2008, ജൂൺ 20, വെള്ളിയാഴ്‌ച

എന്റെ വടകര യാത്രകള്‍ - I

കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാന്‍ വടകരയിലായിരുന്നു. തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ യാത്ര.

വടകര എന്നു കേട്ടപ്പോള്‍ എന്റെ മനസ്സിലാദ്യം ഓടിയെത്തിയത്‌ തച്ചോളി ഒതേനനും വടക്കന്‍പാട്ടുകളുമായിരുന്നു.

തച്ചോളി ഒതേനന്‍! എത്രയെത്ര ആണുങ്ങളെ ഒതേനന്‍ തന്റെ വാളുകൊണ്ടും ഉറുമി കൊണ്ടും അരിഞ്ഞു വീഴ്ത്തിയിരിക്കുന്നു. "ഒമ്പതു മുറിയായി വീണു മേനോന്‍" എന്നാണ്‌ കണ്ടര്‍മേനോനെക്കുറിച്ചു വടക്കന്‍ പാട്ടുകള്‍ പാടുന്നത്‌? നാട്ടുകാര്‍ മാത്രമല്ല സായിപ്പന്മാരും ആ വാളിന്റെ രുചി അറിഞ്ഞവരത്രെ.

കടത്തനാട്ടിലെ എത്രയോ പെണ്ണുങ്ങളുടെ ഉറക്കവും കെടുത്തിയവനാണ്‌ ഒതേനനത്രെ! ഒടുവില്‍ പെണ്ണിന്റെ കുതന്ത്രം തന്നെയായിരുന്നൂ ഒതേനന്റെ ജീവനൊടുങ്ങാനും കാരണം. അതെന്തായാലും കേരളത്തിലെ നായന്മാരിന്നു തങ്ങളുടെ സമുദായത്തിലെ ഏറ്റവും കൂടിയ വീരന്മാരിലും ശൂരന്മാരിലും ഒരാളായി ഒതേനനെ കൊണ്ടാടുന്നു.

അതെ, ഒതേനനു മരണമില്ല.

ഒതേനന്‍ മനസ്സില്‍ നിന്നു പടിയിറങ്ങുമ്പോള്‍ എന്റെ ഓര്‍മ്മകളില്‍ കയറിവന്നത്‌ യേശുദാസ്‌ പാടി അഭിനയിച്ച ഒരു സിനിമാസീനായിരുന്നു.

"വടകരയില്‍ ഞാന്‍ വഴി നടക്കുമ്പം അടിപിടി നടക്കുന്നു
മുതുകിഴവിയും ചെറുയുവതിയും കരിമഷിയിതു വാങ്ങാന്‍."


നോക്കണേ കാര്യം! ഈ കച്ചവടക്കാരന്‍ എവിടെയെല്ലാം പോയിരിക്കുന്നു? എന്നിട്ട്‌ കണ്മഷി വാങ്ങാന്‍ അടിപിടി കൂടുന്നത്‌ വടകരയില്‍ മാത്രമായിരുന്നു കണ്ടത്‌. അതും 17കാരിയും 71കാരിയും തമ്മില്‍.

കുറ്റം പറയരുതല്ലോ! അന്യാദൃശമായ മെയ്‌ക്കരുത്തും മനക്കരുത്തും ഉള്ള ഒതേനന്റെ വരെ മനസ്സിളക്കിയവരല്ലേ വടകരയിലെ പെണ്ണുങ്ങള്‍. അതിന്‌ എല്ലാ അടവും പ്രയോഗിക്കേണ്ടി വരും. അപ്പോള്‍ പ്രായത്തിന്‌ 17എന്നോ 71എന്നോ പറ്റില്ലല്ലോ. ഒതേനന്റേയും തേയിയുടേയും പിന്മുറക്കാരല്ലേ ഈ നമ്മള്‍?

വടകരയില്‍ ഞാന്‍ വണ്ടിയിറങ്ങുമ്പോള്‍ മഴ കോരിച്ചൊരിയുകയായിരുന്നു. വടകരയിലെ മണ്ണും മനുഷ്യരും മാത്രമല്ല പ്രകൃതിയും തേങ്ങിക്കരയുകയയിരുന്നു. കാരണം അതിനടുത്ത ദിവസമാണ്‌ വടകരയുടെ പ്രിയപുത്രന്‍ ഗോകുലം ഗോപാലന്റെ യൗവ്വനയുക്തനായ മകന്‍ ശബരീഷ്‌ ഈ ലോകത്തോട്‌ യാത്ര പറഞ്ഞത്‌.

ആ ദിവസങ്ങളില്‍ വടകരയിലെ എല്ലാ റോഡുകളും പുതുപ്പണത്തേക്കായിരുന്നു എന്നാണെനിക്കു തോന്നിയത്‌. അനുശോചനം അറിയിക്കാന്‍ പോകുന്ന ഒരു പരദേശിയായിട്ടേ അവിടെയുള്ളവര്‍ എന്നെ കണ്ടുള്ളൂ. പുതുപ്പണത്തേക്കാണോ എന്നൊരാള്‍ എന്നോടൂ ചോദിക്കുകയും ചെയ്തു.

എന്നാല്‍ ഔദ്യോഗികമായ ചില ആവശ്യങ്ങള്‍ക്കായിരുന്നു ഞാന്‍ അവിടെ എത്തിയിരുന്നത്‌. ചില ദിവസങ്ങളില്‍ രാവിലെ 9മണി മുതല്‍ വൈകീട്ട്‌ 4 മണി വരെയും മറ്റു ദിവസങ്ങളില്‍ ഉച്ച വരെയും ഞാന്‍ ഔദ്യോഗികമായി തിരക്കിലായിരുന്നു.

വടകരയില്‍ ഞാന്‍ ഒരാഴ്ചയില്‍ കൂടുതലുണ്ടാകുമെന്നതിനാല്‍ സ്ഥലങ്ങളെല്ലാം ഒന്നു വിശദമായി കാണണമെന്നു കൂടി ഞാന്‍ തീരുമാനിച്ചിരുന്നു. വൈകുന്നേരം കണ്ണൂരിലേക്ക്‌ മടങ്ങണമെന്നതുകൊണ്ട്‌ പകല്‍ അധിക സമയമൊന്നും കാഴ്ച കാണാന്‍ എനിക്കു കിട്ടാനില്ലായിരുന്നു. എങ്കിലും ഒരു മാതിരിയൊക്കെ കാണാനുള്ള സമയം എനിക്ക്‌ കിട്ടുകയുണ്ടായി.

എനിക്കറിയാം വടകര ഒതേനന്റെ മാത്രമല്ലാ മതിലൂര്‍ ഗുരുക്കള്‍, ആരോമലുണ്ണി തുടങ്ങിയ വീരന്മാരുടേയും ഉണ്ണിയാര്‍ച്ച തുടങ്ങിയ വീരാംഗനകളുടേയും നാടാണെന്ന്. ലോകനാര്‍കാവിലമ്മ ഇരുന്നരുളുന്നതും വടകരയില്‍ത്തന്നെ. കുഞ്ഞാലിമരയ്ക്കാന്മാരും ഇവിടെത്തന്നെയായിരുന്നു.

ഞാന്‍ ആദ്യം പോയത്‌ ഒതേനന്റെ ജന്മഗൃഹത്തിലേക്കുതന്നെയായിരുന്നു. ഉച്ചയ്ക്കു വീണുകിട്ടുന്ന സമയങ്ങളായിരുന്നു എന്റെ കൈമുതല്‍. വടകരയിലൊരപരിചിതനാണ്‌ ഞാനെന്നും വായ്ക്കകത്ത്‌ നാവ്‌ അടക്കിവച്ചാല്‍ കാര്യങ്ങളൊന്നും കാണില്ലെന്നും ഉള്ള തിരിച്ചറിവ്‌ എനിക്കുണ്ടായിരുന്നു. അതുകൊണ്ട്‌ കാണുന്നവരോടൊക്കെ ഞാന്‍ ഓരോന്നും ചോദിച്ചുകൊണ്ടേയിരുന്നു.

ഈ തച്ചോളി ഒതേനന്റെ വീടെവിടെയാണ്‌? ഞാന്‍ ചോദിക്കും.

പത്തു പേര്‍ക്ക്‌ പത്തുത്തരമായിരിക്കും. എങ്കിലും ഒടുവില്‍ വൈകാതെ ഞാന്‍ തച്ചോളി തറവാട്ടിലെത്തി.

നടന്നു പോകുക, അതാണെന്റെയൊരു രീതി. അങ്ങനെയാവുമ്പോള്‍ പോകുന്നവഴിയിലുള്ള കാഴ്ചകളും കാണാന്‍ കഴിയുമല്ലോ. അതാണെന്റെ കാഴ്ചപ്പാട്‌. പക്ഷെ പോയ വഴിയിലൊന്നും ഒതേനന്റെ മനസ്സിളക്കിയവരുടെ പിന്തലമുറക്കാരെ ഞാന്‍ കണ്ടില്ല. ഒരു പക്ഷേ അന്നത്തെ സുറുമയും കരിമഷിയും അന്യം നിന്നു പോയിട്ടുണ്ടാകാം.

ഞാന്‍ ചോദിച്ചു കൊണ്ടേ നടന്നു. ഒടുവില്‍ പച്ചയില്‍ വെള്ളനിറത്തിലെഴുതിയ "തച്ചോളി മാണിക്കോത്ത്‌ കാവ്‌ - 0.4കിമി" എന്ന ബോര്‍ഡ്‌ എന്റെ കണ്ണില്‍ പെട്ടു. അപ്പോള്‍ ഇവിടെയൊക്കെയാണ്‌ ഒതേനന്‍ ജനിച്ചു ജീവിച്ചു മരിച്ചത്‌.

ബോര്‍ഡില്‍ കാണിച്ച പ്രകാരം ഞാന്‍ വലത്തോട്ട്‌ തിരിഞ്ഞ്‌ മേലോട്ട്‌ നടന്നു. വീതി കുറഞ്ഞ മെറ്റല്‍ ചെയ്ത റോഡ്‌. തികച്ചും ഗ്രാമ്യമായ പ്രദേശവും അന്തരീക്ഷവും.

കാലത്തിനു യോജിച്ച സ്വീകരണമാണു അങ്ങോട്ട്‌ നടന്നപ്പോള്‍ ഞാന്‍ കണ്ടത്‌. ചെറുതല്ലാത്ത ഒരാരവം മുഴക്കി "ജേക്കബ്‌ സിറിള്‍ ബാംഫോര്‍ഡ്‌" റോഡിലൂടെ വരികയാണ്‌.

കാലത്തിന്റെ ചിഹ്നം. സംസ്ക്കാരത്തിന്റെ ചിഹ്നം.

മനസ്സിലായില്ലേ ഈ ജേക്കബ്‌ സിറിള്‍ ബാംഫോര്‍ഡിനെ? ഓ, ഞാന്‍ നേരാം വണ്ണം പറയാം. സാക്ഷാല്‍ JCB.
മാണിക്കോത്ത്‌ കാവിന്റെ അസ്ഥിവാരമിളക്കാന്‍ പോയതായിരുന്നുവോ ഈ JCB?

ഫ്ലാറ്റ്‌ സംസ്കാരം ഇവിടെയും എത്തിയിട്ടുണ്ടാകാം. ഇടിക്കട്ടെ കുന്നും മലകളും; ഉയരട്ടെ കോണ്‍ക്രീറ്റ്‌ സൗധങ്ങള്‍.

ഞാന്‍ ഒരു ഭാഗത്തേയ്ക്ക്‌ ഒതുങ്ങി JCBയ്ക്ക്‌ വഴി കൊടുത്തു.

ഞാന്‍ മുന്നോട്ട്‌ നടന്നു. മെറ്റല്‍ ചെയ്ത റോഡ്‌ വീണ്ടും രണ്ടായിപ്പിരിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും വലത്തോട്ടു തിരിഞ്ഞു. ആ റോഡ്‌ അവസാനിച്ചത്‌ ചരിത്രമുറങ്ങുന്ന മാണിക്കോത്ത്‌ മണ്ണിലായിരുന്നു.

"വടകരയില്‍ ഒന്നും കാണാനില്ല" വടകരക്കാര്‍ പറഞ്ഞത്‌ എത്ര ശരി!

വിജനമായ നാട്ടുപറമ്പ്‌. വേലിയില്ല, മതില്‍ക്കെട്ടുകളില്ല, കാവല്‍ക്കാരില്ല, എന്തിന്‌, ഉരിയാടന്‍ ഒരു മനുഷ്യജീവിയെപ്പോലും ഞാനവിടെ ക്കണ്ടില്ല.

വിജനമായ ആ പറമ്പില്‍ നിശ്ശബ്ദശാന്തനായി ഞാന്‍ നിന്നു.

"ചരിത്രവും ഭൂമിശസ്ത്രവും അറിയുന്നവര്‍ക്കേ ഇത്തരം സന്ദര്‍ശനം കൊണ്ട്‌ പ്രയോജനമുള്ളൂ" ബസ്സില്‍ അടുത്തിരുന്ന വടകരക്കാരന്‍ സുരേഷ്‌ ബാബു പറഞ്ഞത്‌ അപ്പോള്‍ എന്റെ മനസ്സില്‍ തേട്ടി വന്നു.

"തച്ചോളി മാണിക്കോത്ത്‌ കാവ്‌"

പണ്ട്‌ ഇവിടെ ഒരു തറവാട്‌ നിന്നിരുന്നു. അന്ന് ഇതൊരു വീടായിരുന്നു, ആളും ആരവവും നിറഞ്ഞ വീട്‌. കൊല്ലിനും തല്ലിനും തയ്യാറായി ഒതേനന്‍ നിന്ന വീട്‌. കുഞ്ഞാലിമരയ്ക്കാന്മാരും നാട്ടുപ്രമാണികളും സന്ദര്‍ശകരായിരുന്ന വീട്‌. ഇന്നിപ്പോള്‍ അവശേഷിക്കുന്നത്‌ മുന്നില്‍ കാണുന്ന ചെറിയ കെട്ടിടമാണ്‌.

ഇതൊരു ടൂറിസ്റ്റ്‌ കേന്ദ്രമാണെന്നോ ഇനി ആകുമെന്നോ എനിക്കു തോന്നിയില്ല. അതിനുള്ള കോപ്പൊന്നും അവിടെയില്ല. ഇതൊരു തീര്‍ത്ഥാടനകേന്ദ്രവുമല്ല; തീര്‍ത്ഥമില്ലാതെ എന്തു തീര്‍ത്ഥാടനം? ഇനി ഇതൊരു അമ്പലമാണോ എന്നു ചോദിച്ചാല്‍ അതുമല്ല; വിഗ്രഹമോ പ്രതിഷ്ഠയോ ഇല്ലാതെ എന്ത്‌ അമ്പലം? പക്ഷെ ഇപ്പോഴിതിന്റെ കെട്ടും മട്ടും ഒരമ്പലത്തിന്റേതു തന്നെയാണ്‌.

ഇന്നിപ്പോള്‍ ഇതൊരു കാവാണ്‌. എന്നു വച്ചു കേരളത്തിലെ മറ്റു കാവുകളെപ്പോലെയൊന്നുമില്ല. വീടല്ലാത്തതുകൊണ്ടും ദൈവീകപരിവേഷം കാത്തുസൂക്ഷിക്കുന്നതുകൊണ്ടും കാവെന്നു പറയുന്നു. അത്ര മാത്രം.

ആ പറമ്പില്‍ ഞാന്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

ഒരറ്റം തെങ്ങില്‍ കെട്ടിയിട്ടായിരുന്നുവത്രേ ഒതേനന്‍ അങ്കക്കച്ച മുറുക്കിയിരുന്നത്‌. ആ തെങ്ങൊന്നും ഇപ്പോഴില്ല.

നേരത്തേ പറഞ്ഞില്ലേ, ഓട്‌ പാകിയ ചെറിയൊരു കെട്ടിടമാണവിടുത്തെ പ്രധാന തിരുശേഷിപ്പ്‌. ഒറ്റ നോട്ടത്തില്‍ ഒരു ചെറിയ അമ്പലത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന വിധം അതങ്ങനെ നില കൊള്ളുന്നു. അതില്‍ ചുറ്റുവിളക്കുകള്‍ പിടിപ്പിച്ചിട്ടുണ്ട്‌. ഞാന്‍ അതിന്റെ ഉള്ളിലേയ്ക്ക്‌ പാളിനോക്കി. ഇരുട്ടാണ്‌. അകത്ത്‌ രണ്ടു മുറികളുണ്ടെന്നു തോന്നി. ഈ കെട്ടിടത്തിന്റെ തൊട്ടടുത്തു തന്നെ അതിലും ചെറിയ മറ്റൊരു കെട്ടിടം കൂടിയുണ്ട്‌. വടക്കന്‍ മലബാറിലെ നായര്‍വീടുകളില്‍ കാണുന്ന 'കോട്ട'ത്തെ അനുസ്മരിക്കുന്നതാണു ഇത്‌.

തൊട്ടടുത്തു തന്നെ സിമന്റില്‍ തീര്‍ത്ത ഒരു കെട്ടിടം കൂടിയുണ്ട്‌`.ഓഫീസാവശ്യങ്ങള്‍ക്കായി ഉപയോഗിക്കവുന്ന തരത്തിലൊരു കെട്ടിടം.
എല്ലാം ജീര്‍ണ്ണാവസ്ഥയിലാണ്‌.
വിളക്കുവയ്ക്കാനുള്ള രണ്ട്‌ തറകളും അവിടെയുണ്ട്‌.
പിന്നെ പറമ്പിലുള്ളത്‌ ഒരു കിണറാണ്‌. ഉപയോഗശൂന്യമെന്നു പറയാനാവാത്ത, ധാരാളം വെള്ളമുള്ള കിണറ്‌.

കോമ്പൗണ്ടിലേക്കുള്ള ചവിട്ടുപടികളുടെ ഇടതുഭാഗത്തായി ഒരു കാഞ്ഞീരമരം നില്‍പ്പുണ്ട്‌. അതു കണ്ടപ്പോള്‍ തുഞ്ചത്തെഴുത്തച്ഛന്റെ ഓര്‍മ്മയാണെനിക്കുണ്ടായത്‌. അവിടുത്തെപ്പോലെ ഈ കാഞ്ഞീരത്തിന്റെ ഇലയ്ക്കും കയ്പ്പുരസമില്ലാതിരിക്കുമോ? ഞാന്‍ കാഞ്ഞീരത്തിന്റെ ഒരു ഇല മുറിച്ചു കടിച്ചു നോക്കി.

ഫൂ, ഫൂ, ഫൂ!!! ഞാന്‍ അഞ്ചാറു തവണ തുപ്പി. കാരണം കയ്പ്പല്ലാതെ മറ്റൊന്നും ആ ഇലയ്ക്കില്ലായിരുന്നു.

മാണിക്കോത്ത്‌ കാവിന്റെ ഇടതുഭാഗത്തായി വലിയൊരു ആല്‍മരം നില്‍പ്പുണ്ട്‌. ആലിനു തറയുണ്ടെങ്കിലും എല്ലാം ഇടിഞ്ഞിപൊളിഞ്ഞു കിടക്കുകയാണ്‌.

ആലിന്റെയും കാഞ്ഞീരത്തിന്റെയും പഴക്കം പറയാന്‍ എനിക്കാവില്ല. എന്നാലും ആലിനു കുറെ ദശാബ്ദങ്ങള്‍ പഴക്കം വരും.പണ്ടത്തെ സോളമന്‍ രാജാവായിരുന്നെങ്കില്‍ ഈ ആലിനോട്‌ മാണിക്കോത്ത്‌ കാവിന്റെ ചരിത്രം ചോദിക്കാമായിരുന്നു എന്നെനിക്കു തോന്നി.

മാണിക്കോത്ത്‌ കാവിന്റെ മുറ്റം മുഴുവന്‍ പുല്ലുകള്‍ വളര്‍ന്നുനില്‍ക്കുന്നു. മഴക്കാലമാണ്‌. ചെറുതായി മഴ പെയ്യുന്നുണ്ട്‌. അവിടവിടെയായി ധാരാളം മഴവെള്ളം കെട്ടിക്കിടക്കുന്നു.

ഇവിടെ വര്‍ഷം തോറും ഉത്സവം നടക്കാറുണ്ടത്രെ. നാളെ ഒരുപക്ഷേ ഇതൊരു ആരാധനാലയമായേക്കാനും മതി. ആള്‍ദൈവങ്ങളെ ആരാധിക്കുന്ന നമ്മള്‍ മണ്മറഞ്ഞ ഒരു വീരനെ ആരാധിക്കുന്നതിലെന്താ തെറ്റ്‌?

കുറച്ചുനേരം ഞാന്‍ ആ പറമ്പില്‍ അങ്ങനെ നിന്നു. ഇവിടെയായിരുന്നുവല്ലോ ഒതേനന്‍ ജീവിച്ചു മരിച്ചത്‌ എന്നു ഞാന്‍ ഓര്‍ത്തു. വടക്കന്‍പാട്ടുകളും ഒതേനന്റെ വീരകൃത്യങ്ങളും എന്റെ ഓര്‍മ്മയില്‍ ഓടിയെത്തി. കണ്ടര്‍മേനോനും കുങ്കിയും എന്റെ മനസ്സിലൂടെ കടന്നുപോയി. ചതിയില്‍ മരണപ്പെട്ട ഒതേനനെ മറവ്‌ ചെയ്തത്‌ ഇവിടെ എവിടെയെങ്കിലുമായിരിക്കുമല്ലോ എന്നും ഞാന്‍ ഓര്‍ത്തു. ഇപ്പോഴവിടെ വല്ല വീടും നില്‍ക്കുകയാകാം, ആ, ആര്‍ക്കറിയാം?

അപ്പോഴാണ്‌ ഒതേനന്റെ വീടിനെക്കുറിച്ചു കണാരേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ മനസ്സില്‍ പൊന്തി വന്നത്‌. ഒതേനന്റെ വീടും കുളവും പൊളിച്ച്‌ ആളുകള്‍ വരിവരിയായി നിന്നു കൈ മാറി ആ കല്ലുകള്‍ കൊണ്ടാണത്രെ ടിപ്പുസുല്‍ത്താന്‍ വടകരയില്‍ ഫര്‍ലോങ്ങുകള്‍ക്കകലെ കോട്ട പണിതത്‌.
ശരിയായിരിക്കാം. ടിപ്പു മലബാറില്‍ എന്തെല്ലാം അതിക്രമങ്ങള്‍ കാട്ടിയിരിക്കുന്നു. എത്ര എത്ര ക്ഷേത്രങ്ങള്‍ തകര്‍ത്തിരിക്കുന്നു. കാലം പിന്നീട്‌ വടകരയിലെ ടിപ്പുവിന്റെ കോട്ടയും തകര്‍ത്തു. അതിന്റെ പൊടിപോലും ഇപ്പോഴില്ല.

ഓര്‍മ്മകള്‍ കാടു കയറുമ്പോള്‍ എന്റെ കാലില്‍ ചെറിയ ചൊറിച്ചില്‍ അനുഭവപ്പെട്ടു. ഞാന്‍ കുനിഞ്ഞു നോക്കി. എന്റെ പാന്റിലാകെ പുല്ലിന്റെ കായ്കള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. അതാണ്‌ ചൊറിച്ചിലുണ്ടാക്കുന്നത്‌. ഞാന്‍ പതുക്കെ റോഡിലേക്ക്‌ കയറി. സമയമെടുത്താണെങ്കിലും പുല്ലിന്‍കായ്കള്‍ ഓരോന്നായി പറിച്ചു മാറ്റി. പ്രജനനത്തിനും പ്രസാരണത്തിനും എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ പ്രകൃതി അവലംബിക്കുന്നു!

റോഡില്‍ നിന്നുകൊണ്ട്‌ ഞാന്‍ ഒന്നുകൂടി കാവിനു നേരെ കണ്ണോടിച്ചു.കാവിന്റെ വിളിപ്പാടകലെ ആള്‍ത്താമസമുള്ള വീടുകളാണ്‌. ഇടതു ഭാഗത്ത്‌ അടുത്ത പറമ്പില്‍ ഒരു ചെറിയ അമ്പലം നില കൊള്ളുന്നു. ഞാന്‍ പതുക്കെ അങ്ങോട്ടു നടന്നു. ചെറിയൊരമ്പലവും ഒരു തറയും. അടച്ചിട്ട അമ്പലത്തിനുള്ളിലേയ്ക്ക്‌ ഞാന്‍ പാളി നോക്കി. അകത്ത്‌ രണ്ടു നിലവിളക്കുകള്‍ മങ്ങിക്കത്തുന്നു. രാവിലെ കത്തിച്ചു വച്ചതായിരിക്കും. ഉള്ളില്‍ വിഗ്രഹമോ പ്രതിഷ്ഠയോ ഉള്ളതായി തോന്നിയില്ല. പുറത്ത്‌ ഒരു ഭണ്ഡാരപ്പെട്ടിയും ഉണ്ടായിരുന്നു. പോക്കറ്റില്‍ നിന്നൊരു നാണയമെടുത്ത്‌ ഞാന്‍ അതിലിട്ടു.

സമയം രണ്ടു മണിയോടടുക്കുകയായിരുന്നു. ഓഫീസില്‍ കയറേണ്ടതുകൊണ്ട്‌ ഞാന്‍ തിരിച്ചു നടന്നു. അപ്പോഴും എന്റെ നാവില്‍ കാഞ്ഞീരം കയ്ച്ചുകൊണ്ടേയിരുന്നു.

തുടരും.................

1 അഭിപ്രായം:

ശ്രീ ഇടശ്ശേരി. പറഞ്ഞു...

വന്നത് വഴി തെറ്റിയാണെങ്കിലും..തിരിച്ചു പോകുന്നതു വീണ്ടും വരാന്‍ തന്നെയാണ്. എഴുത്ത് തുടരുക..