2015, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

എം ജി എസ്സും ആർ എസ് എസ്സും

മന്ത്രി മഹേഷ് ശർമ്മ എന്തൊക്കെ അബദ്ധങ്ങളാ പറയുന്നത്! പെണ്ണുങ്ങൾ രാത്രി പുറത്തിറങ്ങി നടക്കരുത്, അബ്ദുൾ കലാം മുസ്ലിമായിട്ടും രാജ്യസ്നേഹിയായിരുന്നു, ബൈബിളും ഖുറാനും ഇന്ത്യയുടെ ആത്മാവിനോട് ചേരുന്നതല്ല എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ ജല്പനങ്ങൾ.... കഷ്ടം! വിവരക്കേട് എന്നല്ലാതെ എന്തു പറയാൻ. അദ്ദേഹം ഇങ്ങനെയൊക്കെ പറയാൻ ഈ ഞാനാണോ കാരണക്കാരൻ എന്നാണിപ്പോഴെന്റെ സംശയം.  ഞാൻ സ്ഥിരമായി സന്ദർശിക്കുന്ന കൈലാസ് ഹോസ്പിറ്റലിന്റെ ഉടമസ്ഥനാണ് അദ്ദേഹം; ഞാൻ ജോലി ചെയ്യുന്ന നോയ്ഡയിലെ എം. എൽ. എ. ആയിരുന്നു അദ്ദേഹം; ഇപ്പോൾ അവിടത്തെ എം. പി. ആണദ്ദേഹം; ഇങ്ങനെ ഞാനുമായുള്ള ഈ ബന്ധങ്ങളാണോ അദ്ദേഹവും എന്നെപ്പോലെ വിവരക്കേടുകൾ വിളിച്ചു പറയുന്നതിന്റെ കാരണം?  അതെന്തായാലും പുരോഗമനവാദികൾക്കും മതേതരന്മാർക്കും പറയാൻ ഒരു വിഷയമുണ്ട്. "അദ്ദേഹം ഇങ്ങനെയൊക്കെ പറയും; അദ്ദേഹം ബി.ജെ.പി. ആണ്; ആർ. എസ്. എസ്. ആണ്; ഇത്തരം വർഗ്ഗീയഫാസിസ്റ്റുകൾക്ക് എന്താ പറഞ്ഞു കൂടാത്തത്?" എന്ന്.

മന്ത്രി ഇത്രയൊക്കെ പറഞ്ഞെങ്കിൽ ഡോ. സുബ്രഹ്മണ്യസ്വാമി ഒരു പടി കൂടി കടന്നാണ് പറഞ്ഞിരിക്കുന്നത്. സ്ത്രീകളും പുരുഷന്മാരും അമിതമായി മദിച്ചുല്ലസിക്കരുതെന്നും രാത്രിയിലുള്ള ആഘോഷങ്ങൾ ഒഴിവാക്കണമെന്നും സ്ത്രീകൾ രാത്രി പുറത്തു പോകരുതെന്ന മന്ത്രി മഹേഷ് ശർമ്മയുടെ അഭിപ്രായത്തെ താൻ പിന്തുണയ്ക്കുന്നുവെന്നും മറ്റുമാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ശിവ ശിവ; നമ്മുടെ നാട് എവിടെ എത്തുമോ ആവോ? സംശയിക്കേണ്ട; അദ്ദേഹവും സാക്ഷാൽ സംഘി തന്നെ.  ഇതൊക്കെ കേട്ട് പുരോഗമനവാദികളും മതേതരന്മാരും ഒക്കെ എങ്ങനെ ഉറങ്ങുമോ ആവോ?

മന്ത്രിയെപ്പോലെ തന്നെ ഉത്തരവാദിത്തമില്ലാതെയാണ്, ഡോ. എം.ജി.എസ്സിന്റെ ഒരു പ്രസ്താവന കണ്ടപ്പോൾ ഞാനോരോന്നിവിടെ കുത്തിക്കുറിച്ചിട്ടത്.  "ഒരിയ്ക്കലും ഒരു സ്ത്രീക്കും പുരുഷനും ആജീവനാന്തം ആത്മാർത്ഥതയോടെ ഒരുമിച്ചു കഴിയാനാവില്ല" എന്ന ഡോ. എം.ജി.എസ്സിന്റെ പ്രസ്താവന കണ്ടപ്പോൾ എന്തെല്ലാം ഹീനമായ ചിന്തകളാണെന്നോ എന്റെ മനസ്സിലൂടെ കടന്നുപോയത്?  ഭാര്യാഭർത്താക്കന്മാർക്ക് ഒരിക്കലും ഐക്യത്തോടെ ജീവിക്കാനാവില്ല എന്നാണ് ഞാൻ ആദ്യം കരുതിയത്. ഇന്ത്യൻ ദമ്പതികൾ പരസ്പരം സ്നേഹിക്കാത്തവരാണെന്നും ഞാൻ തെറ്റിദ്ധരിച്ചു.  ഈ പ്രസ്താവനയുടെ അടിസ്ഥാനം അദ്ദേഹത്തിന്റെ തന്നെ ജീവിതമായിരിക്കുമെന്നും കല്യാണം കഴിഞ്ഞു കുറേ കഴിഞ്ഞാൽ വിവാഹമോചനം ചെയ്യണമെന്നാണ് അദ്ദേഹം ഉപദേശിക്കുന്നതെന്നും ഞാൻ കരുതി.  ദാമ്പത്യത്തിൽ പാശ്ചാത്യരെ അനുകരിക്കാനാണ് അദ്ദേഹം ഉദ്ബോധനം നടത്തുന്നതെന്നും ഞാൻ മനസ്സിലാക്കി. ഇമ്മാതിരി മൂഢമായ ചിന്തകൾ എന്റെ മനസ്സിലൂടെ കടന്നുപൊയെങ്കിൽ ബുദ്ധി എന്ന ഒരു സാധനം എന്റെ തലയ്ക്കകത്ത് ഇല്ല എന്നേ ആരും കരുതൂ. മഹാനായ ഒരു വ്യക്തി മഹത്തായ ഒരു കാര്യത്തെക്കുറിച്ച് മഹനീയമായ ചില പ്രസ്താവനകൾ നടത്തുമ്പോൾ അത് മനസ്സിലാകാത്തവനെ എന്തു വിളിക്കണം? (ബുദ്ധിയും വിവേകവും ഇല്ലാത്തവനെ ആളിന്റെ രൂപമുള്ളിടത്തോളം കാലം ആൾരൂപൻ എന്നല്ലേ വിളിക്കാനാകൂ?)

ഭാരതീയചരിത്രത്തിൽ അഗാധമായ പാണ്ഡിത്യമുള്ള, നമ്മുടെ മഹനീയമായ പൈതൃകത്തെക്കുറിച്ച് പഠനം നടത്തിയ അദ്ദേഹം അതെല്ലാം മറന്ന് പാശ്ത്യരെ അനുകരിക്കാൻ നമ്മളെ ഉപദേശിക്കും എന്ന് കരുതുന്നത് അദ്ദേഹത്തോട് മാത്രമല്ല നമ്മുടെ പൂർവ്വീകരോടും ചെയ്യുന്ന കടുത്ത അപരാധമായിരിക്കും.  അത്തരത്തിലുള്ള തെറ്റാണ് ഞാൻ ചെയ്തതെന്ന് എനിയ്ക്ക് പിന്നീടാണ് മനസ്സിലായത്. വെറുതെയല്ല എന്റെ ബുദ്ധി വെറും റ്റ്യൂബ്‌ലൈറ്റാണെന്ന് ആളുകൾ പറയുന്നത്. എന്നാലും കുറേ കഴിഞ്ഞെങ്കിലും എനിയ്ക്ക് കാര്യങ്ങൾ മനസ്സിലാകുന്നുണ്ടല്ലോ എന്നതാണ് എന്റെ ഒരു സമാധാനം.

അദേഹം നടത്തിയ പ്രസ്താവനയുടെ പൊരുൾ പതുക്കെ എനിയ്ക്ക് മനസ്സിലാകാൻ തുടങ്ങി. മഹത്തും അപൂർവ്വവും ആയ പൈതൃകവും ലോകത്തിന് അനുകരണീയമായ സംസ്കാരവും നമുക്ക് സമ്മാനിച്ച നമ്മുടെ പൂർവ്വീകരുടെ കാൽപ്പാടുകൾ പിന്തുടർന്ന് ജീവിക്കാനാണ് അദ്ദേഹം ഉദ്ബോധനം ചെയ്തതെന്ന് എനിയ്ക്ക് അങ്ങനെ മനസ്സിലായി. നമ്മുടെ പൂർവ്വീകർ പാലിച്ചിരുന്ന ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നീ നാല് ആശ്രമങ്ങളെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുകയായിരുന്നു അദ്ദേഹം എന്ന് എനിയ്ക്ക് വ്യക്തമായി. വിവാഹത്തിനും ഗൃഹസ്ഥാശ്രമത്തിനും പിന്നീടുള്ള വാനപ്രസ്ഥം, സന്യാസം എന്നീ രണ്ട് ജീവിതാവസ്ഥകൾ ഓരോ ഭാരതീയനും പാലിക്കേണ്ടതാണെന്ന് അദ്ദേഹം ഉധ്ബോധിപ്പിക്കുകയായിരുന്നുവെന്ന് എനിയ്ക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. അങ്ങനെ 4 ആശ്രമങ്ങളിൽ ജീവിക്കുമ്പോൾ ഒരിക്കലും അത്മാർത്ഥതയില്ലാത്ത ആജീവനാന്ത ദാമ്പത്യം ഉണ്ടാവില്ല. ദമ്പതികൾ തമ്മിൽ എന്തെങ്കിലും അകൽച്ച ഉണ്ടാകുന്നതിനു മുമ്പേ വാനപ്രസ്ഥത്തിനിറങ്ങുന്നത് വിജയകരമായ ദാമ്പത്യത്തിന്റെ മാത്രം ലക്ഷണമല്ല; ഇനിയങ്ങോട്ട് അഭിപ്രായവ്യത്യാസം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ കൂടിയാണ്. എങ്ങനെ?

 അറിയില്ലേ? തീർത്ഥയാത്രയിൽ കൂടി ആത്മസാക്ഷാത്ക്കാരം കൈ വരുന്ന അവസ്ഥയത്രെ വാനപ്രസ്ഥം. മനുഷ്യായുസിലെ 50 വയസുകഴിഞ്ഞാൽ വാനപ്രസ്ഥം സ്വീകരിക്കണമെന്നാണ് വിക്കിപ്പീഡീയ പറയുന്നത്. (ഇപ്പോൾ എല്ലാവരും സംശയം വരുമ്പോൾ സമീപിക്കുന്നത് വിക്കിയെ ആണല്ലോ!) അതു തന്നെയാണ് ഡോ. എം. ജി. എസ്സും ഉദ്ദേശിച്ചതും പ്രഖ്യാപിച്ചതും. വാനപ്രസ്ഥം സ്വീകരിച്ചു ഗൃഹത്തിന് പുറത്തു ജീവിക്കണം എന്നാണ് വിക്കി പറയുന്നത്. സന്തോഷപൂർവ്വം, ഒരുക്കമാണെങ്കിൽ ഭാര്യയെയും കൂടെ കൊണ്ടുപോകാമത്രെ. സ്വയം അറിഞ്ഞിട്ടല്ലെങ്കിലും, 50 കഴിഞ്ഞപ്പോൾ ഞാൻ ചെയ്തത് ഇന്ദ്രപ്രസ്ഥത്തിൽ പോയി ജീവിക്കുക എന്നതായിരുന്നു. ഭാര്യയെയും കൂടെ കൂട്ടിയിരുന്നു. അതുകൊണ്ട് വാനപ്രസ്ഥത്തിൽ ചെയ്യേണ്ടതിന്റെ ഒരു 50% ഞാൻ ചെയ്തു എന്ന് എനിയ്ക്ക് സമാധാനിക്കാം. (വാനപ്രസ്ഥത്തിന്റെ 50% ഇന്ദ്രപ്രസ്ഥത്തിലുണ്ടല്ലോ!) എം. ജി. എസ്സിന്റെ പ്രസ്താവനയിൽ ഭാര്യയെ കൂടെ കൂട്ടണമെന്ന് നിർബ്ബന്ധിക്കുന്നിന്നില്ല എന്നു വേണം അനുമാനിക്കാൻ. വാനപ്രസ്ഥകാലത്ത് സാമൂഹിക, ധാർമികരംഗങ്ങളിൽ സേവനമനുഷ്ഠിക്കണം എന്നാണ്  വിവക്ഷിക്കപ്പെടുന്നത്. അമ്പലങ്ങളിൽ കയറി ഇറങ്ങുകയും ഒന്നും രണ്ടും രൂപ ധർമ്മം കൊടുക്കുകയും വേണമെന്നായിരിക്കും ഇതിൽ നിന്നു വിവക്ഷിക്കുന്നത്. അതെപ്പോഴും ഒറ്റയ്ക്കാണ് നല്ലത്.

സന്താനങ്ങൾ സ്വന്തം കാലിൽ നിൽക്കുവാനായാൽ ഗൃഹഭരണം അവരെ ഏല്പിക്കണം എന്നും വിക്കി ഉപദേശിക്കുന്നുണ്ട്. അതിക്കാലത്ത് നടക്കുന്ന കാര്യമാണോ? സ്വന്തം കാലിൽ നിൽക്കാനായാൽ മക്കൾ ഐ ടി കമ്പനിയിൽ ജോലി കിട്ടി മഹാനഗരത്തിലേക്ക് ചേക്കേറും; പിന്നെ അവിടെ നിന്ന് യൂ. എസ്സിലേക്കോ മറ്റേതെങ്കിലും വിദേശരാജ്യത്തേക്കോ പോകും. പിന്നെ എങ്ങനെയാ ഗൃഹഭരണം അവരെ ഏല്പിക്കുക? വിക്കിക്കെന്താ പറഞ്ഞു കൂടാത്തത്? എന്തായാലും എം. ജി. എസ് അതിനെക്കുറിച്ചൊന്നും പറയുന്നില്ല; സമാധാനം.

"ഒരിയ്ക്കലും ഒരു സ്ത്രീക്കും പുരുഷനും ആജീവനാന്തം ആത്മാർത്ഥതയോടെ ഒരുമിച്ചു കഴിയാനാവില്ല" എന്ന ഡോ. എം.ജി.എസ്സിന്റെ പ്രസ്താവന  ഹിന്ദുക്കളെ മാത്രം ഉദ്ദേശിച്ചല്ല. മുഴുവൻ ഭാരതീയരേയും ഉദ്ദേശിച്ചാണ്. അതിൽ ബൗദ്ധന്മാരും ജൈനന്മാരും മാത്രമല്ല മുസ്ലീങ്ങളും ക്രിസ്ത്യാനികളും വരെ ഉൾപ്പെടും. അപ്പോൾ ഈ മുസ്ലീങ്ങളും ക്രിസ്ത്യാനികളും എല്ലാം വാനപ്രസ്ഥവും സന്യാസവും സ്വീകരിക്കണമെന്നാണോ അദ്ദേഹം വിവക്ഷിക്കുന്നത്? അതെങ്ങനെ സാധിക്കും? ഈ ക്രിസ്ത്യാനികളും മുസ്ലീങ്ങളും അനുഷ്ഠിക്കേണ്ടത് ബൈബിളും ഖുറാനും അല്ലേ? അപ്പോൾ മുസ്ലീങ്ങളും ക്രിസ്ത്യാനികളും വാനപ്രസ്ഥവും സന്യാസവും അനുഷ്ഠിക്കണമെന്ന് പറയുന്നത് ഒരർത്ഥത്തിൽ പറഞ്ഞാൽ മന്ത്രി മഹേഷ് ശർമ പറഞ്ഞതു തന്നെയല്ലേ? (ബൈബിളും ഖുറാനും ഇന്ത്യയുടെ ആത്മാവിനോട് ചേരുന്നതല്ല.) കഷ്ടം!

ഈശ്വരാ, ഡോ. എം. ജി. എസ് പറഞ്ഞത്  പുരോഗമനവാദികളും മതേതരന്മാരും കേൾക്കാതെ പോകണമേ; അല്ലെങ്കിൽ അദ്ദേഹവും അകമേ ഒരു ആർ. എസ്. എസ്. കാരനാണെന്നും സംഘിയാണെന്നും വർഗ്ഗീയഫാസിസ്റ്റാണെന്നുമൊക്കെ അവർ പറയാൻ തുടങ്ങും. അങ്ങനെയൊന്നും ഉണ്ടാകാതിരുന്നാൽ മതിയായിരുന്നു.  അതെന്തായാലും, നേതാക്കളുടെ ഈ പ്രസ്താവനകളൊക്കെ വായിക്കുമ്പോൾ ഞാനും ഒരു സംഘിയല്ലേ എന്ന് അറിയാതെ തോന്നിപ്പോകുന്നു. (എന്തു ചെയ്യാം?)

5 അഭിപ്രായങ്ങൾ:

സുധി അറയ്ക്കൽ പറഞ്ഞു...

ആ വൃത്തികെട്ട ചരിത്രകാരൻ ഒരു സാമൂഹ്യവേസ്റ്റാ...ചരിത്രകാരൻ പോലും..

Bipin പറഞ്ഞു...

ഇപ്പോൾ ഇതാണ് ഫാഷൻ. അതിനനനുസരിച്ചു പോവുക. ഏതെങ്കിലും ഒന്നിൽ മനുഷ്യൻ ആജീവനാന്തം സംതൃപ്തനാണോ

അന്നൂസ് പറഞ്ഞു...

വാനപ്രസ്ഥത്തിന്റെ 50% ഇന്ദ്രപ്രസ്ഥത്തിലുണ്ടല്ലോ..!!! തകര്‍ത്തു ട്യൂബ് ലൈറ്റേ...!!! വ;ആരെ ഇഷ്ടമായി. ആശംസകള്‍.

ആൾരൂപൻ പറഞ്ഞു...


സുധീ, പലരും വെറും വെയ്സ്റ്റാ; ഈ ഞാനും....

ബിപിൻജി, സംതൃപ്തി എന്നതിപ്പോൾ ഒരു concept ആണ്!

പണ്ടൊരു ഇംഗ്‌ളീഷ് മദാമ്മ മലയാളം പഠിച്ചു. പരീക്ഷയിൽ elephant എന്ന വാക്കിന് മദാമ്മ ചേന എന്നെഴുതി വച്ചു. പേപ്പറ് നോക്കിയ മാഷ് മദാമ്മക്ക് പകുതി മാർക്ക് കൊടുത്തു. ശരിയല്ലേ? ഉത്തരം പകുതി ശരിയെങ്കിൽ പകുതി മാർക്ക് കൊടുക്കുന്നതല്ലേ ഇപ്പോഴത്തെ വിദ്യാഭ്യാസസമ്പ്രദായം? അന്നൂ, അഭിപ്രായത്തിനു നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഒരിയ്ക്കലും ഒരു സ്ത്രീക്കും പുരുഷനും ആജീവനാന്തം
ആത്മാർത്ഥതയോടെ ഒരുമിച്ചു കഴിയാനാവില്ല" എന്ന
ഡോ. എം.ജി.എസ്സിന്റെ പ്രസ്താവന ഹിന്ദുക്കളെ മാത്രം ഉദ്ദേശിച്ചല്ല.
മുഴുവൻ ഭാരതീയരേയും ഉദ്ദേശിച്ചാണ്. അതിൽ ബൗദ്ധന്മാരും ജൈനന്മാരും
മാത്രമല്ല മുസ്ലീങ്ങളും ക്രിസ്ത്യാനികളും വരെ ഉൾപ്പെടും. അപ്പോൾ ഈ മുസ്ലീങ്ങളും
ക്രിസ്ത്യാനികളും എല്ലാം വാനപ്രസ്ഥവും സന്യാസവും സ്വീകരിക്കണമെന്നാണോ അദ്ദേഹം വിവക്ഷിക്കുന്നത്? അതെങ്ങനെ സാധിക്കും?

വിക്കി’യിലെ വാനപ്രസ്ഥം നോക്കി ജീവിക്യാന്ന് പറഞ്ഞാൽ മതി