2008, ജൂൺ 25, ബുധനാഴ്‌ച

ആൾരൂപൻ എന്ന എന്നെക്കുറിച്ച്‌

ക്ഷീരസാഗരന്‍ നായരെക്കുറിച്ചു കേട്ടിട്ടുണ്ടോ? സ്വന്തം പേരു കൊണ്ടു പാലാഴി തീര്‍ത്തവനാണ്‌ കക്ഷി. പക്ഷേ കഷ്ടം, കഥാനായകന്റെ വീട്ടില്‍ ദാഹം തീര്‍ക്കാന്‍ പേരിനു മോരുവെള്ളം കൂടി ഇല്ലായിരുന്നുവെന്നാണ്‌ കഥാകൃത്ത്‌ പറയുന്നത്‌. അത്രയ്ക്കായിരുന്നുവത്രേ നായരുടെ വീട്ടിലെ ദാരിദ്ര്യം.

ഗ്ലോബലൈസേഷന്റെയും ലിബറലൈസേഷന്റെയും ഈ കാലത്ത്‌ ആര്‍ക്കു വേണം ഇമ്മാതിരി ദരിദ്രവാസികളെ? നമുക്കിയാളെ വിടാം.

അടുത്ത വീട്ടിലെ കമലാക്ഷി അമ്മയെ അറിയില്ലേ? കമലം പോലെയുള്ള അക്ഷികളോടു കൂടിയ അമ്മ എന്നു ചുരുക്കം. പക്ഷേ കണ്ടു നോക്കണം. രണ്ടു കണ്ണും കോങ്കണ്ണാ. പാവം!

സുഹൃത്തേ, ഇനി പറയൂ ഞാനെന്റെ പേരു പറയണോ എന്ന്?

വേണ്ട എന്നു നിങ്ങള്‍ തലയാട്ടുന്നതു ഞാന്‍ കാണുന്നു. നന്ദി.
(ഒരു പേരിലെന്തിരിക്കുന്നു എന്നാരോ പറഞ്ഞത്‌ വെറുതെയായില്ല.)

ഇനിയിപ്പോള്‍ ഞാനൊരു മനുഷ്യസ്നേഹിയാണെന്നോ സ്ഥിരോല്‍സാഹിയാണെന്നോ പരോപകാരിയാണെന്നൊ
അതുപോലെ മറ്റ്‌ എന്തെങ്കിലുമാണെന്നോ ഒക്കെ ഞാന്‍ പറഞ്ഞാലും ഇതു പോലെയൊക്കെത്തന്നെയിരിക്കും. ഇതൊന്നും തെളിയിക്കുന്നത്‌ അത്ര എളുപ്പമല്ല.

അപ്പോള്‍ പിന്നെ നല്ലതെന്താ? ഉള്ളത്‌ ഉള്ളത്‌ പോലെ പറയുക. എന്നെ കാണുമ്പോള്‍ ഒരാളിനെപ്പോലെയിരിക്കും.

എങ്കില്‍ പിന്നെ ഞാന്‍ 'ആള്‍രൂപന്‍' എന്നു പറഞ്ഞു നിര്‍ത്തട്ടേ?

ഇനി എന്നെപ്പറ്റി അറിഞ്ഞേ അടങ്ങൂ എന്നാണെങ്കില്‍ ഇതാ ഞാന്‍ ഇത്ര കൂടിപ്പറയാം. കേട്ടോളൂ, അല്ല വായിച്ചോളൂ.

ലഘ്നത്തിൽ മന്ദൻ നിൽക്കുന്നവൻ... മഹമഹാ മടിയൻ....

ഏഴില്‍ ചൊവ്വ നില്‍ക്കുന്നവന്‍.........

ലഗ്നാധിപന്‍ 12-ല്‍ നില്‍ക്കുന്നവന്‍........

ജാതകത്തില്‍ കേസരിയോഗമുണ്ടെങ്കിലും ജീവിതത്തില്‍ അതു കാണാത്തവന്‍........

നാക്കില്‍ ഗുളികന്‍ നില്‍ക്കുന്നവന്‍ ......

പത്തില്‍ രാഹു നില്‍ക്കുന്നവന്‍.... തികഞ്ഞ "വായില്‍നോക്കി."..........

മറ്റുള്ളവരുടെ പരാജയത്തില്‍ നിന്ന് പാഠം പഠിക്കണമെന്നറിയുന്നവന്‍ ....പക്ഷേ സ്വന്തം പരാജയത്തില്‍ നിന്നുപോലും പാഠം പഠിക്കാത്തവന്‍ ..............

വേവുവോളം പാര്‍ത്തിട്ട്‌ ആറുവോളം പാര്‍ക്കാതെ വായ പൊള്ളിച്ചവന്‍......

സന്ധ്യയാകുവോളം വെള്ളം കോരി സന്ധ്യയ്ക്ക്‌ കുടമുടച്ചവന്‍................

പ്രതികരിച്ചു പ്രതികരിച്ചു പ്രതിയായവന്‍ ..........

തുഞ്ചത്താചാര്യന്റെ നാട്ടുകാരന്‍........പക്ഷേ ആചാരത്തിന്റെ തുഞ്ചത്തുപോലും കാണാത്തവന്‍........

നാവാമുകുന്ദന്റെ തിരുമുറ്റത്തു വളര്‍ന്നവന്‍.......... പക്ഷേ മുകുന്ദനേയും മുചുകുന്ദനേയും തിരിയാത്തവന്‍........

ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ നാട്ടുകാരന്‍......... പക്ഷേ ആഴത്തിലൊന്നും കൈവശമില്ലാത്തവന്‍ ....

മാമാങ്കത്തിന്റെ നാട്ടുകാരന്‍.......... പക്ഷേ മണിക്കിണറും നിലപാടുതറയും കാണാത്തവന്‍ ..........

ചാവേറുകളുടെ നാട്ടുകാരന്‍ ...........പക്ഷേ ചാവേറാകാനുള്ള ധൈര്യമില്ലാത്തവന്‍ ..........

സ്വന്തമായ ആശയും ആശയങ്ങളും ഉള്ളവന്‍.... പക്ഷേ അതൊന്നും നടന്നുകാണണമെന്നു നിര്‍ബന്ധമില്ലാത്തവന്‍....

ഇനിയും വേണോ സുഹൃത്തേ ഈ ചന്തുവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരണം?

10 അഭിപ്രായങ്ങൾ:

നിരക്ഷരൻ പറഞ്ഞു...

വേണ്ട മാഷേ...കൂടുതല്‍ വ്യക്തമാക്കണമെന്നില്ല. കൃത്യമായി ഈ ’ആള്‍‌രൂപം‘ മനസ്സിലാക്കിത്തന്നിരിക്കുന്നു വാക്കുകളിലൂടെയും വരികളിലൂടെയും. എന്നെപ്പോലെ ഒരു നിരക്ഷരനല്ല എന്ന് ഒരോ വരിയും സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതുപോരേ ? അതിക്കൂടുതന്‍ എന്തിനാ ?
:) :)

ഓഫ് ടോപ്പിക്ക് :- താങ്കളുടെ ബ്ലോഗ് അഗ്രഗേറ്ററുകളില്‍ ലിസ്റ്റഡല്ലാ എന്ന് തോന്നുന്നു. സെറ്റിങ്ങ്സില്‍ മാറ്റങ്ങള്‍ വരുത്താനുണ്ട് എന്ന് തോന്നുന്നു. എന്തെങ്കിലും സഹായങ്ങള്‍ അക്കാര്യത്തില്‍ ചെയ്യണമെങ്കില്‍ പറയണം കേട്ടോ. ഇവിടെ ഒരു കമന്റായിട്ടോ അല്ലെങ്കില്‍ എന്ന manojravindran@gmail.com മെയില്‍ ഐ.ഡി.യിലോ കോണ്‍‌ഡാക്ട് ചെയ്താല്‍ മതി.

നിരക്ഷരൻ പറഞ്ഞു...

മറ്റ് പോസ്റ്റുകള്‍ കൂടെ ഉടനെ വായിച്ച് വിവരം അറിയിക്കാം.

അരൂപിക്കുട്ടന്‍/aroopikkuttan പറഞ്ഞു...

ഊരും പേരുമില്ലാത്ത ഈ തെണ്ടിയുടെ കയ്യില്‍ നിങ്ങള്‍ക്കുതരാന്‍ എന്തുണ്ട്?!

ഈ കമന്റുകൊണ്ടൊന്ന് ആശീര്വദിക്കാം!

ടോട്ടോചാന്‍ പറഞ്ഞു...

ഹ ഹ ഹ അതു കൊള്ളാം.. ബാക്കി പോരട്ടേ....

Vellayani Vijayan/വെള്ളായണിവിജയന്‍ പറഞ്ഞു...

“മാഷേ ഈ ആള്രൂപനില്‍ നിന്നും പുറത്ത് വന്ന് കൂടെ?”
വെള്ളായ്ണി

ആൾരൂപൻ പറഞ്ഞു...

നിര്‍ദ്ദേശത്തിന്‌ നന്ദി.
പക്ഷേ എന്നിട്ടെന്ത്‌ എന്ന് പിടി കിട്ടുന്നില്ല.
രൂപത്തിലല്ലല്ലോ കാര്യം. ഭാവത്തിലല്ലേ? അതില്ലാതെ.....?

നോക്കട്ടെ, നിര്‍ദ്ദേശം പരിഗണിയ്ക്കാം.

സ്നേഹം നിറഞ്ഞ നന്ദി.

SreeDeviNair.ശ്രീരാഗം പറഞ്ഞു...

എനിയ്ക്ക് തരാനുള്ളത്,
ഒരു നല്ല വാക്കു മാത്രം..


സ്നേഹത്തോടെ,
ചേച്ചി..

ശ്രീ ഇടശ്ശേരി. പറഞ്ഞു...

:)

anushka പറഞ്ഞു...

താങ്കളുടെ ബ്ലൊഗ് അടുത്തിടെയാണ് ശ്രദ്ധയില്‍ പെട്ടത്.നല്ലൊരു സംഭവം.ഞാന്‍ സ്ഥിരം വായനക്കാരനായി.പക്ഷെ,താങ്കള്‍ പ്രൊഫൈലില്‍ കൂടുതല്‍ വിവരങ്ങള്‍ തരാത്തതെന്തെന്ന് മനസ്സിലാകുന്നില്ല..

K V Johny പറഞ്ഞു...

ആളുകള്‍ നിഴലുകായി മാറുകയും നിഴലുകള്‍ക്ക് രൂപം ഇല്ലാതാവുകയും ചെയ്ത ഈ കാലത്ത് കണ്ടുമുട്ടിയ ആള്‍രൂപം അന്വേഷിച്ചു ഇവിടെം വരെ എത്തി, രൂപം കാണുകയും ചെയ്തു, നന്ദി