2008, ജൂൺ 24, ചൊവ്വാഴ്ച

എന്റെ വടകര യാത്രകള്‍ -IV

വടകരയിലെ എന്റെ ദിവസങ്ങള്‍ മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നു. അല്ലെങ്കിലും സമയത്തിന്റെ കാര്യമാവുമ്പോള്‍ ആര്‍ക്കും പുറകോട്ടു പോകാനാവില്ലല്ലോ.
ഇന്നെന്റെ ലക്ഷ്യം കുഞ്ഞാലിമരയ്ക്കാന്മാരായിരുന്നു. (അങ്ങനെ വേണം പറയാന്‍. കാരണം കുഞ്ഞാലിമരയ്ക്കാര്‍ എന്ന് പേരുള്ളവര്‍ 4പേര്‍ ഉണ്ടായിരുന്നു.)
ഇരിങ്ങല്‍ കോട്ടയ്ക്കല്‍ എന്ന സ്ഥലത്തെ കുഞ്ഞാലിസ്മാരകങ്ങളായിരുന്നു എന്റെ മനസ്സിലുണ്ടായിരുന്നത്‌.
എട്ടുപത്ത്‌ മിനിറ്റ്‌ വടകര പഴയ ബസ്‌ സ്റ്റാന്റില്‍ കാത്തുനിന്നെങ്കിലും കോട്ടയ്ക്കലേയ്ക്കു പോകുന്ന ഒരു ബസ്സും എനിക്കു കാണാനായില്ല. കാണുന്ന ബസ്സുകളിലെല്ലാം ഞാന്‍ ചോദിക്കും, "ഈ ബസ്‌ കോട്ടയ്ക്കലില്‍ പോകുമോ?"

"5മിനിറ്റ്‌ നടക്കാമെങ്കില്‍ ഈ ബസ്സില്‍ കയറിക്കോളൂ." ഒരു ബസ്സിലെ യാത്രക്കാരന്‍ പറഞ്ഞു.

നടത്തം എനിക്കൊരു പ്രശ്നമല്ലാത്തതുകൊണ്ടും പുറത്തുള്ള തിളയ്ക്കുന്ന വെയില്‍ എനിയ്ക്കൊരു പ്രശ്നമായതുകൊണ്ടും ഞാന്‍ ആ ക്ഷണം സ്വീകരിച്ചു.
അധികം ആളില്ലാത്ത ബസ്സില്‍ അയാളുടെ അടുത്തായി ഞാന്‍ സ്ഥാനം പിടിച്ചു. ഞങ്ങള്‍ പരസ്പരം സംസാരിച്ചു.
വടകരയിലെ എന്റെ ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ചു ഞാനും വടകരയിലെ ടൂറിസ്റ്റ്‌ കേന്ദ്രങ്ങളെക്കുറിച്ച്‌ അയാളും പറഞ്ഞു.

"ചോദിക്കുന്നുവെങ്കില്‍ ഇത്തരം ആളുകളോടു വേണം ചോദിക്കാന്‍." ഞാന്‍ മനസ്സില്‍ പറഞ്ഞു.കാരണം വടകരയിലെ ഓരോ തരി മണ്ണും അയാളുടെ കണ്ണില്‍ സന്ദര്‍ശകപ്രാധാന്യമുള്ളതാണ്‌. ഗാന്ധിജിയുടെയും നെഹ്രുവിന്റെയും വടകരസന്ദര്‍ശനത്തെക്കുറിച്ചും അവിടത്തെ ആദ്യകാലവിദ്യാലയങ്ങളെക്കുറിച്ചും ക്ഷേത്രങ്ങളെക്കുറിച്ചും കുഞ്ഞാലിസ്മാരകത്തെക്കുറിച്ചും വെള്ളിയാങ്കല്ലിനെക്കുറിച്ചുമെല്ലാം അയാള്‍ സംസാരിച്ചു.ചരിത്രവും ഭൂമിശാസ്ത്രവും അറിയുന്നവര്‍ക്കേ ടൂറിസ്റ്റുകളാവാനും ടൂറിസ്റ്റുകളെ സഹായിക്കാനും പറ്റൂ എന്നുകൂടി അയാള്‍ പറഞ്ഞപ്പോള്‍ എനിക്ക്‌ തിരിച്ചു പറയാന്‍ വലുതായിട്ടൊന്നും ഇല്ലായിരുന്നു.
പുതുപ്പണം വഴിയാണ്‌ ബസ്‌ പോയത്‌. ശ്രീ. ഗോകുലം ഗോപാലന്റെ വീട്‌ അയാള്‍ കാണിച്ചുതന്നു.സ്വിറ്റ്‌സര്‍ലന്റില്‍ നിന്നു ഹോട്ടല്‍ മാനേജ്‌ മെന്റില്‍ ഉന്നതപഠനവും MBAയും കഴിഞ്ഞു ശബരീഷ്‌ നാട്ടിലെത്തിയത്‌ ഈയിടെയായിരുന്നുവത്രെ. തന്റെ ഹോട്ടല്‍ സാമ്രാജ്യത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ ശ്രീ. ഗോപാലന്‍ നിയോഗിച്ചത്‌ ശബരീഷിനെ ആയിരുന്നുവത്രേ. എന്നാല്‍ ഈ നിയോഗം വിയോഗത്തിലാണ്‌ കലാശിച്ചത്‌ എന്നത്‌ വിധിക്കു മുന്നില്‍ മനുഷ്യന്റെ നിസ്സഹായാവസ്ഥയും നിസ്സാരാവസ്ഥയുമാണ്‌ വരച്ച്‌ കാട്ടുന്നത്‌. ശബരീഷിന്റെ തീരാനഷ്ടം സഹിക്കാന്‍ ദൈവം അവര്‍ക്കു കരുത്തേകട്ടെ.

ഇരിങ്ങല്‍ എന്നത്‌ വടകരയിലെ ഒരു സ്ഥലമാണ്‌. മൂരാട്‌ പുഴ ഇതിലെ ഒഴുകുന്നതു കൊണ്ട്‌ അത്‌ ഇവിടെയെത്തുമ്പോള്‍ ഇരിങ്ങല്‍ പുഴയാവുകയാണ്‌. ഇരിങ്ങല്‍ പുഴയോരത്തായിരുന്നൂ കുഞ്ഞാലിമരയ്ക്കാരുടെ സാമ്രാജ്യം. അവരുടെ കോട്ട നിന്നതുകൊണ്ട്‌ ഈ സ്ഥലത്തെ കോട്ടയ്ക്കല്‍ എന്നും വിളിച്ചു വന്നു. അങ്ങനെ ഈ സ്ഥലം ഇരിങ്ങല്‍ കോട്ടയ്ക്കല്‍ ആയി.
ഞാന്‍ പരിചയപ്പെട്ട സഹയാത്രികന്‍ ഒരു സുരേഷ്‌ ബാബുവായിരുന്നു. അയാള്‍ ധാരാളം യാത്ര ചെയ്തിട്ടുണ്ടത്രെ. ഇരിങ്ങല്‍പ്പാറകളെക്കുറിച്ചും അയാള്‍ പറഞ്ഞു. ഇപ്പോള്‍ അതെല്ലാം നശിച്ചിരിക്കുന്നു. കരിങ്കല്ലിന്റെ വ്യപകമായ ഉപയോഗത്തിനുവേണ്ടി അവയെല്ലാം നശിപ്പിക്കപ്പെട്ടു.ബസ്സിലിരുന്നുകൊണ്ട്‌ അയാള്‍ ഇരിങ്ങല്‍പ്പാറകള്‍ കാണിച്ചു തന്നു. അങ്ങിങ്ങു കുറെ കരിങ്കല്ലുകളും ചുറ്റും വെള്ളക്കെട്ടുകളും മാത്രമായി അവ പരിണമിച്ചിരിക്കുന്നു.
ബസ്സ്‌ വീണ്ടും മുന്നോട്ട്‌ പോയപ്പോള്‍ റോഡിനു സമീപത്തായി ഇരിങ്ങല്‍ സുബ്രഹ്മണ്യക്ഷേത്രം കാണായി. പുരാതനവും സാമാന്യം വലുതുമാണ്‌ ഈ ക്ഷേത്രം.

ബസ്‌ കുഞ്ഞാലിസ്മാരകത്തിന്റെ അടുത്തെത്തിയപ്പോള്‍ സുരേഷ്‌ ബാബുവിനോട്‌ യാത്ര പറഞ്ഞു ഞാനവിടെ ഇറങ്ങി. കുഞ്ഞാലിമരയ്ക്കാര്‍സ്മാരകഹൈസ്ക്കൂളിനു മുമ്പിലൂടെ നടന്ന് ഞാന്‍ കുഞ്ഞാലിസ്മാരകത്തിനടുത്തെത്തി. കുഞ്ഞാലിമരയ്ക്കാര്‍ താമസിച്ചതെന്നു പറയപ്പെടുന്ന ഒരു ചെറിയ വീട്‌ അവിടെയുണ്ട്‌. അതിന്റെ വാതിലുകള്‍ക്ക്‌ നൂറ്റാണ്ടുകളുടെ പഴക്കം തോന്നി. അതിന്റെ മേല്‍ക്കൂര ഓടാണ്‌. പണ്ട്‌ ഓലയായിരുന്നുവത്രെ. ഇതിപ്പോള്‍ കേരളസര്‍ക്കാര്‍ വക പുരാവസ്തുവകുപ്പിന്റെ കീഴിലാണ്‌. വീടിന്റെ പുറകിലായിട്ടാണു കുഞ്ഞാലിമരയ്ക്കാര്‍ മ്യൂസിയമുള്ളത്‌. അവിടെ അവരെക്കുറിച്ചുള്ള ചരിത്രവും മറ്റും ആലേഖനം ചെയ്തിട്ടുണ്ട്‌. അവര്‍ ഉപയോഗിച്ച വാളുകളും അന്നുപയോഗിച്ച പീരങ്കിയുണ്ടകളും അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. പല വലിപ്പത്തിലുള്ളതാണ്‌ ഉണ്ടകള്‍. മ്യൂസിയത്തിലേയ്ക്കുള്ള പ്രവേശനഫീസ്‌ കേവലം രണ്ടു രൂപ മാത്രമാണ്‌. ഒരു ശെല്‍വരാജ്‌ ആണ്‌ മ്യൂസിയത്തിന്റെ മേലാളായി അവിടെ ഉണ്ടായിരുന്നത്‌. പേരു തമിഴന്റേതാണെങ്കിലും അദ്ദേഹം തലശ്ശേരിക്കാരനാണ്‌. സ്മാരകത്തിന്റെ മുറ്റത്ത്‌ പൂന്തോട്ടമുണ്ട്‌. ഗെയ്റ്റിനടുത്തായി ഇന്ത്യന്‍ നേവി അടുത്ത കാലത്തു പണികഴിപ്പിച്ച ഒരു കുഞ്ഞാലിസ്മാരകസ്തൂപമുണ്ട്‌. അതില്‍ എല്ലാ മാസവും ഏഴിമലയില്‍ നിന്നു നാവികോദ്യോഗസ്ഥര്‍ വന്ന്‌ അഭിവാദ്യങ്ങളും പൂക്കളും അര്‍പ്പിക്കാറുണ്ടത്രെ.

ഈ പറമ്പില്‍ നിന്നു കണ്ണോടിച്ചാല്‍ അടുത്തായി ഇരിങ്ങല്‍ പുഴ ഒഴുകുന്നതു കാണാം. സ്മാരകത്തിനു സമീപത്തും മറ്റുമായി ധാരാളം വീടുകളുണ്ട്‌; ചെറുതും വലുതും. അവയെല്ലാം മുസ്ലിങ്ങളുടേതണെന്നാണ്‌ എനിക്കു തോന്നിയത്‌. ഇതിനടുത്തു തന്നെ മരയ്ക്കാന്മാര്‍ നിസ്ക്കരിക്കാനുപയോഗിച്ചതായിപ്പറയുന്ന മുസ്ലിം നിസ്ക്കാരപ്പള്ളിയുണ്ട്‌. ഞാന്‍ പതുക്കെ അങ്ങോട്ടു നടന്നു. അപ്പോള്‍ വൈകുന്നേരത്തെ നിസ്ക്കാരത്തിനുള്ള ബാങ്ക്‌ ‍വിളി കേള്‍ക്കുന്നുണ്ടായിരുന്നു.
പള്ളിക്കു മുന്നിലൊരു കുളമുണ്ട്‌. കുളത്തിനപ്പുറം ഇരിങ്ങല്‍പ്പുഴയാണ്‌. പള്ളിയില്‍ നിന്നാല്‍ പുഴ കാണാം.
പള്ളി വളരെ പഴയതാണ്‌. ഞാന്‍ റോഡില്‍ നിന്ന് പള്ളിയുടെ മുറ്റത്തേയ്ക്ക്‌ കയറി. അവിടെ ഇരുന്ന രണ്ടുപേര്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ചെരിപ്പ്‌ ഗെയ്റ്റില്‍ത്തന്നെ ഊരിയിട്ടു. അപ്രിയമായി അവര്‍ക്കൊന്നും തോന്നരുതല്ലോ. പള്ളിമുറ്റത്ത്‌ നിന്നുകൊണ്ട്‌ ഞാന്‍ അവിടെ ഉണ്ടായിരുന്ന ഒരു ചെറുപ്പക്കാരനോട് സംസാരിച്ചു. കൂട്ടത്തില്‍ ഞാന്‍ എന്റെ ആഗമനോദ്ദേശം വെളിപ്പെടുത്തി.

"എനിയ്ക്ക്‌ കുഞ്ഞാലിമരയ്ക്കാര്‍ ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ കാണണമെന്നുണ്ട്‌."

എനിയ്ക്ക്‌ അകത്തേയ്ക്ക്‌ പ്രവേശനമില്ലെന്നും സാധനങ്ങള്‍ ഇങ്ങോട്ട്‌ കൊണ്ടുവരാമെന്നും അയാള്‍ പറഞ്ഞു. അല്‍പ്പസമയത്തിനകം ഒരാള്‍ ഒരു ഉണ്ടയും വാളുമായെത്തി.
ഇത്‌ അവര്‍ ഉപയോഗിച്ചിരുന്ന പീരങ്കിയുണ്ടയാണ്‌. അയാള്‍ പറഞ്ഞു.
ഇതു ഞാന്‍ കുറേ കുഞ്ഞാലി മ്യുസിയത്തില്‍ കണ്ടതാണ്‌. ഞാന്‍ പറഞ്ഞു.
പക്ഷേ അതെല്ലാം കരിങ്കല്ലു കൊണ്ടുള്ളതാണ്‌. ഇത്‌ പഞ്ചലോഹത്തില്‍ തീര്‍ത്തതാണ്‌. അയാള്‍ തിരുത്തി. പഞ്ചലോഹം എന്ന് അയാള്‍ പറഞ്ഞത്‌ എനിക്ക്‌ നന്നേ ബോധിച്ചു. പിന്നീട്‌ ഞാന്‍ ആ വാള്‍ എടുത്തുനോക്കി.

"ഇതിന്റെ പിടി കൊള്ളാം." ഞാന്‍ പതുക്കെ പറഞ്ഞു.
അതു ഒരു കവചം ആണ്‌ എന്ന് അപ്പോള്‍ അയാള്‍ കൂട്ടിച്ചേര്‍ത്തു.

പള്ളിയുടെ അടുത്തു തന്നെ വലിയൊരു തറയുണ്ട്‌. എല്ലാം പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. ആറു മഹാന്മാരുടെ ഖബറുകളാണത്രെ അത്‌.

വാളൂം ഉണ്ടയും തിരിച്ചുകൊടുത്ത്‌ ഞാന്‍ തിരിച്ചു നടന്നു.

നേരം സന്ധ്യയാകുകയാണ്‌. ഇന്നത്തെ യാത്ര അവസാനിക്കുകയും. ഞാന്‍ കണ്ണൂര്‍ ബസ്സിനെ ലാക്കാക്കി ബസ്‌സ്റ്റാന്റിലേക്കു നടന്നു.

അഭിപ്രായങ്ങളൊന്നുമില്ല: