2008, ജൂൺ 20, വെള്ളിയാഴ്‌ച

പയംകുറ്റി മല

പയംകുറ്റി മല.

പയംകുറ്റി എന്ന പേരു കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഓടിയെത്തുന്നത്‌ മുത്തപ്പനാണ്‌.

ശരിയാണ്‌, മുത്തപ്പനും മുത്തപ്പക്ഷേത്രവും നില്‍ക്കുന്ന മലയാണ്‌ പയംകുറ്റി മല.

വടകരയിലെ പ്രശസ്തമായ ലോകനാര്‍കാവിനു സമീപമാണ്‌ ഈ മല. വടകര-പേരാമ്പ്ര റോഡില്‍ (ലോകനാര്‍)"കാവില്‍ റോഡ്‌" ബസ്‌സ്റ്റോപ്പില്‍ ഇറങ്ങി കുറച്ചു മുന്നോട്ട്‌ നടന്നാല്‍ പയംകുറ്റി മല എന്ന ബോര്‍ഡ്‌ കാണാം. അവിടെനിന്നു ഒന്നര കിലോമീറ്റര്‍ ഇടത്തോട്ട്‌ കയറുമ്പോള്‍ പയംകുറ്റി മലയിലെത്തും.

കേരളം എത്ര ഹരിതാഭമാണ്‌ എന്നറിയാന്‍ കേരളീയര്‍ തീര്‍ച്ചയായും ഇവിടെത്തന്നെ വരണം. മലക്കു ചുറ്റും, ചക്രവാളം വരെ പച്ചപ്പു മാത്രം. കേരളം എന്ന പേര്‌ അന്വര്‍ത്ഥമാക്കുന്ന വിധം കേരവൃക്ഷങ്ങള്‍. താഴെ പച്ചപ്പ്‌, മേലെ ആകാശം. നയനമനോഹരമായ കാഴ്ച. ഒരു വിനോദസഞ്ചാരി വിട്ടുപോകാന്‍ പാടില്ലാത്ത കാഴ്ച. ഒരു ഭാഗത്ത്‌ അകലെ അറബിക്കടല്‍ കാണാം. അങ്ങിങ്ങായി വിരലിലെണ്ണവുന്ന കെട്ടിടങ്ങളും മൊബൈല്‍ ടവറുകളും കൂടി കാണാം. മലയുടെ ഒത്ത മുകളിലാണ്‌ മുത്തപ്പന്റെ അമ്പലം.

മലയാളം മലകളുടെ നാടാണ്‌. മിക്ക മലകളിലും മലയുടെ മക്കളുണ്ട്‌. മലയാളത്തില്‍ മാത്രമല്ല, അതിനു പുറത്തും മലകളില്‍ മലമക്കളുണ്ട്‌. നമ്മള്‍ അവരെ സൗകര്യപൂര്‍വ്വം ആദിവാസികള്‍ എന്നു വിളിച്ചു. അവര്‍ക്ക്‌ പ്രാര്‍ത്ഥിക്കാന്‍ അവരവിടെ മലദൈവങ്ങളെ പ്രതിഷ്ഠിച്ചു. മലദൈവങ്ങളില്ലാത്ത മലകളില്‍ നമ്മള്‍ നമ്മുടെ ദൈവങ്ങളെ കുടിയിരുത്തി. അങ്ങനെയാണ്‌ ശബരിമലയില്‍ അയ്യപ്പനും പഴനിമലയില്‍ ശ്രീമുരുകനും തിരുപ്പതിയില്‍ വെങ്കടേശ്വരനും പള്ളി കൊള്ളുന്നത്‌. ഇവിടങ്ങളില്‍ മാത്രമല്ല ആസേതുഹിമാചലം എല്ല മലകളിലും ഹിന്ദു ദൈവങ്ങളുടെ സാന്നിദ്ധ്യമുണ്ട്‌. അങ്കഗണിതത്തിലും അസ്‌ട്രോളജിയിലും കാമകലകളിലുമൊക്കെ യൂറോപ്യന്മാര്‍ക്ക്‌ മാര്‍ഗ്ഗദര്‍ശനം നല്‍കിയ നമ്മള്‍ (ഭാരതീയര്‍) അവിടെയും യൂറോപ്യന്‍ മതക്കാര്‍ക്ക്‌ മാതൃകയായി. നമ്മള്‍ കയറാത്ത മലകളില്‍ കയറി അവര്‍ കുരിശു നാട്ടി. പിന്നീടവര്‍ അവിടെ കുരിശുമല തീര്‍ത്ഥാടനവും തുടങ്ങി. (ഡറാഡൂണില്‍നിന്നു മസൂറിയിലേക്കൂള്ള കുത്തനെയുള്ള കയറ്റം കയറുമ്പോഴും അകലെ മലമുകളില്‍ ബൃഹത്തായ കുരിശു കാണാം.) എന്നിട്ടും ദൈവമില്ലാമലകള്‍ ബാക്കിയായി. അപ്പോഴാണ്‌ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ വരവ്‌. അത്തരം മലകളില്‍ മന്ത്രിമാര്‍ കല്ലിടുകയും അവിടെ പിന്നീട്‌ ടൂറിസം റിസോര്‍ട്ടുകള്‍ പണിയുകയും ചെയ്തു. അങ്ങനെയാണ്‌ പൊന്മുടിയും മറ്റും വിനോദസഞ്ചാര കേന്ദ്രങ്ങളായത്‌. വിനോദം മോശമല്ലാ എന്നു കണ്ടെത്തിയ അവര്‍ പിന്നെ ദൈവങ്ങള്‍ക്കു സമീപത്തും ടൂറിസത്തിനു വിത്തിട്ടു. "ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍"ക്കല്ലാതെ മറ്റാര്‍ക്കുണ്ട്‌ ദൈവത്തിനടുത്ത്‌ ടൂറിസം തുടങ്ങാന്‍ അധികാരം? അങ്ങനെ നമ്മുടെ പയംകുറ്റി മലയും വിനോദസഞ്ചാരകേന്ദ്രമായി. കഴിഞ്ഞ കൊല്ലമാണ്‌ കോടിയേരി ബാലകൃഷ്ണന്‍ അവിടെ ടൂറിസത്തിനു കല്ലിട്ടത്‌.

വടകരയിലെ പ്രധാന പ്രകൃതിദര്‍ശന കേന്ദ്രം ഈ പയംകുറ്റി മലയാണ്‌. അടുത്തത്‌ കടല്‍ത്തീരമാണ്‌.

വടകരക്കാരോട്‌ ചോദിച്ചാല്‍ അവര്‍ പറയും വടകരയില്‍ ഒന്നും കാണാനില്ലെന്ന്.
പക്ഷെ നിരാശനാകാതെ കാണുന്നവരോടെല്ലാം ഞാന്‍ ചോദിച്ചുകൊണ്ടിരുന്നു.
"വടകരയില്‍ എന്തുണ്ട്‌ കാണാന്‍?"
അവസാനം കണാരേട്ടനാണ്‌ ഈ മലയെക്കുറിച്ചുള്ള വിവരം തന്നത്‌.

കണ്ണൂരില്‍ വച്ച്‌ "ഞാന്‍ വടകരയില്‍ ഒരു മലയില്‍ പോയി" എന്നു പറഞ്ഞപ്പോള്‍ അവര്‍ ചോദിച്ചത്‌ "വടകരയില്‍ മലയോ?" എന്നായിരുന്നു.

നട്ടുച്ചയ്ക്കാണ്‌ ഞാന്‍ മല കയറാന്‍ തുടങ്ങിയത്‌. പറഞ്ഞല്ലോ, വെറും ഒന്നര കിമി.
കുറച്ച്‌ കുത്തനെയുള്ള റോഡ്‌. കരിങ്കല്‍ പാകിയ ചെമ്മണ്ണു റോഡ്‌. റ്റൂവീലറുകള്‍ക്കോ കാറിനോ പറ്റിയതല്ല ഈ റോഡ്‌. ജീപ്പുണ്ടെങ്കില്‍ പരമസുഖം. പക്ഷേ നടക്കുന്നതാണുത്തമം. കാഴ്ച കാണാനിറങ്ങുന്നതല്ലേ?

അധികം വൈകാതെ ഈ റോഡ്‌ മെറ്റല്‍ ചെയ്ത്‌ ഗതാഗതയോഗ്യമാകാനാണ്‌ സാദ്ധ്യത. കാരണം വടകരയിലെ എല്ലാ റോഡുകളും ഗതാഗതയോഗ്യമാണെന്നതുതന്നെ.

ഞാന്‍ മേലോട്ടു കയറുമ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു. പക്ഷേ മലമുകളിലെത്തിയപ്പോള്‍ പൊള്ളുന്ന വെയിലായിരുന്നു. എന്നെപ്പോലെയുള്ള ഭ്രാന്തന്മാര്‍ മാത്രമെ ഈ നട്ടുച്ചക്ക്‌ മല കയറൂ. പക്ഷേ ചൂടെനിക്കൊരു പ്രശ്നമായില്ല, കാരണം കാറ്റ്‌ മന്ദമായി വീശുന്നുണ്ടായിരുന്നു എന്നതു തന്നെ.

പയംകുറ്റി മലയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഏറ്റവും കൂടുതല്‍ മനോഹരമാവുന്നത്‌ സായംസന്ധ്യകളിലും പുലര്‍വേളകളിലുമാണ്‌. അവിടെ നിന്നുള്ള ഉദയാസ്തമനങ്ങള്‍ എത്രത്തോളം സുന്ദരമായിരിക്കുമെന്ന്‌ ഞാന്‍ മനസ്സില്‍ കണ്ടു.

"ലോകൈകശില്‍പി രജനീവനിതയ്ക്കു ചാര്‍ത്താന്‍
നക്ഷത്രമാല പണി ചെയ്യുവതിന്നു വേണ്ടി
സൗവ്വര്‍ണ്ണപിണ്ഡമതെടുത്തു നീറ്റില്‍ മുക്കുന്ന"

ആ രംഗം ........., വേണം, അടുത്ത തവണ കുടുംബത്തോടെ എനിക്കതാസ്വദിക്കണം.

മലമുകള്‍ വിജനമയിരുന്നു. ക്ഷേത്രം അടഞ്ഞു കിടന്നു. ഇരിക്കാനോ വിശ്രമിക്കാനോ ഞാന്‍ ശ്രമിച്ചില്ല, കാരണം വടകരയില്‍ എനിക്കു കാണാന്‍ ഏറെയുണ്ടായിരുന്നു. സമയം കുറവും. മലയുടെ മുകളില്‍ നിന്നുകൊണ്ടു ഞാന്‍ വീണ്ടും ചുറ്റും കണ്ണോടിച്ചു. കൊള്ളാം, ഈ യാത്ര നഷ്ടമായില്ല്യ, വെറുതേയായില്ല്യ.

ഞാന്‍ ബാഗും കുടയും താഴെ വച്ചു. ചെരിപ്പ്‌ ഊരി മാറ്റി. മുത്തപ്പന്റെ മുന്നിലേക്ക്‌ നീങ്ങി ഞാന്‍ കുറച്ചു നേരം നിന്നു.

"എന്റെ മുത്തപ്പാ", ഞാന്‍ ഉറക്കെ വിളിച്ചു. അതിനുള്ള സൗകര്യം എനിക്കുണ്ടായിരുന്നു. മല വിജനമായിരുന്നല്ലോ.

ഞാന്‍ വിളിച്ച വിളി മുത്തപ്പന്‍ കേട്ടുവോ? അതോ മുത്തപ്പന്‍ ഉറങ്ങുകയായിരുന്നുവോ? എങ്കില്‍ എന്റെ വിളി മുത്തപ്പനെ അലോസരപ്പെടുത്തിയോ ആവോ?

ചെരിപ്പും ബാഗുമെടുത്ത്‌ ഞാന്‍ വേഗത്തില്‍ മലയിറങ്ങി.

പയംകുറ്റി മുത്തപ്പാ, കാത്തോളണേ!!!

3 അഭിപ്രായങ്ങൾ:

pts പറഞ്ഞു...

പയം കുറ്റിയെ കുറിച്ച് അറിഞതില്‍ സന്തോഷം.തീര്‍ച്ചയായും അവിടം കാണണമെന്ന് തോന്നുന്നു.അസ്തമയത്തില്‍ വന്നതിനു നന്ദി.

ശ്രീ ഇടശ്ശേരി. പറഞ്ഞു...

നിങ്ങള്‍ ഭാഗ്യവാന്മാര്‍..ഇത്തരം യാത്രകള്‍ നിങ്ങള്‍ക്കു സ്വന്തം...അസൂയക്കു മരുന്നുകിട്ടിയെങ്കില്‍!!
ഇനിയും യത്ര ചെയ്ക ..എഴുതുക.വായനയിലൂടെ ഈലോകം കാണട്ടെ..

beypore babu പറഞ്ഞു...

നന്നായിട്ടുണ്ട്.