അതിരാവിലെ ഇറങ്ങിയതാണ് കുറവന്‍. മണിക്കൂറുകള്‍ പലതു കഴിഞ്ഞിരിക്കുന്നു. നാഴികകളും.
മെയ്‌മാസസൂര്യന്റെ കിരണങ്ങള്‍ കുറവന്റെ മേനിയില്‍ തീ കോരിയിട്ടു. ഭയങ്കര ഉഷ്ണം. അസഹ്യമായ ദാഹം. വിശപ്പും സഹിക്കാനാവുന്നില്ല. തന്റെ തോര്‍ത്തെടുത്ത് കുറവന്‍ തലയിലിട്ടു.
പണ്ടായിരുന്നെങ്കില്‍ ഇങ്ങനെയാകുമായിരുന്നില്ല. വഴിയമ്പലങ്ങള്‍ അങ്ങിങ്ങുണ്ടായിരുന്നു. പാതയോരത്തുള്ള കുളങ്ങളില്‍ മുഖം കഴുകാമായിരുന്നു. അങ്ങിങ്ങു കിണറുകള്‍ കാണുമായിരുന്നു. (അവിടെ പാളയും കയറും കാണുമായിരുന്നു.) തെളിനീരുള്ള ചെറിയ പുഴകള്‍ കാണുമായിരുന്നു. വലിയ വലിയ മരച്ചുവടുകളിരുന്നു കാലിന്റെ ക്ഷീണം മാറ്റാമായിരുന്നു.
കുറവന്‍ നടക്കുകയാണ്. രാവിലെ പേരിനു മാത്രം കഞ്ഞി കുടിച്ചിറങ്ങിയതാണ്. ഈപ്പോള്‍ ഒരു നാടന്‍ ചായപ്പീടിക പോലും കാണുന്നില്ല.
കുറത്തിയുടെ അമ്മയ്ക്ക് ദീനം കൂടുതലാണ്.അവര്‍ക്കു വേണ്ട മരുന്നുപൊടിയും കഷായവും അവിടെ എത്തിക്കുകയാണു തന്റെ യാത്രയുടെ ലക്ഷ്യം. മനുഷ്യന്റെ അവസ്ഥകളെയ്. എങ്ങനെ ഇരുന്ന അമ്മായിയമ്മയാണ്. ഇപ്പോള്‍ എല്ലും തോലുമായിരിക്കുന്നു. അവര്‍ക്കു ചെറുപ്പത്തില്‍ തന്നോടു വലിയ സ്നേഹമായിരുന്നു എന്നു കുറവന്‍ ഓര്‍ത്തു.
കാതങ്ങള്‍ ഇനിയും താണ്ടാനുണ്ടെന്ന ചിന്ത കുറവനെ തളര്‍ത്തി. എവിടെനിന്നെങ്കിലും കുറച്ചു ഭക്ഷണം കിട്ടിയിരുന്നെങ്കില്‍ എന്ന് കുറവന്‍ ആശിച്ചു. പക്ഷേ ഏതെങ്കിലും വീട്ടില്‍ കയറി ഭക്ഷണം ചോദിക്കാന്‍ കുറവനെ അവന്റെ അഭിമാനം സമ്മതിച്ചില്ല.
വഴിയോരത്തെ വീട്ടില്‍ ഒരു ആരവം കുറവന്‍ ശ്രദ്ധിച്ചു. ധാരാളം ആളുകള്‍ കൂടിയിരിക്കുന്നത് കുറവന്‍ കണ്ടു. കല്യാണമാണെന്നു തോന്നുന്നു. വീടും തൊടിയും ഭംഗിയായി അലങ്കരിച്ചിട്ടുണ്ട്. ആളുകള്‍ പുറത്തേക്ക് പോകുകയാണ്. പെണ്ണുങ്ങളും കുട്ടികളും അക്കൂട്ടത്തിലുണ്ട്.
അതേ, കല്യാണം കഴിഞ്ഞിരിക്കുന്നു.
സദ്യയും.
ദേഹണ്ഡക്കാര്‍ പന്തല്‍ വൃത്തിയാക്കുന്ന തിരക്കാണ്. മുറ്റത്ത് വലിയ വട്ടച്ചെമ്പുകളും ഉരുളിയും മറ്റും കാണുന്നുണ്ട്.പായസത്തിന്റേയും പപ്പടത്തിന്റേയും മണം കുറവനനുഭവപ്പെട്ടു. അടുപ്പില്‍ നിന്നാണെന്നു തോന്നുന്നു, തീയുടെ പുക കുറേശ്ശെ ഉയരുന്നുണ്ട്. അടുത്ത് തന്നെ പഴക്കുലകള്‍ കെട്ടിത്തൂക്കിയിട്ടുണ്ട്. ചില കുലകള്‍ കാലിയാണ്. പക്ഷേ ചിലതില്‍ ഇപ്പോഴും പഴങ്ങളുണ്ട്.
കുറവന്റെ മനസ്സൊന്നു കുളിര്‍ത്തു. ചിന്തയില്‍ ഒരു നേരിയ പ്രതീക്ഷ നാമ്പിട്ടു. മുണ്ടിന്റെ കോന്തലയില്‍ ചുരുട്ടിവച്ചിരുന്ന Beediക്കുറ്റി കുറവന്‍ പതുക്കെ പുറത്തെടുത്തു.
എന്തെങ്കിലും തിന്നാന്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ കുറവന്‍ അങ്ങോട്ട് നടന്നു.
തുറന്നു കിടക്കുന്ന ഗേറ്റില്‍ വഴിമുടക്കികളായി രണ്ടുമൂന്നാളുകള്‍ നില്‍പ്പുണ്ട്. കുറവന്‍ ഒന്നു ചുമച്ചു.
അവര്‍ വഴി മാറിക്കൊടുത്തു.
കുറവന്‍ നേരേ അടുപ്പിനടുത്തേക്കു നടന്നു. Beediക്കുറ്റി മറ്റുള്ളവര്‍ കാണത്തക്കവണ്ണം കൈ നീര്‍ത്തിപ്പിടിച്ചു കൊണ്ടു അവരിലൊരാളോട് കുറവന്‍ ചോദിച്ചു.
"ഇത്തിരി തീ തരുമോ?"
വിശപ്പുണ്ടെന്നോ എന്തെങ്കിലും തിന്നാന്‍ വേണമെന്നോ പറയാന്‍ കുറവന്റെ നാവു പൊന്തിയില്ല. രണ്ടു പഴമെങ്കിലും കിട്ടാതിരിക്കില്ല എന്ന് അവന്റെ മനസ്സു പറഞ്ഞുകൊണ്ടിരുന്നു.
ജോലിക്കാരിലൊരുവന്‍ ഒരു തീക്കൊള്ളിയെടുത്തു കുറവനു കൊടുത്തു. അവിടെ മറ്റൊന്നും സംഭവിക്കുന്ന മട്ട് കുറവന്‍ കണ്ടില്ല.
കുറവനു വന്ന നിരാശയ്ക്ക് അതിരില്ലായിരുന്നു.
കുറവന്‍ പൊട്ടിത്തെറിച്ചു. "ഇത്തിരി തീയെന്നാല്‍ രണ്ട് പഴമെന്നാക്കരുതോ?"
കുറവന്‍ പിന്നീടവിടെ നിന്നില്ല. വെയിലിനെ പഴിച്ചുകൊണ്ട് അയാള്‍ വേച്ച് വേച്ച് നടന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ