ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും എന്നാണ് പഴഞ്ചൊല്ല്.
പഴഞ്ചൊല്ലിൽ പതിരില്ല എന്നും ഒരു പഴഞ്ചൊല്ലുണ്ട്.
അതൊക്കെ പണ്ട്. ……………..
പഴയതൊക്കെ തിരസ്കരിക്കുക എന്നതാണല്ലൊ നമ്മുടെ പുതുപുത്തൻ ശീലം.
പഴയതെന്തെല്ലാം നമ്മൾ വേണ്ടെന്നു വച്ചിട്ടുണ്ട്. പഴയ ഓടിട്ട വീടുകൾ പൊളിച്ചു മാറ്റി ടെറസ്സ് വീടുകൾ ഉണ്ടാക്കി. പഴയ നാലുകെട്ടും എട്ടുകെട്ടും ഒക്കെ നമ്മൾ പൊളിച്ചടുക്കി. പണ്ടത്തെ ഭക്ഷണമായ കഞ്ഞിയും പുഴുക്കും മാറ്റി പുതുപുത്തൻ മസാലകൾ കൊണ്ടു വന്നു. കഞ്ഞി മാത്രമല്ല പഴങ്കഞ്ഞിയും വേണ്ടെന്നു വച്ചു. പണ്ടത്തെ തവിടപ്പം വേണ്ടെന്ന് വച്ചു. പ്രായം ചെന്ന് പഴയതായ അച്ഛനമ്മമാരെ വേണ്ടെന്നു വച്ചു. പെണ്ണുങ്ങളെ അമ്മമാരും സഹോദരിമാരുമായി കരുതുന്ന ആ പഴഞ്ചൻ മനോഭാവം വേണ്ടെന്നു വച്ചു. അങ്ങനെ എന്തെല്ലാം നമ്മൾ വേണ്ടെന്നു വച്ചു. അതിന്റെ കൂട്ടത്തിലായിരിക്കണം ഈ പഴഞ്ചൊല്ലുകളും നമ്മൾ അറിയാതെയോ അറിഞ്ഞോ വേണ്ടെന്നു വച്ചത്.
അങ്ങനെ പഴഞ്ചൊല്ലുകൾ കൈവിട്ടതുകൊണ്ടാകണം നമ്മൾ ഇപ്പോൾ 'ഉള്ളത് പറഞ്ഞാൽ' ചിരിക്കാൻ നിൽക്കാതെ പറഞ്ഞവന്റെ മേക്കട്ട് കയറുന്നത്.
അല്ലെങ്കിൽ തൃണമൂൽ കോൺഗ്രസ്സിന്റെ എം. എൽ.എ ദീപക് ഹൽദാറിന്റെ നേരേ ആളുകൾ ഇങ്ങനെ തട്ടിക്കയറുമായിരുന്നോ?
പാവം ദീപക്! ശുദ്ധഗതിക്കാരനായ അയാൾ എത്ര സത്യസന്ധമായാണാ തത്വം പറഞ്ഞറിയിച്ചത്.
“ഭൂമിയുള്ള കാലത്തോളം ബലാത്സംഗങ്ങളും ഉണ്ടാകും.”
പറഞ്ഞത് 100% ശരി. എന്നിട്ടും ആളുകൾ അയാളെ വെറുതെ വിടുന്ന ലക്ഷണമില്ല.
ഭൂമിയുള്ള കാലത്തോളം ബലാത്സംഗങ്ങളും ഉണ്ടാകും എന്നേ അദ്ദേഹം പറഞ്ഞുള്ളു. അങ്ങനെ പറയുമ്പോൾ മനുഷ്യരേയോ പുരുഷന്മാരേയോ സ്ത്രീകളെ പ്രത്യേകമായോ ഒന്നും അദ്ദേഹം കുറ്റപ്പെടുത്തുകയോ മോശമായി ചിത്രീകരിക്കുകയോ ചെയ്തിട്ടില്ല. എന്നിട്ടും അദ്ദേഹം എന്താണ് പറഞ്ഞതെന്ന് ശ്രദ്ധിച്ചു മനസ്സിലാക്കാതെയാണ് എതിരാളികൾ അയാൾക്ക് നേരേ ആക്രോശം മുഴക്കുന്നത്.
മനുഷ്യനും മൃഗവർഗ്ഗത്തിൽ പെട്ട ഒരു ജീവി ആണെന്നു മാത്രമേ അദ്ദേഹം ഈ പ്രസ്താവനയിലൂടെ ഉദ്ദേശിച്ചു
കാണുകയുള്ളൂ. അതിലെന്താണ് തെറ്റ്. അതു തന്നെ യല്ലേ നമ്മൾ സ്കൂളിലൊക്കെ പഠിച്ചതും
പഠിപ്പിക്കുന്നതും? മുല കുടിച്ച് വളരുന്ന മനുഷ്യനെ സസ്തനികളുടെ കൂട്ടത്തിലല്ലേ നമ്മൾ പെടുത്തിയിരിക്കുന്നത്?
'സ്ത്രീകൾ ഉള്ള കാലത്തോളം ബലാത്സംഗങ്ങളും ഉണ്ടാകും' എന്നദ്ദേഹം പറഞ്ഞോ? ഇല്ല!
'പുരുഷന്മാർ ഉള്ള കാലത്തോളം ബലാത്സംഗങ്ങളും ഉണ്ടാകും' എന്നദ്ദേഹം പറഞ്ഞോ? ഇല്ല!
'മനുഷ്യന്മാർ
ഉള്ള കാലത്തോളം ബലാത്സംഗങ്ങളും ഉണ്ടാകും' എന്നദ്ദേഹം പറഞ്ഞോ? ഇല്ല!
പിന്നെ പറഞ്ഞതെന്താ?
'ഭൂമിയുള്ള കാലത്തോളം ബലാത്സംഗങ്ങളും ഉണ്ടാകും' എന്ന്.
അത് സത്യമല്ലേ? അതിൽ മനുഷ്യനേയോ പുരുഷനേയോ സ്ത്രീയേയോ മോശമാക്കുന്ന എന്തെങ്കിലും
ഉണ്ടോ? ഇല്ല!
മനുഷ്യനു മുമ്പും ഭൂമി ഉണ്ടായിരുന്നില്ലേ? (മനുഷ്യനു ശേഷവും ഭൂമി കാണുമെന്നുറപ്പ്.) ദിനോസാറും മറ്റും ഉണ്ടായിരുന്ന പഴയ ആ കാലം നമ്മൾ മറന്നോ?
അന്നൊക്കെ എങ്ങനെയായിരുന്നു എന്ന് ചിന്തിച്ചാൽ ദീപക് ഹൽദാർ പറഞ്ഞ പ്രസ്താവനയോടുള്ള എതിർപ്പെല്ലാം താനേ കെട്ടടങ്ങും.
അന്നൊക്കെ എങ്ങനെയായിരുന്നു എന്നാണോ?
അന്നൊക്കെ മൃഗങ്ങൾ തമ്മിൽ വിവാഹമാണോ നടന്നിരുന്നത്? ഏതെങ്കിലും പശുവോ കാളയോ പ്രേമിച്ചു നടക്കുന്നത് നമ്മൾ കണ്ടിട്ടുണ്ടോ? ഇല്ല. അല്ലെങ്കിൽ
മൃഗങ്ങളൊക്കെ ഏകപത്നീ വ്രതക്കാരോ ഏകപതീ വ്രതക്കാരോ ആണോ? വിവാഹം, കുടുംബജീവിതം എന്നൊക്കെ പറയുന്നത് മൃഗങ്ങൾക്ക് ബാധകമാണോ?
അല്ലേ അല്ല! എന്നിട്ടും ഭൂമിയിൽ മൃഗങ്ങളുടെ സന്താന പരമ്പരകൾ
നില നിന്നില്ലേ? നില നിൽക്കുന്നില്ലേ? അപ്പോൾ അതിന്റെ ഒക്കെ പുറകിലെന്താ? എം. എൽ. എ. പറഞ്ഞതു തന്നെയല്ലേ
- ബലാൽസംഗം? കാള ബലം പ്രയോഗിച്ച് പശുവുമായി സന്ധിക്കുന്നതു മാത്രമേ ഞാൻ കണ്ടിട്ടുള്ളു. നായയും പൂവൻ
കോഴിയും ഒക്കെ അങ്ങനെ തന്നെ.... പോരാത്തതിന് സ്ഥലകാല ബോധം പോലും അവ അപ്പോൾ കാണിക്കാറില്ല.
നടുറോട്ടിലും വീട്ടുമുറ്റത്തും... ഛെ, ഛെ, ഞാനൊന്നും പറയുന്നില്ലേ! ആൺകോഴി പെൺകോഴിയെ ബലാൽസംഗം ചെയ്യുന്നത് കണ്ടാണ് നാട്ടിൻപുറത്തെ കുട്ടികൾ പോലും വളരുന്നത്. ബലമില്ലാതെ സംഗം ചെയ്യാൻ പറ്റുമെന്നു കരുതുന്നതിലെ വിഡ്ഡിത്തം ഒന്നാലോചിച്ചു നോക്കൂ.
മൃഗങ്ങൾ തമ്മിൽ
ബലം പ്രയോഗിക്കാതെ
ചെയ്യുന്ന ഒരു കാര്യം ഞാനീയിടെ അയോദ്ധ്യയിൽ പോയപ്പോൾ കണ്ടു. അതിന്റെ ചിത്രം ഞാനിവിടെ കൊടുക്കുന്നുണ്ട്.
അവിടെയൊക്കെ നടുറോഡിൽ വരെ പശുക്കളും കാളകളും കാണും. ക്ഷേത്രത്തിനകത്ത് വിഗ്രഹത്തിൽ കിടക്കുന്ന പൂവും ഇലയും പഴങ്ങളും തിന്നുന്ന പശുക്കൾ കാരണം മര്യാദയ്ക്കൊന്ന് തൊഴാൻ പോലും ഞങ്ങൾക്ക് അന്ന് പറ്റിയില്ല. ക്ഷേത്രത്തിനകത്ത് കാമറ അനുവദിച്ചിരുന്നുവെങ്കിൽ നല്ലൊരു ഫോട്ടോ അന്ന് ഞാൻ തരമാക്കിയേനേ! വിഗ്രഹത്തിനു പകരം പശുവിനെ തൊട്ട് തലയിൽ വച്ചാണ് ഞങ്ങൾ ക്ഷേത്രത്തിൽ നിന്നിറങ്ങിയത്. ക്ഷേത്രത്തിലേക്കുള്ള വഴി മുടക്കി നിൽക്കുന്ന ഒരു പശുവിനേയും ചിത്രത്തിൽ കാണാം.
അപ്പോൾ പറഞ്ഞു
വന്നതെന്താണ്? ങാ.. ബലാൽസംഗം! പശുക്കൾക്ക് നേരേ കാളകൾ നടത്തുന്ന ഈ അതിക്രമം തടയാൻ മൃഗസ്നേഹികളോ മേനകാഗാന്ധി പോലുമോ ഒരു പ്രസ്താവന നടത്തിയതായി നമുക്കറിയില്ല. അതെല്ലാം അനുസ്യൂതം നടന്നോട്ടെ എന്നായിരിക്കും.
അപ്പോൾ ‘ഭൂമി
ഉള്ള കാലത്തോളം ബലാത്സംഗങ്ങളും ഉണ്ടാകും' എന്ന് എം. എൽ. എ. പറയുമ്പോൾ നമ്മൾ അതിനെ ശരി വയ്ക്കുകയല്ലേ വേണ്ടത്?
പാവം എം. എൽ. എ!
(നേരമ്പോക്ക്
എഴുതിയതാണേ? വിട്ടേയ്ക്കൂ.)