2008, സെപ്റ്റംബർ 2, ചൊവ്വാഴ്ച

ഓണത്തിനൊരു പാചകവിധി

എല്ലാ ബ്ലോഗ്‌ പുലികളും ഇപ്പോള്‍ ഓണം പ്രമാണിച്ചുള്ള പാചകവിധി തയ്യാറാക്കുന്ന തിരക്കിലായിരിക്കുമല്ലോ!
ആന പിണ്ടി ഇടുന്നു എന്നു വച്ച്‌ മുയല്‍ തന്റെ കാര്യം സാധിക്കാതിരിക്കാറില്ലല്ലോ.
അതുപോലെ തന്നെ ഞാനും.
ഓണം പ്രമാണിച്ചുള്ള എന്റെ ഒരു പാചകവിധി ഇതാ താഴെ കൊടുക്കുന്നു.
ഇതു പക്ഷേ പ്രവാസി മലയാളികള്‍ അധികമായുള്ള ഗള്‍ഫ്‌ രാജ്യങ്ങളുടെ കാലാവസ്ഥയ്ക്ക്‌ ചേര്‍ന്ന പാചകവിധിയല്ല. കേരളത്തിലാണെങ്കില്‍ മഴയും മഞ്ഞും പെയ്യുന്ന സമയത്തും കേരളത്തിനു പുറത്താണെങ്കില്‍ സൈബീരിയ പോലുള്ള സ്ഥലത്തുമൊക്കെയാണ്‌ ഈ പാചകവിധി പ്രയോജനം ചെയ്യുക.
പിന്നെ ഇതിനു ചില ബുദ്ധിമുട്ടുകളൊക്കെയുണ്ട്‌. അതുകൊണ്ട്‌ ആധുനികരീതിയില്‍ പാചകം ചെയ്യുന്നവര്‍ ഈ റെസീപ്പി ഒഴിവാക്കുന്നതാണ്‌ നല്ലത്‌. പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ കാരണം ഇത്‌ മൈക്രോവെയ്‌വ്‌ അവന്‍, ഇന്‍ഡക്‌ഷന്‍ ഹീറ്റര്‍ തുടങ്ങിയ അടുപ്പുകളില്‍ പാചകം ചെയ്യാന്‍ പറ്റില്ല. മാത്രമല്ല പാരമ്പര്യവിധിപ്രകാരം ചെയ്യേണ്ടതായതിനാല്‍ ഇലക്‌ട്രിക്‌ ഹീറ്റര്‍, ഗാസ്‌ സ്റ്റൗ എന്നിവയും ഉപയോഗിച്ചുകൂടാ. ചുരുക്കത്തില്‍ പറഞ്ഞാല്‍, നല്ല നാടന്‍ വിറകടുപ്പു തന്നെ വേണം എന്നു സാരം. എന്നാലേ വേണ്ടത്ര രുചിയും മണവും ഉണ്ടാവുകയുള്ളൂ.

പാചകം ചെയ്യേണ്ട വിധം.
-------------------------
ആദ്യമായി അത്യാവശ്യം വേണ്ട സാധനങ്ങള്‍ ഒരുക്കി വയ്ക്കുക.

൧) നല്ലപോലെ കൊത്തി അരിഞ്ഞ സവാള, ഒരു കരണ്ടി --- ആവശ്യമില്ല.
൨) അഞ്ചു കോഴിമുട്ട വേവിച്ച്‌ അതിലെ രണ്ടെണ്ണമെടുത്ത്‌ തൊലി കളഞ്ഞെടുക്കുന്ന മഞ്ഞക്കരു -- അതും ആവശ്യമില്ല.
൩) ശുദ്ധവെള്ളം ---ഏഴര ലിറ്റര്‍ (ഫില്‍ട്ടര്‍ ചെയ്തതാണെങ്കില്‍ പാചകത്തിന്‌ ഗുണം കൂടും)
൪) നല്ല പോലെ ഉണങ്ങിയ വിറക്‌ - ഒരു കെട്ട്‌
൫) നല്ല പോലെ ഉണങ്ങിയ തെങ്ങോല, അടുപ്പ്‌ കത്തിച്ചു തുടങ്ങാനാണിത്‌.
൭) ഉണങ്ങിയ ചകിരി, ചിരട്ട എന്നിവ ആവശ്യാനുസരണം.
൮) ബോഷ്‌ & ലോമ്പിന്റെ കോണ്ടാക്റ്റ്‌ ലെന്‍സ്‌ സൊലൂഷന്റെ ഒഴിഞ്ഞ കുപ്പിയില്‍ നിറച്ചു വച്ച മണ്ണെണ്ണ - സൗകര്യത്തിന്‌ മാത്രം.
൯) ഏഴര ലിറ്റര്‍ വെളളം കൊള്ളുന്ന ഉരുളി --- ഒരെണ്ണം.
൧൦) ഒരു മണ്ണെണ്ണ വിളക്ക്‌.
൧൧) കൈക്കിലത്തുണി - രണ്ട്‌ കഷണം.

ഇനി പാചകം തുടങ്ങാം.
ആദ്യമായി ഉരുളിയില്‍ ഏഴര ലിറ്റര്‍ ജലം എടുക്കുക. അടുപ്പില്‍ ഓലക്കൊടി വയ്ക്കുക. ആവശ്യത്തിന്‌ ചകിരിയും ചിരട്ടയും അടുപ്പിലിടാവുന്നതാണ്‌. പിന്നീട്‌ തീപ്പെട്ടി ഉരച്ച്‌ മണ്ണെന്ന വിളക്ക്‌ കത്തിക്കുക. ബോഷ്‌ & ലോമ്പിന്റെ കുപ്പിയില്‍ നിന്നും കുറച്ച്‌ മണ്ണെണ്ണ അടുപ്പിലേക്ക്‌ പീച്ചുക. എന്നിട്ട്‌ മണ്ണെണ്ണ വിളക്കുപയോഗിച്ച്‌ അടുപ്പു കത്തിക്കുക.

വിറക്‌ നല്ലപോലെ കത്തുന്നതു വരെ വിറക്‌ ഇളക്കിക്കൊടുക്കുകയോ മണ്ണെണ്ണ പീച്ചുകയോ ചെയ്യാം. പിന്നീട്‌ വെള്ളമുള്ള ഉരുളി അടുപ്പത്തു വയ്ക്കുക.

അടുപ്പും വിറകും എല്ലാം കൈകാര്യം ചെയ്യുന്നത്‌ അപകടകരമായതിനാല്‍ അടുപ്പിനോട്‌ ഏറ്റവും അടുത്തുള്ള കുളിമുറിയില്‍ ഒരു വലിയ വട്ടക്കാതന്‍ ചെമ്പില്‍ മുക്കാല്‍ ഭാഗത്തോളം വെള്ളം ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ നിറച്ചു വയ്ക്കാന്‍ അമാന്തിക്കരുത്‌.

വിറക്‌ കത്തിച്ചുകൊണ്ടേ ഇരിക്കുക. വെള്ളം (ഉരുളി) അടച്ചുവയ്ക്കേണ്ടതില്ല. വിറകു കത്തുമ്പോള്‍ പൊങ്ങിപ്പറക്കുന്ന ചാരത്തിന്റെ അവശിഷ്ടങ്ങള്‍ വെള്ളത്തില്‍ വീഴുന്നത്‌ ദോഷം ചെയ്യില്ല. അത്‌ പ്രാകൃതികമായ ഒരു ചേരുവയായിക്കൂട്ടിയാല്‍ മതി.
വിറക്‌ തീരുന്നതിനനുസരിച്ച്‌ തൊണ്ടും ചിരട്ടയും അടുപ്പില്‍ ഇട്ടുകൊണ്ടിരിക്കണം. ഇടയ്ക്കിടയ്ക്ക്‌ വെള്ളം വിരല്‍ കൊണ്ട്‌ തൊട്ടുനോക്കണം. വെള്ളം ചൂടാകുന്നു എന്നുറപ്പു വരുത്താനാണിത്‌.
കുറേ കഴിയുമ്പോള്‍ വെള്ളം മൂളാന്‍ തുടങ്ങും. തീ ശരിയായി കത്തുന്നു എന്നതിന്റെ ലക്ഷണമാണിത്‌.
തീ കത്തിയ്ക്കുന്നത്‌ തുടരുക. കുറേ കഴിയുമ്പോള്‍ വെള്ളം തിളയ്ക്കാന്‍ തുടങ്ങും.
അല്‍പ്പ നേരം കൂടി കാത്തിരിക്കുക. അപ്പോള്‍ വെള്ളം വെട്ടിവെട്ടിത്തിളയ്ക്കും. ഈ സമയത്ത്‌ കൈക്കിലത്തുണി ഉപയോഗിച്ച്‌ ഉരുളി അടുപ്പത്തുനിന്നും എടുത്ത്‌ അതിലെ വെള്ളം കുളിമുറിയില്‍ പിടിച്ചു വച്ചിരിക്കുന്ന വെള്ളത്തിലേക്കൊഴിക്കുക.

സുഖശീതളമായ കുളിവെള്ളം തയ്യാര്‍!!!!!!!!!!!

പോസ്റ്റ്‌ സ്ക്രിപ്റ്റ്‌: പാചകം തുടങ്ങിക്കഴിയുമ്പോള്ള സംശയനിവാരണത്തിന്‌ ആള്‍രൂപന്‍@ജീമെയില്‍.കോം എന്ന അഡ്രസ്സില്‍ ബന്ധപ്പെടാവുന്നതാണ്‌.

14 അഭിപ്രായങ്ങൾ:

My random thoughts പറഞ്ഞു...

ഹാവൂ, ഇന്ന് സുഖമായി കുളിച്ചു.

നരിക്കുന്നൻ പറഞ്ഞു...

ഇവിടെ ഗൾഫിലും ചിലപ്പോഴൊക്കെ ഇതാവശ്യം വരാറുണ്ട്. വർഷത്തിൽ രണ്ട് മാസം മാത്രം.. എങ്കിലും സാദാ അടുപ്പും, വിറകും, ഓലക്കൊടിയുമൊന്നും ഇവിടെ കിട്ടാത്തത് കൊണ്ട് തൽക്കാലം ഹീറ്ററുപയോഗിക്കാം....അല്ലേ....ബൂലോഗത്തെ വളരെ വിത്യസ്തമായ ഒരു പാചകക്കുറിപ്പ് ഇഷടപ്പെട്ടു...

ആൾരൂപൻ പറഞ്ഞു...

'പ്രകൃതിഭോജനം' എന്ന പുസ്തകത്തില്‍ ഹീറ്റര്‍ പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷേ, പ്രവാസി, പ്രയാസി, ഗര്‍ഭിണി എന്നിവര്‍ക്ക്‌ വേണമെങ്കില്‍ അങ്ങനെ ഒരു ഇളവ്‌ കൊടുക്കാമെന്ന് 'പ്രകൃതിജീവനം' എന്ന പുസ്തകത്തിന്റെ അനുബന്ധം-2ബി-യില്‍ പറഞ്ഞിട്ടുണ്ട്‌. അതുകൊണ്ട്‌ ഹീറ്റര്‍ ഉപയോഗിച്ചോളൂ, പക്ഷേ വെള്ളം തിളപ്പിക്കാന്‍ പ്ലാസ്റ്റിക്‌ ബക്കറ്റ്‌ ഉപയോഗിക്കരുത്‌.
ഏതായാലും ഈ പാചകവിധിയ്ക്ക്‌ ഒരു വിധിയെഴുതിയ താങ്കള്‍ക്ക്‌ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ അര്‍പ്പിക്കാന്‍ ഞാന്‍ ഈ സമയം വിനിയോഗിക്കുന്നു.
നന്ദി.

Kunjipenne - കുഞ്ഞിപെണ്ണ് പറഞ്ഞു...

ഒരു മാതിരി മണ്ണെണ്ണേടെ സ്മെല്ല്....കുളിക്കണോ കുളിക്കണ്ടേ..
അല്ലേ അങ്ങ് കുളിക്കണ്ടാ അല്ലെ....
നന്നായി..

ആൾരൂപൻ പറഞ്ഞു...

ഒന്നു കുളിച്ചേയ്ക്കൂ കുഞ്ഞേ, ഓണമല്ലേ?
ആശംസകള്‍

smitha adharsh പറഞ്ഞു...

ആള് കൊള്ളാലോ...ഇഷ്ടപ്പെട്ടു..ഇനിയും വരാം ഇതിലെ..ഒരു ഓണാശംസയുണ്ടേ..

Magician RC Bose പറഞ്ഞു...

ഇന്ന് ഇരുട്ടി വെളുത്താലോണം പിന്ന ഒരു വറ്ഷം കഴിയണം പിന്നേം കാത്തിരിപ്പ്
അതുകൊണ്ട് അടിച്ചു പൊളിച്ചോളൂ..

j.p (ജീവിച്ച്‌.പൊക്കോട്ടെ ) പറഞ്ഞു...

അങ്ങിനെ ഓണത്തിനെങ്കിലും ഒന്നു കുളിച്ചല്ലോ...........സന്തോഷമായി ..രൂപാ.....സന്തോഷമായി.......

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

"അടുപ്പും വിറകും എല്ലാം കൈകാര്യം ചെയ്യുന്നത്‌ അപകടകരമായതിനാല്‍ അടുപ്പിനോട്‌ ഏറ്റവും അടുത്തുള്ള കുളിമുറിയില്‍ ഒരു വലിയ വട്ടക്കാതന്‍ ചെമ്പില്‍ മുക്കാല്‍ ഭാഗത്തോളം വെള്ളം ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ നിറച്ചു വയ്ക്കാന്‍ അമാന്തിക്കരുത്‌. "
ഭയങ്കരം ഞങ്ങളായിരുന്നെങ്കില്‍ അടുപ്പിന്റെ നാലുചുറ്റും ചുവന്ന റിബണ്‍ കൊണ്ട്‌ വേലി കെട്ടി തിരിച്ച്‌ , വെള്ളം ഇവിടെ എന്ന സൈന്‍ ബോര്‍ഡ്‌ കുളിമുറിയിലേക്കു ചൂണ്ടുന്നതും വച്ച്‌ ---

ഗീത പറഞ്ഞു...

ഒരു പതിനഞ്ചു വര്‍ഷം മുന്‍പ് ഞാന്‍ വീട്ടില്‍ പരീക്ഷിച്ച പാചകവിധിയാണ് ഇത്. ആള്‍‌രൂപന്‍ കടപ്പാട് വെളിപ്പെടുത്തണം........
ഇല്ലേല്‍.....

ആൾരൂപൻ പറഞ്ഞു...

ടീച്ചറേ, അതില്‍പ്പിന്നെ കുളിച്ചിട്ടേ ഇല്ലെന്നോ? ഹെന്റീശ്വരാ!!!!!!!!!

15 കൊല്ലം മുമ്പ്‌ ഇത്‌ പരീക്ഷിച്ച കാര്യം ഇപ്പഴാ അറിയുന്നത്‌. അപ്പോള്‍ എന്നെപ്പോലെയുള്ളവര്‍ വേറേയുമുണ്ടല്ലേ?
എന്തായാലും അന്ന് ടീച്ചര്‍ പരിക്ഷിച്ചത്‌ ഞാനിന്നു പരിരക്ഷിച്ചു എന്നു കരുതിയാല്‍ മതി.

പിന്നെ കടപ്പാടിന്റെ കാര്യം... അതിപ്പൊ ഇതിലെങ്ങനെയാ പറയുക. ഉടനെ ഞാനൊരു റംസാന്‍ സ്പെഷല്‍ പാചകവിധി തയ്യാറാക്കുന്നുണ്ട്‌. അതില്‍ കടപ്പാട്‌ കാണിക്കാം. പോരെ?

പിന്നെ കഴിഞ്ഞ മാസം ഗീതാഗീതികളില്‍ വന്നപ്പോള്‍ ഇത്‌ invited readers-ന്‌ മാത്രമുള്ളതാണെന്നു കണ്ടു. അതെന്തേ അങ്ങനെയൊരു മാറ്റം? അതില്‍പ്പിന്നെ അങ്ങോട്ടു വന്നിട്ടില്ല. ഏതായാലും ഇനിയും അതിലെ വരാം....

കഴിഞ്ഞു പോയ ഓണത്തിന്‌ വൈകിയ ആശംസകള്‍.

ശ്രീ ഇടശ്ശേരി. പറഞ്ഞു...

ഹും..ഇങ്ങനെയും കുളിക്കാം അല്ലെ!!!ഓരോ കുളി വരുന്ന വഴിയേ!!
വൈകി വന്നതു കൊണ്ട്,അടുത്ത ഓണത്തിനു ഇപ്പോഴേ ആശംസകള്‍..
:)

Kallivalli പറഞ്ഞു...

സുഖശീതളമായ കുളിവെള്ളം തയ്യാര്‍!!!!!!!!!!!


സുഖശീതളമായ ചൂടുവെള്ളം ?

ശീതളംന്ന് വെച്ചാ തണുപ്പല്ലെ?

ആൾരൂപൻ പറഞ്ഞു...

Hello,

ശീതളംന്ന് വെച്ചാ തണുപ്പല്ലെ എന്നോ?

അതെ, അതിന് ശ്ശി സംശല്യ.

രാവിലെ എഴുന്നേറ്റ് മെയിൽ നോക്കുമ്പോൾ അതാ കിടക്കുന്നു കല്ലിവല്ലിയുടെ ഒരു ബ്ലോഗ് കമന്റ്. എന്റെ ബ്ലോഗിലാകട്ടെ കമന്റുകൾ അസാധാരണവുമാണ്. വന്ന കമന്റാകട്ടെ ചിരപുരാതനമായ ഒരു പോസ്റ്റിനും. എന്റെ വേറെ പോസ്റ്റൊന്നും കണ്ടില്ലെന്നോ വായിക്കാൻ? (വേണ്ട, വായിക്കണ്ട.)

അന്നത്തെ മാനസികാവസ്ഥയിലെഴുതിയ ഒരു നേരമ്പോക്കുമാത്രമാണത്. അല്ലാതെ എന്തു പാചകമാണതിലുള്ളത്? തിളച്ച വെള്ളത്തിൽ കുളിക്കാനാവില്ലല്ലോ! പൊള്ളിപ്പോകില്ലേ? തിളച്ച വെള്ളം പിടിച്ചു വച്ച തണുത്ത വെള്ളത്തിലേക്കൊഴിക്കുമ്പോൾ സുഖമായി കുളിക്കാൻ പാകത്തിൽ അതിന്റെ ചൂടു കുറയില്ലേ? ചൂടുവെള്ളം തണുക്കുകയല്ലേ ചെയ്യുന്നത്? അതുകൊണ്ടാണ് സുഖശീതളമായ കുളിവെള്ളം എന്നെഴുതിയത്. അല്ലാതെ "സുഖശീതളമായ ചൂടുവെള്ളം" എന്നെഴുതിയില്ലല്ലോ? എഴുതിയത് തെറ്റായിരിക്കാം; സുഖോഷ്മളമായ കുളിവെള്ളം എന്നായിരുന്നു കൂടുതൽ ശരി. പക്ഷേ നമ്മളാരും "സുഖോഷ്മളമായ" എന്നു പ്രയോഗിക്കാറില്ലല്ലോ? (അതെന്തായിരിക്കാം അങ്ങനെ?)

എന്റെ പാചകം വായിക്കാൻ നിന്ന നേരത്ത് എന്റെയാ കൈലാസയാത്ര വായിച്ചിരുന്നെങ്കിൽ എത്ര നന്നായേനേ?

തിരുനെല്ലിയും പഴശ്ശിസ്മാരകവുമൊക്കെ എനിക്കിഷ്ടപ്പെട്ട സ്ഥലങ്ങളാണ്. തിരുനെല്ലിയിൽ പണ്ട് രണ്ടു തവണ പോയിട്ടുണ്ടെങ്കിലും പഴശ്ശി സ്മാരകം ഇതുവരെ കണ്ടിട്ടില്ല. കഴിഞ്ഞ 25 കൊല്ലമായി കരുതുന്നതാണ് തിരുനെല്ലിയിലൊന്നു പോകാൻ. പറ്റിയില്ല. ഈ ബ്ലോഗ് വായിച്ചപ്പോൾ ആ ചിന്ത ഒന്നുകൂടി മനസ്സിൽ കേറി വന്നു.

ആശംസകൾ.

ആൾരൂപൻ