2008, ജൂൺ 30, തിങ്കളാഴ്‌ച

ഒരു എഴുത്ത്‌

പ്രിയപ്പെട്ട കൃഷ്ണന്‍കുട്ടി,

കഴിഞ്ഞ ആഴ്ച ഞാന്‍ നിങ്ങളുടെ തിരുവനന്തപുരത്തു വന്നിരുന്നു. വന്നപാടെ ആദ്യം ചെയ്തത്‌ സെല്ലില്‍ നിന്നെ വിളിക്കുകയാണ്‌. പക്ഷെ "താങ്കള്‍ വിളിയ്ക്കുന്ന സബ്‌സ്ക്രൈബര്‍ ഇപ്പോള്‍ പരിധിക്കു പുറത്താണ്‌" എന്ന മറുപടിയാണ്‌ എയര്‍റ്റെല്ലിലെ കിളിനാദം എന്നെ അറിയിച്ചത്‌. 'താങ്കളുടെ ശബ്ദത്തില്‍' വോയ്സ്‌ മെയില്‍ബോക്സില്‍ സന്ദേശം രേഖപ്പെടുത്താവുന്നതാണെന്ന അവരുടെ നിര്‍ദ്ദേശം ഞാന്‍ സ്വീകരിച്ചതുമില്ല.
എന്റെ അടുത്ത വീട്ടിലെ ഒരു പെണ്‍കുട്ടിയുടെ ജോലി പ്രശ്നത്തോടനുബന്ധിച്ച്‌ അവിടത്തെ പട്ടം പി.എസ്‌. സി. ആപ്പീസിലായിരുന്നു ഞാന്‍ വന്നത്‌. ഇതിനുമുമ്പ്‌ പല തവണ നീ എന്നെ തിരുവനന്തപുരത്തേയ്ക്കു ക്ഷണിച്ചിരുന്നെങ്കിലും വരാന്‍ പറ്റാതെ പോകുകയായിരുന്നു. തിരിച്ചു പോരാന്‍ നേരത്തും നീയെന്ന സബ്‌സ്ക്രൈബര്‍ പ്രതികരിയ്ക്കാതിരിക്കുകയൊ പരിധിയ്ക്കു പുറത്തു പോകുകയോ ചെയ്ത കാരണം നിന്നെയൊട്ടു കാണാനും പറ്റിയില്ല. ഏതായാലും എന്റെ ആദ്യ തിരുവനന്തപുരം സന്ദര്‍ശനത്തെ കുറിച്ചു നിന്നെയൊന്നറിയിക്കാനാണ്‌ ഈ എഴുത്ത്‌. അതു മാത്രമല്ല, വല്ലപ്പോഴും എന്തെങ്കിലും എഴുതിയില്ലെങ്കില്‍ പണ്ടു പഠിച്ച അക്ഷരങ്ങളൊക്കെ മറന്നു പോകുകയും ഇല്ലേ?

ഞാന്‍ PSCആപ്പീസിലെത്തുമ്പോള്‍ സന്ദര്‍ശകസമയം ആയിട്ടുണ്ടായിരുന്നില്ല. അവിടെ കുറെ നേരം നിന്നു മുഷിഞ്ഞ ഞാന്‍ പുറത്തൊക്കെ ഒന്നു നടന്നു നോക്കാമെന്നു കരുതി പുറത്തിറങ്ങി. അത്ഭുതമെന്നു പറയട്ടെ ഞാന്‍ നടന്നെത്തിയത്‌ മരപ്പാലത്തിലാണ്‌. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, അതും കേരളം പോലെ പുരോഗമിച്ച ഒരു സംസ്ഥാനത്തിന്റെ തലസ്ഥാനത്തില്‍ മരപ്പാലമോ എന്നു ഞാന്‍ അതിശയിച്ചു. ഞാന്‍ മരപ്പാലത്തിലാണ്‌ എന്നറിയാമായിരുന്നെങ്കിലും സംശയം തീര്‍ക്കാനായി എതിരേ വന്ന ഒരാളോട്‌ ഞാന്‍ ചോദിച്ചു.
"ഇതു മരപ്പാലമാണോ?"
അതെ എന്നു പറഞ്ഞും എന്നെ രൂക്ഷമായി ഒന്നു നോക്കിയും അയാള്‍ വരുന്ന വേഗത്തില്‍ കടന്നു പോയി. തലസ്ഥാനവാസികളുടെ ദുര്‍ഗതിയോര്‍ത്ത്‌ എനിക്കു സങ്കടം വന്നു. എന്നാണാവോ ഈ മരപ്പാലത്തിനു പകരം ഒരു സിമന്റു പാലമോ കോണ്‍ക്രീറ്റ്‌ പാലമൊ ഇവിടെ വരുക? അധികം വൈകാതെ ഒരു ഇരുമ്പു പാലമെങ്കിലും ഇവിടെ വരണേ എന്നു ഞാന്‍ ശ്രീപത്മനാഭനോടു പ്രാര്‍ഥിച്ചു. ആലപ്പുഴയിലെ ഇരുമ്പുപാലവും പുനലൂരിലെ തൂക്കുപാലവും അപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നുപോയി.തലസ്ഥാനത്തു വന്നിട്ട്‌ മരപ്പാലത്തിലൂടെയൊക്കെ ഞാന്‍ പോയി എന്നു നാട്ടില്‍ പോയി പറഞ്ഞാല്‍ എന്തു മോശമാണ്‌. അതുകൊണ്ട്‌ മരപ്പാലത്തില്‍ കൂടി നടക്കുക എന്ന ബുദ്ധിമോശം കാട്ടാതെ ഞാന്‍ തിരിച്ചു നടന്നു.

തിരിച്ചു PSC ആപ്പീസിലെത്തുമ്പോഴും അവിടെ സമയം ആയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട്‌ ഞാന്‍ മുന്നില്‍ കണ്ട വഴിയിലൂടെ നടന്നു.കഷ്ടം, ഞാന്‍ എത്തിപ്പെട്ടത്‌ പൊട്ടക്കുഴിയിലായിരുന്നു. "തലസ്ഥാനത്തും പൊട്ടക്കുഴിയോ? ഞാന്‍ അത്ഭുതപ്പെട്ടു.തിരുവനന്തപുരത്തുകാരുടെ കഷ്ടാവസ്ഥയില്‍ എനിക്കു വല്ലാത്ത നിരാശ തോന്നി. ഈ പൊട്ടക്കുഴിയൊന്നും മാറ്റിക്കൊടുക്കാത്ത ജനകീയസര്‍ക്കാരിനെക്കുറിച്ച്‌ എനിക്കു പുച്ഛം തോന്നി.സംശയം തിര്‍ക്കാനയി അടുത്തു കണ്ട ഒരു ചായപ്പീടികയില്‍ കയറി ഞാന്‍ ചോദിച്ചു.
"ഇതു പൊട്ടക്കുഴിയാണോ?"
അതെ എന്ന ചായക്കാരന്റെ മറുപടി എന്നെ തൃപ്തിപ്പെടുത്തിയില്ല. അതുകൊണ്ട്‌ ഞാന്‍ ഒരു വഴിപോക്കനോടും ചോദ്യം ആവര്‍ത്തിച്ചു. അതെ എന്നു അയാളും തലയാട്ടി. "ആട്ടെ, നിങ്ങള്‍ക്കെങ്ങോട്ടാ പോകേണ്ടത്‌? "
അയാള്‍ എന്നോടു ചോദിച്ചു. ഉടനെ എനിക്കു മറുപടിയൊന്നും വന്നില്ല. പക്ഷേ മുന്നില്‍ നോക്കിയപ്പോള്‍ ഒരു ആശുപത്രിയിലേയ്ക്കുള്ള സൈന്‍ബോര്‍ഡ്‌ എന്റെ കണ്ണില്‍ പെട്ടു.
ഞാന്‍ ഉടനെ പറഞ്ഞു. "ആശുപത്രിയിലേക്കാണ്‌." "
എങ്കില്‍ വലത്തോട്ടു തിരിഞ്ഞു പൊയ്ക്കോളൂ, ആസ്പത്രി മുറിഞ്ഞപാലത്തിനടുത്താണ്‌."
ഇതു കേട്ടപ്പോള്‍ ഞാന്‍ വീണ്ടും അന്തം വിട്ടു.
ഈശ്വരാ, ഈ മുറിഞ്ഞ പാലം നന്നാക്കാന്‍ പോലും ഈ സര്‍ക്കാറിനാവില്ലേ? എന്നു എന്റെ മനസ്സാക്ഷി എന്നോടു ചോദിച്ചു. ഏതായാലും ഞാന്‍ മുന്നോട്ടു നടന്നു.
ഞാന്‍ മുന്നോട്ടു നടക്കവേ റോഡിന്റെ ഇരുവശങ്ങളിലുമായി രണ്ട്‌ വലിയ വീടുകള്‍ ഞാന്‍ ശ്രദ്ധിച്ചു. പരസ്പരം മത്സരിച്ചു നിര്‍മ്മിച്ചതുപോലെയുണ്ട്‌ കാണാന്‍.
ഭംഗിയുള്ള വീടുകള്‍.
ഒന്നിന്റെ ഗെയ്റ്റില്‍ "അമ്പടീ" എന്ന് ഇംഗ്ലിഷില്‍ എഴുതി വച്ചിട്ടുണ്ട്‌. മറ്റേ വീടിന്റെ ഗെയ്റ്റില്‍ ഇംഗ്ലിഷില്‍ എഴുതിവച്ചത്‌ "ആരടീ" എന്നാണ്‌. അതല്ലെങ്കിലും ഒരാള്‍ അമ്പടീ എന്നു പറയുമ്പോള്‍ മറ്റേയാള്‍ ആരടീ എന്നു തന്നെ പറയുന്നതാണതിന്റെയൊരു ശരി.
ഞാന്‍ മുന്നോട്ടു തന്നെ നടന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ ആശുപത്രിയും പിന്നെ ഒരു പാലവും എന്റെ കണ്ണില്‍ പെട്ടു. പാലം മുറിഞ്ഞതാണോ എന്നൊന്നും നോക്കാന്‍ ഞാന്‍ അവിടെ നിന്നില്ല. അത്ര മോശമായിരുന്നു പാലത്തിനടിയിലെ വെള്ളം. നഗരത്തിലെ എല്ലാ അഴുക്കും പേറി മലിനമായ ആ ജലം നോക്കിനില്‍ക്കാന്‍ എനിക്കാവുമായിരുന്നില്ല. ഞാന്‍ വേഗം തിരിച്ചു നടന്നു.

വീണ്ടും PSC ആപ്പീസിലെത്തുമ്പോള്‍ സന്ദര്‍ശകര്‍ ആപ്പീസിലേയ്ക്കു പ്രവേശിക്കുകയായിരുന്നു. ഞാനും അവരിലൊരാളായി അതിനകത്തു കടന്നു. എനിക്കവിടെ അധിക സമയമൊന്നും നില്‍ക്കേണ്ടി വന്നില്ല. സര്‍ക്കാര്‍ കാര്യമല്ലേ, എന്തു ചെയ്യാം? എന്റെ കാര്യം ഒരു ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കുകയാണ്‌. അതിപ്പോഴൊന്നും ശരിയാവുന്ന മട്ടില്ല.

"ചുവപ്പു നാട" ആരിട്ട പേരാണാവോ ഇത്‌? ഇംഗ്ലീഷില്‍ വേണമെങ്കില്‍ റെഡ്‌ റിബ്ബണ്‍ എന്നും പറയാം.

ചുവപ്പുനാടയുടെ കാര്യം പറഞ്ഞപ്പോഴാണ്‌ റെഡ്‌ റിബണ്‍ എക്സ്പ്രസ്സിന്റെ കാര്യം ഓര്‍ത്തത്‌. ആദ്യം ഞാന്‍ കരുതിയത്‌ ഡറാഡൂണ്‍ എക്സ്പ്രസ്സ്‌ പോലെ ഒരു യാത്രാ വണ്ടിയാണ്‌ അത്‌ എന്നാണ്‌. പിന്നീട്‌ എനിക്കു അങ്ങനെ ചിന്തിച്ചതിന്റെ ബുദ്ധിമോശം മനസ്സിലായി. ചുവപ്പു നാടയുടെ ദൂഷ്യഫലങ്ങള്‍ ജനങ്ങളെ അറിയിക്കാനുള്ള ഗവണ്മെന്റിന്റെ സദുദ്യമമായിരിക്കും അതെന്നു ഞാന്‍ ചിന്തിച്ചു. ജനങ്ങളെയല്ല മറിച്ചു ഉദ്യോഗസ്ഥന്മാരേയാണ്‌ ചുവപ്പുനാടയുടെ ദൂഷ്യഫലങ്ങള്‍ ബോധ്യപ്പെടുത്തേണ്ടത്‌ എന്നു ഞാന്‍ മനസ്സില്‍ കരുതി. ചുവപ്പുനാടയുടെ കുരുക്കില്‍ പെട്ട്‌ എത്ര പാവങ്ങള്‍ ബുദ്ധിമുട്ടിയിട്ടുണ്ട്‌. ഉദ്യോഗസ്ഥന്മാരും ചുവപ്പുനാടയും ചേര്‍ന്ന് എത്ര പാവങ്ങളുടെ ഉദ്യോഗം വൈകിച്ചിരിക്കുന്നു. എത്ര പാവങ്ങളുടെ പെന്‍ഷന്‍ വൈകിച്ചിരിക്കുന്നു. എന്തായാലും ചുവപ്പുനാടയ്ക്കെതിരെ തീവണ്ടിയുപയോഗിച്ച്‌ യുദ്ധം ചെയ്യാനുള്ള ഗവണ്മെന്റിന്റെ ശ്രമം എനിയ്ക്കിഷ്ടമായി.

ചുവപ്പുനാടയില്‍ കുടുങ്ങി നീതി നിഷേധിക്കപ്പെട്ട നിരവധി അനുഭവങ്ങളുമുണ്ടല്ലോ എന്നു ഞാന്‍ ഓര്‍ത്തു. justice delayed is justice denied എന്ന ഒരു ചൊല്ലു തന്നെയുണ്ടല്ലൊ. ഈ justiceമാരൊക്കെ എന്തിനാണാവോ ഇങ്ങനെ delay ആവുന്നത്‌(വൈകുന്നത്‌)? സ്വന്തമായി യാത്ര ചെയ്യാന്‍ വാഹനം കൊടുത്താലും വൈകുകയാണെങ്കില്‍ നമ്മള്‍ പൊതുജനങ്ങള്‍ക്ക്‌ എന്തു ചെയ്യാനൊക്കും?

PSC ആപ്പീസില്‍ നിന്നിറങ്ങുമ്പോള്‍ സെല്‍ ശബ്ദിച്ചു. നാട്ടില്‍ നിന്നു സുരേന്ദ്രനാണ്‌. ഞാന്‍ തിരുവനന്തപുരത്ത്‌ വന്ന കാര്യം അയാള്‍ അറിഞ്ഞു കാണും, വല്ലതും വാങ്ങാനേല്‍പ്പിക്കാനാവും. അതാണിപ്പോള്‍ വിളിക്കുന്നത്‌.

ഞാന്‍ സെല്ലെടുത്ത്‌ കോള്‍ അറ്റെന്‍ഡ്‌ ചെയ്തു. സമാധാനം, സാധനങ്ങളൊന്നും വാങ്ങേണ്ടതില്ല. അയാളുടെ ഒരു ബന്ധു ഇവിടെയുണ്ടത്രെ. ഞാന്‍ മടങ്ങുന്നതിനു മുമ്പ്‌ അയാളെ ഒന്നു കാണണം, അത്രയേ ഉള്ളൂ സുരേന്ദ്രന്റെ ഡിമാന്റ്‌. ഞാന്‍ സമ്മതിച്ചു. സ്റ്റാച്യൂവിന്റെ അടുത്തുള്ള പഞ്ചാബ്‌ നാഷണല്‍ ബാങ്കിലാണത്രെ അയാള്‍ക്കു ജോലി. അവിടെ പോയി അയാളെ ഒന്നു കാണണം, അത്ര തന്നെ.

ഞാന്‍ നേരെ പട്ടം ബസ്‌സ്റ്റോപ്പിലേയ്ക്കു നടന്നു. ബസ്സൊക്കെ ഞാന്‍ PSC ഓഫീസില്‍ നിന്നു മനസ്സിലാക്കിയിരുന്നു. ബസ്സില്‍ വലിയ തിരക്കുണ്ടായിരുന്നില്ല. ബസ്സിന്റെ മുന്നില്‍ ഡ്രൈവറുടെ അടുത്തായി ഞാന്‍ ഇരുന്നു. മുന്നോട്ടു നോക്കിയാല്‍ എല്ലാം കാണാം. ദൂരെ സ്റ്റാച്യൂ കണ്ടപ്പോള്‍ ഞാന്‍ ഇറങ്ങി. 'PMG, PMG' എന്നോ മറ്റോ കണ്‍ഡക്ടര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഞാന്‍ നേരേ സ്റ്റാച്യുവിന്റെ അടുത്തേയ്ക്ക്‌ നടന്നു. നേതാജിയുടേതാണ്‌ പ്രതിമ. പ്രതിമ കൊള്ളാം. നല്ല വലിപ്പമുണ്ട്‌. ഞാന്‍ ചുറ്റും നോക്കി. അടുത്തായി മസ്കറ്റ്‌ ഹോട്ടല്‍ കണ്ടു. ഞാന്‍ അങ്ങോട്ടു കയറി. പാറാവുകാരന്‍ അവിടെ നില്‍പ്പുണ്ടായിരുന്നു.

'ഈ പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ എവിടെയാണ്‌?" ഞാന്‍ ചോദിച്ചു.
"ഇവിടെയുള്ളത്‌ സെഞ്ചൂറിയന്‍ ബാങ്കാണല്ലോ" അയാള്‍ പ്രതിവചിച്ചു.
"അല്ല, പഞ്ചാബ്‌ നാഷണല്‍ ബാങ്കാണ്‌. " ഞാന്‍ വീണ്ടും പറഞ്ഞു. സ്റ്റാച്യുവിന്റെ അടുത്താണ്‌. ഞാന്‍ സ്റ്റാച്യുവിന്റെ നേരെ നോക്കി പറഞ്ഞു.

"എങ്കില്‍ നിങ്ങള്‍ക്കു തെറ്റി. ഇത്‌ PMGയാണ്‌. സ്റ്റാച്യൂ ഒരു സ്ഥലമാണ്‌. നിങ്ങള്‍ക്ക്‌ പോകേണ്ടത്‌ സെക്രറ്റേറിയറ്റിനു മുന്നിലാണ്‌. " അയാള്‍ വ്യക്തമാക്കി.
ഞങ്ങള്‍ കാര്യങ്ങള്‍ സംസാരിച്ചു. എനിക്കുപറ്റിയ തെറ്റെനിക്കു മനസ്സിലായി.

എനിക്ക്‌ തിരുവനന്തപുരത്ത്‌ ധാരാളം സമയമുണ്ടായിരുന്നു. വൈകീട്ട്‌ മാവേലിയ്ക്കേ ഞാന്‍ മടങ്ങൂ. അതുകൊണ്ട്‌ നടന്നുതന്നെ സ്റ്റാച്യുവിലെ പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ പോകാന്‍ ഞാന്‍ തീരുമാനിച്ചു. പുതിയ നിയമസഭാമന്ദിരത്തിനുമുന്നിലൂടെ നടന്ന എനിക്കു EMSന്റെ പ്രതിമയും കാണുമാറായി. പിന്നീട്‌ ഒരു ഓവര്‍ബ്രിഡ്‌ജും. ഞാന്‍ ഓവര്‍ബ്രിഡ്ജിലൂടെ നടന്ന് രക്തസാക്ഷി മണ്ഡപത്തിനടുത്തെത്തി. അവിടെയും ഒരു ഓവര്‍ബ്രിഡ്ജ്‌ ഞാന്‍ കണ്ടു. രണ്ട്‌ ഓവര്‍ബ്രിഡ്‌ജും അടുത്തു തന്നെ. വീണ്ടും ഞാന്‍ നടന്നു. പിന്നീട്‌ കണ്ടത്‌ പട്ടം താണു പിള്ളയുടെ പ്രതിമയാണ്‌. അവസാനം ഞാന്‍ സെക്രറ്റേറിയറ്റിന്റെ മുന്നിലെത്തി. അതിന്റെ മുന്നില്‍ റോഡില്‍ ഒരു സ്റ്റാച്യു കണ്ടു. ഞാന്‍ അതു വായിച്ചു നോക്കി. ഓ, ഇത്‌ സര്‍ ടി. മാധവറാവുവിന്റെതാണ്‌.

ഞാന്‍ കണ്ട പ്രതിമകളില്‍ ഏറ്റവും ചെറുത്‌ ഈ മാധവറാവു പ്രതിമയായിരുന്നു. ചെറിയ പ്രതിമ നില്‍ക്കുന്ന സ്ഥലമായതു കൊണ്ടാവാം ഈ സ്ഥലത്തിനു സ്റ്റാച്യു എന്ന പേര്‍ വന്നതെന്ന് ഞാന്‍ ഒരു യുക്തി കണ്ടെത്തി. ഒടുവില്‍ ഞാന്‍ പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ ചെന്നപ്പോള്‍ ആണ്‌ അറിയുന്നത്‌ എനിക്കു കാണേണ്ട ആള്‍ ഇവിടെ നിന്നും ബാങ്കിന്റെ ഓവര്‍ബ്രിഡ്ജ്‌ ശാഖയിലേയ്ക്ക്‌ ട്രാന്‍സ്ഫര്‍ ആണെന്ന്. ഞാന്‍ നേരെ ഓവര്‍ബ്രിഡ്ജിലേയ്ക്ക്‌ നടന്നു. രക്തസാക്ഷി മണ്ഡപത്തിനടുത്തെത്തിയപ്പോള്‍ ഞാന്‍ ഒന്നു നിന്നു. ഇനി ഏതു ഓവര്‍ബ്രിഡ്ജാണാവോ? ഞാന്‍ മുന്നില്‍ കണ്ട ഒരാളോട്‌ വിവരം തിരക്കി. അയാള്‍ ദൂരെ സിന്‍ഡിക്കേറ്റ്‌ ബാങ്ക്‌ കാണിച്ചു തന്നു.
ഞാന്‍ വീണ്ടും പറഞ്ഞു, "ഇതല്ലാ, ഓവര്‍ബ്രിഡ്ജിനടുത്തെ പഞ്ചാബ്‌ നാഷണല്‍ ബാങ്കാണ്‌."
എങ്കില്‍ നിങ്ങള്‍ക്കു തെറ്റി. അയാള്‍ പറഞ്ഞു. ഇത്‌ പാളയമാണ്‌.
പക്ഷേ ഞാന്‍ അയാള്‍ക്ക്‌ ഓവര്‍ബ്രിഡ്‌ജ്‌ കാണിച്ചുകൊടുത്തു.
"ഇത്‌ ഓവര്‍ബ്രിഡ്‌ജല്ല. അണ്ടര്‍പാസ്സാണ്‌. ഓവര്‍ബ്രിഡ്ജിലെ ഓവര്‍ബ്രിഡ്ജ്‌ ആണ്‌ ശരിയായ ഓവര്‍ബ്രിഡ്ജ്‌" അയാള്‍ പറഞ്ഞു.

എനിക്കൊന്നും മനസ്സിലായില്ല. പക്ഷേ അയാളുടെ ആ പ്രയോഗം എനിക്കിഷ്ടപ്പെട്ടു. ഒരു വാചകത്തില്‍ മൂന്നു തവണയാണ്‌ ഒരേ വാക്ക്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഒരേ അക്ഷരങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതിനെ അനുപ്രാസമെന്നു പഠിച്ചിട്ടുണ്ട്‌. ഇതു അക്ഷരങ്ങളല്ല, വാക്കുകളാണ്‌. അപ്പോള്‍ ഈ പ്രയോഗത്തിനെ അനന്യാനുപ്രാസം എന്നു തന്നെ പറയണം. ഞാന്‍ മനസ്സില്‍ കരുതി.

ഞാന്‍ വീണ്ടും അയാളോട്‌ സംസാരിച്ചു. "ഓവര്‍ബ്രിഡ്ജ്‌ ഒരു സ്ഥലമാണ്‌. നിങ്ങള്‍ക്ക്‌ പോകേണ്ടത്‌ തമ്പാനൂരിനു സമീപത്താണ്‌." അയാള്‍ വ്യക്തമാക്കി. ഇനി മറ്റൊരു ഓവര്‍ബ്രിഡ്ജ്‌ കൂടിയുണ്ട്‌. അതു തൈക്കാടാണ്‌. അതിനെ ഞങ്ങള്‍ ഫ്ലൈ ഓവര്‍ എന്നാണ്‌ പറയുക. അയാള്‍ കൂട്ടിച്ചേര്‍ത്തു.

തൈക്കാട്‌ എന്നു കേട്ടപ്പോള്‍ എനിക്ക്‌ തിരുവിതാംകൂറുകാരന്റെയും മലബാറുകാരന്റെയും ഇംഗ്ലീഷാണ്‌ ഓര്‍മ്മ വന്നത്‌. ആദ്യത്തെയാള്‍ തൈക്കാടിന്‌ THAICAUD എന്നെഴുതുമ്പോള്‍ രണ്ടാമത്തെയാള്‍ THAIKKAD എന്നാണ്‌ എഴുതുക. രണ്ടാമന്‍ പാലക്കാടിന്‌ PALAKKAD എന്നെഴുതുമ്പോള്‍ ഒന്നാമന്‍ PALACAUD എന്നെഴുതും. നോക്കണേ ഓരോ സ്പെല്ലിങ്ങുകള്‍.

സ്റ്റാച്യു എന്നത്‌ സ്ഥലപ്പേരാണെങ്കില്‍ ഓവര്‍ബ്രിഡ്ജ്‌ എന്നതും സ്ഥലപ്പേരാകുന്നതിലെ യുക്തി എനിക്കു പിടി കിട്ടി. ഞാന്‍ വേഗം തമ്പാനൂരിലേയ്ക്കു വച്ചു പിടിച്ചു.

കൃഷ്ണന്‍കുട്ടീ, ഈ ഇന്‍ലന്റിലെ സ്ഥലം തീര്‍ന്നതു കാണുന്നില്ലേ? ബാക്കിഭാഗം ഞാന്‍ അടുത്ത എഴുത്തില്‍ എഴുതാം.
സ്നേഹപൂര്‍വം
രാമന്‍കുട്ടി

1 അഭിപ്രായം:

My random thoughts പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.