2008, ജൂൺ 24, ചൊവ്വാഴ്ച

എന്റെ വടകര യാത്രകള്‍ - V

ഞാന്‍ വടകര പഴയ ബസ്‌സ്റ്റാന്റിലേയ്ക്ക്‌ നടന്നു.
അതിന്നടുത്താണ്‌ ടിപ്പുസുല്‍ത്താന്റെ കോട്ടാവശിഷ്ടങ്ങള്‍ എന്നാണ്‌ പറഞ്ഞുകേട്ടത്‌.
കോട്ട നിന്നിരുന്ന സ്ഥലം ഇപ്പോള്‍ കോട്ടപ്പറമ്പ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌.

ചന്തയും ബസ്‌സ്റ്റോപ്പും പീടികകളുമായി എപ്പോഴും തിരക്കുള്ള പ്രദേശം. പണ്ടൊക്കെ വടകര പഴയ ബസ്റ്റാന്റില്‍ നിന്നാല്‍ കടലും കടലില്‍ ദൂരെ വെള്ളിയാങ്കല്ലും കാണുമായിരുന്നത്രെ. ഇപ്പോള്‍ ചെറുതും വലുതുമായ കെട്ടിടങ്ങള്‍ ഈ കാഴ്ച അസാദ്ധ്യമാക്കിയിരിക്കുന്നു.

കോട്ടപ്പറമ്പില്‍ ഇപ്പോള്‍ പ്രധാനമായുള്ളത്‌ ജയഭാരത്‌ സിനിമാതിയേറ്ററാണ്‌. ഞാന്‍ അങ്ങോട്ട്‌ കയറി. ഉച്ചയ്ക്കുള്ള കളി നടക്കുകയാണ്‌. 'വണ്‍വേ ടിക്കറ്റ്‌' ആണ്‌ സിനിമ. ഞാന്‍ ചുറ്റും കണ്ണോടിച്ചു. പൃഥീരാജും ഭാമയും മറ്റും ഉള്ള വാള്‍പോസ്റ്റര്‍ അവിടെ കണ്ടു. അല്ലാതെ അവിടെ കോട്ടയുടെ സാന്നിദ്ധ്യമൊന്നും എനിയ്ക്ക്‌ ദര്‍ശിക്കാനായില്ല.

മുറ്റത്ത്‌ ഒരു വാച്ച്‌മാന്‍ നില്‍പ്പുണ്ട്‌. ഞാന്‍ പതുക്കെ അയാളുടെ അടുത്തേയ്ക്ക്‌ നടന്നു.

'അടുത്ത കളി രണ്ടരയ്ക്കേ ഉള്ളൂ അല്ലേ?' ഞാന്‍ ചോദിച്ചു.
അയാള്‍ തലയാട്ടി. സമയം ഇനിയും ധാരാളം ഉണ്ടെന്ന ഒരു ധ്വനി ആ മുഖത്തുണ്ടായിരുന്നു.
'ഇവിടെ പഴയ കോട്ടമതിലുണ്ടെന്നു കേട്ടിട്ടുണ്ടല്ലോ.' സമയം പോക്കാനാണെന്ന മട്ടില്‍ ഞാന്‍ അയാളോടു ചോദിച്ചു.
"ഇല്ല, അതൊന്നും ഇവിടെയില്ല. അതെല്ലാം പലരായി കയ്യേറി നശിപ്പിച്ചു. ഇപ്പോഴൊന്നും കാണാനില്ല. " അയാള്‍ മറുപടിയായി പറഞ്ഞു.

ആ മറുപടി എനിയ്ക്കു തൃപ്തികരമായി തോന്നി. ഇനി അവിടെ നിന്നിട്ട്‌ കാര്യമില്ലെന്നും. കുറച്ചു കഴിഞ്ഞു വരാമെന്നു പറഞ്ഞു ഞാന്‍ പതുക്കെ അവിടം വിട്ടു.

എന്റെ വടകര യാത്രകള്‍ -IV

വടകരയിലെ എന്റെ ദിവസങ്ങള്‍ മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നു. അല്ലെങ്കിലും സമയത്തിന്റെ കാര്യമാവുമ്പോള്‍ ആര്‍ക്കും പുറകോട്ടു പോകാനാവില്ലല്ലോ.
ഇന്നെന്റെ ലക്ഷ്യം കുഞ്ഞാലിമരയ്ക്കാന്മാരായിരുന്നു. (അങ്ങനെ വേണം പറയാന്‍. കാരണം കുഞ്ഞാലിമരയ്ക്കാര്‍ എന്ന് പേരുള്ളവര്‍ 4പേര്‍ ഉണ്ടായിരുന്നു.)
ഇരിങ്ങല്‍ കോട്ടയ്ക്കല്‍ എന്ന സ്ഥലത്തെ കുഞ്ഞാലിസ്മാരകങ്ങളായിരുന്നു എന്റെ മനസ്സിലുണ്ടായിരുന്നത്‌.
എട്ടുപത്ത്‌ മിനിറ്റ്‌ വടകര പഴയ ബസ്‌ സ്റ്റാന്റില്‍ കാത്തുനിന്നെങ്കിലും കോട്ടയ്ക്കലേയ്ക്കു പോകുന്ന ഒരു ബസ്സും എനിക്കു കാണാനായില്ല. കാണുന്ന ബസ്സുകളിലെല്ലാം ഞാന്‍ ചോദിക്കും, "ഈ ബസ്‌ കോട്ടയ്ക്കലില്‍ പോകുമോ?"

"5മിനിറ്റ്‌ നടക്കാമെങ്കില്‍ ഈ ബസ്സില്‍ കയറിക്കോളൂ." ഒരു ബസ്സിലെ യാത്രക്കാരന്‍ പറഞ്ഞു.

നടത്തം എനിക്കൊരു പ്രശ്നമല്ലാത്തതുകൊണ്ടും പുറത്തുള്ള തിളയ്ക്കുന്ന വെയില്‍ എനിയ്ക്കൊരു പ്രശ്നമായതുകൊണ്ടും ഞാന്‍ ആ ക്ഷണം സ്വീകരിച്ചു.
അധികം ആളില്ലാത്ത ബസ്സില്‍ അയാളുടെ അടുത്തായി ഞാന്‍ സ്ഥാനം പിടിച്ചു. ഞങ്ങള്‍ പരസ്പരം സംസാരിച്ചു.
വടകരയിലെ എന്റെ ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ചു ഞാനും വടകരയിലെ ടൂറിസ്റ്റ്‌ കേന്ദ്രങ്ങളെക്കുറിച്ച്‌ അയാളും പറഞ്ഞു.

"ചോദിക്കുന്നുവെങ്കില്‍ ഇത്തരം ആളുകളോടു വേണം ചോദിക്കാന്‍." ഞാന്‍ മനസ്സില്‍ പറഞ്ഞു.കാരണം വടകരയിലെ ഓരോ തരി മണ്ണും അയാളുടെ കണ്ണില്‍ സന്ദര്‍ശകപ്രാധാന്യമുള്ളതാണ്‌. ഗാന്ധിജിയുടെയും നെഹ്രുവിന്റെയും വടകരസന്ദര്‍ശനത്തെക്കുറിച്ചും അവിടത്തെ ആദ്യകാലവിദ്യാലയങ്ങളെക്കുറിച്ചും ക്ഷേത്രങ്ങളെക്കുറിച്ചും കുഞ്ഞാലിസ്മാരകത്തെക്കുറിച്ചും വെള്ളിയാങ്കല്ലിനെക്കുറിച്ചുമെല്ലാം അയാള്‍ സംസാരിച്ചു.ചരിത്രവും ഭൂമിശാസ്ത്രവും അറിയുന്നവര്‍ക്കേ ടൂറിസ്റ്റുകളാവാനും ടൂറിസ്റ്റുകളെ സഹായിക്കാനും പറ്റൂ എന്നുകൂടി അയാള്‍ പറഞ്ഞപ്പോള്‍ എനിക്ക്‌ തിരിച്ചു പറയാന്‍ വലുതായിട്ടൊന്നും ഇല്ലായിരുന്നു.
പുതുപ്പണം വഴിയാണ്‌ ബസ്‌ പോയത്‌. ശ്രീ. ഗോകുലം ഗോപാലന്റെ വീട്‌ അയാള്‍ കാണിച്ചുതന്നു.സ്വിറ്റ്‌സര്‍ലന്റില്‍ നിന്നു ഹോട്ടല്‍ മാനേജ്‌ മെന്റില്‍ ഉന്നതപഠനവും MBAയും കഴിഞ്ഞു ശബരീഷ്‌ നാട്ടിലെത്തിയത്‌ ഈയിടെയായിരുന്നുവത്രെ. തന്റെ ഹോട്ടല്‍ സാമ്രാജ്യത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ ശ്രീ. ഗോപാലന്‍ നിയോഗിച്ചത്‌ ശബരീഷിനെ ആയിരുന്നുവത്രേ. എന്നാല്‍ ഈ നിയോഗം വിയോഗത്തിലാണ്‌ കലാശിച്ചത്‌ എന്നത്‌ വിധിക്കു മുന്നില്‍ മനുഷ്യന്റെ നിസ്സഹായാവസ്ഥയും നിസ്സാരാവസ്ഥയുമാണ്‌ വരച്ച്‌ കാട്ടുന്നത്‌. ശബരീഷിന്റെ തീരാനഷ്ടം സഹിക്കാന്‍ ദൈവം അവര്‍ക്കു കരുത്തേകട്ടെ.

ഇരിങ്ങല്‍ എന്നത്‌ വടകരയിലെ ഒരു സ്ഥലമാണ്‌. മൂരാട്‌ പുഴ ഇതിലെ ഒഴുകുന്നതു കൊണ്ട്‌ അത്‌ ഇവിടെയെത്തുമ്പോള്‍ ഇരിങ്ങല്‍ പുഴയാവുകയാണ്‌. ഇരിങ്ങല്‍ പുഴയോരത്തായിരുന്നൂ കുഞ്ഞാലിമരയ്ക്കാരുടെ സാമ്രാജ്യം. അവരുടെ കോട്ട നിന്നതുകൊണ്ട്‌ ഈ സ്ഥലത്തെ കോട്ടയ്ക്കല്‍ എന്നും വിളിച്ചു വന്നു. അങ്ങനെ ഈ സ്ഥലം ഇരിങ്ങല്‍ കോട്ടയ്ക്കല്‍ ആയി.
ഞാന്‍ പരിചയപ്പെട്ട സഹയാത്രികന്‍ ഒരു സുരേഷ്‌ ബാബുവായിരുന്നു. അയാള്‍ ധാരാളം യാത്ര ചെയ്തിട്ടുണ്ടത്രെ. ഇരിങ്ങല്‍പ്പാറകളെക്കുറിച്ചും അയാള്‍ പറഞ്ഞു. ഇപ്പോള്‍ അതെല്ലാം നശിച്ചിരിക്കുന്നു. കരിങ്കല്ലിന്റെ വ്യപകമായ ഉപയോഗത്തിനുവേണ്ടി അവയെല്ലാം നശിപ്പിക്കപ്പെട്ടു.ബസ്സിലിരുന്നുകൊണ്ട്‌ അയാള്‍ ഇരിങ്ങല്‍പ്പാറകള്‍ കാണിച്ചു തന്നു. അങ്ങിങ്ങു കുറെ കരിങ്കല്ലുകളും ചുറ്റും വെള്ളക്കെട്ടുകളും മാത്രമായി അവ പരിണമിച്ചിരിക്കുന്നു.
ബസ്സ്‌ വീണ്ടും മുന്നോട്ട്‌ പോയപ്പോള്‍ റോഡിനു സമീപത്തായി ഇരിങ്ങല്‍ സുബ്രഹ്മണ്യക്ഷേത്രം കാണായി. പുരാതനവും സാമാന്യം വലുതുമാണ്‌ ഈ ക്ഷേത്രം.

ബസ്‌ കുഞ്ഞാലിസ്മാരകത്തിന്റെ അടുത്തെത്തിയപ്പോള്‍ സുരേഷ്‌ ബാബുവിനോട്‌ യാത്ര പറഞ്ഞു ഞാനവിടെ ഇറങ്ങി. കുഞ്ഞാലിമരയ്ക്കാര്‍സ്മാരകഹൈസ്ക്കൂളിനു മുമ്പിലൂടെ നടന്ന് ഞാന്‍ കുഞ്ഞാലിസ്മാരകത്തിനടുത്തെത്തി. കുഞ്ഞാലിമരയ്ക്കാര്‍ താമസിച്ചതെന്നു പറയപ്പെടുന്ന ഒരു ചെറിയ വീട്‌ അവിടെയുണ്ട്‌. അതിന്റെ വാതിലുകള്‍ക്ക്‌ നൂറ്റാണ്ടുകളുടെ പഴക്കം തോന്നി. അതിന്റെ മേല്‍ക്കൂര ഓടാണ്‌. പണ്ട്‌ ഓലയായിരുന്നുവത്രെ. ഇതിപ്പോള്‍ കേരളസര്‍ക്കാര്‍ വക പുരാവസ്തുവകുപ്പിന്റെ കീഴിലാണ്‌. വീടിന്റെ പുറകിലായിട്ടാണു കുഞ്ഞാലിമരയ്ക്കാര്‍ മ്യൂസിയമുള്ളത്‌. അവിടെ അവരെക്കുറിച്ചുള്ള ചരിത്രവും മറ്റും ആലേഖനം ചെയ്തിട്ടുണ്ട്‌. അവര്‍ ഉപയോഗിച്ച വാളുകളും അന്നുപയോഗിച്ച പീരങ്കിയുണ്ടകളും അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. പല വലിപ്പത്തിലുള്ളതാണ്‌ ഉണ്ടകള്‍. മ്യൂസിയത്തിലേയ്ക്കുള്ള പ്രവേശനഫീസ്‌ കേവലം രണ്ടു രൂപ മാത്രമാണ്‌. ഒരു ശെല്‍വരാജ്‌ ആണ്‌ മ്യൂസിയത്തിന്റെ മേലാളായി അവിടെ ഉണ്ടായിരുന്നത്‌. പേരു തമിഴന്റേതാണെങ്കിലും അദ്ദേഹം തലശ്ശേരിക്കാരനാണ്‌. സ്മാരകത്തിന്റെ മുറ്റത്ത്‌ പൂന്തോട്ടമുണ്ട്‌. ഗെയ്റ്റിനടുത്തായി ഇന്ത്യന്‍ നേവി അടുത്ത കാലത്തു പണികഴിപ്പിച്ച ഒരു കുഞ്ഞാലിസ്മാരകസ്തൂപമുണ്ട്‌. അതില്‍ എല്ലാ മാസവും ഏഴിമലയില്‍ നിന്നു നാവികോദ്യോഗസ്ഥര്‍ വന്ന്‌ അഭിവാദ്യങ്ങളും പൂക്കളും അര്‍പ്പിക്കാറുണ്ടത്രെ.

ഈ പറമ്പില്‍ നിന്നു കണ്ണോടിച്ചാല്‍ അടുത്തായി ഇരിങ്ങല്‍ പുഴ ഒഴുകുന്നതു കാണാം. സ്മാരകത്തിനു സമീപത്തും മറ്റുമായി ധാരാളം വീടുകളുണ്ട്‌; ചെറുതും വലുതും. അവയെല്ലാം മുസ്ലിങ്ങളുടേതണെന്നാണ്‌ എനിക്കു തോന്നിയത്‌. ഇതിനടുത്തു തന്നെ മരയ്ക്കാന്മാര്‍ നിസ്ക്കരിക്കാനുപയോഗിച്ചതായിപ്പറയുന്ന മുസ്ലിം നിസ്ക്കാരപ്പള്ളിയുണ്ട്‌. ഞാന്‍ പതുക്കെ അങ്ങോട്ടു നടന്നു. അപ്പോള്‍ വൈകുന്നേരത്തെ നിസ്ക്കാരത്തിനുള്ള ബാങ്ക്‌ ‍വിളി കേള്‍ക്കുന്നുണ്ടായിരുന്നു.
പള്ളിക്കു മുന്നിലൊരു കുളമുണ്ട്‌. കുളത്തിനപ്പുറം ഇരിങ്ങല്‍പ്പുഴയാണ്‌. പള്ളിയില്‍ നിന്നാല്‍ പുഴ കാണാം.
പള്ളി വളരെ പഴയതാണ്‌. ഞാന്‍ റോഡില്‍ നിന്ന് പള്ളിയുടെ മുറ്റത്തേയ്ക്ക്‌ കയറി. അവിടെ ഇരുന്ന രണ്ടുപേര്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ചെരിപ്പ്‌ ഗെയ്റ്റില്‍ത്തന്നെ ഊരിയിട്ടു. അപ്രിയമായി അവര്‍ക്കൊന്നും തോന്നരുതല്ലോ. പള്ളിമുറ്റത്ത്‌ നിന്നുകൊണ്ട്‌ ഞാന്‍ അവിടെ ഉണ്ടായിരുന്ന ഒരു ചെറുപ്പക്കാരനോട് സംസാരിച്ചു. കൂട്ടത്തില്‍ ഞാന്‍ എന്റെ ആഗമനോദ്ദേശം വെളിപ്പെടുത്തി.

"എനിയ്ക്ക്‌ കുഞ്ഞാലിമരയ്ക്കാര്‍ ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ കാണണമെന്നുണ്ട്‌."

എനിയ്ക്ക്‌ അകത്തേയ്ക്ക്‌ പ്രവേശനമില്ലെന്നും സാധനങ്ങള്‍ ഇങ്ങോട്ട്‌ കൊണ്ടുവരാമെന്നും അയാള്‍ പറഞ്ഞു. അല്‍പ്പസമയത്തിനകം ഒരാള്‍ ഒരു ഉണ്ടയും വാളുമായെത്തി.
ഇത്‌ അവര്‍ ഉപയോഗിച്ചിരുന്ന പീരങ്കിയുണ്ടയാണ്‌. അയാള്‍ പറഞ്ഞു.
ഇതു ഞാന്‍ കുറേ കുഞ്ഞാലി മ്യുസിയത്തില്‍ കണ്ടതാണ്‌. ഞാന്‍ പറഞ്ഞു.
പക്ഷേ അതെല്ലാം കരിങ്കല്ലു കൊണ്ടുള്ളതാണ്‌. ഇത്‌ പഞ്ചലോഹത്തില്‍ തീര്‍ത്തതാണ്‌. അയാള്‍ തിരുത്തി. പഞ്ചലോഹം എന്ന് അയാള്‍ പറഞ്ഞത്‌ എനിക്ക്‌ നന്നേ ബോധിച്ചു. പിന്നീട്‌ ഞാന്‍ ആ വാള്‍ എടുത്തുനോക്കി.

"ഇതിന്റെ പിടി കൊള്ളാം." ഞാന്‍ പതുക്കെ പറഞ്ഞു.
അതു ഒരു കവചം ആണ്‌ എന്ന് അപ്പോള്‍ അയാള്‍ കൂട്ടിച്ചേര്‍ത്തു.

പള്ളിയുടെ അടുത്തു തന്നെ വലിയൊരു തറയുണ്ട്‌. എല്ലാം പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. ആറു മഹാന്മാരുടെ ഖബറുകളാണത്രെ അത്‌.

വാളൂം ഉണ്ടയും തിരിച്ചുകൊടുത്ത്‌ ഞാന്‍ തിരിച്ചു നടന്നു.

നേരം സന്ധ്യയാകുകയാണ്‌. ഇന്നത്തെ യാത്ര അവസാനിക്കുകയും. ഞാന്‍ കണ്ണൂര്‍ ബസ്സിനെ ലാക്കാക്കി ബസ്‌സ്റ്റാന്റിലേക്കു നടന്നു.

എന്റെ വടകര യാത്രകള്‍ -III

ലോകനാര്‍കാവില്‍നിന്നു വടകരയ്ക്കു ഞാന്‍ മടങ്ങിയത്‌ ഒരു റിട്ടേണ്‍ ഓട്ടോയിലായിരുന്നു. "വടകര, വടകര" എന്നു പറഞ്ഞു എന്നെ അയാള്‍ ഓട്ടോയില്‍ വിളിച്ചു കയറ്റുകയായിരുന്നു. ഞാന്‍ കയറുമ്പോള്‍ അതിലൊരാളുണ്ട്‌. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ കൂടി അതില്‍ കയറി.

ഞാന്‍ പതുക്കെ അവരോടായി എന്റെ പല്ലവി ആവര്‍ത്തിച്ചു.

"നിങ്ങളുടെ വടകരയില്‍ ടൂറിസ്റ്റിന്‌ എന്തുണ്ട്‌ കാണാന്‍?"

ഒതേനനെക്കുറിച്ചും കാവിലമ്മയെക്കുറിച്ചും ഒരാളെന്നോടു പറഞ്ഞു. ഓതേനനെക്കുറിച്ച്‌ അയാള്‍ പറഞ്ഞത്‌ എന്നെ ചിന്തിപ്പിച്ചു.

"അന്നത്തെ ഇവിടത്തെ ഒരു റൗഡിയായിരുന്നു ഒതേനന്‍."

സത്യത്തില്‍ ഒതേനനെക്കുറിച്ചുള്ള സത്യസന്ധമായ ഒരു വിവരണമായിരുന്നില്ലേ അത്‌?

കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന അവസ്ഥയും സ്ത്രീകളുമായുള്ള ഒതേനന്റെ വേഴ്ചകളും അനാവശ്യമായി ഒതേനന്‍ ചെയ്ത കൊലകളും എഹ്ര ഹൃസ്വമായാണയാള്‍ വിവരിച്ചത്‌!

പയംകുട്ടിമല, കടല്‍ത്തീരം, സാന്റ്ബാങ്ക്‌ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദാര്‍ശനയോഗ്യമാണെന്നും അയാളും ഓട്ടോഡ്രൈവറും പറഞ്ഞു.

ഓട്ടോ ചെന്നു നിന്നത്‌ ജീപ്പ്‌ സ്റ്റാന്റിലായിരുന്നു. ഇവിടെ നിന്നാണ്‌ സാന്റ്ബാങ്കിലേക്ക്‌ ജീപ്പ്‌ പോകുന്നത്‌. 5ന്‌ പകരം 10രൂപ കൊടുത്ത്‌ ഞാന്‍ ഓട്ടോയില്‍ നിന്നിറങ്ങി.അയാളാണല്ലോ സാന്‍ഡ്ബാങ്കിലേക്കുള്ള വഴി പറഞ്ഞുതന്നത്‌. അയാള്‍ക്കും സന്തോഷം.

ജീപ്പില്‍ 12 പേര്‍ ആയപ്പോള്‍ ഞങ്ങള്‍ പുറങ്കരയ്ക്ക്‌ പുറപ്പെട്ടു. അവിടെയാണ്‌ സാന്റ്ബാങ്ക്‌ (Sand Bank).ഇത്‌ കടല്‍ത്തീരമാണ്‌. പുറങ്കര ആ സ്ഥലവും.

സാന്റ്‌ ഒട്ടുമേയില്ലാത്തതാണ്‌ സാന്റ്ബാങ്ക്‌. ആരാണാവോ ഈ സ്ഥലത്തിനു സാന്റ്ബാങ്ക്‌ എന്നു പേരിട്ടത്‌!!

സാന്റ്ബാങ്ക്‌ അഴിമുഖം കൂടിയാണ്‌. മൂരാട്‌ പുഴ അറബിക്കടലില്‍ ചേരുന്നത്‌ സാന്റ്ബാങ്കില്‍ വച്ചാണ്‌.
സാന്റ്ബാങ്കില്‍ ദശാബ്ദങ്ങള്‍ക്കു മുമ്പേ ബിര്‍ലമാര്‍ റസ്റ്റ്‌ഹൗസ്‌ പണിതിരുന്നു. സുഖജീവിതത്തിനു പറ്റിയ സ്ഥലങ്ങള്‍ പണക്കാര്‍ അറിയാതെ പോകുമോ?
ടൂറിസ്റ്റ്‌ സീസണല്ല. മഴ പെയ്യുന്നുണ്ടായിരുന്നു. എന്നിട്ടും ടൂറിസ്റ്റുകള്‍ അങ്ങിങ്ങുണ്ടായിരുന്നു. അകലെ കാണുന്ന തുരുത്തിലാണത്രെ ആമവളര്‍ത്തുകേന്ദ്രം. പുഴയില്‍ അങ്ങിങ്ങായി വല വീശുന്ന മീന്‍പിടുത്തക്കാര്‍. മനോഹരമായ കാഴ്ച.
എന്നെ കണ്ടപ്പോള്‍ കഴുത്തില്‍ ബാഡ്ജ്‌ തൂക്കിയ ഒരു ചെറുപ്പക്കാരന്‍ വേഗത്തില്‍ നടന്നടുത്തു. എന്റെ ചുമലിലെ ബാഗും കയ്യിലെ കാമറയും ആയിരിക്കും അയാളെ ആകര്‍ഷിച്ചത്‌.
"ഏതെങ്കിലും പത്രത്തില്‍ നിന്നാണോ?" അയാളേന്നോടു ചോദിച്ചു.
"അല്ല" ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു.
ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു. അയാള്‍ ലിഭാഷ്‌. സാന്റ്ബാങ്ക്‌ ബീച്ചിലെ ലൈഫ്‌ ഗാര്‍ഡാണ്‌. ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥനാണ്‌. സ്വദേശം കാപ്പാട്‌. തിരുവനന്തപുരത്ത്‌ വന്ന കാര്യവും കോവളത്ത്‌ ട്രയിനിംഗ്‌ കഴിഞ്ഞ കാര്യവുമെല്ലാം ലിഭാഷ്‌ പറഞ്ഞു.
"ഈ വെള്ളിയാംകല്ല് എവിടെയാണ്‌?" ഞാന്‍ അയാളോട്‌ ചോദിച്ചു.
ദൂരെ ആഴക്കടലിലേക്കു വിരല്‍ ചൂണ്ടി അയാളെന്റെ ശ്രദ്ധ ക്ഷണിച്ചു.
"അതാ, അവിടെ ഒരു കര കാണുന്നില്ലേ?"
ഞാന്‍ ശ്രദ്ധിച്ചു നോക്കി. കടല്‍ പ്രക്ഷുബ്ധമാണ്‌. ശക്തമായ തിരയുണ്ട്‌. എന്നാലും വെള്ളിയാങ്കല്ല് എന്റെ കണ്ണുകള്‍ക്ക്‌ ദൃശ്യമായി.

പുറങ്കരയില്‍ നിന്നു ഏതാണ്ട്‌ 10കിമി ദൂരെയുള്ള കുറച്ചു പാറക്കൂട്ടങ്ങളാണ്‌ വെള്ളിയാങ്കല്ല്. കോഴിക്കോടിന്റെയും കുഞ്ഞാലിമാരുടേയും ചരിത്രം വെള്ളിയാങ്കല്ലിനെക്കൂടാതെ പൂര്‍ത്തിയാകുകയില്ല.
വടകരയ്ക്കു പുറപ്പെടുമ്പോള്‍ എന്റെ മനസ്സിലെ സ്വകാര്യമോഹം ഈ വെള്ളിയാങ്കല്ലില്‍ പോകുക എന്നതായിരുന്നു. പക്ഷേ അതിനിനിയും കാത്തിരിക്കണമെന്ന് ഞാനറിഞ്ഞു.മീന്‍പിടുത്തക്കാര്‍ക്കൊപ്പം പോയാലെ ഇപ്പോഴവിടെയെത്താന്‍ പറ്റൂ. പിന്നെയുള്ള മാര്‍ഗ്ഗം കടല്‍ ശാന്തമാകുന്ന കാലങ്ങളില്‍ ഫൈബര്‍ബോട്ട്‌ വാടകയ്ക്കെടുത്ത്‌ സമാനമനസ്കരെക്കൂട്ടി പോകുക എന്നതാണ്‌.
"അടുത്ത വര്‍ഷം ടൂറിസം വകുപ്പ്‌ അങ്ങോട്ട്‌ ബോട്ട്‌ സര്‍വ്വീസ്‌ തുടങ്ങും. അപ്പോള്‍ അങ്ങോട്ട്‌ പോകാലോ." ലിഭാഷ്‌ ഓര്‍മ്മിപ്പിച്ചു.
ലിഭാഷിനോട്‌ യാത്ര പറഞ്ഞ്‌ ഞാന്‍ കടലോരത്തു കൂടെ നടന്നു. ഒന്നു രണ്ടു സന്ദര്‍ശകരോടു സംസാരിച്ചു. എല്ലാവരും വടകരക്കാര്‍.

കടലോരത്ത്‌ കൂട്ടിയിട്ടിരിക്കുന്ന കരിങ്കല്ലിലൂടെ നടന്ന് നടന്ന് ഞാന്‍ ബിര്‍ലമാരുടെ പുരയിടത്തിലേയ്ക്ക്‌ കയറി. അവിടെ ഇപ്പോള്‍ ബിര്‍ലമാര്‍ ഇല്ല. അവര്‍ അവിടെ നിന്നും ഒഴിഞ്ഞുപോയിട്ടു കുറച്ചായിരിക്കുന്നു.ബംഗ്ലാവും സ്ഥലവും ഇപ്പോള്‍ ഗവണ്മെന്റിന്റെയോ മറ്റോ കൈവശമാണ്‌. ഞാന്‍ ബംഗ്ലാവിനു ചുറ്റും നടന്നു. ആ മന്ദിരം ഇപ്പോള്‍ അതീവ ജീര്‍ണ്ണാവസ്ഥയിലാണ്‌. ഒരു കാലത്ത്‌ രമ്യമായിരുന്ന ആ ഹര്‍മ്യം ഇപ്പോള്‍ അതിന്റെ അന്ത്യദിനങ്ങളെണ്ണുകയാണ്‌. അധികം വൈകാതെ അവിടെ പുതിയ കെട്ടിടങ്ങള്‍ ഉയര്‍ന്നുവരും.
ബിര്‍ലമാര്‍ ശ്രീകൃഷ്ണഭക്തരാണ്‌. ശ്രീകൃഷ്ണന്റെ സുന്ദരമായ ഒരു പ്രതിമ ഭംഗിയുള്ളൊരു പശ്ചാത്തലത്തില്‍ ഈ പറമ്പില്‍ കാണാം. ഒരു പക്ഷേ ഒരു കാലത്ത്‌ അവിടെ പൂജയും ആരാധനയും ഉണ്ടായിരുന്നിരിക്കാം.
റസ്റ്റ്‌ഹൗസ്‌ കോമ്പൗണ്ടില്‍ നിന്നു പുറത്തിറങ്ങിയ ഞാന്‍ റോഡിലൂടെ പതുക്കെ നടന്നു. വെള്ളീയാങ്കല്ലിലേക്കുള്ള ബോട്ടിലെ ഒരു യാത്രക്കാരനായി മനസ്സില്‍ സ്വയം കണ്ടുകൊണ്ട്‌.

തിരിച്ചു ഞാന്‍ പുറങ്കരയിലെത്തുമ്പോള്‍ പന്ത്രണ്ടാമനേയും കാത്തു കൊണ്ടൊരു ജീപ്പ്‌ നില്‍പ്പുണ്ടായിരുന്നു. വടകര ഠൗണില്‍ തിരിച്ചെത്താന്‍ പിന്നെ അധികം സമയമോ ബുദ്ധിമുട്ടോ ഇല്ലായിരുന്നു.

എന്റെ വടകര യാത്രകള്‍ -II

പേരാമ്പ്ര റോഡില്‍ നിന്നു പയംകുറ്റിമലയിലേയ്ക്കുള്ള ചെമ്മണ്ണു റോഡ്‌ കുറേ കഴിയുമ്പോള്‍ രണ്ടായിത്തിരിയുകയാണ്‌. മേലോട്ടു കയറിയാല്‍ പയംകുറ്റിമല. മറ്റേ വഴി ലോകനാര്‍കാവിലേയ്ക്കുള്ളതാണ്‌. പയംകുറ്റിമലയിറങ്ങുമ്പോള്‍ ഈ സ്ഥലത്തുവച്ചു ഞാനെന്റെ യാത്രയുടെ ദിശ മാറ്റി ലോകനാര്‍കാവിലേയ്ക്കു നടന്നു. അതും ഒരു ഇറക്കമാണ്‌. കൂടിയാല്‍ അഞ്ചു മിനിറ്റ്‌, അത്രയേ ഞാന്‍ നടന്നു കാണൂ. അപ്പോഴേയ്ക്കും ഞാന്‍ ഇറങ്ങിയെത്തിയത്‌ ലോകനാര്‍കാവിലമ്മയുടെ തിരുമുറ്റത്താണ്‌. മലയിറങ്ങുമ്പോള്‍ മുന്നോട്ടു മാത്രം നോക്കി നടന്നാല്‍ താഴെ ആദ്യം കാണുക ലോകനാര്‍കാവ്‌ ക്ഷേത്രവും അതിന്റെ കൊടിമരവും ആയിരിക്കും.

ക്ഷേത്രസവിധത്തിലെത്തുമ്പോള്‍ ഞാനാകെ വിയര്‍ത്തുകുളിച്ചിരുന്നു. ഉച്ചയ്ക്ക്‌ ഞാന്‍ ഊണു കഴിച്ചിരുന്നില്ല. അടുത്തുകണ്ട ഒരു പീടികയില്‍നിന്ന് ഒരു നേന്ത്രപ്പഴം വാങ്ങിക്കഴിച്ചു. നാലു രൂപ. വടകര ഠൗണിലാണെങ്കില്‍ ഇതിനു അഞ്ചുരൂപ കൊടുക്കണം. ദാഹിക്കുന്നുണ്ടായിരുന്നെങ്കിലും എന്റെ രുചിക്കൊത്ത ഒന്നും ഞാനവിടെ കണ്ടില്ലെന്നതുകൊണ്ട്‌ ഞാനൊന്നും കുടിച്ചില്ല.
ക്ഷേത്രം അടഞ്ഞു തന്നെ കിടന്നു. അഞ്ചുമണിയ്ക്കേ അതു തുറക്കൂ. ക്ഷേത്രപരിസരം വിജനമാണ്‌.

"അമ്പലമല്ലാതെ എന്താണിവിടെ കാണാനുള്ളത്‌?" ഞാന്‍ കടകാരനോട്‌ ചോദിച്ചു.

മറുപടി പതിവുള്ളതായിരുന്നു. "ഒന്നുമില്ല."

ഞാന്‍ പതുക്കെ ക്ഷേത്രത്തിനടുത്തേക്കു നടന്നു. ദേവിയ്ക്കു പുറമേ ശിവനും വിഷ്ണുവും ഇവിടെ ആരാധനാമൂര്‍ത്തികളാണ്‌. കുറച്ചപ്പുറം കുളമാണ്‌.
ക്ഷേത്രനടയില്‍ ഒരു വൃദ്ധന്‍ ഇരുന്നിരുന്നു. ഞാന്‍ അയാളോട്‌ സംസാരിച്ചു. തുടര്‍ന്ന്‌ എന്റെ പതിവു ചോദ്യവും.
ഒതേനന്‍ കുളിച്ചിരുന്ന ചിറ കുറച്ചകലെയുണ്ടെന്ന്‌ അയാള്‍ പറഞ്ഞു. ചോദിച്ചുചോദിച്ചു ഞാന്‍ അവിടെയെത്തി. അതിപുരാതനവും അതിവിശാലവുമായ വലിയൊരു ചിറ. ചെങ്കല്ലുകൊണ്ട്‌ ഭംഗിയായി പടുത്ത കുളിപ്പടവുകളു ആള്‍മറകളും. ഒതേനന്‍ മത്രമല്ല കാവിലമ്മയും നീരാടിയിരുന്നത്‌ ഇവിടെയാണ്‌. (ഇപ്പോഴെങ്ങനെയാണാവോ?)
സ്ത്രീകള്‍ ഒരു കടവില്‍ കുളിക്കുന്നുണ്ട്‌. വെള്ളം അത്ര മെച്ചമെന്നു പറഞ്ഞുകൂടാ. ചിറയിലേയ്ക്കൊന്നെത്തിനോക്കി ഞാന്‍ തിരിച്ചു നടന്നു. ക്ഷേത്രത്തില്‍ നിന്നു നോക്കിയാല്‍ ഈ ചിറ കാണില്ല. രണ്ടിന്റെയും ഇടയില്‍ വീടുകള്‍ അനവധിയാണ്‌.

ചിറയില്‍ നിന്നു തിരിച്ചു വരുമ്പോള്‍ ക്ഷേത്രത്തിന്റെ പുറകില്‍ ദേവസ്വത്തിന്റെ എക്സിക്യൂട്ടീവ്‌ ആപ്പീസ്‌ കണ്ടു. ഞാന്‍ അങ്ങോട്ടു കയറി. അവരോടാകുമ്പോള്‍ സംഭാഷണങ്ങള്‍ക്കു പ്രസക്തിയുണ്ട്‌. ഓഫീസില്‍ രണ്ട്‌ പേര്‍ ഇരിപ്പുണ്ട്‌. ഒരാള്‍ എക്സിക്യൂട്ടീവ്‌ ആപ്പീസറാണെന്നു തോന്നുന്നു. കുശലപ്രശ്നങ്ങള്‍ക്കുശേഷം അവരെനിക്കു കുടിയ്ക്കാന്‍ വെള്ളം തന്നു. ക്ഷേത്രസംബന്ധിയായ ഒരു പുസ്തകം ഞാനവിടെനിന്നു വാങ്ങി.

"ക്ഷേത്രത്തിനടുത്ത്‌ പാറയില്‍ തീര്‍ത്ത ഗുഹകളുണ്ടെന്നു കേട്ടിട്ടുണ്ടല്ലോ?" ഞാന്‍ അവരോടു പറഞ്ഞു.
അതെല്ലാം സ്വകാര്യവ്യക്തികളുടെ കൈവശത്തിലാണെന്നും കാണാനുള്ള സൗകര്യങ്ങളൊന്നുമില്ലെന്നും അവരില്‍ നിന്നെനിയ്ക്കു മനസ്സിലായി.

ഞാന്‍ വീണ്ടും നേരത്തെ പറഞ്ഞ വൃദ്ധന്റെ അടുത്തെത്തി. അയാള്‍ക്ക്‌ ഒതേനനെക്കുറിച്ചു കുറച്ചൊക്കെ അറിയാം. ഒതേനന്റെ നെറ്റിയില്‍ വെടിവച്ചകാര്യമൊക്കെ അയാള്‍ പറഞ്ഞു. ക്ഷേത്രത്തെക്കുറിച്ചും ക്ഷേത്രോത്‌പത്തിയെക്കുറിച്ചും അയാള്‍ പറഞ്ഞു. TATAമാരൊക്കെ അവിടെ വരാറുണ്ടെന്നും അവര്‍ അവിടുത്തെ ശ്രികോവില്‍ സ്വര്‍ണ്ണം പൂശിക്കൊടുത്തിട്ടുണ്ടെന്നുമൊക്കെ അയാള്‍ പറഞ്ഞു. ശരിയാണോ എന്തോ? അയാള്‍ പറഞ്ഞതെല്ലാം വിശ്വസിക്കാനെനിക്കു തോന്നിയില്ല. അകത്തു കയറിനോക്കാമെന്നു വച്ചാല്‍ ക്ഷേത്രം തുറന്നിട്ടുമില്ല. എന്റെ രണ്ടാമത്തെ ഈ വരവിലും ക്ഷേത്രത്തിനകത്തു കയറാന്‍ പറ്റാത്തതില്‍ എനിക്കു നിരാശ തോന്നി. അമ്മേ, ശരണം!

വൃദ്ധനാവശ്യപ്പെട്ട ചെറിയൊരു സംഭാവന അയാള്‍ക്കു നല്‍കിയശേഷം അയാള്‍ പറഞ്ഞ വഴിയിലൂടെ ഞാന്‍ പതുക്കെ ബസ്‌സ്റ്റോപ്പിലേയ്ക്ക്‌ നടന്നു.

2008, ജൂൺ 20, വെള്ളിയാഴ്‌ച

എന്റെ വടകര യാത്രകള്‍ - I

കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാന്‍ വടകരയിലായിരുന്നു. തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ യാത്ര.

വടകര എന്നു കേട്ടപ്പോള്‍ എന്റെ മനസ്സിലാദ്യം ഓടിയെത്തിയത്‌ തച്ചോളി ഒതേനനും വടക്കന്‍പാട്ടുകളുമായിരുന്നു.

തച്ചോളി ഒതേനന്‍! എത്രയെത്ര ആണുങ്ങളെ ഒതേനന്‍ തന്റെ വാളുകൊണ്ടും ഉറുമി കൊണ്ടും അരിഞ്ഞു വീഴ്ത്തിയിരിക്കുന്നു. "ഒമ്പതു മുറിയായി വീണു മേനോന്‍" എന്നാണ്‌ കണ്ടര്‍മേനോനെക്കുറിച്ചു വടക്കന്‍ പാട്ടുകള്‍ പാടുന്നത്‌? നാട്ടുകാര്‍ മാത്രമല്ല സായിപ്പന്മാരും ആ വാളിന്റെ രുചി അറിഞ്ഞവരത്രെ.

കടത്തനാട്ടിലെ എത്രയോ പെണ്ണുങ്ങളുടെ ഉറക്കവും കെടുത്തിയവനാണ്‌ ഒതേനനത്രെ! ഒടുവില്‍ പെണ്ണിന്റെ കുതന്ത്രം തന്നെയായിരുന്നൂ ഒതേനന്റെ ജീവനൊടുങ്ങാനും കാരണം. അതെന്തായാലും കേരളത്തിലെ നായന്മാരിന്നു തങ്ങളുടെ സമുദായത്തിലെ ഏറ്റവും കൂടിയ വീരന്മാരിലും ശൂരന്മാരിലും ഒരാളായി ഒതേനനെ കൊണ്ടാടുന്നു.

അതെ, ഒതേനനു മരണമില്ല.

ഒതേനന്‍ മനസ്സില്‍ നിന്നു പടിയിറങ്ങുമ്പോള്‍ എന്റെ ഓര്‍മ്മകളില്‍ കയറിവന്നത്‌ യേശുദാസ്‌ പാടി അഭിനയിച്ച ഒരു സിനിമാസീനായിരുന്നു.

"വടകരയില്‍ ഞാന്‍ വഴി നടക്കുമ്പം അടിപിടി നടക്കുന്നു
മുതുകിഴവിയും ചെറുയുവതിയും കരിമഷിയിതു വാങ്ങാന്‍."


നോക്കണേ കാര്യം! ഈ കച്ചവടക്കാരന്‍ എവിടെയെല്ലാം പോയിരിക്കുന്നു? എന്നിട്ട്‌ കണ്മഷി വാങ്ങാന്‍ അടിപിടി കൂടുന്നത്‌ വടകരയില്‍ മാത്രമായിരുന്നു കണ്ടത്‌. അതും 17കാരിയും 71കാരിയും തമ്മില്‍.

കുറ്റം പറയരുതല്ലോ! അന്യാദൃശമായ മെയ്‌ക്കരുത്തും മനക്കരുത്തും ഉള്ള ഒതേനന്റെ വരെ മനസ്സിളക്കിയവരല്ലേ വടകരയിലെ പെണ്ണുങ്ങള്‍. അതിന്‌ എല്ലാ അടവും പ്രയോഗിക്കേണ്ടി വരും. അപ്പോള്‍ പ്രായത്തിന്‌ 17എന്നോ 71എന്നോ പറ്റില്ലല്ലോ. ഒതേനന്റേയും തേയിയുടേയും പിന്മുറക്കാരല്ലേ ഈ നമ്മള്‍?

വടകരയില്‍ ഞാന്‍ വണ്ടിയിറങ്ങുമ്പോള്‍ മഴ കോരിച്ചൊരിയുകയായിരുന്നു. വടകരയിലെ മണ്ണും മനുഷ്യരും മാത്രമല്ല പ്രകൃതിയും തേങ്ങിക്കരയുകയയിരുന്നു. കാരണം അതിനടുത്ത ദിവസമാണ്‌ വടകരയുടെ പ്രിയപുത്രന്‍ ഗോകുലം ഗോപാലന്റെ യൗവ്വനയുക്തനായ മകന്‍ ശബരീഷ്‌ ഈ ലോകത്തോട്‌ യാത്ര പറഞ്ഞത്‌.

ആ ദിവസങ്ങളില്‍ വടകരയിലെ എല്ലാ റോഡുകളും പുതുപ്പണത്തേക്കായിരുന്നു എന്നാണെനിക്കു തോന്നിയത്‌. അനുശോചനം അറിയിക്കാന്‍ പോകുന്ന ഒരു പരദേശിയായിട്ടേ അവിടെയുള്ളവര്‍ എന്നെ കണ്ടുള്ളൂ. പുതുപ്പണത്തേക്കാണോ എന്നൊരാള്‍ എന്നോടൂ ചോദിക്കുകയും ചെയ്തു.

എന്നാല്‍ ഔദ്യോഗികമായ ചില ആവശ്യങ്ങള്‍ക്കായിരുന്നു ഞാന്‍ അവിടെ എത്തിയിരുന്നത്‌. ചില ദിവസങ്ങളില്‍ രാവിലെ 9മണി മുതല്‍ വൈകീട്ട്‌ 4 മണി വരെയും മറ്റു ദിവസങ്ങളില്‍ ഉച്ച വരെയും ഞാന്‍ ഔദ്യോഗികമായി തിരക്കിലായിരുന്നു.

വടകരയില്‍ ഞാന്‍ ഒരാഴ്ചയില്‍ കൂടുതലുണ്ടാകുമെന്നതിനാല്‍ സ്ഥലങ്ങളെല്ലാം ഒന്നു വിശദമായി കാണണമെന്നു കൂടി ഞാന്‍ തീരുമാനിച്ചിരുന്നു. വൈകുന്നേരം കണ്ണൂരിലേക്ക്‌ മടങ്ങണമെന്നതുകൊണ്ട്‌ പകല്‍ അധിക സമയമൊന്നും കാഴ്ച കാണാന്‍ എനിക്കു കിട്ടാനില്ലായിരുന്നു. എങ്കിലും ഒരു മാതിരിയൊക്കെ കാണാനുള്ള സമയം എനിക്ക്‌ കിട്ടുകയുണ്ടായി.

എനിക്കറിയാം വടകര ഒതേനന്റെ മാത്രമല്ലാ മതിലൂര്‍ ഗുരുക്കള്‍, ആരോമലുണ്ണി തുടങ്ങിയ വീരന്മാരുടേയും ഉണ്ണിയാര്‍ച്ച തുടങ്ങിയ വീരാംഗനകളുടേയും നാടാണെന്ന്. ലോകനാര്‍കാവിലമ്മ ഇരുന്നരുളുന്നതും വടകരയില്‍ത്തന്നെ. കുഞ്ഞാലിമരയ്ക്കാന്മാരും ഇവിടെത്തന്നെയായിരുന്നു.

ഞാന്‍ ആദ്യം പോയത്‌ ഒതേനന്റെ ജന്മഗൃഹത്തിലേക്കുതന്നെയായിരുന്നു. ഉച്ചയ്ക്കു വീണുകിട്ടുന്ന സമയങ്ങളായിരുന്നു എന്റെ കൈമുതല്‍. വടകരയിലൊരപരിചിതനാണ്‌ ഞാനെന്നും വായ്ക്കകത്ത്‌ നാവ്‌ അടക്കിവച്ചാല്‍ കാര്യങ്ങളൊന്നും കാണില്ലെന്നും ഉള്ള തിരിച്ചറിവ്‌ എനിക്കുണ്ടായിരുന്നു. അതുകൊണ്ട്‌ കാണുന്നവരോടൊക്കെ ഞാന്‍ ഓരോന്നും ചോദിച്ചുകൊണ്ടേയിരുന്നു.

ഈ തച്ചോളി ഒതേനന്റെ വീടെവിടെയാണ്‌? ഞാന്‍ ചോദിക്കും.

പത്തു പേര്‍ക്ക്‌ പത്തുത്തരമായിരിക്കും. എങ്കിലും ഒടുവില്‍ വൈകാതെ ഞാന്‍ തച്ചോളി തറവാട്ടിലെത്തി.

നടന്നു പോകുക, അതാണെന്റെയൊരു രീതി. അങ്ങനെയാവുമ്പോള്‍ പോകുന്നവഴിയിലുള്ള കാഴ്ചകളും കാണാന്‍ കഴിയുമല്ലോ. അതാണെന്റെ കാഴ്ചപ്പാട്‌. പക്ഷെ പോയ വഴിയിലൊന്നും ഒതേനന്റെ മനസ്സിളക്കിയവരുടെ പിന്തലമുറക്കാരെ ഞാന്‍ കണ്ടില്ല. ഒരു പക്ഷേ അന്നത്തെ സുറുമയും കരിമഷിയും അന്യം നിന്നു പോയിട്ടുണ്ടാകാം.

ഞാന്‍ ചോദിച്ചു കൊണ്ടേ നടന്നു. ഒടുവില്‍ പച്ചയില്‍ വെള്ളനിറത്തിലെഴുതിയ "തച്ചോളി മാണിക്കോത്ത്‌ കാവ്‌ - 0.4കിമി" എന്ന ബോര്‍ഡ്‌ എന്റെ കണ്ണില്‍ പെട്ടു. അപ്പോള്‍ ഇവിടെയൊക്കെയാണ്‌ ഒതേനന്‍ ജനിച്ചു ജീവിച്ചു മരിച്ചത്‌.

ബോര്‍ഡില്‍ കാണിച്ച പ്രകാരം ഞാന്‍ വലത്തോട്ട്‌ തിരിഞ്ഞ്‌ മേലോട്ട്‌ നടന്നു. വീതി കുറഞ്ഞ മെറ്റല്‍ ചെയ്ത റോഡ്‌. തികച്ചും ഗ്രാമ്യമായ പ്രദേശവും അന്തരീക്ഷവും.

കാലത്തിനു യോജിച്ച സ്വീകരണമാണു അങ്ങോട്ട്‌ നടന്നപ്പോള്‍ ഞാന്‍ കണ്ടത്‌. ചെറുതല്ലാത്ത ഒരാരവം മുഴക്കി "ജേക്കബ്‌ സിറിള്‍ ബാംഫോര്‍ഡ്‌" റോഡിലൂടെ വരികയാണ്‌.

കാലത്തിന്റെ ചിഹ്നം. സംസ്ക്കാരത്തിന്റെ ചിഹ്നം.

മനസ്സിലായില്ലേ ഈ ജേക്കബ്‌ സിറിള്‍ ബാംഫോര്‍ഡിനെ? ഓ, ഞാന്‍ നേരാം വണ്ണം പറയാം. സാക്ഷാല്‍ JCB.
മാണിക്കോത്ത്‌ കാവിന്റെ അസ്ഥിവാരമിളക്കാന്‍ പോയതായിരുന്നുവോ ഈ JCB?

ഫ്ലാറ്റ്‌ സംസ്കാരം ഇവിടെയും എത്തിയിട്ടുണ്ടാകാം. ഇടിക്കട്ടെ കുന്നും മലകളും; ഉയരട്ടെ കോണ്‍ക്രീറ്റ്‌ സൗധങ്ങള്‍.

ഞാന്‍ ഒരു ഭാഗത്തേയ്ക്ക്‌ ഒതുങ്ങി JCBയ്ക്ക്‌ വഴി കൊടുത്തു.

ഞാന്‍ മുന്നോട്ട്‌ നടന്നു. മെറ്റല്‍ ചെയ്ത റോഡ്‌ വീണ്ടും രണ്ടായിപ്പിരിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും വലത്തോട്ടു തിരിഞ്ഞു. ആ റോഡ്‌ അവസാനിച്ചത്‌ ചരിത്രമുറങ്ങുന്ന മാണിക്കോത്ത്‌ മണ്ണിലായിരുന്നു.

"വടകരയില്‍ ഒന്നും കാണാനില്ല" വടകരക്കാര്‍ പറഞ്ഞത്‌ എത്ര ശരി!

വിജനമായ നാട്ടുപറമ്പ്‌. വേലിയില്ല, മതില്‍ക്കെട്ടുകളില്ല, കാവല്‍ക്കാരില്ല, എന്തിന്‌, ഉരിയാടന്‍ ഒരു മനുഷ്യജീവിയെപ്പോലും ഞാനവിടെ ക്കണ്ടില്ല.

വിജനമായ ആ പറമ്പില്‍ നിശ്ശബ്ദശാന്തനായി ഞാന്‍ നിന്നു.

"ചരിത്രവും ഭൂമിശസ്ത്രവും അറിയുന്നവര്‍ക്കേ ഇത്തരം സന്ദര്‍ശനം കൊണ്ട്‌ പ്രയോജനമുള്ളൂ" ബസ്സില്‍ അടുത്തിരുന്ന വടകരക്കാരന്‍ സുരേഷ്‌ ബാബു പറഞ്ഞത്‌ അപ്പോള്‍ എന്റെ മനസ്സില്‍ തേട്ടി വന്നു.

"തച്ചോളി മാണിക്കോത്ത്‌ കാവ്‌"

പണ്ട്‌ ഇവിടെ ഒരു തറവാട്‌ നിന്നിരുന്നു. അന്ന് ഇതൊരു വീടായിരുന്നു, ആളും ആരവവും നിറഞ്ഞ വീട്‌. കൊല്ലിനും തല്ലിനും തയ്യാറായി ഒതേനന്‍ നിന്ന വീട്‌. കുഞ്ഞാലിമരയ്ക്കാന്മാരും നാട്ടുപ്രമാണികളും സന്ദര്‍ശകരായിരുന്ന വീട്‌. ഇന്നിപ്പോള്‍ അവശേഷിക്കുന്നത്‌ മുന്നില്‍ കാണുന്ന ചെറിയ കെട്ടിടമാണ്‌.

ഇതൊരു ടൂറിസ്റ്റ്‌ കേന്ദ്രമാണെന്നോ ഇനി ആകുമെന്നോ എനിക്കു തോന്നിയില്ല. അതിനുള്ള കോപ്പൊന്നും അവിടെയില്ല. ഇതൊരു തീര്‍ത്ഥാടനകേന്ദ്രവുമല്ല; തീര്‍ത്ഥമില്ലാതെ എന്തു തീര്‍ത്ഥാടനം? ഇനി ഇതൊരു അമ്പലമാണോ എന്നു ചോദിച്ചാല്‍ അതുമല്ല; വിഗ്രഹമോ പ്രതിഷ്ഠയോ ഇല്ലാതെ എന്ത്‌ അമ്പലം? പക്ഷെ ഇപ്പോഴിതിന്റെ കെട്ടും മട്ടും ഒരമ്പലത്തിന്റേതു തന്നെയാണ്‌.

ഇന്നിപ്പോള്‍ ഇതൊരു കാവാണ്‌. എന്നു വച്ചു കേരളത്തിലെ മറ്റു കാവുകളെപ്പോലെയൊന്നുമില്ല. വീടല്ലാത്തതുകൊണ്ടും ദൈവീകപരിവേഷം കാത്തുസൂക്ഷിക്കുന്നതുകൊണ്ടും കാവെന്നു പറയുന്നു. അത്ര മാത്രം.

ആ പറമ്പില്‍ ഞാന്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

ഒരറ്റം തെങ്ങില്‍ കെട്ടിയിട്ടായിരുന്നുവത്രേ ഒതേനന്‍ അങ്കക്കച്ച മുറുക്കിയിരുന്നത്‌. ആ തെങ്ങൊന്നും ഇപ്പോഴില്ല.

നേരത്തേ പറഞ്ഞില്ലേ, ഓട്‌ പാകിയ ചെറിയൊരു കെട്ടിടമാണവിടുത്തെ പ്രധാന തിരുശേഷിപ്പ്‌. ഒറ്റ നോട്ടത്തില്‍ ഒരു ചെറിയ അമ്പലത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന വിധം അതങ്ങനെ നില കൊള്ളുന്നു. അതില്‍ ചുറ്റുവിളക്കുകള്‍ പിടിപ്പിച്ചിട്ടുണ്ട്‌. ഞാന്‍ അതിന്റെ ഉള്ളിലേയ്ക്ക്‌ പാളിനോക്കി. ഇരുട്ടാണ്‌. അകത്ത്‌ രണ്ടു മുറികളുണ്ടെന്നു തോന്നി. ഈ കെട്ടിടത്തിന്റെ തൊട്ടടുത്തു തന്നെ അതിലും ചെറിയ മറ്റൊരു കെട്ടിടം കൂടിയുണ്ട്‌. വടക്കന്‍ മലബാറിലെ നായര്‍വീടുകളില്‍ കാണുന്ന 'കോട്ട'ത്തെ അനുസ്മരിക്കുന്നതാണു ഇത്‌.

തൊട്ടടുത്തു തന്നെ സിമന്റില്‍ തീര്‍ത്ത ഒരു കെട്ടിടം കൂടിയുണ്ട്‌`.ഓഫീസാവശ്യങ്ങള്‍ക്കായി ഉപയോഗിക്കവുന്ന തരത്തിലൊരു കെട്ടിടം.
എല്ലാം ജീര്‍ണ്ണാവസ്ഥയിലാണ്‌.
വിളക്കുവയ്ക്കാനുള്ള രണ്ട്‌ തറകളും അവിടെയുണ്ട്‌.
പിന്നെ പറമ്പിലുള്ളത്‌ ഒരു കിണറാണ്‌. ഉപയോഗശൂന്യമെന്നു പറയാനാവാത്ത, ധാരാളം വെള്ളമുള്ള കിണറ്‌.

കോമ്പൗണ്ടിലേക്കുള്ള ചവിട്ടുപടികളുടെ ഇടതുഭാഗത്തായി ഒരു കാഞ്ഞീരമരം നില്‍പ്പുണ്ട്‌. അതു കണ്ടപ്പോള്‍ തുഞ്ചത്തെഴുത്തച്ഛന്റെ ഓര്‍മ്മയാണെനിക്കുണ്ടായത്‌. അവിടുത്തെപ്പോലെ ഈ കാഞ്ഞീരത്തിന്റെ ഇലയ്ക്കും കയ്പ്പുരസമില്ലാതിരിക്കുമോ? ഞാന്‍ കാഞ്ഞീരത്തിന്റെ ഒരു ഇല മുറിച്ചു കടിച്ചു നോക്കി.

ഫൂ, ഫൂ, ഫൂ!!! ഞാന്‍ അഞ്ചാറു തവണ തുപ്പി. കാരണം കയ്പ്പല്ലാതെ മറ്റൊന്നും ആ ഇലയ്ക്കില്ലായിരുന്നു.

മാണിക്കോത്ത്‌ കാവിന്റെ ഇടതുഭാഗത്തായി വലിയൊരു ആല്‍മരം നില്‍പ്പുണ്ട്‌. ആലിനു തറയുണ്ടെങ്കിലും എല്ലാം ഇടിഞ്ഞിപൊളിഞ്ഞു കിടക്കുകയാണ്‌.

ആലിന്റെയും കാഞ്ഞീരത്തിന്റെയും പഴക്കം പറയാന്‍ എനിക്കാവില്ല. എന്നാലും ആലിനു കുറെ ദശാബ്ദങ്ങള്‍ പഴക്കം വരും.പണ്ടത്തെ സോളമന്‍ രാജാവായിരുന്നെങ്കില്‍ ഈ ആലിനോട്‌ മാണിക്കോത്ത്‌ കാവിന്റെ ചരിത്രം ചോദിക്കാമായിരുന്നു എന്നെനിക്കു തോന്നി.

മാണിക്കോത്ത്‌ കാവിന്റെ മുറ്റം മുഴുവന്‍ പുല്ലുകള്‍ വളര്‍ന്നുനില്‍ക്കുന്നു. മഴക്കാലമാണ്‌. ചെറുതായി മഴ പെയ്യുന്നുണ്ട്‌. അവിടവിടെയായി ധാരാളം മഴവെള്ളം കെട്ടിക്കിടക്കുന്നു.

ഇവിടെ വര്‍ഷം തോറും ഉത്സവം നടക്കാറുണ്ടത്രെ. നാളെ ഒരുപക്ഷേ ഇതൊരു ആരാധനാലയമായേക്കാനും മതി. ആള്‍ദൈവങ്ങളെ ആരാധിക്കുന്ന നമ്മള്‍ മണ്മറഞ്ഞ ഒരു വീരനെ ആരാധിക്കുന്നതിലെന്താ തെറ്റ്‌?

കുറച്ചുനേരം ഞാന്‍ ആ പറമ്പില്‍ അങ്ങനെ നിന്നു. ഇവിടെയായിരുന്നുവല്ലോ ഒതേനന്‍ ജീവിച്ചു മരിച്ചത്‌ എന്നു ഞാന്‍ ഓര്‍ത്തു. വടക്കന്‍പാട്ടുകളും ഒതേനന്റെ വീരകൃത്യങ്ങളും എന്റെ ഓര്‍മ്മയില്‍ ഓടിയെത്തി. കണ്ടര്‍മേനോനും കുങ്കിയും എന്റെ മനസ്സിലൂടെ കടന്നുപോയി. ചതിയില്‍ മരണപ്പെട്ട ഒതേനനെ മറവ്‌ ചെയ്തത്‌ ഇവിടെ എവിടെയെങ്കിലുമായിരിക്കുമല്ലോ എന്നും ഞാന്‍ ഓര്‍ത്തു. ഇപ്പോഴവിടെ വല്ല വീടും നില്‍ക്കുകയാകാം, ആ, ആര്‍ക്കറിയാം?

അപ്പോഴാണ്‌ ഒതേനന്റെ വീടിനെക്കുറിച്ചു കണാരേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ മനസ്സില്‍ പൊന്തി വന്നത്‌. ഒതേനന്റെ വീടും കുളവും പൊളിച്ച്‌ ആളുകള്‍ വരിവരിയായി നിന്നു കൈ മാറി ആ കല്ലുകള്‍ കൊണ്ടാണത്രെ ടിപ്പുസുല്‍ത്താന്‍ വടകരയില്‍ ഫര്‍ലോങ്ങുകള്‍ക്കകലെ കോട്ട പണിതത്‌.
ശരിയായിരിക്കാം. ടിപ്പു മലബാറില്‍ എന്തെല്ലാം അതിക്രമങ്ങള്‍ കാട്ടിയിരിക്കുന്നു. എത്ര എത്ര ക്ഷേത്രങ്ങള്‍ തകര്‍ത്തിരിക്കുന്നു. കാലം പിന്നീട്‌ വടകരയിലെ ടിപ്പുവിന്റെ കോട്ടയും തകര്‍ത്തു. അതിന്റെ പൊടിപോലും ഇപ്പോഴില്ല.

ഓര്‍മ്മകള്‍ കാടു കയറുമ്പോള്‍ എന്റെ കാലില്‍ ചെറിയ ചൊറിച്ചില്‍ അനുഭവപ്പെട്ടു. ഞാന്‍ കുനിഞ്ഞു നോക്കി. എന്റെ പാന്റിലാകെ പുല്ലിന്റെ കായ്കള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. അതാണ്‌ ചൊറിച്ചിലുണ്ടാക്കുന്നത്‌. ഞാന്‍ പതുക്കെ റോഡിലേക്ക്‌ കയറി. സമയമെടുത്താണെങ്കിലും പുല്ലിന്‍കായ്കള്‍ ഓരോന്നായി പറിച്ചു മാറ്റി. പ്രജനനത്തിനും പ്രസാരണത്തിനും എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ പ്രകൃതി അവലംബിക്കുന്നു!

റോഡില്‍ നിന്നുകൊണ്ട്‌ ഞാന്‍ ഒന്നുകൂടി കാവിനു നേരെ കണ്ണോടിച്ചു.കാവിന്റെ വിളിപ്പാടകലെ ആള്‍ത്താമസമുള്ള വീടുകളാണ്‌. ഇടതു ഭാഗത്ത്‌ അടുത്ത പറമ്പില്‍ ഒരു ചെറിയ അമ്പലം നില കൊള്ളുന്നു. ഞാന്‍ പതുക്കെ അങ്ങോട്ടു നടന്നു. ചെറിയൊരമ്പലവും ഒരു തറയും. അടച്ചിട്ട അമ്പലത്തിനുള്ളിലേയ്ക്ക്‌ ഞാന്‍ പാളി നോക്കി. അകത്ത്‌ രണ്ടു നിലവിളക്കുകള്‍ മങ്ങിക്കത്തുന്നു. രാവിലെ കത്തിച്ചു വച്ചതായിരിക്കും. ഉള്ളില്‍ വിഗ്രഹമോ പ്രതിഷ്ഠയോ ഉള്ളതായി തോന്നിയില്ല. പുറത്ത്‌ ഒരു ഭണ്ഡാരപ്പെട്ടിയും ഉണ്ടായിരുന്നു. പോക്കറ്റില്‍ നിന്നൊരു നാണയമെടുത്ത്‌ ഞാന്‍ അതിലിട്ടു.

സമയം രണ്ടു മണിയോടടുക്കുകയായിരുന്നു. ഓഫീസില്‍ കയറേണ്ടതുകൊണ്ട്‌ ഞാന്‍ തിരിച്ചു നടന്നു. അപ്പോഴും എന്റെ നാവില്‍ കാഞ്ഞീരം കയ്ച്ചുകൊണ്ടേയിരുന്നു.

തുടരും.................

പയംകുറ്റി മല

പയംകുറ്റി മല.

പയംകുറ്റി എന്ന പേരു കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഓടിയെത്തുന്നത്‌ മുത്തപ്പനാണ്‌.

ശരിയാണ്‌, മുത്തപ്പനും മുത്തപ്പക്ഷേത്രവും നില്‍ക്കുന്ന മലയാണ്‌ പയംകുറ്റി മല.

വടകരയിലെ പ്രശസ്തമായ ലോകനാര്‍കാവിനു സമീപമാണ്‌ ഈ മല. വടകര-പേരാമ്പ്ര റോഡില്‍ (ലോകനാര്‍)"കാവില്‍ റോഡ്‌" ബസ്‌സ്റ്റോപ്പില്‍ ഇറങ്ങി കുറച്ചു മുന്നോട്ട്‌ നടന്നാല്‍ പയംകുറ്റി മല എന്ന ബോര്‍ഡ്‌ കാണാം. അവിടെനിന്നു ഒന്നര കിലോമീറ്റര്‍ ഇടത്തോട്ട്‌ കയറുമ്പോള്‍ പയംകുറ്റി മലയിലെത്തും.

കേരളം എത്ര ഹരിതാഭമാണ്‌ എന്നറിയാന്‍ കേരളീയര്‍ തീര്‍ച്ചയായും ഇവിടെത്തന്നെ വരണം. മലക്കു ചുറ്റും, ചക്രവാളം വരെ പച്ചപ്പു മാത്രം. കേരളം എന്ന പേര്‌ അന്വര്‍ത്ഥമാക്കുന്ന വിധം കേരവൃക്ഷങ്ങള്‍. താഴെ പച്ചപ്പ്‌, മേലെ ആകാശം. നയനമനോഹരമായ കാഴ്ച. ഒരു വിനോദസഞ്ചാരി വിട്ടുപോകാന്‍ പാടില്ലാത്ത കാഴ്ച. ഒരു ഭാഗത്ത്‌ അകലെ അറബിക്കടല്‍ കാണാം. അങ്ങിങ്ങായി വിരലിലെണ്ണവുന്ന കെട്ടിടങ്ങളും മൊബൈല്‍ ടവറുകളും കൂടി കാണാം. മലയുടെ ഒത്ത മുകളിലാണ്‌ മുത്തപ്പന്റെ അമ്പലം.

മലയാളം മലകളുടെ നാടാണ്‌. മിക്ക മലകളിലും മലയുടെ മക്കളുണ്ട്‌. മലയാളത്തില്‍ മാത്രമല്ല, അതിനു പുറത്തും മലകളില്‍ മലമക്കളുണ്ട്‌. നമ്മള്‍ അവരെ സൗകര്യപൂര്‍വ്വം ആദിവാസികള്‍ എന്നു വിളിച്ചു. അവര്‍ക്ക്‌ പ്രാര്‍ത്ഥിക്കാന്‍ അവരവിടെ മലദൈവങ്ങളെ പ്രതിഷ്ഠിച്ചു. മലദൈവങ്ങളില്ലാത്ത മലകളില്‍ നമ്മള്‍ നമ്മുടെ ദൈവങ്ങളെ കുടിയിരുത്തി. അങ്ങനെയാണ്‌ ശബരിമലയില്‍ അയ്യപ്പനും പഴനിമലയില്‍ ശ്രീമുരുകനും തിരുപ്പതിയില്‍ വെങ്കടേശ്വരനും പള്ളി കൊള്ളുന്നത്‌. ഇവിടങ്ങളില്‍ മാത്രമല്ല ആസേതുഹിമാചലം എല്ല മലകളിലും ഹിന്ദു ദൈവങ്ങളുടെ സാന്നിദ്ധ്യമുണ്ട്‌. അങ്കഗണിതത്തിലും അസ്‌ട്രോളജിയിലും കാമകലകളിലുമൊക്കെ യൂറോപ്യന്മാര്‍ക്ക്‌ മാര്‍ഗ്ഗദര്‍ശനം നല്‍കിയ നമ്മള്‍ (ഭാരതീയര്‍) അവിടെയും യൂറോപ്യന്‍ മതക്കാര്‍ക്ക്‌ മാതൃകയായി. നമ്മള്‍ കയറാത്ത മലകളില്‍ കയറി അവര്‍ കുരിശു നാട്ടി. പിന്നീടവര്‍ അവിടെ കുരിശുമല തീര്‍ത്ഥാടനവും തുടങ്ങി. (ഡറാഡൂണില്‍നിന്നു മസൂറിയിലേക്കൂള്ള കുത്തനെയുള്ള കയറ്റം കയറുമ്പോഴും അകലെ മലമുകളില്‍ ബൃഹത്തായ കുരിശു കാണാം.) എന്നിട്ടും ദൈവമില്ലാമലകള്‍ ബാക്കിയായി. അപ്പോഴാണ്‌ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ വരവ്‌. അത്തരം മലകളില്‍ മന്ത്രിമാര്‍ കല്ലിടുകയും അവിടെ പിന്നീട്‌ ടൂറിസം റിസോര്‍ട്ടുകള്‍ പണിയുകയും ചെയ്തു. അങ്ങനെയാണ്‌ പൊന്മുടിയും മറ്റും വിനോദസഞ്ചാര കേന്ദ്രങ്ങളായത്‌. വിനോദം മോശമല്ലാ എന്നു കണ്ടെത്തിയ അവര്‍ പിന്നെ ദൈവങ്ങള്‍ക്കു സമീപത്തും ടൂറിസത്തിനു വിത്തിട്ടു. "ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍"ക്കല്ലാതെ മറ്റാര്‍ക്കുണ്ട്‌ ദൈവത്തിനടുത്ത്‌ ടൂറിസം തുടങ്ങാന്‍ അധികാരം? അങ്ങനെ നമ്മുടെ പയംകുറ്റി മലയും വിനോദസഞ്ചാരകേന്ദ്രമായി. കഴിഞ്ഞ കൊല്ലമാണ്‌ കോടിയേരി ബാലകൃഷ്ണന്‍ അവിടെ ടൂറിസത്തിനു കല്ലിട്ടത്‌.

വടകരയിലെ പ്രധാന പ്രകൃതിദര്‍ശന കേന്ദ്രം ഈ പയംകുറ്റി മലയാണ്‌. അടുത്തത്‌ കടല്‍ത്തീരമാണ്‌.

വടകരക്കാരോട്‌ ചോദിച്ചാല്‍ അവര്‍ പറയും വടകരയില്‍ ഒന്നും കാണാനില്ലെന്ന്.
പക്ഷെ നിരാശനാകാതെ കാണുന്നവരോടെല്ലാം ഞാന്‍ ചോദിച്ചുകൊണ്ടിരുന്നു.
"വടകരയില്‍ എന്തുണ്ട്‌ കാണാന്‍?"
അവസാനം കണാരേട്ടനാണ്‌ ഈ മലയെക്കുറിച്ചുള്ള വിവരം തന്നത്‌.

കണ്ണൂരില്‍ വച്ച്‌ "ഞാന്‍ വടകരയില്‍ ഒരു മലയില്‍ പോയി" എന്നു പറഞ്ഞപ്പോള്‍ അവര്‍ ചോദിച്ചത്‌ "വടകരയില്‍ മലയോ?" എന്നായിരുന്നു.

നട്ടുച്ചയ്ക്കാണ്‌ ഞാന്‍ മല കയറാന്‍ തുടങ്ങിയത്‌. പറഞ്ഞല്ലോ, വെറും ഒന്നര കിമി.
കുറച്ച്‌ കുത്തനെയുള്ള റോഡ്‌. കരിങ്കല്‍ പാകിയ ചെമ്മണ്ണു റോഡ്‌. റ്റൂവീലറുകള്‍ക്കോ കാറിനോ പറ്റിയതല്ല ഈ റോഡ്‌. ജീപ്പുണ്ടെങ്കില്‍ പരമസുഖം. പക്ഷേ നടക്കുന്നതാണുത്തമം. കാഴ്ച കാണാനിറങ്ങുന്നതല്ലേ?

അധികം വൈകാതെ ഈ റോഡ്‌ മെറ്റല്‍ ചെയ്ത്‌ ഗതാഗതയോഗ്യമാകാനാണ്‌ സാദ്ധ്യത. കാരണം വടകരയിലെ എല്ലാ റോഡുകളും ഗതാഗതയോഗ്യമാണെന്നതുതന്നെ.

ഞാന്‍ മേലോട്ടു കയറുമ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു. പക്ഷേ മലമുകളിലെത്തിയപ്പോള്‍ പൊള്ളുന്ന വെയിലായിരുന്നു. എന്നെപ്പോലെയുള്ള ഭ്രാന്തന്മാര്‍ മാത്രമെ ഈ നട്ടുച്ചക്ക്‌ മല കയറൂ. പക്ഷേ ചൂടെനിക്കൊരു പ്രശ്നമായില്ല, കാരണം കാറ്റ്‌ മന്ദമായി വീശുന്നുണ്ടായിരുന്നു എന്നതു തന്നെ.

പയംകുറ്റി മലയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഏറ്റവും കൂടുതല്‍ മനോഹരമാവുന്നത്‌ സായംസന്ധ്യകളിലും പുലര്‍വേളകളിലുമാണ്‌. അവിടെ നിന്നുള്ള ഉദയാസ്തമനങ്ങള്‍ എത്രത്തോളം സുന്ദരമായിരിക്കുമെന്ന്‌ ഞാന്‍ മനസ്സില്‍ കണ്ടു.

"ലോകൈകശില്‍പി രജനീവനിതയ്ക്കു ചാര്‍ത്താന്‍
നക്ഷത്രമാല പണി ചെയ്യുവതിന്നു വേണ്ടി
സൗവ്വര്‍ണ്ണപിണ്ഡമതെടുത്തു നീറ്റില്‍ മുക്കുന്ന"

ആ രംഗം ........., വേണം, അടുത്ത തവണ കുടുംബത്തോടെ എനിക്കതാസ്വദിക്കണം.

മലമുകള്‍ വിജനമയിരുന്നു. ക്ഷേത്രം അടഞ്ഞു കിടന്നു. ഇരിക്കാനോ വിശ്രമിക്കാനോ ഞാന്‍ ശ്രമിച്ചില്ല, കാരണം വടകരയില്‍ എനിക്കു കാണാന്‍ ഏറെയുണ്ടായിരുന്നു. സമയം കുറവും. മലയുടെ മുകളില്‍ നിന്നുകൊണ്ടു ഞാന്‍ വീണ്ടും ചുറ്റും കണ്ണോടിച്ചു. കൊള്ളാം, ഈ യാത്ര നഷ്ടമായില്ല്യ, വെറുതേയായില്ല്യ.

ഞാന്‍ ബാഗും കുടയും താഴെ വച്ചു. ചെരിപ്പ്‌ ഊരി മാറ്റി. മുത്തപ്പന്റെ മുന്നിലേക്ക്‌ നീങ്ങി ഞാന്‍ കുറച്ചു നേരം നിന്നു.

"എന്റെ മുത്തപ്പാ", ഞാന്‍ ഉറക്കെ വിളിച്ചു. അതിനുള്ള സൗകര്യം എനിക്കുണ്ടായിരുന്നു. മല വിജനമായിരുന്നല്ലോ.

ഞാന്‍ വിളിച്ച വിളി മുത്തപ്പന്‍ കേട്ടുവോ? അതോ മുത്തപ്പന്‍ ഉറങ്ങുകയായിരുന്നുവോ? എങ്കില്‍ എന്റെ വിളി മുത്തപ്പനെ അലോസരപ്പെടുത്തിയോ ആവോ?

ചെരിപ്പും ബാഗുമെടുത്ത്‌ ഞാന്‍ വേഗത്തില്‍ മലയിറങ്ങി.

പയംകുറ്റി മുത്തപ്പാ, കാത്തോളണേ!!!

മംഗല്യപൂജ

"തിരുമാന്ധാംകുന്നിലമ്മേ ശരണം.

"ഞാനും ഭാര്യയും ഈയിടെ അങ്ങാടിപ്പുറത്ത്‌ പോയിരുന്നു. തിരുമാന്ധാം കുന്നിലമ്മയെക്കണ്ട്‌ തൊഴാന്‍. പെരിന്തല്‍മണ്ണയെന്നു കേട്ടിട്ടില്ലേ? അതിനടുത്താണത്‌.

ഭാര്യയുടെ ആദ്യസന്ദര്‍ശനമായിരുന്നു അത്‌. ഞാന്‍ അവിടെ നേരത്തെ പോയതാണ്‌.അവളുടെ സുഹൃത്തിന്റെ മൂത്ത പെണ്‍കുട്ടിക്കു വയസ്സ്‌ 22 ആയി. പഠിത്തമൊക്കെ കഴിഞ്ഞു, കേമപ്പെട്ട ജോലിയും കിട്ടി. ഐ.റ്റി. കമ്പനിയിലാത്രെ ജോലി. മാസം 26000 രൂപ ശമ്പളം കിട്ടുന്നുണ്ടത്രെ.പക്ഷെ ഇതുവരെയായിട്ടും കല്യാണാലോചനകളൊന്നും വന്നില്ല. സംസാരത്തിനിടയ്ക്ക്‌ കൂട്ടുകാരി അവളോട്‌ മനസ്സിലെ വിഷമം പറയുകയായിരുന്നു.

"എന്നാല്‍ സുജാതച്ചേച്ചിക്ക്‌ മോളുടെ പേരില്‍ ഒരു മംഗല്യപൂജ ചെയ്യാമായിരുന്നില്ലേ?" എന്റെ ഭാര്യയാണതു ചോദിച്ചത്‌.

"പൂജയും വഴിപാടും ഞാനിപ്പോഴേ കുറെ ചെയ്തു." - കൂട്ടുകാരി.

"ഞാനതല്ല ഉദ്ദേശിച്ചത്‌. തിരുമാന്ധാം കുന്ന് ക്ഷേത്രമെന്നു കേട്ടിട്ടില്ലേ? അങ്ങു മലപ്പുറം ജില്ലയിലാണ്‌. അവിടത്തെ മംഗല്യപൂജ വിശേഷപ്പെട്ടതാണ്‌. വിവാഹത്തിനുള്ള തടസ്സങ്ങള്‍ നീങ്ങാനും നല്ല ബന്ധം കിട്ടുന്നതിനും ദീര്‍ഘമംഗല്യത്തിനും നല്ല കുട്ടികളുണ്ടാവാനും ഒക്കെ ഈ പൂജ നല്ലതാണാത്രെ. അതാണു ഞാന്‍ മനസ്സില്‍ കരുതിയത്‌" ഭാര്യ പറഞ്ഞു. "മൂന്നു തവണ പൂജ ചെയ്യണം, മൂന്നു കൊല്ലം തുടര്‍ച്ചയായി". "അതിനവിടെ പോണം. എങ്കില്‍ കല്യാണം ഉറപ്പെന്നാ അനുഭവസ്ഥര്‍ പറയുന്നത്‌." അവള്‍ കൂട്ടിച്ചേര്‍ത്തു.

കുറച്ചു ദിവസത്തെ ആലോചനകള്‍ക്കു ശേഷം പൂജ നടത്താന്‍ തന്നെ രണ്ടുപേരും കൂടി ഉറപ്പിച്ചു. നെറ്റില്‍ നിന്നു അമ്പലത്തിലെ ഫോണ്‍ നമ്പര്‍ തപ്പിപ്പിടിച്ചതും അമ്പലക്കാരോടു സംസാരിച്ചതും പൂജയ്ക്കു വേണ്ട പണം മണി ഓര്‍ഡര്‍ അയച്ചുകൊടുത്തതും റൂം ബുക്ക്‌ ചെയ്യാനേര്‍പ്പാടാക്കിയതും എല്ലാം എന്റെ ഭാര്യയായിരുന്നു. പണവും മറ്റു കാര്യങ്ങളുമൊക്കെ സുജാത അവളെ ഏല്‌പിച്ചു. അമ്പലത്തിലെ കാര്യമാവുമ്പോള്‍ അവള്‍ക്കാണ്‌ കൂടുതല്‍ അറിയുക. അമ്പലവും ദൈവവും കഴിഞ്ഞിട്ടേയുള്ളൂ അവള്‍ക്ക്‌ ബാക്കി കാര്യങ്ങള്‍.

അമ്പലത്തില്‍ പൂജയുടെ തിരക്ക്‌ കുറവുള്ള ദിവസം നോക്കി കുട്ടിയുടെ പേരില്‍ മാംഗല്യപൂജക്ക്‌ ശീട്ടാക്കി. തിരക്കുള്ള അമ്പലമാകുമ്പോള്‍ നമ്മുടെ സൗകര്യമല്ലല്ലോ വലുത്‌.

പിന്നീടാണറിഞ്ഞത്‌ യാത്രയ്ക്ക്‌ ഞങ്ങളും അവരുടെ കൂടെ പോകണമെന്ന്.

"ദൂരസ്ഥലത്തേക്കുള്ള യാത്രയല്ലേ, നിങ്ങളും കൂടി വാ" എന്ന് സുജാത പറഞ്ഞുപോലും.

"അമ്പലത്തിലെ കാര്യമല്ലേ, അഥവാ നമ്മളില്‍ ഒരാള്‍ക്ക്‌ വല്ല അസൗകര്യം വന്നാലും രണ്ടുപേരുണ്ടെങ്കില്‍ കുട്ടിക്കൊരു കൂട്ടാകുമല്ലോ".

പൂജയുടെ തലേ ദിവസം തന്നെ ഞങ്ങള്‍ അങ്ങാടിപ്പുറത്തെത്തി. നല്ല സ്ഥലം. ചെറിയൊരു കുന്നിന്‍ മുകളിലാണ്‌ അമ്പലം. സത്രം ഓഫീസില്‍ പോയി താക്കോല്‍ വാങ്ങി റൂമെടുത്തു. പിന്നെ കുളി, refreshment, അത്യാവശ്യം പര്‍ചേസ്‌ ഒക്കെയായി സമയം വൈകുന്നേരമാക്കി.നട തുറന്നപ്പോള്‍ അമ്പലത്തില്‍ പോയി തൊഴുതു.

ശിവപാര്‍വതിമാരാണ്‌ അവിടത്തെ പ്രതിഷ്ഠ. ഗണപതി, നാഗര്‍ തുടങ്ങി ഉപദേവതകളും ഉണ്ട്‌.ശിവന്റെ പ്രതിഷ്ഠ ഉണ്ടായിട്ടും ഭദ്രകാളിക്ഷേത്രമായിട്ടാണ്‌ അത്‌ അറിയപ്പെടുന്നത്‌. കാരണം ശിവനല്ല മറിച്ച്‌ ഭഗവതിക്കാണത്രെ അവിടെ ശക്തി കൂടുതല്‍. നോക്കണേ, കാര്യങ്ങളുടെ കിടപ്പ്‌! അപ്പോള്‍ അതായിരിക്കും അമ്പലത്തിനു ഇത്ര പേരും പ്രശസ്തിയും. ("യത്ര നാര്യസ്ത പൂജ്യന്തേ രമന്തേ തത്ര ദേവതാ" എന്നല്ലേ പ്രമാണം. ദൈവങ്ങള്‍ക്കും ഈ ചൊല്ലൊക്കെ ബാധകമായിരിക്കണം. ദൈവങ്ങളെയും നമ്മള്‍ പുരുഷനും സ്ത്രീയും ആയിട്ടല്ലേ കാണുന്നത്‌? അമ്മേ, മൂകാംബികേ, ശരണം.) ദേവിയ്ക്ക്‌ രൗദ്രഭാവമുള്ളപ്പോഴാണത്രെ അവരെ ഭദ്രകാളിയായി സങ്കല്‌പിക്കുന്നത്‌. സൗമ്യഭാവത്തിലുള്ള ദേവിയാണത്രെ ദുര്‍ഗ്ഗ. ദുര്‍ഗ്ഗയായാലും ഭദ്രകാളിയായാലും ദേവിയായാലും എല്ലാം അമ്മ തന്നെ, അമ്മ..........ത്വമേവ സര്‍വ്വം..... അമ്മേ ശരണം.

ഭഗവതിയ്ക്കാണ്‌ ശക്തിയെങ്കിലും ഭഗവതിക്കല്ല മംഗല്യപൂജ നടത്തുന്നത്‌. അത്‌ ഗണപതിയ്ക്കാണ്‌. ഗണപതിയല്ലേ വിനായകന്‍, ഗണപതിയല്ലേ വിഘ്നേശ്വരന്‍! വിനായകനെ പ്രസാദിപ്പിച്ചാലല്ലേ അദ്ദേഹം നായകനാവൂ. അദ്ദേഹം വേണ്ടേ തടസ്സങ്ങളൊക്കെ നീക്കിത്തരാന്‍.

അല്ലെങ്കിലും ഈ പൂജ അങ്ങനെത്തന്നെ വേണം. ഞാന്‍ മനസ്സില്‍ കരുതി. കാരണം കുട്ടിക്ക്‌ നാം എന്തെങ്കിലും കൊടുക്കുമ്പോള്‍ കുട്ടിയ്ക്ക്‌ സന്തോഷം, അമ്മയ്ക്ക്‌ സന്തോഷം, അച്ഛന്‌ സന്തോഷം, എല്ലാവര്‍ക്കും സന്തോഷം. ഗണപതിയ്ക്ക്‌ പൂജിക്കുമ്പോള്‍ ഗണപതിയും പാര്‍വ്വതിയും ശിവനും പ്രസാദിക്കുന്നു. അതല്ലേ വേണ്ടതും!! അല്ലെങ്കില്‍ പഴവങ്ങാടി ഗണപതിക്കു മംഗല്യപൂജ നടത്താത്തതെന്താ? അവിടെ ഗണപതി ഒറ്റയ്ക്കേ ഉള്ളൂ. പഴവങ്ങാടിയിലായാല്‍ ഒരു വെടിയ്ക്ക്‌ ഒരു പക്ഷി, തിരുമാന്ധാം കുന്നിലാവുമ്പോള്‍ ഒരു വെടിയ്ക്ക്‌ മൂന്നു പക്ഷി. അല്ലേ? (അമ്മേ, അംബികേ, ശരണം.)

അമ്പലത്തില്‍ നിന്ന് പൂജയെക്കുറിച്ചറിയേണ്ട കാര്യങ്ങളൊക്കെ ചോദിച്ചു ഞങ്ങള്‍ മനസ്സിലാക്കി. പിറ്റെ ദിവസം 11 മണിയാകും പൂജ നടക്കാന്‍.ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമേയുള്ളൂ ഈ പൂജ. ഇരുനൂറോളം പെണ്‍കുട്ടികള്‍ ഓരോ പൂജയ്കും കാണും. കേരളത്തിലങ്ങോളമിങ്ങോളമുള്ള അവിവാഹിതകള്‍ പാവനവും അപൂര്‍വ്വവുമായ ഈ പൂജയ്ക്കായി ഇവിടെ എത്തുന്നുണ്ട്‌. കേരളത്തിലെന്നല്ല ഭാരതത്തില്‍ തന്നെ ഈ പൂജ വേറേ എവിടെയും ഇല്ലത്രെ. പൂജയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ പേരും നാളും പറഞ്ഞ്‌ മംഗല്യ സൂക്താര്‍ച്ചനയും മറ്റുമാണ്‌ പൂജയില്‍ നടത്തുന്നത്‌.

നട അടയ്ക്കുന്നതുവരെ ഞങ്ങള്‍ അമ്പലത്തില്‍ തന്നെ ഇരുന്നു. അല്ലാതെ ചെയ്യാന്‍ വേറെ ഒന്നും ഞങ്ങള്‍ക്കില്ലായിരുന്നു.

പിറ്റേ ദിവസം രാവിലെ ക്ഷേത്രദര്‍ശനം ചെയ്തു ഞങ്ങള്‍ റൂമിലേക്കു മടങ്ങി. മംഗല്യപൂജയ്ക്‌ 10മണിക്കുശേഷം അമ്പലത്തില്‍ എത്തിയാല്‍ മതിയല്ലോ.

ഞങ്ങള്‍ വീണ്ടും ക്ഷേത്രത്തിലെത്തുമ്പോള്‍ അവിടെ നല്ല തിരക്കായിരുന്നു. അവിവാഹിതകളായ യുവതികളായിരുന്നു അധികവും. എല്ലാവരും മംഗല്യപൂജയ്കെത്തിയവര്‍. ചെറിയ പെണ്‍കുട്ടികളും കല്യാണപ്രായം കഴിഞ്ഞവരും അക്കൂട്ടത്തിലുണ്ടായിരുന്നു. പിന്നെ അവരുടെ കൂടെയുള്ള രക്ഷിതാക്കളും. കല്യാണം കഴിഞ്ഞപുതുമോടിക്കാരും കൂട്ടത്തിലുണ്ടായിരുന്നു. മൂന്നാമത്തെ പൂജ കഴിയുന്നതിനു മുമ്പേ കല്യാണം കഴിഞ്ഞവരാണവര്‍. ചില രക്ഷിതാക്കളുടെ മുഖത്തെ നിരാശ ഞങ്ങള്‍ക്കും ലേശം മനോവിഷമം ഉണ്ടാക്കി. മൂന്നാമത്തെ പൂജയായിട്ടും ഒരു കല്യാണവും ശരിയാവാത്തതായിരുന്നു അവരുടെ സങ്കടത്തിനു കാരണം.

മംഗല്യപൂജയുടെ ശീട്ട്‌ കാണിച്ച്‌ ഞങ്ങളുടെ കുട്ടിയും ആ ആള്‍ക്കൂട്ടത്തില്‍ ചേര്‍ന്നു. ഞങ്ങള്‍ കുറച്ചു മാറി കാഴ്ചകളൊക്കെ നോക്കിനിന്നു.തിരക്കു നിയന്ത്രിക്കാനും ദഹിക്കുന്നവര്‍ക്കു വെള്ളം കൊടുക്കുവാനും മറ്റുമായി യൂനിഫോമിട്ട സെക്യൂരിറ്റിക്കാരുണ്ടായിരുന്നു.

കൃത്യസമയത്തു തന്നെ പൂജ തുടങ്ങി. ക്ഷേത്രപൂജാരിയാണെന്നു തോന്നുന്നു പൂജ ചെയ്തത്‌. കുട്ടികളെല്ലാം ഭഗവതിയുടെ മുന്നില്‍ ഭക്തിയൊടെ പ്രാര്‍ത്ഥനാപൂര്‍വം നില്‍ക്കുകയാണ്‌. ഇത്രയും കുട്ടികള്‍ കല്യാണം കഴിക്കാനുള്ളവരാണല്ലോ എന്ന ചിന്ത എന്റെ മനസ്സിനെ അലട്ടി.

ഇത്‌ പൂജയ്ക്‌ വന്നവര്‍ മാത്രമാണല്ലോ എന്നും ഇതിനേക്കാള്‍ കൂടുതല്‍ അവിവാഹിതര്‍ വരാത്തവരായുണ്ടാകുമല്ലോ എന്നും ഉള്ള ചിന്തയും എനിക്കുണ്ടായി. ഏതാണ്ട്‌ ഒരു മണിക്കൂര്‍ ഞങ്ങള്‍ അവിടെ തൊഴുതും പ്രാര്‍ത്ഥിച്ചും നിന്നു. അവസാനം ഓരോ കുട്ടിയും ഭഗവതിക്കു ദക്ഷിണവച്ച്‌ പ്രസാദം വാങ്ങിയാണ്‌ മടങ്ങിയത്‌.

മടങ്ങുമ്പോള്‍ അടുത്ത പൂജയ്ക്കുള്ള dateഉം ഞങ്ങള്‍ ഏര്‍പ്പാടാക്കിയിരുന്നു.മടങ്ങുമ്പോള്‍ ഞാന്‍ ഭഗവതിയോട്‌ മനസാ പ്രാര്‍ത്ഥിച്ചു. "ഭഗവതീ, എന്റെ നാട്ടിലെ എല്ലാ കുട്ട്യോള്‍ക്കും പ്രായം തെറ്റാതെ കല്യാണം നടത്തിക്കൊടുക്കണേ" എന്ന്.

ഞങ്ങള്‍ തിരുമാന്ധാംകുന്നില്‍ പോയതും തിരിച്ചുപോന്നതും നെടുമ്പാശ്ശേരി വഴിയായിരുന്നു. ഐ. ടി. കമ്പനിയിലെ എക്സിക്യൂട്ടീവായ ഞങ്ങളുടെ കുട്ടി, മംഗല്യപൂജയ്ക്കായി രണ്ടുദിവസത്തെ ലീവില്‍ ബാംഗ്ലൂരില്‍ നിന്നും ഞങ്ങളോടൊപ്പം ചേരുകയായിരുന്നു; ബാംഗ്ലൂരില്‍ നിന്നും നെടുമ്പാശ്ശേരി വഴി.

"തിരുമാന്ധാംകുന്നിലമ്മേ ശരണം."

2008, ഏപ്രിൽ 2, ബുധനാഴ്‌ച

സാരോപദേശങ്ങള്‍

നമ്മുടെ സന്തോഷവും സങ്കടവും മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്നാണ്‌ ഉപദേശങ്ങളില്‍ കാണുന്നത്‌.
സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോള്‍ അത്‌ ഇരട്ടിയ്ക്കുമത്രെ.
സങ്കടം പങ്കുവച്ചാല്‍ അത്‌ പകുതിയാകുമത്രെ, അല്ലെങ്കില്‍ കുറയുമത്രെ!
ശരി, അങ്ങനെയാകട്ടെ. സന്തോഷവും സങ്കടവും മറ്റുള്ളവരുമായി പങ്കു വയ്ക്കാം.

പക്ഷേ...........എന്താണൊരു പക്ഷേ????????

മറ്റൊരു ഉപദേശം നോക്കൂ. "നിങ്ങളുടെ പ്രശ്നങ്ങള്‍ ആരോടും പറയരുത്‌, കാരണം 90% ആളുകളും അത്‌ അവഗണിക്കുകയേയുള്ളൂ, ബാക്കിയുള്ള 10% ആളുകള്‍ നിങ്ങളുടെ പ്രശ്നങ്ങളില്‍ സന്തോഷിക്കുകയും ചെയ്യും"

ഒന്നാലോചിച്ചാല്‍ അത്‌ ശരിയാണ്‌. കൂടുതല്‍ പേരും നമ്മുടെ പ്രശ്നങ്ങളറിയുമ്പോള്‍ ഉള്ളാലെ സന്തോഷിക്കുകയേയുള്ളൂ. ബാക്കിയുള്ളവര്‍ വെറുതെ അനുകമ്പ കാണിക്കുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ എങ്ങനെയാണ്‌ അല്ലെങ്കില്‍ എന്തിനാണ്‌ നമ്മുടെ പ്രശ്നങ്ങളൊക്കെ മറ്റുള്ളവരോട്‌ പറയുന്നത്‌?
ഇനി സങ്കടവും ദു:ഖവുമൊക്കെയാണ്‌ പങ്കു വയ്ക്കേണ്ടതെന്നും അല്ലാതെ പ്രശ്നങ്ങളല്ല എന്നും പറഞ്ഞാല്‍ അത്‌ ശരിയാകുമോ? കാരണം പ്രശ്നങ്ങളല്ലേ ഈ സുഖത്തിനും ദു:ഖത്തിനുമൊക്കെ കാരണം? ദു:ഖവും സങ്കടവുമൊക്കെ ഓരോ പ്രശ്നങ്ങള്‍ കൊണ്ടല്ലേ? അപ്പോള്‍ ഇതെല്ലാം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത്‌ കൊണ്ടെന്തു പ്രയോജനം?

ഇനിയും മറ്റൊരു ഉപദേശം നോക്കൂ. problems are simply an opportunity to do your best.
നമുക്ക്‌ ഏറ്റവും നന്നായി പ്രവര്‍ത്തിയ്ക്കാനുള്ളൊരു അവസരമാണ്‌ പ്രശ്നങ്ങള്‍ പോലും!
എങ്കില്‍ നാം അതാരോടും പറയാതെ വേഗം സ്വന്തമാക്കുകയല്ലേ വേണ്ടത്‌?

പിന്നെ എന്തിനീ വേവലാതിയും വെപ്രാളവും?
അപ്പോള്‍ പ്രശ്നങ്ങളുണ്ടാവുമ്പോള്‍ എന്തു ചെയ്യും? ആകെ ഒരു confusion.

വനിതാ സംവരണം

ഇതിപ്പോള്‍ വനിതാവിമോചനത്തിന്റെ കാലമാണ്‌.
സ്ത്രീസ്വാതന്ത്ര്യത്തിന്റെ കാര്യമൊക്കെ ഇപ്പോള്‍ വനിതകളേക്കാള്‍ കൂടുതല്‍ അറിയാവുന്നത്‌ പുരുഷന്മാര്‍ക്കു തന്നെയാണ്‌.
അതുകൊണ്ടാണല്ലോ അവരിപ്പോള്‍ വനിതാസംവരണത്തിനു വേണ്ടി യത്നിച്ചു കൊണ്ടിരിക്കുന്നത്‌.
പക്ഷേ സംവരണം അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല.
അതാണല്ലോ പാര്‍ലമെന്റില്‍ 33 ശതമാനം സംവരണം ഇപ്പോഴും ശരിയാവാത്തത്‌.
അതുകൊണ്ട്‌ സ്ത്രീകള്‍ക്കായി മലയാള ഭാഷയില്‍ കുറച്ച്‌ വാക്കുകള്‍ സംവരണം ചെയ്തിരിക്കുന്നു. കുറച്ചൊന്നുമല്ല, 100 ശതമാനം തന്നെ!
ഏതൊക്കെയാണെന്നു ശ്രദ്ധിക്കൂ.

1. പാതിവ്രത്യം: ഇത്‌ 100 ശതമാനവും സ്ത്രീകള്‍ക്കായി സംവരണം ചെയ്‌തിരിക്കുകയാണ്‌. ഇത്‌ ആര്‍ജ്ജിച്ചവരെ പതിവ്രതകള്‍ എന്നു പറയാറുണ്ട്‌. ഇതു പുരുഷന്മാര്‍ക്ക്‌ പറഞ്ഞതല്ല. അവര്‍ക്കിതിനര്‍ഹതയില്ല. അല്ലെങ്കില്‍ നോക്കൂ, എവിടെയെങ്കിലും 'പത്നീവ്രതന്‍' എന്നു പറഞ്ഞു കേട്ടിട്ടുണ്ടോ? ചില വിവരദോഷികള്‍ 'പതിവ്രതന്‍' എന്നു പറയാറുണ്ടെങ്കിലും അതു തെറ്റാണ്‌. അതെ, പാതിവ്രത്യം 100 ശതമാനവും സ്ത്രീകള്‍ക്കായി സംവരണം ചെയ്‌തിരിക്കുകയാണ്‌.

2. വൈധവ്യം: ഇതും 100 ശതമാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്‌തിരിക്കുകയാണ്‌. ഇത്‌ ആര്‍ജ്ജിച്ചവളെ 'വിധവ' എന്നു പറയാറുണ്ട്‌. ഇതു പുരുഷന്മാര്‍ക്ക്‌ പറഞ്ഞതല്ല. അവര്‍ക്ക്‌ ഇതിനും അര്‍ഹതയില്ല. അല്ലെങ്കില്‍ നോക്കൂ, എവിടെയെങ്കിലും 'വിധവന്‍' എന്നു മലയാളത്തില്‍ പറഞ്ഞു കേട്ടിട്ടുണ്ടോ? അതെ, വൈധവ്യം 100 ശതമാനവും സ്ത്രീകള്‍ക്കായി സംവരണം ചെയ്‌തിരിക്കുകയാണ്‌.

3. സുമംഗലി: മലയാളാഭാഷയില്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്‌തിരിക്കുന്ന മറ്റൊന്നാണ്‌ ഈ വാക്ക്‌. കല്യാണമൊക്കെ കഴിഞ്ഞു ഭര്‍ത്താവോടൊത്തു താമസിക്കുന്നവരാണിവര്‍. കല്യാണം കഴിഞ്ഞ പെണ്ണുങ്ങളെല്ലാം സുമംഗലിമാരാണ്‌. പക്ഷേ കല്യാണം കഴിഞ്ഞ പുരുഷന്മാരാരും തന്നെ 'സുമംഗലന്‍' മാരാണെന്ന് എവിടെയും കേട്ടിട്ടില്ലല്ലോ?

4. വീട്ടമ്മ: ഇതും നമ്മുടെ മഹിളാമണികള്‍ക്കായി സംവരണം ചെയ്തതത്രെ. അല്ലെങ്കില്‍ 'വീട്ടച്ഛന്‍' എന്നൊരു പ്രയോഗം മലയാളത്തിലുണ്ടാകേണ്ടതായിരുന്നു. മതി. തല്‍ക്കാലത്തേയ്ക്ക്‌ ഇത്ര മതി.

സ്ത്രീ സംവരണം സര്‍വ്വദാ ജയിക്കട്ടെ!

കുണ്ടില്‍ ചാടിയ ചുണ്ടെലി

ഞാന്‍ രണ്ടാം ക്ലാസ്സിലോ മൂന്നാം ക്ലാസ്സിലോ പഠിച്ചതാണ്‌ ഈ കഥ.
പക്ഷേ ഈ കഥ ഞാന്‍ വേറെ എവിടെയും വായിച്ചിട്ടോ കണ്ടിട്ടോ ഇല്ല.
അതുകൊണ്ട്‌ ഞാന്‍ അതൊന്ന് എന്റേതായ ഭാഷയില്‍ എന്റെ ഓര്‍മ്മയില്‍ നിന്നും ഇവിടെ കുറിക്കുകയാണ്‌.
കഥയില്‍ തെറ്റുണ്ടെങ്കില്‍ അത്‌ ഓര്‍മ്മക്കുറവു കൊണ്ടു മാത്രമാണെന്നറിയുക.
നിങ്ങള്‍ ഈ കഥ കേട്ടിട്ടില്ലെങ്കില്‍ നിങ്ങളുടെ കുട്ടികള്‍ക്ക്‌ പറഞ്ഞുകൊടുക്കാം.
അവര്‍ക്ക്‌ ഇഷ്ടപ്പെടാതിരിക്കില്ല.

കഥ നടക്കുന്നത്‌ ഒരു വനപ്രദേശത്തിനടുത്താണെന്നു വേണം അനുമാനിക്കാന്‍. അല്ലെങ്കില്‍ വന്യമൃഗങ്ങളും മനുഷ്യവാസമുള്ള വീടുകളും കഥയില്‍ കാണുമായിരുന്നില്ല.

കുഞ്ഞുങ്ങള്‍ക്ക്‌ തീറ്റയും തേടി നടക്കുകയായിരുന്നു ചുണ്ടെലി. നടന്നു നടന്ന് അവന്‍ ഒരു വീടിന്റെ അടുക്കളയിലാണെത്തിയത്‌. വലിയ ബുദ്ധിമുട്ടു കൂടാതെ തന്നെ, കടലാസില്‍ പൊതിഞ്ഞ ഒരു അപ്പപ്പൊതി കണ്ടെത്താന്‍ അവനു കഴിഞ്ഞു.
നല്ല നെയ്യപ്പത്തിന്റെ മണം. അവന്റെ നാവില്‍ വെള്ളമൂറി.
പക്ഷേ പൊതി കടിച്ചു മുറിക്കാനോ അപ്പമൊന്നു രുചിച്ചു നോക്കാനോ അവന്‍ മിനക്കെട്ടില്ല.
"എല്ലാം വീട്ടിലെത്തിലെത്തിയിട്ടാകട്ടെ, കുഞ്ഞുങ്ങളുടെ കൂടെയാകട്ടെ ഇന്നത്തെ തീറ്റ." അവന്‍ കരുതി.

പൊതി അല്‌പം വലിയതായിരുന്നു. അത്‌ എങ്ങനേയും വീട്ടിലെത്തിക്കണം. അതായിരുന്നു എലിയുടെ മുന്നിലുള്ള അടുത്ത ജോലി.
എലി പൊതി കടിച്ചെടുത്ത്‌ മുന്നോട്ട്‌ നടന്നു. പക്ഷേ തന്നേക്കാള്‍ വലിയ പൊതി അവന്റെ മുന്നോട്ടുള്ള കാഴ്ച തടസ്സപ്പെടുത്തി, അവന്റെ യാത്ര ബുദ്ധിമുട്ടുള്ളതായി.
എന്നാല്‍ തന്റെ ലക്ഷ്യത്തില്‍ നിന്നു പിന്മാറാന്‍ അവന്‍ തയ്യാറായിരുന്നില്ല.
വേച്ച്‌ വേച്ച്‌ എലി മുന്നോട്ട്‌ നീങ്ങി.
പക്ഷേ അവന്‌ അധികദൂരം പോകാനതിനായില്ല.

"ബ്‌ധിം........." കണ്ണു കാണാതെയുള്ള യാത്രയല്ലേ! ഒരു വലിയ കുണ്ടിലേക്ക്‌ അവന്‍ അടി തെറ്റി മറിഞ്ഞു വീണു.
അപ്പപ്പൊതി ചിന്നിച്ചിതറി.
രണ്ട്‌ നെയ്യപ്പത്തിന്റെ മുകളിലാണ്‌ എലി വീണത്‌.
അതുകൊണ്ട്‌ അതിനു പരിക്കൊന്നും പറ്റിയില്ല. ഭാഗ്യം!

വീഴ്ചയുടെ ആഘാതത്തില്‍ നിന്നും ഉണര്‍ന്ന എലി ചുറ്റും നോക്കി.
വലിയൊരു കുണ്ടിലാണ്‌ താന്‍ അകപ്പെട്ടിരിക്കുന്നത്‌!
ആരെ കണി കണ്ടാണാവോ താന്‍ ഇന്നു പുറത്തിറങ്ങിയത്‌? അവന്‍ മനസ്സില്‍ കരുതി.
എലി കുണ്ടില്‍ എല്ലായിടത്തും നടന്നു നോക്കി.
ഇല്ല, കയറി രക്ഷപ്പെടാന്‍ ഒരു പഴുതുമില്ല.
എങ്ങനേയും ഈ കുണ്ടില്‍ നിന്നു പുറത്തു കടക്കണം, അതു മാത്രമായി അവന്റെ ചിന്ത.
അവന്‍ കണ്ണടച്ച്‌ മനസ്സില്‍ ധ്യാനിച്ചു.
"പരദൈവങ്ങളേ, രക്ഷപ്പെടാന്‍ എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ."
കണ്ണു തുറന്നപ്പോള്‍ എലികണ്ടത്‌ അപ്പം പൊതിഞ്ഞ കടലാസ്‌ കാറ്റില്‍ പറക്കുന്നതാണ്‌.
അത്‌ അകലേക്ക്‌ പാറിപ്പോയിരിക്കുന്നു. അവന്‍ ഓടിച്ചെന്നു ആ കടലാസ്‌ കയ്ക്കലാക്കി.
അത്‌ നിവര്‍ത്തി അതിലൂടെ കണ്ണോടിച്ചു. പിന്നീട്‌ കുണ്ടിനു പുറത്തേക്കും.
അവന്‍ ദീര്‍ഘമായ ഒരു നിശ്വാസം പുറത്തു വിട്ടു.

കുണ്ടിനു സമീപം ഒരു വഴിയുള്ളതായും അതിലേ മൃഗങ്ങള്‍ നടന്നുപോകുന്നതായും അവനു മനസ്സിലായി.
അവന്‍ കടലാസില്‍ നോക്കി ഉറക്കെ വായിച്ചു.
" മാനം ഇടിഞ്ഞു വീഴാന്‍ പോകുന്നു, ജീവനില്‍ കൊതിയുള്ളവര്‍ വല്ല കുണ്ടിലും ഒളിച്ചു കൊള്ളുക."

ഇത്‌ ഒരു പുലി കേട്ടു. അവന്‌ വലിയ പേടി തോന്നി.
അവന്‍ വേഗം അടുത്തു കണ്ട ഈ കുണ്ടില്‍ ഇറങ്ങി നിന്നു.
തന്റെ ജീവന്‍ രക്ഷിച്ച എലിയെ അവന്‍ നന്ദിപൂര്‍വ്വം നോക്കി.
എലി പത്രം വായിക്കുന്നത്‌ കണ്ടപ്പോള്‍ അവന്‌ ലജ്ജയും വിഷമവും തോന്നി. എന്നാലും താന്‍ എഴുത്തും വായനയും പഠിച്ചില്ലല്ലോ എന്നോര്‍ത്ത്‌.

സമയം അധികം കഴിഞ്ഞില്ല. എലി നില്‍ക്കുന്ന കുണ്ടില്‍ ധാരാളം മൃഗങ്ങള്‍ ഒത്തു ചേര്‍ന്നു.
ആന, മുയല്‍, പശു, പന്നി, മാന്‍ തുടങ്ങിയവര്‍.
ശത്രുതയൊന്നുമില്ലാതെ തികഞ്ഞ അച്ചടക്കത്തൊടെ അവര്‍ അവിടെ നിന്നു.
എല്ലാവരും ജീവനില്‍ കൊതിയുള്ളവര്‍.
മാനം ഇടിഞ്ഞു വീണു മരിക്കാന്‍ അവരാരും തയ്യാറായിരുന്നില്ല.

മൃഗങ്ങളെല്ലാം കുണ്ടില്‍ ഒത്തുചേര്‍ന്നിരിക്കുന്നത്‌ അതുവഴി പോയ ഒരു കുരങ്ങന്‍ കണ്ടു. ആകാംക്ഷയോടെ അവന്‍ കുണ്ടിലേക്കിറങ്ങാന്‍ നോക്കവെ എലി എതിര്‍ത്തു.

എലി പറഞ്ഞു. "ഇല്ല, താങ്കളെ ഇവിടെ പ്രവേശിപ്പിക്കാന്‍ പറ്റില്ല. താങ്കള്‍ കൂടെക്കൂടെ തുമ്മുന്നവനാണ്‌. തുമ്മുന്നവരെ ദൈവം ഇഷ്ടപ്പെടുന്നില്ല. താങ്കളെ ഇവിടെ കയറ്റി ദൈവകോപം വാങ്ങാനൊന്നും എനിക്കാവില്ല."
പാവം കുരങ്ങന്‍, അവന്‍ എന്തു ചെയ്യണമെന്നറിയാതെ നിന്നു. അവസാനം മറ്റു മൃഗങ്ങള്‍ ഇടപെട്ടു. അവര്‍ പറഞ്ഞു, "ആപത്തില്‍ സഹായിക്കുന്നവനാണ്‌ ബന്ധു, നമ്മള്‍ മൃഗങ്ങള്‍ പരസ്പരം സഹായിച്ചേ പറ്റൂ. കുരങ്ങനും കുണ്ടില്‍ ഒരു സ്ഥലം കൊടുക്കണം."

എലി അവസാനം വഴങ്ങി, ഒരു ഉപാധിയോടെ. അവന്‍ പറഞ്ഞു. "ഈ കുണ്ടില്‍ കൂടിയിരിക്കുന്നവരില്‍ ആരെങ്കിലും തുമ്മിയാല്‍ മറ്റുള്ളവര്‍ ചേര്‍ന്ന് അവനെ പുറത്തു കളയണം."
എലിയുടെ ഈ നിര്‍ദ്ദേശം എല്ലാവര്‍ക്കും ഇഷ്ടമായി. അവര്‍ കുരങ്ങനും കുണ്ടില്‍ സ്ഥലം അനുവദിച്ചു.

ഒന്ന്.........രണ്ട്‌.........മൂന്ന്..... സമയം മുന്നോട്ടു പോയി. ആകാശം ഇടിഞ്ഞു വീഴുന്നതും നോക്കി മൃഗങ്ങളെല്ലാം അക്ഷമയോടെ നില്‍ക്കുകയാണ്‌.

"ഹാശ്‌ശ്‌ച്‌ച്ഛീ.......... മൂന്നു നാലു നെയ്യപ്പം നെഞ്ചോടു ചേര്‍ത്തുപിടിച്ച്‌ ചുണ്ടെലി ശക്തിയായി ഒന്നു തുമ്മി.
ഇതു കണ്ട്‌ മറ്റുള്ളവര്‍ ആശ്ചര്യപ്പെട്ടു.
കൂടുതല്‍ ആലോചിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. ദൈവകോപം ഏറ്റുവാങ്ങാനും.
അവര്‍ എലിയെ പിടിച്ചു കുണ്ടിനു പുറത്തേക്കിട്ടു.

കുരങ്ങന്‍ കാര്യങ്ങളെല്ലാം അന്വേഷിച്ചപ്പോഴാണ്‌ മൃഗങ്ങള്‍ക്കെല്ലാം തങ്ങള്‍ക്ക്‌ പറ്റിയ അമളി മനസ്സിലായത്‌. അപ്പോഴേയ്ക്കും ചുണ്ടെലി കിട്ടിയ അപ്പവുമായി വീട്ടിലെത്തുകയും കുഞ്ഞുങ്ങളോടൊത്ത്‌ അത്‌ ശാപ്പിടുകയും ചെയ്തിരുന്നു.

കാക്കയ്ക്കും കോണ്‍ക്രീറ്റ്‌

അന്നൊരു ശനിയാഴ്ചയാണ്‌. അന്നാണ്‌ ഞങ്ങള്‍ക്ക്‌ വീട്ടിലെ ശുചീകരണം.
ഞാനും ഭാര്യയും കൂടി മുറ്റത്ത്‌ തുണി കഴുകുകയാണ്‌.
സമയം ഒരു പതിനൊന്നു മണിയായിക്കാണും.
മുറ്റത്തെ പ്ലാവിന്‍കൊമ്പത്ത്‌ കുറേ നേരമായി ഒരു കാക്ക പാറിയും പറന്നും കളിക്കുന്നുണ്ട്‌.
അതിന്റെ കൊക്കില്‍ ചെറിയ ചുള്ളിക്കമ്പുകളും കാണുന്നുണ്ടായിരുന്നു.
പ്ലാവിന്മേല്‍ കൂടു വയ്ക്കാനുള്ള പണിയെന്തോ ആണ്‌ എന്നു ഞാന്‍ മനസ്സില്‍ കരുതി.
കൊണ്ടു വന്ന സാധനങ്ങളെല്ലാം അത്‌ പ്ലാവിന്റെ കൊമ്പിലെവിടെയോ സൂക്ഷിച്ചു വയ്ക്കുകയാണ്‌.
കാക്ക നല്ല ഉത്സാഹത്തിലാണ്‌. കൂടുണ്ടാക്കുകയല്ലേ, തീര്‍ച്ചയായും സന്തോഷം ഉണ്ടാകും.
കുറച്ചു കഴിഞ്ഞപ്പോള്‍ കാക്കയുടെ കൊക്കില്‍ കണ്ടത്‌ ഒരു കമ്പിക്കഷ്ണമാണ്‌.
ഞാനത്‌ ഭാര്യയ്ക്ക്‌ കാണിച്ചു കൊടുത്തു.
വീണ്ടും കുറച്ചു കഴിഞ്ഞപ്പോള്‍ കാക്കയുടെ കൊക്കില്‍ കണ്ടത്‌ കുറെ കമ്പിച്ചുരുളുകളാണ്‌.
അതും ഞാന്‍ അവള്‍ക്ക്‌ കാണിച്ചു കൊടുത്തു.
ഉടനെ വന്നു അവളുടെ comment:
ഓഹോ! കാക്കയ്ക്ക്‌ നാളെ അതിന്റെ കൂടിന്റെ സിമന്റ്‌ കോണ്‍ക്രീറ്റാണെന്നു തോന്നുന്നു.

കാഷ്മീര്‍

2008 മാര്‍ച്ച്‌ 04 ചൊവ്വാഴ്ച.
കാഷ്മീര്‍സിങ്ങിനെ പാക്കിസ്താന്‍ വെറുതെ വിട്ടു.
കാഷ്മീര്‍സിംഗ്‌ മോചിതനായി.
കാഷ്മീര്‍സിങ്ങിനുവേണ്ടി പാക്കിസ്താന്‍ ഇനി അവകാശവാദം ഉന്നയിക്കുകയില്ല.
കാഷ്മീര്‍സിംഗ്‌ ഇന്ത്യയ്ക്ക്‌ സ്വന്തം. ഇന്ത്യ കാഷ്മീര്‍സിങ്ങിനു സ്വന്തം.
**************************************
പക്ഷേ കാഷ്മീര്‍സിംഗ്‌ ഇപ്പോള്‍ സിങ്ങല്ല.
അദ്ദേഹം ടര്‍ബന്‍ വേണ്ടെന്നു വച്ചിരുന്നു.
തലപ്പാവ്‌ അഴിച്ചുമാറ്റിയിട്ടായിരുന്നൂ സര്‍ദാര്‍ജി പാക്കിസ്താനിലേക്ക്‌ വണ്ടി കയറിയത്‌.
അതുകൊണ്ട്‌ അദ്ദേഹം ഇപ്പോള്‍ കാഷ്മീര്‍സിങ്ങല്ല, വെറും കാഷ്മീര്‍.
അപ്പോള്‍ ഈ എഴുതിയതെല്ലാം മാറ്റിയെഴുതണ്ടേ?
ശരി, ആയിക്കളയാം.
**********************************************
2008 മാര്‍ച്ച്‌ 04 ചൊവ്വാഴ്ച.
കാഷ്മീരിനെ പാക്കിസ്താന്‍ വെറുതെ വിട്ടു.
കാഷ്മീര്‍ മോചിതമായി.
കാഷ്മീരിനുവേണ്ടി പാക്കിസ്താന്‍ ഇനി അവകാശവാദം ഉന്നയിക്കുകയില്ല.
കാഷ്മീര്‍ ഇന്ത്യയ്ക്ക്‌ സ്വന്തം. ഇന്ത്യ കാഷ്മീരിനു സ്വന്തം.
*********************************************

പക്ഷേ ഏത്‌ കാഷ്മീര്‍? പണ്ഡിറ്റുകളുടെ ജന്മഭൂമിയും അഭൗമസൗന്ദര്യത്തിന്റെ കളിത്തൊട്ടിലുമായ കാഷ്മീരിനു മോചനമുണ്ടോ????

എന്റെ ആദ്യത്തെ ബ്ലോഗ്‌

ഇത്‌ കഥയല്ല. അതുകൊണ്ട്‌ തന്നെ ഇതില്‍ നായികയുമില്ല.
അതിഗാഢമായ ചിന്തയിലാണ്‌ നായകന്‍. മുഖത്ത്‌ തികഞ്ഞ നിരാശ. ചുറ്റും നിശ്ശബ്ദത.
പ്രതിനായകന്‍ പ്രവേശിക്കുന്നു. പ്രതിക്ക്‌ നായകനോട്‌ പെരുത്ത്‌ സ്നേഹം. (നായിക ഇല്ലാത്തതല്ലേ!)
"സുഹൃത്തേ, എന്താണൊരു വൈക്ലബ്യം?" പ്രതി നിശ്ശബ്ദത ഭഞ്ജിച്ചു.
"പറ്റുന്നില്ലാശാനേ", നായകന്‍ ശബ്ദം ശരിയാക്കി.
"എന്ത്‌? ദേ, നോക്ക്‌, ഇതാ, ഇവിടെ feel ചെയ്യ്‌", പ്രതി തന്റെ നെഞ്ചത്ത്‌ കൈ വച്ചു കാണിച്ചു.
"ഇനി പറ, തനിക്ക്‌ എന്താണ്‌ പറ്റാതെ പോയത്‌?"
".........ബ്ലോ...ബ്ലോ... ബ്ലോഗാന്‍....... അതും മലയാളത്തില്‍.... ആണുങ്ങളായ ആണുങ്ങളൊക്കെ ബ്ലോഗുമ്പോള്‍ നമ്മളിങ്ങനെ.............." നായകന്‍ തന്റെ സങ്കടം പുറത്തെടുത്തു.
"അപ്പോള്‍ ആഗ്രഹം ചില്ലറയൊന്നുമല്ലല്ലോ! കൊള്ളാം, അങ്ങനെത്തന്നെ വേണം ആണ്‍കുട്ടികളായാല്‍." പ്രതി പ്രോത്സാഹിപ്പിച്ചു. (അല്ല, ഇയാള്‍ വില്ലനൊന്നുമല്ല!)
"പക്ഷേ, എന്തെഴുതും?" നായകന്‌ തികഞ്ഞ സംശയം.
"ദേ, ഇതു തന്നെ താനങ്ങോട്ടെഴുത്‌", പ്രതി പ്രോത്സാഹിപ്പിച്ചു.
"എന്ത്‌? ഛെ...ഛെ..." നായകന്‌ വീണ്ടും സംശയം.
"വണ്ടി ഡീറെയ്‌ല്‌ ആവുകയൊന്നുമില്ല. താനിത്‌ തന്നെ അങ്ങോട്ടെഴുത്‌" പ്രതിയുടെ നിര്‍ബ്ബന്ധം.
നായകന്റെ മനസ്സില്‍ ഒരു വെളിച്ചം. അദ്ദേഹവും Doordarshan കാണുന്നുണ്ടല്ലോ!
"ശരി, അങ്ങനെത്തന്നെയാവട്ടെ." നായകന്‍ സമ്മതിക്കുന്നു.
പിന്നീടെല്ലാം വളരെ വേഗത്തിലായിരുന്നു.
നായകന്‍ തന്റെ Reynolds പെന്ന് കയ്യിലെടുക്കുന്നു.
ഛെ, തെറ്റി, പെന്നല്ല, മൗസ്‌...പിന്നീട്‌ കീബോഡ്‌......വീണ്ടും മൗസ്‌... വീണ്ടും കീബോഡ്‌...
മൗസ്‌ ... കീബോഡ്‌...കീബോഡ്‌ .. മൗസ്‌ ...
നായകന്റെ ആദ്യത്തെ ബ്ലോഗ്‌ തയ്യാര്‍.