2014 ഡിസംബർ 17, ബുധനാഴ്‌ച

ബുദ്ധന്റെ മണ്ണിൽ - രണ്ട്

നാട്ടിൻപുറങ്ങളിലെ വീടുകളിൽ ആടുമാടുകളെ വളർത്തുന്നത് സാധാരണമാണ്‌. നല്ല പാലും ചാണകവും കിട്ടാൻ ഇതാണ്‌ നല്ല മാർഗ്ഗം. ഞാൻ കുട്ടിയായിരുന്ന കാലത്ത് എന്റെ വീട്ടിലും ആടുകളേയും പശുവിനേയും വളർത്തിയിരുന്നു. പശു കുത്തുമോ എന്നുള്ള പേടി കാരണം പൈക്കളെ കൈകാര്യം ചെയ്തിരുന്നത് മുതിർന്നവരായിരുന്നു. എങ്കിലും ആടുകളേയും പശുക്കുട്ടികളേയും നോക്കുന്നതും മേക്കുന്നതുമൊക്കെ കുട്ടികളുടെ ജോലിയായിരുന്നു. അങ്ങനെ ആടുകളോടും ആട്ടിൻകുട്ടികളോടും പശുക്കുട്ടികളോടും അടുത്തിടപെടാനുള്ള അവസരം എനിയ്ക്ക് കുട്ടിക്കാലത്ത് ലഭിച്ചിരുന്നു. ആടിനേയും കൂട്ടി പറമ്പിലും പാടത്തും പോകുക എന്നത് ഞങ്ങൾ കുട്ടികളുടെ അവധിദിനങ്ങളിലെ ഒരു സ്ഥിരം പതിവായിരുന്നു. മരങ്ങളിൽ കയറി, ആടുകൾക്ക് അപ്രാപ്യമായതും അവയ്ക്ക് ഏറെ ഇഷ്ടപ്പെട്ടതുമായ ഇലകൾ പറിച്ചു കൊടുക്കുക എന്നത് എന്റെ ഒരു പ്രിയപ്പെട്ട വിനോദം കൂടിയായിരുന്നു. അത്തരം ഇലകൾ കിട്ടുമ്പോൾ ആടിന്റേയും ആട്ടിൻകുട്ടികളുടേയും സന്തോഷം ഒന്നു കാണേണ്ടതു തന്നെയാണ്‌. മാത്രമല്ല ഇലകൾ തിന്നു കഴിയുമ്പോൾ അവ നമ്മുടെ കയ്യിലും മറ്റും നക്കിത്തരുകയും ചെയ്യും; ഒരു പക്ഷേ അവർ ഇഷ്ടപ്പെട്ട സാധനം കിട്ടിയതിന്റെ നന്ദി അറിയിക്കുന്നതായിരിക്കും അത്. ഇങ്ങനെ മരങ്ങളിൽ കയറി ഇലകൾ പറിച്ചതുകൊണ്ടാകണം പത്താം ക്ലാസ് കഴിയുമ്പോഴേക്കും ഞാൻ ശരിക്കും ഒരു ‘മരംകേറി’ ആയി മാറിയിരുന്നു.

ആട്ടിൻകുട്ടികളുടെ കാര്യമാണ്‌ ഏറ്റവും രസം. ജനിച്ച് രണ്ടു ദിവസം കഴിയുമ്പോഴേക്കും അവ തുള്ളിച്ചാടാൻ തുടങ്ങും. ആട്ടിൻകുട്ടികളുടെ ഈ തുള്ളിക്കളി കാണാൻ നല്ല രസമാണ്‌. തുള്ളിക്കളിക്കുന്നതിനിടയിൽ അവ ഓടിച്ചെന്ന്‌ ആടമ്മയുടെ അമ്മിഞ്ഞ മുട്ടിമുട്ടിക്കുടിക്കും. വാലാട്ടിക്കൊണ്ട് അങ്ങനെ പാൽ കുടിക്കുമ്പോൾ ആട് അവയെ നക്കിക്കൊണ്ടേ ഇരിക്കും. ആട്ടിൻകുട്ടികളുടെ കളി കണ്ടിരിക്കാൻ കുട്ടികൾക്ക് വലിയ ഇഷ്ടമായിരിക്കും. ആട്ടിൻകുട്ടികളെ എടുക്കുന്നതും മിനുസമുള്ള ദേഹം തടവിക്കൊടുക്കുന്നതും മറ്റും അവയ്ക്ക് മാത്രമല്ല നമുക്കും ഇഷ്ടമാവും; ചെറിയ കുട്ടികൾക്ക് കളിക്കാൻ പറ്റിയ കൂട്ടുകാരാണ്‌ ആട്ടിൻകുട്ടികൾ എന്നാണ്‌ എന്റെ പക്ഷം. അവ ഒരു തരത്തിലും നമ്മെ ഉപദ്രവിക്കുകയില്ല. എനിയ്ക്ക് ഇപ്പോഴും ആട്ടിൻകുട്ടികളെ കാണുമ്പോൾ ഒന്നെടുക്കണമെന്നു തോന്നാറുണ്ട്.

ആടിനെപ്പറ്റി പറയുമ്പോൾ ആട്ടിൻകാട്ടത്തെക്കുറിച്ചു പറയാതെ വയ്യ. ഗുളിക ഗുളികയായി ആട് കാട്ടമിടുമ്പോൾ എനിയ്ക്ക് ഒരു അറപ്പും തോന്നാറില്ലായിരുന്നു. (ആട്ടിൻകാട്ടം എവിടെ കിടക്കുന്നു; നായക്കാട്ടവും മനുഷ്യമലവും എവിടെ കിടക്കുന്നു?) ആട് ഗുളികരൂപത്തിലാണെങ്കിൽ ആട്ടിൻകുട്ടികൾ കുന്നിക്കുരുവിന്റെ രൂപത്തിലാണ്‌ കാട്ടമിടുക. ആരാണീശ്വരാ, ആടിന്റെ വയറ്റിലിരുന്ന് ഇതിങ്ങനെ ഉരുട്ടി ഉരുട്ടി ഗുളികയാക്കുന്നത് എന്ന് ചെറുപ്പക്കാലത്ത് ഞാൻ കുറച്ചൊന്നുമല്ല ചിന്തിച്ചിട്ടുത്. ചിന്തകൾ ഇമ്മാതിരി ഒക്കെ ആയതുകൊണ്ടായിരിക്കണം വലുതായപ്പോൾ ഞാനിങ്ങനെയൊക്കെ ആയത്. നല്ലത് ചിന്തിച്ചാലല്ലേ മനുഷ്യൻ നന്നാവൂ? പക്ഷേ ഇനി ഇപ്പോൾ അതൊന്നും പറഞ്ഞിട്ടു കാര്യമില്ലല്ലോ?

ആട്ടിൻകുട്ടികളെപ്പോലെത്തന്നെയാണ്‌ പശുക്കുട്ടികളും. സൗമ്യവും നിഷ്ക്കളങ്കവുമാണ്‌ പശുക്കുട്ടികളുടെ പെരുമാറ്റം. എനിയ്ക്ക് പശുക്കുട്ടികളേയും വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ ദോശ, പഴം മുതലായ ഭക്ഷണപദാർത്ഥങ്ങളുടെ ഒരു പങ്ക് ഞാൻ ആരും കാണാതെ പശുക്കുട്ടിക്ക് കൊടുത്തുകൊണ്ടിരുന്നു. എല്ലാവരും പഴത്തൊലി കൊടുക്കുമ്പോൾ ഞാൻ തൊലി കളഞ്ഞ പഴമാണ്‌ അവയ്ക്കു കൊടുക്കുക. എപ്പോഴും കിട്ടാത്ത ഭക്ഷണമല്ലേ; അതുകൊണ്ടാകും ദോശയും മറ്റും കിട്ടിയാൽ ആർത്തിയോടെ അവ അത് തിന്നും. അതൊക്കെ കൊടുക്കുന്നതിനാലാവണം പശുക്കുട്ടികൾക്ക് എന്നോട് വളരെ ഇഷ്ടമായിരുന്നു. ഇഷ്ടമുള്ളവരെ കാണുമ്പോൾ ഒരു പ്രത്യേക ശബ്ദം ഈ മൃഗങ്ങൾ പുറപ്പെടുവിക്കും. പശുക്കുട്ടികളുടെ കാര്യമോർക്കുമ്പോൾ ദു:ഖകരമായ ഒരോർമ്മ എന്റെ മനസ്സിലുണ്ട്. വീട്ടിലെ പശു ഒരിക്കൽ പെറ്റത് ഒരു ആൺപശുക്കുട്ടിയെ ആയിരുന്നു. ഞങ്ങൾ അതിന്‌ 'മൂരിക്കുട്ടി' എന്നാണ്‌ പറയുക. അവ വളർന്നാണ്‌ കാളകൾ ഉണ്ടാകുന്നത്. വീടുകളിൽ കാളകളെ വളർത്താറില്ല. കുറച്ച് വലുതാകുമ്പോൾ അവയെ വിറ്റുകളയുകയാണ് വീടുകളിൽ പതിവ്. പാലിന്‌ വേണ്ടത് പശുവല്ലേ? അല്ലാതെ കാളകളല്ലല്ലോ. അതിനെ ഞാൻ 5-6 മാസം ലാളിച്ചു വളർത്തി.

ഞാൻ എൽ. പി. സ്കൂളിൽ പഠിക്കുന്ന കാലമാണ്‌. ഒരു ദിവസം സ്കൂൾ വിട്ടു വരുമ്പോൾ ഉണ്ട് എന്റെ മൂരിക്കുട്ടി വഴിയിലെ ഒരു മുസ്ലിമിന്റെ വീട്ടുമുറ്റത്ത് നില്ക്കുന്നു. അത് എന്നെക്കണ്ടിട്ടാണ്‌ കരഞ്ഞത്. ആ കരച്ചിൽ എനിയ്ക്ക് മനസ്സിലാകുകയും തിരിഞ്ഞു നോക്കുകയും ചെയ്തപ്പോഴാണ്‌ ഞാനതിനെ കാണുന്നത്. അയാളുടെ വീട്ടിൽ എന്തോ വിശേഷമുണ്ടെന്നും (കുറിക്കല്യാണമോ മറ്റോ) അതിന്‌ ഇറച്ചിക്കറി വയ്ക്കാൻ എന്റെ വീട്ടിലെ മൂരിക്കുട്ടിയെ അയാൾ വാങ്ങിയിരിക്കയാണെന്നും എനിയ്ക്കുടനെ മനസ്സിലായി. എനിയ്ക്ക് വന്ന സങ്കടത്തിന്‌ അതിരില്ലായിരുന്നു. പക്ഷേ അയാളുടെ മുറ്റത്തേക്ക് കയറാനുള്ള ധൈര്യമൊന്നും എനിക്കില്ലാത്തതിനാൽ അതിനെ ഒന്നു തടവാൻ പോലും എനിയ്ക്ക് പറ്റിയില്ല. വലിച്ചിട്ട് കിട്ടാത്ത കാലുമായി ഞാൻ മുന്നോട്ട് നടന്നു. എനിയ്ക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഞാൻ കാഴ്ചയിൽ നിന്ന് മറയുന്നതു വരെ ആ മൂരിക്കുട്ടി കരഞ്ഞുകൊണ്ടേ ഇരുന്നു. പാവം. അതിനെ രക്ഷിക്കാൻ കുട്ടിയായ എനിയ്ക്ക് കഴിയില്ല എന്നായിരുന്നു എന്റെ വിചാരം.

ഈ സംഭവത്തിനു ശേഷമാണ് ഞാൻ ആദ്യമായി സിദ്ധാർത്ഥനെ കുറിച്ച് അറിയുന്നതും പഠിക്കുന്നതും. L. P. സ്കൂളിലെ മലയാളം പാഠപുസ്തകത്തിലെ ഒരു പാഠത്തിലായിരുന്നു സിദ്ധാർത്ഥനെ കുറിച്ചുള്ള ഒരു കഥ ഉണ്ടായിരുന്നത്. കഥ ഇങ്ങനെയാണ്. സിദ്ധാർത്ഥൻ രാജകുമാരനാണ്. കപിലവസ്തുവിലെ ശാക്യമഹാരാജാവായ ശുദ്ധോദനന്റെ മകൻ. സിദ്ധാർത്ഥന്റെ കസിനാണ് ദേവദത്തൻ. രണ്ടു പേരും ഒരുമിച്ചാണ് വളരുന്നതും പഠിക്കുന്നതും. സിദ്ധാർത്ഥൻ ഒരു സാധുക്കുട്ടിയായിരുന്നെങ്കിൽ ദേവദത്തൻ മഹാക്രൂരനായിരുന്നു. ഒരു ദിവസം ദേവദത്തൻ ഒരു അരയന്നത്തെ അമ്പെയ്ത് വീഴ്ത്തി. ഇതു കണ്ട സിദ്ധാർത്ഥൻ ഉടനെ ഓടിച്ചെന്ന് അരയന്നത്തെ എടുക്കുകയും അമ്പ് വലിച്ചൂരി അതിനെ ശുശ്രൂഷിക്കാൻ തുടങ്ങുകയും ചെയ്തു. അപ്പോഴേക്കും ദേവദത്തൻ അവിടെ എത്തുകയും അരയന്നം തന്റേതാണെന്ന് അവകാശമുന്നയിക്കുകയും ചെയ്തു. എന്നാൽ ദയാലുവായ സിദ്ധാർത്ഥൻ അരയന്നത്തെ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. വിട്ടുകൊടുത്താൽ ക്രൂരനായ ദേവദത്തൻ അതിനെ കൊല്ലുമെന്ന് സിദ്ധാർത്ഥന് അറിയാമായിരുന്നു. ഒടുവിൽ രണ്ടുപേരും അരയന്നത്തിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് തർക്കമായി. തർക്കം ഒടുവിൽ രാജാവിന്റെ മുന്നിലെത്തി. മനുഷ്യന് ജീവജാലങ്ങളെ കൊല്ലാൻ അധികാരമില്ലെന്നും അരയന്നത്തിന്റെ ജീവൻ നിലനിർത്താൻ ശ്രമിച്ച സിദ്ധാർത്ഥനാണ് അരയന്നത്തിന്റെ അവകാശി എന്നുമായിരുന്നു രാജഗുരുവിന്റെ അന്തിമവിധി. അങ്ങനെ സിദ്ധാർത്ഥൻ ഒരു ജീവിയെ രക്ഷിച്ചു. ഈ കഥ വായിച്ചു പഠിച്ചപ്പോഴേ ഞാൻ സിദ്ധാർത്ഥനെ മനസ്സിൽ മാർക്ക് ചെയ്തിരുന്നു. കുട്ടികൾ വിചാരിച്ചാലും കാര്യങ്ങൾ നടക്കുമെന്ന് ആ കഥ എന്നെ പഠിപ്പിച്ചു. ഒരു മൂരിക്കുട്ടിയെ രക്ഷിക്കാൻ കഴിയാത്ത എന്നെക്കുറിച്ച് എനിയ്ക്ക് അപ്പോൾ ലജ്ജ തോന്നാതിരുന്നില്ല.  എന്തായാലും സിദ്ധാർത്ഥൻ എന്ന പേർ എന്റെ മനസ്സിൽ പതിയാൻ ഈ കഥ ഇടയാക്കി.  "സിദ്ധാർത്ഥാ, നീയാടാ ആൺകുട്ടി" എന്ന് അപ്പോൾ എന്റെ മനസ്സ് എന്നോടു തന്നെ പറഞ്ഞു.   കുട്ടികൾ വിചാരിച്ചാൽ കാര്യങ്ങൾ നടക്കുമെന്ന് അങ്ങനെ കുട്ടിക്കാലത്ത് തന്നെ എനിയ്ക്ക് മനസ്സിലായെങ്കിലും വലുതായിട്ടുപോലും എന്തെങ്കിലുമൊക്കെ കാര്യം നടത്താൻ എനിയ്ക്ക് ആകാതെ പോയി എന്നു പറഞ്ഞാൽ എന്റെ കഴിവുകേടിനെ പറ്റി മറ്റെന്ത് പറയണം?
                                                                                                          .................... തുടരും 

2014 ഡിസംബർ 10, ബുധനാഴ്‌ച

തെളുവ്

ഞാൻ കുട്ടിയായിരുന്നപ്പോൾ ആളുകൾ 'ചെരിപ്പ്' ആണ് ധരിച്ചിരുന്നത്. വളരെ അധികം അകലെ അല്ലാത്ത കാലത്തും അങ്ങനെ തന്നെ ആയിരുന്നു. ഹവായ് ചെരിപ്പ് ധരിച്ച് വഴുക്കി വീണ് 'പരിക്ക്' പറ്റിയ ആളുകളെ ഞാൻ അന്നൊക്കെ കണ്ടിട്ടുണ്ട്. എനിയ്ക്കും ഒരിക്കൽ ഇതുപോലെ തടഞ്ഞു വീണ് 'പരിക്ക്' പറ്റിയിരുന്നു. ഇന്ദിരാഗാന്ധിയെ വെടി വച്ചു കൊന്ന ദിവസമായിരുന്നു അത്. വൈകുന്നേരം ഞാൻ സെക്രട്ടേറിയറ്റിന്റെ മുന്നിൽ നിൽക്കുകയായിരുന്നു. അപ്പോൾ ഒരു കൂട്ടം രാഷ്‌ട്രീയക്കാരോ മറ്റോ അവിടെ ബഹളമുണ്ടാക്കുകയും പോലീസ് അവിടെ നിന്ന എല്ലാവരേയും ലാത്തി വീശി അടിച്ചോടിക്കുകയും ചെയ്തു. ഞാൻ ഓടാൻ തുടങ്ങിയപ്പോൾ ഓടിക്കൊണ്ടിരുന്ന ഒരാൾ എന്റെ ഹവായ് ചെരിപ്പിൽ 'ചവിട്ടു'കയും ഞാൻ തടഞ്ഞ് റോഡിൽ വീഴുകയും ചെയ്തു. വീണുകിടക്കുന്ന എന്നെ ചവിട്ടിയാണ് പിന്നെ ആളുകൾ മുന്നോട്ടോടിയത്. എല്ലാവരും പോയപ്പോഴേക്കും ഞാനാകെ സമ്മന്തിയായിരുന്നു. കയ്യിലും കാലിലും ഒക്കെ തൊലിയും പോയിരുന്നു. ഒടുവിൽ പോലീസുകാരാണ് എന്നെ ആസ്പത്രിയിൽ കൊണ്ടുപോയത്. ഇൻജെക്ഷനും മുറിവിലെ മരുന്ന് വയ്ക്കലും എല്ലാം കഴിഞ്ഞ് ഞാൻ എങ്ങനെയോ എന്റെ ലോഡ്ജിൽ തിരിച്ചെത്തി.

അതൊക്കെ പഴയ കഥ. ഇപ്പോൾ 'ചെരിപ്പ്' ഒന്നും ഇല്ല. ഉള്ളത് 'ചെരുപ്പ്' ആണ്. ഇപ്പോൾ ആൾക്കാർക്ക് 'പരിക്ക്' പറ്റാറില്ല. പറ്റുന്നത് 'പരുക്ക്' ആണ്. ഇന്നാണെങ്കിൽ ഞാൻ വീഴുന്നത് 'ചെരുപ്പി'ൽ 'ചവുട്ടു'ന്നതു കൊണ്ടായിരിക്കും. ഇതൊക്കെ ഇപ്പോൾ തന്നെ പറയാമെന്ന് തോന്നിയത് ഇന്നത്തെ 'റിപ്പോർട്ടർ' ന്യൂസ് കണ്ടപ്പോഴാണ്.

നിയമസഭാ കമ്മിറ്റി അന്വേഷിക്കാമെങ്കിൽ താൻ "തെളുവ്" തരാൻ തയ്യാറാണെന്ന് ഗണേഷ് കുമാർ പറഞ്ഞു എന്നാണ് റിപ്പോർട്ട്. ഇതുവരെ പോലീസ് 'തെളിവ്' ആണ് ശേഖരിച്ചു കൊണ്ടിരുന്നത്. ഇനി പത്രക്കാർക്ക് അത് "തെളുവ്" ആകാൻ വലിയ താമസമൊന്നുമുണ്ടാകില്ല. ഗണേഷ് കുമാറിന് പ്രേതം കയറിയതിനാൽ "വെളുവ്" ഇല്ലാതെ പറയുകയായിരിക്കും എന്ന് ആരെങ്കിലും പറയുമായിരിക്കും എന്നാണ് എന്റെ ഇപ്പോഴത്തെ ഒരു 'വെളിവ്'. ശബരിമലക്കാലമല്ലേ, 'പെരിയ' സ്വാമിയെ ഇനി ഇവർ 'പെരുയ' സ്വാമി ആക്കിയെന്നും ഇരിക്കും. 'പിട്ട്' എന്ന ഭക്ഷണത്തെ 'പുട്ട്' ആക്കിയവരാണല്ലോ നമ്മളുടെ പുതിയ തലമുറ. ഒന്നുമില്ലെങ്കിലും 'പെരിച്ചാഴി' പോയി 'പെരുച്ചാഴി' വന്ന കാലമല്ലേ? നല്ല 'എരിവും പുളിയും' ഉള്ള വാർത്തകൾ 'എരുവും പുളുവും' ഉള്ള വാർത്തയാക്കി അവതരിപ്പിക്കുമ്പോഴാണല്ലോ അവ സെൻസേഷനൽ ആകുന്നത്. അവർ വാർത്തയിൽ 'പുളു' പറയുകയാണെന്ന് ഞാൻ പറഞ്ഞില്ല, കെട്ടോ! അല്ലാ, ഞാൻ ചെരുപ്പ്, പരുക്ക്, പുട്ട്, വെളുവ്, തെളുവ് എന്നൊക്കെ ഇവിടെ പറഞ്ഞെന്നു വച്ച് എന്റെ 'പരുപ്പ്' ഇവിടെ വേവുമോ? ഇല്ല!

അതു പറഞ്ഞപ്പോഴാണ് അടുപ്പത്ത് എന്റെ 'പരിപ്പ്' വേവുകയാണല്ലോ എന്നോർത്തത്. അതിനിടയ്ക്കാണല്ലോ കമ്പ്യൂട്ടറിന്റെ മുന്നിലുള്ള ഈ പണി. അപ്പോൾ ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ.

2014 ഡിസംബർ 5, വെള്ളിയാഴ്‌ച

ബുദ്ധന്റെ മണ്ണിൽ- ഒന്ന്

(ഭഗവാൻ ബുദ്ധൻ ജന്മം കൊണ്ട ലുംബിനിയുടെ പശ്ചാത്തലത്തിൽ ഉടലെടുത്ത എന്റെ ചിന്തകൾ ഒരു 'കപിതാ' രൂപത്തിൽ)

കുമ്പിട്ടു നിൽക്കുന്നൂ നീ ജാതനായൊരീ ലുംബിനീഗ്രാമവനികയിൽ ഞാൻ,
വർഷങ്ങൾക്കപ്പുറം നിൻജന്മം യാഥാർത്ഥ്യമാക്കിയ മായതൻ ക്ഷേത്രമണ്ണിൽ.
ഓർമ്മിച്ചിടുന്നു ഞാൻ ഭൂമിയിൽ നീ തീർത്ത ത്യാഗ സുരഭില കർമ്മകാണ്ഡം.
നിദ്രയിൽ മായയ്ക്കു സ്വപ്നത്തിൽ ഗർഭമായ് ആധാനം ചെയ്തു നീ ദൈവപുത്രാ!
മാനവദു:ഖങ്ങളൊപ്പാൻ വിരിഞ്ഞതാം പുണ്യസുമങ്ങളിൽ അദ്വിതീയം.
കുമ്പിട്ടു നിൽപ്പു ഞാൻ നീ ജന്മം കൊണ്ടൊരീ പുണ്യ മഹാമായാ ക്ഷേത്രമണ്ണിൽ.

മായയാം നിന്റെ മാതാവിന്റെ ത്യാഗത്തെ ആദ്യമായ് ഞാനിതാ കുമ്പിടുന്നൂ
ദ്വാദശവർഷങ്ങൾ കാത്തിരുന്നല്ലയോ ശുദ്ധോദനൻ നിന്റെ താതനായീ?
കാലങ്ങൾ കുഞ്ഞിനായ് പൂജിച്ചൊരമ്മയ്ക്കു പുത്രനായീ നീ സിദ്‌ധാർത്ഥനായീ.
ആറ്റുനോറ്റുണ്ടായൊരുണ്ണിയെ ലാളിക്കാൻ ഭാഗ്യം ലഭിക്കാതെ നിന്റെയമ്മ
നീ ജന്മം കൊണ്ടതിന്നേഴാം ദിനത്തിങ്കൽ കാലപുരി പൂകി കഷ്ടമയ്യാ.
കുമ്പിട്ടു നിൽപ്പു ഞാൻ നീ ജന്മം കൊണ്ടൊരീ പുണ്യ മഹാമായാ ക്ഷേത്രമണ്ണിൽ.

അമ്മയില്ലാത്ത നീയച്ഛന്റെ ലാളനയേറ്റു വളർന്നു നിൻ പ്രാസാദത്തിൽ
ശൈശവകാലത്തു കൂടെക്കളിക്കാനെശോധരയാഖ്യയാം പെൺകൊടിയാൾ
യശോധരയാകിയ നിന്റെ 'കസിൻ' താൻ യശോധനാ നിൻ കൂട്ടുകാരിയായീ.
അച്ഛന്റെ പെങ്ങൾ തൻ പുത്രി, യശോധര ലോകൈകസുന്ദരിയായ് വളർന്നൂ
ബാല്യകാലത്തിങ്കലൊത്തു വളർന്നവർ കൗമാരകാലത്തു ദമ്പതിമാർ.
കുമ്പിട്ടു നിൽപ്പു ഞാൻ നീ ജന്മം കൊണ്ടൊരീ പുണ്യ മഹാമായാ ക്ഷേത്രമണ്ണിൽ.

അല്ലലെന്തെന്നറിഞ്ഞീടാത്ത ജീവിതം ഗൗതമാ, രാജൻ നിനക്കു നൽകി.
 ദു:ഖം, അസുഖം, മരണം മുതലായതൊന്നുമേ കാണാതെ നീ വളർന്നു.
എങ്കിലും അല്ലലിൻ കാരണം മാത്രമായ് നിന്മനം ശോകാർദ്രമായി മാറി;
ലോകസുഖങ്ങൾ അകമ്പടി ചെയ്കിലും അസ്വസ്ഥനായ് നീ ദിനങ്ങൾ നീക്കീ
ലോകർതൻ ദു:ഖത്തിൻ കാരണം കാണുവാൻ നിന്മനം വല്ലാതെ വെമ്പൽ കൊണ്ടു.
കുമ്പിട്ടു നിൽപ്പു ഞാൻ നീ ജന്മം കൊണ്ടൊരീ പുണ്യ മഹാമായാ ക്ഷേത്രമണ്ണിൽ.

ആയിടക്കല്ലയോ നിൻപ്രിയപത്നിയിൽ ആദ്യത്തെ കണ്മണി കൺതുറന്നൂ?
ഹാ, കഷ്ടമയ്യോ നീയാമാത്രയിൽത്തന്നെ കൊട്ടാരവാതിൽപ്പടി കടന്നൂ;
ആരോമൽകുഞ്ഞിനെ ഒന്നു നോക്കീടാതെ എങ്ങോ വനത്തിന്നു യാത്രയായി,
പൊന്നുമകനെ നീ 'രാഹു'വായ് കണ്ടതു ദേവദേവാ മഹാ കഷ്ടമായി.
ഭർതൃവിരഹത്താൽ പാവം യശോധര വിങ്ങി, നടുങ്ങി, തളർന്നു പോയി.
കുമ്പിട്ടു നിൽപ്പു ഞാൻ നീ ജന്മം കൊണ്ടൊരീ പുണ്യ മഹാമായാ ക്ഷേത്രമണ്ണിൽ.

കാട്ടിലും മേട്ടിലും നീയലഞ്ഞു പിന്നെ, ഭൂലോകശാന്തിക്കു ഹേതുവാകാൻ
ഷഷ്ഠവർഷം തപം ചെയ്തിട്ടു ദിവ്യനായ്, ബുദ്ധനായ് മാറി നീ പിന്നെ ദേവാ.
ഭാരതവർഷത്തെയങ്ങോളമിങ്ങോളം ഉദ്ബുദ്ധമാക്കി നീ ദേവദേവാ
പിന്നെ നീ "ഏഷ്യതൻ ശോഭായമാനമാം ദീപ"മായ്, ശാക്യമഹാമുനിയായ്
അന്നത്തെ ലോകത്തിലെല്ലാവരും നിന്നെ ലോകൈകദേവനായ് ആനയിച്ചു.
കുമ്പിട്ടു നിൽപ്പു ഞാൻ നീ ജന്മം കൊണ്ടൊരീ പുണ്യ മഹാമായാ ക്ഷേത്രമണ്ണിൽ.

പുത്രശോകത്താൽ നിന്നച്ഛൻ ശുദ്ധോദനൻ വൈകാതെ കാലപുരിക്കുപോയി
പിന്നെ യശോധര പുത്രനേയും ചേർത്തു ബുദ്ധദേവാ, നിന്റെ ശിഷ്യരായി
യശോധര നിന്നുടെ മുന്നേ മരിച്ചുപോയ് പാവം മകനും തഥൈവ തന്നെ.
ഭാര്യക്കും മോനുമുദകക്രിയ ചെയ്യാനായിരുന്നൂ ദേവാ നിന്റെ ജന്മം......
അച്ഛനെ ദൈവമായ് കണ്ടു വളർന്നൊരാ പാവം മകൻ......... എന്റെ ദേവദേവാ.
കുമ്പിട്ടു നിൽപ്പു ഞാൻ നീ ജന്മം കൊണ്ടൊരീ പുണ്യ മഹാമായാ ക്ഷേത്രമണ്ണിൽ.

ലക്ഷോപലക്ഷം ജനങ്ങൾക്കു മോക്ഷത്തിൻ മാർഗ്ഗം നീ കാട്ടിക്കൊടുത്തു ദേവാ
ജീവിതം സ്വസ്ഥസഹിതമാക്കാനൊരു അഷ്ടമാർഗ്ഗം നീ മൊഴിഞ്ഞു നൽകീ
സത്യം, അഹിംസ, സമാധാനമിത്യാദി തത്വങ്ങളെല്ലാം ജനത്തിനേകീ
ലോകത്തെ മാറ്റിമറിച്ചോരനന്തരം നിർവ്വാണമായ് നീ സമാധിയായി...... സമാധിയായി.
ആചന്ദ്രതാരം നീ ആരാധ്യനാണെന്റെ സിദ്ധാർത്ഥ ഗൗതമ ബുദ്ധദേവാ..
സിദ്ധാർത്ഥ ഗൗതമ ബുദ്ധദേവാ.... സിദ്ധാർത്ഥ ഗൗതമ ബുദ്ധദേവാ....

അർത്ഥങ്ങൾ ചിന്തിച്ചു കൂട്ടുകിൽ മർത്ത്യന്റെ ജീവനൊരന്തവും കാണുകില്ല,
ചിന്തയെക്കൈവിട്ടു നോക്കുകിൽ നിർണ്ണയം ജീവിതത്തിന്നൊരു കുന്തവുമേ.
ആഗ്രഹമെന്നുള്ള ചിന്തയല്ലോ ദേവനാഹ്വാനം ചെയ്തതാം ദു:ഖസൂക്തം?
ദുർമ്മോഹമെന്നൊരാ കേവലയാഥാർത്ഥ്യം മർത്ത്യദു:ഖത്തിൻ ശിലാഫലകം.
ആസക്തിയെന്നുള്ള ത്ര്യക്ഷരദോഷത്തെ കൈവിടാൻ മാനവനാകുകില്ലേ?
സ്വാര്‍ത്ഥത കൈവിട്ടു മാനവസേവക്കായ് കർമ്മങ്ങൾ ചെയ്യുക മർത്ത്യധർമ്മം.
കുമ്പിട്ടു നിൽക്കുന്നൂ നീ ജാതനായൊരീ ലുംബിനീഗ്രാമവനികയിൽ ഞാൻ,
വർഷങ്ങൾക്കപ്പുറം നിൻജന്മം യാഥാർത്ഥ്യമാക്കിയ മായതൻ ക്ഷേത്രമണ്ണിൽ.


**          **          **          **          **          **          **          **          **          **

ഞാനിതാ തഥാഗതാ, മണ്ണിതിൽ കിടക്കുന്നൂ സാഷ്ടാംഗനമസ്ക്കാരം അങ്ങേക്കു സമർപ്പിക്കാൻ
ഞാനിപ്പോൾ മടങ്ങുന്നൂ അല്പവർഷങ്ങൾക്കുള്ളിൽ വീണ്ടുമിങ്ങെത്തിച്ചേരാനനുജ്ഞയേകീയാലും
ഈ മണ്ണിൽ വസിക്കാനായ് ഞാനിങ്ങു തിരിച്ചെത്തും നിൻപുണ്യചരിതങ്ങളെല്ലതും ശ്രവിക്കാനും
ത്യാഗത്തിൻ ശ്രേഷ്ഠരൂപം ലോകത്തിനർപ്പിച്ചൊരീ ലുംബിനീജനപഥമണ്ണിതിൽ ലയിക്കാനും........

* * * * * * * * * * * * *
ഏഷ്യതൻ ശോഭായമാനമാം ദീപം - Light of Asia

2014 ഡിസംബർ 1, തിങ്കളാഴ്‌ച

ചുംബനസമരത്തിന്റെ ഒരു മാസം

കൊച്ചിയിൽ ഇക്കഴിഞ്ഞ നവംബർ 2ന് ചുംബനസമരം നടന്നു കഴിഞ്ഞിട്ട് ഒരു മാസം തികയുമ്പോൾ ചുംബനസമരത്തിന്റെ പശ്ചാത്തലത്തിലേക്ക് ഒരു എത്തിനോട്ടം.

അടുത്ത കാലം വരെയുള്ള കേരളത്തിലെ യുവജനരംഗത്തെ സ്ഥിതി അതിരൂക്ഷമായ ആർഷസാംസ്കാരിക മേധാവിത്വത്തിന്റെതായിരുന്നു. ഈ ഫ്യൂഡൽ സംസ്കാരത്തിന് നേതൃത്വം കൊടുത്തതോ, സവർണ്ണാധിപത്യമുള്ള യുവജന സംഘടനകളുമായിരുന്നു. തങ്ങളാണ് സദാചാരപ്പോലീസ് എന്ന ഭാവമായിരുന്നൂ അവർക്കെല്ലാം. സാംസ്കാരികശാസനകള്‍ ലംഘിച്ചാല്‍ യുവാവും യുവതിയും കണ്ടുമുട്ടിയ സ്ഥലം അടിച്ചു തകർക്കുക എന്നതായിരുന്നു അവരുടെ സമ്പ്രദായം. പുരുഷനും പെണ്ണും വീട്ടിനുള്ളിലോ സ്വകാര്യമായി ഹോട്ടലുകളിൽ വച്ചോ മാത്രമേ ചുംബിക്കാൻ പാടൂ എന്നായിരുന്നു അന്നുവരെയുള്ള എല്ലാ ധാരണകളും ശാസനകളും.  പുരോഗമനാശയക്കാരായ ഒരു യുവാവിനും യുവതിക്കും തീവണ്ടിയാപ്പീസിൽ വച്ചോ ബസ് സ്റ്റാന്റിൽ വച്ചോ പരസ്യമായി ചുംബിക്കാൻ അന്ന് അനുവാദമില്ലായിരുന്നു. ഇനി എയർപോർട്ടിൽ വച്ചോ ഇരുൾ മൂടിയ സിനിമാ തിയേറ്ററിൽ വച്ചോ ചുംബിച്ചാൽ തന്നെ അത് പൊതുജനങ്ങൾക്ക് കാണാൻ അവസരം ഉണ്ടാകുകയില്ല എന്ന അസൗകര്യവും അന്നുണ്ടായിരുന്നു.  മുതിര്‍ന്നവരോടുള്ള വിധേയത്വവും ആചാരവുമെന്ന നിലക്ക് അവർക്ക് പൊതുസ്ഥലങ്ങളിൽ ചുംബിക്കാനുള്ള അനുവാദം വെറും മരുമരീചികയായിരുന്നു. ഈ അപമാനത്തിന്റെ അസഹ്യതയില്‍ നിന്നാണ് കേരളത്തിന്റെ  ആർഷസാംസ്കാരിക മേധാവിത്വത്തിനെതിരെയും സദാചാരപ്പോലീസിന് എതിരെയും “ചുംബന സമരം” ഉണ്ടാകുന്നത്. കോഴിക്കോട്ട് ഹോട്ടൽ അടിച്ചു തകർക്കപ്പെട്ടത് അതിനൊരു നിമിത്തം മാത്രം. കേരളത്തിൽ, ഇന്ത്യയിലാദ്യമായി  കൊച്ചിയിൽ അരങ്ങേറിയ ചുംബന സമരം സംഘടിത രൂപത്തിലുള്ള ഒന്നായിരുന്നില്ലെങ്കിലും, ഇന്ത്യയിലെ ചുംബന പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് ശക്തിയും പ്രോത്സാഹനവും പകര്‍ന്ന ഒന്നായിരുന്നു.  ഫെയ്സ്ബുക്ക് പോലെയുള്ള സോഷ്യൽ നെറ്റ് വർക്കിങ്ങ് സൈറ്റുകൾ ഈ സമരത്തിന് വേണ്ട പശ്ചാത്തലമൊരുക്കുന്നതിൽ അങ്ങേയറ്റം പ്രയോജനപ്രദമായിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ഈ സമരത്തിന് പുരോഗമനാശയക്കാരായ ചില സിനിമക്കാരുടേയും രാഷ് ട്രീയക്കാരുടേയും പിന്തുണയും കൂടി ചേര്‍ന്നപ്പോള്‍ ഇന്ത്യ മുഴുവൻ ഇത്തരത്തിലൊരു സമരം നടത്താൻ ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള പുരോഗമനാശയക്കാരായ യുവതീയുവാക്കൾ തീരുമാനിക്കുകയും ചെയ്തു. സിനിമക്കാരും രാഷ് ട്രീയക്കാരും അവരുടെ ബന്ധുക്കളെ ചുംബനസമരത്തിനയച്ചില്ലെങ്കിലും മറ്റുള്ള വീടുകളിലുള്ളവർക്ക് അങ്ങനെ ചെയ്യാവുന്നതാണെന്ന് അവർ ഉച്ചൈസ്തരം പ്രഖ്യാപിച്ചു. പരസ്പരം ചുംബിക്കാൻ തങ്ങൾക്ക് ഭരണഘടനാപരമായ സംരക്ഷ ഉറപ്പാക്കണമെന്നായിരുന്നൂ സമരത്തില്‍ ഉയര്‍ന്നു കേട്ട മുദ്രാവാക്യം. പിന്നീട് ഹൈദരാബാദിലും ഡൽഹിയിലും കേരളത്തിന്റെ ചുണക്കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ചുംബനസമരം പുരോഗമനാശയക്കാരായ യുവതീയുവാക്കളുടെ ഉയര്‍ന്ന സമരബോധത്തിന്റെയും ശക്തിയുടെയും കൂടി വിളംബരം ആയിരുന്നു.  പിന്നീടീ വിളംബരം ചുംബനസമയത്തെ ഉമിനീരിലൂടെയാകണം, എബോള പോലെ ഭാരതത്തിലെങ്ങും പടരുകയും ചെയ്തു.

മാറു മറയ്ക്കൽ സമരത്തിനാണ് മുമ്പ് കേരളത്തിൽ, യുവതികളിൽ ഇത്രയും വീറും വാശിയും കണ്ടിട്ടുള്ളത് എന്ന് മാറു മറയ്ക്കാത്ത ധാരാളം ചെറുപ്പക്കാരികളെ കാണാൻ ഭാഗ്യം സിദ്ധിച്ച ഒരു വന്ദ്യവയോധികൻ ഈ റിപ്പോർട്ടറോട് പറയുകയുണ്ടായി. പുരോഗമനാശയക്കാരായ ഇന്നത്തെ ചെറുപ്പക്കാരികളെ കാണുമ്പോൾ പണ്ടത്തെ മാറുമറയ്ക്കൽ സമരം തെറ്റായിപ്പോയി എന്ന് അവർ കരുതുന്നുണ്ട് എന്ന സംശയവും ഈ റിപ്പോർട്ടർക്ക് അപ്പോൾ  ജനിക്കുകയുണ്ടായി. 

സമാന മാനസികാവസ്ഥയുള്ളവരിലേക്ക് ചുംബനാസക്തരും പുരോഗമനാശയക്കാരും ആയ യുവതീയുവാക്കൾ ഉണര്‍ത്തി വിടുന്ന സത്യങ്ങള്‍, സർക്കാർ കേന്ദ്രീകൃതമായ മൂല്യവ്യവസ്ഥയില്‍  പെട്ട് ഞെരുങ്ങുമ്പോള്‍ ആ സത്യങ്ങൾ വെറും മുറവിളികൾ മാത്രമായി ശേഷിക്കുകയും ശോഷിക്കുകയും ചെയ്യുന്നു  എന്ന സത്യം നാം കാണാതിരുന്നുകൂടാ. അധികാരികള്‍, ജനാധിപത്യത്തിന്റെ ആട്ടിൻ തോൽ പുതച്ച വർഗ്ഗീയ, ഫ്യൂഡൽ  സമൂഹം, കൂടെ നിന്ന് ഒറ്റികൊടുക്കുന്ന പിന്തിരിപ്പന്മാരായ യുവാക്കൾ ഇവയൊക്കെ ചങ്ങലക്കുരുക്കായി മാറുമ്പോള്‍ പുരോഗമനാശയക്കാരായ യുവതീയുവാക്കളുടെ പരസ്യചുംബനസ്വാതന്ത്ര്യം മിഥ്യയായി തീരുന്നു.  പാശ്ചാത്യലോകം, ഭാരതത്തിന്റെ സാംസ്കാരികനിലപാടുകൾ അനുകരിക്കുകയും സ്വന്തമാക്കുകയും ചെയ്യുമ്പോൾ നമ്മൾ ഭാരതീയർ പാശ്ചാത്യരുടെ പരിപാടികൾ സ്വാംശീകരിക്കാൻ മടിക്കുന്നത് നമ്മളെ സാംസ്കാരിക അടിമത്തത്തിലേക്കേ നയിക്കൂ എന്നും അത് ഗ്ലോബലൈസേഷന്റേയും ലിബറലൈസേഷന്റേയും ലംഘനമാകുമെന്നും  യൂ. ഡി. എഫ്, എൽ. ഡി. എഫ് വ്യത്യാസമില്ലാതെ പ്രശസ്തരായ പല യുവനേതാക്കളും പുരോഗമന ആശയക്കാരായ യുവതീയുവാക്കളെ ആഹ്വാനം ചെയ്തു.

ഇനി മുതൽ ആർഷസാംസ്കാരിക, ഫ്യൂഡൽ ശക്തികളേൽപ്പിക്കുന്ന കറുത്ത പാടുകളെ സ്വന്തം ശക്തി കൊണ്ട് മായിച്ച് മുന്നേറുന്ന പരിഷ്കൃതവും പാശ്ചാത്യവൽക്കരിക്ക പ്പെട്ടതുമായ യുവശക്തിക്ക് വേണ്ടി നമുക്ക് കാതോര്‍ക്കാം.  അവരുടെ ചെയ്തികൾ കാണാൻ നമ്മുടെ കണ്ണുകളെ പ്രാപ്തരാക്കാം. ചുംബനമെന്ന ജീവജലം പങ്കിടുന്ന പുരോഗമനാശയക്കാരായ യുവതീയുവാക്കളെ നമുക്ക് തിരിച്ചറിയാം. അവർ പ്രതിനിധാനം ചെയ്യുന്ന  പുരോഗമന ആശയക്കാരായ  ഇന്നത്തെ ഇളമുറക്കാരുടെ തൂലികകളില്‍ നിന്ന് ഇത്തരം ആശയങ്ങൾ വിടർന്ന് വിലസട്ടെ. അതോടൊപ്പം തങ്ങളോടിണ ചേരാൻ അല്ല അണി ചേരാൻ പുരോഗമനാശയക്കാരായ സമൂഹ സദസ്സിനെ പ്രാപ്തരാക്കാനും നമുക്ക് അവരോടഭ്യർത്ഥിക്കാം. കടൽക്കരയിലെ ഹണിമൂൺ ബീച്ചിലിരുന്ന് കുടിക്കാന്‍ ഇത്തിരി വെള്ളം അന്വേഷിക്കുന്ന അവസ്ഥയാണ് ഇന്ന് ചുംബനോത്സുകരായ യുവതീയുവാക്കളുടേത്. ഇതിനു മാറ്റം ഉണ്ടായേ പറ്റൂ. പാശ്ചാത്യ, പുരോഗമനാശയക്കാരായ എല്ലാ യുവതീയുവാക്കളുടേയും ഉള്ളില്‍ ഒരു ചുംബനഭ്രമരം മൂളുന്നുണ്ട്. ഇപ്പോൾ ജാലകക്കാഴ്ചകള്‍ മാത്രം കണ്ട് തൃപ്തിപ്പെടുന്ന ആ ഭ്രമരം അവരുടെ ഉള്ളില്‍ നിന്നും പുറത്ത് വന്ന് പരസ്യചുംബനത്തിൽ ഏർപ്പെടട്ടെ.  പിന്നെ.... ചുംബനത്തിന് അപ്പുറത്തും കാര്യങ്ങളുണ്ടല്ലോ? അത്തരം കാര്യങ്ങളും പരസ്യമാക്കാൻ ഇവിടത്തെ പുരോഗമനാശയക്കാരായ യുവത മുന്നോട്ട് വരുമെന്ന് നമുക്കാശിക്കാം.