പേരാമ്പ്ര റോഡില്‍ നിന്നു പയംകുറ്റിമലയിലേയ്ക്കുള്ള ചെമ്മണ്ണു റോഡ് കുറേ കഴിയുമ്പോള്‍ രണ്ടായിത്തിരിയുകയാണ്. മേലോട്ടു കയറിയാല്‍ പയംകുറ്റിമല. മറ്റേ വഴി ലോകനാര്‍കാവിലേയ്ക്കുള്ളതാണ്. പയംകുറ്റിമലയിറങ്ങുമ്പോള്‍ ഈ സ്ഥലത്തുവച്ചു ഞാനെന്റെ യാത്രയുടെ ദിശ മാറ്റി ലോകനാര്‍കാവിലേയ്ക്കു നടന്നു. അതും ഒരു ഇറക്കമാണ്. കൂടിയാല്‍ അഞ്ചു മിനിറ്റ്, അത്രയേ ഞാന്‍ നടന്നു കാണൂ. അപ്പോഴേയ്ക്കും ഞാന്‍ ഇറങ്ങിയെത്തിയത് ലോകനാര്‍കാവിലമ്മയുടെ തിരുമുറ്റത്താണ്. മലയിറങ്ങുമ്പോള്‍ മുന്നോട്ടു മാത്രം നോക്കി നടന്നാല്‍ താഴെ ആദ്യം കാണുക ലോകനാര്‍കാവ് ക്ഷേത്രവും അതിന്റെ കൊടിമരവും ആയിരിക്കും.
ക്ഷേത്രസവിധത്തിലെത്തുമ്പോള്‍ ഞാനാകെ വിയര്‍ത്തുകുളിച്ചിരുന്നു. ഉച്ചയ്ക്ക് ഞാന്‍ ഊണു കഴിച്ചിരുന്നില്ല. അടുത്തുകണ്ട ഒരു പീടികയില്‍നിന്ന് ഒരു നേന്ത്രപ്പഴം വാങ്ങിക്കഴിച്ചു. നാലു രൂപ. വടകര ഠൗണിലാണെങ്കില്‍ ഇതിനു അഞ്ചുരൂപ കൊടുക്കണം. ദാഹിക്കുന്നുണ്ടായിരുന്നെങ്കിലും എന്റെ രുചിക്കൊത്ത ഒന്നും ഞാനവിടെ കണ്ടില്ലെന്നതുകൊണ്ട് ഞാനൊന്നും കുടിച്ചില്ല.
ക്ഷേത്രം അടഞ്ഞു തന്നെ കിടന്നു. അഞ്ചുമണിയ്ക്കേ അതു തുറക്കൂ. ക്ഷേത്രപരിസരം വിജനമാണ്.
"അമ്പലമല്ലാതെ എന്താണിവിടെ കാണാനുള്ളത്?" ഞാന്‍ കടകാരനോട് ചോദിച്ചു.
മറുപടി പതിവുള്ളതായിരുന്നു. "ഒന്നുമില്ല."
ഞാന്‍ പതുക്കെ ക്ഷേത്രത്തിനടുത്തേക്കു നടന്നു. ദേവിയ്ക്കു പുറമേ ശിവനും വിഷ്ണുവും ഇവിടെ ആരാധനാമൂര്‍ത്തികളാണ്. കുറച്ചപ്പുറം കുളമാണ്.
ക്ഷേത്രനടയില്‍ ഒരു വൃദ്ധന്‍ ഇരുന്നിരുന്നു. ഞാന്‍ അയാളോട് സംസാരിച്ചു. തുടര്‍ന്ന് എന്റെ പതിവു ചോദ്യവും.
ഒതേനന്‍ കുളിച്ചിരുന്ന ചിറ കുറച്ചകലെയുണ്ടെന്ന് അയാള്‍ പറഞ്ഞു. ചോദിച്ചുചോദിച്ചു ഞാന്‍ അവിടെയെത്തി. അതിപുരാതനവും അതിവിശാലവുമായ വലിയൊരു ചിറ. ചെങ്കല്ലുകൊണ്ട് ഭംഗിയായി പടുത്ത കുളിപ്പടവുകളു ആള്‍മറകളും. ഒതേനന്‍ മത്രമല്ല കാവിലമ്മയും നീരാടിയിരുന്നത് ഇവിടെയാണ്. (ഇപ്പോഴെങ്ങനെയാണാവോ?)
സ്ത്രീകള്‍ ഒരു കടവില്‍ കുളിക്കുന്നുണ്ട്. വെള്ളം അത്ര മെച്ചമെന്നു പറഞ്ഞുകൂടാ. ചിറയിലേയ്ക്കൊന്നെത്തിനോക്കി ഞാന്‍ തിരിച്ചു നടന്നു. ക്ഷേത്രത്തില്‍ നിന്നു നോക്കിയാല്‍ ഈ ചിറ കാണില്ല. രണ്ടിന്റെയും ഇടയില്‍ വീടുകള്‍ അനവധിയാണ്.
ചിറയില്‍ നിന്നു തിരിച്ചു വരുമ്പോള്‍ ക്ഷേത്രത്തിന്റെ പുറകില്‍ ദേവസ്വത്തിന്റെ എക്സിക്യൂട്ടീവ് ആപ്പീസ് കണ്ടു. ഞാന്‍ അങ്ങോട്ടു കയറി. അവരോടാകുമ്പോള്‍ സംഭാഷണങ്ങള്‍ക്കു പ്രസക്തിയുണ്ട്. ഓഫീസില്‍ രണ്ട് പേര്‍ ഇരിപ്പുണ്ട്. ഒരാള്‍ എക്സിക്യൂട്ടീവ് ആപ്പീസറാണെന്നു തോന്നുന്നു. കുശലപ്രശ്നങ്ങള്‍ക്കുശേഷം അവരെനിക്കു കുടിയ്ക്കാന്‍ വെള്ളം തന്നു. ക്ഷേത്രസംബന്ധിയായ ഒരു പുസ്തകം ഞാനവിടെനിന്നു വാങ്ങി.
"ക്ഷേത്രത്തിനടുത്ത് പാറയില്‍ തീര്‍ത്ത ഗുഹകളുണ്ടെന്നു കേട്ടിട്ടുണ്ടല്ലോ?" ഞാന്‍ അവരോടു പറഞ്ഞു.
അതെല്ലാം സ്വകാര്യവ്യക്തികളുടെ കൈവശത്തിലാണെന്നും കാണാനുള്ള സൗകര്യങ്ങളൊന്നുമില്ലെന്നും അവരില്‍ നിന്നെനിയ്ക്കു മനസ്സിലായി.
ഞാന്‍ വീണ്ടും നേരത്തെ പറഞ്ഞ വൃദ്ധന്റെ അടുത്തെത്തി. അയാള്‍ക്ക് ഒതേനനെക്കുറിച്ചു കുറച്ചൊക്കെ അറിയാം. ഒതേനന്റെ നെറ്റിയില്‍ വെടിവച്ചകാര്യമൊക്കെ അയാള്‍ പറഞ്ഞു. ക്ഷേത്രത്തെക്കുറിച്ചും ക്ഷേത്രോത്‌പത്തിയെക്കുറിച്ചും അയാള്‍ പറഞ്ഞു. TATAമാരൊക്കെ അവിടെ വരാറുണ്ടെന്നും അവര്‍ അവിടുത്തെ ശ്രികോവില്‍ സ്വര്‍ണ്ണം പൂശിക്കൊടുത്തിട്ടുണ്ടെന്നുമൊക്കെ അയാള്‍ പറഞ്ഞു. ശരിയാണോ എന്തോ? അയാള്‍ പറഞ്ഞതെല്ലാം വിശ്വസിക്കാനെനിക്കു തോന്നിയില്ല. അകത്തു കയറിനോക്കാമെന്നു വച്ചാല്‍ ക്ഷേത്രം തുറന്നിട്ടുമില്ല. എന്റെ രണ്ടാമത്തെ ഈ വരവിലും ക്ഷേത്രത്തിനകത്തു കയറാന്‍ പറ്റാത്തതില്‍ എനിക്കു നിരാശ തോന്നി. അമ്മേ, ശരണം!
വൃദ്ധനാവശ്യപ്പെട്ട ചെറിയൊരു സംഭാവന അയാള്‍ക്കു നല്‍കിയശേഷം അയാള്‍ പറഞ്ഞ വഴിയിലൂടെ ഞാന്‍ പതുക്കെ ബസ്‌സ്റ്റോപ്പിലേയ്ക്ക് നടന്നു.
1 അഭിപ്രായം:
വടകരയെക്കുറിച്ച് ഇത്ര താല്പര്യോ? നന്നായി, എസ്. കെ യുടെ ശൈലി ഓറ്മ വരുന്നു. തുടരുക
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ