2015, ജനുവരി 13, ചൊവ്വാഴ്ച

ഒരു തീവണ്ടിയാത്ര

ആറു വർഷമായി ഞാൻ കേരളത്തിൽ നിന്ന് ഡൽഹിയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ തുടങ്ങിയിട്ട്. കേരളത്തിലേക്ക് എന്നത് കൃത്യമായിട്ട് പറഞ്ഞാൽ കണ്ണൂരിലേക്ക്. സഹധർമ്മിണിയാണെങ്കിൽ കൊല്ലത്തിൽ മൂന്നും നാലും തവണ യാത്ര ചെയ്യുന്നതും വിരളമല്ല. ആദ്യമൊക്കെ ആകാശമാർഗ്ഗേണയായിരുന്നൂ യാത്ര. പക്ഷേ കോഴിക്കോട്ടേക്കുള്ള ഫ്‌ളൈറ്റ് ചാർജ് താരതമ്യേന കൂടുതലായതിനാലും നെടുമ്പാശ്ശേരി വഴിയുള്ള കണ്ണൂർ യാത്ര അത്ര സുഖകരമല്ലാത്തതിനാലും ഞാൻ പിന്നീട് തീവണ്ടി തന്നെ ശരണം എന്ന് തീരുമാനിക്കുകയായിരുന്നു.  മാത്രമല്ല, തീവണ്ടിയാകുമ്പോൾ യാത്രാചെലവ് താരതമ്യേന കുറവും രണ്ടു ദിവസം സുഖമായി കിടന്നുറങ്ങാൻ സൗകര്യം തരുന്നതും കൂടിയായിരുന്നു. തീവണ്ടിയുടെ അപ്പർ ബെർത്തിൽ കേറി കിടന്നാൽ രാവായാലും പകലായാലും ആരും ഒന്നും ചോദിക്കുകയില്ല. ഭക്ഷണം കഴിക്കുന്നത് വേണ്ടെന്ന് വയ്ക്കണം എന്ന ഒരു ബുദ്ധിമുട്ടേ എനിയ്ക്ക് തോന്നിയിട്ടുള്ളൂ. എന്നാലും കണ്ണൂരിൽ തീവണ്ടി ഇറങ്ങുമ്പോൾ വേഷം ആകെ അലങ്കോലമായിട്ടുണ്ടാകും. രണ്ടു ദിവസം നനയ്ക്കാതെയും കുളിക്കാതെയും പല്ലു തേക്കാതേയും കിടന്നതല്ലേ; അപ്പോൾ അങ്ങനെയേ വരൂ. എന്റെ ഈ വിഷമം കണ്ടിട്ടായിരിക്കണം കണ്ണൂരുകാർ അവിടെ ഒരു വിമാനത്താവളം പണിയാം എന്ന് തീർച്ചയാക്കിയത്. അതല്ലാതെ മറ്റൊരു കാരണവും ഞാൻ ആലോചിച്ചിട്ട് കാണുന്നില്ല. അവിടത്തുകാർ കണ്ണൂർ വിമാനത്താവളത്തിനെതിരേ സമരം ചെയ്യാത്തതും കേസു കൊടുക്കാത്തതുമൊക്കെ എന്നോടുള്ള ഒരു അനുകമ്പ കൊണ്ടായിരിക്കുമെന്നാണ് ഞാൻ ആത്മാർത്ഥമായും കരുതുന്നത്. അല്ലെങ്കിൽ പിന്നെ അവരും നമ്മുടെ ആറന്മുളക്കാരെപ്പോലെ പെരുമാറുമായിരുന്നില്ലേ? കോഴിക്കോട്ടും മംഗലാപുരത്തും എയർപോർട്ടുള്ളപ്പോൾ ഇനി ഇവിടെ ഈ കണ്ണൂരിൽ അത് വേണ്ട എന്നവർ പറഞ്ഞില്ലല്ലോ?

അതെന്തായാലും അതിന്റെ ഗുണം മുഴുവൻ കിട്ടാൻ പോകുന്നത് ഗൾഫ് മലയാളികളായ വടക്കേ മലബാറിലെ പ്രവാസികൾക്കാണ്. അവർക്കിനി നേരേ നാട്ടിൽ വന്നിറങ്ങാം. അല്ലെങ്കിൽ കോഴിക്കോട്ടോ മംഗലാപുരത്തോ ഒക്കെ ഇറങ്ങി വണ്ടിയും വള്ളവും ഒക്കെ പിടിച്ച് വേണമായിരുന്നൂ വീട്ടിലെത്താൻ. ഗൾഫിൽ നിന്നുള്ള സ്വർണ്ണബിസ്ക്കറ്റും മറ്റു കുണ്ടാമണ്ടികളും തൂക്കിപ്പിടിച്ച് ഇങ്ങനെ കറങ്ങിത്തിരിഞ്ഞ് വീട്ടിലെത്തുന്നത് മട്ടന്നൂരിലെ വിമാനത്താവളത്തിന്റെ പണി തീരുന്നതോടെ അവസാനിക്കും. പിന്നെ എന്തൊരു സൗകര്യമായിരിക്കുമെന്നോ അവർക്ക് നാട്ടിലെത്താൻ! അവരെല്ലാം ഇപ്പോഴേ ഒരു പക്ഷേ അഡ്വാൻസ് ബുക്കിങ്ങ് നോക്കാൻ തുടങ്ങിയിട്ടുണ്ടാകും.

പണ്ടൊക്കെയാണെങ്കിൽ ബോംബേയിലേയോ മദ്രാസിലെയോ മലയാളിയെ മറുനാടൻ മലയാളിയായും പ്രവാസിയായും മറ്റും പരിഗണിക്കുമായിരുന്നു; വീടു വിട്ടുള്ള ഏതു വാസവും പ്രവാസമായിരുന്നു. തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്ക് മാറിത്താമസിക്കുന്നത് പോലും പ്രവാസമായിരുന്നു. പക്ഷേ ഈ ഗൾഫ് നാടുകളാണ് ഉത്തരേന്ത്യൻ നഗരങ്ങളിലെ മലയാളികളെ പ്രവാസികളല്ലാതാക്കിയത്. ഇപ്പോൾ വിദേശത്തെ മലയാളികൾ മാത്രമാണ്  പ്രവാസികൾ.  "ഭാരതീയ പ്രവാസീ ദിവസ്" ആഘോഷിക്കാൻ വിദേശത്തു നിന്നല്ലാതെ ഉത്തരേന്ത്യയിൽ നിന്ന് എന്നെപ്പോലെ ആരെയെങ്കിലും വിളിക്കുന്നുണ്ടോ? ഇതു തന്നെ പോരെ ഞങ്ങളൊന്നും പ്രവാസികളല്ല എന്നതിന് തെളിവ്?  Non-Resident Indian (NRI) എന്നതല്ലേ ഇപ്പോൾ പ്രവാസി എന്ന വാക്കിന് മലയാളത്തിലുള്ള അർത്ഥം? ഉത്തരപ്രദേശത്ത് താമസിക്കുന്ന ഈയുള്ളവന്റേതും പ്രവാസമാണെന്ന് ഈയുള്ളവനല്ലേ അറിയൂ? പക്ഷേ അത് മറ്റുള്ളവർ സമ്മതിച്ചു തരുമോ എന്തോ? ശരിക്കും പറഞ്ഞാൽ, ഉത്തരേന്ത്യയിൽ താമസിക്കുന്നവനെ 'മറുനാടൻ' മലയാളി എന്നും ഗൾഫിൽ താമസിക്കുന്നവനെ 'മരുനാടൻ' മലയാളി എന്നും വേണം വിളിക്കാൻ. പക്ഷേ അതിനവർ സമ്മതിക്കുമോ ആവോ. എന്തായാലും ഞാൻ തർക്കിക്കാൻ ആളല്ല; കാരണം എന്നെ വിളിക്കാൻ ഞാനൊരു പേര് കണ്ടു വച്ചിട്ടുണ്ട്; 'ഉപ്രവാസി' എന്നാണത്; 'ത്തർ പ്രദേശ് (ഉപ്ര) വാസി' എന്നതിന്റെ ചുരുക്കമാണ് അത് എന്നറിയുമ്പോൾ ആരും തർക്കിക്കാനൊന്നും വരില്ല.

എന്തായാലും പ്രവാസിയെപ്പോലെ എപ്പോഴും വിമാനത്തിൽ കയറേണ്ട കാര്യം ഉപ്രവാസിക്ക് ല്ലല്ലോ. അതുകൊണ്ടാണ് ഈ ക്രിസ്മസ് അവധിക്ക് നാട്ടിൽ വരാൻ ഞാൻ തീവണ്ടിയെ ശരണം പ്രാപിച്ചത്.  ക്രിസ്മസ് തിരക്ക് കഴിയുമ്പോൾ തീവണ്ടിയിൽ സീറ്റ് കിട്ടാൻ എളുപ്പമായിരിക്കും എന്ന ചിന്തയിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇത്തിരി വൈകി. ഡിസംബർ 26ന് യാത്ര ചെയ്യാൻ ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തത് നവംബർ 4ന് മാത്രമായിരുന്നു. അതുകൊണ്ടു തന്നെ പ്രതീക്ഷക്ക് വിപരീതമായി, കൺഫേംഡ് ടിക്കറ്റിന് പകരം കിട്ടിയത് വെയിറ്റിങ്ങ് ലിസ്റ്റ് ടിക്കറ്റ് ആയിരുന്നു. വെയിറ്റിങ്ങ് ലിസ്റ്റ് പൊസിഷൻ - 73. ഒറ്റയ്ക്കാണല്ലോ യാത്ര; അത് RAC ആകുമെന്നും പതുക്കെ കൺഫേംഡ് ആകുമെന്നും സുഖമായി യാത്ര ചെയ്യാമെന്നും ഞാൻ കരുതി.  ടിക്കറ്റ് ബുക്ക് ചെയ്ത് മിനിറ്റുകൾ കഴിയുമ്പോഴുണ്ട് മകന്റെ ഫോൺ കോൾ. " ക്രിസ്മസ് അവധിയല്ലേ? അച്ഛാ, ഞാനും വരുന്നൂ, നാട്ടിലേക്ക്"

പിന്നെ വൈകിയില്ല, ഞാൻ ഉടനെ അവനും ടിക്കറ്റ് ബുക്ക് ചെയ്തു. അതും വെയിറ്റിങ്ങ് ലിസ്റ്റ് ടിക്കറ്റ് ആയിരുന്നു. വെയിറ്റിങ്ങ് ലിസ്റ്റ് പൊസിഷൻ - 83. സീറ്റ് സ്ഥിരപ്പെട്ടു കിട്ടുമെന്നുള്ള പ്രതീക്ഷയായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ.  കുറേ ദിവസം കഴിഞ്ഞപ്പോൾ രണ്ടു ടിക്കറ്റും RAC ആയി. അപ്പോഴാണ് രണ്ടു പേർക്കും അടുത്തടുത്ത് സീറ്റ് കിട്ടിയിരുന്നൂ എങ്കിൽ നന്നായിരുന്നു എന്നെനിയ്ക്ക് തോന്നിയത്. ഉടനെ ഞാൻ കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട്  IRCTCയ്ക്ക് കത്തെഴുതി. കത്തിലെ ഉള്ളടക്കം ഇപ്രകാരമായിരുന്നു.


To: India Railway Catering and Tourism Corporation Limited
Sent: Tuesday, December 23, 2014 6:46 PM
Subject: Accommodation in same compartment


Dear Sirs,

See the PNR number and ticket details in the table below. These tickets belong to me and my son. We are travelling together in the train. KINDLY PROVIDE US ACCOMMODATION IN THE SAME COMPARTMENT EVEN IF THEY ARE RAC SEATS. Kindly do the needful.

Transaction ID
PNR Number
From
TO
Date of Journey
Date of Booking
093460020x
21644327x2
NZM
CAN
26-12-2014
04-11-2014
093449920x
284016217x
NZM
CAN
26-12-2014
04-11-2014

Regards,

മറുപടി പ്രതീക്ഷിക്കുന്നുവെങ്കിൽ IRCTCയ്ക്ക് വേണം മെയിൽ അയയ്ക്കാൻ എന്ന് അവരുടെ ഉടനെയുള്ള മറുപടി കണ്ടപ്പോൾ തോന്നി. മറുപടി ഇപ്രകാരമായിരുന്നു.

From: "care@irctc.co.in"
Sent: Tuesday, December 23, 2014 9:04 PM
Subject: Re: Accommodation in same compartment


Dear Customer,
Please note that your reservation request is processed by the centralized Passenger Reservation System (PRS) of Railways and allotment of accommodation is done by the System without any manual intervention. The berths are allotted based on the system logic, depending on availability at that point of time. Further the reservation through the Internet is being done against the general quota and specific accommodation is not earmarked for the purpose of Internet reservations.
Please note that at the time of journey you can request the fellow-passengers for change of the seats. It is not possible to change the berth after booking.
Thanks & Regards
Executive,Customer care
care@irctc.co.in
Ph: 011-23340000

അവരുടെ മറുപടി എന്നെ തൃപ്തനാക്കിയില്ല. ചാർട്ട് തയ്യാറാക്കുമ്പോൾ രണ്ടു ടിക്കറ്റുകൾക്ക് അടുത്തടുത്ത് സീറ്റ് കൊടുക്കാനാകുമെന്ന് ഞാൻ വിശ്വസിച്ചു. അതുമൂലം ഞാൻ വീണ്ടും അവർക്ക് എഴുതി. അത് ഇങ്ങനെയായിരുന്നു.


To: "care@irctc.co.in"
Sent: Wednesday, December 24, 2014 9:09 AM
Subject: Re: Accommodation in same compartment


Dear Sir,
Thanks for the prompt reply. Our tickets were wait-listed and now they are RAC. I thought that the seats of RAC tickets are allocated manually and hence my request. If both of us are given the RAC seats at the same place it would have been good.  Thanks once again.
Regards,

ഇത്തവണ IRCTCയിലെ തന്നെ  മറ്റൊരാളാണ് മറുപടി തന്നത്. അയാൾക്ക് ഞാനെഴുതിയതിന്റെ പൊരുൾ മനസ്സിലായില്ലെന്ന് തോന്നുന്നു. അയാൾ റെയിൽവേയുടെ റിസർവ്വേഷൻ നിയമങ്ങൾ മറുപടിയായി എഴുതി വച്ചു. അതിങ്ങനെയായിരുന്നു. 

From: "care@irctc.co.in"
Sent: Wednesday, December 24, 2014 12:49 PM
Subject: Re: Re: Accommodation in same compartment
Dear Customer,
Please note that R.A.C. means Reservation against Cancellation. On completion of confirmed quota the passengers are kept under R.A.C. It means that the confirmed seats are not available and on cancellation of berths, waitlisted passengers are allotted confirmed seats. Journey fare, reservation charge and supplementary charge if any, will be collected. Vacant berth due to cancellation in the reservation office if any, shall be allotted to R.A.C. passengers. During travel also, vacant berths due to cancellation shall be allotted to R.A.C. passengers. If berth is not provided, R.A.C. passenger has to travel in the seat only. The R.A.C. system is available in 2A, 3A,FC and SL classes only.
Thanks & Regards
care@irctc.co.in
Ph: 011-23340000

ഞാൻ വിടാൻ ഭാവമില്ലായിരുന്നു. ഞാൻ വീണ്ടും അവർക്ക് മെയിൽ ചെയ്തു. അതിപ്രകാരമായിരുന്നു.
 
To: "care@irctc.co.in"
Sent: Wednesday, December 24, 2014 2:50 PM
Thanks for the prompt reply. Our tickets were wait-listed and now they are in RAC position. I thought that the seats of RAC tickets are allocated manually and hence my request.   
I am talking about 2 RAC tickets. Ticket 1 is in RAC position. You will be accommodating this passenger in a compartment. Ticket 2 is also in RAC position. You will be accommodating this passenger also in a compartment. I only requested that, if possible, accommodate these two tickets in the same compartment. I did not find any reason for it to be difficult if it is not done automatically. If it is not possible leave it. 

ഞാനെഴുതിയത് ഇത്തവണ അവർക്ക് മനസ്സിലായി. ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മാത്രമാണ് തങ്ങളുടെ ജോലി എന്നും സീറ്റ് അലോട്ട് ചെയ്യുന്നത് റെയിൽവേ ആണെന്നും അവരോട് പറഞ്ഞാൽ ഒരു പക്ഷേ എന്റെ ആഗ്രഹം നടന്നേക്കുമെന്നും അവർ മറുപടിയായി എന്നെ അറിയിച്ചു. ആ മറുപടി ഇപ്രകാരമായിരുന്നു. 

From: "care@irctc.co.in"
Sent: Thursday, December 25, 2014 7:59 AM
Subject: Re: Re: Re: Accommodation in same compartment
Dear Customer,
With regard to your mail, we would like to inform you that IRCTC is the Web Interface for Indian Railways Ticketing System (Passenger Reservation System-PRS), which provides a facility to book ticket through Internet.  Further the reservation through the Internet is being done against the general quota and specific accommodation is not earmarked for the purpose of Internet reservations. 
Please note that all matters related to trains/fares/refund/routes/scheduling/seat allocation etc are managed by Indian Railways only. Since your complaint/suggestion comes within the purview of Indian Railways, any general suggestions/complaints can be also be addressed to 
http://customercare.indianrailways.gov.in/criscm/home.seam
Thanks & Regards
Executive (Customer Care)
Care@Irctc.co.in
Ph 011-39340000

മെയിൽ കിട്ടിയ ഞാൻ റെയിൽവേക്ക് ഒരു മെയിൽ ചെയ്തു. അതിപ്രകാരമായിരുന്നു. 

To: "webmaster.portal@cris.org.in"
Sent: Thursday, December 25, 2014 12:17 PM
Subject: Accommodation in same compartment
Dear Sirs,
Transaction ID
PNR Number
From
TO
Date of Journey
Date of Booking
Current Position
093460020x
21644327x2
NZM
CAN
26-12-2014
04-11-2014
RAC 58
093449920x
284016217x
NZM
CAN
26-12-2014
04-11-2014
RAC 53
See the PNR number and ticket details in the table above. Both tickets are now RAC. These tickets belong to me and my son. We are travelling together in the train. When allotting seats for these RAC tickets, KINDLY PROVIDE US ACCOMMODATION IN THE SAME COMPARTMENT. Kindly do the needful.
Regards,

അപ്പോൾ ചാർട്ട് തയ്യാറാക്കാൻ ഒരു ദിവസമേ അവശേഷിച്ചിട്ടുണ്ടായിരുന്നുള്ളൂ.  ആ മെയിലിന് എനിയ്ക്ക് മറുപടിയൊന്നും ലഭിച്ചില്ല. "മൗനം സമ്മത ലക്ഷണം" എന്നാണല്ലോ പൊതുചൊല്ല്. അതുകൊണ്ട് രണ്ടു പേർക്കും ഒരേ കമ്പാർട്ട്മെന്റിൽ സീറ്റു കിട്ടും എന്ന പ്രതീക്ഷയിൽ ഞാനിരുന്നു. 
26ന് ചാർട്ട് തയ്യാറായതും എനിയ്ക്ക് SMS ലഭിച്ചതും ഏതാണ്ട് ഒരുമിച്ചായിരുന്നു. എന്റെ മെയിൽ അവർ കാണാതിരിക്കുകയോ കണ്ടെങ്കിൽ അവഗണിക്കുകയോ ചെയ്തെന്നായിരുന്നു എന്റെ അനുഭവം. എനിയ്ക്ക് S4 കമ്പാർട്ട്മെന്റിലും മകന് S5 കമ്പാർട്ട്മെന്റിലും ആയിരുന്നു ബർത്തുകൾ കിട്ടിയത്. കിട്ടിയതായി എന്നു കരുതിക്കൊണ്ട് ഞങ്ങൾ രണ്ടു കമ്പാർട്ട്മെന്റുകളിലായി കയറി ഇരിപ്പായി. 

രാത്രി 12 മണിക്ക് വണ്ടി നിസാമുദ്ദീനിൽ നിന്ന് പുറപ്പെടുമ്പോൾ എന്റെ കമ്പാർട്ട്മെന്റിൽ എട്ടോ പത്തോ പേരേ ഉണ്ടായിരുന്നുള്ളു. അവരെല്ലാം തന്നെ സൈഡ് ബെർത്തുകളിലാണിരുന്നതും. കമ്പാർട്ട്മെന്റ് എന്താണിങ്ങനെ കാലിയായി കിടക്കുന്നതെന്ന് ഞാൻ അത്ഭുതപ്പെട്ടു. 

വളരെ താഴ്ന്ന അന്തരീക്ഷോഷ്മാവ്, സ്പീഡിൽ ഓടുന്ന വണ്ടി, വിജനമായ കമ്പാർട്മെന്റ് ... തണുപ്പ് അസഹ്യമാവാൻ കൂടുതലെന്തെങ്കിലും വേണോ? യാത്രകളിൽ ഒരു പുതപ്പ് കരുതാൻ മടിക്കുന്ന ഞാൻ സീറ്റിലിരുന്ന് വിറച്ചു. ഉറക്കം വന്നതേയില്ല. നഗ്നമായ കൈയിലൂടേയും കാല്പാദത്തിലൂടേയും ശരീരത്തിലേക്ക് തണുപ്പ് അരിച്ചു കയറുമ്പോൾ എങ്ങനെ ഉറക്കം വരാനാണ്‌? കമ്പിളി കൊണ്ട് പുതച്ചുമൂടിക്കിടക്കുന്നവരെ നോക്കി കമ്പാർട്ട്മെന്റിൽ ഞാൻ അങ്ങുമിങ്ങും നടന്നു. കയ്യിൽ കരുതിയ ചൂടുള്ള കാപ്പിയെടുത്ത് ഞാൻ സൗകര്യം പോലെ കുടിച്ചു.

രാവിലെ 6 മണിക്ക് വണ്ടി കോട്ട ജംഗ്ഷനിൽ എത്തുമ്പോൾ മാത്രമല്ല അവിടന്ന് പുറപ്പെടുമ്പോഴും എന്റെ കമ്പാർട്ട്മെന്റ് പഴയതുപോലെ വിജനമായിരുന്നു. ഇതെന്തേ ഇങ്ങനെ എന്ന് എന്റെ മനസ്സപ്പോഴും സംശയാലുവായി. എന്റെ നിർദ്ദേശം അനുസരിച്ച് മകൻ എന്റെ അടുത്തൊരു ബർത്തിൽ വന്നുകിടന്ന് വീണ്ടും ഉറങ്ങാൻ തുടങ്ങി.

10 മണിയോടെ വണ്ടി മദ്ധ്യപ്രദേശിലെ രത്ലാം സ്റ്റേഷനിലെത്തിയപ്പോൾ അഭൂതപൂർവ്വമായാണ്‌ ആളുകൾ കമ്പാർട്ട്മെന്റിലേക്ക് തള്ളിക്കയറിയത്. തേനീച്ചക്കൂട്ടിൽ കല്ലെറിഞ്ഞാലുള്ള പോലെയായിരുന്നു ആളുകളുടെ തിക്കും തിരക്കും. അവരിൽ ആണുങ്ങളും പെണ്ണുങ്ങളും വൃദ്ധരും ചെറുപ്പക്കാരും കുട്ടികളും കുഞ്ഞുങ്ങളും എല്ലാം ഉണ്ടായിരുന്നു. നമ്മൾ “ആബാലവൃദ്ധം ജനങ്ങൾ” എന്നു പറയാറില്ലേ? അതു തന്നെ. ഒരു പത്തു നൂറു പേരുണ്ടാകും എല്ലാവരും കൂടി. തിക്കും തിരക്കും സഹിക്കാതെ എന്റെ മകൻ ക്ഷണനേരം കൊണ്ടാണ്‌ അവന്റെ സീറ്റിലേക്ക് ഓടി രക്ഷപ്പെട്ടത്. ഇറങ്ങി നടക്കാൻ സ്ഥലം കാണാതെ ഞാൻ സൈഡ് അപ്പർ ബെർത്തിൽ തന്നെ ഇരിപ്പുറപ്പിച്ചു. അടുത്തു കണ്ട ഒരു ചെറുപ്പക്കാരനോട് ഞാൻ അവരുടെ ലക്ഷ്യം തിരക്കി. ഗോവ എന്നായിരുന്നു മറുപടി. അവരെല്ലാം സാമ്പത്തികമായി നല്ല നിലയിലാണെന്നാണ്‌ കാഴ്ചയിൽ  നിന്ന് എനിയ്ക്ക് തോന്നിയത്. പലരുടെ കയ്യിലും വലിയ 3ജി ഫോണുകളുണ്ടായിരുന്നു. യാത്രക്കാർ എല്ലാവരും വളരെ സന്തുഷ്ടരായി കാണപ്പെട്ടു.

സമയം സന്ധ്യയായപ്പോൾ ഞാനിരുന്ന കമ്പാർട്ട്മെന്റ് ഒരു ക്രൈസ്തവലോകമാകുന്നതാണ്‌ ഞാൻ കണ്ടത്. പ്രായമായവരെല്ലാം അവരവരുടെ ബാഗുകളിൽ നിന്ന് ബൈബിൾ പുറത്തെടുത്തു. പലരുടേയും കയ്യിൽ കുരിശു പിടിപ്പിച്ച മുത്തുമാല കാണായി. അവരെല്ലാം ക്രിസ്ത്യാനികളാണെന്ന വസ്തുത എനിയ്ക്ക് താമസംവിനാ മനസ്സിലായി. (അതുവരെ ഞാൻ കരുതിയിരുന്നത് അവരെല്ലാം ഹിന്ദുക്കളാണെന്നായിരുന്നു. അങ്ങനെ അല്ലെന്ന് കരുതാനുള്ള യാതൊന്നും എനിയ്ക്ക് ദൃശ്യമായിരുന്നില്ല. പല സ്ത്രീകളും നെറ്റിയിൽ പൊട്ടും വച്ചിരുന്നു.) പിന്നീടങ്ങോട്ട് ഒരു മണിക്കൂറോളം മത്സരിച്ചുള്ള പ്രാർത്ഥനകളായിരുന്നു. മാലയിലെ മുത്തുകളെണ്ണിക്കൊണ്ട് ഒരാൾ ചൊല്ലിക്കൊടുക്കും; മറ്റുള്ളവർ ഏറ്റുപാടും. എന്തൊരു ശബ്ദമായിരുന്നു കമ്പാർട്ട്മെന്റിലപ്പോൾ. എന്നെപ്പോലെ ചിലർ അവിടെ ഇരിപ്പുണ്ടെന്ന കാര്യം അവർ തീർത്തും അവഗണിച്ചു. ഭൂരിപക്ഷത്തിന്റെ പ്രതിനിധിയായ ഞാൻ അപ്പോൾ ന്യൂനപക്ഷത്തിന്റെ നിസ്സഹായതയോടെ ആ കമ്പാർട്ട്മെന്റിൽ ഇരുന്നു.

ഞാൻ ആലോചിച്ചു. ഇവരെല്ലാം ഈ അടുത്ത കാലത്ത് ഹിന്ദുമതത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് ചേക്കേറിയവരാകും. ക്രിസ്ത്യാനിയാകുന്നതുമായി ബന്ധപ്പെട്ട വല്ല ചടങ്ങുകൾക്കുമാകാം ഇവരിപ്പോൾ ഗോവയിലേക്ക് പോകുന്നത്. അല്ലെങ്കിൽ, ക്രിസ്ത്യാനിയായതിന്റെ പ്രതിഫലമായി അതിന്റെ ദല്ലാളന്മാർ ഒരുക്കിക്കൊടുത്ത ഒരു തീർത്ഥയാത്രയുമാകാം അത്. വെറുതെ കിട്ടുന്ന ഒരു വിനോദയാത്ര ആരാ വേണ്ടെന്നു വയ്ക്കുക? ഈ കമ്പാർട്ട്മെന്റിൽ തന്നെ ഇവർ പത്തു നൂറു പേരുണ്ട്. ഇനി ഇതുപോലെ വേറേയും കമ്പാർട്ട്മെന്റിൽ ഇത്തരക്കാർ കാണുമോ?

ഒന്നുറപ്പാണ്‌. ഇവർ അവരുടെ നാട്ടിൽ തിരിച്ചെത്തുമ്പോൾ കൂടുതൽ ഹിന്ദുക്കൾ മതം മാറാൻ തയ്യാറായേക്കും. അത്രക്കുണ്ട് ഇവരുടെ സന്തോഷവും പെരുമാറ്റങ്ങളും. ഏതോ ഒരു പുതിയ ലോകത്തെത്തിപ്പെട്ടതുപോലുണ്ട് അവരുടെ കാട്ടിക്കൂട്ടലുകൾ. ഹിന്ദുവിനെ ഹിന്ദുമതത്തിൽ പിടിച്ചു നിർത്തുന്ന ഒരു ശക്തിയും ഇല്ലെന്നിരിക്കേ, ഹിന്ദുവിനെ ഹിന്ദുമതത്തിൽ നിന്ന് പിടിച്ച് മാറ്റാനുള്ള പ്രബലശക്തികൾ ഉണ്ടെന്നിരിക്കേ ഇത്തരം മതം മാറ്റങ്ങൾ അനുസ്യൂതം തുടരും. ഗോവയും മദ്ധ്യപ്രദേശും ഭരിക്കുന്നത് ബി. ജെ.പി. ആയിട്ടും ....... എന്നും ഞാനപ്പോൾ ഓർത്തു. നാട്ടിൽ ‘ഘർ വാപ്പസി’ക്കെതിരേ നടക്കുന്ന പുരോഗമന(?)ക്കാരുടെ ആക്രോശങ്ങളും ഞാനപ്പോൾ ഓർത്തു. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇൻഡോനേഷ്യ എന്നിവിടങ്ങളിലെല്ലം ഒരു കാലത്ത് ഹിന്ദുക്കൾ മാത്രമാണല്ലോ ഉണ്ടായിരുന്നത് എന്ന് ഞാൻ ഓർത്തു. മഷിയിട്ടു നോക്കിയാൽ പോലും ഇപ്പോഴവിടങ്ങളിൽ ഒരു ഹിന്ദുവിനെ കാണാൻ കിട്ടുകയില്ലല്ലോ എന്നും ഞാൻ ഓർത്തു. ഹിന്ദുമതത്തിൽ നിന്നുള്ള മതം മാറ്റങ്ങൾ കാണാതെ ‘ഘർ വാപ്പസി’ മാത്രം കാണുന്ന മതേതരന്മാരുടെ ബുദ്ധിവൈഭവവും ഞാനപ്പോൾ ഓർത്തു. കുഴിയാനയെ കാണുന്നവർ ആനയെ കാണാതെ പോകുന്നതിലെ വൈരുദ്ധ്യം ഞാൻ ഓർത്തു. ഇതെല്ലാം ഓർത്തുകൊണ്ടിരുന്ന ഞാൻ എപ്പോഴാണെന്നറിയില്ല അറിയാതെ ഉറങ്ങിപ്പോയി. അതങ്ങനെയേ വരൂ; തലേ ദിവസം ഉറങ്ങാതിരുന്നതല്ലേ?

രാവിലെ ഉറക്കമുണരുമ്പോൾ വണ്ടി ഗോവയിലെത്താറായിരുന്നു. യാത്രക്കാർ എല്ലാവരും അവരുടെ കെട്ടും ഭാണ്ഡവും പാക്ക് ചെയ്യുകയാണ്‌. മഡ്ഗാവിൽ അവരെല്ലാം ഇറങ്ങുമ്പോൾ ഞാൻ മുഖം തിരിച്ചിരുന്നു. സഹജീവികളാണ്‌ ഇവരെല്ലാം എന്ന് ചിന്തിക്കാനെനിക്കായില്ല. ഒരു യുദ്ധം കഴിഞ്ഞ പ്രതീതിയാണ്‌ അവർ അവിടെ ഇറങ്ങിയപ്പോൾ എനിയ്ക്ക് തോന്നിയത്. ഇനി എപ്പോഴാണാവോ ഇവരുടെ മടക്കയാത്ര?

മഡ്ഗാവിൽ നിന്ന് വണ്ടി പുറപ്പെടുമ്പോൾ കമ്പാർട്ട്മെന്റ് വിജനമായിരുന്നു....... ഹസ്രത്ത് നിസാമുദ്ദീനിലെപ്പോലെ. പിന്നീട് കമ്പാർട്ട്മെന്റിൽ ആളുകൾ കയറിയത് വണ്ടി മംഗലാപുരത്തെത്തിയപ്പോഴായിരുന്നു. കൊല്ലൂരിൽ മൂകാംബികാദർശനം കഴിഞ്ഞു മടങ്ങുന്നവരായിരുന്നു മിക്കവരും.

വണ്ടി കേരളത്തിലേക്ക് കടക്കുമ്പോൾ ചുംബനസമരം കഴിഞ്ഞ് ആദ്യമായിട്ടാണല്ലോ ഞാൻ വീണ്ടും ഇവിടെ എത്തുന്നത് എന്ന് ഞാൻ ഓർത്തു. കേരളത്തിലെ സ്ത്രീകളും ചെറുപ്പക്കാരികളും ഇപ്പോൾ ചുംബനത്തിനുള്ള സ്വാതന്ത്ര്യം നേടിയവരായിരിക്കുമെന്ന് ഞാൻ ഊഹിച്ചു. ചുംബനസമരം വിജയമായിരുന്നെങ്കിൽ അങ്ങനെയല്ലേ കരുതാനൊക്കൂ? ഞാൻ കണ്ണൂരിൽ വണ്ടി ഇറങ്ങുമ്പോൾ സ്ത്രീകളാരെങ്കിലും വന്ന് എന്നെ ചുംബിച്ചേക്കാമെന്നും ചെറുപ്പക്കാരികളാരെങ്കിലും വന്ന് എന്നെ കെട്ടിപ്പിടിച്ചേക്കാമെന്നും ഒക്കെ ഞാൻ സന്ദേഹിച്ചു. മോൻ കൂടെയുള്ളപ്പോൾ അങ്ങനെ വല്ലതും സംഭവിക്കുന്നത് മോശമാണെന്ന് ഞാനപ്പോൾ കരുതി. വീട്ടിൽ വെറുതെ ഇരിക്കുന്നതുകൊണ്ട് ചുണ്ടെല്ലാം മരവിച്ചുപോകുന്നതുകൊണ്ടായിരിക്കും ഈ സ്ത്രീകൾ ചുംബനസമരമെന്നു പറഞ്ഞ് പുറത്തിറങ്ങുന്നതെന്ന് ഞാൻ ഊഹിച്ചു. തൊട്ടും പിടിച്ചും കൂടെ നില്ക്കാൻ ഒരു പുരുഷൻ കൂടെ ഇല്ലെങ്കിൽ സ്ത്രീകൾ ഇമ്മാതിരി കോപ്രായങ്ങൾ കാട്ടിക്കൂട്ടുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ടായിരിക്കും “ ന: സ്ത്രീ സ്വാതന്ത്ര്യമർഹതി” എന്ന് മനു പറഞ്ഞു വച്ചത് എന്ന് ഞാൻ ചിന്തിച്ചു. ഞാൻ ഒരു വയസ്സനാണെന്നും എന്റെ വേഷം തികച്ചും മുഷിഞ്ഞതാണെന്നും ഇതൊന്നും സ്ത്രീകളെ ആകർഷിക്കാൻ പറ്റിയതല്ലെന്നും ഉള്ള ചിന്തയും എനിയ്ക്കപ്പോൾ ഉണ്ടായി. അതുകൊണ്ടു തന്നെ, ചുംബിക്കാൻ വരുന്ന സ്ത്രീകൾക്കായി കാത്തു നില്ക്കാതെ, വണ്ടി കണ്ണൂരിലെത്തിയപ്പോൾ ഞാൻ വേഗം വണ്ടിയിറങ്ങി സ്റ്റേഷനു പുറത്തു കടന്നു. ഞാൻ ചിന്തിക്കുന്നത് എന്തൊക്കെയാണെന്ന് മനസ്സിലാകാത്ത മോൻ എന്നെ നിശ്ശബ്ദനായി പിന്തുടരുകയും താമസംവിനാ ഞങ്ങൾ ഒരു ഓട്ടോറിക്ഷയിൽ കയറി വീട്ടിലേക്ക് തിരിക്കുകയും ചെയ്തു.

2014, ഡിസംബർ 25, വ്യാഴാഴ്‌ച

ബുദ്ധന്റെ മണ്ണിൽ - അഞ്ച്

ഞങ്ങൾ നേരേ കൊറിയൻ മൊണാസ്ട്രിയിലേക്ക് നടന്നു. അവിടെ ചെന്നാൽ താമസിക്കാൻ സൗകര്യം കിട്ടുമെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. . അങ്ങോട്ടുള്ള വഴിയിലാണ്‌ കെടാത്ത ദീപശിഖ കത്തുന്നത്. ഇരുട്ട് വീണുതുടങ്ങിയതിനാൽ അവിടെ എഴുതി വച്ചത് വായിക്കാനായില്ല. വഴിയിൽ നായ്ക്കൾ ഓടുന്നതു കണ്ടു. അവയുടെ പ്രകൃതം കാരണം അവ കുറുക്കന്മാരാണോ എന്ന് ഞങ്ങൾക്ക് തോന്നി. അല്ലെങ്കിലും കുറുക്കന്മാർ മേഞ്ഞു നടക്കുന്നപോലത്തെ ഒരു ഗ്രാമം മാത്രമാണല്ലോ അത്.  


മൊണാസ്ട്രിയുടെ ഗെയ്റ്റ് തള്ളിത്തുറന്ന് ഞങ്ങൾ അകത്ത് കടന്നു. അവരുടെ ഓഫീസിൽ ഇരുന്നത് ഒരു നേപ്പാളിയാണെന്നു തോന്നുന്നു; അല്ലെങ്കിൽ അയാൾ ഇന്ത്യക്കാരനാണ്. അതുകൊണ്ടുതന്നെ ഞങ്ങൾ ഹിന്ദിയിലാണ് സംസാരിച്ചത്. ഒരു രാത്രി തങ്ങാനുള്ള സൗകര്യം വേണമെന്ന് ഞാൻ അയാളെ  അറിയിച്ചു. പണം കൊടുക്കാതെ താമസിക്കാനാണെന്ന് അയാൾ ധരിച്ചുവോ എന്തോ? എടുത്ത വായയ്ക്ക് അയാൾ മുറിയൊന്നുമില്ലെന്നും കൊറിയ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കേ താമസിക്കാൻ സൗകര്യം കൊടുക്കൂ എന്നും പറഞ്ഞു. അയാൾക്ക് എന്നെ അറിയില്ലല്ലോ? ഞാൻ ഉടനെ ഇംഗ്ലീഷിൽ പറഞ്ഞു. "ദെൻ ഗിവ് അസ് എ റൂം; ബോത് ഓഫ് അസ് ആർ ട്രാവൻകൊറിയൻസ്." ട്രാവൻകൊറിയ എന്താണെന്നറിയാത്ത അയാൾ എന്റെ കെണിയിൽ വീഴുമെന്നുറപ്പായിരുന്നു. ഇതേതാടാ ഈ സൗത്ത് കൊറിയയും നോർത്ത് കൊറിയയും അല്ലാത്ത ഒരു കൊറിയ എന്ന് അയാൾ തീർച്ചയായും കരുതിയിരിക്കണം. പക്ഷേ അത് ചോദിച്ച് തന്റെ വിവരക്കേട് പരസ്യമാക്കണ്ട എന്നും അയാൾ കരുതിയിരിക്കണം. അവനവന്റെ വിവരക്കേട് മറ്റുള്ളവരെ അറിയിക്കാൻ വല്ലവനും തയ്യാറാകുമോ? “മൗനം വിദ്വാന്‌ ഭൂഷണം” എന്നല്ലേ ആപ്തവാക്യം? അയാൾ ഉടനെ ഡിന്നർ തീരാറായിരിക്കുന്നുവെന്നും ഉടനെ പോയി ഡിന്നർ കഴിച്ചോ എന്നും ഞങ്ങളോട് പറഞ്ഞു.

കാന്റീനിലേക്ക് നടക്കുമ്പോൾ മകൻ എന്നോട് ചോദിച്ചു; അച്ഛാ, അച്ഛൻ നുണ പറയാറില്ലല്ലോ, പിന്നെ എന്തിനാ നമ്മൾ കൊറിയക്കാരാണെന്ന് അയാളോട് പറഞ്ഞത്?


ഞാൻ പറഞ്ഞു. "മോനേ, അച്ഛൻ നുണയൊന്നും പറഞ്ഞില്ല. നീ പഠിച്ചതും വളർന്നതുമൊക്കെ തിരുവനന്തപുരത്തല്ലേ? തിരുവനന്തപുരം പണ്ട് തിരുവിതാംകൂർ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു. തിരുവിതാംകൂർ ഇംഗ്ലീഷിൽ ട്രാവൻകോർ എന്നാണറിയപ്പെടുന്നത്. അപ്പോൾ തിരുവനന്തപുരത്ത് ജീവിച്ച നമ്മളെ ട്രാവൻകൊറിയൻ എന്നു പറയുന്നതിൽ എവിടെയാ നുണ?"


അവന് ഞാൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായി; അവൻ പിന്നെ അതിനെ കുറിച്ചൊന്നും പറഞ്ഞില്ല.  ഞങ്ങൾ അവരുടെ ഡൈനിങ്ങ് ഹാളിലെത്തി. ഭക്ഷണം തീരാറായിരിക്കുന്നു. സായിപ്പന്മാരും മദാമ്മമാരുമൊക്കെ ഇരുന്ന് ഭക്ഷണം കഴിക്കുകയാണ്. അവരിൽ ജപ്പാൻകാരും കൊറിയക്കാരും തായ്ലാന്റുകാരുമൊക്കെയുള്ളതായി ഞങ്ങൾക്ക് മനസ്സിലായി. അവിടെ സെൽഫ് സർവ്വീസാണ്. ഞങ്ങൾ ഭക്ഷണം വിളമ്പിയെടുത്തു. ചോറും കറികളും തന്നെയാണ്. ധാരാളം കറികളുണ്ട്. ഞങ്ങൾ എല്ലാം കുറേശ്ശെ എടുത്തു. വിശപ്പുള്ളതു കൊണ്ട് അതെല്ലാം കഴിച്ചു എന്നു പറയാം. ചോറ് എന്നു പറഞ്ഞു കൂടാ; വേവിച്ച അരി എന്നേ പറയാൻ പറ്റൂ. കറികളും അങ്ങനെത്തന്നെ. വേവിച്ച വഴുതനങ്ങ, വേവിച്ച കോളീഫ്ലവർ എന്നൊക്കെ വേണം കറികൾക്ക് പേരു പറയാൻ. ഒന്നിലും ഉപ്പോ മുളകോ ഇല്ല. മുളകു വെള്ളത്തിൽ മുറിച്ചിട്ട പച്ചക്കറികളുമുണ്ട്. ഒരു പക്ഷേ അതായിരിക്കാം അവരുടെ വെജിറ്റബിൾ സാലഡ്.


ഒന്നാലോചിച്ചാൽ ഇതൊക്കെ മതി. ആർഭാടമായ ജീവിതത്തിനല്ലല്ലോ ഇങ്ങോട്ട് വരുന്നത്! ആശയാണ് നിരാശക്കു  കാരണം എന്നും ജീവിതത്തിന്റെ എല്ലാ മേഖലകളിലും മദ്ധ്യമാർഗ്ഗം സ്വീകരിക്കണമെന്നും ഉദ്ബോധിപ്പിച്ച ബുദ്ധന്റെ അനുയായികൾ മിഷ്ടാന്നഭോജനം കഴിക്കുന്നത് ശരിയാണോ? അല്ല. ശരിക്കു പറഞ്ഞാൽ ഇത് തന്നെ ഏറേയാണ്. വേണ്ടത് വേവിച്ച കുറേ അരിയും വേവിച്ച കുറേ പച്ചക്കറികളും. ഇനി വേണമെങ്കിൽ അത് ഹാഫ് ബോയൽഡ് ആയാലും പോരായ്കയില്ല. അതെന്തേ മാംസഭക്ഷണമൊന്നും ഇവിടെ ഇല്ലാത്തത് എന്ന് ഞാൻ സംശയിച്ചു. ബുദ്ധൻ മാംസഭോജിയാണെന്ന് കേട്ടിട്ടുണ്ട്. അപ്പോൾ ഇവിടേയും അങ്ങനെ ആകാവുന്നതല്ലേ? മൃഗങ്ങളെ വേദനിപ്പിക്കരുതെന്ന് പറഞ്ഞ ബുദ്ധൻ എങ്ങനെ മാംസഭോജിയായെന്ന് എനിയ്ക്കെത്ര ചിന്തിച്ചിട്ടും ഒരു ഉത്തരം കിട്ടിയില്ല. അല്ലെങ്കിലും ഈ ചരിത്രങ്ങളൊക്കെ ആധുനിക മനുഷ്യൻ അവന്റെ സൗകര്യത്തിനൊത്ത് എഴുതി ഉണ്ടാക്കിയതല്ലേ? സത്യം എന്തായിരുന്നു എന്ന് ആർക്കറിയാം? മരങ്ങൾ വെട്ടരുത് എന്നു പറഞ്ഞ ബുദ്ധൻ മൃഗമാംസമൊന്നും കഴിച്ചിട്ടുണ്ടാകില്ല തീർച്ച.  എന്തായാലും ബുദ്ധമതാനുയായികൾ സസ്യബുക്കുകളായത് നന്നാായി. അവർക്കെങ്കിലും തലയില് അല്പം ബോധം ഉണ്ടല്ലോ.


ഭക്ഷണം കഴിച്ച് പാത്രങ്ങൾ കഴുകി വച്ച്  ഞങ്ങൾ തിരിച്ചു ചെല്ലുമ്പോൾ ഓഫീസിലിരുന്ന ആൾ ഞങ്ങൾക്ക് ഞങ്ങളുടെ മുറി കാണിച്ചു തന്നു. 4 പേർക്ക് ഉറങ്ങാവുന്ന അറ്റാച്ച്ഡ് ആയ ഒരു ഡോർമിറ്ററി. മറ്റാരുമില്ലാത്തതിനാൽ ഞങ്ങൾ അവിടെ സുഖമായി ഇരുന്നു.  ഞാൻ മൊബൈലിൽ സമയം നോക്കി. മണി ആറര ആകുന്നതേ ഉള്ളൂ. പക്ഷേ നല്ല ഇരുട്ടാണ്‌. മൊണാസ്റ്ററിക്ക് പുറത്ത് പോയി റോഡിലൊക്കെ ഒന്നു ചുറ്റിയടിച്ചാലോ എന്നു ഞാൻ കരുതി. പക്ഷേ നോക്കുമ്പോൾ മഴ ചാറുന്നുണ്ടായിരുന്നു. പോരാത്തതിന്‌ ആവശ്യത്തിന്‌ തണുപ്പും. അല്ലെങ്കിൽ ഒന്ന് കുളിക്കാമായിരുന്നു. കമ്പ്യൂട്ടർ കയ്യിലില്ല. ഉണ്ടെങ്കിൽ മെയിലും ന്യൂസുമൊക്കെ ഒന്നു നോക്കാമായിരുന്നു.  ഞാൻ മുറിയുടെ ചുമരിൽ ഒട്ടിച്ചു വച്ച നോട്ടീസ് വായിച്ചു. ചീട്ടുകളി, പുകവലി, മദിര, മദിരാക്ഷി എന്നിവ വർജ്ജിക്കണം എന്നായിരുന്നു അറിയിപ്പ്. അപ്പോൾ ഇതിനായി ഇവിടെ വരുന്നവരും കാണുമോ?

അപ്പോഴാണ്‌ ബോംബേക്കാരനാണെന്ന് പറഞ്ഞ് ഒരു ചെറുപ്പക്കാരൻ മുറിയിലേക്ക് കയറി വന്നത്. മകൻ അയാളുമായി വർത്തമാനത്തിലേർപ്പെട്ടു. അയാൾ 2 ആഴ്ച ലുംബിനിയിൽ കാണുമത്രെ. മെഡിറ്റേഷന്‌ വന്നതാണത്രെ; കൊള്ളാം. തണുക്കുന്നുണ്ട്; ഞാൻ വേഗം കയ്യിലിരുന്ന പുതപ്പെടുത്ത് മൂടിപ്പുതച്ച് കിടന്നു. 

രാവിലെ ഉണരുമ്പോൾ കനത്ത മഴ പെയ്യുകയാണ്‌. ഞാൻ റൂമിനു പുറത്തിറങ്ങി. വിദേശികളെല്ലാം പ്രാർത്ഥനക്കായി പ്രെയർ ഹാളിലേക്കോടുകയാണ്‌. അവരുടെ സമ്പ്രദായങ്ങളറിയാത്ത ഞാനെന്തു ചെയ്യാനാണ്‌? ഞാൻ ദിനചര്യകൾ തീർത്ത് ഓഫീസിനടുത്തേക്ക് നടന്നു. അപ്പോൾ സമയം ആറു മണി. ആ പുലരും നേരത്ത് ആളുകൾ ബ്രെയ്ക്ഫാസ്റ്റ് കഴിക്കാനുള്ള പുറപ്പാടാണ്‌. ഞാൻ അവരുടെ കൂട്ടത്തിൽ ക്യൂ നിന്നു. ആറര കഴിഞ്ഞാൽ പിന്നെ ബ്രൈക്ക്ഫാസ്റ്റ് സ്വാഹാാ....
ഇന്നലെ കഴിച്ച ഭക്ഷണത്തിന്റെ എഡിറ്റ് ചെയ്യാത്ത അടുത്ത പതിപ്പായിരുന്നു ഈ ബ്രെയ്ക്ക്ഫാസ്റ്റ്. വേവിച്ച അരി, വേവിച്ച വഴുതനങ്ങ, വേവിച്ച കോളീഫ്ളവർ... എല്ലാം അതു തന്നെ.   നല്ല ആവി പറക്കുന്നവ. അതു കഴിച്ചു തീരുമ്പോൾ ഒരു ഓറഞ്ച് കിട്ടിയതിനാൽ വായക്ക് അല്പം രുചിയോടെ തിരിച്ചുപോരാൻ പറ്റി.
റൂമിലേക്ക് തിരിച്ചു നടക്കുമ്പോൾ ഞാൻ ചിന്തിച്ചു......... സാധാരണ രാവിലെ കഴിക്കുന്നത് ചായയും പലഹാരങ്ങളുമായിരിക്കും; പക്ഷേ, ഇപ്പോൾ ഈ പുലരാൻ കാലത്ത് കഴിച്ചത് സത്യത്തിൽ ചോറും കറികളുമാണ്‌. ഉച്ചയ്ക്കാണ്‌ ചോറുണ്ണാറുള്ളത്. ഇതാലോചിച്ചപ്പോൾ തിരുവനന്തപുരത്തെ കല്യാണങ്ങളാണ്‌ ഓർമ്മയിൽ വന്നത്. അവിടത്തെ കല്യാണങ്ങളിലാണ്‌ ഉച്ചക്ക് കഴിക്കേണ്ട ഊണ്‌ രാവിലെ 9 മണിക്ക് കഴിക്കുന്നത് കണ്ടിട്ടുള്ളത്. അവിടെ കല്യാണത്തിന്‌ ചെല്ലുന്നതേ ഊണു കഴിക്കാനാണ്‌. കല്യാണഹാളിലെത്തിയാൽ ആദ്യം നോക്കുക ഇപ്പോൾ ഊണു കഴിക്കാൻ പറ്റുമോ എന്നാണ്‌. കല്യാണത്തിനു വരുന്നവരെ എത്രയും നേരത്തെ ഊണു കഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പെണ്ണിന്റെ വീട്ടുകാരും നില്പ്പുണ്ടാകുക. ചുരുക്കത്തിൽ ചെന്ന പാടേ ഊണു കഴിക്കും; അപ്പോൾ ഊണു കഴിക്കുന്നത് ഊണിന്റെ സമയത്തൊന്നുമാകില്ല. അതുകൊണ്ടു തന്നെ ആളുകൾ രാവിലെ ബ്രെയ്ക്ക്ഫാസ്റ്റ് കഴിക്കാതെയായിരിക്കും കല്യാണത്തിനു പോകുക. ബ്രെയ്ക്ക്ഫാസ്റ്റ് കഴിച്ചാൽ പിന്നെ സദ്യ ഉണ്ണാൻ വയറിൽ സ്ഥലമെവിടെ? രാവിലെ ഊണു കഴിക്കാനുള്ള മടി കാരണം ആദ്യമൊക്കെ ഞാൻ അവിടെ കല്യാണത്തിനു പോകാറില്ലായിരുന്നു. പക്ഷേ പിന്നീട് ഞാനും രാവിലെ ഊണു കഴിക്കാൻ ശീലിച്ചു. ‘നാടോടുമ്പോൾ നടുവേ’ എന്നാണല്ലോ പഴഞ്ചൊല്ല്‌. സദ്യ ഉണ്ണുന്നെങ്കിൽ തിരുവനന്തപുരത്തുനിന്നു തന്നെ ഉണ്ണണം; എന്തു ഗംഭീരമായിരിക്കും അവരുടെ സദ്യ. വിളമ്പുന്നത് എൻ. എസ്. എസ്. കാരാണെങ്കിൽ പിന്നെ അതിന്റെ ചിട്ടയൊന്നു പറയേണ്ടതുമില്ല. വിശദമായ ഊണും രണ്ടു മൂന്നു തരം പായസവും കഴിച്ച് എഴുന്നേല്ക്കുമ്പോൾ തൃപ്തി വരാത്തവർ ആരും കാണുകയില്ല. അത് നോക്കുമ്പോൾ മലബാറിലെ കല്യാണസദ്യകൾ വളരെ മോശം എന്നുവേണം പറയാൻ. സദ്യക്ക് ഒരു ചിട്ടയോ ക്രമമോ ഒന്നും അവിടെ ഞാൻ കണ്ടിട്ടില്ല.

റൂമിൽ തിരിച്ചെത്തിയ ഞാൻ വേഗം മകനെ ഭക്ഷണത്തിനായി തള്ളിവിട്ടു. ഉള്ളതു പോയാലേ അതിന്റെ വില അറിയൂ. പുറത്തിറങ്ങിയാൽ എന്താണ് തിന്നാൻ കിട്ടുക എന്നുകൂടി അറിയില്ലല്ലോ. മഴ പെയ്യുന്നുണ്ട്. മഴയെ അവഗണിച്ച് ഞാൻ ആ കോമ്പൗണ്ടിൽ ഒന്നു നടന്നു. അവരുടെ പ്രാർത്ഥനാ നടക്കുന്ന പ്രധാന കെട്ടിടത്തിലും ഞാൻ പോയി നോക്കി. അതടഞ്ഞു കിടക്കുകയാണ്‌. വിശാലമായ ആ കെട്ടിടം വളരെ ഉയരമുള്ളതും 3-4 നിലകളുള്ളതുമാണ്‌. അവിടെ നിന്നു നോക്കിയാൽ ലുംബിനിയും ബുദ്ധമതവിഹാരങ്ങളും നന്നായി കാണാം. ഒരു കാമറയുണ്ടെങ്കിൽ ഭംഗിയുള്ള ഫോട്ടോ എടുക്കാവുന്നതേയുള്ളു. പക്ഷേ ഇന്റെർനെറ്റിൽ എത്ര ഫോട്ടോ വേണമെങ്കിലും ഉള്ളപ്പോൾ ഇനിയും ഫോട്ടോകൾ എന്തിനാണ്‌?
കൊറിയൻ ടെമ്പിൾ (അവലംബം: ഇന്റെർനെറ്റ്)

മഴയെപ്പേടിച്ച് ഇവിടെ ഇരുന്നാൽ വന്ന കാര്യം നടക്കില്ലല്ലോ? മകൻ ഭക്ഷണം കഴിച്ചു വന്നപ്പോൾ ഞങ്ങൾ ഓഫീസിലേക്ക് നടന്നു. താമസിച്ചതിന്റെ പണം കൊടുക്കണ്ടേ? 500 നേപ്പാളീ രൂപയാണ്‌ ഭക്ഷണമുൾപ്പെടെ ഒരാളുടെ ഒരു ദിവസത്തെ ചാർജ്. ഞങ്ങൾ 620 രൂപ കൊടുത്തു പുറത്തിറങ്ങി. റസീറ്റൊന്നും കിട്ടിയില്ല.

കൊറിയൻ ടെമ്പിളിൽ നിന്നു പുറത്തിറങ്ങുമ്പോൾ മൊണാസ്റ്ററികളൊക്കെ ഒന്നു നോക്കിക്കണ്ട് ലുംബിനി വിടാമെന്നാണ്‌ കരുതിയത്. പക്ഷേ വഴി എവിടെയോ തെറ്റി. ഞങ്ങൾ എത്തിയത് പൊതുനിരത്തിലായിരുന്നു. അതോടെ ഞങ്ങൾ ലുംബിനിയോട് വിട പറഞ്ഞു. ഒന്നൊന്നര കിലോമീറ്റർ ഞങ്ങൾ റോഡിലൂടെ നടന്നു. ഒരു വശത്ത് വയലുകൾ; മറുവശത്ത് മതിലു കെട്ടി സംരക്ഷിച്ച ലുംബിനിയുടെ, ബുദ്ധമതവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ.

ഞങ്ങളെത്തിയത് തെനുഹവയിലെ ഒരു ബസ് സ്റ്റോപ്പിലാണ്. ഒരു സാധാരണ ഉത്തരേന്ത്യൻ പ്രദേശം.... അര മണിക്കൂറിൽ തെനുഹവയിൽ നിന്ന് ഞങ്ങൾ തൗളിഹവയിലേക്ക് ബസ്സ് കയറി. അതും ഒരു കുട്ടി ബസ്സായിരുന്നു. പ്രൈവറ്റ് ബസ്. സിദ്ധാർത്ഥൻ വളർന്നു വലുതായ കപിലവസ്തുവിലേക്കായിരുന്നു ഞങ്ങളുടെ ഈ യാത്ര.  ബസ്സിലെ നല്ലൊരു ശതമാനം യാത്രക്കാരും മുഖം മൂടിയ പർദ്ദ ധരിച്ച മുസ്ലിം സ്ത്രീകളാണ്.

കപിലവസ്തുവിന്റെ പ്രാദേശികമായ പേരാണ് തൗളിഹവ എന്നുവേണം മനസ്സിലാക്കാൻ. ഭേദപ്പെട്ട സ്ഥലമാണ് കപിലവസ്തു. ബൈരഹവയിലെപ്പോലെ തൗളിഹവയിലും സന്ദർശകരെ സ്വാഗതം ചെയ്തുകൊണ്ട് ഒരു വലിയ കമാനമുണ്ട്. കുഞ്ഞുബുദ്ധന്റെ ഒരു പ്രതിമയും. ബസ്സ് ഇറങ്ങിയ ഞങ്ങളുടെ പുറകെ ടാക്സിക്കാരും റിക്ഷക്കാരും കൂടി. അവർക്കൊരു ട്രിപ് കിട്ടിയാൽ ആയല്ലോ. സ്വന്തം വയറാണല്ലോ പ്രധാനം. പക്ഷേ നടക്കുന്നതാണ് എനിയ്ക്ക് പഥ്യം. ഞങ്ങൾ തിലൗരക്കോട്ടിലേക്കുള്ള വഴി ചോയ്ച്ച് ചോയ്ച്ച് നടന്നു.  
കപിലവസ്തു ഗെയ്റ്റ് (അവലംബം: വിക്കി)
"തിലൗരക്കോട്" - ഇതാണ് ശുദ്ധോദനന്റെ രാജധാനി നിന്ന സ്ഥലം. കപിലവസ്തു ബസ് സ്റ്റാന്റിൽ നിന്ന് രണ്ടുരണ്ടര നാഴിക അകലെയാണത്. റോഡിന്റെ ഇരുവശത്തും വയലുകളാണ്. അങ്ങിങ്ങ് വീടുകളും കടകളും കെട്ടിടങ്ങളും ഉണ്ട്. തിലൗരക്കോട് എന്നത് ശരിക്കും സ്ഥലപ്പേരാണോ അതോ രാജധാനി നിന്ന സ്ഥലമാണോ എന്നൊന്നും അറിഞ്ഞുകൂടാ. ഒരു പക്ഷേ തിലൗരക്കോട് എന്നത് ശുദ്ധോദനന്റെ വീട്ടുപേരാകാനും മതി. "തിലൗരക്കോട് ശുദ്ധോദനൻ" എന്നോ "ടി. ശുദ്ധോദനൻ" എന്നോ ആയിരുന്നിരിക്കണം ഒരു പക്ഷേ ആധാർ കാർഡിൽ അന്ന് അദ്ദേഹം പേർ ചേർത്തിരിക്കുക. രാജാക്കന്മാർക്കും വേണമല്ലോ പേരിന്റെ കൂടെ ഒരു ഇനീഷ്യൽ!
                                                                                         . . . . . . . . . . . . . . . . . . . . . . . . . . . തുടരും.

2014, ഡിസംബർ 22, തിങ്കളാഴ്‌ച

ബുദ്ധന്റെ മണ്ണിൽ - നാല്

എന്താണ്‌ ലുംബിനിയുടെ പ്രാധാന്യം എന്നു ചോദിച്ചാൽ പറയാൻ ഒരു ഉത്തരമുണ്ട്. ശ്രീബുദ്ധന്റെ ജന്മസ്ഥലമാണ്‌ ലുംബിനി എന്നതാണ്‌ ആ ഉത്തരം. എന്നാൽ ഒരു ടൂറിസ്റ്റിന്‌ അവിടെ കാണാനെന്താണുള്ളത് എന്നാണ്‌ ചോദ്യമെങ്കിൽ അല്പം കുഴഞ്ഞതു തന്നെ. കാര്യമായിട്ടൊന്നും ഇല്ല എന്നതാണ്‌ സത്യസന്ധമായ ഒരു ഉത്തരം. രണ്ടു കാഴ്ചകളാണ്‌ അവിടെ ഉള്ളത്. ഒന്നു ശ്രീബുദ്ധൻ ജനിച്ച സ്ഥലവും അതിന്റെ ചുറ്റുപാടുകളും............... ബുദ്ധമതം നിലവിലുള്ള രാജ്യങ്ങൾ ആ പ്രദേശത്ത് കെട്ടിയുയർത്തിയിട്ടുള്ള ബുദ്ധവിഹാരങ്ങളാണ്‌ രണ്ടാമത്തേത്........... ബുദ്ധമതസന്യാസിമാർ താമസിക്കുന്ന ആശ്രമങ്ങളാണ്‌ “മൊണാസ്റ്ററികൾ” എന്നറിയപ്പെടുന്ന ഈ ബുദ്ധവിഹാരങ്ങൾ. ടിബറ്റ്, ചൈന, കൊറിയ, ജപ്പാൻ, ബർമ്മ, ശ്രീലങ്ക, തായ്‌ലന്റ് തുടങ്ങി ഒട്ടുമിക്ക പൂർവ്വേഷ്യൻ രാജ്യങ്ങളുടേയും മൊണാസ്റ്ററികൾ അവിടെ ഉണ്ട്. ഫ്രാൻസ് പോലെ ചില പാശ്ചാത്യരാജ്യങ്ങളുടേതും അവിടെ കണ്ടു. അതെല്ലാം നടന്നു കാണാം. അതാതു രാജ്യക്കാരുടെ വാസ്തുശില്പമാതൃകയിൽ പണിത ഈ കെട്ടിടങ്ങൾ ഒരു പക്ഷേ കാണികൾക്ക് രസകരമായിതോന്നിയേക്കാം. ഈ രാജ്യങ്ങളിൽ എത്തിപ്പെട്ട ഒരു പ്രതീതി വേണമെങ്കിൽ തോന്നാം. ശ്രീബുദ്ധന്റെ വലിയൊരു വെങ്കലപ്രതിമയും ഒരു മ്യുസിയവും വലിയ ഒരു വിശ്വശാന്തിസ്തൂപവും കെടാതെ കത്തുന്ന ഒരു ദീപജ്യോതിയും ഈ പ്രദേശത്തുണ്ട്. 3-4 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്നതാണ്‌ ഈ പ്രദേശം.

കഴിഞ്ഞ നൂറ്റാണ്ടിൽ പുരാവസ്തുഗവേഷകരാണ്‌ മണ്മറഞ്ഞു കിടന്ന ലുംബിനി കണ്ടെത്തിയത്. ഉദ്ഘനനം ചെയ്യുമ്പോൾ കണ്ടെത്തിയ ഒരു അശോകസ്തൂപ(തൂൺ)വും അതിലെ ലിഖിതവും ആണ്‌ ഈ സ്ഥലത്തിന്റെ വസ്തുത പുറത്തു കൊണ്ടുവന്നത്. ശ്രീബുദ്ധൻ ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്ത് കണ്ട കെട്ടിടാവശിഷ്ടങ്ങളും ശ്രീബുദ്ധന്റെ ജനനം ചിത്രീകരിക്കുന്ന ഒരു ശിലാശില്പവും ശ്രീബുദ്ധൻ പിറന്നു വീണ സ്ഥലം അടയാളപ്പെടുത്തിയിരുന്ന ഒരു കരിങ്കല്ലും ആണ്‌ ഉദ്ഘനനത്തിൽ കണ്ടു കിട്ടിയത്. ഒരു മരത്തിന്റെ കൊമ്പിൽ പിടിച്ചു നില്ക്കുകയാണ്‌ മായാദേവി. നിലത്ത് കൊച്ചുബുദ്ധൻ നില്പുണ്ട്. കൂടെ ഒരു തോഴിയും ഉണ്ട്. ഇതാണ്‌ ഒട്ടും ആകർഷകമല്ലാത്ത, വികൃതമായ ആ ശില്പത്തിലുള്ളത്. അധികം വൈകാതെ ഈ നാശാവശിഷ്ടങ്ങൾക്കുചുറ്റും ഒരു കെട്ടിടം പണിത് അവയെ ഒരു സംരക്ഷിത സ്മാരകമാക്കി നിലനിർത്തി. ഈ കെട്ടിടത്തിനാണ്‌ മഹാമായാക്ഷേത്രമെന്ന് ഇപ്പോൾ വിവക്ഷിക്കുന്നത്. അല്ലാതെ അതിനകത്ത് ദൈനംദിനപൂജയോ അതുപോലെയുള്ള മറ്റെന്തെങ്കിലുമോ ഇല്ല. ആളുകൾ വരുന്നു, ഒരു കുഴിയിൽ ഒരു ഗ്ലാസ്കൂടിനകത്തു വച്ചിട്ടുള്ള അടയാളക്കല്ല് ബഹുമാനപുരസ്സരം നോക്കിത്തൊഴുന്നു, ചുവരിൽ പിടിപ്പിച്ചിട്ടുള്ള ശില്പത്തിൽ നോക്കുന്നു, കുറേ പണം അവിടെ വാരി ഇടുന്നു, ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ആ നാശാവശിഷ്ടങ്ങളെ ഒരു പ്രദക്ഷിണം വയ്ക്കുന്നു, (വേണമെങ്കിൽ ഹാ, കഷ്ടം എന്നു പറഞ്ഞ് മൂക്കത്ത് വിരലും വയ്ക്കാം.) തിരിച്ച് പുറത്തു കടക്കുന്നു. ഇത്രയുമാണ്‌ അതിനകത്ത് നടക്കുന്നത്. . അല്ലാതെ സാധാരണ ക്ഷേത്രത്തിൽ പോകുന്നതു പോലെ പോയിട്ടൊരു ശത്രുസംഹാരമുട്ട് നടത്തിക്കളയാം, ഒരു സ്വയംവരപൂജ നടത്തിയേക്കാം, പന്തീരടിപൂജയോ ഉദയാസ്തമനപൂജയോ നടത്താം, ഒരു ശയനപ്രദക്ഷിണം നടത്താം എന്നൊക്കെ കരുതി ആരെങ്കിലും മഹാമായാക്ഷേത്രത്തിൽ പോകുകയാണെങ്കിൽ അവർക്ക് നിരാശയായിരിക്കും ഫലം. അല്ലെങ്കിലും ഹിന്ദിയിലെ ‘ക്ഷേത്രം’ എന്ന വാക്കിനു ‘പ്രദേശം’ എന്ന ഒരു സാമാന്യമായ അർത്ഥമേ കൊടുക്കാനാവൂ. 

സന്ദർശകരിൽ ബഹുഭൂരിപക്ഷവും വിദേശിയരാണ്‌. മിക്കവാറും ബുദ്ധമത വിശ്വാസികൾ. ക്ഷേത്രത്തിനു പുറത്ത് കുഞ്ഞുബുദ്ധനെ കുളിപ്പിച്ചതെന്നു കരുതുന്ന ഒരു കുളം ഭംഗിയായി നിലനിർത്തിയിട്ടുണ്ട്. ഇതിനെ പുഷ്കരിണി എന്നാണ്‌ പറയുന്നത്. തൊട്ടടുത്തു തന്നെ ഒരു വലിയ സാലവൃക്ഷവുമുണ്ട്. മരങ്ങളിലെല്ലാം ബൗദ്ധന്മാരുടെ പലവർണ്ണത്തിലുള്ള കൊടിതോരണങ്ങളാണ്‌. ക്ഷേത്രമുറ്റത്തു തന്നെയാണ്‌ അശോകചക്രവർത്തി സ്ഥാപിച്ച അശോകസ്തൂപം. ശിലയിൽ പണിത ഒരു തൂണാണത്. അതിപ്പോഴും കേടു കൂടാതെ നില്ക്കുന്നു. ക്ഷേത്രപ്പറമ്പു നിറയെ ആ കാലഘട്ടത്തിൽ  ഉണ്ടായിരുന്നതും നശിച്ചുപോയതും (അതോ നശിപ്പിച്ചതോ) ആയ കെട്ടിടങ്ങളുടെ അടിത്തറകളാണ്‌. എല്ലാം നല്ല ഇഷ്ടികയിൽ പണിതവ.

ഞങ്ങൾ മായാദേവിക്ഷേത്രത്തിന്റെ മുന്നിലെത്തുമ്പോൾ അതിന്റെ പ്രധാന കവാടം അടഞ്ഞു കിടന്നു. എങ്കിലും ക്ഷേത്രപ്പറമ്പിൽ നിറയെ ആളുകളാണ്. സമയം വൈകുന്നേരമായിരുന്നു. നാലര മണിയ്ക്ക് സൂര്യൻ അസ്തമിക്കും. ഞാൻ കരുതി ഇന്നത്തെ പ്രവേശനം തീർന്നിരിക്കുമെന്ന്. പക്ഷേ കമ്പിവേലിക്കു ചുറ്റും ഒരു വട്ടം നടന്നപ്പോൾ അകത്തേക്കുള്ള വഴി കണ്ടു. വേഗം അടുത്തു കണ്ട കൗണ്ടറിൽ നിന്ന് രണ്ടു ടിക്കറ്റെടുത്തു. 20 രൂപ കൊടുത്തു. (16 നേപ്പാളി രൂപയാണ് ഒരു ടിക്കറ്റിന് ചാർജ്. 10 ഇന്ത്യൻ രൂപ സമം 16 നേപ്പാളി രൂപ. ഇന്ത്യൻ രൂപ നേപ്പാളികൾ സന്തോഷത്തോടെ സ്വീകരിക്കും. പണം എക്സ്ചെയ്ഞ്ച് ചെയ്യേണ്ട ഒരാവശ്യവും അവിടെ ഇല്ല.)
ഷൂ ഊരി വച്ച് ഞങ്ങൾ ക്ഷേത്രപ്പറമ്പിലേക്ക് കടന്നു. സെക്യൂരിറ്റിയും ദേഹപരിശോധനയും മറ്റുമുണ്ട്. പക്ഷേ എല്ലാം പേരിനാണെന്നു മാത്രം. ക്ഷേത്രത്തെക്കുറിച്ച് ഇനി കൂടുതൽ വർണ്ണനയുടെ ആവശ്യമേ ഇല്ല. ഇനി വേണമെങ്കിലോ? അതിന്  ഗൂഗിളും ഗൂഗിൾ സെർച്ചുമൊക്കെ ഉണ്ടല്ലോ. ഒന്നാന്തരം ഫോട്ടോകളും കാണാം. ബിൽഡിങ്ങിനകത്തേക്ക് കയറാൻ തിരക്കൊന്നുമില്ലായിരുന്നു. അകത്ത് ചെറിയൊരു തിരക്കുണ്ട്. "അടയാളക്കല്ലും ജനനശിൽപ്പവും" സൂക്ഷിച്ചു നോക്കാനും തൊഴാനും കുമ്പിടാനും അല്പം സമയം എടുക്കുന്നതു കൊണ്ടുള്ളതാണ് ഈ തിരക്ക്. 
ശവദാഹത്തിന്റെ രണ്ടാം ദിവസം ദഹനസ്ഥലത്ത് പോയി ആറടിയുള്ള ആ കുഴിയിലേക്ക് നോക്കിനിൽക്കുമ്പോഴുള്ള ഒരു ദു:ഖപ്രതീതിയാണ് എനിക്കവിടെ ഉണ്ടായത്. അറിഞ്ഞതുപോലെ,  ക്ഷേത്രത്തിന്റെ ഒരു ലക്ഷണവും അവിടെ ഇല്ല. പേരിൽ മാത്രമേ ക്ഷേത്രമുള്ളു. ഫോട്ടോഗ്രാഫി കർശനമായി നിരോധിച്ചിട്ടുണ്ട്. എന്നാലും ചിലർ ഒളിഞ്ഞും മറ്റും അവരുടെ മൊബൈലിൽ ഫോട്ടോ എടുക്കുന്നുണ്ട്. പുരാവസ്തുക്കാർ കുഴിച്ച കുഴികളും അപ്പോൾ കണ്ടുകിട്ടിയ കെട്ടിടാവശിഷ്ടങ്ങളും അവിടെ കേടുകൂടാതെ നിലനിറുത്തിയിരിക്കയാണ്.  "അടയാളക്കല്ലും ജനനശിൽപ്പവും" ആണ് ആളുകൾ അവിടെ ഭക്തിബഹുമാനപുരസ്സരം നോക്കിക്കാണുന്നത്.  ഞങ്ങൾ എല്ലാം നടന്നു നോക്കിക്കണ്ടു. അവിടമാകെ കറൻസി നോട്ടുകൾ ചിതറിക്കിടപ്പുണ്ട്. ആരാധകർ എറിഞ്ഞിട്ടുള്ളതാണവ. ഞാനൊരു 100 രൂപ എടുത്ത് ഭണ്ഡാരത്തിലിട്ടു.  "ക്ഷേത്ര"ത്തിന്റെ ഉൾവശമാണ് താഴെ ചിത്രത്തിൽ കൊടുത്തിരിക്കുന്നത്. ഇന്റെർനെറ്റിൽ നിന്നെടുത്തതാണിത്.  അശോകചക്രവർത്തി സ്ഥാപിച്ച സ്തൂപവും ഇവിടെ കൊടുത്തിട്ടുണ്ട്. 

മഹാമായാക്ഷേത്രത്തിന്റെ ഉൾവശം
അശോകസ്തൂപം, പുറകിൽ മഹാമായാക്ഷേത്രം
ക്ഷേത്രത്തിനു പുറത്തിറങ്ങിയ ഞങ്ങൾ ക്ഷേത്രപ്പറമ്പിലെ ചിരപുരാതനമായ കെട്ടിടാവശിഷ്ടങ്ങൾ  നോക്കി നടന്നു കണ്ടു. വെറും അസ്ഥിവാരങ്ങൾ മാത്രം. ചരിത്രമുറങ്ങുന്ന ഈ സ്ഥലത്ത് നമുക്കറിയാത്ത എന്തെല്ലാം കാര്യങ്ങൾ നടന്നിരിക്കാം എന്ന് ഞാൻ ഓർത്തു.

അപ്പോൾ ഇവിടെ വച്ചാണ് ബുദ്ധൻ മായയിൽ നിന്ന് അല്ല, മഹാമായയിൽ നിന്ന് മോചിതനായത്. മായയിൽ നിന്ന് മോചിതനായിട്ടും സിദ്ധാർത്ഥൻ 29 വയസ്സുവരെ എല്ലാ ലൗകികസുഖങ്ങളും ആസ്വദിച്ചു എന്നാണ് കഥ. അപ്പോൾ മായയിൽ നിന്ന് മോചിതരാവാത്ത നമ്മളൊക്കെ സുഖത്തിനും പണത്തിനും മറ്റും പുറകെ പോകാതിരുന്നാലല്ലേ അത്ഭുതമുള്ളൂ? എല്ലാം ഒരു മായാജാലം!
ഞാൻ ബുദ്ധന്റെ അമ്മയെക്കുറിച്ച് ചിന്തിച്ചു. പാവം, മായാദേവി.... മഹാമായാ എന്നും അവർക്ക് പേരുണ്ട്.... മഹാമായാദേവി എന്നും പറയുന്നവരുമുണ്ട്. അവരുടെ ബഹുമാനാർത്ഥമാണ് മുമ്പ് മായാവതി യു. പി.യിലെ ഒരു സർവ്വകലാശാലക്ക് "മഹാമായാ യൂനിവേഴ്സിറ്റി" എന്ന് പുനർനാമകരണം ചെയ്തത്. മായാവതിയുടെ തന്നെ ഓർമ്മക്കായിട്ടാണ് ഈ നാമകരണമെന്ന് പറയുന്ന അസൂയാലുക്കളും കൂട്ടത്തിലുണ്ടെന്ന് കൂട്ടിക്കൊള്ളണം. ഒരു രാജാവിന്റെ ഭാര്യയായിരുന്നു മായാദേവി. അപ്പോൾ രാജ്ഞി എന്നു തന്നെ പറയാം. ശുദ്ധോദനന്റെ ഭാര്യയാവുന്നതിനു മുമ്പ് അവർ 'കസിൻസ്' ആയിരുന്നു. പണ്ടൊക്കെ ബാല്യ വിവാഹം നിലനിന്നിരുന്നതിനാൽ ഒരു 15 വയസ്സിലൊക്കെ അവരുടെ കല്യാണം കഴിഞ്ഞിട്ടുണ്ടാകണമെന്ന് കരുതണം.  ശുദ്ധോദനന് 20 വർഷം കുഞ്ഞുങ്ങളൊന്നും ഇല്ലായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. അങ്ങനെയാണെങ്കിൽ 35 വയസ്സു വരെ മായാദേവി ഗർഭവതി ആയില്ല എന്നു വേണം കരുതാൻ. കാര്യങ്ങളുടെ കിടപ്പു വച്ചുനോക്കുമ്പോൾ അവർ ഒരു 'മച്ചി' ആയിരുന്നൂ എന്നേ കരുതാനൊക്കൂ. അവർക്ക് ഒരു കുട്ടിയേ ജനിച്ചുള്ളൂ. അതീ ബുദ്ധനാണ്. ഒരു രാത്രിയിൽ അവർ ഉറങ്ങവേ ഒരു കൊമ്പനാന തന്റെ അടിവയറ്റിലേക്ക് പ്രവേശിച്ചതായി അവർ സ്വപ്നം കണ്ടുവത്രേ.  ഉണരുമ്പോൾ അവർ ഗർഭിണിയായിരുന്നു. ഇങ്ങനെയായിരിക്കാം ദൈവപുത്രന്മാർ ഭൂമിയിൽ ജന്മമെടുക്കുന്നത്. കന്യകയിലാണല്ലോ യേശുക്രിസ്തുവിന്റേയും ഉത്പത്തി. ഗർഭധാരണത്തിൽ ഒരു അസാധാരണത്വം ഉണ്ടായെങ്കിലും മായാദേവിയുടെ ഗർഭകാലത്ത് യതൊരു അസ്വാഭാവികതയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലായിരുന്നു. മാത്രമല്ല യഥാകാലം അവർ പ്രസവിക്കുകയും ചെയ്തു. രണ്ടു ദിവസം നേരത്തെയായോ എന്ന് വേണമെങ്കിൽ നമുക്ക് സംശയം പറയാം.  അതുകൊണ്ടാണല്ലോ അവരുടെ പ്രസവം വഴിയിലായിപ്പോയത്. കപിലവസ്തുവിലെ ശുദ്ധോദനന്റെ കൊട്ടാരത്തിൽ നിന്നും സ്വന്തം അമ്മയുടെ വീട്ടിലേക്ക് പ്രസവത്തിന് പോകുന്ന വഴിക്കാണല്ലോ അവർ ലുംബിനിയിൽ മരച്ചുവട്ടിൽ വച്ച് സിദ്ധാർത്ഥന് ജന്മം നൽകുന്നത്. മനുഷ്യർക്കേ കണക്ക് പിഴക്കാറുള്ളൂ. പ്രകൃതിക്കോ ദൈവങ്ങൾക്കോ അങ്ങനെ പറ്റാറില്ല. അവർ ദേവദഹയിലെ സ്വന്തം വീട്ടിലെത്തിയിരുന്നെങ്കിൽ ബുദ്ധൻ മരച്ചുവട്ടിൽ ജനിക്കുമായിരുന്നോ? ഇല്ല തന്നെ. തന്റെ ജീവിതത്തിലെ എല്ലാ പ്രധാനസംഭവങ്ങളും മരച്ചുവട്ടിൽ തന്നെ വേണമെന്ന് ശ്രീബുദ്ധന് നിർബന്ധമുണ്ടായിരുന്നു. അപ്പോൾ ദൈവപുത്രന്റെ കണക്ക് ശരിയായി എന്നല്ലേ കരുതേണ്ടത്?

വീട്ടിലേക്കുള്ള വഴിമദ്ധ്യേ ലുംബിനിയിൽ വച്ച് മായാദേവിക്ക് പ്രസവവേദന ഉണ്ടാകുകയും ഒരു സാലവൃക്ഷത്തിന്റെ കൊമ്പിൽ പിടിച്ചുനിന്നുകൊണ്ട് അവർ സിദ്ധാർത്ഥനെ പ്രസവിക്കുകയും ചെയ്തു എന്നാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. സാധാ പ്രസവം ആയിരുന്നില്ല അത്. പ്രകൃത്യാ ഉള്ള ഒരു സീസേറിയൻ പ്രസവമായിരുന്നു അത്. ദൈവപുത്രന്റെ ജനനം മഹത്തരമായിരിക്കണമെന്നും അത് "മലീമസ"മായ മാർഗ്ഗത്തിലൂടെ ആകരുതെന്നും ഉള്ളത് പ്രകൃതിയുടെ നിയമമായിരുന്നതുകൊണ്ട് മായാദേവിയുടെ വലതുവശത്തുനിന്നായിരുന്നത്രേ സിദ്ധാർത്ഥന്റെ ജനനം. ഇമ്മാതിരിയുള്ള സീസേറിയൻ പ്രസവം കൊണ്ടാണോ എന്തോ പ്രസവത്തിന്റെ ഏഴാം ദിനത്തിൽ മായാദേവി മരണപ്പെടുകയാണുണ്ടായത്.  ശ്രീബുദ്ധന് ജന്മം നൽകുക എന്ന ഒരൊറ്റ ലക്ഷ്യമേ അവരുടെ ജീവിതത്തിനുണ്ടായിരുന്നുള്ളൂ. മറിച്ചു പറഞ്ഞാൽ ശ്രീബുദ്ധന് ജന്മം നൽകാനുള്ള ഒരു ഉപകരണം മാത്രമായിരുന്നൂ മായാദേവി. സത്യത്തിൽ ശുദ്ധോദനനു പോലും ആ പ്രക്രിയയിൽ പങ്കില്ലായിരുന്നു.  അതാണ് ഞാൻ ആദ്യമേ അവരെക്കുറിച്ച് പാവം എന്നു പറഞ്ഞത്. സത്യത്തിൽ പ്രസവം ആയിരുന്നില്ല അവരുടെ മരണകാരണം. ദൈവപുത്രൻ കിടന്ന ഗർഭപാത്രത്തിൽ മനുഷ്യപുത്രൻ കിടക്കുന്നത് ദൈവനീതിക്ക് നിരക്കുന്നതല്ല. അപ്പോൾ, മായാദേവി വീണ്ടും ഗർഭിണിയാകാതിരിക്കാൻ ഉള്ള ഒരേ ഒരു ഉപാധി അവരുടെ മരണമായിരുന്നു. അതത്രേ അവരുടെ മരണകാരണം.  ദൈവപുത്രൻ കിടക്കാനുള്ള ഗർഭപാത്രത്തിൽ ഒരു മനുഷ്യക്കുഞ്ഞു കിടന്ന് അശുദ്ധമാകരുതെന്നതു കൊണ്ടായിരിക്കാം അവർ മുമ്പ് ഗർഭം ധരിക്കാതെ പോയതും. പക്ഷേ ഒന്നുണ്ടായി... അവർക്ക് മരണാനന്തരം തുസിതസ്വർഗ്ഗത്തിൽ വസിക്കാനായി എന്നാണ് ബുദ്ധചരിതങ്ങൾ പറയുന്നത്. തുസിതസ്വർഗ്ഗമെന്നത് ഹിന്ദുക്കൾ പവിത്രമെന്നു കരുതുന്ന ത്രയസ്ത്രിംശസ്വർഗ്ഗമാണ്. സ്വർഗ്ഗത്തിലായാലെന്ത്, കൊഞ്ചിച്ച് കൊതി മാറാത്ത കുഞ്ഞിനെ വിട്ടുള്ള ജീവിതം ഒരമ്മയ്ക്ക് ഓർക്കാൻ പറ്റുമോ? അവരാ സ്വർഗ്ഗത്തിൽ എന്തു ചെയ്തിരിക്കും? പാവം! കഷ്ടം!!!

ശ്രീബുദ്ധന് ത്രിലോകങ്ങൾ കാണാനുള്ള കഴിവുണ്ടായിരുന്നു. ബോധോധയം ലഭിച്ച ശേഷം അദ്ദേഹം തുസിതസ്വർഗ്ഗത്തിൽ പോയിരുന്നുവത്രേ. സ്വന്തം അമ്മ അവിടെ നീറി നീറി കഴിയുകയാണെന്ന് അദ്ദേഹം തന്റെ ദിവ്യദൃഷ്ടിയിൽ കണ്ടിരിക്കണം. അവർക്ക് ബുദ്ധമത തത്വങ്ങൾ പറഞ്ഞു മനസ്സിലാക്കാനും അതു വഴി അവർക്ക് അനുഗ്രഹം നൽകാനുമായിരുന്നു അദ്ദേഹത്തിന്റെ സ്വർഗ്ഗയാത്ര.  അതുവഴി മായാദേവിക്ക് പരമമായ മോക്ഷം ലഭിച്ചുവത്രെ. ആ......, അത്രയെങ്കിലുമായി.... എന്തായാലും ശ്രീബുദ്ധന് ജന്മം നൽകാനുള്ള ത്യാഗസുരഭിലമായ ജീവിതം മായാദേവിയെ അനശ്വരയാക്കി. ലുംബിനിയിൽ മാത്രമല്ല ഏഷ്യയുടെ പല ഭാഗത്തും അവരുടെ പേരിൽ ക്ഷേത്രങ്ങളുണ്ട്.

തുസിതസ്വർഗ്ഗത്തിൽ നിന്ന് ശ്രീബുദ്ധൻ ഭൂമിയിലേക്ക് മടങ്ങിയത് കൈലാസം വഴി ആയിരുന്നുവത്രേ. 'സങ്കാസ്യ' എന്ന സ്ഥലത്തായിരുന്നു അദ്ദേഹം തിരിച്ചിറങ്ങിയത്. ഈ സ്ഥലം ആഗ്രക്കും കനൂജിനും ഇടയ്ക്കാണ്. കനൂജ് - കേട്ടിട്ടില്ലേ, പഴയ ആ കന്യാകുബ്ജം? പൃഥ്വീരാജനും സംയുക്തയുമായുള്ള തീവ്രപ്രണയത്തിന്റെ പശ്ചാത്തലം! അവിടെ ശ്രീബുദ്ധനുമായി ബന്ധപ്പെട്ട പലതും ഉദ്ഘനനം ചെയ്യപ്പെട്ടിട്ടുണ്ട്. ബുദ്ധമതവിശ്വാസികളുടെ ഒരു പുണ്യസ്ഥലമാണ് സങ്കാസ്യ അഥവാ സാങ്കിസ.

ബുദ്ധന്റെ ജനനം വീക്ഷിക്കാൻ വിഷ്ണുവും ബ്രഹ്മാവും സന്നിഹിതരായിരുന്നുവത്രേ.  ഛെ, ഛെ, ബുദ്ധന്റെ ജനനം കാണാനായിരുന്നുവോ അതോ ഒരു സ്ത്രീയുടെ പ്രസവം കാണാനായിരുന്നുവോ ഇവർ വന്നത്? വേറേ വല്ല ആണുങ്ങളും ആയിരുന്നെങ്കിൽ അവർക്ക് അങ്ങോട്ട് പ്രവേശനം കിട്ടുമായിരുന്നുവോ?
സമയം സന്ധ്യ കഴിഞ്ഞിരിക്കുന്നു. പക്ഷേ മണി നാലു കഴിഞ്ഞിട്ടേ ഉള്ളു; പരിസരമാകെ ഇരുട്ട് പരന്നിരിക്കുന്നു. മഴ ചാറുന്നുമുണ്ട്. കിടക്കാനൊരു സ്ഥലം കിട്ടിയില്ലെങ്കിൽ രാത്രി കുഴഞ്ഞതു തന്നെ. ഞങ്ങൾ നടത്തത്തിന് വേഗം കൂട്ടി.

                                                                                        . . . . . . . . . . . . . . . . . . . . . . . . . . . തുടരും.

2014, ഡിസംബർ 20, ശനിയാഴ്‌ച

ബുദ്ധന്റെ മണ്ണിൽ - മൂന്ന്

കാലം മുന്നോട്ടു പോകവേ ജാതക കഥകളിലൂടേയും പാഠപുസ്തകങ്ങളിലൂടേയും ഞാൻ പിന്നെ സിദ്ധാർത്ഥ ഗൗതമബുദ്ധനെക്കുറിച്ച പലതും മനസ്സിലാക്കി. രാജാവായി ജനിച്ച് തെണ്ടിയായി ജീവിച്ചവൻ....... ലൗകികസുഖങ്ങൾ വേണ്ടെന്ന് വയ്ക്കാൻ ധൈര്യം കാണിച്ചവൻ......... രാജ്യഭരണം മുൾക്കിരീടമായാലോ എന്ന് പേടിച്ച് മകനെ തെണ്ടിയാക്കിയവൻ.... ഏഷ്യാ ഭൂഖണ്ഡത്തിനാകെ വെളിച്ചമേകിയവൻ.... സത്യത്തിന്റേയും അഹിംസയുടേയും മഹത്വം ലോകത്തിനു കാണിച്ചു കൊടുത്തവൻ.... ദൈവമില്ല എന്ന് ഉച്ചത്തിൽ പറഞ്ഞ നാസ്തികൻ..... പുനർജ്ജന്മമുണ്ടെന്നും നമ്മുടെ കർമ്മഫലങ്ങളാണ് നമ്മളനുഭവിക്കുന്നതെന്നും പറഞ്ഞവൻ.... കാമക്രോധലോഭമോഹങ്ങളുപേക്ഷിച്ച് മദ്ധ്യമാർഗ്ഗം തേടാൻ ലോകത്തെ ഉപദേശിച്ചവൻ....

ഇത്രയും ജനശ്രദ്ധ പിടിച്ചു പറ്റിയ മറ്റൊരു ചരിത്രപുരുഷൻ ലോകത്ത് മറ്റാരുണ്ട്? വെറുതേയല്ല,  ശ്രീബുദ്ധൻ എനിയ്ക്കൊരു ആരാധനാമൂർത്തി തന്നെയായി മാറി......... അതുകൊണ്ടു തന്നെയാണ് എനിയ്ക്ക് ആൺകുഞ്ഞ് പിറന്നപ്പോൾ അവനിടാൻ മറ്റൊരു പേർ മനസ്സിൽ വരാതെ പോയത്. ഞാനവന് സിദ്ധാർത്ഥ് എന്നു തന്നെ പേരിട്ടു. രണ്ടാമതും ആൺകുഞ്ഞു പിറന്നപ്പോൾ ഞാൻ പക്ഷഭേദം കാണിച്ചില്ല; തഥാഗത് എന്ന് പേരിടണമെന്ന് കരുതിയെങ്കിലും പേരിന്റെ പ്രചാരദൗർലഭ്യം പരിഗണിച്ച് അതിടാതെ ഗൗതം എന്ന് പേരിട്ടു.  കേരളത്തിൽ ജീവിക്കുന്ന ഞാൻ ബുദ്ധനെ വിടാൻ ഭാവമില്ല എന്ന് കരുതിയതിനാലാണോ എന്തോ ദൈവം തീരുമാനിച്ചത് മറ്റൊന്നായിരുന്നു. "എങ്കിൽ നീ ഗൗതമബുദ്ധന്റെ പേരിലുള്ള നഗരത്തിൽ തന്നെ ജീവിച്ചു കൊള്ളുക" എന്നതായിരുന്നു ആ തീരുമാനം. അങ്ങനെയാണ് ഞാൻ ജീവിതത്തിന്റെ അർദ്ധശതകം തികയുമ്പോൾ ഉത്തരപ്രദേശിലെ  'ഗൗതം ബുദ്ധ നഗറി'ൽ എത്തുന്നത്... അതുകൊണ്ടെന്തുണ്ടായി? ലുംബിനിയും കപിലവസ്തുവും ബുദ്ധഗയയും സാരനാഥും കുശനഗറും സിദ്ധാർത്ഥ് നഗറും മഹാമായാ നഗറും മാത്രമല്ല  ഇന്ത്യ വിശദമായിത്തന്നെ കാണാനും അറിയാനും എനിയ്ക്കായി...... ഉത്തരേന്ത്യൻ സ്ഥലങ്ങൾ എനിയ്ക്ക് പരിചിതമായി.... ഹിമാലയമലനിരകൾ മാത്രമല്ല കൈലാസവും മാനസസരോവരവും വരെ എനിയ്ക്ക്  കാണുമാറായി......

 *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *  *   *   *   *   *   *   *   *   *
ബുദ്ധമതാനുയായികൾക്കും ഗൗതമബുദ്ധനെ ആരാധനയോടെ കാണുന്നവർക്കും ലുംബിനി എങ്ങനെയാണോ അതുപോലെയാണ് ക്രിസ്ത്യാനികൾക്ക് വത്തിക്കാനും മുസ്ലിങ്ങൾക്ക് മക്കയും എന്നു പറഞ്ഞാൽ ലുംബിനിയുടെ പ്രാധാന്യം ആർക്കും മനസ്സിലാകും. മരനിരകൾ തിങ്ങുന്ന മനോഹരമായ ഒരു ഗ്രാമീണജനപഥം - അതാണ് ലുംബിനി. ദക്ഷിണ നേപ്പാളിൽ ഭാരതത്തിന്റെ അതിർത്തിയോട് ചേർന്നാണ് ലുംബിനിയുടെ സ്ഥാനം. ഗോരഖ്പുർ ആണ് ലുംബിനിയുടെ പ്രവേശനകവാടം എന്ന് വേണമെങ്കിൽ പറയാം.

കുറേ മാസങ്ങളായി ലുംബിനിയിൽ പോകണമെന്ന് തോന്നാൻ തുടങ്ങിയിട്ട്. ഒരു രാത്രിയാത്രകൊണ്ടെത്താവുന്ന അത്ര അടുത്താണ് ലുംബിനി. എന്നിട്ടും അത് നടന്നില്ല. എന്തിനും ഉണ്ടല്ലോ ഒരു സമയം? അടുത്താണെങ്കിലും മുൻകൂട്ടിയുള്ള ആസൂത്രണമില്ലാതെ അങ്ങോട്ടെത്തുക പ്രയാസമാണ്. ഗോരഖ്പൂരിലേക്ക് റെയിൽവേ ടിക്കറ്റ് കിട്ടുക എന്നത് എളുപ്പമുള്ള കാര്യമല്ല. എപ്പോൾ റിസർവേഷനു നോക്കിയാലും ഒരുമാസത്തേക്ക് വെയിറ്റിങ്ങ് ലിസ്റ്റേ കിട്ടൂ. അതാണ് പറഞ്ഞത്, മുൻകൂട്ടിയുള്ള ആസൂത്രണം വേണമെന്ന്. ഏതായാലും ഒടുവിൽ ഞങ്ങൾക്ക് ടിക്കറ്റ് കിട്ടുക തന്നെ ചെയ്തു. അങ്ങനെയാണ് ഞാനും മകനും ലുംബിനിയിലേക്ക് തിരിച്ചത്.


ഗോരഖ്പുർ പൂർവ്വോത്തർപ്രദേശിലെ ഒരു പുരാതനനഗരമാണ്.  ഗോരഖ്പൂരിൽ വണ്ടി ഇറങ്ങിയ ഞങ്ങൾ സൊനൗലിയിലേക്കുള്ള ബസ്സിൽ കയറിയിരുന്നു. ഇന്ത്യ - നേപ്പാൾ അതിർത്തിയിലുള്ള ഇന്ത്യൻ ഗ്രാമമാണ് സൊനൗലി. സുനൗലി എന്നും പറയും. ഒരാൾക്ക് 90 രൂപ. 3 മണിക്കൂറെടുത്തു, 95 കിലോമീറ്റർ താണ്ടി ഈ പ്രൈവറ്റ് ബസ്സ് സൊനൗലിയിലെത്താൻ. വഴിയിൽ പാരലലായി റെയിൽവേ ട്രാക്ക് കാണാം. സുനൗലിക്കടുത്തുള്ള 'നവതാൻവ' വരെ വേണമെങ്കിൽ തീവണ്ടിയിൽ പോകാം. പക്ഷേ വണ്ടി ദുർല്ലഭമാണെന്നു മാത്രം. മണ്ണും പൊടിയും ചളിയും നിറഞ്ഞ വൃത്തികെട്ട ഒരു സ്ഥലമാണ് സുനൗലി. ബസ് സ്റ്റോപ്പിൽ നിറയെ സൈക്കിൾ റിക്ഷക്കാരാണ്. ബസ്സിറങ്ങുന്നവരെ അവർ പൊതിഞ്ഞു. ലുംബിനിയിലേക്കുള്ള വഴി കാണാപ്പാഠമായ എനിയ്ക്ക് അവരുടെ ആവശ്യമില്ല. ഞങ്ങൾ മുന്നോട്ട് നടന്നു. പത്തടി നടന്നാൽ അതിർത്തിയായി. അവിടെ ഇന്ത്യയുടെ ഭാഗത്ത് ഇന്ത്യൻ പോലീസുകാരും നേപ്പാളിന്റെ ഭാഗത്ത് നേപ്പാളീ പോലീസുകാരും ഡ്യൂട്ടിയിലുണ്ട്. പാസ്പോർട്ടോ വിസയോ ആവശ്യമില്ലാത്ത ഞങ്ങൾ ആരേയും ഗൗനിക്കാതെ അതിർത്തി കടന്നു. അല്പം നടന്നതേ ഉള്ളൂ... ലുംബിനി എന്ന് പറഞ്ഞതും ചെറിയൊരു ബസ്സ് കിട്ടിയതും ഒരുമിച്ചായിരുന്നു.... അവിടെ എല്ലാം കുട്ടിബസ്സുകളാണ്. 20 രൂപ കൊടുത്ത് ഞങ്ങൾ 'ബൈരഹവ'യിൽ ഇറങ്ങി. "ലുംബിനി ഗെയ്റ്റ്' എന്നെഴുതിയ ഒരു കമാനം ഞങ്ങളെ സ്വാഗതം ചെയ്തു.  ഇന്ത്യയോട് ചേർന്നുള്ള ഒരു നേപ്പാളീ നഗരമാണ് ബൈരഹവ. അതിന്റെ പുതുക്കിയ പേർ സിദ്ധാർത്ഥ് നഗർ എന്നാണ്.

ഭൈരഹവയിലെ റോഡിൽ ബസ്സുകൾ നിറുത്തിയിട്ടുണ്ട്. എല്ലാം ചെറിയ ബസ്സുകൾ. നമ്മുടെ നാട്ടിലെ പോലെയുള്ള വലിയ ബസ്സുകളൊന്നും അവിടെ കണ്ടില്ല. .... ടൂറിസ്റ്റു ബസ്സുകളല്ലാതെ. ലുംബിനി....ലുംബിനി.... എന്നു വിളിച്ചു പറഞ്ഞു കൊണ്ട് ബസ്സുകാർ യാത്രക്കാരെ വിളിക്കുകയാണ്. ആളൊഴിഞ്ഞ ഒരു ബസ്സിൽ ഞങ്ങൾ കയറി ഇരുന്നു. കണ്ടക്റ്റർക്ക് ഞാൻ 100 രൂപയെടുത്ത് കൊടുത്തു. 60 നേപ്പാളീ രൂപ അയാൾ തിരിച്ചു തന്നു. അപ്പോൾ ഒരാൾക്ക് 50 നേപ്പാളീ രൂപയാണ് ചാർജ്.  ഇവിടെ നിന്ന് 20 കിലോമീറ്ററേ ലുംബിനിയിലേക്കുള്ളു. അപ്പോൾ ഒരു കാര്യം എനിയ്ക്ക് മനസ്സിലായി. ഒന്നുകിൽ ഇവിടെ ബസ് ചാർജ് വളരെ കൂടുതലാണ്. അല്ലെങ്കിൽ ഇവർ കൂടുതൽ പൈസ എടുത്തിട്ടുണ്ട്. ഒരു കിലോമീറ്ററിന് ഒന്നര രൂപയോളമായി നിരക്ക്; അതും സാധാ കുട്ടിബസ്സ്.  ബസ്സ് പുറപ്പെടാൻ സമയമെടുത്തു.  മണി ഉച്ചക്ക് 2 കഴിഞ്ഞിരുന്നു. റോഡിൽ നിറയെ കച്ചവടക്കാരാണ്. ഞങ്ങൾ അര കിലോ ഓറഞ്ച് വാങ്ങി കഴിച്ചു. 20 ഇന്ത്യൻ രൂപ.

ബസ്സിൽ മുഖം മറച്ച പർദ്ദയിട്ട ധാരാളം മുസ്ലിം സ്ത്രീകളെ കണ്ടു. അടുത്തകാലം വരെ ഹിന്ദു രാഷ്‌ട്രമായിരുന്നെങ്കിലും ഇവിടെ മുസ്ലിങ്ങൾക്ക് ഒരു പഞ്ഞവുമില്ലെന്ന് എനിയ്ക്ക് യാത്രയിൽ  ബോദ്ധ്യമായി. അല്ലെങ്കിലും എനിയ്ക്ക് ഈ പ്രദേശത്തെ ഒരു ഉത്തരേന്ത്യൻ ഗ്രാമമായി മാത്രമേ കാണാനായുള്ളു.  ഒരു മണിക്കൂറിലധികം യാത്ര ചെയ്ത് ലുംബിനിയുടെ ചളിയും മണ്ണും നിറഞ്ഞ സ്റ്റോപ്പിൽ ബസ് യാത്ര അവസാനിപ്പിക്കുമ്പോൾ മണി നാലാകുന്നുണ്ടായിരുന്നു. വെറും നാട്ടിൻ പുറം. പുരോഗതിയോ വികസനമോ ഉള്ളതിന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ല. ഞങ്ങൾ ബസ്സിൽ നിന്നിറങ്ങി.

ഞങ്ങൾ ലുംബിനിയിലെത്തുമ്പോൾ മഴ പെയ്തുകൊണ്ടിരിക്കുകയാണ്‌. ലുംബിനിയിൽ ഇത് മഴക്കാലമാണോ എന്തോ? എനിയ്ക്കങ്ങനെ തോന്നിയില്ല......  വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ എന്നെ കണ്ടതുകൊണ്ടുള്ള ലുംബിനിയുടെ സന്തോഷാശ്രുക്കളാണ്‌ ഈ മഴത്തുള്ളികളെന്ന് എനിയ്ക്ക് തോന്നി........

ബുദ്ധഭഗവാന്റെ പേര് മക്കൾക്കായി പകുത്തു നൽകിയവൻ, അഞ്ചു വർഷമായി ഗൗതമബുദ്ധന്റെ പേരിലുള്ള ജില്ലയിൽ താമസിക്കുന്നവൻ, ബുദ്ധമതക്കാർ ശ്രേഷ്ഠമെന്ന് കരുതുന്ന കൈലാസത്തിനെ വലം വച്ചവൻ, എന്തിനും ഒടുവിൽ ബുദ്ധന്റെ മദ്ധ്യമാർഗ്ഗം അവലംബിക്കുന്നവൻ.... അങ്ങനെയുള്ള ഞാൻ ലുംബിനിയുടെ അയൽവക്കത്ത് താമസിച്ചിട്ടും ഇതു വരെ  ലുംബിനിയിലേക്കൊന്ന് തിരിഞ്ഞു നോക്കിയില്ലാ എന്നു വരികിൽ ലുംബിനിയുടെ ആത്മാവിനെ അത് ശോകാർദ്രമാക്കാതെ വയ്യ. ആ ശോകമായിരിക്കാം ഒരു പക്ഷേ മഴയുടെ രൂപത്തിൽ പ്രകൃതിയിൽ ഇപ്പോൾ കാണുന്ന ഈ അശ്രുധാരകൾ.....

ലുംബിനീ, അങ്ങനെ തോന്നുമ്പോൾ വരാവുന്ന സ്ഥലമായിരുന്നോ ഈ നേപ്പാൾ? നിനക്കറിയാമോ, ശ്രീലങ്കയുടെ കാര്യം? ബുദ്ധമതത്തെ മനസ്സും ശരീരവും കൊണ്ട് ഏറ്റുവാങ്ങിയ രാജ്യമാണ് ശ്രീലങ്ക. പക്ഷേ ബുദ്ധമതത്തിന്റെ നാടിനോട് അവർക്കത്തെ പിടിപ്പില്ലായിരുന്നു. അവരുടെ കടലിന്റെ സമീപത്തെത്തിയാൽ അവർ ഞങ്ങളെ  പിടിച്ച് ജയിലിലിടും. പിന്നത്തെ ജീവിതം പറയണോ? ഈ അടുത്ത കാലത്തല്ലേ കടലിൽ നിന്ന് പിടിച്ച കുറച്ച് തമിഴരെ ശ്രീലങ്കക്കാർ തൂക്കിക്കൊല്ലാൻ തീരുമാനിച്ചത്? പക്ഷേ ഇന്ന് ഞങ്ങൾക്കൊരു പ്രധാനമന്ത്രി ഉണ്ട്. അദ്ദേഹം രാജപക്ഷേയോട് പറഞ്ഞു, "ആശാനേ, അത് എന്റെ പിള്ളേരാണ്, അവരെ അങ്ങ് വിട്ടേര്" എന്ന്. പിന്നെ എന്തുണ്ടായി? രാജപക്ഷേ 'പക്ഷേ' എന്നു പോലും പറയാതെ അവരെ ജയിലിൽ നിന്നങ്ങു വിട്ടു. തമിഴർ ഒടുവിൽ ഇന്ത്യൻ തീരത്തെത്തുമ്പോൾ അവരെ സ്വീകരിക്കാൻ പനീർശെൽവം അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു.

ഇതൊക്കെത്തന്നെയല്ലേ ലുംബിനീ, ഞാൻ നിന്റെ മണ്ണിൽ കാൽ കുത്തുവാൻ വൈകിയതിന്റെ കാരണം? സംഗതി ഹിന്ദു രാഷ്‌ട്രം ഒക്കെത്തന്നെ ആയിരുന്നു. അയൽവാസിയും ആണ്. എങ്കിലും നേപ്പാളിന് ഉള്ളുകൊണ്ട് ഇന്ത്യയോട് അത്ര പോരായിരുന്നു എന്ന് നിനക്കറിയാമല്ലോ? ചൈനയോടൊരു പ്രത്യേക മമതയും. പോരാത്തതിന് മാവോയിസ്റ്റുകളുടെ നാടും. അടുത്ത കാലത്തല്ലേ ഈ മാവോയിസ്റ്റുകൾ അവിടെ 'പ്രചണ്ഡ'മായ ഒരു ഭരണം കാഴ്ച വച്ചത്?  പാസ്പോർട്ടും വിസയുമൊന്നുമില്ലാതെ ഒരു ഇന്ത്യക്കാരൻ ബുദ്ധഭഗവാൻ  ജനിച്ച നാട്ടിൽ വന്നാൽ ജയിലിലായിപ്പോയാലോ എന്നൊരു പേടി എനിയ്ക്കുണ്ടായിരുന്നു. പിന്നെ എന്റെ ഭാര്യയുടെ കാര്യമാണ് കഷ്ടം...  പക്ഷേ, ഞാൻ പറഞ്ഞില്ലേ, എനിക്കിപ്പോഴാ പേടി ഇല്ല. ലുംബിനിയിൽ വച്ച് നേപ്പാളീ പോലീസെന്നെ പിടിച്ചാൽ പിന്നെ ഞങ്ങളുടെ മോഡിജി വെറുതേ ഇരിക്കുമോ? അദ്ദേഹം കൊയ്‌രാളയെ ഒരു വിളി വിളിക്കുകയേ വേണ്ടു; ഞാൻ ഫ്രീ... പിന്നെ ഞാൻ ഡൽഹിയിൽ തിരിച്ചെത്തുമ്പോൾ സാക്ഷാൽ ഇന്ത്യൻ പ്രസിഡന്റല്ലേ എന്നെ ഇവിടെ സ്വീകരിക്കുക? അതൊക്കെയാണ് ലുംബിനീ, ഞാൻ ഇപ്പോൾ ഇങ്ങോട്ടെഴുന്നള്ളിയത്....

ഞാൻ ബാഗിലെ കുടയെടുത്ത് തുറന്നു. പക്ഷേ അതിൽ രണ്ടു പേർക്ക് നിൽക്കാനാകില്ല. മാത്രമല്ല പുറകിൽ കിടക്കുന്ന ബാഗ് നനയുകയും ചെയ്യുന്നു.... ഞാൻ കുട പൂട്ടി... എന്തിന് അതു കൂടി നനക്കണം? ഞങ്ങൾ മഴയത്ത് നടന്നു.... ഇല്ല... മഴ കുറയുന്നുണ്ട്.... കൊള്ളാവുന്നതേയുള്ളു.  ധാരാളം ലാമമാരും കാഷായവസ്ത്രധാരികളും അവിടെ കാണപ്പെട്ടു.  ഞങ്ങൾ മുന്നോട്ട് നടന്നു. അപ്പോൾ ഒരു വശത്തായി "ലുംബിനി: ലോകസമാധാനത്തിന്റെ ഉറവിടം" എന്നെഴുതിയ കമാനം കണ്ടു. അടുത്തു തന്നെ ധാരാളം സൈക്കിൽ റിക്ഷക്കാർ ഒരു സവാരി കിട്ടണേ എന്നു മോഹിച്ച് നിൽപ്പുണ്ട്. പക്ഷേ ഞാനവരെ ഗൗനിച്ചില്ല. നടക്കുന്നതാണ് എനിയ്ക്ക് പഥ്യം. ഞങ്ങൾ നടന്നു. മുന്നോട്ടും വശങ്ങളിലേക്കും വഴികൾ കാണുന്നുണ്ട്. വഴി ശരി തന്നെയോ എന്ന സംശയത്തിൽ ഞാൻ നടന്നു. എത്തപ്പെട്ടത് തൂവെള്ള നിറമണിഞ്ഞ സാക്ഷാൽ മഹാമായാക്ഷേത്രത്തിനുമുന്നിൽ തന്നെയായിരുന്നു.

                                                                                        . . . . . . . . . . . . . . . . . . . . . . . . . . . തുടരും.

2014, ഡിസംബർ 17, ബുധനാഴ്‌ച

ബുദ്ധന്റെ മണ്ണിൽ - രണ്ട്

നാട്ടിൻപുറങ്ങളിലെ വീടുകളിൽ ആടുമാടുകളെ വളർത്തുന്നത് സാധാരണമാണ്‌. നല്ല പാലും ചാണകവും കിട്ടാൻ ഇതാണ്‌ നല്ല മാർഗ്ഗം. ഞാൻ കുട്ടിയായിരുന്ന കാലത്ത് എന്റെ വീട്ടിലും ആടുകളേയും പശുവിനേയും വളർത്തിയിരുന്നു. പശു കുത്തുമോ എന്നുള്ള പേടി കാരണം പൈക്കളെ കൈകാര്യം ചെയ്തിരുന്നത് മുതിർന്നവരായിരുന്നു. എങ്കിലും ആടുകളേയും പശുക്കുട്ടികളേയും നോക്കുന്നതും മേക്കുന്നതുമൊക്കെ കുട്ടികളുടെ ജോലിയായിരുന്നു. അങ്ങനെ ആടുകളോടും ആട്ടിൻകുട്ടികളോടും പശുക്കുട്ടികളോടും അടുത്തിടപെടാനുള്ള അവസരം എനിയ്ക്ക് കുട്ടിക്കാലത്ത് ലഭിച്ചിരുന്നു. ആടിനേയും കൂട്ടി പറമ്പിലും പാടത്തും പോകുക എന്നത് ഞങ്ങൾ കുട്ടികളുടെ അവധിദിനങ്ങളിലെ ഒരു സ്ഥിരം പതിവായിരുന്നു. മരങ്ങളിൽ കയറി, ആടുകൾക്ക് അപ്രാപ്യമായതും അവയ്ക്ക് ഏറെ ഇഷ്ടപ്പെട്ടതുമായ ഇലകൾ പറിച്ചു കൊടുക്കുക എന്നത് എന്റെ ഒരു പ്രിയപ്പെട്ട വിനോദം കൂടിയായിരുന്നു. അത്തരം ഇലകൾ കിട്ടുമ്പോൾ ആടിന്റേയും ആട്ടിൻകുട്ടികളുടേയും സന്തോഷം ഒന്നു കാണേണ്ടതു തന്നെയാണ്‌. മാത്രമല്ല ഇലകൾ തിന്നു കഴിയുമ്പോൾ അവ നമ്മുടെ കയ്യിലും മറ്റും നക്കിത്തരുകയും ചെയ്യും; ഒരു പക്ഷേ അവർ ഇഷ്ടപ്പെട്ട സാധനം കിട്ടിയതിന്റെ നന്ദി അറിയിക്കുന്നതായിരിക്കും അത്. ഇങ്ങനെ മരങ്ങളിൽ കയറി ഇലകൾ പറിച്ചതുകൊണ്ടാകണം പത്താം ക്ലാസ് കഴിയുമ്പോഴേക്കും ഞാൻ ശരിക്കും ഒരു ‘മരംകേറി’ ആയി മാറിയിരുന്നു.

ആട്ടിൻകുട്ടികളുടെ കാര്യമാണ്‌ ഏറ്റവും രസം. ജനിച്ച് രണ്ടു ദിവസം കഴിയുമ്പോഴേക്കും അവ തുള്ളിച്ചാടാൻ തുടങ്ങും. ആട്ടിൻകുട്ടികളുടെ ഈ തുള്ളിക്കളി കാണാൻ നല്ല രസമാണ്‌. തുള്ളിക്കളിക്കുന്നതിനിടയിൽ അവ ഓടിച്ചെന്ന്‌ ആടമ്മയുടെ അമ്മിഞ്ഞ മുട്ടിമുട്ടിക്കുടിക്കും. വാലാട്ടിക്കൊണ്ട് അങ്ങനെ പാൽ കുടിക്കുമ്പോൾ ആട് അവയെ നക്കിക്കൊണ്ടേ ഇരിക്കും. ആട്ടിൻകുട്ടികളുടെ കളി കണ്ടിരിക്കാൻ കുട്ടികൾക്ക് വലിയ ഇഷ്ടമായിരിക്കും. ആട്ടിൻകുട്ടികളെ എടുക്കുന്നതും മിനുസമുള്ള ദേഹം തടവിക്കൊടുക്കുന്നതും മറ്റും അവയ്ക്ക് മാത്രമല്ല നമുക്കും ഇഷ്ടമാവും; ചെറിയ കുട്ടികൾക്ക് കളിക്കാൻ പറ്റിയ കൂട്ടുകാരാണ്‌ ആട്ടിൻകുട്ടികൾ എന്നാണ്‌ എന്റെ പക്ഷം. അവ ഒരു തരത്തിലും നമ്മെ ഉപദ്രവിക്കുകയില്ല. എനിയ്ക്ക് ഇപ്പോഴും ആട്ടിൻകുട്ടികളെ കാണുമ്പോൾ ഒന്നെടുക്കണമെന്നു തോന്നാറുണ്ട്.

ആടിനെപ്പറ്റി പറയുമ്പോൾ ആട്ടിൻകാട്ടത്തെക്കുറിച്ചു പറയാതെ വയ്യ. ഗുളിക ഗുളികയായി ആട് കാട്ടമിടുമ്പോൾ എനിയ്ക്ക് ഒരു അറപ്പും തോന്നാറില്ലായിരുന്നു. (ആട്ടിൻകാട്ടം എവിടെ കിടക്കുന്നു; നായക്കാട്ടവും മനുഷ്യമലവും എവിടെ കിടക്കുന്നു?) ആട് ഗുളികരൂപത്തിലാണെങ്കിൽ ആട്ടിൻകുട്ടികൾ കുന്നിക്കുരുവിന്റെ രൂപത്തിലാണ്‌ കാട്ടമിടുക. ആരാണീശ്വരാ, ആടിന്റെ വയറ്റിലിരുന്ന് ഇതിങ്ങനെ ഉരുട്ടി ഉരുട്ടി ഗുളികയാക്കുന്നത് എന്ന് ചെറുപ്പക്കാലത്ത് ഞാൻ കുറച്ചൊന്നുമല്ല ചിന്തിച്ചിട്ടുത്. ചിന്തകൾ ഇമ്മാതിരി ഒക്കെ ആയതുകൊണ്ടായിരിക്കണം വലുതായപ്പോൾ ഞാനിങ്ങനെയൊക്കെ ആയത്. നല്ലത് ചിന്തിച്ചാലല്ലേ മനുഷ്യൻ നന്നാവൂ? പക്ഷേ ഇനി ഇപ്പോൾ അതൊന്നും പറഞ്ഞിട്ടു കാര്യമില്ലല്ലോ?

ആട്ടിൻകുട്ടികളെപ്പോലെത്തന്നെയാണ്‌ പശുക്കുട്ടികളും. സൗമ്യവും നിഷ്ക്കളങ്കവുമാണ്‌ പശുക്കുട്ടികളുടെ പെരുമാറ്റം. എനിയ്ക്ക് പശുക്കുട്ടികളേയും വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ ദോശ, പഴം മുതലായ ഭക്ഷണപദാർത്ഥങ്ങളുടെ ഒരു പങ്ക് ഞാൻ ആരും കാണാതെ പശുക്കുട്ടിക്ക് കൊടുത്തുകൊണ്ടിരുന്നു. എല്ലാവരും പഴത്തൊലി കൊടുക്കുമ്പോൾ ഞാൻ തൊലി കളഞ്ഞ പഴമാണ്‌ അവയ്ക്കു കൊടുക്കുക. എപ്പോഴും കിട്ടാത്ത ഭക്ഷണമല്ലേ; അതുകൊണ്ടാകും ദോശയും മറ്റും കിട്ടിയാൽ ആർത്തിയോടെ അവ അത് തിന്നും. അതൊക്കെ കൊടുക്കുന്നതിനാലാവണം പശുക്കുട്ടികൾക്ക് എന്നോട് വളരെ ഇഷ്ടമായിരുന്നു. ഇഷ്ടമുള്ളവരെ കാണുമ്പോൾ ഒരു പ്രത്യേക ശബ്ദം ഈ മൃഗങ്ങൾ പുറപ്പെടുവിക്കും. പശുക്കുട്ടികളുടെ കാര്യമോർക്കുമ്പോൾ ദു:ഖകരമായ ഒരോർമ്മ എന്റെ മനസ്സിലുണ്ട്. വീട്ടിലെ പശു ഒരിക്കൽ പെറ്റത് ഒരു ആൺപശുക്കുട്ടിയെ ആയിരുന്നു. ഞങ്ങൾ അതിന്‌ 'മൂരിക്കുട്ടി' എന്നാണ്‌ പറയുക. അവ വളർന്നാണ്‌ കാളകൾ ഉണ്ടാകുന്നത്. വീടുകളിൽ കാളകളെ വളർത്താറില്ല. കുറച്ച് വലുതാകുമ്പോൾ അവയെ വിറ്റുകളയുകയാണ് വീടുകളിൽ പതിവ്. പാലിന്‌ വേണ്ടത് പശുവല്ലേ? അല്ലാതെ കാളകളല്ലല്ലോ. അതിനെ ഞാൻ 5-6 മാസം ലാളിച്ചു വളർത്തി.

ഞാൻ എൽ. പി. സ്കൂളിൽ പഠിക്കുന്ന കാലമാണ്‌. ഒരു ദിവസം സ്കൂൾ വിട്ടു വരുമ്പോൾ ഉണ്ട് എന്റെ മൂരിക്കുട്ടി വഴിയിലെ ഒരു മുസ്ലിമിന്റെ വീട്ടുമുറ്റത്ത് നില്ക്കുന്നു. അത് എന്നെക്കണ്ടിട്ടാണ്‌ കരഞ്ഞത്. ആ കരച്ചിൽ എനിയ്ക്ക് മനസ്സിലാകുകയും തിരിഞ്ഞു നോക്കുകയും ചെയ്തപ്പോഴാണ്‌ ഞാനതിനെ കാണുന്നത്. അയാളുടെ വീട്ടിൽ എന്തോ വിശേഷമുണ്ടെന്നും (കുറിക്കല്യാണമോ മറ്റോ) അതിന്‌ ഇറച്ചിക്കറി വയ്ക്കാൻ എന്റെ വീട്ടിലെ മൂരിക്കുട്ടിയെ അയാൾ വാങ്ങിയിരിക്കയാണെന്നും എനിയ്ക്കുടനെ മനസ്സിലായി. എനിയ്ക്ക് വന്ന സങ്കടത്തിന്‌ അതിരില്ലായിരുന്നു. പക്ഷേ അയാളുടെ മുറ്റത്തേക്ക് കയറാനുള്ള ധൈര്യമൊന്നും എനിക്കില്ലാത്തതിനാൽ അതിനെ ഒന്നു തടവാൻ പോലും എനിയ്ക്ക് പറ്റിയില്ല. വലിച്ചിട്ട് കിട്ടാത്ത കാലുമായി ഞാൻ മുന്നോട്ട് നടന്നു. എനിയ്ക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഞാൻ കാഴ്ചയിൽ നിന്ന് മറയുന്നതു വരെ ആ മൂരിക്കുട്ടി കരഞ്ഞുകൊണ്ടേ ഇരുന്നു. പാവം. അതിനെ രക്ഷിക്കാൻ കുട്ടിയായ എനിയ്ക്ക് കഴിയില്ല എന്നായിരുന്നു എന്റെ വിചാരം.

ഈ സംഭവത്തിനു ശേഷമാണ് ഞാൻ ആദ്യമായി സിദ്ധാർത്ഥനെ കുറിച്ച് അറിയുന്നതും പഠിക്കുന്നതും. L. P. സ്കൂളിലെ മലയാളം പാഠപുസ്തകത്തിലെ ഒരു പാഠത്തിലായിരുന്നു സിദ്ധാർത്ഥനെ കുറിച്ചുള്ള ഒരു കഥ ഉണ്ടായിരുന്നത്. കഥ ഇങ്ങനെയാണ്. സിദ്ധാർത്ഥൻ രാജകുമാരനാണ്. കപിലവസ്തുവിലെ ശാക്യമഹാരാജാവായ ശുദ്ധോദനന്റെ മകൻ. സിദ്ധാർത്ഥന്റെ കസിനാണ് ദേവദത്തൻ. രണ്ടു പേരും ഒരുമിച്ചാണ് വളരുന്നതും പഠിക്കുന്നതും. സിദ്ധാർത്ഥൻ ഒരു സാധുക്കുട്ടിയായിരുന്നെങ്കിൽ ദേവദത്തൻ മഹാക്രൂരനായിരുന്നു. ഒരു ദിവസം ദേവദത്തൻ ഒരു അരയന്നത്തെ അമ്പെയ്ത് വീഴ്ത്തി. ഇതു കണ്ട സിദ്ധാർത്ഥൻ ഉടനെ ഓടിച്ചെന്ന് അരയന്നത്തെ എടുക്കുകയും അമ്പ് വലിച്ചൂരി അതിനെ ശുശ്രൂഷിക്കാൻ തുടങ്ങുകയും ചെയ്തു. അപ്പോഴേക്കും ദേവദത്തൻ അവിടെ എത്തുകയും അരയന്നം തന്റേതാണെന്ന് അവകാശമുന്നയിക്കുകയും ചെയ്തു. എന്നാൽ ദയാലുവായ സിദ്ധാർത്ഥൻ അരയന്നത്തെ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. വിട്ടുകൊടുത്താൽ ക്രൂരനായ ദേവദത്തൻ അതിനെ കൊല്ലുമെന്ന് സിദ്ധാർത്ഥന് അറിയാമായിരുന്നു. ഒടുവിൽ രണ്ടുപേരും അരയന്നത്തിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് തർക്കമായി. തർക്കം ഒടുവിൽ രാജാവിന്റെ മുന്നിലെത്തി. മനുഷ്യന് ജീവജാലങ്ങളെ കൊല്ലാൻ അധികാരമില്ലെന്നും അരയന്നത്തിന്റെ ജീവൻ നിലനിർത്താൻ ശ്രമിച്ച സിദ്ധാർത്ഥനാണ് അരയന്നത്തിന്റെ അവകാശി എന്നുമായിരുന്നു രാജഗുരുവിന്റെ അന്തിമവിധി. അങ്ങനെ സിദ്ധാർത്ഥൻ ഒരു ജീവിയെ രക്ഷിച്ചു. ഈ കഥ വായിച്ചു പഠിച്ചപ്പോഴേ ഞാൻ സിദ്ധാർത്ഥനെ മനസ്സിൽ മാർക്ക് ചെയ്തിരുന്നു. കുട്ടികൾ വിചാരിച്ചാലും കാര്യങ്ങൾ നടക്കുമെന്ന് ആ കഥ എന്നെ പഠിപ്പിച്ചു. ഒരു മൂരിക്കുട്ടിയെ രക്ഷിക്കാൻ കഴിയാത്ത എന്നെക്കുറിച്ച് എനിയ്ക്ക് അപ്പോൾ ലജ്ജ തോന്നാതിരുന്നില്ല.  എന്തായാലും സിദ്ധാർത്ഥൻ എന്ന പേർ എന്റെ മനസ്സിൽ പതിയാൻ ഈ കഥ ഇടയാക്കി.  "സിദ്ധാർത്ഥാ, നീയാടാ ആൺകുട്ടി" എന്ന് അപ്പോൾ എന്റെ മനസ്സ് എന്നോടു തന്നെ പറഞ്ഞു.   കുട്ടികൾ വിചാരിച്ചാൽ കാര്യങ്ങൾ നടക്കുമെന്ന് അങ്ങനെ കുട്ടിക്കാലത്ത് തന്നെ എനിയ്ക്ക് മനസ്സിലായെങ്കിലും വലുതായിട്ടുപോലും എന്തെങ്കിലുമൊക്കെ കാര്യം നടത്താൻ എനിയ്ക്ക് ആകാതെ പോയി എന്നു പറഞ്ഞാൽ എന്റെ കഴിവുകേടിനെ പറ്റി മറ്റെന്ത് പറയണം?
                                                                                                          .................... തുടരും