ഞങ്ങൾ എത്തിയിട്ടുള്ളത് ഒരു ഒറ്റ നില കോൺക്രീറ്റ് കെട്ടിടത്തിലാണ്. അത് ഞങ്ങൾക്ക് താമസിക്കാനുള്ള ഹോട്ടലാണ്. തെറ്റില്ലാത്ത സൗകര്യങ്ങളൊക്കെ ഉണ്ടെങ്കിലും പൈപ്പിൽ വെള്ളം നൂലു പോലെയേ വരൂ. ഈ ഹോട്ടലിലെ പ്രധാന ആകർഷണം തിബറ്റിലെ പെണ്ണുങ്ങളുടെ സാന്നിദ്ധ്യമാണ്. തിബറ്റിൽ പെണ്ണുങ്ങൾ കച്ചവടം ചെയ്യുന്നത് ഒരു സാധാരണ കാഴ്ചയാണ്. ഞങ്ങളുടെ റൂമിൽ വരെ ഈ പെണ്ണുങ്ങൾ സമ്മതം കൂടാതെ കേറി വരും. എല്ലാവരുടേയും കയ്യിൽ പല തരത്തിലുള്ള മാല, വള, രുദ്രാക്ഷമാല തുടങ്ങി മനുഷ്യർക്കാവശ്യമായ ഒരു നൂറു കൂട്ടം സാധനങ്ങൾ കാണും. പലരും പലതും വാങ്ങുന്നുണ്ടായിരുന്നു. മടക്കത്തിൽ വാങ്ങാം എന്നു പറഞ്ഞ് ഞങ്ങൾ അവരിൽ നിന്നൊഴിഞ്ഞു മാറി. ഭാഷ പോലും ശരിക്കറിയാതെ എന്ത് വാങ്ങാനാണ്?
ഞങ്ങൾ എത്തിപ്പെട്ട സ്ഥലത്ത് ധാരാളം കടകളും പോസ്റ്റ് ഓഫീസും ഹോട്ടലുകളും മറ്റും കണ്ടു. ദൂരേയ്ക്ക് നോക്കിയാൽ അപാരമായ ഭംഗിയാണ്. സൂര്യോദയത്തിനും അസ്തമനത്തിനും ഇവിടത്തെ ആകാശത്തിലുണ്ടാകുന്ന അരുണാഭയും മേഘമാലകളും അത്യന്തം മനോഹരമാണ്. ചെറിയൊരരുവിയും അടുത്തു തന്നെ ഉണ്ട്.
ആകപ്പാടെ പരന്നു കിടക്കുന്ന ഒരു പ്രദേശമാണിത്. എന്താണാവോ അവർ ഇവിടെ കൃഷിയൊന്നും ചെയ്യാത്തത്? ഇവിടെ നിന്നാണ് കൈലാസ പരിക്രമണം (പ്രദക്ഷിണം) തുടങ്ങുന്നത്. ഇവിടം വിട്ടു കഴിഞ്ഞാൽ മൂന്നാം ദിവസം കൈലാസം പ്രദക്ഷിണം വച്ച് ഇവിടെത്തന്നെ തിരിച്ച് എത്തും. അതുവരെ മാർക്കറ്റുകളൊന്നും ഉണ്ടാകുകയില്ല. അതുകൊണ്ട് ആളുകൾ പല സാധനങ്ങളും വാങ്ങിക്കൂട്ടുന്നുണ്ടായിരുന്നു. മാനസസരോവരത്തിൽ നിന്നും തീർത്ഥം ശേഖരിക്കാൻ ആളുകൾ ഒരു ലിറ്ററിന്റേയും രണ്ടു ലിറ്ററിന്റേയും 5 ലിറ്ററിന്റേയും മറ്റും പ്ലാസ്റ്റിക്ക് ക്യാനുകൾ വാങ്ങിക്കൂട്ടുന്നുണ്ടായി രുന്നു. എത്ര പ്ലാസ്റ്റിക്ക് വാങ്ങിയാലാണ് ആളുകൾക്ക് തൃപ്തിയാകുക? ഒടുവിൽ ആവശ്യം കഴിയുമ്പോൾ ഈ പ്ലാസ്റ്റിക്കെല്ലാം വലിച്ചെറിയപ്പെട്ട് വല്ല കുളത്തിലോ പുഴയിലോ എത്തിച്ചേരും. ഹോട്ടലിന്റെ അടുത്ത് തന്നെ ഒരു ടെലിഫോൺ ബൂത്തുണ്ട്. ഒരു കടയോട് ചേർന്നാണത്. എല്ലാവരും അവിടെ നിന്ന് നാട്ടിലേക്ക് ഫോൺ ചെയ്തു. 3 യുവാനാണ് ഒരു മിനിറ്റിന് വാടക.
ദർശൻ - ഞങ്ങൾ ഇപ്പോഴുള്ള സ്ഥലത്തിന്റെ പേരാണത്. ഇവിടെ നിന്ന് നോക്കിയാൽ അകലെയാണെങ്കിലും കൈലാസം നല്ലപോലെ കാണാം. അതായത് കൈലാസത്തിന്റെ "ദർശനം" സാധിയ്ക്കും എന്നർത്ഥം. അതുകൊണ്ടായിരിക്കും പണ്ടുള്ളവർ ഈ സ്ഥലത്തിനെ ദർശൻ എന്ന് വിളിച്ചത്. പക്ഷേ ഇപ്പോളിതിന്റെ പേർ ദർച്ചൻ എന്നത്രെ. ഈ വാക്കിന് തിബറ്റൻ ഭാഷയിൽ ഈ അർത്ഥമുണ്ട്, ആ അർത്ഥമുണ്ട് എന്നൊക്കെ ആളുകൾ പറഞ്ഞെന്നും ഇരിക്കും. ദശരഥൻ തപസ്സു ചെയ്തതുമൂലം ഈ സ്ഥലത്തിനെ "ദശരഥൻ" എന്നു അറിയപ്പെട്ടെന്നും അത് പിന്നെ ലോപിച്ച് ലോപിച്ച് ദർച്ചൻ എന്നായി എന്നും വേണമെങ്കിൽ പറയാം.
ഉച്ചഭക്ഷണവും വൈകീട്ടത്തെ ചായയും അത്താഴവും മറ്റും കൃത്യമായി കിട്ടുന്നുണ്ടായിരുന്നു. കാലാവസ്ഥ നല്ലതായിരുന്നു. രാത്രിയിലെ ഉറക്കത്തിനു ശേഷം രാവിലത്തെ ഭക്ഷണം കഴിച്ച് ബസ്സിൽ ഞങ്ങൾ കൈലാസപരിക്രമണത്തിന് ഇറങ്ങി.
ഉറപ്പില്ലാത്ത മണ്ണ് തട്ടിനിരത്തി ഉണ്ടാക്കിയ റോഡ്.... ആ റോഡിൽ, കടലിൽ കാറ്റിലും കോളിലും പെട്ടുലയുന്ന പായ് വഞ്ചി പോലെ ഞങ്ങളുടെ ബസ് മുന്നോട്ട് നീങ്ങി. ബസ്സ് ഇടത്തോട്ടും വലത്തോട്ടും ആടി ഉലയുമ്പോൾ മറിഞ്ഞേക്കുമോ എന്ന് ഞാൻ ശങ്കിച്ചു. ദർശൻ-ൽ പല ഭാഗത്തേക്കും ഇലക്ട്രിക് പോസ്റ്റുകൾ പോകുന്നുണ്ട്. അതെല്ലാം ഇനി വല്ല വാർത്താവിനിമയ സംവിധാനമാവാനും മതി. ചീനക്കാരന്റേതല്ലേ ബുദ്ധി.
ഏതാണ്ട് നാലഞ്ച് കിലോമീറ്റർ (?) യാത്ര ചെയ്തപ്പോൾ ബുദ്ധവിഹാരങ്ങളിൽ കാണുന്ന തരത്തിലുള്ള ഒരു സ്തൂപം ഞങ്ങൾ കണ്ടു. കൈലാസപാതയിലെ ഒരു പ്രധാനപ്പെട്ട സ്ഥലമാണിത്. ബസ് അവിടെ നിറുത്തുകയും എല്ലാവരും ഇറങ്ങുകയും ചെയ്തു. സ്തൂപത്തിനു ചുറ്റും പല വർണ്ണങ്ങളിലുള്ള ധാരാളം prayer flags കാണാം. ചുറ്റും കാണുന്ന കല്ലുകളിലെല്ലാം 'ഓം മണിപദ്മേ ഹും' എന്ന് തിബറ്റൻ ഭാഷയിൽ എഴുതിവച്ചിട്ടുണ്ട്. ചുറ്റുപാടാകെ പ്ലാസ്റ്റിക്ക്, പൊട്ടിയ കുപ്പിച്ചില്ലുകൾ, കിറിപ്പറിഞ്ഞ തുണികൾ എന്നിവയാൽ വൃത്തികേടായി കിടക്കുകയാണ്. കീറിയ ഷർട്ട്, ബനിയൻ എന്നു വേണ്ട, ജട്ടിയും ബ്രേസിയറും വരെ അവിടെ പാറിപ്പറന്നു നടക്കുന്നുണ്ട്. ഇനി ഇതെല്ലാം അവിടത്തുകാർ വല്ല വിശ്വാസത്തിന്റേയും പേരിൽ അവിടെ കൊണ്ടുവന്നിടുന്നതാണാവോ? ഇനി ഒരവസരത്തിൽ, ഇതൊക്കെ അവിടെ കാണണമെന്നില്ല. സ്തൂപത്തിന്റെ അകത്തേക്ക് കയറാനും പുറത്തേക്ക് ഇറങ്ങാനും വേറേ വേറേ വാതിലുകളുണ്ട്. അകത്ത് വലിയ അമ്പലമണിയും മറ്റു പലതും കെട്ടിത്തൂക്കിയിട്ടുണ്ട്. ഉണങ്ങിപ്പോയ ഒരു ആട്ടിൻ തലയും അവിടെ തൂക്കിയിട്ടുണ്ട്. പാവം ആട്! പാവങ്ങളായ ഈ തിബത്തുകാരെങ്ങനെയാണ് ഈ ക്രൂരതയൊക്കെ ചെയ്യുന്നതാവോ? തിബറ്റിൽ എവിടെ നോക്കിയാലും യാക്കിന്റെ തലയോട് കാണാം. അതും അവരുടെ പൂജാസാധനങ്ങളിൽ പെടുമെന്ന് തോന്നുന്നു.
ഇതാണത്രെ യമദ്വാർ. മലയാളത്തിൽ പറഞ്ഞാൽ യമന്റെ വാതിൽ. യമൻ ഇവിടെ ആണത്രെ ഉള്ളത്. ഇവിടെയുള്ള ഈ സ്തൂപത്തിനെ 12 തവണ വലം വച്ചാൽ മരണഭയം മാറുമത്രെ. പലരും വളരെ ഗൗരവമായി 12 തവണ വലം വയ്ക്കുന്നത് ഞാൻ നോക്കിനിന്ന് എണ്ണി. ഞാനും അതിനെ 3 തവണ വലം വച്ചു. 12 തവണ വലം വയ്ക്കാനുള്ള പേടിയൊന്നും മരണത്തോട് എനിയ്ക്കില്ല. സത്യത്തിൽ മരണത്തെയല്ല മറിച്ച് ജനനത്തെയല്ലേ പേടിക്കേണ്ടത്?
മരണത്തെ പേടിയ്ക്കേണ്ട ഒരു കാരണവും ഞാൻ കാണുന്നില്ല. മരിച്ചതു കൊണ്ട് ബുദ്ധിമുട്ടിപ്പോയി എന്ന്, മരിച്ചു പോയ ഒരാളും തിരിച്ചു വന്ന് പരാതി പറഞ്ഞിട്ടില്ല. മരിച്ചു ചെന്നപ്പോൾ അവിടെ എന്തെങ്കിലും വിഷമമുണ്ടെങ്കിൽ ചിലരെങ്കിലും തിരിച്ചു വന്നേനെ. പക്ഷേ ഇതു വരെ ആരെങ്കിലും അങ്ങനെ തിരിച്ചു വന്നതായി നമ്മളാരെങ്കിലും കേട്ടിട്ടുണ്ടോ? അപ്പോൾ അവർക്കവിടെ സുഖം തന്നെ ആകാനേ തരമുള്ളു. ഒന്നുമില്ലെങ്കിലും ഇവിടത്തേക്കാൾ മെച്ചമാണെന്നവർക്ക് തോന്നിക്കാണും.
മരിച്ചു കഴിഞ്ഞാൽ പിന്നെ ക്ഷീണം തോന്നുകയേ ഇല്ല. മാത്രമോ? ദാഹിക്കില്ല, വിശക്കില്ല, ഭക്ഷണം കഴിക്കണ്ട, ഉറക്കം വരില്ല. അസുഖം വരില്ല. ആരേയും കണ്ടാൽ ഓച്ഛാനിച്ചു നിൽക്കണ്ട. എന്തിന്? ഇഷ്ടമില്ലാത്തവരെ കാണുമ്പോൾ ഒന്നു തിരിഞ്ഞു കിടക്കണ്ട കാര്യം കൂടി ഇല്ല. "ശ്വാസം പിടിച്ചു" നിൽക്കണ്ട അവസരങ്ങളൊക്കെ നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറില്ലേ? മരിച്ച് കഴിഞ്ഞാൽ പിന്നെ, അങ്ങനെ ശ്വാസം പിടിച്ചു നിൽക്കണ്ട ഒരു കാര്യവുമില്ല. ശ്വാസമുണ്ടെങ്കിലല്ലേ അത് പിടിച്ച് നിൽക്കേണ്ടതുള്ളൂ? ഹായ്, എന്തൊക്കെ സൗകര്യങ്ങളാണ് ഈ മരണം കൊണ്ട് കിട്ടുന്നത്?? മരിച്ചാൽ പിന്നെ, ഉറക്കം വന്നില്ലെങ്കിലും എത്ര നേരം വേണമെങ്കിലും കിടക്കാം. "മരിച്ചു കിടക്കുക" എന്നൊരു പ്രയോഗം തന്നെ ഉണ്ടല്ലോ? അല്ലെങ്കിലും, ആരെങ്കിലും മരിച്ചു നടന്നതായി കേട്ടിട്ടുണ്ടോ? മരിച്ച് ഇരുന്നതായും വലുതായി കണ്ടിട്ടില്ല. പക്ഷേ, ഇല്ല എന്ന് അങ്ങനെയങ്ങോട്ട് പറഞ്ഞുകൂടാ. കാരണം, സന്യാസിവര്യന്മാർ മരിക്കുമ്പോൾ അവരെ പിടിച്ച് ഇരുത്താറുണ്ട്. അവർ ത്യാഗിവര്യന്മാരായതുകൊണ്ട് "ആറടി മണ്ണ്" വേണ്ട എന്ന് തീർച്ചയാക്കിയതു കൊണ്ടാകും ഇങ്ങനെ ഇരുത്തുന്നത്. ഇരിയ്ക്കുമ്പോൾ ഒരു മൂന്ന് മൂന്നര അടി ഒക്കെ മതിയല്ലോ? നമ്മുടെ സ്വാമിമാരെപ്പോലെ, സദ്ദാം ഹുസൈന്റെ കാലത്ത് ഇറാക്കിൽ ആളുകൾ കൂട്ടത്തോടെ "മരിച്ച് ഇരുന്നതായി" അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു. നമുക്കത് വിടാം. യാങ്കികൾക്ക് എന്താ പറഞ്ഞുകൂടാത്തത്? ലിബിയയിലും ആളുകൾ ഇതുപോലെ "മരിച്ചിരുന്നതായി" നമുക്കറിയാം. എന്തായാലും, “മരിച്ചു നടന്നതിന്റെ” തെളിവുകൾ ഇനിയും വരാനിരിക്കുന്നതേ ഉള്ളൂ.
മരിച്ചു കഴിഞ്ഞാൽ പിന്നെ, അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ എല്ലും പല്ലും ആകുന്നതു വരെ കിടക്കാം. പക്ഷേ, അങ്ങനെ കിടക്കുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പോലീസുകാരുടെ കണ്ണിൽ പെടാതെ നോക്കണം. അവരുടെ കണ്ണിൽ പെട്ടാൽ തീർന്നു. അല്ലെങ്കിലും ഈ പോലീസുകാരെ വിശ്വസിക്കാൻ കൊള്ളില്ല. അവരെങ്ങാൻ ഈ കിടപ്പു കണ്ടാൽ ജട്ടി വരെ ഊരി മാറ്റിക്കളയും. എന്നിട്ട് ഒരു മുണ്ടിട്ട് മൂടും. അങ്ങനെ കിടക്കാൻ ജട്ടിയൊന്നും വേണ്ട എന്നാണ് അവരുടെ ഭാവം. പോലീസുകാരെക്കുറിച്ചാലോചിക്കുമ്പോൾ മാത്രമാണ് മരിക്കാൻ എനിക്കിത്തിരി പേടി.
മരണത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ജനനമാണ് എന്നെ പേടിപ്പെടുത്തുന്നത്. എങ്ങനെ നോക്കിയാലും മരണത്തേക്കാൾ എത്രയോ ബുദ്ധിമുട്ടാണ് ജനനം. ആരെങ്കിലും ചിരിച്ചു കൊണ്ട് ജനിച്ചിട്ടുണ്ടോ? ജീവിക്കുന്നതും അതുപോലെ ബുദ്ധിമുട്ടുള്ളതാണ്. മലയാളി ആയി ജനിക്കുന്നതാണ് സായിപ്പായി ജനിക്കുന്നതിനേക്കാൾ കഷ്ടം. ആനയെപ്പോലെ നിൽക്കുന്ന 'ആ'എന്ന അക്ഷരമൊക്കെ എഴുതാനുള്ള പാട് യു.കെ.ജി.യിൽ പഠിക്കുന്ന മലയാളിക്കുട്ടിയ്ക്കേ അറിയൂ. സായിപ്പ്കുട്ടി എത്ര എളുപ്പത്തിലാണ് 'A' എന്ന് എഴുതുന്നത്. പക്ഷേ 'A' എന്നെഴുതി പഠിക്കുന്നതിലും ഉണ്ട് കുറച്ച് കുഴപ്പം. ഇങ്ങനെ 'A'-യിൽ നിന്ന് തുടങ്ങുന്നതു കൊണ്ടാകുമോ സായിപ്പന്മാർ 'A' സർട്ടിഫിക്കറ്റുള്ള സിനിമയൊക്കെ കണ്ടമാനം ഉണ്ടാക്കുന്നത്? അതെന്തായാലും എഴുത്തിനും വായനയ്ക്കും ഉള്ള ബുദ്ധിമുട്ട് എങ്ങനെയെങ്കിലും ഒക്കെ സഹിക്കാം. ചെറുപ്പത്തിൽ ഗർഭാശയത്തിൽ കിടക്കാനാണ് കൂടുതൽ പാട്. ഈ മലാശയത്തിനും മൂത്രാശയത്തിനും ഇടയ്ക്ക് എന്താ പത്തു മാസമല്ലേ ഒരേ ഒരു കിടത്തം കിടക്കുന്നത്? അതും ഈ ജഠരാഗ്നിയുടെ ചൂടും സഹിച്ചുള്ള ആ കിടത്തമുണ്ടല്ലോ, അതിന്റെ ഒക്കെ ഒരു ബുദ്ധിമുട്ട് പറയാതിരിക്കുന്നതാണ് ഭേദം. അതൊക്കെ ആലോചിക്കുമ്പോൾ മരണം എത്ര സുഖമുള്ളതാണ്?
ഗർഭാശയത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഞാനെന്റെ സ്വഭാവത്തെ കുറിച്ച് ശരിക്കൊന്ന് ചിന്തിച്ചത്. പത്തു മാസം ഈ ഗർഭാശയത്തിൽ കിടന്നതു കൊണ്ടാണോ എന്തോ, വലുതായതിൽ പിന്നെ ഗർഭത്തെ കുറിച്ചുള്ള ഒരു ആശയം മാത്രമേ എന്റെ മനസ്സിലുണ്ടായിട്ടുള്ളു. രാവെന്നോ പകലെന്നോ ഉള്ള വ്യത്യാസമില്ലാതെ ഈ ചിന്ത എന്റെ മനസ്സിലുണ്ടായിരുന്നു. വെറുതെയാണോ, പെണ്ണുങ്ങൾ എന്നെ 'വായിൽ നോക്കി' എന്നൊക്കെ വിളിച്ചിരുന്നത്? അല്ലെങ്കിലും ഈ മൂത്രാശയത്തിന്റേയും മറ്റും അടുത്ത് 10 മാസം കിടന്നവൻ വഷളനായില്ലെങ്കിലേ അത്ഭുതമുള്ളു. ശീലിച്ചതല്ലേ പാലിക്കാൻ പറ്റൂ? ഈ സ്വാമിമാരുടെ ആത്മീയതയൊക്കെ കാണുമ്പോൾ എനിയ്ക്ക് അസൂയയാണ് വരുന്നത്. അവരൊക്കെ പെറ്റുവീഴുന്നതിനു മുമ്പ് ഏത് ആശയത്തിലാണാവോ കിടന്നിരുന്നത്?
എത്ര തിന്നാലും മതിയാവാത്ത ചില വയറന്മാരെ ഞാൻ കണ്ടിട്ടുണ്ട്. ഭക്ഷണം കഴിച്ച് കൈ കഴുകുമ്പോൾ വീണ്ടും ഉണ്ണാൻ വിളിച്ചാൽ അവർ സന്തോഷത്തോടെ വരും. അവരൊക്കെ കിടന്ന ഗർഭാശയം സ്ഥാനം തെറ്റി, ചിലപ്പോൾ ഈ ആമാശയത്തിനടുത്തോ മറ്റോ ആയിരിക്കാം കിടന്നിരുന്നത്. അല്ലെങ്കിൽ ആമാശയത്തോട് ഇത്ര ആഭിമുഖ്യം കാണുമോ?
യമദ്വാറിനു ചുറ്റും പ്രദക്ഷിണം വച്ചാൽ മരണത്തിൽ നിന്നു മുക്തി നേടും എന്നും വിശ്വസിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ മൂന്നും നാലും തവണ കൈലാസം ദർശിക്കുന്നവർ ഇവിടെ വീണ്ടും വീണ്ടും പ്രദക്ഷിണം വയ്ക്കുന്നതിന്റെ യുക്തിയാണെനിയ്ക്ക് മനസ്സിലാകാത്തത്. എത്ര തവണയാണ് മരണത്തിൽ നിന്നു മുക്തി നേടേണ്ടത്? യമദ്വാറിനു ചുറ്റും പാറയിൽ തീർത്ത ഭംഗിയുള്ള ധാരാളം മലകൾ കാണാം. മലയിൽ നിന്നൊഴുകിയിറങ്ങുന്ന വെള്ളച്ചാലുകളും കാണം. സുന്ദരവും സ്വച്ഛവുമായ പ്രകൃതി. കുറച്ചു ദൂരെ കുറേ കെട്ടിടങ്ങൾ കണ്ടു.
അര മണിക്കൂർ സമയത്തെ യമദ്വാരദർശനത്തിനു ശേഷം ബസ്സ് വീണ്ടും പുറപ്പെട്ടു. കുറച്ച് കഴിഞ്ഞപ്പോൾ ബസ് യാത്ര അവസാനിച്ചു. ഇനി നടത്തം തുടങ്ങുകയാണ്. നടക്കാൻ വയ്യാത്തവർക്ക് പോണി (കുതിര), ബാഗ് തൂക്കാൻ വയ്യാത്തവർക്ക് പോർട്ടർ എന്നീ സൗകര്യങ്ങൾ ഇനി ലഭ്യമാണ്. ഇവരെല്ലാം തിബറ്റുകാരായിരിക്കുമെന്ന് മാത്രം. എനിയ്ക്ക് കുതിരയും പോർട്ടറുമൊന്നും ഇല്ലാതിരുന്നതിനാൽ ഞാൻ പതുക്കെ നടക്കാൻ തുടങ്ങി. അരവിന്ദിനും കൃഷ്ണേട്ടനും പോർട്ടർമാരുണ്ടായിരുന്നതിനാൽ ഞാനവരെയൊന്നും കാത്തു നിന്നില്ല.
നടക്കുമ്പോൾ കൈലാസം പ്രദക്ഷിണം ചെയ്യുന്ന തിബറ്റുകാരെ കണ്ടു. അവർ നീണ്ടു നിവർന്നു കിടന്ന് നമസ്ക്കരിച്ചാണ് പ്രദക്ഷിണം ചെയ്യുന്നത്. ആദ്യം നിന്നു പ്രാർത്ഥിക്കും. എന്നിട്ട് കിടന്നിട്ടും. പിന്നീട് എഴുന്നേറ്റ് ഒന്നോ രണ്ടോ അടി നടക്കും, വീണ്ടും ഈ നിന്നും കിടന്നുമുള്ള നമസ്ക്കാരം തുടങ്ങും. പത്തമ്പത്തഞ്ച് കിലോമീറ്റർ ഇങ്ങനെ പ്രദക്ഷിണം വയ്ക്കാൻ ഒരാഴ്ചയെങ്കിലും വേണ്ടിവരില്ലേ? ജീവിതത്തിൽ ഇതിനേക്കാൾ കൂടുതൽ ബുദ്ധിമുട്ടുള്ള പണി വേറേ ഏതുണ്ട്? തിബത്തുകാരെ സമ്മതിച്ചേ തീരൂ.
പോകുന്ന വഴിയിൽ കുറച്ചകലെയായി തെളിനീരൊഴുകുന്ന ചെറിയൊരരുവി ഉണ്ടായിരുന്നു എന്നാണോർമ്മ. വഴിയുടെ ഇരുവശങ്ങളിലും മലകൾ ധാരാളമുണ്ട്. ചിലത് മഞ്ഞുമലകളാണ്. ചിലത് മൊട്ടക്കുന്നുകളാണ്. പാറ നിറഞ്ഞ മലകളാണധികവും. എങ്ങനെയാണാവോ ചില മലകളിൽ മാത്രം മഞ്ഞുറയുന്നത്? എങ്ങും മരങ്ങളോ പുല്ലോ കണ്ടില്ല. നടന്നു പോകുന്ന വഴികളിൽ ജേ.സി.ബി യും മറ്റും കണ്ടു. അധികം വൈകാതെ അവിടെയൊക്കെ വാഹനങ്ങൾക്ക് പോകാവുന്ന റോഡ് വരാനാണ് സാധ്യത. വഴിയിൽ അപൂർവ്വമായി ചായപ്പീടികകളും കണ്ടു. എവിടെ ആൾസാന്നിദ്ധ്യമുണ്ടോ അവിടെയൊക്കെ ചൈനയുടെ കൊടി കാണാം. ഇതെല്ലാം ഞങ്ങളുടെ സ്ഥലമാണ് എന്ന് വിളിച്ചു പറയാൻ അവർക്ക് ഇതല്ലാതെ മറ്റ് എളുപ്പമാർഗ്ഗങ്ങൾ ഇല്ലല്ലൊ?
ക്ഷീണം തീർക്കാൻ ഇടയ്ക്കെപ്പോഴോ ഇരുന്നപ്പോൾ അരവിന്ദ് അകലെ നിന്ന് വരുന്നത് കണ്ടു. കൂടെ ഒരു പെണ്ണും ഉള്ളതു പോലെ തോന്നി. ഏതായാലും ഞാൻ അരവിന്ദ് എത്തുന്നതു വരെ കാത്തിരുന്നു. ശരിയാണ്; അരവിന്ദിന്റെ കൂടെ ഒരു പെണ്ണുണ്ട്. അവൾ അരവിന്ദിന്റെ പോർട്ടറാണ്. അരവിന്ദിന്റെ ബാഗ് അവളാണ് തൂക്കിയിരിക്കുന്നത്. പോർട്ടർക്ക് വലിയ പ്രായമില്ല. കാണാൻ സുന്ദരിയാണ്. ചെറുപ്പക്കാരിയായ ടിബറ്റൻ സുന്ദരി.
പിന്നീടുള്ള യാത്ര ഞങ്ങൾ ഒരുമിച്ചായിരുന്നു. ഒരു ഗൈഡിന്റെ റോളും അവൾ ഏറ്റെടുത്തിരുന്നു. അവളുടെ ഭാഷ ഞങ്ങൾക്കോ ഞങ്ങളുടെ ഭാഷ അവൾക്കോ അറിയില്ലെങ്കിലും. പേരിനു മാത്രം ഹിന്ദി വാക്കുകൾ അവൾക്കറിയാമെന്ന് തോന്നുന്നു.. മുന്നോട്ട് നടക്കവേ, വഴിയുടെ ഒരു വശത്ത് അകലെയായി കൈലാസം പ്രത്യക്ഷപ്പെട്ടു. അവൾ കൈലാസം നോക്കി പ്രാർത്ഥിച്ചു. ഞങ്ങൾക്കും അവൾ പ്രാർത്ഥിക്കാൻ സൂചന തന്നു. അടുത്തു തന്നെ ഒരു ചെറിയ നീരുറവ കണ്ടു. അത് കൈലാസത്തിന്റെ ഭാഗത്തു നിന്നു വരുന്നതാണ്. അവൾ അതിൽ നിന്ന് വെള്ളമെടുത്ത് കുടിച്ചു. ഞാനും (ഞങ്ങളും) അങ്ങനെ ചെയ്തു. നടന്ന് വിയർത്തതും ക്ഷീണിച്ചതും ഒക്കെ അല്ലേ? ഞാൻ പല തവണ ആ വെള്ളമെടുത്ത് മുഖം കഴുകാൻ തുടങ്ങി. അതവൾക്ക് ഇഷ്ടപ്പെടുന്നുല്ലെന്ന് അവളുടെ മുഖഭാവം വിളിച്ചു പറയുന്നുണ്ടായിരുന്നു. കൈലാസത്തിൽ നിന്നു വരുന്ന ആ നീരുറവ അവർ കുടിക്കാനല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാറില്ല. അതാണ് അവളുടെ നീരസത്തിന് കാരണം. ഞാൻ മുഖം കഴുകുന്നത് നിറുത്തി. അരവിന്ദ് കൈലാസത്തിന്റെ ഫോട്ടോ എടുത്തുകൊണ്ടിരുന്നു. കൈലാസത്തിന്റെ പശ്ചാത്തലത്തിൽ അവളെ കൂടെ നിറുത്തി അരവിന്ദ് എന്റേയും ഒരു ഫോട്ടോ തന്റെ ക്യ്യാമറയിൽ പകർത്തി.
മുന്നോട്ട് നടക്കവേ അവൾ വഴിയിൽ എവിടെ നിന്നോ ഒരല്പം മണ്ണെടുത്ത് ഞങ്ങളുടെ നേരേ നീട്ടി. കുതിരച്ചാണകവും യാക്കിൻ ചാണകവും വീണ് മലിനമായതാണ് കറുത്ത മണ്ണുള്ള ആ ഭൂമി. ഞങ്ങൾക്ക് കിട്ടിയ ഈ മണ്ണിന് എന്തെങ്കിലും ദിവ്യത്വമുണ്ടോ ആവോ? ചോദിക്കാനും പറയാനും അറിഞ്ഞാലല്ലേ അതൊക്കെ അറിയാൻ പറ്റൂ? എന്തായാലും നാമമത്രമായ ആ മണ്ണ് ഞങ്ങൾ തിന്നുക തന്നെ ചെയ്തു. അവൾ ഞങ്ങളെ പറ്റിച്ചതൊന്നും അല്ലെന്ന് തന്നെയാണ് ഞാനതേപ്പറ്റി കരുതുന്നത്.
പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് ഞാൻ നടന്നു. പോകുന്ന വഴിയിൽ പലയിടത്തും, തിബത്തുകാർ മേലേക്കുമേലേ കല്ലുകൾ കൂട്ടിവച്ചിരിക്കുന്നത് ഒരു പതിവു കാഴ്ചയായിരുന്നു. ഞാനും പലയിടത്തും കല്ലുകൾ എടുത്ത് അതുപോലെ കൂട്ടിവച്ചു.
പോകുന്ന വഴിയിൽ ബുദ്ധവിഹാരങ്ങളും കണ്ടു. മണിക്കൂറുകളോളം നടന്നപ്പോൾ ഞങ്ങൾ അടുത്ത ക്യാമ്പായ 'ദിറാഫുക്ക്' എന്ന സ്ഥലത്തെത്തി. കിടക്കാൻ കട്ടിലും കിടയ്ക്കയും ഉണ്ടായിരുന്നെങ്കിലും താമസിച്ച ഷെഡ്ഡുകൾ വൃത്തിയുള്ളതോ ഭംഗിയുള്ളതോ സൗകര്യമുള്ളതോ ഒന്നും അല്ലായിരുന്നു. അവിടെ പ്രാഥമികാവശ്യങ്ങൾക്ക് ആധുനികമായ ഒരു സൗകര്യവും ഇല്ലായിരുന്നു. ആളുകൾ മലയുടെ മറവുകളിലാണ് കാര്യം സാധിച്ചിരുന്നത്. ഞാൻ കിടന്ന ഷെഡ്ഡിന്റെ പുറകുവശം പോലും വൃത്തികേടായി കിടന്നിരുന്നു. അടുക്കളയും ഭക്ഷണം കഴിയ്ക്കുന്ന സ്ഥലങ്ങളും എല്ലാം തികച്ചും അനാകർഷകങ്ങളായിരുന്നു. പക്ഷേ, പ്രകൃതി തീർച്ചയായും മനോഹരമായിരുന്നു. അകലെ ഒരു പുഴയും അതിനപ്പുറം ഒരു വലിയ ബുദ്ധവിഹാരവും കാണുന്നുണ്ടായിരുന്നു.
ക്യാമ്പിന്റെ ഒരു വശത്ത് കയ്യെത്താദൂരത്തിൽ കൈലാസം തലയുയർത്തി നിൽക്കുന്നത് ഞങ്ങൾ കണ്ടു. അതീവഹൃദ്യമായിരുന്നു ആ കാഴ്ച. ഇതാണ് ഞങ്ങൾ കൈലാസത്തെ അടുത്തു കണ്ട ഒരേ ഒരു സ്ഥലം. മറ്റൊരിടത്തും കൈലാസം ഞങ്ങൾക്കിത്ര അടുത്ത് കാണാൻ കഴിഞ്ഞിട്ടില്ല. ഭക്ഷണത്തിനു ശേഷം ഞങ്ങൾ കൈലാസത്തെ കുറച്ചു കൂടി അടുത്ത് കാണുവാൻ പുറപ്പെട്ടു. വഴിയിൽ വച്ച് കൂടെയുള്ള ഒരു കൈലാസയാത്രികൻ "ഞാൻ കൈലാസത്തെ സ്വന്തം കണ്ണു കൊണ്ട് കണ്ടു ധന്യനായി" എന്ന് എന്നോട് പറഞ്ഞു. കൈലാസത്തിന്റെ, ഞങ്ങൾ ഇപ്പോൾ കാണുന്ന ഭാഗത്തെ "ചരൺസ്പർശ്" എന്നാണ് പറയുന്നത്. കൈലാസത്തിന്റെ ചരണം (അടിഭാഗം) സ്പർശിക്കാമെന്ന അർത്ഥത്തിലായിരിക്കും ഈ പേർ വന്നത്. ചരണം സ്പർശിക്കാൻ പറ്റിയില്ലെങ്കിലും കൈലാസത്തെ ഏറ്റവും കൂടുതൽ അടുത്ത് കാണാനുള്ള അവസരം ഇവിടെയാണുള്ളത്.
ഞങ്ങൾ കൈലാസത്തിന്റെ 'ചരണസ്പർശം' കാണാനിറങ്ങുമ്പോൾ അരവിന്ദ് അയാളുടെ പോർട്ടറേയും വിളിച്ചു ... ഒരു കൂട്ടിന് ....
പോർട്ടറെ മനസ്സിലായില്ലേ? ടിബറ്റൻ യുവതി ... സുന്ദരി ... അവളുടെ പ്രായം അവളുടെ മുഖത്തുനിന്ന് വായിച്ചെടുക്കുന്നതിൽ ഞാൻ തോറ്റു. അവൾ വിവാഹിതയാണെന്നോ അല്ലെന്നോ അറിയാനും പറ്റിയില്ല... സൂക്ഷിച്ചു നോക്കുമ്പോൾ ഒരനാഥത്വം അവളുടെ കണ്ണുകളിലില്ലേ എന്നെനിക്ക് തോന്നി. അനാഥയല്ലെങ്കിൽ അവൾക്കെങ്ങനെ രാപ്പകൽ ഞങ്ങൾക്കൊപ്പം കൂടാൻ കഴിയും???
അവൾ മുന്നേ നടന്നു.. ഞങ്ങൾ പുറകേയും.... മുഖവും കൈപ്പത്തികളും പാദങ്ങളും ഒഴികെ മറ്റെല്ലാം ആവരണം ചെയ്യുന്ന കുലീനമായ ടിബറ്റൻ വേഷമാണവൾക്ക്... ഞങ്ങളോട് തികഞ്ഞ സ്നേഹബഹുമാനങ്ങൾ. പേരിന് ചില ഹിന്ദി വാക്കുകളറിയാം... ആരെന്ത് ചോദിച്ചാലും അവൾ "തീൻ" എന്ന് ഉത്തരം നൽകും.. അവളുടെ കൂടെ 3 പേരുണ്ടെന്നോ മറ്റോ ആണവളുദ്ദേശിക്കുന്നത്! പാവം!
പോകുന്ന വഴിയിൽ അങ്ങിങ്ങ് പുല്ലും ചെറിയ ചെടികളുമുണ്ട്. അവൾ പോകുന്ന വഴിയിൽ അതൊക്കെ പരിശോധിച്ചു കൊണ്ടിരുന്നു. ചിലപ്പോൾ ചില പുല്ലുകൾ പറിച്ചെടുത്ത് കയ്യിൽ വയ്ക്കും. വല്ല മരുന്നും ആയിരിക്കും അത്. ഇടയ്ക്കെപ്പോഴോ അവൾ എന്തോ ഒരു ചെടിയുടെ ഇലയെടുത്ത് ഞങ്ങൾക്ക് തന്നു; ശ്വസിക്കാനായി. അത് ശ്വസിച്ചാൽ ശ്വാസം മുട്ടൽ കുറയുകയോ മറ്റോ ചെയ്യുമെന്നാണേ എനിയ്ക്ക് മനസ്സിലായത്. എന്തായാലും അതിന് നല്ല മണമുണ്ടായിരുന്നു.
പാറകൾ നിറഞ്ഞ മലയുടെ കുറെ മുകളിലെത്തിയപ്പോൾ അവൾ നിന്നു. അവിടെ ടിബത്തുകാരുടെ ഒരു പ്രാർത്ഥനാ തുരുത്തുണ്ട്. കൂട്ടി വച്ച കുറെ കല്ലുകളും ബഹുവർണ്ണക്കൊടികളും. അതിനപ്പുറം പോകേണ്ട എന്ന് അവൾ സൂചന നൽകി. എന്റെ കൂടെയുള്ളവർക്കതു മതിയായിരുന്നു. അവർ അവിടെ ഇരിക്കാൻ തയ്യാറായി. അവൾ കൈകൾ ചേർത്തു വച്ച് പ്രാർത്ഥനാനിരതയായി കൈലാസത്തെ നോക്കി കൊടികൾക്കടുത്ത് കമിഴ്ന്നു കിടന്നു....
എന്തായിരിക്കാം അവൾ പ്രാർത്ഥിക്കുന്നത്? നല്ലൊരു ഭർത്താവിനെ കിട്ടണമെന്നായിരിക്കുമോ? അതിനവൾ അവിവാഹിതയാണോ എന്ന് എങ്ങനെ അറിയാം? എന്നും ഈ പോർട്ടർ പണി കിട്ടണേ എന്നായിരിക്കുമോ അവൾ പ്രാർത്ഥിക്കുന്നത്? ആയിരിക്കാം! ഒന്നുമില്ലെങ്കിലും അവളൊരു പോർട്ടറല്ലേ? എത്ര തവണ അവളിങ്ങനെ പ്രാർത്ഥിച്ചിരിക്കും? വർഷങ്ങളായി അവൾ ഇതുവഴിയല്ലേ സഞ്ചാരം? എന്നിട്ടവളുടെ ആഗ്രഹങ്ങളൊക്കെ നിറവേറിക്കാണുമോ? ഇനി ഒരു പക്ഷേ, അവൾ തന്റെ ജീവിതത്തിൽ സംതൃപ്തയായിരിക്കാനും മതി. അങ്ങനെയെങ്കിൽ അവൾ പ്രാർത്ഥനയിലൂടേ തന്റെ നന്ദി ദൈവത്തോട് പ്രകടിപ്പിച്ചതുമാകാം. കൈലാസനാഥന്റെ നാട്ടിൽ ജനിച്ചു ജീവിച്ചിട്ടും അവർക്കൊക്കെ ചുമടെടുത്ത് ജീവിക്കേണ്ടതില്ലേ എന്നാലോചിച്ചപ്പോൾ എനിയ്ക്ക് സങ്കടം തോന്നി. പക്ഷേ അവരെല്ലാം എന്നെക്കാൾ സന്തോഷത്തോടെയും സംതൃപ്തിയോടേയും ആയിരിക്കും ജീവിക്കുന്നത് എന്നും എനിയ്ക്ക് തോന്നി.
അരവിന്ദ് പാറകൾക്കിടയിൽ സൗകര്യമൊരുക്കി കൈലാസത്തെ നമസ്ക്കരിച്ചു. പിന്നീട് ഫോട്ടോഗ്രഫിയിലേക്ക് തിരിഞ്ഞു. മറ്റുള്ളവർ നേരത്തെ അത് തുടങ്ങിയിരുന്നു. “അരുത്, കൈലാസനാഥനെ അവഗണിക്കരുത്”, എന്റെ മനസ്സ് എന്നോട് അങ്ങനെ പറയുന്നതായി എനിക്ക് തോന്നി. ഞാനും കൈലാസത്തെ ലക്ഷ്യമാക്കി മണ്ണിൽ നമിച്ചു.
കാമറയില്ലാത്ത ഞാൻ എന്തു ചെയ്യാൻ? ... ഞാൻ കൈലാസം നോക്കിയിരുന്നു. അതിന്റെ കൂടുതൽ അടുത്തേക്ക് പോകാൻ മനസ്സെന്നോട് പറഞ്ഞെങ്കിലും ഞാൻ ശാന്തനായി അവിടെ ഇരുന്നു. അപ്പോൾ പല യാത്രികരും കൈലാസത്തിന്റെ ചരണം സ്പർശിക്കാൻ മലയുടെ മേലോട്ട് പോകുന്നത് ഞാൻ കണ്ടു.
തൊഴിലൊന്നുമില്ലാത്തവന്റെ മനസ്സ് ചെകുത്താന്റെ തൊഴിൽശാല എന്നല്ലേ പ്രമാണം? എന്റെ മനസ്സ് ഈ ചുറ്റുപാടിനെ കേരളത്തിലേക്ക് പറിച്ചു നട്ടു. കുറച്ച് പുരുഷന്മാരും തികച്ചും അപരിചിതയായ സുന്ദരിയായ ഒരു യുവതിയും..... എഴുതണോ ബാക്കി.... എന്തെന്തെല്ലം സംഭവിക്കും? ഒടുവിൽ യുവതിയുടെ മുടി പോലും ഭൂമിയിൽ നിന്നപ്രത്യക്ഷമായിരിക്കും... പിന്നെയോ... കേസുകൾ... അന്വേഷണങ്ങൾ.... കമ്മീഷനുകൾ.... കാലിയാകുന്ന ഖജാനകൾ... വിദ്യയാലും സംസ്കാരത്താലും സമ്പന്നനെന്നവകാശപ്പെടുന്ന കേരളീയൻ എന്തെല്ലാം ലോകരെ കേൾപ്പിച്ചിരിക്കുന്നു?
കൈലാസത്തിന്റെ വിവിധ ദൃശ്യങ്ങൾ നോക്കി ഞങ്ങൾ അവിടെ വളരെ നേരം ഇരുന്നു. മേഘങ്ങൾ വന്ന് കൈലാസത്തെ മൂടുന്നതും കുറച്ച് കഴിയുമ്പോൾ കൈലാസം വീണ്ടും പ്രത്യക്ഷമാകുന്നതും വളരെ രസാവഹമായി എനിയ്ക്ക് അനുഭവപ്പെട്ടു. ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങൾ തിരിച്ചിറങ്ങാൻ തയ്യാറായി. അപ്പോഴാണറിയുന്നത് അവൾ, പോർട്ടർ, അവിടെ കിടന്നുറങ്ങുകയായിരുന്നെന്ന്. . . എത്ര മനസ്സമാധാനത്തോടെയാണ് അവൾ അവിടെ കിടന്നുറങ്ങിയത് എന്ന് അവളുടെ മുഖം വിളിച്ച് പറയുന്നുണ്ടായിരുന്നു. കേരളത്തിലെ പെണ്ണുങ്ങൾ ഇത്ര സമാധാനത്തോടെ അവരുടെ വീടുകളിൽ ഉറങ്ങുന്നുണ്ടോ എന്തോ?
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * തുടരും
1 അഭിപ്രായം:
excellent wrirtting
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ