2014, നവംബർ 14, വെള്ളിയാഴ്‌ച

പ്രൈവറ്റ് കംഫർട്ട് സ്റ്റേഷൻ

നാട്ടിൽ നടക്കുന്ന ശുചിത്വഭാരതം പരിപാടിയാണ് എന്നെ ഇതെഴുതാൻ പ്രേരിപ്പിച്ചത്.  നേതാക്കന്മാരൊക്കെ ചപ്പുചവറുകൾ വാരുന്നതേ മാദ്ധ്യമങ്ങളിൽ കണ്ടുള്ളൂ. ആരും കക്കൂസുകളോ റെയിൽവേസ്റ്റേഷനിലെ റെയിൽവേ ട്രാക്കുകളോ വൃത്തിയാക്കുന്നത് കണ്ടില്ല. അത് കുറച്ച് കടുപ്പമായിരിക്കും.

ശുചിത്വഭാരതം പരിപാടിക്ക് മുമ്പ് തന്നെ തുടങ്ങിയതാണ് വീടുകളിലും പൊതുസ്ഥലങ്ങളിലും കക്കൂസുകൾക്ക് വേണ്ടിയുള്ള സ്ത്രീകളുടെ മുറവിളികൾ. ഉത്തർപ്രദേശിൽ ഈയിടെ രണ്ടു പെൺകുട്ടികളെ ബലാത്സംഗം ചെയ്ത്, കൊന്ന്, മരത്തിൽ കെട്ടിത്തൂക്കിയത് അവർ പൊതുസ്ഥലത്ത് ഒന്നിനോ രണ്ടിനോ പോയപ്പോഴായിരുന്നു. മലമൂത്രവിസർജ്ജനത്തിന് സൗകര്യമില്ല എന്ന് പറഞ്ഞ് കല്യാണം കഴിഞ്ഞ വധു വരന്റെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നതും ഇപ്പോൾ അവിടെ അത്ഭുതമല്ല. കക്കൂസ് നിർമ്മിക്കാനായി ഈയിടെ ഒരു മഹാരാഷ്‌ട്രക്കാരി തന്റെ താലി വിറ്റെന്നും വനിതാമന്ത്രി ചെന്ന് പുതിയ താലി പണിയിച്ചു കൊടുത്ത് എന്നും മറ്റും ഞാനീയിടെ പത്രത്തിൽ വായിച്ചു. സ്കൂളുകളിൽ ടോയ്‌ലെറ്റ് ഉണ്ടെങ്കിലേ അംഗീകാരം കൊടുക്കൂ എന്നോ മറ്റോ ആണ് കേരളമന്ത്രിമാർ ഇപ്പോൾ പറയുന്നതത്രെ.

ഈ വാർത്തകളൊക്കെ ആയിരിക്കാം പബ്ലിക് കംഫർട്ട് സ്റ്റേഷനെക്കുറിച്ചുള്ള ചിന്ത എന്റെ മനസ്സിൽ വളർത്തിയത്. അപ്പോൾ എന്റെ മനസ്സിൽ ആദ്യം കടന്നു വന്നത് തിരുവനന്തപുരത്തും (തമ്പാനൂർ) കൊല്ലത്തും ഉള്ള കെ.എസ്.ആർ.ടി.സി സ്റ്റേഷനിലെ പബ്ലിക് കംഫർട്ട് സ്റ്റേഷനുകളായിരുന്നു. ഞാൻ പറയുന്നത് 8-10 കൊല്ലം മുമ്പുള്ള കാര്യമാണു കെട്ടോ? ഇപ്പോഴതൊക്കെ അവിടെ ഉണ്ടോ ആവോ?  അന്നൊന്നും ഇപ്പോൾ സുലഭമായ 'സുലഭ് ടോയ്‌ലെറ്റ്' ഇല്ലായിരുന്നു. തിരുവനന്തപുരത്തു നിന്നും മലപ്പുറത്തേക്കുള്ള ബസ് യാത്രയിൽ ഈ രണ്ട് പബ്ലിക് കംഫർട്ട് സ്റ്റേഷനുകളിലും ഞാൻ ഓരോ തവണ കയറിയിട്ടുണ്ട്. ഒരു തവണ മാത്രം! അതു തന്നെ എന്റെ മൂക്കിന്റെ ഘ്രാണശക്തി കുറവായിരുന്നതു മൂലം. പിന്നീടൊരിക്കലും അവിടെ കയറിയിട്ടില്ല.

"ശൗചാലയം" എന്നായിരുന്നൂ പബ്ലിക് കംഫർട്ട് സ്റ്റേഷനുകൾക്ക് മലയാളത്തിൽ പറഞ്ഞിരുന്നത്. പക്ഷേ എവിടേയും അവയുടെ സ്ഥിതി വളരെ ശോചനീയമാണല്ലോ?. അതുകൊണ്ടായിരിക്കാം ഇപ്പോഴവയെ "ശോചനാലയം" എന്നു വിളിക്കുന്നത്. വിദ്യാ ബാലന്റെ പരസ്യത്തിൽ "ശോചനാലയം" എന്നാണ് കക്കൂസിന് പറയുന്നത്.  ഈ ഭോജനാലയത്തിൽ പോകുന്നവർക്കെല്ലാം പോകേണ്ടതുകൊണ്ടാണോ ആവോ ഇപ്പോഴിതിന് ശോചനാലയം എന്നു പറയ്ന്നത്? പറയുമ്പോൾ ഒരു പ്രാസമൊക്കെ വേണ്ടേ? അതായിരിക്കും.

ഞാൻ പബ്ലിക് കംഫർട്ട് സ്റ്റേഷനെക്കുറിച്ചും ആ സ്റ്റേഷനിൽ ആദ്യമായി കയറിയ വ്യക്തിയെക്കുറിച്ചും ചിന്തിച്ചു. 'പബ്ലിക്' എന്നാൽ പരസ്യമായ, രഹസ്യമല്ലാത്ത എന്നൊക്കെയാണർത്ഥം. കംഫർട്ട് എന്നാൽ ആശ്വാസം, സുഖം എന്നൊക്കെയും... അപ്പോൾ "പരസ്യമായി ഒന്നാശ്വസിച്ചു കളയാം" എന്ന് ആദ്യമായി അവിടെ കയറിയ വ്യക്തി കരുതിയിരിക്കണം. അതല്ലെങ്കിൽ 'പബ്ലിക്' എന്നെഴുതിയ അത്തരം സ്ഥലത്ത് ആര് പോകും? പക്ഷേ, ആ പബ്ലിക് കംഫർട്ട് സ്റ്റേഷനിലെ മൂത്രപ്പുരയും കക്കൂസ്പുരയും വളരെ വൃത്തിയായി കിടന്നതു കാരണം അയാൾക്ക് നിരാശയായിരുന്നിരിക്കണം ഫലം. ആകെ അടുച്ചുറപ്പാക്കിയ ആ മുറികളിൽ പരസ്യമായ ആശ്വാസം എങ്ങനെ സാധിക്കും? അയാൾ രഹസ്യമായി അവിടെ ഇരുന്നോ നിന്നോ കാര്യങ്ങൾ സാധിച്ചിരിക്കണം. അങ്ങനെ കാര്യങ്ങൾ സാധിക്കുമ്പോൾ മറ്റൊന്നും ചെയ്യാനില്ലല്ലോ? അപ്പോൾ അയാൾ ഇതൊരു "പ്രൈവറ്റ് കംഫർട്ട് സ്റ്റേഷൻ" അല്ലേ എന്ന് തീർച്ചയായും സംശയിച്ചിരിക്കണം. സ്റ്റേഷനിൽ കാര്യങ്ങൾ രഹസ്യമായി ചെയ്യുമ്പോൾ അതിനെ എങ്ങനെ 'പരസ്യാശ്വാസകേന്ദ്രം' എന്നു വിളിക്കും? അവിടെ ഇരുന്നപ്പോൾ അയാൾ ഇനി അവിടെ വരാനുള്ള ആളുകളെ കുറിച്ച് ചിന്തിച്ചിരിക്കണം.

"ഇനി ഇവിടെ കയറുന്നവർക്ക് പരസ്യമായി കംഫർട്ട് കിട്ടണമെങ്കിൽ ഞാൻ എന്തു ചെയ്യണം?" ഉയർന്ന പൗരബോധമുള്ള അയാൾ അവിടെ ഇരുന്ന് ഗാഢമായി ചിന്തിച്ചു.  ഇപ്പോൾ ഇതൊരു "പ്രൈവറ്റ് കംഫർട്ട് സ്റ്റേഷൻ" ആണ്. ഇതിനെ ഒരു "പബ്ലിക് കംഫർട്ട് സ്റ്റേഷൻ" ആക്കിയാലേ അത് സാധിക്കൂ എന്നയാൾക്ക് മനസ്സിലായി. "ചിന്തിക്കൂ, ഉത്തരം കിട്ടും" എന്നല്ലേ ആപ്തവാക്യം. അയാൾക്ക് ഉത്തരം കിട്ടുക തന്നെ ചെയ്തു.  അയാൾ വേഗം എഴുന്നേറ്റ് പുറത്ത് കടന്നു. വെള്ളമൊഴിക്കാനോ ആ സ്ഥലം വൃത്തിയാക്കാനോ അയാൾ മെനക്കെട്ടില്ല. വെള്ളമൊഴിച്ചു വൃത്തിയാക്കിയാൽ രണ്ടാമതായി വരുന്ന ആൾക്കും തന്നെപ്പോലെ രഹസ്യമായി കാര്യം സാധിക്കേണ്ടിവരുമല്ലോ എന്നയാൾ സങ്കടപ്പെട്ടു.

അധികനേരം കഴിഞ്ഞില്ല; പബ്ലിക് കംഫർട്ട് സ്റ്റേഷൻ എന്നു പേരുള്ള ആ പുതുപുത്തൻ പ്രൈവറ്റ് കംഫർട്ട് സ്റ്റേഷൻ നാറാൻ തുടങ്ങിയിരുന്നു. അതുകൊണ്ടു തന്നെ രണ്ടാമതു വന്ന ആൾ അതിന്റെ വാതിൽക്കൽ നിന്ന് ഉള്ളിലേക്ക് മൂത്രമൊഴിച്ച് തിരിച്ചു പോയി. കുറച്ച് കഴിഞ്ഞപ്പോൾ ആ പുതിയ കെട്ടിടമാകെ മലമൂത്രങ്ങളുടെ നാറ്റം തുടങ്ങി. അവിടന്നങ്ങോട്ട് വരുന്നവരെല്ലാം ആ കെട്ടിടത്തിന്റെ പുറത്ത് കാര്യങ്ങൾ പബ്ലിക് ആയി സാധിച്ച് സാധിച്ച് തിരിച്ച് പോയി. പിന്നീടതൊരു പതിവായി. ഇങ്ങനെയാണ് കെ.എസ്.ആർ.ടി.സി.യിലും നാടിന്റെ മറ്റു ഭാഗങ്ങളിലും "പബ്ലിക് കംഫർട്ട് സ്റ്റേഷൻ" നിലവിൽ വന്നത്. "പബ്ലിക് കംഫർട്ട് സ്റ്റേഷൻ" എന്ന ഈ ആശയം സാർവ്വത്രികമായതുകൊണ്ടാകാം ഇന്ത്യയിലെ റെയിൽവേ ട്രാക്കുകളിലും ഉത്തരേന്ത്യൻ നഗരങ്ങളിലും ചേരി പ്രദേശങ്ങളിലും എല്ലാം ആളുകൾ ഇപ്പോൾ വളരെ 'പബ്ലിക്' ആയിട്ടാണ് അവരുടെ കാര്യങ്ങൾ സാധിക്കുന്നത്.  അങ്ങനെയുള്ള ഒരു പബ്ലിക് കംഫർട്ട് സ്റ്റേഷനാണ് ഞാൻ താഴെ  ചിത്രത്തിൽ കൊടുത്തിരിക്കുന്നത്.


ഇപ്പോൾ എനിക്കൊരു സംശയമേ ഉള്ളൂ; നമ്മുടെ ആളുകൾക്ക് വേണ്ടത് "പബ്ലിക് കംഫർട്ട് സ്റ്റേഷൻ" ആണോ അതോ  "പ്രൈവറ്റ് കംഫർട്ട് സ്റ്റേഷൻ" ആണോ എന്ന്!

"പ്രൈവറ്റ് കംഫർട്ട് സ്റ്റേഷൻ" ആയിരിക്കും നല്ലത് എന്ന് തോന്നുന്നു. അപ്പോൾ ചുംബനം, ആലിംഗനം എന്നിങ്ങനെയുള്ള നമ്മുടെ പുതിയ അവകാശങ്ങൾക്കും ഈ പ്രൈവറ്റ് കംഫർട്ട് സ്റ്റേഷനിൽ സൗകര്യങ്ങൾ ഒരുക്കാമല്ലോ. 

2014, നവംബർ 12, ബുധനാഴ്‌ച

മലബാർ സിംഹം

പ്രിയപ്പെട്ട സഖാവേ,

താങ്കളുടെ മരണം മുതൽ ശവസംസ്കാരം വരെയുള്ള എല്ലാ രംഗങ്ങളും ഞാൻ 'റിപ്പോർട്ടർ' ചാനലിലൂടെ കണ്ടു. ചാനൽ മകന്റേതാണെങ്കിലും അവരുടെ ആ പ്രക്ഷേപണത്തിലൂടെ താങ്കളർഹിക്കുന്ന ആദരവും സ്നേഹവും അവർ പ്രകടമാക്കി. 

"നൂറ്റാണ്ടുകൾക്ക് മുമ്പായിരുന്നൂ രാഘവേട്ടൻ ജീവിച്ചിരുന്നത് എങ്കിൽ ഇന്നദ്ദേഹം ഏതെങ്കിലുമൊരു തെയ്യമായി കെട്ടിയാടപ്പെട്ടേനേ" എന്നാണ് ഇന്നലെ മരിച്ച താങ്കളുടെ നാട്ടുകാരി പി. വി. ഭാരതീദേവി പറഞ്ഞു വച്ചത്. എന്നെ മാത്രമല്ല എല്ലാ മലയാളികളേയും ആ പ്രയോഗം ആഴത്തിൽ സ്പർശിച്ചുകാണും. ആരും മനസ്സിലാക്കാതെ പോയ അങ്ങയുടെ മഹത്വമാണ് അവർ വെളിവാക്കിയത്. ഒന്നുമില്ലെങ്കിലും എ.കെ.ജിയുടെ സഹചാരിയായിരുന്നുവല്ലോ താങ്കൾ. 

എ.കെ.ജി. ആസ്പത്രി, പരിയാരം മെഡിക്കൽ കോളേജ്, പറശ്ശിനിക്കടവ് ആയുർവ്വേദ ആസ്പത്രി, സ്നെയ്ക്ക് പാർക്ക്, വിഷചികിത്സാകേന്ദ്രം, കണ്ണൂർ തുറമുഖം, വിഴിഞ്ഞം പ്രോജക്റ്റ്....... എല്ലാം മലയാളികൾക്ക് വേണ്ടിയുള്ള അങ്ങയുടെ സംഭാവനകളാണ്.


കണ്ണൂർ മുതൽ തിരുവനന്തപുരം വരെ പല നിയോജകമണ്ഡലങ്ങളിൽ നിന്നും അങ്ങ് കേരള നിയമസഭയിലെത്തി.

"ആന ചെരിഞ്ഞാലും പന്തീരായിരം" എന്നു കേട്ടിട്ടില്ലേ? അതുപോലെയായൊരുന്നൂ മരിച്ചപ്പോൾ താങ്കളുടെ അവസ്ഥ. യു. ഡി. എഫ്. കാർക്കുമാത്രമല്ല മാർക്സിസ്റ്റ്കാർക്കും താങ്കൾ ഇപ്പോൾ പ്രിയങ്കരനായിരിക്കുന്നു. (കഷ്ടം.) 

ഞാനതൊന്നുമല്ല ഇപ്പോൾ ഓർക്കുന്നത്. കഴിഞ്ഞ 30 കൊല്ലമായി താങ്കളെ സ്വൈരമായി വിഹരിക്കാൻ മാർക്സിസ്റ്റുകാർ വിട്ടിട്ടില്ല. അവരോട് പട വെട്ടിയായിരുന്നുവല്ലോ 1986 മുതലുള്ള താങ്കളുടെ ജീവിതം. അതൊന്നുമില്ലായിരുന്നെങ്കിൽ താങ്കളുടെ പ്രതിഭയിൽ നിന്ന് മെഡിക്കൽ കോളേജുകളും തുറമുഖങ്ങളും മാത്രമല്ല പ്രധാനപ്പെട്ട മറ്റു പലതും മലയാളിക്ക് ലഭിക്കുമായിരുന്നു. ഇല്ലേ?

അങ്ങേക്ക് എന്റെ ശോകപൂർവ്വമായ ആദരാഞ്ജലികൾ.

2014, നവംബർ 11, ചൊവ്വാഴ്ച

ബാലവേല

അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ നേതൃത്വത്തിൽ ജൂണ്‍ 12 ലോക ബാലവേല വിരുദ്ധ ദിനമായി ആചരിച്ചു വരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ബാലവേല  ഒരു സാമുഹ്യ തിന്മയാണെന്നാണ് ഇതിന് കാരണമായി പറയുന്നതത്രെ. കുട്ടികളെ വിദ്യാഭ്യാസവും ആരോഗ്യവും നല്‍കി വളര്‍ത്തുന്നതിന് പകരം ചൂഷണം ചെയ്യുകയാണ് ലോകമെങ്ങും എന്നാണ് ഇവരുടെയൊക്കെ കണ്ടുപിടുത്തം. കാരണങ്ങളൊന്നുമില്ലാതെ വെറുതെ എന്തെങ്കിലും ആചരിക്കാൻ പറ്റുമോ? ഇല്ല. അപ്പോൾ അതിനുള്ള കസർത്തുകളാണോ ഈ കണ്ടുപിടുത്തം?

സത്യത്തിൽ കുട്ടികൾ കമ്പ്യൂട്ടറുകൾ പോലെയാണ്. മടി കൂടാതെ, വിശ്രമമില്ലാതെ, പരാതി പറയാതെ, ഉറങ്ങുക പോലും ചെയ്യാതെ അവർ കൊടുത്ത പണി ചെയ്തുകൊള്ളും. അതല്ലേ കമ്പ്യൂട്ടറും ചെയ്യുന്നത്? ജോലികൾക്ക് കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിന്റെ കാരണവും അതു തന്നെയാണ്.  എന്നാൽ കമ്പ്യൂട്ടർ പ്രവർത്തിക്കണമെങ്കിൽ കരന്റ് വേണം, പവർ ബേക്കപ്പ് വേണം, വെളിച്ചം വേണം, ചിലപ്പോൾ റോബോട്ട് ഘടിപ്പിക്കണം എന്നിങ്ങനെ ഒരുപാട് സൗകര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ കുട്ടികളോടാണ് പണി പറയുന്നതെങ്കിൽ ഇതൊന്നും വേണ്ട. മാത്രമല്ല കമ്പ്യൂട്ടർ ചിലപ്പോൾ ഉറങ്ങുന്ന അവസ്ഥ (Sleep Mode) യിലായെന്നും വരും.  അങ്ങനെ നോക്കുമ്പോൾ പണിയെടുക്കുന്നതിൽ കമ്പ്യൂട്ടറുകളേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നതു് കുട്ടികൾ തന്നെയാണ്. അതുകൊണ്ടാണ് മലപ്പുറത്തെ അടക്കാക്കളത്തിലെല്ലാം ഇപ്പോഴും കുട്ടികളെത്തന്നെ ജോലിക്കെടുക്കുന്നത്.

പൊതുമേഖലയുടെ കാര്യമാണ് കഷ്ടം. ഗവണ്മെന്റിന്റെ ഒരൊറ്റ ഓഫീസിലും കുട്ടികളെ ജോലിക്കെടുക്കില്ല. ഒന്നുമില്ലെങ്കിലും ഓഫീസ് അടിച്ചു വാരാനെങ്കിലും അവരെ നിയോഗിക്കാമായിരുന്നു. അപ്പോൾ ഓഫീസും പരിസരങ്ങളും മാലിന്യമില്ലാതെ വൃത്തിയായിക്കിടക്കുമായിരുന്നു.  കമ്പ്യൂട്ടർ ജോലിയൊക്കെ ചെയ്യാൻ മുതിർന്നവരേക്കാൾ എത്രയോ മെച്ചം അവരാണ്.  പക്ഷേ ഈ കുട്ടികളെയൊന്നും ഒട്ടും വിശ്വസിക്കാൻ കൊള്ളില്ല. ഗവണ്മെന്റിലാകുമ്പോൾ വിശ്വാസമില്ലാത്തവരേയുംമേലുദ്യോഗസ്ഥന്മാരോട് കൂറില്ലാത്തവരേയും ജോലിക്കെടുക്കാവതല്ലല്ലോ? ഓഫീസർമാർക്ക് ചായ കൊണ്ടു പോയിക്കൊടുക്കുക, ഫയലുകൾ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുക എന്നിങ്ങനെയുള്ള ചെറിയ ജോലികളെങ്കിലും ചെറിയവരായ ഈ കുട്ടികളെ ഏൽപ്പിക്കാമായിരുന്നു. പക്ഷേ, ഞാൻ പറഞ്ഞില്ലേ, അവരെ ഒട്ടും നമ്പിക്കൂട.

കേട്ടിട്ടില്ലേ, രാജാവ് നഗ്നനാണെന്ന് വിളിച്ച് പറഞ്ഞത് ഒരു കുട്ടിയായിരുന്നു എന്ന കഥ. ഇതിൽ പരം ദേശദ്രോഹം വേറേ ഉണ്ടോ? വലിയവരാരെങ്കിലും അങ്ങനെ, ഉള്ളത് ഉള്ളതു പോലെ പറയുമോ? ചരിത്രത്തിൽ നിന്ന് പാഠം പഠിക്കുന്ന നമ്മൾ പിന്നെ എങ്ങനെ ഈ കുട്ടികളെ വിശ്വസിച്ച് ഒരു പണി ഏൽപ്പിക്കും? താൻ ചായ കൊണ്ടു വരുന്ന സമയത്തും ഫയൽ കൊണ്ടു പോകുന്ന സമയത്തും സീറ്റിലിരുന്ന് ഓഫീസർ കൂർക്കം വലിച്ചുറങ്ങുകയാണെന്ന് ഏതെങ്കിലും കുട്ടിജോലിക്കാരൻ പത്രക്കാരോടെങ്ങാൻ വിളിച്ചു പറഞ്ഞാൽ ഈ വലിയ ആഫീസർമാരുടെ പണി പോകില്ലേ? അപ്പോൾ നല്ലതെന്താ? ബാലവേല നിരോധിക്കുകതന്നെ. കുട്ടികൾ പട്ടിണി കിടന്നാൽ നമുക്കെന്ത് ചേതം?  ബാലവേലാനിരോധനം നീണാൾ വാഴട്ടെ.

*       *       *       *   *       *       *       *       *       *       *       *     *       *       *       *
രാജാവ് നഗ്നനാണെന്ന് ആ കുട്ടി വിളിച്ചു പറഞ്ഞിട്ട് ഇപ്പോൾ നൂറ്റാണ്ടുകളെത്ര കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ഒരു ചരിത്രകാരനും (കഥാകൃത്തും) ആ കുട്ടിയ്ക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന് കണ്ടുപിടിച്ച് രേഖപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. കുഞ്ഞിക്കൂനനെ വരെ മന്ത്രിയാക്കിയ പരമ്പര്യമുള്ള നാടാണ്  ഇത്. പക്ഷേ രാജാവ് നഗ്നനാണെന്ന് പറഞ്ഞ ആ കുട്ടിക്ക് മന്ത്രിസ്ഥാനം പോയിട്ട് ഒരു 'പട്ടും വളയും' വരെ കൊടുത്തതായി ഞാനെങ്ങും വായിച്ചിട്ടില്ല. എന്തിന് പട്ടും വളയും?  വിശപ്പ് മാറ്റാൻ ഒരു 'പിട്ടും കടലയും' പോലും വാങ്ങി കൊടുത്തിട്ടുണ്ടാകുമെന്ന് എനിയ്ക്ക് തോന്നുന്നില്ല.

ഇനി, അഥവാ, കുട്ടി ചെയ്തത് രാജ്യദ്രോഹമാണെന്ന് പറഞ്ഞ് അവനെ തട്ടിയിരിക്കുമോ? എന്നാൽ അതും നമ്മൾ വല്ലയിടത്തും വായിക്കേണ്ടതല്ലേ? ഭീമൻ ദുര്യോധനനെ കൊന്നതും അർജുനൻ കർണനെകൊന്നതും ബ്രിട്ടീഷുകാർ ഭഗത്സിംഗിനെ കൊന്നതും ഒക്കെ രേഖപ്പെടുത്തിയ നമ്മുടെ പൂർവ്വീകർ പിന്നെന്തേ ഈ കുട്ടിയെ കൊന്ന കാര്യം രേഖപ്പെടുത്താത്തത്? ആർക്കറിയാം? ഒന്നുമില്ലെങ്കിൽ കൊട്ടരത്തിൽ ശങ്കുണ്ണിക്കെങ്കിലും അതൊന്നെഴുതി വയ്ക്കാമായിരുന്നു. അതല്ലെങ്കിൽ 'വൈശാലി' പോലെയോ 'രണ്ടാമൂഴം' പോലെയോ എംടിക്കും അതൊന്ന് ശ്രമിച്ചു നോക്കാമായിരുന്നു. എനിക്കിപ്പോൾ തോന്നുന്നത് കുട്ടികളോടുള്ള അവഗണനയുടെ ഒരു ആഗോളഗൂഡാലോചനയുടെ ഫലമല്ലേ ഈ ചരിത്രനിരാസം എന്നാണ്. 'ബാർകോഴ'യിൽ വരെ ആഗോളഗൂഡാലോചന ഉണ്ടെന്നല്ലേ വി.എം. സുധീരൻ പറയുന്നത്?  ഇനി ഞാനായിട്ട് ചരിത്രം ചികഞ്ഞുനോക്കിയാലേ ഇതിനൊക്കെ ഒരു കൃത്യമായ അറിവ് പുറത്ത് വരൂ എന്നാണിപ്പോഴെന്റെ തോന്നൽ.

*       *       *       *   *       *       *       *       *       *       *       *     *       *       *       *
കുട്ടികളുടെ കാര്യം പറഞ്ഞപ്പോഴാണ് ഇന്റർനെറ്റിൽ കണ്ട ഒരു തമാശ ഓർമ്മയിൽ വന്നത്.  അതിങ്ങനെ.

നോബൽ സമ്മാനം കിട്ടിയപ്പോൾ ശ്രീമാൻ കൈലാസ് സത്യാർത്ഥി ഡൽഹിയിൽ വരികയും പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യുകയും ചെയ്ത കൂട്ടത്തിൽ സോണിയാജിയേയും കണ്ടുവത്രെ. അതേതായാലും നന്നായി. ഒരേ രംഗത്ത് പ്രവർത്തിക്കുന്നവർ കാണുന്നതും ചർച്ച ചെയ്യുന്നതും നല്ലതാണ്. സത്യാർത്ഥി 'ബച്പൻ ബചാവോ ആന്ദോളൻ' രംഗത്താണല്ലോ പ്രവർത്തിക്കുന്നത്. സോണിയാജി 'ബച്ചാ ബചാവോ ആന്ദോളൻ' രംഗത്തും.

2014, നവംബർ 10, തിങ്കളാഴ്‌ച

കരിങ്കണ്ണാ, നോക്ക്

വയസ്സാകുകയല്ലേ, സ്വന്തമായൊരു വീടുണ്ടായിരുന്നെങ്കിൽ കിടന്നു ചാവാൻ ഒരു സൗകര്യവും ചാവുമ്പോൾ ഒരു സമാധാനവും ഉണ്ടാകുമായിരുന്നു എന്ന വെളിപാടാണ് ഒരു വീടുണ്ടാക്കമെന്ന  എന്റെ തീരുമാനത്തിന്റെ അടിസ്ഥാനം. അങ്ങനെയാണ് നാട്ടിൽ ഭാര്യക്ക് പൈതൃകമായി കിട്ടിയ സ്ഥലത്ത് വീടിന്റെ പണി തുടങ്ങിയത്. അതിൽ പിന്നെ ഭാര്യ നാട്ടിലാണ്. ഞാൻ പതിവുപോലെ നഗരത്തിലും. പണി നടക്കണമെങ്കിൽ ആരെങ്കിലും മേൽനോട്ടം വഹിക്കണ്ടേ? ഞാൻ ലീവെടുത്ത് നാട്ടിൽ പോയി നിൽക്കാമെന്നാണെങ്കിൽ എത്രകാലമാ നിൽക്കുക? അപ്പോഴേയ്ക്കും കഞ്ഞിയിൽ പാറ്റ വീണേക്കും. അതുകൊണ്ട് 'ഞാൻ പോയി നിന്നോളാം' എന്ന് ഭാര്യ തന്നെയാണ് എന്നോട് പറഞ്ഞത്.

കോഴിയ്ക്ക് മുല വരുന്നത് പോലെയാണ് പണിയുടെ പുരോഗതി.  എന്നും രാത്രിയിൽ ഭാര്യ ഫോൺ ചെയ്യുമ്പോൾ അത് എനിയ്ക്ക് മനസ്സിലാകും. ഒറീസ്സക്കാരും കൽക്കട്ടക്കാരുമായ തൊഴിലാളികൾ എത്തിയെങ്കിൽ മാത്രമേ പണി നടക്കുകയുള്ളു. അവരൊക്കെ ഒരിക്കൽ നാട്ടിൽ പോയാൽ എപ്പോഴാണ് തിരിച്ചെത്തുക എന്നതിനൊന്നും ഒരു തീർച്ചയുമില്ല. എന്തായാലും പണി പതുക്കെ മുന്നോട്ട് നീങ്ങി. വീടിന്റെ ചുമരുകളൊക്കെ ആകാൻ തുടങ്ങിയപ്പോഴാണ് ഒരു ദിവസം ഉറങ്ങാൻ കിടക്കവേ ഒരു വേണ്ടാത്ത ചിന്ത എന്റെ മനസ്സിലൂടെ കടന്നു പോയത്. "റോഡുവക്കിലല്ലേ വീടുപണി നടക്കുന്നത്. വഴിപോക്കരൊക്കെ വീട് പൊങ്ങുന്നതും നോക്കിയായിരിക്കില്ലേ നടന്നു പോകുന്നത്. അവരുടെ കണ്ണു തട്ടാതിരിക്കാൻ എന്തെങ്കിലും ചെയ്യണം" എന്നതായിരുന്നു ആ ചിന്ത.

അടുത്ത ദിവസം ഫോൺ ചെയ്തപ്പോൾ ഞാൻ ഭാര്യയോട് പറഞ്ഞു.

"നീ, ഒരു കാര്യം ചെയ്യണം. കരിങ്കണ്ണാ, നോക്ക് എന്ന് എഴുതി ഒരു പലക പറമ്പിൽ വയ്ക്കണേ? വഴിപോക്കരുടെ കണ്ണു തട്ടാതിരിക്കാനാ"

"ഇവിടെ കുട്ടികളൊന്നുമില്ല എഴുതാൻ" അവൾ പറഞ്ഞു.

"നോക്ക്, നീയല്ലേ എന്റെ കുട്ടി, നീയെഴുതിയാൽ മതി", ഞാൻ പറഞ്ഞു.

എന്റെയല്ലേ ഭാര്യ,  ഇത്രയും പറഞ്ഞാൽ കാര്യം നടക്കുമെന്ന് എനിയ്ക്കുറപ്പുണ്ടായിരുന്നു.

"ശരി", അവൾ സമ്മതിച്ചു.

"ഇനി ഈ പലകക്ക് ഞാനെവിടെ പോകാനാ?" അവളെന്നോട് ചോദിച്ചു.

" അത് നമ്മുടെ ആശാരിയോട് പറഞ്ഞാൽ മതി, മുറ്റത്ത് ആവശ്യമില്ലാതെ കിടക്കുന്ന ഒരു ചെറിയ പലക അയാളെടുത്ത് തരും", ഞാൻ പറഞ്ഞു.

"അതിന് നമ്മുടെ മുറ്റത്ത് മരപ്പണിയൊന്നുമില്ലല്ലോ, അതൊക്കെ ആശാരിയുടെ വർക്ക് ഷോപ്പിലല്ലേ? പണി തീർന്ന ജനലും വാതിലും മാത്രമേ ആശാരി ഇങ്ങോട്ട് കൊണ്ടു വരാറുള്ളൂ." അവളുടെ മറുപടി.

"എന്നാലും നീയൊന്ന് ഫോൺ ചെയ്ത് നോക്ക്. ആശാരി ഒരെണ്ണം തരാതിരിക്കില്ല. ആവശ്യം പറഞ്ഞാൽ മതി." ഞാനവളെ പ്രോത്സാഹിപ്പിച്ചു.

രണ്ട് ദിവസത്തെ ശ്രമഫലമായി അവളൊരു ചെറിയ മരപ്പലക തരപ്പെടുത്തി.  കിട്ടിയ പാടേ അവളതെന്നോട് ഫോണിൽ വിളിച്ചു പറയുകയും ചെയ്തു. താൻ ശ്രമിച്ചാൽ കാര്യങ്ങൾ സാധിക്കും എന്നറിയിക്കാനുള്ള വെമ്പൽ അവളുടെ വാക്കുകളിൽ പ്രകടമായിരുന്നു.

"ഇനി നീ ഒരു കാര്യം ചെയ്യ്, ഒരു കരിക്കട്ടയെടുത്ത് ആ പലകയിൽ കരിങ്കണ്ണാ, നോക്ക് എന്നെഴുതിക്കോ. എന്നിട്ട് അത് വല്ല തെങ്ങിൻ തയ്യിലോ മരത്തിലോ കെട്ടിത്തൂക്കിക്കോ, നോക്കുന്നവർ കാണട്ടെ." ഞാൻ പറഞ്ഞു.

" ഈശ്വരാ, നമ്മൾ ഗാസല്ലേ ചേട്ടാ, അടുക്കളയിൽ ഉപയോഗിക്കുന്നത്? ഞാനെവിടെ ഈ കരിക്കട്ടയ്ക്ക് പോകാനാ?" വീണ്ടും അവളുടെ വക തർക്കുത്തരം.

"പണിക്കാർ ഊണിനു പോകുമ്പോൾ നീ അയൽ വീടുകളിലൊക്കെ ഒന്നു ചോദിച്ച് നോക്ക്, കിട്ടാതിരിക്കില്ല." ഞാൻ പ്രതിവചിച്ചു. 

അടുത്തൊക്കെ പാവപ്പെട്ടവരും അട്ടപ്പാടികളുമായ ആളുകൾ താമസിക്കുന്നുണ്ടാകുമെന്നും അവരൊക്കെ അടുക്കളയിൽ വിറകല്ലാതെ മറ്റൊന്നും ഉപയോഗിക്കില്ലെന്നും ഉള്ള ഉറച്ച വിശ്വാസമായിരുന്നു എനിയ്ക്ക്.

അവൾക്ക് മറുത്തൊന്നും എന്നോട് പറയാൻ പറ്റുമായിരുന്നില്ല.  അതുകൊണ്ട് "നോക്കട്ടെ" എന്നു പറഞ്ഞു കൊണ്ട് അവൾ ഫോൺ താഴെ വച്ചു.

പിന്നീട് രണ്ടു ദിവസം കഴിഞ്ഞപ്പോഴേ എനിക്കവളെ ഫോണിൽ കിട്ടിയുള്ളൂ. അടുത്തുള്ള കുടിലായ കുടിലിലെല്ലാം താൻ പോയെന്നും അവർക്കെല്ലാം 2 ഗാസ് സിലിണ്ടർ ഉണ്ടെന്നും നമുക്ക് ഒരു സിലിണ്ടറേ ഉള്ളൂ എന്നോർത്തപ്പോൾ വല്ലാത്ത നാണം തോന്നിയെന്നും ടൗണിൽ പോയാൽ കരിക്കട്ട വാങ്ങാൻ കിട്ടുമെന്ന് ആ കുടിലുകളിലുള്ള പെണ്ണുങ്ങൾ അവളോട് പറഞ്ഞു എന്നും മറ്റും ഫോണെടുത്തപ്പോൽ ഒറ്റ ശ്വാസത്തിൽ അവൾ  എന്നോട് പറഞ്ഞൊപ്പിച്ചു. നാണം കാരണമാണോ എന്തോ, അവളുടെ ശബ്ദം പൊങ്ങുന്നേ ഇല്ലായിരുന്നു.

ഈശ്വരാ, ഒരു കഷ്ണം കരിക്കട്ടയ്ക്ക് വേണ്ടി ടൗണിൽ പോകാനോ? എനിയ്ക്ക് ചിന്തിക്കാനായില്ല. പണ്ടൊക്കെ നാട്ടിൻ പുറത്ത് കരിക്കട്ടക്കും വെണ്ണീറിനുമൊന്നും ഒരു പഞ്ഞവുമില്ലായിരുന്നു. ഇപ്പോൾ നോക്കണേ, കാലം പോയ പോക്ക്!

10-15 കിലോമീറ്റർ പോയാലേ ടൗണിലെത്തു. ബസ്സിൽ കയറി ടൗണിൽ പോകുന്നത് അവൾക്ക് ചിന്തിക്കാനേ ആവില്ല. പണ്ടെപ്പോഴോ അങ്ങനെ പോയിട്ടുണ്ട്. ഒന്നും പറയണ്ട; നെഞ്ഞത്ത് തൊട്ടു, ചന്തിയിൽ നുള്ളി, തുടയിൽ മാന്തി, ഹൊ, എന്തൊക്കെയായിരുന്നു തിരിച്ച് വീട്ടിലെത്തിയപ്പോഴുള്ള അവളുടെ ആവലാതികൾ. പിന്നീടവൾ വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല.

" നീ, ടൗണിലൊന്നും പോണ്ട", ഞാനവളെ സമാധാനിപ്പിച്ചു.

"നമുക്കൊരു കാര്യം ചെയ്യാം. നമ്മുടെ പ്ലാനൊന്നു മാറ്റാം. കരിങ്കണ്ണാ, നോക്ക് എന്ന് എഴുതി വയ്ക്കുന്നതിനു പകരം ഒരു നോക്കുകുത്തി ഉണ്ടാക്കി നമുക്ക് പറമ്പിൽ തൂക്കാം. അതാകുമ്പോൾ ഇമ്മാതിരി പുകിലൊന്നുമില്ലല്ലോ." ഞാൻ പറഞ്ഞു.

അവളതിനു മറുപടിയൊന്നും പറഞ്ഞില്ല. ബസ്സിൽ കയറേണ്ട എന്നു കേട്ടപ്പോഴുള്ള ആശ്വാസത്തിന്റെ ആലസ്യത്തിലായിരുന്നിരിക്കണം അപ്പോഴവൾ എന്ന് ഞാൻ ഊഹിച്ചു..

"നീ ഒരു കാര്യം ചെയ്യ്, എന്റെ പഴയ ഒരു ഷർട്ടും മുണ്ടും എടുത്ത് വയ്ക്ക്. ബാക്കി ഞാൻ നാളെ വിളിക്കുമ്പോൾ പറയാം". ഞാൻ ഫോൺ താഴെ വച്ചു.

എന്റെ പഴയ മുണ്ടുകളും ഷർട്ടുകളുമെല്ലാം വെള്ളപ്പൊക്കക്കാർക്ക് കൊടുത്തുപോയെന്നും കഴിഞ്ഞ ഓണത്തിന് വാങ്ങിയ പുതിയ മുണ്ടും ഷർട്ടും എടുത്തു വച്ചിട്ടുണ്ടെന്നും പിറ്റെ ദിവസം വിളിച്ചപ്പോൾ അവൾ പറഞ്ഞു.

അതു കേട്ടപ്പോൾ അവൾ ഈ ലോകത്തൊന്നുമല്ലേ എന്നാണ് ഞാൻ സംശയിച്ചത്. പുതിയ മുണ്ടും  ഷർട്ടും എടുത്ത് ബോധമുള്ള ആരെങ്കിലും നോക്കുകുത്തി ഉണ്ടാക്കുമോ? ഇനി ഇപ്പോൾ അത് വേണ്ട എന്ന് പറഞ്ഞാൽ പഴയ മുണ്ടിനും ഷർട്ടിനും ഇനി ഞാനെവിടെ പോണം എന്നായിരിക്കും ഒരു പക്ഷേ അവളുടെ അടുത്ത ചോദ്യം. അതുകൊണ്ട് കോലമുണ്ടാക്കാൻ എന്റെ പുതുപുത്തൻ മുണ്ടും  ഷർട്ടും തന്നെ ആകട്ടെ എന്ന് ഞാൻ തീരുമാനിച്ചു.

മുണ്ടിന്റേയും  ഷർട്ടിന്റേയും ഉള്ളിൽ നിറയ്ക്കാൻ കുറേ വൈക്കോൽ സംഘടിപ്പിക്കാൻ ഞാൻ അവളോട് പറഞ്ഞു. അതു കേട്ടപ്പോൾ അവൾക്ക് വന്ന ദേഷ്യത്തിന് കണക്കില്ലായിരുന്നു. കൊയ്തും മെതിയും ഒന്നും ഇല്ലാത്ത ഈ നാട്ടിൽ നിന്നാണോ ഞാൻ വൈക്കോൽ സംഘടിപ്പിക്കേണ്ടത് എന്നായി അവൾ.

അവൾ പറയുന്നത് എനിയ്ക്ക് മനസ്സിലായില്ല. കൊയ്തും മെതിയും ഇല്ല, വൈക്കോൽ ഇല്ല എന്നൊക്കെ പറഞ്ഞപ്പോൾ അവൾ കേരളത്തിലല്ലേ ഉള്ളത് എന്ന് ഞാൻ സംശയിച്ചു. പശുക്കളുള്ള വീടുകളിലൊക്കെ വൈക്കോൽ ഉണ്ടാകുമെന്ന് ഞാൻ പറഞ്ഞത് അവളെ തൃപ്തിപ്പെടുത്തിയില്ല. മില്മാ പാൽ വാങ്ങുന്ന കേരളത്തിലാണോ പശുക്കൾ എന്നായി അവൾ. കൊല്ലങ്ങൾ കൂടുമ്പോൾ നാട്ടിലൊന്നോടിപ്പോയി തിരിച്ചെത്തുന്ന ഈ ഞാനവളോടേന്തു പറയാനാണ്? ഞാനറിയുന്ന കേരളത്തിൽ കൊയ്തും മെതിയും കൃഷിയും പശുവുമൊക്കെ ഉണ്ടായിരുന്നു.

നാളികേരത്തിന്റെ തൊണ്ട് വാങ്ങി ചകിരിയാക്കിയാൽ മുണ്ടിന്റേയും  ഷർട്ടിന്റേയും ഉള്ളിൽ നിറച്ച് നോക്കുകുത്തി ഉണ്ടാക്കാമല്ലോ എന്ന് ഞാൻ ഓർത്തു. അപ്പോൾ ഞാൻ അവളോട് പറഞ്ഞു, "എന്നാൽ വൈക്കോൽ വേണ്ട, ചകിരി മതി" എന്ന്.

നാളികേരമില്ലാത്ത ഈ നാട്ടിൽ നിന്നാണോ ഞാൻ ചകിരി വാങ്ങേണ്ടത് എന്നായി അവൾ. എനിയ്ക്കൊന്നും മനസ്സിലായില്ല.

"നീ ഇപ്പോൾ കേരളത്തിലല്ലേ?", ഞാൻ അവളോട് ചോദിച്ചു. അതവൾക്ക് ഇഷ്ടപ്പെട്ടില്ല.  ഞാനിപ്പോൾ കണ്ണൂരിൽ തന്നെ ആണെന്നും കേരളത്തിലിപ്പോൾ തെങ്ങത്ര സാധാരണമല്ലെന്നും  ഉള്ള തെങ്ങിന് മണ്ടയോ മണ്ടയുള്ള തെങ്ങിന് തേങ്ങയോ ഇല്ലെന്നും ഇനി അഥവാ അങ്ങനെ വല്ലതും ഉണ്ടെങ്കിൽ തെങ്ങിൽ കയറാൻ ആളില്ലെന്നും അതുകൊണ്ട് അവിടെ ചകിരി വാങ്ങുന്ന കാര്യമില്ലെന്നും അവൾ നിർബന്ധം പിടിച്ചു.

ഞാനാണെങ്കിലോ? മുണ്ടിന്റേയും ഷർട്ടിന്റേയും ഉള്ളിൽ കുറേ വൈക്കോൽ നിറക്കാം, മുണ്ടിനു താഴെ തേഞ്ഞ് ഓട്ടയായ ഒരു ഹവായ് ചെരിപ്പ് പിടിപ്പിക്കാം, ഷർട്ടിന്റെ കോളറിനു മേലെ ഒരു കുടം കമഴ്ത്താം എന്നൊക്കെ മനസ്സിൽ കാണുകയായിരുന്നു. പിന്നീടത് ആ പറമ്പിൽ വച്ചാൽ ആരും വീടുപണി നോക്കില്ലെന്നും അഥവാ നോക്കിയാൽ തന്നെ അവരുടെ കണ്ണൊന്നും കൊള്ളുകയില്ലെന്നും കണക്കു കൂട്ടാൻ ശ്രമിക്കുകയായിരുന്നു.  എന്റെ മനസ്സിലെ നോക്കുകുത്തിക്ക്  ഏതാണ്ട് താഴേ കൊടുത്ത രൂപമായിരുന്നു.

കഴിഞ്ഞ ആഴ്ച വൈശാലിയിലെ മലയാളിപ്പീടികയിൽ നിന്ന് ഒരു ലിറ്റർ വെളിച്ചെണ്ണ വാങ്ങിയപ്പോൾ 300 രൂപയോളമായത് ഞാനോർത്തു. 302 രൂപ എന്നാണ് അതിന്മേൽ എഴുതിയിരുന്നത്. അതോർത്തപ്പോൾ, ചകിരി വാങ്ങാൻ വയ്യ എന്ന എന്റെ ഭാര്യയുടെ നിലപാട് എനിയ്ക്ക് മനസ്സിലായി. നാട്ടിൽ നാളികേരം ഒരപൂർവ്വവസ്തുവായി വരികയായിരിക്കും. പിന്നെ എവിടന്നാ ചകിരി കിട്ടുക? അല്ലെങ്കിലും ഈ മോഡേൺ മലയാളിക്കെന്തിനാ നെല്ലും നാളികേരവും?

ചാലക്കുടിയിലുണ്ടാക്കുന്ന KPL Shudhi എന്ന എണ്ണക്കമ്പനിയുടെതായിരുന്നു  302  രൂപയുടെ ഈ വെളിച്ചെണ്ണ. പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിനു ഡൽഹിയിലേക്ക് വരുമ്പോൾ  ഒരു 4 കുപ്പി വെളിച്ചെണ്ണ കൊണ്ടുവരാൻ ഇന്നസെന്റിനോട് പറയാമായിരുന്നൂ എന്ന് എനിയ്ക്കപ്പഴേ തോന്നിയതായിരുന്നൂ. കേരളത്തിലാകുമ്പോൾ അതൊരു 150 രൂപക്ക് കിട്ടാതിരിക്കുമോ? അതിന്  ഇന്നസെന്റിന് എന്നെ പരിചയമുണ്ടായിട്ടു വേണ്ടേ? അല്ലാതെ, എനിയ്ക്ക് അദ്ദേഹത്തെ അറിയാമെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ?  അല്ലെങ്കിലും അദ്ദേഹത്തിന് വെളിച്ചെണ്ണ കൊണ്ടു വരലാണോ പണി?  ഒരു പൊട്ടന്റെ ഓരോ ചിന്തകളെയ്.

ഒരു നോക്കുകുത്തി ഉണ്ടാക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയിലധികമായില്യേ എന്ന് എന്റെ മനസ്സെന്നോട് ചോദിക്കാൻ തുടങ്ങിയിരുന്നു. ഉറങ്ങുമ്പോൾ മാത്രമല്ല ഓഫീസിലേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും എല്ലാം  പറമ്പിൽ കുത്തിവയ്ക്കാനുള്ള നോക്കുകുത്തിയായിരുന്നു എന്റെ മനസ്സിൽ.  ഒരു നോക്കുകുത്തി ഉണ്ടാക്കാനുള്ള ബുദ്ധി എനിയ്ക്ക് തരണേ എന്ന് നിസ്സഹായനായ  ഞാൻ ഓരോ ദിവസവും രാവിലെ നോയ്ഡ അയ്യപ്പസ്വാമിയോട് പ്രാർത്ഥിച്ചു.  പണ്ടൊക്കെയാണെങ്കിൽ ഒരു സ്കൂൾ കുട്ടി വിചാരിച്ചാൽ സാധിക്കുന്നതായിരുന്നു ഒരു നോക്കുകുത്തി. കഷ്ടം, കരിക്കട്ടയില്ലാത്ത കേരളം ഒരു കനലായി എന്റെ മനസ്സിൽ എരിഞ്ഞു.

ഓഫീസിലേക്ക് നടക്കുമ്പോൾ എല്ലാദിവസവും ഞാൻ ഐസക് ന്യൂട്ടനെക്കുറിച്ച് ചിന്തിച്ചു. തലയിൽ ആപ്പിൾ വന്നു വീണതുകൊണ്ടാണല്ലോ അദ്ദേഹത്തിന് ഗുരുത്വാകർഷണസിന്താന്തം കണ്ടുപിടിക്കാൻ കഴിഞ്ഞത്.  പണ്ട് ചെറുപ്പത്തിൽ മാങ്ങ പെറുക്കാൻ പോയപ്പോൾ എത്ര മാങ്ങ എന്റെ തലയിൽ വീണിട്ടുണ്ട്. എന്നിട്ട് എന്തെങ്കിലും സിന്താന്തം കണ്ടുപിടിക്കാൻ എനിയ്ക്ക് കഴിഞ്ഞോ? അതെങ്ങന്യാ? തലയിൽ ആപ്പിൾ വീണാലല്ലേ വല്ലതും നടക്കൂ? വല്ല ഹിമാചൽ പ്രദേശിലും ജനിച്ചിരുന്നെങ്കിൽ എന്റെ തലയിലും മാങ്ങക്കു പകരം ആപ്പിൾ വീഴുമായിരുന്നൂ എന്നും ഗുരുത്വാകർഷണത്തിന്റെ ഒരു ഡ്യൂപ്ലിക്കേറ്റ് സിന്താന്തം ഞാനും കണ്ടുപിടിക്കുമായിരുന്നൂ എന്നും ഞാനപ്പോൾ ഓർത്തു. ങാ, എന്തിനും ഒരു സമയമുണ്ട്, അല്ലേ ദാസാ?

ഓഫീസിൽ നിന്ന് വീട്ടിലേക്ക് നടക്കുമ്പോൾ "ഠോ" എന്ന ഒരൊച്ച കേട്ടാണ് റോഡിൽ ഞാൻ നിന്നത്. നോക്കുമ്പോൾ ഒരു വലിയ കണ്ടൈനർ ലോറി റോഡിൽ ഒരു വശം ചരിഞ്ഞു നിൽക്കുകയാണ്. അതിന്റെ ടയർ പഞ്ചറായിട്ടാണുള്ളത്. അതിൽ നിന്നാണാ ചെവി തുളക്കുന്ന ശബ്ദം വന്നതും.  ഞാൻ നോക്കുമ്പോൾ ഡ്രൈവർ സീറ്റിൽ നിന്ന് പുറത്തേക്ക് ചാടി ഇറങ്ങുകയാണ്.

ഓഫീസിൽ നിന്ന് വീട്ടിലേക്കുള്ള മടക്കയാത്രയായതിനാൽ എനിയ്ക്ക് ധൃതിയൊന്നുമില്ലായിരുന്നു. ഞാൻ പതുക്കെ ലോറിയുടെ അടുത്തേക്ക് നടന്നു. ലോറിയുടെ പുറകിൽ ഹിന്ദിയിൽ വലിയ അക്ഷരത്തിൽ "ബുരി നസർവാലേ, തേരാ മുഹ് കാലാ" എന്ന് എഴുതി വച്ചിരുന്നത് ഞാൻ കണ്ടു. അതിന്റെ താഴെ രണ്ട് രാക്ഷസരൂപങ്ങളും തൂക്കിയിട്ടിരുന്നു.  പിന്നെ വൈകിയില്ല; "കരിങ്കണ്ണാ, നോക്ക്" എന്നെഴുതിയ പലകയും വൈക്കോൽ നിറച്ച നോക്കുകുത്തിയും മനസ്സിൽ നിന്ന് പിഴുതെറിഞ്ഞ ഞാൻ നേരേ അടുത്തുള്ള ഗാസിയാബാദ് ചന്തയിലേക്ക് നടന്നു. അവിടെ നിന്ന് 2 രാക്ഷസരൂപങ്ങൾ വാങ്ങുകയും "ഇതവിടെ തൂക്കിക്കോ" എന്ന് ഒരെഴുത്തോടു കൂടി രണ്ടും ഭാര്യക്കയച്ചുകൊടുക്കുകയും ചെയ്തു.



ഈ രാക്ഷസന്മാർ രണ്ടുപേരുമിപ്പോൾ എന്റെ വീടുപണി നടക്കുന്ന പറമ്പിന്റെ മുന്നിലൂടെ പോകുന്നവരെ നോക്കിപേടിപ്പിക്കുകയായിരിക്കും.













2014, നവംബർ 5, ബുധനാഴ്‌ച

ചുംബനാലയങ്ങൾ

താൻ മാത്രം ചൂലെടുത്താൽ നാട് വൃത്തിയാവില്ലെന്നാണ് മോദിജി പറയുന്നത്. അത് നമുക്കെല്ലാവർക്കും അറിയുന്ന കാര്യവുമാണ്. എന്നിട്ടും എന്തേ കെജ്രിവാളിന്റെ കയ്യിൽ നിന്ന് ആ ചൂല് മോദിജി തട്ടിയെടുത്തത് എന്നേ എനിയ്ക്ക് മനസ്സിലാകാതെയുള്ളു. "ഇപ്പൊ ശരിയാക്കിത്തരാം, തുടച്ച് വൃത്തിയാക്കിത്തരാം" എന്നൊക്കെ പറഞ്ഞുകൊണ്ട് കെജ്രിവാൾ ഡൽഹിയിൽ തേരോട്ടം നടത്തുമ്പോഴാണ് മോദിജി ആരും അറിയാതെ കഴിഞ്ഞ ഒക്റ്റോബർ രണ്ടിന് ആ ചൂല് തട്ടിയെടുത്തത്. അതിൽ പിന്നെ ഡൽഹിക്കാർ  ആരും 'അണ്ടി പോയ അണ്ണാൻ' എന്ന പഴഞ്ചൊല്ല് ഉപയോഗിച്ചിട്ടേയില്ല; ഇപ്പോഴെല്ലാവരും അതിന് പകരം പറയുന്നത് 'ചൂലു പോയ കെജ്രിവാളിനെപ്പോലെ" എന്നാണ്. അണ്ടി പോയ അണ്ണാനെപ്പോലെയാണ് ഇപ്പോൾ ചൂലു പോയ കെജ്രിവാളിന്റെ നടത്തം. പാവം. നല്ലോരു പയ്യനായിരുന്നു. താനാണോ വലുത്, മോദിയാണൊ വലുത് എന്ന ഒരു സ്ഥലജലവിഭ്രാന്തി കാരണം എല്ലാം കളഞ്ഞു കുളിച്ചു.  അടുത്ത എലക്‌ഷന് കെട്ടി വച്ച കാശ് കിട്ടിയാൽ ഭാഗ്യം.

എന്തായാലും മോദിജിയുടെ ഉപദേശം കൈക്കൊണ്ടത് നമ്മുടെ ഇടതന്മാരാണ്. കേരളം അടിച്ചുകോരി വൃത്തിയാക്കിയിട്ടേ ഉള്ളു ഇനി വിശ്രമം എന്ന മട്ടിലാണ് അവരുടെ പണികൾ. നേതാവ് തന്നെ പുറത്തിറങ്ങി മാലിന്യം കോരിക്കളയുന്ന ചിത്രം ചാനലുകളിലെല്ലാം കണ്ടു.   പുഞ്ചിരി വിടരാത്ത ആ മുഖത്ത് മാലിന്യക്കൂമ്പാരത്തിലെ നാറ്റം തട്ടുമ്പോഴും ഒരു ഭാവഭേദവും കണ്ടില്ല.  ബി.ജെ.പി.ക്കാരു പോലും ഇത്രയും ആത്മാർത്ഥമായി മാലിന്യം വാരിയിട്ടുണ്ടോ എന്ന് സംശയം.  ഈശ്വരാ, ഇവരൊക്കെ ബി. ജെ. പി. ക്കാരായോ എന്ന് കേരളത്തിലെ ബി. ജെ. പിക്കാർ വരെ ചിലപ്പോൾ അത്ഭുതപ്പെട്ടിട്ടുണ്ടാകാം.  ഇനി മോദിയുടെ കയ്യിൽ നിന്ന് ചൂല് തട്ടിയെടുക്കാമെന്നാണ് മോഹമെങ്കിൽ ആ വെള്ളം അങ്ങ് വാങ്ങി വയ്ക്കുന്നതായിരിക്കും നല്ലത്.

മാലിന്യം അടിച്ച് വാരുന്നതു പോലെത്തന്നെ പ്രധാനമായ മറ്റൊരു കാര്യമാണ് നാടെങ്ങും ശൗചാലയങ്ങൾ നിർമ്മിക്കുന്നത്. പൊതുടോയ്‌ലെറ്റുകൾ ഇല്ലാത്തതു കാരണം വീട്ടിനു പുറത്തിറങ്ങുന്ന പെണ്ണുങ്ങൾക്ക് ശരാശരി 13 മണിക്കൂറെങ്കിലും മൂത്രസ്സഞ്ചി അടക്കിപ്പിടിക്കേണ്ടി വരുന്നൂ എന്നൊക്കെ ഇപ്പോഴാണ് എല്ലാ പൗരന്മാർക്കും മനസ്സിലായി തുടങ്ങുന്നത്. Better to be late than never എന്നല്ലേ. നല്ലത് തന്നെ.

ഭാര്യയായിട്ട് പെണ്ണൊരുത്തി എന്റെ കൂടെയുണ്ടെങ്കിലും വീടിന് പുറത്തിറങ്ങാൻ അവളെ കിട്ടില്ല. പുറത്തിറങ്ങിയാൽ മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട് തന്നെ കാരണം. പണ്ട് കല്യാണം കഴിഞ്ഞ കാലത്ത് കുറച്ച് ദിവസം, കൂടെ പുറത്തൊക്കെ നടന്നതാണ്. അത്ര തന്നെ. അന്നൊരിക്കൽ അവൾക്ക് വഴിയിൽ വച്ച് മൂത്രമൊഴിക്കണമെന്ന് പറഞ്ഞപ്പോൾ "ശരി, ആകട്ടെ, നമുക്കൊരു ഹോട്ടലിൽ കയറാം" എന്ന് ഞാനവളോട് പറഞ്ഞതാണ്.  അപ്പോൾ അവൾ പറയുകയാണ്, എങ്കിൽ പിന്നെ ഞാനിവിടെ റോഡിലിരുന്ന് മൂത്രമൊഴിച്ചോളാം, അപ്പോൾ ഇവിടെ ഉള്ളവരല്ലേ കാണൂ, ഹോട്ടലിലാണെങ്കിൽ ലോകർ മുഴുവൻ കാണും എന്ന്. ഹോട്ടലിലെ ടോയ്‌ലെറ്റിൽ ഇന്റർനെറ്റ് പിടിപ്പിച്ച  കാമറ വച്ചിട്ടുണ്ടാകും എന്നാണ് അവളുദ്ദേശിച്ചത്. എന്തായാലും അവൾ പിന്നെ എന്റെ കൂടെ പുറത്തിറങ്ങിയിട്ടില്ല.

റോഡിൽ ഓരോ രണ്ടു കിലോമീറ്ററിലും ഓരോ ശൗചാലയം പണിയുക എന്നത് എളുപ്പമുള്ള പണിയാണോ? അതും, ജനസംഖ്യയുടെ പകുതി മാത്രം വരുന്ന പെണ്ണുങ്ങൾക്ക് വേണ്ടി. എത്ര പണം വേണ്ടി വരും? അതും കൂടെ കൂടെ പൂട്ടുന്ന ട്രഷറിയുള്ള നാട്ടിൽ!

അതാലോചിച്ചപ്പോഴാണ് നിന്നു കൊണ്ട് മൂത്രമൊഴിക്കാൻ പെണ്ണുങ്ങൾക്ക് ഒരു സംവിധാനം ഏർപ്പെടുത്തുന്നതായിരിക്കും ശൗചാലയങ്ങൾ പണിയുന്നതിലും എളുപ്പം എന്ന ചിന്ത എന്റെ തലയിലൂടെ പാഞ്ഞു പോയത്. ഈ എഞ്ചിനീയറിങ്ങ് കോളേജിലെ കുട്ടികളൊക്കെ എന്തെല്ലാം കണ്ടു പിടിക്കുന്നു? അവർക്ക് അതിനൊരു സംവിധാനം കണ്ടു പിടിച്ചു കൂടേ? ഒന്നുമില്ലെങ്കിലും എഞ്ചിനീയറിങ്ങ് കോളേജിലെ പെൺകുട്ടികൾക്കെങ്കിലും നിന്നു കൊണ്ട് മൂത്രമൊഴിക്കാനുള്ള ഒരു കണ്ടുപിടുത്തം നടത്താൻ തോന്നാത്തതെന്താണ് എന്ന് എന്റെ മനസ്സെന്നോട് ചോദിച്ചു. എന്നോട്  ഞാനെന്തു പറയാനാ?  എല്ലാത്തിനും ഒരു സമയമുണ്ടല്ലോ. അല്ലേ ദാസാ.

അപ്പോഴാണ് അത്തരം ഒരു സംവിധാനം എനിയ്ക്കും കണ്ടുപിടിക്കാവുന്നതല്ലേ എന്ന ചിന്ത എനിയ്ക്കുണ്ടായത്. പക്ഷേ, എനിയ്ക്കത് സാധിക്കുമെന്ന കാര്യത്തിൽ എനിയ്ക്കത്ര വിശ്വാസം വന്നില്ല. മൂത്രമൊഴിക്കാനുള്ള  അവരുടെ ഉപകരണം എന്റെ  കയ്യിലില്ലാതെ നിരീക്ഷണ പരീക്ഷണങ്ങൾ വിജയിക്കില്ല എന്നതായിരുന്നു ആ വിശ്വാസത്തിന്റെ അടിസ്ഥാനം. ഏതെങ്കിലും ഒരു സ്ത്രീ ആ ഉപകരണം എനിയ്ക്ക് കുറച്ച് കാലത്തേക്ക് തന്നിരുന്നെങ്കിൽ ഒന്നു ശ്രമിച്ചു നോക്കാമായിരുന്നു എന്നെനിയ്ക്ക് തോന്നി. പക്ഷേ ഏതെങ്കിലും സ്ത്രീ എനിയ്ക്കത് തരുമോ? അത് ഊരി എടുക്കാൻ പറ്റില്ല എന്നതല്ല പ്രശ്നം.  ഊരാൻ പറ്റിയിരുന്നെങ്കിൽ തന്നെ ഞാൻ തിരിച്ചു കൊടുത്തില്ലെങ്കിലുള്ള പുകിലൊന്നാലോചിച്ചു നോക്കൂ. ആ സ്ത്രീയെ പിന്നെ അവരുടെ ഭർത്താവ് വീട്ടിൽ കയറ്റുമോ?  വീട്ടിൽ കയറ്റിയിട്ട് വല്ല ഉപയോഗവുമുണ്ടോ? ചൂലു പോയ കെജ്രിവാളിനേക്കാൾ മോശമായിരിക്കില്ലേ ആ ഭർത്താവിന്റെ സ്ഥിതി?

ങാ, കാലം പുരോഗമിക്കുകയല്ലേ? നിന്നുകൊണ്ട് മൂത്രമൊഴിക്കാനുള്ള സംവിധാനം ഏതെങ്കിലും ആൺകുട്ടികൾ കണ്ടുപിടിക്കാതിരിക്കില്ല. അപ്പോൾ പിന്നെ ഈ പൊതു ടോയ്‌ലെറ്റുകൾ ഒരു പാടു വേണ്ടി വരില്ലല്ലോ എന്ന് ഞാൻ സമാധാനിച്ചു.

ഇനി അങ്ങനെയൊരു സംവിധാനം കണ്ടുപിടിക്കാൻ പറ്റുന്നില്ലെങ്കിൽ ചെയ്യാവുന്നത് ഒരു നിയമനിർമ്മാണമാണ്. മൂത്രമൊഴിക്കുന്ന സ്ത്രീകൾ ഇരുചന്തികളും പരസ്യമായി പ്രദർശിപ്പിക്കുന്നത് കുറ്റകരമല്ലെന്നും അത്തരം സന്ദർഭങ്ങളിൽ പുരുഷന്മാർ ചന്തിയിലേക്ക് നോക്കുന്നത് ശിക്ഷാർഹമല്ലെന്നും ഉള്ള ഒരു നിയമം ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയാൽ തീരുന്നതേയുള്ളു മൂത്രാലയങ്ങൾക്ക്  വേണ്ടിയുള്ള ഈ മുറവിളികൾ.

ചന്തി എന്നു പറഞ്ഞപ്പോഴാണ് സാദ്ധ്യതയുള്ള ഒരു മത്സരത്തിന്റെ ഇനം മനസ്സിൽ വന്നത്. കുട്ടികളുടെ പുഞ്ചിരി മത്സരം പോലെ നടത്താവുന്ന രണ്ടു മത്സരങ്ങളാണ് യുവാക്കളുടെ ചുംബന മത്സരവും സ്ത്രീകളുടെ മൂത്രമൊഴിക്കൽ മത്സരവും. സമരങ്ങൾക്കൊക്കെ ആളെക്കൂട്ടാൻ ഇത്തരം മത്സരങ്ങൾ ഉണ്ടെന്ന് പറയുന്നത് നന്നായിരിക്കും. നിയമത്തിന്റെ പരിരക്ഷയും കാണുമല്ലോ.

മൂത്രമൊഴിക്കാനുള്ള ഉപകരണം ഊരിയെടുക്കാൻ പറ്റിയിരുന്നതാണെങ്കിൽ നാട്ടിലെ ഈ വർദ്ധിച്ചു വരുന്ന ബലാത്സംഗങ്ങളും പീഡനങ്ങളും തീർത്തും ഒഴിവാക്കാമായിരുന്നു എന്ന് എനിയ്ക്ക് തോന്നി. പുരുഷന്മാർ പുറത്തിറങ്ങുമ്പോൾ അവരുടെ ഉപകരണം പൂട്ടി വീട്ടിൽ വയ്ക്കണം എന്നൊരു നിയമം നാട്ടിൽ നടപ്പിലാക്കിയാൽ പിന്നെ ഒരു പുരുഷനും ഒന്നു ചെയ്യാൻ പറ്റുകയില്ല. ഇനി ഏതെങ്കിലും പുരുഷൻ നിയമം തെറ്റിച്ചാൽ തന്നെ അവൻ  വിഡ്ഡിയാവുകയേ ഉള്ളൂ. കാരണം, വല്ല സ്ത്രീയേയും പീഡിപ്പിക്കാൻ ശ്രമിക്കുമ്പോൾ അയാൾക്ക് മനസ്സിലാകും ആ സ്ത്രീ അവരുടെ ഉപകരണം വീട്ടിൽ വച്ചിരിക്കുകയാണ് എന്ന്. തറവാട്ടിൽ ജനിച്ച വല്ല പെണ്ണും ഇതെല്ലാം തൂക്കി വീട്ടിനു പുറത്തിറങ്ങുമോ ഈ ഇന്ത്യയിൽ? പക്ഷേ, പറഞ്ഞിട്ടെന്താ കാര്യം? ഇതൊന്നും എവിടേയും ഊരി വയ്ക്കാൻ പറ്റില്ലല്ലോ. കഷ്ടം.  അപ്പോൾ പിന്നെ ബലാത്സംഗങ്ങൾ വർദ്ധിക്കാൻ തന്നെ ആണ് സാദ്ധ്യത.

ബലാത്സംഗത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഈയിടെ ഡൽഹിയിൽ ഉണ്ടായ ഒരു വിധിന്യായം ഓർമ്മയിൽ വന്നത്. 60 കഴിഞ്ഞ ഒരു സ്ത്രീയെ ഒരാൾ ബലാത്സംഗം ചെയ്തു കൊന്നു. 60 വയസ്സ് കഴിഞ്ഞ സ്ത്രീക്ക് ആർത്തവം നിലച്ചതല്ലേ, പിന്നെ അതിനെ ബലാത്സംഗം എന്നൊക്കെ കരുതേണ്ടതുണ്ടോ എന്നാണ് കോടതി സംശയിച്ചത്. ഈ സംശയമൊക്കെ ഉണ്ടായത് ഒരു വനിതാജഡ്ജിക്കുകൂടി ആയിരുന്നു എന്നതാണ് അതിലെ തമാശ.  നിർബ്ബന്ധിച്ചുള്ള ലൈംഗിക ബന്ധം ബലാത്സംഗം അല്ലത്രെ. പാവം, മരിച്ചു പോയ അയ്യപ്പപ്പണിക്കരെയാണ് എനിയ്ക്ക് ഓർമ്മ വരുന്നത്. "വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലെ, നിങ്ങൾ കള്ളനെന്ന് വിളിച്ചില്ലേ?" ആവോ, നമ്മുടെ നാട്ടിലെ 60 കഴിഞ്ഞ പെണ്ണുങ്ങളുടെ ഒക്കെ അവസ്ഥ ഇനി എന്താവുമോ എന്തോ?

ടോയ്‌ലെറ്റുകളെക്കുറിച്ചും സ്വച്ഛഭാരതത്തെക്കുറിച്ചുമൊക്കെ ആലോചിച്ചിരുന്നപ്പോഴാണ് നാട്ടിൽ നടക്കുന്ന ചുംബനസമരത്തെക്കുറിച്ച് ഞാനോർത്തത്. ഞാനിപ്പോൾ ആകപ്പാടെ കൺഫ്യൂഷനിലാണ്. ഒരു കൂട്ടർ പറയുന്നത് വീട്ടിൽ വച്ചേ ചുംബിക്കാവൂ എന്ന്. അതല്ല, പബ്ലിക്കായി പുറത്തു വച്ച് ചുംബിക്കണമെന്നാണ് മറ്റേ കൂട്ടർ പറയുന്നത്.  എനിയ്ക്കങ്ങനെയാണ് അല്ലെങ്കിൽ മനസ്സിലായത്. അല്ലെങ്കിൽ എന്തിനായിരുന്നൂ ഈ സമരമൊക്കെ? ഹൊ, എന്തൊരാളായിരുന്നൂ കൊച്ചിയിൽ തടിച്ചു കൂടിയത്? 

എനിയ്ക്ക് തോന്നുന്നത് ഈ ശൗചാലയങ്ങൾ പണിയുന്നതിനു പകരം മുക്കിന് മുക്കിന് ചുംബനാലയങ്ങൾ തുടങ്ങണമെന്നാണ്. സുലഭ് ടോയ്‌ലെറ്റ് പോലെ അത് ലേലം വിളിച്ച് നടത്തിപ്പുകാരെ ഏൽപ്പിക്കുകയുമാവാം. മൂത്രമൊഴിക്കാൻ - 2 രൂപ, അപ്പിയിടാൻ -5 രൂപ കുളിക്കാൻ - 10 രൂപ എന്നൊക്കെപ്പോലെ  ഓരോ തരം ചുംബനത്തിനും മാന്യമായ നിരക്കേർപ്പെടുത്തിയാൽ ഗവണ്മെന്റിന് നല്ല വരുമാനവുമാകും. പിന്നെ ട്രഷറി പൂട്ടേണ്ടി വരുകയേ ഇല്ല.  ചിന്തിക്കാവുന്ന ഒരു സാമ്പിൾ നിരക്ക് ഞാൻ താഴെ കൊടുക്കുന്നു.

ഇതൊരു സാമ്പിൾ മാത്രമാണ്. മാത്രമല്ല ഈ പട്ടിക അപൂർണ്ണവുമാണ്. 

ചുംബനാലയത്തെ കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് വേശ്യാവൃത്തി നിയമവിധേയം ആക്കണമെന്ന ആവശ്യം സമൂഹത്തിൽ അങ്ങിങ്ങ് കേൾക്കുന്നുണ്ടല്ലോ എന്ന് ഞാൻ ഓർത്തത്. ഒന്നാലോചിച്ചാൽ അത് വേണ്ടതു തന്നെയാണ്. ദാഹിക്കുന്നവന് എന്തെങ്കിലും കുടിക്കാൻ നാട്ടിലുടനീളം പെട്ടിക്കടകളുണ്ട്. വിശക്കുന്നവന് ഭക്ഷണം കഴിക്കാൻ ഹോട്ടലുകളുണ്ട്. വിശ്രമിക്കാൻ വിശ്രമാലയങ്ങളും ഹോട്ടലുകളുമുണ്ട്. ഇതുകൊണ്ടൊന്നും മനുഷ്യന്റെ ദാഹവും മോഹവും തീരില്ലല്ലോ. അപ്പോൾ അത് നിയമവിധേയമാക്കുന്നത് തന്നെയാണ് നല്ലത്. ജനക്ഷേമം കാംക്ഷിക്കുന്ന ഗവണ്മെന്റുകൾക്ക് ചിന്തിക്കാവുന്ന കാര്യമാണത്. മദ്യഷാപ്പുകൾ പൂട്ടുമ്പോഴുള്ള നഷ്ടം നികത്താനുള്ള ഉത്തമമായ മാർഗം കൂടിയാണത് എന്ന് പറയേണ്ടതുമില്ലല്ലൊ?

ഞാനിതെഴുതിത്തീർക്കുമ്പോൾ പിണറായി വിജയൻ ചാനലുകളിൽ ജ്ഞാനപ്പാന ചൊല്ലുകയാണ്. "മണ്ടി മണ്ടിക്കരേറുന്നു മോഹവും" എന്ന്. ഈശ്വരാ, കാലം മാറുകയാണ്. വെറുതേയല്ല ഈ ചുംബനസമരമൊക്കെ അരങ്ങേറുന്നത്. വേശ്യാലയങ്ങൾക്ക് വേണ്ടിയാകട്ടെ ഇനിയുള്ള ജനമുന്നേറ്റം.

                                                                         *     *      *       *  
PS: ക്ഷമിക്കുക, നാട്ടിലെ ചുംബനസമരം കണ്ടുകൊണ്ടിരുന്നപ്പോൾ എന്റെ മനസ്സിലൂടെ ഓടിപ്പോയ ചിന്തകളാണ് ഇവിടെ അക്ഷരങ്ങളായി പുറത്ത് കാണുന്നത്. ക്ഷമിക്കുക. വെറും നേരമ്പോക്ക്; അല്ലാതെ ഒന്നും ഉദ്ദേശിച്ചെഴുതിയതല്ല.


2014, നവംബർ 2, ഞായറാഴ്‌ച

സാക്ഷാത്ക്കാരം

മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയപ്പോൾ ഒരു ദേശീയ ദൗത്യത്തിന്റെ സാക്ഷാത്ക്കാരം എന്നാണ് പലരും വിശേഷിപ്പിച്ചത്.

ഇന്ത്യയിലെ ആദ്യത്തെ മീഡിയാ സിറ്റി കൊച്ചിയിൽ പ്രാവർത്തികമാകുമ്പോൾ ആർ. ശ്രീകണ്ഠൻ നായർക്ക് അത് സ്വപ്‌നസാക്ഷാത്ക്കാരം എന്നാണ് പത്രത്തിൽ കണ്ടത്.

മലപ്പുറത്തെ കളിക്കാരുടെയും കളിക്കമ്പക്കാരുടെയും സ്വപ്‌നസാക്ഷാത്ക്കാരം ആണ് കോട്ടപ്പടി സ്റ്റേഡിയം എന്ന് മന്ത്രി അനിൽകുമാർ പറയുകയുണ്ടായി എന്ന് ഞാൻ പത്രത്തിൽ വായിച്ചു.

സാക്ഷാത്ക്കാരത്തെക്കുറിച്ചുള്ള ഇത്തരം വാർത്തകൾ വായിച്ചപ്പോഴാണ് എന്റെ ജീവിതത്തിൽ ഞാൻ എന്തെങ്കിലും സാക്ഷാത്ക്കരിച്ചിട്ടുണ്ടോ എന്ന് ഞാനൊരു ആത്മപരിശോധന നടത്തിയത്. അപ്പോൾ എന്റെ ഓർമ്മകൾ ചെന്നെത്തിയത് ഞാൻ പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലത്തേക്കായിരുന്നു.

ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുകയാണ്. ഒരു ദിവസം ഉണ്ട്, രണ്ട് പോലീസുകാർ സ്കൂളിലേക്ക് കയറി വരുന്നു. അന്നാണ് ഞാൻ പോലീസിനെ ആദ്യമായി കാണുന്നത്. കാക്കിട്രൗസറും കാക്കിഷർട്ടും കാക്കിത്തൊപ്പിയും ധരിച്ച് കൊമ്പൻ മീശ പിരിച്ച് വലിയൊരു ലാത്തിയും വീശി അവർ നടന്നു വരുമ്പോൾ ഞാൻ പേടിച്ചതിന് കണക്കില്ലായിരുന്നു. എങ്കിലും ആളുകളെ പേടിപ്പിക്കാൻ ഇതു തന്നെ നല്ല വേഷം എന്ന് മനസ്സിലായ എനിയ്ക്ക്, വലുതായാൽ ഒരു പോലീസാകും എന്ന് തീർച്ചയാക്കാൻ പിന്നെ സമയമൊന്നും വേണ്ടി വന്നില്ല. പിന്നീടങ്ങോട്ട് ഒരു പോലീസിന്റെ ഉടുപ്പും നടപ്പുമായിരുന്നു എന്റെ ഊണിലും ഉറക്കത്തിലും.

ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് യൂനിഫോമിട്ട ബസ് കണ്ടക്ക്റ്ററെ കാണുന്നത്. കാക്കി പാന്റും കാക്കി ഷർട്ടും ഇട്ട് തോളിലൊരു ബാഗും തൂക്കി വിരലിൽ കിടന്ന വിസിൽ വായിൽ വച്ച് "ഷുൾൾൾൾൾൾ......ൾൾൾൾൾൾ...ൾൾൾൾൾൾൾൾൾൾ" എന്ന് ബസ് സ്റ്റാൻഡിൽ നിന്ന് ഉച്ചത്തിൽ നീട്ടി വിളിക്കുന്നത് കണ്ടപ്പോൾ എനിക്കൊരു കണ്ടക്റ്ററാണ് ആകേണ്ടത് എന്ന് തീരുമാനിക്കാൻ നിമിഷങ്ങൾ പോലും എനിയ്ക്ക് വേണ്ടി വന്നില്ല. ഇത്രയും ഉച്ചത്തിൽ വിസിൽ വിളിക്കാൻ ഈ ലോകത്ത് വേറേ ആർക്കുണ്ട് സ്വാതന്ത്ര്യം? ഹൊ, ക്ലാസിൽ വായിൽ വിരൽ വച്ച് വിസിൽ വിളിച്ചതിന് ടീച്ചർ ചെവി പിടിച്ച് തിരുമ്മിയതിന്റെ വേദന ഈ അമ്പത്തഞ്ചാം വയസ്സിലും മാറിയിട്ടില്ല. ഏതായാലും, കണ്ടക്റ്ററാകുക എന്ന തീരുമാനത്തോടെ ഒരു പോലീസാകാനുള്ള എന്റെ സ്വപ്നമാണ് സാക്ഷാത്ക്കരിക്കാതെ പോയത് എന്ന് ഇനി ഞാൻ പറയേണ്ടതില്ലല്ലോ?

വർഷങ്ങൾ കഴിയുമ്പോൾ ഞാൻ ഒമ്പതാം ക്ലാസിൽ എത്തിയിരുന്നു. അപ്പോഴേയ്ക്കും എനിയ്ക്ക് പെൺകുട്ടികളെ കാണുമ്പോൾ എന്തൊക്കെയോ തോന്നാൻ തുടങ്ങിയിരുന്നു. തരം കിട്ടുമ്പോഴൊക്കെ അവരെ ഞാൻ ഒളിഞ്ഞും ഒളിക്കാതെയും നോക്കാനും തുടങ്ങിയിരുന്നു. അങ്ങനെ ഇരിക്കേയാണ് ഒരു ദിവസം ഒരു പോസ്റ്റ്മാൻ വീട്ടിൽ വന്ന് വാതിലിൽ മുട്ടിയത്. ഒരു കത്ത് തരാനായിരുന്ന് അയാൾ വന്നത്. അയാൾക്കും ഏതാണ് കണ്ടക്റ്ററുടെ വേഷം തന്നെയായിരുന്നു. കയ്യിൽ ഒരു കാലൻ കുട ഉണ്ട് എന്നത് മാത്രമായിരുന്നു ഞാൻ കണ്ട വ്യത്യാസം. ഏത് വീട്ടിലും എപ്പോൾ വേണമെങ്കിലും ചെന്ന് വാതിലിൽ മുട്ടാനുള്ള പോസ്റ്റ്മാന്റെ ഈ സ്വാതന്ത്ര്യം കണ്ടപ്പോൾ എനിയ്ക്കൊരു പോസ്റ്റ്മാൻ ആയാൽ മതി എന്ന് ഞാനപ്പോൾ തീർച്ചയാക്കി. വീടുകളിൽ പോകാനും പെൺകുട്ടികളെ കാണാനും ഒരു പോസ്റ്റ്മാനാകുന്നതായിരിക്കും നല്ലത് എന്നതായിരുന്നു ആ തീരുമാനത്തിന്റെ അടിസ്ഥാനം. ഏതായാലും, പോസ്റ്റ്മാനാകുക എന്ന ആ തീരുമാനത്തോടെ ഒരു കണ്ടക്റ്ററാകാനുള്ള എന്റെ സ്വപ്നമാണ് സാക്ഷാത്ക്കരിക്കാതെ പോയത് എന്ന് ഇനി ഞാൻ പറയേണ്ടതില്ലല്ലോ?

പത്താം ക്ലാസ് പാസായപ്പോഴാണ് ഇനിയും പഠിച്ചാലോ എന്ന് ഞാൻ ചിന്തിച്ചത്. അന്നൊക്കെ നാട്ടിൻപുറങ്ങളിൽ അച്ഛനമ്മമാർ കുട്ടികളുടെ പഠിത്തത്തിലൊന്നും തലയിടാറില്ലായിരുന്നു. ബി.എ., ബി. എസ്സി., ബി.കോം. എന്നൊക്കെയുള്ള ബിരുദങ്ങളെടുത്ത് ചെറുപ്പക്കാർ നാട്ടിൽ തേരാ പാരാ നടക്കുന്ന കാലമായിരുന്നു അത്. അതുകൊണ്ടു തന്നെ പ്രീഡിഗ്രി പഠിക്കാനൊന്നും ഞാൻ മെനക്കെട്ടില്ല. ബി.എസ്സി. തോറ്റ ഒരുത്തനാണ് "നീ 'ടൈപ് റൈറ്റിങ്ങ്' പഠിച്ചോ" എന്നെന്നെ ഉപദേശിച്ചത്. ടൈപ്രൈറ്ററിൽ  A മുതൽ Z വരെയും Z മുതൽ A വരെയും ടൈപ് ചെയ്തപ്പോൾ ഇതിൽ വലിയ കഥയില്ലെന്നും ഇനി മറ്റെന്തെങ്കിലും പഠിക്കാമെന്നും ഞാൻ തീർച്ചയാക്കി. അങ്ങനെയാണ് ഞാൻ പോളിടെക്നിക്കിൽ പോയി ചേർന്നത്. പോളിടെക്നിക്കിൽ പഠിച്ചാൽ ഒരു വർക്ക്ഷോപ്പ് തുടങ്ങാമെന്നും വലിയ മുതലാളിയാകാമെന്നുമൊക്കെ എന്നോട് പറഞ്ഞത് ടൈപ്രൈറ്റിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുതലാളിയായിരുന്നു. 'മെക്കാനിക്കൽ' പഠിച്ചാൽ ഒരു വെൽഡിങ്ങ് വർക്ക്ഷോപ്പ് തുടങ്ങാമെന്നും 'ഓട്ടോമോബൈൽ' പഠിച്ചാൽ ഒരു കാർ വർക്ക്ഷോപ്പ് തുടങ്ങാമെന്നും 'എലക്ട്രോണിക്സ്' പഠിച്ചാൽ ഒരു റേഡിയോ വർക്ക്ഷോപ്പ് തുടങ്ങാമെന്നും ഒക്കെ അയാളാണ് എനിക്ക് പറഞ്ഞു തന്നത്. അയാൾ പറഞ്ഞത് അന്ന് എനിക്കൊന്നും മനസ്സിലായില്ലെങ്കിലും ഞാൻ വേഗം പോയി അടുത്തുള്ള പോളിടെക്നിക്കിൽ ചേർന്നു. ഏതായാലും, പോസ്റ്റ്മാനാകുക എന്ന എന്റെ സ്വപ്നമാണ് സാക്ഷാത്ക്കരിക്കാതെ പോകുന്നത് എന്ന് ഞാനപ്പോൾ ഓർത്തതേയില്ല.

പോളിടെക്നിക്കിൽ എനിക്ക് എലക്ട്രോണിക്സിനാണ് പ്രവേശനം കിട്ടിയത്. അപ്പോൾ ഒരു റേഡിയോ വർക്ക്ഷോപ് തുടങ്ങുന്ന കാര്യം സ്വപ്നം കണ്ട എന്റെ സന്തോഷത്തിനതിരില്ലായിരുന്നു. ഹായ്, എപ്പോഴും പ്രേമഗാനങ്ങൾ കേട്ടുകൊണ്ട് ജോലി ചെയ്യാൻ ഒരു റേഡിയോ മെക്കാനിക്കിനല്ലാതെ വേറേ ആർക്കുണ്ട് സൗകര്യം. ഒരു റേഡിയോ ഓൺ ചെയ്തു വച്ച്

"പ്രേമനായകാ.. അരികിൽ വരൂ...
ആരാധികയുടെ അരികിൽ വരൂ... "

എന്നൊക്കെയുള്ള പാട്ടു കേട്ട്, കേടു വന്ന റേഡിയോ നന്നാക്കുന്ന എന്നെ ഞാനപ്പോൾ എന്റെ മനസ്സിൽ കണ്ടു.

മൂന്നു കൊല്ലത്തെ പഠിത്തം തീരുമ്പോൾ പോളിടെക്നിക്കിന്റെ നോട്ടീസ് ബോർഡിൽ ഒരു കാമ്പസ് ഇന്റർവ്യൂവിന്റെ പരസ്യം കിടന്നിരുന്നു. അന്ന്  കാമ്പസ് എന്നതും ഇന്റർവ്യൂ എന്നതും എന്താണെന്നറിയാത്ത ഞാൻ, അത് ശ്രദ്ധിച്ചതേയില്ല. പിന്നീട് റിസൾട്ട് വന്ന് മാർക്ക്‌ലിസ്റ്റ് വാങ്ങാൻ ചെന്നപ്പോഴാണറിയുന്നത് ഒരു പറ്റം കുട്ടികൾ ജോലിക്ക് ചേർന്നു കഴിഞ്ഞിരുന്നു എന്ന്. പിന്നെ ഞാൻ അമാന്തിച്ചതേയില്ല; ആ കമ്പനിയിൽ ഒരപേക്ഷ കൊടുക്കുകയും അവരെന്നെ ജോലിക്കെടുക്കുകയും ചെയ്തു. അന്നൊക്കെ എലക്ട്രോണിക്സ് പഠിച്ചാൽ ജോലി കിട്ടുക എളുപ്പമായിരുന്നു. എന്തായാലും അതോടുകൂടി പാട്ടും കേട്ട് റേഡിയോ നന്നാക്കുക എന്റെ ലക്ഷ്യമാണ് സാക്ഷാത്ക്കരിക്കാതെ പോയത് എന്ന് ഇനി ഞാൻ പറയേണ്ടതില്ലല്ലോ?

ജോലിക്ക് ചേരുമ്പോൾ അവിടെ അല്പസ്വൽപ്പം ട്രെയിനിങ്ങിന്റെയൊക്കെ ആവശ്യമുണ്ട്. എനിയ്ക്ക് വയ്സ്സ് 18, മീശ മുളക്കുന്നതേയുള്ളു. അവരെന്നെ ഒരു പറ്റം ചെറുപ്പക്കാരികളുടെ ഇടയിൽ കൊണ്ടുപോയി ഇരുത്തി. എന്റെ ചുറ്റും ഇരുന്നവർക്കും വയസ്സ് 18 മുതൽ 25 വരെയൊക്കെ കാണും. പെൺകുട്ടികളെ ഒളിഞ്ഞും തെളിഞ്ഞും നോക്കാൻ നടന്നിരുന്ന ഞാൻ അവരുടെ ഇടയിൽ ഇരുന്നു വിയർത്തു. നാക്ക് പുറത്ത് വരാതെയായി. എങ്ങനെയൊക്കെയോ ഞാൻ രണ്ട് മാസം തള്ളിനീക്കി. ഭാഗ്യം. വേറൊരു കമ്പനിക്കാർ എന്നെ ജോലിക്ക് വിളിച്ചു. അന്നൊന്നും എലക്ട്രോണിക്സ് ഡിപ്ലോമ പാസായവന് ജോലിക്ക് പഞ്ഞമില്ലായിരുന്നു. 5 കൊല്ലത്തെ ബോണ്ടെഴുതി ജോലിക്ക് ചേർന്ന ഞാൻ പിന്നെ അവിടെ നിന്നില്ല. മറ്റൊരാളറിയാതെ അവിടെ നിന്ന് സ്ഥലം വിടുമ്പോൾ സാക്ഷാത്ക്കരിക്കാൻ എനിക്ക് ലക്ഷ്യങ്ങളൊന്നുമില്ലായിരുന്നു.

പുതിയ കമ്പനിയിൽ ഞാൻ ചേർന്നത് ഉറച്ച മനസ്സോടും ഉറച്ച കാൽവയ്പ്പുകളോടും കൂടിത്തന്നെ ആയിരുന്നു. നേരത്തെ പറ്റിയ പറ്റ് ഇനി പറ്റരുത് എന്നെനിക്ക് നിർബന്ധമുണ്ടായിരുന്നു. 

കാലം കുറേ കടന്നു പോയി. അപ്പോഴേക്കും എന്റെ പ്രായക്കാർ ഓരോരുത്തരായി കല്യാണം കഴിക്കാൻ തുടങ്ങിയിരുന്നു. ഒരുത്തൻ കല്യാണം കഴിച്ച പെണ്ണിന്റെ പേര് വിജയശ്രീ എന്നായിരുന്നു. കല്യാണം കഴിഞ്ഞ് വിജയശ്രീലാളിതനായി അവൻ ഒരു ദിവസം ഓഫീസിൽ വന്നപ്പോഴാണ് എനിയ്ക്കും വേണ്ടേ ഒരു കല്യാണം എന്ന് ഞാൻ എന്നോട് ചോദിച്ചത്. കല്യാണം കഴിക്കുന്നെങ്കിൽ പ്രേമിച്ച് കഴിക്കണമെന്നും അത് സഹപ്രവർത്തകയെയാണെങ്കിൽ ഒരുപാട് ഗുണമുണ്ടായിരിക്കുമെന്നും അപ്പോഴെനിയ്ക്ക് തോന്നി. പക്ഷേ വിജയശ്രിയെപ്പോലെ മുഖശ്രീയുള്ള ഒരു പെണ്ണിനെ ഞാൻ എന്റെ ചുറ്റും കണ്ടില്ല. അല്ലെങ്കിൽ ഈ കാലം കൊണ്ട് ആരെയെങ്കിലും ഞാൻ പ്രേമിച്ചു പോകില്ലായിരുന്നുവോ? (സ്വന്തം മുഖത്തിന് ശ്രീ ഇല്ലെന്ന് ആരും സമ്മതിക്കില്ലെന്ന് ഞാൻ പറയേണ്ടതായിട്ടില്ലല്ലോ?) 

അവസാനം, കല്യാണം കഴിക്കുമ്പോൾ സാക്ഷാത്ക്കരിക്കാനായി ഞാൻ ഒരു സ്വപ്നം കരുതി വച്ചു. ഒരു ലിംകാ റെക്കോർഡ്. ലിംക ബുക് ഓഫ് വേൾഡ് റെക്കോർഡിൽ ഏറ്റവും കൂടുതൽ കുട്ടികളുള്ള അച്ഛൻ എന്നതിന് നേരേ എന്റെ പേർ ചേർക്കണമെന്നതായിരുന്നു ഞാൻ കരുതി വച്ച ആ സ്വപ്നം.  
എന്റെ പല സ്വപ്നങ്ങളും 'പഴയ ആ മലർപ്പൊടിക്കാരൻ നീയല്ലയോ?' എന്നെന്നോട് ചോദിച്ചിട്ടുണ്ട്. ഇവിടെയും അത് തന്നെയാണ് സംഭവിച്ചത്. കല്യാണം കഴിഞ്ഞ് ആദ്യത്തെ കുട്ടിക്ക് 'ഫാരെക്സ്'ഉം 'ഗ്രെയ്പ് വാട്ടർ'ഉം ഒക്കെ വാങ്ങുമ്പോൾ ലിംകാ ബുക്കിലെ അച്ഛനാകാനുള്ള സാമ്പത്തികാവസ്ഥ എനിയ്ക്കില്ല എന്ന് ഞാൻ അനുഭവിച്ചറിഞ്ഞു. മാത്രമല്ല കുട്ടികളുടെ എണ്ണം 2 ആയി നിർത്തിയാലേ ഗവണ്മെന്റിന്റെ കുടുംബാസൂത്രണ അലവൻസ് കിട്ടൂ എന്നു കൂടി ഞാൻ മനസ്സിലാക്കിയതോടെ ഞാൻ എന്റെ സ്വപ്നത്തിനും കുടുംബാസൂത്രണം ഏർപ്പെടുത്തി. അതോടുകൂടി ലിംക ബുക്കിലെ റെക്കോഡ് എന്ന എന്റെ സ്വപ്നവും സാക്ഷാത്ക്കരിക്കാതെ പോയി. 

ഇതിനിടക്ക് ഉത്തരേന്ത്യയിൽ യാത്ര ചെയ്യാനുള്ള പല അവസരങ്ങളും എനിയ്ക്ക് കിട്ടിയിരുന്നു. ഉത്തരേന്ത്യയിലൊക്കെ ഹിന്ദി പത്രങ്ങൾക്കാണ് പ്രചാരം. ഈ ഹിന്ദി പത്രങ്ങളിലെ പരസ്യപേജുകളിലൊക്കെ സാക്ഷാത്ക്കാർ (साक्षात्कार) എന്ന പരസ്യം അന്ന്  ധാരാളമായി കാണുക പതിവായിരുന്നു. നമ്മുടെ നാട്ടിലൊക്കെ എവുപ്രാസ്യമ്മയെപ്പോലുള്ള വിശുദ്ധരോട് പ്രാർത്ഥിക്കുന്നവർ 'ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഉപകാരസ്മരണ' എന്ന് മലയാള പത്രങ്ങളിൽ പരസ്യം കൊടുക്കാറില്ലേ?  അതുപോലെ വല്ല ആഗ്രഹങ്ങളും സാക്ഷാത്ക്കരിച്ചവരായിരിക്കും ഈ സാക്ഷാത്ക്കാർ എന്ന പരസ്യം കൊടുക്കുന്നത് എന്ന് ഞാൻ ഊഹിച്ചു. ഈ ഊഹിക്കുക, ഊഹിക്കുക എന്നത് പണച്ചെലവുള്ള കാര്യമല്ലല്ലോ. അല്ലെങ്കിൽ വാർത്തകൾ നല്ലോണം മനസ്സിലാകാൻ ഹിന്ദി നല്ലോണം പഠിക്കണമായിരുന്നു. അതും ഉണ്ടായിട്ടില്ലല്ലോ. എന്തായാലും ഉത്തരേന്ത്യയിൽ സാക്ഷാത്ക്കാരങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ലെന്ന് എനിയ്ക്ക് ആ പത്രപരസ്യങ്ങളിൽ നിന്ന് മനസ്സിലായി.

ഇനി എനിയ്ക്ക് സാക്ഷാത്ക്കരിക്കാനായിട്ടുള്ളത് നല്ലൊരു ജോലിക്കാരൻ എന്ന പേരു സമ്പാദിക്കുക എന്നത് മാത്രമായിരുന്നു. അതിനായി ഞാൻ രാവും പകലും പരിശ്രമിച്ചു. പക്ഷേ, ആൾപ്പാർപ്പില്ലാത്ത എന്റെ തലയിൽ റ്റ്യൂബ്‌ലൈറ്റ് കത്താൻ പ്രയാസമാണെന്ന് മനസ്സിലാക്കിയ ബുദ്ധിമാന്മാരായ എന്റെ മേലുദ്യോഗസ്ഥന്മാർ രണ്ടുമൂന്നു ദശാബ്ദക്കാലത്തെ നിരീക്ഷണപരീക്ഷണങ്ങൾക്ക് ശേഷം എന്നെ ഒരു മൂലക്ക് പ്രതിഷ്ഠിച്ചു. അതോടെ ഒരു 'ശ്രംശ്രീ'ആകാമെന്ന എന്റെ പ്രതീക്ഷയും സാക്ഷാത്ക്കരിക്കപ്പെടാതെ പോയി.

ജീവിതത്തിലെ പ്രതീക്ഷകളൊന്നും ഇതുവരെ സാക്ഷാത്ക്കരിച്ചിട്ടില്ലെന്ന യാഥാർത്ഥ്യം അപ്പോഴേയ്ക്കും എന്നെ വേട്ടയാടാൻ തുടങ്ങിയിരുന്നു. ഇനിയും കേരളത്തിൽ നിൽക്കുന്നത് പന്തിയല്ലെന്ന തോന്നലാണ് ഉത്തരേന്ത്യയിലേക്ക് കുടിയേറാൻ എന്നെ പ്രേരിപ്പിച്ചത്. അവിടെ സാക്ഷാത്ക്കാരം എളുപ്പമാണെന്നും ഞാൻ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. അങ്ങനെയാണ് കേരളം വിട്ട് ഞാൻ ഡൽഹിയുടെ പ്രാന്തപ്രദേശത്തെത്തുന്നത്. ലക്ഷ്യം സാക്ഷാത്ക്കരിക്കുക എന്നത് മാത്രമായിരുന്നു ഡൽഹിയിലേക്ക് വണ്ടി കയറുമ്പോൾ എന്റെ ലക്ഷ്യം.

പുതിയ ഓഫീസിൽ ജോലിക്ക് ചേർന്നപ്പോൾ പലരും എന്നെ പരിചയപ്പെടാൻ വന്നു. എല്ലാവർക്കും അറിയേണ്ടിയിരുന്നത് എന്റെ സാക്ഷാത്ക്കാരത്തെക്കുറിച്ചായിരുന്നു.
"തുമാരാ സാക്ഷാത്ക്കാർ കൈസേ ഥാ?",  "തുമാരാ സാക്ഷാത്ക്കാർ ജബ് ഥാ?" എന്നൊക്കെയായിരുന്നു അവരുടെ ചോദ്യങ്ങൾ.

നമ്മുടെ പപ്പടത്തിന് അവർ 'പപ്പടം' എന്ന് പറയാറില്ല; 'പപ്പട്' എന്നേ പറയൂ. അതു കൊണ്ടാണല്ലോ നമ്മളതിന് ഹിന്ദി എന്ന് പറയുന്നത്.  അതുപോലെ അവർ 'സാക്ഷാത്ക്കാരം' എന്ന് മുഴുവൻ പറയില്ല; 'സാക്ഷാത്ക്കാർ' എന്നേ പറയൂ. അവർ 'സ്നേഹം' എന്ന് മുഴുവൻ പറയില്ല; 'സ്നേഹ്' എന്നേ പറയൂ.  ഇതൊക്കെ അറിയാവുന്ന ഞാൻ, അവരുടെ ചോദ്യത്തിന് ജീവിതത്തിലൊന്നും തന്നെ ഇതുവരെ ഞാൻ സാക്ഷാത്കരിച്ചിട്ടില്ലെന്നും ഇനി വേണം സാക്ഷാത്ക്കരിക്കാനെന്നും എനിയ്ക്കറിയാവുന്ന പൊട്ടഹിന്ദിയിൽ പറഞ്ഞൊപ്പിക്കും. അവർക്ക് അത് മനസ്സിലാകുന്നുണ്ടായിരുന്നുവോ ആവോ?

പുതുതായി ജോലിക്ക് ചേർന്ന എന്നോട് ഓഫീസിൽ കാണുന്നവരൊക്കെ എന്റെ സാക്ഷാത്ക്കാരത്തെക്കുറിച്ച് ചോദിക്കുന്നതിന്റെ പൊരുൾ എനിയ്ക്ക് ഒട്ടും പിടി കിട്ടിയില്ല. ഈ ചോദ്യം ചോദിച്ചവർ മിക്കവരും വെറും ചെറുപ്പക്കാരായിരുന്നു. അല്ലെങ്കിലും ഈ ഐ. ടി. ക്കാരൊക്കെ ചെറുപ്പക്കാരാണല്ലോ? ഞാൻ മധ്യവയസ്ക്കനായതു കൊണ്ട് ജീവിതസ്വപ്നങ്ങളും ലക്ഷ്യങ്ങളുമൊക്കെ സാക്ഷാത്ക്കരിച്ചിട്ടുണ്ടാകും എന്നു കരുതിയിട്ടായിരിക്കും അവരിങ്ങനെ ചോദിക്കുന്നതെന്ന് ഞാൻ സമാധാനിച്ചു.

ജോലിക്ക് ചേർന്ന് ദിവസങ്ങൾ പലത് കഴിഞ്ഞെങ്കിലും എല്ലാവർക്കും അറിയേണ്ടിയിരുന്നത് എന്റെ സാക്ഷാത്ക്കാരത്തെ കുറിച്ച് മാത്രമായിരുന്നു.  എന്നാലും "എന്റെ ലക്ഷ്യങ്ങളൊക്കെ ഞാൻ സാക്ഷാത്ക്കരിച്ചിരിക്കുന്നു" എന്ന് അവരോടൊക്കെ പറയാൻ എനിക്കാവുന്നില്ലല്ലോ എന്ന് ഞാൻ വല്ലാതെ വ്യാകുലപ്പെട്ടു.

ഒരു ദിവസം, കൂടെ ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ ഐ. എ. എസ്. ഇന്റർവ്യൂവിന് ലീവെടുത്ത് പോയി. ഐ. എ. എസ്. സാക്ഷാത്ക്കാറിന് പോകുകയാണെന്നയാൾ എന്നോട് ഹിന്ദിയിൽ പറഞ്ഞത്. ഐ. എ. എസ്. എന്ന മോഹം സാക്ഷാത്ക്കരിച്ചിട്ടേ ഇനി അയാൾ വരൂ എന്നാണ് എനിയ്ക്കന്ന് മനസ്സിലായത്. അല്ലാതെ മറ്റെന്താണ് ഐ. എ. എസ്. ഇന്റർവ്യൂവിന് പോകുന്നവന് സാക്ഷാത്ക്കരിക്കാനുള്ളത്?

അങ്ങനെ ഇരിക്കേയാണ് ഹിന്ദി അറിയാത്തവരൊക്കെ ഹിന്ദി പഠിക്കണമെന്ന ഉത്തരവ് ഓഫീസിലെ നോട്ടീസ് ബോർഡിൽ കണ്ടത്. അധികം വൈകാതെ ഹിന്ദി സെല്ലിലെ ഒരാൾ എന്നെ വന്ന് കണ്ട് അതിനുള്ള ബുക്കും പേപ്പറുകളും ഏൽപ്പിക്കുകയും ചെയ്തു. പലതും എഴുതിയ കൂട്ടത്തിൽ അതിൽ आप एक साक्षात्कार के लिए उपस्थित होना पड़ेगा എന്നുകൂടി എഴുതിയിരുന്നു. അതിന്റെ പുറകിൽ കൊടുത്ത ഇംഗ്ലീഷ് ട്രാൻസ്ലേഷൻ (You have to appear for an interview) നോക്കിയപ്പോഴാണ് എനിയ്ക്ക് ഈ "ഉത്തരേന്ത്യൻ സാക്ഷാത്ക്കാരം" എന്താണെന്ന് മനസ്സിലായത്.

ഉത്തരേന്ത്യയിൽ സാക്ഷ്ത്ക്കാരത്തിനുള്ള അവസരങ്ങൾ വളരെയധികമുണ്ടെന്ന് എനിയ്ക്ക് മനസ്സിലായിരുന്നെങ്കിലും എന്റെ ലക്ഷ്യസാക്ഷാത്ക്കാരം ഒരു മരീചിക തന്നെ എന്ന് അപ്പോഴാണ് ശരിക്കും ബോദ്ധ്യപ്പെട്ടത്. ഉത്തരേന്ത്യയിലേക്ക് ചാടിപുറപ്പെട്ടതിലെ മണ്ടത്തരം ഞാനപ്പോൾ ഓർക്കാതിരുന്നില്ല. ങാ, മരിക്കുന്നതിനുമുമ്പ് എന്തെങ്കിലുമൊക്കെ  സാക്ഷാത്ക്കരിക്കപ്പെട്ടേക്കും.  'अच्छे दिन' വരുന്നുണ്ട് എന്നല്ലേ നമ്മുടെ മോദിജി നമ്മോട് പറയുന്നത്?

കാലം ഇപ്പോൾ കുറച്ചായി. ഓഫീസിൽ പുതുതായി വരുന്ന ഉദ്യോഗാർത്ഥികളുടെ സാക്ഷാത്ക്കാരമൊന്നും ഇപ്പോൾ ഞാനില്ലാതെ നടക്കാറില്ല. ചെറുപ്പത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഈ ഒരു കാര്യം ഞാനേതായാലും ഇപ്പോൾ സാക്ഷാത്ക്കരിച്ചിരിക്കുന്നു.

ഞാനിത് കുത്തിക്കുറിക്കുമ്പോൾ ടിവിയിൽ ചുംബനസമരത്തെ കുറിച്ചുള്ള വാർത്തകൾ നിറയുകയാണ്. ആണും പെണ്ണും ശാരീരികബന്ധം പുലർത്തി എന്നു പറഞ്ഞ് എന്തെങ്കിലും അടിച്ചു തകർക്കപ്പെടണമെന്ന എന്റെ ആഗ്രഹം ആരെങ്കിലും സാക്ഷാത്ക്കരിക്കണമേ എന്നു മാത്രമേ എനിക്കീ വാർത്തകൾ കാണുമ്പോൾ പറയാനുള്ളൂ. ഒരു ചുംബനസമരമൊന്നും കാഴ്ചക്ക് പോരാ.

    *     *     *     *    *     *     *     *    *     *     *     *    *     *     *     *    *     *     *     *    *

സാക്ഷാത്ക്കാരം (മലയാളം) - നിറവേറ്റൽ
സാക്ഷാത്ക്കാരം (ഹിന്ദി) - Interview (കൂടിക്കാഴ്ച)




2014, ഒക്‌ടോബർ 28, ചൊവ്വാഴ്ച

ക്രിസ്ത്യാനികളുടെ 7 മൂലപാപങ്ങൾ

ക്രിസ്തീയവിശ്വാസമനുസരിച്ച് മൂലപാപങ്ങൾ (അതീവഗുരുതരമായ പാപങ്ങൾ) 7 എണ്ണമാണ് എന്ന് ക്രിസ്ത്യാനിയല്ലാത്ത ഞാൻ പറയുന്നത് പത്രവാർത്തകളെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ്.

അഹങ്കാരം, കോപം, ലൈംഗികാസക്തി, അത്യാഗ്രഹം, അമിതമായ തീറ്റ, അസൂയ, അലസത എന്നിവയായിരുന്നുവത്രെ അവരുടെ 7 മൂലപാപങ്ങൾ.

ഈ പാപങ്ങളെക്കുറിച്ച് നമ്മുടെ പുരോഹിതന്മാർക്ക് നല്ല പിടിപാടുള്ളതുകൊണ്ടും അവയെക്കുറിച്ചൊക്കെ ഇടയലേഖനങ്ങൾ ഇറങ്ങിയിട്ടുണ്ടാകാമെന്നതുകൊണ്ടും അനുസരണയുള്ള കുഞ്ഞാടുകൾ ഇമ്മാതിരി ദുസ്വഭാവങ്ങളൊന്നും തൊട്ടു തീണ്ടിയിട്ടേ ഇല്ലായിരുന്നു.

പക്ഷേ ഈ ലോകത്ത് കുഞ്ഞാടുകൾ മാത്രമല്ലല്ലോ ഉള്ളത്. അതുകൊണ്ട് ഇമ്മാതിരി ചീത്തകളൊക്കെ നാട്ടിൽ നില നിന്നു. മാത്രമല്ല, ലോകം പുരോഗമിച്ചതോടുകൂടി നാടൊട്ടുക്കും പുതിയ തരത്തിലുള്ള പാപങ്ങൾ ഉടലെടുക്കുകയും ചെയ്തു. ഇതെല്ലാം കുഞ്ഞാടുകളേയും ബാധിക്കുമെന്നും അങ്ങനെ നാട് കുട്ടിച്ചോറാകും എന്നും കണ്ടതു കൊണ്ട് മാർപ്പാപ്പ പറഞ്ഞിട്ടായിരിക്കണം പഴയതും കാലഹരണപ്പെട്ടതുമായ പാപങ്ങളുടെ ലിസ്റ്റ് വത്തിക്കാൻ പരിഷ്കരിച്ചത്. പരിഷ്ക്കരിച്ച ഈ ലിസ്റ്റ് 2008 മാർച്ചിൽ നിലവിൽ വന്നിരുന്നു. മാതൃഭൂമി പത്രത്തിലും അത് പ്രസിദ്ധീകരിച്ചിരുന്നു. വത്തിക്കാന്റെ ഈ നീക്കം എന്നെ നന്നായി ആകർഷിച്ചിരുന്നതിനാൽ ഞാൻ ആ പത്ര വാർത്ത വെട്ടി സൂക്ഷിക്കുകയും ചെയ്തു.

സ്വച്ഛഭാരതത്തിന്റെ വക്താവായിരുന്നു ഗാന്ധിജി (മഹാത്മാഗാന്ധിയാണേ!). അദ്ദേഹം ദിനം തോറും കക്കൂസ് വരെ അടിച്ച് വൃത്തിയാക്കി. പക്ഷേ അദ്ദേഹത്തിന്റെ അനുയായികൾ ഇമ്മാതിരി വൃത്തികേടുകൾക്കൊന്നും മെനക്കെട്ടില്ല. അതുകൊണ്ടായിരിക്കണം നമ്മുടെ നാട്ടിൽ (ഉത്തരേന്ത്യയിലും ദൽഹിയിലും മറ്റും പ്രത്യേകിച്ചും) ഈ "വീട്ടുവേല സംസ്കാരം" രൂപം കൊണ്ടത്. ഞാൻ താമസിക്കുന്ന ഫ്ലാറ്റിൽ (പണക്കാരുടെ ലക്ഷം വീട് കോളനി) ഓരോ വീട്ടിലും പാത്രം കഴുകാനും തുണി കഴുകാനും നിലം തുടയ്ക്കാനും (എന്തിന്, ജട്ടി കഴുകാൻ വരെ) വേലക്കാരികളുണ്ട്. അതൊരു സ്റ്റാറ്റസ് സിമ്പൾ കൂടിയാണ്. (എന്റെ ഭാര്യ ഫ്ലാറ്റിനു പുറത്തിറങ്ങാറേയില്ല; അവൾ പറയുന്നത് വീട്ടിൽ വേലക്കാരിയില്ലാത്തതുകൊണ്ട് മറ്റു പെണ്ണുങ്ങളെ നോക്കാൻ അവൾക്ക് നാണമാകുന്നുവെന്നാണ്!)


എന്തായാലും വീട്ടുടമസ്ഥനും വീട്ടമ്മയും ജോലിക്കാരിയും ചേർന്ന് വീട്ടിൽ നിന്ന് ഓരോ ദിവസവും ക്വിന്റൽ കണക്കിനാണ് ഗാർഹിക മാലിന്യങ്ങൾ പുറന്തള്ളുന്നത്. ഇതെല്ലാം ഒരാളാണ് കൈ കാര്യം ചെയ്യുന്നതെങ്കിൽ തീർച്ചയായും മാലിന്യം കുറയുമായിരുന്നു. വന്ന് വന്ന് വീടിന് പുറത്ത് മാത്രമല്ല, റോഡിലും പുഴയിലും കാണുന്നിടത്തും കാണാത്തിടത്തുമെല്ലാം മാലിന്യങ്ങൾ നിറഞ്ഞു. അപ്പോഴാണ് വർഗീയവാദികളുടെ വരവ്. അവരുടെ നേതാവോ, സാക്ഷാൽ മോദിയും. ഇതിയാന് വേറേ ജോലിയില്ലാഞ്ഞിട്ടാണോ എന്തോ ചൂലുമെടുത്ത് ശുചിത്വഭാരതം എന്നും പറഞ്ഞിറങ്ങിയിരിക്കുന്നത്. ആളുകളെ മെനക്കെടുത്താൻ.  അപ്പോഴാണ് പഴയ പത്രവാർത്ത എന്റെ ഓർമ്മയിൽ തേട്ടി വന്നത്. അപ്പോൾ, പണ്ട് വെട്ടി സൂക്ഷിച്ച ആ വാർത്ത തപ്പി എടുക്കുകയും ഒരാവർത്തി കൂടി വായിക്കുകയും ചെയ്തു.

പുതിയ നൂറ്റാണ്ടിലെ 7 മൂലപാപങ്ങൾ ഇവയാണ്.

1. പ്ലാസ്റ്റിക് സഞ്ചികൾ വലിച്ചെറിഞ്ഞ് പരിസരം മലിനീകരിക്കുക
2. ജനിതക രൂപാന്തരം വരുത്തൽ
3. ധാർമ്മികതക്ക് നിരക്കാത്ത വിധം മനുഷ്യനിൽ പരീക്ഷണം നടത്തൽ
4. സാമൂഹിക അനീതിക്ക് ഇടയാക്കൽ
5. ദാരിദ്ര്യത്തിന് കാരണമാകൽ
6. അമിതമായ ധനസമ്പാദനം
7. മയക്കുമരുന്നുകളുടെ ഉപയോഗം

അത് വായിച്ച് കഴിഞ്ഞപ്പോൾ എനിയ്ക്ക് തോന്നിയത് നാട്ടിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾക്കെല്ലാം ഉത്തരവാദികൾ അന്യമതസ്ഥരായിരിക്കുമെന്നാണ്. ക്രിസ്ത്യാനികൾ അനുസരണയുള്ള കുഞ്ഞാടുകളാണല്ലോ.  ഞാൻ പണ്ട് വെട്ടി സൂക്ഷിച്ച ആ പത്രവാർത്ത ഇവിടെ കൊടുക്കുന്നുണ്ട്. ആർക്കെങ്കിലും പ്രയോജനപ്പെട്ടാലോ?


ക്രിസ്ത്യാനികളുടെ പുതിയ വിശ്വാസമനുസരിച്ച് പ്ലാസ്റ്റിക് സഞ്ചികൾ വലിച്ചെറിഞ്ഞ് പരിസരം വൃത്തികേടാക്കുന്നത് നിത്യനരകത്തിലേക്കുള്ള പാസ്പോർട്ടെടുക്കലാണ്. അതവർ ചെയ്യാൻ വഴിയില്ല. ക്രിസ്ത്യാനികളുടെ ഈ മൂലപാപങ്ങളെ മൂലക്കിടാതെ മറ്റു മതസ്ഥരും കൂടി ഏറ്റെടുത്തിരുന്നെങ്കിൽ ശശി തരൂരിനും മോദിക്കും ബിജെപിക്കാർക്കും കൈ വൃത്തികേടാക്കേണ്ടി വരുമായിരുന്നില്ല. പത്തറുപത് വർഷം നാടു ഭരിച്ച "കൈ" വൃത്തികേടായതുകൊണ്ടാണല്ലോ മോദിയും മറ്റും ഇപ്പോഴവിടെ കയറിയിരിക്കുന്നത്?

എങ്ങനെയെങ്കിലും നാടു വൃത്തിയായാൽ മതിയായിരുന്നു. ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

വീടിനേയും വീട്ടുവേലക്കാരിയേയും കുറിച്ചെഴുതിയപ്പോഴാണ് വീട്ടമ്മയും വേലക്കാരിയും തമ്മിലുള്ള ഒരു സംഭാഷണം ഓർമ്മ വന്നത്. അത് ഇങ്ങനെ.....

House Maid: Madam, I want a salary rise. 
Madam: Why? (loudly) Give me three reasons why I have to increase your salary.
Maid: I can cook better than you.
Madam: Who told that?
Maid: Your husband told me.
Madam: OK, second reason?
Maid: I can iron better than you.
Madam: Who told that?
Maid: Your husband told me.
Madam: OK, third reason?
Maid: I am also better in bed than you!

Now, madam was very furious and was about to break her head. The conversation continued.

Madam: Did my husband say that?
Maid: No, the driver told me...
Madam: What did the driver say?
Maid: (loudly) The driver told me that I am better in bed than you......

There was silence for a while. Madam continued.....

Please lower your voice.... I will increase your salary.....



2014, ഒക്‌ടോബർ 25, ശനിയാഴ്‌ച

......... തകരാർ

ടീവി തുറന്നപ്പോൾ കണ്ടത് ശശി തരൂർ വിഴിഞ്ഞം വൃത്തിയാക്കുന്നതാണ്. ഈ മാലിന്യം മാറ്റാൻ കഴിയില്ലെങ്കിൽ തിരുവനന്തപുരം കോർപ്പറേഷന് ഭരണം ഉപേക്ഷിച്ച് വേറേ എന്തെങ്കിലും ചെയ്തുകൂടേ എന്നാണ് പത്രക്കാരോട് ചോദിക്കുന്നത്. ഇതിലും വലിയ മണ്ടത്തരം ഇത്ര വലിയ വിവരവും വിദ്യാഭ്യാസവും ഉണ്ടന്ന് പറയുന്ന ഈ മനുഷ്യനല്ലാതെ മറ്റാരെങ്കിലും പറയുമോ? ഇദ്ദേഹം പറയുന്നത് കേട്ടാൽ തോന്നും ഈ മാലിന്യമെല്ലാം ഉണ്ടാക്കുന്നത് തിരുവനന്തപുരം കോർപ്പറേഷനാണെന്നാണ്.

ഇന്നത്തെ മനുഷ്യന്റെ ജീവിത രീതിയാണ് വെയ്സ്റ്റ് ഉത്പാദിപ്പിക്കുന്നത് എന്ന് ഗവൺമെന്റും ജനങ്ങളും മനസ്സിലാക്കാതേയും ഈ വെയ്സ്റ്റുണ്ടാക്കുന്ന ജീവിതരീതി മാറ്റാതേയും നമ്മുടെ ചുറ്റുപാടിൽ നിന്ന് മാലിന്യം ഇല്ലാതാകാൻ പോകുന്നില്ല.

ഞാൻ കുട്ടിയായിരുന്ന കാലത്ത് (എനിയ്ക്ക് 56 വയസ്സ്) എന്റെ വീട്ടിൽ നിന്ന് പുറത്ത് കളഞ്ഞിരുന്ന ഒരേ ഒരു വെയ്സ്റ്റ് പൊട്ടിയ ഗ്ലാസ്സും പിഞ്ഞാണപാത്രങ്ങളും ആയിരുന്നു. അതും വർഷത്തിലൊരിക്കൽ.  അന്നൊക്കെ ഞങ്ങളുടെ തലമുടി വെട്ടിയിരുന്നത് ബാർബർ വീട്ടിൽ വന്നിട്ടായിരുന്നു. മുറിച്ചിട്ട മുടിയെല്ലാം അയാൾ വാരിയെടുത്ത് പൊതിഞ്ഞു കൊണ്ടു പോകുമായിരുന്നു. അയാളത് അകലെ വല്ല മുളങ്കൂട്ടത്തിന്റെ ഇടയിലുമാണ് വലിച്ചെറിഞ്ഞിരുന്നത്. ഇനി വേറേ എന്ത് വെയ്സ്റ്റ് ആണ് അക്കാലത്ത് വീടുകളിലുണ്ടായിരുന്നത്? വീട്ടിലുണ്ടാകുന്ന മറ്റെല്ലാ വെയ്സ്റ്റുകളും അടുക്കളയിലെ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ എന്ന വകുപ്പിൽ വരുമായിരുന്നു. അതിൽ പലതും വല്ല വാഴക്കുണ്ടിലോ തെങ്ങുംകുഴിയിലോ വളമായി മാറുകയായിരുന്നു. പഴത്തിന്റെ തൊലി, പച്ചക്കറിയുടെ തൊലി എന്നിവ സ്വന്തം വീട്ടിലോ അടുത്ത വീട്ടിലോ ഉള്ള ആടിനോ പശുവിനോ ഭക്ഷണമായി മാറുകയായിരുന്നു. ഇന്നോ?  (പണ്ടുള്ളവർക്കുണ്ടായിരുന്നോ മതിലും അതിർത്തിയും? ഇല്ല. ഇന്ന് നമ്മൾ മതിൽ പൊക്കി കെട്ടിയിരിക്കയല്ലേ? മതിലില്ലാത്ത വീടിനുണ്ടോ വല്ല ഭംഗിയും? എന്ത് അയൽവാസി? ടീവിയിലെ സീരിയൽ കഴിയാതെ അയൽക്കരനോടൊന്ന് മിണ്ടാൻ പറ്റുമോ? അതിന് സീരിയൽ കഴിഞ്ഞ് നേരമെവിടെ?)

ഇന്ന് വീട്ടിലേക്ക് വേണ്ടതെല്ലാം പുറത്ത് നിന്ന് വാങ്ങിക്കൊണ്ട് വരികയാണ്. 10 പച്ചക്കറി വാങ്ങിയാൽ അവ 10 പ്ലാസ്റ്റിക് കവറിലായിരിക്കും വീട്ടിലെത്തുന്നത്. കയ്യിൽ ഒരു തുണി സഞ്ചി കരുതിയാൽ ഈ 10 പ്ലാസ്റ്റിക് കവർ ഒഴിവാക്കാം. പക്ഷേ അത് ചെയ്യില്ല. ഒരു സഞ്ചി കയ്യിൽ കരുതുന്നത് സൗകര്യക്കുറവല്ലേ? സ്റ്റാറ്റസ്സിനു ചേരുമോ? (വലിയൊരു മൊബൈൽ ഫോൺ കയ്യിൽ കരുതാം. അതൊരു ഗമയല്ലേ? നാലാൾ കാണില്ലേ?)  അവസാനം ഈ 10 പ്ലാസ്റ്റിക് കവറും അടുത്ത ദിവസം തന്നെ വീട്ടിന്റെ അടുത്തുള്ള റോഡിൽ കാണും. ഇങ്ങനെ ഒരു വീട്ടിൽ 10 വച്ച് ഒരു സ്ഥലത്തുള്ള 500 വീട്ടിലെ ഒരു മാസത്തെ വെയ്സ്റ്റ് കവർ 150,000 വരും. ഇത് പോരേ ഒരു പ്രദേശം വൃത്തികേടാക്കാൻ. ഒരു വെയ്സ്റ്റും ഉണ്ടാകാതിരിക്കേണ്ട സ്ഥാനത്താണ് ഇത്രയും മാലിന്യം നാം ഒരു പ്രയാസവും കൂടാതെ ഉണ്ടാക്കിയത്. "ഉപയോഗിക്കുക, വലിച്ചെറിയുക" എന്ന നമ്മുടെ ഈ ജീവിത മുദ്രാവാക്യം മാറ്റാതെ ഒരു ശശി തരൂർ വിചാരിച്ചാലും നാട് നന്നാകില്ല. അദ്ദേഹത്തിന് ശരിയായ ചിന്ത വന്നില്ല. അതുകൊണ്ടാണ് ആരോ "ശശി തകരാർ" എന്ന് പറഞ്ഞത്. "സൗകര്യവും എളുപ്പവും" എന്ന 2 കാര്യങ്ങളാണ് ഈ വെയ്സ്റ്റത്രയും ഉണ്ടാകാൻ കാരണം എന്ന് ചെറുതായി ചിന്തിച്ചാൽ മനസ്സിലാകാവുന്നതേ ഉള്ളു. അതുകൊണ്ട് "വെയ്സ്റ്റുണ്ടാക്കാതിരിക്കുക" എന്നതാണ് പരിസരം വൃത്തിയാക്കുന്നതിനേക്കാൾ ഉപകാരപ്രദം എന്ന് നാട്ടുകാരും വീട്ടുകാരും വീട്ടിലെ ഓരോ മെംബറും മനസ്സിലാക്കിയാൽ നന്നായിരുന്നു. Just like TAX deducted at source, WASTE should be eliminated at source by not making it.

അടുക്കളയിലെ ഭക്ഷണ വെയ്സ്റ്റ് പ്ലാസ്റ്റിക് കവറിലാക്കി റോഡിലേക്ക് വലിച്ചെറിയുമ്പോൾ അത് അതിനകത്ത് കിടന്ന് അന്തരീക്ഷത്തിന് ദോഷമുള്ള വാതകങ്ങളുണ്ടാകുന്നു. അടുക്കളയിലെ ഭക്ഷണ വെയ്സ്റ്റ് വെറുതെ റോഡിൽ കളഞ്ഞിരുന്നെങ്കിൽ (ആരും അങ്ങനെ ചെയ്യില്ല, വീട്ടിലെന്താണ് തിന്നത് എന്ന് മറ്റുള്ളവർ കാണില്ലേ?) അത് വല്ല കിളിയോ നായയോ തിന്നുമായിരുന്നു. അല്ലെങ്കിൽ അത് മണ്ണിൽ ലയിച്ച് വള്മാകുമായിരുന്നു. പക്ഷേ പ്ലാസ്റ്റിക് കവറിലാക്കി വലിച്ചെറിയുന്ന ഒരു സുഖം അപ്പോൾ കിട്ടില്ലല്ലോ?   ജീവിതം സുഖിക്കാനുള്ളതാണ്, ഓരോ നിമിഷവും സൗകര്യപൂർവ്വം ജീവിക്കണം എന്നൊക്കെയുള്ള തകരാറയ ചിന്ത മാറാതെ നമ്മുടെ പരിസരം വൃത്തിയാവില്ല. തീർച്ച.

കുറേ വെയ്സ്റ്റ് ശശി തരൂർ കോരിയിട്ടുണ്ടാകും. അതെല്ലാം കോരിയിടാൻ വേറേയും വലിയ വലിയ പ്ലാസ്റ്റിക് ബാഗുകൾ അവർ വാങ്ങിക്കാണും. ആ പ്ലാസ്റ്റിക്കും ഭൂമിയ്ക്ക് ഭാരമാകും. ഹും, അവർ ഭൂമി വൃത്തിയാക്കുകയാണത്രെ? ഇനി എവിടെയാണാവോ അവർ ഇത് കൊണ്ടു പോയി ഇടാൻ പോകുന്നത്? കൊള്ളാം. നാറാണത്ത് ഭ്രാന്തൻ പറഞ്ഞത് തന്നെ കാര്യം. ഈ കാലിലെ മന്ത് മറ്റേ കാലിലേക്ക് തന്നെ. ഈ വെയ്സ്റ്റത്രയും അവർ കുറച്ച് ദൂരെ മാറ്റിയിട്ടേക്കും. അവരാണ് നാറാണത്ത് ഭ്രാന്തന്റെ പിന്മുറക്കാർ.....

2014, ഒക്‌ടോബർ 19, ഞായറാഴ്‌ച

മാലിന്യമുക്ത ഭാരതം

ഒരു രൂപയ്ക്ക് അരി കിട്ടുന്ന നാട്ടിൽ മൂത്രമൊഴിക്കാൻ 5 രൂപ വേണമെന്ന അനീതിക്കെതിരെ ജേപ്പി എന്നൊരാൾ ഭാര്യയേയും സുഹൃത്തിനേയും കൂട്ടി കേരളം മുഴുവൻ നടന്നെന്ന് മാതൃഭൂമിയിൽ വായിച്ചു. മൂത്രമൊഴിക്കാൻ 5 രൂപ കൊടുക്കുന്നതിലെന്ത് അനീതിയാണെന്ന് എനിയ്ക്ക് പിടി കിട്ടിയില്ല. മൂത്രമൊഴിച്ചാൽ അവിടം വൃത്തിയാക്കാൻ ചുരുങ്ങിയത് ഒരു കുപ്പി വെള്ളമെങ്കിലും വേണ്ടേ? ഒരു കുപ്പി വെള്ളത്തിന് ഇപ്പോഴെന്താ വില? അപ്പോൾ മൂത്രമൊഴിക്കാൻ ഒരു പതിനഞ്ച് രൂപ വാങ്ങാമെന്നാണെന്റെ കാഴ്ചപ്പാട്. അല്ലെങ്കിൽ ഒരു രൂപയ്ക്ക് അരി കിട്ടുന്ന നാട്ടിൽ ഒരു കുപ്പി വെള്ളം ഫ്രീയായി കിട്ടാനായിരുന്നു ടിയാൻ സമരം നടത്തേണ്ടിയിരുന്നത്. പണ്ടൊക്കെ അങ്ങനെയല്ലായിരുന്നോ? നടന്നു പോകുമ്പോൾ വഴിയിലെവിടെയെങ്കിലും പൊതു കിണറുണ്ടാകും. അവിടെ പൊതുവായി ഉപയോഗിക്കാൻ ഒരു ബക്കറ്റും കയറും ഉണ്ടാകുകയും ചെയ്യും. വഴിയാത്രക്കാർ ആവശ്യത്തിന് വെള്ളം കോരിക്കുടിച്ച കാലങ്ങളായിരുന്നു അത്. ഇപ്പോൾ പൊതു കിണറുമില്ല, നല്ല വെള്ളവും ഇല്ല.

മാവേലിക്കരയെ പ്ലാസ്റ്റിക് മാലിന്യ വിമുക്ത നഗരമായി പ്രഖ്യാപിച്ചതായി വാർത്ത. എന്നാണാവോ നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി മോദിജി ഭാരതത്തെ പ്ലാസ്റ്റിക് മാലിന്യ വിമുക്ത രാജ്യമായി പ്രഖ്യാപിക്കുകയാവോ? നമ്മളൊക്കെയല്ലേ ഈ നാട്ടിൽ ജീവിക്കുന്നത്? നമ്മുടെ സ്വഭാവവും ജീവിതരീതിയും വച്ചു നോക്കുമ്പോൾ അദ്ദേഹം അങ്ങനെയൊരു പ്രഖ്യാപനം നടത്താതിരിക്കാനാണ് സാദ്ധ്യത.

നാടിനെ നന്നാക്കാനാണ് മോദിജി ശുചിത്വഭാരതം പരിപാടിക്ക് തുടക്കമിട്ടിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രിയുടെ വകയായി ഒരു "കൈ കഴുകൽ" യജ്ഞവും ഈയിടെ പത്രത്തിൽ കാണുകയുണ്ടായി. ആരോഗ്യ രക്ഷയ്ക്ക് വേണ്ടി, ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈ കഴുകാനാണ് അദ്ദേഹം എല്ലാവരേയും ഉദ്ബോധിപ്പിക്കുന്നത്.  അപ്പോൾ ആളുകളൊന്നും ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈ കഴുകാറില്ല എന്നാണോ മനസ്സിലാക്കേണ്ടത്? ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈ കഴുകുക എന്ന നമ്മുടെ ആ പഴയ സ്വഭാവം അപ്പോൾ അന്യം നിന്നിരിക്കാനാണ് സാദ്ധ്യത. ശരിയായിരിക്കാം, ഭക്ഷണം കഴിഞ്ഞ ശേഷം പേപ്പർ (നാപ്കിൻ) കൊണ്ട് കൈ തുടക്കുന്നതാണല്ലോ നമ്മുടെ പുതിയ സംസ്കാരം!

സത്യത്തിൽ കൈ വൃത്തിയാക്കി വയ്ക്കേണ്ടത് വളരെ പ്രധാനമായ കാര്യമാണ്. അതില്ലാത്തതാണ് ഭാരതത്തിന്റെ ശാപം. യു.പി.എ മന്ത്രിസഭയിലെ പലരുടേയും കൈ വൃത്തി കേടായിരുന്നു; കറ പറ്റിയത് - അഴിമതിയുടെ. അതിൽ പലരും കൈ കഴുകി രക്ഷപ്പെട്ടു എന്നു വേണം കരുതാൻ. അപ്പോൾ കൈ കഴുകുന്നത് നല്ല കാര്യം തന്നെ. പക്ഷേ കൈ വൃത്തികേടാക്കരുതെന്നാണ് മോദി എല്ലാ മന്ത്രിമാർക്കും ഉപദേശം കൊടുത്തിരിക്കുന്നത്. അവരാരും കൈ വൃത്തികേടാക്കുന്നില്ലെന്ന് ഉറപ്പു വരുത്താനും മോദിജി ഊർജ്ജം കളയുന്നുണ്ട്.

ജലമാണ് ജീവന്റെ അടിസ്ഥാനം എന്നാണ് പഠിച്ചിട്ടുള്ളത്. ജലമില്ലെങ്കിൽ ജീവനില്ല എന്നതാണ് അവസ്ഥ. ജലമുണ്ടോ എന്നാണല്ലോ ഈ ചന്ദ്രയാനവും മംഗളയാനവും മറ്റും അന്വേഷിക്കുന്നത്. സൂര്യനിൽ ജലമില്ല എന്നറിയാവുന്നത് കൊണ്ട് നമ്മൾ സൂര്യയാൻ വിടില്ല എന്നുറപ്പിക്കാം.

 ജലമാണ് ജീവന്റെ അടിസ്ഥാനം എന്നുള്ളതു കൊണ്ട് ജലം നശിക്കാതേയും വൃത്തികേടാകാതേയും സൂക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്. അതും ശുചിത്വഭാരതയജ്ഞത്തിന്റെ ഭാഗമാക്കണം.  ജലം അശുദ്ധമാകാതിരിക്കണമെങ്കിൽ നമ്മൾ ആദ്യമായി ചെയ്യേണ്ടത് മനുഷ്യമലം കുഴലിലൂടെ വെള്ളത്തിലൊഴുക്കി ദൂരേയ്ക്ക് കളയുന്ന രീതിയാണ്. എല്ലാ ജലവും അവസാനം കായലിലോ പുഴയിലോ ഒക്കെയാണല്ലോ എത്തിച്ചേരുന്നത്. അപ്പോൾ വെള്ളത്തിലൊഴുക്കുന്ന മലവും അവസാനം പുഴയിലൊക്കെത്തന്നെയാണ് എത്തുക. അതാണല്ലോ നമ്മൾ പത്രത്തിലൊക്കെ വായിക്കുന്നതും. വെള്ളമില്ലാതെ ഉപയോഗിക്കാവുന്ന ക്ലോസറ്റ് ആരെങ്കിലും കണ്ടുപിടിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു? പണ്ടൊക്കെ കുഴിക്കക്കൂസായിരുന്നകാലത്ത് അതെല്ലാം മണ്ണിൽ ലയിച്ചുചേർന്ന് ഭൂമിയ്ക്ക് വളമാകുമായിരുന്നു. ഇപ്പോളെല്ലാം പ്ലാസ്റ്റിക്കിലൂടെയാണല്ലോ പോകുന്നത്. അടുക്കളയിലെ ഭക്ഷണത്തിന്റെ അവശിഷ്ടം വരെ പ്ലാസ്റ്റിക് കവറിലാക്കി വലിച്ചെറിയുക എന്ന സൗകര്യപ്രദമായ ഏർപ്പാടാണ് നമ്മൾ അവലംബിച്ചിട്ടുള്ളത്. അതാണല്ലോ നമ്മുടെ ചുറ്റുപാടുകൾ ഇത്രയും വൃത്തിഹീനമാകാൻ കാരണം. അതെല്ലാം വല്ല സസ്യങ്ങളുടേയും മൂട്ടിലിട്ടിരുന്നുവെങ്കിൽ അവ നന്നായി വളരുകയും ചുററ്റുപാടുകൾ വൃത്തികേടാകാതിരിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ അങ്ങനെയൊക്കെ നോക്കാൻ നമുക്കുണ്ടോ സമയം. ടിവിയിലെ സീരിയലുകൾ കഴിഞ്ഞിട്ടു വേണ്ടേ എന്തിനെങ്കിലും സമയം കിട്ടാൻ? അപ്പോൾ ഏറ്റവും നല്ലത് തിന്നതിന്റെ ബാക്കിയൊക്കെ പ്ലാസ്റ്റിക് കവറിലിട്ട് വലിച്ചെറിയുക എന്നതു തന്നെ. ശുചിത്വഭാരതം പരിപാടി വിജയിക്കണമെങ്കിൽ "ഉപയോഗിക്കുക, വലിച്ചെറിയുക" എന്ന നമ്മുടെ ശൈലി മാറ്റേണ്ടിയിരിക്കുന്നു. പല തരം നാപ്കിനുകൾ, ഗർഭനിരോധന ഉറകൾ എന്നിവയൊക്കെ ആരോഗ്യകരമായ രീതിയിൽ നിർമ്മാർജ്ജനം ചെയ്യാനുള്ള വഴികൾ അവയുടെ നിർമ്മാതാക്കൾ തന്നെ രൂപപ്പെടുത്തേണ്ടതാണ്. ഇപ്പോൾ ഇതൊക്കെ ആളുകൾ എന്തു ചെയ്യുകയാണാവോ? എല്ലാം ക്ലോസറ്റിൽ തള്ളുകയാവും. അതാണല്ലോ എളുപ്പം.  എന്താകുമോ ആവോ നമ്മുടെ ശുചിത്വഭാരതം?

എഴുതാൻ ബോൾ പോയന്റ് പേന വേണ്ടെന്നും ഇനി പേനയും മഷിക്കുപ്പിയും മാത്രമേ ഉപയോഗിക്കൂ എന്നുമാണ് വട്ടോളി നാഷനൽ ഹൈസ്കൂൾ കുട്ടികൾ പറയുന്നത്. ഇതിൽ പരം നല്ല ഒരു കാര്യം കേക്കാനുണ്ടോ? എത്ര എത്ര പ്ലാസ്റ്റിക് മാലിന്യമാണ് പേനകളെന്ന പേരിൽ നാട്ടിൽ ഉണ്ടാകുന്നത്. കുട്ടികളേ, നിങ്ങൾക്ക് എന്റെ നല്ല നമസ്ക്കാരം.

ഇതെഴുതുമ്പോൾ തെരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കയാണ്. ബീ.ജെ.പിയും കോൺഗ്രസ്സും ഏതാണ്ട് തുല്യശക്തികളായി മുന്നേറുകയാണ്. ബി.ജെ.പി. ക്ക് ഹരിയാനയിലും കോൺഗ്രസ്സിന് മഹാരാഷ്‌ട്രയിലും അമ്പതോളം സീറ്റുകൾ കിട്ടിയിട്ടുണ്ട്. അപ്പോൾ രണ്ടും തുല്യമെന്ന് പറയാമല്ലോ. എന്നിട്ടും കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്ണ പറയുന്നത് കോൺഗ്രസ്സിന്റെ പരാജയത്തിൽ ദേശീയനേതൃത്വത്തിന് ഒരു ഉത്തരവാദിത്വവുമില്ലെന്നാണ്. കോൺഗ്രസ് ജയിക്കുന്നത് ദേശീയനേതൃത്വത്തിന്റെ കഴിവു കൊണ്ടും പരാജയപ്പെടുന്നത് ജനങ്ങളുടെ വിവരക്കേടു കൊണ്ടുമാണത്രെ. ബിന്ദുകൃഷ്ണ നേതാവായിരിക്കുന്നിടത്തോളം കാലം, കോൺഗ്രസ് പാർട്ടി ഒരു കൃഷ്ണബിന്ദു (ബ്ലാക് സ്പോട്ട്) ആയി ചുരുങ്ങാനാണ് സാദ്ധ്യത.

മുഖം മറയ്ക്കുന്ന പർദ്ദയല്ല മുസ്ലിം സമൂഹത്തിന്റെ മുഖം എന്നാണ് ഡോ. ഫസൽ ഗഫൂർ പറയുന്നത്. വിദ്യാസമ്പന്നരായ സ്ത്രീകളാണത്രെ സമുദായത്തിന്റെ മുഖമുദ്ര. എന്നിട്ടെന്താണാവോ പർദ്ദയിടുന്ന മുസ്ലിം സ്ത്രീകളുടെ എണ്ണം ഇങ്ങനെ വർദ്ധിച്ചു വരുന്നതാവോ? പർദ്ദ വിദ്യയുടെ അലവുകോലാകാതിരുന്നാൽ മതിയായിരുന്നു.  പണ്ട് മറയ്ക്കാത്ത മാറുമായി നടന്നിരുന്ന സ്ത്രീകൾ ഇപ്പോൾ എന്തും ധരിക്കാനുള്ള സ്വാതന്ത്ര്യമുള്ളവരാണ്. പക്ഷേ അത്രയ്ക്കങ്ങോട്ട് സ്വാതന്ത്ര്യം എടുക്കേണ്ട എന്നേ പാവം യേശുദാസ് പറഞ്ഞുള്ളു. പക്ഷേ എന്തായിരുന്നു സ്ത്രീകളുടെ ഒരു പ്രതിഷേധം.  ങാ, അതിനുള്ള സ്വാതന്ത്ര്യവും നാട്ടിലുണ്ടല്ലോ.

സി. പി. എമ്മിന്റെ ശുചിത്വ കാമ്പെയ്ൻ മോദിയുടെ അമ്പാസഡറാകാനല്ലെന്ന് കോടിയേരി. ശരിയായിരിക്കും, ശുഷ്കിച്ചു വരുന്ന പാർട്ടിയിലേക്ക് ആളെക്കൂട്ടാൻ ഇതുപകരിക്കുമോ എന്നു മാത്രമേ അവർ നോക്കുന്നുള്ളു. രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർക്കുന്നവരാണ് കേന്ദ്രത്തിലെന്ന് പിണറായി. മാർക്സിസ്റ്റ് പാർട്ടിയിൽ ചേരുകയാണെങ്കിൽ അവരെല്ലാം മതനിരപേക്ഷതയെ പരിപോഷിപ്പിക്കുന്നവരാണെന്നേ അദ്ദേഹം പറയൂ.

എന്തായാലും എല്ലാവരും ഒത്തു പിടിച്ച് ശുചിത്വഭാരതം പരിപാടി വിജയിപ്പിച്ചിരുന്നുവെങ്കിൽ നാട് വൃത്തിയായിക്കിട്ടിയേനെ. ലോകസഭാതെരഞ്ഞെടുപ്പിനു മുമ്പ് ബി. ജെ.പി പറഞ്ഞു കൊണ്ടിരുന്നത് കോൺഗ്രസ്മുക്ത ഭാരതം എന്നായിരുന്നു. ഇപ്പോളവർ നിലപാടൊന്നു കൂടി കടുപ്പിച്ചിരിക്കയാണ്. ഇപ്പോഴവർ പറയുന്നത് മാലിന്യമുക്ത ഭാരതംഎന്നാണ്. അതിനായവർ എ.എ.പിയുടെ ചൂലും പിടിച്ചു വാങ്ങിയിരിക്കുന്നു.





2014, ഒക്‌ടോബർ 12, ഞായറാഴ്‌ച

സാൻസദ് ആദർശ് ഗ്രാം യോജന

"സാൻസദ് ആദർശ് ഗ്രാം യോജന" ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജി ഇന്നലെ ഉദ്ഘാടനം ചെയ്തു.

ഇത് വെറും തട്ടിപ്പാണെന്ന് പ്രതിപക്ഷക്കാർ പറഞ്ഞേക്കാം. വെറും ഗ്രാമിലെന്തിരിക്കുന്നു എന്നതാണ് ചോദ്യം.

ആത്മാർത്ഥതയോടേയും മുതൽമുടക്കോടേയും ആണ് പരിപാടി നടപ്പാക്കുന്നതെങ്കിൽ അത് "സാൻസദ് ആദർശ് കിലോഗ്രാം യോജന" ആകണമായിരുന്നു എന്നാണ് അവരുടെ പക്ഷം..

2014, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

പാവം ഡയർ!


ഈയിടെ പഞ്ചാബിലൂടെ ജമ്മുവിലേക്കൊരു കാർ യാത്ര വേണ്ടി വന്നു.
കാർ അമൃത്സറിലൂടെ പോകുമ്പോൾ സുവർണ്ണക്ഷേത്രത്തിലേക്കും ജാലിയൻവാലാബാഗിലേക്കുമുള്ള വഴി കാട്ടിക്കൊണ്ട് റോഡരികിൽ അങ്ങിങ്ങ് ചൂണ്ടുപലകകൾ കണ്ടിട്ടും ഞാനവ ഗൗനിച്ചില്ലെങ്കിലും, കാർ നഗരത്തിന്റെ ഹൃദയഭാഗത്തുകൂടെ പോകുകയും "ജാലിയൻവാലാ ബാഗ് മെമോറിയൽ" എന്ന ബോർഡ് അരികിലായി കാണുകയും ചെയ്തപ്പോൾ പണ്ട് സ്കൂളിൽ പഠിച്ച കാര്യങ്ങളൊക്കെ ഒന്നു നേരിട്ട് കണ്ടേക്കാം എന്ന് ഞാൻ തീർച്ചയാക്കി.

സുവർണ്ണക്ഷേത്രത്തിന്റെ ഏതാണ്ട് അടുത്തായി തിരക്കുപിടിച്ച ഇടറോഡിനോട് വളരെ ചേർന്നാണ് മെമോറിയൽ. ആകർഷകമോ വിശാലമോ ആയ പ്രവേശനകവാടമൊന്നും അവിടെയില്ല. ഇടുങ്ങിയ ഒരു ഗെയ്റ്റ്. മറ്റുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളെപ്പോലെ പ്രവേശനടിക്കറ്റൊന്നുമില്ല. ആർക്കും വെറുതെയങ്ങോട്ട്  നടന്നു കയറാം. ഇടുങ്ങിയ ഒരു ഇടനാഴിയിലൂടേ നടന്നാൽ വിശാലമായ മൈതാനമായി.

മൈതാനമെന്ന് ഇപ്പോൾ പറയാൻ പറ്റില്ല; കാരണം സ്മാരകങ്ങളും മറ്റുമായി പല നിർമ്മിതികളും ഇപ്പോഴവിടെയുണ്ട്. ഡൽഹിയിൽ ഗാന്ധിസമാധിയിലെന്ന പോലെ ഇവിടേയും ഒരു കെടാത്ത ദീപശിഖ കത്തിക്കൊണ്ടിരിക്കുന്നുണ്ട്. ചരിത്രസംഭവങ്ങളെല്ലാം വളരെ വിശദമായിത്തന്നെ കല്ലിലും ചുമരിലും മറ്റുമായി എഴുതി വച്ചിട്ടുണ്ട്. വെടി വച്ച സ്ഥലവും വെടി കൊണ്ട പാടുകളും ആളുകൾ മരിച്ചുവീണ സ്ഥലത്തെ സ്മാരകവും ഓടി രക്ഷപ്പെടുന്നതിനിടെ ആളുകൾ കൂട്ടത്തോടെ വീണു മരിച്ച കിണറും എല്ലാം ഭംഗിയായി സൂക്ഷിച്ചിട്ടുണ്ട്.   പൂജയുമായി ബന്ധപ്പെട്ട അവധി ദിവസങ്ങളായതിനാലാകും, അവിടെ വല്ലാത്ത ജനത്തിരക്കായിരുന്നു.

എന്റെ ഈ ഈ കുറിപ്പുകളൊക്കെ ആളുകൾ നോക്കുകപോലും ചെയ്യാത്തതിനാലും  ഈ സ്മാരകങ്ങളുടെ ഒക്കെ മനോഹരമായ ഫോട്ടോകൾ ഇന്റർനെറ്റിൽ ലഭ്യമാണെന്നതിനാലും അവയുടെ ചിത്രങ്ങളൊന്നും ഇവിടെ കൊടുത്ത് സ്ഥലം മിനക്കെടുത്തേണ്ട കാര്യമില്ല.  

ഓർമ്മയില്ലേ, ജാലിയൻവാലാബാഗ് കൂട്ടക്കൊല? ആയിരത്തോളം നിരപരാധികളാണ് അന്നാ വെടിവെപ്പിൽ ജീവൻ വെടിഞ്ഞത്.  പരിക്ക് പറ്റിയവർ വേറേയും.  തോക്കിലെ ഉണ്ടകൾ തീരും വരെയായിരുന്നുവത്രെ വെടിവെപ്പ്. ' ങും, വയ്ക്കെടാ വെടി' എന്നത്രേ സായ്പ് സിപ്പായിമാരോട് ആക്രോശിച്ചത്.  ബ്രിട്ടീഷ് ഭരണചരിത്രത്തിൽ ഇതുപോലെ മറ്റൊരു കൂട്ടക്കൊല രേഖപ്പെടുത്തിയിട്ടില്ല.

വെടിവയ്പ്പ് തീരുകയും കാര്യങ്ങൾ നാട്ടുകാരറിയുകയും ചെയ്തപ്പോൾ ബ്രിട്ടീഷ് ഭരണാധികാരികൾ ധീരകൃത്യം ചെയ്തതിന് ജനറൽ ഡയറിനെ പ്രശംസിച്ചത്രെ. പക്ഷേ, പറഞ്ഞിട്ടെന്താ കാര്യം?  ഇന്ത്യക്കാർ  പാവം ഡയറിന് അർഹിക്കുന്ന അംഗീകാരം കൊടുത്തില്ല. സ്വാതന്ത്ര്യത്തിനു മുമ്പ് മാത്രമല്ല അതിനു ശേഷവും നമ്മൾ അദ്ദേഹത്തെ തീരെ മറന്നു. ഇന്നേ വരെ നമ്മൾ അദ്ദേഹത്തിനു ഒരു സ്മാരകവും പണിഞ്ഞില്ല.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * 

ക്ഷേത്രം പൊളിച്ച് പള്ളി പണിത ബാബറിനെ നമ്മൾ ബഹുമാനിച്ചത് ഡൽഹിയിലെ ഒരു റോഡിന് 'ബാബർ റോഡ്' എന്ന് നാമകരണം ചെയ്തു കൊണ്ടാണ്.

മഹാനായ ഔറംഗസേബിനും ഡൽഹിയിൽ സ്മാരകമുണ്ട് - 'ഔറംഗസേബ് റോഡ്'. 

ഷാജഹാൻ റോഡ്, അക്ബർ റോഡ്, ഹുമയൂൺ റോഡ്, ഫിറോസ് ഷാ റോഡ് എന്നിങ്ങനെ സ്മരണാർത്ഥമുള്ള റോഡുകൾ വേറേയും ധാരാളമുണ്ട്.

മുഗളന്മാരെ മാത്രമല്ല, നമ്മളെ ചൊല്പടിക്ക് നിർത്തിയ സായിപ്പന്മാരെയും നമ്മൾ കൃതജ്ഞതാപൂർവ്വം സ്മരിക്കുന്നു. ഹെയ്ലി റോഡ്, ചെംസ്ഫോർഡ് റോഡ്, മിന്റൊ റോഡ്  എന്നിവയൊക്കെ അതാണ് കാണിക്കുന്നത്.

റോഡുകൾക്ക് മാത്രമല്ല ഇമ്മാതിരി പേരുകൾ. ലേഡി ഹാർഡിങ്ങ് ഹോസ്പിറ്റൽ, റൈസിന ഹിൽസ് എന്നതൊന്നും സ്വാതന്ത്ര്യത്തിന് ജീവൻ വെടിഞ്ഞ ഭാരതീയന്റെ സ്മരണാർത്ഥമുള്ള പേരുകളല്ല. പലപ്പോഴും നമ്മൾ കേന്ദ്രഗവണ്മെന്റിനെ സൂചിപ്പിക്കാനുപയോഗിക്കുന്ന റൈസിന ഹിൽസിലെ 'റെസീന' ആരാണെന്നാർക്കറിയാം? 

എന്നാൽ 1000 ഇന്ത്യക്കാരെ ഒറ്റയടിക്ക് വെടിവച്ചു കൊന്ന ജനറൽ ഡയറിനെ നാം മറന്നു. ഡൽഹിയിലെ ഒരു റോഡിനു പോലും 'ജനറൽ ഡയർ മാർഗ്' എന്ന് നാമകരണം ചെയ്തില്ല. എന്തൊരു നന്ദികേട്!  ഇന്ത്യക്കാരനെ നമ്പാൻ കൊള്ളുകയില്ലെന്ന് എന്റെ സുഹൃത്ത് എപ്പോഴും പറയുമായിരുന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

യു. പി. എ ഭരണത്തിൽ, അഴിമതികൾ ഓരോന്നോരോന്നായി അരങ്ങേറുമ്പോൾ, മുന്നണിഭരണത്തിന്റെ അനിവാര്യതകളിലേക്ക് മൗന്മോഹൻജി വിരൽ ചൂണ്ടുമായിരുന്നു. ഇന്നിപ്പോൾ ഏകകക്ഷി ഭരണമല്ലേ? അതും ശക്തവും വ്യക്തവുമായ കാഴ്ചപ്പാടുള്ള മോദിയുടെ? ജാലിയൻ വാലാബാഗിലും മറ്റു സമരങ്ങളിലും ജീവൻ വെടിഞ്ഞ നിരപരാധികളുടെ പേരുകൾ ഈ റോഡുകൾക്ക് കൊടുത്തെങ്കിൽ എത്ര നന്നായിരുന്നു! റൈസിന കുന്നുകൾക്ക് ഒരു സ്ത്രീയുടെ പേരു തന്നെ വേണമെങ്കിൽ, കുന്നുകൾക്ക് മറ്റൊരു സ്ത്രീയുടെ പേരു കൊടുക്കാൻ ഭാരതത്തിൽ യോഗ്യരായ സ്ത്രീകൾ മറ്റാരുമില്ലേ, ഇപ്പോഴും?

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

ഡൽഹിയിൽ മുഗളന്മാരുടെ എത്രയെത്ര ശവകുടീരങ്ങളാണ് കേന്ദ്രഗവണ്മെന്റ് പണം കൊടുത്ത് ഇപ്പോഴും സംരക്ഷിക്കുന്നത്? സംരക്ഷിത സ്മാരകങ്ങളെന്ന പേരിൽ! അവിടങ്ങളിലെ ശവക്കല്ലറകൾ നീക്കം ചെയ്ത് പരിസരം ശുദ്ധമാക്കി കെട്ടിടങ്ങളെ പല പല മുറികളായി തിരിച്ച് വാടകയ്ക്ക് കൊടുത്തിരുന്നെങ്കിൽ ഡൽഹിയിലെ അവിവാഹിതർക്കും ഒറ്റയാന്മാർക്കും താമസിക്കാൻ ഒരു ഇടമായേനെഗവണ്മെന്റിനൊരു വരുമാനവും.