2015 സെപ്റ്റംബർ 16, ബുധനാഴ്‌ച

ദാമ്പത്യചരിത്രം തുടരുന്നു

ഡോ. എം. ജി.എസ് തുടരുന്നു.

"വിവാഹത്തിന്റെ കാര്യത്തിൽ നമ്മേക്കാൾ ഭേദമാണ് പാശ്ചാത്യർ. അവർ കുറച്ചു കാലത്തേക്കെങ്കിലും അനുരാഗത്തോടെ ജീവിക്കുന്നവരാണ്."

ഈ വരികളിൽ ഭാരതത്തിലെ വിവാഹത്തിന്റെ കാപട്യം ഉന്മൂലനം ചെയ്യാനുള്ള ഒറ്റമൂലി അദ്ദേഹം ഒളിച്ചു വച്ചിട്ടുണ്ട്. അത് മറ്റൊന്നുമല്ല; പാശ്ചത്യരെപ്പോലെ ദാമ്പത്യം നയിക്കുക എന്നതാണത്.

അറിയില്ലേ അവിടത്തെ രീതികളെക്കുറിച്ച്? പാശ്ചാത്യർ നമ്മളെപ്പോലെ ആജീവനാന്തം ദമ്പതികളാണ് എന്നു പറഞ്ഞ് ഒരുമിച്ചു ജീവിക്കാറില്ല. അനുരാഗത്തിന്റെ തീവ്രത അവസാനിക്കുമ്പോൾ അവർ ദാമ്പത്യബന്ധം അവസാനിപ്പിക്കും. എന്നിട്ട് ഭാര്യ ഭാര്യയുടെ പാട്ടിനും ഭർത്താവ് ഭർത്താവിന്റെ പാട്ടിനും പോകും. കുട്ടികളോ സ്വത്തോ സ്വർണമോ സ്ത്രീധനമോ പിന്നെ അവർക്കിടയിൽ ഒരു തടസ്സവും ആകാറില്ല. രണ്ടു കൂട്ടരും പിന്നെ നയിക്കുന്നത് പുതിയ ദാമ്പത്യജീവിതമായിരിക്കും.

ദമ്പതികൾക്ക് ആജീവനാന്തം ആത്മാർത്ഥമായി ഒരുമിച്ച് ജീവിക്കാൻ പറ്റില്ല എന്ന് ദാമ്പത്യ ചരിത്രകാരൻ പറഞ്ഞ സ്ഥിതിക്ക് നമുക്കും പാശ്ചാത്യരുടെ വഴിക്ക് ചിന്തിക്കാവുന്നതേയുള്ളു. അതിന് ഏറ്റവും പറ്റിയ മാർഗ്ഗം കല്യാണം കഴിഞ്ഞ് അത് രജിസ്റ്റർ ചെയ്യുമ്പോൾ അതിന് ഒരു കാലാവധി നിശ്ചയിക്കുക എന്നതാണ്. നമ്മൾ ഒരു കാറു വാങ്ങുമ്പോൾ അത് വെറും 15 വർഷത്തേക്കല്ലേ റജിസ്റ്റർ ചെയ്യുന്നത്? അതുപോലെയാകട്ടെ ഇനി നമ്മുടെ വിവാഹവും. വേണമെങ്കിൽ കല്യാണം ഒരു 25 വർഷത്തേക്ക് വരെ റജിസ്റ്റർ ചെയ്യാം. അത് എത്ര വേണമെന്നറിയാൻ നമ്മുടെ ദൃശ്യമാദ്ധ്യമങ്ങളിൽ പ്രൈം ടൈമിൽ ഒരു ചർച്ച ആകാവുന്നതുമാണ്. വിഷയം ഇതായതുകൊണ്ട് ചർച്ചക്ക് ആളെ കിട്ടാതെ വരില്ല എന്നുറപ്പാണ്. 25 വർഷം കഴിയുമ്പോൾ ഈ ബന്ധം താനേ ഇല്ലാതായിക്കോളും. അപ്പോൾ പിന്നെ വിവാഹമോചനത്തിന്റെ പ്രശ്നം ഉദിക്കുന്നില്ലല്ലോ? ഇനി തുടർന്നും ഒരുമിച്ച് പഴയ ദാമ്പത്യം വേണമെങ്കിൽ ദമ്പതികൾക്ക് റജിസ്‌ട്രേഷൻ പുതുക്കാവുന്നതുമാണ്. അങ്ങനെ റി-റെജിസ്‌ട്രേഷൻ വഴി ദാമ്പത്യം തുടരാൻ എന്തൊക്കെ നിബന്ധനകൾ പാലിക്കണമെന്ന് നിയമസഭയിൽ ചർച്ച ചെയ്തു തീരുമാനിക്കാവുന്നതേ ഉള്ളൂ.  ജനപ്രതിനിധിസഭകളിൽ സ്ത്രീകളുടെ എണ്ണം കൂടിക്കൂടി വരുന്നതു കൊണ്ട് രണ്ടു ഭാഗത്തു നിന്നും സജീവമായ ചർച്ചകളും ഇടപെടലുകളും പ്രതീക്ഷിക്കാവുന്നതുമാണ്. അതെന്തായാലും വിവാഹത്തിന്റെ റീ-റെജിസ്‌ട്രേഷന് മുന്നോട്ടു വരുന്ന ദമ്പതികളുടെ എണ്ണം കുറവായിരിക്കുമെന്നാണ് എന്റെ അനുമാനം. അതും നമ്മുടെ കാറിന്റെ Case Study-യിൽ നിന്നാണ് ഞാൻ അനുമാനിക്കുന്നത്. 15 വർഷം കഴിയുമ്പോൾ എത്രപേർ അതേ കാർ റീ-റെജിസ്റ്റർ ചെയ്യുന്നുണ്ട്? തുലോ വിരളം. എല്ലാവരും അപ്പോഴേക്കും പുതിയ കാറിന്റെ make-ഉം model-ഉം കണ്ടു വച്ചിരിക്കും. നമ്മുടെ റീ-വിവാഹത്തിന്റെ കാര്യത്തിലും അങ്ങനെയേ സംഭവിക്കൂ. ആദ്യത്തെ ദാമ്പത്യം നടക്കുമ്പോൾ എല്ലാവരും 25 വർഷം കഴിഞ്ഞാലുള്ള പുതിയ ബന്ധത്തിനു പറ്റിയ ആളെ കണ്ടെത്തുന്ന തിരക്കിലായിരിക്കും എന്നാണെന്റെ ഒരു വിലയിരുത്തൽ. അതാലോചിക്കുമ്പോൾ 25 വർഷം ഇത്തിരി കൂടുതലാണെന്നു തോന്നുന്നു. അതുകൊണ്ട് വിവാഹവും കാറിനെപ്പോലെ 15 വർഷത്തേക്ക് റജിസ്റ്റർ ചെയ്താൽ മതിയാകും....

മറ്റൊരു നിർദ്ദേശം കൂടി എനിയ്ക്കുണ്ട്. അതിതാണ്. 15 വർഷം കഴിയുമ്പോൾ പഴയ കാർ നമ്മൾ ഗാരേജിൽ സൂക്ഷിക്കുകയും പുതിയ കാർ വാങ്ങുകയും ചെയ്യാറുണ്ടല്ലോ. അതുപോലെ 15 വർഷമെന്ന വിവാഹ റെജിസ്‌ട്രേഷന്റെ കാലാവധി തീരുമ്പോൾ പഴയ ഭാര്യയെ വീട്ടിൽ നിർത്തിക്കൊണ്ടു തന്നെ പുതിയ ഒരു റെജിസ്‌ട്രേഷൻ (വിവാഹം) ആകാവുന്നതാണ്. എന്റെ ഈ നിർദ്ദേശത്തിന് ഭൂരിപക്ഷം പുരുഷന്മാരും പിന്തുണ നൽകുമെന്നാണ് എന്റെ ഒരു അനുമാനം.  പക്ഷേ സ്ത്രീകൾ സമ്മതിക്കുമോ എന്തോ? എന്തായാലും 15 വർഷം കഴിഞ്ഞുള്ള പുതിയ വിവാഹ റജിസ്‌ട്രേഷന് അനന്ത സാദ്ധ്യതകളാണ് ഉള്ളത്.  15 വർഷത്തെ പരിചയമുള്ള ഭർത്താവിന് അടുത്ത വിവാഹറജിസ്‌ട്രേഷനു വേണ്ടി "പരിചയസമ്പന്നയായ വധുവിനെ ആവശ്യമുണ്ട്" എന്ന് സധൈര്യം പരസ്യം ചെയ്യാലോ? ഇക്കാര്യത്തിൽ സ്ത്രീകൾക്കും പരിചയം ഉണ്ടാകുന്നത് എന്തുകൊണ്ടും നല്ലതാണ്. വീടുകളിൽ എക്സ്ചെയ്ഞ്ച് കല്യാണം നടക്കുന്നത് പോലെ 15 വർഷം കഴിഞ്ഞുള്ള രണ്ടാം വിവാഹം ചിലപ്പോൾ അയൽവാസികൾ തമ്മിലുള്ള എക്സ്ചെയ്ഞ്ച് കല്യാണം ആയി എന്നും വരാം.

ഒന്നിലധികം സ്ത്രീകളുമായി ഒരേ സമയം ബന്ധം സ്ഥാപിക്കുന്നത് നല്ല സ്വഭാവമല്ല എന്ന് തോന്നിയേക്കാം. അത് ഒരു പരിധി വരെ ശരിയുമാണ്‌. പക്ഷേ ഒന്നിലധികം സ്ത്രീകളുമായി ഒരേ സമയം ബന്ധമുണ്ടാകുന്നത് ഒരു...... ഒരു..... ഒരു...... ഒരു തരം Art of Living ആണ്‌ എന്നാണ്‌ ആളുകളിപ്പോൾ പറയുന്നത്. ഒരു സ്ത്രീയുമായുള്ള ബന്ധം വെറും Part of Living ആണത്രെ; അതിൽ പ്രത്യേകിച്ചൊരു ആർട്ട് (കല) ഒന്നും കാണാനില്ല; അത് ആർക്കും സാധിക്കാവുന്നതേ ഉള്ളൂ.  ആർട്ട് ഓഫ് ലിവിങ്ങ് -ന് മലയാളത്തിൽ 'ജീവിതകല' എന്നു പറയാം. പാർട്ട് ഓഫ് ലിവിങ്ങ് എന്നത് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ. ഒന്നിലധികം സ്ത്രീകളുമായുള്ള ബന്ധം ജീവിതത്തിൽ മായാത്ത കല (scar) സൃഷ്ടിക്കുമെന്നതിനാലാണ് അതിന് ജീവിതകല എന്നു പറയുന്നത്. ജീവിതത്തിൽ മാത്രമല്ല ചിലപ്പോൾ ശരീരത്തിലും scar ഉണ്ടായേക്കാം... ആചാര്യൻ ശ്രീ ശ്രീ ശ്രീ രവിശങ്കറുടെ 'ജീവനകല' ഇതിൽ നിന്നെല്ലാം തുലോം വ്യത്യസ്തമാണ്.

ആജീവനാന്തം ആത്മാർത്ഥമായ ദാമ്പത്യം പറ്റില്ല എന്ന ചരിത്രവസ്തുത മനസ്സിലാക്കിയതു കൊണ്ടാണ് ഞാൻ ഇതുമായി ബന്ധപ്പെട്ട എന്റെ ചിന്തകൾ ഇവിടെ കോറി ഇടുന്നത്. സത്യം പറഞ്ഞാൽ വിവാഹം 15 വർഷത്തേക്ക് മാത്രമായി ചുരുക്കുന്നതിൽ എനിയ്ക്ക് ദു:ഖവും ഉണ്ട്. കാരണം 15 വർഷം കഴിഞ്ഞാൽ പുതിയ റെജിസ്‌ട്രേഷന് (വിവാഹത്തിനു്) പുതിയ ഒരു പങ്കാളിയെ കിട്ടിയില്ലെങ്കിൽ നമ്മൾ എന്തു ചെയ്യും.  കക്ഷത്തിലുള്ളത് പോകുകയും ഉത്തരത്തിലുള്ളത് കിട്ടാതാകുകയും ചെയ്യുമ്പോൾ ഉള്ള അവസ്ഥയൊന്നാലോചിക്കൂ! 

അതാലോചിച്ചപ്പോഴാണ് പുതിയ തരത്തിലുള്ള നമ്മുടെ ജീവിതത്തിൽ പഴയ വസ്തുക്കളുടെ സ്വാധീനം എനിയ്ക്കനുഭവപ്പെട്ടത്. പഴയ വീടുകളിലാണല്ലോ കൈ പൊക്കി ഉത്തരത്തിൽ നിന്നു സാധനങ്ങൾ എടുക്കുന്നത്. പഴയ വീടെവിടേ? ഉത്തരമെവിടെ? എല്ലാം ടെറസ്സല്ലേ?  ഇപ്പോൾ എല്ലാം നമ്മൾ അലമാരയിലല്ലേ സൂക്ഷിക്കുന്നത്? ബാങ്ക് ലോക്കറും പ്രചാരത്തിലുണ്ട്. അപ്പോൾ കക്ഷത്തിലിരിക്കുന്നത് പോകുന്നതെങ്ങനെയാ? അപ്പോൾ അതിനനുസരിച്ച് സംസാരത്തിലെ ഈ നാടൻപ്രയോഗങ്ങൾ മാറ്റേണ്ടതല്ലേ? ആരാണാവോ അതിനൊക്കെ ഒരു തുടക്കം ഇടുക?  ഒരു പക്ഷേ ഞാൻ തന്നെ ഇതൊക്കെ ചെയ്യേണ്ടി വരുമോ ആവോ?

അതെന്തായാലും വിവാഹം 15 വർഷമായി ചുരുക്കുന്നതിലെ ദോഷം പരിഹരിക്കാൻ എന്റെ മനസ്സിൽ ഒരു ആശയം വികസിച്ചു വരുന്നുണ്ട്. "ഗാരണ്ടി" എന്നതാണത്. വിവാഹം കഴിയുമ്പോൾ വധുവിന് ഒരു 10 വർഷം ഗാരണ്ടി വേണമെന്ന് നമുക്ക് നിർബന്ധം പിടിക്കാം. (പിന്നെ ഐച്ഛികമായ ഒരു 5 വർഷത്തെ extended guaranty-യും.) അതുകൊണ്ടുള്ള ഗുണമെന്തെന്നാൽ കല്യാണം കഴിഞ്ഞ് ആദ്യരാത്രി കഴിയുമ്പോൾ നമുക്ക് ഒരു തൃപ്തി തോന്നുന്നിലെങ്കിൽ ഗാരണ്ടി ഉള്ളതുകൊണ്ട് സാധനം തിരിച്ചു കൊടുത്ത് അതേ വീട്ടിലെ അടുത്ത ആളെ നമുക്ക് ആവശ്യപ്പെടാമല്ലോ? ഇനി നമുക്ക് പറ്റിയ സാധനം അവിടെ ഇല്ലെങ്കിൽ റജിസ്ട്രേഷൻ കാൻസൽ ചെയ്ത് പുതിയ ആലോചന തുടങ്ങുകയും ആകാം. എങ്ങനെ എന്റെ ഐഡിയ?

സമൂഹത്തിൽ ഒരു വിശദമായ ചർച്ച ഇതേക്കുറിച്ചൊക്കെ നടത്തണമെന്നാണ് എനിയ്ക്കിപ്പോൾ തോന്നുന്നത്. അതിനായി ധീരന്മാരായ ആളുകൾ മുന്നോട്ടു വരുമെന്ന പ്രതീക്ഷ എനിയ്ക്കുണ്ട്. ഡോ. എം. ജി.എസ് നാരായണൻ തന്നെ അതിനു മുൻകൈ എടുക്കുമെന്നും ഞാൻ കരുതുന്നു.  അതു വരെ ഈ കുത്തിക്കുറിപ്പുകൾ ഇവിടെ നിൽക്കട്ടെ.

2015 സെപ്റ്റംബർ 12, ശനിയാഴ്‌ച

ധീരൻ... ദാമ്പത്യചരിത്രകാരൻ....

ലോകത്തിലുള്ള ആളുകളെ രണ്ട് ഗ്രൂപ്പായി തിരിക്കാം. ഡ്രൈവിങ്ങ് ലൈസൻസ് ഉള്ളവരും ഡ്രൈവിങ്ങ് ലൈസൻസ് ഇല്ലാത്തവരും എന്നതാണത്. രണ്ടാമത്തെ കൂട്ടരാണധികം; ലൈസൻസില്ലാത്തവർ. ഈ ലൈസൻസ് കിട്ടാൻ കുറേ നടപടിക്രമങ്ങളൊക്കെയുണ്ട്; മാത്രമല്ല ലൈസൻസിന് കാലാവധിയുമുണ്ട്. കാലാവധി കഴിയുമ്പോൾ ലൈസൻസ് പുതുക്കിയില്ലെങ്കിൽ തനിയേ അവർ ലൈസൻസുള്ളവരുടെ ഗ്രൂപ്പിൽ നിന്ന് ലൈസൻസ് ഇല്ലാത്തവരുടെ ഗ്രൂപ്പിലെത്തിച്ചേരും.

ഈ വിവാഹവും ഏതാണ്ട് ഡ്രൈവിങ്ങ് ലൈസൻസ് പോലെയാണ്. ലോകരെ വിവാഹത്തിന്റെ അടിസ്ഥാനത്തിൽ രണ്ടായി തിരിക്കാം. അവിവാഹിതരെന്നും വിവാഹിതരെന്നും ആണത്. വിവാഹത്തിനും കുറേ നടപടിക്രമങ്ങളൊക്കെയുണ്ട്. നടപടിക്രമങ്ങൾ കഴിയുമ്പോൾ അവിവാഹിതൻ വിവാഹിതരുടെ ഗ്രൂപ്പിലേക്ക് മാറും. വിവാഹം റജിസ്റ്റർ ചെയ്യണമെങ്കിലും ഡ്രൈവിങ്ങ് ലൈസൻസ് പോലെ അത് പുതുക്കേണ്ട ആവശ്യമില്ല. പക്ഷേ വല്ല കാരണവശാലും വിവാഹം വേണ്ടെന്നു വച്ചാൽ അയാൾക്ക് അവിവാഹിതരുടെ ഗ്രൂപ്പിലെത്തിച്ചേരാൻ പറ്റില്ല. അയാൾ തുടർന്നും വിവാഹിതരുടെ ഗ്രൂപ്പിൽ തുടരണം. 

സത്യത്തിൽ ഈ വിവാഹം എന്നത് വലിയൊരു ബന്ധനമാണ്. മംഗല്യച്ചരട് കൊണ്ട് ബന്ധിപ്പിക്കുന്നത്കൊണ്ടായിരിക്കും അതൊരു ബന്ധനമാകുന്നത്. കല്യാണത്തിനു ശേഷം സ്ത്രീക്ക് പുരുഷന്റെ താല്പര്യത്തിനും പുരുഷനു മറിച്ചും ജീവിക്കേണ്ടി വരുന്നതുകൊണ്ടാണ് ഇതൊരു ബന്ധനമാകുന്നത്. കല്യാണം ബന്ധനമാണെന്ന് എനിയ്ക്ക് മനസ്സിലായത് കല്യാണം കഴിഞ്ഞപ്പോഴാണ്. പക്ഷേ പിന്നെ അവിവാഹിതരുടെ ഗ്രൂപ്പിലേക്ക് മാറാൻ ഒരു വഴിയും ഇല്ല എന്ന് മുമ്പ് പറഞ്ഞതിൽ നിന്ന് വ്യക്തമല്ലേ?

ചിലർക്ക് ബന്ധനത്തിന്റെ ഈ കാര്യം മുൻകൂട്ടി കാണാനാകും. അങ്ങനെയാണ് ബഹുമാനപ്പെട്ട ഡോ. എ. പി. ജെ. അബ്ദുൾകലാം അവിവാഹിതനായി തുടർന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ഇഷ്ടം പോലെ ജീവിക്കാനായി. (ബന്ധനത്തിനു കാരണമൊന്നുമില്ലല്ലോ.)

മോടിയോടെ ജീവിക്കാൻ ഡാഡിയാകരുതെന്ന് കല്യാണം കഴിഞ്ഞപ്പോഴാണ് മോഡിക്ക് മനസ്സിലായത്. അതുകൊണ്ടാണ് മധുവിധു ആഘോഷിക്കാതെ അദ്ദേഹം വധുവിനെ നേരേ വധൂഗ്രഹത്തിലേക്ക് പറഞ്ഞു വിട്ടത്. അതുകൊണ്ടു തന്നെ ചായക്കച്ചവടം നിർത്തി പ്രധാനമന്ത്രിയാകാൻ അദ്ദേഹത്തിനു കഴിഞ്ഞു. അല്ലെങ്കിൽ അദ്ദേഹം ഇപ്പോൾ കോൺഗ്രസ്സാഫീന്റെ മുന്നിൽ പെട്ടിക്കടയും കൊണ്ടു കഴിഞ്ഞേനേ.

ഇനിയും വേറേ ചിലരുണ്ട്. അവർ കല്യാണം കഴിഞ്ഞു കുറേ കഴിഞ്ഞാൽ വിവാഹ മോചിതരാവും. ചിലർ പരസ്പരസമ്മതത്തോടെയായിരിക്കും; ചില മലയാളസിനിമാദമ്പതികളെ കണ്ടിട്ടില്ലേ? പരസ്പരസമ്മതമില്ലാതെയും വിവാഹമോചനമുണ്ട്; ഭാര്യക്ക് കാൻസറോ മാരകരോഗമോ വന്നതു കാരണം അവരെ ഉപേക്ഷിച്ച് വേറേ സുന്ദരിമാരെ കെട്ടിയവർ നമ്മുടെ ഇടയിൽ ഉണ്ടല്ലോ.

ഇനിയും ഒരു കൂട്ടരുണ്ട്. അവർ ഭാര്യയോ ഭർത്താവോ മരിക്കുവോളം ദാമ്പത്യം തുടരും. പരസ്പരം ഐക്യമുണ്ടായാലും ഇല്ലെങ്കിലും. പരസ്പരം പിരിഞ്ഞു എന്നൊക്കെ പറയുന്നത് ഒരു കുറച്ചിലായിട്ടാണ് അവർ കരുതുക. അതുകൊണ്ടു തന്നെ സമൂഹമദ്ധ്യത്തിൽ അവർ മാതൃകാദമ്പതികളും നല്ല കുടുംബം പുലർത്തുന്നവരുമായിരിക്കും. അവരാണ് സമൂഹത്തിൽ കൂടുതൽ... ഞാനൊക്കെ അതിൽ പെടുമെന്ന് പൊതുവായി പറയാം...

മാതൃകാപരമായ ദാമ്പത്യം നയിച്ച പ്രശസ്തർ ഏറെയാണ്. അവരിലൊരാളാണ് മരിച്ചുപോയ ഡോ. യു. ആർ. അനന്തമൂർത്തി. നരേന്ദ്രമോഡി പ്രധാനമന്ത്രിയായ ഒരു രാജ്യത്തു ജീവിക്കാൻ സാധ്യമല്ലെന്ന് ഡോ. യു. ആർ. അനന്തമൂർത്തി ഒരിക്കൽ പറയുകയുണ്ടായി. ഒരു പ്രവചനം പോലെയായിരുന്നു ആ പ്രഖ്യാപനം. മോഡി പ്രധാനമന്ത്രിയായതും അദ്ദേഹം മരിച്ചതും ഏതാണ്ടൊപ്പമായിരുന്നു. ജനപിന്തുണയുള്ള ഒരു നേതാവിനെതിരെ ഇങ്ങനെ അറുത്തുമുറിച്ചു പറയാൻ ഇത്തിരി ധൈര്യമൊക്കെ വേണം എന്നാണെന്റെ പക്ഷം. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഒരു ധീരനായിട്ടാണ് ഞാൻ കണക്കാക്കുന്നത്.

പ്രശസ്തനായ ചരിത്രകാരനാണ് എന്റെ നാട്ടുകാരനായ ഡോ. എം ജി. എസ്. നാരായണൻ.  അദ്ദേഹവും മാതൃകാപരമായ ദാമ്പത്യം നയിക്കുകയാവും...  ധാരാളം ചരിത്രഗവേഷണം നടത്തിയതാണ് അദ്ദേഹം. ധാരാളം പൈതൃകപഠനവും അദ്ദേഹം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിനെ  ഡോ. യു. ആർ. അനന്തമൂർത്തി അവാർഡിന് തെരഞ്ഞെടുത്തതായി ഈയിടെ പത്രത്തിൽ വായിച്ചു. സാഹിത്യത്തിലും വിദ്യാഭ്യാസത്തിലും രാഷ്ട്രീയത്തിലുമൊക്കെ പ്രവർത്തിച്ച അനന്തമൂർത്തിയുടെ സ്മരണക്കുള്ള അവാർഡ് ചരിത്രകാരനായ ഡോ. എം ജി. എസിനു കൊടുക്കാനുള്ള യുക്തി എനിയ്ക്കു മനസ്സിലായില്ല. എന്തെങ്കിലും കാരണമില്ലാതെ കൊടുക്കില്ലല്ലോ. അതെന്താണെന്നറിയാനുള്ള അടങ്ങാത്ത ഒരു ആഗ്രഹം എനിയ്ക്കുണ്ടായി. അങ്ങനെയാണ് ഞാൻ അതിന്റെ കാരണം കണ്ടെത്താൻ കിട്ടിയ പത്രമെല്ലാം മറിച്ചു നോക്കാൻ തുടങ്ങിയത്. മുട്ടുവിൻ, തുറക്കപ്പെടും എന്നല്ലേ? എനിയ്ക്ക് അതിന്റെ ഉത്തരം കിട്ടുക തന്നെ ചെയ്തു.

അനന്തമൂർത്തി ഒരു ധീരനായിരുന്നു എന്നു ഞാൻ പറഞ്ഞല്ലോ. അതേ പോലൊരു ധൈര്യം ഡോ. എം. ജി. എസ്സും ഈയിടെ കാണിക്കുകയുണ്ടായി. അതുകാരണമായിരിക്കും ധീരനായ അദ്ദേഹത്തിനു ധീരമായ അനന്തമൂർത്തി അവാർഡ് കിട്ടിയതെന്ന് ഞാൻ തീരുമാനിക്കുകയും ചെയ്തു. ഡോ. എം ജി. എസ്.  കാട്ടിയ ധൈര്യം എന്തെന്നല്ലേ?  അതൊരു പ്രസ്താവനയായിരുന്നു.  അതിങ്ങനെയാണ്.

"സമൂഹത്തിലെ ഏറ്റവും കൃത്രിമമായതും കാപട്യം നിറഞ്ഞതുമായ സ്ഥപനമാണ് വിവാഹം. ഒരിയ്ക്കലും ഒരു സ്ത്രീക്കും പുരുഷനും ആജീവനാന്തം ആത്മാർത്ഥതയോടെ ഒരുമിച്ചു കഴിയാനാവില്ല.  ഇവിടെ ദമ്പതിമാരിൽ 90 ശതമാനവും സ്നേഹം എന്തെന്നറിയാതെ കഴിയുന്നവരാണ്."(Mathrbhoomi Delhi Edition dated 12/09/2015)

എന്തൊരു ധീരമായ പ്രഖ്യാപനം... ഒന്നുകിൽ അദ്ദേഹം സ്വന്തം ജീവിതം തന്നെയായിരിക്കും ഈ പ്രഖ്യാപനത്തിനടിസ്ഥാനമാക്കിയിരിക്കുക. ധൈര്യമില്ലാത്തവർക്കങ്ങനെ പറയാൻ പറ്റുമോ? (അദ്ദേഹത്തിന്റെ ഭാര്യ കേട്ടാൽ അവർക്കെന്തു തോന്നും? വീണ്ടും അവരുടെ മുഖത്തു നോക്കണ്ടേ?) അല്ലെങ്കിൽ അദ്ദേഹം ദാമ്പത്യചരിത്രത്തിലും നല്ല പോലെ ഗവേഷണം നടത്തിക്കാണും.  അങ്ങനെയെങ്കിൽ തികച്ചും സത്യമെന്നു തെളിഞ്ഞശേഷമായിരിക്കും അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയിരിക്കുക. രണ്ടായാലും ഞാൻ അദ്ദേഹത്തിന്റെ ഈ പ്രസ്താവനക്ക് പരിപൂർണ്ണ പിന്തുണ നൽകുന്നു. അദ്ദേഹത്തിനു കിട്ടിയ ഈ അവാർഡിൽ സന്തോഷിക്കുകയും ചെയ്യുന്നു.

വിവാഹം ഇങ്ങനെ കൃത്രിമവും കപടവും ആണെങ്കിൽ അതിനൊരു തിരുത്ത് വേണ്ടേ? കാപട്യവും കൃത്രിമത്വവും ഇല്ലാതാക്കണ്ടേ? വേണം. അതിന്റെ മാർഗ്ഗവും അദ്ദേഹം ഭംഗ്യന്തരേണ സൂചിപ്പിക്കുന്നുണ്ട്. 
                                                                           
                                                                            ............... തുടരും ........... ഈ ദാമ്പത്യചരിത്രം.....

2015 സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

വെള്ളാപ്പള്ളി നടേശഗുരുവും ചെമ്പഴന്തി നാണുഗുരുവും

നോബൽ സമ്മാനം എന്നു കേൾക്കാത്തവരുണ്ടോ? ഒരു സമ്മാനം കിട്ടിയാൽ തലമുറകൾക്ക് സുഖമായി ജീവിക്കാം.... ആൽഫ്രഡ് നോബൽ തന്റെ പേരിൽ സമ്മാനങ്ങൾ ഏർപ്പെടുത്താനുള്ള കാരണം അദ്ദേഹത്തിന്റെ കണ്ടുപിടുത്തമായ ഡൈനാമിറ്റായിരുന്നില്ല. മറിച്ച് മനുഷ്യരെ പരസ്പരം കൊന്നൊടുക്കാൻ വേണ്ടി രാഷ്ട്രങ്ങൾ ഈ ഡൈനാമിറ്റിനെ ഉപയോഗിച്ചതും താനാണല്ലോ അതിനുള്ള കാരണക്കാരൻ എന്ന അദ്ദേഹത്തിന്റെ തിരിച്ചറിവും ആയിരുന്നു. ഒരിക്കൽ കണ്ടുപിടിച്ചു കഴിഞ്ഞാൽ പിന്നെ അതിന്റെ കണ്ടുപിടുത്തം ഇല്ലാതാക്കാനാകില്ലല്ലോ. കണക്കറ്റ കൊലപാതകങ്ങൾക്ക് ഡൈനാമിറ്റ് കാരണമായതിന്റെ പ്രായശ്ചിത്തമായിരുന്നു ഈ നോബൽ സമ്മാനങ്ങൾ. സമാധാനത്തിനു വേണ്ടി ശ്രമിക്കുക എന്നല്ലാതെ കണ്ടുപിടുത്തം ഇല്ലാതാക്കാൻ അദ്ദേഹത്തിനാകുമായിരുന്നില്ല.

അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞ ബ്രാഹ്മണസമൂഹത്തെ നല്ലൊരു മനുഷ്യസമൂഹമാക്കുക എന്നതിനായിരുന്നു മഹാനായ വി. ടി. ഭട്ടതിരിപ്പാട് തന്റെ ജീവിതം ഉഴിഞ്ഞു വച്ചത്. “ബ്രാഹ്മണരെ മനുഷ്യരാക്കുക” എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം.. പക്ഷേ അദ്ദേഹത്തിന്റെ ജീവിതം അവസാനിക്കുന്നതിനു മുമ്പ് മനുഷ്യ സമൂഹത്തിൽ മൊത്തമായി പല തരത്തിലുള്ള ദുഷിച്ച പ്രവണതകളും ഉടലെടുത്തിരുന്നു. ഒടുവിൽ മരിക്കുന്നതിനു മുമ്പ് അദ്ദേഹം പറഞ്ഞത് ഇനിയൊരു അവസരം കിട്ടിയാൽ “മനുഷ്യരെ ബ്രാഹ്മണരാക്കുക” എന്നതായിരിക്കും തന്റെ ലക്ഷ്യമെന്നാണ്‌. ഒന്നാലോചിച്ചാൽ അദ്ദേഹത്തിന്റേയും ആൽഫ്രഡ് നോബലിന്റേയും അന്ത്യകാലചിന്തകൾ തങ്ങളുടെ പ്രവർത്തികൾക്കെതിരായിരുന്നു.

ലോകോത്തര ശാസ്ത്രജ്ഞൻ ആയിരുന്നല്ലോ ഐൻസ്റ്റൈൻ. അദ്ദേഹം അവസാനകാലത്തു പറഞ്ഞത് “എനിയ്ക്ക് ഇനിയൊരു യൗവ്വനം ഉണ്ടായാൽ വല്ല തെരുവുകച്ചവടക്കാരനായോ മറ്റോ ജീവിക്കുകയേ ഉള്ളൂ” എന്നാണെന്ന് എവിടേയോ വായിച്ചിട്ടുണ്ട്. അത് ശരിയാണെങ്കിൽ അദ്ദേഹത്തിന്റെ മനോഗതി ഭട്ടതിരിപ്പാടിന്റേയും നോബലിന്റേയും അവസാനകാല കാഴ്ചപ്പാടിൽ നിന്നും വ്യത്യസ്ഥമല്ലെന്നു വരുന്നു. ജനങ്ങളുടെ നീതിബോധത്തിലും ജീവിതവീക്ഷണങ്ങളിലും വന്ന അസഹനീയമായ വ്യതിയാനം തന്നെയായിരിക്കും അദ്ദേഹത്തിലും ഈ ചിന്ത ഉണ്ടാക്കിയിരിക്കുക.

വി. ടി. ജനിച്ച ബ്രാഹ്മണസമുദായത്തിൽ പെട്ട അരീക്കര ഇല്ലത്തു രാമൻ നമ്പൂതിരിയുടെ പൗത്രനായതു കൊണ്ടാണോ, അതോ ഐൻസ്റ്റൈനെപ്പോലെ ശാസ്ത്രജ്ഞനല്ലെങ്കിലും ഭാരത് സർക്കാറിന്റെ കീഴിൽ ‘ശാസ്ത്രജ്ഞൻ’ എന്ന ഔദ്യോഗികനാമത്തിൽ ജോലി ചെയ്യുന്നതുകൊണ്ടാണോ എന്നറിയില്ല ഞാനും തീർച്ചയാക്കിയിരിക്കുന്നത് ഇനിയൊരു ബാല്യമുണ്ടെങ്കിൽ ഒരു തെങ്ങുകയറ്റക്കാരനായി ജീവിക്കുമെന്നാണ്‌. (എന്താ ഇപ്പോൾ തെങ്ങുകയറ്റക്കാരുടെ ഒരു കൂലി!) പക്ഷേ അന്ന് കേരളത്തിൽ തെങ്ങും ഇന്ത്യയിൽ കേരളവും ഉണ്ടായിരിക്കുമോ എന്ന പേടിയാണ്‌ ഇപ്പോൾ മനസ്സിലുള്ളത്.

കേരളം ഭ്രാന്താലയമാണെന്ന് സ്വാമി വിവേകാനന്ദൻ പണ്ടു പറഞ്ഞതാണോർമ്മ വരുന്നത്. കേരളത്തിലെ ജാതിചിന്തയും അനാചാരങ്ങളും അസഹനീയമാം വണ്ണം ഹിന്ദുസമൂഹത്തിൽ ആഴ്ന്നിറങ്ങിയപ്പോഴായിരുന്നു അദ്ദേഹം ഇതു പറഞ്ഞത്. നമ്പൂതിരിക്ക് നായാടിയെ കണ്ടുകൂട, അവർണ്ണർ(?)ക്ക് ക്ഷേത്രത്തിൽ കയറിക്കൂടാ എന്നൊക്കെയുള്ള വിവേചനങ്ങൾ സമൂഹത്തിൽ അധികരിച്ചതു മൂലം മനുഷ്യൻ എന്ന സങ്കല്പം തന്നെ ചോദ്യം ചെയ്യപ്പെട്ടു.

“യഥാ ഹി ധർമ്മസ്യ ഗ്ളാനിർ ഭവതി ഭാരത: അഭ്യുത്ഥാനം അധർമ്മസ്യ തദാത്മാനം സൃജാമ്യഹം” എന്നാണല്ലോ പ്രമാണം. കേരളത്തിലെ ഈ അധർമ്മത്തെ ഉന്മൂലനം ചെയ്യാൻ ഭഗവാൻ അവതരിക്കുക തന്നെ ചെയ്തു. ചെമ്പഴന്തിയിൽ നാരായണഗുരുവിന്റെ രൂപത്തിലായിരുന്നു ഭഗവാന്റെ അവതാരം. ശ്രീകൃഷ്ണൻ യാദവകുലത്തിൽ ജനിച്ചതുപോലെ നാരായണഗുരുവും താരതമ്യേന താഴ്ന്ന ജാതിയായ ഈഴവകുലത്തിലാണ്‌ ജനിച്ചത്. അദ്ദേഹം ചിന്തയും തപസ്സും അനുഷ്ടിച്ച ശേഷം, ഉന്നതകുലജാതരെ ബുദ്ധിമുട്ടിക്കാതെ അവർണ്ണർക്ക് പ്രാർത്ഥിക്കാൻ ഒരു ശിവലിംഗപ്രതിഷ്ഠ നടത്തി. ഇതു കണ്ട് സവർണ്ണർക്ക് വിറളി പിടിച്ചത്രെ. ശിവക്ഷേത്രം നിർമ്മിക്കാൻ തനിക്കാരാണ്‌ അനുമതി തന്നത് എന്നായത്രെ സവർണ്ണർ. താൻ പ്രതിഷ്ഠിച്ചത് ഈഴവശ്ശിവനെയാണ്‌ എന്ന വിപ്ളവാത്മകമായ മറുപടിയാണ്‌ അപ്പോൾ അദ്ദേഹം മുന്നോട്ടു വച്ചത്. (ഈഴവശിവനെ പ്രതിഷ്ഠിക്കുമ്പോൾ അദ്ദേഹം ഈഴവപൂണൂൽ ധരിച്ചിരുന്നോ എന്ന കാര്യം ചരിത്രം രേഖപ്പെടുത്തിയിട്ടില്ല.) എന്തായാലും ഇത്രയും വിപ്ളവാത്മകമായ ഒരു ചിന്തയോ പ്രവർത്തിയോ മറുപടിയോ മറ്റൊരു മഹാത്മാവിൽ നിന്നും അതുവരെ ഉണ്ടായിട്ടില്ലായിരുന്നു. അതുകൊണ്ടു തന്നെ ഈഴവരായ ഈഴവരെല്ലാം താമസം വിനാ വിപ്ളവപാർട്ടിയായ മാർക്സിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുക്കുകയും ചെയ്തു. വിപ്ളവകാരികൾ ഒന്നിച്ചു പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയായിരുന്നുവല്ലോ.

അതിനു ശേഷം ഈഴവർ കൂട്ടത്തോടെ മാർക്സിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്തെങ്കിലും ഈഴവസമുദായത്തിന്റെ ഉന്നമനത്തിന്‌ പാർട്ടി വലുതായൊന്നും ചെയ്തില്ല എന്നു വേണം കരുതാൻ. ഈഴവരെ തങ്ങളുടെ വോട്ട്ബാങ്കായി കണ്ട പാർട്ടി ഗുരുവിന്റെ പേരിൽ ഒരു സർവ്വകലാശാല സ്ഥാപിക്കാനോ മഹത്തായ ഒരു സ്മാരകം തീർക്കാനോ മെനക്കെട്ടില്ല. തെങ്ങു കയറിയും കള്ളു ചെത്തിയും ഈഴവർ ഉപജീവനം കഴിച്ചു. ഈഴവർക്ക് സാമ്പത്തിക വളർച്ച ഉണ്ടായില്ലെങ്കിലും കാലക്രമേണ മറ്റു മതങ്ങൾ നല്ല പോലെ കേരളത്തിൽ ‘പച്ച’ പിടിച്ചു.

വി.ടി. ഒരു സമുദായത്തിൽ മാത്രം പ്രവർത്തിച്ചതുകൊണ്ട് അദ്ദേഹത്തിനു സമൂഹത്തിൽ വന്ന മാറ്റങ്ങൾ വേഗത്തിൽ മനസ്സിലാക്കാനായി. അതുകൊണ്ടു തന്നെ ചിന്തകളിൽ, വേണ്ട മാറ്റം വരുത്തുവാൻ അദ്ദേഹത്തിനായി. എന്നാൽ ശ്രീനാരായണഗുരു സമൂഹത്തിലും സംസ്ഥാനത്തും മൊത്തമായി പ്രവർത്തിച്ചതുകാരണം നാട്ടിലുണ്ടായ രാഷ്ട്രീയ ഉച്ചനീചത്വങ്ങൾ അദ്ദേഹത്തിനു മനസ്സിലാക്കാൻ പറ്റിയില്ല. അതുകൊണ്ടു തന്നെ സമാധിയാകുന്നതു വരെ “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന” കേരളത്തിനായി അദ്ദേഹം ശ്രമിച്ചു. എങ്കിലും, നമ്പൂതിരി മുതൽ നായാടി വരെയുള്ള ഹിന്ദുസമൂഹം ഒത്തൊരുമയോടെ പ്രവർത്തിച്ചില്ലെങ്കിൽ കേരളം മറ്റൊരു ഭ്രാന്താലയമാകുന്ന ചുറ്റുപാടുകളാണ്‌ ഉള്ളതെന്ന് തല്പരകക്ഷികൾ മനസ്സിലാക്കി.

കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു. അധർമ്മത്തെ നീക്കി ധർമ്മസംസ്ഥാപനം നടത്താൻ വേണ്ടത് ഒരു പുനരവതാരം മാത്രമാണല്ലോ. ഭഗവാൻ വീണ്ടും അവതരിക്കുക തന്നെ ചെയ്തു. വെള്ളാപ്പള്ളി നടേശഗുരുവിന്റെ രൂപത്തിലായിരുന്നു ഇത്തവണ ഭഗവാന്റെ അവതാരം. ആലപ്പുഴയിൽ കുളിച്ചു തൊഴുത് നെറ്റിയിൽ കുറി തൊട്ട് അദ്ദേഹം ഹിന്ദുസമൂഹത്തിന്റെ ഐക്യത്തിനായി മുന്നിട്ടിറങ്ങുക തന്നെ ചെയ്തു. ഇനിയെല്ലാം ഭഗവാൻ നിശ്ചയിക്കുന്നതു പോലെ...

2015 സെപ്റ്റംബർ 3, വ്യാഴാഴ്‌ച

കല്പവസ്തു

പണ്ടൊരു കുട്ടിയോട് പശുവിനെ കുറിച്ച് ഒരു പ്രബന്ധമെഴുതാൻ പറഞ്ഞപ്പോൾ പശുവിനെ സാധാരണയായി തെങ്ങിലാണ്‌ കെട്ടുക എന്നെഴുതി പിന്നീടങ്ങോട്ട് തെങ്ങിനെക്കുറിച്ചെഴുതിയത്രെ. പശുവിനെക്കുറിച്ചറിയാത്തവനും തെങ്ങിനെക്കുറിച്ചറിയും എന്നതു കൊണ്ടാകണം ഇങ്ങനെ സംഭവിച്ചത്. എന്നാൽ ഇന്ന് കാര്യം വ്യത്യസ്തമാണ്‌. ഇന്നാരെങ്കിലും പശുവിനെക്കുറിച്ചെഴുതാൻ പറഞ്ഞാൽ പശുവിനെ കൊല്ലുന്നത് ഇന്ത്യയിൽ നിരോധിച്ചിട്ടാണ്‌ ഉള്ളത്; ഇങ്ങനെ ചെയ്തത് നരേന്ദ്രമോഡിയാണ്‌; ആർ എസ് എസ് എന്ന ഭീകരസംഘടനയാണ്‌ ഇതിന്റെ പിന്നിൽ എന്നൊക്കെയുള്ള കാര്യങ്ങളാകും എഴുതുക. നാട്ടിൽ പ്രചരിപ്പിക്കുന്ന കാര്യങ്ങളാണല്ലോ കുട്ടികൾ മനസ്സിലാക്കുക.

അതെന്തായാലും ഞാൻ പറഞ്ഞുവരുന്നത് തെങ്ങിനെക്കുറിച്ചാണ്‌. കല്പവൃക്ഷം എന്നല്ലേ അതിനെ നമ്മൾ പറയുന്നത്? തെങ്ങിന്റെ വേരു മുതൽ ഓല വരെ എല്ലാ ഭാഗങ്ങളും നമുക്ക് വളരെയധികം പ്രയോജനം ചെയ്യും എന്നതിനാലാണ്‌ നമ്മൾ അങ്ങനെ കല്പവൃക്ഷം എന്നു പറയുന്നത്.

ഞാനാലോചിച്ചു; തെങ്ങിന്റെ ഓല കൊണ്ടുള്ള ഉപയോഗങ്ങൾ.... പണ്ടാണെങ്കിൽ പുരകെട്ടാൻ ഓല നിർബ്ബന്ധമായിരുന്നു. പല തരത്തിൽ ഓല മെടഞ്ഞുണ്ടാക്കുമായിരുന്നു. പന്തലിടാനും ഷെഡ് കെട്ടാനും പറമ്പിൽ കക്കൂസ് കെട്ടാനും... എന്തിന്‌, ഓലപ്പന്തുണ്ടാക്കാനും പല തരം കളിപ്പാട്ടങ്ങളുണ്ടാക്കാനും ഓല ആവശ്യമായിരുന്നു. ഒന്നാന്തരം വിറകായും ഓല ഉപയോഗിച്ചിരുന്നു. അടുക്കളയിൽ, അടുപ്പിൽ തീ പടർന്നു പിടിക്കാൻ ആദ്യം വേണ്ടിയിരുന്നത് ഉണങ്ങിയ ഓലയായിരുന്നു. കുരുത്തോല കൊണ്ടും ഉണ്ടായിരുന്നു പല തരം ഉപയോഗങ്ങൾ.

ഇന്നിപ്പോൾ ഓലയുടെ ആവശ്യം എന്താണ്‌? ഒന്നുമില്ല. സത്യത്തിൽ അതൊരു സ്ഥലം മുടക്കിയാണിപ്പോൾ. ആരെങ്കിലും ഓല കൊണ്ട് പുര കെട്ടാറുണ്ടോ? ഇല്ല. ആരെങ്കിലും പന്തലിടാനോ ഷെഡ് കെട്ടാനോ ഓല ഉപയോഗിക്കാറുണ്ടോ? ഇല്ല. ആരെങ്കിലും ഓലയിൽ നിന്നുണ്ടാക്കുന്ന ഈർക്കിൽ ചൂലുകൾ ഉപയോഗിക്കുന്നുണ്ടോ? ഇല്ല. ഇമ്മാതിരി ആവശ്യങ്ങൾക്കെല്ലാം ഇപ്പോൾ ഉപയോഗിക്കുന്നത് പ്ളാസ്റ്റിക് ഉത്പന്നങ്ങളാണ്‌. എവിടെയും പന്തലിടാനും ഷെഡ് കെട്ടാനും ഉപയോഗിക്കുന്നത് നല്ല നീലനിറമുള്ള പ്ളാസ്റ്റിക് ഷീറ്റുകളാണ്‌. കുരുത്തോലയുടെ ഉപയോഗത്തിന്‌ ചൈനീസ് നിർമ്മിതമായ നല്ല പ്ളാസ്റ്റിക് കുരുത്തോലകൾ മാർക്കറ്റിൽ ഉണ്ടായിരിക്കും. തെങ്ങോല കൊണ്ടുള്ള കിടക്കപ്പായ ഇപ്പോൾ കിട്ടാൻ പ്രയാസം; ഒക്കെ പ്ളാസ്റ്റിക്കിലല്ലേ ഇപ്പോൾ?

പണ്ടൊക്കെ പല്ലുതേച്ചു കഴിഞ്ഞാൽ ഈർക്കിൽ കൊണ്ടാണ്‌ നാവു വൃത്തിയാക്കിയിരുന്നത്. ആ സ്ഥാനം ഇപ്പോൾ പ്ളാസ്റ്റിക് കരസ്ഥമാക്കിയിരിക്കുന്നു.

പണ്ടു ചിരട്ട കൊണ്ട് ഹൃദ്യമായ എന്തെല്ലാം കൗതുകവസ്തുക്കൾ ഉണ്ടാക്കിയിരുന്നു. ഇന്നു ചിരട്ടയെവിടെ? കൗതുകവസ്തുക്കളെല്ലാം ഇന്ന്‌ പ്ളാസ്റ്റിക്കിലല്ലേ ഉണ്ടാക്കുന്നത്?

പണ്ടൊക്കെ വീടിന്റെ മുറ്റത്ത് നല്ല ഭംഗിയുള്ള ചെറിയ ചെന്തെങ്ങുകൾ കാണുമായിരുന്നു. ചെന്തെങ്ങിന്റെ നാളികേരം കാണാൻ എന്തു ഭംഗിയാണ്‌! ഇന്നതൊക്കെ പോയി. പ്ളാസ്റ്റിക്കിലുള്ള ചെറിയ തെങ്ങുകൾ പ്ളാസ്റ്റിക്കു കൊണ്ടുണ്ടാക്കിയത് ചിലരുടെ സ്വീകരണമുറികളിൽ ഇപ്പോൾ കാണാറുണ്ട്; അത്ര മാത്രം....

പണ്ടൊക്കെ മരപ്പണിക്ക് തെങ്ങിന്റെ തടി ഉപയോഗിക്കുമായിരുന്നു. കട്ടിലിന്റെ അഴികളുണ്ടാക്കാനും കോണിപ്പടികളുടെ പിടികൾ ഉണ്ടാക്കാനും തെങ്ങു വേണമായിരുന്നു. നല്ല മൂത്ത തെങ്ങിൻ തടി നല്ല ആരുള്ളതാണെങ്കിലും നല്ല ഉറപ്പും ഭംഗിയും ഉള്ളതായിരുന്നു. വാർണീഷ് ഇട്ടുകൊടുത്താൽ ഒരുകാലത്തും കേടുവരാത്തതായിരുന്നു ഈ തെങ്ങിൻ തടികൾ. ഇന്നിപ്പോൾ തെങ്ങിൻ തടി ആർക്കും വേണ്ട. അതിനു പകരം എന്തെല്ലാം വസ്തുക്കളുണ്ടിന്ന്‌!

കല്പവസ്തു എന്നു പറഞ്ഞാൽ മലയാളിക്ക് മനസ്സിലാകില്ല; മനസ്സിലാകണമെങ്കിൽ കല്പവൃക്ഷം എന്നു വേണം പറയാൻ. അങ്ങനെയാണല്ലോ തെങ്ങിനെക്കുറിച്ച് നമ്മളെ പഠിപ്പിച്ചു വിട്ടിരിക്കുന്നത്? പക്ഷേ, കല്പവൃക്ഷം എന്ന തെങ്ങല്ല ഞാൻ കല്പവസ്തു കൊണ്ടുദ്ദേശിച്ചത്; മറിച്ച് എന്തിനും ഏതിനും എപ്പോഴും സുലഭമായി ലഭ്യമായ പ്ളാസ്റ്റിക്കുകളെക്കുറിച്ചാണ്‌. പ്‌ളാസ്റ്റിക്കാണല്ലോ ഇന്ന് മലയാളിയുടേയും ഭാരതീയന്റേയും എല്ലാ ഭൗതികാവശ്യങ്ങളും ക്ഷണനേരം കൊണ്ട് സാധിച്ചു തരുന്നത്!  ഭൂമിയും പ്രകൃതിയും പരിസരവും നശിച്ചാലും ആഗ്രഹങ്ങൾക്കും സൗകര്യങ്ങൾക്കുമാണല്ലോ ഇന്ന് ജീവിതത്തിൽ പ്രാധാന്യം.