്‌.

നടന്നു നടന്ന് ഞങ്ങൾ എത്തിച്ചേർന്നത് "കപിലവസ്തു പാലസ് ടെമ്പിൾ" എന്നെഴുതിയ വലിയൊരു ബോർഡിനു മുന്നിലായിരുന്നു.  ആ ബോർഡിന്റെ ചിത്രമാണ് മുകളിൽ കാണിച്ചിട്ടുള്ളത്.
                                                                                         . . . . . . . . . . . . . . . . . . . . . . . . . . . തുടരും




2 അഭിപ്രായങ്ങൾ:

Bipin പറഞ്ഞു...

മഹാ വിഷ്ണു പത്താമത്തെ അവതാരത്തിനായി തയ്യാറെടുക്കുന്ന കാലത്ത് മനുഷ്യൻ ഭഗവാൻറെ ശക്തി അപഹരിച്ചെടുക്കുകയും സ്വയം പത്താമത്തെ അവതാരമായി അവതരിയ്ക്കുകയും ചെയ്തു. അതാണ്‌ കലി കാല മനുഷ്യൻ.

ബുദ്ധനെ ദളിതന്മാർ ഹൈജാക്ക് ചെയ്യുകയും ചെയ്തു.

കൊച്ചു ഗോവിന്ദൻ പറഞ്ഞു...

ഇതൊക്കെ പറയാനെളുപ്പമാണ്‌? പക്ഷേ, കൂടും കുടുംബവും ബ്ലോഗും അയൽപക്കവുമൊക്കെയാകുമ്പോൾ...
ചുരുക്കി പറഞ്ഞാ ഇതൊന്നും നമ്മക്ക് പറ്റിയ പണിയല്ല. ഇത് തന്നെ ഒരു ബോധോദയം അല്ലെ? :)