2015 മാർച്ച് 12, വ്യാഴാഴ്‌ച

ശക്തനും സത്യവും

കേരള നിയമസഭയിൽ മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന കടുംപിടുത്തമല്ലേ പ്രതിപക്ഷം പിടിച്ചിരിക്കുന്നത്. എന്തു വന്നാലും മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് ഭരണപക്ഷവും നിലപാടു കടുപ്പിച്ചിരിക്കയാണ്. എന്തെല്ലാം ബലപ്രയോഗമൊക്കെയാണാവോ ഇനി അവിടെ നടക്കാൻ പോകുന്നത്? ഇനി സ്പീക്കറാണ് സഭാനടപടികൾ തടസ്സം കൂടാതെ നടക്കുന്നു എന്ന് ഉറപ്പാക്കേണ്ടത്. അതറിഞ്ഞുകൊണ്ടായിരിക്കണം ഇന്ന് ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് ശക്തനായ സ്പീക്കറെ തെരഞ്ഞെടുത്തത്.

കൽക്കരിക്കേസിൽ പഴയ മന്മോഹൻസിങ്ങിനെ പ്രതി ചേർത്തിരിക്കയാണ്. കാര്യങ്ങളൊക്കെ അദ്ദേഹത്തിനറിയുമായിരിക്കും. അതുകൊണ്ടല്ലേ അദ്ദേഹം സത്യം ജയിക്കും എന്ന് പറഞ്ഞത്; അല്ലാതെ ഞാൻ കേസ് ജയിച്ചു വരുമെന്നോ എന്റെ ഡ്രസ്സിൽ കരി പിടിക്കുകയില്ല എന്നോ അദ്ദേഹം പറഞ്ഞില്ലല്ലോ!

എം.എൽ.എമാരെ ആക്രമിച്ച യു.ഡി.എഫുകാർ ആഭാസന്മാരാണെന്നും അക്രമികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഏതറ്റം വരേയും പോകുമെന്നും അച്യുതാനന്ദൻജി. മാണി ബജറ്റ് അവതരിപ്പിക്കാതിരിക്കാൻ അവർ ഏതറ്റം വരെ പോയെന്നു നാം ഇന്നലെ കണ്ടല്ലോ?

2015 ജനുവരി 18, ഞായറാഴ്‌ച

ബുദ്ധന്റെ മണ്ണിൽ - എട്ട്

ഭൈരഹവയിൽ നിന്ന് ഇന്ത്യൻ അതിർത്തിയിലേക്ക് വരാൻ ഞങ്ങൾക്ക് ഒരു മിനി ബസ് കിട്ടി. അതിർത്തിക്ക് കുറച്ചകലെ ഞങ്ങൾ ഇറങ്ങി. വിശക്കുന്നുണ്ടായിരുന്നു. പക്ഷേ ഒന്നും കഴിച്ചില്ല. നഷ്ടപ്പെടുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്. സന്ധ്യക്കുമുമ്പ് ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെങ്കിൽ കിടപ്പും ഉറക്കവും വഴിയിലായിപ്പോകും.  ഞങ്ങൾ വേഗം നടന്നു.

 "ഭാരത് ആഗമൻ പർ ആപ്കാ ഹാർദ്ദിക് സ്വാഗത് ഹെ" എന്നെഴുതിയ കമാനം അതിർത്തിയിൽ ഞങ്ങളെ തിരിച്ച് സ്വീകരിച്ചു. അതിർത്തി കാക്കുന്ന സുരക്ഷാജീവനക്കാരെ കൂസാതെ ഞങ്ങൾ നടന്നു. ചളിവെള്ളം കെട്ടിനിന്ന് വൃത്തി കേടായ സൊനൗലിയുടെ റോഡിലൂടെ... അതിർത്തി കടക്കാൻ അനുമതിക്കായി കാത്തു കിടക്കുന്ന ചെറുതും വലുതുമായ വാഹനങ്ങളുടെ തിരക്കിൽ ചളിയിൽ ചവിട്ടാതെ മുന്നോട്ട് നടക്കാൻ ആയില്ല. നടന്ന് നടന്ന് ഞങ്ങൾ സൊനൗലിയിലെ  UPSRTC-യുടെ ബസ് സ്റ്റാന്റിൽ എത്തിച്ചേർന്നു. ഡൽഹിയിലേക്കുൾപ്പെടെ ധാരാളം ബസ്സുകൾ അവിടെ കിടപ്പുണ്ട്. ഞങ്ങൾ, അടുത്തു കണ്ട ഗോരഖ്പൂർ ബസ്സിൽ കയറി ഇരിപ്പായി. "आपका अपना साथी " - അങ്ങനെയാണ് UPSRTC ബസ്സുകളുടെ പരസ്യവാചകം.  ഞങ്ങളുടെ ലക്ഷ്യം ശ്രീബുദ്ധൻ സമാധിസ്ഥനായ കുശനഗരമായിരുന്നു. 

ബസ്സിൽ ആളുകൾ കുറവായിരുന്നു. പുറപ്പെടാൻ സമയമെടുക്കും. അടുത്തു കണ്ട സൈക്കിൾ കച്ചവടക്കാരനിൽ നിന്ന് ചൂടുകടലയും പഴക്കടയിൽ നിന്ന് പഴങ്ങളും വാങ്ങി  വിശപ്പടക്കി. യാത്രയിൽ എപ്പോഴും നല്ലത് ഇത്തരത്തിലുള്ള ലഘുഭക്ഷണങ്ങളാണ്.   രണ്ടു മണിക്ക് പുറപ്പെട്ട ബസ്സിന് 5 മണിക്ക് ഗോരഖ്പൂരിലെത്താമായിരുന്നു. പക്ഷേ എത്തിയത് 6 മണിയോടടുപ്പിച്ച് ആയിരുന്നു. അപ്പോഴേക്കും വെയിൽ വീണ് അന്തരീക്ഷം ഇരുളാൻ തുടങ്ങിയിരുന്നു. എന്നാലും എനിയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു; നീണ്ടു നിവർന്നു കിടക്കുന്ന ഒന്നാന്തരം ഹൈവേയായതു കൊണ്ട് ഒരു മണിക്കൂറിനകം കുശിനഗരത്തിലെത്താമെന്നും അവിടത്തെ ടിബറ്റൻ മൊണാസ്ട്രിയിൽ കയറിപ്പറ്റാമെന്നും. വേഗം തന്നെ ഞങ്ങൾ അങ്ങോട്ടുള്ള ബസ്സിൽ കയറുകയും ഉള്ള സീറ്റിൽ ഇരിക്കുകയും ചെയ്തു. ബസ്സ് ഉടനെ പുറപ്പെട്ടെങ്കിലും ഗോരഖ്പൂർ വലിയൊരു നഗരമായിട്ടുപോലും മേൽപ്പാലങ്ങളില്ലാഞ്ഞതിനാൽ തീവണ്ടികൾക്ക് പോകാൻ അവസരമൊരുക്കി ഒരു മണിക്കൂറോളം അത് വഴിയിൽ കിടന്നു. ഇത്രയും വലിയ നഗരത്തിൽ ഒരു മേൽപ്പാലം ഉണ്ടാക്കാൻ അധികൃതർ തുനിയാത്തതിൽ എനിയ്ക്ക് വല്ലാത്ത ദേഷ്യം തോന്നി. അവരെയൊക്കെ അധികൃതർ എന്നല്ല അധ:കൃതർ എന്നു വിളിക്കണമെന്ന് എനിയ്ക്ക് തോന്നി.   എന്തായാലും 8 മണിക്ക് ഞങ്ങൾ കുശിനഗരത്തിന്റെ ബസ് സ്റ്റോപ്പിൽ ഇറങ്ങുമ്പോൾ കാലാവസ്ഥ സുഖകരമായിരുന്നു.

ശ്രീരാമന്റെ പുത്രൻ കുശൻ സ്ഥാപിച്ച നഗരത്തെയാണത്രെ കുശിനഗരമെന്ന് പറയുന്നത്. അതിനെ കുശിനഗർ എന്ന് പറയുന്നതിന്റെ പൊരുളെനിക്കു മനസ്സിലായില്ലെങ്കിലും UPSRTC ബസ് ടിക്കറ്റിൽ എഴുതിയിരുന്നത് "കുശ് നഗർ" എന്നായിരുന്നു. അതാണ് എനിയ്ക്ക് ശരിയായി തോന്നിയതും. നടന്നു കാണാവുന്ന വിസ്തൃതിയേ ചിരപുരാതനമായ ഈ കുശനഗരത്തിനുള്ളു.  ശ്രീബുദ്ധനേക്കാൾ എത്രയെത്രയോ സഹസ്രാബ്ദങ്ങൾക്കു മുമ്പാകണം ശ്രീരാമനും കുശനും ജീവിച്ചത്(?) എന്നാലതിന്റെ  ചരിത്രപരമായ ഒരു തെളിവും അവിടെ നിന്നു കിട്ടിയിട്ടില്ല. പിന്നെ എങ്ങനെയാണാവോ ഇതാണ് കുശൻ സ്ഥാപിച്ച നഗരമെന്ന് നാട്ടുകാർ സ്ഥാപിച്ചതാവോ? സഹസ്രാബ്ദങ്ങൾക്ക് ശേഷം ജീവിച്ച ശ്രീബുദ്ധന്റെ ലുംബിനി കണ്ടുപിടിക്കാൻ ലോകത്തിലെ പുരാവസ്തുഗവേഷകരൊക്കെ ശ്രമിച്ചിട്ടാണ് സാധിച്ചിട്ടുള്ളത് എന്ന കാര്യം ആലോചിക്കുമ്പോഴാണ് എനിയ്ക്കീ സംശയം ഉണ്ടാകുന്നത്. അതെന്തായാലും കുശനഗരത്തിൽ  വച്ചാണ് ശ്രീബുദ്ധൻ മഹാസമാധി ആകുന്നതും പരിനിർവ്വാണം പ്രാപിക്കുന്നതും. അതുകൊണ്ടു തന്നെ ശ്രീബുദ്ധനെ സ്നേഹിക്കുന്നവർക്ക് ഈ കുശനഗരം വളരെ പ്രധാനപ്പെട്ടതും പവിത്രവുമാണ്. ലുംബിനി പോലെ, ഗയ പോലെ, ശ്രാവസ്തി പോലെ.....  ബുദ്ധമതാനുയായികൾ ധാരാളമായി എപ്പോഴും ഇവിടെ കാണും.  ഹിരണ്യാവതി എന്ന നദിയുടെ കരയിലാണ് ഈ ചെറുനഗരം സ്ഥിതി ചെയ്യുന്നത്. നഗരം ചെറുതായതു കൊണ്ടു തന്നെ അവിടത്തെ വഴികൾ ഞാൻ കാണാപ്പാഠം പഠിച്ചിരുന്നു. ബസ്സിറങ്ങിയ ഞങ്ങൾ ശരം വിട്ട കണക്കേ നടന്നു; ടിബറ്റൻ മൊണാസ്റ്ററിയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. നടക്കുമ്പോൾ റോഡിന്റെ ഇരു വശങ്ങളിലുമായി ബുദ്ധസ്മാരകങ്ങൾ തലയുയർത്തി നിന്നു. കുറച്ച് അകലെ മഹാപരിനിർവ്വാണക്ഷേത്രവും നിർവ്വാണ സ്തൂപവും കാണപ്പെട്ടു. എങ്ങനെയെങ്കിലും മൊണാസ്റ്ററിയിൽ കേറിപ്പറ്റാൻ പറ്റണേ എന്നും അവിടെ കിടക്കാനൊരിടം കിട്ടണേ എന്നും നടക്കുമ്പോൾ ഞാൻ പ്രാർത്ഥിച്ചു. ഇല്ലെങ്കിൽ കാര്യങ്ങൾ കുഴഞ്ഞതു തന്നെ.

ടിബറ്റൻ മൊണാസ്റ്ററി (ബുദ്ധിസ്റ്റ് ടെമ്പിൾ), കുശനഗർ, ഉത്തരപ്രദേശ്

മിനിറ്റുകൾക്കകം ഞങ്ങൾ മൊണാസ്റ്ററിയുടെ മുന്നിലെത്തി. ഭീമാകാരമായ അതിന്റെ ഇരുമ്പു വാതിൽ അടഞ്ഞു കിടന്നു. തള്ളി നോക്കിയെങ്കിലും അനക്കമില്ല. എങ്ങും വിജനം. സമയം വെറും എട്ടരയാണെങ്കിലും രാവേറേ ചെന്നതു പോലെ തോന്നിച്ചു.  ഇനി എന്തു ചെയ്യും എന്നായി ഞങ്ങൾ. ഭാഗ്യം, അപ്പോഴാണ് ഒരു വലിയ കാർ മൊണാസ്റ്ററിയുടെ ഗെയ്റ്റിൽ വന്നു നിന്ന് ഹോൺ അടിച്ചതും ആരോ ഗെയ്റ്റ് തുറന്നതും. കാറിനു പുറകേ ഞങ്ങളും അകത്തു കടന്നു. ഞാൻ അവിടെ നിന്ന ഒരാളോട് കിടക്കാൻ ഒരു മുറിക്കപേക്ഷിച്ചു. അപ്പോഴയാൾ 'ഗുരുജീ' എന്നു വിളിച്ചതും ചെറുപ്പക്കാരനായ ഒരു ലാമ ഇറങ്ങിവന്നതും ഒരുമിച്ചായിരുന്നു.   റൂമെല്ലാം ഫുള്ളാണെന്നും 3-ബെഡ് റൂം വേണമെങ്കിൽ തരാം എന്നുമായി ലാമ. മൂന്നല്ല മുപ്പതായാലും ശരി എന്ന മനസ്സോടെ ഞാൻ അനുകൂലമായി തലയാട്ടി.  നിമിഷങ്ങൾക്കകം ഞങ്ങൾ ബാഗുകൾ മുറിയിൽ വച്ച് ഭക്ഷണം കഴിക്കാനായി മൊണാസ്റ്ററിക്ക് പുറത്തിറങ്ങി.

മൊണാസ്റ്ററിയിലേക്ക് നടക്കുമ്പോൾ ഞങ്ങൾ അങ്ങിങ്ങായി നല്ല ഹോട്ടലുകൾ കണ്ടിരുന്നു. അതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. പക്ഷേ, നടന്നതു മിച്ചം; എല്ലാവരും കട പൂട്ടാനുള്ള തിരക്കിലായിരുന്നു. ഒടുവിൽ മൊണാസ്റ്ററിക്ക് പുറത്തുള്ള ഒരു ചെറിയ ഹോട്ടലിൽ നിന്ന് സാധാ ചോറും ദാലും ചപ്പാത്തിയും കഴിച്ച് മടങ്ങി.

പുതുതായി പണി തീർത്ത കെട്ടിടമായിരുന്നു ഈ ടിബറ്റൻ മൊണാസ്റ്ററി. അതു കൊണ്ടു തന്നെ മുറി  നല്ലതായി കാണപ്പെട്ടു. കക്കൂസും കുളിമുറിയും നല്ല വൃത്തിയുള്ളതായി കാണപ്പെട്ടു. കുളിമുറിയിൽ വാട്ടർ ഹീറ്ററുണ്ട്. അതു കൊണ്ടു തന്നെ സുഖമായി ഒരു കുളി പാസാക്കി. കിടക്കാൻ നേരം ബെഡിൽ ഒരു നീണ്ട തലമുടി കാണപ്പെട്ടത് എനിയ്ക്കൽപ്പം മനപ്രയാസമുണ്ടാക്കി. ബെഡ്ഷീറ്റ് മാറ്റിക്കാണില്ലയോ എന്തോ? ഒരു പക്ഷേ തലേ ദിവസം സ്ത്രീകളാരെങ്കിലുമായിരിക്കും ഇവിടെ കിടന്നിരിക്കുക. കയ്യിലിരുന്ന ഒരു ഷീറ്റെടുത്ത് തലയിണക്ക് മുകളിലിട്ട് ഞാൻ ഉറങ്ങാൻ കിടന്നു. മകൻ അപ്പോൾ വാട്ട്സ് അപ്പിൽ എന്തോ ചെയ്യുകയായിരുന്നു.

രാവിലെ ഉണർന്ന പാടേ ഞാൻ റൂമിനു പുറത്തിറങ്ങി. ആകെ നിശ്ശബ്ദത; വിജനതയും. ഞാനാ മൊണാസ്റ്ററിയുടെ മുറ്റത്ത് രണ്ടു വട്ടം നടന്നു.  ഞാൻ പിന്നെ പതുക്കെ അടുത്തു കണ്ട ഗോവണി വഴി ടെറസ്സിലേക്ക് കയറി. ഹാ, തൊട്ടടുത്തതാ, പരിനിർവ്വാണക്ഷേത്രം കാണുന്നു. അവിടെ ബുദ്ധഭിക്ഷുക്കളുടെ തിരക്കാണ്. വിശാലമായ പുൽമൈതാനത്ത് നശിച്ചുപോയ പുരാതനകെട്ടിടങ്ങളുടെ അസ്ഥിവാരങ്ങൾ കാണാനുണ്ട്. പുൽമൈതാനത്തിലിരുന്ന് നിരവധി പേർ മെഡിറ്റേറ്റ് ചെയ്യുന്നുണ്ട്.  കുറച്ചകലേക്ക് നോക്കിയാൽ ചൈനീസ് ടെമ്പിളും ബർമ്മീസ് ടെമ്പിളും ഒക്കെ കാണാം.

മഹാപരിനിവ്വാണക്ഷേത്രവും നിർവ്വാണസ്തൂപവും, കുശനഗർ

ഞങ്ങൾ ദിനചര്യകൾ തീർത്ത് മുറി പൂട്ടി പുറത്തിറങ്ങി. താമസിക്കാൻ മുറി തന്ന ലാമയ്ക്ക് ഞാൻ മനസാ നന്ദി പറഞ്ഞു. അവരുടെ ഓഫീസിൽ പോയി വാടക കൊടുത്തു. വെറും 700 രൂപ. രൂപ എണ്ണിക്കൊടുക്കുമ്പോൾ അവർക്കും സന്തോഷം; ഞങ്ങൾക്കും സന്തോഷം. പുതിയ റൂമിൽ താമസിച്ചതിന് 700 രൂപ കൊടുത്തത് ഒരു പണമായി എനിയ്ക്ക് തോന്നിയില്ല. ‘വാടക’ എന്നതിനു പകരം ‘സംഭാവന’ എന്നായിരുന്നു അവർ ബില്ലിൽ എഴുതിയിരുന്നത്. ഇനിയും കാണാം എന്നു പറഞ്ഞ് ഞങ്ങൾ മൊണസ്റ്ററിയിൽ നിന്ന് യാത്രയായി.


അടുത്തുള്ള പെട്ടിക്കടയിൽ നിന്ന് രണ്ട് ചായ വാങ്ങിക്കുടിച്ച ഞങ്ങൾ നേരേ മുന്നോട്ട് നടന്നു. ശ്രീബുദ്ധന്റെ ഭൗതികദേഹം തീനാളങ്ങളേറ്റു വാങ്ങിയ സ്ഥലത്തെ രമാഭർ സ്തൂപമായിരുന്നു ഞങ്ങളുടെ ലക്ഷ്യം.
                                                                                . . . . . . . . . . . . . . . . . . . . . . തുടരും

2015 ജനുവരി 16, വെള്ളിയാഴ്‌ച

ബുദ്ധന്റെ മണ്ണിൽ - ഏഴ്

"കപിലവസ്തു പാലസ് ടെമ്പിൾ" എന്ന ബോർഡ് കണ്ടപ്പോൾ ശുദ്ധോദനന്റെ കുടുംബക്ഷേത്രമാകും അതെന്നും ആ ക്ഷേത്രമോ അതിന്റെ അവശിഷ്ടങ്ങളോ അവിടെ കാണുമെന്നും ഞാൻ പ്രതീക്ഷിച്ചു. പക്ഷേ പൊക്കിക്കെട്ടിയ മതിലല്ലാതെ മറ്റൊന്നും എനിക്കാ ബോർഡിനപ്പുറം കാണാൻ കഴിഞ്ഞില്ല. എത്തിവലിഞ്ഞ് നോക്കിയപ്പോൾ പുല്ലു പിടിച്ചു കിടക്കുന്ന ഒരു പറമ്പ് മാത്രമാണ് അതെന്ന് എനിയ്ക്ക് മനസ്സിലായി. ഷീറ്റ് മേഞ്ഞ ഒരു താത്ക്കാലിക ഷെഡ് അവിടെ ഞാൻ കണ്ടു. ഇവിടെയായിരിക്കാം അദ്ദേഹത്തിന്റെ കൊട്ടാരം വക ക്ഷേത്രം നിന്നിരിക്കുക. ബോർഡിലെഴുതിയ അക്ഷരങ്ങളിൽ നിന്ന്, ഈ സ്ഥലം ഇപ്പോൾ മറ്റേതോ (തായ്‌ലന്റ്?) രാജ്യത്തിന്റെ മേൽനോട്ടത്തിലായിരിക്കുമെന്ന് തോന്നി. അവർ ഒരു പക്ഷേ അവിടെ ക്ഷേത്രം പണിയാനുദ്ദേശിക്കുന്നുണ്ടാകും. അവരായിരിക്കും ഈ ബോർഡിവിടെ സ്ഥാപിച്ചിരിക്കുക. ഞാനിവിടെ വന്നിട്ടുണ്ടെന്ന് സ്ഥാപിക്കാൻ പോയിടത്തെല്ലാം കാലുപൊക്കി മൂത്രമൊഴിക്കുന്ന നായയെപ്പോലെ, ഞാൻ ആ ബോർഡിന്റെ ഒരു ഫോട്ടോ എടുത്ത് മുന്നോട്ട് നടന്നു; കപിലവസ്തുവിലെ ശുദ്ധോദനമഹാരാജാവിന്റെ കൊട്ടാരമാണല്ലോ ഞങ്ങളുടെ ലക്ഷ്യസ്ഥാനം.

അധികം നടക്കേണ്ടി വന്നില്ല; മൂന്നും കൂടിയ ഒരു കവലയിൽ ഞങ്ങൾ നിന്നു. അവിടെ കൊട്ടാരം നിന്ന സ്ഥലത്തേക്കുള്ള ചൂണ്ടുപലകയും ആ പ്രദേശത്തിന്റെ രൂപരേഖ കാണിച്ച ബോർഡും ഞങ്ങൾക്ക് കാണായി. അടുത്തു തന്നെ ഒരു മ്യൂസിയവും.  ഞങ്ങൾ നേരേ മ്യൂസിയത്തിലേക്ക് നടന്നു. നേപ്പാൾ എന്ന ദരിദ്രരാജ്യത്തിന്റെ ദാരിദ്ര്യം വിളിച്ചോതുന്നതായിരുന്നൂ ആ മ്യൂസിയം. രണ്ടോ മൂന്നോ ജീവനക്കാരുള്ള, പൊളിഞ്ഞു വീഴാറയാ ഒരു സാധാ കെട്ടിടം. അതിന്റെ ചിത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. അങ്ങോട്ട് കയറുമ്പോൾ വെറും ദരിദ്രവാസികളേ ഇവിടെയൊക്കെ വരൂ എന്നെനിക്കു തോന്നി.

                                                                                    തിലൗരക്കോട് കപിലവസ്തു മ്യൂസിയം 
ഇന്ത്യക്കാർക്കും നേപ്പാളികൾക്കും അവിടെ പ്രവേശനം സൗജന്യമാണ് എന്നാണ് ഞാൻ മനസ്സിലാക്കിയിരുന്നത്. എന്നാലും അവിടെ നിന്ന ആൾ 100രൂപ എന്നു പറഞ്ഞ് രണ്ട് ടിക്കറ്റ് ഞങ്ങൾക്ക് നേരേ നീട്ടി. ഒന്നും ചോദിക്കാതെ ഞാൻ പണം കൊടുത്ത് ടിക്കറ്റു വാങ്ങി. 5രൂപ എന്ന് പ്രിന്റ് ചെയ്തത് 50രൂപ എന്ന് പെന്നുകൊണ്ട് തിരുത്തിയാണ് അയാൾ തന്നത് എന്ന് എനിയ്ക്ക് മനസ്സിലായി. ഞാനൊന്നും പറഞ്ഞില്ല.  ടിക്കറ്റ് ദാ, ഇങ്ങനെ ഇരിയ്ക്കും.
രണ്ടു മുറികളിലായി ക്രമീകരിച്ചിട്ടുള്ള ആ മ്യൂസിയം സന്ദർശിച്ചത് വിജ്ഞാനപ്രദമായി എനിയ്ക്കനുഭവപ്പെട്ടു. 2500 വർഷം മുമ്പുള്ള നാണയങ്ങളും, വിഷ്ണു, ഗണപതി എന്നിവരുടെ ഉടഞ്ഞ വിഗ്രഹങ്ങളും അക്കാലത്ത് ഉപയോഗിച്ചിരുന്ന മൺപാത്രങ്ങളും ആഭരണങ്ങളും മറ്റു പലതും അവിടെ കണ്ടു. ഒന്നും ഇപ്പോൾ പൂർണ്ണമായും ഓർമ്മയില്ല. എവിടേയും കാണാറുള്ളതു പോലെ ഉടഞ്ഞുപോയ ബുദ്ധവിഗ്രഹങ്ങൾ ഇവിടെ കണ്ടില്ല. എവിടെ കണ്ടാലും ഇവിടെ കാണരുതല്ലോ! അക്കാലത്ത് അവർ ആരാധിച്ചിരുന്നത് വിഷ്ണുവിനേയും ഗണപതിയേയും ഒക്കെത്തന്നെ ആയിരുന്നു. സന്ദർശകരായി ഞങ്ങൾ 2 പേരല്ലാതെ അവിടെ മറ്റാരും ഇല്ലായിരുന്നു. ഒരു സ്ത്രീ അതിനകത്ത് ഞങ്ങളെ നിരീക്ഷിച്ചു കൊണ്ട് നിന്നു. അത്രയേ ഉണ്ടായിരുന്നുള്ളൂ അവിടത്തെ സുരക്ഷാസംവിധാനങ്ങൾ.

മ്യൂസിയത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അതിന്റെ മുറ്റത്ത് കരിങ്കല്ലി(?)ലുള്ള കുറേ കെട്ടിടാവശിഷ്ടങ്ങൾ ഒരു ഷെഡിൽ കൂട്ടിവച്ചിരിക്കുന്നത് കണ്ടു. കപിലവസ്തുവിലെ  നാശാവശിഷ്ടങ്ങളിൽ ഖനനം ചെയ്തപ്പോൾ കിട്ടിയ കൊട്ടാരാവശിഷ്ടങ്ങളത്രെ അവ. അത് കൂട്ടി വച്ചിരിക്കുന്നത് കണ്ടപ്പോൾ അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രം നിർമ്മിക്കാൻ കൂട്ടിവച്ചിരിക്കുന്ന, പല വലിപ്പത്തിലും രൂപത്തിലുമുള്ള അസംഖ്യം ശിലകളാണ് എന്റെ മനസ്സിൽ കൂടെ കടന്നുപോയത്.  അയോദ്ധ്യയിലെ അതിബൃഹത്തായ രാമക്ഷേത്രത്തിന്റെ പ്ലാൻ എന്നേ തയ്യാറായി കഴിഞ്ഞിട്ടുണ്ട്. അതുണ്ടാക്കാനുള്ള മിക്കവാറും ശിലകളും മറ്റു സംവിധാനങ്ങളും തയ്യാറായി കഴിഞ്ഞിട്ടുണ്ട്. അവയാണ് ഭദ്രമായി അട്ടിയിട്ട് സൂക്ഷിച്ചിട്ടുള്ളത്. ഈ ശിലകളിലെല്ലാം ഭംഗിയുള്ള എന്തെല്ലാം കൊത്തുപണികളും മറ്റുമാണെന്നോ ഉള്ളത്? അതെല്ലാം കാണേണ്ടതു തന്നെയാണ് (എന്തൊക്കെയാ കാണുക?) ഇപ്പോഴും അവിടെ ശില്പികളുടെ വക പണിയും നടക്കുന്നുണ്ട്. ക്ഷേത്രം നിർമ്മിക്കാൻ അനുമതിയായാൽ ഒരുദിവസം മതി ക്ഷേത്രം ഉയരാൻ എന്നാണ് അവിടെ കണ്ട ഒരാൾ എന്നോട് പറഞ്ഞിരുന്നത്. വൃത്തി ഇല്ലെങ്കിലും ഭംഗിയുള്ള ധാരാളം പുരാതന കെട്ടിടങ്ങളുള്ള അതിപുരാതന നഗരമാണ് അയോദ്ധ്യ എന്ന് പറയേണ്ടതില്ലല്ലോ.  വെള്ളമുണ്ടെങ്കിൽ സരയൂ നദിയിൽ ഒരു കുളി പാസാക്കാനും അയോദ്ധ്യായാത്ര ഉപകരിക്കും.

മ്യൂസിയത്തിൽ നിന്ന് പുറത്തിറങ്ങിയ ഞങ്ങൾ കൊട്ടാരം നിന്ന സ്ഥലത്തേക്ക് നടന്നു. വികസനം തീണ്ടാത്ത വെറും നാട്ടിൻ പുറം. ദാരിദ്ര്യം വിളിച്ചോതുന്ന കൊച്ചു കുടിലുകൾ വഴിയിൽ അങ്ങിങ്ങു കണ്ടു. പണക്കാരുടെ ലക്ഷണമൊന്നും എങ്ങും കണ്ടില്ല.  നടക്കുമ്പോൾ, കുറച്ചകലെ വെള്ളം വറ്റിയ ഒരു പുഴ കണ്ടു. ശുദ്ധോദനന്റെ കൊട്ടാരം നിന്നത് ഭാഗീരഥി നദി (?)യുടെ കരയിലാണെന്ന് വായിച്ചത് ഞാനപ്പോൾ ഓർത്തു.  അതായിരിക്കാം ഈ നദി. 2500 വർഷങ്ങൾക്ക് ശേഷവും ഈ ചെറുപുഴ ഇവിടെ ഉണ്ടെന്നുള്ളത് അത്ഭുതം തന്നെ. ഒരു പക്ഷേ, സിദ്ധാർത്ഥൻ ഈ പുഴയിൽ നീന്തിക്കളിച്ചു കാണും.  ജീവനുണ്ടെങ്കിൽ എന്തെന്തു കഥകൾ പറയുമായിരുന്നൂ ഈ പുഴ എന്ന്  എനിയ്ക്ക് തോന്നി. അന്നത്തെ മണൽത്തരികൾ ഇന്നീ പുഴയിൽ കാണുമോ?  ലോകഗതി മാറ്റി മറിച്ച ഒരു മനുഷ്യൻ ഇവിടെയാണല്ലോ ജനിച്ച് വളർന്നത് എന്ന് ഞാനപ്പോൾ ഒന്നുകൂടി ഓർത്തു. കുറച്ചു നടന്നപ്പോൾ ലോകത്തെ മറ്റിമറിച്ച  ശാക്യരാജകുമാരന്റെ ചരിത്രമുറങ്ങുന്ന കൊട്ടാരാവശിഷ്ടങ്ങൾക്ക് മുന്നിൽ ഞങ്ങൾ എത്തി.
 
കൊട്ടാരം നിന്നു  എന്നു പറയുന്ന സ്ഥലത്ത് ഇഷ്ടികകൾ കൊണ്ടുള്ള കെട്ടിടങ്ങളുടെ അടിസ്ഥാനശിലകളല്ലാതെ മറ്റൊന്നും അവിടെ കാണാനില്ലായിരുന്നു.  പൂർവ്വേഷ്യക്കാരായ ധാരാളം ബുദ്ധമതാനുയായികൾ അവിടെ സന്ദർശകരായി  കാണപ്പെട്ടു. ഗൈഡുകൾ അവർക്ക് കാര്യങ്ങളെല്ലാം വിശദമായി വിവരിച്ചു കൊടുക്കുന്നുണ്ടായിരുന്നു. ഗൈഡുകളുടെ സഹായമില്ലാതെ, കാടു പിടിച്ചു കിടക്കുന്ന ആ പറമ്പു മുഴുവൻ ഞങ്ങൾ നടന്നു കണ്ടു. ആ വിശാലമായ സ്ഥലം കാടും പടലും പിടിച്ചു കിടക്കുന്ന ഒരു കാട്ടുപ്രദേശമായേ ആർക്കും തോന്നൂ. സൂക്ഷിച്ചു നോക്കിയാൽ മണ്ണിനോട് ചേർന്ന് കൊട്ടാരത്തിന്റേതെന്നു കരുതുന്ന അടിസ്ഥാനശിലകൾ കാണാം. അത്ര മാത്രം.  പറമ്പിനു ചുറ്റും വീതി കൂടിയ കോട്ടമതിലിന്റെ അവശിഷ്ടങ്ങൾ കാണാം. ഞങ്ങൾ അതിന്റെ മുകളിലൂടെ നടന്നു. പടിഞ്ഞാറേ ഗെയ്റ്റ്, കിഴക്കേ ഗെയ്റ്റ് എന്നൊക്കെ എല്ലാ സ്ഥലങ്ങളും വിശദവിവരങ്ങളോടെ എഴുതി വച്ചിട്ടുണ്ട്. സിദ്ധാർത്ഥൻ രാത്രിയിൽ കുതിരപ്പുറത്തു കയറി കൊട്ടാരം വിട്ടത് കിഴക്കേ ഗെയ്റ്റിലൂടെയത്രെ. അകലേക്ക് നോക്കിയപ്പോൾ ദൂരെ ഒരു മല കണ്ടു. അടുത്ത് എങ്ങും വയലുകളാണ്. പറമ്പിൽ ബുദ്ധഭിക്ഷുക്കൾ പൂജയോ മറ്റോ നടത്തുന്നുണ്ട്. ഏതോ ഒരു സ്ഥലത്ത് ഒരു ചെറിയ അമ്പലം പോലെ കണ്ടു. പറമ്പിൽ വലിയ വലിയ മരങ്ങൾ കണ്ടു.  പക്ഷേ ടൂറിസ്റ്റുകൾക്ക് കാണാനുള്ളതൊന്നും അവിടെയില്ല. അല്ലെങ്കിലും ഞാനൊരു ടൂറിസ്റ്റായിട്ടല്ലല്ലോ ഇവിടെ എത്തിയിരിക്കുന്നത് എന്ന് ഞാനപ്പോൾ ഓർത്തു. ഭാവിയിൽ ഒരു പക്ഷേ ഏതെങ്കിലും ബുദ്ധമതദേശക്കാർ ഇവിടം മനോഹരമായി വികസിപ്പിക്കുമെന്നും ശ്രീബുദ്ധനും ശുദ്ധോദനനും ഉചിതമായ സ്മാരകമായി ഈസ്ഥലം മാറുമെന്നും ഞാൻ ഊഹിച്ചു.

പറമ്പിൽ പായൽ പിടിച്ച് നശിച്ചു കിടക്കുന്ന വലിയൊരു കുളമുണ്ട്. ഇതായിരുന്നിരിക്കാം രാജകുടുംബക്കാർ ഉപയോഗിച്ചിരുന്ന കുളം. ആർക്കറിയാം ഇവിടെ എന്തെന്തെല്ലാം നടന്നിരിക്കുമെന്ന്? കുളം മാത്രമല്ല രാജധാനിയും അന്തപുരങ്ങളും എല്ലാം ഒരു കാലത്ത് ഇവിടെ ഉണ്ടായിരുന്നിരിക്കണം. സിദ്ധാർത്ഥൻ ഇവിടെ പിച്ച വച്ചു നടന്നിരിക്കണം. സിദ്ധാർത്ഥൻ മാത്രമല്ല, രാഹുലനും ഇവിടെ പിച്ച വച്ചിരിക്കില്ലേ? യശോധരയുടെ തോരാത്ത കണ്ണീർ വീണ് ഈ മണ്ണ് മുഴുവൻ നനഞ്ഞിരിക്കില്ലേ? അവരുടെ സ്വപ്നങ്ങൾ വീണുടഞ്ഞത് ഈ മണ്ണിലായിരുന്നില്ലേ?   ശുദ്ധോദനനും മായാദേവിയും അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെയായിരിക്കുമെന്ന് ഞാൻ ചിന്തിച്ചു. 

ശാക്യരാജധാനിയുടെ ഇന്നത്തെ അവസ്ഥ അറിയാൻ താഴെ കൊടുത്ത രണ്ടു ചിത്രങ്ങൾ മാത്രം മതിയാകും. കെട്ടിടങ്ങളുടെ അസ്ഥിവാരങ്ങളാണ് ചിത്രത്തിൽ കാണുന്നത്.  വേലി കെട്ടി തിരിച്ചിരിക്കുന്ന ഒരു വശത്തെ അതിർത്തിയും ചിത്രത്തിൽ കാണാം.  ഇതിലധികം ഒന്നും ഒരു സാധാരണ സന്ദർശകന് അവിടെ കാണാൻ കഴിയില്ല.  എന്നാൽ അവിടെ നിന്നുകൊണ്ട് ചരിത്രത്തിലേക്ക് നോക്കാൻ കഴിയുന്നവർക്ക് എല്ലാം കാണാനും കഴിയും.


സിദ്ധാർത്ഥന് സുഖലോലുപതയോടെ ജീവിക്കാൻ ശുദ്ധോദനൻ പണിത രമ്യഹർമ്യങ്ങളെല്ലാം ഇവിടെയായിരിക്കും മണ്ണടിഞ്ഞിട്ടുണ്ടാകുക. സിദ്ധാർത്ഥന്റെ യൗവ്വനം കാമസുരഭിലമാക്കാൻ ശുദ്ധോദനൻ നിരവധി യുവതികളെ അന്തപുരത്തിൽ വാഴിച്ചിരുന്നുവത്രെ. അവരുടെ ശ്വാസനിശ്വാസങ്ങളെല്ലാം ഈ അന്തരീക്ഷത്തിലിപ്പോഴും കാണുമോ? സിദ്ധാർത്ഥൻ അവരോടൊക്കെ എങ്ങനെയായിരുന്നുവോ ആവോ പെരുമാറിയിട്ടുണ്ടാകുക? അതെല്ലാം ശൈശവം തൊട്ടേ കൂട്ടുകാരിയായ യശോധര കാണാതെ പോയിരിക്കുമോ?   ഇവിടെ വച്ചായിരിക്കില്ലേ യശോധര സിദ്ധാർത്ഥന്റെ കുഞ്ഞിന് ജന്മം നൽകിയിരിക്കുക? രാഹു, രാഹു എന്നു പറഞ്ഞ് തന്റെ രക്തത്തിൽ പിറന്ന കുഞ്ഞിനെ നോക്കാൻ മടിച്ച ഗൗതമസിദ്ധാർത്ഥനോട് എനിയ്ക്ക് നീരസം തോന്നി. അച്ഛന്മാർ ഇങ്ങനെയാകാമോ? പാവം കുഞ്ഞ്; അതെന്തു പിഴച്ചു?   'രാഹു'വിന്റെ അർത്ഥമറിയാതെയാകുമോ യശോധര കുഞ്ഞിന് രാഹുലനെന്ന് പേരിട്ടിരിക്കുക?

ബുദ്ധചരിതം ഓർത്തോർത്ത് അവിടെ നിന്നാൽ വൈകുന്നേരം ഇന്ത്യയിൽ തിരിച്ചെത്തുന്നത് ബുദ്ധിമുട്ടായിരിക്കും എന്ന് ഞാൻ കരുതി. സത്യത്തിൽ മകനും ചിന്തിച്ചത് അതു തന്നെയായിരുന്നു. "ഇനി മടങ്ങിക്കൂടേ?" എന്ന ചോദ്യത്തിന് ഞാൻ അനുകൂലമായി തലയാട്ടി. ഞങ്ങൾ വേഗം തിരിച്ച് നടക്കാൻ തുടങ്ങി. 

നടക്കുമ്പോൾ ഞാൻ വീണ്ടും ചിന്തിച്ചു. ഇന്നിപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ ഉറപ്പിച്ചു പറയാവുന്ന ഒരേ ഒരു കാര്യം ശ്രീബുദ്ധന്റെ ജന്മം അമ്പേ പരാജയമായിരുന്നുവെന്നാണ്‌. അസുഖം, മരണം എന്നിവയ്ക്ക് പരിഹാരം തേടി യൗവനത്തിന്റെ പാരമ്യത്തിൽ ഭാര്യക്ക് മാനസികാഘാതം ഏൽപ്പിച്ച് വീടും നാടും വിട്ട അദ്ദേഹം ഒടുവിലെന്തു നേടി? തന്റെ മതം ഭാരതവർഷത്തിൽ നില നില്ക്കില്ലെന്നും തന്റെ പ്രതിമകൾ തച്ചുടക്കാൻ അരാജകവാദികൾ ജനിച്ചു വരുമെന്നും എന്തേ അദ്ദേഹത്തിന്റെ ജ്ഞാനദൃഷ്ടിയിൽ കാണാതെ പോയി? മതം പ്രചരിക്കാൻ നല്ല ആശയങ്ങളല്ല വേണ്ടതെന്നും പണവും മതം മാറ്റാനുള്ള ഒരു സംഘവും ആണ്‌ വേണ്ടതെന്നും അദ്ദേഹം എന്തേ അറിയതെ പോയി. “സമാധാനം വേണമെങ്കിൽ യുദ്ധത്തിനു തയ്യാറാകുക” എന്ന വരിയിലെ സന്ദേശം അദ്ദേഹം ഗ്രഹിക്കാതെ പോയി. സമാധാനം വേണമെങ്കിൽ അത്യാഗ്രഹങ്ങളും ഭോഗതൃഷ്ണയും ഒഴിവാക്കി സമാധാനമായിട്ടിരുന്നാൽ മാത്രം മതി എന്നേ ശുദ്ധഹൃദയനായ അദ്ദേഹം കരുതിയുള്ളു.  ഹിന്ദുക്കളും കരുതിയതൊക്കെത്തന്നെയാണ്‌. അതുകൊണ്ടാണല്ലോ ഭാരതേതരദേശങ്ങളിൽ ഹിന്ദുമതത്തിന് ക്ഷയം നേരിട്ടത്. വൈദേശികമതപ്രചാരകർക്ക് ഹിന്ദുരാജാക്കന്മാർ മത്സരിച്ചല്ലേ ഭൂമിയും സൗകര്യങ്ങളും സൗജന്യമായി കൊടുത്തിരുന്നത്. ഒടുവിൽ ഒട്ടകത്തിന്‌ തല വയ്ക്കാൻ സ്ഥലം കൊടുത്ത അറബിയെപ്പോലെയാകുമോ എന്ന പേടി വന്നപ്പോഴാണ്‌ നാട്ടിലിപ്പോൾ “ഘർ വാപസി” എന്ന ആശയം ബീജാവാപം കൊള്ളുന്നതും അത് ചാപിള്ളയായി അലസുന്നതും. ഇനി സ്ഥിതി എന്താകുമൊ എന്തോ?  സമ്രാട്ട് അശോകൻ എന്നൊരു രാജാവില്ലായിരുന്നുവെങ്കിൽ ബുദ്ധമതം പോയിട്ട് ശ്രീബുദ്ധൻ എന്ന നാമം പോലും ഇപ്പോൾ കേട്ടുകേൾവി ഇല്ലാതെ പോകുമായിരുന്നു. ശ്രീബുദ്ധന്റെ വാക്കുകൾക്ക് ചെവി കൊടുക്കാതെ ആധുനിക മനുഷ്യൻ അദ്ദേഹത്തെ പരാജയപ്പെടുത്തി എന്നു വേണമെങ്കിൽ പറയാം. രാജാവായിട്ടും ആയുധമെടുക്കാത്തവനെ നമ്മൾ ആയുധമെടുക്കാതെ എളുപ്പം പരാജയപ്പെടുത്തി.

മനുഷ്യന്റെ ഒടുങ്ങാത്ത ആശകളും ആഗ്രഹങ്ങളുമാണ്‌ മനുഷ്യജീവിതം ദു:ഖമയമാകാൻ കാരണമെന്ന് പഠിപ്പിച്ച അദ്ദേഹം പക്ഷേ മരണത്തിനോ രോഗത്തിനോ പ്രതിവിധിയൊന്നും കണ്ടില്ല. മരണം അനിവാര്യമാണെന്ന അറിവ് ഊട്ടി ഉറപ്പിക്കാനല്ലാതെ രോഗങ്ങൾക്ക് മരുന്ന് നിർദ്ദേശിക്കാനും അദ്ദേഹത്തിനായില്ല. ഈ ഭൂമി സഹസ്രാബ്ദങ്ങൾ നില നില്ക്കുമെന്നും ഭാവിയിൽ കൂടുതൽ രൂക്ഷമായ രോഗങ്ങളും മരണകാരണങ്ങളും ദു:ഖങ്ങളും ഉണ്ടാകുമെന്നും അപ്പോൾ ആളുകളുടെ രക്ഷയ്ക്ക് തന്റെ മതം ഉണ്ടാകില്ലെന്നും അറിയാനും അദ്ദേഹത്തിനായില്ല. ജനങ്ങളോട് ഭോഗതൃഷ്ണയിൽ നിന്ന് അകന്നു നില്ക്കാൻ പറഞ്ഞ അദ്ദേഹത്തിന്‌ ഭാവിയിൽ മനുഷ്യൻ മക്കളെത്തന്നെ ഭോഗിക്കുമെന്ന് കണക്കു കൂട്ടാനായില്ല. മനുഷ്യന്റെ ദു:ഖകാരണം കണ്ടുപിടിക്കാൻ അദ്ദേഹം തന്റെ രാജകീയ ജീവിതം മാത്രമല്ല നശിപ്പിച്ചത്; തന്റെ കുടുംബവും രാജവംശവും കൂടിയായിരുന്നു. ഈ ദു:ഖകാരണം കണ്ടുപിടിക്കാൻ അതൊക്കെ ആവശ്യമുണ്ടായിരുന്നോ? കൊട്ടാരത്തിലിരുന്നും ഇതെല്ലാം മനനം ചെയ്തെടുക്കാമായിരുന്നില്ലേ? യശോധരയുടെ കണ്ണീരുകൊണ്ടദ്ദേഹം എന്തു നേടി?  ആരോട് ചോദിക്കാൻ?

ദു:ഖത്തിന്റെ കാരണം കണ്ടെത്തിയതുകൊണ്ടല്ല ശ്രീബുദ്ധൻ മഹാനായത്; മറിച്ച് അതിന്‌ പരിഹാരം നിർദ്ദേശിച്ചതുകൊണ്ടാണ്‌. അല്ലെങ്കിൽ എന്റെ ബുദ്ധദേവാ, ഞാനും ഒരു മഹാനായേനേ. ഭൂമിയുടെ ഇന്നത്തെ ദുരവസ്ഥക്ക് കാരണം ഞാൻ കണ്ടെത്തിയിട്ടുണ്ട്; പക്ഷേ അതിന്‌ പരിഹാരമാണ്‌ എനിക്കറിയാതെ പോകുന്നത്. പണം എന്ന രണ്ടക്ഷരം കൊണ്ട് നമ്മൾ വിവക്ഷിക്കുന്ന സാധനമാണ്‌ ഭൂമിയെ കുഴക്കുന്ന ഗുരുതരമായ പ്രശ്നമെന്ന് 6 വർഷം തപസ്സ് ചെയ്യാതെ തന്നെ ഞാൻ കണ്ടെത്തിയിട്ടുണ്ട്. ഈ ഒരു കണ്ടെത്തലിന്‌ ഞാൻ ചെറുപ്പക്കാരിയായ ഭാര്യയേയോ ഓമനയായ കുഞ്ഞിനേയോ വഴിയാധാരവുമാക്കിയിട്ടില്ല. നോക്കൂ, ആളുകളുടെ കയ്യിൽ പണമുള്ളതുകൊണ്ടല്ലേ കുപ്പിവെള്ളം വാങ്ങിക്കുടിക്കുന്നതും പിന്നീടാ കാലിക്കുപ്പി പുഴയിലേക്ക് വലിച്ചെറിയുന്നതും? പണമില്ലെങ്കിൽ ഇവരൊക്കെ റെയിൽവേ സ്റ്റേഷനിലെ ശീതീകരിച്ച ശുദ്ധജലം കുടിച്ച് തൃപ്തിപ്പെട്ടേനേ. പണമുള്ളതു കൊണ്ടല്ലേ ഇവരൊക്കെ ബേക്കറിയിൽ പോയി നെയ്യപ്പവും എള്ളുണ്ടയും വാങ്ങിത്തിന്ന് പ്ലാസ്റ്റിക് കവർ റോട്ടിൽ വലിച്ചെറിയുന്നത്? അത്രക്ക് പണമില്ലെങ്കിൽ ഇവരൊക്കെ വീട്ടിൽ തന്നെ നെയ്യപ്പവും തവിടപ്പവും ഉണ്ടാക്കിത്തിന്നേനേ. അപ്പോൾ ഈ പ്ലാസ്റ്റിക്കും പാക്കിങ്ങ് സാധനങ്ങളുമായ വെയ്സ്റ്റിൽ നിന്ന് ഭൂമി രക്ഷപ്പെടുമായിരുന്നു. കയ്യിൽ പണമുള്ളതു കൊണ്ടല്ലേ ആളുകൾ ആവശ്യമുള്ളതും ഇല്ലാത്തതും കണ്ടതും കേട്ടതുമെല്ലാം വാങ്ങിക്കൂട്ടുന്നത്? പണമില്ലാത്തവർ ഇതെന്തെങ്കിലും വാങ്ങുന്നുണ്ടോ? പണമുള്ളതു കൊണ്ടല്ലേ ആളുകൾ ഗരം മസാല, ഛാട്ട് മസാല, ഫിഷ് മസാല, മീറ്റ് മസാല എന്നിങ്ങനെ വെവ്വേറെ മസാലപ്പൊടികൾ വാങ്ങുന്നത്? അതില്ലാത്തവൻ കുറച്ച് കൊത്തമ്പാല അരച്ച് മസാലക്കറി ഉണ്ടാക്കുന്നില്ലേ? ഫിഷ് മസാല ഇല്ലെന്നു വച്ച് പണ്ടൊക്കെ ആളുകൾ മീൻ തിന്നാതിരുന്നിട്ടുണ്ടോ?  കൂടുതൽ ഉദാഹരണങ്ങൾ ചിന്തിച്ചാൽ ശരിയാവില്ല  എന്നതുകൊണ്ട് മലിനമായ ഭൂമിയുടേയും കുമിഞ്ഞു കൂടുന്ന പണത്തിന്റേയും ചിന്ത ഞാൻ നിറുത്തുകയാണ്‌. പണത്തിനു പകരം പഴയ “ബാർട്ടർ സമ്പ്രദായം” മതി എന്ന് ഞാൻ പറഞ്ഞാൽ വെറുതെ ചവിട്ടു കിട്ടും. എന്തിനാ അത്? അതുകൊണ്ട് മിണ്ടാതിരിക്കുന്നതാ ബുദ്ധി. ഭൂമി മലിനമായാലെന്താ? എന്റെ തടി രക്ഷപ്പെടുമല്ലോ! വരും തലമുറയെക്കുറിച്ചൊക്കെ ഞാനെന്തിനു ചിന്തിക്കണം?

പണത്തിന്റെ കാര്യം ചിന്തിച്ചപ്പോഴാണ്‌ കാലം പോയ പോക്ക് ഞാനോർത്തത്. പണ്ടൊക്കെ ചെറിയ കുട്ടികളോട് “മുട്ട എവിടന്ന് കിട്ടുന്നു?” എന്നു ചോദിച്ചാൽ “കിളികളിൽ നിന്ന്” എന്നായിരുന്നു ഉത്തരം. പക്ഷേ ഇന്നാ ചോദ്യം ചോദിച്ചാൽ കുട്ടികളും വലിയവരും പറയുക “കടകളിൽ നിന്ന്” എന്നാണ്‌. കാരണം ഇപ്പോൾ എല്ലാം കടയിൽ പോയി പണം കൊടുത്തു വാങ്ങുന്നതല്ലേ ശീലം? അവരെ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ? 

ഞാൻ ഓരോന്ന് ചിന്തിക്കുന്നതിനിടക്ക് മകൻ ഒരു ജീപ്പിന് കൈ കാണിച്ച് നിറുത്തിയിരുന്നു. ഭാഗ്യം! സമയം ലാഭിക്കാൻ ഇതു തന്നെ നല്ല മാർഗ്ഗം. ഞങ്ങൾ വേഗം അതിൽ കയറി ഇരുപ്പായി. അധികം വൈകാതെ ജീപ്പ് ഞങ്ങളെ തൗളിഹവയിൽ ഇറക്കിത്തന്നു. ഇങ്ങോട്ട് വന്ന ബസ്സ് തന്നെ ഞങ്ങൾക്ക് തിരിച്ച് പോരാൻ കിട്ടി. 180 നേപ്പാളീ രൂപ കൊടുത്ത്, ഉച്ചയോടു കൂടി ഞങ്ങൾ ഭൈരഹവയിൽ തിരിച്ചെത്തി.
                                                                                                                        ....................... തുടരും

2015 ജനുവരി 14, ബുധനാഴ്‌ച

ബുദ്ധന്റെ മണ്ണിൽ - ആറ്

തിലൗരക്കോട്ടേക്ക് നടക്കുമ്പോൾ ബുദ്ധനെക്കുറിച്ചുള്ള ചിന്തയായിരുന്നു എന്റെ മനസ്സിൽ. മുവ്വായിരത്തോളം കൊല്ലം മുമ്പത്തെ കാര്യങ്ങളാണ് ഈ ശ്രീബുദ്ധചരിതങ്ങൾ. ശ്രീബുദ്ധന്റെ ജീവിതകാലം ചരിത്രകാരന്മാർ ഒന്നിലധികം തവണ മാറ്റിപ്പറഞ്ഞതാണ്. ആദ്യം BC560 എന്നു പറഞ്ഞു; പിന്നീട് BC623 എന്നും പറഞ്ഞിട്ടുണ്ട്. യാഥാർത്ഥ്യം ആർക്കറിയാം? സോക്രട്ടീസിനും അലക്സാണ്ഡർക്കും മറ്റും എത്രയോ മുമ്പുള്ളതാണ് ഈ സംഭവങ്ങൾ. ഈ കേട്ടതും അറിഞ്ഞതും ഒക്കെ എത്രത്തോളം ശരിയാണോ ആവോ? ശ്രീബുദ്ധനു മുമ്പു തന്നെ ബുദ്ധന്മാരുണ്ടായിട്ടുണ്ടത്രെ! കനകമുനി ബുദ്ധൻ, ക്രകുചന്ദ്ര ബുദ്ധൻ, ഗൗതമബുദ്ധൻ, മൈത്രേയ ബുദ്ധൻ എന്നിങ്ങനെ ബുദ്ധന്‌ ഏഴോളം അവതാരങ്ങളുണ്ടത്രെ. ബുദ്ധന്റെ തന്നെ അനുയായികൾ വിശ്വസിക്കുന്നതാണിത്. ബുദ്ധന്റെ അനുയായികൾ തന്നെ ഇമ്മാതിരി നോൺസെൻസ് വിശ്വസിക്കുന്നതിനോടാണ്‌ എനിക്കെതിർപ്പ്. സാക്ഷാൽ സിദ്ധാർത്ഥഗൗതമബുദ്ധന്റെ ത്യാഗജീവിതത്തെ കുറച്ച് കാണിക്കാനേ ഇമ്മാതിരി വിശ്വാസം സഹായിക്കൂ. ഒരുപോലെയുള്ള കുറേ പേർ ഉണ്ടെങ്കിൽ അതിൽ ഒരാൾക്ക് മാത്രം എന്താണിത്ര പ്രത്യേകത? എനിയ്ക്കെന്തായാലും ഒരു ബുദ്ധനേയുള്ളൂ. അത് തഥാഗതനായ (ഇവിടെ വന്നു പോയ) സിദ്ധാർത്ഥഗൗതമബുദ്ധനാണ്‌. 3000 കൊല്ലത്തെ ചരിത്രത്തിൽ ബുദ്ധനോളം മഹാനായ ഒരാളും ഈ ഭൂമിൽ ജനനം ചെയ്തിട്ടില്ല. ബുദ്ധനെയല്ലാതെ ഏതു മതസ്ഥാപകനെയാണ്‌ ജനങ്ങളും ഭരണകൂടങ്ങളും താലപ്പൊലിയോടെ സ്വീകരിച്ചിട്ടുള്ളത്?

ബുദ്ധനെ വിഷ്ണുവിന്റെ അവതാരമായി കരുതുന്നവരുണ്ടത്രെ. എങ്ങനെ നോക്കിയാലും ഇത് ശരിയല്ല. ബുദ്ധൻ വിഷ്ണുവിന്റെ അവതാരമല്ല എന്നു മാത്രമല്ല ഹിന്ദുക്കൾ ബുദ്ധനെ ഹിന്ദുമതത്തിന്റെ ഘാതകനായിട്ടു വരെ പരിഗണിക്കുന്നുണ്ട്. ഒരു കണക്കിനത് ശരിയാണു താനും. ഉത്തർപ്രദേശിലെ സങ്കാസ്യ (സാങ്കിസ) എന്ന സ്ഥലം ബുദ്ധമതസ്ഥർക്ക് വളരെ പ്രാധാന്യമുള്ളതാണ്‌. പക്ഷേ അവിടെ പാവങ്ങളായ ബുദ്ധമതക്കാരോട് ഹിന്ദുക്കൾ ഏറ്റുമുട്ടലിലാണ്‌. ബുദ്ധൻ വിഷ്ണുവിന്റെ അവതാരമാണെങ്കിൽ ഹിന്ദുക്കൾ അങ്ങനെ ചെയ്യുമോ?

വിഷ്ണുവിന്റെ അവതാരത്തെകുറിച്ച് പറഞ്ഞപ്പോഴാണ്‌ ‘ദശാവതാരം’ മനസ്സിൽ കേറി വന്നത്. 9 അവതാരങ്ങളെടുത്ത മഹാവിഷ്ണു കലിയുഗത്തിൽ പത്താമത്തെ അവതാരമെടുക്കേണ്ടതാണ്‌. മനുഷ്യൻ മുച്ചൂടും നശിക്കുമ്പോളാണ്‌ ആ അവതാരം എന്നാണ്‌ കേട്ടിരുന്നത്. സ്വന്തം മകളെ ബലാത്സംഗം ചെയ്യുന്ന മനുഷ്യൻ ഇനിയെങ്ങോട്ട് നശിക്കാനാണ്‌? എന്നിട്ടും എന്തേ വിഷ്ണു ഇതൊന്നും കാണാതിരുന്നത്? അദ്ദേഹത്തിനും കാണുമല്ലോ ജീവനിൽ കൊതി? ദൈവമാണെങ്കിലും മനുഷ്യനായിട്ടു വേണ്ടേ ജീവിക്കാൻ? ഇമ്മാതിരി ആളുകളുടെ ഇടയിൽ വേണ്ടേ ജനിക്കാൻ? അങ്ങനെ നോക്കുമ്പോൾ, എല്ലാത്തരത്തിലും മലിനമായ ഈ ഭൂമിയിൽ അവതരിക്കുന്നത് കുറച്ചധികം ‘റിസ്ക്ക്’ ആണ്‌. എന്തിന്‌ വെറുതെ പൊല്ലാപ്പ് പിടിക്കണം? ഒരു പക്ഷേ അദ്ദേഹം പത്താമത്തെ അവതാരം വേണ്ടെന്നു വച്ചിട്ടുണ്ടാകും. മോഡിക്ക് ലുംബിനി യാത്ര റദ്ദാക്കാമെങ്കിൽ, യു. എന്നിന്‌ സിറിയൻ ചർച്ചകൾ കാൻസൽ ചെയ്യാമെങ്കിൽ, ബാൻ കി മൂണിന്‌ ഇറാനിയൻ യാത്ര വേണ്ടെന്നു വയ്ക്കാമെങ്കിൽ, എങ്കിൽ . . . . . . . . . . . പത്താമത്തെ അവതാരം വേണ്ടെന്നു വയ്ക്കുന്നതിന്‌ വിഷ്ണുവിനെ നമുക്ക് കുറ്റം പറയാൻ പറ്റില്ല. ഒന്നുമില്ലെങ്കിലും പത്താമത്തേതല്ലേ കാൻസൽ ചെയ്യുന്നത്? ഒന്നാമത്തേതും രണ്ടാമത്തേതും ഒന്നും അല്ലല്ലോ! ....................... ഇനിയിപ്പോൾ വിഷ്ണുവിന്‌ 9 അവതാരങ്ങളേ ഉള്ളൂ എന്ന് ഈ പുരാണങ്ങളായ പുരാണങ്ങളിലൊക്കെ തിരുത്തി എഴുതുന്നത് എളുപ്പമാണോ? ആര്‌ അതൊക്കെ എഡിറ്റ് ചെയ്യും? അതിനേക്കാൾ ബുദ്ധിമുട്ടാണ്‌ വിഷ്ണുവിന്‌ 9 അവതാരങ്ങളേ ഉള്ളൂ എന്ന് ആളുകളെ ബോദ്ധ്യപ്പെടുത്തുന്നത്! അതിനൊക്കെ, ഇനി ഒരു പക്ഷേ, വിഷ്ണുവൊന്ന് പുനരവതരിക്കേണ്ടി വരും.

സത്യത്തിൽ പുതുതായൊന്നും ബുദ്ധൻ കണ്ടുപിടിച്ചിട്ടില്ല; സ്ഥാപിച്ചിട്ടില്ല. മനുഷ്യജീവിതം ദു:ഖവും ബുദ്ധിമുട്ടും നിറഞ്ഞതാണെന്ന് ഏതൊരു മനുഷ്യനും സ്വയം അറിയാവുന്നതേയുള്ളു. മനുഷ്യന്റെ അത്യാർത്തിയാണ്‌ അതിനുള്ള കാരണം എന്നേ അദ്ദേഹം കണ്ടുപിടിച്ചുള്ളു. അതിനു പരിഹാരവും അദ്ദേഹം നിർദ്ദേശിച്ചു. 6 കൊല്ലം കൊണ്ട് സിദ്ധാർത്ഥന്‌ ഒരു ബുദ്ധനാകാൻ പറ്റിയെങ്കിൽ ശരാശരി 60 കൊല്ലം ജീവിക്കുന്ന ഓരോ മനുഷ്യനും എന്തെന്തെല്ലാം ആയിക്കൂടാ? പക്ഷേ കിട്ടിയതെന്തും വെട്ടിപ്പിടിച്ച് സ്വന്തമാക്കാനുള്ള ത്വരയിൽ മനുഷ്യൻ എന്താകാൻ? ഇന്നത്തെ മനുഷ്യന്റെ ജീവിതം എങ്ങാനും ശ്രീബുദ്ധൻ കാണാനിടവന്നിരുന്നെങ്കിൽ അദ്ദേഹം ഹൃദയം പൊട്ടി മരിച്ചേനേ!

ജനനസമയത്ത് കാട്ടിക്കൂട്ടിയത് എന്ത് അത്യത്ഭുതമായിരുന്നാലും അതിൽ പിന്നെ ഒരച്ഛനാകുന്നതു വരെ സിദ്ധാർത്ഥൻ ലൗകികസുഖങ്ങളിൽ മുഴുകുക തന്നെ ചെയ്തിരുന്നു. അതിന്റെ ഉത്തമമായ തെളിവണല്ലോ യശോധര എന്ന സുന്ദരിയായ ഭാര്യയും രാഹുലനെന്ന മകനും. മറ്റുവരെപ്പോലെ രോഗങ്ങളും വാർദ്ധക്യവും തന്നെയും ബാധിക്കുമെന്നും താനും മരിച്ചുപോകും എന്നുള്ള അറിവാണ്‌ സിദ്ധാർത്ഥനിൽ പ്രകടമായ ഒരു മാറ്റം ഉണ്ടാക്കിയത്. അവിടെയാണ്‌ സിദ്ധാർത്ഥൻ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തനാകുന്നത്. താനും ഒരു കാൻസർ രോഗിയാകുമെന്നോ താനും കുറച്ചു കഴിഞ്ഞാൽ മരിക്കുമെന്നോ അറിയുന്ന മനുഷ്യന്‌ അതൊരറിവേ ആകുന്നില്ല. ആ അറിവ്‌ സൗകര്യപൂർവ്വം മാറ്റിവച്ച് അവൻ ഭൗതികവസ്തുക്കൾ വാരിക്കൂട്ടുന്നു. അതൊന്നും കൂടെക്കൊണ്ടുപോകാനാവാതെ വെറും കയ്യോടെ മരിക്കാൻ. താൻ കൂട്ടിവച്ച സ്വത്തുക്കൾക്ക് പിന്നീടെന്തു സംഭവിക്കും എന്നുപോലും അറിയാൻ പിന്നെ അവനാകുകില്ല. ഒരുപക്ഷേ അവകാശികൾ ധൂർത്തടിക്കുകയോ നശിപ്പിക്കുകയോ ആയിരിക്കും ഒടുവിൽ ഉണ്ടാകുക. അതാലോചിച്ചപ്പോൾ ഒരു പാറ്റ(കൂറ)ച്ചിറകുമായി പോയ ഒരു നെയ്യുറുമ്പിനെയാണ്‌ ഓർമ്മയിൽ വരുന്നത്. ഒരു യാഹൂ മെയിലിൽ വായിച്ചതായിരുന്നു ഈ ഉറുമ്പുകഥ.

ഉറുമ്പിനേക്കാൾ പതിന്മടങ്ങ് വലിപ്പമുണ്ടായിരുന്നു ആ പാറ്റച്ചിറകിന്. പക്ഷേ ഭാരമില്ലാത്തതിനാൽ ഉറുമ്പ് അതും കടിച്ച് പിടിച്ച് മുന്നോട്ട് പോയി. നടന്നുപോകാനുള്ള ദൂരം അതിനൊരു പ്രശ്നമേ അല്ലായിരുന്നു. ഇടയ്ക്കെവിടെയോ വഴിയിൽ, മണ്ണിൽ ഒരു വിള്ളൽ ഉണ്ടായിരുന്നു. അപ്പോൾ മുന്നോട്ട് പോകാനാകാത്ത ഉറുമ്പ് ചിറക് അവിടെ ഇട്ട് അവിടമാകെ ഒന്നു ചുറ്റിക്കറങ്ങി. ഉറുമ്പിനുമുണ്ടല്ലോ അതിന്റേതായ ഒരു സാമാന്യബോധം! ഉറുമ്പ് പിന്നെ ചിറകെടുത്ത് വിള്ളലിന്‌ കുറുകേ ഇട്ട് ചിറകിന്റെ മുകളിലൂടേ അപ്പുറം കടന്നു. നോക്കണേ അതിന്റെ ഒരു ബുദ്ധി! വെറുതേയല്ല ജന്തുക്കളിൽ നിന്ന്‌ മനുഷ്യന്‌ പഠിക്കാൻ പലതുമുണ്ടെന്ന് പറയുന്നത്. പാലം കടന്ന സന്തോഷത്തോടെയായിരിക്കണം ഉറുമ്പ് വീണ്ടും ചിറകും കടിച്ച് പിടിച്ച് യാത്ര തുടർന്നു. ആ യാത്ര അധികം നീണ്ടു നിന്നില്ല. വൈകാതെ അത് അതിന്റെ മാളത്തിനടുത്തെത്തി. ഒരു സൂചിമുനയുടെ അത്രയേ ആ ഉറുമ്പിൻ ദ്വാരത്തിനുണ്ടായിരുന്നുള്ളു. ഉറുമ്പ് ചിറക് അവിടെ ഇട്ട് ദ്വാരത്തിനുള്ളിലേക്ക് പോയി. വീണ്ടും തിരിച്ചു വന്ന് ചിറകും കടിച്ചെടുത്ത് ദ്വാരത്തിനുള്ളിലേക്ക് പോകാൻ ശ്രമിച്ചു. പക്ഷേ ചിറകുണ്ടോ അതിനകത്തു കയറുന്നു. ഉറുമ്പ് വീണ്ടും ചിറക് അവിടെ ഇട്ട് ദ്വാരത്തിനുള്ളിലേക്ക് പോയി. അല്പം കഴിഞ്ഞ് വീണ്ടും തിരിച്ചു വന്ന ഉറുമ്പ് ചിറകുമായി ഉള്ളിലേക്ക് പോകാൻ വീണ്ടും ഒരു വൃഥാ ശ്രമം നടത്തി. ഇത് പല തവണ ആവർത്തിച്ചു. ഒടുവിൽ ചിറക് അകത്തേക്കെടുക്കാനാവില്ല എന്ന അറിവായിരിക്കണം അതവിടെ കളഞ്ഞ് അകത്തേക്ക് പോകാൻ ഉറുമ്പിനെ പ്രേരിപ്പിച്ചത്. അകത്തേക്ക് പോയ ഉറുമ്പ് പിന്നെ തിരിച്ചു വന്നതേ ഇല്ല. ഇതു തന്നെയല്ലേ മരണസമയത്ത് മനുഷ്യന്റേയും അവസ്ഥ.

താൻ മരിച്ചാൽ ശൂന്യമായ തന്റെ രണ്ടു കയ്യും എല്ലാവരും കാണത്തക്കവിധം ശവപ്പെട്ടിക്ക് പുറത്ത് വയ്ക്കണം എന്ന് മഹാനായ അലക്സാണ്ഡർ തന്റെ അനുചരരോട് പറഞ്ഞിരുന്നുവത്രേ. വിശ്വവിജേതാവും മരിച്ച് പോകുന്നത് വെറുംകയ്യോടെ ആണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താനായിരിക്കും അദ്ദേഹം അങ്ങനെ പറഞ്ഞിരിക്കുക.

ജന്തുക്കളിൽ നിന്ന് മാത്രമല്ല സസ്യങ്ങളിൽ നിന്നും വളരെ കാര്യങ്ങൾ മനുഷ്യനു പഠിക്കാനുണ്ട്. ഒരുപക്ഷേ, ബുദ്ധമതത്തിൽ ബുദ്ധനേക്കാൾ പ്രാധാന്യം മരങ്ങൾക്കായിരിക്കും. ബുദ്ധന്റെ ജനനം മുതൽ മരണം വരെയുള്ള എല്ലാ സംഭവങ്ങളും നടക്കുന്നത് മരച്ചുവട്ടിലാണ്‌. ഒരു പക്ഷേ രാജഗേഹം വിട്ട സിദ്ധാർത്ഥനെ ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ളത് മരങ്ങളായിരിക്കും.

കൊടുങ്കാറ്റടിക്കുമ്പോൾ ആടിയുലയാൻ പറ്റുന്ന മരങ്ങൾ ആ കാറ്റിനെ അതിജീവിക്കും. എന്നാൽ അനങ്ങാതെ നില്ക്കുന്ന മരങ്ങളെ ആ കാറ്റ് കട പുഴക്കി താഴേ വീഴ്ത്തും. “സാഹചര്യങ്ങൾക്ക് അനുസരിച്ച് നിന്നാലേ നിലനില്പ്പുള്ളൂ” എന്ന എത്ര വലിയ സന്ദേശമാണിത് മനുഷ്യന്‌ നല്കുന്നത്. ആ സന്ദേശത്തിന്റെ നല്ല വശം എടുക്കുന്നതിനു പകരം മനുഷ്യൻ ചെയ്യുന്നതെന്താ? വെറും അവസരവാദിയാകുക... ചുറ്റുമുള്ളവരെ മറന്ന് അങ്ങനെ അവസരവാദികൾ ആകുന്നവരെക്കുറിച്ച് എന്തു പറയാനാണ്‌? കഷ്ടം.

മരത്തെപ്പോലെയായ മനുഷ്യൻ മാത്രമേ ബോധവാനായിട്ടുള്ളു. മരത്തെപ്പോലെയാകുക എന്നാൽ ഒരു ഭാഗത്ത് അനങ്ങാതെ സ്ഥിരമായി ഏകാഗ്രതയോടെ  ഇരിക്കുക എന്നർത്ഥം. താപസന്മാരങ്ങനെയല്ലേ? അവർക്കല്ലേ ബോധോധയം ഉണ്ടായിട്ടുള്ളത്? എത്ര വർഷം തപം ചെയ്താണ്‌ പലരും ലക്ഷ്യം കണ്ടിട്ടുള്ളത്! തന്നെ ചിതൽപ്പുറ്റ് മൂടിയതുപോലും അറിയാതെ പോയ മഹർഷിയല്ലേ പിന്നീട് മഹാരാമായണം രചിച്ചത്? ഇന്നത്തെ മനുഷ്യനും ചെയ്യേണ്ടതതാണ്‌. സുഖസൗകര്യങ്ങൾക്ക് പിന്നാലെ പാഞ്ഞുപോകാതെ സ്വസ്ഥനാകുക. മനുഷ്യന്‌ ജീവിക്കാൻ എത്ര കുറച്ച് സാധനം മതി. പക്ഷേ എന്തൊക്കെയാണവൻ വാരിവലിച്ചുണ്ടാക്കുന്നത്? ഇതൊക്കെ പറയാനെളുപ്പമാണ്‌? പക്ഷേ, കൂടും കുടുംബവും അയൽപക്കവുമൊക്കെയാകുമ്പോൾ......

ബുദ്ധമതത്തിൽ മരങ്ങൾക്കുള്ള പ്രാധാന്യവും ദിവ്യത്വവും അവിശ്വസനീയമാം വണ്ണം  അതിശയകരമാണ്.  തന്റെ വലതു കൈ കൊണ്ട് ഒരു സാലവൃക്ഷത്തിന്റെ കൊമ്പിൽ ബലമായി പിടിച്ചു നിന്നുകൊണ്ടായിരുന്നുവല്ലോ മായാദേവി സിദ്ധാർത്ഥരാജകുമാരന് ജന്മം നൽകിയത്.   തന്റെ ജനനം ഒരു വൃക്ഷച്ചുവട്ടിൽ തന്നെ വേണമെന്ന് സിദ്ധാർത്ഥൻ ആഗ്രഹിച്ചിരിക്കണം. അതോ, അതൊരു തീരുമാനമായിരുന്നുവോ? സ്വന്തം ജനനം സ്വയം തീരുമാനിക്കത്തക്ക  ദൈവീകത അദ്ദേഹത്തിലുണ്ടായിരുന്നെങ്കിൽ അതൊരു തീരുമാനം തന്നെ ആയിരുന്നിരിക്കണം. ഉറക്കത്തിൽ മായാദേവിക്ക് സ്വപ്നത്തിലായിരുന്നുവല്ലോ സിദ്ധാർത്ഥന്റെ ഗർഭാധാനം. അപ്പോൾ എല്ലാം നേരത്തേ തീരുമാനിച്ചുറപ്പിച്ചതു തന്നെയായിരിക്കണം!

പിന്നീട് സിദ്ധാർത്ഥഗൗതമൻ തപസ്സു ചെയ്തതും ഒടുവിൽ നിർവ്വാണം പ്രാപിക്കുന്നതുമെല്ലാം വൃക്ഷച്ചുവടുകളിലാണ്. ബോധിവൃക്ഷച്ചുവട്ടിലായിരുന്നുവല്ലോ അദ്ദേഹത്തിന്റെ ജ്ഞാനോദയം അഥവാ ബോധോദയം. അന്നത്തെ ആ ബോധിവൃക്ഷത്തിന്റെ സ്വന്തം സന്തതിപരമ്പരയിൽ പെട്ടതാണ് ഇപ്പോൾ ഉത്തരപ്രദേശിലെ ശ്രാവസ്തിയിലും ശ്രീലങ്കയിലെ അനുരാധപുരത്തും ഉള്ളതെന്നാണ് പൊതുവായ വിശ്വാസം. ജ്ഞാനോദയത്തിനുശേഷം ശ്രീബുദ്ധൻ മഹാബോധി വൃക്ഷത്തെ നീണ്ട ഒരാഴ്ചക്കാലം കണ്ണിമ വെട്ടാതെ നിർന്നിമേഷനായി നന്ദിപൂർവ്വം നോക്കിനിന്നു എന്നാണ് ശ്രീബുദ്ധചരിതങ്ങൾ പ്രകീർത്തിക്കുന്നത്. അപ്പോൾ ബോധിവൃക്ഷത്തിന്റെ ബോധമായിരിക്കുമോ ഒടുവിൽ രാജകുമാരനെ ബുദ്ധനാക്കിയിട്ടുണ്ടാകുക? മരങ്ങളില്ലെങ്കിൽ മനുഷ്യനില്ല എന്ന വലിയ ആ അറിവ് കുറഞ്ഞു വരുന്നവരല്ലേ ഇന്നത്തെ മനുഷ്യർ? മരങ്ങളില്ലെങ്കിൽ മനുഷ്യനില്ലെങ്കിൽ മരങ്ങൾ തീർച്ചയായും ബോധികൾ തന്നെ. അതെല്ലാമോർക്കുമ്പോൾ ഞാൻ ചിന്തിക്കുന്നത് ഇന്നത്തെ ഏതെങ്കിലും ഒരു ആധുനിക മനുഷ്യന് ഏതെങ്കിലും ഒരു മരച്ചുവട്ടിൽ ഒരു നേരം കിടന്നുറങ്ങാനാകുമോ എന്നാണ്! മരത്തണലിലെ ഉറക്കം; ഹാ, എത്ര സുഖദായകമാണത്. മരത്തണലിലുറങ്ങിയവർക്കേ മരത്തണലിൽ ഉറങ്ങുന്നതിന്റെ സുഖം അറിയൂ.  മഴ പെയ്യിക്കുവാനും അസുഖങ്ങൾ ഭേദമാക്കാനും വൃക്ഷങ്ങൾക്ക് കഴിയുമെന്ന് വിശ്വസിക്കുന്നവരുണ്ട്. വൃക്ഷങ്ങൾക്ക് ജലസേചനം ചെയ്യുന്നത് പുണ്യകർമ്മമായി കരുതുന്നുണ്ടെങ്കിൽ ആർക്കും അവരെ കുറ്റപ്പെടുത്താനാകില്ല.

റോഡുകളുടെ ഇരുവശവും മരങ്ങൾ നട്ടുവളർത്തുകയാണെങ്കിൽ എത്ര നന്നായിരിക്കും! റോഡിനും യാത്രയ്ക്കും എത്ര ഭംഗിയായിരിക്കും. എന്നിട്ടെന്താ, നമുക്കു പറ്റുന്നുണ്ടോ?  വനങ്ങളിൽ യാത്ര ചെയ്യുന്നതും കാടുകളിൽ ഒരാഴ്ച താമസിക്കുന്നതും വനാന്തരങ്ങളിൽ ഇരുന്ന് ധ്യാനിക്കുന്നതും മനസ്സിനും ശരീരത്തിനും എത്ര പ്രയോജനപ്രദമാണെന്നോ?  "മരങ്ങൾ മനുഷ്യകഥാനുഗായികൾ" എന്നാണോ കവി പാടിയത്? എന്തോ എനിക്കോർമ്മയില്ല. അതിന്റെ അർത്ഥവും എനിക്കറിയില്ല.  മരങ്ങളുടെ നിഷ്പക്ഷത ശ്ലാഘനീയമാണ്. ബാലനെന്നോ വൃദ്ധനെന്നോ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ നോക്കാതെ അത് അതിന്റെ തണലും ഫലങ്ങളും മനുഷ്യനു നൽകുന്നു. എന്നിട്ടും എന്തേ മനുഷ്യൻ ഈ തത്വങ്ങളൊന്നും പഠിക്കാത്തത്?  സ്വാർത്ഥത മാത്രമെന്തേ മനുഷ്യന്റെ തലയിൽ കുടി കൊള്ളാൻ കാരണം? സ്വാർത്ഥതയും അത്യാഗ്രഹങ്ങളും വെടിഞ്ഞാൽ ഈ ലോകം ഹാ, എത്ര സുന്ദരം, മനോഹരം? അതാണ് ബുദ്ധഭഗവാൻ പഠിപ്പിച്ചതും. പക്ഷേ സഹസ്രാബ്ദങ്ങൾ കഴിഞ്ഞിട്ടും നമ്മൾ ഒന്നും പഠിച്ചില്ല. കഷ്ടം. മരങ്ങളെ വെട്ടിവീഴ്ത്തുന്ന മനുഷ്യൻ എത്ര അധമനാണ്! കഷ്ടം... മരങ്ങൾ മാത്രമോ? ഞങ്ങളുടെ ഏകമതമാണ് വലിയത് എന്ന് പറഞ്ഞ് കാപാലികർ ലോകസംസ്കാരികപൈതൃകത്തെ വെട്ടിനുറുക്കുന്നില്ലേ?

ജനിച്ച ഉടനെ കുഞ്ഞുസിദ്ധാർത്ഥൻ ചില മായാജാലങ്ങൾ കാട്ടുകയുണ്ടായി എന്നാണ് ചരിത്രം (അതോ വിശ്വാസമോ?)പറയുന്നത്. പത്തുമാസം മഹാമായയിൽ കഴിഞ്ഞുകൂടിയവൻ മായാജാലം കാട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. അതോ ജഠരാഗ്നി സഹിച്ചുള്ള 10 മാസത്തെ കാരാഗ്രഹവാസത്തിൽ നിന്നുള്ള മോചനത്തിന്റെ സന്തോഷമായിരുന്നോ ആ മായാജാലപ്രകടനം? അങ്ങനെയാകാൻ തരമില്ല. കാരണം നമ്മളും അതുപോലെ 10 മാസം അവിടെ കിടന്നതല്ലേ? കരഞ്ഞു കൊണ്ട് നമ്മൾ ജനിച്ചത് അവിടെത്തന്നെ കിടന്നാൽ മതിയായിരുന്നൂ എന്നതിനാലാകാനേ തരമുള്ളു. അതെന്തായാലും കുഞ്ഞുസിദ്ധാർത്ഥൻ കരഞ്ഞില്ല; പകരം പിറന്ന പാടേ 7 അടി നടന്നുവത്രെ. കാല്പാദം വച്ചിടത്തൊക്കെ ഓരോ താമരപ്പൂ വിടർന്നത്രെ. ഏഴാമത്തെ അടി വച്ചശേഷം ആകാശത്തിലേക്ക് കയ്യുയർത്തി എന്തോ പ്രഖ്യാപനങ്ങളും നടത്തിയത്രെ. ഇതെല്ലാം ശ്രീബുദ്ധന്റെ ജനനത്തിന്‌ നാടകീയത സൃഷ്ടിക്കാൻ ചരിത്രമെഴുതിയവർ എഴുതിച്ചേർത്തതായിരിക്കാം. പക്ഷേ പ്രഖ്യാപനങ്ങൾക്ക് ശേഷം എന്തുണ്ടായി എന്നെവിടേയും എഴുതിക്കണ്ടിട്ടില്ല. ഒരു പക്ഷേ, മറ്റു കുഞ്ഞുങ്ങളെപ്പോലെ നിലത്തു കിടന്ന് ങേ, ങേ എന്നു കരഞ്ഞിട്ടുണ്ടാകണം. അതെന്തായാലും ലുംബിനിയിലും പരിസരങ്ങളിലും സ്ഥാപിച്ചിട്ടുള്ള കുഞ്ഞുബുദ്ധന്റെ പ്രതിമകൾ മേലോട്ട് വിരലും ചൂണ്ടിനില്ക്കുന്നത് കാണാൻ നല്ല കൗതുകമാണ്‌.

നടന്നു നടന്ന് ഞങ്ങൾ എത്തിച്ചേർന്നത് "കപിലവസ്തു പാലസ് ടെമ്പിൾ" എന്നെഴുതിയ വലിയൊരു ബോർഡിനു മുന്നിലായിരുന്നു.  ആ ബോർഡിന്റെ ചിത്രമാണ് മുകളിൽ കാണിച്ചിട്ടുള്ളത്.
                                                                                         . . . . . . . . . . . . . . . . . . . . . . . . . . . തുടരും