2008, ഒക്‌ടോബർ 8, ബുധനാഴ്‌ച

ബ്ലോഗിങ്ങും കറന്റ്‌ ചാര്‍ജും....

മൂന്നു നാലു മാസമായി ഞാന്‍ ഈ ബൂലോകത്ത്‌ ചുറ്റിനടക്കാന്‍ തുടങ്ങിയിട്ട്‌. പുതിയ ഒരു ലോകത്തെത്തിയ പ്രതീതിയായിരുന്നു ആദ്യമായി ഇവിടെ എത്തിയപ്പോള്‍.... കാക്കത്തൊള്ളായിരത്തോളം വരുന്ന ഈ ബൂലോകരല്ലാം എന്തെല്ലാം കാര്യങ്ങളാണ്‌ എഴുതുന്നത്‌ എന്നത്‌ ഒരു അത്ഭുതമായി തോന്നി. വായിച്ച ബ്ലോഗുകളുടെ പ്രേരണയാല്‍ ഈ കാലത്ത്‌ ജീവിതത്തിലാദ്യമായും അവസാനമായും എന്തോ ചപ്പുചവറുകളെഴുതിനോക്കുകയും ചെയ്തു. (അതു തന്നെ സാധിച്ചത്‌ "ആള്‍രൂപ"മെന്ന ഒരു പുറന്തോടിനുള്ളില്‍ ഒളിക്കാന്‍ ഉള്ള സൗകര്യം ബൂലോകത്ത്‌ ഉണ്ട്‌ എന്നതുകൊണ്ടാണ്‌.)

ഇതുവരെ താന്‍ ചെയ്തതുതന്നെയാണ്‌ ശരി അല്ലെങ്കില്‍ ഇതുവരെ താന്‍ ചെയ്യാതിരുന്നതുതന്നെയാണ്‌ ശരി എന്ന ബോധം അപ്പോഴേയ്ക്കും ഉണ്ടായി..
എഴുതാനറിയുന്നവരേ എഴുതാവു .. എന്ന ബോധം....

എന്നാലും ബൂലോകത്തുനിന്ന് പെട്ടെന്നു പിന്മാറാന്‍ മനസ്സ്‌ അനുവദിച്ചില്ല. അബദ്ധജടിലമായ കുറച്ച്‌ കമന്റുകള്‍ അവിടെയും ഇവിടെയും പ്രതിഷ്ഠിച്ച്‌ വീണ്ടും ഈ ബൂലോകത്തുതന്നെ കടിച്ചുതൂങ്ങി. ഫലമോ? ഇന്റര്‍നെറ്റ്‌ ചാര്‍ജ്‌, ടെലെഫോണ്‍ ചാര്‍ജ്‌ എന്നൊക്കെ പറഞ്ഞ്‌ പതിവായി അടയ്ക്കുന്ന ദ്വൈമാസ ടെലെഫോണ്‍ ബില്‍ കുത്തനെ കൂടി.. അത്രതന്നെ.

സി.ആര്‍.ടി. മോണിറ്ററിന്റെ മുന്നില്‍ ഇരുന്നതുകൊണ്ടുള്ള റേഡിയേഷന്റെ ഫലം ഇനി എന്നാണാവോ അറിയാന്‍ പോകുന്നത്‌ ആവോ? എന്നാലും ബ്ലോഗിങ്ങിന്റെ കുറെ സാങ്കേതികതകള്‍ മനസ്സിലാക്കാന്‍ ഈ ചുറ്റിയടിക്കല്‍ കൊണ്ട്‌ സാധിച്ചു.
മാത്രമല്ല, നേരിട്ടല്ലെങ്കിലും ധാരാളം സഹൃദയരെ പരിചയപ്പെടാനും അവരോട്‌ സംവദിക്കാനും എനിയ്ക്ക്‌ സാധിച്ചു. "ആര്‍ഷ ഭാരതീയം" ഡോ. പണിക്കര്‍ജി, വേണു നായര്‍ജി, ഹരിയണ്ണന്‍, നിരക്ഷരന്‍, ഗീതാഗീതികള്‍, ആഷാഡം, നരിക്കുന്നന്‍ ...... ആ ലിസ്റ്റ്‌ നീളുന്നു.
ഇടയ്ക്ക്‌ വച്ച്‌ ഒരു ബന്ധുവിനേയും ബൂലോകത്ത്‌ ഞാന്‍ കണ്ടു -- ശ്രീ ഇടശ്ശേരി.

പിന്നെ കുറുമന്‍, വിശാലമനസ്ക്കന്‍, ചിന്നഹള്ളി ശിവന്‍ തുടങ്ങിയവരേയും ഞാനിവിടെ കണ്ടു. വിശാലഹൃദയന്റെ 'തേക്കിലയില്‍ പൊതിഞ്ഞ പോത്തിറച്ചി' പോലുള്ള പ്രയോഗങ്ങളൊന്നും മനസ്സില്‍ നിന്നു പോയിട്ടില്ല. സത്യത്തില്‍ അദ്ദേഹത്തിന്റെ സൈക്കിള്‍ യജ്ഞം പോലുള്ള ചെറുകഥകളാണ്‌ എന്നെ ഈ ബൂലോകത്തേയ്ക്ക്‌ ആകര്‍ഷിച്ചത്‌. എന്നിട്ടും വളരെ കഴിഞ്ഞേ ഞാനൊരു ബ്ലോഗര്‍ ഐഡി ഉണ്ടാക്കിയുള്ളു. എന്നിട്ടും അദ്ദേഹത്തിന്റെ ഒരു ബ്ലോഗ്‌പോസ്റ്റിന്‌ കമന്റെഴുതാന്‍... അതിനുള്ള ധൈര്യം എനിയ്ക്കു വന്നില്ല.

ബാക്കിയുള്ളവരെല്ലാം നിരക്ഷരരാണെന്ന ചിന്തയില്‍ ചില സ്ഥലങ്ങളില്‍ കമന്റെഴുതി കൈ പൊള്ളിക്കുകയും ചെയ്തു.
ഇതു മാത്രമോ? ഗാര്‍ഹികരംഗത്തും ചില ഇരുട്ടടികളൊക്കെ ഉണ്ടായി... "അമ്മേ, അച്ഛന്‍ പെണ്ണുങ്ങളുമായി ബ്ലോഗിലൂടെ സൊള്ളുകയാണ്‌" എന്ന് ഈ അച്ഛന്റെ കമന്റുകള്‍ വായിച്ച്‌ മക്കള്‍ അമ്മയ്ക്ക്‌ റിപ്പോര്‍ട്ട്‌ കൊടുത്തു.
അവരുടെ അമ്മയാണെങ്കിലോ? മനുഷ്യാ... കമ്പ്യൂട്ടറിനു മുമ്പില്‍ ചടഞ്ഞിരിക്കാതെ പോയി അരി വാങ്ങി വാ എന്ന പല്ലവി പാടിക്കൊണ്ടിരുന്നു.

എന്തായാലും ഒന്നു സത്യമാണ്‌..
"ഊണിന്നാസ്ഥ കുറഞ്ഞു നിദ്ര നിശയിങ്കല്‍ പോലുമില്ലാതെയായ്‌..."
എന്ന അവസ്ഥയിലായിരുന്നു ഞാന്‍...

പക്ഷേ ഇനി വയ്യ.. ജനകീയ ഗവണ്‍മന്റ്‌ ഇലക്ട്രിസിറ്റിയുടെ ഉപഭോഗം 200യൂണിറ്റായി പരിമിതപ്പെടുത്തിയിരിക്കുന്നു. അത്‌ കൂടിപ്പോയാല്‍ കൈ പൊള്ളും. 200 യൂനിറ്റ്‌ കടന്നാലുള്ള ബുദ്ധിമുട്ടൊക്കെ പത്രത്തിലുണ്ട്‌. ചുരുക്കാവുന്ന ഒരു ചെലവ്‌ ഈ ബ്ലോഗിങ്ങിന്റെ കറന്റാണ്‌.

അതുകൊണ്ടെന്താ ഇപ്പോള്‍ കരണീയം? ഒന്നേയുള്ളു. ഈ ബ്ലോഗ്‌ സന്ദര്‍ശനങ്ങളും കമന്റലുകളും നിര്‍ത്തുക തന്നെ.. ലാഭം കറന്റ്‌ ചാര്‍ജും ടെലെഫോണ്‍ ചാര്‍ജും.
ഈ ബ്ലോഗ്‌ ഇല്ലാതെയും ഇത്ര കാലം ജീവിച്ചില്ലേ? വേണമെങ്കില്‍ വല്ലപ്പോഴും വരികയും ആകാമല്ലോ. അതുകൊണ്ട്‌ ബൂലോകമേ, തത്ക്കാലത്തേയ്ക്ക്‌ വിട...

2008, ഒക്‌ടോബർ 5, ഞായറാഴ്‌ച

വേണം .. ഇന്ത്യക്കാരനും ഒരു കൗപീനം


മാതൃഭൂമിയില്‍ കണ്ട ഒരു പംക്തിയാണ്‌ എന്റെ ഈ വരികള്‍ക്കാധാരം....
കുതിരയ്ക്കും കൗപീനം എന്നായിരുന്നു അതിന്റെ തലക്കെട്ട്‌.
തലക്കെട്ട്‌ കണ്ടപ്പോള്‍ ഞാനിങ്ങനെ ചിന്തിച്ചു.... അതെന്തിനാണീശ്വരാ ഈ കുതിരയ്ക്കിപ്പോഴൊരു കൗപീനത്തിന്റെ ആവശ്യം? കുതിരയ്ക്കെന്നല്ല മനുഷ്യനൊഴിച്ചുള്ള ഒരു മൃഗത്തിനും ഈ കൗപീനത്തിന്റെ ആവശ്യമില്ല... അതിന്‌ പകരമല്ലേ ദൈവം അവര്‍ക്ക്‌ വാല്‍ കൊടുത്തിരിക്കുന്നത്‌? അതാലോചിപ്പോഴാണ്‌ ദൈവത്തിന്റെ മഹത്വം വീണ്ടും എന്നിലുണര്‍ന്നത്‌... മൃഗങ്ങള്‍ക്ക്‌ വിശേഷബുദ്ധിയില്ലെന്നും നാണം മറയ്ക്കാന്‍ കൗപീനം പണിയാനൊന്നും അവര്‍ക്കറിയില്ലെന്നും ദൈവത്തിനറിയാവുന്നതുകൊണ്ടല്ലേ ദൈവം അവര്‍ക്ക്‌ വാല്‍ കൊടുത്തത്‌! അത്‌ അവര്‍ സ്വസ്ഥാനത്ത്‌ വച്ചാല്‍ എല്ലാം ഭദ്രം.... മറയേണ്ടതെല്ലാം മറഞ്ഞിരിക്കും...

ശരിയാണ്‌, പിന്നെ ചില മൃഗങ്ങളുണ്ട്‌, അവര്‍ ഈച്ചയെ ആട്ടാനെന്ന മട്ടില്‍ വാല്‍ പൊക്കിയും ചലിപ്പിച്ചും ഇരിക്കും... അത്‌ മറ്റൊന്നും കൊണ്ടല്ല...എക്‍സിബിഷനിസം എന്ന രോഗം തന്നെ. ചില മനുഷ്യര്‍ക്കുമില്ലേ ഇത്തരം രോഗങ്ങള്‍.... പക്ഷേ മൃഗങ്ങളെപ്പോലെയല്ല മനുഷ്യരുടെ കാര്യം... അവര്‍ക്ക്‌ വിശേഷബുദ്ധിയുണ്ട്‌.. നാണം എന്നാലെന്ത്‌ എന്നവര്‍ക്കറിയാം, കൗപീനം തുന്നാനറിയാം... അതൊക്കെയായപ്പോള്‍ ദൈവം കരുതി, എന്നാല്‍ പിന്നെ ഇവര്‍ക്കെന്തിനാ ഒരു വാല്‍ എന്ന്‌... അങ്ങനെയാണ്‌ മനുഷ്യന്‌ വാല്‍ കിട്ടാതെ പോയത്‌...

വാല്‍പുരാണത്തിന്റെ സബ്‌റുട്ടീന്‍ സര്‍വ്വീസ്‌ ചെയ്തു കഴിഞ്ഞപ്പോള്‍ പ്രോസസ്‌ ഷെഡ്യൂളര്‍ വീണ്ടും എന്റെ ശ്രദ്ധ പത്രത്തിലേയ്ക്കു തന്നെ തിരിച്ചു വിട്ടു. എങ്കില്‍ ശരി, കുതിരയ്ക്കെന്തിനാ കൗപീനം എന്നു നോക്കുക തന്നെ...
അങ്ങനെയാണ്‌ ഞാനതു മുഴുവനും വായിച്ചത്‌... അപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നു പോയത്‌ ഡല്‍ഹി, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലൊക്കെ രാവിലെ തീവണ്ടിയില്‍ എത്തുമ്പോഴത്തെ റയിലിന്നിരുവശവും ഉള്ള കാഴ്ച്ചയാണ്‌. ആ കാഴ്ച്ച എന്റെ ചെവിയില്‍ ഇങ്ങനെ മന്ത്രിച്ചു....

കുതിരക്ക്‌ മാത്രം പോരാ .... ഇന്ത്യക്കാരനും വേണം ഒരു കൗപീനം എന്ന്

പക്ഷേ നമ്മള്‍ മലയാളികള്‍ക്ക്‌ ഇതൊന്നും ബാധകമല്ല കെട്ടോ! അവരെത്ര ശുചിയുള്ളവരാണ്‌. കോഴിക്കോട്ടെ കടപ്പുറത്തിന്റെ

ചിത്രം നോക്കിയാല്‍ ഈ സംഗതി വ്യക്തമാവും.

2008, സെപ്റ്റംബർ 28, ഞായറാഴ്‌ച

ഒരു ഭ്രൂണഹത്യയുടെ ചുരുളഴിയുന്നു....

ഓണത്തോടനുബന്ധിച്ചാണ്‌ ഈ ഭ്രൂണഹത്യയുടെ തുടക്കം.
സാധനങ്ങളുടെ വിലക്കയറ്റം ഇങ്ങനെയൊരു പാതകത്തിന്‌ കാരണമാകുമെന്ന് അന്നു ഞാന്‍ കരുതിയതല്ല.
അതെന്തായാലും അതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്തം എനിയ്ക്കു തന്നെയാണ്‌.
സംഗതികള്‍ ഇങ്ങനെയൊക്കെയാണ്‌....
പച്ചക്കറികള്‍ക്കും സാധനങ്ങള്‍ക്കും തീ പിടിച്ച വില. പലതിന്റേയും വില രണ്ടും മൂന്നും ഒക്കെ ഇരട്ടിയായിക്കഴിഞ്ഞിരുന്നു. കോഴിമുട്ടയുടെ വലിപ്പമുള്ള ഒരു നാളികേരത്തിനു കൊടുക്കണമായിരുന്നൂ പത്തും പന്ത്രണ്ടും ഉറുപ്പിക. എന്നാലോ അതിനകത്ത്‌ ഒരു മൂന്നു ദോശ തിന്നാനുള്ള സമ്മന്തിയ്ക്ക്‌ വേണ്ട തേങ്ങ കിട്ടുമായിരുന്നില്ല. അത്രയ്ക്കു ചെറുതായിരുന്നൂ ഒരോ നാളികേരവും.
12 രൂപ കൊടുത്ത്‌ ഇത്രയും ചെറിയ നാളികേരം വാങ്ങാനുള്ള എന്റെ വിമുഖതയാണ്‌ സത്യത്തില്‍ പ്രശ്നങ്ങളുടെ തുടക്കം.
എന്റെ അയല്‍വാസി എന്നെപ്പോലെയൊന്നുമല്ല. അദ്ദേഹത്തിന്‌ ധാരാളം തെങ്ങിന്‍തോപ്പുകളും റബ്ബര്‍ എസ്റ്റേറ്റുകളും മറ്റുമുണ്ട്‌. ധാരാളം നാളികേരം കിട്ടും. മൊത്തക്കച്ചവടക്കാരനു വിറ്റുകഴിഞ്ഞാലും വെളിച്ചെണ്ണയ്ക്കു വേണ്ടി മാറ്റി വച്ചാലും അടുക്കളയില്‍ കറിയ്ക്കരയ്ക്കാന്‍ നീക്കിവച്ചാലും അദ്ദേഹത്തിന്‌ പിന്നേയും നാളികേരം മിച്ചം വരും. അതവിടെ അവരുടെ വീട്ടുമുറ്റത്ത്‌ വെയിലും മഴയും കൊണ്ടങ്ങനെ കിടക്കും.
അതു നോക്കി എപ്പോഴും എന്റെ ഭാര്യ പറയും... എത്ര നാളികേരമാ വേണ്ടാതെ കിടക്കുന്നത്‌ എന്ന്...
ആ നാളികേരങ്ങളാണ്‌ എന്നിലെ ചിന്തയെ മാറ്റിമറിച്ചത്‌ എന്നു പറഞ്ഞാല്‍ മതിയല്ലോ.
ഞാനിങ്ങനെ ചിന്തിച്ചു. നാളികേരത്തിനു പൊള്ളുന്ന വില കൊടുക്കേണ്ടി വരുമ്പോള്‍ എത്രയെണ്ണമാണ്‌ വെറുതെ കിടക്കുന്നത്‌. അയല്‍വാസിയോട്‌ കുറച്ചെണ്ണം ചോദിച്ചാലോ. എന്തായാലും കുറച്ച്‌ പൈസ ലാഭിയ്ക്കാം.
അങ്ങനെ ഞാന്‍ അയാളോട്‌ ചോദിക്കുക തന്നെ ചെയ്തു. അയാള്‍ ഉടനെ പെറുക്കിയെടുത്തോളാന്‍ പറയുകയും ചെയ്തു.

ഞാന്‍ പിറ്റേ ദിവസം രാവിലെ നാളികേരം എടുക്കാന്‍ ചാക്കുമായി അയല്‍വാസിയുടെ മുറ്റത്തെത്തുമ്പോള്‍ അയാള്‍ ഓഫീസിലേയ്ക്ക്‌ പോയിക്കഴിഞ്ഞിരുന്നു. കുട്ടികള്‍ സ്കൂളിലും. സുന്ദരിയും ചെറുപ്പക്കാരിയും ആയ അയാളുടെ ഭാര്യ മാത്രമേ അവിടുണ്ടായിരുന്നുള്ളൂ എന്നു ചുരുക്കം. അവളോട്‌ കാര്യങ്ങള്‍ പറഞ്ഞ്‌ പതിനാല്‌ നാളികേരവും ചാക്കിലാക്കി പോരുമ്പോള്‍ ആശ്ചര്യമെന്നു പറയട്ടെ, ഒരു കൊഡാക്ക്‌ കാമറയുമെടുത്ത്‌ അവളും എന്റെ പുറകെ എന്റെ വീട്ടിലേയ്ക്ക്‌ പോന്നു.

മുറ്റത്തെത്തിയപ്പോള്‍ ഞാന്‍ മുഖമുയര്‍ത്തി അവളെ അര്‍ത്ഥഗര്‍ഭമായി ഒന്നു നോക്കി. അതിനു മറുപടിയെന്നോണം 'അപൂര്‍വ്വമായ കുറച്ചു ചിത്രങ്ങള്‍ എടുക്കാനുണ്ടെന്നു' മാത്രം അവള്‍ പറഞ്ഞു. ഞാന്‍ ചാക്ക്‌ മുറ്റത്ത്‌ കൊട്ടി നാളികേരം ഒന്നൊന്നായി പൊളിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ എന്തിന്റെയൊക്കെയോ ഫോട്ടോ എടുത്തുകൊണ്ടിരുന്നു. (നാളികേരം പൊളിക്കുന്നതിലാണല്ലോ എന്റെ ശ്രദ്ധ!) വീട്ടിലാണെങ്കില്‍ എന്റെ ഭാര്യ ഉണ്ടായിരുന്നതുമില്ല. അവള്‍ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തു പോയതായിരുന്നു. (ഇനി ഉച്ചയാവാതെ അവളെത്തില്ല.. അത്രയ്ക്കാണ്‌ ചന്തയിലെ തിരക്ക്‌.) അതുകൊണ്ട്‌ ഞാന്‍ അയല്‍ക്കാരിയോട്‌ സംസാരിക്കാനൊന്നും പോയില്ല. ഞാന്‍ നാളികേരം പൊളിച്ചുകൊണ്ടിരുന്നു. അവള്‍ ഫോട്ടോ എടുത്തുകൊണ്ടും. ഓരോ നാളികേരം പൊളിച്ചു തീരുമ്പോഴും ഞാനവളെ ഒന്നു നോക്കും. അവള്‍ എന്നെയും. ഓരോ നാളികേരവും എന്റെ ഹൃദയമിടിപ്പ്‌ വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. എന്റെ മുഖത്തെ ഭാവവ്യത്യാസങ്ങള്‍ അവള്‍ക്ക്‌ മനസ്സിലാകുന്നുണ്ടായിരുന്നൂ എന്നു തോന്നുന്നു. അതിനനുസരിച്ച്‌ അവളുടെ മുഖത്തും ഭാവങ്ങള്‍ മാറിക്കൊണ്ടിരുന്നു.

14 നാളികേരവും പൊളിച്ചു തീര്‍ന്നപ്പോള്‍ ഞാനതെല്ലാം പെറുക്കിയെടുത്ത്‌ വീട്ടിനകത്തേയ്ക്ക്‌ കയറി.ഭാര്യ വീട്ടിലുണ്ടെന്ന പ്രതീക്ഷ കൊണ്ടാണോ അതോ ഞാന്‍ അത്തരക്കാരനൊന്നുമല്ലെന്ന വിശ്വാസം കൊണ്ടാണോ എന്നറിയില്ല, അവളും ഒപ്പം കയറി, ഞാനൊന്നും പറഞ്ഞതുമില്ല. വീട്ടിനകത്തു കയറിയ പാടേ ഞാന്‍ കതകടച്ചു. മറ്റൊന്നും കൊണ്ടല്ല കെട്ടോ, അലഞ്ഞു നടക്കുന്ന പട്ടിയും പൂച്ചയും അകത്തു കയറരുതെന്നേ എനിയ്ക്കുണ്ടായിരുന്നുള്ളൂ. ഞാനാണെങ്കില്‍ അപ്പോഴേയ്ക്കും ആകെ വിയര്‍ത്തിരുന്നു, അതുകൊണ്ട്‌ ഞാന്‍ ഷര്‍ട്ടൂരി ഒരു ഹാങ്ങറിലിട്ടു. ജോലി ഇനിയും കിടക്കുന്നതേയുള്ളു. നാളികേരം എല്ലാം വെട്ടണം. അതിന്റെ വെള്ളം ശേഖരിക്കണം.പിന്നീട്‌ അതുകൊണ്ട്‌ ഓണത്തിന്‌ പുതിയ തരം പാനീയം വല്ലതും ഉണ്ടാക്കണം എന്നൊക്കെയായിരുന്നു എന്റെ മനസ്സില്‍. അകത്തുകയറിയ അയല്‍ക്കാരിയാണെങ്കില്‍, ഭാര്യയെക്കാണഞ്ഞിട്ടോ എന്തോ, നിലാവ്‌ കണ്ട കോഴിയെപ്പൊലെ നില്‍ക്കുകയാണ്‌.

ഞാന്‍ ഒരു വെട്ടുകത്തിയും ഒരു പാത്രവും കൊണ്ടുവന്നു വച്ചു. അതിലിടയ്ക്ക്‌ അവളൊന്ന് തല ചൊറിഞ്ഞു. അപ്പോള്‍ ഞാനറിഞ്ഞു അവളും നല്ലപോലെ വിയര്‍ത്തിരിയ്ക്കുന്നു എന്ന്. അവളുടെ ബ്ലൗസിന്റെ കക്ഷം ആകെ നനഞ്ഞിരുന്നു.
ഞാന്‍ നാളികേരവും വെട്ടുകത്തിയും കയ്യിലെടുത്തു. അവളുടെ കയ്യില്‍ അപ്പോഴും കാമറ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഞാന്‍ നാളികേരം ഓരോന്നായി വെട്ടി.. വെള്ളം പാത്രത്തില്‍ പിടിച്ചു.

ഒന്ന്.. രണ്ട്‌... മൂന്ന്...... ആറ്‌........... പതിനൊന്ന്...... പതിനാല്‌.

അപ്പോഴേയ്ക്കും സംഭവിക്കാനുള്ളത്‌ സംഭവിച്ച്‌ കഴിഞ്ഞിരുന്നു.... എന്നിട്ടോ? ... ഒന്നും സംഭവിക്കാത്ത മട്ടില്‍ അവള്‍ വാതില്‍ തുറന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.

പിന്നീടാണ്‌ എനിയ്ക്കല്‍പ്പം വെളിവുണ്ടായത്‌. ഈശ്വരാ, അത്‌ വെറുമൊരു സ്റ്റില്‍ കാമറയല്ല വീഡിയോ കാമറ കൂടിയാണ്‌. എന്തൊക്കെയാണാവോ ഈ നേരം കൊണ്ട്‌ അതില്‍ പകര്‍ന്നത്‌?

ഞാനാകെ തളര്‍ന്നു പോയി... ഞാന്‍ പതുക്കെ അവിടെ ഇരുന്നു... അല്‌പനേരം കൊണ്ട്‌ അറിയാതെ ഞാന്‍ ഉറങ്ങിപ്പോവുകയും ചെയ്തു. പിന്നീട്‌ ഭാര്യ വന്നു വിളിക്കുമ്പോഴാണ്‌ ഞാന്‍ ഉണരുന്നത്‌....

***************
ഇനി ചെറിയൊരു മുഖവുര.... ഞാന്‍ ഈയിടെ മോഡേണ്‍ ആര്‍ട്ടിനെക്കുറിച്ച്‌ ഒരു ലേഖനം വായിക്കുകയുണ്ടായി. മോഡേണ്‍ ആര്‍ട്ട്‌ എന്താണ്‌ എന്നു പറഞ്ഞു കൊണ്ടാണ്‌ ആ ലേഖനം തുടങ്ങുന്നത്‌. അതുപോലെ കൊലപാതകം എന്താണ്‌, ഭ്രൂണഹത്യ എന്താണ്‌ എന്നൊക്കെ പറഞ്ഞുകൊണ്ട്‌ ഞാന്‍ തുടങ്ങട്ടെ. അപ്പോള്‍ കാര്യങ്ങള്‍ക്ക്‌ ഒരു വ്യക്തതയുണ്ടാകും.

ജീവനുള്ള ഒരു വസ്തുവിനെ അതിന്റെ മൂര്‍ത്തമായ അവസ്ഥയില്‍ ജീവന്‍ നഷ്ടപ്പെടത്തക്കവിധം നശിപ്പിക്കുന്നതിനെയാണ്‌ ഞാന്‍ കൊലപാതകം എന്നു വിവക്ഷിക്കുന്നത്‌. ജീവനുള്ള ഒരു വസ്തു അതിന്റെ വളര്‍ച്ചയിലെ ഏറ്റവും പ്രാഥമികമായ ഘട്ടത്തില്‍, ആദ്യരൂപം പോലും എടുക്കുന്നതിനു മുമ്പ്‌, സൂര്യപ്രകാശം കാണുന്നതിനു മുമ്പ്‌, അതെവിടെയാണോ ജന്മ മെടുത്തത്‌ അവിടെ വച്ചു തന്നെ നശിപ്പിക്കപ്പെടുന്നതാണ്‌ സാമാന്യമായി പറഞ്ഞാല്‍ ഭ്രൂണഹത്യ. (അങ്ങനെയല്ലേ?)

*******************
ഇനി നമുക്കു കഥയിലേയ്ക്ക്‌ കടക്കാം

ഓണം കഴിഞ്ഞു.......... ദിവസങ്ങള്‍ ഓരോന്നായി കൊഴിഞ്ഞുവീണു............. വാരാന്ത്യം മറ്റൊരു വാരത്തിനു വഴിമാറി.......... സ്കൂളുകള്‍ തുറന്നു.....
ഒരു നട്ടുച്ച......... ഞാന്‍ ഊണു കഴിഞ്ഞു മയങ്ങാന്‍ കിടക്കുകയാണ്‌.
കുറച്ചു ദിവസങ്ങളായി രാത്രിയില്‍ ഉറക്കം ശരിയാവാറില്ല... എപ്പോഴാണ്‌, എങ്ങനെയാണ്‌ 'ബോംബ്‌" പൊട്ടുക എന്നറിയില്ലല്ലൊ. ഞാന്‍ കിടന്ന തക്കം നോക്കി ഭാര്യ അയല്‍ക്കാരിയുടെ വീട്ടിലേയ്ക്ക്‌ പോയി.. അവര്‍ക്കും വേണമല്ലോ സമയം പോകാനൊരു മാര്‍ഗ്ഗം. പക്ഷേ അന്നെന്തോ, പതിവിനു വിപരീതമായി അവള്‍ ഉടനെ തിരിച്ചു പോന്നു. അവളുടെ കയ്യില്‍ അയല്‍ക്കാരിയുടെ കാമറയും ഉണ്ടായിരുന്നു. വന്ന പാടെ അവള്‍ കാമറ എന്നെ ഏല്‍പ്പിക്കുകയും ഓണത്തോടനുബന്ധിച്ച്‌ നടന്ന ഭ്രൂണഹത്യയുടെ കാര്യവും അതില്‍ എന്റെ പങ്കും വളരെ ഗദ്ഗദത്തോടേ അവതരിപ്പിക്കുകയും ചെയ്തു. സത്യത്തില്‍ ഞങ്ങള്‍ തമ്മില്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ എഴുതാനാവില്ല. (ഒരു ഭാര്യയും ഭര്‍ത്താവും തമ്മില്‍ എന്തൊക്കെ പറയും!) എനിയ്ക്കിപ്പോള്‍ ചെയ്യാവുന്നത്‌ ഇത്ര മാത്രം.

ആ കാമറയില്‍ നിന്നും സഭ്യമായ ചില ചിത്രങ്ങള്‍ കാണിക്കുക .... ഇതൊക്കെ നോക്കുന്നത്‌ അത്ര മോശമല്ല എന്ന് നിങ്ങള്‍ക്ക്‌ തോന്നുന്നെങ്കില്‍ നോക്കാം. അല്ലെങ്കില്‍ വിടാം. വേണമെന്നുള്ളവര്‍ ഇവിടെ കിക്കിളിയാക്കിയാല്‍ മതി. അപ്പോഴേ ഭ്രൂണഹത്യയുടെ ഒരു രൂപം പിടി കിട്ടൂ.... പിന്നെ ഒരു കാര്യം. ഞാനീ കൊലപാതകവും ഭ്രൂണഹത്യയുമൊക്കെ ഇവിടെ ഇങ്ങനെ പരസ്യമായി പറയുന്നത്‌ ഇത്‌ ഭൂലോകമല്ല, ബൂലോകമാണ്‌ എന്ന തിരിച്ചറിവുകൊണ്ടും പാപികളെ സഹിക്കാനും പൊറുക്കാനും ഉള്ള ഹൃദയവിശാലത അവര്‍ക്കുണ്ടെന്ന അറിവ്‌ എനിക്കുള്ളതുകൊണ്ടും ആണ്‌. എല്ലാം മാപ്പാക്കാനും തീര്‍പ്പാക്കാനും അഭ്യര്‍ത്ഥിച്ചു കൊണ്ട്‌ നിര്‍ത്തട്ടെ.

ഒരു കൂട്ടക്കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍

ഓണാഘോഷത്തിനിടയില്‍ നടന്ന ഒരു കൂട്ടക്കൊലപാതകത്തിന്റെ കാര്യമാണ്‌ ചിത്രങ്ങളിലൂടെ ഇവിടെ കൊടുത്തിരിക്കുന്നത്‌. കൊലപാതകമാണോ അതോ ഭ്രൂണഹത്യയാണോ എന്നൊക്കെ നിങ്ങള്‍ തന്നെ തീരുമാനിക്കുക.
ഇത്‌ ഒരു അവതരണഗാനം... അല്ല... സോറി... അവതരണചിത്രം മാത്രം...
വിടരും മുമ്പേ പൊലിഞ്ഞ 14 ജന്മങ്ങള്‍ (എല്ലാം മുളച്ചതായിരുന്നു, പക്ഷേ തൊണ്ട്‌ നീക്കം ചെയ്ത കാരണം അവ അകാലത്തില്‍ പൊലിഞ്ഞു.) ജീവന്റെ തുടിപ്പുകള്‍ കാണുന്നുണ്ടോ?
പാവം, ഇവനായിരുന്നു അവരില്‍ മൂത്തവന്‍.
ഇവനും അകാലത്തില്‍ പൊലിഞ്ഞവന്‍ തന്നെ
........... ഇനിയും മറ്റൊരുവന്‍ ............
ഇവനും രക്തസാക്ഷികളിലൊരുവന്‍ തന്നെ.
ഇതിന്‌ മുള വരാന്‍ തുടങ്ങുന്നതേയുള്ളു.
കഷ്ടം, ഇത്‌ പൂര്‍ണ്ണ വളര്‍ച്ച എത്തിയതായിരുന്നു. എന്നിട്ട്‌ ....
ദാരുണം ഈ ദൃശ്യം - ഉടല്‍ വേര്‍പെട്ട ഒരു മുള
കഷ്ടം ... ഈ ജീവന്‍
ഭ്രൂണഹത്യയ്ക്കു ശേഷം ബന്ധപ്പെട്ടവര്‍ കണ്ടെടുത്ത അവശിഷ്ടങ്ങള്‍
പൊലിഞ്ഞ ഒരു ജീവന്‍
ഭ്രൂണഹത്യയുടെ ഒരു ദൃശ്യം
ഇതാ മറ്റൊരു രക്തസാക്ഷി
കൊന്നാല്‍ പാപം തിന്നാല്‍ തീരും - ഞാനിതെല്ലാം ചവച്ച്‌ ചവച്ച്‌ തിന്നു.
........ ബാക്കിയായ നാളികേരം കൊപ്രയുണ്ടാക്കാന്‍ വെയിലത്തു വച്ചപ്പോള്‍ ...........


2008, സെപ്റ്റംബർ 20, ശനിയാഴ്‌ച

ഭ്രൂണഹത്യ

ഭ്രൂണഹത്യ നടത്തുക, എനിയ്ക്കൊട്ടും ഇഷ്ടമുള്ള കാര്യമായിരുന്നില്ല.
പക്ഷെ അങ്ങനെയൊരു പാതകവും ഈ മഹാപാപിയ്ക്ക്‌ ചെയ്യേണ്ടി വന്നു.
അതും വിശ്വസ്തയായ ഭാര്യ വേലി ചാടാത്ത ഭര്‍ത്താവെന്ന് എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ്‌ കൊടുത്ത ഈ ഞാന്‍.
സംഭവം പറയാം.. കേട്ടോളൂ.
പത്തു പതിനഞ്ചു കൊല്ലം മുമ്പാണ്‌. പ്രേയസി ഗര്‍ഭിണിയായിരിക്കുന്ന കാലം.
ഗര്‍ഭാധാനം നടന്നിട്ട്‌ അധികമൊന്നുമായിട്ടില്ല. ഒരു രണ്ട്‌ മാസം... കൂടിയാല്‍ മൂന്ന്.
അന്നും ഇന്നത്തെപ്പോലെ പ്രതിമാസ ചെക്കപ്പ്‌ പതിവായിരുന്നു. 15 കൊല്ലം എന്നൊക്കെ പറഞ്ഞാല്‍ അത്ര പണ്ടൊന്നുമല്ലല്ലൊ.
അമ്മയുടേയും ഗര്‍ഭസ്ഥശിശുവിന്റേയും ആരോഗ്യം മാത്രമല്ല പ്രസൂതികാവിദഗ്‌ധ(ന്റെ)യുടെ സാമ്പത്തിക കാര്യങ്ങളും നടന്നുപോകണമല്ലോ. അപ്പോള്‍ ഈ ചെക്കപ്പുകള്‍ ഒഴിച്ചു കൂടാനാവാത്തതു തന്നെ.പക്ഷേ സങ്കടം അതല്ല. പൂര്‍ണ്ണ ആരോഗ്യവതിയായ ഗര്‍ഭിണി പ്രതിമാസം ചെക്കപ്പിനായി ആശുപത്രിയിലെത്തുമ്പോള്‍ patient ആയിമാറുകയാണ്‌. രോഗി പോലും.. രോഗി.എന്താ, ഗര്‍ഭം രോഗമാണോ? അല്ലാതെ ഗര്‍ഭിണി എങ്ങനെയാണ്‌ രോഗിയാകുന്നത്‌?
ഗര്‍ഭം രോഗമാണെങ്കില്‍ രോഗം വരാതെ നോക്കുകയല്ലേ വേണ്ടത്‌? അല്ലാതെ രോഗം വന്ന് ചികിത്സിക്കുകയാണോ?അതെന്തായാലും ഞങ്ങളും പ്രസൂതികാ വിദഗ്‌ധയെ മുടങ്ങാതെ കണ്ടു കൊണ്ടിരുന്നു.
ഓരോ തവണ ചെല്ലുമ്പോഴും മുന്‍ദിവസങ്ങളിലെ വിശേഷങ്ങള്‍ വള്ളിപുള്ളി വിടാതെ അവര്‍ ചോദിച്ചു മനസ്സിലാക്കും. എന്നിട്ടാണ്‌ അടുത്ത മാസത്തേയ്ക്കുള്ള ജീവിതചര്യയുടെ മാര്‍ഗ്ഗ നിദ്ദേശങ്ങള്‍.

അത്തവണ ചെന്നപ്പോഴും ഉണ്ടായി ഇമ്മാതിരി കാര്യങ്ങളൊക്കെ. ക്ഷീണമുണ്ടോ, തളര്‍ച്ചയുണ്ടോ, ഛര്‍ദ്ദിയുണ്ടോ, ഓക്കാനമുണ്ടോ എന്നിങ്ങനെയുള്ള പതിവു ചോദ്യങ്ങള്‍ക്കിടയില്‍ കഴിഞ്ഞ ആഴ്ചയില്‍ ഒന്നു പനിച്ചുവെന്നും അതിനു രണ്ട്‌ %$^&*@#$ ഗുളികകള്‍ സ്വയമേവ കഴിച്ചുവെന്നും പറഞ്ഞതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.
"ആ മരുന്നു കഴിച്ചത്‌ ഒട്ടും ശരിയായില്ല." ഗൈനക്കോളജിസ്റ്റ്‌ മൊഴിയുകയാണ്‌... "അത്‌ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.." അവര്‍ പറഞ്ഞു.

ഞങ്ങള്‍ മിണ്ടാതിരുന്നു. അവര്‍ മുന്നിലിരുന്ന പുസ്തകത്തിലൂടെ കണ്ണോടിച്ചു."
എന്നിട്ടവര്‍ പറഞ്ഞു. "ആ മരുന്നു കഴിക്കരുതായിരുന്നു. ശിശു അംഗവൈകല്യത്തോടെ ജനിയ്ക്കാനാണ്‌ സാധ്യത. അതുകൊണ്ട്‌ ഈ ഗര്‍ഭം അബോര്‍ട്ട്‌ ചെയ്യുന്നതാണ്‌ നല്ലത്‌."

എന്റെ വയറൊന്നു കാളി. "ഈശ്വരാ, ഇവരെന്താണ്‌ പറയുന്നത്‌? "
ഞാന്‍ പ്രേയസിയുടെ മുഖത്തേയ്ക്ക്‌ നോക്കി. അവളും വിളറി വെളുത്തിരിക്കയാണ്‌.
ഡോക്റ്റര്‍ പറഞ്ഞു. "നാളെ രാവിലെ ക്ലിനിക്കിലെത്തിക്കോളൂ. നമുക്കതങ്ങോട്ടു കളയാം. പേടിക്കാനൊന്നുമില്ല. ഒരു രണ്ടു മണിക്കൂര്‍ നേരത്തെ സമയം വേണം അത്ര മാത്രം."

വീട്ടിലെത്തിയ ഞങ്ങള്‍ ചിന്തിച്ചു. ഇനി എന്തുവേണം?
വികലംഗനായ കുഞ്ഞ്‌..........ഞങ്ങള്‍ക്ക്‌ ചിന്തിയ്ക്കാന്‍ വയ്യാത്ത കാര്യം. അബോര്‍ഷന്‍................അതും അങ്ങനെത്തന്നെ.
ദൈവം പരീക്ഷിക്കുകയാണോ? അതിനു മാത്രം നമ്മള്‍................
ഞങ്ങള്‍ ഒരു തീരുമാനത്തിലെത്തി. ഇത്‌ നമ്മുടെ കുഞ്ഞാണ്‌. ഇതിനെ കൊല്ലാന്‍ വയ്യ.
ഇല്ല, അബോര്‍ഷന്‍ വേണ്ട. നമ്മുടെ ഈ കുഞ്ഞ്‌ വളരട്ടെ.
അതിന്റേയും നമ്മുടേയും വിധിപോലെ കാര്യങ്ങള്‍ നടക്കട്ടെ. ഞങ്ങള്‍ പിറ്റേന്ന് ആ ഡോക്റ്ററുടെ ക്ലിനിക്കില്‍ പോയില്ല. പിറ്റേന്നെന്നല്ല, പിന്നീടൊരിക്കലും. ഞങ്ങള്‍ ഡോക്റ്ററെയങ്ങു മാറ്റി.

മാസങ്ങള്‍ പിന്നിട്ടു. കുഞ്ഞ്‌ ക്രമേണ വലുതായി. അമ്മയുടെ ഉദരവും വലുതായിക്കൊണ്ടിരുന്നു. വയറിനക്കത്തെ അനക്കവും. അവസാനം മാസം തികഞ്ഞപ്പോള്‍ ആശുപത്രിയില്‍ വച്ചു പ്രസവം നടന്നു. ആരോഗ്യവാനായ ആണ്‍കുട്ടി!!!!
അവനിപ്പോള്‍ +1 വിദ്യാര്‍ത്ഥിയാണ്‌.
വെറുതെയിരിക്കുമ്പോള്‍ ഞങ്ങള്‍ ചിന്തിയ്ക്കും അന്ന് അബോര്‍ഷന്‍ ചെയ്തിരുന്നുവെങ്കില്‍ നമ്മുടേ ജീവിതത്തില്‍ വരാമായിരുന്ന മാറ്റങ്ങള്‍ എങ്ങനെയൊക്കെ ആകുമായിരുന്നുവെന്ന്.......

അപ്പോള്‍ എന്തായിരുന്നു നമ്മള്‍ പറഞ്ഞു വന്നിരുന്നത്‌?
ഭ്രൂണഹത്യയെക്കുറിച്ച്‌ അല്ലേ? ആ പറയാം... ഒരാഴ്ച്ച തരൂ..
ഇനി type ചെയ്തിട്ടു വേണം. അതല്ലേ ഇപ്പോഴത്തെ ബൂലോകത്തെ നാട്ടുനടപ്പ്‌.

2008, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

കണ്ണു കാണിക്കല്‍

ഞാന്‍ ഈയിടെ ഹരിദ്വാര്‍, ഹൃഷികേശ്‌ എന്നിവിടങ്ങളിലൊക്കെ ഒന്നു കറങ്ങി...
ഒറ്റയ്ക്കല്ല... കുടുംബസമേതം തന്നെ. ....
എന്നു വച്ച്‌ പേടിയ്ക്കേണ്ട കെട്ടോ. ഇതതിന്റെ യാത്രാവിവരണം ഒന്നുമല്ല...
അതൊന്നും എന്റെ കീബോര്‍ഡിന്റെയോ മൗസിന്റെയോ ജോലിയല്ല.
മാത്രമല്ല, കയ്യിലൊരു നല്ല ഡിജിറ്റല്‍ കാമറയില്ലാതെ എന്തു യാത്രാ വിവരണം?
(ഒരു വരി, രണ്ടു ചിത്രം എന്നതല്ലേ പ്രമാണം...) അതുകൊണ്ട്‌ അതങ്ങു വിട്ടു....

ഇത്‌ യാത്രയില്‍ പറ്റിയ ഒരബദ്ധത്തിന്റെ വെളിപ്പെടുത്തലും തുടര്‍സംഭവങ്ങളും മാത്രം....

ഞാന്‍ ഹൃഷികേശില്‍ ഗംഗാനദിക്കരയില്‍ നില്‍ക്കുകയാണ്‌. കൂടെ ഭാര്യയുണ്ട്‌, മകനുണ്ട്‌.........
ഇവിടം വരെ വന്നതല്ലേ. ജീവിതത്തിലെ ഇതുവരെയുള്ള പാപക്കറകളൊക്കെ കഴുകിക്കളയാനുള്ള സുവര്‍ണ്ണാവസരം ഇതാ മുന്നില്‍....
ഗംഗയില്‍ മുങ്ങി പാപത്തെ മുക്കുവാന്‍ എന്റെ മനസ്സ്‌ വെമ്പി.

ഞാന്‍ ഷര്‍ട്ടൂരി....കരയില്‍ വച്ചു. വാച്ച്‌, ബനിയന്‍, മുണ്ട്‌... എല്ലാം ഓരോന്നായി ഊരി അവിടെ വച്ചു. കാവലിനു മകനുണ്ടല്ലൊ.
തോര്‍ത്തെടുത്തു ചുറ്റി.... പുറകെ സഹധര്‍മ്മിണി.

അലൗകികമായ ഒരു സുഖം എനിയ്ക്കു തോന്നി. ഞങ്ങള്‍ കുറച്ചുനേരം വെള്ളത്തില്‍ വെറുതെ നിന്നു.

സൂര്യന്‍ കത്തിജ്വലിക്കുന്നുണ്ടായിരുന്നു. എന്നാലും ഗംഗാജലത്തിന്റെ തണുപ്പ്‌ പറയത്തക്കതു തന്നെയായിരുന്നു. ഗംഗയെ ശിവമൗലിയില്‍ നിന്നും ഇങ്ങു താഴെ ഭാരതത്തിലെ ഈ പവിത്രഭൂമിയിലെത്തിച്ച ഭഗീരഥന്‌ ഞങ്ങള്‍ മനസാ നന്ദി പറഞ്ഞു...

ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കേ ഞാന്‍ പുഴയില്‍ മുങ്ങി.
ഞാന്‍ മുങ്ങിയതും ഭാര്യ എന്നെ പിടിച്ചു വലിച്ചതും ഒരുമിച്ചായിരുന്നു. എന്നാലും ഞാന്‍ വെള്ളത്തില്‍ പൂര്‍ണ്ണമായും മുങ്ങിയ ശേഷമാണ്‌ നിവര്‍ന്നത്‌.
അപ്പോഴാണ്‌ അവള്‍ കണ്ണട, കണ്ണട എന്നു പറയുന്നത്‌ ഞാന്‍ ശ്രദ്ധിച്ചത്‌........
എനിക്കെല്ലാം മനസ്സിലായി........ എന്റെ മുഖത്ത്‌ കണ്ണടയുണ്ടായിരുന്നു. അത്‌ ഊരി വയ്ക്കാന്‍ ഞാന്‍ മറക്കുകയും..............
മുങ്ങിയ സ്ഥലത്ത്‌ കുറച്ച്‌ തിരഞ്ഞെങ്കിലും കണ്ണട കിട്ടിയില്ല. ഗംഗാമാതാവ്‌ എന്റെ പാപത്തോടൊപ്പം അതും ഏറ്റുവാങ്ങിക്കഴിഞ്ഞിരുന്നു.........

പിന്നീട്‌ നാട്ടിലെത്തുവോളം വായന വായനോട്ടത്തിനു വഴി മാറിക്കൊടുത്തു എന്നു പറഞ്ഞാല്‍ മതിയല്ലൊ.
നാട്ടിലെത്തി അധികം വൈകാതെ ഞങ്ങള്‍ കണ്ണാശുപത്രിയില്‍ പോയി.........
ഡോക്റ്ററെ കണ്ണു കാണിക്കണം......അതില്‍ക്കവിഞ്ഞ ഒരു ലക്ഷ്യവും എനിക്കില്ലായിരുന്നു.
ടോക്കണ്‍ എടുത്ത പാടേ ഒരു സിസ്റ്റര്‍ എന്റെ കണ്ണൊക്കെ ഒന്നു ടോര്‍ച്ചടിച്ചു പരിശോധിച്ചു.
50 കഴിഞ്ഞവരെ വിശദമായി നോക്കണമത്രെ. അവര്‍ കണ്ണിലെന്തോ ഒഴിച്ചു. എന്നിട്ട്‌ ഇരിക്കാന്‍ പറഞ്ഞു. പിന്നീട്‌ അവര്‍ വിളിച്ചപ്പോള്‍ ഞാന്‍ ഒരു സിസ്റ്ററെ കണ്ണു കാണിച്ചു. അവര്‍ പല ലെന്‍സുകള്‍ വച്ച്‌ വച്ച്‌ എന്റെ കാഴ്ചയൊക്കെ നോക്കി. അവിടെ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.ഓരോ തവണ ലെന്‍സ്‌ മാറ്റുമ്പോഴും അവരെന്നെക്കൊണ്ട്‌ വായിപ്പിയ്ക്കും. ഞാന്‍ അനുസരണയുള്ള സ്ക്കൂള്‍ കുട്ടിയെപ്പോലെ അതു വായിക്കും.
...ക...ച....ട....ത....പ.....ങ...
ഞ....ണ....ന....മ...
1....2....3....6....9...
പിന്നീട്‌ ഞാന്‍ ഡോക്റ്ററെ കണ്ണു കാണിച്ചു. അവിടെയും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. ഡോക്റ്റര്‍ വിളിച്ചപ്പോള്‍ ഞാന്‍ അവരുടെ അടുത്തു പോയിരുന്നു. പേരു പോലെ അവരുടെ മുഖവും സുന്ദരമാണ്‌. പോരാത്തതിനു ചെറുപ്പവും.
ഫയലിലും സിസ്റ്റര്‍ എഴുതിയ കണ്ണടക്കുറിപ്പിലും അവര്‍ നോക്കുന്നതിനിടയില്‍ ഞാനവരെ വിശദമായൊന്നു നോക്കുകയും ചെയ്തു.
"കുക്കാണല്ലേ?" ഫയലില്‍ നിന്നു കണ്ണെടുക്കാതെ ഡോക്റ്റര്‍ എന്നോട്‌ ചോദിച്ചു.
ഞാന്‍ അത്ഭുതപ്പെട്ടു പോയി..
ഇതെങ്ങനെ അവര്‍ കണ്ടുപിടിച്ചു....
"അതെ.." ഞാന്‍ പറഞ്ഞു.. "ആട്ടെ, ഡോക്റ്റര്‍ക്കിതെങ്ങനെ മനസ്സിലായി?" ഞാന്‍ ആരാഞ്ഞു...

"ആള്‍രൂപന്‍, ഫയലില്‍ ആള്‍രൂപനെന്ന പേരു കണ്ടപ്പോഴേ ഞാന്‍ താങ്കളെ ശ്രദ്ധിച്ചു...ഞാന്‍ താങ്കളുടെ പാചകക്കുറിപ്പ്‌ ബ്ലോഗില്‍ വായിച്ചിരുന്നു... അത്‌ വായിച്ചാല്‍ താങ്കളൊരു കുക്കാണെന്നു മനസ്സിലാക്കാന്‍ അത്ര ബുദ്ധിമുട്ടൊന്നും വരില്ല..." അവര്‍ പറഞ്ഞു...

എന്റെ ആശ്ചര്യത്തിന്‌ അതിരില്ലായിരുന്നു.
"അപ്പോള്‍ മേഡം ഏത്‌ പാചകക്കുറിപ്പാണ്‌ വായിച്ചത്‌?" എന്റെ കൗതുകം അണ പൊട്ടി...
"അതോ, റംസാന്‍ പ്രമാണിച്ച്‌ താങ്കള്‍ ഒരു കുറിപ്പെഴുതിയിരുന്നില്ലേ?, അതു തന്നെ" അവര്‍ പറഞ്ഞു...
"ഞാന്‍ ഓണത്തിനും ഒരു പാചകവിധി എഴുതിയിരുന്നു...ഡോക്റ്റര്‍ അതു വായിച്ചുവോ?" ഞാന്‍
ചോദിച്ചു
'ഇല്ല, ഓണത്തിന്‌ മാവേലി വരാത്തതു കാരണം ഞാനതു വായിച്ചില്ല" അവര്‍ വിശദമാക്കി.

"അപ്പോള്‍ മേഡം ബ്ലോഗൊക്കെ വായിക്കാറുണ്ടല്ലേ?" ഞാന്‍ പതുക്കെ ചോദിച്ചു.
"പിന്നെന്താ, വായിക്കുക മാത്രമല്ലാ, എഴുതുകയും ചെയ്യാറുണ്ട്‌.." അവര്‍ പറഞ്ഞു...

എന്റെ ഉന്മേഷത്തിനതിരില്ലായിരുന്നു.. ആദ്യമായാണ്‌ ഒരു ബ്ലോഗറെ നേരിട്ടു കാണുന്നത്‌...

"അപ്പോള്‍ ഡോക്റ്ററുടെ ബ്ലോഗിലെ പേരും പോസ്റ്റിന്റെ പേരും ഒന്നു പറയുമോ?, ഞാന്‍ ഒരു പക്ഷേ വായിച്ചിരിക്കും..." ഞാന്‍ അവരുടെ മുഖത്തേയ്ക്ക്‌ ഉറ്റുനോക്കി.

പക്ഷെ അപ്പോഴേയ്ക്കും അവറെ ഒരു നേഴ്‌സ്‌ എങ്ങോട്ടോ വിളിച്ചു കൊണ്ടു പോയി. പിന്നീട്‌ ഒരു വയസ്സിയാണ്‌ എന്റെ കണ്ണു നോക്കിയത്‌. അവരെയും ഞാന്‍ കണ്ണു കാണിച്ചു. അവര്‍ എനിക്ക്‌ കണ്ണടയ്ക്ക്‌ കുറിച്ചു തരികയും ചെയ്തു.

ഭാര്യക്കും കണ്ണട മാറ്റാനുണ്ടായിരുന്നു. അവളും കണ്ണു കാണിക്കുകയും കണ്ണടയ്ക്ക്‌ എഴുതി വാങ്ങുകയും ചെയ്തു.

ഞങ്ങള്‍ അവിടെയുള്ളപ്പോള്‍ ഇതു പോലെ പലരും നേഴ്‌സിനേയും ഡോക്റ്ററേയും കണ്ണു കാണിക്കുകയും കണ്ണടയ്ക്ക്‌ എഴുതിവാങ്ങുകയും ചെയ്യുന്നത്‌ ഞാന്‍ കണ്ടു.

കാര്യങ്ങളെല്ലാം ഭംഗിയായി നടന്നെങ്കിലും വീട്ടിലെത്തുമ്പോഴേയ്ക്കും ഞാന്‍ ആകെ ചിന്താക്കുഴപ്പത്തിലായിരുന്നു....

എന്താണെന്നോ കാര്യം? ആ ഡോക്റ്ററും നേഴ്‌സുമെല്ലാം എല്ലാരോടും എത്ര സൗമ്യമായിട്ടാണെന്നോ പെരുമാറുന്നത്‌?

ഇതോര്‍ത്തപ്പോള്‍ ഞാന്‍ പണ്ടുണ്ടായ ഒരു സംഭവം ഓര്‍ത്തുപോയി, അതാണ്‌ ചിന്താക്കുഴപ്പത്തിനു കാരണം......
പണ്ടൊരിക്കല്‍ ഞാന്‍ ഒരു പെണ്‍കുട്ടിയെ കണ്ണുകാണിച്ചപ്പോള്‍ നാട്ടുകാര്‍ കൂട്ടത്തോടെ അടിയ്ക്കാനോങ്ങിയ സംഭവം............ അന്ന് ദൈവാധീനം കൊണ്ടാണ്‌ അടി വീഴാതെ ഞാന്‍ രക്ഷപ്പെട്ടത്‌....

കാര്യം പറയണമല്ലൊ... കാലം മാറുകയാണ്‌. ഇന്നിപ്പൊ കണ്ണു കാണിക്കല്‍ ഒരു സംഭവമേയല്ല...അല്ലേ?....

2008, സെപ്റ്റംബർ 17, ബുധനാഴ്‌ച

റംസാന്‍ ചിക്കന്‍ പീരാസ്‌

ഞാന്‍ ഓണത്തോടനുബന്ധിച്ച്‌ തയ്യാറാക്കിയ ഒരു പാചകക്കുറിപ്പിന്‌ വന്‍ പിച്ച സ്വീകരണമാണ്‌ ബൂലോകത്തുനിന്നുണ്ടായത്‌. ഗൂഗിള്‍ബോട്ടിനപ്രാപ്യമായ പ്രസ്തുത പോസ്റ്റിന്‌ "ശതാംശക്കണക്കില്‍" പറഞ്ഞാല്‍ നൂറുകണക്കിന്‌ പ്രതികരണങ്ങളാണ്‌ പിറന്നത്‌.

പക്ഷേ പിന്നീടാണ്‌ ഞാനക്കാര്യം അറിഞ്ഞത്‌. എന്താണെന്നോ? ഈ പാചകവിധി ബൂലോകസൃഷ്ടിക്കു വളരെ മുമ്പു തന്നെ നമ്മുടെ ഗീതടീച്ചര്‍ പരീക്ഷിച്ചതായിരുന്നുവെന്ന്‌. എന്തായാലും ഞാന്‍ അവരുടെ പാചകവിധി മോഷ്ടിച്ചു എന്ന് ഇതുവരെ ബൂലോകത്തില്‍ ആരും ആരോപണമുന്നയിക്കാത്തത്‌ എന്റെ ദൈവാധീനം എന്നു പറഞ്ഞാല്‍ മതിയല്ലോ. ഇക്കാര്യത്തില്‍ ടീച്ചറോടുള്ള എന്റെ കടപ്പാട്‌ പ്രകടമാക്കിക്കൊണ്ട്‌ ഞാന്‍ എന്റെ റംസാന്‍ പാചകത്തിലേക്ക്‌ കടക്കട്ടെ.

എന്റെ ഓണം പാചകം കാണാനിടയായ പലരും SMS വഴിയും e-mail വഴിയും അതുപോലൊരു പാചകവിധി റംസാന്‍ പ്രമാണിച്ചും അവതരിപ്പിക്കണമെന്നാവശ്യപ്പെട്ടിരുന്നു. റംസാന്‍ ആയതുകൊണ്ട്‌ അതൊരു non-vegetarian ഐറ്റം ആയിരിക്കണമെന്നും അവര്‍ നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ പരിപൂര്‍ണ്ണ സസ്യാഹാരിയാണെങ്കിലും സസ്യേതരവും ഈ കൈകളില്‍ ഭദ്രമാണെന്ന് എല്ലാവര്‍ക്കും മനസ്സിലാകത്തക്കവിധത്തില്‍ ബൂലോകര്‍ക്കായി ഞാനൊരു മാംസാഹാരം പാകം ചെയ്യുന്ന വിധം ഇവിടെ അവതരിപ്പിക്കുകയാണ്‌.

ഭക്ഷണത്തിന്റെ പേര്‌ .......... റംസാന്‍ ചിക്കന്‍ പീരാസ്‌..........

തെക്കെ മലബാറിലെ പരമ്പരാഗത ഗ്രാമീണ ശൈലിയില്‍ പാകം ചെയ്ത ഈ വിഭവം ഗൃഹാതുരത്വത്തിന്റെ സ്മരണകളുണര്‍ത്താനും മുഴുവന്‍ കേരളീയരേയും സംതൃപ്തരാക്കാനും സഹധര്‍മ്മിണിമാരെ പാചകം ചെയ്തു തോല്‍പ്പിക്കാനും പോന്നതണെന്നാണ്‌ ഇത്‌ രുചിച്ചുനോക്കിയ ആള്‍രൂപിയുടെ അഭിപ്രായം. എന്താ നിങ്ങളും ഒന്നു രുചിച്ചു നോക്കുന്നോ?

വേണ്ട സാധനങ്ങള്‍:
--------------------
1. ഹലാല്‍ ചിക്കന്‍ -1 എണ്ണം.
കോഴിവസന്ത വന്നു ചത്തതോ പാമ്പു കടിച്ചതോ പരുന്ത്‌ അമുക്കിക്കൊന്നതോ ആയ കോഴി ഈ പാചകത്തിനു യോജിച്ചതല്ല. അതുകൊണ്ട്‌ ജീവനുള്ള കോഴിയെത്തന്നെ വാങ്ങുക. അതിനെ പിന്നീട്‌ കൊല്ലാം. (അതത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല, മനുഷ്യനെ കൊല്ലാന്‍ വരെ ഇപ്പോള്‍ വലിയ ബുദ്ധിമുട്ടില്ല, പിന്ന്യാ ഒരു കോഴി?) ഒന്ന്-ഒന്നര മാസം പ്രായമുള്ള നാടന്‍ പൂവന്‍ കോഴിയായാല്‍ മാത്രമേ ഉദ്ദേശിച്ച ഫലം കിട്ടൂ. പാചകത്തിനു തലേ ദിവസം കോഴിയെ വാങ്ങി ഒരു ദിവസം ഭക്ഷണം കൊടുക്കാതെ സൂക്ഷിക്കുന്നത്‌ കോഴിയുടെ ആന്തരികാവയവങ്ങള്‍ ശുദ്ധമായിരിക്കാന്‍ നല്ലതാണ്‌. (കോഴിയും എടുക്കട്ടെ, റംസാന്‍ പ്രമാണിച്ച്‌ ഒരു ദിവസത്തെ നൊയമ്പ്‌.)

2. സവാള - മൂന്നെണ്ണം, ചെറുതാക്കി നീളത്തില്‍ മുറിച്ചത്‌.
3. ഉരുളക്കിഴങ്ങ്‌ - സാമാന്യം വലുത്‌ രണ്ടെണ്ണം, കഷണങ്ങളാക്കിയത്‌. (രണ്ട്‌ കഷണമല്ല)
4. നല്ല പച്ച നാളികേരം - രണ്ടെണ്ണം. (കൊട്ടത്തേങ്ങ പാടില്ലെന്നര്‍ത്ഥം)
5. മല്ലി, മുളക്‌(പൊടി), ഗരം മസാല, ഇഞ്ചി, ഉപ്പ്‌, വെളുത്തുള്ളി, മഞ്ഞള്‍ (അതും പൊടി തന്നെ), കടുക്‌, കറിവേപ്പില ചെറിയ ഉള്ളി, പോസ്റ്റ്‌മാന്‍ എണ്ണ എന്നിവ ആവശ്യത്തിന്‌.

പാകം ചെയ്യുന്ന വിധം:
----------------------
പാചകം തുടങ്ങുന്നതിനു മുമ്പായി കോഴിയെ നന്നായി കഴുകുക. (നന്നായി കുളിപ്പിക്കുക എന്നു വേണമെങ്കില്‍ പറയാം. കൊല്ലാന്‍ വരട്ടെ, അതിനിനിയും സമയമുണ്ട്‌.) കഴുകിക്കഴിയുമ്പോള്‍ നല്ലൊരു തോര്‍ത്തുകൊണ്ട്‌ അതിനെ നന്നായി തുടയ്ക്കുക. പിന്നീട്‌ അതിനെ കാര്‍ഷെഡ്ഡിലോ സ്കൂട്ടര്‍ സ്റ്റാന്റിലോ ഒരു കയര്‍ കൊണ്ട്‌ കെട്ടിയിടുക. (അത്‌ വീട്ടിനകത്തുകയറി സ്വീകരണമുറിയിലും മറ്റും തൂറി വയ്ക്കുന്നത്‌ ഒഴിവാക്കാനാണ്‌ ഇങ്ങനെ കെട്ടിയിടുന്നത്‌. സങ്കോചിക്കേണ്ട, വലുതായിട്ടൊന്നും ഉണ്ടാവില്ല, ഒരു ദിവസം പട്ടിണി കിടന്നതല്ലേ?)

നാളികേരം ചിരകുക. (തിരുവനന്തപുരത്താണെങ്കില്‍ തിരുകുകയോ മറ്റോ ആണ്‌ ചെയ്യുക.). എന്നിട്ട്‌ ഒന്നാം പാല്‍ എടുക്കുക. ഒന്നാം പാല്‍ എടുത്ത നാളികേരം ഒരു പാത്രത്തിലാക്കി സൂക്ഷിച്ചു വയ്ക്കുക. രണ്ടാം പാല്‍ ഇപ്പോള്‍ എടുക്കരുത്‌.

ഒരു ചീനച്ചട്ടി അടുപ്പത്തു വച്ച്‌ സ്റ്റൗ കത്തിയ്ക്കുക. ചട്ടി ചൂടാകുമ്പോള്‍ എണ്ണ ഒഴിയ്ക്കുക. എണ്ണ ചൂടാകുമ്പോള്‍ മല്ലി, ഗരം മസാല, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചട്ടിയിലിട്ട്‌ നല്ലപോലെ ഇളക്കി വറുത്തെടുക്കുക. എന്നിട്ട്‌ ഒരു mixiയിലിട്ട്‌ വെള്ളമൊഴിച്ച്‌ നല്ലപോലെ അരച്ച്‌ കുഴമ്പു രൂപത്തിലാക്കി എടുക്കുക. അതവിടെ ഇരിക്കട്ടെ.

വീണ്ടും ചീനച്ചട്ടിയെടുക്കുക. എണ്ണ ഒഴിച്ച്‌ നല്ലപോലെ ചൂടാക്കുക. അതിലേയ്ക്ക്‌ ഉ.കിഴങ്ങ്‌, സവാള, ഇഞ്ചി (ചെറുതാക്കി മുറിച്ചത്‌), എന്നിവ ഇടുക. ആവശ്യത്തിന്‌ വെള്ളം ഒഴിക്കുക. ആവശ്യത്തിന്‌ ഉപ്പിടുക. നല്ലപോലെ തീ കത്തിക്കുക. കിഴങ്ങും സവാളയും നല്ലപോലെ വേവട്ടെ. അവ വെന്തു കഴിയുമ്പോള്‍ നേരത്തെ അരച്ചു വച്ചത്‌ ചേര്‍ത്തിളക്കുക. വീണ്ടും കുറച്ചു നേരം കൂടി അത്‌ വേവട്ടെ. ഇപ്പോള്‍ നേരത്തെ കരുതിവച്ച ഒന്നാം പാല്‍ ഒഴിയ്ക്കുക. നല്ല പോലെ വെന്തു കുറുകിയതിനു ശേഷം അത്‌ താഴെ ഇറക്കി വച്ച്‌ കടുക്‌, വെളുത്തുള്ളി, കറിവേപ്പില, ചെറിയ ഉള്ളി മുറിച്ചത്‌ എന്നിവ അതിലേയ്ക്ക്‌ എണ്ണയില്‍ വറുത്തിടുക.

എന്നിട്ട്‌ രണ്ടാം പാല്‍ എടുക്കാതെ സൂക്ഷിച്ചു വച്ച നാളികേരം കയറില്‍ കെട്ടിയിട്ട കോഴിക്കിട്ടുകൊടുക്കുക. റംസാന്‍ പ്രമാണിച്ച്‌ ചിക്കന്‍ പീര തിന്നട്ടെ.

വറുത്തിട്ട കൂട്ടാന്‍ മോന്തിയ്ക്ക്‌ നോമ്പ്‌ മുറിയ്ക്കുമ്പോള്‍ പത്തിരി ചേര്‍ത്തു ബയിക്കുക.

2008, സെപ്റ്റംബർ 7, ഞായറാഴ്‌ച

Watermark

ഞാനും ഫോട്ടോ വാട്ടര്‍മാര്‍ക്ക്‌ ചെയ്തു. ഈ ശ്രാവണത്തില്‍.
"ആഷാഢ"ത്തിനു നന്ദി.
Thanks also go to my School-going son G. ArEdath, who is a 'photoshoper' too.
വാട്ടര്‍മാര്‍ക്ക്‌ ചെയ്ത ഫോട്ടോ താഴെ കാണാം.

2008, സെപ്റ്റംബർ 2, ചൊവ്വാഴ്ച

ഓണത്തിനൊരു പാചകവിധി

എല്ലാ ബ്ലോഗ്‌ പുലികളും ഇപ്പോള്‍ ഓണം പ്രമാണിച്ചുള്ള പാചകവിധി തയ്യാറാക്കുന്ന തിരക്കിലായിരിക്കുമല്ലോ!
ആന പിണ്ടി ഇടുന്നു എന്നു വച്ച്‌ മുയല്‍ തന്റെ കാര്യം സാധിക്കാതിരിക്കാറില്ലല്ലോ.
അതുപോലെ തന്നെ ഞാനും.
ഓണം പ്രമാണിച്ചുള്ള എന്റെ ഒരു പാചകവിധി ഇതാ താഴെ കൊടുക്കുന്നു.
ഇതു പക്ഷേ പ്രവാസി മലയാളികള്‍ അധികമായുള്ള ഗള്‍ഫ്‌ രാജ്യങ്ങളുടെ കാലാവസ്ഥയ്ക്ക്‌ ചേര്‍ന്ന പാചകവിധിയല്ല. കേരളത്തിലാണെങ്കില്‍ മഴയും മഞ്ഞും പെയ്യുന്ന സമയത്തും കേരളത്തിനു പുറത്താണെങ്കില്‍ സൈബീരിയ പോലുള്ള സ്ഥലത്തുമൊക്കെയാണ്‌ ഈ പാചകവിധി പ്രയോജനം ചെയ്യുക.
പിന്നെ ഇതിനു ചില ബുദ്ധിമുട്ടുകളൊക്കെയുണ്ട്‌. അതുകൊണ്ട്‌ ആധുനികരീതിയില്‍ പാചകം ചെയ്യുന്നവര്‍ ഈ റെസീപ്പി ഒഴിവാക്കുന്നതാണ്‌ നല്ലത്‌. പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ കാരണം ഇത്‌ മൈക്രോവെയ്‌വ്‌ അവന്‍, ഇന്‍ഡക്‌ഷന്‍ ഹീറ്റര്‍ തുടങ്ങിയ അടുപ്പുകളില്‍ പാചകം ചെയ്യാന്‍ പറ്റില്ല. മാത്രമല്ല പാരമ്പര്യവിധിപ്രകാരം ചെയ്യേണ്ടതായതിനാല്‍ ഇലക്‌ട്രിക്‌ ഹീറ്റര്‍, ഗാസ്‌ സ്റ്റൗ എന്നിവയും ഉപയോഗിച്ചുകൂടാ. ചുരുക്കത്തില്‍ പറഞ്ഞാല്‍, നല്ല നാടന്‍ വിറകടുപ്പു തന്നെ വേണം എന്നു സാരം. എന്നാലേ വേണ്ടത്ര രുചിയും മണവും ഉണ്ടാവുകയുള്ളൂ.

പാചകം ചെയ്യേണ്ട വിധം.
-------------------------
ആദ്യമായി അത്യാവശ്യം വേണ്ട സാധനങ്ങള്‍ ഒരുക്കി വയ്ക്കുക.

൧) നല്ലപോലെ കൊത്തി അരിഞ്ഞ സവാള, ഒരു കരണ്ടി --- ആവശ്യമില്ല.
൨) അഞ്ചു കോഴിമുട്ട വേവിച്ച്‌ അതിലെ രണ്ടെണ്ണമെടുത്ത്‌ തൊലി കളഞ്ഞെടുക്കുന്ന മഞ്ഞക്കരു -- അതും ആവശ്യമില്ല.
൩) ശുദ്ധവെള്ളം ---ഏഴര ലിറ്റര്‍ (ഫില്‍ട്ടര്‍ ചെയ്തതാണെങ്കില്‍ പാചകത്തിന്‌ ഗുണം കൂടും)
൪) നല്ല പോലെ ഉണങ്ങിയ വിറക്‌ - ഒരു കെട്ട്‌
൫) നല്ല പോലെ ഉണങ്ങിയ തെങ്ങോല, അടുപ്പ്‌ കത്തിച്ചു തുടങ്ങാനാണിത്‌.
൭) ഉണങ്ങിയ ചകിരി, ചിരട്ട എന്നിവ ആവശ്യാനുസരണം.
൮) ബോഷ്‌ & ലോമ്പിന്റെ കോണ്ടാക്റ്റ്‌ ലെന്‍സ്‌ സൊലൂഷന്റെ ഒഴിഞ്ഞ കുപ്പിയില്‍ നിറച്ചു വച്ച മണ്ണെണ്ണ - സൗകര്യത്തിന്‌ മാത്രം.
൯) ഏഴര ലിറ്റര്‍ വെളളം കൊള്ളുന്ന ഉരുളി --- ഒരെണ്ണം.
൧൦) ഒരു മണ്ണെണ്ണ വിളക്ക്‌.
൧൧) കൈക്കിലത്തുണി - രണ്ട്‌ കഷണം.

ഇനി പാചകം തുടങ്ങാം.
ആദ്യമായി ഉരുളിയില്‍ ഏഴര ലിറ്റര്‍ ജലം എടുക്കുക. അടുപ്പില്‍ ഓലക്കൊടി വയ്ക്കുക. ആവശ്യത്തിന്‌ ചകിരിയും ചിരട്ടയും അടുപ്പിലിടാവുന്നതാണ്‌. പിന്നീട്‌ തീപ്പെട്ടി ഉരച്ച്‌ മണ്ണെന്ന വിളക്ക്‌ കത്തിക്കുക. ബോഷ്‌ & ലോമ്പിന്റെ കുപ്പിയില്‍ നിന്നും കുറച്ച്‌ മണ്ണെണ്ണ അടുപ്പിലേക്ക്‌ പീച്ചുക. എന്നിട്ട്‌ മണ്ണെണ്ണ വിളക്കുപയോഗിച്ച്‌ അടുപ്പു കത്തിക്കുക.

വിറക്‌ നല്ലപോലെ കത്തുന്നതു വരെ വിറക്‌ ഇളക്കിക്കൊടുക്കുകയോ മണ്ണെണ്ണ പീച്ചുകയോ ചെയ്യാം. പിന്നീട്‌ വെള്ളമുള്ള ഉരുളി അടുപ്പത്തു വയ്ക്കുക.

അടുപ്പും വിറകും എല്ലാം കൈകാര്യം ചെയ്യുന്നത്‌ അപകടകരമായതിനാല്‍ അടുപ്പിനോട്‌ ഏറ്റവും അടുത്തുള്ള കുളിമുറിയില്‍ ഒരു വലിയ വട്ടക്കാതന്‍ ചെമ്പില്‍ മുക്കാല്‍ ഭാഗത്തോളം വെള്ളം ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ നിറച്ചു വയ്ക്കാന്‍ അമാന്തിക്കരുത്‌.

വിറക്‌ കത്തിച്ചുകൊണ്ടേ ഇരിക്കുക. വെള്ളം (ഉരുളി) അടച്ചുവയ്ക്കേണ്ടതില്ല. വിറകു കത്തുമ്പോള്‍ പൊങ്ങിപ്പറക്കുന്ന ചാരത്തിന്റെ അവശിഷ്ടങ്ങള്‍ വെള്ളത്തില്‍ വീഴുന്നത്‌ ദോഷം ചെയ്യില്ല. അത്‌ പ്രാകൃതികമായ ഒരു ചേരുവയായിക്കൂട്ടിയാല്‍ മതി.
വിറക്‌ തീരുന്നതിനനുസരിച്ച്‌ തൊണ്ടും ചിരട്ടയും അടുപ്പില്‍ ഇട്ടുകൊണ്ടിരിക്കണം. ഇടയ്ക്കിടയ്ക്ക്‌ വെള്ളം വിരല്‍ കൊണ്ട്‌ തൊട്ടുനോക്കണം. വെള്ളം ചൂടാകുന്നു എന്നുറപ്പു വരുത്താനാണിത്‌.
കുറേ കഴിയുമ്പോള്‍ വെള്ളം മൂളാന്‍ തുടങ്ങും. തീ ശരിയായി കത്തുന്നു എന്നതിന്റെ ലക്ഷണമാണിത്‌.
തീ കത്തിയ്ക്കുന്നത്‌ തുടരുക. കുറേ കഴിയുമ്പോള്‍ വെള്ളം തിളയ്ക്കാന്‍ തുടങ്ങും.
അല്‍പ്പ നേരം കൂടി കാത്തിരിക്കുക. അപ്പോള്‍ വെള്ളം വെട്ടിവെട്ടിത്തിളയ്ക്കും. ഈ സമയത്ത്‌ കൈക്കിലത്തുണി ഉപയോഗിച്ച്‌ ഉരുളി അടുപ്പത്തുനിന്നും എടുത്ത്‌ അതിലെ വെള്ളം കുളിമുറിയില്‍ പിടിച്ചു വച്ചിരിക്കുന്ന വെള്ളത്തിലേക്കൊഴിക്കുക.

സുഖശീതളമായ കുളിവെള്ളം തയ്യാര്‍!!!!!!!!!!!

പോസ്റ്റ്‌ സ്ക്രിപ്റ്റ്‌: പാചകം തുടങ്ങിക്കഴിയുമ്പോള്ള സംശയനിവാരണത്തിന്‌ ആള്‍രൂപന്‍@ജീമെയില്‍.കോം എന്ന അഡ്രസ്സില്‍ ബന്ധപ്പെടാവുന്നതാണ്‌.

2008, ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

ഇല്ല, ഇനി മാവേലി കേരളത്തിലേക്കില്ല

ചിങ്ങമാസം പിറന്നു, ഓണം വരവായി, നാടെങ്ങും പൂക്കളും പൂവിളികളുമൊക്കെത്തന്നെ. അതിനിടയ്ക്കാണ്‌ CRA-യുടെ മീറ്റിംഗ്‌.
അതില്‍ പുതുമയൊന്നുമില്ല, എല്ലാ വര്‍ഷവും പതിവുള്ളതാണ്‌ ഓണത്തിനു മുന്നോടിയായുള്ള ഈ മീറ്റിംഗ്‌.
ഓണാഘോഷത്തിന്റെ നടത്തിപ്പിനെക്കുറിച്ചു ചര്‍ച്ച ചെയ്യലായിരുന്നു ഇന്നലത്തെ റെസിഡന്‍ഷ്യല്‍ അസോസിയേഷന്റെ ഭാരവാഹികളുടെ യോഗത്തിലെ പരിപാടികള്‍. പൂക്കളം കമ്മിറ്റി, പുലിക്കളിക്കമ്മിറ്റി തുടങ്ങി കമ്മിറ്റികള്‍ക്കു പുറമെ മാവേലിയെ വരവേല്‍ക്കാന്‍ പാതാളത്തിലേക്കു പോകാനുള്ളവരേയും ഈ യോഗമാണ്‌ നിശ്ചയിക്കുക.
പ്രദേശത്തെ ഏക വിമുക്തഭടനെന്ന നിലയില്‍ അസോസിയേഷന്റെ പരിധിക്കുള്ളില്‍ എന്തു യോഗമോ ആള്‍ക്കൂട്ടമോ ഉണ്ടായാലും അതിനൊരു നിരീക്ഷകനായി ഈ ഉള്ളവന്‍ അവിടെ ഉണ്ടാവണം എന്നത്‌ നാട്ടുകാരുടെ ഒരാവശ്യമാണ്‌. എനിക്കാണെങ്കിലോ വേറെ ജോലിയൊന്നും ഒട്ടില്ലതാനും. അതുകൊണ്ട്‌ മീറ്റിംഗ്‌ തുടങ്ങുന്നതിനുമുമ്പേ ഞാന്‍ ഹാളിന്റെ വാതില്‍ക്കല്‍ സ്ഥാനം പിടിച്ചു.
അസോസിയേഷന്റെ പ്രസിഡന്റ്‌ വന്ന പാടെ ഞാന്‍ അദ്ദേഹത്തോട്‌ ഇങ്ങനെ ഒരഭ്യര്‍ത്ഥന നടത്തി.
" അച്ചുവേട്ടാ, പട്ടാളത്തില്‍നിന്നു വന്നതില്‍ പിന്നെ ദൂരെയൊന്നും ഇതുവരെ പോയിട്ടില്ല, വീട്ടില്‍ ചടഞ്ഞു കൂടിയിരുന്നിട്ട്‌ മടുത്തു; മാവേലിയെ വിളിക്കാന്‍ പാതാളത്തില്‍ പോകുന്നവരിലൊരാളായി എന്നെക്കൂടെ ഒന്നുള്‍പ്പെടുത്തിയാല്‍ വലിയ സഹായമായിരുന്നു."
അതു കേട്ടപ്പോള്‍ അദ്ദേഹം ഒന്നു ചിരിച്ചു. പിന്നെ ഒരു മൂളലും. തിരിച്ചൊന്നും പറഞ്ഞതുമില്ല.

കമ്മിറ്റികളുടെ അംഗങ്ങളെയൊക്കെ തീരുമാനിച്ചതിനുശേഷമായിരുന്നു മവേലിയെ വിളിക്കന്‍ പോകുന്നവരെ നിശ്ചയിച്ചത്‌. ഇത്തവണ പുതിയ ആള്‍ക്കാര്‍ക്ക്‌ അവസരം നല്‍കണമെന്ന് കഴിഞ്ഞ കൊല്ലമേ എല്ലാ വീട്ടുകാരും ആവശ്യപ്പെട്ടിരുന്നു.
എന്താ കാരണം?
മാവേലിയെ ക്ഷണിക്കാന്‍ വേണ്ടി മാത്രമല്ലേ പാതാളത്തിലേക്കു പോകാന്‍ പറ്റൂ. അതു തന്നെ. ആകെ രണ്ട്‌ പേരാണ്‌ സാധാരണ ഈ യാത്രയ്ക്ക്‌ പോകുക.
പഴയ നാടുവാഴിയല്ലേ, കാണാന്‍ കൂട്ടത്തോടെ പോകുന്നത്‌ ശരിയല്ലല്ലൊ.
പ്രായം കൊണ്ടായാലും അനുഭവം കൊണ്ടായാലും അസോസിയേഷനിലെ ഇനിയുള്ള സീനിയര്‍ മെംബര്‍ രാവുണ്ണ്യാരാണ്‌. മാവേലിയെ ക്ഷണിക്കാന്‍ ഇതുവരെ അവിടെ അദ്ദേഹം പോയിട്ടുമില്ല. അതുകൊണ്ട്‌ പോകാനുള്ള ഒരാള്‍ അദ്ദേഹം തന്നെ ആകട്ടെ എന്ന് സമ്മേളനം സസന്തോഷം തീരുമാനിച്ചു.
അടുത്തത്‌ ആര്‌ എന്നായി പിന്നെ ചിന്ത. സ്ത്രീകളും കുട്ടികളുമൊന്നും ഈ യാത്രയ്യ്ക്‌ പാടില്ല എന്നത്‌ അസോസിയേഷന്റെ ഒരു അലിഖിത നിയമമാണ്‌. (യാത്ര പാതാളത്തിലേക്കല്ലേ?)

ഓരോരുത്തരും ഓരോ പേരുകള്‍ പറയുന്നതിനിടയില്‍ ഞാന്‍ പ്രസിഡന്റിന്റെ മുഖത്തുതന്നെ ദൃഷ്ടി നട്ടു.
ഈശ്വരാ, ഇദ്ദേഹം എന്റെ പേരൊന്നു പറഞ്ഞിരുന്നെങ്കില്‍ എന്നു ഞാനാശിക്കുകയും ചെയ്തു. അപ്പോള്‍ സെക്രട്ടറി നാരായണന്നായരാണ്‌ പുതിയൊരു കാര്യം നിര്‍ദ്ദേശിച്ചത്‌.
"ഗവണ്മെന്റിനെതിരെ സമരം ചെയ്യലായാലും ചര്‍ച്ച ചെയ്യലായാലും ഒക്കെ NSS-നേതൃത്വവും ക്രൈസ്തവമേലദ്ധ്യക്ഷന്മാരും ഇപ്പോള്‍ ഒരുമിച്ചാണല്ലോ, ആ ഐക്യം ഇങ്ങ്‌ താഴെത്തട്ടിലും കാണണം, അതിനാല്‍ മാവേലിയെ വിളിക്കാന്‍ പോകുമ്പോള്‍ ഒരു നസ്രാണി കൂടി ഉണ്ടാകുന്നതാണ്‌ നായന്മാര്‍ക്ക്‌ ഒരു ബലം." നാരായണന്നായര്‍ പറഞ്ഞു.

നായരുടെ ഈ നിര്‍ദ്ദേശം ആരും എതിര്‍ത്തില്ല. അല്ലെങ്കിലും പുതിയ ആശയങ്ങളൊക്കെ ഉള്‍ക്കൊള്ളാന്‍ അസോസിയേഷന്‍കാര്‍ പണ്ടേ പഠിച്ചിരിക്കുന്നു. അങ്ങനെയാണല്ലോ പണ്ട്‌ വീട്ടിനു മുന്നില്‍ വച്ചിരുന്ന വെള്ളം നിറച്ച കിണ്ടി എടുത്തുമാറ്റി ഗേറ്റിലിപ്പോള്‍ ഉച്ഛിഷ്ടം നിറച്ച പ്ലാസ്റ്റിക്‌ ബാഗ്‌ തൂക്കാന്‍ തുടങ്ങിയത്‌.

ക്രിസ്ത്യാനിയെ കൂടെക്കൂട്ടുന്നത്‌ മതേതരത്വത്തിനും പുരോഗമനത്തിനും മാതൃകയാണെന്നും സഹൃദയനായ ഒരു ക്രിസ്ത്യാനി സ്വയം മുന്നോട്ടു വന്നാല്‍ നന്നായിരുന്നുവെന്നുമുള്ള അദ്ധ്യക്ഷന്റെ അഭ്യര്‍ത്ഥന ചെവിക്കൊണ്ട്‌ ചാക്കോച്ചേട്ടന്‍ സ്വയം മുന്നോട്ടുവന്നപ്പോള്‍ എല്ലാവരും അദ്ദേഹത്തേയും കയ്യടിച്ചു സ്വീകരിച്ചു.

രാവുണ്ണ്യാരും ചാക്കോച്ചനും കൂടി മാവേലിയെ വിളിക്കാന്‍ പോകുന്ന രംഗം ഞാന്‍ മനസ്സില്‍ രൂപപ്പെടുത്തുമ്പോഴാണ്‌ അദ്ധ്യക്ഷന്റെ പുതിയൊരു നിര്‍ദ്ദേശം വന്നത്‌.

ബന്ദും ബോംബും ഒക്കെയുള്ള കാലമാണ്‌, അവരെ തനിച്ചയക്കുന്നത്‌ ശരിയല്ല. നമുക്കാണെങ്കില്‍ കാര്‍ഗില്‍ യുദ്ധത്തെ അതിജീവിച്ച ഒരു വിമുക്തഭടന്‍ നമ്മോടോപ്പം ഉണ്ടുതാനും. എന്നെ ചെറുതായൊന്നു നോക്കിക്കൊണ്ട്‌ പ്രസിഡന്റ്‌ കമ്മിറ്റിക്കാരോടായി പറഞ്ഞു. അധികം വൈകാതെ പാതാളത്തിലേക്കുള്ള ഞാനുള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപപ്പെടുകയും ചെയ്തു.
************************************************************
പോകാന്‍ നേരം ഞാന്‍ നേരെ ചാക്കോച്ചന്റെ വീട്ടിലേക്ക്‌ നടന്നു. യാത്ര ഒരുമിച്ച്‌ തുടങ്ങുന്നതാണ്‌ നല്ലത്‌.
എന്നെ കണ്ട പാടെ "ക്യാമറ എടുത്തിട്ടുണ്ടോ" എന്നായി ചാക്കോച്ചന്‍. ഞാന്‍ ഇല്ലെന്നു തലയാട്ടിയപ്പോള്‍ അയാള്‍ ഈശോമിശിഹായ്ക്ക്‌ നന്ദി പറഞ്ഞുകൊണ്ട്‌ കുരിശു വരച്ചു. എനിയ്ക്കൊന്നും മനസ്സിലായില്ല.

ഞാന്‍ ചോദിച്ചു, "എന്താ ചാക്കോച്ചാ, കാര്യം?"

"അതോ, ഉണ്ട്‌!, എന്നാലേ എന്റെ ക്യാമറയുടെ കാര്യം നടക്കൂ. രാമന്‍ കുട്ടീ, ഞാനിന്നു നല്ല മൂഡിലാണ്‌. എനിയ്ക്ക്‌ ഈ കിട്ടിയ കോളാ കോള്‌. ഞാന്‍ പാതാളത്തിലേയ്ക്കും തിരിച്ചും ഉള്ള എല്ലാ കാഴ്ചകളും എടുക്കാന്‍ പോവ്വ്വാ. നിങ്ങള്‍ അടുത്ത ആഴ്ച്ച നോക്കിക്കോ, എന്റെ പാതാളയാത്രകള്‍ എന്ന എന്റെ blog വച്ച്‌ ഞാനൊരു കലക്ക്‌ കലക്കും."

വീണ്ടും എനിക്കൊന്നും മനസ്സിലായില്ല. അല്ലെങ്കിലും എന്നെപ്പോലൊരു പാറാവുകാരനെന്തു ബ്ലോഗാ? ഞാനൊരു റമ്മിന്റെ പൊട്ടിക്കാത്ത കുപ്പി കരുതിയിരുന്നു. യാത്രയില്‍ ഇടയ്ക്കൊക്കെ അതെടുത്തു കുടിയ്ക്കാം. പഴയൊരു പട്ടാളക്കാരന്‌ അതൊക്കെത്തന്നെ വലിയ കാര്യം.

ചാക്കോച്ചന്‍ വഴിയിലുടനീളം ഞങ്ങളുടെ വളരെ പുറകിലായിരുന്നു. യാത്രയിലെ ഓരോ ചുവടും അയാള്‍ ക്യാമറയിലേയ്ക്ക്‌ പകര്‍ത്തിക്കൊണ്ടിരുന്നു. അതിലായിരുന്നു അയാളുടെ ശ്രദ്ധ. ഞങ്ങള്‍ വഴിയൊക്കെ ശരിയ്ക്കും ആസ്വദിച്ചു. ചാക്കോച്ചന്‍ നന്നായി അതെല്ലാം ബ്ലോഗും. അപ്പോള്‍ നിങ്ങള്‍ക്കും അതൊക്കെ വായിക്കാനാകും. അതുകൊണ്ട്‌ ഞാനാ കാര്യങ്ങളൊന്നും ഇവിടെ എഴുതുന്നില്ല. .
ഞങ്ങള്‍ പാതാളത്തിലെത്തുമ്പോള്‍ നല്ല ഇരുട്ടായിരുന്നു. രാത്രിയായതുകൊണ്ടാണോ അതോ എപ്പോഴും ഇങ്ങനെയാണൊ എന്നൊന്നും എനിക്കറിയില്ലായിരുന്നു. (ഞങ്ങള്‍ ഇവിടെ ആദ്യമാണല്ലൊ.) മണ്ണെണ്ണവിളക്കുപോലെ എന്തോ ഒന്ന് പാതാളത്തിന്റെ ഗോപുരവാതിലില്‍ മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു. ഒരാള്‍ ആ ഗേറ്റിന്‍പടിവാതിലില്‍ നില്‍ക്കുന്നത്‌ ഞാന്‍ ദൂരെ നിന്നേ കണ്ടു. കണ്ട പാടേ അത്‌ മാവേലിയാണെന്ന് എനിയ്ക്ക്‌ മനസ്സിലായി. കഥകളിനടന്റേതുപോലെയുള്ള കിരീടം, തൂങ്ങിയ കുടവയര്‍, ബാലകൃഷ്ണന്റേതുപോലത്തെ കൊമ്പന്‍ മീശ, ഇതൊക്കെപ്പോരെ മാവേലിയെ മനസ്സിലാക്കാന്‍!

"ദേ, മാവേലി", ഞാന്‍ രാവുണ്ണ്യാരെ തോണ്ടിക്കൊണ്ട്‌ പറഞ്ഞു. അദ്ദേഹം നോക്കി. എന്നിട്ടദ്ദേഹം എന്നെ ഒന്ന് ആട്ടി.
"പ്‌ഫ, ടാ, ഇത്‌ ഇവിടുത്തെ കാവല്‍ക്കാരനാ...... കണ്ടില്ലേ..., ആ വെട്ടാത്ത തലമുടിയും ചാടിയ കുടവയറും.... നീ നമ്മുടെ നാട്ടിലെ മാവേലിയുടെ പരസ്യം കണ്ടാണല്ലെ അദ്ദേഹത്തെ മനസ്സിലാക്കുന്നത്‌? എടോ, അതെല്ലാം നമ്മുടെ വിവരക്കേടുകൊണ്ട്‌ വരയ്ക്കുന്നതല്ലേ? മാവേലി ഒരു രാജാവാ, രാജാവ്‌. എന്തൊരന്തസ്സാണെന്നോ അദ്ദേഹത്തെ കാണാന്‍"

കാവല്‍ക്കാരന്‍ ഞങ്ങളെ സൗമ്യതയോടെ തടഞ്ഞുനിര്‍ത്തി കാര്യങ്ങള്‍ തിരക്കി. ഞങ്ങള്‍ കേരളത്തില്‍ നിന്നുള്ളവരാണെന്നറിഞ്ഞപ്പോള്‍, എന്തുകൊണ്ടോ, അയാളുടെ മുഖത്തെ പ്രസന്നത മായുന്നത്‌ ഞാന്‍ കണ്ടു. തെല്ലൊരു ഭയം പടരുന്നതും. പിന്നീടങ്ങോട്ട്‌ കള്ളന്മാരോടെന്ന പോലെയായി അയാളുടെ പെരുമാറ്റം.അയാള്‍ ഞങ്ങളുടെ ബാഗെല്ലാം പരിശോധിച്ചു...... ശരീരവും.... കഞ്ചാവോ കള്ളനോട്ടോ കയ്യിലുണ്ടോ എന്നും പരിശോധിച്ചു.

ഒന്നും കണ്ടില്ലെന്നു വന്നപ്പോള്‍ അയാള്‍ ഞങ്ങളെ മാവേലിയുടെ അടുത്തേക്ക്‌ കൊണ്ടുപോയി.
മാവേലി ഇപ്പോഴും അവിടെ രാജാവു തന്നെയാണ്‌. കള്ളവും ചതിയുമില്ലാത്ത രാജ്യവും രാജാവും. ഞങ്ങള്‍ കണ്ട പാതാളീയരെല്ലാം സന്തുഷ്ടരും ആയിരുന്നു. അവിടത്തെ വിശേഷങ്ങള്‍ എല്ലാം ചാക്കോച്ചന്‍ ബ്ലോഗാതിരിക്കില്ല. അതുകൊണ്ട്‌ പോയ കാര്യം മാത്രം പറയാം.

മാവേലി ഞങ്ങളോട്‌ കാര്യങ്ങള്‍ തിരക്കി. ഓണാഘോഷത്തിന്‌ കേരളത്തിലേയ്ക്ക്‌ ക്ഷണിയ്ക്കാന്‍ വന്നതാണെന്ന ഞങ്ങളുടെ വെളിപ്പെടുത്തല്‍ അദ്ദേഹത്തിന്റെ മുഖത്ത്‌ മ്ലാനത പരത്തി.
എന്ത്‌ കേരളം, ഏത്‌ കേരളം എന്നൊക്കെയായി അദ്ദേഹം.
അദ്ദേഹം ഞങ്ങളെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണോ എന്നൊരു തോന്നല്‍ എനിക്കുണ്ടായി. ഇതെന്താണിങ്ങനെയെന്ന് ഞങ്ങള്‍ക്ക്‌ മനസ്സിലായില്ല. ഞങ്ങള്‍ കേരളീയരുടെ തിരുവോണത്തെക്കുറിച്ചും പൂക്കളത്തെക്കുറിച്ചുമെല്ലാം അദ്ദേഹത്തോട്‌ പറഞ്ഞു. ഒടുവില്‍ കാര്യങ്ങളെല്ലാം പറഞ്ഞു വന്നപ്പോള്‍ അദ്ദേഹം ചോദിച്ചു.

"ഇപ്പോള്‍ കേരളത്തില്‍ ഭരണമൊന്നുമില്ലേ?"
ഉണ്ടെന്നും പുരോഗമനസര്‍ക്കാറാണ്‌ ഭരിക്കുന്നതെന്നും ഞങ്ങള്‍ പറഞ്ഞു.

"ഓഹോ, അങ്ങനെയാണെങ്കില്‍ അവിടെയിപ്പോള്‍ വനിതാസെക്രട്ടറിമാരൊന്നും ഇല്ലായിരിക്കും അല്ലേ?" മാവേലി ചോദിച്ചു.

"ഉണ്ടല്ലോ, ഗോള്‍ഫ്‌ ക്ലബ്ബ്‌ ഏറ്റെടുത്തതൊക്കെ ഒരു വനിതാസെക്രട്ടറിയായിരുന്നു." ഞങ്ങള്‍ പറഞ്ഞു.
മാവേലി വീണ്ടും ചോദിച്ചു, "അപ്പോള്‍ മന്ത്രിമാരും പെണ്ണുങ്ങളാണോ?"

"അതെന്താ അങ്ങനെ ചോദിക്കാന്‍?" മുഖം പ്രസന്നമായിക്കൊണ്ടിരുന്ന മഹാബലിയോട്‌ ഞാന്‍ ചോദിച്ചു.
"അല്ലാ, ഈയിടെയായി പഴയതുപോലെ നീലന്‍-ജോസഫ്‌ പോലത്തെ കഥകളൊന്നും കേള്‍ക്കാനേയില്ലല്ലോ." മഹാബലി ചിരിച്ചു.

"അതോ, ഞങ്ങളിപ്പോള്‍ ഒരുപാട്‌ മാറി, കേരളത്തില്‍ ഇപ്പോള്‍ അത്തരം കഥകളൊക്കെ വെറും കേട്ടുകേള്‍വി മാത്രമാണ്‌. ഒരു 'മഹാബലികേരളത്തിന്റെ' പണിപ്പുരയിലാണ്‌ ഞങ്ങളിപ്പോള്‍" ഞങ്ങള്‍ അഭിമാനപൂര്‍വ്വം പറഞ്ഞു.


"ഒരാള്‍ ബസ്സിന്റെ ടയറില്‍ കുടുങ്ങിപ്പിടയുമ്പോള്‍ മൊബൈലില്‍ ഫോട്ടോ എടുക്കാന്‍ വേണ്ടി ആരും അയാളെ രക്ഷപ്പെടുത്തിയില്ല എന്ന് എവിടെയോ വായിച്ചു. പിന്നീടയാള്‍ മരിച്ചുവത്രെ. അത്‌ കേരളത്തിലല്ലേ നടന്നത്‌? ബലിയുടെ അടുത്ത ചോദ്യം.

"അങ്ങനെയുള്ള തല തിരിഞ്ഞ പിള്ളേര്‍ എവിടെയാ ഇല്ലാത്തത്‌? അതുപോലെയുള്ള ഒരു ചെറുക്കനല്ലേ, പ്രഭോ, അങ്ങയെ പാതാളത്തിലേയ്ക്ക്‌ ചവിട്ടി താഴ്ത്തിയതും. ഇതൊക്കെ ഇനി നമ്മള്‍ പറഞ്ഞിട്ടന്താ കാര്യം." ചാക്കോച്ചനാണത്‌ പറഞ്ഞത്‌.

ഭരണാധിപന്മാരുടെ എക്കാലത്തേയും മാതൃകയായ ആ വിശാലഹൃദയന്‍ തുടര്‍ന്നു, നിങ്ങളല്ലെ ഈയിടെ ഒരദ്ധ്യാപകനെ ചവിട്ടിക്കൊന്നത്‌? നിങ്ങളല്ലെ പുസ്തകങ്ങളായ പുസ്തകങ്ങളൊക്കെ ചുട്ടുകരിച്ചത്‌? സാക്ഷാല്‍ സരസ്വതിയെയല്ലേ നിങ്ങള്‍ അധിക്ഷേപിച്ചതും ആട്ടിയോടിച്ചതും? ഇതിനൊക്കെ നിങ്ങള്‍ക്കെന്തുണ്ട്‌ പറയാന്‍?

സത്യത്തില്‍ ഞങ്ങള്‍ക്കൊന്നും പറയാനില്ലായിരുന്നു. ഞങ്ങള്‍ വിഷണ്ണരായി നിന്നതേയുള്ളു.

അദ്ദേഹം വീണ്ടും ചോദിച്ചു. കള്ളനോട്ടുണ്ടോ നിങ്ങളുടെ കയ്യില്‍ കുറച്ചെടുക്കാന്‍?
ഞാന്‍ ഇല്ലെന്നു തലയാട്ടി. അതദ്ദേഹത്തിനു തീരെ പിടിച്ചില്ല.

അദ്ദേഹം ചോദിച്ചു. " അപ്പോള്‍ കേരളം മുഴുവന്‍ കള്ളനോട്ടാണെന്നു കേട്ടതോ?"
"അതു ചില പ്രത്യേക വ്യക്തികള്‍ ...."
സംസാരിക്കാന്‍ തുടങ്ങിയ രാവുണ്ണ്യാരെ മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ മാവേലി ഞങ്ങളോട്‌ തട്ടിക്കയറി. "അപ്പോള്‍ ATM-ഉകളില്‍ കള്ളനോട്ട്‌ കണ്ടതോ?"

മാവേലി ദേഷ്യപ്പെടുന്നത്‌ എനിക്ക്‌ പുതിയൊരനുഭവമായിരുന്നു.

മിണ്ടാതെ നില്‍ക്കുന്ന ഞങ്ങളോട്‌ മാവേലി ചോദിച്ചു, ഞാന്‍ അവിടെ ഭരിച്ചിരുന്നപ്പോള്‍ ഇതൊന്നും ഉണ്ടായിരുന്നില്ലല്ലോ? കള്ളപ്പറയോ ചെറുനാഴിയോ അന്നുണ്ടായിരുന്നുവോ?

ഈയിടെ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തതും പിന്നീട്‌ ആ കുട്ടിയെ ബലാത്സംഗം ചെയ്തതിന്റെ പേരില്‍ അതിന്റെ ജ്യേഷ്ഠനെ അറസ്റ്റ്‌ ചെയ്തതും നിങ്ങളുടെ കേരളത്തിലല്ലേ? അദ്ദേഹം ഞങ്ങളുടെ വായ മൂടാന്‍ ശ്രമിച്ചു.

"ഫോറെന്‍സിക്‌ ലാബില്‍ നിന്ന് മൂന്ന് CD കൊടുത്തിട്ട്‌ നിങ്ങള്‍ അതിലൊന്നുമാത്രമല്ലേ കോടതിയില്‍ സമര്‍പ്പിച്ചത്‌? ഇത്രമാത്രം കള്ളന്മാരായിപ്പോയില്ലേ നിങ്ങള്‍ ഈ കേരളീയര്‍?" കരുത്തനായ ആ ഭരണാധിപന്‍ ഞങ്ങളെ ചോദ്യം ചെയ്തു.

"പ്രഭോ", ഞാന്‍ പറഞ്ഞു. "അത്‌ ഞങ്ങളുടെ കുഴപ്പമൊന്നുമല്ല, കോടതിക്കറിയാഞ്ഞിട്ടാണ്‌. ഞങ്ങള്‍ ആ മൂന്ന് CDയും ഒരുമിച്ച്‌ ഒരു DVDയിലാക്കിയാണ്‌ കോടതിയില്‍ കൊടുത്തത്‌. ജഡ്ജിയ്ക്കുണ്ടോ CDയെന്നും DVDയെന്നുമുള്ള വ്യത്യാസം?"

എന്റെ ആ വലയില്‍ മാവേലി കുടുങ്ങി. സത്യത്തില്‍ അദ്ദേഹത്തിനും അതിന്റെ വ്യത്യാസമറിയില്ലായിരുന്നു. അതൊക്കെ മക്കള്‍ ITയില്‍ പ്രവര്‍ത്തിക്കുന്ന നമ്മളീ മലയാളികള്‍ക്കല്ലേ അറിയൂ. മാവേലി പിന്നെ അതിനെക്കുറിച്ചൊന്നും പറഞ്ഞില്ല.

കേരളത്തിലിപ്പോള്‍ വികസനം കുറവാണെന്നും വൈദ്യുതിക്ഷാമം മൂലമുള്ള ഇരുട്ടാണ്‌ കള്ളനോട്ടു പരക്കാന്‍ കാരണമെന്നുമൊക്കെ ഞങ്ങള്‍ ഒരുവിധം പറഞ്ഞു നിര്‍ത്തി.

വികസനത്തിനായി അമേരിക്കയില്‍ നിന്ന് ഇന്ധനം കൊണ്ടുവരുന്ന കാര്യവും ഞങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു.

ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു ദൂതന്‍ പ്രത്യക്ഷപ്പെടുകയും കേരളത്തില്‍ നിന്നു വന്നവര്‍ക്ക്‌ അനുവദിച്ച സമയം തീരാറായെന്ന് ചക്രവര്‍ത്തിയെ ഉണര്‍ത്തിക്കുകയും ചെയ്തു.

മാവേലി തലയൊന്നു ചൊറിഞ്ഞു. ഇവരോടെന്തു പറയണം എന്നാലോചിച്ചതാകണം.

മാവേലിയുടെ കാലത്തെന്നപോലെ മനുഷ്യരെ ഒരുപോലെ കാണാനുള്ള സംരംഭങ്ങള്‍ തുടങ്ങിവച്ച കാര്യവും ഞങ്ങള്‍ അദ്ദേഹത്തോട്‌ പറഞ്ഞു.

അതെന്തൊക്കെയാണ്‌ പുതിയ പദ്ധതികള്‍? മാവേലി ആശ്ചര്യപ്പെട്ടു.

മദ്രസകളിലെ എല്ലാവര്‍ക്കും ശമ്പളം, എല്ലാ മുസ്ലിം കുട്ടികള്‍ക്കും സ്കോളര്‍ഷിപ്പ്‌, ഹജ്ജ്‌ കര്‍മ്മം അനുഷ്ഠിക്കാന്‍ സഹായധനം, അവര്‍ക്കായി കൂടുതല്‍ നിയോജകമണ്ഡലങ്ങള്‍, ഇതിനൊന്നും അര്‍ഹതയില്ലാത്തവര്‍ക്ക്‌ BPL-കാര്‍ഡുകള്‍ വഴി ചുരുങ്ങിയ പൈസയ്ക്ക്‌ അരി-സാധനങ്ങള്‍, കേരളീയരെ നക്കിത്തുടയ്ക്കുന്ന KSFE-ക്ക്‌ ഇന്ത്യയിലും പുറത്തും ബ്രാഞ്ചുകള്‍, ക്രിസ്തുമതത്തിലേക്കു മാറുന്ന ഹരിജനങ്ങള്‍ക്ക്‌ പ്രത്യേക പരിഗണന, ആത്മഹത്യ ചെയ്യുന്ന കന്യാസ്ത്രീകളുടെ കുടുംബങ്ങള്‍ക്ക്‌ സഹായധനം എന്നിങ്ങനെ നിരവധി പദ്ധതികള്‍ക്ക്‌ സര്‍ക്കാര്‍ തുടക്കമിട്ടതായി ഞങ്ങള്‍ മാവേലിയെ ബോധ്യപ്പെടുത്തി.

"കര്‍ത്താവിന്റെ മണവാട്ടിമാരെ ബലാത്സംഗം ചെയ്തുകൊല്ലുന്നതാണോ മാവേലി കേരളത്തില്‍ ഇട്ടേച്ചുപോയ സംസ്ക്കാരം? പ്രഹ്ലാദപൗത്രന്‍ ചോദിച്ചു.

ഞാനാകെ അന്തം വിട്ടുപോയി. എന്തൊക്കെയാണ്‌ ഇദ്ദേഹം ചോദിക്കുന്നത്‌. എവിടുന്നു കിട്ടി ഇദ്ദേഹത്തിനിത്തരം വാര്‍ത്തകള്‍.

"പ്രഭോ, അങ്ങ്‌ ആകെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്ക്യാണ്‌. ഏതോ കുബുദ്ധികള്‍ പറഞ്ഞുപരത്തുന്നതാണിതൊക്കെ. ഇല്ല, ഞങ്ങള്‍ കേരളീയര്‍ അത്തരക്കാരല്ല, ഞങ്ങള്‍ കര്‍ത്താവിന്റെയും മണവാട്ടിമാരുടെയും കിടപ്പറയിലേക്ക്‌ ഒളിഞ്ഞുനോക്കാറുപോലുമില്ല, പിന്നെയാണോ ബലാത്സംഗത്തിന്റെ കാര്യം?" ഞാന്‍ ശബ്ദം താഴ്ത്തി മൊഴിഞ്ഞു.

"അത്തരം കാര്യങ്ങളിലൊക്കെ കേരളീയര്‍ വളരെ ഡീസെന്റാണ്‌." ചാക്കോച്ചന്‍ പറഞ്ഞു. "ചിലരുണ്ട്‌, മുറിക്കുള്ളില്‍ ഒളിക്യാമറ പിടിപ്പിച്ച്‌ പലതും റെക്കോഡ്‌ ചെയ്യുന്നവര്‍; പക്ഷെ അതിലൊന്നും കേരളീയര്‍ ഇല്ല. അതെല്ലാം അങ്ങ്‌ വടക്ക്‌ പാര്‍ലമെന്റേറിയന്മാര്‍ ചെയ്യുന്ന കാര്യങ്ങളാണ്‌,... പൈസയ്ക്കുവേണ്ടി..... ഞങ്ങള്‍ പണത്തിനുവേണ്ടി അത്രയൊന്നും ചീപ്പാവാറില്ല." ചാക്കോച്ചന്‍ പറഞ്ഞവസാനിപ്പിച്ചു.

"മരണത്തിനു മുമ്പ്‌ അരൂപ എന്ന കന്യാസ്ത്രീ ലൈംഗികമായി ബന്ധപ്പെട്ടിരുന്നു എന്നല്ലേ പത്രവാര്‍ത്ത, അതിനെക്കുറിച്ച്‌ നിങ്ങള്‍ക്കൊന്നും പറയാനില്ലേ?" പാതാളരാജന്‍ ചോദ്യം തുടരുകയാണ്‌.

രാവുണ്ണ്യാര്‌ തനിക്കറിയാവുന്ന കാര്യങ്ങള്‍ ഇങ്ങനെ പറഞ്ഞു.
"മഹാരാജന്‍, അതിലെന്താണൊരു തെറ്റ്‌? മണവാട്ടിമാര്‍ക്കെന്താ ലൈംഗികബന്ധം പാടില്ലെന്നുണ്ടോ? മരണത്തിനു തലേ രാത്രിയില്‍ കര്‍ത്താവ്‌ അവരുമായി ബന്ധപ്പെട്ടിട്ടുണ്ടാകാം. അതിലും തെറ്റില്ല; കന്യാസ്ത്രീകളുടെ മണവാളനല്ലേ കര്‍ത്താവ്‌?"

രാവുണ്ണ്യാരുടെ ഉത്തരം ശരിയായില്ലേ എന്നെനിയ്ക്കൊരു ശങ്ക തോന്നി. അതുകൊണ്ട്‌ "പ്രതിശ്രുതവധുവെ ദൈവങ്ങള്‍ പോലും പ്രാപിച്ചിട്ടില്ലേ" എന്ന് വയലാര്‍ പാടിയ കാര്യം ഞാന്‍ ഉദ്ധരിച്ചു. നാടുവാഴികളോടൊക്കെ പറയുന്നതിന്‌ എന്തിന്റെയെങ്കിലും പിന്‍ബലവും വേണ്ടേ?

ഛെ, ഛെ, നിങ്ങള്‍ കര്‍ത്താവിനെയും ദുഷിക്കുന്നോ? പരമഭക്തനായ മാവേലി ക്രുദ്ധനായി.

"ഞങ്ങള്‍ മലയാളികള്‍ ആരേയും ദുഷിക്കാറില്ല. ഭഗവാന്‍ കൃഷ്ണന്‌ 16008 ഭാര്യമാരുണ്ടായിരുന്നുവെന്നല്ലേ ജനസംസാരം. പിന്നെ കര്‍ത്താവിനു മാത്രമെന്താണിതിനിത്ര അയിത്തം? അദ്ദേഹവും മനുഷ്യരൂപം തന്നെയായിരുന്നുവല്ലോ എടുത്തത്‌! മാത്രമല്ല, ലോകത്തൊട്ടാകെയുള്ള കന്യാസ്ത്രീകളായ കന്യാസ്ത്രീകളെല്ലാം കര്‍ത്താവിന്റെ മണവാട്ടിമാരാണു താനും. കര്‍ത്താവിനുമില്ലേ തന്റെ പെണ്ണുങ്ങളോട്‌ ചില ഉത്തരവാദിത്തങ്ങളൊക്കെ?" ഞാന്‍ തിരിച്ചു ചോദിച്ചു.

"അപ്പോള്‍ ഈ ആത്മഹത്യ ദൈവത്തിന്റെ കളിയാണ്‌ എന്നാണോ നിങ്ങള്‍ പറഞ്ഞു വരുന്നത്‌? ദൈവം എന്തിനാ കന്യാസ്ത്രീകളെ കൊല്ലുന്നത്‌?" മാവേലി വീണ്ടും ചോദിച്ചു.

"അതിപ്പോള്‍ ദൈവം കൊല്ലണമെന്നില്ലല്ലോ. അവര്‍ ആത്മഹത്യ ചെയ്യാന്‍ എന്തെല്ലാം കാരണങ്ങള്‍ കാണും.  മാനഹാനി ഭയന്ന് അവര്‍ ആത്മഹത്യ ചെയ്യാനൊരു സാദ്ധ്യത ഞാന്‍ കാണുന്നു. അതല്ലെങ്കില്‍ കൃഷിനാശം കൊണ്ടായിക്കൂടേ?" ചാക്കോച്ചന്‍ ആണ്‌ അത്‌ പറഞ്ഞത്‌.

"ശരിയാണ്‌, ചാക്കോ മാഷ്‌ പറഞ്ഞതുതന്നെയാകാം കാരണം." രാവുണ്ണ്യായര്‍ ചാക്കോച്ചനെ പിന്താങ്ങി.

മാവേലി ഞങ്ങളെ രൂക്ഷമായി ഒന്നു നോക്കി. കള്ളന്‌ കഞ്ഞി വച്ചവരല്ലേ നിങ്ങള്‍ എന്നു ചോദിക്കുന്നതുപോലുണ്ടായിരുന്നൂ ആ നോട്ടം.

പെട്ടെന്ന് സൈറണ്‍ മുഴങ്ങി. ഞങ്ങള്‍ക്കനുവദിച്ച സമയം പൂര്‍ണ്ണമായും തീര്‍ന്നിരുന്നു.

പാതാളത്തിലെ ആ സാര്‍വ്വഭൗമന്‍ ആക്രോശിച്ചു.
"നിങ്ങളുടേത്‌ കേരളമല്ല, കരാളമാണ്‌, നിങ്ങള്‍ മലയാളികളല്ല, കൊലയാളികളാണ്‌. നിങ്ങള്‍ക്ക്‌ പോകാം. ഒരു കാര്യം ഓര്‍ത്തോളൂ, ഇല്ല്യ, ഇനി ഞാന്‍ കേരളത്തിലേക്കില്ല"

അദ്ദേഹത്തിന്റെ പുരികങ്ങള്‍ കനക്കുന്നതും ദംഷ്ട്രങ്ങള്‍ വളയുന്നതും ഞാന്‍ കണ്ടു. അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്ന് തീപ്പൊരി ചിതറി. ആ ആസുരമായ രൂപം കണ്ടപ്പോള്‍ പട്ടാളക്കാരനായ ഞാന്‍ പേടിച്ച്‌ പിന്മാറി. ഇദ്ദേഹം ഒരു അസുരചക്രവര്‍ത്തിയാണല്ലോ എന്ന ചിന്ത എന്നിലുണ്ടായി. മാവേലിയുടെ കണ്ണില്‍നിന്നുതിര്‍ന്ന തീപ്പൊരിയില്‍ നിന്ന് മൂന്ന് ഭീകരരൂപങ്ങളുടലെടുത്തു. അവ ഞങ്ങളെപ്പിടിച്ച്‌ കേരളത്തിലേക്കിട്ടു.
************************************************************
വേച്ചുവേച്ച്‌ വീട്ടിലേയ്ക്കു നടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തുകൊണ്ടിരുന്നത്‌ കേരളമെന്ന അസുരരാജ്യത്തെക്കുറിച്ചായിരുന്നു. തൊട്ടുപുറകെയുള്ള ചാക്കോച്ചന്റെ കാര്യമായിരുന്നു സങ്കടം.. മലര്‍പ്പൊടിക്കാരന്റെ കുടം പോലെ പൊടിഞ്ഞിരുന്നൂ അയാളുടെ ബ്ലോഗുള്ള ക്യാമറ.

2008, ജൂലൈ 19, ശനിയാഴ്‌ച

കോണ്‍ഗ്രസ്സ്‌ പാര്‍ട്ടിയും പാര്‍ട്ടി കോണ്‍ഗ്രസ്സും

കൃഷ്ണന്‍ കുട്ടിയുടെ സുഹൃത്ത്‌ കുഞ്ഞച്ചന്‌ സ്കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ കോണ്‍ഗ്രസ്സിലാണ്‌ വിശ്വാസം.
അല്ലെങ്കിലും അതങ്ങനെയേ വരൂ, കാരണം സായിപ്പു തുടങ്ങിയതാണെങ്കിലും നമുക്കു കിട്ടിയ സ്വാതന്ത്ര്യത്തില്‍ കോണ്‍ഗ്രസ്സിന്റെ പങ്ക്‌ വളരെ വലുതല്ലേ!
നെഹ്രുവിനും കോണ്‍ഗ്രസ്സിലായിരുന്നല്ലോ വിശ്വാസം. അദ്ദേഹത്തിന്‌ മൗണ്ട്‌ ബാറ്റണ്‍ പ്രഭുവിന്റെ ഭാര്യയുമായി എന്തൊക്കെയോ ഇടപാടുണ്ടായിരുന്നെന്നും എവിടെയോ വായിച്ചിട്ടുണ്ട്‌.

കുറേ കാലം മുമ്പ്‌ കേരളത്തിലെ കുറേ പേര്‍ പാര്‍ട്ടിനേതൃത്വത്തെ ധിക്കരിച്ച്‌ ഒരു കേരള പാര്‍ട്ടി ഉണ്ടാക്കി. പക്ഷേ അവരാ പാര്‍ട്ടിയ്ക്ക്‌ മലയാളം പേരൊന്നുമല്ലാ കൊടുത്തത്‌. സംസ്ഥാനത്തിന്റെ പേരിനോട്‌ ചേര്‍ത്ത്‌ കോണ്‍ഗ്രസ്സ്‌ എന്നെഴുതുകയായിരുന്നു. കോണ്‍ഗ്രസ്സിലാണല്ലോ അവര്‍ക്കും താല്‍പ്പര്യം.

കൃഷ്ണന്‍ കുട്ടിയുടെ മറ്റു കൂട്ടുകാരെല്ലാം ഇടതുപക്ഷചിന്താഗതിക്കാരാണ്‌. അവരുടെ പഴയ നേതാക്കള്‍ പണ്ട്‌ ഒളിവിലൊക്കെ കഴിഞ്ഞവരാണ്‌. അക്കാലത്ത്‌ അവര്‍ക്കും കോണ്‍ഗ്രസ്സ്‌ ബന്ധമുണ്ടായിരുന്നു. ഇപ്പോള്‍ കൃഷ്ണന്‍ കുട്ടിയുടെ കൂട്ടുകാരും ഇടയ്ക്കൊക്കെ അവരുടെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കും.

കുറച്ചുമുമ്പ്‌ DIC-K എന്നൊരു പാര്‍ട്ടി കേരളത്തിലുണ്ടായിരുന്നു. DICK പിന്നീട്‌ കോണ്‍ഗ്രസ്സിലുള്ള താല്‍പര്യം കാരണം കോണ്‍ഗ്രസ്സില്‍ അലിഞ്ഞില്ലാതായി.

പക്ഷേ കൃഷ്ണന്‍ കുട്ടി വിശ്വസിയ്ക്കുന്നത്‌ നമ്മുടെ നാട്ടിലെ ആള്‍ക്കാര്‍ തുടങ്ങിയ പാര്‍ട്ടിയിലാണ്‌. കൃഷ്ണന്‍ കുട്ടിയ്ക്ക്‌ അല്‍പ്പം വര്‍ഗ്ഗീയ ചായ്‌വ്വുണ്ടെന്നാണ്‌ എന്റെ സുഹൃത്തുക്കള്‍ പറയുന്നത്‌. നാടന്‍ ഭാഷ, നാടന്‍ ഭക്ഷണം, നാടന്‍ നേതാക്കള്‍ എന്നിങ്ങനെ എല്ലാം നാടനായിട്ടാണ്‌ കൃഷ്ണന്‍ കുട്ടിയുടെ ജീവിതം.

ഭരണഭാഷ മലയാളത്തിലായിത്തുടങ്ങിയപ്പോഴാണ്‌ തന്റെ പാര്‍ട്ടിയുടെ പേരും മലയാളത്തിലാക്കിയാല്‍ കൊള്ളാമെന്ന് നമ്മുടെ കുഞ്ഞച്ചന്‌ തോന്നിയത്‌.
കൃഷ്ണന്‍ കുട്ടി മലയാളമേ പറയൂ എന്നു കുഞ്ഞച്ചനറിയാം. അങ്ങനെയാണ്‌ തന്റെ പാര്‍ട്ടിയുടെ പേര്‌ മലയാളാത്തിലാക്കാന്‍ അയാള്‍ കൃഷ്ണന്‍ കുട്ടിയെ സമീപിച്ചത്‌.

കൃഷ്ണന്‍ കുട്ടിയ്ക്കും കുഞ്ഞച്ചനെ സഹായിയ്ക്കുന്നതില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളു.
കോണ്‍ഗ്രസ്സ്‌ എന്നത്‌ മലയാളത്തിലെഴുതിയാല്‍ തനിയ്ക്കെന്താ നഷ്ടം?

കൃഷ്ണന്‍ കുട്ടി പതുക്കെ തന്റെ ഇംഗ്ലീഷ്‌-ഇംഗ്ലീഷ്‌-മലയാളം ഡിക്ഷനറി കയ്യിലെടുത്ത്‌ കോണ്‍ഗ്രസ്സ്‌ എന്ന വാക്കിന്റെ അര്‍ത്ഥം നോക്കാന്‍ തുടങ്ങി. ഇംഗ്ലീഷില്‍ തന്നെ രണ്ടുമൂന്നര്‍ത്ഥങ്ങള്‍ കൊടുത്തിട്ടുണ്ട്‌.
കൃഷ്ണന്‍ കുട്ടി എല്ലാം നോക്കി. പക്ഷേ മലയാളം അര്‍ത്ഥം നോക്കാന്‍ മെനക്കെട്ടില്ല. അതിനുമുമ്പേ ഡിക്ഷനറി വലിച്ചെറിഞ്ഞ്‌ മുറ്റത്തേയ്ക്കിറങ്ങി.
കൃഷ്ണന്‍ കുട്ടി ഉറക്കെ വിളിച്ചുപറഞ്ഞു.
"കുഞ്ഞച്ചാ, എനിയ്ക്കും കോണ്‍ഗ്രസ്സിലാണ്‌ താല്‍പര്യം."

2008, ജൂലൈ 11, വെള്ളിയാഴ്‌ച

ഉപഭോക്താവിന്റെ മാത്രം നാട്‌

ഈ God sown കണ്‍ട്രി God's own കണ്‍ട്രി അല്ല, മറിച്ച്‌ Godown കണ്‍ട്രി ആണ്‌.

കേരളം ദൈവത്തിന്റെ സ്വന്തം നാട്‌


മേല്‍ എഴുതിയ അക്ഷരങ്ങളും വാക്കുകളും ശ്രദ്ധിച്ചു നോക്കൂ. ഒരമ്മ പെറ്റ മക്കള്‍ പോലെ, എല്ലാം മലയാള അക്ഷരങ്ങള്‍.

ഇനി താഴെ ശ്രദ്ധിയ്ക്കൂ. മേല്‍ എഴുതിയതിന്റെ ഇംഗ്ലീഷ്‌ തര്‍ജ്ജമയാണ്‌.

God's own country

ശ്രദ്ധിച്ചു നോക്കൂ, എല്ലാം ഒരമ്മ പെറ്റ മക്കള്‍ പോലെ ഇംഗ്ലീഷ്‌ അക്ഷരങ്ങള്‍ എന്നു പറയാനൊക്കുമോ?
ഇല്ല. God's എന്ന വാക്കില്‍ കൂട്ടം തെറ്റി വന്ന ഒന്നില്ലേ? ഒരുതരം ഒരു കോമ, അല്ലെങ്കില്‍ ഒരു ചിഹ്നം.
ഉണ്ട്‌. നമുക്ക്‌ ഒരമ്മ പെറ്റ മക്കള്‍ മതി, ഈ ഒറ്റയാനെ നമുക്ക്‌ പുറന്തള്ളാം. അപ്പോള്‍ നമുക്ക്‌ താഴെ എഴുതിയപോലെ കിട്ടും.

God s own country

s എന്ന അക്ഷരം ഒറ്റയ്ക്ക്‌ നില്‍ക്കുന്നത്‌ കണ്ടില്ലേ? പാവം, അവനെ നമുക്ക്‌ ഏതെങ്കിലും വാക്കിന്റെ കൂടെ നിര്‍ത്താം.

തല്‍ക്കാലം own എന്ന വാക്കിന്റെ കൂടെ നില്‍ക്കട്ടെ.
അപ്പോള്‍ God sown country എന്നായി;
എന്നു വച്ചാല്‍ "ദൈവം വിതച്ച നാട്‌" എന്നര്‍ത്ഥം.
ശരിയല്ലേ? ഇത്‌ പരശുരാമന്‍ എന്ന ദൈവം വിതച്ചുണ്ടാക്കിയതല്ലേ?
അപ്പോള്‍ God's own country -യോ God sown country-യോ?

God sown country എന്നു പറയുന്നതല്ലേ ശരി?
അല്ലാ എന്നാണ്‌ മറുപടിയെങ്കില്‍ നമുക്ക്‌ വീണ്ടും തുടങ്ങാം.

God s own country-യിലെ s-നെ നമുക്ക്‌ God എന്ന വാക്കിന്റെ കൂടെ നിര്‍ത്താം.
അപ്പോള്‍ അത്‌ Gods own country എന്നാവും;
പക്ഷേ God ഒന്നേയുള്ളൂ എന്നല്ലേ എല്ലാ മതങ്ങളും പറയുന്നത്‌?
അപ്പോള്‍ Gods എന്നു വേണ്ട, God എന്നു മതി.
അപ്പോള്‍ നമുക്ക്‌ God own country എന്നു കിട്ടും.
ദൈവം ഒറ്റയ്ക്കല്ലെന്നും എല്ലാവരുടേയും കൂടേയാണെന്നുമല്ലേ നമ്മുടെ വിശ്വാസം.
അപ്പോള്‍ നമുക്ക്‌ God-നെ own-നോട്‌ ചേര്‍ത്തു നിര്‍ത്താം.
അപ്പോള്‍ കിട്ടുന്നത്‌ Godown country എന്നല്ലേ?
എന്നുവച്ചാല്‍ കച്ചവടസാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന സ്ഥലം എന്ന്.
കച്ചവടസാധനങ്ങള്‍ എവിടെയാണ്‌ കൂട്ടിയിടുന്നത്‌?
ഉപഭോക്താക്കള്‍ ഉള്ള സ്ഥലത്ത്‌.
അപ്പോള്‍ Godown country എന്നതിന്‌ വേണമെങ്കില്‍ ഉപഭോക്താക്കളുടെ മാത്രം നാട്‌ എന്നൊരു തര്‍ജ്ജമ കൊടുത്തുകൂടേ?
കൊടുക്കാം എന്നാണെന്റെ പക്ഷം.
കേരളത്തെ ഉപഭോക്താക്കളുടെ മാത്രം നാട്‌ എന്ന് വിളിയ്ക്കാമെന്നും.

അതെ, കേരളം ശരിയ്ക്കും ഒരു "ഉപഭോക്താക്കളുടെ മാത്രം നാട്‌" ആണ്‌. സംശയമുണ്ടെങ്കില്‍ താഴെ നോക്കിക്കൊള്ളു.

ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകളുള്ളത്‌ കേരളത്തിലാണ്‌. മൊബൈലെന്താ കച്ചവടച്ചരക്കല്ലേ?
ഒരു ദിവസം ഏകദേശം 1300 പുതിയ വാഹനങ്ങളാണ്‌ കേരളത്തിലെ റോഡിലിറങ്ങുന്നത്‌. കാറും സ്കൂട്ടറും കച്ചവടച്ചരക്കല്ലേ?
ഏറ്റവും കൂടുതല്‍ വീഡിയോ ചാനലുകളും കേബിള്‍ TV-കളുമുള്ളത്‌ കേരളത്തിലാണ്‌. അതും കച്ചവടത്തിന്റെ ഭാഗം തന്നെ.
ഇംഗ്ലീഷ്‌ മരുന്നെത്രയാ കേരളത്തില്‍ വിറ്റുപോകുന്നത്‌? ഇതെന്താ കച്ചവടമല്ലേ?
കേരളത്തിലിപ്പോള്‍ ആസ്പത്രികള്‍ ആതുരാലയങ്ങളോ കച്ചവടകേന്ദ്രങ്ങളോ എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല.

കേരളത്തിലേയ്ക്ക്‌ വരുന്ന വിദേശ നാണ്യത്തിന്റെ കണക്ക്‌! ഇതെല്ലാം എവിടെപ്പോകുന്നു? എല്ലാം ഉപഭോഗവസ്തുക്കള്‍ക്കായി ചെലവാകുന്നു.

കേരളത്തിലെ വീടുകള്‍, കെട്ടിടങ്ങള്‍...... എല്ലാം കച്ചവടത്തിന്റെ ഉദാത്തമായ നിദര്‍ശനങ്ങള്‍ തന്നെ.

ഇനി അരി, പച്ചക്കറി എന്നിവയെടുത്താലോ? എല്ലാം വാങ്ങുകതന്നെ.

ഇനി പറയൂ, ഇത്‌ ദൈവത്തിന്റെ സ്വന്തം നാടോ അതോ ഉപഭോക്താവിന്റെ മാത്രം നാടോ?

God's own country -യോ Godown country-യോ?

2008, ജൂലൈ 3, വ്യാഴാഴ്‌ച

രാവണന്‍ കേരളത്തില്‍

രാമസേതു പത്രവാര്‍ത്തകളില്‍ സ്ഥലം പിടിക്കാന്‍ തുടങ്ങിയപ്പോഴേ രാവണനു ഉറക്കം നഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു. സന്തോഷ്‌ മാധവന്റെ അറസ്റ്റ്‌ കൂടിയായപ്പോള്‍ സംഗതി പിടിച്ചാല്‍ കിട്ടാതെയായി. ഇരിക്കാന്‍ വയ്യ, നിക്കാന്‍ വയ്യ ആകപ്പാടെ ഒരു ഇരിക്കപ്പൊറുതിയില്ലായ്മ.
ഛെ! എല്ലാംകൂടെ ആലോചിക്കുമ്പോള്‍ തൊലിയുരിഞ്ഞു പോകുന്നു. സന്തോഷ്‌ മാധവന്‍ ചെയ്തതു തന്നെയല്ലേ താനും ചെയ്തത്‌? അതോ, അയാള്‍ തന്നെ അനുകരിക്കുകയായിരുന്നുവോ? സന്യാസിവേഷം കെട്ടി തന്നെക്കാള്‍ വളരെയധികം പ്രായം കുറഞ്ഞ പെണ്‍കുട്ടികളെ ... അല്ല .... സീതയെ തട്ടിക്കൊണ്ടുപോയി........എന്നിട്ട്‌.... ഹൊ, എന്തൊരു ബുദ്ധിമോശമാണന്നു കാണിച്ചത്‌?
അന്നു കോടതിയും പോലീസും ഇല്ലാതിരുന്നത്‌ ഒരു കണക്കിന്‌ നന്നായി. അല്ലെങ്കില്‍ ജയിലില്‍ കിടന്ന്‌ അഴി എണ്ണിയേനെ. സന്തോഷ്‌ മാധവനെയും സ്വാമി ഹിമവത്മഹേശ്വരഭദ്രാനന്ദയേയും പോലെ. ഒന്നാലോചിച്ചാല്‍ എല്ലാം ജാതകഫലമാണ്‌. അല്ലെങ്കില്‍ കേരളത്തിലെ ഒന്നുരണ്ടു മന്ത്രിമാര്‍ വരെ ഇമ്മാതിരി കേസ്സിലകപ്പെടുമായിരുന്നോ? ഇനിയിപ്പോള്‍ ഇന്നായിരുന്നെങ്കില്‍ പോലിസില്ലായിരുന്നെങ്കിലും തന്റെ കാര്യം പോക്കാകുമായിരുന്നു. ആളുകള്‍ തന്നെ കല്ലെറിഞ്ഞ്‌ കൊന്നേനെ. എന്താ ആളുകളുടെയൊക്കെ ഇപ്പോഴത്തെ പവറ്‌. അതുകൊണ്ടല്ലെ ആ നേപ്പാളത്തില്‍ രാജാവിനെ മാറ്റാന്‍ അവര്‍ക്ക്‌ പറ്റിയത്‌. പാവം, ആ രാജാവ്‌ കാട്ടിലെ കൊട്ടാരത്തിലേയ്ക്കു പോകുമ്പോള്‍ കൂടെ രണ്ടു കാറു കൊണ്ടുപോകാന്‍ കൂടി ആ മാവോവാദികള്‍ സമ്മതിച്ചില്ലത്രെ. അല്ലെങ്കിലും ഇപ്പോഴുണ്ടോ ജനങ്ങള്‍ക്ക്‌ രാജഭക്തി എന്നൊന്ന്‌?

താന്‍ തൊട്ടതുമുതലാണ്‌ സീതയ്ക്ക്‌ കഷ്ടകാലം തുടങ്ങിയത്‌. അവസാനം രാമന്‍ ഉപേക്ഷിക്കുകയും ചെയ്തു.സ്ത്രീകള്‍ക്ക്‌ താനൊരു ശനിതന്നെയായിരുന്നു. എന്നാല്‍ രാമന്റെ കാര്യം അങ്ങനെയല്ല. രാമന്‍ തൊട്ട കല്ലു വരെ പെണ്ണായി എന്നല്ലേ കഥ.

"സീതാദേവി സ്വയംവരം ചെയ്തൊരു
ത്രേതായുഗത്തിലെ ശ്രീരാമന്‍
കാല്‍വിരല്‍ കൊണ്ട്‌ തൊട്ടപ്പോള്‍ പണ്ട്‌
കാട്ടിലെ കല്ലൊരു മോഹിനിയായ്‌"

എന്നൊക്കെയല്ലെ ആളുകള്‍ പാടി നടക്കുന്നത്‌? ആ, ആളുകള്‍ നല്ലതു പറയാനും ഒരു യോഗം വേണം.

രാമന്‍ എത്ര മാന്യനാണ്‌. അദ്ദേഹം പല തവണ സീതയെ തിരിച്ചുകൊടുക്കാന്‍ തന്നെ ഉപദേശിച്ചതാണ്‌. തന്റെ ബുദ്ധിമോശം കൊണ്ടതൊന്നും നടന്നില്ലെന്നു മാത്രം. രാമന്റെ സ്ഥാനത്ത്‌ താനായിരുന്നു അന്ന്‌ എങ്കില്‍ അയോദ്ധ്യാനഗരി താന്‍ കത്തിച്ചുചാമ്പലാക്കിയേനെ. പക്ഷേ രാമന്‍ ക്ഷമിച്ചു. എന്തൊരു ക്ഷമയും സഹനശീലവുമായിരുന്നു ആ വ്യക്തിത്വത്തിന്‌. വെറുതെയല്ല ആളുകള്‍ അദ്ദേഹത്തെ മര്യാദാപുരുഷോത്തമനെന്നു വിളിയ്ക്കുന്നത്‌. എന്നാലും തനിയ്ക്ക്‌ ഇപ്പോഴും മനസ്സിലാകാത്തത്‌ എന്തിനാണ്‌ രാമന്‍ മറഞ്ഞു നിന്ന്‌ ബാലിയെ കൊന്നത്‌ എന്നതാണ്‌.

സീതയെ മോഷ്ടിക്കുക മാത്രമാണോ താന്‍ ചെയ്ത അപരാധം? അല്ല. സ്വന്തം പുരത്തിലെ സ്ത്രികളോടും താന്‍ മോശമായിപ്പെരുമാറിയില്ലേ? തന്റെ മക്കളേയും സഹോദരന്മാരെയും ഒക്കെ കൊലയ്ക്ക്‌ കൊടുത്തത്‌ താനല്ലേ? എന്നിട്ടും ദൈവം അവസാനം തന്നോടൊപ്പം നിന്നു. അല്ലെങ്കില്‍ രാമനെപ്പൊലെ ഒരു മഹത്‌വ്യക്തിയുടെ കൈ കൊണ്ട്‌ താന്‍ മരിക്കുമായിരുന്നൊ? അതുകൊണ്ടല്ലേ തനിക്ക്‌ വീരസ്വര്‍ഗ്ഗം ലഭിച്ചത്‌?

രാവണന്‍ ലങ്കയെക്കുറിച്ചാലോചിച്ചു. തന്റെ അപ്പനപ്പൂപ്പന്മാരായി ഉണ്ടാക്കിയ പുരവും കൊട്ടാരവുമൊക്കെയായിരുന്നു. എല്ലാം വെന്തു വെണ്ണീറായി. എല്ലാത്തിനു താനായിരുന്നു കാരണക്കാരന്‍. കുലം വരെ അറ്റു. കഷ്ടം. അന്നു തന്റെ ബുദ്ധിയൊക്കെ എവിടെപ്പോയിരുന്നുവൊ ആവോ? ആഹ്‌, വരാനുള്ളത്‌ വഴിയില്‍ തങ്ങില്ല എന്നല്ലേ, സമാധാനിക്കുക തന്നെ.

ലങ്കയില്‍ തന്റെ വംശം ഭരിച്ചതിന്റെയൊ ജീവിച്ചതിന്റെയോ യാതൊരു ലക്ഷണവും ഇന്നില്ല. എല്ലാം തകര്‍ന്നടിഞ്ഞു. എന്നിട്ടും ലോകം ഇന്നും തന്നെ ഓര്‍ക്കുന്നു. അതിനും കാരണക്കാരന്‍ മഹാനായ രാമന്‍ തന്നെ എന്നു രാവണന്‍ ഓര്‍ത്തു. രാമനുണ്ടാക്കിയ രാമസേതു ഇന്നില്ലായിരുന്നെങ്കില്‍ താന്‍ വിസ്‌മൃതനായേനെ. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ തന്റെ ജീവിച്ചിരിപ്പുള്ള ഒരേ ഒരു സ്മാരകമാണ്‌ ഈ രാമസേതു.
രാമനു സ്മരിയ്ക്കപ്പെടാന്‍ ധാരാളം അമ്പലങ്ങളുണ്ട്‌. എന്തിന്‌? ഹനുമാനും ലക്ഷ്മണനും വരെയുണ്ട്‌ അമ്പലങ്ങള്‍. അതില്ലെങ്കിലും രാമന്‍ സ്‌മരിയ്ക്കപ്പെടുമെന്ന് രാവണന്‍ ഓര്‍ത്തു. ഉത്തരേന്ത്യയില്‍ അയോദ്ധ്യയും ഫൈസാബാദുമുള്ളേടത്തോളം കാലം, ഇന്ത്യയില്‍ വോട്ട്ബാങ്ക്‌ രാഷ്ട്രീയം ഉള്ളിടത്തോളം കാലം രാമന്‍ ഓര്‍ക്കപ്പെടുമെന്ന് രാവണന്‍ അറിഞ്ഞു . രാമനുള്ളേടത്തോളം താനും ഓര്‍മ്മകളില്‍ ജീവിക്കുമെന്ന് അദ്ദേഹം ആശ്വസിച്ചു.

എന്നാലും രാമസേതു. അതു തകര്‍ക്കപ്പെടുകയാണല്ലോ എന്ന ചിന്ത രാവണനെത്തളര്‍ത്തി. താന്‍ ദക്ഷിണസാഗരത്തില്‍ ഉപേക്ഷിച്ചുപോന്ന തന്റെ കുബുദ്ധി ഈശ്വരാ എങ്ങനെ ഈ അഭിനവരാക്ഷസന്മാര്‍ക്ക്‌ കിട്ടി? എന്തായാലും അത്‌ തകര്‍ക്കപ്പെടുന്നതിനു മുമ്പ്‌ രാമസേതു ഒന്നുകൂടി കാണണമെന്ന് രാവണനു തോന്നി. ജനിച്ചു വളര്‍ന്ന നാടും വീടും കാണാന്‍ ഏതു വയോധികനാണ്‌ ആശയില്ലാതിരിക്കുക? രാമേശ്വരത്ത്‌ മുങ്ങിയൊന്നു കുളിച്ചിരുന്നെങ്കില്‍ ഇത്തിരി ആശ്വാസവും കിട്ടിയേനെ എന്നു രാവണന്‍ ചിന്തിച്ചു..

രോഗി ഇച്ഛിച്ചതും പാല്‌, വൈദ്യന്‍ കല്‍പ്പിച്ചതും പാല്‌ എന്ന പോലെയായിരുന്നു കാര്യം. രാമസേതു തകര്‍ക്കപ്പെടുന്നതിനു മുമ്പ്‌ അതു കാണാന്‍ താല്‍പര്യമുള്ളവര്‍ക്ക്‌ leave അനുവദിച്ചുകൊണ്ടുള്ള തിട്ടൂരം അപ്രതീക്ഷിതമായാണ്‌ സാക്ഷാല്‍ ദൈവം തമ്പുരാന്‍ പ്രഖ്യാപിച്ചത്‌. കേട്ട പാതി, കേള്‍ക്കാത്ത പാതി രാവണന്‍ ലീവിനപേക്ഷിക്കുകയും ഒരു subsidyയ്ക്ക്‌ ശ്രമിക്കുകയും ചെയ്തു. ലീവ്‌ ശരിയായെങ്കിലും subsidyയ്കുള്ള അപേക്ഷ തള്ളിപ്പോയി. രാവണന്‍ ന്യൂനപക്ഷസമുദായക്കാരനല്ലെന്നും അതുകൊണ്ടുതന്നെ യാതൊരുവിധയാത്രാസൗജന്യത്തിനും അര്‍ഹനല്ലെന്നും സ്വര്‍ഗ്ഗം സൂപ്രണ്ട്‌ പ്രത്യേകം നോട്ടീസ്‌ തന്നെ പുറത്തിറക്കി. മാത്രമല്ല ശ്രീലങ്കയില്‍ പോകാന്‍ വിസയുടെ ആവശ്യമുണ്ടെന്നും അതിനുള്ള ഫീസ്‌ പ്രത്യേകം കെട്ടണമെന്നും കൂടി ഉത്തരവില്‍ പറഞ്ഞിരുന്നു. (തങ്ങളുടെ സമുദായത്തിലേയ്ക്ക്‌ മതം മാറിയാല്‍ സൗജന്യമായ യാത്ര തരപ്പെടുത്താമെന്ന നിര്‍ദ്ദേശം രാവണന്‍ ചെവിക്കൊണ്ടില്ല എന്നാണ്‌ സ്വര്‍ഗ്ഗത്തിലെ അകത്തളങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്‌.)

യാത്രാരേഖകളെല്ലാം തന്നെ വൈകാതെ ശരിയായി. രാവണന്‍ തന്റെ പുഷ്പകവിമാനം പതുക്കെ പൊടി തട്ടിയെടുത്തു. (പറന്നാലായി, പറന്നില്ലെങ്കിലായി, കാലങ്ങളായില്ലേ ഇതൊന്നു പറപ്പിച്ചിട്ട്‌.) എന്തായാലും രാവണനു നിരാശനാകേണ്ടി വന്നില്ല. പരീക്ഷണപ്പറക്കല്‍ തികഞ്ഞ വിജയമായിരുന്നു.

രാവണന്‍ തന്റെ യാത്രയുടെ കാര്യം ആരോടും പറഞ്ഞില്ല. ഒറ്റയ്ക്കു പോയാലെ സ്വസ്ഥമായി പോയിവരാനൊക്കു. അല്ലെങ്കില്‍ പടയും പാരാവാരങ്ങളുമായി ഒന്നും നടക്കില്ല.

രാവണന്‍ തന്റെ വിമാനം നേരെ ശ്രിലങ്കയിലേയ്ക്കു വിട്ടു. പുഷ്പകം ത്രികൂടാചലത്തിനു മുകളിലെത്തിയപ്പോള്‍ രാവണന്‍ ബ്രെയ്ക്കൊന്നു ചവിട്ടി, ആകെ ഒരു നിരീക്ഷണം നടത്താന്‍.
"കാലം മാത്രമല്ല, ഭൂമിയും മാറിയിരിക്കുന്നു. പണ്ടിവിടെനിന്നു നോക്കുമ്പോള്‍ കൊട്ടാരങ്ങളും ക്ഷേത്രഗോപുരങ്ങളും മാത്രമേ കാണുമായിരുന്നുള്ളു. ഇന്നിപ്പോള്‍ അംബരചുംബികളായ നിരവധി കെട്ടിടങ്ങളാണ്‌ കാണുന്നത്‌. പിന്നീട്‌ രാവണന്‍ ശ്രദ്ധിച്ചത്‌ കടലിലെ മൈനാകപര്‍വ്വതമായിരുന്നു. അതവിടെ കണ്ടില്ല. അപ്പോള്‍ ശരിയാണ്‌, അതു താഴ്‌ന്നു പോയ വാര്‍ത്ത താനെവിടെയോ വായിച്ചത്‌ അദ്ദേഹം ഓര്‍ത്തു.

രാവണന്‍ തന്റെ റിമോട്ട്‌ വ്യൂയിങ്ങ്‌ ഗ്ലാസെടുത്ത്‌ മൂക്കത്തു വച്ചു. താഴോട്ടു നോക്കിക്കൊണ്ട്‌ രാവണന്‍ പതുക്കെ പുഷ്പകം കുറച്ചു താഴ്ത്തി.
മതി.
രാമസേതു ഇപ്പോള്‍ നല്ലോണം കാണാം. ഇല്ല, അതിനിപ്പോള്‍ വലിയ കേടുപാടുന്നുമില്ല, പക്ഷേ നാളെ എന്താണാവോ അതിനു പറ്റാന്‍ പോകുന്നത്‌.

തങ്ങള്‍ യുദ്ധം ചെയ്തതും രാമന്‍ ബോധം കെട്ടു വീണതുമെല്ലാം അപ്പോള്‍ രാവണന്റെ മനസ്സിലൂടെ കടന്നുപോയി.

രാവണന്‍ ലങ്കാപുരിയെ ലക്ഷ്യമാക്കി വീണ്ടും പറന്നു. തന്റെ കൊട്ടാരം നിന്ന സ്ഥലം, സീത ഇരുന്ന അശോകവനി, എല്ലാം ആകാശത്തുനിന്നു നോക്കണമെന്നുണ്ടായിരുന്നു രാവണന്‌. പക്ഷെ സിംഹളരുടെയും തമിഴരുടെയും യുദ്ധത്തിന്റെ പൊടിപടലങ്ങളല്ലാതെ മറ്റൊന്നും അന്തരീക്ഷത്തില്‍ രാവണനു കാണാന്‍ കഴിഞ്ഞില്ല.

ശ്രീലങ്കയുടെ ആകാശപരിധിക്കുള്ളില്‍ പുഷ്പകം വട്ടമിട്ടു പറന്നെങ്കിലും കഷ്ടം, രാവണന്‌ ഇറങ്ങാനുള്ള അനുമതി അവിടുത്തെ ground control നിഷേധിച്ചു. രാവണനു മതിയായ യാത്രാ രേഖകളില്ലാത്തതായിരുന്നില്ല കാരണം. പുഷ്പകവിമാനത്തിന്‌ ലൈസെന്‍സില്ലെന്നതും ആധുനികവിമാനക്കമ്പനികളൊന്നും അതിനെ അംഗീകരിച്ചിട്ടില്ലെന്നതും ആയിരുന്നൂ അതിനു കാരണം.

ശ്രീലങ്കയുടെ പ്രവൃത്തി രാവണനെ നോവിച്ചു. ശ്രീലങ്കയുടെ പുത്രനായിട്ടും തനിയ്ക്കീ ഗതി വന്നല്ലൊ എന്ന് അദ്ദേഹം ആത്മഗതം ചെയ്തു. എന്നാലും അദ്ദേഹം നിരാശനായില്ല. രാമേശ്വരത്തു ഒന്നു കുളിക്കണം, അത്രയേ തനിക്കിനി വേണ്ടു. അതിനു സനാതന ഭാരതം തന്നെ അനുവദിയ്ക്കുമെന്ന് രാവണനുറപ്പുണ്ടായിരുന്നു. തന്റെ വരവൊക്കെ അവര്‍ സ്വകാര്യമായി കൈകാര്യം ചെയ്യും.അവിടെ ആരെല്ലാം വന്നു പോകുന്നു, പിന്നെയാണോ താന്‍. ഇനി അഥവാ ജനങ്ങളറിഞ്ഞാല്‍ത്തന്നെ, കൂടിപ്പോയാല്‍ ഒരു ബന്ദ്‌, ഒരു ഹര്‍ത്താല്‍, അത്ര തന്നെ, പിന്നെ ലോകര്‍ എല്ലാം മറക്കും. അദ്ദേഹം പുഷ്പകം നേരെ തിരുവനന്തപുരത്തേയ്ക്കു വിട്ടു.

ഊണു കഴിഞ്ഞു മയങ്ങാന്‍ കിടന്നതായിരുന്നു ഞാന്‍. അപ്പോഴാണ്‌ സെല്‍ ശബ്ദിച്ചത്‌.
അത്ഭുതം എന്നല്ലാതെ മറ്റെന്തു പറയാന്‍. ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ രാവണനായിരുന്നു.

ഞങ്ങള്‍ സംസാരിച്ചു. യാത്രയിലാണെന്നും അദ്ദേഹത്തിനു ഈ രാത്രി തിരുവനന്തപുരത്ത്‌ തങ്ങണമെന്നും അത്‌ എന്റെ വീട്ടിലായാല്‍ നന്നായിരുന്നു എന്നുമാണ്‌ അദ്ദേഹം പറഞ്ഞത്‌. എനിയ്ക്കും അതില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളു. യാത്ര രഹസ്യമാണെന്നും ആരും ഇതറിയരുതെന്നും രാവിലെ താന്‍ രാമേശ്വരത്തിനു പോകുമെന്നും കൂടി അദ്ദേഹം പറഞ്ഞു.

ഞാന്‍ നേരെ വിമാനത്താവളത്തിലേയ്ക്കു പോയി പുറത്തു കാത്തുനിന്നു. അവിടമാകെ രാഷ്ട്രീയ VIPകളുടെ ബഹളമായിരുന്നു. ആ തിരക്കിനിടയിലൂടെ രാവണന്‍ എന്നെത്തേടിയെത്തി.

വ്യത്യസ്തനായ ഈ യാത്രക്കാരനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.

ഞങ്ങള്‍ വീട്ടിലെത്തി. എന്റെ പാട്ട സ്കൂട്ടറില്‍ തന്നെയായിരുന്നു യാത്ര. എനിയ്ക്കു ഒരു നല്ല വാഹനത്തിന്റെ ആവശ്യമുണ്ടെന്നും പുഷ്പകം വേണമെങ്കില്‍ തരാമെന്നും അദ്ദേഹം പറഞ്ഞത്‌ ഞാനത്ര കാര്യമാക്കിയില്ല.

ഊണിനും വിശ്രമത്തിനും ശേഷം ഞങ്ങള്‍ സിറ്റൗട്ടിലിരുന്നു സംസാരിച്ചു. വീട്ടുകാര്യവും നാട്ടുകാര്യവും ലോകകാര്യവും മറ്റും.

സദ്ദാം ഹുസ്സൈനെ തൂക്കിലേറ്റിയതും ഹിലാരി ക്ലിന്റണ്‍ തിരഞ്ഞെടുപ്പില്‍ തോറ്റതും ഗ്ലോബല്‍ വാമിങ്ങുമെല്ലാം അദ്ദേഹത്തിനു നല്ലപോലെ വഴങ്ങുന്നുണ്ടായിരുന്നു.
"എന്നാലും യഥാര്‍ത്ഥത്തിലൊരു പുരോഗമനവാദിയായ മുസ്ലിമിനെയാണ്‌ ആ യാങ്കികള്‍ കൊന്നത്‌." രാവണന്‍ പറഞ്ഞു. അത്‌ പറയുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത്‌ രോഷം ജ്വലിയ്ക്കുന്നുണ്ടായിരുന്നു.

നിങ്ങളുടെ ഇന്ദ്രപ്രസ്ഥം ഇപ്പോഴും വിദേശികളുടെ കയ്യില്‍ത്തന്നെയാണല്ലേ? അദ്ദേഹം ചോദിച്ചു.
ആ ചോദ്യത്തിലടങ്ങിയ ധ്വനി എനിയ്ക്കു മനസ്സിലായി.
പാടില്ല, ഇമ്മാതിരി കാര്യങ്ങള്‍ ഇവിടെ സംസാരിച്ചുകൂട, ഞാന്‍ മനസ്സില്‍ കരുതി. മലേഷ്യയിലും മറ്റു പല രാജ്യങ്ങളിലും ഇന്ത്യക്കാരും കേരളീയരും ഭരണരംഗത്തുണ്ടല്ലോ എന്നു ഞാന്‍ സമാധാനിച്ചു.

"അമേരിക്കയിലെ തിരഞ്ഞെടുപ്പിനെ ശ്രിരാമന്‍ പരോക്ഷമായി സ്വാധീനിക്കുന്നുണ്ട്‌." ഞാന്‍ പതുക്കെ വിഷയം മാറ്റി.
ഇത്‌ കേട്ട്‌ അദ്ദേഹത്തിനു ഉത്സാഹമായി. അതെങ്ങനെ? അദ്ദേഹം ആരാഞ്ഞു.
"ഒബാമ ഇപ്പോള്‍ ഹനുമാന്റെ വിഗ്രഹവുമായിട്ടാത്രെ ഇരിപ്പും നടപ്പും. ഹനുമാന്‍ രാമന്റെ ആളല്ലെ." ഞാന്‍ കാര്യങ്ങള്‍ അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി.

"എനിയ്ക്കു വ്യത്യസ്തമായ എന്തെങ്കിലും കാണണമെന്നുണ്ട്‌", രാവണന്‍ പറഞ്ഞു. "മുകേഷിന്റെ ഛായാമുഖി കാണാനൊക്കുമൊ?" അദ്ദേഹം എന്നോടു ചോദിച്ചു.

സിനിമാനടന്‍ മോഹന്‍ലാലിന്റെ പുതിയ നാടകമാണദ്ദേഹം ഉദ്ദേശിച്ചത്‌.

"അയ്യൊ, അതു നടപ്പുള്ള കാര്യമല്ല", ഞാന്‍ പറഞ്ഞു. "അത്‌ ഇതുവരെ വെറും രണ്ടു സ്റ്റേജിലേ അവതരിപ്പിച്ചിട്ടുള്ളു. ഒന്നു തൃശൂരിലും മറ്റേത്‌ തിരുവനന്തപുരത്തും. ഇനി എവിടെ എന്നു ആ നാടകം അരങ്ങേറും എന്ന് യാതൊരു നിശ്ചയവുമില്ല."

"സ്വര്‍ഗ്ഗത്തിലൊക്കെ ആ നാടകത്തെക്കുറിച്ചും അതിലെ മുകേഷിന്റെ വേഷത്തെക്കുറിച്ചുമെല്ലാം നല്ല അഭിപ്രായമായിരുന്ന്", അദ്ദേഹം തുടര്‍ന്നു.

"ശരിയാണ്‌, ഞാനും ഭാര്യയും ആ നാടകം കണ്ടതാണ്‌. ഞങ്ങള്‍ മതിമറന്നിരുന്ന സന്ദര്‍ഭമായിരുന്നു അത്‌" ഞാന്‍ അഭിപ്രായപ്പെട്ടു.

ആ നാടകത്തിലെ അവതരണഗാനം തന്നെ വളരെയധികം ആകര്‍ഷിച്ചുവെന്ന് രാവണന്‍ വ്യക്തമാക്കി. അതിലെ രണ്ടു വരി അദ്ദേഹം ചൊല്ലി.

"കഥ പഴയതാണല്ലെങ്കിലെന്തുണ്ട്‌
പുതിയതായിപ്പുരാതനഭൂമിയില്‍!"

എനിയ്ക്കും വളരെ ഇഷ്ടപ്പെട്ടതായിരുന്നു ആ വരികള്‍.

ONVയുടെ ഭാവനയെ അദ്ദേഹം വാനോളം പുകഴ്ത്തി. കഥ മാത്രമല്ല ഈ ഭൂമിയില്‍ ഇന്നുള്ളതെല്ലാം ഒരര്‍ത്ഥത്തില്‍ പുരാതനഭാരതം ദീര്‍ഘവീക്ഷണം ചെയ്തതത്രെ. ആ അര്‍ത്ഥത്തില്‍ ഇന്നു നാം പുതിയതെന്നു പറയുന്നതെല്ലാം പുരാതനം തന്നെ. ഭാരതത്തിന്റെ പൗരാണികത മാത്രമല്ല മായന്‍ സംസ്കാരവും യവന,ഈജിപ്ഷ്യന്‍ സംസ്കാരങ്ങളും അദ്ദേഹത്തിന്റെ സംസാരത്തിനു വിഷയമായി. പറയുന്നത്‌ പണ്ടേ പുഷ്പകം പറപ്പിച്ച ആളായതുകൊണ്ട്‌ ഞാന്‍ എല്ലാം കേട്ടിരുന്നതേയുള്ളു.

"മുകേഷ്‌ രംഗപ്രവേശം ചെയ്യുമ്പോഴും നല്ല പാട്ടുണ്ട്‌", ഞാന്‍ പറഞ്ഞു. "മുകേഷിന്റെ കീചകനും എനിക്കിഷ്ടമായി."
നാടകത്തില്‍ കീചകന്‍ പൂക്കളേയും സ്ത്രീകളേയും പ്രണയിക്കുകയാണ്‌. യഥാര്‍ത്ഥ കീചകനും അങ്ങനെത്തന്നെയായിരുന്നുവോ ആവോ.
എന്തായാലും അഭിനവകീചകനെ മുകേഷ്‌ ശരിക്കും ആസ്വദിച്ചു. മുകേഷിന്റെ ആ വേഷം ഞങ്ങള്‍ കാണികളും. പരിസരം മാത്രമല്ല എന്നെത്തന്നെ മറന്നിരുന്നുപോയ നിമിഷങ്ങളായിരുന്നു കീചകന്റെ അരങ്ങേറ്റം. പൂക്കളെക്കുറിച്ച്‌ പാടിയ പശ്ചാത്തല ഗാനത്തിന്റെ രണ്ട്‌ വരി ഓര്‍ത്തുവയ്ക്കാന്‍ പോലും ഞാനപ്പോള്‍ മറന്നുപോയി.

"അല്ലാ, ഈ ഹിഡിംബി ഭീമനു കൊടുത്തതായിപ്പറയുന്ന ആ ഛായാമുഖി, ആ കണ്ണാടി, ശരിക്കും ഉള്ളതായിരുന്നുവോ? മഹാഭാരതത്തിലെവിടെയും അങ്ങനെയൊരു കണ്ണാടിയെക്കുറിച്ചു ഞാന്‍ വായിച്ചിട്ടില്ലല്ലൊ?"
ഞാന്‍ രാവണനോടു ചോദിച്ചു.
"ആവോ, ആര്‍ക്കറിയാം, ഞങ്ങളുടെ രാമായണകാലമൊക്കെ കഴിഞ്ഞിട്ടല്ലേ ഭീമനും കൃഷ്ണനുമൊക്കെ വന്നത്‌. എനിക്കതിനെക്കുറിച്ചൊന്നും വലുതായിട്ടറിയില്ല." അദ്ദേഹം അറിവില്ലായ്മ പ്രകടിപ്പിച്ചു.
അദ്ദേഹം തുടര്‍ന്നു.
"ഇനിയിപ്പോള്‍ അത്‌ ആ നാടകകൃത്ത്‌ കഥയ്ക്ക്‌ ഒരു 'ഇത്‌' കിട്ടാന്‍ വേണ്ടി അങ്ങനെയൊരു കണ്ണാടിയെ കൂട്ടുപിടിച്ചതാവാനും മതി, ഈ ചവറൊക്കെ എഴുതാന്‍ നിങ്ങള്‍ എന്റെ പേരിനെ കൂട്ടു പിടിച്ചതുപോലെ."
ഞാന്‍ അതു കേള്‍ക്കാത്ത പോലെ ഇരുന്നതേയുള്ളു.
അതൊക്കെ പോകട്ടെ, നിങ്ങളുടെ കേരളത്തിലെ ആസ്ഥാന കവി ആരാണ്‌?, അദ്ദേഹം ചോദിച്ചു.
ഛെ, ഛെ, അതെല്ലാം പഴയ സവര്‍ണ്ണ, ആര്യ സംസ്ക്കാരത്തിന്റെ അവശിഷ്ടമല്ലേ! ഞങ്ങള്‍ മതേതര പുരോഗമന വാദികളാണ്‌. അതുകൊണ്ട്‌ ഇമ്മാതിരിസ്ഥാനമൊന്നും ആര്‍ക്കും കൊടുക്കാറില്ല. ഞാന്‍ പറഞ്ഞു.
നിങ്ങളുടെ ഒരു പരിഷ്ക്കാരം! ഈ കോണ്‍ക്രീറ്റ്‌ സംസ്കാരവും ഇന്റര്‍നെറ്റ്‌ സംസ്ക്കാരവും മൊബൈല്‍ഫോണ്‍ സംസ്കാരവും നിങ്ങളെ എവിടെക്കൊണ്ടെത്തിക്കുമെന്ന് നിങ്ങള്‍ക്കറിയുമോ? അദ്ദേഹം ചോദിച്ചു.
ഞാനൊന്നും മിണ്ടിയില്ല. അല്ലെങ്കിലും ഇതൊന്നും ഇഷ്ടപ്പെട്ടിട്ടല്ലല്ലോ ഞാനും ഇവിടെ കഴിയുന്നത്‌.

ഒടുവില്‍ രാവണന്‍ തന്നെയാണ്‌ പുതിയ നിര്‍ദ്ദേശം അവതരിപ്പിച്ചത്‌.
"എങ്കില്‍ പിന്നെ ഒരു മലയാളം സിനിമയാവട്ടെ, വ്യത്യസ്തമായ ഒരു സിനിമ വേണമെങ്കില്‍ ശ്രിനിവാസന്റെതു തന്നെ കാണണം." അദ്ദേഹം മൊഴിഞ്ഞു.
അങ്ങനെയാണ്‌ ഞങ്ങള്‍ 'കഥ പറയുമ്പോള്‍' എന്ന ശ്രിനിവാസന്‍ സിനിമ കണ്ടത്‌.
"വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല" എന്ന പാട്ട്‌ അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചതായി എനിയ്ക്കു തോന്നി. സിനിമ വിട്ട്‌ വീട്ടിലേയ്ക്ക്‌ മടങ്ങുമ്പോള്‍ അദ്ദേഹം ആ പാട്ടു തന്നെ മൂളിക്കൊണ്ടിരുന്നു.
രാത്രി അത്താഴം കഴിക്കുമ്പോള്‍ അദ്ദേഹം സംസാരിച്ചതു മുഴുവന്‍ രാമനെക്കുറിച്ചായിരുന്നു. ഊണു കഴിഞ്ഞിട്ടും അദ്ദേഹം അതാവര്‍ത്തിച്ചു. ശ്രീരാമനും രാമസേതുവുമുണ്ടായിരുന്നില്ലെങ്കില്‍ താനെന്നേ വിസ്‌മൃതനായിക്കഴിഞ്ഞിരുന്നേനെ എന്ന് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. ശ്രീരാമന്റെ സ്മരണയ്ക്കായി തനിക്കും എന്തെങ്കിലും ചെയ്താല്‍ കൊള്ളാമെന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ശ്രീരാമനെക്കുറിച്ചൊരു സിനിമ, അതായിരുന്നു രാവണന്റെ മനസ്സില്‍.

അധികം വൈകാതെ അദ്ദേഹം കിടക്കാന്‍ പോയി, യാത്രാക്ഷീണം ഉണ്ടായിരുന്നതല്ലേ?

അതിരാവിലെ തന്നെ അദ്ദേഹം പോയി. പോകുമ്പോള്‍ ഒരു കടലാസു തുണ്ട്‌ അദ്ദേഹം എന്റെ നേരെ നീട്ടി; ബാര്‍ബര്‍ ബാലനെക്കുറിച്ചെന്ന പോലെ ശ്രീരാമനെക്കുറിച്ചു താന്‍ കഴിഞ്ഞ രാത്രി ഒരു പാരഡിപ്പാട്ട്‌ എഴുതിയെന്നും അതൊന്നു വായിച്ചുനോക്കണമെന്നും പറഞ്ഞ്‌ .

രാവിലെ ചായ കുടിയ്ക്കാന്‍ നേരം ഞാനത്‌ ഭാര്യയ്ക്കു കൊടുത്തു. അവളാകുമ്പോള്‍ അത്‌ ഭംഗിയായി വായിക്കും. ആ പാരഡി ഇങ്ങനെയായിരുന്നു.

വ്യത്യസ്തനാമൊരു ദേവനാം രാമനെ
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.
വ്യത്യസ്തനാമൊരു ദേവനാം രാമനെ
രാക്ഷസരാരും തിരിച്ചറിഞ്ഞില്ല.
മരംചാടിവീരര്‍ക്കും ദൈവമാം രാമന്‍
മരംചാടിവീരര്‍ക്കും ദൈവമാം രാമന്‍
‍വെറുമൊരു രാമനല്ലിവനൊരു ദേവന്‍
രാമന്‍ ഒരു ദേവന്‍ രഘുകുലനാഥന്‍
അതിലോലന്‍ മുഖവടിവേലന്‍ ജനതോഴന്‍
നമ്മുടെ രാമന്‍ രാമന്‍ രാമന്‍ രാമന്‍
‍വ്യത്യസ്തനാമൊരു ദേവനാം രാമനെ
രാക്ഷസരാരും തിരിച്ചറിഞ്ഞില്ല.
ആര്‍ക്കും മെരുങ്ങാത്ത അമ്പുമായെത്തി
സീതയെ വേള്‍ക്കുന്ന വംശപ്രകാശാ
ആര്‍ക്കും മെരുങ്ങാത്ത അമ്പുമായെത്തി
സീതയെ വേള്‍ക്കുന്ന വംശപ്രകാശാ
കൈകേയിയമ്മതന്‍ ആശ നിറവേറ്റാന്‍
ആരണ്യമാകെ നടന്നൊരു വീരാ
സുഗ്രീവരാജാവിന്റെ സ്നേഹിതന്‍ രാമന്‍
അയോദ്ധ്യാപുരത്തിന്നു വേരറ്റ രാമന്‍
‍ഒന്നുമേ അറിയാത്ത പാവത്തിനെപ്പോലെ
ഒന്നുമേ അറിയാത്ത പാവത്തിനെപ്പോലെ
തന്‍ ജന്മദൗത്യം ഒളിയ്ക്കുന്ന ദേവന്‍
രാമന്‍ ഒരു ദേവന്‍ വനചരശീലന്‍
അതിലോലന്‍ മുഖവടിവേലന്‍ ജനതോഴന്‍
‍നമ്മുടെ രാമന്‍ രാമന്‍ രാമന്‍ രാമന്‍
‍ഇന്ദ്രപ്രസ്ഥത്തിലെ കോടതിപോലെ
ഇന്ദ്രപ്രസ്ഥത്തിലെ കോടതിപോലെ
നീതിബോധത്തിന്‍ മനസ്സാണു രാമന്‍
രാക്ഷസലക്ഷങ്ങള്‍ ബാണങ്ങളെയ്യുമ്പോള്‍ ‍
നിണം പൊടിയ്ക്കാത്തൊരു യുദ്ധപ്രവീണന്‍
വ്യത്യസ്തനാമൊരു ദേവനാം രാമനെ
മൊത്തത്തിലിപ്പോള്‍ തിരിച്ചറിയുന്നു.
കൗസല്യയമ്മതന്‍ അഭിമാനമാകും
കൗസല്യയമ്മതന്‍ അഭിമാനമാകും
ശ്രീരാമചന്ദ്രാ നിനക്കഭിവാദ്യം.
രാമന്‍ ഒരു ദേവന്‍ വനചരശീലന്‍
അതിലോലന്‍ മുഖവടിവേലന്‍ ജനതോഴന്‍
‍നമ്മുടെ രാമന്‍ രാമന്‍ രാമന്‍ രാമന്‍
രാമന്‍ ഒരു ദേവന്‍ വനചരശീലന്‍
അതിലോലന്‍ മുഖവടിവേലന്‍ ജനതോഴന്‍
നമ്മുടെ രാമന്‍ രാമന്‍ രാമന്‍ രാമന്‍

2008, ജൂൺ 30, തിങ്കളാഴ്‌ച

ഒരു എഴുത്ത്‌

പ്രിയപ്പെട്ട കൃഷ്ണന്‍കുട്ടി,

കഴിഞ്ഞ ആഴ്ച ഞാന്‍ നിങ്ങളുടെ തിരുവനന്തപുരത്തു വന്നിരുന്നു. വന്നപാടെ ആദ്യം ചെയ്തത്‌ സെല്ലില്‍ നിന്നെ വിളിക്കുകയാണ്‌. പക്ഷെ "താങ്കള്‍ വിളിയ്ക്കുന്ന സബ്‌സ്ക്രൈബര്‍ ഇപ്പോള്‍ പരിധിക്കു പുറത്താണ്‌" എന്ന മറുപടിയാണ്‌ എയര്‍റ്റെല്ലിലെ കിളിനാദം എന്നെ അറിയിച്ചത്‌. 'താങ്കളുടെ ശബ്ദത്തില്‍' വോയ്സ്‌ മെയില്‍ബോക്സില്‍ സന്ദേശം രേഖപ്പെടുത്താവുന്നതാണെന്ന അവരുടെ നിര്‍ദ്ദേശം ഞാന്‍ സ്വീകരിച്ചതുമില്ല.
എന്റെ അടുത്ത വീട്ടിലെ ഒരു പെണ്‍കുട്ടിയുടെ ജോലി പ്രശ്നത്തോടനുബന്ധിച്ച്‌ അവിടത്തെ പട്ടം പി.എസ്‌. സി. ആപ്പീസിലായിരുന്നു ഞാന്‍ വന്നത്‌. ഇതിനുമുമ്പ്‌ പല തവണ നീ എന്നെ തിരുവനന്തപുരത്തേയ്ക്കു ക്ഷണിച്ചിരുന്നെങ്കിലും വരാന്‍ പറ്റാതെ പോകുകയായിരുന്നു. തിരിച്ചു പോരാന്‍ നേരത്തും നീയെന്ന സബ്‌സ്ക്രൈബര്‍ പ്രതികരിയ്ക്കാതിരിക്കുകയൊ പരിധിയ്ക്കു പുറത്തു പോകുകയോ ചെയ്ത കാരണം നിന്നെയൊട്ടു കാണാനും പറ്റിയില്ല. ഏതായാലും എന്റെ ആദ്യ തിരുവനന്തപുരം സന്ദര്‍ശനത്തെ കുറിച്ചു നിന്നെയൊന്നറിയിക്കാനാണ്‌ ഈ എഴുത്ത്‌. അതു മാത്രമല്ല, വല്ലപ്പോഴും എന്തെങ്കിലും എഴുതിയില്ലെങ്കില്‍ പണ്ടു പഠിച്ച അക്ഷരങ്ങളൊക്കെ മറന്നു പോകുകയും ഇല്ലേ?

ഞാന്‍ PSCആപ്പീസിലെത്തുമ്പോള്‍ സന്ദര്‍ശകസമയം ആയിട്ടുണ്ടായിരുന്നില്ല. അവിടെ കുറെ നേരം നിന്നു മുഷിഞ്ഞ ഞാന്‍ പുറത്തൊക്കെ ഒന്നു നടന്നു നോക്കാമെന്നു കരുതി പുറത്തിറങ്ങി. അത്ഭുതമെന്നു പറയട്ടെ ഞാന്‍ നടന്നെത്തിയത്‌ മരപ്പാലത്തിലാണ്‌. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, അതും കേരളം പോലെ പുരോഗമിച്ച ഒരു സംസ്ഥാനത്തിന്റെ തലസ്ഥാനത്തില്‍ മരപ്പാലമോ എന്നു ഞാന്‍ അതിശയിച്ചു. ഞാന്‍ മരപ്പാലത്തിലാണ്‌ എന്നറിയാമായിരുന്നെങ്കിലും സംശയം തീര്‍ക്കാനായി എതിരേ വന്ന ഒരാളോട്‌ ഞാന്‍ ചോദിച്ചു.
"ഇതു മരപ്പാലമാണോ?"
അതെ എന്നു പറഞ്ഞും എന്നെ രൂക്ഷമായി ഒന്നു നോക്കിയും അയാള്‍ വരുന്ന വേഗത്തില്‍ കടന്നു പോയി. തലസ്ഥാനവാസികളുടെ ദുര്‍ഗതിയോര്‍ത്ത്‌ എനിക്കു സങ്കടം വന്നു. എന്നാണാവോ ഈ മരപ്പാലത്തിനു പകരം ഒരു സിമന്റു പാലമോ കോണ്‍ക്രീറ്റ്‌ പാലമൊ ഇവിടെ വരുക? അധികം വൈകാതെ ഒരു ഇരുമ്പു പാലമെങ്കിലും ഇവിടെ വരണേ എന്നു ഞാന്‍ ശ്രീപത്മനാഭനോടു പ്രാര്‍ഥിച്ചു. ആലപ്പുഴയിലെ ഇരുമ്പുപാലവും പുനലൂരിലെ തൂക്കുപാലവും അപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നുപോയി.തലസ്ഥാനത്തു വന്നിട്ട്‌ മരപ്പാലത്തിലൂടെയൊക്കെ ഞാന്‍ പോയി എന്നു നാട്ടില്‍ പോയി പറഞ്ഞാല്‍ എന്തു മോശമാണ്‌. അതുകൊണ്ട്‌ മരപ്പാലത്തില്‍ കൂടി നടക്കുക എന്ന ബുദ്ധിമോശം കാട്ടാതെ ഞാന്‍ തിരിച്ചു നടന്നു.

തിരിച്ചു PSC ആപ്പീസിലെത്തുമ്പോഴും അവിടെ സമയം ആയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട്‌ ഞാന്‍ മുന്നില്‍ കണ്ട വഴിയിലൂടെ നടന്നു.കഷ്ടം, ഞാന്‍ എത്തിപ്പെട്ടത്‌ പൊട്ടക്കുഴിയിലായിരുന്നു. "തലസ്ഥാനത്തും പൊട്ടക്കുഴിയോ? ഞാന്‍ അത്ഭുതപ്പെട്ടു.തിരുവനന്തപുരത്തുകാരുടെ കഷ്ടാവസ്ഥയില്‍ എനിക്കു വല്ലാത്ത നിരാശ തോന്നി. ഈ പൊട്ടക്കുഴിയൊന്നും മാറ്റിക്കൊടുക്കാത്ത ജനകീയസര്‍ക്കാരിനെക്കുറിച്ച്‌ എനിക്കു പുച്ഛം തോന്നി.സംശയം തിര്‍ക്കാനയി അടുത്തു കണ്ട ഒരു ചായപ്പീടികയില്‍ കയറി ഞാന്‍ ചോദിച്ചു.
"ഇതു പൊട്ടക്കുഴിയാണോ?"
അതെ എന്ന ചായക്കാരന്റെ മറുപടി എന്നെ തൃപ്തിപ്പെടുത്തിയില്ല. അതുകൊണ്ട്‌ ഞാന്‍ ഒരു വഴിപോക്കനോടും ചോദ്യം ആവര്‍ത്തിച്ചു. അതെ എന്നു അയാളും തലയാട്ടി. "ആട്ടെ, നിങ്ങള്‍ക്കെങ്ങോട്ടാ പോകേണ്ടത്‌? "
അയാള്‍ എന്നോടു ചോദിച്ചു. ഉടനെ എനിക്കു മറുപടിയൊന്നും വന്നില്ല. പക്ഷേ മുന്നില്‍ നോക്കിയപ്പോള്‍ ഒരു ആശുപത്രിയിലേയ്ക്കുള്ള സൈന്‍ബോര്‍ഡ്‌ എന്റെ കണ്ണില്‍ പെട്ടു.
ഞാന്‍ ഉടനെ പറഞ്ഞു. "ആശുപത്രിയിലേക്കാണ്‌." "
എങ്കില്‍ വലത്തോട്ടു തിരിഞ്ഞു പൊയ്ക്കോളൂ, ആസ്പത്രി മുറിഞ്ഞപാലത്തിനടുത്താണ്‌."
ഇതു കേട്ടപ്പോള്‍ ഞാന്‍ വീണ്ടും അന്തം വിട്ടു.
ഈശ്വരാ, ഈ മുറിഞ്ഞ പാലം നന്നാക്കാന്‍ പോലും ഈ സര്‍ക്കാറിനാവില്ലേ? എന്നു എന്റെ മനസ്സാക്ഷി എന്നോടു ചോദിച്ചു. ഏതായാലും ഞാന്‍ മുന്നോട്ടു നടന്നു.
ഞാന്‍ മുന്നോട്ടു നടക്കവേ റോഡിന്റെ ഇരുവശങ്ങളിലുമായി രണ്ട്‌ വലിയ വീടുകള്‍ ഞാന്‍ ശ്രദ്ധിച്ചു. പരസ്പരം മത്സരിച്ചു നിര്‍മ്മിച്ചതുപോലെയുണ്ട്‌ കാണാന്‍.
ഭംഗിയുള്ള വീടുകള്‍.
ഒന്നിന്റെ ഗെയ്റ്റില്‍ "അമ്പടീ" എന്ന് ഇംഗ്ലിഷില്‍ എഴുതി വച്ചിട്ടുണ്ട്‌. മറ്റേ വീടിന്റെ ഗെയ്റ്റില്‍ ഇംഗ്ലിഷില്‍ എഴുതിവച്ചത്‌ "ആരടീ" എന്നാണ്‌. അതല്ലെങ്കിലും ഒരാള്‍ അമ്പടീ എന്നു പറയുമ്പോള്‍ മറ്റേയാള്‍ ആരടീ എന്നു തന്നെ പറയുന്നതാണതിന്റെയൊരു ശരി.
ഞാന്‍ മുന്നോട്ടു തന്നെ നടന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ ആശുപത്രിയും പിന്നെ ഒരു പാലവും എന്റെ കണ്ണില്‍ പെട്ടു. പാലം മുറിഞ്ഞതാണോ എന്നൊന്നും നോക്കാന്‍ ഞാന്‍ അവിടെ നിന്നില്ല. അത്ര മോശമായിരുന്നു പാലത്തിനടിയിലെ വെള്ളം. നഗരത്തിലെ എല്ലാ അഴുക്കും പേറി മലിനമായ ആ ജലം നോക്കിനില്‍ക്കാന്‍ എനിക്കാവുമായിരുന്നില്ല. ഞാന്‍ വേഗം തിരിച്ചു നടന്നു.

വീണ്ടും PSC ആപ്പീസിലെത്തുമ്പോള്‍ സന്ദര്‍ശകര്‍ ആപ്പീസിലേയ്ക്കു പ്രവേശിക്കുകയായിരുന്നു. ഞാനും അവരിലൊരാളായി അതിനകത്തു കടന്നു. എനിക്കവിടെ അധിക സമയമൊന്നും നില്‍ക്കേണ്ടി വന്നില്ല. സര്‍ക്കാര്‍ കാര്യമല്ലേ, എന്തു ചെയ്യാം? എന്റെ കാര്യം ഒരു ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കുകയാണ്‌. അതിപ്പോഴൊന്നും ശരിയാവുന്ന മട്ടില്ല.

"ചുവപ്പു നാട" ആരിട്ട പേരാണാവോ ഇത്‌? ഇംഗ്ലീഷില്‍ വേണമെങ്കില്‍ റെഡ്‌ റിബ്ബണ്‍ എന്നും പറയാം.

ചുവപ്പുനാടയുടെ കാര്യം പറഞ്ഞപ്പോഴാണ്‌ റെഡ്‌ റിബണ്‍ എക്സ്പ്രസ്സിന്റെ കാര്യം ഓര്‍ത്തത്‌. ആദ്യം ഞാന്‍ കരുതിയത്‌ ഡറാഡൂണ്‍ എക്സ്പ്രസ്സ്‌ പോലെ ഒരു യാത്രാ വണ്ടിയാണ്‌ അത്‌ എന്നാണ്‌. പിന്നീട്‌ എനിക്കു അങ്ങനെ ചിന്തിച്ചതിന്റെ ബുദ്ധിമോശം മനസ്സിലായി. ചുവപ്പു നാടയുടെ ദൂഷ്യഫലങ്ങള്‍ ജനങ്ങളെ അറിയിക്കാനുള്ള ഗവണ്മെന്റിന്റെ സദുദ്യമമായിരിക്കും അതെന്നു ഞാന്‍ ചിന്തിച്ചു. ജനങ്ങളെയല്ല മറിച്ചു ഉദ്യോഗസ്ഥന്മാരേയാണ്‌ ചുവപ്പുനാടയുടെ ദൂഷ്യഫലങ്ങള്‍ ബോധ്യപ്പെടുത്തേണ്ടത്‌ എന്നു ഞാന്‍ മനസ്സില്‍ കരുതി. ചുവപ്പുനാടയുടെ കുരുക്കില്‍ പെട്ട്‌ എത്ര പാവങ്ങള്‍ ബുദ്ധിമുട്ടിയിട്ടുണ്ട്‌. ഉദ്യോഗസ്ഥന്മാരും ചുവപ്പുനാടയും ചേര്‍ന്ന് എത്ര പാവങ്ങളുടെ ഉദ്യോഗം വൈകിച്ചിരിക്കുന്നു. എത്ര പാവങ്ങളുടെ പെന്‍ഷന്‍ വൈകിച്ചിരിക്കുന്നു. എന്തായാലും ചുവപ്പുനാടയ്ക്കെതിരെ തീവണ്ടിയുപയോഗിച്ച്‌ യുദ്ധം ചെയ്യാനുള്ള ഗവണ്മെന്റിന്റെ ശ്രമം എനിയ്ക്കിഷ്ടമായി.

ചുവപ്പുനാടയില്‍ കുടുങ്ങി നീതി നിഷേധിക്കപ്പെട്ട നിരവധി അനുഭവങ്ങളുമുണ്ടല്ലോ എന്നു ഞാന്‍ ഓര്‍ത്തു. justice delayed is justice denied എന്ന ഒരു ചൊല്ലു തന്നെയുണ്ടല്ലൊ. ഈ justiceമാരൊക്കെ എന്തിനാണാവോ ഇങ്ങനെ delay ആവുന്നത്‌(വൈകുന്നത്‌)? സ്വന്തമായി യാത്ര ചെയ്യാന്‍ വാഹനം കൊടുത്താലും വൈകുകയാണെങ്കില്‍ നമ്മള്‍ പൊതുജനങ്ങള്‍ക്ക്‌ എന്തു ചെയ്യാനൊക്കും?

PSC ആപ്പീസില്‍ നിന്നിറങ്ങുമ്പോള്‍ സെല്‍ ശബ്ദിച്ചു. നാട്ടില്‍ നിന്നു സുരേന്ദ്രനാണ്‌. ഞാന്‍ തിരുവനന്തപുരത്ത്‌ വന്ന കാര്യം അയാള്‍ അറിഞ്ഞു കാണും, വല്ലതും വാങ്ങാനേല്‍പ്പിക്കാനാവും. അതാണിപ്പോള്‍ വിളിക്കുന്നത്‌.

ഞാന്‍ സെല്ലെടുത്ത്‌ കോള്‍ അറ്റെന്‍ഡ്‌ ചെയ്തു. സമാധാനം, സാധനങ്ങളൊന്നും വാങ്ങേണ്ടതില്ല. അയാളുടെ ഒരു ബന്ധു ഇവിടെയുണ്ടത്രെ. ഞാന്‍ മടങ്ങുന്നതിനു മുമ്പ്‌ അയാളെ ഒന്നു കാണണം, അത്രയേ ഉള്ളൂ സുരേന്ദ്രന്റെ ഡിമാന്റ്‌. ഞാന്‍ സമ്മതിച്ചു. സ്റ്റാച്യൂവിന്റെ അടുത്തുള്ള പഞ്ചാബ്‌ നാഷണല്‍ ബാങ്കിലാണത്രെ അയാള്‍ക്കു ജോലി. അവിടെ പോയി അയാളെ ഒന്നു കാണണം, അത്ര തന്നെ.

ഞാന്‍ നേരെ പട്ടം ബസ്‌സ്റ്റോപ്പിലേയ്ക്കു നടന്നു. ബസ്സൊക്കെ ഞാന്‍ PSC ഓഫീസില്‍ നിന്നു മനസ്സിലാക്കിയിരുന്നു. ബസ്സില്‍ വലിയ തിരക്കുണ്ടായിരുന്നില്ല. ബസ്സിന്റെ മുന്നില്‍ ഡ്രൈവറുടെ അടുത്തായി ഞാന്‍ ഇരുന്നു. മുന്നോട്ടു നോക്കിയാല്‍ എല്ലാം കാണാം. ദൂരെ സ്റ്റാച്യൂ കണ്ടപ്പോള്‍ ഞാന്‍ ഇറങ്ങി. 'PMG, PMG' എന്നോ മറ്റോ കണ്‍ഡക്ടര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഞാന്‍ നേരേ സ്റ്റാച്യുവിന്റെ അടുത്തേയ്ക്ക്‌ നടന്നു. നേതാജിയുടേതാണ്‌ പ്രതിമ. പ്രതിമ കൊള്ളാം. നല്ല വലിപ്പമുണ്ട്‌. ഞാന്‍ ചുറ്റും നോക്കി. അടുത്തായി മസ്കറ്റ്‌ ഹോട്ടല്‍ കണ്ടു. ഞാന്‍ അങ്ങോട്ടു കയറി. പാറാവുകാരന്‍ അവിടെ നില്‍പ്പുണ്ടായിരുന്നു.

'ഈ പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ എവിടെയാണ്‌?" ഞാന്‍ ചോദിച്ചു.
"ഇവിടെയുള്ളത്‌ സെഞ്ചൂറിയന്‍ ബാങ്കാണല്ലോ" അയാള്‍ പ്രതിവചിച്ചു.
"അല്ല, പഞ്ചാബ്‌ നാഷണല്‍ ബാങ്കാണ്‌. " ഞാന്‍ വീണ്ടും പറഞ്ഞു. സ്റ്റാച്യുവിന്റെ അടുത്താണ്‌. ഞാന്‍ സ്റ്റാച്യുവിന്റെ നേരെ നോക്കി പറഞ്ഞു.

"എങ്കില്‍ നിങ്ങള്‍ക്കു തെറ്റി. ഇത്‌ PMGയാണ്‌. സ്റ്റാച്യൂ ഒരു സ്ഥലമാണ്‌. നിങ്ങള്‍ക്ക്‌ പോകേണ്ടത്‌ സെക്രറ്റേറിയറ്റിനു മുന്നിലാണ്‌. " അയാള്‍ വ്യക്തമാക്കി.
ഞങ്ങള്‍ കാര്യങ്ങള്‍ സംസാരിച്ചു. എനിക്കുപറ്റിയ തെറ്റെനിക്കു മനസ്സിലായി.

എനിക്ക്‌ തിരുവനന്തപുരത്ത്‌ ധാരാളം സമയമുണ്ടായിരുന്നു. വൈകീട്ട്‌ മാവേലിയ്ക്കേ ഞാന്‍ മടങ്ങൂ. അതുകൊണ്ട്‌ നടന്നുതന്നെ സ്റ്റാച്യുവിലെ പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ പോകാന്‍ ഞാന്‍ തീരുമാനിച്ചു. പുതിയ നിയമസഭാമന്ദിരത്തിനുമുന്നിലൂടെ നടന്ന എനിക്കു EMSന്റെ പ്രതിമയും കാണുമാറായി. പിന്നീട്‌ ഒരു ഓവര്‍ബ്രിഡ്‌ജും. ഞാന്‍ ഓവര്‍ബ്രിഡ്ജിലൂടെ നടന്ന് രക്തസാക്ഷി മണ്ഡപത്തിനടുത്തെത്തി. അവിടെയും ഒരു ഓവര്‍ബ്രിഡ്ജ്‌ ഞാന്‍ കണ്ടു. രണ്ട്‌ ഓവര്‍ബ്രിഡ്‌ജും അടുത്തു തന്നെ. വീണ്ടും ഞാന്‍ നടന്നു. പിന്നീട്‌ കണ്ടത്‌ പട്ടം താണു പിള്ളയുടെ പ്രതിമയാണ്‌. അവസാനം ഞാന്‍ സെക്രറ്റേറിയറ്റിന്റെ മുന്നിലെത്തി. അതിന്റെ മുന്നില്‍ റോഡില്‍ ഒരു സ്റ്റാച്യു കണ്ടു. ഞാന്‍ അതു വായിച്ചു നോക്കി. ഓ, ഇത്‌ സര്‍ ടി. മാധവറാവുവിന്റെതാണ്‌.

ഞാന്‍ കണ്ട പ്രതിമകളില്‍ ഏറ്റവും ചെറുത്‌ ഈ മാധവറാവു പ്രതിമയായിരുന്നു. ചെറിയ പ്രതിമ നില്‍ക്കുന്ന സ്ഥലമായതു കൊണ്ടാവാം ഈ സ്ഥലത്തിനു സ്റ്റാച്യു എന്ന പേര്‍ വന്നതെന്ന് ഞാന്‍ ഒരു യുക്തി കണ്ടെത്തി. ഒടുവില്‍ ഞാന്‍ പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ ചെന്നപ്പോള്‍ ആണ്‌ അറിയുന്നത്‌ എനിക്കു കാണേണ്ട ആള്‍ ഇവിടെ നിന്നും ബാങ്കിന്റെ ഓവര്‍ബ്രിഡ്ജ്‌ ശാഖയിലേയ്ക്ക്‌ ട്രാന്‍സ്ഫര്‍ ആണെന്ന്. ഞാന്‍ നേരെ ഓവര്‍ബ്രിഡ്ജിലേയ്ക്ക്‌ നടന്നു. രക്തസാക്ഷി മണ്ഡപത്തിനടുത്തെത്തിയപ്പോള്‍ ഞാന്‍ ഒന്നു നിന്നു. ഇനി ഏതു ഓവര്‍ബ്രിഡ്ജാണാവോ? ഞാന്‍ മുന്നില്‍ കണ്ട ഒരാളോട്‌ വിവരം തിരക്കി. അയാള്‍ ദൂരെ സിന്‍ഡിക്കേറ്റ്‌ ബാങ്ക്‌ കാണിച്ചു തന്നു.
ഞാന്‍ വീണ്ടും പറഞ്ഞു, "ഇതല്ലാ, ഓവര്‍ബ്രിഡ്ജിനടുത്തെ പഞ്ചാബ്‌ നാഷണല്‍ ബാങ്കാണ്‌."
എങ്കില്‍ നിങ്ങള്‍ക്കു തെറ്റി. അയാള്‍ പറഞ്ഞു. ഇത്‌ പാളയമാണ്‌.
പക്ഷേ ഞാന്‍ അയാള്‍ക്ക്‌ ഓവര്‍ബ്രിഡ്‌ജ്‌ കാണിച്ചുകൊടുത്തു.
"ഇത്‌ ഓവര്‍ബ്രിഡ്‌ജല്ല. അണ്ടര്‍പാസ്സാണ്‌. ഓവര്‍ബ്രിഡ്ജിലെ ഓവര്‍ബ്രിഡ്ജ്‌ ആണ്‌ ശരിയായ ഓവര്‍ബ്രിഡ്ജ്‌" അയാള്‍ പറഞ്ഞു.

എനിക്കൊന്നും മനസ്സിലായില്ല. പക്ഷേ അയാളുടെ ആ പ്രയോഗം എനിക്കിഷ്ടപ്പെട്ടു. ഒരു വാചകത്തില്‍ മൂന്നു തവണയാണ്‌ ഒരേ വാക്ക്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഒരേ അക്ഷരങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതിനെ അനുപ്രാസമെന്നു പഠിച്ചിട്ടുണ്ട്‌. ഇതു അക്ഷരങ്ങളല്ല, വാക്കുകളാണ്‌. അപ്പോള്‍ ഈ പ്രയോഗത്തിനെ അനന്യാനുപ്രാസം എന്നു തന്നെ പറയണം. ഞാന്‍ മനസ്സില്‍ കരുതി.

ഞാന്‍ വീണ്ടും അയാളോട്‌ സംസാരിച്ചു. "ഓവര്‍ബ്രിഡ്ജ്‌ ഒരു സ്ഥലമാണ്‌. നിങ്ങള്‍ക്ക്‌ പോകേണ്ടത്‌ തമ്പാനൂരിനു സമീപത്താണ്‌." അയാള്‍ വ്യക്തമാക്കി. ഇനി മറ്റൊരു ഓവര്‍ബ്രിഡ്ജ്‌ കൂടിയുണ്ട്‌. അതു തൈക്കാടാണ്‌. അതിനെ ഞങ്ങള്‍ ഫ്ലൈ ഓവര്‍ എന്നാണ്‌ പറയുക. അയാള്‍ കൂട്ടിച്ചേര്‍ത്തു.

തൈക്കാട്‌ എന്നു കേട്ടപ്പോള്‍ എനിക്ക്‌ തിരുവിതാംകൂറുകാരന്റെയും മലബാറുകാരന്റെയും ഇംഗ്ലീഷാണ്‌ ഓര്‍മ്മ വന്നത്‌. ആദ്യത്തെയാള്‍ തൈക്കാടിന്‌ THAICAUD എന്നെഴുതുമ്പോള്‍ രണ്ടാമത്തെയാള്‍ THAIKKAD എന്നാണ്‌ എഴുതുക. രണ്ടാമന്‍ പാലക്കാടിന്‌ PALAKKAD എന്നെഴുതുമ്പോള്‍ ഒന്നാമന്‍ PALACAUD എന്നെഴുതും. നോക്കണേ ഓരോ സ്പെല്ലിങ്ങുകള്‍.

സ്റ്റാച്യു എന്നത്‌ സ്ഥലപ്പേരാണെങ്കില്‍ ഓവര്‍ബ്രിഡ്ജ്‌ എന്നതും സ്ഥലപ്പേരാകുന്നതിലെ യുക്തി എനിക്കു പിടി കിട്ടി. ഞാന്‍ വേഗം തമ്പാനൂരിലേയ്ക്കു വച്ചു പിടിച്ചു.

കൃഷ്ണന്‍കുട്ടീ, ഈ ഇന്‍ലന്റിലെ സ്ഥലം തീര്‍ന്നതു കാണുന്നില്ലേ? ബാക്കിഭാഗം ഞാന്‍ അടുത്ത എഴുത്തില്‍ എഴുതാം.
സ്നേഹപൂര്‍വം
രാമന്‍കുട്ടി

2008, ജൂൺ 27, വെള്ളിയാഴ്‌ച

വടക്കന്‍ പാട്ടുകളോ വടകരപ്പാട്ടുകളോ?

കേരളത്തിന്റെ വടക്കന്‍ ജില്ല കാസര്‍ക്കോഡാണ്‌. വടക്കേ അറ്റം എന്നു പറഞ്ഞാലും കാസര്‍ക്കോടോ മഞ്ചേശ്വരമോ ഒക്കെ ആയിരിക്കൂ. അല്ലാതെ വടകരയാവില്ല. വടകരയില്‍ നിന്നു നൂറുനൂറ്റമ്പതു കി.മി. വടക്കാണ്‌ കേരളത്തിന്റെ അതിര്‍ത്തി. വടകര കിടക്കുന്നത്‌ കോഴിക്കോട്‌ ജില്ലയിലും.

അത്‌ ഇപ്പോഴത്തെ കാര്യം. കേരളം പിറന്ന 1956-ല്‍ കണ്ണൂരായിരുന്നൂ വടക്കന്‍ ജില്ല. അന്ന് കാസര്‍ക്കോടൊക്കെ കണ്ണൂരിന്റെ ഭാഗമായിരുന്നു. പക്ഷെ വടകരയ്ക്കന്നും മാറ്റമൊന്നുമില്ലായിരുന്നു. അതവിടെത്തന്നെയായിരുന്നു. വടകര കേരളത്തിന്റെ വടക്കായിരുന്നു എന്നു പറയാന്‍ പ്രയാസം.

സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പു കേരളം ഇല്ലായിരുന്നു. അന്നു കോഴിക്കോടും കണ്ണൂരുമൊക്കെ മദ്രാസ്‌ സംസ്ഥാനത്തിന്റെ ഭാഗങ്ങളായിരുന്നു. കാസര്‍ക്കോടും അങ്ങനെത്തന്നെ. കാസര്‍ക്കോട്‌ അന്നു ഇന്നത്തെ കര്‍ണ്ണാടകത്തിലെ കനറാ ജില്ലയിലുമായിരുന്നു. മംഗലാപുരമൊക്കെ അന്നു മലബാറിന്റെ ഭാഗമായിരുന്നില്ലേ? അപ്പോള്‍ വടകര വടക്കായിരുന്നു എന്നു പറയാന്‍ തികച്ചും പ്രയാസം.

കാലം ഇനിയും പുറകോട്ടു പോയാലോ? കേരളം സൃഷ്ടിച്ചത്‌ പരശുരാമനാണെന്നല്ലേ വയ്പ്‌? അപ്പോള്‍ അത്രയും കാലം നമുക്കു വേണമെങ്കില്‍ പുറകോട്ടു പോകാം. അന്ന് വടക്കന്‍ അതിര്‍ത്തി ഗോകര്‍ണ്ണമായിരുന്നൂ. ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെ എന്നല്ലേ നമ്മള്‍ പറയാറ്‌? അപ്പോള്‍ പിന്നെ വടകര ഒരിക്കലും വടക്കന്‍ പ്രദേശമായിക്കൂട്ടിക്കൂടാ.

പിന്നെയെങ്ങനെയാണ്‌ വടക്കന്‍ പ്രദേശമല്ലാത്ത വടകരയുടെ പാട്ടുകള്‍ വടക്കന്‍ പാട്ടുകളായത്‌? അതല്ലെങ്കില്‍ വടക്കന്‍ പാട്ടുകള്‍ പ്രചരിച്ചതു തെക്കു തിരുവിതാംകൂറിലാവണമായിരുന്നു. അതുമല്ല.

വടകരയെങ്ങനെ വടകരയായി എന്നല്ലേ അപ്പോള്‍ ആദ്യം നോക്കേണ്ടത്‌?

(മൂരാട്‌)പുഴയുടെ വടക്കുഭാഗത്തെ കരയെ വടക്കേക്കര എന്നു വിളിച്ചുവെന്നും അതു പിന്നെ ലോപിച്ച്‌ വടകരയായി എന്നുമാണ്‌ ഇപ്പോഴത്തെ വാദവും വിശ്വാസവും. അതു ശരിയാവാന്‍ വഴിയില്ല. അങ്ങനെയെങ്കില്‍ എന്തു ലോപിച്ചാണ്‌ വടക്കന്‍ പാട്ടായത്‌? "വടക്കേക്കരപ്പാട്ടു" ലോപിച്ച്‌ വടക്കന്‍ പാട്ടായെന്നു പറയാന്‍ പ്രയാസം! കാരണം വടക്കന്‍പാട്ടുകളുടെ കാലത്ത്‌ വടകരയില്ലായിരുന്നു; അന്നത്‌ കടത്തനാടായിരുന്നു
.
എന്തായാലും വട എന്ന പലഹാരം ഉണ്ടായത്‌ ഈ കരയിലാണെന്നും അതുകൊണ്ട്‌ വടയുണ്ടായ ഈ കരയെ വടകരയെന്നു ആളുകള്‍ വിളിച്ചു എന്നും ആരും പറയാഞ്ഞത്‌ ഭാഗ്യം.

ഒതേനന്റെ കാലത്ത്‌ വടകരയില്ലായിരുന്നു എന്നും കടത്തനാടു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും പറഞ്ഞുവല്ലോ. കടത്തനാടിന്റെ ആ പ്രതാപകാലത്തായിരുന്നു കുഞ്ഞാലിമരയ്ക്കാര്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പട നയിച്ചതും അവരെ തുണ്ടം തുണ്ടമാക്കിയതും. അങ്ങനെ യൂറോപ്യന്മാര്‍ക്കെതിരെ പട നയിച്ച കരയെ, കടത്തനാടിനെ "പടകര" എന്നു ആളുകള്‍ വിളിച്ചുവന്നു. പട നയിച്ച കരയെ പടകര എന്നല്ലാതെ വേറെ എന്തു വിളിക്കാന്‍?

മതപ്രചരണത്തിനായി മിഷനറിമാര്‍ കേരളത്തിലെത്തുന്ന കാലമായിരുന്നു അതൊക്കെ. അര്‍ണ്ണോസ്‌ പാതിരിയെപ്പോലെ പലരും ഇവിടെ വരികയും മലയാളം പഠിക്കുകയും ചെയ്തു. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്‌ തലശ്ശേരിയില്‍ താമസിച്ചതും നിഖണ്ഡു എഴുതിയതും മറ്റും പിന്നീടാണ്‌. അക്കാലത്ത്‌ മലയാളം പഠിച്ച ഒരു സായിപ്പിനു മലയാളം നല്ലപോലെ വശമില്ലായിരുന്നു. അദ്ദേഹം മറ്റു പല അക്ഷരങ്ങളും തെറ്റിച്ച കൂട്ടത്തില്‍ വ എന്ന അക്ഷരവും പ എന്ന അക്ഷരവും ഒരുപോലെ മാറിമാറി ഉപയോഗിച്ചു. അങ്ങനെ അദ്ദേഹം പടകരയെ വടകര എന്നു എഴുതുകയും വിവക്ഷിക്കുകയും ചെയ്തു.

നമ്മള്‍ മലയാളികളെക്കുറിച്ചു നമ്മള്‍ തന്നെ പറയുന്ന ഒരു ചൊല്ലുണ്ടല്ലൊ, അറിയില്ലേ?
"സായിപ്പിനെ കണ്ടാല്‍ നമ്മള്‍ മലയാളികള്‍ കവാത്തു മറക്കും" എന്ന്. ഈ ചൊല്ല് അന്നേ തുടങ്ങിയതാണ്‌. സായിപ്പ്‌ പടകരയെ വടകരയെന്നു തെറ്റി ഉച്ചരിച്ചപ്പോള്‍ നമ്മാള്‍ അതിനു ജയ്‌ വിളിച്ചു. നമ്മളും വടകര വടകര എന്നു പറഞ്ഞു. അങ്ങനെയാണ്‌ കടത്തനാടൊടുവില്‍ വടകരയായിത്തീര്‍ന്നത്‌.

കഥ അവിടെ അവസാനിക്കുന്നില്ല. വടകരയില്‍ കുഞ്ഞാലിമരയ്ക്കാരുടെ പിന്തലമുറക്കാര്‍ ധാരാളമുണ്ടായിരുന്നു. ഈ മലബാര്‍ മുസ്ലീങ്ങള്‍ മലയാളമാണ്‌ പറയുന്നതെങ്കിലും അവര്‍ക്കതിനൊരു ശൈലി ഉണ്ട്‌. അവര്‍ അച്ഛനെ വാപ്പാ എന്നും ബാപ്പാ എന്നും വിളിക്കും. അവരും കടത്തനാട്‌ വടകരയാവുന്നത്‌ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവര്‍ക്കും ഇതെല്ലാം ബലിയ ബലിയ കാര്യങ്ങളായിരുന്നു. ബേപ്പൂര്‍ സുല്‍ത്താന്റെ ഭാഷയില്‍ പറഞ്ഞാല്‍ അവര്‍ക്കും ഇത്‌ ഇമ്മിണി "ബലിയ" ഒന്നായിരുന്നു. കാര്യങ്ങളോട്‌ ബല്ലാത്ത ബഹുമാനവും. അതുകൊണ്ട്‌ അവരും 'ബെക്കം' സായിപ്പിനെ അനുകരിച്ചുകൊണ്ട്‌ ബടകര, ബടകര എന്നു പറഞ്ഞു തുടങ്ങി. വെട്ടത്ത്‌ പുതിയങ്ങാടിയെ ബെട്ടത്ത്‌ പുതിയങ്ങാടി എന്നു പറഞ്ഞതുപോലെ.

അങ്ങനെ അവസാനം കടത്തനാട്‌ ബടകരയായി. പിന്നീട്‌ ബ്രിട്ടീഷുകാരന്‍ റെയിലും റെയില്‍വേസ്റ്റേഷനും ഉണ്ടാക്കിയപ്പോള്‍ സ്റ്റേഷനു ബടകര എന്നു തന്നെ പേരിട്ടു. അങ്ങനെ ബടകരയുടെ പേരു കടല്‍ കടക്കുകയും ചെയ്തു.

ഇതല്ലേ ശരി????

അപ്പോള്‍ ചോദ്യം പിന്നെയും ബാക്കി...

"കുന്നത്തു കൊന്നയും പൂത്ത പോലെ
വയനാടന്‍ മഞ്ഞള്‍ മുറിച്ച പോലെ"

നാം ഈ കേട്ടത്‌ വടക്കന്‍ പാട്ടുകളോ വടകരപ്പാട്ടുകളോ?

2008, ജൂൺ 26, വ്യാഴാഴ്‌ച

ഒരു പഴയ നാടന്‍കഥ

അതിരാവിലെ ഇറങ്ങിയതാണ്‌ കുറവന്‍. മണിക്കൂറുകള്‍ പലതു കഴിഞ്ഞിരിക്കുന്നു. നാഴികകളും.

മെയ്‌മാസസൂര്യന്റെ കിരണങ്ങള്‍ കുറവന്റെ മേനിയില്‍ തീ കോരിയിട്ടു. ഭയങ്കര ഉഷ്ണം. അസഹ്യമായ ദാഹം. വിശപ്പും സഹിക്കാനാവുന്നില്ല. തന്റെ തോര്‍ത്തെടുത്ത്‌ കുറവന്‍ തലയിലിട്ടു.

പണ്ടായിരുന്നെങ്കില്‍ ഇങ്ങനെയാകുമായിരുന്നില്ല. വഴിയമ്പലങ്ങള്‍ അങ്ങിങ്ങുണ്ടായിരുന്നു. പാതയോരത്തുള്ള കുളങ്ങളില്‍ മുഖം കഴുകാമായിരുന്നു. അങ്ങിങ്ങു കിണറുകള്‍ കാണുമായിരുന്നു. (അവിടെ പാളയും കയറും കാണുമായിരുന്നു.) തെളിനീരുള്ള ചെറിയ പുഴകള്‍ കാണുമായിരുന്നു. വലിയ വലിയ മരച്ചുവടുകളിരുന്നു കാലിന്റെ ക്ഷീണം മാറ്റാമായിരുന്നു.

കുറവന്‍ നടക്കുകയാണ്‌. രാവിലെ പേരിനു മാത്രം കഞ്ഞി കുടിച്ചിറങ്ങിയതാണ്‌. ഈപ്പോള്‍ ഒരു നാടന്‍ ചായപ്പീടിക പോലും കാണുന്നില്ല.

കുറത്തിയുടെ അമ്മയ്ക്ക്‌ ദീനം കൂടുതലാണ്‌.അവര്‍ക്കു വേണ്ട മരുന്നുപൊടിയും കഷായവും അവിടെ എത്തിക്കുകയാണു തന്റെ യാത്രയുടെ ലക്ഷ്യം. മനുഷ്യന്റെ അവസ്ഥകളെയ്‌. എങ്ങനെ ഇരുന്ന അമ്മായിയമ്മയാണ്‌. ഇപ്പോള്‍ എല്ലും തോലുമായിരിക്കുന്നു. അവര്‍ക്കു ചെറുപ്പത്തില്‍ തന്നോടു വലിയ സ്നേഹമായിരുന്നു എന്നു കുറവന്‍ ഓര്‍ത്തു.

കാതങ്ങള്‍ ഇനിയും താണ്ടാനുണ്ടെന്ന ചിന്ത കുറവനെ തളര്‍ത്തി. എവിടെനിന്നെങ്കിലും കുറച്ചു ഭക്ഷണം കിട്ടിയിരുന്നെങ്കില്‍ എന്ന് കുറവന്‍ ആശിച്ചു. പക്ഷേ ഏതെങ്കിലും വീട്ടില്‍ കയറി ഭക്ഷണം ചോദിക്കാന്‍ കുറവനെ അവന്റെ അഭിമാനം സമ്മതിച്ചില്ല.

വഴിയോരത്തെ വീട്ടില്‍ ഒരു ആരവം കുറവന്‍ ശ്രദ്ധിച്ചു. ധാരാളം ആളുകള്‍ കൂടിയിരിക്കുന്നത്‌ കുറവന്‍ കണ്ടു. കല്യാണമാണെന്നു തോന്നുന്നു. വീടും തൊടിയും ഭംഗിയായി അലങ്കരിച്ചിട്ടുണ്ട്‌. ആളുകള്‍ പുറത്തേക്ക്‌ പോകുകയാണ്‌. പെണ്ണുങ്ങളും കുട്ടികളും അക്കൂട്ടത്തിലുണ്ട്‌.

അതേ, കല്യാണം കഴിഞ്ഞിരിക്കുന്നു.

സദ്യയും.

ദേഹണ്ഡക്കാര്‍ പന്തല്‍ വൃത്തിയാക്കുന്ന തിരക്കാണ്‌. മുറ്റത്ത്‌ വലിയ വട്ടച്ചെമ്പുകളും ഉരുളിയും മറ്റും കാണുന്നുണ്ട്‌.പായസത്തിന്റേയും പപ്പടത്തിന്റേയും മണം കുറവനനുഭവപ്പെട്ടു. അടുപ്പില്‍ നിന്നാണെന്നു തോന്നുന്നു, തീയുടെ പുക കുറേശ്ശെ ഉയരുന്നുണ്ട്‌. അടുത്ത്‌ തന്നെ പഴക്കുലകള്‍ കെട്ടിത്തൂക്കിയിട്ടുണ്ട്‌. ചില കുലകള്‍ കാലിയാണ്‌. പക്ഷേ ചിലതില്‍ ഇപ്പോഴും പഴങ്ങളുണ്ട്‌.

കുറവന്റെ മനസ്സൊന്നു കുളിര്‍ത്തു. ചിന്തയില്‍ ഒരു നേരിയ പ്രതീക്ഷ നാമ്പിട്ടു. മുണ്ടിന്റെ കോന്തലയില്‍ ചുരുട്ടിവച്ചിരുന്ന Beediക്കുറ്റി കുറവന്‍ പതുക്കെ പുറത്തെടുത്തു.

എന്തെങ്കിലും തിന്നാന്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ കുറവന്‍ അങ്ങോട്ട്‌ നടന്നു.

തുറന്നു കിടക്കുന്ന ഗേറ്റില്‍ വഴിമുടക്കികളായി രണ്ടുമൂന്നാളുകള്‍ നില്‍പ്പുണ്ട്‌. കുറവന്‍ ഒന്നു ചുമച്ചു.
അവര്‍ വഴി മാറിക്കൊടുത്തു.

കുറവന്‍ നേരേ അടുപ്പിനടുത്തേക്കു നടന്നു. Beediക്കുറ്റി മറ്റുള്ളവര്‍ കാണത്തക്കവണ്ണം കൈ നീര്‍ത്തിപ്പിടിച്ചു കൊണ്ടു അവരിലൊരാളോട്‌ കുറവന്‍ ചോദിച്ചു.

"ഇത്തിരി തീ തരുമോ?"

വിശപ്പുണ്ടെന്നോ എന്തെങ്കിലും തിന്നാന്‍ വേണമെന്നോ പറയാന്‍ കുറവന്റെ നാവു പൊന്തിയില്ല. രണ്ടു പഴമെങ്കിലും കിട്ടാതിരിക്കില്ല എന്ന് അവന്റെ മനസ്സു പറഞ്ഞുകൊണ്ടിരുന്നു.

ജോലിക്കാരിലൊരുവന്‍ ഒരു തീക്കൊള്ളിയെടുത്തു കുറവനു കൊടുത്തു. അവിടെ മറ്റൊന്നും സംഭവിക്കുന്ന മട്ട്‌ കുറവന്‍ കണ്ടില്ല.

കുറവനു വന്ന നിരാശയ്ക്ക്‌ അതിരില്ലായിരുന്നു.

കുറവന്‍ പൊട്ടിത്തെറിച്ചു. "ഇത്തിരി തീയെന്നാല്‍ രണ്ട്‌ പഴമെന്നാക്കരുതോ?"

കുറവന്‍ പിന്നീടവിടെ നിന്നില്ല. വെയിലിനെ പഴിച്ചുകൊണ്ട്‌ അയാള്‍ വേച്ച്‌ വേച്ച്‌ നടന്നു.

2008, ജൂൺ 25, ബുധനാഴ്‌ച

പരദൂഷണമരുതേ...........

ശാന്തമായ ഒരു സായാഹ്നം.
സൂര്യന്‍ തന്റെ ജോലി മതിയാക്കി മടങ്ങുകയാണ്‌. അങ്ങകലെ സ്വര്‍ണ്ണനിറത്തിലുള്ള മേഘശകലങ്ങള്‍ പശ്ചിമ ചക്രവാളത്തില്‍ അങ്ങിങ്ങായി പരന്നുകിടക്കുന്നുണ്ട്‌. കിളികള്‍ കൂടണയുന്നു.

ഇങ്ങു താഴെ തന്റെ വീടിന്റെ ഉമ്മറത്തു ചിന്താമഗ്നനായിരിക്കുകയാണ്‌ മഹാനായ സോക്രട്ടീസ്‌. അയല്‍ വാസിക്ക്‌ എത്ര കോഴിയെ കൊടുക്കാനുണ്ടെന്ന് കണക്കു കൂട്ടുകയാണദ്ദേഹം.

തുറന്നു കിടക്കുന്ന പടിവാതിലിലൂടെ ഒരാള്‍ സോക്രട്ടീസിനെ തിരഞ്ഞെത്തി. അല്ലെങ്കിലും അദ്ദേഹത്തിന്റെ പടിവാതില്‍ അടയ്ക്കാറില്ല. മഹാന്മാര്‍ അങ്ങനെയാണ്‌. ആര്‍ക്കും എപ്പോഴും അവരെത്തേടി വരാം.

ആഗതന്‍ കിതച്ചുകൊണ്ടു പറഞ്ഞു. "മിസ്റ്റര്‍ സോക്രട്ടീസ്‌, താങ്കളുടെ പ്രിയശിഷ്യന്‍ പ്ലേറ്റോയെക്കുറിച്ചു എനിക്കു താങ്കളോട്‌ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്‌."

"ഇരിയ്ക്കൂ സുഹൃത്തേ", സോക്രട്ടീസ്‌ പ്രതിവചിച്ചു.
"മറ്റുള്ളവര്‍ പറയുന്നതു കേള്‍ക്കുന്നതിനു മുമ്പായി എനിക്കു ചില പരിശോധനകളൊക്കെയുണ്ട്‌." അദ്ദേഹം തുടര്‍ന്നു, "ആട്ടെ,താങ്കള്‍ പറയുന്നത്‌ എത്രത്തോളം സത്യമാണ്‌?"

ആഗതന്‍ മൊഴിഞ്ഞു, "അതെനിയ്ക്കറിയില്ല സോക്രട്ടീസ്‌, ഞാന്‍ വരുന്ന വഴി കേട്ട കാര്യമാണത്‌."

സോക്രട്ടീസ്‌ ഇടപെട്ടു. "അപ്പോള്‍ താങ്കള്‍ പറഞ്ഞുവരുന്നത്‌ നുണയായിരിക്കും അല്ലേ? ആകട്ടെ, താങ്കള്‍ പറയാന്‍ പോകുന്നത്‌ നല്ല കാര്യമാണോ?"

"അല്ല" - ആഗതന്റെ മറുപടി.
സോക്രട്ടീസ്‌ തുടര്‍ന്നു. "അപ്പോള്‍ താങ്കള്‍ പറയാന്‍ പോകുന്നതു മോശമായതും സത്യമല്ലാത്തതുമായ കാര്യമാണല്ലേ?"

ഇതു കേട്ടപ്പോള്‍ ആഗതനു ലേശം ലജ്ജ തോന്നാതിരുന്നില്ല.
പക്ഷേ, സോക്രട്ടീസ്‌ വലിയവനായിരുന്നു. അദ്ദേഹം ആഗതനെ ആശ്വസിപ്പിച്ചു. "അടുത്ത പരീക്ഷയില്‍ താങ്കള്‍ എന്തായാലും ജയിക്കും. അപ്പോള്‍ താങ്കള്‍ക്കു പറയാനുള്ളതു പറയാമല്ലോ, ആട്ടെ, താങ്കള്‍ പറയാന്‍ പോകുന്ന കാര്യം എനിക്കു പ്രയോജനപ്പെടുന്നതാണോ?"

"അല്ല" - വീണ്ടും ആഗതന്റെ മറുപടി.
"അപ്പോള്‍ താങ്കള്‍ പറയാന്‍ പോകുന്നതു മോശമായതും സത്യമല്ലാത്തതും പ്രയോജനമില്ലാത്തതുമായ കാര്യമാണല്ലേ?" സോക്രട്ടീസ്‌ പറഞ്ഞവസാനിപ്പിച്ചു.

ആഗതന്‍ പിന്നീടവിടെ നിന്നില്ല. സോക്രട്ടീസ്‌ ഒന്നും കേട്ടതുമില്ല.

അതുകൊണ്ടാണ്‌ പ്ലേറ്റോയും സോക്രട്ടീസിന്റെ ഭാര്യയും ഒന്നിച്ചുറങ്ങിയെന്ന പരദൂഷണം സോക്രട്ടീസിനു കേള്‍ക്കേണ്ടിവരാതിരുന്നത്‌. അതുകൊണ്ടു തന്നെയാണ്‌ നമ്മള്‍ അദ്ദേഹത്തെ മഹാനായി കാണുന്നതും.

(ആശയം: ഫണ്ടൂഷ്‌.കോം)

ആൾരൂപൻ എന്ന എന്നെക്കുറിച്ച്‌

ക്ഷീരസാഗരന്‍ നായരെക്കുറിച്ചു കേട്ടിട്ടുണ്ടോ? സ്വന്തം പേരു കൊണ്ടു പാലാഴി തീര്‍ത്തവനാണ്‌ കക്ഷി. പക്ഷേ കഷ്ടം, കഥാനായകന്റെ വീട്ടില്‍ ദാഹം തീര്‍ക്കാന്‍ പേരിനു മോരുവെള്ളം കൂടി ഇല്ലായിരുന്നുവെന്നാണ്‌ കഥാകൃത്ത്‌ പറയുന്നത്‌. അത്രയ്ക്കായിരുന്നുവത്രേ നായരുടെ വീട്ടിലെ ദാരിദ്ര്യം.

ഗ്ലോബലൈസേഷന്റെയും ലിബറലൈസേഷന്റെയും ഈ കാലത്ത്‌ ആര്‍ക്കു വേണം ഇമ്മാതിരി ദരിദ്രവാസികളെ? നമുക്കിയാളെ വിടാം.

അടുത്ത വീട്ടിലെ കമലാക്ഷി അമ്മയെ അറിയില്ലേ? കമലം പോലെയുള്ള അക്ഷികളോടു കൂടിയ അമ്മ എന്നു ചുരുക്കം. പക്ഷേ കണ്ടു നോക്കണം. രണ്ടു കണ്ണും കോങ്കണ്ണാ. പാവം!

സുഹൃത്തേ, ഇനി പറയൂ ഞാനെന്റെ പേരു പറയണോ എന്ന്?

വേണ്ട എന്നു നിങ്ങള്‍ തലയാട്ടുന്നതു ഞാന്‍ കാണുന്നു. നന്ദി.
(ഒരു പേരിലെന്തിരിക്കുന്നു എന്നാരോ പറഞ്ഞത്‌ വെറുതെയായില്ല.)

ഇനിയിപ്പോള്‍ ഞാനൊരു മനുഷ്യസ്നേഹിയാണെന്നോ സ്ഥിരോല്‍സാഹിയാണെന്നോ പരോപകാരിയാണെന്നൊ
അതുപോലെ മറ്റ്‌ എന്തെങ്കിലുമാണെന്നോ ഒക്കെ ഞാന്‍ പറഞ്ഞാലും ഇതു പോലെയൊക്കെത്തന്നെയിരിക്കും. ഇതൊന്നും തെളിയിക്കുന്നത്‌ അത്ര എളുപ്പമല്ല.

അപ്പോള്‍ പിന്നെ നല്ലതെന്താ? ഉള്ളത്‌ ഉള്ളത്‌ പോലെ പറയുക. എന്നെ കാണുമ്പോള്‍ ഒരാളിനെപ്പോലെയിരിക്കും.

എങ്കില്‍ പിന്നെ ഞാന്‍ 'ആള്‍രൂപന്‍' എന്നു പറഞ്ഞു നിര്‍ത്തട്ടേ?

ഇനി എന്നെപ്പറ്റി അറിഞ്ഞേ അടങ്ങൂ എന്നാണെങ്കില്‍ ഇതാ ഞാന്‍ ഇത്ര കൂടിപ്പറയാം. കേട്ടോളൂ, അല്ല വായിച്ചോളൂ.

ലഘ്നത്തിൽ മന്ദൻ നിൽക്കുന്നവൻ... മഹമഹാ മടിയൻ....

ഏഴില്‍ ചൊവ്വ നില്‍ക്കുന്നവന്‍.........

ലഗ്നാധിപന്‍ 12-ല്‍ നില്‍ക്കുന്നവന്‍........

ജാതകത്തില്‍ കേസരിയോഗമുണ്ടെങ്കിലും ജീവിതത്തില്‍ അതു കാണാത്തവന്‍........

നാക്കില്‍ ഗുളികന്‍ നില്‍ക്കുന്നവന്‍ ......

പത്തില്‍ രാഹു നില്‍ക്കുന്നവന്‍.... തികഞ്ഞ "വായില്‍നോക്കി."..........

മറ്റുള്ളവരുടെ പരാജയത്തില്‍ നിന്ന് പാഠം പഠിക്കണമെന്നറിയുന്നവന്‍ ....പക്ഷേ സ്വന്തം പരാജയത്തില്‍ നിന്നുപോലും പാഠം പഠിക്കാത്തവന്‍ ..............

വേവുവോളം പാര്‍ത്തിട്ട്‌ ആറുവോളം പാര്‍ക്കാതെ വായ പൊള്ളിച്ചവന്‍......

സന്ധ്യയാകുവോളം വെള്ളം കോരി സന്ധ്യയ്ക്ക്‌ കുടമുടച്ചവന്‍................

പ്രതികരിച്ചു പ്രതികരിച്ചു പ്രതിയായവന്‍ ..........

തുഞ്ചത്താചാര്യന്റെ നാട്ടുകാരന്‍........പക്ഷേ ആചാരത്തിന്റെ തുഞ്ചത്തുപോലും കാണാത്തവന്‍........

നാവാമുകുന്ദന്റെ തിരുമുറ്റത്തു വളര്‍ന്നവന്‍.......... പക്ഷേ മുകുന്ദനേയും മുചുകുന്ദനേയും തിരിയാത്തവന്‍........

ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ നാട്ടുകാരന്‍......... പക്ഷേ ആഴത്തിലൊന്നും കൈവശമില്ലാത്തവന്‍ ....

മാമാങ്കത്തിന്റെ നാട്ടുകാരന്‍.......... പക്ഷേ മണിക്കിണറും നിലപാടുതറയും കാണാത്തവന്‍ ..........

ചാവേറുകളുടെ നാട്ടുകാരന്‍ ...........പക്ഷേ ചാവേറാകാനുള്ള ധൈര്യമില്ലാത്തവന്‍ ..........

സ്വന്തമായ ആശയും ആശയങ്ങളും ഉള്ളവന്‍.... പക്ഷേ അതൊന്നും നടന്നുകാണണമെന്നു നിര്‍ബന്ധമില്ലാത്തവന്‍....

ഇനിയും വേണോ സുഹൃത്തേ ഈ ചന്തുവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരണം?