ശാന്തമായ ഒരു സായാഹ്നം.
സൂര്യന്‍ തന്റെ ജോലി മതിയാക്കി മടങ്ങുകയാണ്. അങ്ങകലെ സ്വര്‍ണ്ണനിറത്തിലുള്ള മേഘശകലങ്ങള്‍ പശ്ചിമ ചക്രവാളത്തില്‍ അങ്ങിങ്ങായി പരന്നുകിടക്കുന്നുണ്ട്. കിളികള്‍ കൂടണയുന്നു.
ഇങ്ങു താഴെ തന്റെ വീടിന്റെ ഉമ്മറത്തു ചിന്താമഗ്നനായിരിക്കുകയാണ് മഹാനായ സോക്രട്ടീസ്. അയല്‍ വാസിക്ക് എത്ര കോഴിയെ കൊടുക്കാനുണ്ടെന്ന് കണക്കു കൂട്ടുകയാണദ്ദേഹം.
തുറന്നു കിടക്കുന്ന പടിവാതിലിലൂടെ ഒരാള്‍ സോക്രട്ടീസിനെ തിരഞ്ഞെത്തി. അല്ലെങ്കിലും അദ്ദേഹത്തിന്റെ പടിവാതില്‍ അടയ്ക്കാറില്ല. മഹാന്മാര്‍ അങ്ങനെയാണ്. ആര്‍ക്കും എപ്പോഴും അവരെത്തേടി വരാം.
ആഗതന്‍ കിതച്ചുകൊണ്ടു പറഞ്ഞു. "മിസ്റ്റര്‍ സോക്രട്ടീസ്, താങ്കളുടെ പ്രിയശിഷ്യന്‍ പ്ലേറ്റോയെക്കുറിച്ചു എനിക്കു താങ്കളോട് പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്."
"ഇരിയ്ക്കൂ സുഹൃത്തേ", സോക്രട്ടീസ് പ്രതിവചിച്ചു.
"മറ്റുള്ളവര്‍ പറയുന്നതു കേള്‍ക്കുന്നതിനു മുമ്പായി എനിക്കു ചില പരിശോധനകളൊക്കെയുണ്ട്." അദ്ദേഹം തുടര്‍ന്നു, "ആട്ടെ,താങ്കള്‍ പറയുന്നത് എത്രത്തോളം സത്യമാണ്?"
ആഗതന്‍ മൊഴിഞ്ഞു, "അതെനിയ്ക്കറിയില്ല സോക്രട്ടീസ്, ഞാന്‍ വരുന്ന വഴി കേട്ട കാര്യമാണത്."
സോക്രട്ടീസ് ഇടപെട്ടു. "അപ്പോള്‍ താങ്കള്‍ പറഞ്ഞുവരുന്നത് നുണയായിരിക്കും അല്ലേ? ആകട്ടെ, താങ്കള്‍ പറയാന്‍ പോകുന്നത് നല്ല കാര്യമാണോ?"
"അല്ല" - ആഗതന്റെ മറുപടി.
സോക്രട്ടീസ് തുടര്‍ന്നു. "അപ്പോള്‍ താങ്കള്‍ പറയാന്‍ പോകുന്നതു മോശമായതും സത്യമല്ലാത്തതുമായ കാര്യമാണല്ലേ?"
ഇതു കേട്ടപ്പോള്‍ ആഗതനു ലേശം ലജ്ജ തോന്നാതിരുന്നില്ല.
പക്ഷേ, സോക്രട്ടീസ് വലിയവനായിരുന്നു. അദ്ദേഹം ആഗതനെ ആശ്വസിപ്പിച്ചു. "അടുത്ത പരീക്ഷയില്‍ താങ്കള്‍ എന്തായാലും ജയിക്കും. അപ്പോള്‍ താങ്കള്‍ക്കു പറയാനുള്ളതു പറയാമല്ലോ, ആട്ടെ, താങ്കള്‍ പറയാന്‍ പോകുന്ന കാര്യം എനിക്കു പ്രയോജനപ്പെടുന്നതാണോ?"
"അല്ല" - വീണ്ടും ആഗതന്റെ മറുപടി.
"അപ്പോള്‍ താങ്കള്‍ പറയാന്‍ പോകുന്നതു മോശമായതും സത്യമല്ലാത്തതും പ്രയോജനമില്ലാത്തതുമായ കാര്യമാണല്ലേ?" സോക്രട്ടീസ് പറഞ്ഞവസാനിപ്പിച്ചു.
ആഗതന്‍ പിന്നീടവിടെ നിന്നില്ല. സോക്രട്ടീസ് ഒന്നും കേട്ടതുമില്ല.
അതുകൊണ്ടാണ് പ്ലേറ്റോയും സോക്രട്ടീസിന്റെ ഭാര്യയും ഒന്നിച്ചുറങ്ങിയെന്ന പരദൂഷണം സോക്രട്ടീസിനു കേള്‍ക്കേണ്ടിവരാതിരുന്നത്. അതുകൊണ്ടു തന്നെയാണ് നമ്മള്‍ അദ്ദേഹത്തെ മഹാനായി കാണുന്നതും.
(ആശയം: ഫണ്ടൂഷ്.കോം)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ