റോഡ് ആൾത്തിരക്കുള്ളതോ വാഹനങ്ങൾ അധികമുള്ളതോ അല്ല. അങ്ങിങ്ങ്, സ്കൂൾ കുട്ടികൾ നടന്നു പോകുന്നുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും ഉണ്ട്. തനി നാടൻ കുട്ടികൾ. റോഡിനിരുവശവും പ്രധാനമായും വയലുകളാണ്. അതല്ലെങ്കിൽ കെട്ടിടങ്ങളും അവയ്ക്ക് പുറകിൽ വയലുകളും. കെട്ടിടങ്ങളെല്ലാം വിവിധ രാജ്യങ്ങളുടെ ബുദ്ധവിഹാരങ്ങളാണ്. അവയെല്ലാം പുതിയതും ഭംഗിയുള്ളതുമാണ്. ആഗ്രഹങ്ങളും സുഖസൗകര്യങ്ങളും ഉപേക്ഷിച്ചവരാണ് ബുദ്ധസന്യാസിമാരെങ്കിലും ഈ കെട്ടിടങ്ങളും അതിനകത്തെ ജീവിതവും അത്രയ്ക്കങ്ങട് മോശമാകാൻ ഇടയില്ല എന്ന് ഈ കാഴ്ചകൾ തന്നെ വിളിച്ചു പറയുന്നുണ്ട്. എല്ലാ കെട്ടിടങ്ങളും അതാതു രാജ്യക്കാരുടെ കെട്ടിടനിർമ്മാണരീതി അനുസരിച്ചുണ്ടാക്കിയവയാണ്. പരിചയമുള്ളവർക്ക് ഏതാണ് തായ് ടെമ്പിൾ, ഏതാണ് കൊറിയൻ ടെമ്പിൾ, ഏതേതാണ് ചൈനീസ് ടെമ്പിൾ, ബർമ്മീസ് ടെമ്പിൾ എന്നൊക്കെ അനായാസം പറയാനാകും. കയ്യിൽ കാമറയുള്ളവർ ഈ ബുദ്ധവിഹാരങ്ങളുടെ ഫോട്ടോ എടുക്കാതെ മുന്നോട്ട് നീങ്ങില്ല. കാമറയ്ക്കും ബ്ലോഗുകൾക്കും ഇണങ്ങുന്നതാണീ കെട്ടിടങ്ങളുടെ കെട്ടും മട്ടും.ആരും ഒന്നു നോക്കിപ്പോകും. എന്നാൽ ഞങ്ങളുടെ കയ്യിലെ മൊബൈൽ കാമറയിൽ ഈ കെട്ടിടങ്ങളുടെ രൂപം ഒതുക്കിനിർത്താൻ ഞങ്ങളൊട്ടും തുനിഞ്ഞില്ല.
മുന്തിയ തരം ഒന്നോ രണ്ടോ ഹോട്ടലുകളും വഴിയിൽ കണ്ടു. പാശ്ചാത്യരായ സന്ദർശകരൊക്കെ വരുമ്പോൾ താമസിക്കുന്നത് ഇവിടെയൊക്കെ ആയിരിക്കാം. ഈ കെട്ടിടങ്ങളെ മാറ്റി നിറുത്തിയാൽ പിന്നെ ഈ പ്രദേശം വെറും നാട്ടിൻപുറമെന്നോ വയലേല എന്നോ പറയണം. അല്ലാതെ മറ്റു വികസനം ഒന്നും അവിടെ കണ്ടില്ല. അല്ലെങ്കിലും വികസനം എന്ന വാക്കിന്റെ അർത്ഥം പലർക്കും പലതാണല്ലോ!
വിശാലമായി പരന്നു കിടക്കുന്ന ഈ വയലേലകൾ ഒരു കാലത്ത് ജനപദങ്ങൾ
ആയിരുന്നെന്നോ? വിശ്വസിക്കാൻ പ്രയാസം! പണ്ട് സ്കൂളിൽ സാമൂഹ്യപാഠത്തിൽ
പഠിച്ച കറുത്ത എക്കൽ മണ്ണാണെവിടേയും. കേരളത്തിലാണെങ്കിൽ ഇപ്പോൾ
വയലുള്ളിടത്ത് പണ്ടും വയലായിരുന്നു എന്നു സാമാന്യമായി പറയാം. തിരിച്ചായാലും
കുറേയൊക്കെ ശരിയായിരിക്കും. അതാലോചിച്ചപ്പോഴാണ് കേരളത്തിലെ സാധാരണ
ജനങ്ങൾ ഈ രാഷ് ട്രീയക്കാർക്കും ക്വാറി ഉടമകൾക്കും എതിരേ വച്ചു പുലർത്തുന്ന നിഷേധ
മനോഭാവം എന്റെ ഓർമ്മയിൽ വന്നത്. ഒന്നുമില്ലെങ്കിലും ഭാരതം ഒരു
സോഷ്യലിസ്റ്റ് രാജ്യമല്ലേ? പോരാത്തതിന് കേരളം സാമ്പത്തിക സമത്വത്തിന്റെ
സന്ദേശവാഹകരായ മാർക്സിസ്റ്റ്കാരുടെ കോട്ടയും. അപ്പോൾ കേരളത്തിൽ
ഉച്ചനീചത്വങ്ങളില്ലാതെ സമത്വം നിലനില്ക്കേണ്ടതല്ലേ? അതിനാണ് മലകളായ
മലകൾ ഇടിച്ചും ജലാശയങ്ങളായ ജലാശയങ്ങൾ മണ്ണിട്ടു നികത്തിയും കേരളത്തെ ഒരു
സമതലപ്രദേശമാക്കുന്നത്. ഒന്നാലോചിച്ചു നോക്കൂ; കുന്നും കുഴിയും ഇല്ലാത്തെ
ഒരു കേരളത്തെ. ഹായ്, എന്തൊരു ഭംഗിയായിരിക്കും ആ സമത്വമുള്ള കേരളം? റോട്ടിലെ
കുന്നും കുഴിയും അടക്കുന്നതും ഇങ്ങനെ ഒരു റോഡ് സമത്വം ഉണ്ടാക്കാനല്ലേ? ആർക്കാ റോഡിൽ കുന്നും കുഴിയും ഇഷ്ടപ്പെടുക?
അതുപോലെ പ്രകൃതിയിലെ അസന്തുലിതാവസ്ഥ ഒഴിവാക്കി കേരളത്തിലൊരു ഭൂസമത്വം ഉണ്ടാക്കാനാണ് ഈ ക്വാറി ഉടമകൾ
രാഷ് ട്രീയക്കാരുടെ സഹായത്തോടെ യത്നിക്കുന്നത്. അതിന് അവർ കേൾക്കുന്ന
പഴിയോ? പാവങ്ങൾ! ഈ ജനങ്ങളെ ഇനി എന്താ ചെയ്യുക?
അടുത്തുള്ള
വയലുകളിൽ കരിമ്പുചെടികളാണ് കാണുന്നത്. വയലുകളിൽ പെണ്ണുങ്ങളും കുട്ടികളുമുണ്ട്. എന്തോ പണിത്തിരക്കിലാണവർ. ഒരു പക്ഷേ കരിമ്പു വെട്ടുകയാകും അവർ. എവിടേയും പണിയെടുക്കാൻ പെണ്ണുങ്ങളും കുട്ടികളും തന്നെ വേണം. റോഡിൽ വലത് വശത്തോട്ട് മറ്റൊരു റോഡ് പോകുന്നുണ്ട്. ബുദ്ധന്റെ ചിതാഭസ്മവും അസ്ഥികളും മറ്റും വീതിച്ചു നൽകിയ സ്ഥലത്തേക്കാണ് ആ റോഡ് പോകുന്നത് എന്നെഴുതിയ ഒരു ബോർഡും
(Buddha’s Relic Distribution Site) അവിടെ കണ്ടു. വെട്ടിയെടുത്ത കരിമ്പിൻ തണ്ടുകളുമായി ഒരു ട്രാക്റ്റർ അതു വഴി ഓടിച്ചു പോയി. ഞങ്ങൾ മുന്നോട്ട് നടന്നു. വലതു വശത്തായി ഒരു ബുദ്ധവിഹാരം കണ്ടു. അത് ജപ്പാന്റെയോ ശ്രീലങ്കയുടേയോ മറ്റോ വകയാണെന്നു തോന്നുന്നു; പക്ഷേ അടഞ്ഞു കിടക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോൾ ഇടതു വശത്തായി ഗവണ്മെന്റ് വകയായുള്ള മ്യൂസിയം കാണായി. ഞങ്ങൾ അതിന്റെ മുന്നിൽ നിന്നു. 10 മണിക്കേ തുറക്കൂ. മണിക്കൂറുകൾ ഇനിയുമുണ്ട്. പക്ഷേ കഷ്ടം; ഇന്നു തിങ്കളാഴ്ചയാണ്, മ്യൂസിയത്തിനവധിയാണ്. അപ്പോൾ മുന്നിൽ കാണുന്ന ഇതിന്റെ ഉള്ളിൽ കയറുന്ന കാര്യം മറക്കാമെന്ന് ഞാൻ തീർച്ചയാക്കി. ബുദ്ധന്റെ ചരിത്രം വിളിച്ചോതുന്നതും കാലങ്ങളായി കുശനഗറിലെ മണ്ണിൽ
നിന്നു കിട്ടിയുട്ടുള്ളതുമായ പ്രാചീനവസ്തുക്കളാണ് അവിടെ പ്രദർശിപ്പിച്ചിട്ടുള്ളതത്രെ.
ഞങ്ങൾ മുന്നോാട്ട് തന്നെ നടന്നു. റോഡിനിരുവശത്തും ബുദ്ധവിഹാരങ്ങൾ തന്നെ. പണി തീർന്നതും പണി നടക്കുന്നതും എല്ലാമുണ്ട്. കാവിയണിഞ്ഞ ചില ബുദ്ധഭിക്ഷുക്കളെയും അവിടെ കണ്ടു. എല്ലാം പൂർവ്വേഷ്യക്കാരാണ്. കൊറിയ, തായ്ലന്റ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുടേതാണി വിഹാരങ്ങൾ. വേണമെങ്കിൽ അവിടെയൊക്കെ കേറി നോക്കാമായിരിക്കാം.
മ്യൂസിയത്തിനെതിർവശത്തായി തായ്ലന്റിന്റെ വകയായുള്ള ബുദ്ധവിഹാരമാണ്. വാറ്റ് തായ് ടെമ്പിൾ എന്നാണവരതിനെ വിളിക്കുന്നത്. തായ്ലന്റിന്റെ ശില്പമാതൃകയിലുള്ളതാണ് കെട്ടിടം. കാണാൻ നല്ല ചേല്. സംസ്കൃതത്തിലെ വാടിക എന്ന വാക്കിൽ നിന്നത്രേ ഈ വാറ്റ് എന്ന വാക്കിന്റെ തുടക്കം. നോക്കണേ, സംസ്കൃതത്തിന്റെ ഒരു സ്വീകാര്യത! ഗേറ്റുകൾ അടഞ്ഞു കിടക്കുകയാണ്. അവിടേയും അകത്ത് കയറുവാൻ നിർവ്വാഹമില്ല. അതും ഞങ്ങൾ റോഡിൽ നിന്നു കൊണ്ടു തന്നെ നോക്കിക്കണ്ടു. അല്ലെങ്കിലും ഈ കെട്ടിടങ്ങളിലൊന്നും കേറി നോക്കാനല്ലല്ലോ ഇങ്ങോട്ട് പോന്നത് എന്ന് ഞാൻ സമാധാനിച്ചു. അപ്പോൾ ഇതാണേറ്റവും സൗകര്യം. എല്ലാ ബുദ്ധവിഹാരങ്ങളും നോക്കിക്കൊണ്ട് ഞങ്ങൾ റോഡിലൂടെ നടന്നു. റോഡിലൂടെ നടന്നു കൊണ്ട് എല്ലാ ബുദ്ധവിഹാരങ്ങളും നോക്കിക്കണ്ടു എന്നും വേണമെങ്കിൽ പറയാം.
വാറ്റ് തായ് ടെമ്പിൾ, കുശനഗർ
ഒരു പത്തിരുപത് മിനിറ്റ് നടന്നപ്പോഴേക്കും റോഡിനിടതു വശത്തായി ചെറിയൊരാൾത്തിരക്കും അതിനടുത്ത് ഒരു മൈതാനത്തിനകത്ത് ഒരു ചെറിയ കുന്നും ഞങ്ങളുടെ ദൃഷ്ടിയിൽ പെട്ടു. അതാണ് ശ്രീബുദ്ധന്റെ ഭൗതികദേഹം സംസ്കരിച്ച സ്ഥലമത്രെ. വിശാലമായ ഒരു പുൽമൈതാനത്തിലാണ് ഈ ശവകുടിരം നിലകൊള്ളുന്നത്. ഞങ്ങൾ അതിനുള്ളിലേക്ക് നടന്നു. നിറയെ സന്ദർശകരാണ്; മിക്കവാറും എല്ലാവരും പൂർവ്വേഷ്യക്കാരാണ്; പലരും വെള്ള വസ്ത്രം ധരിച്ചവർ; ആണുങ്ങളും പെണ്ണുങ്ങളും കൂട്ടത്തിലുണ്ട്. സന്ദർശകരാണെങ്കിലും എല്ലാവരും ഭക്തന്മാരാണ്; ഭയഭക്തി ബഹുമാനങ്ങളോടെയാണ് അവർ അവിടെ സമയം ചെലവഴിക്കുന്നത്. മൈതാനത്തിന്റെ പല സ്ഥലത്തായി വിദേശിയരായ സന്ദർശകർ ബുദ്ധന് പ്രണാമമർപ്പിച്ചുകൊണ്ട് പൂജകളും കീർത്തനങ്ങളും മറ്റും നടത്തുന്നുണ്ട്. എങ്കിലും ആകപ്പാടെ ഒരു ശാന്തത. ധാരാളം ആളുകൾ മൈതാനത്തിരുന്നു് ധ്യാനിക്കുന്നുമുണ്ട്.
ഷൂസും സോക്സും ഊരി വച്ച് ഞങ്ങൾ മൈതാനത്തിന്റെ മദ്ധ്യഭാഗത്തുള്ള ബുദ്ധസമാധിയിലെത്തി. ശരിക്കും ഒരു കുന്ന്. ഇഷ്ടിക കൊണ്ടുണ്ടാക്കിയതാണെന്നു മാത്രം. കമഴ്ത്തി വച്ച ഒരു അർദ്ധഗോളത്തിന്റെ രൂപമാണെന്നു വേണമെങ്കിൽ പറയാം. ഇഷ്ടിക അടുക്കി കെട്ടിയുണ്ടാക്കിയ ഈ വലിയ കുന്നു കണ്ടപ്പോൾ ഞാനറിയാതെ ഓർത്തുപോയത് ഈജിപ്തിലെ പിരമിഡാണ്. അതിന്റെ നാലയലത്ത് എത്തില്ലെങ്കിലും ഇമ്മാതിരി ഒരു ഇഷ്ടികക്കുന്നുണ്ടാക്കാനും വേണം ഇത്തിരി സമയവും ഊർജ്ജവും. മൈതാനത്തിൽ, നശിച്ചുപോയ ചിരപുരാതനമായ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളാണെന്നു തോന്നത്തക്ക വിധത്തിലുള്ള അസ്ഥിവാരങ്ങൾ കാണാം. അതെല്ലാം എന്തായിരുന്നുവോ ആവോ? വല്ല ഗൈഡുമാരോടും ചോദിച്ചാൽ പറഞ്ഞു തരുമായിരിക്കും. ഈ കുന്നു മാത്രം എങ്ങനെ കേടുകൂടാതെ രക്ഷപ്പെട്ടുവോ ആവോ? ഒരു പക്ഷേ ശവകുടീരങ്ങൾ മുഗളന്മാർക്ക് ഹറാമായിരുന്നിരിക്കണം. അതുകൊണ്ടായിരിക്കണം അവരതിനെ ഒഴിവാക്കിയത്. ഇല്ലെങ്കിൽ അവർ അതും തച്ചു തരിപ്പണമാക്കിയേനേ.
ഈ ഇഷ്ടികക്കുന്നിനെയാണ് രാമാഭർ സ്തൂപം എന്നു പറയുന്നത്. അതിന്റെ ഉച്ചാരണം ഇങ്ങനെത്തന്നെയാണോ ആവോ? കുന്നിനെ സ്തൂപം എന്നു പറയുന്നത് അനുചിതമായി എനിയ്ക്കു തോന്നി. പക്ഷേ ഇവിടെ എന്റെ തോന്നലിനെന്തു പ്രസക്തി? മുകുടബന്ധനചൈത്യം എന്നും ബുദ്ധമതക്കാർ ഇതിന്റെ പറയുന്നുണ്ട്. അപ്പോൾ ഇവിടെയാണ് ലോകത്തിന്റെ ത്യാഗധനനായ ഗൗതമസിദ്ധാർത്ഥ ബുദ്ധദേവൻ അന്ത്യനിദ്ര കൊള്ളുന്നത്. കുന്നിനു ചുറ്റും ആളുകൾ പ്രദക്ഷിണംവയ്ക്കുകയാണ്. ഒരിടത്ത് പൂജാപുഷ്പങ്ങളും മറ്റും അർപ്പിക്കാനുള്ള സൗകര്യമുണ്ട്. ധാരാളം നെയ്ത്തിരി കത്തിച്ചു വച്ചിട്ടുണ്ട്. അവിടെയാണ് കൂടുതലും ആളുകൾ. പൂക്കളുടേയും ചന്ദനത്തിരിയുടേയും ഗന്ധം പരിസരമാകെ അനുഭവപ്പെടുന്നുണ്ട്.
ലുംബിനിയിൽ നിന്ന് തുറക്കണമെന്നു കരുതിയിരുന്നതും എന്നാൽ അവിടെ നിന്നു തുറക്കാൻ പറ്റാതെ പോയതുമായ എന്റെ ഭാണ്ഡം ഞാൻ പതുക്കെ കെട്ടഴിച്ചു. അതിനുള്ളിൽ നിന്നും ഞാൻ ചന്ദനത്തിരിക്കൂടുകളും കർപ്പൂരക്കെട്ടും പുറത്തെടുത്തു. (ഇവിടെയെങ്കിലും അതുപയോഗിക്കാൻ സാധിച്ചതിൽ ഞാൻ സമാധാനിച്ചു. ഇല്ലെങ്കിൽ ഞാൻ അത് തിരിച്ചുകൊണ്ടുപോകേണ്ടി വന്നേനെ.) ഒരു നെയ് വിളക്കിൽ കാട്ടി ഞാൻ അവയെല്ലാം കത്തിച്ച് അവിടെ ഒരു സ്ഥലത്ത് ഭക്തിപൂർവ്വം വച്ചു തൊഴുതു. (കുനിഞ്ഞു നിന്ന് ചന്ദനത്തിരി കത്തിക്കുന്ന എന്നെ താഴെ കൊടുത്ത ചിത്രത്തിൽ കാണാം.) എന്റെ മനസ്സിലപ്പോൾ ശ്രീബുദ്ധനുണ്ടായിരുന്നില്ല. കരഞ്ഞു വീർത്ത കണ്ണുകളുമായി അന്തപുരത്തിലിരിക്കുന്ന യശോധരയായിരുന്നു എന്റെ മനസ്സിൽ. കൈകാലിട്ടടിച്ച് നിഷ്ക്കളങ്കമായിച്ചിരിക്കുന്ന, യശോധരയുടെ കുട്ടിയായിരുന്നു എന്റെ മുന്നിൽ. എല്ലാം കാലത്തിന്റെ കളി. 3000 വർഷങ്ങൾക്കപ്പുറം എന്നോ എപ്പഴോ ശ്രീബുദ്ധന്റെ ദേഹം കത്തിയമർന്ന പ്രശാന്തശാന്തമായ ആ ഇഷ്ടികക്കുന്നിന്റെ മുന്നിൽ ചന്ദനത്തിരി പുകയുന്നതും നോക്കി ഞാൻ നിന്നു. പിന്നീട് അതിനെ ഒരു വട്ടം പ്രദക്ഷിണം വച്ചു. തന്റേയും തന്റെ കുടുംബത്തിന്റേയും വംശത്തിന്റെ തന്നേയും നാശത്തിനല്ലാതേ അദ്ദേഹത്തിന്റെ ത്യാഗം എന്തിനെങ്കിലും ഉപകരിച്ചുവോ? ലോകത്തെ തച്ചുടക്കുന്ന ഐ.എസ്. ഐ.എസും അൽ ക്വൈദയും മറ്റും ഉണ്ടാകാൻ കിടക്കുന്നതേ ഉള്ളൂ എന്ന് അദ്ദേഹത്തിന് എന്തേ മനസ്സിലാകാതെ പോയത്? വിശ്വശാന്തി ദേവന്റെ ബാമിയാനിലെ ഭീമാകാരമായ കൽപ്രതിമ പൊടിച്ചു കളഞ്ഞപ്പോൾ അവരൊക്കെ നേടിയതെന്താണാവോ?
രാമാഭർ സ്തൂപം - ഒരു ക്ലോസ് അപ് കാഴ്ച
നാലു സ്ഥലങ്ങളിൽ തീർത്ഥയാത്രകൾ ചെയ്യാനാണ് ബുദ്ധൻ അനുയായികളെ ഉപദേശിച്ചത്. ഒന്ന് അദ്ദേഹം ജനിച്ച ലുംബിനിയിൽ; അടുത്തത് അദ്ദേഹത്തിന് ബോധോദയം ജനിച്ച ബോധ്ഗയയിൽ; മൂന്നാമത്തേത് അദ്ദേഹം ആദ്യമായി പ്രഭാഷണം ചെയ്ത കാശിയിലെ സാരനാഥത്തിൽ; പിന്നെ നാലാമത്തേതും അവസാനത്തേതും അദ്ദേഹം സമാധിയായ ഈ കുശനഗരത്തിലും..... അപ്പോൾ എന്റെ ഈ തീർത്ഥയാത്രകൾ അവസാനിക്കുകയാണ്. ഓം, മണിപദ്മേ ഹും!
എന്റെ കുശനഗരസന്ദർശനത്തിന്റെ പരിസമാപ്തി കുറിച്ചുകൊണ്ട് ഞാൻ പതുക്കെ മൈതാനത്തിലേക്ക് നടന്നു. അതിനകത്ത് ഞാൻ അവിടേയും ഇവിടേയും നടന്നു. എങ്ങും ശാന്തത മാത്രം. മതിലിനു പുറത്തായി കുറച്ചകലെ ഒരു നദി എന്റെ കണ്ണിൽ പെട്ടു. അതത്രെ ഹിരണ്യാവതിപ്പുഴ. ഹിരണ്യാവതിപ്പുഴയുടെ തീരത്തായിരുന്നു ശ്രീബുദ്ധന്റെ സമാധി. പുഴ എന്നു പറയുവാനൊന്നുമില്ല; ഒരു ചെറിയ തോട്. അതിൽ വെള്ളമുള്ളതായി എനിയ്ക്കു തോന്നിയില്ല. 3000 വർഷങ്ങൾക്കിപ്പുറവും ഹിരണ്യാവതിനദി നിലനിൽക്കുന്നതിൽ എനിയ്ക്ക് അതിശയം തോന്നി. എന്തെന്തെല്ലാം കഥകൾ പറയാനുണ്ടാകും ഈ നദീതീരങ്ങൾക്ക്! പൗരാണികതയുടെ പുണ്യം പേറുന്ന ഹിരണ്യാവതി. എങ്ങനെയാണ് ഈ തോടിന് ഈ പേർ ലഭിച്ചത് ആവോ?
രാമാഭർ സ്തൂപം - ഒരു ദൂരക്കാഴ്ച
ഞങ്ങൾ തിരിച്ചു നടന്നു. അടുത്തു തന്നെ വലതു വശത്തായി ഒരു ചെറിയ അമ്പലം പോലെ ഒന്നു കാണായി. ഒന്നു രണ്ടു കുടിലുകളും. ഞങ്ങൾ അങ്ങോട്ട് നടന്നു. അതെ, അതൊരു ചെറിയ അമ്പലം തന്നെയാണ്. അവിടം വിജനമാണ്; ആൾപ്പെരുമാറ്റമൊന്നും കണ്ടില്ല. അമ്പലം അടഞ്ഞു കിടന്നു. ഒരു പക്ഷേ വല്ല കാളീക്ഷേത്രവും ആകാം. അതിനാണിവിടെയൊക്കെ കൂടുതൽ പോപ്പുലാരിറ്റി. ഇനി അതല്ലെങ്കിൽ ഭൈരവന്റേതാകാനും മതി. ‘ഭൈരോബാബ’ എന്ന് പറഞ്ഞാൽ ആളുകൾക്ക് വലിയ ഭയഭക്തിയാണ്. ക്ഷേത്രത്തിൽ നിന്ന് രണ്ടടി നടന്നാൽ ഹിരണ്യാവതി നദിയായി. അവിടെ ഒരു കുളിക്കടവാണെന്നു തോന്നുന്നു. പക്ഷേ വെള്ളം നന്നേ കുറവ്. പുഴയിൽ പുല്ലുകൾ ആസുരമായി വളരുകയാണ്. ഇനി ഇതായിരിക്കുമോ കുശപ്പുല്ലുകൾ? ഒന്നുമില്ലെങ്കിലും കുശന്റെ നഗരത്തിൽ വളരേണ്ടത് കുശപ്പുല്ലുകൾ തന്നെ. പുഴയുടെ തീരത്ത് അനേകം ചെറിയ ചെറിയ സിമന്റ് സ്തൂപങ്ങൾ കണ്ടു. അവ എന്താണാവോ? മുസ്ലിം പള്ളിയിലെ ശ്മശാനങ്ങളിൽ മീസാൻ കല്ലുകൾ കുഴിച്ചിട്ടിട്ടുള്ളതാണ് എനിക്കപ്പോൾ ഓർമ്മ വന്നത്.
ഹിരണ്യാവതി തീരത്തെ മീസാൻ കല്ലുകൾ (ഈശ്വരാ, എന്താണാവോ അത്?)
ഞങ്ങൾ വീണ്ടും റോഡിലേക്കിറങ്ങി ഞങ്ങളുടെ പദയാത്ര തുടർന്നു. കൊറിയൻ ടെമ്പിളും വിയറ്റ്നാം ടെമ്പിളും ഗവണ്മെന്റ് മ്യൂസിയവും മറ്റും പിന്നിട്ട് ഞങ്ങൾ Buddha's Relic Distribution Site ലക്ഷ്യമാക്കി നടന്നു. ഒഴിഞ്ഞ വയലുകളിൽ ട്രാക്റ്റർ തലങ്ങും വിലങ്ങും ഓടുന്നുണ്ട്. വെയിൽ ചൂടു പിടിക്കാൻ തുടങ്ങുന്നു. വയലിൽ നീണ്ടു കിടക്കുന്ന റോഡിലൂടെ ഞങ്ങൾ നടന്നു. ദൂരം ഒരു ഫർലോങ്ങോളം മാത്രം. അടഞ്ഞു കിടക്കുന്ന ഗെയ്റ്റിൽ അട്ടപ്പാടിയായ ഒരു കാവല്ക്കരൻ നില്ക്കുന്നു. അയാൾ ഞങ്ങൾക്ക് ഗേറ്റ് തുറന്നു തന്നു. ചുറ്റുമതിൽ കൊണ്ട് കെട്ടിയടച്ച ആ കോമ്പൗണ്ടിനുള്ളിലുത് ഒരു വൃക്ഷമുത്തശ്ശിയും അതിനു ചുറ്റും കെട്ടിയുയർത്തിയ വൃത്താകാരമായ ഒരു സിമന്റ് തറയുമാണ്. (അതാണ് താഴെ ചിത്രത്തിൽ കൊടുത്തിരിക്കുന്നത്.) ചുറ്റും പ്രദക്ഷിണവഴിയും ഉണ്ട്. ഞങ്ങൾ ഷൂസൂരി വച്ച് അങ്ങോട്ട് കയറി. മറ്റൊരട്ടപ്പാടി അവിടെ അടിച്ചു വാരുന്നുണ്ടായിരുന്നു. അയാൾ പണത്തിനു കൈ നീട്ടി. ഞാനയാളെ മുഷിപ്പിച്ചില്ല. മരച്ചുവട്ടിലെ ഭണ്ഡാരത്തിലും ഞാൻ കാണിക്ക അർപ്പിച്ചു.
Buddha's Relic Distribution Site
ഈതെന്തു മരമാണാവോ? അറിയില്ല. മരത്തിന്റെ തറയിലേക്ക് കയറുന്നിടത്ത്
Buddha’s Relic Distribution Site എന്നെഴുതിയ ശിലാഫലകം കൊത്തി
വച്ചിട്ടുണ്ട്. ചിതാഭസ്മം വീതിച്ചെടുത്തവരുടെ പേരുകളാണതിൽ
കോറിയിട്ടിട്ടുള്ളത്. 2012-ൽ ആണിതിന്റെ സ്ഥാപനം. സാലവൃക്ഷ(?)ത്തറയുടെ ചുറ്റും
പാടങ്ങളാണ്. കൊയ്തൊഴിഞ്ഞ പാടങ്ങൾ. 3000 വർഷങ്ങൾക്ക് മുമ്പ് ഇതൊരു
ജനപദമായിരുന്നുവോ എന്ന സംശയം എന്നിൽ വീണ്ടും മുള പൊട്ടി. അതോ ഈ വയലിൽ
ആയിരുന്നുവോ ചിതാഭസ്മം വീതിക്കാൻ എല്ലവരും ഒത്തു കൂടിയത്? ആയിരിയ്ക്കാം. മുമ്പൊക്കെ കൊയ്തൊഴിഞ്ഞ പാടങ്ങളിലല്ലേ നമ്മൾ ഉത്സവങ്ങൾ നടത്തി വന്നത്? ഇപ്പോൾ കൊയ്തും പോയി; മെതിയും പോയി. പാടങ്ങൾ വിമാനത്താവളങ്ങൾ ആകുമ്പോൾ അങ്ങനെയൊക്കെ സംഭവിച്ചാലല്ലേ പറ്റൂ?
അപൂർവ്വമായേ
സന്ദർശകർ ഇങ്ങോട്ടു വരുന്നുള്ളൂ. ഗേറ്റിനു വെളിയിൽ കടക്കുമ്പോൾ കാവല്ക്കാരൻ
കൈ നീട്ടി. കണ്ടാലറിയാം അവരുടെയൊക്കെ ജീവിത നിലവാരം. ഒരു പത്തു രൂപ
ഞാനയാൾക്കും കൊടുത്തു. കൈ നീട്ടാനാണെന്നു തോന്നുന്നു ഇവരെ ഇവിടെ
നിയോഗിച്ചിട്ടുള്ളത്. തിരിച്ചു നടക്കുമ്പോൾ എന്നെപ്പോലെയുള്ള
പ്രാന്തന്മാരല്ലേ ഈ മരവും മറ്റും വന്നു നോക്കൂ എന്ന് ആ വിജനതയിൽ എനിയ്ക്ക്
തോന്നിപ്പോയി.
ബുദ്ധന്റെ ചിതാഭസ്മം വീതിച്ചെടുത്തവരുടെ പേരെഴുതിയ ശിലാഫലകം
ഞങ്ങൾ വീണ്ടും നടന്നു. നടക്കുമ്പോൾ, ഞങ്ങൾ താമസിച്ച ടിബറ്റൻ മൊണാസ്റ്ററിയെ ഒരിക്കൽ കൂടി ഞങ്ങൾ കടന്നു പോയി. അടുത്തു തന്നെ, മാതാ ക്വർ മന്ദിരം എന്ന വലിയ ബോർഡ് കാണാം. വല്ല അമ്പലവും ആണെന്നാണ് ഞാൻ കരുതിയത്. അല്ല; പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഒരു സംരക്ഷിതസ്മാരകമാണത്. ഇവിടമാണത്രെ ശ്രീബുദ്ധൻ ജീവൻ വെടിഞ്ഞ കൃത്യമായ സ്ഥലം. അവിടെ ശ്രീബുദ്ധന്റെ ചിരപുരാതനമായ ഒരു ബൃഹദ് പ്രതിമയാണുള്ളത്. നശിച്ചുപോയ കെട്ടിടാവശിഷ്ടങ്ങളും കാണാം. റോഡ് L ഷെയ്പിൽ വലത്തോട്ട് തിരിയുന്നിടത്ത് ഇടതു വശത്തായിട്ടാണ് പൗരാണികപ്രതിമ പരിരക്ഷിച്ചിട്ടുള്ള ഈ മന്ദിരം ഉള്ളത്. ഒരു കൈ താഴേക്കു തൂക്കിവച്ചിട്ടുള്ള പ്രതിമയുടെ ഈ അവസ്ഥക്ക് “ഭൂമിസ്പർശമുദ്ര” എന്നാണത്രെ പറയുന്നത്. പ്രതിമസംബന്ധമായതെല്ലാം ASI അവിടെ ഒരു സിമന്റ് ഫലകത്തിൽ കുറിച്ചു വച്ചിട്ടുണ്ട്. ഞങ്ങൾ വീണ്ടും നടന്നു. ഇടതു വശത്ത് UP ടൂറിസത്തിന്റെ വല്യ ഹോട്ടൽ, പിന്നെ ASI ഓഫീസ്, ബിർലയുടെ വകയായുള്ള ബുദ്ധ ടെമ്പിൾ, ശിവക്ഷേത്രം എന്നിങ്ങനെ കാണാനും കേറിനോക്കാനുമായി ഇനിയും കാഴ്ചകളേറേ. ഭക്ഷണം കഴിക്കാൻ റോഡുവക്കിൽ ധാരാളം ഹോട്ടലുകളും തട്ടുകടകളും പെട്ടിപ്പീടികകളും കാണാം. റോഡിന്റെ വലതു വശത്തായി മഹാപരിനിർവ്വാണക്ഷേത്രവും അതിന്റെ അപ്പുറത്തായി ചൈനീസ് ടെമ്പിളും ബർമ്മീസ് ടെമ്പിളും തലയുയർത്തി നില്ക്കുന്നു. സാമാന്യം വലിയതാണ് രണ്ടും. കാണാനും കാര്യമായുണ്ട്. ഇതൊന്നും ഞാനെഴുതേണ്ട കാര്യമല്ല. കാക്കത്തൊള്ളായിരം ബ്ലോഗുകളിവിടെത്തന്നെ കാണും. മറ്റു മാദ്ധ്യമങ്ങൾ വേറേയും. ഇത് പിന്നെ ഒരു നേരമ്പോക്ക് എന്നു മാത്രം. വഴി തെറ്റിയും തപ്പിത്തടഞ്ഞും വരുന്നവരേ ഇവിടെയെത്തൂ. അവർക്കിതൊക്കെ വേണമെങ്കിൽ നോക്കുകയും ആകാം. എന്തായാലും ഞങ്ങൾ നേരേ ശ്രീബുദ്ധന്റെ മഹാപരിനിർവ്വാണ ക്ഷേത്രത്തിന്റെ പരിസരത്തിലേക്ക് കയറി. ഗെയ്റ്റുണ്ട്; കാവല്ക്കാരുണ്ട്; സന്ദർശകരേഖകളുണ്ട്. ഞങ്ങൾ പേരും അഡ്രസ്സും എഴുതി അകത്തു കയറി.
ബുദ്ധനും ബുദ്ധുവും: മഹാപരിനിർവ്വാണ ക്ഷേത്രത്തിലെ ശയ്യാവലംബിയായ ബുദ്ധപ്രതിമക്ക് കാവൽ നില്ക്കുന്ന ആൾരൂപൻ
.........................തുടരും