ഞങ്ങൾ ചരണസ്പർശം ദർശിച്ച് തിരിച്ച് ക്യാമ്പിലെത്തുമ്പോൾ സമയം സന്ധ്യയോടടുക്കുകയായിരുന്നു. ആകാശത്ത് പലപല വർണ്ണങ്ങളിൽ മേഘമാലകൾ ദൃശ്യമാകുന്നുണ്ടായിരുന്നു. കൈലാസത്തിൻ മുകളിൽ അസ്തമനസൂര്യന്റെ രശ്മികൾ പതിച്ചപ്പോൾ അഭൗമമായ, അലൗകികമായ ഒരു ഭംഗി കാണപ്പെട്ടു. കൈലാസത്തിന്റെ മുകളറ്റം സ്വർണ്ണവർണ്ണത്തിൽ തിളങ്ങി. പലരും അത് ക്യാമറയിൽ പകർത്തി. എത്ര പേർക്കത് കിട്ടിയോ ആവോ? വലിയ ക്യാമറയും തൂക്കി നടന്നവരുടെ ക്യാമറ കാണാത്ത അഭൗമദൃശ്യങ്ങൾ ചെറിയ ക്യാമറ പോക്കറ്റിലിട്ട് നടന്നവർ സ്വന്തമാക്കിയിരുന്നു എന്നതാണ് യാത്രയുടെ അവസാനം എനിയ്ക്ക് മനസ്സിലായത്.
രാത്രിയിൽ നല്ല കാറ്റുണ്ടായിരുന്നു. പക്ഷേ, ആപാദചൂഡം കമ്പിളിവസ്ത്രങ്ങളാൽ ആച്ഛാദിതമായിരുന്ന എന്റെ ദേഹം ആ കാറ്റിനെ അവഗണിച്ചു. രാത്രിയിൽ ഞാനുറങ്ങിയില്ല. കൈലാസനാഥനെ നോക്കുക എന്നതായിരുന്നു എന്റെ ദൗത്യം. ബെഡ്ഡിൽ കിടക്കുമ്പോൾ വലിയ ഗ്ലാസ് ജനലിലൂടെ എനിയ്ക്ക് കൈലാസം നന്നായി കാണാൻ പറ്റുമായിരുന്നു. മഞ്ഞു മൂടി വെളുത്ത ആ മല രാത്രിയിൽ എനിയ്ക്ക് തികച്ചും കറുത്തതായിട്ടാണ് കാണപ്പെട്ടത്. ആകാശത്ത് ചന്ദ്രനും അന്തരീക്ഷത്തിൽ ചെറിയ നിലാവും ഉണ്ടായിരുന്നു. അപ്പോൾ കൈലാസം വെളുത്തു തന്നെ കാണേണ്ടതായിരുന്നു. പിന്നെ അതെങ്ങനെ കറുത്ത നിറത്തിൽ കണ്ടു എന്നതാണ് ഇപ്പോൾ എന്നെ കുഴയ്ക്കുന്ന സംശയം. രാത്രിയിൽ കൈലാസം മേഘങ്ങളാൽ മറഞ്ഞും മറയാതെയും കാണപ്പെട്ടു. ചിലപ്പോൾ ഒന്നും കാണുകയില്ല; അപ്പോൾ നിറയെ മേഘങ്ങൾ മാത്രമേ ഉണ്ടാകൂ. പലരും രാത്രിയിൽ എഴുന്നേറ്റ് കൈലാസം നോക്കുന്നുണ്ടായിരുന്നു. കൈലാസത്തിനു മുന്നിൽ മേഘങ്ങൾ കർട്ടൻ ഇടുകയും നീക്കുകയും ചെയ്തതല്ലാതെ പറയത്തക്കതായ ഒരു അനുഭവവും ആ രാത്രിയെ കുറിച്ച് എന്റെ ഓർമ്മയിൽ തങ്ങി നിൽക്കുന്നില്ല.
ടെന്റുകൾ കുറച്ചധികം ഇവിടെ ഉണ്ട്. പോർട്ടർമാരും കുതിരക്കാരും എല്ലാം ഈ ടെന്റുകളിലായിരിക്കും കിടക്കുന്നത് എന്ന് തോന്നുന്നു. അല്ലെങ്കിൽ ഞങ്ങളുടെ വനിതാപോർട്ടർമാരൊക്കെ എവിടെ കിടക്കും? അവരുറെ ഒക്കെ സുരക്ഷിതത്വം ആരാണാവോ നോക്കുന്നത്?
പുലർച്ചെ വളരെ നേരത്തെ ഞങ്ങൾ പുറപ്പെട്ടു. 27 ദിവസത്തെ കൈലാസയാത്രയിലെ പരീക്ഷണദിവസം ഇന്നാണ് എന്നാണ് വയ്പ്. ഇന്നാണ് യാത്രയിലെ ഏറ്റവും ഉയരമുള്ള സ്ഥലം താണ്ടേണ്ടത്. സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 19000 അടി ഉയരത്തിലായിരിക്കും അപ്പോൾ ഞങ്ങൾ. ഓക്സിജൻ ഒട്ടും ഉണ്ടാകില്ലത്രെ. ശ്വാസം മുട്ടുമത്രെ. മഴ പെയ്താൽ പിന്നെ മുന്നോട്ട് പോകാനാകാതെ തിരിച്ചു പോരേണ്ടിയും വന്നേക്കും. ഇന്നാണ് യാത്രയിലെ ഏറ്റവും ഉയരത്തിലുള്ള ജലശേഖരവും കാണുന്നത്.
ഞങ്ങൾ നടന്നു തുടങ്ങി. സൂര്യനുദിച്ചിട്ടില്ല. ടോർച്ചിന്റെ വെളിച്ചത്തിലാണ് യാത്ര. കയറ്റം... കയറ്റം.... കയറ്റം.... അകലെയുള്ള മഞ്ഞുമലകൾ ആ ഇരുട്ടിലും വെള്ളയായി കാണപ്പെട്ടു. പക്ഷേ കൈലാസം മറഞ്ഞിരുന്നു. വഴിയിൽ അരുവികളും, നീർച്ചാലുകളും ഉണ്ടായിരുന്നു. യാത്രയിൽ 13-മത്തെ ദിവസമാണ് ഇന്ന്. 13 എന്ന അക്കം മോശമായവരും കൂട്ടത്തിലുണ്ടായിരുന്നു. വയറിളക്കം പിടിച്ച അവർ വഴിയിൽ പുഴയോരം വൃത്തികേടാക്കി.
ഞങ്ങൾ നടക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും തദ്ദേശവാസികൾ പോകുന്നുണ്ടായിരുന്നു. അവരെല്ലാം പ്രദക്ഷിണം ചെയ്യുന്നവരോ കച്ചവടക്കാരോ ആയിരിക്കാം. അതിൽ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ടായിരുന്നു. കുട്ടികളെ കണ്ടില്ല. അവർ ഞങ്ങളെക്കാണുമ്പോൾ അനുഭാവപൂർവ്വം നോക്കും, ചിലപ്പോൾ ചിരിക്കും. അപ്പോൾ ഞങ്ങൾ നമസ്തെ എന്നും ഓം നമ:ശിവായ എന്നും മറ്റും പറഞ്ഞുകൊണ്ടിരുന്നു. അവരും എന്തോ പറയുന്നുണ്ടായിരുന്നു. ഒടുവിൽ പിടി കിട്ടി. അവർ പറയുന്നത് "തഷിദലൈ" എന്നാണ്. ഹലോ എന്നതിന്റെ തിബറ്റൻ ശബ്ദമാണത്. കാണുന്നവരെല്ലാം പറയുന്നത് " തഷിദലൈ" എന്നാണ്. പിന്നെ ഞാനും അതൊരു പതിവാക്കി... കാണുന്ന തിബറ്റുകാരോടെല്ലാം തൊഴുതുകൊണ്ട് "തഷിദലൈ" ചൊല്ലും.
നടന്നും കയറ്റം കയറിയും ഞങ്ങൾ മുന്നോട്ട് പോയി. ഞങ്ങളിപ്പോൾ കൈലാസപരിക്രമണത്തിലാണ്. കൈലാസത്തെ പ്രദക്ഷിണം വയ്ക്കുകയാണ്. എന്നു വച്ച് അമ്പലത്തിലെ ശ്രീകോവിലിൽ പ്രദക്ഷിണം വയ്ക്കുമ്പോലെ ആണത് എന്നു കരുതരുത്. ഞങ്ങൾ കൈലാസത്തെ മാത്രമല്ല പ്രദക്ഷിണം വയ്ക്കുകയാണ്. ആ പ്രദേശത്തുള്ള കുറെ മലകളെയാണ് പ്രദക്ഷിണം വയ്ക്കുകയാണ്. അല്ലാതെ കൈലാസത്തെ മാത്രമായി പ്രദക്ഷിണം വയ്ക്കാൻ പറ്റില്ല. കൈലാസത്തെ മാത്രമായി പ്രദക്ഷിണം വയ്ക്കാൻ വഴിയൊന്നുമില്ല. തിരുവനന്തപുരത്ത് പുളിമൂട് ജങ്ക്ഷനിലുള്ള കല്ലമ്മൻ കോവിലിനെ പ്രദക്ഷിണം വയ്ക്കണമെങ്കിൽ ഉപ്പളം റോഡ് വഴി നടക്കേണ്ടി വരുന്നത് പോലെയാണ് കൈലാസപ്രദക്ഷിണം.
പുറകിലെ ബാഗ് ഒരു ഭാരമായി അനുഭവപ്പെടാൻ തുടങ്ങിയിരുന്നു. പക്ഷേ പോർട്ടറൊന്നും ഇല്ലാത്തതുകൊണ്ട് ചുമന്നേ മതിയാകൂ. ബാഗും ചുമന്ന് കിതച്ചു കിതച്ചു കൊണ്ട് ഞാൻ കുന്നു കയറി. 5 കിലോയെങ്കിലും ഭാരമുള്ള ബാഗും ചുമന്നുകൊണ്ട് ഡോൾമാ ചുരത്തിലേക്ക് നടക്കുമ്പോൾ ഒരു പഴംചൊല്ല് എന്റെ മനസ്സിൽ കയറി വരികയായിരുന്നു. "സ്വയം കുരിശു ചുമക്കുന്നവനെ ദൈവം പോലും പൊറുക്കില്ല" എന്ന ചൊല്ല്. ദുർഗ്ഗമമായ, ദുർഘടമായ ഈ കയറ്റം എന്തിന് എന്ന് മനസ്സ് ചോദിച്ചു കൊണ്ടിരുന്നു.. ഞാനെന്താണീ നടത്തത്തിലൂടെ നേടുന്നത്? എന്തു മോക്ഷമാണ് കിട്ടാനുള്ളത്? ആരിൽ നിന്ന്?
Slow and steady wins the Race എന്നാണല്ലോ പ്രമാണം. നടക്കാൻ പറ്റുന്നില്ല. അതുകൊണ്ട് ഞാനതിനെ എന്റെ സൗകര്യത്തിനായി അല്പം മാറ്റി. Slow and fast wins the Race എന്ന്. കയറ്റം വരുമ്പോൾ പതുക്കെ.. ഇറക്കം വരുമ്പോൾ വേഗത്തിൽ.. സമതലത്തിലെത്തുമ്പോൾ ആയാസരഹിതമായും...
മണിക്കൂറുകൾ നടന്നപ്പോൾ ഞങ്ങൾ ഡോൾമാ പാസിലെത്തി. ലിപുലേഖ് പാസ് പോലെത്തന്നെ ഒരു പാസാണെന്നറിയാൻ എന്തെങ്കിലും പ്രത്യേകത അവിടെ ഉള്ളതായി എനിയ്ക്ക് തോന്നിയില്ല. ടിബറ്റന്മാരുടെ കുറേ പ്രയർ ഫ്ലാഗുകൾ ഇവിടെ കണ്ടു. ആളുകൾ ( കൂടെയുള്ളവരുൾപ്പെടെ) മൺചിരാതു കത്തിച്ചും കർപ്പൂരം കത്തിച്ചും ഇവിടെ പ്രാർത്ഥിക്കുന്നതു കണ്ടു. ഡോൾമാ, താരാദേവി എന്നൊക്കെ പറഞ്ഞുള്ള എന്തൊക്കെയോ ഐതീഹ്യങ്ങൾ ഈ സ്ഥലത്തെ കുറിച്ചുണ്ട്. അതാണീ പൂജയുടേയും മറ്റും നിദാനം. പാറകൾ നിറഞ്ഞ പ്രദേശമാണിത്. വഴിയിലും ധാരാളം പാറകളുണ്ടായിരുന്നു. മലകയറ്റത്തിന്റെ കാഠിന്യം കാരണം ഞാൻ വഴിയിൽ പലയിടത്തും കൂടെക്കൂടെ ഇരുന്നു ക്ഷീണം തീർത്തു.
ഡോൾമാ പാസിലെത്തുമ്പോൾ എനിയ്ക്കൊരു കാര്യം ബോദ്ധ്യമായിരുന്നു. കൈലാസത്തെ വിദൂരദൃശ്യമായി മാത്രമേ ഇനി കാണാൻ കഴിയൂ എന്നതായിരുന്നു ആ കാര്യം. കൈലാസത്തെ ഏറ്റവും അടുത്ത് കാണാൻ കഴിയുക ചരണസ്പർശത്തിൽ വച്ചു മാത്രമാണ്. വെറുതെയല്ല പലരും അവിടെ വച്ച് പൂജയും പ്രാർത്ഥനയും ഒക്കെ ചെയ്തു തീർത്തത്. ഒരു പക്ഷേ, കൊണ്ടുവന്ന നിവേദനങ്ങളൊക്കെ ഭക്തന്മാർ അവിടെ വച്ചായിരിക്കും മഹാദേവന് കൈമാറിയത്. വൈകി മാത്രം ബുദ്ധി ഉദിയ്ക്കുന്ന എനിയ്ക്ക് അവിടേയും തെറ്റു പറ്റി. മഹാദേവന് സമർപ്പിക്കാൻ കൊണ്ടുവന്ന എന്റെ നിവേദനം ഞാൻ അദ്ദേഹത്തെ ഏൽപ്പിക്കാതെ പോക്കറ്റിലിട്ടു നടന്നു. ഇനി ഇപ്പോൾ എന്തു ചെയ്യാനാണ്? എവിടെ വച്ച് കൊടുക്കാനാണ്? എനിയ്ക്ക് തോന്നിയ നിരാശയ്ക്ക് അതിരില്ലായിരുന്നു. പക്ഷേ, ഈ നിവേദനങ്ങളൊന്നും മഹാദേവൻ പരിഗണിക്കാനിടയില്ലെന്ന ഒരു ചിന്ത എവിടെ നിന്നോ എന്റെ മനസ്സിൽ കുടിയേറി. ശങ്കരഭഗവാനിപ്പോൾ ചൈനയിലാണ്, ചൈനക്കാരനാണ്; ചൈനക്കാർക്കാണെങ്കിൽ ഇന്ത്യക്കാരോട് കടുത്ത ശത്രുതയും. ദൈവമാണെങ്കിലും സ്വന്തം നാടിനോട് കൂറില്ലാത്തവർ കാണുമോ? അപ്പോൾ അദ്ദേഹം നമ്മളീ ഇന്ത്യക്കാരുടെ നിവേദനങ്ങളൊന്നും നോക്കാനിടയില്ല. വല്ല ബ്രഹ്മപുത്രയിലും വലിച്ചെറിയാനേ വഴിയുള്ളു. അതാലോചിച്ചപ്പോൾ നിവേദനം സമർപ്പിക്കാത്തത് നന്നായി എന്ന് എനിയ്ക്ക് തോന്നി. ശത്രുക്കളെ കുറിച്ചുള്ള ചിന്ത സ്വന്തം നാട്ടിലെത്താനുള്ള ത്വര എന്നിൽ വളർത്തി. ഞാൻ വേഗം നടന്നു.
കൊണ്ടു പോയ നിവേദനം കവറു പൊട്ടിക്കാതെ തിരിച്ച് നാട്ടിൽ കൊണ്ടു വന്നതു കാണുമ്പോൾ ഭാര്യ പരാതി പറയും എന്ന ചിന്ത എന്നിൽ വളർന്നു. "നായ പൂരം കാണാൻ പോയതു പോലെ"യാണ് ഞാൻ കൈലാസത്തിൽ പോയി വന്നത് എന്ന് അവൾ മക്കളോട് പറയും. അപ്പോൾ അവരോട് പറയാൻ എന്റെ കയ്യിൽ ഒരു മറുപടി കാണില്ലല്ലോ എന്നോർത്തപ്പോൾ ഞാൻ ഇതികർത്തവ്യതാമൂഢനായി. പക്ഷേ നായയെ കുറിച്ചുള്ള ഈ പഴഞ്ചൊല്ല് മാറ്റണമെന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞു. "നായ പൂരം കാണാൻ പോയതു പോലെ" എന്നതു മാറ്റി "ആൾരൂപൻ കൈലാസത്തിൽ പോയതു പോലെ" എന്ന പുതുചൊല്ല് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത എന്റെ മനസ്സ് എന്നെ ബോദ്ധ്യപ്പെടുത്തി. ഇനി ഈ പുതുചൊല്ല് ഉപയോഗിക്കേണ്ടതിന്റെ സാംഗത്യം മലയാളികളെ ബോദ്ധ്യപ്പെടുത്തുന്നതാണ് കൂടുതൽ പാട്.
ഈ മലയാളിയുടെ മനോഭാവമാണ് എനിയ്ക്ക് ഇത്രയായിട്ടും പിടി കിട്ടാത്തത്. അവൻ പഴയത് എന്തെല്ലാം മാറ്റി പുതിയതാക്കി. പഴയ ഓടിട്ട വീടുകൾ മാറ്റി ടെറസ്സ് വീടുകൾ കൊണ്ടു വന്നു. പണ്ടത്തെ ഭക്ഷണമായ കഞ്ഞിയും പുഴുക്കും മാറ്റി പുത്തൻ ഭക്ഷണക്രമങ്ങൾ കൊണ്ടു വന്നു. കഞ്ഞി മാത്രമല്ല പഴങ്കഞ്ഞിയും അവൻ വേണ്ടെന്നു വച്ചു. പണ്ടത്തെ തവിടപ്പം അവൻ വേണ്ടെന്ന് വച്ചു. പ്രായം ചെന്ന് പഴയതായ അച്ഛനമ്മമാരെ അവൻ വേണ്ടെന്നു വച്ചു. നാട്ടിലെ പെണ്ണുങ്ങളെ അമ്മമാരും സഹോദരിമാരും ആയി കാണുന്ന അ പഴഞ്ചൻ മനോഭാവവും അവൻ മാറ്റി. ഇപ്പോൾ അവരെല്ലാം പീഡിപ്പിക്കാനുള്ള വസ്തുക്കൾ മാത്രമാണ്. അങ്ങനെ എന്തെല്ലാം മലയാളികൾ വേണ്ടെന്നു വച്ചു. എന്നിട്ടും അവൻ ഈ പഴഞ്ചൊല്ല് വിട്ടില്ല. പ്രാന്ത്, അല്ലാതെന്താ പറയണ്ട്? കൈലാസനാഥാ, "ആൾരൂപൻ കൈലാസത്തിൽ പോയതു പോലെ" എന്ന പുതുചൊല്ല് ഉപയോഗിക്കാനുള്ള സൽബുദ്ധി മലയാളിയ്ക്ക് കൊടുക്കണേ എന്ന് ഡോൾമാ പാസിറങ്ങുമ്പോൾ ഞാൻ വിളിച്ചു പറഞ്ഞത് ഭഗവാൻ കേട്ടുവോ എന്തോ!
ഡോൾമാ ചുരം കഴിയുമ്പോൾ ഞങ്ങൾ ഇറക്കം ഇറങ്ങാൻ തുടങ്ങിയിരുന്നു. കുറേ നടന്നപ്പോൾ നടപ്പാതയിൽ നിന്നും വളരെയധികം താഴെയായി നാലഞ്ച് ചെറിയ ജലാശയങ്ങൾ കണ്ടു. അവയിലെ ജലം നിറമില്ലാത്തതോ നീലനിറത്തിലുള്ളതോ ആയിരുന്നില്ല, മറിച്ച് ഒരു തരം ഇളം പച്ചനിറമായിട്ടാണ് കാണപ്പെട്ടത്. ഇവയിൽ വലുതാണ് ഗൗരീകുണ്ഡ്. പാർവ്വതി പതിവായി ഈ ജലാശയത്തിലായിരുന്നുവത്രെ നീരാടിയിരുന്നത്! വഴി അപായരഹിതമല്ലാത്തതിനാൽ അങ്ങോട്ട്, അതിന്റെ അടുത്തേയ്ക്ക് പോകരുത് എന്നാണ് നിർദ്ദേശം. പക്ഷേ ഗൗരീകുണ്ഡിലെ വെള്ളം മാനസതീർത്ഥം പോലെയോ അതിലേറേയോ വിശിഷ്ടമായിട്ടാണ് ജനങ്ങൾ കരുതുന്നത്. അതുകൊണ്ട് അതിലെ ഒരു കുപ്പി വെള്ളവുമായേ അവർ നാട്ടിലേക്ക് മടങ്ങുകയുള്ളു. ഈ തീർത്ഥം പോർട്ടർമാരെക്കൊണ്ട് മാത്രമേ ശേഖരിക്കാവൂ എന്നാണ് അലിഖിതമായ വ്യവസ്ഥ. എങ്കിലും ഞാനും മറ്റൊരാളും മാത്രം അങ്ങോട്ട് പോയി; ഞാൻ ഗൗരീകുണ്ഡിലെ ജലത്തിൽ കൈ മുക്കി കുപ്പികളിൽ തീർത്ഥം ശേഖരിച്ചു. മറ്റേ ആൾ ജനഹിതം മാനിക്കാതെ പുണ്യതീർത്ഥമായി ഗണിക്കപ്പെടുന്ന അതിലിറങ്ങി കുളിച്ചു. അപ്പോൾ ഞങ്ങളുടെ കൂടെയുള്ള പോർട്ടർമാർ അതിന്റെ തൊട്ടപ്പുറത്ത് യാത്രക്കാർക്ക് വേണ്ടി കുപ്പികളിൽ തീർത്ഥം നിറയ്ക്കുകയായിരുന്നു. കുടിക്കാൻ വെള്ളമെടുക്കുന്നിടത്ത് കുളിക്കുന്ന കാര്യം ഒന്നാലോചിച്ചു നോക്കൂ. എന്റെ സഹയാത്രികൻ ഗൗരികുണ്ടിൽ കുളിയ്ക്കുമ്പോൾ അങ്ങ് അത്യുന്നതിയിൽ ആളുകൾ "കുളിയ്ക്കരുത്, കുളിയ്ക്കരുത്" എന്നു വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.
ഓരോ കുപ്പിയിലും വെള്ളം നിറച്ച് മേലെ യാത്രികർക്ക് തിരിച്ചെത്തിക്കാൻ പോർട്ടർമാർ 10 മുതൽ 20 വരെ യുവാൻ പണം അവരിൽ നിന്നീടാക്കി. ഞാൻ എനിയ്ക്കു കൂടാതെ മറ്റൊരാൾക്കു കൂടി വെള്ളം കൊണ്ടു പോയി കൊടുത്തു. ഞാൻ കുപ്പികളിൽ വെള്ളം നിറച്ച് കയറ്റം കയറി തിരികെ നടപ്പാതയിലെത്തുമ്പോൾ ആളുകൾ അവിടെ എന്റെ വരവും നോക്കി നിൽക്കുകയായിരുന്നു. ഗൗരീകുണ്ടിലേക്കുള്ള വഴി എന്തെങ്കിലും അപകടം വരുത്തുന്നതായി എനിയ്ക്ക് തോന്നിയില്ല. പോർട്ടർമാർക്ക് പണം കിട്ടാൻ അധികൃതർ ഉണ്ടാക്കി വച്ച സൂത്രങ്ങളാണിതെല്ലാം. അല്ലെങ്കിലും പാർവ്വതി ഇറങ്ങിപ്പോയി കുളിച്ച കുളത്തിൽ ആണുങ്ങൾക്ക് ഇറങ്ങി പോകാൻ പറ്റില്ല എന്നു പറയുന്നതിലെ മണ്ടത്തരം വല്ലാത്തതു തന്നെ. ഗൗരീകുണ്ഡിൽ പോയി വെള്ളമെടുക്കുക വഴി ഞാൻ ഭാരത സർക്കാറിനു ലാഭിച്ചു കൊടുത്തത് പത്തിരുനൂറു രൂപയാണ്. അല്ലെങ്കിൽ അത്രയും രൂപയ്ക്ക് തുല്യമായ യുവാൻ ചൈനയ്ക്ക് കൊടുക്കേണ്ടി വന്നേനെ.
ഗൗരീകുണ്ഡിലെ ജലത്തിൽ കുളിക്കുന്നത് സന്താനഭാഗ്യത്തിനുത്തമമാണ് എന്നത്രെ ബംഗാളികളുടെ വിശ്വാസം. അതുകൊണ്ട് കല്യാണദിവസം വധുവിനെ കുളിപ്പിക്കുമ്പോൾ ആ വെള്ളത്തിൽ ഗൗരീകുണ്ടിലെ തീർത്ഥം അല്പം ചേർക്കുമത്രെ. അല്ലാതെ ഒരു കുപ്പി വെള്ളം കൊണ്ട് കുളിക്കാൻ പറ്റില്ലല്ലോ. ഈ വിശ്വാസത്തെ പറ്റി എന്നോട് പറഞ്ഞത് കൂടെ ഉണ്ടായിരുന്ന കൽക്കത്തക്കാരൻ പല്ലവ് പാൽ ചൗധരിയാണ്. ഞങ്ങളുടെ ഗ്രൂപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ 2 പേരിലൊരാളായ പല്ലവൻ നിരീശ്വരവാദിയാണ്. എങ്കിലും എന്നോട് ഗൗരീകുണ്ഡിലെ വെള്ളം കുറച്ച് വാങ്ങി. ഈ വെള്ളമില്ലാതെ കൽക്കത്തയിലെത്തുമ്പോൾ വീട്ടുകാർ പരാതി പറയാതിരിക്കുമോ? അതിന്റെ മുൻകരുതലാണ്!! ഈ വിശ്വാസമൊക്കെ അറിഞ്ഞിട്ടായിരുന്നുവോ ആവോ എന്റെ സഹയാത്രികൻ അതിൽ കുളിച്ചത്?
ഗൗരീകുണ്ഡിലെ വെള്ളം ശേഖരിച്ച ഞങ്ങൾ യാത്ര തുടർന്നു. ഇപ്പോൾ ഇറക്കമാണ്. വഴിയിൽ കല്ലുണ്ട്, പാറയുണ്ട്, മഞ്ഞുണ്ട്, നീർച്ചാലുകളുണ്ട്; ഒരു മലയിറങ്ങുമ്പോഴുള്ള എല്ലാം ഇവിടേയും ഉണ്ട്. ഇറക്കം..... ഇറക്കം..... ഇറക്കം..... നാഴികകളോളമുള്ള ഇറക്കം...അവസാനം ഇറക്കം പോലും അസഹനീയമായി തോന്നുന്നുണ്ടായിരുന്നു. എങ്ങനെയെങ്കിലും ഇതൊന്നവസാനിച്ചാൽ മതിയായിരുന്നു എന്നു തോന്നിപ്പോയി. കയറ്റം കയറി കയറി കാറ്റു പോയ ശേഷമാണീ ഇറക്കം. അതാണീ ബുദ്ധിമുട്ട്. ഇറങ്ങി ഇറങ്ങി ഒടുവിൽ ഞങ്ങൾ ഒരു പുഴക്കരയിലെത്തി.
അവിടെ നടപ്പാതയുടെ ഇരുവശവും ഓരോ കടകളുണ്ടായിരുന്നു. നമ്മുടെ നാട്ടിലെ നാട്ടിൻപുറത്തൊക്കെ ഉള്ളതു പോലുള്ള കടകൾ. അതിൽ ഒരു കടയിൽ ഞാൻ ഇരിപ്പുറപ്പിച്ചു. അവിടെ ചായ കിട്ടും. ബേക്കറി സാധനങ്ങളും മറ്റു പലതും അവിടെ കണ്ടു. ഒരു ഹോട്ടൽ കം ഗ്രോസറി ഷോപ് എന്ന് വേണമെങ്കിൽ അതിനെ പറയാം. കല്ലിന്മേൽ പലകകൾ വച്ചിട്ടാണ് അവിടെ ഇരിക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. അകത്ത് കുറച്ച് ആളുകളുണ്ട്. ചിലർ രണ്ട് കോലുകൊണ്ട് നൂഡിൽസ് വാരി കഴിക്കുന്നത് കണ്ടു. അവരിൽ മദ്ധ്യവയസ്കയായ ഒരമ്മയും വെറും ചെറുപ്പക്കാരിയായ മകളും ഉണ്ടായിരുന്നു. രണ്ടു പേർക്കും തിബറ്റൻ മുഖവും ശരീരപ്രകൃതവും ആയിരുന്നെങ്കിലും നല്ല ഗോതമ്പിന്റെ നിറമായിരുന്നു. നല്ല തുടുതുടുത്ത മുഖവും പ്രായം കുറവും ആയതിനാൽ അവർ എന്റെ കണ്ണിന് ചെറിയൊരുത്സവം തന്നെ ഒരുക്കി. പ്രത്യേകിച്ച് മകൾ. അതീവ ക്ഷീണിതനായിരുന്ന ഞാൻ ഒരു എനർജി ഡ്രിങ്ക് ഓർഡർ ചെയ്തു. പതിനഞ്ചോ ഇരുപതോ യുവാനാണ് വില. ചിലർ ചായ ഓർഡർ ചെയ്തു. എനർജി ഡ്രിങ്ക് കുടിക്കുമ്പോഴും അതിനുശേഷവും എന്റെ കണ്ണുകൾ ഉത്സവം ആഘോഷിച്ചു കൊണ്ടിരുന്നു. എന്തു ചെയ്യാം? കർമ്മഭാവത്തിൽ രാഹു നിന്നാൽ അവൻ വായിൽനോക്കിയാവും എന്നത് പ്രകൃതിയുടെ നിയമമത്രെ. ഒടുവിൽ അമ്മയും മകളും എഴുന്നേറ്റു പോയപ്പോൾ ഉത്സവം മതിയാക്കി ഞാനും എന്റെ യാത്ര, എന്റെ പദയാത്ര, പുനരാരംഭിച്ചു. ഇപ്പോൾ യാത്ര പുഴയുടെ ഓരത്തു കൂടിയാണ്.
ഞാൻ നടന്നു. പുഴയുടെ തീരത്തു കൂടി. അല്ല, പുഴയിലൂടെ. ഇവിടെ പുഴയും തീരവും ഒരേ നിരപ്പിലാണ്. പുഴയിൽ വെള്ളമില്ല. അരുവിയെന്നേ പറയാവൂ. തീരങ്ങൾ തമ്മിലുള്ള ദൂരം കാരണം പുഴയ്ക്ക് വീതിയുണ്ടെന്നതൊഴിച്ചാൽ അതൊരു അരുവിയാണ്. സമതലത്തിലെത്തുമ്പോഴേ അത് പുഴയാകൂ. ഇതായിരിക്കാം ഒരു പക്ഷേ ബ്രഹ്മപുത്ര. അല്ലെങ്കിൽ കർണാലി. അറിയില്ല. ഭാഷ അറിഞ്ഞിരുന്നെങ്കിൽ ആരോടെങ്കിലും ചോദിക്കാമായിരുന്നു. പക്ഷേ എന്നാലും കാര്യമില്ല. അവർ അവരുടെ ഭാഷയിൽ വിളിയ്ക്കുന്ന പേരേ പറയൂ. വല്ല ലാ-ചൂ എന്നോ മറ്റോ പറഞ്ഞാൽ അത് കേട്ടിട്ട് വല്ല കാര്യവുമുണ്ടോ?
പുഴയിൽ നല്ല ഭംഗിയുള്ള പുല്ലുണ്ട്. വഴിയിൽ നല്ല പൂക്കളുണ്ട്. ഇത് തിബത്താണ്. പക്ഷേ ഹിമാലയം കൂടിയാണ്. ഹിമാലയത്തിന് സ്വന്തമല്ലേ പൂക്കളും പൂവനികളും? അപ്പോൾ ഇവിടേയും അത് കാണും. വഴിയാകെ പൂക്കൾ വിരിച്ചിട്ടുണ്ട്. "ആൾരൂപാ, വരൂ, ഞാനിതാ പൂത്താര ഒരുക്കിയിരിക്കുന്നു" എന്ന് പ്രകൃതീദേവി എന്നോട് പറയുന്നതു പോലെ എനിയ്ക്ക് തോന്നി. ഞാൻ നടന്നു. പൂക്കളേയും പ്രകൃതീദേവിയേയും നോക്കിക്കൊണ്ട്. സ്വാഭാവികമായും എന്റെ ദൗർബ്ബല്യം, പ്രണയചിന്തകൾ, എന്നെത്തേടിയെത്തി. പൂക്കളില്ലാത്ത പ്രണയമോ?
"യവനസുന്ദരീ സ്വീകരിക്കുകീ
പവിഴമല്ലിക പൂവുകൾ" എന്ന് കാമുകൻ പറയുന്നതായിട്ടല്ലേ വയലാർ പാടുന്നത്? കാമുകിയാണെങ്കിലോ ആ പൂക്കൾ സ്വീകരിക്കാനായിട്ട് ജനിച്ച നാൾ മുതൽ തപസ്സിരിക്കയാണ്.
"ശാരദേന്ദുകല ചുറ്റിലും കനക പാരിജാതമലർ തൂകു"ന്നതും ഓർത്ത് ഞാൻ നടക്കുമ്പോൾ വിജനമായ ആ ദേവഭൂമിയിൽ പ്രണയികളുടെ വിരഹവും എന്റെ മനസ്സിൽ കയറി വന്നു. കാമുകിയെ കാണാതെ, വിരഹം തോന്നുമ്പോൾ എവിടെയെല്ലാമാണ് കാമുകൻ അവളെ തിരയുന്നത്?
"അകലെ വീനസ്സിൻ രഥത്തിലും അമൃതവാഹിനീ തടത്തിലും
വിരിഞ്ഞ പൂവിലും കൊഴിഞ്ഞ പൂവിലും തിരഞ്ഞു നിന്നെ ഞാനിതു വരെ"
കൊഴിഞ്ഞ പൂവിൽ വരെ കാമുകൻ അവളെ തിരയുന്നു. അങ്ങനെ തിരയുമ്പോൾ അവളെ കണ്ടെന്നിരിക്കട്ടെ; പിന്നെ അവളുടെ കണ്ണിൽ മിഴി നട്ട് മണിക്കൂറുകൾ ഇരിക്കാൻ അവൻ സമയം കണ്ടെത്തും.
"മാനത്തു കണ്ണികൾ മയങ്ങും കയങ്ങൾ
മനോരമേ നിൻ നയനങ്ങൾ" എന്ന് പതുക്കെ പാടി അവൻ തന്റെ വികാരങ്ങളെ ആവേശഭരിതങ്ങളാക്കുന്നു.
വിരഹം കാമുകീകാമുകന്മാർക്ക് മാത്രമുള്ളതല്ല; ഭാര്യാഭർത്താക്കന്മാരും അതനുഭവിക്കുന്നു. അതുകൊണ്ടാണല്ലോ
"കരിമീനിണകളെന്നവിടുന്നു ചൊല്ലും
കണ്ണുകൾ മറന്നു പോയ് മയക്കം"
എന്ന് പ്രിയ അവളുടെ പ്രിയമുള്ള ചേട്ടന് എഴുതിയത്. കണ്ണുകൾ മാത്രമല്ല ആ വിരഹം അനുഭവിക്കുന്നത്; ആപാദചൂഡം വിരഹമത്രെ.
"ഉരുകാത്ത വെണ്ണയെന്നവിടുന്നു കളിയാക്കും
നിറമാറിലറിയാത്തൊരിളക്കം
അവിടുന്നു ചുംബിക്കാനരികിലില്ലെങ്കിൽ
അധരത്തിനെന്തിനീ രാഗം"
എന്നൊക്കെ പച്ചയായി തന്നെ പറയാൻ ഈ വിരഹം അവളെ നിർബന്ധിതയാക്കുന്നു. എന്നാൽ ഭർത്താവോ?
"ചക്രവർത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നു..
പുഷ്പപാദുകം പുറത്തു വയ്ക്കു നീ
നഗ്നപാദയായ് അകത്തു വരൂ..."
എന്ന് പറഞ്ഞ് 20കാരിയെ മണിയറയിലേക്ക് ക്ഷണിക്കുന്ന അവൻ ഉരുകാത്ത വെണ്ണയെന്നും പറഞ്ഞ് നടന്ന് അതിനെ പുകയില ഞെട്ടു പോലെ ആക്കുന്നു. പാദം മാത്രമേ നഗ്നമാക്കാൻ അവൻ അവളോട് പറയുന്നുള്ളു. ബാക്കിയെല്ലാം താനായിക്കൊള്ളാം എന്ന്. എങ്ങനെയുണ്ട്? വെറുതെയല്ല
"കഞ്ജബാണൻതന്റെ പട്ടംകെട്ടിയ രാജ്ഞിപോലൊരു
മഞ്ജുളാംഗിയായിരിക്കും മതിമോഹിനി"മാർ ആയ പെണ്ണുങ്ങൾ കോലം കെടുന്നത്. അതിനൊക്കെ കാരണം ഈ ഭർത്താക്കാന്മാരല്ലേ? ഇതെല്ലാം ആലോചിച്ചായിരിക്കും
"വീത വികാരയായ് വിൽക്കപ്പെടുന്നു നീ
ഏതോ കാമത്തിന്നടിമയായി"
എന്ന് കടത്തനാട്ട് മാധവി അമ്മ പാടിയത്. (തെറ്റണ്ട, കാമമാണ്, മംഗലാപുരത്തുകാരൻ കാമത്തല്ല)
വിരഹചിന്തകളെ എന്റെ കാലിലെ മസിൽ വേദന നിഷ്ക്കരുണം പുറന്തള്ളിയപ്പോൾ ഞാൻ ഈ ലോകത്തിലേക്ക് തന്നെ തിരിച്ചു വന്നു. അപ്പോൾ ഞാൻ സുന്ദരമായ പ്രണയഗാനങ്ങളെഴുതിയ വയലാറിനേയും ശ്രീകുമാരൻ തമ്പിയേയും മറ്റും ഓർത്തു. നമ്മുടെ ചങ്ങമ്പുഴയ്ക്ക് ഹിമാലയത്തിലെ ഈ പൂക്കൾ കാണിച്ചു കൊടുത്തിരുന്നെങ്കിൽ എത്ര നല്ല കവിതകൾ കിട്ടിയേനെ എന്നും ഞാൻ ഓർത്തു.
പുഴയിലൂടെ, അല്ലെങ്കിൽ പുഴയോരത്തുകൂടെ കിലോമീറ്ററുകൾ ഞങ്ങൾ നടന്നിട്ടുണ്ടാകണം. പിന്നീട് യാത്ര സമതലങ്ങളിലൂടെ ആയിരുന്നെന്നാണ് ഓർമ്മ. അപ്പോഴും അകലെ പുഴ കാണുന്നുണ്ടായിരുന്നു. "ഈശ്വരാ, അടുത്ത ക്യാമ്പ് ഒന്നെത്തിയാൽ മതിയായിരുന്നു" എന്ന് നടന്നു മടുത്ത എന്റെ മനസ്സ് മന്ത്രിച്ചു. ഒരവസരത്തിൽ, കുറേ ദൂരെ കുറച്ചു റ്റെന്റുകൾ കണ്ടപ്പോൾ ഞാൻ സന്തോഷിച്ചു, ആവൂ എത്തിയല്ലോ എന്ന്. പക്ഷേ അതിനടുത്തെത്തിയപ്പോഴാണ് മനസ്സിലായത് അത് ഞങ്ങളുടെ ക്യാമ്പ് അല്ല എന്നത്. ഒടുവിൽ വേച്ചു വേച്ചു നടന്ന് ഞാൻ അടുത്ത ക്യാമ്പായ 'സോങ്സെർബു'വിൽ എത്തിച്ചേർന്നു.
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * തുടരും
1 അഭിപ്രായം:
മനോഹരമായ ശൈലി ...ആസ്വദിച്ചു .
ഓണാശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ