ബസ് കാളിനദിയുടെ കരയിലൂടെ ഓടിക്കൊണ്ടിരുന്നു. കുറേ ഓടിയപ്പോൾ ഐ.ടി.ബി.പിക്കാർ ഞങ്ങളെ മൈത്രിയിലെ അവരുടെ ക്യാമ്പിലേയ്ക്ക് ആനയിച്ചു. അവിടെ പതിവു പോലെ വിഭവസമൃദ്ധമായ ചായ കിട്ടി. ചായ കുടിയ്ക്കുമ്പോൾ അവർ അവിടെ ഒരു വീഡിയോ പ്രദർശിപ്പിച്ചിരുന്നു. അത് ഞങ്ങളുടെ യാത്രയിൽ പലയിടത്തും വച്ച് അവർ റെക്കോഡ് ചെയ്ത വീഡിയോ ആയിരുന്നു. കൂടെയുള്ള പലരും അതിൽ തിളങ്ങി നിൽക്കുന്നുണ്ടായിരുന്നെങ്കിലും എന്റെ മുഖമൊന്നും ഞാനതിൽ കണ്ടില്ല. അവർ വീഡിയോ എടുത്ത കാര്യം തന്നെ അത് കണ്ടപ്പോഴാണ് ഞാനറിഞ്ഞത്. പിന്നീട് യാത്രയിലെ അനുഭവങ്ങളും ഞങ്ങളുടെ നിർദ്ദേശങ്ങളും മറ്റും എഴുതി അറിയിക്കാൻ കുറേ പേപ്പറുകൾ (ഫീഡ്ബാക്ക് ഫോം) തന്നു. എല്ലാവരും എന്തൊക്കെയോ എഴുതിക്കൊടുത്തു. ഞാനും. പലരും അവരുടെ അനുഭവങ്ങൾ പ്രസംഗരൂപേണ അവിടെ അവതരിപ്പിച്ചു. കൈലാസത്തിലേക്ക് പോകുമ്പോൾ എടുത്ത ഗ്രൂപ്പ് ഫോട്ടോ ഞങ്ങൾ ഓരോരുത്തർക്കായി അവർ തന്നു. ആ ഗ്രൂപ്പ് ഫോട്ടോ ഇവിടെ കൊടുക്കുന്നുണ്ട്.
2011-ലെ കൈലാസമാനസസരോവർ യാത്രയിലെ ആറാമത്തെ ബാച്ച് (അവലംബം: ഐടിബിപി)
മൈത്രിയിൽ വച്ച് ഞങ്ങളുടെ ഗ്രൂപ്പിന്റെ വകയായി കുറച്ചു പണം ഗ്രൂപ്പ് ലീഡർ ഐടിബിപിക്കാർക്ക് നൽകി. അതിന്റെ യുക്തി എനിയ്ക്കൊട്ടും മനസ്സിലായില്ല. ആരോടു ചോദിച്ചിട്ടാണാവോ അവരങ്ങനെ ചെയ്തത്? സത്യത്തിൽ ഈ പണം കൊടുക്കേണ്ടിയിരുന്നത് കാത്ഗോഡം മുതൽ ധാർച്ചുല വരെയും തിരിച്ചും ഞങ്ങളുടെ ബസ്സോടിച്ച ഡ്രൈവർമാർക്കായിരുന്നു. അപകടമായ വഴികളിലൂടേ ബസ്സോടിച്ച് യാതൊരപകടവും കൂടാതെ ഞങ്ങളെ ലക്ഷ്യത്തിലെത്തിച്ച അവരായിരുന്നു ആ പണത്തിന് കൂടുതൽ അർഹർ. അത് ഞാൻ ഒരു നേതാവിനോട് പറഞ്ഞിരുന്നതും ആണ്.
യാത്ര വീണ്ടും തുടർന്നു. ബസ് പല സ്ഥലത്തും യാത്രക്കരുടെ സൗകര്യാർത്ഥം നിർത്തി ഇട്ടു എന്നല്ലാതെ അപ്പോഴത്തെ കാര്യങ്ങളൊന്നും ഇപ്പോൾ എന്റെ ഓർമ്മയിൽ ഇല്ല. പിന്നീട് മണിക്കൂറുകളോളം യാത്ര ചെയ്ത് ബസ് പാതളഭുവനേശ്വർ എന്നു പേരുള്ള സ്ഥലത്ത് എത്തിച്ചേർന്നു. ഈ സ്ഥലത്ത് അതിപുരാതനമായ ഒരു ഗുഹാക്ഷേത്രമുണ്ട്. പുരാവസ്തുവകുപ്പിന്റെ പ്രത്യേകസംരക്ഷണയിലാണ് ഈ ഗുഹ ഇപ്പോൾ. ഹൈന്ദവപുരാണങ്ങളിൽ അഗാധമായ വിശ്വാസവും ഭക്തിയും ഉള്ളവർ അവശ്യം കണ്ടിരിക്കേണ്ടതാണ് ഈ ഗുഹ. ശേഷനാഗം, ബ്രഹ്മാവിന്റെ അരയന്നം, ഐരാവതം, ശിവന്റെ ജട, വിശ്വകർമ്മാവ്, കല്പവൃക്ഷം, സപ്തർഷി മണ്ഡലം എന്നിങ്ങനെ പലതും അവിടത്തെ പൂജാരി ഗുഹയിലെ പാറയിൽ നമ്മൾക്ക് കാണിച്ചു തരും. ഭക്തിയും വിശ്വാസവും ഉള്ളവർക്ക് അതെല്ലാം തൊഴുത് നമസ്കരിച്ച് അനുഗൃഹീതരാകാം. അല്ലാത്തവർക്ക് അതെല്ലാം കണ്ടു രസിക്കുകയും ആകാം.
റോഡിൽ നിന്നും ഏതാണ്ട് അരകിലോമീറ്റർ അകലെയാണ് ഈ ഗുഹാമുഖം. ക്ഷേത്രത്തെക്കുറിച്ചുള്ള ഒരു സംക്ഷിപ്തവിവരണം ഗുഹയ്ക്ക് പുറത്ത് ചുമരിൽ എഴുതി വച്ചിട്ടുണ്ട്. അതിങ്ങനെയാണ്. ത്രേതായുഗത്തിൽ ഋതുപർണ്ണനും ദ്വാപരയുഗത്തിൽ പാണ്ഡവരും കലിയുഗത്തിൽ നമ്മുടെ സാക്ഷാൽ ശങ്കരാചാര്യരും ഇവിടെ പൂജിച്ചു. ശങ്കരാചാര്യർ ആണത്രെ അന്നത്തെ ചന്ദ്രരാജവംശത്തിന് ഈ ക്ഷേത്രത്തെക്കുറിച്ചുള്ള വിവരം നൽകിയത്. അതെന്തായാലും ശങ്കരാചാര്യർ കണ്ടു പിടിച്ചതുകൊണ്ടായിരിക്കാം ഈ ഗുഹയ്ക്ക് മലയാളത്തിലേതെന്ന പോലെ തോന്നുന്ന പാതാളഭുവനേശ്വരം എന്ന പേർ വന്നത്. പാതാളത്തിലേക്കിറങ്ങുന്ന ഒരു പ്രതീതിയായിരിയ്ക്കും പലർക്കും ഇതിലേക്കിറങ്ങുമ്പോൾ തോന്നുക. ഭണ്ഡാരിയാണ് ഇവിടത്തെ പൂജാരി. പാതാൾ ഭുവനേശ്വർ റജി. നം. 217/89-90, ഭുവനേശ്വർ ബി. ഒ. പിൻ-262522 എന്ന് ക്ഷേത്രത്തിന് പുറത്തെവിടെയോ എഴുതി വച്ചതു കാണാം.
ഗതാഗതത്തിന് യാതൊരു സൗകര്യവുമില്ലാത്ത നൂറ്റാണ്ടുകൾക്ക് മുമ്പുള്ള കാലഘട്ടത്തിൽ ശങ്കരാചാര്യർ ഇവിടെ എത്തി എന്നറിഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. എങ്ങനെയാണാവോ അദ്ദേഹം ഈ ഗുഹ കണ്ടു പിടിച്ചത്. വെറുതെയല്ല പലരും അദ്ദേഹത്തെ ദൈവത്തിന്റെ അംശമായിക്കാണുന്നത്. അദ്ദേഹം ഇന്നാണ് ജീവിച്ചിരുന്നതെങ്കിൽ കോടാനുകോടി ജനങ്ങൾ അദ്ദേഹത്തിന്റെ കാലടികൾ വന്നിച്ചേനെ. ദേവത്വത്തിൽ ഉള്ള അദ്ദേഹത്തിന്റെ റെയ്ഞ്ച് കാണുമ്പോൾ ഇന്നത്തെ ആൾദൈവങ്ങൾ ഒന്നുമേ അല്ലെന്ന് എനിയ്ക്ക് തോന്നി. അല്ലെങ്കിലും പണ്ടുള്ളവരുടെ റെയ്ഞ്ചൊന്നും ഇന്നുള്ളവർക്കില്ല. വള്ളത്തോളും മറ്റും ഇന്നാണ് ജീവിച്ചിരുന്നതെങ്കിൽ എത്രയെത്ര അവാർഡുകൾ വാരിക്കൂട്ടിയേനേ? ഒരു പക്ഷേ വള്ളത്തോൾ അവാർഡ് വരെ അദ്ദേഹം നേടിയെടുത്തേനെ.
ഞങ്ങൾ അവിടെ എത്തുമ്പോൾ മഴ പെയ്യാൻ തുടങ്ങിയിരുന്നു. ഗുഹയ്ക്കകത്ത് ഫോട്ടോഗ്രാഫി അനുവദനീയമല്ല. മൊബൈൽ ഫോൺ, ഷൂസ് എന്നിവ ക്ഷേത്രത്തിനു പുറത്ത് വച്ച് ഞങ്ങൾ ഓരോരുത്തരായി ഗുഹയിലേക്കിറങ്ങി. ഇരുന്നും കുനിഞ്ഞും കിടന്നും മറ്റും വേണം ഗുഹയിൽ താഴോട്ടിറങ്ങാൻ. ഭൂരിപക്ഷം ആളുകൾക്കും ഈ ഇറക്കം അത്യന്തം ശ്രമകരമാണ്; പ്രത്യേകിച്ച് തടിയും വണ്ണവും ഉള്ളവർക്ക്. മെലിഞ്ഞ ശരീരപ്രകൃതമായതിനാൽ എനിയ്ക്കീ ഇറക്കം വലിയ ബുദ്ധിമുട്ടുണ്ടാക്കിയില്ല. പക്ഷേ എപ്പോഴും വെള്ളത്തിന്റെ ഉറവയുള്ളതിനാൽ വല്ലാത്ത വഴുക്കൽ അനുഭവപ്പെട്ടു. വളരെ സൂക്ഷിച്ചിറങ്ങിയില്ലെങ്കിൽ വഴുതി വീണ് കയ്യും കാലും ഒടിയും തീർച്ച. പാറയിൽ ഇരുന്ന് നിരങ്ങിയിറങ്ങിയതിന്നാൽ താഴെ എത്തുമ്പോൾ വസ്ത്രങ്ങളെല്ലാം അഴുക്കു പുരണ്ടു കഴിഞ്ഞിരുന്നു.
പത്തുനൂറടി താഴോട്ടിറങ്ങുമ്പോഴേ ഗുഹയുടെ അടിത്തട്ടിലെത്തൂ. ഞാൻ ഗുഹയിലേക്കിറങ്ങുമ്പോൾ എന്റെ തൊട്ടു പുറകിൽ തടിച്ച ഒരു സ്ത്രീ ആയിരുന്നു ഉള്ളത്. അവർ ഗുഹയിലേക്കിറങ്ങാൻ അത്യന്തം കഷ്ടപ്പെടുന്നതായി എനിയ്ക്ക് മനസ്സിലായി. പലപ്പോഴും അവരുടെ കാൽ നിലത്തുറയ്ക്കുന്നില്ലെന്ന് എനിയ്ക്ക് തോന്നി. ഇറങ്ങാൻ പെടുന്ന അവരുടെ പാട് കണ്ടപ്പോൾ ഞാൻ എന്റെ കൈ നീട്ടി. കോൺഗ്രസ്സുകാർ പറയുന്ന പോലെ ഒരു 'കൈ' സഹായിക്കാൻ. അവർ അപ്പോൾ “രണ്ടു കയ്യും നീട്ടി” എന്റെ സഹായഹസ്തം സ്വീകരിച്ചു. പിന്നീടങ്ങോട്ട് അവരുടെ ഓരോ ചുവടും എന്റെ കൈകളിലൂടെയായിരുന്നു. അവരുടെ ഹാൻഡ്ബാഗും എന്റെ കയ്യിൽ അവർ തന്നു.
മുന്നോട്ട് നോക്കി താഴെ ചവിട്ടി നിന്നും പുറകോട്ട് നോക്കി അവരുടെ കൈ പിടിച്ചും ഞാൻ പതുക്കെ പതുക്കെ ഗുഹയിലേക്കിറങ്ങി. എന്നിട്ടും അവർക്ക് പലപ്പോഴും അടി തെറ്റുന്നുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം ഞാൻ നൽകുന്ന ഒരു 'കൈ' സഹായത്തിനിടയിൽ ഞാൻ അറിയാതെ എന്റെ കൈ അവരുടെ അമ്മിഞ്ഞയിൽ അമർന്നു. അത് മനപ്പൂർവ്വം അല്ലെന്ന് അവർക്ക് മനസ്സിലായതുകൊണ്ടായിരിക്കാം അവരുടെ മുഖത്ത് ഭാവവ്യത്യാസമൊന്നും അനുഭവപ്പെട്ടില്ല. അതോ ഗുഹയിലെ വെളിച്ചക്കുറവിൽ ആ ഭാവവ്യത്യാസം ഞാൻ കാണാതെ പോയതായിരിക്കുമോ? എന്തായാലും എനിയ്ക്കത് ഒരു കുറച്ചിലായി അനുഭവപ്പെട്ടു. ഭാഗ്യത്തിനു വീണ്ടും താഴോട്ട് നോക്കുമ്പോൾ ഞാൻ ഗുഹയുടെ താഴെ എത്താറായിരുന്നു. അവിടെ താഴോട്ടിറങ്ങുന്നവരെ കൈ പിടിച്ചിറക്കാൻ മുമ്പേ എത്തിയവർ തയ്യാറായി നിൽപ്പും ഉണ്ടായിരുന്നു. അവരിലൊരാൾക്ക് ഞാനെന്റെ കയ്യും കയ്യിലെ ഹാൻഡ്ബാഗും കൊടുത്ത് വേഗം ഗുഹയിലെ ആളൊഴിഞ്ഞ ഒരു ഭാഗത്ത് ഒതുങ്ങി നിന്നു. ഞാൻ പിന്നെ ആ സ്ത്രീയുടെ മുഖത്ത് നോക്കിയതേ ഇല്ല.
ഗുഹയുടെ മൂലയിൽ ഒതുങ്ങി നിൽക്കുമ്പോൾ ആളുകൾ ഇറങ്ങി വരുന്നത് ഞാൻ ശ്രദ്ധിച്ചു. താഴെ നിൽക്കുന്നവർ താഴോട്ടിറങ്ങുന്ന ഓരോരുത്തരേയും കൈ പിടിച്ച് ഇറങ്ങാൻ സഹായിക്കുകയാണ്. സ്ത്രീകൾ ഇറങ്ങുമ്പോൾ ഒരു 'കൈ' സഹായിക്കാൻ അവർ മത്സരിക്കുന്നതു പോലെ എനിയ്ക്ക് തോന്നി. എനിയ്ക്കങ്ങനെ തോന്നിയില്ലെങ്കിൽ പോലും അത് തികച്ചും സ്വാഭാവികമാണെന്നും എനിയ്ക്ക് തോന്നി. അത് നോക്കി നിന്നപ്പോൾ എന്റെ ഭാര്യ ഒരിക്കൽ എന്നോട് പറഞ്ഞ നിർദ്ദോഷമായ ഒരു സത്യമാണ് എന്റെ മനസ്സിൽ ഓടി വന്നത്. "ഈ 'സ്ത്രീലിംഗം' ദേഹത്തില്ലെങ്കിൽ ആണുങ്ങളൊന്നും പെണ്ണുങ്ങളെ ഒന്നു നോക്കുക പോലും ചെയ്യില്ലല്ലോ" എന്നായിരുന്നു അവളെന്നോട് പരിഭവം (അതോ പരാതിയോ?) പറഞ്ഞത്. എനിയ്ക്ക് അവളോടുള്ള പെരുമാറ്റത്തിൽ നിന്നായിരിക്കാം അവൾ ഈ നഗ്നസത്യം മനസ്സിലാക്കിയതും അത് എന്നോട് പറയാൻ അവൾക്ക് പ്രേരണ കിട്ടിയതും. അതോ ഞാൻ മറ്റുള്ള സ്ത്രീകളെ കാണുമ്പോൾ കാണിയ്ക്കുന്ന കാട്ടിക്കൂട്ടലുകളോ? എന്തു ചെയ്യാം? പത്തിൽ രാഹു നിന്നാലുള്ള സ്ഥിതി പത്തിൽ രാഹു നിൽക്കുന്നവർക്കേ അറിയൂ.
ആളുകൾ ഓരോരുത്തരായി ഗുഹയിലേക്ക് ഇറങ്ങി വരുന്നതും നോക്കി നിൽക്കുമ്പോൾ ഞാനറിയാതെ വീണ്ടും എന്റെ ചിന്തകൾ ഞാനറിയാതെ തൊട്ടുപോയ അമ്മിഞ്ഞയിലേക്കു മടങ്ങി. അമ്മിഞ്ഞയെന്ന ഈ അത്ഭുതപ്രതിഭാസം മനുഷ്യകുലത്തിനു മാത്രം സ്വന്തം. സ്ത്രീകൾക്ക് മാത്രം സ്വന്തം. മൃഗങ്ങൾക്കും അമ്മിഞ്ഞയുണ്ടെങ്കിലും അത് അവരുടെ നവജാതശിശുക്കൾക്ക് മുലയൂട്ടാനായി മാത്രമേ ഉപയോഗത്തിലുള്ളു. പക്ഷേ മനുഷ്യരുടെ കാര്യം അങ്ങനെയാണോ? സ്ത്രീകളുടെ സൗന്ദര്യം മുതൽ നമ്മുടെ ലൈംഗികചേഷ്ടകൾ വരെ ഈ അമ്മിഞ്ഞയുമായി ബന്ധപ്പെട്ടിരിക്കുന്നു. തീവ്രവാദിയായ അജ്മൽ കസബ് തോക്കുമായി ആളുകളെ വിറപ്പിച്ചതുപോലെ നെഞ്ചെയ്യുന്ന അമ്പുമായി ആണുങ്ങളെ കൊതിപ്പിയ്ക്കാൻ നമ്മുടെ ലലനാമണികൾക്കല്ലാതെ മണ്ണിലെ മറ്റേതെങ്കിലും ജീവിയ്ക്ക് കഴിയുമോ? അതെല്ലാം ആലോചിക്കുമ്പോൾ കൃഷ്ണേട്ടൻ പാടാറുള്ള "അമ്മുട്ടിയേ നിൻ മുലമൊട്ടു കണ്ടാൽ കടിച്ചു തിന്നാൻ കൊതിയുണ്ടു പാരം" എന്ന ഈരടിയാണ് മനസ്സിൽ തേട്ടി വരുന്നത്.
ഗുഹയിലെവിടേയും വെള്ളം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഗുഹ വഴുക്കലുള്ളതും ശ്രദ്ധിച്ചു നടന്നില്ലെങ്കിൽ അടി തെറ്റി വീഴാൻ കാരണമാകുന്നതുമായിരുന്നു. സാക്ഷാൽ പരമേശ്വരനും മുപ്പത്തിമുക്കോടി ദേവതകളും ഇവിടെ ഈ ഗുഹയിൽ വസിക്കുന്നു എന്നാണ് ഭക്തന്മാരുടെ വിശ്വാസം. ശാസ്ത്രദൃഷ്ട്യാ നോക്കുമ്പോൾ ചുണ്ണാമ്പുപാറകളാൽ നിർമ്മിതമാണീ ഗുഹ. സ്റ്റാലക്റ്റൈറ്റ്, സ്റ്റാലഗ്മൈറ്റ് എന്നിങ്ങനെ രണ്ടു തരം പാറകൾ ഇവിടെ കാണാം. ഗുഹയുടെ മേൽക്കൂരയിൽ നിന്ന് സിലിണ്ടറാകൃതിയിൽ താഴോട്ട് വളരുന്ന പാറകളാണ് സ്റ്റാലക്റ്റൈറ്റ്. ഗുഹയുടെ നിലത്തു നിന്ന് സിലിണ്ടറാകൃതിയിൽ മേലോട്ട് വളരുന്ന പാറകളാണ് സ്റ്റാലഗ്മൈറ്റ്. ഈ രണ്ടു പാറകളും ചേർന്ന് ഈ ഗുഹയിൽ വിചിത്രമായ പല രൂപങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഈ രൂപങ്ങൾ കാട്ടിക്കൊണ്ട് ശേഷനാഗമെന്നും കല്പവൃക്ഷമെന്നും ശിവന്റെ ജടയെന്നും മറ്റും പൂജാരി വിവരിച്ചു തരുമ്പോൾ അദ്ദേഹത്തെ അവിശ്വസിക്കേണ്ടതായി നമുക്ക് തോന്നണമെന്നില്ല. സത്യം പറഞ്ഞാൽ ശേഷനാഗമെന്ന് അദ്ദേഹം കാട്ടിത്തന്ന രൂപത്തിന് ശേഷനാഗത്തിന്റെ സകല വിശേഷതകളുമുണ്ട്. അതുപോലെതന്നെയാണ് ഐരാവതവും അരയന്നവും മറ്റും മറ്റും.
എല്ലാവരും ഗുഹയിലേക്കിറങ്ങി എത്തി എന്ന് മനസ്സിലായപ്പോൾ പൂജാരി ഞങ്ങൾക്ക് ഗുഹയിലെ ഓരോ രൂപവും കാട്ടിത്തന്ന് അതാതിന്റെ ഇതിഹാസം വിവരിച്ചു തന്നു. ഗുഹയിലേക്കിറങ്ങിയെത്തുന്ന പടികൾക്കടുത്തായി കറുത്ത നിറത്തിലുള്ള ശേഷനാഗത്തിന്റെ പത്തി (ഫണം) പൂജാരി കാണിച്ചു തരികയുണ്ടായി. പത്തികൾ വിരിച്ച് നിൽക്കുന്ന അതിന്റെ പല്ലുകളും മറ്റും അദ്ദേഹം കാണിച്ചു തരുമ്പോൾ ഭീമാകാരമുള്ള ഒരു പാമ്പു തന്നെ അത് എന്ന് നമ്മൾക്ക് തോന്നിപ്പോകും.
ബ്രഹ്മാവിന്റെ വാഹനമായ അരയന്നം പുറകോട്ട് തല തിരിച്ചുപിടിച്ച് നിൽക്കുന്നതും ഇവിടെ ശിലാരൂപത്തിൽ കാണാം. അതിനെ ബുദ്ധിയുടേയും വിവേചനത്തിന്റേയും സ്വരൂപമായിട്ടാണ് ഭക്തന്മാർ കാണുന്നതെങ്കിലും എന്തോ അക്കിടി പറ്റിയ പോലെയാണതിന്റെ നിൽപ്പ്. ഹിന്ദിയിൽ എന്തൊക്കെയോ പൂജാരി പറയുന്നുണ്ടായിരുന്നെങ്കിലും ആളുകൾ ചുറ്റും കൂടി നിൽക്കുകയായിരുന്നതിനാൽ എനിയ്ക്കൊന്നും കേൾക്കാനായില്ല.
നടക്കുമ്പോൾ വീഴാതെ സൂക്ഷിക്കണമെന്ന് അയാൾ കൂടെക്കൂടെ മുന്നറിയിപ്പ് നൽകി. അവിടത്തെ രൂപങ്ങൾ കാട്ടി ഹിന്ദു പുരാണം മുഴുവൻ പറയാൻ ഈ പൂജാരിമാർക്കു കഴിയും. പക്ഷേ പറഞ്ഞതെല്ലാം ഹിന്ദിയിലായിരുന്നതിനാൽ എനിയ്ക്കെല്ലാമൊന്നും മനസ്സിലായില്ല. പ്രകൃതിയുടെ കരവിരുതിനാൽ വിരചിതമാണ് ഈ രൂപങ്ങൾ എന്നോർക്കുമ്പോൾ നമുക്ക് തീർച്ചയായും അത്ഭുതം തോന്നും. ഈ ഗുഹയും ഗുഹാരൂപങ്ങളും എനിയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ടെങ്കിലും അത്ഭുതാവഹമായി ഒന്നും തോന്നിയില്ല. അതിനു കാരണം ഈ ഗുഹയേക്കാൾ എത്രയോ അധികം വലിപ്പമുള്ള "ബോറാ" ഗുഹകൾ ഞാൻ വളരെ മുമ്പേ കണ്ടിരുന്നു എന്നതാണ്. അവിടെ ഗാന്ധിജി, ടാഗോർ എന്നിവരുടെ രൂപങ്ങൾ വരെ പാറയിൽ വിരചിതമാണെന്നാണെന്റെ മങ്ങിയ ഓർമ്മ. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിനു സമീപമുള്ള അരക്കൂ താഴ്വരയ്ക്കു സമീപമാണീ അതിബൃഹത്തായ ബോറാ ഗുഹകൾ. എല്ലാവരും കണ്ടിരിക്കേണ്ടതാണ് പാതാളഭുവനേശ്വരവും ബോറാ ഗുഹകളും.
ഗുഹയുടെ ഉൾഭാഗം മുഴുവൻ വൈദ്യുതദീപങ്ങളാൽ പ്രകാശമാനമാണ്. പൂജയും മറ്റും മുറയ്ക്ക് നടക്കുന്നുണ്ട്. ഞങ്ങൾ പ്രസാദം വാങ്ങുകയും ദക്ഷിണ കൊടുക്കുകയും മറ്റും ചെയ്തു. ഈ ഗുഹയിൽ നിന്ന് കൈലാസത്തിലേക്ക് ഭൂമിക്കടിയിലൂടെ വഴിയുണ്ടത്രെ. ആർക്കറിയാം? പൂജാരിമാർ കാണിച്ചു തരുന്ന സ്ഥലമേ നമുക്കു കാണാനാകൂ. ഒന്നും രണ്ടും ഗുഹയൊന്നുമല്ല അതിനുള്ളിലുള്ളത്. അവർ കാണിച്ചു തരാത്ത സ്ഥലത്ത് കൈലാസത്തിലേക്കുള്ള ഗുഹാമർഗ്ഗമുണ്ടോ ആവോ? ഇനി അതു വഴിയായിരിക്കുമോ സാക്ഷാൽ അർദ്ധനാരീശ്വരന്മാർ കൈലാസത്തിൽ നിന്ന് ഇന്ത്യയിലെ തീർത്ഥസ്ഥാനങ്ങളിൽ എത്തുന്നത്? അങ്ങനെയായിരിക്കും എന്നു വേണം അനുമാനിക്കാൻ. ഇല്ലെങ്കിൽ പാസ്പോർട്ടും വിസയും ഒന്നും ഇല്ലെന്ന് പറഞ്ഞ് അവരെ ചൈനക്കാർ പിടിച്ച് അകത്തിടാനും മതി.
ഭുവനേശ്വരപാതാളത്തിൽ കൈലാസത്തിലേക്കുള്ള വഴിയൊന്നും കാണാതിരുന്നപ്പോൾ താജ് മഹലിന്റെ കാര്യമാണ് എന്റെ മനസ്സിൽ ഓടിയെത്തിയത്. താജ് മഹലിന്റെ ഭൂതലത്തിൽ നിന്ന് താഴോട്ടുള്ള സ്ഥലത്തേക്കൊന്നും സന്ദർശകർക്ക് പ്രവേശനമില്ല. എന്തൊക്കെയോ തങ്ങളിൽ നിന്ന് അവർക്ക് ഒളിച്ചു വയ്ക്കാനുണ്ടെന്ന ചിന്തയേ അത്തരം പ്രവർത്തികൾ സന്ദർശകരിൽ ഉണ്ടാക്കൂ. ചരിത്രവസ്തുക്കൾ ജനങ്ങളിൽ നിന്നൊളിച്ച് വച്ചിട്ട് അധികാരികൾക്ക് എന്താണാവോ കിട്ടുന്നത്?
ഗുഹയിലേക്ക് ഇറങ്ങിയ വഴിയേ തന്നെ വേണമായിരുന്നു പാതാളത്തിൽ നിന്ന് പുറത്തു കടക്കാനും. വഴിയിൽ പിടിപ്പിച്ചിട്ടുള്ള ഇരുമ്പു ചങ്ങല മേലോട്ട് കയറി വരാൻ വളരെയധികം സഹായകമായി എനിയ്ക്കനുഭവപ്പെട്ടു. മുപ്പത്തിമുക്കോടി ദേവകളും ഇവിടെ ഈ പാതാളത്തിൽ കുടുങ്ങിക്കിടക്കുന്നതാകുമോ ഈ കലിയുഗത്തിൽ ജനങ്ങൾ സംസ്ക്കാരശൂന്യരും ധർമച്യുതി ഉള്ളവരും ആയിരിക്കാൻ കാരണം എന്ന് ഭുവനേശ്വരപാതാളത്തിൽ നിന്ന് പുറത്തേക്ക് കയറുമ്പോൾ ഞാൻ സന്ദേഹിച്ചു. ഇവരെയെല്ലാം നല്ല വായുവും വെളിച്ചവും ഉള്ള ഭൂതലത്തിലേക്ക് ആവാഹിക്കാൻ വല്ല യാഗവും ഉടൻ നടത്തേണ്ടതുണ്ടേന്നും എനിയ്ക്കപ്പോൾ തോന്നി. ഗുഹ സന്ദർശിച്ച് പുറത്തിറങ്ങുമ്പോൾ കോരിച്ചൊരിയുന്ന മഴയായിരുന്നു. പുറത്ത് വച്ച ഷൂ നനഞ്ഞ് കുതിർന്നിരുന്നു. പുറത്ത് വന്നപ്പോൾ ശരീരത്തിലും ഡ്രസ്സിലും ആകെ മണ്ണും ചളിയും. അതെല്ലാം കഴുകി വൃത്തിയാക്കിയ ഞാൻ ഷൂസും എടുത്ത് മറ്റുള്ളവരുടെ കൂടെ മഴ നനഞ്ഞു കൊണ്ടോടി. അടുത്തുള്ള ഹോട്ടലിലേക്ക്; അവിടെ സമയം തെറ്റിയ ഉച്ചയൂൺ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു.
ഭക്ഷണം കഴിഞ്ഞ് അടുത്ത ലക്ഷ്യമായ ജാഗേശ്വറിലേക്ക് ബസ്സിലേറി മടങ്ങുമ്പോൾ റോഡിന്റെ ഇരുവശങ്ങളിലും ദേവദാരുവൃക്ഷങ്ങൾ നിരനിരയായി വളർന്നു നിൽക്കുന്നതു കണ്ടു. വഴിയിൽ ജനപഥങ്ങളും കാണാമായിരുന്നു. ചൗസലി, ഗരംപാനി, ചണ്ഡാദേവി, ബെറിനാഗ്, ബൊവാലി എന്നിങ്ങനെ പല സ്ഥലപ്പേരുകളും ബസ്സിലിരിക്കുമ്പോൾ എന്റെ കണ്ണിൽ പെട്ടു. ബൊവാലി എന്നു കണ്ടപ്പോൾ പണ്ട് വയനാട്ടിലെ ബാവലിപ്പുഴയോരത്തു കൂടി നടന്നത് എന്റെ മനസ്സിൽ ഓടിയെത്തി. അന്നൊക്കെ പുഴയിലെ വെള്ളം കുടിയ്ക്കാൻ വരെ പറ്റുമായിരുന്നു. ഇന്നത് കാൽ കഴുകാനെങ്കിലും പറ്റുമോ ആവോ? മനുഷ്യന്റെ പുരോഗതിയുടെ അളവുകോലല്ലേ പുഴകളുടെ ഈ ദുരവസ്ഥ?
രാവേറെ ചെല്ലുന്നതിനു മുമ്പ് ഞങ്ങൾ ജാഗേശ്വറിലെ കെ.എം.വി.എൻ കേന്ദ്രത്തിലെത്തിച്ചേർന്നു. ഇന്നത്തെ ഊണും ഉറക്കവും ഇവിടെയാണ്. ജാഗേശ്വറിൽ എത്തിയത് രാത്രിയിലായതിനാൽ അവിടത്തെ ചുറ്റുപാടൊക്കെ ഒന്ന് ചുറ്റിനടന്നു കാണാനുള്ള സൗകര്യമൊന്നും കിട്ടിയില്ല. ജാഗേശ്വറിൽ നിന്ന് നാനൂറോളം കിലോമീറ്റർ അകലെയാണ് ഡൽഹി. നാളെ സന്ധ്യയോടെ ഡൽഹിയിലെത്തണമെങ്കിൽ അതിരാവിലെ പുറപ്പെടണം. അതിനുമുമ്പായി ജാഗേശ്വർ ക്ഷേത്രസമുച്ചയം നോക്കിക്കാണേണ്ടതുണ്ട്. അതിനായി നേരത്തേ എഴുന്നേൽക്കാനുള്ള തയ്യാറെടുപ്പോടെ കുളിയ്ക്കും ഊണിനും ശേഷം ഞാൻ എനിയ്ക്ക് കിട്ടിയ മുറിയിൽ കിടന്നുറങ്ങി.
നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ജാഗേശ്വർ ക്ഷേത്ര സമുച്ചയം. എണ്ണി നോക്കിയാലേ അവയുടെ എണ്ണം കിട്ടൂ എന്നതു കൊണ്ടാണ് ക്ഷേത്ര സമുച്ചയം എന്നു പറയുന്നത്. ചെറുതും വലുതുമായി ധാരാളം ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. എല്ലാം കല്ലിൽ തീർത്തവ.
ഞാൻ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ക്ഷേത്രത്തിലേക്ക് പോയി. കൂടെ മറ്റു ചിലരും ഉണ്ടായിരുന്നു. പ്രതിഷ്ഠയുടെ അടുത്ത് വരെ നമുക്ക് ക്ഷേത്രപ്രവേശനമുണ്ട്. ശിവലിംഗം തൊടാനും ആരതി നടത്താനും ഒക്കെ പൂജാരിമാർ നമുക്കവസരം തരും. പുലർച്ചെ ആയതിനാൽ അവിടെ ആളുകൾ നന്നേ കുറവായിരുന്നു. എല്ലാവരും ചെയ്യുന്നതുപോലെ ഞാനും പൂവും വെള്ളവും മറ്റും വിഗ്രഹത്തിൽ ചാർത്തി. പക്ഷേ എനിയ്ക്ക് ഭക്തിയിന്നും തോന്നിയില്ല. ഉത്തരേന്ത്യൻ ക്ഷേത്രങ്ങൾ എന്നെ ഒരിയ്ക്കലും ഭക്തിയുടെ തലത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയിട്ടില്ല. അവിടെ പൂജാരിമാർക്ക് പണം കിട്ടണം എന്ന തോന്നലുള്ളതായി എനിയ്ക്ക് തോന്നി. പത്തോ ഇരുപതോ രൂപ തരാതരം പോലെ ഞാൻ അവിടെയും ഇവിടേയും മറ്റും കൊടുക്കുകയും ചെയ്തു.
സൂര്യോദയത്തിനു മുമ്പ് ക്ഷേത്രത്തിലെത്തിയതിനാൽ ചുറ്റുപാടുകളൊന്നും ശരിയ്ക്ക് കാണാൻ പറ്റിയില്ല. ക്ഷേത്രത്തിലേയ്ക്ക് കയറുന്നിടത്ത് പുരാവസ്തു വകുപ്പിന്റെ ബോർഡുണ്ട്. ഇതും അവരുടെ സംരക്ഷണത്തിലാണ്. അതീവപുരാതനമല്ലേ ഈ ക്ഷേത്രം. അപ്പോൾ സംരക്ഷണം ആവശ്യമുള്ളതു തന്നെ. ക്ഷേത്രത്തിനടുത്തു കൂടി ഏതോ അരുവി ഒഴുകുന്നുണ്ട്. അത് ഏതാണെന്നോ എവിടെ നിന്നു വരുന്നു എന്നോ ഒന്നും മനസ്സിലായില്ല. ക്ഷേത്രത്തിനു ചുറ്റുമുള്ള സ്ഥലം ദേവദാരു മരങ്ങളാൽ നിബിഡമാണ്. ക്ഷേത്രത്തിലേക്കുള്ള വഴിയുടെ ഇരുവശവും ഉള്ള താൽക്കാലിക കടകൾ അവിടെ ഉത്സവം നടക്കുന്നതിന്റെ ഒരു പ്രതീതി ഉളവാക്കി.
ഇവിടേയും നമ്മുടേ ശങ്കരാചാര്യർ എത്തിയിട്ടുണ്ട്. ഇവിടത്തെ പൂജകളും ക്ഷേത്രങ്ങളുമൊക്കെ അദ്ദേഹം നവീകരിച്ചതായി ആളുകൾ വിശ്വസിക്കുന്നു. കൈലാസത്തിലേക്ക് നടപ്പാതയൊക്കെ ഉണ്ടാകുന്നതിനും പണ്ട് ആളുകൾ ഈ ക്ഷേത്രം വഴിയത്രെ കൈലാസയാത്ര നടത്തിയിരുന്നത്. അതുകൊണ്ടാണ് മടക്കായാത്രയിലാണെങ്കിലും കൈലാസയാത്രികർക്ക് ഇതുവഴി പോകുന്നതിനവസരം നൽകുന്നത്. യോഗേശ്വരൻ എന്ന വാക്കാണ് ജാഗേശ്വർ ആയതെന്ന് പറയപ്പെടുന്നു.
ക്ഷേത്രത്തിൽ നിന്നു മടങ്ങിയെത്തിയ ഞാൻ പ്രാതൽ കഴിച്ച് യാത്രയ്ക്ക് തയ്യാറായി നിന്നു. പക്ഷേ മണിക്കൂറുകൾ കഴിഞ്ഞേ ബസ്സ് യാത്ര തുടങ്ങിയുള്ളു. പലരും സമയത്ത് റെഡിയായില്ല എന്നത് തന്നെ കാരണം. നാട്ടിലെത്തുമ്പോൾ മനുഷ്യസഹജവും സ്വാഭാവികവുമായ മടി അവരെ പിടികൂടാൻ തുടങ്ങിക്കാണണം.
തുടർന്നുള്ള മടക്കയാത്രയിൽ ബസ്സിന്റെ ടയർ രണ്ടു തവണ കേടായി. യാത്രയുടെ സമയം തെറ്റിയതല്ലാതെ മറ്റു ബുദ്ധിമുട്ടൊന്നും അതുകൊണ്ടുണ്ടായില്ല. യാത്രക്കാരുടെ ആവശ്യാർത്ഥവും ബസ്സ് വഴിയിൽ നിറുത്തി ഇടുകയുണ്ടായി. നട്ടുച്ചയോടെ ബസ് അല്മോറ വഴി പോകുമ്പോൾ നടുറോഡിൽ ഒരു ശുനകൻ തന്റെ പ്രിയതമയുമൊത്ത് സൃഷ്ടികർമ്മം നിർവ്വഹിക്കുകയാണ്. യാത്രക്കാർ പലരും ബസിൽ ഉറക്കമായിരുന്നതിനാൽ എത്ര പേർ അത് കണ്ടു എന്ന് പറയാൻ പ്രയാസം. നിങ്ങൾക്ക് ഇതൊക്കെയല്ലേ നാട്ടിൽ മുഖ്യപരിപാടി എന്ന് ശുനകൻ ഒരു പക്ഷേ ഞങ്ങളെ ഓർമ്മിപ്പിച്ചതാകാം. അതോ, ഇതിനൊക്കെത്തന്നെയല്ലേ നിങ്ങൾ ഓടിപ്പോകുന്നതെന്നാണോ ശുനകൻ ഭംഗ്യന്തരേണ സൂചിപ്പിച്ചത്?
ഒടുവിൽ ഉച്ചയ്ക്ക് അല്പം വൈകി ബസ്സ് കാത്ഗോഡത്തെത്തി. അവിടെ കെഎംവീൻ ഗസ്റ്റ് ഹൗസിൽ ചെറിയൊരു മീറ്റിങ്ങുണ്ടായി. അതിൽ വച്ചാണ് ഞങ്ങൾക്ക് യാത്രയുടെ ഭാരവാഹികൾ എംഇഎയുടെ വകയായ "യാത്രാ കംപ്ലീഷൻ സർട്ടിഫിക്കറ്റും" യാത്രാസ്മരണികയും നൽകിയത്. വിഭവസമൃദ്ധമായ ഊണിനു ശേഷം യാത്ര വീണ്ടും തുടർന്നു. തുടർയാത്രയ്ക്കായി കാത്ഗോഡം ബസ് സ്റ്റാൻഡിൽ ഞങ്ങളെ കാത്ത് പുതുപുത്തൻ വോൾവോ ബസ്സ് കിടപ്പുണ്ടായിരുന്നു. പത്തമ്പത്തഞ്ച് പേർക്കിരിക്കാവുന്ന നല്ല ഏ. സി. ലക്ഷ്വറി കോച്ച്. ഞങ്ങളാണ് അതിൽ രണ്ടാമത് കയറിയത് എന്ന് തോന്നുന്നു. ബസ്സിന്റെ പുറകിൽ VOLVO 9400 Common Rail Direct Injection System എന്നെഴുതി വച്ചിട്ടുണ്ട്.
ബസ്സിലെ യാത്ര വളരെ സുഖകരമായിരുന്നു. പുതുപുത്തൻ ബസ്സിലെ പുതുപുത്തൻ സീറ്റിലിരിയ്ക്കുമ്പോൾ സുഖമല്ലാതെ മറ്റെന്താണുണ്ടാകുക? കാത്ഗോഡത്തു നിന്ന് തുടങ്ങിയ ഈ ബസ് യാത്ര ദേവഭൂമിയായ ഉത്തരഖണ്ഡിനെ പിന്നിട്ട് മായാഭൂമിയായ (മായാവതിയുടെ ഭൂമി) ഉത്തരപ്രദേശിലെത്തുമ്പോൾ ബസ്സിൽ നിന്ന് യാത്രക്കരുടെ കൊഴിഞ്ഞുപോക്ക് തുടങ്ങിയിരുന്നു. രാത്രിയിൽ ബസ്സ് ഏതോ ഹോട്ടലിന്റെ മുന്നിൽ നിന്നു. എല്ലാവരുടേയും അത്താഴം ഒരു യാത്രക്കാരന്റെ വകയായിരുന്നു. നല്ല സദ്യസമാനമായ അത്താഴം. ഇയാളുടെ മൂന്നാമത്തെ കൈലാസയാത്രയാണത്. അയാളൊരു കോണ്ട്രാക്റ്ററാണ്. 18 തവണ തുടർച്ചയായി കൈലാസത്തിൽ പോകാനാണയാളുടെ തീരുമാനം. അയാൾക്ക് ഈ അത്താഴച്ചെലവൊരു ചെലവാണോ? കൂടിപ്പോയാൽ ഒരു പതിനായിരം രൂപയായിക്കാണും. അത്രതന്നെ.
ഞങ്ങളുടെ ബസ്സ് ഡൽഹിയിലെ ഗുജറാത്ത് സദനിൽ യാത്ര അവസാനിപ്പിക്കുമ്പോൾ രാവേറെ ചെന്നിരുന്നു. എല്ലാവരേയും ആരതിയോടെ സ്വീകരിക്കാൻ അവിടെ യാത്രാഭാരവാഹികൾ സന്നിഹിതരായിരുന്നു. അവർ ഞങ്ങൾക്ക് നൽകിയ പ്രസാദത്തിൽ നൂറിന്റെ അലക്കിത്തേച്ച ഒരു ഇന്ത്യൻ കറൻസി നോട്ടും ഉണ്ടായിരുന്നു. എന്താണാവോ അതിന്റെ പ്രസക്തി? എന്തായാലും അതിപ്പോഴും എന്റെ പോക്കറ്റിൽ ഏടിഎം കാർഡുകൾക്കിടയിലുണ്ട്.
ബസ്സിറങ്ങി ഗുജറാത്ത് സദനിലേക്ക് നടക്കുമ്പോൾ അവിടെ ഞങ്ങളുടെ ലഗേജുകൾ വഹിയ്ക്കുന്ന ലോറി കിടപ്പുണ്ടായിരുന്നു. ഇനി ആ ലഗേജ് കിട്ടുക എന്നതാണ് പ്രധാന പരിപാടി. മറ്റൊരു ലഗേജ് ഗുജറാത്ത് സദനിലും വച്ചിട്ടുണ്ട്. അതു രണ്ടും കിട്ടിയാൽ യാത്രയുടെ പര്യവസാനമായി. വീട്ടിലേക്ക് തിരിച്ചു പോകാം. ഒരു മാസം മുമ്പ് ഇവിടെ വച്ച ലഗേജ് തിരിച്ചു കിട്ടുമെന്ന് എനിയ്ക്ക് യാതൊരു ഉറപ്പും ഇല്ലായിരുന്നു. പക്ഷേ കൈലാസനാഥന്റെ തുണയാൽ വളരെ വേഗം തന്നെ അത് കിട്ടുകയുണ്ടായി. അപ്പോൾ ഈ അർദ്ധരാത്രിയിൽ നോയ്ഡയിലേക്ക് എങ്ങനെ പോകും എന്നായിരുന്നു എന്റെ ചിന്ത. അപ്പോഴാണ് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കൂടെയുള്ള ഉത്സവ് ശർമയെന്ന ചെറുപ്പക്കാരൻ നോയ്ഡയിലേക്ക് പോകാൻ തീരുമാനിച്ചതും എന്നെ അയാളുടെ വാഹനത്തിലേക്ക് ക്ഷണിച്ചതും എന്റെ ലഗേജുകളുമായി രാത്രി രണ്ടു മണിയോടുകൂടി എന്റെ വീട്ടിലിറക്കി വിട്ടതും. ഇതിൽപ്പരം ഒരു കാരുണ്യം കൈലാസനാഥന് എന്നോട് കാണിക്കുവാനാകുമായിരുന്നില്ല. അല്ലെങ്കിൽ ഞാനാ രാത്രിയിൽ ഗുജറാത്ത് സദനിലെ നിലത്ത് കിടക്കുകയും അടുത്ത രാവിലെ രണ്ടു വലിയ ഭാണ്ഡവും പേറി നോയ്ഡയിലേക്ക് പോകുകയും വേണ്ടി വന്നേനെ. സഹയാത്രികരോട് യാത്ര പറയാൻ പോലും ഇതു കാരണം എനിയ്ക്കായില്ലെങ്കിലും അടുത്ത ദിവസം തന്നെ ഓഫീസിലെത്തി ഹാജർ മാർക്ക് ചെയ്യാൻ അത് എന്നെ സഹായിച്ചു. അങ്ങനെ ഒരു മാസം നീണ്ടു നിന്ന എന്റെ കൈലാസ യാത്ര യാതൊരു ബുദ്ധിമുട്ടും കൂടാതെ അവസാനിച്ചു.
വലിയൊരനുഭവമായിരുന്നു ഈ യാത്ര. പലതരം ആളുകളെ അടുത്തറിയാൻ എന്നെ ഈ യാത്ര സഹായിച്ചു. അതിൽ എന്നെ കൂടുതൽ സ്വാധീനിച്ചത് കെഎംവിഎൻ മാനേജരായ വിപിൻ ചന്ദ്രപണ്ഡേ ആണ്. അദ്ദേഹമാണ് യാത്രയിലെ മോശമായ കാര്യങ്ങളെല്ലാം മറക്കുവാനും നല്ല ഓർമ്മകൾ മാത്രം മനസ്സിലേറ്റി നാട്ടിലേക്ക് തിരിച്ചു പോകാനും ഞങ്ങളെ ഉപദേശിച്ചത്. ആ ഉപദേശം ഞാൻ കൈക്കൊള്ളുകയും ചെയ്തു. ഞാൻ ആ ഉപദേശം കൈക്കൊണ്ടില്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ എഴുതുമായിരുന്നത് "കൈലാസയാത്രയിലെ തോന്ന്യാസങ്ങൾ" ആകുമായിരുന്നു. ഞങ്ങൾ യാത്രക്കാർ തമ്മിലുള്ള വാക്തർക്കങ്ങളും ഞങ്ങൾ തമ്മിലുള്ള വ്യക്തിമാത്സര്യങ്ങളും മറ്റും മറ്റും ഇവിടെ സ്ഥാനം പിടിയ്ക്കുമായിരുന്നു. പക്ഷെ അതൊന്നും ഇവിടെ കാണാത്തത് അതെല്ലാം യോഗേശ്വരത്തിനപ്പുറം കളഞ്ഞു എന്നതുകൊണ്ടാണ്. കള്ളുകുടി, വാക്കേറ്റങ്ങൾ എന്നിവയൊന്നും ഇവിടെ അരങ്ങേറ്റം നടത്താത്തത് പാണ്ഡേയുടെ ഉപദേശം കൊണ്ടാണ്. മാർക്സിയൻ ചിന്താഗതിക്കാർക്ക് അധികാരസ്ഥാനങ്ങളോടൊട്ടിനിൽക്കാനും പ്രായക്കൂടുതലുള്ളവരെ തേജോവധം ചെയ്ത് നിസ്തേജരാക്കാനും ഉള്ള താല്പര്യവും ഞാനീ യാത്രയിൽ നിന്ന് മനസ്സിലാക്കി. പക്ഷേ അതൊന്നും ഞാൻ വാക്കുകളാക്കി മാറ്റിയില്ല. അതുകൊണ്ടു തന്നെ പലവ്യക്തികളും എന്റെ ഈ തോന്ന്യാക്ഷരങ്ങളിൽ പ്രത്യക്ഷപ്പെടാതെ പോവുകയും ചെയ്തു.
ഈ വർഷം പത്തു മുപ്പത് പേരോളം യാത്രികർ കൈലാസയാത്ര പൂർത്തീകരിക്കാതെ തിരിച്ചു പോരികയുണ്ടായി. ഇതിൽ ഒരാളെ ചിയാലേഖിൽ നിന്നും ഹെലിക്കോപ്റ്റർ വഴി അയാളുടെ സ്വദേശമായ ഡറാഡൂണിൽ എത്തിക്കുകയായിരുന്നു. അതിന്റെ ചെലവും അയാൾ വഹിച്ചു കാണണം. കുറച്ചുപേർ വ്യക്തിപരമായ കാരണങ്ങളാലാണ് തിരിച്ചു പോന്നതെങ്കിലും ഭൂരിഭാഗവും ഗുഞ്ചിയിലെ മെഡിക്കൽ ടെസ്റ്റിൽ പരാജയപ്പെട്ട് പിന്മാറുകയായിരുന്നു. ഒരാൾ ഗുഞ്ചിയിൽ ചികിത്സയിലും ആയി.. അതെല്ലാം അറിയുമ്പോൾ ഈ യാത്ര യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും കൂടാതെ പൂർത്തീകരിയ്ക്കാൻ എനിയ്ക്ക് സാധിച്ചു എന്ന് പറഞ്ഞേ തീരൂ. ഒരു വയറിളക്കമോ ജലദോഷമോ പോലും എനിയ്ക്ക് ഈ യാത്രയിലുണ്ടായില്ല. കുതിരപ്പുറത്തു നിന്ന് വീണ് കൈ ഒടിഞ്ഞ ആൾ വരെ എന്റെ സംഘത്തിലുണ്ടായിരുന്നു എന്ന് ഈ സന്ദർഭത്തിൽ ഓർക്കേണ്ടതുണ്ട്. എല്ലാം ശ്രീശങ്കരന്റേയും ശങ്കരാചാര്യരുടേയും തുണ എന്നല്ലാതെ ഞാനെന്തു പറയാൻ? അതിനാൽ സാക്ഷാൽ ശ്രീശങ്കരാചാര്യരെ സർവ്വാത്മനാ സ്മരിച്ചുകൊണ്ടും “ഓം ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം ഉർവ്വാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയമാമൃതാത്” എന്നു പറഞ്ഞുകൊണ്ടും എന്റെ തോന്ന്യാക്ഷരങ്ങൾ ഇവിടെ നിർത്തുന്നു.
* * * * * * * * * * * * * * * * * * * * * * * * * * * * * *
1 അഭിപ്രായം:
24 ഭാഗങ്ങളായി വിവരിച്ചിരിക്കുന്ന താങ്കളുടെ കൈലാസയാത്രയുടെ അനുഭവങ്ങൾ എല്ലാം വായിച്ചു. ഹൃദ്യം. ലളിതമായ ആഖ്യാനശൈലി ഏറെ മനോഹരമാക്കിയ ഈ യാത്രാകുറിപ്പിന് നന്ദി. ആശംസകൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ