2015, ജനുവരി 16, വെള്ളിയാഴ്‌ച

ബുദ്ധന്റെ മണ്ണിൽ - ഏഴ്

"കപിലവസ്തു പാലസ് ടെമ്പിൾ" എന്ന ബോർഡ് കണ്ടപ്പോൾ ശുദ്ധോദനന്റെ കുടുംബക്ഷേത്രമാകും അതെന്നും ആ ക്ഷേത്രമോ അതിന്റെ അവശിഷ്ടങ്ങളോ അവിടെ കാണുമെന്നും ഞാൻ പ്രതീക്ഷിച്ചു. പക്ഷേ പൊക്കിക്കെട്ടിയ മതിലല്ലാതെ മറ്റൊന്നും എനിക്കാ ബോർഡിനപ്പുറം കാണാൻ കഴിഞ്ഞില്ല. എത്തിവലിഞ്ഞ് നോക്കിയപ്പോൾ പുല്ലു പിടിച്ചു കിടക്കുന്ന ഒരു പറമ്പ് മാത്രമാണ് അതെന്ന് എനിയ്ക്ക് മനസ്സിലായി. ഷീറ്റ് മേഞ്ഞ ഒരു താത്ക്കാലിക ഷെഡ് അവിടെ ഞാൻ കണ്ടു. ഇവിടെയായിരിക്കാം അദ്ദേഹത്തിന്റെ കൊട്ടാരം വക ക്ഷേത്രം നിന്നിരിക്കുക. ബോർഡിലെഴുതിയ അക്ഷരങ്ങളിൽ നിന്ന്, ഈ സ്ഥലം ഇപ്പോൾ മറ്റേതോ (തായ്‌ലന്റ്?) രാജ്യത്തിന്റെ മേൽനോട്ടത്തിലായിരിക്കുമെന്ന് തോന്നി. അവർ ഒരു പക്ഷേ അവിടെ ക്ഷേത്രം പണിയാനുദ്ദേശിക്കുന്നുണ്ടാകും. അവരായിരിക്കും ഈ ബോർഡിവിടെ സ്ഥാപിച്ചിരിക്കുക. ഞാനിവിടെ വന്നിട്ടുണ്ടെന്ന് സ്ഥാപിക്കാൻ പോയിടത്തെല്ലാം കാലുപൊക്കി മൂത്രമൊഴിക്കുന്ന നായയെപ്പോലെ, ഞാൻ ആ ബോർഡിന്റെ ഒരു ഫോട്ടോ എടുത്ത് മുന്നോട്ട് നടന്നു; കപിലവസ്തുവിലെ ശുദ്ധോദനമഹാരാജാവിന്റെ കൊട്ടാരമാണല്ലോ ഞങ്ങളുടെ ലക്ഷ്യസ്ഥാനം.

അധികം നടക്കേണ്ടി വന്നില്ല; മൂന്നും കൂടിയ ഒരു കവലയിൽ ഞങ്ങൾ നിന്നു. അവിടെ കൊട്ടാരം നിന്ന സ്ഥലത്തേക്കുള്ള ചൂണ്ടുപലകയും ആ പ്രദേശത്തിന്റെ രൂപരേഖ കാണിച്ച ബോർഡും ഞങ്ങൾക്ക് കാണായി. അടുത്തു തന്നെ ഒരു മ്യൂസിയവും.  ഞങ്ങൾ നേരേ മ്യൂസിയത്തിലേക്ക് നടന്നു. നേപ്പാൾ എന്ന ദരിദ്രരാജ്യത്തിന്റെ ദാരിദ്ര്യം വിളിച്ചോതുന്നതായിരുന്നൂ ആ മ്യൂസിയം. രണ്ടോ മൂന്നോ ജീവനക്കാരുള്ള, പൊളിഞ്ഞു വീഴാറയാ ഒരു സാധാ കെട്ടിടം. അതിന്റെ ചിത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. അങ്ങോട്ട് കയറുമ്പോൾ വെറും ദരിദ്രവാസികളേ ഇവിടെയൊക്കെ വരൂ എന്നെനിക്കു തോന്നി.

                                                                                    തിലൗരക്കോട് കപിലവസ്തു മ്യൂസിയം 
ഇന്ത്യക്കാർക്കും നേപ്പാളികൾക്കും അവിടെ പ്രവേശനം സൗജന്യമാണ് എന്നാണ് ഞാൻ മനസ്സിലാക്കിയിരുന്നത്. എന്നാലും അവിടെ നിന്ന ആൾ 100രൂപ എന്നു പറഞ്ഞ് രണ്ട് ടിക്കറ്റ് ഞങ്ങൾക്ക് നേരേ നീട്ടി. ഒന്നും ചോദിക്കാതെ ഞാൻ പണം കൊടുത്ത് ടിക്കറ്റു വാങ്ങി. 5രൂപ എന്ന് പ്രിന്റ് ചെയ്തത് 50രൂപ എന്ന് പെന്നുകൊണ്ട് തിരുത്തിയാണ് അയാൾ തന്നത് എന്ന് എനിയ്ക്ക് മനസ്സിലായി. ഞാനൊന്നും പറഞ്ഞില്ല.  ടിക്കറ്റ് ദാ, ഇങ്ങനെ ഇരിയ്ക്കും.
രണ്ടു മുറികളിലായി ക്രമീകരിച്ചിട്ടുള്ള ആ മ്യൂസിയം സന്ദർശിച്ചത് വിജ്ഞാനപ്രദമായി എനിയ്ക്കനുഭവപ്പെട്ടു. 2500 വർഷം മുമ്പുള്ള നാണയങ്ങളും, വിഷ്ണു, ഗണപതി എന്നിവരുടെ ഉടഞ്ഞ വിഗ്രഹങ്ങളും അക്കാലത്ത് ഉപയോഗിച്ചിരുന്ന മൺപാത്രങ്ങളും ആഭരണങ്ങളും മറ്റു പലതും അവിടെ കണ്ടു. ഒന്നും ഇപ്പോൾ പൂർണ്ണമായും ഓർമ്മയില്ല. എവിടേയും കാണാറുള്ളതു പോലെ ഉടഞ്ഞുപോയ ബുദ്ധവിഗ്രഹങ്ങൾ ഇവിടെ കണ്ടില്ല. എവിടെ കണ്ടാലും ഇവിടെ കാണരുതല്ലോ! അക്കാലത്ത് അവർ ആരാധിച്ചിരുന്നത് വിഷ്ണുവിനേയും ഗണപതിയേയും ഒക്കെത്തന്നെ ആയിരുന്നു. സന്ദർശകരായി ഞങ്ങൾ 2 പേരല്ലാതെ അവിടെ മറ്റാരും ഇല്ലായിരുന്നു. ഒരു സ്ത്രീ അതിനകത്ത് ഞങ്ങളെ നിരീക്ഷിച്ചു കൊണ്ട് നിന്നു. അത്രയേ ഉണ്ടായിരുന്നുള്ളൂ അവിടത്തെ സുരക്ഷാസംവിധാനങ്ങൾ.

മ്യൂസിയത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അതിന്റെ മുറ്റത്ത് കരിങ്കല്ലി(?)ലുള്ള കുറേ കെട്ടിടാവശിഷ്ടങ്ങൾ ഒരു ഷെഡിൽ കൂട്ടിവച്ചിരിക്കുന്നത് കണ്ടു. കപിലവസ്തുവിലെ  നാശാവശിഷ്ടങ്ങളിൽ ഖനനം ചെയ്തപ്പോൾ കിട്ടിയ കൊട്ടാരാവശിഷ്ടങ്ങളത്രെ അവ. അത് കൂട്ടി വച്ചിരിക്കുന്നത് കണ്ടപ്പോൾ അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രം നിർമ്മിക്കാൻ കൂട്ടിവച്ചിരിക്കുന്ന, പല വലിപ്പത്തിലും രൂപത്തിലുമുള്ള അസംഖ്യം ശിലകളാണ് എന്റെ മനസ്സിൽ കൂടെ കടന്നുപോയത്.  അയോദ്ധ്യയിലെ അതിബൃഹത്തായ രാമക്ഷേത്രത്തിന്റെ പ്ലാൻ എന്നേ തയ്യാറായി കഴിഞ്ഞിട്ടുണ്ട്. അതുണ്ടാക്കാനുള്ള മിക്കവാറും ശിലകളും മറ്റു സംവിധാനങ്ങളും തയ്യാറായി കഴിഞ്ഞിട്ടുണ്ട്. അവയാണ് ഭദ്രമായി അട്ടിയിട്ട് സൂക്ഷിച്ചിട്ടുള്ളത്. ഈ ശിലകളിലെല്ലാം ഭംഗിയുള്ള എന്തെല്ലാം കൊത്തുപണികളും മറ്റുമാണെന്നോ ഉള്ളത്? അതെല്ലാം കാണേണ്ടതു തന്നെയാണ് (എന്തൊക്കെയാ കാണുക?) ഇപ്പോഴും അവിടെ ശില്പികളുടെ വക പണിയും നടക്കുന്നുണ്ട്. ക്ഷേത്രം നിർമ്മിക്കാൻ അനുമതിയായാൽ ഒരുദിവസം മതി ക്ഷേത്രം ഉയരാൻ എന്നാണ് അവിടെ കണ്ട ഒരാൾ എന്നോട് പറഞ്ഞിരുന്നത്. വൃത്തി ഇല്ലെങ്കിലും ഭംഗിയുള്ള ധാരാളം പുരാതന കെട്ടിടങ്ങളുള്ള അതിപുരാതന നഗരമാണ് അയോദ്ധ്യ എന്ന് പറയേണ്ടതില്ലല്ലോ.  വെള്ളമുണ്ടെങ്കിൽ സരയൂ നദിയിൽ ഒരു കുളി പാസാക്കാനും അയോദ്ധ്യായാത്ര ഉപകരിക്കും.

മ്യൂസിയത്തിൽ നിന്ന് പുറത്തിറങ്ങിയ ഞങ്ങൾ കൊട്ടാരം നിന്ന സ്ഥലത്തേക്ക് നടന്നു. വികസനം തീണ്ടാത്ത വെറും നാട്ടിൻ പുറം. ദാരിദ്ര്യം വിളിച്ചോതുന്ന കൊച്ചു കുടിലുകൾ വഴിയിൽ അങ്ങിങ്ങു കണ്ടു. പണക്കാരുടെ ലക്ഷണമൊന്നും എങ്ങും കണ്ടില്ല.  നടക്കുമ്പോൾ, കുറച്ചകലെ വെള്ളം വറ്റിയ ഒരു പുഴ കണ്ടു. ശുദ്ധോദനന്റെ കൊട്ടാരം നിന്നത് ഭാഗീരഥി നദി (?)യുടെ കരയിലാണെന്ന് വായിച്ചത് ഞാനപ്പോൾ ഓർത്തു.  അതായിരിക്കാം ഈ നദി. 2500 വർഷങ്ങൾക്ക് ശേഷവും ഈ ചെറുപുഴ ഇവിടെ ഉണ്ടെന്നുള്ളത് അത്ഭുതം തന്നെ. ഒരു പക്ഷേ, സിദ്ധാർത്ഥൻ ഈ പുഴയിൽ നീന്തിക്കളിച്ചു കാണും.  ജീവനുണ്ടെങ്കിൽ എന്തെന്തു കഥകൾ പറയുമായിരുന്നൂ ഈ പുഴ എന്ന്  എനിയ്ക്ക് തോന്നി. അന്നത്തെ മണൽത്തരികൾ ഇന്നീ പുഴയിൽ കാണുമോ?  ലോകഗതി മാറ്റി മറിച്ച ഒരു മനുഷ്യൻ ഇവിടെയാണല്ലോ ജനിച്ച് വളർന്നത് എന്ന് ഞാനപ്പോൾ ഒന്നുകൂടി ഓർത്തു. കുറച്ചു നടന്നപ്പോൾ ലോകത്തെ മറ്റിമറിച്ച  ശാക്യരാജകുമാരന്റെ ചരിത്രമുറങ്ങുന്ന കൊട്ടാരാവശിഷ്ടങ്ങൾക്ക് മുന്നിൽ ഞങ്ങൾ എത്തി.
 
കൊട്ടാരം നിന്നു  എന്നു പറയുന്ന സ്ഥലത്ത് ഇഷ്ടികകൾ കൊണ്ടുള്ള കെട്ടിടങ്ങളുടെ അടിസ്ഥാനശിലകളല്ലാതെ മറ്റൊന്നും അവിടെ കാണാനില്ലായിരുന്നു.  പൂർവ്വേഷ്യക്കാരായ ധാരാളം ബുദ്ധമതാനുയായികൾ അവിടെ സന്ദർശകരായി  കാണപ്പെട്ടു. ഗൈഡുകൾ അവർക്ക് കാര്യങ്ങളെല്ലാം വിശദമായി വിവരിച്ചു കൊടുക്കുന്നുണ്ടായിരുന്നു. ഗൈഡുകളുടെ സഹായമില്ലാതെ, കാടു പിടിച്ചു കിടക്കുന്ന ആ പറമ്പു മുഴുവൻ ഞങ്ങൾ നടന്നു കണ്ടു. ആ വിശാലമായ സ്ഥലം കാടും പടലും പിടിച്ചു കിടക്കുന്ന ഒരു കാട്ടുപ്രദേശമായേ ആർക്കും തോന്നൂ. സൂക്ഷിച്ചു നോക്കിയാൽ മണ്ണിനോട് ചേർന്ന് കൊട്ടാരത്തിന്റേതെന്നു കരുതുന്ന അടിസ്ഥാനശിലകൾ കാണാം. അത്ര മാത്രം.  പറമ്പിനു ചുറ്റും വീതി കൂടിയ കോട്ടമതിലിന്റെ അവശിഷ്ടങ്ങൾ കാണാം. ഞങ്ങൾ അതിന്റെ മുകളിലൂടെ നടന്നു. പടിഞ്ഞാറേ ഗെയ്റ്റ്, കിഴക്കേ ഗെയ്റ്റ് എന്നൊക്കെ എല്ലാ സ്ഥലങ്ങളും വിശദവിവരങ്ങളോടെ എഴുതി വച്ചിട്ടുണ്ട്. സിദ്ധാർത്ഥൻ രാത്രിയിൽ കുതിരപ്പുറത്തു കയറി കൊട്ടാരം വിട്ടത് കിഴക്കേ ഗെയ്റ്റിലൂടെയത്രെ. അകലേക്ക് നോക്കിയപ്പോൾ ദൂരെ ഒരു മല കണ്ടു. അടുത്ത് എങ്ങും വയലുകളാണ്. പറമ്പിൽ ബുദ്ധഭിക്ഷുക്കൾ പൂജയോ മറ്റോ നടത്തുന്നുണ്ട്. ഏതോ ഒരു സ്ഥലത്ത് ഒരു ചെറിയ അമ്പലം പോലെ കണ്ടു. പറമ്പിൽ വലിയ വലിയ മരങ്ങൾ കണ്ടു.  പക്ഷേ ടൂറിസ്റ്റുകൾക്ക് കാണാനുള്ളതൊന്നും അവിടെയില്ല. അല്ലെങ്കിലും ഞാനൊരു ടൂറിസ്റ്റായിട്ടല്ലല്ലോ ഇവിടെ എത്തിയിരിക്കുന്നത് എന്ന് ഞാനപ്പോൾ ഓർത്തു. ഭാവിയിൽ ഒരു പക്ഷേ ഏതെങ്കിലും ബുദ്ധമതദേശക്കാർ ഇവിടം മനോഹരമായി വികസിപ്പിക്കുമെന്നും ശ്രീബുദ്ധനും ശുദ്ധോദനനും ഉചിതമായ സ്മാരകമായി ഈസ്ഥലം മാറുമെന്നും ഞാൻ ഊഹിച്ചു.

പറമ്പിൽ പായൽ പിടിച്ച് നശിച്ചു കിടക്കുന്ന വലിയൊരു കുളമുണ്ട്. ഇതായിരുന്നിരിക്കാം രാജകുടുംബക്കാർ ഉപയോഗിച്ചിരുന്ന കുളം. ആർക്കറിയാം ഇവിടെ എന്തെന്തെല്ലാം നടന്നിരിക്കുമെന്ന്? കുളം മാത്രമല്ല രാജധാനിയും അന്തപുരങ്ങളും എല്ലാം ഒരു കാലത്ത് ഇവിടെ ഉണ്ടായിരുന്നിരിക്കണം. സിദ്ധാർത്ഥൻ ഇവിടെ പിച്ച വച്ചു നടന്നിരിക്കണം. സിദ്ധാർത്ഥൻ മാത്രമല്ല, രാഹുലനും ഇവിടെ പിച്ച വച്ചിരിക്കില്ലേ? യശോധരയുടെ തോരാത്ത കണ്ണീർ വീണ് ഈ മണ്ണ് മുഴുവൻ നനഞ്ഞിരിക്കില്ലേ? അവരുടെ സ്വപ്നങ്ങൾ വീണുടഞ്ഞത് ഈ മണ്ണിലായിരുന്നില്ലേ?   ശുദ്ധോദനനും മായാദേവിയും അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെയായിരിക്കുമെന്ന് ഞാൻ ചിന്തിച്ചു. 

ശാക്യരാജധാനിയുടെ ഇന്നത്തെ അവസ്ഥ അറിയാൻ താഴെ കൊടുത്ത രണ്ടു ചിത്രങ്ങൾ മാത്രം മതിയാകും. കെട്ടിടങ്ങളുടെ അസ്ഥിവാരങ്ങളാണ് ചിത്രത്തിൽ കാണുന്നത്.  വേലി കെട്ടി തിരിച്ചിരിക്കുന്ന ഒരു വശത്തെ അതിർത്തിയും ചിത്രത്തിൽ കാണാം.  ഇതിലധികം ഒന്നും ഒരു സാധാരണ സന്ദർശകന് അവിടെ കാണാൻ കഴിയില്ല.  എന്നാൽ അവിടെ നിന്നുകൊണ്ട് ചരിത്രത്തിലേക്ക് നോക്കാൻ കഴിയുന്നവർക്ക് എല്ലാം കാണാനും കഴിയും.


സിദ്ധാർത്ഥന് സുഖലോലുപതയോടെ ജീവിക്കാൻ ശുദ്ധോദനൻ പണിത രമ്യഹർമ്യങ്ങളെല്ലാം ഇവിടെയായിരിക്കും മണ്ണടിഞ്ഞിട്ടുണ്ടാകുക. സിദ്ധാർത്ഥന്റെ യൗവ്വനം കാമസുരഭിലമാക്കാൻ ശുദ്ധോദനൻ നിരവധി യുവതികളെ അന്തപുരത്തിൽ വാഴിച്ചിരുന്നുവത്രെ. അവരുടെ ശ്വാസനിശ്വാസങ്ങളെല്ലാം ഈ അന്തരീക്ഷത്തിലിപ്പോഴും കാണുമോ? സിദ്ധാർത്ഥൻ അവരോടൊക്കെ എങ്ങനെയായിരുന്നുവോ ആവോ പെരുമാറിയിട്ടുണ്ടാകുക? അതെല്ലാം ശൈശവം തൊട്ടേ കൂട്ടുകാരിയായ യശോധര കാണാതെ പോയിരിക്കുമോ?   ഇവിടെ വച്ചായിരിക്കില്ലേ യശോധര സിദ്ധാർത്ഥന്റെ കുഞ്ഞിന് ജന്മം നൽകിയിരിക്കുക? രാഹു, രാഹു എന്നു പറഞ്ഞ് തന്റെ രക്തത്തിൽ പിറന്ന കുഞ്ഞിനെ നോക്കാൻ മടിച്ച ഗൗതമസിദ്ധാർത്ഥനോട് എനിയ്ക്ക് നീരസം തോന്നി. അച്ഛന്മാർ ഇങ്ങനെയാകാമോ? പാവം കുഞ്ഞ്; അതെന്തു പിഴച്ചു?   'രാഹു'വിന്റെ അർത്ഥമറിയാതെയാകുമോ യശോധര കുഞ്ഞിന് രാഹുലനെന്ന് പേരിട്ടിരിക്കുക?

ബുദ്ധചരിതം ഓർത്തോർത്ത് അവിടെ നിന്നാൽ വൈകുന്നേരം ഇന്ത്യയിൽ തിരിച്ചെത്തുന്നത് ബുദ്ധിമുട്ടായിരിക്കും എന്ന് ഞാൻ കരുതി. സത്യത്തിൽ മകനും ചിന്തിച്ചത് അതു തന്നെയായിരുന്നു. "ഇനി മടങ്ങിക്കൂടേ?" എന്ന ചോദ്യത്തിന് ഞാൻ അനുകൂലമായി തലയാട്ടി. ഞങ്ങൾ വേഗം തിരിച്ച് നടക്കാൻ തുടങ്ങി. 

നടക്കുമ്പോൾ ഞാൻ വീണ്ടും ചിന്തിച്ചു. ഇന്നിപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ ഉറപ്പിച്ചു പറയാവുന്ന ഒരേ ഒരു കാര്യം ശ്രീബുദ്ധന്റെ ജന്മം അമ്പേ പരാജയമായിരുന്നുവെന്നാണ്‌. അസുഖം, മരണം എന്നിവയ്ക്ക് പരിഹാരം തേടി യൗവനത്തിന്റെ പാരമ്യത്തിൽ ഭാര്യക്ക് മാനസികാഘാതം ഏൽപ്പിച്ച് വീടും നാടും വിട്ട അദ്ദേഹം ഒടുവിലെന്തു നേടി? തന്റെ മതം ഭാരതവർഷത്തിൽ നില നില്ക്കില്ലെന്നും തന്റെ പ്രതിമകൾ തച്ചുടക്കാൻ അരാജകവാദികൾ ജനിച്ചു വരുമെന്നും എന്തേ അദ്ദേഹത്തിന്റെ ജ്ഞാനദൃഷ്ടിയിൽ കാണാതെ പോയി? മതം പ്രചരിക്കാൻ നല്ല ആശയങ്ങളല്ല വേണ്ടതെന്നും പണവും മതം മാറ്റാനുള്ള ഒരു സംഘവും ആണ്‌ വേണ്ടതെന്നും അദ്ദേഹം എന്തേ അറിയതെ പോയി. “സമാധാനം വേണമെങ്കിൽ യുദ്ധത്തിനു തയ്യാറാകുക” എന്ന വരിയിലെ സന്ദേശം അദ്ദേഹം ഗ്രഹിക്കാതെ പോയി. സമാധാനം വേണമെങ്കിൽ അത്യാഗ്രഹങ്ങളും ഭോഗതൃഷ്ണയും ഒഴിവാക്കി സമാധാനമായിട്ടിരുന്നാൽ മാത്രം മതി എന്നേ ശുദ്ധഹൃദയനായ അദ്ദേഹം കരുതിയുള്ളു.  ഹിന്ദുക്കളും കരുതിയതൊക്കെത്തന്നെയാണ്‌. അതുകൊണ്ടാണല്ലോ ഭാരതേതരദേശങ്ങളിൽ ഹിന്ദുമതത്തിന് ക്ഷയം നേരിട്ടത്. വൈദേശികമതപ്രചാരകർക്ക് ഹിന്ദുരാജാക്കന്മാർ മത്സരിച്ചല്ലേ ഭൂമിയും സൗകര്യങ്ങളും സൗജന്യമായി കൊടുത്തിരുന്നത്. ഒടുവിൽ ഒട്ടകത്തിന്‌ തല വയ്ക്കാൻ സ്ഥലം കൊടുത്ത അറബിയെപ്പോലെയാകുമോ എന്ന പേടി വന്നപ്പോഴാണ്‌ നാട്ടിലിപ്പോൾ “ഘർ വാപസി” എന്ന ആശയം ബീജാവാപം കൊള്ളുന്നതും അത് ചാപിള്ളയായി അലസുന്നതും. ഇനി സ്ഥിതി എന്താകുമൊ എന്തോ?  സമ്രാട്ട് അശോകൻ എന്നൊരു രാജാവില്ലായിരുന്നുവെങ്കിൽ ബുദ്ധമതം പോയിട്ട് ശ്രീബുദ്ധൻ എന്ന നാമം പോലും ഇപ്പോൾ കേട്ടുകേൾവി ഇല്ലാതെ പോകുമായിരുന്നു. ശ്രീബുദ്ധന്റെ വാക്കുകൾക്ക് ചെവി കൊടുക്കാതെ ആധുനിക മനുഷ്യൻ അദ്ദേഹത്തെ പരാജയപ്പെടുത്തി എന്നു വേണമെങ്കിൽ പറയാം. രാജാവായിട്ടും ആയുധമെടുക്കാത്തവനെ നമ്മൾ ആയുധമെടുക്കാതെ എളുപ്പം പരാജയപ്പെടുത്തി.

മനുഷ്യന്റെ ഒടുങ്ങാത്ത ആശകളും ആഗ്രഹങ്ങളുമാണ്‌ മനുഷ്യജീവിതം ദു:ഖമയമാകാൻ കാരണമെന്ന് പഠിപ്പിച്ച അദ്ദേഹം പക്ഷേ മരണത്തിനോ രോഗത്തിനോ പ്രതിവിധിയൊന്നും കണ്ടില്ല. മരണം അനിവാര്യമാണെന്ന അറിവ് ഊട്ടി ഉറപ്പിക്കാനല്ലാതെ രോഗങ്ങൾക്ക് മരുന്ന് നിർദ്ദേശിക്കാനും അദ്ദേഹത്തിനായില്ല. ഈ ഭൂമി സഹസ്രാബ്ദങ്ങൾ നില നില്ക്കുമെന്നും ഭാവിയിൽ കൂടുതൽ രൂക്ഷമായ രോഗങ്ങളും മരണകാരണങ്ങളും ദു:ഖങ്ങളും ഉണ്ടാകുമെന്നും അപ്പോൾ ആളുകളുടെ രക്ഷയ്ക്ക് തന്റെ മതം ഉണ്ടാകില്ലെന്നും അറിയാനും അദ്ദേഹത്തിനായില്ല. ജനങ്ങളോട് ഭോഗതൃഷ്ണയിൽ നിന്ന് അകന്നു നില്ക്കാൻ പറഞ്ഞ അദ്ദേഹത്തിന്‌ ഭാവിയിൽ മനുഷ്യൻ മക്കളെത്തന്നെ ഭോഗിക്കുമെന്ന് കണക്കു കൂട്ടാനായില്ല. മനുഷ്യന്റെ ദു:ഖകാരണം കണ്ടുപിടിക്കാൻ അദ്ദേഹം തന്റെ രാജകീയ ജീവിതം മാത്രമല്ല നശിപ്പിച്ചത്; തന്റെ കുടുംബവും രാജവംശവും കൂടിയായിരുന്നു. ഈ ദു:ഖകാരണം കണ്ടുപിടിക്കാൻ അതൊക്കെ ആവശ്യമുണ്ടായിരുന്നോ? കൊട്ടാരത്തിലിരുന്നും ഇതെല്ലാം മനനം ചെയ്തെടുക്കാമായിരുന്നില്ലേ? യശോധരയുടെ കണ്ണീരുകൊണ്ടദ്ദേഹം എന്തു നേടി?  ആരോട് ചോദിക്കാൻ?

ദു:ഖത്തിന്റെ കാരണം കണ്ടെത്തിയതുകൊണ്ടല്ല ശ്രീബുദ്ധൻ മഹാനായത്; മറിച്ച് അതിന്‌ പരിഹാരം നിർദ്ദേശിച്ചതുകൊണ്ടാണ്‌. അല്ലെങ്കിൽ എന്റെ ബുദ്ധദേവാ, ഞാനും ഒരു മഹാനായേനേ. ഭൂമിയുടെ ഇന്നത്തെ ദുരവസ്ഥക്ക് കാരണം ഞാൻ കണ്ടെത്തിയിട്ടുണ്ട്; പക്ഷേ അതിന്‌ പരിഹാരമാണ്‌ എനിക്കറിയാതെ പോകുന്നത്. പണം എന്ന രണ്ടക്ഷരം കൊണ്ട് നമ്മൾ വിവക്ഷിക്കുന്ന സാധനമാണ്‌ ഭൂമിയെ കുഴക്കുന്ന ഗുരുതരമായ പ്രശ്നമെന്ന് 6 വർഷം തപസ്സ് ചെയ്യാതെ തന്നെ ഞാൻ കണ്ടെത്തിയിട്ടുണ്ട്. ഈ ഒരു കണ്ടെത്തലിന്‌ ഞാൻ ചെറുപ്പക്കാരിയായ ഭാര്യയേയോ ഓമനയായ കുഞ്ഞിനേയോ വഴിയാധാരവുമാക്കിയിട്ടില്ല. നോക്കൂ, ആളുകളുടെ കയ്യിൽ പണമുള്ളതുകൊണ്ടല്ലേ കുപ്പിവെള്ളം വാങ്ങിക്കുടിക്കുന്നതും പിന്നീടാ കാലിക്കുപ്പി പുഴയിലേക്ക് വലിച്ചെറിയുന്നതും? പണമില്ലെങ്കിൽ ഇവരൊക്കെ റെയിൽവേ സ്റ്റേഷനിലെ ശീതീകരിച്ച ശുദ്ധജലം കുടിച്ച് തൃപ്തിപ്പെട്ടേനേ. പണമുള്ളതു കൊണ്ടല്ലേ ഇവരൊക്കെ ബേക്കറിയിൽ പോയി നെയ്യപ്പവും എള്ളുണ്ടയും വാങ്ങിത്തിന്ന് പ്ലാസ്റ്റിക് കവർ റോട്ടിൽ വലിച്ചെറിയുന്നത്? അത്രക്ക് പണമില്ലെങ്കിൽ ഇവരൊക്കെ വീട്ടിൽ തന്നെ നെയ്യപ്പവും തവിടപ്പവും ഉണ്ടാക്കിത്തിന്നേനേ. അപ്പോൾ ഈ പ്ലാസ്റ്റിക്കും പാക്കിങ്ങ് സാധനങ്ങളുമായ വെയ്സ്റ്റിൽ നിന്ന് ഭൂമി രക്ഷപ്പെടുമായിരുന്നു. കയ്യിൽ പണമുള്ളതു കൊണ്ടല്ലേ ആളുകൾ ആവശ്യമുള്ളതും ഇല്ലാത്തതും കണ്ടതും കേട്ടതുമെല്ലാം വാങ്ങിക്കൂട്ടുന്നത്? പണമില്ലാത്തവർ ഇതെന്തെങ്കിലും വാങ്ങുന്നുണ്ടോ? പണമുള്ളതു കൊണ്ടല്ലേ ആളുകൾ ഗരം മസാല, ഛാട്ട് മസാല, ഫിഷ് മസാല, മീറ്റ് മസാല എന്നിങ്ങനെ വെവ്വേറെ മസാലപ്പൊടികൾ വാങ്ങുന്നത്? അതില്ലാത്തവൻ കുറച്ച് കൊത്തമ്പാല അരച്ച് മസാലക്കറി ഉണ്ടാക്കുന്നില്ലേ? ഫിഷ് മസാല ഇല്ലെന്നു വച്ച് പണ്ടൊക്കെ ആളുകൾ മീൻ തിന്നാതിരുന്നിട്ടുണ്ടോ?  കൂടുതൽ ഉദാഹരണങ്ങൾ ചിന്തിച്ചാൽ ശരിയാവില്ല  എന്നതുകൊണ്ട് മലിനമായ ഭൂമിയുടേയും കുമിഞ്ഞു കൂടുന്ന പണത്തിന്റേയും ചിന്ത ഞാൻ നിറുത്തുകയാണ്‌. പണത്തിനു പകരം പഴയ “ബാർട്ടർ സമ്പ്രദായം” മതി എന്ന് ഞാൻ പറഞ്ഞാൽ വെറുതെ ചവിട്ടു കിട്ടും. എന്തിനാ അത്? അതുകൊണ്ട് മിണ്ടാതിരിക്കുന്നതാ ബുദ്ധി. ഭൂമി മലിനമായാലെന്താ? എന്റെ തടി രക്ഷപ്പെടുമല്ലോ! വരും തലമുറയെക്കുറിച്ചൊക്കെ ഞാനെന്തിനു ചിന്തിക്കണം?

പണത്തിന്റെ കാര്യം ചിന്തിച്ചപ്പോഴാണ്‌ കാലം പോയ പോക്ക് ഞാനോർത്തത്. പണ്ടൊക്കെ ചെറിയ കുട്ടികളോട് “മുട്ട എവിടന്ന് കിട്ടുന്നു?” എന്നു ചോദിച്ചാൽ “കിളികളിൽ നിന്ന്” എന്നായിരുന്നു ഉത്തരം. പക്ഷേ ഇന്നാ ചോദ്യം ചോദിച്ചാൽ കുട്ടികളും വലിയവരും പറയുക “കടകളിൽ നിന്ന്” എന്നാണ്‌. കാരണം ഇപ്പോൾ എല്ലാം കടയിൽ പോയി പണം കൊടുത്തു വാങ്ങുന്നതല്ലേ ശീലം? അവരെ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ? 

ഞാൻ ഓരോന്ന് ചിന്തിക്കുന്നതിനിടക്ക് മകൻ ഒരു ജീപ്പിന് കൈ കാണിച്ച് നിറുത്തിയിരുന്നു. ഭാഗ്യം! സമയം ലാഭിക്കാൻ ഇതു തന്നെ നല്ല മാർഗ്ഗം. ഞങ്ങൾ വേഗം അതിൽ കയറി ഇരുപ്പായി. അധികം വൈകാതെ ജീപ്പ് ഞങ്ങളെ തൗളിഹവയിൽ ഇറക്കിത്തന്നു. ഇങ്ങോട്ട് വന്ന ബസ്സ് തന്നെ ഞങ്ങൾക്ക് തിരിച്ച് പോരാൻ കിട്ടി. 180 നേപ്പാളീ രൂപ കൊടുത്ത്, ഉച്ചയോടു കൂടി ഞങ്ങൾ ഭൈരഹവയിൽ തിരിച്ചെത്തി.
                                                                                                                        ....................... തുടരും

2 അഭിപ്രായങ്ങൾ:

Bipin പറഞ്ഞു...

there will come a day when people like Budha become relavant.

ആൾരൂപൻ പറഞ്ഞു...

Bipinji,
ഇനി വരുന്ന തലമുറയ്ക്കിനി
ഇവിടെ വാസം സാദ്ധ്യമോ?
പിന്നെയെന്തിനു ബുദ്ധസംഹിത 
ഭൂമിയിൽ ഇനി ഭാവിയിൽ?